തൊണ്ണൂറ്റിനാലാം ദിവസം: 1 രാജാക്കന്മാര്‍ 21 - 22


അദ്ധ്യായം 21

നാബോത്തിൻ്റെ മുന്തിരിത്തോട്ടം
1: ജസ്രേല്‍ക്കാരനായ നാബോത്തിന്, ജസ്രേലില്‍ സമരിയാരാജാവായ ആഹാബിൻ്റെ കൊട്ടാരത്തോടുചേര്‍ന്ന്, ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
2: ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടമുണ്ടാക്കാന്‍ നിൻ്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിൻ്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.
3: എന്നാല്‍, നാബോത്ത് പറഞ്ഞു: എൻ്റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവിടയാക്കാതിരിക്കട്ടെ.
4: എൻ്റെ പിതൃസ്വത്ത്, ഞാനങ്ങേയ്ക്കു നല്കുകയില്ലെന്ന് ജസ്രേല്‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി, ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖംതിരിച്ചു കട്ടിലില്‍ക്കിടന്നു; ഭക്ഷണംകഴിച്ചതുമില്ല.
5: അവൻ്റെ ഭാര്യ ജസെബെല്‍ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത്? ഭക്ഷണംകഴിക്കുന്നില്ലല്ലോ?
6: അവന്‍ പറഞ്ഞു: ജസ്രേല്‍ക്കാരനായ നാബോത്തിനോട് അവൻ്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായിത്തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ലെന്ന് അവന്‍ പറഞ്ഞു.
7: ജസെബെല്‍ പറഞ്ഞു: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണംകഴിച്ചു സന്തുഷ്ടനായിരിക്കുക. ജസ്രേല്‍ക്കാരനായ നാബോത്തിൻ്റെ മുന്തിരിത്തോട്ടം ഞാനങ്ങേയ്ക്കു തരും.
8: അവള്‍ ആഹാബിൻ്റെ പേരും മുദ്രയുംവച്ച്, നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും കത്തയച്ചു.
9: അതില്‍ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങള്‍ ഒരുപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തുകയും ചെയ്യുവിന്‍.
10: അവനെതിരായി രണ്ടു നീചന്മാരെ കൊണ്ടുവരുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനുമെതിരായി ദൂഷണംപറഞ്ഞെന്ന് അവര്‍ കള്ളസാക്ഷ്യം പറയട്ടെ. അപ്പോള്‍ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിന്‍.
11: പട്ടണത്തിലെ ശ്രേഷ്ഠന്മാരും പ്രഭുക്കന്മാരും ജസെബെല്‍ എഴുതിയതുപോലെ പ്രവര്‍ത്തിച്ചു.
12: അവര്‍ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തി.
13: നീചന്മാര്‍ ഇരുവരും അവനെതിരേ ഇരുന്നു. ഇവന്‍ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞെന്ന് അവര്‍ ജനത്തിൻ്റെമുമ്പില്‍ നാബോത്തിനെതിരായി കുറ്റമാരോപിച്ചു. അവരവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
14: നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു.
15: അതുകേട്ടയുടനെ ജസെബെല്‍ ആഹാബിനോടു പറഞ്ഞു: എഴുന്നേല്‍ക്കുക. ജസ്രേല്‍ക്കാരനായ നാബോത്ത് വിലയ്ക്കുതരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവന്‍ മരിച്ചു.
16: നാബോത്ത് മരിച്ച വിവരം അറിഞ്ഞമാത്രയില്‍ ആഹാബ് എഴുന്നേറ്റു മുന്തിരിത്തോട്ടം കൈവശപ്പെടുത്താനിറങ്ങി.
17: തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവരുളിച്ചെയ്തു:
18: നീ ചെന്നു സമരിയായിലുള്ള ഇസ്രായേല്‍രാജാവ് ആഹാബിനെ കാണുക. അവന്‍ നാബോത്തിൻ്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താനെത്തിയിരിക്കുന്നു.
19: നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി, അവൻ്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവരുളിച്ചെയ്യുന്നു, നാബോത്തിൻ്റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിൻ്റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും.
20: ആഹാബ് ഏലിയായോടു ചോദിച്ചു: എൻ്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ? അവന്‍ പ്രതിവചിച്ചു: അതേ, ഞാന്‍ നിന്നെ കണ്ടെത്തി. കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിക്കാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു.
21: ഇതാ, ഞാന്‍ നിനക്കു നാശം വരുത്തും; ഞാന്‍ നിന്നെ നിര്‍മ്മാര്‍ജനംചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷന്മാരെയും - സ്വതന്ത്രരെയും അടിമകളെയും - ഞാന്‍ നിഗ്രഹിക്കും.
22: നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിക്കയും ചെയ്തതിനാല്‍ ഞാന്‍ നിൻ്റെ ഭവനത്തെ നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെയും അഹിയായുടെ മകന്‍ ബാഷായുടെയും ഭവനങ്ങളെപ്പോലെയാക്കിത്തീര്‍ക്കും.
23: ജസെബെലിനെക്കുറിച്ചും കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു, ജസ്രേലിൻ്റെ അതിര്‍ത്തികള്‍ക്കുള്ളില്‍വച്ച് ജസെബെലിനെ നായ്ക്കള്‍ തിന്നും.
24: ആഹാബിൻ്റെ ഭവനത്തില്‍നിന്ന് നഗരത്തില്‍വച്ചു മരിക്കുന്നവനെ നായ്ക്കള്‍ ഭക്ഷിക്കും; നാട്ടിന്‍പുറത്തുവച്ചു മരിക്കുന്നവനെ പറവകളും.
25: ഭാര്യയായ ജസെബെലിൻ്റെ പ്രേരണയ്ക്കു വഴങ്ങി, കര്‍ത്താവിന് അനിഷ്ടമായതു പ്രവര്‍ത്തിക്കാന്‍ തന്നെത്തന്നെവിറ്റ ആഹാബിനെപ്പോലെ ആരുമുണ്ടായിട്ടില്ല.
26: ഇസ്രായേലിൻ്റെ മുമ്പില്‍നിന്നു കര്‍ത്താവ് തുരത്തിയ അമോര്യരെപ്പോലെ അവന്‍ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്ഛമായി പ്രവര്‍ത്തിച്ചു.
27: ആഹാബ് ഇതുകേട്ടു വസ്ത്രംകീറി, ചാക്കുടുത്തുപവസിക്കുകയും ചാക്കു വിരിച്ചുറങ്ങുകയും മനംതകര്‍ന്ന് തലതാഴ്ത്തി നടക്കുകയുംചെയ്തു.
28: അപ്പോള്‍ തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു:
29: ആഹാബ് എൻ്റെമുമ്പില്‍ എളിമപ്പെട്ടതു കണ്ടില്ലേ? അവന്‍ തന്നെത്തന്നെ താഴ്ത്തിയതിനാല്‍, അവൻ്റെ ജീവിതകാലത്തു ഞാന്‍ നാശം വരുത്തുകയില്ല. അവൻ്റെ പുത്രൻ്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാന്‍ തിന്മ വരുത്തുക.

അദ്ധ്യായം 22

മിക്കായാ മുന്നറിയിപ്പു നല്കുന്നു

1: മൂന്നുവര്‍ഷത്തേക്കു സിറിയായും ഇസ്രായേലുംതമ്മില്‍ യുദ്ധമുണ്ടായില്ല.
2: മൂന്നാംവര്‍ഷം യൂദാരാജാവായ യഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.
3: ഇസ്രായേല്‍രാജാവു തൻ്റെ സേവകന്മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാമെന്തിനു മടിക്കുന്നു?
4: അതു നമ്മുടേതാണല്ലോ! അവന്‍ യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത്ഗിലയാദില്‍ യുദ്ധത്തിനുപോരുമോ? യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എൻ്റെ സൈന്യം നിൻ്റെ സൈന്യത്തെപ്പോലെയും എൻ്റെ കുതിരകള്‍ നിൻ്റെ കുതിരകളെപ്പോലെയും തയ്യാറാണ്.
5: യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിൻ്റെ ഇംഗിതമാരായുക.
6: ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി; അവര്‍ നാനൂറോളം പേരുണ്ടായിരുന്നു. അവനവരോടു ചോദിച്ചു: ഞാന്‍ റാമോത്ത്ഗിലയാദ് തിരിച്ചെടുക്കാന്‍ യുദ്ധത്തിനുപോകണമോ വേണ്ടയോ? അവര്‍ പ്രതിവചിച്ചു: പോവുക, കര്‍ത്താവതു രാജാവിൻ്റെ കൈയിലേല്പിക്കും.
7: എന്നാല്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിൻ്റെ ഇംഗിതമാരായേണ്ടതിന്, ഇവിടെ വേറെ പ്രവാചകനില്ലേ?
8: ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: നമുക്കു കര്‍ത്താവിൻ്റെ ഇംഗിതമാരായാന്‍ ഒരാള്‍കൂടെയുണ്ട്. ഇംലായുടെ പുത്രന്‍ മിക്കായാ. എന്നാല്‍ ഞാനവനെ വെറുക്കുന്നു; അവന്‍ എനിക്കു തിന്മയല്ലാതെ നന്മ പ്രവചിക്കുകയില്ല. യാഹോഷാഫാത്ത് പറഞ്ഞു: രാജാവങ്ങനെ പറയരുതേ.
9: ഉടന്‍ ഇസ്രായേല്‍രാജാവ് സേവകനോടാജ്ഞാപിച്ചു: ഇംലയുടെ മകന്‍ മിക്കായായെ വേഗം കൊണ്ടുവരുക.
10: ഇസ്രായേല്‍രാജാവും യൂദാരാജാവ്‌ യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ്, സമരിയായുടെ കവാടത്തിലുള്ള ഒരു മെതിസ്ഥലത്തു സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു; പ്രവാചകന്മാര്‍ അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11: കെനാനായുടെ മകന്‍ സെദക്കിയാ ഇരുമ്പുകൊണ്ടു കൊമ്പുകള്‍ നിര്‍മ്മിച്ചു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു, സിറിയാക്കാര്‍ നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിക്കീറും.
12: എല്ലാ പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. അവര്‍ പറഞ്ഞു: റാമോത്ത്ഗിലയാദില്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിൻ്റെ കൈയില്‍ ഏല്പിക്കും.
13: ദൂതന്‍ചെന്ന്, മിക്കായായോടു പറഞ്ഞു: ഇതാ പ്രവാചകന്മാര്‍ ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
14: എന്നാല്‍ മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, അവിടുന്നരുളിച്ചെയ്യുന്നതു ഞാന്‍ പറയും.
15: അവന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: മിക്കായാ, ഞങ്ങൾ റാമോത്ത്ഗിലയാദില്‍ യുദ്ധത്തിനു പോകണമോ വേണ്ടയോ? മിക്കായാ പ്രതിവചിച്ചു: നിങ്ങള്‍പോയി വിജയംവരിക്കുക; കര്‍ത്താവ്, അതു രാജാവിൻ്റെ കൈയിലേല്പിക്കും.
16: രാജാവു ചോദിച്ചു: കര്‍ത്താവിൻ്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്രപ്രാവശ്യം ഞാനാവശ്യപ്പെടണം?
17: മിക്കായാ പറഞ്ഞു: ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പര്‍വ്വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു; കര്‍ത്താവ് അരുളിച്ചെയ്യുന്നതും കേട്ടു: ഇവര്‍ക്കു നാഥനില്ല. ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തില്‍ പോകട്ടെ.
18: ഇസ്രായേല്‍രാജാവ്‌ യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്കു തിന്മയല്ലാതെ നന്മയൊന്നും പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
19: മിക്കായാ തുടര്‍ന്നു: കര്‍ത്താവരുളിച്ചെയ്യുന്നതു ശ്രവിക്കുക; കര്‍ത്താവു സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ അവിടുത്തെ വലത്തുമിടത്തും നിന്നിരുന്നു.
20: അപ്പോള്‍ കര്‍ത്താവു ചോദിച്ചു: ആഹാബ് റാമോത്ത് ഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ ആരവനെ വശീകരിക്കും? ഓരോരുത്തരും ഓരോ വിധത്തില്‍ മറുപടി നല്കി.
21: എന്നാല്‍ ആത്മാവു മുമ്പോട്ടുവന്നു പറഞ്ഞു: ഞാനവനെ വശീകരിക്കും.
22: കര്‍ത്താവു ചോദിച്ചു: എങ്ങനെ? അവന്‍ പ്രതിവചിച്ചു: ഞാന്‍ ചെന്ന് അവൻ്റെ എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് കല്പിച്ചു: അവനെ വശീകരിക്കുക; നീ വിജയിക്കും; പോയി അങ്ങനെചെയ്യൂ!
23: ഇതാ, ഈ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളില്‍ അവിടുന്നു നുണയുടെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്കു തിന്മ വരുത്താന്‍ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു.
24: ഉടനെ കെനാനായുടെ മകന്‍ സെദെക്കിയാ മിക്കായായുടെ അടുത്തുവന്ന്, അവൻ്റെ ചെകിട്ടത്തടിച്ചുകൊണ്ടു ചോദിച്ചു: കര്‍ത്താവിൻ്റെ ആത്മാവു നിന്നോടു സംസാരിക്കാന്‍ എങ്ങനെയാണ് എന്നെ വിട്ടുപോയത്? മിക്കായാ പറഞ്ഞു:
25: ഒളിക്കാന്‍ ഉള്ളറയില്‍ക്കടക്കുന്ന ദിവസം നീയതറിയും.
26: ഇസ്രായേല്‍രാജാവ് ആജ്ഞാപിച്ചു: മിക്കായായെ പിടിച്ചു നഗരാധിപന്‍ ആമോൻ്റെയും രാജകുമാരന്‍ യോവാഷിൻ്റെയും അടുത്തേക്കു കൊണ്ടുപോവുക.
27: ഞാന്‍ വിജയിച്ചുമടങ്ങുന്നതുവരെ വളരെ കുറച്ചു ഭക്ഷണവും വെള്ളവുംനല്കി ഇവനെ കാരാഗൃഹത്തിലിടുക എന്ന് അവനോടു പറയണം.
28: മിക്കായാ പറഞ്ഞു: നീ വിജയിച്ചു മടങ്ങുകയാണെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്; ഞാന്‍ പറഞ്ഞത് എല്ലാവരും കേട്ടല്ലോ!


ആഹാബിൻ്റെ മരണം
29: ഇസ്രായേല്‍രാജാവും യൂദാരാജാവ്‌ യഹോഷാഫാത്തും റാമോത്ത്ഗിലയാദിലേക്കു പോയി.
30: ഇസ്രായേല്‍രാജാവു യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷംമാറി യുദ്ധക്കളത്തിലേക്കു പോകാം. നീ രാജകീയ വേഷം ധരിച്ചുകൊള്ളുക. ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോയി.
31: സിറിയാരാജാവു തൻ്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു കല്പിച്ചിരുന്നു: വലിയവരോടോ ചെറിയവരോടോ പൊരുതേണ്ടാ. ഇസ്രായേല്‍രാജാവിനോടുമാത്രം പടവെട്ടുക.
32: അവര്‍ യാഹോഷാഫാത്തിനെക്കണ്ട് അതുതന്നെയാണ് ഇസ്രായേല്‍രാജാവ് എന്നുപറഞ്ഞ് അവനെതിരേ ആക്രമണം തുടങ്ങി. യഹോഷാഫാത്ത് ഉച്ചത്തില്‍ നിലവിളിച്ചു.
33: അവന്‍ ഇസ്രായേല്‍രാജാവല്ലെന്നു മനസ്സിലായപ്പോള്‍, അവനെതിരേയുള്ള ആക്രമണത്തില്‍നിന്നു രഥനായകന്മാര്‍ പിന്തിരിഞ്ഞു.
34: യദൃച്ഛയാ ഒരു പടയാളിയെയ്ത അമ്പ്, ഇസ്രായേല്‍രാജാവിൻ്റെ പടച്ചട്ടയുടെയും കവചത്തിൻ്റെയും ഇടയില്‍ തറച്ചുകയറി. ഉടനെ അവന്‍ സാരഥിയോടു പറഞ്ഞു: രഥംതിരിച്ച് എന്നെ യുദ്ധക്കളത്തില്‍നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
35: അന്നു ഘോരയുദ്ധം നടന്നു. രാജാവിനെ സിറിയാക്കാര്‍ക്കുനേരേ രഥത്തില്‍ നിവര്‍ത്തിയിരുത്തി. മുറിവില്‍നിന്നു രക്തം ധാരയായി രഥത്തിനടിയിലേക്കൊഴുകി.
36: സന്ധ്യയായപ്പോള്‍ അവന്‍ മരിച്ചു. അസ്തമയമായപ്പോള്‍ സൈന്യങ്ങളുടെയിടയില്‍ ഓരോരുത്തനും താന്താങ്ങളുടെ നഗത്തിലേക്കോ ഗ്രാമത്തിലേക്കോ മടങ്ങിക്കൊള്ളുവിന്‍ എന്ന ശബ്ദംമുഴങ്ങി.
37: ആഹാബ് രാജാവ് മരിച്ചു; മൃതദേഹം സമരിയായില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു.
38: സമരിയായിലെ കുളത്തില്‍ അവര്‍ രാജാവിൻ്റെ രഥം കഴുകി. കര്‍ത്താവ് അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കള്‍ അവൻ്റെ രക്തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു.
39: ആഹാബ് ദന്തഗൃഹം പണിയിച്ചതും, നഗരങ്ങള്‍ നിര്‍മ്മിച്ചതും അവൻ്റെ മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
40: ആഹാബ് പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ അഹസിയാ രാജാവായി.


യഹോഷാഫാത്ത് യൂദാരാജാവ്
41: ഇസ്രായേല്‍രാജാവ് ആഹാബിൻ്റെ നാലാം ഭരണവര്‍ഷത്തിലാണ് ആസായുടെ പുത്രന്‍ യഹോഷാഫാത്ത് യൂദായില്‍ രാജാവായത്.
42: അപ്പോള്‍ അവനു മുപ്പത്തിയഞ്ചു വയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തഞ്ചുവര്‍ഷം ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അവൻ്റെ മാതാവ്.
43: അവന്‍ പിതാവായ ആസായുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചു; അതില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിനു പ്രീതികരമായതു പ്രവര്‍ത്തിച്ചു. എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ തുടര്‍ന്നും ബലികളും ധൂപവുമര്‍പ്പിച്ചു.
44: യഹോഷാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനത്തില്‍ വര്‍ത്തിച്ചു.
45: യഹോഷാഫാത്തിൻ്റെ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും യുദ്ധങ്ങളും യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
46: തന്റെ പിതാവ് ആസായുടെകാലത്തു തുടര്‍ന്നുപോന്ന ദേവപ്രീതിക്കുള്ള പുരുഷവേശ്യാസമ്പ്രദായം അവന്‍ നാട്ടില്‍നിന്ന് ഉന്മൂലനംചെയ്തു.
47: അക്കാലത്ത് ഏദോമില്‍ രാജാവില്ലായിരുന്നു; ഒരു രാജപ്രതിനിധിയാണ് ഭരണം നടത്തിയിരുന്നത്.
48: യഹോഷാഫാത്ത് ഓഫീറില്‍നിന്നു സ്വര്‍ണ്ണംകൊണ്ടുവരാന്‍ താര്‍ഷീഷ്‌കപ്പലുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, എസിയോന്‍ഗേബറില്‍ വച്ച് തകര്‍ന്നതിനാല്‍ അവയ്ക്കു പോകാന്‍ കഴിഞ്ഞില്ല.
49: ആഹാബിൻ്റെ പുത്രന്‍ അഹസിയാ യഹോഷാഫാത്തിനോടു ചോദിച്ചു: എൻ്റെ സേവകന്മാര്‍ നിൻ്റെ സേവകന്മാരോടൊപ്പം കപ്പലില്‍ പോകാന്‍ അനുവദിക്കുമോ? യഹോഷാഫാത്ത് സമ്മതിച്ചില്ല. യഹോഷാഫാത്ത് തൻ്റെ പിതാക്കന്മാരോടു ചേര്‍ന്നു.
50: പിതാവായ ദാവീദിൻ്റെ നഗരത്തില്‍ പിതാക്കന്മാരുടെ കല്ലറയില്‍ അവനെ സംസ്‌കരിച്ചു. അവൻ്റെ പുത്രന്‍ യഹൊറാം രാജാവായി.


അഹസിയ ഇസ്രായേല്‍ രാജാവ്
51: യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിൻ്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിൻ്റെ ഭരണം ഏറ്റെടുത്തു. അവന്‍ രണ്ടുവര്‍ഷം ഭരിച്ചു.
52: അവന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിൻ്റെയും, നെബാത്തിൻ്റെ മകനും ഇസ്രായേലിനെ പാപത്തിലേക്കു നയിച്ചവനുമായ ജറോബോവാമിൻ്റെയും മാര്‍ഗ്ഗത്തില്‍ അവന്‍ ചരിച്ചു.
53: അവന്‍ ബാലിനെ സേവിച്ചാരാധിച്ചു. തൻ്റെ പിതാവിനെപ്പോലെ ഇസ്രായേലിൻ്റെ  ദൈവമായ കര്‍ത്താവിനെ എല്ലാവിധത്തിലും പ്രകോപിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ