തൊണ്ണൂറ്റിയൊമ്പതാം ദിവസം: 2 രാജാക്കന്മാര്‍ 13 - 15


അദ്ധ്യായം 13

യഹോവാഹാസ് ഇസ്രായേല്‍രാജാവ്

1: യൂദാരാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിൻ്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹുവിൻ്റെ മകന്‍ യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിൻ്റെ ഭരണമേറ്റു. അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. 
2: അവന്‍ കർത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നെബാത്തിൻ്റെ പുത്രന്‍ ജറോബോവാം, ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍ ചരിക്കുകയുംചെയ്തു. 
3: കര്‍ത്താവിൻ്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നവരെ സിറിയാരാജാവായ ഹസായേലിൻ്റെയും പുത്രന്‍ ബന്‍ഹദാദിൻ്റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്പിച്ചുകൊടുത്തു. 
4: അപ്പോള്‍ യഹോവാഹാസ് കര്‍ത്താവിനോടു യാചിച്ചു. അവിടുന്നു കരുണകാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. 
5: കര്‍ത്താവ് ഇസ്രായേലിനൊരു രക്ഷകനെ നല്കി; അവര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു മോചനംനേടി. ഇസ്രായേല്‍ജനം മുമ്പിലത്തെപ്പോലെ സ്വഭവനങ്ങളില്‍ വസിച്ചു. 
6: എങ്കിലും ഇസ്രായേല്‍, ജറോബോവാം തങ്ങളെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്നു പിന്മാറാതെ അവയില്‍ മുഴുകി. സമരിയായില്‍ അഷേരാപ്രതിഷ്ഠ നിലനിന്നു. 
7: സിറിയാരാജാവു നശിപ്പിച്ച്, മെതിക്കളത്തിലെ ധൂളിപോലെയാക്കിയതിനാല്‍ യഹോവാഹാസിൻ്റെ സൈന്യത്തില്‍ അമ്പതിലേറെ അശ്വഭടന്മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിനുമേല്‍ കാലാള്‍പ്പടയോ അവശേഷിച്ചില്ല. 
8: യഹോവാഹാസിൻ്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
9: യഹോവാഹാസ് പിതാക്കന്മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്കരിക്കപ്പെട്ടു. അവൻ്റെ പുത്രന്‍ യഹോവാഷ് രാജാവായി. 

യഹോവാഷ് ഇസ്രായേല്‍രാജാവ് 

10: യൂദാരാജാവായ യോവാഷിൻ്റെ  മുപ്പത്തേഴാം ഭരണവര്‍ഷം യഹോവാഹാസിൻ്റെ  മകന്‍ യഹോവാഷ് സമരിയായില്‍ ഇസ്രായേലിൻ്റെ  രാജാവായി. അവന്‍ പതിനാറുകൊല്ലം ഭരിച്ചു. 
11: അവനും കർത്താവിൻ്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിൻ്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍ അവന്‍ ചരിച്ചു. 
12: യഹോവാഷിന്റെ പ്രവര്‍ത്തനങ്ങളും യൂദാരാജാവായ അമസിയായോടുചെയ്ത യുദ്ധത്തില്‍ പ്രകടിപ്പിച്ച ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
13: യഹോവാഷ് പിതാക്കന്മാരോടുചേര്‍ന്നു. ജറോബോവാം സിംഹാസനാരൂഢനായി. യഹോവാഷ് സമരിയായില്‍ ഇസ്രായേല്‍രാജാക്കന്മാരോടൊപ്പം സംസ്‌കരിക്കപ്പെട്ടു. 

എലീഷായുടെ മരണം

14: എലീഷാ രോഗഗ്രസ്തനായി, മരണത്തോടടുത്തു. ഇസ്രായേല്‍രാജാവായ യഹോവാഷ് അവന്റെയടുത്തുവന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! 
15: എലീഷാ പറഞ്ഞു: അമ്പും വില്ലുമെടുക്കുക. അവന്‍ എടുത്തു. 
16: എലീഷാ തുടര്‍ന്നു: വില്ലു കുലയ്ക്കുക. അവന്‍ വില്ലു കുലച്ചു. രാജാവിന്റെ കൈകളിന്‍മേല്‍ കൈകള്‍വച്ചുകൊണ്ട് എലീഷാ പറഞ്ഞു: 
17: കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വിജയാസ്ത്രം! സിറിയായ്‌ക്കെതിരായുള്ള വിജയാസ്ത്രം! അഫേക്കില്‍വച്ചു സിറിയയുമായി യുദ്ധംചെയ്ത് നീയവരെ നശിപ്പിക്കും. 
18: അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവനെടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്തടിക്കുക. അവന്‍ മൂന്നുപ്രാവശ്യം അടിച്ചുനിറുത്തി. 
19: ദൈവപുരുഷന്‍ കുപിതനായി പറഞ്ഞു: നീ അഞ്ചോ ആറോ പ്രാവശ്യമടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സിറിയായെ നീ നിശ്ശേഷം നശിപ്പിക്കുമായിരുന്നു. ഇനി മൂന്നു പ്രാവശ്യമേ നീ സിറിയായെ തോല്പിക്കുകയുള്ളു. 
20: എലീഷാ മരിച്ചു. അവര്‍ അവനെ സംസ്‌കരിച്ചു. വസന്തകാലത്തു മൊവാബ്യര്‍ കൂട്ടമായിവന്നു ദേശമാക്രമിച്ചു.
21: ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെക്കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്കെറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍പ്രാപിച്ച് എഴുന്നേറ്റുനിന്നു. 
22: യഹോവാഹാസിന്റെ കാലംമുഴുവന്‍ സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചു. 
23: അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടുംചെയ്ത ഉടമ്പടിയനുസരിച്ചു കര്‍ത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പില്‍നിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല. 
24: സിറിയാരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍, പുത്രന്‍ ബന്‍ഹദാദ് രാജാവായി. 
25: തന്റെ പിതാവില്‍നിന്ന് ഹസായേലിന്റെ പുത്രനായ ബന്‍ഹദാദ്‌ യുദ്ധത്തില്‍ പിടിച്ചെടുത്ത നഗരങ്ങള്‍ യഹോവാഹാസിന്റെ മകന്‍ യഹോവാഷ് വീണ്ടെടുത്തു. യഹോവാഷ് മൂന്നുപ്രാവശ്യം ബന്‍ഹദാദിനെ തോല്പിച്ച് ഇസ്രായേല്‍നഗരങ്ങള്‍ വീണ്ടെടുത്തു. 

അദ്ധ്യായം 14

അമസിയാ യൂദാരാജാവ്


1: ഇസ്രായേല്‍രാജാവായ യഹോവാഹാസിന്റെ പുത്രന്‍ യഹോവാഷിന്റെ രണ്ടാംഭരണവര്‍ഷം യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ ഭരണമേറ്റു.
2: അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. ജറുസലെമിലെ യഹോവദിനായിരുന്നു അവന്റെ അമ്മ.
3: അവന്‍ കര്‍ത്താവിന്റെമുമ്പില്‍ നന്മചെയ്‌തെങ്കിലും പിതാവായ ദാവീദിനെപ്പോലെയായിരുന്നില്ല. അവന്‍ പിതാവായ യോവാഷിന്റെ പ്രവൃത്തികള്‍ പിന്തുടര്‍ന്നു; പൂജാഗിരികള്‍ നശിപ്പിച്ചില്ല.
4: ജനം അവയില്‍ ബലികളും ധൂപാര്‍ച്ചനയും തുടര്‍ന്നു.
5: രാജാധികാരമുറച്ചയുടനെ, അവന്‍ തന്റെ പിതാവിനെനിഗ്രഹിച്ച ഭൃത്യന്മാരെ വധിച്ചു.
6: എന്നാല്‍, അവന്‍ ആ ഘാതകരുടെ മക്കളെക്കൊന്നില്ല. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതനുസരിച്ചാണിത്. അതില്‍ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു: മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ വധിക്കപ്പെടരുത്. വധിക്കപ്പെടുന്നത് ഓരോരുത്തരുടെയും പാപത്തിനു ശിക്ഷയായിട്ടായിരിക്കണം.
7: അവന്‍ പതിനായിരം ഏദോമ്യരെ ഉപ്പുതാഴ്‌വരയില്‍വച്ചു കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേലാ പിടിച്ചടക്കുകയുംചെയ്തു. അതിന്നും യോക്‌തേല്‍ എന്നറിയപ്പെടുന്നു.
8: അനന്തരം, അമസിയാ യേഹുവിന്റെ പൗത്രനും യഹോവാസിന്റെ പുത്രനും ഇസ്രായേല്‍രാജാവുമായ യഹോവാഷിനെ, ദൂതന്മാരെയയച്ചു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു.
9: ഇസ്രായേല്‍രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് ഈ സന്ദേശമയച്ചു: ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ കാരകിലിനോട് ഇങ്ങനെ പറഞ്ഞയച്ചു, നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി നല്‍കുക. ലബനോനിലെ ഒരു വന്യമൃഗം ആ വഴിവന്നു മുള്‍ച്ചെടിയെ ചവിട്ടിത്തേച്ചുകളഞ്ഞു.
10: നീ ഏദോമിനെ തകര്‍ത്തു. അതില്‍ നീ അഹങ്കരിക്കുന്നു. കിട്ടിയ പ്രശസ്തിയുംകൊണ്ട് അടങ്ങിക്കഴിയുക. നിനക്കും യൂദായ്ക്കും എന്തിനു നാശം വിളിച്ചുവരുത്തുന്നു?
11: എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. അതിനാല്‍, ഇസ്രായേല്‍രാജാവായ യഹോവാഷ്‌ യുദ്ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്‌ഷേമെഷില്‍വച്ച് അവരേറ്റുമുട്ടി.
12: യൂദാ തോറ്റോടി.
13: ഇസ്രായേല്‍രാജാവായ യഹോവാഷ്, ബത്‌ഷേമെഷില്‍വച്ച് അഹസിയായുടെ പൗത്രനും യോവാഷിന്റെ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെംമതില്‍ എഫ്രായിംകവാടംമുതല്‍ കോണ്‍കവാടംവരെ നാനൂറു മുഴം ഇടിച്ചുതകര്‍ത്തു.
14: അവന്‍ ദേവാലയത്തിലെയും രാജഭണ്ഡാരത്തിലെയും സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.
15: യഹോവാഷിന്റെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാഭവവും യൂദാരാജാവായ അമസിയായോടുചെയ്ത യുദ്ധവും ഇസ്രായേല്‍രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
16: യഹോവാഷ് പിതാക്കന്മാരോടു ചേര്‍ന്നു. ഇസ്രായേല്‍ രാജാക്കന്മാരോടൊപ്പം സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ജറോബോവാം ഭരണമേറ്റു.
17: യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ, ഇസ്രായേല്‍രാജാവായ യഹോവാഹാസിന്റെ പുത്രന്‍ യഹോവാഷിന്റെ മരണത്തിനുശേഷം പതിനഞ്ചു കൊല്ലം ജീവിച്ചു.
18: അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
19: ജറുസലെമില്‍ തനിക്കെതിരേ ഗൂഢാലോചനനടക്കുന്നതറിഞ്ഞ് അവന്‍ ലാഖിഷിലേക്കു പലായനം ചെയ്തു. അവരവനെ അനുധാവനം ചെയ്ത്,
20: ലാഖിഷില്‍വച്ചു വധിച്ചു. അവരവനെ കുതിരപ്പുറത്തുകൊണ്ടുവന്ന്, ദാവീദിന്റെ നഗരമായ ജറുസലെമില്‍ പിതാക്കന്മാരോടൊപ്പം സംസ്‌കരിച്ചു.
21: അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്സുള്ള അസറിയാരാജകുമാരനെ പിതാവായ അമസിയായുടെ സ്ഥാനത്ത് അവരോധിച്ചു.
22: പിതാവിന്റെ മരണത്തിനുശേഷം അസറിയാ ഏലാത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.


ജറോബോവാംരണ്ടാമന്‍ ഇസ്രായേല്‍രാജാവ്

23: യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ യഹോവാഷിന്റെ പുത്രന്‍ ജറോബോവാം സമരിയായില്‍ ഭരണംതുടങ്ങി. അവന്‍ നാല്പത്തൊന്നു വര്‍ഷം ഭരിച്ചു. 
24: അവന്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല. 
25: അവന്‍ ഇസ്രായേലിന്റെ അതിര്‍ത്തി, ഹമാത്ത്കവാടംമുതല്‍ അരാബാക്കടല്‍വരെ പുനഃസ്ഥാപിച്ചു. ഇത് അമിത്തായിയുടെ പുത്രനും ഗത്‌ഹേഫറില്‍നിന്നുള്ള പ്രവാചകനും കര്‍ത്താവിന്റെ ദാസനുമായ യോനാവഴി ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ചാകുന്നു. 
26: ഇസ്രായേലിന്റെ ദുരിതം കഠിനമാണെന്നു കര്‍ത്താവു കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ആരുമവശേഷിച്ചില്ല; ഇസ്രായേലിനെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. 
27: ഇസ്രായേലിന്റെ നാമം ഭൂമിയില്‍നിന്നു തുടച്ചുമാറ്റുമെന്നു കര്‍ത്താവ് പറഞ്ഞിരുന്നില്ല. അതിനാല്‍, അവിടുന്നു യഹോവാഷിന്റെ പുത്രനായ ജറോബോവാമിന്റെ കരങ്ങളാല്‍ ഇസ്രായേലിനെ രക്ഷിച്ചു. 
28: ജറോബോവാമിന്റെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാഭവവും യുദ്ധങ്ങളും ദമാസ്‌ക്കസിനെയും ഹമാത്തിനെയും യൂദായുടെ അധീനതയില്‍നിന്നു വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
29: ജറോബോവാം ഇസ്രായേല്‍ രാജാക്കന്മാരായ തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ സഖറിയാ ഭരണമേറ്റു.


അദ്ധ്യായം 15

അസറിയാ യൂദാരാജാവ്
1: ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യൂദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു.
2: അപ്പോള്‍ അവനു പതിനാറു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ അമ്പത്തിരണ്ടു വര്‍ഷം ഭരിച്ചു. ജറുസലെമിലെ യക്കോലിയ ആയിരുന്നു അവന്റെ അമ്മ.
3: അവന്‍ പിതാവായ അമസിയായെപ്പോലെ കര്‍ത്താവിന്റെമുമ്പില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു.
4: എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവുമര്‍പ്പിച്ചുപോന്നു.
5: കര്‍ത്താവു രാജാവിനെ ശിക്ഷിച്ചു; അവന്‍ കുഷ്ഠരോഗിയായി. മരണംവരെ അവന്‍ മറ്റുള്ളവരില്‍നിന്ന് അകന്നു താമസിക്കേണ്ടിവന്നു. പുത്രന്‍ യോഥാം കൊട്ടാരത്തിന്റെ അധിപനായി രാജ്യഭരണംനടത്തി.
6: അസറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
7: അസറിയാ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. പുത്രന്‍ യോഥാം രാജാവായി.

ഇസ്രായേല്‍രാജാക്കന്മാര്‍: സഖറിയ

8: യൂദാരാജാവായ അസറിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ജറോബോവാമിന്റെ പുത്രന്‍ സഖറിയാ സമരിയായില്‍ ഇസ്രായേലിനെ ആറുമാസം ഭരിച്ചു.
9: പിതാക്കന്മാരെപ്പോലെ അവനും കര്‍ത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്മാറിയില്ല.
10: യാബെഷിന്റെ പുത്രന്‍ ഷല്ലൂം അവനെതിരേ ഗൂഢാലോചന നടത്തി. ഇബ്‌ലെയാമില്‍വച്ച് അവനെ വധിച്ചു രാജാവായി.
11: സഖറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
12: നിന്റെ പുത്രന്മാര്‍ നാലു തലമുറകള്‍വരെ ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴുമെന്നു കര്‍ത്താവ് യേഹുവിനു നല്കിയ വാഗ്ദാനം പൂര്‍ത്തിയായി.

ഷല്ലൂം

13: യൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം യാബെഷിന്റെ പുത്രന്‍ ഷല്ലൂം ഭരണമേറ്റു; സമരിയായില്‍ ഒരുമാസം ഭരിച്ചു;
14: ഗാദിയുടെ പുത്രന്‍ മെനാഹെം തിര്‍സായില്‍നിന്നു സമരിയായില്‍വന്ന്‌ യാബെഷിന്റെ പുത്രനായ ഷെല്ലൂമിനെവധിച്ചു രാജാവായി.
15: ഷെല്ലൂമിന്റെ ഗൂഢാലോചനയും മറ്റുപ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
16: അക്കാലത്തു തപ്പുവാനിവാസികള്‍ നഗരവാതില്‍ തനിക്കുവേണ്ടി തുറക്കാഞ്ഞതിനാല്‍, മെനാഹെം നഗരത്തെയും നിവാസികളെയും തിര്‍സാമുതലുള്ള അതിര്‍ത്തി പ്രദേശങ്ങളെയും നശിപ്പിച്ചു. അവന്‍ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നു.

മെനാഹെം

17: യൂദാരാജാവായ അസറിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രനായ മെനാഹെം ഇസ്രായേലില്‍ ഭരണമേറ്റു. അവന്‍ പത്തുവര്‍ഷം സമരിയായില്‍ ഭരിച്ചു.
18: അവന്‍ കർത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു; നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് ഒരിക്കലും വിട്ടുമാറിയില്ല.
19: അസ്സീറിയാരാജാവായ പൂല്‍ ഇസ്രായേലിനെതിരേ വന്നു. തന്റെ രാജപദവിക്ക് ഇളക്കംതട്ടാതിരിക്കാന്‍ മെനാഹെം അവന് ആയിരം താലന്തു വെള്ളി സമ്മാനിച്ചു.
20: മെനാഹെം ഇസ്രായേലിലെ എല്ലാ ധനികരിലുംനിന്ന് അമ്പതു ഷെക്കല്‍ വെള്ളിവീതം ശേഖരിച്ചതാണ് ഈ പണം. അസ്സീറിയാരാജാവു പിന്തിരിഞ്ഞു.
21: മെനാഹെമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
22: മെനാഹെം പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ പെക്കാഹിയാ രാജാവായി.

പെക്കാഹിയ

23: യൂദാരാജാവായ അസ്സീറിയായുടെ അമ്പതാം ഭരണവര്‍ഷം മെനാഹെമിന്റെ പുത്രന്‍ പെക്കാഹിയാ ഭരണമേറ്റ് ഇസ്രായേലിനെ സമരിയായില്‍ രണ്ടുവര്‍ഷം ഭരിച്ചു.
24: കര്‍ത്താവിന്റെമുമ്പില്‍ അവന്‍ തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.
25: പടനായകനും റമാലിയായുടെ പുത്രനുമായ പെക്കാഹ് അമ്പതു ഗിലയാദ്യരോടൊത്തു ഗൂഢാലോചന നടത്തി; സമരിയായിലെ കൊട്ടാരത്തിന്റെ കോട്ടയില്‍വച്ച് പെക്കാഹിയായെ വധിച്ചു രാജാവായി.
26: പെക്കാഹിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പെക്കാഹ്

27: യൂദാരാജാവായ അസറിയായുടെ അമ്പത്തിരണ്ടാം ഭരണവര്‍ഷം റമാലിയായുടെ പുത്രന്‍ പെക്കാഹ് രാജാവായി; അവന്‍ സമരിയായില്‍ ഇസ്രായേലിനെ ഇരുപതുവര്‍ഷം ഭരിച്ചു.
28: അവന്‍ കർത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.
29: ഇസ്രായേല്‍രാജാവായ പെക്കാഹിന്റെകാലത്ത് ഇയോണ്‍, ആബെല്‍ ബെത്മാക്കാ, യനോവാ, കേദെഷ്, ഹസോര്‍, ഗിലയാദ്, ഗലീലി എന്നിങ്ങനെ നഫ്താലിദേശം മുഴുവന്‍ അസ്സീറിയാ രാജാവയ തിഗ്ലാത്പിലേസര്‍ പിടിച്ചടക്കി; ജനത്തെ തടവുകാരാക്കി അസ്സീറിയായിലേക്കു കൊണ്ടുപോയി.
30: ഉസ്സിയായുടെ മകന്‍ യോഥാമിന്റെ ഇരുപതാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ റമാലിയായുടെ പുത്രന്‍ പെക്കാഹിനെതിരേ ഗൂഢാലോചനനടത്തി, അവനെ വധിച്ചു രാജാവായി.
31: പെക്കാഹിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

യൂദാരാജാവ് യോഥാം

32: റമാലിയായുടെ പുത്രന്‍ പെക്കാഹിന്റെ രണ്ടാം ഭരണവര്‍ഷം യൂദാരാജാവായ ഉസ്സിയായുടെ മകന്‍ യോഥാം ഭരണമേറ്റു.
33: അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായ യറൂഷയായിരുന്നു അവന്റെ മാതാവ്.
34: പിതാവായ ഉസ്സിയായെപ്പോലെ അവന്‍ കർത്താവിന്റെമുമ്പില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു.
35: എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവുമര്‍പ്പിച്ചുപോന്നു. അവന്‍ ദേവാലയത്തിന്റെ ഉപരികവാടം നിര്‍മ്മിച്ചു.
36: യോഥാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
37: അക്കാലത്ത്, കര്‍ത്താവു സിറിയാരാജാവായ റസീനെയും റമാലിയായുടെ പുത്രനായ പെക്കാഹിനെയും യൂദായ്‌ക്കെതിരേ അയച്ചുതുടങ്ങി. യോഥാം പിതാക്കന്മാരോടുചേര്‍ന്നു.
38: പിതാവായ ദാവീദിന്റെ നഗരത്തില്‍ അവനെ സംസ്‌കരിച്ചു. പുത്രന്‍ ആഹാസ് രാജാവായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ