തൊണ്ണൂറ്റിയഞ്ചാം ദിവസം: 2 രാജാക്കന്മാര്‍ 1 - 3

 

അദ്ധ്യായം 1

ഏലിയായും അഹസിയായും

1: ആഹാബിൻ്റെ മരണത്തിനുശേഷം മൊവാബ്‌, ഇസ്രായേലിനെതിരേ കലാപമാരംഭിച്ചു.
2: സമരിയായില്‍വച്ച്‌ അഹസിയാ മട്ടുപ്പാവില്‍നിന്നുവീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്നാരായാന്‍ എക്രാണിലെ ദേവനായ ബാല്‍സെബൂബിൻ്റെ അടുത്തേക്ക്‌ ആളയച്ചു.
3: തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവിൻ്റെ ദൂതനരുളിച്ചെയ്‌തു: സമരിയാരാജാവിൻ്റെ ദൂതന്മാരെചെന്നുകണ്ട്‌, അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്‌?
4: കര്‍ത്താവരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.
5: ഏലിയാ പുറപ്പെട്ടു. ദൂതന്മാര്‍ തിരിച്ചെത്തിയപ്പോള്‍ രാജാവു ചോദിച്ചു: നിങ്ങളെന്താണു തിരികെവന്നത്‌?
6: അവര്‍ മറുപടി പറഞ്ഞു: ഒരാള്‍വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങള്‍ തിരികെച്ചെന്നു നിങ്ങളെ അയച്ച രാജാവിനെയറിയിക്കുക: കര്‍ത്താവരുളിച്ചെയ്യുന്നു, ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ നീ സമീപിക്കുന്നത്‌? ഈ രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല, നീ മരിക്കും.
7: അവന്‍ ചോദിച്ചു: നിങ്ങളോടിതുപറഞ്ഞയാള്‍ എങ്ങനെയിരുന്നു?
8: അവര്‍ പറഞ്ഞു: അവന്‍ രോമക്കുപ്പായവും തുകല്‍കൊണ്ടുള്ള അരപ്പട്ടയുമണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്‌ബ്യനായ ഏലിയായാണവന്‍.
9: രാജാവ്‌ അമ്പതുപേരുടെ ഗണത്തെ നായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോടു നായകന്‍ പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാന്‍ രാജാവു കല്പിക്കുന്നു.
10: ഏലിയാ പ്രതിവചിച്ചു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി നിന്നെയും നിൻ്റെ അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു. 
11: വീണ്ടും അമ്പതുപേരെ നായകനോടൊപ്പം രാജാവ്‌ ഏലിയായുടെ അടുത്തേക്കയച്ചു. നായകന്‍ചെന്ന്‌ അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിൻ്റെ കല്പനയാണ്‌, വേഗം ഇറങ്ങിവരുക.
12: ഏലിയാ പറഞ്ഞു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി, നിന്നെയും നിൻ്റെ അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന്‌ ദൈവത്തിൻ്റെ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
13: രാജാവു മൂന്നാമതും അമ്പതുപേരെ നായകനോടുകൂടെ അയച്ചു. നായകന്‍ചെന്ന്,‌ ഏലിയായുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: ദൈവപുരുഷാ, എൻ്റെയും അങ്ങയുടെ ഈ അമ്പതു ദാസന്മാരുടെയും ജീവന്‍ അങ്ങയുടെ ദൃഷ്ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
14: മുമ്പുവന്ന അമ്പതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകന്മാരെയും ആകാശത്തില്‍നിന്ന്‌ അഗ്നിയിറങ്ങി ദഹിപ്പിച്ചു. ഇപ്പോള്‍ എൻ്റെ ജീവന്‍ അങ്ങയുടെ ദൃഷ്‌ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
15: കര്‍ത്താവിൻ്റെ ദൂതന്‍ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിൻ്റെയടുത്തുചെന്നു.
16: ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, എക്രാണ്‍ദേവനായ ബാല്‍സെബൂബിനോട്‌ ആരായാന്‍ ദൂതന്മാരെ അയച്ചതുകൊണ്ട്‌ നീ രോഗശയ്യയില്‍നിന്ന്‌ എഴുന്നേല്‍ക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീയിതു ചെയ്‌തത്‌?
17: ഏലിയാവഴി കര്‍ത്താവരുളിച്ചെയ്‌തതുപോലെ അവന്‍ മരിച്ചു. അഹസിയായ്‌ക്കു പുത്രനില്ലാതിരുന്നതിനാല്‍ സഹോദരന്‍ യോറാം, യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പുത്രന്‍ യഹോറാമിൻ്റെ രണ്ടാം ഭരണവര്‍ഷത്തില്‍, രാജാവായി.
18: അഹസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.


അദ്ധ്യായം 2

ഏലിയാ സ്വര്‍ഗ്ഗത്തിലേക്കു്


1: കര്‍ത്താവ്‌, ഏലിയായെ സ്വര്‍ഗ്ഗത്തിലേക്കു ചുഴലിക്കാറ്റിലൂടെയെടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.
2: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവെന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.
3: ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവു നിൻ്റെ യജമാനനെ ഇന്നു നിന്നില്‍നിന്നെടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍.
4: ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ്‌ എന്നെ ജറീക്കോയിലേക്കയച്ചിരിക്കുന്നു. അവന്‍ പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി.
5: ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവു നിൻ്റെ യജമാനനെ ഇന്നു നിന്നില്‍നിന്നെടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്‌. എനിക്കറിയാം; നിശ്ശബ്‌ദരായിരിക്കുവിന്‍.
6: അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവെന്നെ ജോര്‍ദ്ദാനിലേക്കയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാനങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്രതുടര്‍ന്നു.
7: അവര്‍ ഇരുവരും ജോര്‍ദ്ദാനു സമീപമെത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്പമകലെ വന്നുനിന്നു.
8: ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തിലടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടെ അക്കരെ കടന്നു.
9: മറുകരയെത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്നെടുക്കപ്പെടുന്നതിനുമുമ്പു ഞാനെന്താണു ചെയ്‌തുതരേണ്ടത്‌? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിൻ്റെ ഇരട്ടിപ്പങ്ക്‌ എനിക്കു ലഭിക്കട്ടെ.
10: അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണു നീ ചോദിച്ചത്‌. എങ്കിലും ഞാനെടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്കതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല.
11: അവര്‍ സംസാരിച്ചുകൊണ്ടുപോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.
12: എലീഷാ അതുകണ്ടു നിലവിളിച്ചു. എൻ്റെ പിതാവേ, ൻ്റെ പിതാവേ! ഇസ്രായേലിൻ്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്‌ത്രംകീറി.

ഏലീഷാ പ്രവര്‍ത്തനം തുടങ്ങുന്നു.

13: അവന്‍ ഏലിയായില്‍നിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോര്‍ദ്ദാൻ്റെ കരയില്‍ച്ചെന്നുനിന്നു.
14: അവനതു വെള്ളത്തിന്മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവെവിടെ? അവന്‍ വെള്ളത്തിന്മേലടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.
15: ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോള്‍, ഏലിയായുടെ ആത്മാവ്‌ എലീഷായില്‍ കുടികൊള്ളുന്നുവെന്നു പറഞ്ഞു. അവരവനെ താണുവണങ്ങിയെതിരേറ്റു.
16: അവരവനോടു പറഞ്ഞു: അങ്ങയുടെ ദാസന്മാരുടെയിടയില്‍ അമ്പതു ബലവാന്മാരുണ്ട്‌. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകുന്നതിന്‌ അവരെ അനുവദിച്ചാലും. കര്‍ത്താവിൻ്റെ ആത്മാവ്‌, അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കാം. 
17: അവന്‍ പറഞ്ഞു: ആരെയുമയയ്‌ക്കേണ്ടാ. അവന്‍ സമ്മതിക്കുവോളം അവര്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അയച്ചുകൊള്ളുവിന്‍. അവര്‍ അമ്പതുപേരെ അയച്ചു. അവര്‍ മൂന്നുദിവസമന്വേഷിച്ചെങ്കിലും അവനെക്കണ്ടെത്തിയില്ല.
18: എലീഷാ ജറീക്കോയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ മടങ്ങിവന്നു. അവനവരോടു പറഞ്ഞു: പോകണ്ടായെന്നു ഞാന്‍ പറഞ്ഞതല്ലേ?
19: നഗരവാസികള്‍ എലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാന്‍പറ്റിയതാണ്‌. എന്നാല്‍ വെള്ളം മലിനവും നാടു ഫലശൂന്യവുമാണ്‌.
20: ഒരു പുതിയ പാത്രംകൊണ്ടുവന്ന്‌ അതില്‍ ഉപ്പിടുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്‌തു.
21: അവന്‍ ഉറവയ്‌ക്കടുത്തുചെന്ന്‌, ഉപ്പ്‌ അതിലിട്ടുകൊണ്ടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനിയിതു മരണത്തിനോ ഫലശൂന്യതയ്‌ക്കോ കാരണമാവുകയില്ല.
22: എലീഷായുടെ വചനമനുസരിച്ച്‌ ആ വെള്ളം ഇന്നും ശുദ്ധമാണ്‌.
23: അവന്‍ അവിടെനിന്നു ബഥേലിലേക്കുപോയി. മാര്‍ഗ്ഗമദ്ധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ! അവന്‍ തിരിഞ്ഞുനോക്കി, അവരെക്കണ്ടു. 
24: കര്‍ത്താവിൻ്റെ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്മാരെ ചീന്തിക്കീറി.
25: അവിടെനിന്ന്‌ അവന്‍ കാര്‍മല്‍മലയിലേയ്ക്കും തുടര്‍ന്നു സമരിയായിലേക്കും പോയി.

അദ്ധ്യായം 3

ഇസ്രായേലും മൊവാബ്യരുംതമ്മില്‍ യുദ്ധം

1: യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിൻ്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. 
2: അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു. അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്മാരെപ്പോലെയായിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്‌തംഭം അവനെടുത്തുകളഞ്ഞു.
3: നെബാത്തിൻ്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപം അവനുമാവര്‍ത്തിച്ചു; അതില്‍നിന്നു പിന്മാറിയില്ല.
4: മൊവാബു രാജാവായ മേഷായ്‌ക്കു ധാരാളമാടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍രാജാവിന്‌ ഒരു ലക്ഷം കുഞ്ഞാടുകളും ഒരുലക്ഷം മുട്ടാടുകളുടെ രോമവും വര്‍ഷംതോറും കൊടുക്കേണ്ടിയിരുന്നു.
5: ആഹാബു മരിച്ചപ്പോള്‍ മൊവാബുരാജാവ്,‌ ഇസ്രായേല്‍രാജാവുമായി കലഹിച്ചു.
6: അപ്പോള്‍ യോറാംരാജാവു സമരിയായില്‍നിന്നുവന്ന്‌, ഇസ്രായേല്‍ക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.
7: അവന്‍ യൂദാരാജാവായ യഹോഷാഫാത്തിനു സന്ദേശമയച്ചു: മൊവാബുരാജാവ്‌ എന്നെയെതിര്‍ക്കുന്നു. അവനെതിരേ യുദ്ധംചെയ്യാന്‍ നീ എന്നോടൊപ്പം വരുമോ? അവന്‍ പറഞ്ഞു: ഞാന്‍ വരാം. ഞാന്‍ നിന്നെപ്പോലെയും എൻ്റെ ജനം നിൻ്റെ ജനംപോലെയും എൻ്റെ കുതിരകള്‍ നിൻ്റെ കുതിരകള്‍പോലെയുമാണ്‌.
8: അവന്‍ ചോദിച്ചു: ഏതു വഴിക്കാണു നാം നീങ്ങേണ്ടത്‌? യോറാം പറഞ്ഞു ഏദോം മരുഭൂമിയിലൂടെ പോകാം.
9: അങ്ങനെ യൂദാരാജാവിനോടും ഏദോംരാജാവിനോടുംകൂടെ ഇസ്രായേല്‍രാജാവു പുറപ്പെട്ടു. വളഞ്ഞവഴിക്കുള്ള ഏഴുദിവസത്തെ യാത്രകഴിഞ്ഞപ്പോള്‍ സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളമില്ലാതായി.
10: ഇസ്രായേല്‍രാജാവു പറഞ്ഞു: കഷ്‌ടം! കര്‍ത്താവ്‌ ഈ മൂന്നു രാജാക്കന്മാരെയും മൊവാബ്യരുടെ കൈയില്‍ ഏല്പിച്ചുകൊടുക്കാന്‍ വിളിച്ചിരിക്കുന്നല്ലോ.
11: യഹോഷാഫാത്ത്‌ ചോദിച്ചു: കര്‍ത്താവിൻ്റെ ഹിതമാരായേണ്ടതിന്‌ അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍രാജാവിൻ്റെ ഒരു സേവകന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍വെള്ളം പകര്‍ന്നവനും ഷാഫാത്തിൻ്റെ മകനുമായ എലീഷായുണ്ട്‌. 
12: യഹോഷാഫാത്ത്‌ പറഞ്ഞു: കര്‍ത്താവിൻ്റെ വചനം അവനോടുകൂടെയുണ്ട്‌. ഇസ്രായേല്‍രാജാവും യഹോഷാഫാത്തും ഏദോംരാജാവും അവൻ്റെയടുത്തേക്കു പോയി.
13: എലീഷാ ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: നിനക്കെന്തിനാണ്‌ എൻ്റെ സഹായം? നിൻ്റെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്മാരെ മൊവാബ്യരുടെ കൈയിലേല്പിക്കേണ്ടതിനു വിളിച്ചിരിക്കുന്നതു കര്‍ത്താവാണ്‌.
14: എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണേ, യൂദാരാജാവായ യഹോഷാഫാത്തിനെപ്രതിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നോക്കുകപോലുംചെയ്യുകയില്ലായിരുന്നു.
15: ഒരു ഗായകനെ എൻ്റെയടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിൻ്റെ ശക്തി എലീഷായുടെമേല്‍ ആവസിച്ചു.
16: അവന്‍ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, ഈ വരണ്ട അരുവിത്തടം കുളങ്ങള്‍കൊണ്ടു ഞാന്‍ നിറയ്‌ക്കും.
17: കാറ്റോ മഴയോ ഉണ്ടാകയില്ല; അരുവിത്തടം ജലംകൊണ്ടു നിറയും. നീയും കാലിക്കൂട്ടവും മൃഗങ്ങളും അതു കുടിക്കും. കര്‍ത്താവിനിതു നിസ്സാരമാണ്‌..
18: അവിടുന്നു മൊവാബ്യരെ നിൻ്റെ കൈയിലേല്പിക്കുകയുംചെയ്യും.
19: സുശക്തനഗരങ്ങളും മുന്തിയ പട്ടണങ്ങളും നിങ്ങളധീനമാക്കും. ഫലവൃക്ഷങ്ങള്‍ നിങ്ങള്‍ വെട്ടിവീഴ്‌ത്തും; നീരൊഴുക്കുകള്‍ തടയും. നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും
20: പിറ്റേദിവസം പ്രഭാതബലിക്കു സമയമായപ്പോള്‍ ഏദോംദിക്കില്‍നിന്നു വെള്ളംവന്ന്‌ അവിടം നിറഞ്ഞു.
21: തങ്ങള്‍ക്കെതിരേ യുദ്ധംചെയ്യാന്‍ രാജാക്കന്മാര്‍ വന്നിരിക്കുന്നുവെന്നുകേട്ട്‌, മൊവാബ്യര്‍ പ്രായഭേദമെന്നിയേ യുദ്ധശേഷിയുള്ള എല്ലാവരെയും വിളിച്ചുകൂട്ടി അതിര്‍ത്തിയില്‍ അണിനിരത്തി.
22: മൊവാബ്യര്‍ രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ സൂര്യപ്രകാശത്തില്‍ വെള്ളം തിളങ്ങുന്നതു കണ്ടു. 
23: അതു രക്തംപോലെ ചെമന്നിരുന്നു. അവര്‍ പറഞ്ഞു: ഇതു രക്തമാണ്‌. രാജാക്കന്മാര്‍ യുദ്ധംചെയ്‌തു പരസ്പരം കൊന്നിരിക്കുന്നു. 
24: മൊവാബ്യരേ, നമുക്കു കൊള്ളയടിക്കാം. മൊവാബ്യര്‍, ഇസ്രായേല്‍പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അവരെ തുരത്തി; ഓടിപ്പോയവരെ പിന്തുടര്‍ന്നുകൊന്നു.
25: അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയുംചെയ്‌തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്‌ത്തി. അങ്ങനെ കീര്‍ഹരെസേത്ത്‌ കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.
26: യുദ്ധം പ്രതികൂലമെന്നുകണ്ട മൊവാബു രാജാവ്‌, എഴുനൂറ്‌ ഖഡ്ഗധാരികളെയുംകൊണ്ട്‌ ഏദോംരാജാവിനെതിരേ കുതിച്ചുകയറാന്‍ നോക്കി; എന്നാല്‍, സാധിച്ചില്ല.
27: കിരീടാവകാശിയായ മൂത്തപുത്രനെ അവന്‍ മതിലിന്മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെവിട്ടു നാട്ടിലേക്കു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ