തൊണ്ണൂറ്റിയെട്ടാം ദിവസം: 2 രാജാക്കന്മാര്‍ 10 - 12



അദ്ധ്യായം 10

ഇസ്രായേല്‍ - യൂദാ രാജകുടുംബങ്ങളെ സംഹരിക്കുന്നു
1: ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും ആഹാബിൻ്റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകളയച്ചു.
2: നിങ്ങളുടെ യജമാനൻ്റെ പുത്രന്മാര്‍ നിങ്ങളുടെകൂടെയുണ്ടല്ലോ. തേരുകളും കുതിരകളും സുരക്ഷിതനഗരങ്ങളും ആയുധങ്ങളും നിങ്ങള്‍ക്കുണ്ടല്ലോ.
3: ഈ കത്തു കിട്ടുമ്പോള്‍ നിങ്ങളുടെ യജമാനൻ്റെ ഏറ്റവും ഉത്തമനായ പുത്രനെ അവൻ്റെ പിതാവിൻ്റെ സിംഹാസനത്തിലവരോധിച്ച്,‌ യജമാനൻ്റെ ഭവനത്തിനുവേണ്ടി നിങ്ങള്‍ പോരാടുവിന്‍.
4: ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്മാര്‍ക്ക് അവനെ എതിര്‍ത്തുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ നമുക്കെങ്ങനെ കഴിയും?
5: അങ്ങനെ കൊട്ടാരവിചാരിപ്പുകാരനും നഗരാധിപനും ശ്രേഷ്ഠന്മാരോടും രക്ഷിതാക്കളോടും ചേര്‍ന്നു യേഹുവിനൊരു സന്ദേശമയച്ചു: ഞങ്ങളങ്ങയുടെ ദാസന്മാരാണ്. അങ്ങയുടെ അഭീഷ്ടമനുസരിച്ചു ഞങ്ങള്‍ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല. അങ്ങേയ്ക്കു യുക്തമെന്നുതോന്നുന്നതു ചെയ്യുക.
6: അപ്പോള്‍ അവന്‍ വീണ്ടും അവര്‍ക്കു കത്തെഴുതി: നിങ്ങള്‍ എൻ്റെ പക്ഷംചേര്‍ന്ന് എന്നെ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാനപുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത്, ജസ്രേലില്‍ എൻ്റെയടുക്കല്‍ വരുവിന്‍. രാജപുത്രന്മാര്‍ എഴുപതുപേരും രക്ഷാകര്‍ത്താക്കളായ നഗരപ്രമാണികളോടുകൂടെയായിരുന്നു.
7: കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിൻ്റെ എഴുപതു പുത്രന്മാരെയും വധിച്ചു ശിരസ്സുകള്‍ കുട്ടകളിലാക്കി, ജസ്രേലില്‍ അവൻ്റെയടുത്തേക്കയച്ചു.
8: രാജപുത്രന്മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്നുവെന്നു ദൂതനറിയിച്ചപ്പോള്‍ യേഹു പറഞ്ഞു: അവ രണ്ടു കൂനകളായി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്ക്കുക.
9: പ്രഭാതത്തില്‍ അവന്‍ പുറത്തുവന്നു ജനത്തോടു പറഞ്ഞു: നിങ്ങള്‍ നിര്‍ദ്ദോഷരാണ്. എൻ്റെ യജമാനനെതിരേ ഗൂഢാലോചന നടത്തി, അവനെക്കൊന്നതു ഞാനാണ്. എന്നാല്‍, ഇവരെ നിഗ്രഹിച്ചതാരാണ്?
10: ആഹാബുഗൃഹത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ത്ഥമായില്ലെന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍. കര്‍ത്താവു തൻ്റെ ദാസന്‍ ഏലിയായിലൂടെ അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു.
11: യേഹു ജസ്രേലില്‍ ആഹാബുഗൃഹത്തില്‍ ശേഷിച്ചിരുന്ന എല്ലാവരെയും അവൻ്റെ ഉറ്റസ്‌നേഹിതരെയും പുരോഹിതന്മാരെയും പ്രമുഖവ്യക്തികളെയും ഒന്നൊഴിയാതെ കൊന്നൊടുക്കി.
12: യേഹു അവിടെനിന്നു പുറപ്പെട്ടു സമരിയായിലെത്തി.
13: മാര്‍ഗമദ്ധ്യേ, ആട്ടിടയന്മാരുടെ ബത്തെക്കെദില്‍ എത്തിയപ്പോള്‍ യൂദാരാജാവായ അഹസിയായുടെ ബന്ധുക്കളെ കണ്ടുമുട്ടി. അവനവരോടു ചോദിച്ചു: നിങ്ങളാരാണ്? അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ അഹസിയായുടെ ബന്ധുക്കളാണ്. ഞങ്ങള്‍ രാജ്ഞീപുത്രന്മാരെയും മറ്റു കുമാരന്മാരെയും സന്ദര്‍ശിക്കാന്‍ വന്നതാണ്.
14: അവന്‍ പറഞ്ഞു: അവരെ ജീവനോടെ പിടിക്കുവിന്‍. അവര്‍ അവരെ പിടിച്ചു ബത്തെക്കെദിലെ കിണറ്റിന്‍കരയില്‍വച്ചു വധിച്ചു. അവര്‍ നാല്പത്തിരണ്ടുപേരുണ്ടായിരുന്നു. ആരുമവശേഷിച്ചില്ല.
15: യേഹു അവിടെനിന്നു പുറപ്പെട്ടപ്പോള്‍, തന്നെ സന്ദര്‍ശിക്കാന്‍വരുന്ന റക്കാബിൻ്റെ പുത്രന്‍ യഹൊനാദാബിനെക്കണ്ടു മംഗളമാശംസിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്കു നിന്നോടുള്ളതുപോലെ നിനക്ക് എന്നോടു വിശ്വസ്തതയുണ്ടോ? യഹൊനാദാബ് മറുപടി പറഞ്ഞു: ഉവ്വ്; യേഹു പ്രതിവചിച്ചു. അങ്ങനെയെങ്കില്‍ കൈ തരുക. അവന്‍ കൈകൊടുത്തു. ഉടനെ, യേഹു അവനെ തൻ്റെ രഥത്തില്‍ കയറ്റി.
16: അവന്‍ പറഞ്ഞു: എന്നോടുകൂടെ വന്ന്, കര്‍ത്താവിനോടുള്ള എൻ്റെ ഭക്തിയുടെ തീവ്രത കാണുക. അങ്ങനെ അവര്‍ യാത്രതുടര്‍ന്നു.
17: അവന്‍ സമരിയായിലെത്തിയപ്പോള്‍ ആഹാബിൻ്റെ ഭവനത്തില്‍ അവശേഷിച്ചിരുന്നവരെ സംഹരിച്ചു. കര്‍ത്താവ് ഏലിയായിലൂടെ അരുളിച്ചെയ്തത് അങ്ങനെ നിറവേറി.


ബാലിൻ്റെ ആരാധകരെ വധിക്കുന്നു
18: യേഹു ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ആഹാബ്, ബാലിനെ കുറച്ചേ സേവിച്ചിട്ടുള്ളു. എന്നാല്‍ യേഹു അവനെ അധികം സേവിക്കും.
19: അതിനാല്‍, ബാലിൻ്റെ പ്രവാചകന്മാരെയും ആരാധകന്മാരെയും പുരോഹിതന്മാരെയും ഒന്നൊഴിയാതെ എൻ്റെയടുക്കല്‍ ഒരുമിച്ചുകൂട്ടുവിന്‍. ഞാന്‍ ബാലിന് ഒരു വലിയ ബലി സമര്‍പ്പിക്കും. വരാത്തവന്‍ വധിക്കപ്പെടും. ബാലിൻ്റെ ആരാധകന്മാരെ നശിപ്പിക്കാന്‍ യേഹു പ്രയോഗിച്ച തന്ത്രമായിരുന്നു ഇത്.
20: യേഹു കല്പിച്ചു: ബാലിന് ഒരു തിരുനാള്‍ പ്രഖ്യാപിക്കുവിന്‍. അവര്‍ അതു വിളംബരം ചെയ്തു.
21: ഇസ്രായേലിലെങ്ങും അവന്‍ സന്ദേശമയച്ചു. ബാലിൻ്റെ ആരാധകരെല്ലാം വന്നുചേര്‍ന്നു. ആരും വരാതിരുന്നില്ല. അവര്‍ ബാലിൻ്റെ ആലയത്തില്‍ പ്രവേശിച്ചു. ആലയം നിറഞ്ഞുകവിഞ്ഞു.
22: അവന്‍ ചമയപ്പുര വിചാരിപ്പുകാരനോടു പറഞ്ഞു. ബാലിൻ്റെ ആരാധകര്‍ക്ക് അങ്കികള്‍ കൊണ്ടുവരുവിന്‍. അവന്‍ അവ കൊണ്ടുവന്നു.
23: തുടര്‍ന്നു യേഹു റക്കാബിൻ്റെ പുത്രനായ യഹൊനാദാബുമൊത്ത് ബാലിൻ്റെ ആലയത്തില്‍ പ്രവേശിച്ചു. അവന്‍ ബാലിൻ്റെ ആരാധകരോടു പറഞ്ഞു: ഇവിടെ ബാലിൻ്റെ ആരാധകരല്ലാതെ കര്‍ത്താവിൻ്റെ ദാസന്മാര്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തുവിന്‍.
24: അനന്തരം, യേഹു കാഴ്ചകളും ദഹനബലികളും അര്‍പ്പിക്കുന്നതിന് ഒരുങ്ങി. അവന്‍ എണ്‍പതുപേരെ പുറത്തു നിര്‍ത്തിയിരുന്നു. അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: ഞാന്‍ ഏല്പിച്ചുതരുന്ന ആരെയെങ്കിലും രക്ഷപെടാന്‍ അനുവദിക്കുന്നവന്‍ തൻ്റെ ജീവന്‍ നല്‍കേണ്ടിവരും.
25: ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞയുടനെ, യേഹു അംഗരക്ഷകന്മാരോടും സേവകന്മാരോടും പറഞ്ഞു: ഉള്ളില്‍ക്കടന്ന് അവരെ വധിക്കുക. ആരും രക്ഷപെടരുത്. അവര്‍ അവരെ വാളിനിരയാക്കി വെളിയിലെറിഞ്ഞതിനു ശേഷം
26: ബാല്‍ഗൃഹത്തിൻ്റെ ഉള്‍മുറിയില്‍ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന സ്തംഭം പുറത്തുകൊണ്ടുവന്ന് അഗ്നിക്കിരയാക്കി.
27: അങ്ങനെ ബാലിൻ്റെ ആലയവും സ്തംഭവും നശിപ്പിച്ച്, അതൊരു വിസര്‍ജ്ജനസ്ഥലമാക്കിമാറ്റി.
28: അത്, ഇന്നും അങ്ങനെതന്നെ. അങ്ങനെ യേഹു ബാലിനെ ഇസ്രായേലില്‍നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്തു.
29: എന്നാല്‍, യേഹു, നെബാത്തിൻ്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു പിന്മാറിയില്ല. ബഥേലിലും ദാനിലുമുണ്ടായിരുന്ന സ്വര്‍ണ്ണക്കാളക്കുട്ടികളെ അവനാരാധിച്ചു.
30: കര്‍ത്താവു യേഹുവിനോടു പറഞ്ഞു: നീ എൻ്റെ ദൃഷ്ടിയില്‍ നന്മ പ്രവര്‍ത്തിക്കുകയും എൻ്റെ ഇംഗിതമനുസരിച്ച് ആഹാബിൻ്റെ ഭവനത്തോടു വര്‍ത്തിക്കുകയും ചെയ്തതിനാല്‍, നിൻ്റെ പുത്രന്മാര്‍ നാലു തലമുറവരെ ഇസ്രായേലിൻ്റെ സിംഹാസനത്തില്‍ വാഴും.
31: എന്നാല്‍, യേഹു പൂര്‍ണ്ണഹൃദയത്തോടെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നിയമത്തില്‍ വ്യാപരിക്കാന്‍ ശ്രദ്ധിച്ചില്ല. ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്മാറിയില്ല.


യേഹുവിൻ്റെ മരണം
32: അക്കാലത്ത് കര്‍ത്താവ് ഇസ്രായേലിൻ്റെ ഭാഗങ്ങളെ വിച്ഛേദിച്ചു തുടങ്ങി. ഹസായേല്‍ ഇസ്രായേലിനെ അതിര്‍ത്തിപ്രദേശങ്ങളില്‍ പരാജയപ്പെടുത്തി.
33: കിഴക്ക് ജോര്‍ദ്ദാന്‍മുതല്‍ ഗിലയാദ് പ്രദേശം മുഴുവനും ഗാദിൻ്റെയും റൂബൻ്റെയും മനാസ്സെയുടെയും പ്രദേശങ്ങളും അര്‍ണോൻ്റെ താഴ്‌വരയ്ക്കു സമീപമുള്ള അരോവര്‍മുതല്‍, ഗിലയാദും ബാഷാനുംവരെയും അവന്‍ കീഴടക്കി.
34: യേഹുവിൻ്റെ മറ്റു പ്രവര്‍ത്തനങ്ങളും അവൻ്റെ ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
35: യേഹു തൻ്റെ പിതാക്കന്മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവൻ്റെ പുത്രന്‍ യഹോവാഹാസ് ഭരണമേറ്റു.
36:യേഹു സമരിയായില്‍ ഇസ്രായേലിനെ ഭരിച്ചത് ഇരുപത്തെട്ടു വര്‍ഷമാണ്.


അദ്ധ്യായം 11

യൂദാരാജ്ഞി അത്താലിയ
1: അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.
2: എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാംരാജാവിൻ്റെ പുത്രിയുമായ യഹോഷേബാ, രാജകുമാരന്മാര്‍ വധിക്കപ്പെടുന്നതിനുമുമ്പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയിലൊളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല.
3: അത്താലിയായുടെ ആറുകൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിൻ്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു.
4: ഏഴാംവര്‍ഷം യഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ കര്‍ത്താവിൻ്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യംചെയ്യിക്കുകയും അവരുമായി ഉടമ്പടിയുറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു;
5: അവന്‍ കല്പിച്ചു; നിങ്ങള്‍ ചെയ്യേണ്ടതിതാണ്; സാബത്തില്‍ തവണയ്ക്കുവരുന്ന മൂന്നിലൊരുഭാഗം ആളുകള്‍ കൊട്ടാരംകാക്കണം.
6: ഒരു വിഭാഗം സൂര്‍കവാടത്തിലും മൂന്നാമത്തെ ഭാഗം അംഗരക്ഷകന്മാരുടെ പുറകിലുള്ള കവാടത്തിലും നില്‍ക്കണം.
7: സാബത്തില്‍ തവണവിടുന്ന രണ്ടു വിഭാഗങ്ങള്‍ ആയുധമേന്തി കര്‍ത്താവിൻ്റെ ആലയത്തില്‍ എപ്പോഴും രാജാവിനോടൊപ്പമുണ്ടായിരിക്കണം. 
8:സൈന്യത്തെ സമീപിക്കുന്നവനാരായാലും അവന്‍ കൊല്ലപ്പെടണം.
9: നായകന്മാര്‍, പുരോഹിതന്‍ യഹോയാദായുടെ കല്പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവൻ്റെയടുക്കല്‍ കൊണ്ടുവന്നു. 
10: പുരോഹിതന്‍ കര്‍ത്താവിൻ്റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന, ദാവീദുരാജാവിൻ്റെ കുന്തങ്ങളും പരിചകളും നായകന്മാരെയേല്പിച്ചു.
11: കാവല്‍ഭടന്മാര്‍ ആയുധധാരികളായി തെക്കുവശംമുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനുംചുറ്റും നിലകൊണ്ടു.
12: അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്കി. അവരവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകംചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍വാഴട്ടെയെന്ന് ഉദ്‌ഘോഷിച്ചു.
13: കര്‍ത്താവിൻ്റെ ആലയത്തില്‍ ജനത്തിൻ്റെയും കാവല്‍ക്കാരുടെയും ശബ്ദംകേട്ട്, അത്താലിയാ അങ്ങോട്ടുചെന്നു.
14: രാജാവ് ആചാരമനുസരിച്ച് തൂണിൻ്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്മാരും കാഹളം മുഴക്കുന്നവരും രാജാവിൻ്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആനന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി, രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു.
15: പുരോഹിതന്‍ യഹോയാദാ സേനാപതികളോടു കല്പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്.
16: അവര്‍, അവളെ പിടിച്ചു കൊട്ടാരത്തിൻ്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
17: തങ്ങള്‍ കര്‍ത്താവിൻ്റെ ജനമായിരിക്കുമെന്നു രാജാവിനെയും ജനത്തെയുംകൊണ്ടു കര്‍ത്താവുമായി യഹോയാദാ ഉടമ്പടി ചെയ്യിച്ചു; രാജാവും ജനവുംതമ്മിലും ഉടമ്പടി ചെയ്യിച്ചു.
18: ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ക്കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിൻ്റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുമ്പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിൻ്റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെയേര്‍പ്പെടുത്തി.
19: അവന്‍ കാവല്‍സൈന്യത്തിൻ്റെ കവാടത്തിലൂടെ പടനായകന്മാര്‍, കരീത്യര്‍, കാവല്‍ക്കാര്‍ എന്നിവരുടെയും ജനത്തിൻ്റെയും അകമ്പടിയോടെ രാജാവിനെ ദേവാലയത്തില്‍നിന്നു കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി.
20: ജനം ആഹ്ലാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.
21: ഭരണമേല്‍ക്കുമ്പോള്‍ യോവാഷിന് ഏഴുവയസ്സായിരുന്നു.

അദ്ധ്യായം 12

യോവാഷ് യൂദാരാജാവ്
1: യേഹുവിൻ്റെ ഏഴാം ഭരണവര്‍ഷം യോവാഷ് വാഴ്ചതുടങ്ങി. അവന്‍ ജറുസലെമില്‍ നാല്പതുവര്‍ഷം വാണു. ബേര്‍ഷെബാക്കാരി സിബിയാ ആയിരുന്നു അവൻ്റെ മാതാവ്. 
2: പുരോഹിതന്‍ യഹോയാദായുടെ ശിക്ഷണത്താല്‍ യോവാഷ് കര്‍ത്താവിൻ്റെമുമ്പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു. 
3: എങ്കിലും അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ ബലിയര്‍പ്പണവും ധൂപാര്‍ച്ചനയും നടത്തി. 
4: യോവാഷ് പുരോഹിതന്മാരോടു പറഞ്ഞു: കര്‍ത്താവിൻ്റെ ഭവനത്തിലര്‍പ്പിക്കപ്പെടുന്ന വിശുദ്ധവസ്തുക്കളുടെ വിലയും ഓരോരുത്തര്‍ക്കും നിശ്ചയിച്ചിരിക്കുന്ന തുകയും സ്വാഭീഷ്ടക്കാഴ്ചകളും 
5: പുരോഹിതന്മാര്‍, തങ്ങളെ സമീപിക്കുന്നവരില്‍നിന്നു വാങ്ങി, ദേവാലയത്തിനുവേണ്ട അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം. 
6: യോവാഷിൻ്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷംവരെ പുരോഹിതന്മാര്‍ ദേവാലയത്തിന് അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്തില്ല. 
7: അതിനാല്‍, യോവാഷ് രാജാവ്‌ യഹോയാദായെയും മറ്റു പുരോഹിതന്മാരെയും വരുത്തി ചോദിച്ചു. ദേവാലയത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതെന്ത്? ഇനിമേല്‍ നിങ്ങളെ സമീപിക്കുന്നവര്‍തരുന്ന പണം, നിങ്ങളെടുക്കാതെ അറ്റകുറ്റപ്പണികള്‍ക്കായി വിട്ടുകൊടുക്കുവിന്‍. 
8:അങ്ങനെ, ജനത്തില്‍നിന്നു പണംവാങ്ങി പുരോഹിതന്മാര്‍ അറ്റകുറ്റപ്പണി ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. 
9: പുരോഹിതന്‍ യഹോയാദാ, അടപ്പില്‍ ദ്വാരമിട്ട ഒരു പെട്ടി ദേവാലയത്തില്‍ പ്രവേശിക്കുന്നവൻ്റെ വലത്തുവശത്ത് ബലിപീഠത്തിനു സമീപം സ്ഥാപിച്ചു. കര്‍ത്താവിൻ്റെ ഭവനത്തില്‍ ലഭിച്ച പണം, വാതില്‍കാക്കുന്ന പുരോഹിതന്മാര്‍ അതില്‍ നിക്ഷേപിച്ചു. 
10: പെട്ടി നിറയുമ്പോള്‍ രാജാവിൻ്റെ കാര്യവിചാരകനും പ്രധാനപുരോഹിതനും പണം എണ്ണി സഞ്ചികളില്‍ കെട്ടിവയ്ക്കും.
11: ദേവാലയത്തിലെ ജോലികളുടെ മേല്‍നോട്ടംവഹിക്കുന്നവരെ അവര്‍ ആ പണം ഏല്പിക്കും. 
12: അവര്‍ അതു കര്‍ത്താവിൻ്റെ ഭവനത്തിലെ മരപ്പണിക്കാര്‍, ദേവാലയശില്പികള്‍, കല്പണിക്കാര്‍, കല്ലുവെട്ടുകാര്‍ എന്നിവര്‍ക്കു കൂലികൊടുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കായി തടിയും ചെത്തിയെടുത്ത കല്ലും വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി വിനിയോഗിച്ചു. 
13: കര്‍ത്താവിൻ്റെ ഭവനത്തില്‍ വരുന്ന പണംകൊണ്ട് വെള്ളിപ്പാത്രങ്ങള്‍, തിരിക്കത്രികകള്‍, കോപ്പകള്‍, കാഹളങ്ങള്‍, സ്വര്‍ണ്ണമോ വെള്ളിയോകൊണ്ടുള്ള മറ്റുപാത്രങ്ങള്‍ ഇവയൊന്നും വാങ്ങിയില്ല. 
14: കര്‍ത്താവിൻ്റെ ഭവനത്തിലെ അറ്റകുറ്റപ്പണിചെയ്യുന്നവര്‍ക്ക് അതു നല്കി. 
15: ജോലിക്കാര്‍ക്കുള്ള പണം ഏറ്റുവാങ്ങിയവര്‍ കണക്കു കൊടുക്കേണ്ടിയിരുന്നില്ല; വിശ്വസ്തതയോടെയാണ് അവര്‍ പണം ചെലവാക്കിയത്. 
16: പ്രായശ്ചിത്തബലിയായും പാപപരിഹാരബലിയായും ലഭിച്ച പണം ദേവാലയത്തില്‍ നിക്ഷേപിച്ചില്ല; അതു പുരോഹിതന്മാര്‍ക്കുള്ളതായിരുന്നു. 
17: അക്കാലത്ത് സിറിയാരാജാവായ ഹസായേല്‍ യുദ്ധംചെയ്ത്, ഗത്തു പിടിച്ചടക്കി. അവന്‍ ജറുസലെമിനെതിരേ പുറപ്പെടാന്‍ ഭാവിച്ചു. 
18: അപ്പോള്‍, യൂദാരാജാവായ യോവാഷ് തൻ്റെ പിതാക്കന്മാരും യൂദാരാജാക്കന്മാരുമായ യഹോഷാഫാത്ത്, യഹോറാം, അഹസിയാ എന്നിവര്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങളും തൻ്റെ കാഴ്ചകളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിലെ സ്വര്‍ണ്ണനിക്ഷേപങ്ങളുമെടുത്ത്, സിറിയാരാജാവായ ഹസായേലിന് അയച്ചുകൊടുത്തു. 
19: അങ്ങനെ, ഹസായേല്‍ ജറുസലെം വിട്ടു. യോവാഷിൻ്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ. 
20: യോവാഷ് സില്ലായിലേക്കു പോകുംവഴി മില്ലോയിലുള്ള ഭവനത്തില്‍വച്ചു ഭൃത്യന്മാര്‍ ഗൂഢാലോചന നടത്തി അവനെ വധിച്ചു. 
21: ഷിമെയാത്തിൻ്റെ പുത്രന്‍ യൊസാക്കാറും ഷോമറിൻ്റെ മകന്‍ യഹോസബാദുമാണ് അവനെ വധിച്ചത്. അവനെ ദാവീദിൻ്റെ നഗരത്തില്‍ പിതാക്കന്മാരോടുകൂടെ സംസ്‌കരിച്ചു. പുത്രന്‍ അമാസിയാ രാജാവായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ