നൂറ്റിയിരുപതാം ദിവസം: 2 ദിനവൃത്താന്തം 34 - 36


അദ്ധ്യായം 34

ജോസിയാ
1: രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.
2: അവന്‍ കര്‍ത്താവിന്റെമുമ്പാകെ നീതി പ്രവര്‍ത്തിച്ചുപിതാവായ ദാവീദിന്റെ മാര്‍ഗ്ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല.
3: അവന്‍ തന്റെ എട്ടാം ഭരണവര്‍ഷത്തില്‍, ചെറുപ്പമായിരിക്കെത്തന്നെപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാനാരംഭിച്ചു. രാജാവായി പന്ത്രണ്ടുവര്‍ഷമായപ്പോള്‍ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങള്‍, വാര്‍പ്പുപ്രതിമകള്‍ എന്നിവയും നശിപ്പിക്കാന്‍തുടങ്ങി.
4: അവന്റെ മുമ്പില്‍വച്ച് അവര്‍ ബാലിന്റെ ബലിപീഠങ്ങള്‍ തകര്‍ത്തുഅവയ്ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ തല്ലിത്തകര്‍ത്തുഅഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും തച്ചുടച്ചു. അവ ധൂളിയാക്കി അവയ്ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകുടീരങ്ങള്‍ക്കുമീതേ വിതറി.
5: പുരോഹിതന്മാരുടെ അസ്ഥികള്‍ അവരുടെ ബലിപീഠങ്ങളില്‍വച്ചു കത്തിച്ചു. അങ്ങനെ യൂദായെയും ജറുസലെമിനെയും ശുദ്ധീകരിച്ചു.
6: മനാസ്സെഎഫ്രായിംശിമയോന്‍ തുടങ്ങി നഫ്താലിവരെയുള്ള ദേശങ്ങളിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇതു തുടര്‍ന്നു.
7: ഇസ്രായേല്‍ദേശത്തുടനീളമുണ്ടായിരുന്ന ബലിപീഠങ്ങള്‍ അവന്‍ നശിപ്പിച്ചു. അഷേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തുപൊടിയാക്കിധൂപപീഠങ്ങള്‍ ഇടിച്ചുപൊളിച്ചു. അനന്തരംഅവന്‍ ജറുസലെമിലേക്കു മടങ്ങി.

നിയമഗ്രന്ഥം കണ്ടുകിട്ടുന്നു
8: പതിനെട്ടാം ഭരണവര്‍ഷത്തില്‍ ദേശവും ആലയവും ശുദ്ധീകരിച്ചതിനുശേഷം അസാലിയായുടെ മകന്‍ ഷാഫാനെയുംനഗരാധിപനായ മാസേയായെയുംയൊവാഹാസിന്റെ മകനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കാന്‍ ജോസിയാ നിയോഗിച്ചു.
9: വാതില്‍ക്കാവല്‍ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ച പണം അവന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായെ ഏല്പിച്ചു. ഈ പണം മനാസ്സെഎഫ്രായിംഇസ്രായേലിന്റെ മറ്റുപ്രദേശങ്ങള്‍, യൂദാബഞ്ചമിന്‍, ജറുസലെം എന്നിവിടങ്ങളില്‍നിന്നു പിരിച്ചെടുത്തതായിരുന്നു.
10: അതു ജോലിയുടെ മേല്‍നോട്ടംവഹിച്ചിരുന്നവരെ ഏല്പിച്ചു. അവര്‍ പണം ദേവാലയത്തിന്റെ കേടുപോക്കാനുപയോഗിച്ചു.
11: യൂദാരാജാക്കന്മാരുടെ അശ്രദ്ധകാരണം ജീര്‍ണ്ണിച്ചുപോയ കെട്ടിടങ്ങളുടെ കേടുപോക്കുന്നതിന് ചെത്തിയെടുത്ത കല്ലും തുലാങ്ങള്‍ക്കുള്ള തടിയും വാങ്ങാന്‍ മരപ്പണിക്കാര്‍ക്കും കല്പണിക്കാര്‍ക്കും അവര്‍ ആ പണം കൊടുത്തു.
12: പണിക്കാര്‍ വിശ്വസ്തതയോടെ ജോലിചെയ്തു. അവരുടെ മേല്‍നോട്ടം വഹിക്കുന്നതിന്, മെറാറി വംശജനായ യഹത്ത്ഒബാദിയാകൊഹാത്ത്‌ വംശജരായ സഖറിയാമെഷുല്ലാം എന്നീ ലേവ്യരെ നിയോഗിച്ചു. സംഗീതോപകരണങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ലേവ്യര്‍ചുമടെടുക്കുന്നവരുടെയും മറ്റേതുതരം ജോലിചെയ്യുന്നവരുടെയും ചുമതലവഹിച്ചു. 
13:ലേവ്യരില്‍ ഇനിയുംചിലര്‍ പകര്‍പ്പെഴുത്തുകാരും സേവകന്മാരും വാതില്‍കാവല്‍ക്കാരുമായിരുന്നു.
14: കര്‍ത്താവിന്റെ ദേവാലയത്തില്‍ നിക്ഷേപിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍, മോശമുഖേന കര്‍ത്താവു നല്കിയിരുന്ന നിയമത്തിന്റെ ഗ്രന്ഥം ഹില്‍ക്കിയാ പുരോഹിതന്‍ കണ്ടെത്തി.
15: അവന്‍ വിചാരിപ്പുകാരനായ ഷാഫാനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ നിയമഗ്രന്ഥം കണ്ടെത്തിയിരിക്കുന്നു. അവന്‍ ഗ്രന്ഥം ഷാഫാനെയേല്പിച്ചു.
16: അതു രാജാവിന്റെ അടുത്തുകൊണ്ടുവന്നിട്ട്, ഷാഫാന്‍ പറഞ്ഞു: അങ്ങ് ആജ്ഞാപിച്ചതെല്ലാം സേവകരനുവര്‍ത്തിക്കുന്നു.
17: കര്‍ത്താവിന്റെ ആലയത്തിലുണ്ടായിരുന്ന പണംമുഴുവന്‍ അവര്‍ പണിക്കാരെയും മേല്‍നോട്ടക്കാരെയും ഏല്പിച്ചു.
18: കാര്യസ്ഥനായ ഷാഫാന്‍ പറഞ്ഞു: ഹില്‍ക്കിയാ പുരോഹിതന്‍ എന്റെ കൈയില്‍ ഒരു ഗ്രന്ഥം തന്നിട്ടുണ്ട്. അവന്‍ അതു രാജാവിന്റെ മുമ്പില്‍ വായിച്ചു.
19: നിയമവചനങ്ങള്‍ കേട്ടപ്പോള്‍ രാജാവു വസ്ത്രംകീറി.
20: ഹില്‍ക്കിയാ ഷാഫാന്റെ മകന്‍ അഹീക്കാംമിക്കായുടെ മകന്‍ അബ്‌ദോന്‍, കാര്യസ്ഥനായ ഷാഫാന്‍, രാജസേവകനായ അസായാ എന്നിവരോടു രാജാവു കല്പിച്ചു:
21: നിങ്ങള്‍പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോടാരായുവിന്‍. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍പ്രകാരം നമ്മുടെ പിതാക്കന്മാര്‍ കര്‍ത്താവിന്റെ വചനം അനുസരിക്കാതിരുന്നതിനാല്‍ അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിച്ചിരിക്കുന്നു.
22: ഹില്‍ക്കിയായും രാജാവയച്ച മറ്റുള്ളവരുംകൂടെ ഹുല്‍ദാപ്രവാചികയുടെ അടുക്കല്‍ച്ചെന്നു വിവരമറിയിച്ചു. ഹസ്രായുടെ മകനായ തോക്ഹത്തിന്റെ മകനും വസ്ത്രംസൂക്ഷിപ്പുകാരനുമായ ഷല്ലൂമിന്റെ ഭാര്യയാണവള്‍. പുതിയ ജറുസലെമിലാണ് അവള്‍ പാര്‍ത്തിരുന്നത്.
23: അവള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുനിങ്ങളെ അയച്ചവനോടു ചെന്നുപറയുവിന്‍.
24: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാരാജാവിന്റെമുമ്പില്‍ വായിക്കപ്പെട്ട ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന സകലശാപങ്ങളും ഈ സ്ഥലത്തിന്മേലും ഇവിടുത്തെ നിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും
25: അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയുംചെയ്തതിനാല്‍ ഈ സ്ഥലത്തിന്മേല്‍ എന്റെ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല.
26: കര്‍ത്താവിന്റെ ഹിതമാരായാന്‍ നിങ്ങളെ അയച്ച യൂദാരാജാവിനോടു പറയുവിന്‍, നീ കേട്ട വാക്കുകളെക്കുറിച്ച്, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്, ഇപ്രകാരമരുളിച്ചെയ്യുന്നു:
27: ഈ സ്ഥലത്തിനും ഇവിടത്തെ നിവാസികള്‍ക്കുമെതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്റെ മുമ്പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുകയും വസ്ത്രം കീറുകയും വിലപിക്കുകയുംചെയ്തതിനാല്‍, ഞാന്‍ നിന്റെ യാചന ചെവിക്കാണ്ടിരിക്കുന്നു. 
28: നീ പിതാക്കന്മാരോടുചേര്‍ന്നു സമാധാനത്തില്‍ സംസ്‌കരിക്കപ്പെടാന്‍ ഞാനിടയാക്കും. ഈ സ്ഥലത്തിന്റെയും ഇവിടത്തെ നിവാസികളുടെയുംമേല്‍ ഞാന്‍ വരുത്താനിരിക്കുന്ന അനര്‍ത്ഥങ്ങളൊന്നും നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ മടങ്ങിവന്ന്, രാജാവിനെ വിവരമറിയിച്ചു.

ഉടമ്പടി പുതുക്കുന്നു
29: രാജാവ്, യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.
30: യൂദാ - ജറുസലെംനിവാസികളെയും പുരോഹിതന്മാരെയും ലേവ്യരെയും വലുപ്പച്ചെറുപ്പമെന്നിയേ സകലജനത്തെയുംകൂട്ടി രാജാവു കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടെത്തിയ ഉടമ്പടിയുടെ ഗ്രന്ഥം അവരെ വായിച്ചുകേള്‍പ്പിച്ചു.
31: കര്‍ത്താവിനെ പിന്‍ചെല്ലുമെന്നുംപൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കുമെന്നും സ്വസ്ഥാനത്തുനിന്നുകൊണ്ടു രാജാവു കര്‍ത്താവിന്റെമുമ്പില്‍ ഉടമ്പടിചെയ്തു.
32: ജറുസലെമിലും ബഞ്ചമിനിലുമുള്ള എല്ലാവരോടും അതുപാലിക്കാന്‍ അവനാവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവവുമായിചെയ്ത ഉടമ്പടി ജറുസലെം നിവാസികള്‍ അനുസരിച്ചു.
33: ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സകല മ്ലേച്ഛതകളും ജോസിയാ നീക്കംചെയ്തുതങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഇസ്രായേല്‍നിവാസികളെ നിര്‍ബന്ധിച്ചു. അവന്റെ ജീവിതകാലം മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ സേവിക്കുന്നതില്‍നിന്ന് അവര്‍ പിന്മാറിയില്ല.

അദ്ധ്യായം 35

ജോസിയാ പെസഹാ ആഘോഷിക്കുന്നു
1: ജോസിയാ, ജറുസലെമില്‍ കര്‍ത്താവിന്റെ പെസഹായാചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെക്കൊന്നു.
2: പുരോഹിതന്മാരെ അവരുടെ ചുമതലകളേല്പിക്കുകയും കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
3: ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരുമായ ലേവ്യരോട് അവന്‍ പറഞ്ഞു: ദാവീദിന്റെ പുത്രനും ഇസ്രായേല്‍രാജാവുമായ സോളമന്‍നിര്‍മ്മിച്ച ആലയത്തില്‍ വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിന്‍. നിങ്ങളിനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷചെയ്യുവിന്‍.
4: ഇസ്രായേല്‍രാജാവായ, ദാവീദിന്റെയും പുത്രനായ സോളമന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ് ഒരുങ്ങുവിന്‍.
5: നിങ്ങളുടെ സഹോദരന്മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങള്‍ക്കു സേവനംചെയ്യാന്‍ നിങ്ങള്‍ വിശുദ്ധസ്ഥലത്തു നില്‍ക്കുവിന്‍. ലേവ്യര്‍ക്ക് ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഓഹരിയുണ്ടായിരിക്കണം.
6: പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയുംചെയ്യുവിന്‍. മോശമുഖേന കര്‍ത്താവരുളിച്ചെയ്തതനുസരിച്ച്, നിങ്ങളുടെ സഹോദരര്‍ക്ക് സേവനംചെയ്യാന്‍ ഒരുങ്ങുവിന്‍.
7: അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാക്കാഴ്ചയര്‍പ്പിക്കുവാന്‍വേണ്ടി, തന്റെ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്തു.
8: അവന്റെ പ്രഭുക്കന്മാര്‍ ജനത്തിനും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്കി. ദേവാലയത്തിലെ മുഖ്യസേവകന്മാരായ ഹില്‍ക്കിയാസഖറിയായഹിയേല്‍ എന്നിവര്‍ പുരോഹിതന്മാര്‍ക്കു പെസഹാക്കാഴ്ചയര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്കി.
9: ലേവ്യപ്രമുഖരായ കൊനാനിയായുംഅവന്റെ സഹോദരന്മാരായ ഷെമായായും നഥാനേലുംഹഷാബിയാജയിയ്യേല്‍, യോസാബാദ് എന്നിവരും പെസഹാക്കാഴ്ചയര്‍പ്പിക്കാന്‍ ലേവ്യര്‍ക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും നല്കി.
10: ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്മാരും ലേവ്യരും രാജകല്പനയനുസരിച്ചു താന്താങ്ങളുടെ സ്ഥാനങ്ങളേറ്റെടുത്തു.
11: അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്മാര്‍ ലേവ്യരില്‍നിന്നു രക്തം സ്വീകരിച്ചു ബലിപീഠത്തിന്മേല്‍ തളിച്ചു. ലേവ്യര്‍ മൃഗത്തിന്റെ തോലുരിഞ്ഞു.
12: ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്ഥത്തിലെഴുതിയിരിക്കുന്നതുപോലെ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാനായിരുന്നു അത്.
13: ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണംചെയ്തു.
14: അനന്തരംഅവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമുള്ളതും തയ്യാറാക്കി. കാരണംഅഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ മേദസ്സും ദഹനബലിയുമര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു.
15: ദാവീദിന്റെയും ആസാഫ്ഹേമാന്‍, രാജാവിന്റെ ദീര്‍ഘദര്‍ശിയായ യദുഥൂന്‍ എന്നിവരുടെയും നിര്‍ദ്ദേശമനുസരിച്ച് ആസാഫിന്റെ സന്തതികളായ ഗായകര്‍ സ്വസ്ഥാനങ്ങളില്‍നിന്നു. കാവല്‍ക്കാര്‍ ഓരോവാതില്‍ക്കലും നിലയുറപ്പിച്ചു. അവര്‍ക്കുവേണ്ടതു സഹോദരന്മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല.
16: ജോസിയാ രാജാവിന്റെ കല്പനയനുസരിച്ചു പെസഹായാചരിക്കുകയും കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികളര്‍പ്പിക്കുകയുംചെയ്ത്കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടതെല്ലാം അവരൊരുക്കി.
17: അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം പെസഹാത്തിരുനാളും ഏഴുദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും അന്നാഘോഷിച്ചു.
18: സാമുവല്‍പ്രവാചകന്റെകാലത്തിനുശേഷം അതുപോലൊരു പെസഹാ, ഇസ്രായേലില്‍ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളിച്ച യൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളുംചേര്‍ന്ന് ആഘോഷിച്ച ആ പെസഹാപോലെയൊന്ന് ഇസ്രായേല്‍രാജാക്കന്മാരില്‍ ആരുമാഘോഷിച്ചിട്ടില്ല.
19: ജോസിയായുടെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്.

ജോസിയായുടെ മരണം
20: ജോസിയാ ദേവാലയക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ഈജിപ്തുരാജാവായ നെക്കൊ യൂഫ്രട്ടീസ്‍തീരത്തുള്ള കര്‍ക്കെമീഷിലേക്കു യുദ്ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു.
21: നെക്കൊ ദൂതന്മാര്‍മുഖേന ജോസിയായോടു പറഞ്ഞു: യൂദാരാജാവേനാം തമ്മിലെന്തു തര്‍ക്കംഞാന്‍ വരുന്നതു നിന്നെയാക്രമിക്കാനല്ലഎന്റെ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാന്‍ ദൈവമെന്നോടു കല്പിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിര്‍ക്കുന്നതില്‍നിന്നു പിന്തിരിയുക. അല്ലെങ്കില്‍, അവിടുന്നു നിന്നെ നശിപ്പിക്കും.
22: എന്നാല്‍, ജോസിയാ പിന്മാറിയില്ല. വേഷപ്രച്ഛന്നനായി യുദ്ധത്തിനുചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകേള്‍ക്കാതെ മെഗിദോസമതലത്തില്‍വച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി.
23: വില്ലാളികള്‍ ജോസിയാരാജാവിനെ എയ്തു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നുഎന്നെ, ഇവിടെനിന്നു കൊണ്ടുപോകുവിന്‍.
24: അവരവനെ ആ രഥത്തില്‍നിന്നിറക്കി മറ്റൊരു രഥത്തില്‍ക്കിടത്തി, ജറുസലെമിലേക്കുകൊണ്ടുവന്നു. അവന്‍ മരിച്ചുപിതാക്കന്മാരുടെ കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു. 
25: ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോള്‍ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷന്മാര്‍ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലില്‍ ഇതൊരു പതിവായി. വിലാപഗീതങ്ങളില്‍ ഈ ഗാനവും ചേര്‍ത്തിരിക്കുന്നു.
26: ജോസിയായുടെ ഇതരപ്രവര്‍ത്തനങ്ങളും കര്‍ത്താവിന്റെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവൻചെയ്ത കാര്യങ്ങളും ആദ്യന്തം, ഇസ്രായേൽരാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 

അദ്ധ്യായം 36

യഹോവാഹാസ്
1: ജോസിയായുടെ പുത്രനായ യഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.
2: ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയസ്സായിരുന്നു.
3: അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ഈജിപ്തിലെ രാജാവ് അവനെ സ്ഥാനഭ്രഷ്ടനാക്കിനൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണ്ണവും ദേശത്തിനു കപ്പംചുമത്തി.
4: യഹോവാഹാസിന്റെ സഹോദരന്‍ എലിയാക്കിമിനെ ഈജിപ്തുരാജാവ് യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കിഅവനു യഹോയാക്കിം എന്നു പേരിട്ടു. യഹോവാഹാസിനെ നെക്കൊ ഈജിപ്തിലേക്കുകൊണ്ടുപോയി.

യഹോയാക്കിം
5: വാഴ്ചയാരംഭിക്കുമ്പോള്‍ യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ അവന്‍ തിന്മ പ്രവര്‍ത്തിച്ചു.
6: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവനെതിരേ വന്ന്, അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കുകൊണ്ടുപോയി.
7: കര്‍ത്താവിന്റെ ആലയത്തിലെ പാത്രങ്ങളില്‍ കുറേ അവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി, കൊട്ടാരത്തില്‍ സൂക്ഷിച്ചു.
8: യഹോയാക്കിമന്റെ ഇതരപ്രവര്‍ത്തനങ്ങളും അവന്‍ചെയ്ത മ്ലേച്ഛതകളും അവന്റെ കുറ്റകൃത്യങ്ങളും ഇസ്രായേല്‍ - യൂദാരാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍ യഹോയാഖിന്‍ രാജാവായി.

യഹോയാഖിന്‍
9: രാജാവാകുമ്പോള്‍ യഹോയാഖിന് എട്ടു വയസ്സായിരുന്നു. അവന്‍ മൂന്നുമാസവും പത്തുദിവസവും ജറുസലെമില്‍ ഭരിച്ചു. അവന്‍ കര്‍ത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
10: ആ വര്‍ഷം വസന്തകാലത്ത് നബുക്കദ്‌നേസര്‍രാജാവു സൈന്യത്തെയയച്ച്‌ യഹോയാഖിനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളുംകൊണ്ടുപോയി. യഹോയാഖിമിന്റെ സഹോദരനായ സെദെക്കിയായെ യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി.

സെദെക്കിയാ
11: ഭരണമാരംഭിക്കുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പതിനൊന്നുവര്‍ഷം അവന്‍ ജറുസലെമില്‍ ഭരിച്ചു.
12: ദൈവമായ കര്‍ത്താവിന്റെ മുമ്പാകെ അവന്‍ തിന്മചെയ്തു. കര്‍ത്താവിന്റെ വചനം അറിയിച്ച ജറെമിയായുടെ മുമ്പില്‍ അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.

ജറുസലെമിന്റെ പതനം
13: നബുക്കദ്‌നേസര്‍ രാജാവിനു വിധേയനായിരുന്നുകൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യംചെയ്തിരുന്നെങ്കിലും സെദെക്കിയാ അവനോടു മത്സരിച്ചു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയാതെ അവന്‍ ഹൃദയം കഠിനമാക്കി ദുശ്ശാഠ്യത്തില്‍ തുടര്‍ന്നു.
14: ജനതകളുടെ മ്ലേച്ഛതകളനുകരിച്ച്, പുരോഹിതപ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി.
15: പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും വാസസ്ഥലത്തോടും കരുണതോന്നി അവരുടെയടുത്തേക്കു തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു.
16: എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്മരെ അവഹേളിക്കുകയുംചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം, അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.
17: കല്‍ദായരാജാവിനെ അവിടുന്ന് അവര്‍ക്കെതിരേകൊണ്ടുവന്നു. അവന്‍, അവരുടെ യുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തുവച്ചു വാളിനിരയാക്കി. യുവാക്കളോടോ കന്യകകളോടോ വൃദ്ധന്മാരോടോ പടുകിഴവന്മാരോടോ അവന്‍ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളിലേല്പിച്ചു.
18: ദേവാലയത്തിലെ ചെറുതും വലുതുമായ പാത്രങ്ങളും കര്‍ത്താവിന്റെ ആലയത്തിലെയുംരാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലെയും നിക്ഷേപങ്ങളും അവന്‍ ബാബിലോണിലേക്കുകൊണ്ടു പോയി.
19: അവന്‍ ദേവാലയം അഗ്നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു.
20: വാളില്‍നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായികൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്റെ പുത്രന്മാര്‍ക്കും ദാസന്മാരായി കഴിഞ്ഞു.
21: അങ്ങനെ ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്താസ്വദിച്ചു. എഴുപതുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്താചരിച്ചു.

സൈറസിന്റെ വിളംബരം

22: ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ഷ്യാരാജാവായ സൈറസ് ഭരണംതുടങ്ങിയ ഒന്നാമാണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്പന വിളംബരംചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെയുത്തേജിപ്പിച്ചു.
23: പേര്‍ഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നുആകാശത്തിന്റെ ദൈവമായ കര്‍ത്താവ്, ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്നെന്നോടു കല്പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ ദൈവമായ കര്‍ത്താവ്, അവനോടുകൂടെയുണ്ടായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ