നൂറ്റിരണ്ടാം ദിവസം: 2 രാജാക്കന്മാര്‍ 22 - 25


അദ്ധ്യായം 22

ജോസിയാരാജാവ്
1: ഭരണം തുടങ്ങിയപ്പോള്‍ ജോസിയായ്ക്ക് എട്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ മുപ്പത്തൊന്നുവര്‍ഷം ഭരിച്ചു. ബോസ്‌കാത്തിലെ അദായായുടെ മകള്‍ യദീദാ ആയിരുന്നു അവൻ്റെയമ്മ. 
2: അവന്‍ കര്‍ത്താവിൻ്റെമുമ്പില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. പിതാവായ ദാവീദിൻ്റെ മാര്‍ഗ്ഗങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിച്ചില്ല. 
3: തൻ്റെ പതിനെട്ടാം ഭരണവര്‍ഷം മെഷുല്ലാമിൻ്റെ പൗത്രനും അസാലിയായുടെ പുത്രനും തൻ്റെ കാര്യസ്ഥനുമായ ഷാഫാനെ കര്‍ത്താവിൻ്റെ ആലയത്തിലേക്കയച്ചുകൊണ്ട്‌ ജോസിയാ പറഞ്ഞു: 
4: കവാടംസൂക്ഷിപ്പുകാര്‍ ദേവാലയത്തിനുവേണ്ടി ജനത്തില്‍നിന്നു സംഭരിച്ച പണത്തിൻ്റെ കണക്കെടുക്കാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായോട് ആവശ്യപ്പെടുക. 
5: അവനതു കര്‍ത്താവിൻ്റെ ഭവനത്തിൻ്റെ മേല്‍നോട്ടംവഹിക്കുന്നവരെയേല്പിക്കണം. 
6: അവരത് ആലയത്തിൻ്റെ അറ്റകുറ്റപ്പണിചെയ്യുന്ന തച്ചന്മാര്‍, ശില്പികള്‍, കല്പണിക്കാര്‍ എന്നിവര്‍ക്കു കൊടുക്കുന്നതിനും തടിയും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനും വിനിയോഗിക്കട്ടെ. 
7: അവര്‍ പണം വിശ്വസ്തതയോടെ കൈകാര്യംചെയ്യുന്നതിനാല്‍ അവരോടു കണക്കാവശ്യപ്പെടേണ്ടാ. 

നിയമഗ്രന്ഥം കണ്ടെത്തുന്നു
8: കര്‍ത്താവിൻ്റെ ഭവനത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെത്തിയിരിക്കുന്നു എന്നു പ്രധാനപുരോഹിതന്‍ ഹില്‍ക്കിയാ, കാര്യസ്ഥന്‍ ഷാഫാനോടു പറഞ്ഞു. അവനതുവാങ്ങി വായിച്ചു. 
9: കാര്യസ്ഥന്‍ ഷാഫാന്‍, രാജാവിൻ്റെയടുത്തുചെന്നു പറഞ്ഞു: അങ്ങയുടെ ദാസന്മാര്‍ ആലയത്തിലുണ്ടായിരുന്ന പണംമുഴുവന്‍ ദേവാലയത്തിൻ്റെ മേല്‍നോട്ടക്കാരെയേല്പിച്ചു. 
10: പുരോഹിതന്‍ ഹില്‍ക്കിയാ ഒരു ഗ്രന്ഥം തന്നയച്ചിട്ടുണ്ട്. ഷാഫാന്‍ അതു രാജാവിൻ്റെ മുമ്പില്‍ വായിച്ചു. 
11: നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. 
12: പുരോഹിതന്‍ ഹില്‍ക്കിയാഷാഫാൻ്റെ പുത്രന്‍ അഹീക്കാംമിക്കായായുടെ പുത്രന്‍ അക്‌ബോര്‍, കാര്യസ്ഥന്‍ ഷാഫാന്‍, രാജസേവകന്‍ അസായാ എന്നിവരോടു രാജാവു കല്പിച്ചു: 
13: എനിക്കും ജനത്തിനും യൂദാമുഴുവനുംവേണ്ടി നിങ്ങള്‍പോയി, കണ്ടുകിട്ടിയ ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു കര്‍ത്താവിനോടാരായുവിന്‍. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ അനുസരിക്കാതിരുന്നതിനാല്‍ കര്‍ത്താവിൻ്റെ ഉഗ്രകോപം നമുക്കെതിരേ ജ്വലിക്കുന്നു. 
14: അതിനാല്‍, പുരോഹിതന്‍ ഹില്‍ക്കിയാഅഹീക്കാംഅക്ബോര്‍, ഷാഫാന്‍, അസായാ എന്നിവര്‍ ഹാര്‍ഹാസിൻ്റെ പൗത്രനും തിക്‌വായുടെ പുത്രനും വസ്ത്രംസൂക്ഷിപ്പുകാരനുമായ ഷല്ലൂമിൻ്റെ ഭാര്യ ഹുല്‍ദാ പ്രവാചികയുടെ അടുത്തുചെന്ന് അവളോടു സംസാരിച്ചു. അവള്‍ ജറുസലെമിൻ്റെ പുതിയ ഭാഗത്താണു താമസിച്ചിരുന്നത്. 
15: അവള്‍ പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു
16: യൂദാരാജാവു വായിച്ച ഗ്രന്ഥത്തില്‍പറഞ്ഞിരിക്കുന്ന ശിക്ഷ ഈ സ്ഥലത്തിൻ്റെയും അതിലെ നിവാസികളുടെയുംമേല്‍ ഞാന്‍ വരുത്തുമെന്ന് ഇസ്രായേലിൻ്റെ കര്‍ത്താവ് അരുളിച്ചെയ്യുന്നുവെന്നു നിങ്ങളെ എൻ്റെയടുത്തയച്ചവരോടു പറയുക. 
17: അവര്‍ എന്നെയുപേക്ഷിച്ച് ,അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തിതങ്ങളുടെ കരവേലകളാല്‍ അവരെന്നെ പ്രകോപിപ്പിച്ചു. അതിനാല്‍, എൻ്റെ കോപം ഈ സ്ഥലത്തിനെതിരേ ജ്വലിക്കുംഅതു ശമിക്കുകയില്ല. 
18: എന്നാല്‍, കര്‍ത്താവിൻ്റെ ഹിതമാരായാന്‍ നിങ്ങളെയയച്ച യൂദാരാജാവിനോടു പറയുക: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: 
19: നീ ഈ വചനം കേള്‍ക്കുകയും പശ്ചാത്തപിക്കുകയും കര്‍ത്താവിൻ്റെമുമ്പില്‍ സ്വയംവിനീതനാവുകയും ചെയ്തുഈ ദേശത്തിനും ഇതിലെ നിവാസികള്‍ക്കുമെതിരേ അവര്‍ ശൂന്യതയും ശാപവുമാകുമെന്നു ഞാനരുളിച്ചെയ്തപ്പോള്‍, നീ വസ്ത്രംകീറി, എൻ്റെ മുമ്പില്‍നിന്നു കരഞ്ഞു. നിൻ്റെ വിലാപം, ഞാന്‍ കേട്ടിരിക്കുന്നുവെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
20: അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്മാരോടു ചേര്‍ക്കും. നീ സമാധാനപൂര്‍വ്വം കല്ലറപൂകും. ഞാന്‍ ഈ സ്ഥലത്തിനു വരുത്തുന്ന അനര്‍ത്ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ ഈ വചനം രാജാവിനെയറിയിച്ചു. 

അദ്ധ്യായം 23

ജോസിയായുടെ നവീകരണം
1: രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്മാരെ ആളയച്ചുവരുത്തി.
2: അവന്‍ കര്‍ത്താവിൻ്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിൻ്റെ ആലയത്തില്‍നിന്നു കണ്ടുകിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു.
3: സ്തംഭത്തിനു സമീപംനിന്നുകൊണ്ട് ഉടമ്പടിഗ്രന്ഥത്തിലെഴുതിയിരിക്കുന്ന കര്‍ത്താവിൻ്റെ കല്പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്തുടര്‍ന്നുകൊള്ളാമെന്ന്, രാജാവു കര്‍ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.
4: ബാലിനും അഷേരായ്ക്കും ആകാശഗോളങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയ പാത്രങ്ങള്‍ കര്‍ത്താവിൻ്റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായോടും സഹപുരോഹിതന്മാരോടും വാതില്‍ക്കാവല്‍ക്കാരോടും രാജാവാജ്ഞാപിച്ചു. അവനവ ജറുസലെമിനു പുറത്തു കിദ്രോന്‍വയലുകളില്‍വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി.
5: യൂദായിലും ജറുസലെമിനുചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചനനടത്താന്‍ യൂദാരാജാക്കന്മാര്‍ നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും, ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവന്‍ സ്ഥാനഭ്രഷ്ടരാക്കി.
6: അവന്‍ കര്‍ത്താവിൻ്റെ ആലയത്തില്‍നിന്ന് അഷേരാപ്രതിഷ്ഠയെടുത്തു ജറുസലെമിനുപുറത്തു കിദ്രോന്‍ അരുവിക്കരികേ കൊണ്ടുവന്നു ദഹിപ്പിച്ചുചാരമാക്കി. പൊതുശ്മശാനത്തില്‍ വിതറി.
7: കര്‍ത്താവിൻ്റെ ആലയത്തിലെ ദേവപ്രീതിക്കായുള്ള പുരുഷവേശ്യാവൃത്തിക്കാരുടെ ഭവനങ്ങള്‍ അവന്‍ തകര്‍ത്തു. അവിടെയാണ് സ്ത്രീകള്‍ അഷേരായ്ക്കു തോരണങ്ങള്‍ നെയ്തുണ്ടാക്കിയിരുന്നത്.
8: അവന്‍ യൂദാനഗരങ്ങളില്‍നിന്ന് പുരോഹിതന്മാരെ പുറത്തുകൊണ്ടുവരുകയും അവര്‍ ഗേബാമുതല്‍ ബേര്‍ഷെബാവരെ ധൂപാര്‍ച്ചന നടത്തിയിരുന്ന പൂജാഗിരികള്‍ മലിനമാക്കുകയുംചെയ്തു. നഗരാധിപനായ ജോഷ്വയുടെ പ്രവേശനകവാടത്തില്‍ ഇടത്തുവശത്തുള്ള പൂജാഗിരികള്‍ അവന്‍ തകര്‍ത്തു.
9: പൂജാഗിരികളിലെ പുരോഹിതന്മാര്‍ ജറുസലെമിലെ കര്‍ത്താവിൻ്റെ ബലിപീഠത്തിങ്കലേക്കു വന്നില്ല. അവര്‍ പുളിപ്പില്ലാത്ത അപ്പം തങ്ങളുടെ സഹോദരന്മാരോടൊത്തു ഭക്ഷിച്ചു.
10: പുത്രീപുത്രന്മാരെ ആരും മോളെക്കിനു ബലിയര്‍പ്പിക്കാതിരിക്കാന്‍ അവന്‍ ബന്‍ഹിന്നോം താഴ്‌വരയിലുള്ള തോഫെത്ത് മലിനമാക്കി.
11: കര്‍ത്താവിൻ്റെ ആലയത്തിനടുത്തു പള്ളിയറ വിചാരിപ്പുകാരനായ നാഥാന്‍മെലേക്കിൻ്റെ വസതിക്കുസമീപം, ദേവാലയകവാടത്തില്‍ യൂദാരാജാക്കന്മാര്‍ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അവന്‍ നീക്കംചെയ്ത്, സൂര്യരഥങ്ങള്‍ അഗ്നിക്കിരയാക്കി.
12: ആഹാസിൻ്റെ മേടയില്‍ യൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ച ബലിപീഠങ്ങളും കര്‍ത്താവിൻ്റെ ആലയത്തിൻ്റെ രണ്ട് അങ്കണങ്ങളില്‍ മാനാസ്സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്തു ധൂളിയാക്കി കിദ്രോന്‍ അരുവിയിലൊഴുക്കി.
13: ഇസ്രായേല്‍രാജാവായ സോളമന്‍, സീദോന്യരുടെ മ്ലേച്ഛവിഗ്രഹമായ അസ്താര്‍ത്തെയ്ക്കും മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോവിനുംവേണ്ടി ജറുസലെമിനു കിഴക്ക് നാശഗിരിയുടെ തെക്കുസ്ഥാപിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനമാക്കി.
14: അവന്‍ സ്തംഭങ്ങള്‍ തകര്‍ക്കുകയും, അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും, അവ നിന്നിരുന്ന സ്ഥലങ്ങള്‍ മനുഷ്യാസ്ഥികള്‍കൊണ്ടു മൂടുകയുംചെയ്തു.
15: ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിച്ച നെബാത്തിൻ്റെ മകനായ ജറോബോവാം ബഥേലിലെ പൂജാഗിരിയില്‍ നിര്‍മ്മിച്ച ബലിപീഠം ജോസിയാ തകര്‍ത്തു; അഷേരാപ്രതിഷ്ഠ അഗ്നിക്കിരയാക്കുകയും ചെയ്തു.
16: തിരിഞ്ഞുനോക്കിയപ്പോള്‍ അവനവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന് അസ്ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന് ബലിപീഠത്തില്‍വച്ചു കത്തിച്ച് അതശുദ്ധമാക്കി. കര്‍ത്താവു ദൈവപുരുഷന്‍വഴി അരുളിച്ചെയ്തതനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്.
17: രാജാവു ചോദിച്ചു; ഈ സ്മാരകമെന്താണ്? നഗരവാസികള്‍ പ്രതിവചിച്ചു: നീ ബഥേലിലെ ബലിപീഠത്തിനെതിരേ ചെയ്തകാര്യങ്ങള്‍ പ്രവചിച്ചിരുന്ന യൂദായിലെ ദൈവപുരുഷൻ്റെ ശവകുടീരമാണിത്.
18: അവന്‍ പറഞ്ഞു: അത് അവിടെയിരിക്കട്ടെ. അവൻ്റെ അസ്ഥികള്‍ ആരും മാറ്റരുത്. അങ്ങനെ സമരിയായില്‍നിന്നുവന്ന പ്രവാചകൻ്റെ അസ്ഥികളെപ്പോലെ അതും അവര്‍ സ്പര്‍ശിച്ചില്ല.
19: കര്‍ത്താവിനെ പ്രകോപിപ്പിച്ചുകൊണ്ടു സമരിയാനഗരങ്ങളില്‍ ഇസ്രായേല്‍രാജാക്കന്മാര്‍ നിര്‍മ്മിച്ച പൂജാഗിരികളും ക്ഷേത്രങ്ങളും ജോസിയാ നശിപ്പിച്ചു. അവന്‍ ബഥേലില്‍ ചെയ്തതുപോലെ ഇവിടെയും ചെയ്തു.
20: പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളില്‍വച്ചു കൊല്ലുകയും മനുഷ്യാസ്ഥികള്‍ അവിടെ ദഹിപ്പിക്കുകയുംചെയ്തു. പിന്നെ അവന്‍ ജറുസലെമിലേക്കു മടങ്ങിപ്പോയി.
21: രാജാവ് ജനത്തോടു കല്പിച്ചു: ഈ ഉടമ്പടി ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നിങ്ങള്‍ പെസഹാ ആചരിക്കണം.
22: ഇസ്രായേലില്‍ ന്യായപാലനംചെയ്ത ന്യായാധിപന്മാരുടെയോ ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്മാരുടെയോ കാലത്തു പെസഹാ ആചരിച്ചിരുന്നില്ല.
23: എന്നാല്‍, ജോസിയാ രാജാവിൻ്റെ പതിനെട്ടാം ഭരണവര്‍ഷം ജറുസലെമില്‍ കര്‍ത്താവിനു പെസഹാ ആചരിച്ചു.
24: കൂടാതെ, പുരോഹിതന്‍ ഹില്‍ക്കിയാ കണ്ടെത്തിയ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നവ നടപ്പിലാക്കാന്‍, ജോസിയാ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന ആഭിചാരക്കാരെയും ശകുനക്കാരെയും, കുലവിഗ്രഹങ്ങളെയും ബിംബങ്ങളെയും, മറ്റു മ്ലേച്ഛതകളെയും നിര്‍മ്മാര്‍ജനംചെയ്തു.
25: മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടുംകൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
26: എങ്കിലും, മനാസ്സെനിമിത്തം യൂദായ്‌ക്കെതിരേ ജ്വലിച്ച കര്‍ത്താവിൻ്റെ ഉഗ്രകോപം ശമിച്ചില്ല.
27: അവിടുന്നരുളിച്ചെയ്തു: ഇസ്രായേലിനെപ്പോലെ യൂദായെയും എൻ്റെ കണ്‍മുമ്പില്‍നിന്നു ഞാന്‍ തൂത്തെറിയും. ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും എൻ്റെ നാമം ഇവിടെയായിരിക്കുമെന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ഞാന്‍ നിര്‍മ്മാര്‍ജനം ചെയ്യും.
28: ജോസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
29: അവൻ്റെ കാലത്ത്, ഈജിപ്തിലെ ഫറവോ ആയ നെക്കോ, യൂഫ്രട്ടീസ് നദിയുടെ സമീപത്ത്, അസ്സീറിയാ രാജാവിൻ്റെ അടുത്തേക്കുപോയി. ജോസിയാ രാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ചു നെക്കോ അവനെ യുദ്ധത്തില്‍ നിഗ്രഹിച്ചു.
30: സേവകന്മാര്‍ മൃതശരീരം ഒരു രഥത്തില്‍ മെഗിദോയില്‍നിന്നു ജറുസലെമില്‍ കൊണ്ടുവന്ന്, അവൻ്റെ കല്ലറയില്‍ സംസ്‌കരിച്ചു. അനന്തരം, ജനം ജോസിയായുടെ മകന്‍ യഹോവാഹാസിനെ രാജാവായി അഭിഷേകംചെയ്തു. 

യഹോവാഹാസ് രാജാവ്
31: ഭരണമേല്‍ക്കുമ്പോള്‍ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി, ഹമുത്താല്‍ ആയിരുന്നു അവൻ്റെ മാതാവ്.
32: പിതാക്കന്മാരെപ്പോലെ അവനും കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
33: അവന്‍ ജറുസലെമില്‍ ഭരിക്കാതിരിക്കാന്‍ നെക്കോ അവനെ ഹമാത്തിലെ റിബ്‌ലായില്‍ തടവിലാക്കി. നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണ്ണവും ദേശത്തു നികുതി ചുമത്തി.
34: ഫറവോ ആയ നെക്കോ ജോസിയായുടെ മകന്‍ എലിയാക്കിമിനെ രാജാവാക്കുകയും അവൻ്റെ പേര്‌ യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. യഹോവാഹാസിനെ നെക്കോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവന്‍ അവിടെവച്ചു മരിച്ചു.

യഹോയാക്കിംരാജാവ്
35: യഹോയാക്കിം ദേശത്തുനിന്നു പിരിച്ചെടുത്ത വെള്ളിയും സ്വര്‍ണ്ണവും ഫറവോയ്ക്കു കപ്പമായി കൊടുത്തു. അതിനുവേണ്ടി ഓരോരുത്തരിലുംനിന്നു നിശ്ചിതതൂക്കം വെള്ളിയും സ്വര്‍ണ്ണവും പിരിച്ചെടുത്തു.
36: ഭരണമേല്‍ക്കുമ്പോള്‍ യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. റൂമായിലെ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അവൻ്റെയമ്മ.
37: പിതാക്കന്മാരെപ്പോലെ അവനും കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.

അദ്ധ്യായം 24

1: യഹോയാക്കിമിൻ്റെകാലത്തു ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിൻ്റെ ആക്രമണമുണ്ടായി. യഹോയാക്കിം മൂന്നുവര്‍ഷം അവനു കീഴ്‌പ്പെട്ടിരുന്നു; പിന്നീട് അവനെയെതിര്‍ത്തു.
2: അപ്പോള്‍, താന്‍ തൻ്റെ ദാസന്മാരിലൂടെ അരുളിച്ചെയ്തതുപോലെ യൂദായെ നശിപ്പിക്കാന്‍ യഹോയാക്കിമിനെതിരേ കര്‍ത്താവു കല്‍ദായര്‍, സിറിയാക്കാര്‍, മൊവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സേനകളെ അയച്ചു.
3: നിശ്ചയമായും ഇതു കര്‍ത്താവിൻ്റെ മുമ്പില്‍നിന്ന് അവരെ നീക്കംചെയ്യേണ്ടതിന് അവിടുത്തെ കല്പനയനുസരിച്ചു സംഭവിച്ചതാണ്;
4: മനാസ്സെയുടെ പാപങ്ങള്‍ക്കും അവന്‍ ചൊരിഞ്ഞ നിഷ്‌കളങ്കരക്തത്തിനും ശിക്ഷയായിത്തന്നെ. അവന്‍ നിഷ്‌കളങ്കരക്തംകൊണ്ടു ജറുസലെം നിറച്ചു; കര്‍ത്താവ് അതു ക്ഷമിക്കുകയില്ല.
5: യഹോയാക്കിമിൻ്റെ മറ്റു പ്രവൃത്തികള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
6: യഹോയാക്കിം പിതാക്കന്മാരോടു ചേര്‍ന്നു; പുത്രന്‍ യഹോയാക്കിന്‍ ഭരണമേറ്റു.
7: ഈജിപ്തു തോടുമുതല്‍ യൂഫ്രട്ടീസ്‌നദിവരെയുള്ള തൻ്റെ സമ്പത്തെല്ലാം ബാബിലോണ്‍രാജാവു പിടിച്ചടക്കിയതിനാല്‍ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.


യഹോയാക്കിന്‍രാജാവ്
8: രാജാവാകുമ്പോള്‍ യഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാൻ്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവൻ്റെയമ്മ.
9: അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിൻ്റെമുമ്പില്‍ തിന്മപ്രവര്‍ത്തിച്ചു.
10: അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെംവളഞ്ഞു.
11: നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവൻ്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു.
12: യൂദാരാജാവായ യഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും കൊട്ടാരത്തിലെ സേവകന്മാരെയും അവനടിയറവച്ചു. 
13: ബാബിലോണ്‍രാജാവ്, തൻ്റെ എട്ടാംഭരണവര്‍ഷം അവനെ തടവുകാരനാക്കുകയും ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍രാജാവായ സോളമന്‍ കര്‍ത്താവിൻ്റെ ആലയത്തിനുവേണ്ടി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയുംചെയ്തു. കര്‍ത്താവു മുന്‍കൂട്ടിയറിയിച്ചതുപോലെതന്നെയാണ്, ഇതു സംഭവിച്ചത്. 
14: ജറുസലെംനിവാസികള്‍, പ്രഭുക്കന്മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍മാത്രം ദേശത്തവശേഷിച്ചു.
15: യഹോയാക്കിനെയും അവൻ്റെ അമ്മയെയും പത്നിമാരെയും സേവകന്മാരെയും ദേശമുഖ്യന്മാരെയും അവന്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു തടവുകാരായിക്കൊണ്ടുപോയി.
16: ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും ശില്പികളും ലോഹപ്പണിക്കാരുമായി ആയിരംപേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്മാരും യുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു.
17: ബാബിലോണ്‍രാജാവ്, യഹോയാക്കിൻ്റെ പിതൃസഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവൻ്റെ പേരു സെദെക്കിയാ എന്നു മാറ്റുകയുംചെയ്തു.

സെദെക്കിയാരാജാവ്
18: രാജാവാകുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവൻ്റെയമ്മ.
19: യഹോയാക്കിമിനെപ്പോലെ അവനും കർത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
20: കര്‍ത്താവിൻ്റെ കോപം ജറുസലെമിനും യൂദായ്ക്കുമെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ തൻ്റെ മുമ്പില്‍നിന്നു തള്ളിക്കളഞ്ഞു. സെദെക്കിയാ ബാബിലോണ്‍രാജാവിനെയെതിര്‍ത്തു.

അദ്ധ്യായം 25

ജറുസലെമിൻ്റെ പതനം

1: സെദെക്കിയായുടെ ഒമ്പതാം ഭരണവര്‍ഷം പത്താംമാസം പത്താംദിവസം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ സകല സൈന്യങ്ങളോടുംകൂടെവന്നു ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേര്‍പ്പെടുത്തി.
2: സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷംവരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു.
3: നാലാംമാസം ഒമ്പതാംദിവസം നഗരത്തില്‍ ക്ഷാമം വളരെ രൂക്ഷമായി. ജനത്തിനു ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല.
4: കല്‍ദായര്‍ നഗരംവളഞ്ഞിരുന്നെങ്കിലും കോട്ടയില്‍ പിളര്‍പ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകള്‍ക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്തു. അരാബായെ ലക്ഷ്യമാക്കിയാണ് അവര്‍ പോയത്.
5: എന്നാല്‍, കല്‍ദായസൈന്യം രാജാവിനെ അനുധാവനംചെയ്തു ജറീക്കോ സമതലത്തില്‍വച്ചു മറികടന്നു. അപ്പോള്‍ അവൻ്റെ പടയാളികള്‍ ചിതറിപ്പോയി.
6: കല്‍ദായര്‍ രാജാവിനെപ്പിടിച്ച് റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിൻ്റെയടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു.
7: പുത്രന്മാരെ അവൻ്റെ കണ്‍മുമ്പില്‍വച്ചു നിഗ്രഹിച്ചു. അവനെ, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതിനുശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.


ദേവാലയം നശിപ്പിക്കുന്നു

8: ബാബിലോണ്‍രാജാവായ നബുക്കദ്നേസറിൻ്റെ പത്തൊമ്പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവൻ്റെ അംഗരക്ഷകന്മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ ജറുസലെമില്‍ വന്നു.
9: അവിടെ കര്‍ത്താവിൻ്റെ ആലയവും രാജകൊട്ടാരവും ജറുസലെമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകള്‍ കത്തിച്ചാമ്പലായി.
10: അവനോടുകൂടെയുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനുചുറ്റുമുള്ള കോട്ട തകര്‍ത്തു.
11: നഗരത്തില്‍ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍രാജാവിനോടു കൂറു പ്രഖ്യാപിച്ചവരെയും അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാന്‍ തന്നോടുകൂടെ കൊണ്ടുപോയി.
12: അതിദരിദ്രരായ ചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചു.
13: ദേവാലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ജലസംഭരണിയും കല്‍ദായര്‍ കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.
14: കലശങ്ങള്‍, കോരികകള്‍, തിരിക്കത്രികകള്‍, ധൂപത്തളികകള്‍, ദേവാലയശുശ്രൂഷയ്ക്കുപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങള്‍, നെരിപ്പോടുകള്‍, കോപ്പകള്‍ എന്നിവയെല്ലാം അവന്‍ കൊണ്ടുപോയി. 
15: സ്വര്‍ണ്ണമോ വെള്ളിയോആയി ഉണ്ടായിരുന്നതെല്ലാം അവന്‍ കൊണ്ടുപോയി.
16: കര്‍ത്താവിൻ്റെ ആലയത്തില്‍ സോളമന്‍ നിര്‍മ്മിച്ച രണ്ടു സ്തംഭങ്ങള്‍ ജലസംഭരണി, പീഠങ്ങള്‍ എന്നിവയ്ക്കുപയോഗിച്ച ഓടിൻ്റെ തൂക്കം നിര്‍ണ്ണയാതീതമായിരുന്നു.
17: ഒരു സ്തംഭത്തിൻ്റെ ഉയരം പതിനെട്ടു മുഴം. അതിനു മൂന്നുമുഴം ഉയരത്തില്‍ ഓടുകൊണ്ടു നിര്‍മ്മിച്ച മകുടമുണ്ടായിരുന്നു. അതിനുചുറ്റും വലപ്പണിയും മാതളനാരങ്ങകളും ഓടുകൊണ്ടു തീര്‍ത്തിരുന്നു. വലപ്പണിചെയ്ത മറ്റേ സ്തംഭവും അതുപോലെതന്നെയായിരുന്നു.

ബാബിലോണ്‍ പ്രവാസം

18: കാവല്‍പ്പടനായകന്‍ മുഖ്യപുരോഹിതനായ സെറായിയായെയും സഹപുരോഹിതനായ സെഫാനിയായെയും വാതില്‍ സൂക്ഷിപ്പുകാര്‍ മൂന്നുപേരെയും
19: നഗരത്തിലെ ഒരു സേനാപതിയെയും രാജസഭാംഗങ്ങളില്‍ അഞ്ചുപേരെയും സൈന്യാധിപൻ്റെ കാര്യസ്ഥനെയും - ഇവനാണ് ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് - 
20: നഗരത്തില്‍നിന്നു വേറെ അറുപതുപേരെയും റിബ്‌ലായില്‍, ബാബിലോണ്‍രാജാവിൻ്റെയടുത്തു കൊണ്ടുചെന്നു. 
21: രാജാവവരെ ഹാമാത്തിലെ റിബ്‌ലായില്‍വച്ചു വധിച്ചു. അങ്ങനെ യൂദാ നാടുകടത്തപ്പെട്ടു.
22: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദായില്‍ നിറുത്തിയിരുന്ന ജനത്തെ ഭരിക്കാന്‍ ഷാഫാൻ്റെ പൗത്രനും അഹിക്കാമിൻ്റെ പുത്രനുമായ ഗദാലിയായെ ദേശാധിപതിയായി നിയമിച്ചു.
23: ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്നറിഞ്ഞ് അവിടെയുണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തുചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിൻ്റെ മകന്‍ സെറായിയാ, മക്കാക്യൻ്റെ മകന്‍ യാസനിയാ എന്നിവരായിരുന്നു.
24: ഗദാലിയാ അവരോടും സൈന്യത്തോടും സത്യംചെയ്തു പറഞ്ഞു: കല്‍ദായ അധികാരികളെ ഭയപ്പെടേണ്ടാ; നാട്ടില്‍ താമസിക്കുവിന്‍, ബാബിലോണ്‍രാജാവിനെ സേവിച്ചു നാട്ടില്‍ താമസിച്ചുകൊള്ളുവിന്‍, എല്ലാം ശുഭമാകും.
25: എന്നാല്‍, ഏഴാംമാസം രാജകുടുംബാംഗമായ എലിഷാമായുടെ പൗത്രനും നെത്താനിയായുടെ പുത്രനുമായ ഇസ്മായേല്‍ പത്തുപേരോടൊപ്പം മിസ്പായില്‍ചെന്ന് ഗദാലിയായെയും കൂടെയുണ്ടായിരുന്ന കല്‍ദായരെയും ആക്രമിച്ചു വധിച്ചു.
26: കല്‍ദായരെ ഭയപ്പെട്ടു കുലീനരും താഴ്ന്നവരുമായ ജനമെല്ലാം സേനാപതികളോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.
27: യൂദാരാജാവായ യഹോയാക്കിൻ്റെ വിപ്രവാസത്തിൻ്റെ മുപ്പത്തേഴാം വര്‍ഷം എവില്‍മെരൊദാക്ക് ബാബിലോണ്‍രാജാവായി ഭരണമേല്‍ക്കുകയും ആ വര്‍ഷം പന്ത്രണ്ടാംമാസം ഇരുപത്തേഴാംദിവസം യഹോയാക്കിനെ സൗമനസ്യത്തോടെ മോചിപ്പിക്കുകയും ചെയ്തു.
28: രാജാവ് അവനോടു കാരുണ്യപൂര്‍വ്വം സംസാരിക്കുകയും ബാബിലോണില്‍ അവനോടുകൂടെയുണ്ടായിരുന്ന രാജാക്കന്മാരെക്കാള്‍ ഉയര്‍ന്നസ്ഥാനം അവനു നല്‍കുകയും ചെയ്തു.
29: അങ്ങനെ യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. ജീവിതകാലംമുഴുവന്‍ പതിവായി രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു.
30: രാജാവ് അവനു മരണംവരെ ദൈനംദിനാവശ്യങ്ങള്‍ക്കു പണവും നല്കിപ്പോന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ