നൂറ്റിപ്പതിനാലാം ദിവസം: 2 ദിനവൃത്താന്തം 13 - 17


അദ്ധ്യായം 13

അബിയാ
1: ജറോബോവാം രാജാവിന്റെ പതിനെട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്ചതുടങ്ങി. 
2: അവന്‍ ജറുസലെമില്‍ മൂന്നുവര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്റെ മകള്‍ മിക്കായാ ആയിരുന്നു അവന്റെ അമ്മ. അബിയായും ജറോബോവാമും തമ്മില്‍ യുദ്ധംനടന്നു.
3: വീരപരാക്രമികളായ നാലുലക്ഷം യോദ്ധാക്കളോടുകൂടി അബിയാ യുദ്ധത്തിനു പുറപ്പെട്ടു. ജറോബോവാം എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി.
4: എഫ്രായിം മലമ്പ്രദേശത്തുള്ള സെമറായീം മലയില്‍നിന്നുകൊണ്ട് അബിയാ വിളിച്ചുപറഞ്ഞു: ജറോബോവാമും സകല ഇസ്രായേല്യരും കേള്‍ക്കട്ടെ.
5: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ലവണയുടമ്പടിയാല്‍ ദാവീദിനും പുത്രന്മാര്‍ക്കും ഇസ്രായേലിന്റെ രാജത്വം ശാശ്വതമായി നല്‍കിയിരിക്കുന്നത് നിങ്ങള്‍ക്കറിഞ്ഞുകൂടേ?
6: എങ്കിലും നെബാത്തിന്റെ മകന്‍ ജറോബോവാം ദാവീദിന്റെ മകനായ സോളമന്റെ ദാസനായിരിക്കേ, തന്റെ യജമാനനെതിരായി മത്സരിച്ചു.
7: നിസ്സാരരും ദുര്‍വൃത്തരുമായ ഏതാനുംപേര്‍ അവനോടുചേര്‍ന്ന് സോളമന്റെ മകനായ റഹോബോവാമിനെ എതിര്‍ത്തു. പ്രായവും പക്വതയുമെത്താത്ത അവന്, അവരെ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല.
8: നിങ്ങള്‍ക്ക് സംഖ്യാബലമുണ്ട്. ജറോബോവാം ഉണ്ടാക്കിത്തന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായുമുണ്ട്. തന്നിമിത്തം ദാവീദിന്റെ സന്തതിക്കു നല്‍കിയിരിക്കുന്ന രാജത്വത്തോടു ചെറുത്തുനില്‍ക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?
9: കര്‍ത്താവിന്റെ പുരോഹിതന്മാരായ അഹറോന്റെ പുത്രന്മാരെയും ലേവ്യരെയും തുരത്തിയിട്ട്, മറ്റുജനതകളെപ്പോലെ നിങ്ങള്‍ സ്വന്തമായി പുരോഹിതന്മാരെ നിയോഗിച്ചില്ലേതന്നെത്തന്നെ പ്രതിഷ്ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏവനുംദൈവമെന്നു പറയപ്പെടുന്ന നിന്റെ ദേവന്മാര്‍ക്കു പുരോഹിതനായിത്തീരുന്നു.
10: എന്നാല്‍, കര്‍ത്താവാണു ഞങ്ങളുടെ ദൈവം. അവിടുത്തെ ഞങ്ങള്‍ പരിത്യജിച്ചിട്ടില്ല. കര്‍ത്താവിനു ശുശ്രുഷചെയ്യാന്‍ അഹറോന്റെ പുത്രന്മാരും അവരെ സഹായിക്കാന്‍ ലേവ്യരും ഞങ്ങള്‍ക്കുണ്ട്.
11: അവര്‍ എന്നും രാവിലെയും വൈകുന്നേരവും കര്‍ത്താവിനു ദഹനബലികളും പരിമളധൂപങ്ങളുമര്‍പ്പിക്കുന്നു. തനി സ്വര്‍ണ്ണംകൊണ്ടുള്ള മേശമേല്‍ തിരുസാന്നിദ്ധ്യയപ്പം വയ്ക്കുന്നു. എല്ലാ സായാഹ്നത്തിലും കത്തിക്കുവാന്‍വേണ്ടി അവര്‍ പൊന്‍വിളക്കുകാലും വിളക്കുകളും ഭംഗിയായി സൂക്ഷിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്പനകള്‍ പാലിക്കുന്നു. നിങ്ങളോ അവിടുത്തെ പരിത്യജിച്ചിരിക്കുന്നു.
12: ദൈവമാണു ഞങ്ങളുടെ നായകന്‍. നിങ്ങള്‍ക്കെതിരേ യുദ്ധകാഹളംമുഴക്കാന്‍ അവിടുത്തെ പുരോഹിതന്മാര്‍ യുദ്ധകാഹളവുമായി ഞങ്ങളോടൊപ്പമുണ്ട്. ഇസ്രായേല്‍സന്തതികളേനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനോടു യുദ്ധത്തിനൊരുമ്പെടരുത്. നിങ്ങള്‍ വിജയിക്കുകയില്ല.
13: ജറോബോവാംയൂദാസൈന്യത്തെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ പതിയിരുപ്പുകാരെ അയച്ചിരുന്നു. അങ്ങനെ സൈന്യം മുമ്പിലും പതിയിരുപ്പുകാര്‍ പിന്നിലുമായി യൂദായെ വളഞ്ഞു.
14: മുന്നിലും പിന്നിലും ആക്രമണമുണ്ടായപ്പോള്‍ യൂദാസൈന്യം കര്‍ത്താവിനോടു നിലവിളിച്ചു. പുരോഹിതന്മാര്‍ കാഹളമൂതി.
15: യൂദാസൈന്യം പോര്‍വിളി നടത്തി. അവര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ അബിയായുടെയും യൂദായുടെയുംമുമ്പില്‍ ജറോബോവാമിനെയും ഇസ്രായേലിനെയും ദൈവം തോല്പിച്ചു.
16: ഇസ്രായേല്‍സൈന്യം യൂദായുടെ മുമ്പില്‍ തോറ്റോടി. ദൈവം അവരെ യൂദായുടെ കൈകളിലേല്പിച്ചു.
17: അബിയായും സൈന്യവും കൂട്ടക്കൊല നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കള്‍ അവിടെ മരിച്ചുവീണു.
18: അന്ന് ഇസ്രായേല്‍ കീഴടങ്ങി. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവില്‍ ആശ്രയിച്ചതിനാല്‍ യൂദാ വിജയംകൈവരിച്ചു.
19: അബിയാ ജറോബോവാമിനെ പിന്തുടര്‍ന്ന്ബഥേല്‍, യെഷാനാഎഫ്രോണ്‍ എന്നീ പട്ടണങ്ങളും അവയോടുചേര്‍ന്നുള്ള ഗ്രാമങ്ങളും പിടിച്ചെടുത്തു.
20: അബിയായുടെകാലത്ത് ജറോബോവാമിന് അധികാരം വീണ്ടെടുക്കാന്‍ സാധിച്ചില്ല. കര്‍ത്താവ് അവനെ ശിക്ഷിച്ചുഅവന്‍ മരിച്ചു. എന്നാല്‍, അബിയാ പ്രാബല്യം നേടി.
21: അവനു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരുമുണ്ടായിരുന്നു.
22: അബിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ വാക്കുകളും പ്രവര്‍ത്തനശൈലിയുമെല്ലാം ഇദ്ദോ പ്രവാചകന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.


അദ്ധ്യായം 14

ആസാ
1: അബിയാ പിതാക്കന്മാരോടു ചേര്‍ന്നുദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന്‍ ആസാ രാജാവായി. ആസായുടെകാലത്ത്, പത്തുവര്‍ഷം ദേശത്തു സമാധാനം നിലനിന്നു.
2: ആസാ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിയും നന്മയും പ്രവര്‍ത്തിച്ചു.
3: അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കംചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചുതകര്‍ത്തു. അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി.
4: യൂദാനിവാസികളോടു തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെയന്വേഷിക്കുവാനും അവിടുത്തെ നിയമങ്ങളും പ്രമാണങ്ങളുമനുസരിക്കുവാനും കല്പിച്ചു.
5: കൂടാതെ യൂദാനഗരങ്ങളില്‍നിന്നു പൂജാഗിരികളും ബലിപീഠങ്ങളും നീക്കംചെയ്തു. അവന്റെകാലത്തു രാജ്യത്തു സമാധാനം നിലനിന്നു.
6: രാജ്യത്തു സമാധാനമുണ്ടായിരുന്നതിനാല്‍ യൂദായിലെ പല നഗരങ്ങളും അവന്‍ ബലവത്താക്കി. കര്‍ത്താവു സ്വസ്ഥത നല്കിയതിനാല്‍, ആ കാലത്തു യുദ്ധംവേണ്ടിവന്നില്ല.
7: അവന്‍ യൂദാനിവാസികളോടു പറഞ്ഞു: നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിയാംഅവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുന്നതിനാല്‍, ദേശം ഇപ്പോഴും നമ്മുടെ അധീനതയില്‍ത്തന്നെ. നാം വിളിച്ചപേക്ഷിച്ചുഅതിര്‍ത്തികളിലെല്ലാം അവിടുന്നു സമാധാനം നല്കിയിരിക്കുന്നു. അങ്ങനെ അവര്‍ എല്ലാം പണിതു ഭദ്രമാക്കി.
8: ആസായ്ക്കു യൂദായില്‍നിന്നു കുന്തവും പരിചയുംധരിച്ച മൂന്നുലക്ഷം പടയാളികളും ബഞ്ചമിനില്‍നിന്നു ചെറുപരിചയും വില്ലുംധരിച്ച രണ്ടു ലക്ഷത്തിയെണ്‍പതിനായിരംപേരും ഉണ്ടായിരുന്നു. ഇവരെല്ലാം ധീരയോദ്ധാക്കളായിരുന്നു.
9: എത്യോപ്യനായ സേരാപത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമായി അവര്‍ക്കെതിരേ മരേഷാവരെ എത്തി.
10: ആസാ അവനെതിരേ പുറപ്പെട്ടു. ഇരുകൂട്ടരും മരേഷായിലെ സെഫാതാ താഴ്‌വരയില്‍ അണിനിരന്നു.
11: അപ്പോള്‍ ആസാ തന്റെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു: കര്‍ത്താവേബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേഞങ്ങളങ്ങയെ ശരണംപ്രാപിക്കുന്നുഞങ്ങളെ സഹായിക്കണമേ! അവിടുത്തെ നാമത്തിലാണു ഞങ്ങള്‍ ഈ വലിയ സൈന്യത്തിനെതിരേ വന്നിരിക്കുന്നത്. കര്‍ത്താവേഅവിടുന്നാണു ഞങ്ങളുടെ ദൈവംഅങ്ങേയ്ക്കെതിരേ മര്‍ത്ത്യന്‍ പ്രബലനാകരുതേ!
12: ആസായുടെയും യൂദായുടെയുംമുമ്പില്‍ കര്‍ത്താവ് എത്യോപ്യരെ പരാജയപ്പെടുത്തി. അവര്‍ തോറ്റോടി.
13: ആസായും കൂട്ടരും ഗരാര്‍വരെ അവരെ പിന്തുടര്‍ന്നു. ഒന്നൊഴിയാതെ എത്യോപ്യരെല്ലാവരും മരിച്ചുവീണു. അവര്‍ കര്‍ത്താവിന്റെയും അവിടുത്തെ സൈന്യത്തിന്റെയുംമുമ്പില്‍ തകര്‍ന്നുപോയിരുന്നു. അന്നു യൂദാസൈന്യം വലിയൊരു കൊള്ളനടത്തി.
14: ഗരാറിനുചുറ്റുമുള്ള സകലപട്ടണങ്ങളും അവര്‍ തകര്‍ത്തു. അവിടത്തെ നിവാസികള്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭയംനിമിത്തം പരിഭ്രാന്തരായിരുന്നു. യൂദാസൈന്യം അവ കൊള്ളയടിച്ചു ധാരാളം വസ്തുക്കള്‍ കരസ്ഥമാക്കി.
15: മൃഗശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തിഅവര്‍ ജറുസലെമിലേക്കു മടങ്ങി.

അദ്ധ്യായം 15

1: ദൈവത്തിന്റെയാത്മാവ് ഒദേദിന്റെ മകന്‍ അസറിയായുടെമേല്‍ വന്നു.
2: അവന്‍, ആസായുടെയടുത്തുചെന്നു പറഞ്ഞു: ആസാ രാജാവേയൂദാ - ബഞ്ചമിന്‍നിവാസികളേകേള്‍ക്കുവിന്‍, നിങ്ങള്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നിടത്തോളംകാലം അവിടുന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങള്‍ അവിടുത്തെയന്വേഷിച്ചാല്‍ കണ്ടെത്തും. നിങ്ങള്‍ അവിടുത്തെ പരിത്യജിച്ചാല്‍ അവിടുന്നു നിങ്ങളെയും പരിത്യജിക്കും.
3: സത്യദൈവമോ, പഠിപ്പിക്കാന്‍ പുരോഹിതനോ, നിയമമോ ഇല്ലാതെ ഇസ്രായേല്‍ ദീര്‍ഘകാലംകഴിച്ചു.
4: എന്നാല്‍, കഷ്ടതകള്‍നേരിട്ടപ്പോള്‍ അവര്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞുഅവര്‍ അവിടുത്തെയന്വേഷിച്ചുകണ്ടെത്തി.
5: അന്നു സകലദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാല്‍, ആരും സുരക്ഷിതരായിരുന്നില്ല.
6: ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്‌ക്കെതിരായും നഗരം നഗരത്തിനെതിരായും യുദ്ധംചെയ്തു ഛിന്നഭിന്നമായി.
7: നിങ്ങള്‍ ധീരന്മാരായിരിക്കുവിന്‍. നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കും.
8: ഒദേദിന്റെ മകന്‍ അസറിയായുടെ പ്രവചനംകേട്ട് ആസാ ധൈര്യപ്പെട്ടു. യൂദായിലും ബഞ്ചമിനിലും എഫ്രായിം മലമ്പ്രദേശത്തും അവന്‍ പിടിച്ചടക്കിയ നഗരങ്ങളിലുംനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കികളഞ്ഞു. ദേവാലയപൂമുഖത്തിന്റെ മുമ്പിലുണ്ടായിരുന്ന കര്‍ത്താവിന്റെ ബലിപീഠം പുനരുദ്ധരിച്ചു.
9: കര്‍ത്താവ് ആസായോടുകൂടെയുണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ എഫ്രായിംമനാസ്സെശിമയോന്‍ എന്നീ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് അനേകര്‍ അവനോടുചേര്‍ന്ന് അവന്റെ രാജ്യത്തു താമസമാക്കി. യൂദായ്ക്കും ബഞ്ചമിനുംപുറമേ ഇസ്രായേലില്‍നിന്നു കൂറുമാറി വന്നവരെയും ആസാ വിളിച്ചുകൂട്ടി.
10: ആസായുടെ പതിനഞ്ചാം ഭരണവര്‍ഷം മൂന്നാംമാസം എല്ലാവരും ജറുസലെമില്‍ സമ്മേളിച്ചു.
11: തങ്ങള്‍ കൊണ്ടുവന്ന കൊള്ളമുതലില്‍നിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്നവര്‍ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
12: തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അന്വേഷിക്കുമെന്നും
13: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെയന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെവധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടിചെയ്തു.
14: ആര്‍ത്തുവിളിച്ച്കൊമ്പും കുഴലും ഊതിക്കൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ അവര്‍ ശപഥംചെയ്തു.
15: യൂദാ മുഴുവനും ഈ ശപഥത്തിലാഹ്ലാദിച്ചു. പൂര്‍ണ്ണഹൃദയത്തോടെ പ്രതിജ്ഞചെയ്യുകയും പൂര്‍ണ്ണമനസ്സോടെ കര്‍ത്താവിനെ അന്വേഷിക്കുകയുംചെയ്തു. അവിടുന്ന്, അവര്‍ക്കു ദര്‍ശനമരുളിഎങ്ങും സ്വസ്ഥത നല്കുകയുംചെയ്തു.
16: ആസാരാജാവിന്റെ പിതാമഹി മാഖാ അഷേരാ ദേവതയുടെ മ്ലേച്ഛവിഗ്രഹമുണ്ടാക്കിയതിനാല്‍ അവളെ അമ്മറാണി എന്ന സ്ഥാനത്തുനിന്നു മാറ്റി. ആസാ ആ വിഗ്രഹം വെട്ടിമുറിച്ചു കഷണങ്ങളാക്കികിദ്രോന്‍തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.
17: പൂജാഗിരികള്‍ ഇസ്രായേലില്‍നിന്നു നീക്കംചെയ്തില്ലെങ്കിലും ജീവിതകാലംമുഴുവനും ആസാ ഹൃദയവിശുദ്ധി പാലിച്ചു.
18: തന്റെ പിതാവും താനും കാഴ്ചവച്ച സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും അവന്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നു.
19: അവന്റെ മുപ്പത്തിയഞ്ചാം ഭരണവര്‍ഷംവരെ യുദ്ധമൊന്നുമുണ്ടായില്ല

അദ്ധ്യായം 16

1: ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍രാജാവായ ബാഷാ, യൂദായ്‌ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന്‍ റാമാ നിര്‍മ്മിച്ചുതുടങ്ങി.
2: ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരത്തില്‍നിന്നു സ്വര്‍ണ്ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന സിറിയാരാജാവായ ബന്‍ഹദാദിന് കൊടുത്തയച്ചുകൊണ്ടു പറഞ്ഞു:
3: നമ്മുടെ പിതാക്കന്മാര്‍ തമ്മിലുണ്ടായിരുന്നതുപോലെ നമുക്കും ഒരു സഖ്യംചെയ്യാം. ഞാനിതാ സ്വര്‍ണ്ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബാഷാ എന്റെ രാജ്യത്തുനിന്നു പിന്മാറുന്നതിന്, അവനുമായുള്ള സഖ്യം വിച്ഛേദിക്കുക.
4: ആസാ രാജാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു ബന്‍ഹദാദ് സേനാധിപന്മാരെ ഇസ്രായേല്‍നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍മയിം എന്നിവയും നഫ്താലിയിലെ എല്ലാ സംഭരണനഗരങ്ങളും പിടിച്ചടക്കി.
5: ഇതു കേട്ടപ്പോള്‍, ബാഷാ റാമായുടെ പണി നിര്‍ത്തിവച്ചു.
6: ആസാരാജാവു യൂദാനിവാസികളെയെല്ലാംകൂട്ടി റാമാ പണിയാന്‍ ബാഷാകൊണ്ടുവന്നുവച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുപോയി. അവകൊണ്ടു ഗേബയും മിസ്പായും പണിതു.
7: ആ സമയത്തു ഹനാനി ദീര്‍ഘദര്‍ശി യൂദാരാജാവായ ആസായുടെ അടുത്തുചെന്നു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിലാശ്രയിക്കാതെ, സിറിയാരാജാവിനെ അഭയംതേടിയതിനാല്‍ സിറിയാരാജാവിന്റെ സൈന്യം നിന്റെ കൈയില്‍നിന്നു രക്ഷപെട്ടു.
8: അസംഖ്യം രഥങ്ങളും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യമല്ലേ എത്യോപ്യര്‍ക്കും ലിബിയര്‍ക്കും ഉണ്ടായിരുന്നത്എന്നിട്ടും നീ കര്‍ത്താവിലാശ്രയിച്ചതിനാല്‍ അവിടുന്നവരെ നിന്റെ കൈയില്‍ ഏല്പിച്ചുതന്നു.
9: തന്റെ മുമ്പില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്റെ ദൃഷ്ടികള്‍ ഭൂമിയിലുടനീളം പായുന്നു. എന്നാല്‍ നീചെയ്തതു ഭോഷത്തമാണ്. ഇനി, യുദ്ധം നിന്നെ വിട്ടുമാറുകയില്ല.
10: ആസാ കോപിച്ചു ദീര്‍ഘദര്‍ശിയെ ചങ്ങലയാല്‍ ബന്ധിച്ചു കാരാഗൃഹത്തിലടച്ചു. കാരണംഈ വാക്കുകള്‍ അവനെ പ്രകോപിപ്പിച്ചു. അന്ന്, ആസാ ജനത്തില്‍ ചിലരെ ക്രൂരമായി പീഡിപ്പിച്ചു.
11: ആസായുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
12: തന്റെ മുപ്പത്തിയൊമ്പതാം ഭരണവര്‍ഷം ആസായുടെ കാലില്‍ രോഗബാധയുണ്ടായി. അതു മൂര്‍ച്ഛിച്ചിട്ടും അവന്‍ വൈദ്യന്മാരിലല്ലാതെ കര്‍ത്താവിലാശ്രയിച്ചില്ല.
13: നാല്പത്തിയൊന്നാം ഭരണവര്‍ഷം ആസാ പിതാക്കന്മാരോടു ചേര്‍ന്നു.
14: ദാവീദിന്റെ നഗരത്തില്‍ തനിക്കുവേണ്ടി തയ്യാറാക്കിയ കല്ലറയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. വിദഗ്ദ്ധമായി കൂട്ടിയെടുത്ത പലവിധ പരിമളദ്രവ്യങ്ങള്‍കൊണ്ടുനിറച്ച മഞ്ചത്തില്‍ അവനെ കിടത്തി. അവന്റെ ബഹുമാനത്തിനായി വലിയൊരു തീക്കൂന കൂട്ടി.

അദ്ധ്യായം 17

യഹോഷാഫാത്ത്
1: ആസായ്ക്കുശേഷം മകന്‍ യഹോഷാഫാത്ത് രാജാവായി. അവന്‍ ഇസ്രായേലിനെതിരേ തന്റെനില ഭദ്രമാക്കി.
2: യൂദായിലെ സുരക്ഷിതനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുംഎഫ്രായിംദേശത്തുനിന്നു തന്റെ പിതാവായ ആസാ പിടിച്ചെടുത്ത പട്ടണങ്ങളിലും പട്ടാളത്തെ നിയോഗിച്ചു.
3: തന്റെ പിതാവിന്റെ ആദ്യകാല മാതൃകയനുസരിച്ച്ബാലിനെ സേവിക്കാതിരുന്നതിനാല്‍ കര്‍ത്താവു യഹോഷാഫാത്തിനോടുകൂടെ  ഉണ്ടായിരുന്നു.
4: അവന്‍ പിതാവിന്റെ ദൈവത്തെ തേടുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയുംചെയ്തു. ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗ്ഗം സ്വീകരിച്ചതുമില്ല.
5: കര്‍ത്താവ്‌, യഹോഷാഫാത്തിനു രാജ്യത്തിന്റെ പൂര്‍ണ്ണനിയന്ത്രണം നല്കി. യൂദാമുഴുവനും അവനു കാഴ്ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്റെ ധനവും മാനവും പെരുകി.
6: അവന്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തിലുറച്ചുനിന്നുയൂദായിലെ പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും നശിപ്പിച്ചു.
7: തന്റെ മൂന്നാം ഭരണവര്‍ഷം യഹോഷാഫാത്ത് യൂദാനഗരങ്ങളില്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഉപദേഷ്ടാക്കളായി ബന്‍ഹായില്‍, ഒബാദിയാസഖറിയാനെത്തനേല്‍, മിഖായാ എന്നിവരെ അയച്ചു.
8: അവരോടൊപ്പം ലേവ്യരായ ഷെമായനെഥാനിയാസെബദിയാഅസഹേല്‍, ഷെമിറാമോത്ത്യഹോനാഥാന്‍, അദോനിയാതോബിയാതോബ് അദോനിയാ എന്നിവരെയും പുരോഹിതന്മാരായ എലിഷാമായഹോറാം എന്നിവരെയുമയച്ചു.
9: അവര്‍ കര്‍ത്താവിന്റെ നിയമഗ്രന്ഥവുമായി യൂദാനഗരങ്ങളിലെല്ലാംചെന്നു ജനത്തെ പഠിപ്പിച്ചു.
10: യൂദായ്ക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭീതി പരന്നതിനാല്‍ അവരാരും യഹോഷാഫാത്തിനെതിരേ യുദ്ധത്തിനുപോയില്ല.
11: ഫിലിസ്ത്യരില്‍ ചിലര്‍ യഹോഷാഫാത്തിനു കാഴ്ചയായി ധാരാളം വെള്ളിയും മറ്റു സമ്മാനങ്ങളും കൊണ്ടുവന്നു. ഏഴായിരത്തിയെഴുനൂറു ചെമ്മരിയാടുകളെയും ഏഴായിരത്തിയെഴുനൂറു കോലാടുകളെയും അറബികള്‍ സമ്മാനിച്ചു.
12: യഹോഷാഫാത്ത് അടിക്കടി പ്രബലനായിക്കൊണ്ടിരുന്നു. യൂദായിലെങ്ങും കോട്ടകളും സംഭരണനഗരങ്ങളും പണിതു.
13: അവിടെ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. ജറുസലെമില്‍ വീരയോദ്ധാക്കളുടെ വ്യൂഹങ്ങളെ നിയോഗിച്ചു.
14: ഗോത്രക്രമത്തില്‍ അവരുടെ പേരുവിവരം: യൂദാഗോത്രത്തിലെ സഹസ്രാധിപന്മാരുടെ തലവന്‍ അദ്‌നാ - അവന്റെ കീഴില്‍ മൂന്നുലക്ഷം പടയാളികള്‍.
15: രണ്ടാമന്‍, യഹോഹനാന്‍ - അവന്റെ കീഴില്‍ രണ്ടു ലക്ഷത്തിയെണ്‍പതിനായിരംപേര്‍.
16: മൂന്നാമന്‍ സിക്രിയുടെ മകന്‍ അമസിയാ - കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി തന്നെത്തന്നെ സമര്‍പ്പിച്ച അവന്റെ കീഴില്‍ രണ്ടുലക്ഷംപേര്‍.
17: ബഞ്ചമിന്‍ഗോത്രത്തിന്റെ സൈന്യാധിപന്‍ എലിയാദാ - വീരപരാക്രമിയായ അവന്റെകീഴില്‍ പരിചയും വില്ലുമുപയോഗിക്കുന്ന പടയാളികള്‍ രണ്ടുലക്ഷം.
18: നാലാമന്‍, യഹോസബാദ് - അവന്റെകീഴില്‍ ആയുധധാരികള്‍ ഒരു ലക്ഷത്തിയെണ്‍പതിനായിരം.
19: യൂദായിലെ സുരക്ഷിതനഗരങ്ങളില്‍ നിയമിച്ചിരുന്നവര്‍ക്കു പുറമേയുള്ള രാജസേവകരാണിവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ