തൊണ്ണൂറ്റിയാറാം ദിവസം: 2 രാജാക്കന്മാര്‍ 4 - 6


അദ്ധ്യായം 2

വിധവയുടെ എണ്ണ

1: പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന്‌ അങ്ങേയ്ക്കറിയാമല്ലോ. അവനു കടംകൊടുത്തവന്‍ ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.
2: എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടിലെന്തുണ്ട്‌? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
3: അവന്‍ പറഞ്ഞു: നീ ചെന്ന്‌ അയല്‍ക്കാരില്‍നിന്ന്‌ ഒഴിഞ്ഞപാത്രങ്ങള്‍ ധാരാളം ശേഖരിക്കുക.
4: പിന്നെ നീയും നിന്റെ പുത്രന്മാരും അകത്തുകടന്ന്, പാത്രങ്ങളില്‍ എണ്ണ പകരുക. നിറയുന്നതുനിറയുന്നതു മാറ്റിവയ്‌ക്കുക.
5: അവള്‍ വീട്ടില്‍ച്ചെന്നു പുത്രന്മാരെ അകത്തുവിളിച്ചു വാതിലടച്ചു. അവള്‍ പകരുകയും അവര്‍ പാത്രങ്ങളെടുത്തുകൊടുക്കുകയും ചെയ്‌തു.
6: പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അവള്‍ പുത്രനോട്‌, ഇനിയും കൊണ്ടുവരുകയെന്നുപറഞ്ഞു. ഇനി പാത്രമില്ലെന്ന്‌ അവന്‍ പറഞ്ഞപ്പോള്‍ എണ്ണയുടെ ഒഴുക്കു നിലച്ചു.
7: അവള്‍ ദൈവപുരുഷന്റെയടുത്തുചെന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: പോയി എണ്ണവിറ്റു കടംവീട്ടുക. ശേഷിക്കുന്നതുകൊണ്ട്‌, നീയും പുത്രന്മാരും ഉപജീവനംകഴിക്കുക.

ഷൂനേംകാരിയുടെ മകന്‍


8: ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന്‌ ആ വീട്ടില്‍ച്ചെല്ലുക പതിവായി.
9: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്‌.
10: നമുക്കു മട്ടുപ്പാവില്‍ ചെറിയൊരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്‌ക്കാം. വരുമ്പോഴൊക്കെ അവനവിടെ വിശ്രമിക്കാമല്ലോ.
11: ഒരിക്കല്‍, അവനവിടെ വിശ്രമിക്കുകയായിരുന്നു.
12: ഷൂനേംകാരിയെ വിളിക്കാന്‍ അവന്‍ തന്റെ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അവന്‍ വിളിച്ചപ്പോള്‍ അവള്‍ വന്നു മുമ്പില്‍നിന്നു.
13: എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങള്‍ക്കുവേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങളെന്താണു നിനക്കുവേണ്ടി ചെയ്യേണ്ടത്‌? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശചെയ്യണമോ? അവള്‍ പറഞ്ഞു: ഞാന്‍ വസിക്കുന്നത്‌, എന്റെ ജനത്തിന്റെകൂടെയാണ്‌.
14: എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണു ചെയ്യേണ്ടത്‌? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവു വൃദ്ധനുമാണ്‌.
15: അവന്‍ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.
16: എലീഷാ പറഞ്ഞു: അടുത്തവര്‍ഷം ഈ സമയത്തു നീ ഒരു പുത്രനെ താലോലിക്കും. അവള്‍ പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ!
17: എലീഷാ പറഞ്ഞതുപോലെ അവള്‍ ഗര്‍ഭംധരിച്ച്‌, അടുത്ത വസന്തത്തില്‍ ഏകദേശം ആ സമയത്ത്‌ ഒരു പുത്രനെ പ്രസവിച്ചു.
18: കുട്ടി വളര്‍ന്നു. ഒരു ദിവസം അവന്‍ കൊയ്‌ത്തുകാരോടുകൂടെയായിരുന്ന പിതാവിന്റെ അടുത്തേക്കുചെന്നു.
19: അവന്‍ പറഞ്ഞു: അയ്യോ! എന്റെ തല, എന്റെ തല വേദനിക്കുന്നു. പിതാവു ഭൃത്യനോടു പറഞ്ഞു: അവനെ അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി ആക്കൂ.
20: അവന്‍ കുട്ടിയെ എടുത്ത്‌ അമ്മയുടെ അടുക്കലാക്കി. ഉച്ചവരെ കുട്ടി അമ്മയുടെ മടിയിലിരുന്നു. പിന്നെ അവന്‍ മരിച്ചു.
21: അവളവനെ മുകളില്‍ കൊണ്ടുചെന്നു ദൈവപുരുഷന്റെ കിടക്കയില്‍ കിടത്തിയതിനുശേഷം വാതിലടച്ചു പുറത്തുപോന്നു.
22: അവള്‍ ഭര്‍ത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്‌ക്കുക. ഞാന്‍ വേഗംപോയി ദൈവപുരുഷനെ കണ്ടുവരട്ടെ.
23: അവന്‍ ചോദിച്ചു: നീ ഇന്ന്‌ അവന്റെയടുത്തേക്കു പോകുന്നതെന്തിന്‌? ഇന്ന്‌ അമാവാസിയോ സാബത്തോ അല്ലല്ലോ. അവള്‍ പറഞ്ഞു: നന്മ ഭവിക്കും.
24: കഴുതയ്‌ക്കു ജീനിയിട്ടതിനുശേഷം അവള്‍ ഭൃത്യനോടു പറഞ്ഞു: വേഗം ഓടിക്കുക; ഞാന്‍ പറയാതെ വേഗം കുറയ്‌ക്കരുത്‌.
25: അവള്‍ കാര്‍മല്‍മലയില്‍ ദൈവപുരുഷന്റെയടുത്തെത്തി. അവള്‍ വരുന്നതുകണ്ടപ്പോള്‍ അവന്‍ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.
26: ഓടിച്ചെന്ന്‌ അവളെ സ്വീകരിച്ച്‌ അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്നന്വേഷിക്കുക. സുഖംതന്നെ, അവള്‍ പറഞ്ഞു.
27: അവള്‍ മലയില്‍ ദൈവപുരുഷന്റെയടുത്തെത്തി അവന്റെ പാദങ്ങളില്‍ പിടിച്ചു. അവളെ തള്ളിമാറ്റുന്നതിനു ഗഹസി മുമ്പോട്ടുവന്നു. എന്നാല്‍, ദൈവപുരുഷന്‍ പറഞ്ഞു: അവളെ തടയരുത്‌. അവള്‍ കഠിനദുഃഖത്തിലാണ്‌. കര്‍ത്താവ്‌ അതെന്നില്‍നിന്നു മറച്ചിരിക്കുന്നു, എന്നെ അറിയിച്ചിട്ടില്ല.
28: അപ്പോള്‍ അവള്‍ പറഞ്ഞു: പ്രഭോ, ഞാന്‍ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?
29: അവന്‍ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച്‌ എന്റെ വടിയുമെടുത്തു ചെല്ലുക. വഴിയില്‍ ആരെക്കണ്ടാലും അഭിവാദനം ചെയ്യരുത്‌; ആരെങ്കിലും അഭിവാദനംചെയ്‌താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്‌. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്‌ക്കുക.
30: അപ്പോള്‍ കുട്ടിയുടെ അമ്മപറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോള്‍ അവന്‍ അവളെ അനുഗമിച്ചു.
31: ഗഹസി മുമ്പേപോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവന്‍ മടങ്ങിവന്ന്‌ എലീഷായോടു കുട്ടി ഉണര്‍ന്നിട്ടില്ലെന്നു പറഞ്ഞു.
32: എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
33: അവന്‍ ഉള്ളില്‍ക്കടന്നു വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയുംമാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
34: അനന്തരം, കിടക്കയില്‍ കയറി തന്റെ വായ്‌ കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച്‌ അവന്റെമേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.
35: എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.
36: എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവന്‍ വിളിച്ചു; അവള്‍ വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.
37: അവള്‍ അവന്റെ പാദത്തിങ്കല്‍വീണു നമസ്‌കരിച്ചു; എന്നിട്ടു കുട്ടിയെ എടുത്തുകൊണ്ടുപോയി.

വിഷംകലര്‍ന്ന ഭക്ഷണം
38:എലീഷാ വീണ്ടും ഗില്‍ഗാലിലെത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുമ്പിലിരിക്കേ അവന്‍ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിനു വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക.
39: അവരിലൊരാള്‍ വയലില്‍നിന്നു സസ്യങ്ങള്‍ ശേഖരിക്കുമ്പോള്‍ ഒരു കാട്ടുമുന്തിരി കാണുകയും അതില്‍നിന്നു മടിനിറയെ കായ്‌കള്‍ പറിച്ചെടുക്കുകയും ചെയ്‌തു. അവ എന്താണെന്നു മനസ്സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു.
40: അനന്തരം, അവിയല്‍ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തില്‍ മരണം പതിയിരിക്കുന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.
41: എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരുക. അവന്‍ മാവു പാത്രത്തില്‍ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നുപറഞ്ഞു. അപകടം നീങ്ങിയിരുന്നു.
അപ്പം വര്‍ദ്ധിപ്പിക്കുന്നു.

42: ബാല്‍ഷാലിഷായില്‍നിന്ന്‌ ഒരാള്‍ ആദ്യഫലങ്ങള്‍കൊണ്ടുണ്ടാക്കിയ കുറേ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറേ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്നു ദൈവപുരുഷനുകൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത്‌ ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ.
43: ഭൃത്യന്‍ ചോദിച്ചു: നൂറ്‌ ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്‌ക്കും? അവന്‍ ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ ഭക്ഷിക്കുകയും മിച്ചംവരുകയും ചെയ്യും.
44: ഭൃത്യന്‍ അതവര്‍ക്കു വിളമ്പി. കര്‍ത്താവരുളിച്ചെയ്‌തതുപോലെ അവര്‍ ഭക്ഷിച്ചു; മിച്ചംവരുകയുംചെയ്തു.


അദ്ധ്യായം 5

നാമാനെ സുഖപ്പെടുത്തുന്നു

1: സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന്‌ അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവു സിറിയായ്‌ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്‌ഠരോഗിയായിരുന്നു.
2: ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി.
3: അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെയടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്‌ഠം മാറ്റുമായിരുന്നു.
4: ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെയറിയിച്ചു.
5: സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍ രാജാവിനൊരു കത്തു തരാം. നാമാന്‍ പത്തു താലന്ത്‌ വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണ്ണവും പത്തു വിശിഷ്‌ടവസ്‌ത്രങ്ങളുമെടുത്തുയാത്രയായി.
6: അവന്‍ കത്ത്‌ ഇസ്രായേല്‍രാജാവിനെയേല്പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ ദാസന്‍ നാമാനെ കുഷ്‌ഠരോഗത്തില്‍നിന്നു സുഖപ്പെടുത്തണമെന്ന്‌ അപേക്ഷിക്കാനാണ്‌ ഈ എഴുത്ത്‌.
7: ഇസ്രായേല്‍രാജാവു കത്തു വായിച്ചിട്ടു വസ്‌ത്രംകീറിക്കൊണ്ടു പറഞ്ഞു: കുഷ്‌ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവനെടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതുനോക്കുന്നു!
8: ഇസ്രായേല്‍രാജാവു വസ്‌ത്രം കീറിയെന്നുകേട്ടു ദൈവപുരുഷനായ എലീഷാ രാജാവിനെ അറിയിച്ചു: നീയെന്തിനാണു വസ്‌ത്രംകീറിയത്‌? അവന്‍ എന്റെയടുത്തുവരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകനുണ്ടെന്നറിയട്ടെ!
9: നാമാന്‍ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കലെത്തി.
10: എലീഷാ ദൂതനെയയച്ച്‌ അവനോടു പറഞ്ഞു: നീ ജോര്‍ദ്ദാനില്‍പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും.
11: എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. അവന്‍ പറഞ്ഞു: എലീഷാ എന്റെയടുത്തിറങ്ങിവന്ന്‌ തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരം വീശി കുഷ്‌ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.
12: ദമാസ്‌ക്കസിലെ അബാനായും ഫാര്‍പാറും ഇസ്രായേലിലെ നദികളെക്കാള്‍ ശ്രഷ്‌ഠമല്ലേ? അവയില്‍ക്കുളിച്ച്‌, എനിക്കു ശുദ്ധിപ്രാപിച്ചുകൂടേ? അങ്ങനെ, അവന്‍ ക്രുദ്ധനായി അവിടെനിന്നു തിരിച്ചുപോയി.
13: എന്നാല്‍, ഭൃത്യന്മാര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു കല്പിച്ചിരുന്നതെങ്കില്‍ അങ്ങു ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്‌പര്യത്തോടെ അങ്ങതു ചെയ്യേണ്ടതാണ്‌.
14: അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച്‌ അവന്‍ ജോര്‍ദ്ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖംപ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി.
15: അവന്‍ ഭൃത്യന്മാരോടൊത്തു ദൈവപുരുഷന്റെയടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേ‍തല്ലാതെ മറ്റൊരു ദൈവമില്ലെന്നു ഞാനിപ്പോളറിയുന്നു. അങ്ങയുടെ ദാസനില്‍നിന്ന്‌ ഒരു സമ്മാനം സ്വീകരിച്ചാലും.
16: എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഞാന്‍ സ്വീകരിക്കുകയില്ല. നാമാന്‍ നിര്‍ബന്ധിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല.
17: അപ്പോള്‍ നാമാന്‍ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കില്‍ രണ്ടു കഴുതച്ചുമടു മണ്ണു തരണമെന്നു ഞാന്‍ യാചിക്കുന്നു. ഇനിമേല്‍ കര്‍ത്താവിനല്ലാതെ മറ്റൊരു ദൈവത്തിനും അങ്ങയുടെ ദാസന്‍ ദഹനബലിയോ കാഴ്‌ചയോ അര്‍പ്പിക്കുകയില്ല.
18: കര്‍ത്താവ്‌ ഒരു കാര്യത്തില്‍ ഈ ദാസനോടു ക്ഷമിക്കട്ടെ! എന്റെ യജമാനന്‍ എന്റെ കൈയില്‍ ചാരിക്കൊണ്ട്‌ റിമ്മോന്‍ക്ഷേത്രത്തില്‍ ആരാധനയ്‌ക്കുപോവുകയും ഞാന്‍ അവിടെ വണങ്ങുകയുംചെയ്യുമ്പോള്‍ കര്‍ത്താവ്‌ അതെന്നോടു ക്ഷമിക്കട്ടെ!
19: എലീഷാ പറഞ്ഞു: സമാധാനമായി പോവുക. നാമാന്‍ കുറച്ചുദൂരംപോയി.
20: അപ്പോള്‍ ദൈവപുരുഷനായ എലീഷായുടെ ഭൃത്യന്‍ ഗഹസി ചിന്തിച്ചു: എന്റെ യജമാനന്‍, സിറിയാക്കാരനായ നാമാന്‍ ‍കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ വിട്ടയച്ചിരിക്കുന്നു. കര്‍ത്താവാണേ, ഞാനവന്റെ പുറകേചെന്ന്‌, അവനോടെന്തെങ്കിലും വാങ്ങും.
21: ഗഹസി നാമാനെ പിന്തുടര്‍ന്നു. പിറകേ ഒരാള്‍ ഓടിവരുന്നതുകണ്ട്‌, നാമാന്‍ അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നിറങ്ങി കാര്യം തിരക്കി.
22: അവന്‍ പറഞ്ഞു: എല്ലാം ശുഭംതന്നെ. എഫ്രായിംമലനാട്ടില്‍നിന്ന്‌ പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്നിരിക്കുന്നു. അവര്‍ക്ക്‌ ഒരു താലന്തു വെള്ളിയും രണ്ടു വിശേഷവസ്‌ത്രങ്ങളും തന്നയയ്‌ക്കണമെന്ന്‌ അപേക്ഷിക്കുന്നു എന്നു യജമാനന്‍ പറഞ്ഞയച്ചിരിക്കുന്നു.
23: രണ്ടു താലന്തു സ്വീകരിച്ചാലും എന്നു നാമാന്‍ അവനെ നിര്‍ബന്ധിച്ചു: അവന്‍ രണ്ടു താലന്തു വെള്ളിയും രണ്ടു വിശേഷവസ്‌ത്രങ്ങളും സഞ്ചിയിലാക്കി രണ്ടു ഭൃത്യന്മാരുടെ തോളില്‍ വച്ചുകൊടുത്തു. അവര്‍ അതു ചുമന്നുകൊണ്ടു ഗഹസിയുടെ മുമ്പേ നടന്നു.
24: മലയിലെത്തിയപ്പോള്‍ അവന്‍ അതു വാങ്ങി വീട്ടിനുള്ളില്‍വച്ചതിനുശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു.
25: അവന്‍ അകത്തു തന്റെ മുമ്പില്‍ വന്നപ്പോള്‍ എലീഷാ ചോദിച്ചു: ഗഹസീ, നീ എവിടെയായിരുന്നു? അവന്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍ എങ്ങും പോയില്ല.
26: എന്നാല്‍, എലീഷാ പറഞ്ഞു: അവന്‍ നിന്നെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നിറങ്ങിയപ്പോള്‍ എന്റെ ആത്മാവ്‌ അവിടെയുണ്ടായിരുന്നില്ലേ? പണം, വസ്‌ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്‍മാര്‍ ഇവയൊക്കെ സ്വീകരിക്കാനുള്ള സമയമായിരുന്നോ അത്‌?
27: നാമാന്റെ കുഷ്‌ഠം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേക്കുമായി വന്നുചേരും. അങ്ങനെ അവന്‍ കുഷ്‌ഠരോഗിയായി. മഞ്ഞുപോലെ വെളുത്ത്‌ എലീഷായുടെ സന്നിധി വിട്ടുപോയി.

അദ്ധ്യായം 2

കോടാലി പൊക്കിയെടുക്കുന്നു.

1: പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്‌.
2: നമുക്കു ജോര്‍ദ്ദാനരികേചെന്ന്‌, ഓരോ മരംവെട്ടി അവിടെയൊരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.
3: അപ്പോള്‍ അവരിലൊരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.
4; അവന്‍ അവരോടുകൂടെപ്പോയി. അവര്‍ ജോര്‍ദ്ദാനിലെത്തി മരംമുറിച്ചു.
5: തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. അയ്യോയജമാനനേ, അതു കടംവാങ്ങിയതാണെന്ന്‌ അവന്‍ നിലവിളിച്ചു:
6: എവിടെയാണതു വീണത്‌? ദൈവപുരുഷന്‍ ചോദിച്ചു. സ്ഥലം കാണിച്ചുകൊടുത്തപ്പോള്‍ അവന്‍ ഒരു കമ്പു വെട്ടിയെടുത്ത്‌ അവിടേക്കെറിഞ്ഞു. അപ്പോള്‍ ഇരുമ്പു പൊങ്ങിവന്നു.
7: അതെടുക്കുക, എലീഷാ പറഞ്ഞു. അവന്‍ കൈനീട്ടി അതെടുത്തു.

സിറിയായെ തോല്പിക്കുന്നു.
8: ഒരിക്കല്‍ സിറിയാരാജാവ്‌ ഇസ്രായേലിനെതിരേ യുദ്ധംചെയ്യുകയായിരുന്നു. പാളയമടിക്കേണ്ട സ്ഥലം രാജാവു ഭൃത്യന്മാരുമായി ആലോചിച്ചുറച്ചു.
9; നീ ഇങ്ങോട്ടു കടക്കരുത്‌, സിറിയാക്കാര്‍ അവിടം ആക്രമിക്കാനിരിക്കുകയാണ്‌ എന്നു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിനു സന്ദേശമയച്ചു.
10: ദൈവപുരുഷന്‍ പറഞ്ഞസ്ഥലത്തേക്ക്‌ ഇസ്രായേല്‍രാജാവു സൈന്യത്തെയയച്ചു. ഇങ്ങനെ പലപ്പോഴും ദൈവപുരുഷന്‍ മുന്നറിയിപ്പു നല്‍കുകയും രാജാവു രക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
11: തന്മൂലം സിറിയാരാജാവ്
അസ്വസ്ഥനായി. അവന്‍ ഭൃത്യന്മാരോടു ചോദിച്ചു: നമ്മുടെയിടയില്‍ ഇസ്രായേല്‍രാജാവിനുവേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചുതരുകയില്ലേ?
12: ഭൃത്യന്മാരിലൊരുവന്‍ പറഞ്ഞു: രാജാവേ, നമ്മുടെയിടയിലാരുമില്ല. കിടപ്പറയില്‍ അങ്ങു സംസാരിക്കുന്നത്‌ ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത്‌ ഇസ്രായേലിലെ പ്രവാചകനായ എലീഷായാണ്‌.
13: പോയി, അവനെ കണ്ടുപിടിക്കുക, അവനാജ്ഞാപിച്ചു. ഞാന്‍ ആളയച്ച്‌ അവനെ പിടിക്കും. അവന്‍ ദോഥാനിലുണ്ടെന്ന്‌ അവരറിയിച്ചു.
14: രാജാവു രഥങ്ങളും കുതിരകളും ഒരു വലിയ സൈന്യവും അവിടേക്കയച്ചു. അവര്‍ രാത്രി നഗരംവളഞ്ഞു.
15: ദൈവപുരുഷന്റെ ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തുവന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരംവളഞ്ഞിരിക്കുന്നതു കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: അയ്യോ, യജമാനനേ, നാമെന്താണു ചെയ്യുക?
16: അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാള്‍ കൂടുതലാളുകള്‍ നമ്മുടെകൂടെയുണ്ട്‌.
17: അപ്പോള്‍ എലീഷാ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ! ഇവന്‍ കാണട്ടെ! കര്‍ത്താവ്‌ അവന്റെ കണ്ണുകള്‍ തുറന്നു. എലീഷായ്‌ക്കു ചുറ്റും, മല, ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു നിറഞ്ഞിരിക്കുന്നത്‌ അവന്‍ കണ്ടു.
18: സിറിയാക്കാര്‍ തനിക്കെതിരേ വന്നപ്പോള്‍ എലീഷാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: ഇവരുടെ കണ്ണുകളെ അന്ധമാക്കണമേ! എലീഷായുടെ പ്രാര്‍ത്ഥനയനുസരിച്ച്‌ അവിടുന്ന്‌ അവരുടെ കണ്ണുകളെ അന്ധമാക്കി.
19: അപ്പോള്‍ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങള്‍ അന്വേഷിക്കുന്നവന്റെയടുത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. അവനവരെ സമരിയായിലേക്കു നയിച്ചു.
20: അവര്‍ സമരിയായില്‍ പ്രവേശിച്ച ഉടനെ എലീഷാ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ! ഇവര്‍ കാണട്ടെ! കര്‍ത്താവ്‌ അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ സമരിയായുടെ മദ്ധ്യത്തിലാണെന്ന്‌ അവര്‍ കണ്ടു.
21: അവരെ കണ്ടപ്പോള്‍ ഇസ്രായേല്‍രാജാവ്‌ എലീഷായോടു പറഞ്ഞു: എന്റെ പിതാവേ, ഞാന്‍ ഇവരെ കൊന്നുകളയട്ടെ.
22: അവന്‍ പറഞ്ഞു: അവരെ കൊല്ലരുത്‌. നിങ്ങള്‍ വാളും വില്ലുംകൊണ്ടു പിടിച്ചടക്കിയവരെ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക. അവര്‍ ഭക്ഷിച്ചു സ്വന്തം യജമാനന്റെയടുത്തേക്കു പോകട്ടെ.
23: രാജാവ്‌ അവര്‍ക്കു വലിയ വിരുന്നൊരുക്കി. ഭക്ഷിച്ചു തൃപ്തരായ അവരെ അവന്‍ വിട്ടയച്ചു. അവര്‍ തങ്ങളുടെ യജമാനന്റെ അടുത്തേക്കുപോയി. സിറിയാക്കാര്‍ പിന്നീട്‌ ഇസ്രായേല്‍ദേശം ആക്രമിക്കാന്‍ വന്നിട്ടില്ല.
24: കുറെക്കാലം കഴിഞ്ഞ്‌, സിറിയാരാജാവായ ബന്‍ഹദാദ്‌ സൈന്യം ശേഖരിച്ചു സമരിയാ വളഞ്ഞു.
25: അപ്പോള്‍ സമരിയായില്‍ രൂക്ഷമായ ക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‌ക്ക്‌ എട്ടുഷെക്കല്‍ വെള്ളിയും കാല്‍ കാബ്‌ കാട്ടുള്ളിക്ക്‌ അഞ്ചുഷെക്കല്‍ വെള്ളിയും വിലയായിരുന്നു.
26: ഇസ്രായേല്‍രാജാവു കോട്ടമേല്‍ നടക്കുമ്പോള്‍ ഒരുവള്‍ വിളിച്ചുപറഞ്ഞു: പ്രഭോ, രാജാവേ, സഹായിക്കണേ!
27; അവന്‍ പറഞ്ഞു: കര്‍ത്താവു സഹായിക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെ കഴിയും? എന്റെ കൈയില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ?
28: രാജാവു ചോദിച്ചു: എന്താണ്‌ നിന്റെ പ്രശ്നം? അവള്‍ ഉണര്‍ത്തിച്ചു: ഇവള്‍ എന്നോടു പറഞ്ഞു: നിന്റെ മകനെ കൊണ്ടുവരുക, ഇന്നു നമുക്കവനെ ഭക്ഷിക്കാം; നാളെ എന്റെ മകനെ ഭക്ഷിക്കാം.
29: അങ്ങനെ ഞങ്ങള്‍ എന്റെ മകനെ വേവിച്ചുതിന്നു. അടുത്ത ദിവസം ഞാന്‍ അവളോടു നിന്റെ മകനെ കൊണ്ടുവരുക, നമുക്ക്‌ അവനെ തിന്നാം എന്നുപറഞ്ഞു. എന്നാല്‍, അവള്‍ അവനെ ഒളിപ്പിച്ചുകളഞ്ഞു.
30: അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവു വസ്ത്രംകീറി - അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു - ജനം നോക്കിയപ്പോള്‍, രാജാവ്‌ അടിയില്‍ ചാക്കുവസ്‌ത്രം ധരിച്ചിരിക്കുന്നു.
31: രാജാവു പറഞ്ഞു: ഷാഫാത്തിന്റെപുത്രന്‍ എലീഷായുടെ തല ഇന്നുമുതല്‍ കഴുത്തില്‍ ശേഷിച്ചാല്‍ കര്‍ത്താവ്‌ എന്നെ ശിക്ഷിക്കട്ടെ.
32: എലീഷാ ശ്രഷ്ഠന്മാരോടൊപ്പം വീട്ടിലിരിക്കുകയായിരുന്നു. രാജാവ്‌ ഒരുവനെ പറഞ്ഞയച്ചു. അവന്‍ വന്നെത്തുന്നതിനുമുമ്പ്‌ എലീഷാ ശ്രഷ്ഠന്മാരോടു പറഞ്ഞു: ആ കൊലയാളി എന്റെ തല ഛേദിക്കാന്‍ ആളയച്ചിരിക്കുന്നതു കണ്ടോ? ദൂതന്‍ വരുമ്പോള്‍ വാതിലടച്ച്‌ അവനെ തടഞ്ഞുനിര്‍ത്തുവിന്‍. അവന്റെ യജമാനന്റെ കാലടി ശബ്‌ദമല്ലേ പിന്നില്‍ കേള്‍ക്കുന്നത്‌?
33: അവന്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ രാജാവു വന്ന്‌ അവനോടു പറഞ്ഞു: ഈ ദുരിതം കര്‍ത്താവു വരുത്തിയതാണ്‌. ഞാന്‍ ഇനിയെന്തിനു കര്‍ത്താവിന്റെ സഹായം കാത്തിരിക്കണം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ