നൂറ്റിപ്പതിനേഴാം ദിവസം: 2 ദിനവൃത്താന്തം 25 - 28


അദ്ധ്യായം 25

അമസിയാ
1: രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊമ്പതുവര്‍ഷം ഭരിച്ചു. ജറുസലെംകാരിയായ യഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.
2: അവന്‍ കര്‍ത്താവിന്റെമുമ്പില്‍ നീതി പ്രവര്‍ത്തിച്ചു. പക്ഷേപൂര്‍ണ്ണഹൃദയത്തോടെയായിരുന്നില്ല.
3: രാജാധികാരം തന്റെ കൈയിലുറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായ സേവകന്മാരെ വധിച്ചു.
4: മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച്, അവന്‍ അവരുടെ മക്കളെക്കൊന്നില്ല. പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോമക്കളുടെ അകൃത്യത്തിന് പിതാക്കന്മാരോ വധിക്കപ്പെടരുത്. ഓരോരുത്തരും താന്താങ്ങളുടെ അകൃത്യത്തിനു മരണശിക്ഷ അനുഭവിക്കണമെന്ന കര്‍ത്താവിന്റെ കല്പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
5: അമസിയാ യൂദായില്‍നിന്നും ബഞ്ചമിനില്‍നിന്നുംആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലുംവയസ്സുള്ള മൂന്നുലക്ഷംപേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍ യുദ്ധശേഷിയുള്ളവരും കുന്തവും പരിചയുമുപയോഗിക്കാന്‍ കഴിവുള്ളവരുമായിരുന്നു.
6: ഇതിനുപുറമേ ഇസ്രായേലില്‍നിന്ന് ഒരു ലക്ഷം വീരയോദ്ധാക്കളെ നൂറു താലന്തു വെള്ളിക്കു കൂലിക്കെടുത്തു.
7: എന്നാല്‍, ഒരു ദൈവപുരുഷന്‍വന്ന് അവനോടു പറഞ്ഞു: രാജാവേഇസ്രായേല്‍സൈന്യത്തെ നീ കൂടെക്കൊണ്ടു പോകരുത്. കര്‍ത്താവ് എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല.
8: ഇവര്‍ യുദ്ധത്തില്‍ നിനക്കു ശക്തിപകരുമെന്നു നീ കരുതുന്നെങ്കില്‍ ദൈവം ശത്രുവിന്റെമുമ്പില്‍ നിന്നെ വീഴ്ത്തും. സഹായിക്കാനും പരിത്യജിക്കാനും ദൈവത്തിനു കഴിയും.
9: അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ക്കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്.
10: അപ്പോള്‍ അമസിയാ എഫ്രായിമില്‍നിന്നുവന്ന സൈന്യത്തെ പിരിച്ചുവിട്ടു. അവര്‍ക്കു യൂദായോടു വലിയ അമര്‍ഷം തോന്നികോപാക്രാന്തരായി അവര്‍ വീടുകളിലേക്കു മടങ്ങി.
11: അമസിയാ സധൈര്യം സൈന്യത്തെ നയിച്ച് ഉപ്പുതാഴ്‌വരയിലെത്തി. പതിനായിരം സെയിര്‍പടയാളികളെ വധിച്ചു.
12: യൂദാസൈന്യം വേറെ പതിനായിരംപേരെ ജീവനോടെ പിടിച്ച് ഒരു പാറയുടെ മുകളില്‍കൊണ്ടുപോയി താഴേയ്ക്കു തള്ളിയിട്ടു. അവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി.
13: യുദ്ധത്തിനുകൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികര്‍ സമരിയായ്ക്കും ബേത്ത്‌ഹോറോനും ഇടയ്ക്കുള്ള യൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരംപേരെ കൊല്ലുകയും വളരെയേറെ കൊള്ളവസ്തുക്കള്‍ ശേഖരിക്കുകയുംചെയ്തു.
14: ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ചയര്‍പ്പിക്കുകയുംചെയ്തു.
15: കര്‍ത്താവ് അമസിയായോടുകോപിച്ച് ഒരു പ്രവാചകനെയയച്ചു. അവന്‍ ചോദിച്ചു: സ്വന്തം ജനത്തെ നിന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്ന ഈ ദേവന്മാരെ നീ ആശ്രയിക്കുന്നതെന്തിന്?
16: അപ്പോള്‍ അമസിയാ അവനോടു പറഞ്ഞു: രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോനിര്‍ത്തൂഅല്ലെങ്കില്‍, നിനക്കു ജീവന്‍ നഷ്ടപ്പെടും. പ്രവാചകന്‍ ഇത്രയുംകൂടെ പറഞ്ഞുനിറുത്തി: നീ ഇപ്രകാരം പ്രവര്‍ത്തിക്കുകയും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കുകയുംചെയ്തതിനാല്‍, ദൈവം നിന്നെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാനറിയിക്കുന്നു.
17: യൂദാരാജാവായ അമസിയാ ഉപദേഷ്ടാക്കളുമായി ആലോചിച്ച് യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകനും ഇസ്രായേല്‍രാജാവുമായ യഹോവാഷിന്റെ അടുത്ത് ആളയച്ചു പറഞ്ഞു: വരൂനമുക്കൊരു ബലപരീക്ഷണം നടത്താം.
18: ഇസ്രായേല്‍രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് മറുപടിനല്കി. ലബനോനിലെ ഒരു മുള്‍ച്ചെടിലബനോനിലെ ഒരു ദേവദാരുവിനോട്നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുകയെന്നാവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴിവന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു.
19: ഏദോമിനെ തകര്‍ത്തുവെന്നു നീ വീമ്പിളക്കുന്നു. അടങ്ങി വീട്ടിലിരിക്കുക. എന്തിനു യൂദായ്ക്കും നിനക്കും വെറുതെ നാശം വിളിച്ചുവരുത്തുന്നു?
20: എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. ഏദോമിലെ ദേവന്മാരെ സേവിച്ചതുകൊണ്ട് അവരെ ശത്രുകരങ്ങളിലേല്പിക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു.
21: ഇസ്രായേല്‍രാജാവായ യഹോവാഷ്‌ യുദ്ധത്തിനു പുറപ്പെട്ടു. അവന്‍ യുദാരാജാവായ അമസിയായുമായി യൂദായിലെ ബേത്‌ഷേമെഷില്‍വച്ച് ഏറ്റുമുട്ടി.
22: യൂദാസൈന്യം പരാജയപ്പെട്ടു. പടയാളികള്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയി.
23: ഇസ്രായേല്‍രാജാവായ യഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍കൊണ്ടുവന്നു. ജറുസലെമിന്റെ മതില്‍ എഫ്രായിംകവാടംമുതല്‍ കോണ്‍കവാടംവരെ നാനൂറു മുഴം ഇടിച്ചുതകര്‍ത്തു.
24: അവന്‍ ദേവാലയത്തിലെ സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്ഓബെദ് ഏദോമിനെ തടവുകാരനാക്കിരാജകൊട്ടാരത്തിലെ നിക്ഷേപങ്ങള്‍ കൈവശപ്പെടുത്തികൊള്ളമുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി.
25: യഹോവാഹാസിന്റെ മകനും ഇസ്രായേല്‍രാജാവുമായ യഹോവാഷിന്റെ മരണത്തിനുശേഷം യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയാ പതിനഞ്ചുവര്‍ഷം ജീവിച്ചു.
26: അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27: കര്‍ത്താവിനെ വിട്ടകന്നനാള്‍മുതല്‍ അവനെതിരേ ജറുസലെമില്‍ ഗൂഢാലോചനനടന്നു. അവന്‍ ലാഖീഷിലേക്ക് ഒളിച്ചോടി. അവര്‍ ആളെവിട്ടു ലാഖീഷില്‍വച്ച് അവനെ വധിച്ചു.
28: മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്നു ദാവീദിന്റെ നഗരത്തില്‍ പിതാക്കന്മാരോടുകൂടെ സംസ്‌കരിച്ചു.

അദ്ധ്യായം 26

ഉസിയ
1: അനന്തരംയൂദാനിവാസികള്‍ പതിനാറുവയസ്സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.
2: പിതാവിന്റെ മരണത്തിനുശേഷം ഉസിയാ, ഏലോത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.
3: പതിനാറാം വയസ്സില്‍ രാജ്യഭാരമേറ്റ ഉസിയ, ജറുസലെമില്‍ അമ്പത്തിരണ്ടു വര്‍ഷം ഭരിച്ചു. അവന്റെയമ്മ, ജറുസലെംകാരി യക്കോലിയാ ആയിരുന്നു.
4: തന്റെ പിതാവായ അമസിയായെപ്പോലെ അവനും കര്‍ത്താവിന്റെമുമ്പില്‍ നീതി പ്രവര്‍ത്തിച്ചു.
5: തന്നെ ദൈവഭക്തിയഭ്യസിപ്പിച്ച സഖറിയാ ജീവിച്ചിരുന്നിടത്തോളംകാലം അവന്‍ ദൈവത്തെയന്വേഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. കര്‍ത്താവിനെ അന്വേഷിച്ചകാലമത്രയും ദൈവമവന് ഐശ്വര്യം നല്കി.
6: ഉസിയാ ഫിലിസ്ത്യര്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്യാബ്‌നെഅഷ്‌ദോദ് എന്നീ പട്ടണങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അഷ്‌ദോദിലും മറ്റുചില ഫിലിസ്ത്യപ്രദേശങ്ങളിലും പട്ടണങ്ങള്‍ പണിതു.
7: ഫിലിസ്ത്യരെയും ഗൂര്‍ബാലിലുള്ള അറബികളെയും മെയൂന്യരെയും നേരിടാന്‍ ദൈവമവനെ സഹായിച്ചു.
8: അമ്മോന്യര്‍ ഉസിയായ്ക്കു കപ്പംകൊടുത്തു. അവന്‍ അതിപ്രബലനായി. അവന്റെ കീര്‍ത്തി ഈജിപ്തുവരെയും വ്യാപിച്ചു.
9: കോണ്‍കവാടംതാഴ്‌വരക്കവാടംമതില്‍ത്തിരിവ് എന്നിവയ്ക്കുസമീപം ഗോപുരങ്ങള്‍ പണിത് അവന്‍ ജറുസലേമിനെ സുരക്ഷിതമാക്കി.
10: അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും അനേകം കിണറുകള്‍ കുഴിക്കുകയുംചെയ്തു. അവനു ഷെഫേലായിലും സമതലത്തിലും ധാരാളം കാലിക്കൂട്ടങ്ങളുണ്ടായിരുന്നു. കൃഷിയില്‍ തത്പരനായിരുന്നതിനാല്‍അവന്‍ കുന്നുകളിലും ഫലപുഷ്ടിയുള്ള പ്രദേശങ്ങളിലും കര്‍ഷകരെയും മുന്തിരിക്കൃഷിക്കാരെയും നിയോഗിച്ചു.
11: രാജാവിന്റെ സേനാധിപന്മാരിലൊരുവനായ ഹനനിയായുടെ നിര്‍ദ്ദേശമനുസരിച്ചു കാര്യവിചാരകനായ ജയിയേലും രാജസേവകനായ മാസെയായും തയ്യാറാക്കിയ കണക്കിമ്പടി ഉസിയായ്ക്കു യുദ്ധത്തിനുശേഷിയുള്ള അനേകഗണങ്ങളടങ്ങിയ സൈന്യമുണ്ടായിരുന്നു.
12: യുദ്ധവീരന്മാരായ കുടുംബത്തലവന്മാര്‍ രണ്ടായിരത്തിയറുനൂറുപേരുണ്ടായിരുന്നു.
13: അവരുടെ കീഴില്‍ രാജാവിനുവേണ്ടി ശത്രുക്കളോടു പൊരുതാന്‍ കഴിവുറ്റ മൂന്നു ലക്ഷത്തിയേഴായിരത്തിയഞ്ഞൂറു പടയാളികളുമുണ്ടായിരുന്നു.
14: ഉസിയാ തന്റെ ഭടന്മാര്‍ക്കുവേണ്ടി പരിചകുന്തംപടത്തൊപ്പിപടച്ചട്ടവില്ല്കവിണക്കല്ല് എന്നിവ സജ്ജമാക്കി.
15: അമ്പും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനായി ജറുസലെമിലെ ഗോപുരങ്ങളിലും മതിലിന്റെ കോണുകളിലും വിദഗ്ദ്ധന്മാരെക്കൊണ്ടു യന്ത്രങ്ങള്‍ തീര്‍പ്പിച്ചു. ദൈവം അദ്ഭുതകരമാംവിധം സഹായിച്ചതിനാല്‍, അവന്‍ പ്രാബല്യംനേടി. അവന്റെ കീര്‍ത്തി വിദൂരങ്ങളിലും പരന്നു.
16: പ്രാബല്യംനേടിയപ്പോള്‍ അവന്‍ അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അതവനെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ കര്‍ത്താവിനോട് അവന്‍ അവിശ്വസ്തത കാണിച്ചു. ധൂപപീഠത്തില്‍ ധൂപമര്‍പ്പിക്കാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.
17: കരുത്തന്മാരായ എണ്‍പതു പുരോഹിതന്മാരോടുകൂടെ അസറിയാപുരോഹിതന്‍ അവന്റെ പിന്നാലെ ചെന്നു.
18: ഉസിയായെ തടഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: ഉസിയാനീയല്ല കര്‍ത്താവിനു ധൂപമര്‍പ്പിക്കേണ്ടത്. അഹറോന്റെ പുത്രന്മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്മാരാണ്. വിശുദ്ധസ്ഥലത്തുനിന്നു പുറത്തുകടക്കൂനീ ചെയ്തതു തെറ്റാണ്. ഇതു ദൈവമായ കര്‍ത്താവിന്റെമുമ്പാകെ നിനക്കു മഹത്വം നല്കുകയില്ല.
19: ഉസിയാ കുപിതനായി. അവന്‍ കൈയില്‍ ധൂപകലശവുമായി നില്‍ക്കുകയായിരുന്നു. പുരോഹിതന്മാരോടു കോപിച്ച ക്ഷണത്തില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ധൂപപീഠത്തിനു സമീപത്ത്അവരുടെ മുമ്പില്‍വച്ചുതന്നെ അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിപെട്ടു.
20: പ്രധാനപുരോഹിതനായ അസറിയായും മറ്റു പുരോഹിതന്മാരും അവനെ നോക്കി. അതാഅവന്റെ നെറ്റിയില്‍ കുഷ്ഠം! അവനെ അവര്‍ ഉടനെ പുറത്താക്കി. കര്‍ത്താവു ശിക്ഷിച്ചതിനാല്‍ പുറത്തുപോകാന്‍ അവന്‍ തിടുക്കംകൂട്ടി.
21: മരിക്കുന്നതുവരെ ഉസിയാരാജാവു കുഷ്ഠരോഗിയായിക്കഴിഞ്ഞു. കുഷ്ഠരോഗി എന്ന നിലയില്‍ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട്, അവന്‍ ഒരു പ്രത്യേക വസതിയില്‍ കഴിഞ്ഞു. മകന്‍ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റെടുത്തു ജനത്തെ ഭരിച്ചു.
22: ഉസിയായുടെ ഇതരപ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്റെ മകനായ ഏശയ്യാ പ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
23: ഉസിയാ പിതാക്കന്മാരോടു ചേര്‍ന്നു. കുഷ്ഠരോഗിയായിരുന്നതിനാല്‍ അവര്‍ അവനെ രാജാക്കന്മാരുടെ ശ്മശാനഭൂമിയില്‍ പിതാക്കന്മാര്‍ക്കുസമീപം മറവുചെയ്തു. മകന്‍ യോഥാം രാജാവായി.

അദ്ധ്യായം 27

യോഥാം
1: രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായ യരൂഷായായിരുന്നു അവന്റെയമ്മ.
2: പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുമ്പില്‍ നീതി പ്രവര്‍ത്തിച്ചു. പിതാവുചെയ്തതുപോലെ അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നുപോന്നു.
3: അവന്‍ ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്റെ മതിലിന്റെ പണി കുറേനടത്തി.
4: യൂദാ മലമ്പ്രദേശത്തു പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
5: അവന്‍ അമ്മോന്യ രാജാവിനെ യുദ്ധംചെയ്തു തോല്പിച്ചു. അമ്മോന്യര്‍ അവന് ആ വര്‍ഷം നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതമ്പുംഅത്രയും ബാര്‍ലിയും കപ്പംകൊടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും അവരങ്ങനെതന്നെ ചെയ്തു.
6: കര്‍ത്താവിന്റെ ഇഷ്ടമനുസരിച്ചു തന്റെ ജീവിതം ക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി.
7: അവന്റെ മറ്റു പ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
8: ഇരുപത്തിയഞ്ചാം വയസ്സില്‍ ഭരണമാരംഭിച്ച യോഥാം ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു.
9: അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാസ് രാജാവായി

അദ്ധ്യായം 28

ആഹാസ്
1: ആഹാസ് ഇരുപതാംവയസ്സില്‍ ഭരണംതുടങ്ങിപതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്റെ പൂര്‍വികനായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെമുമ്പില്‍ നീതി പ്രവര്‍ത്തിച്ചില്ല.
2: അവന്‍ ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചു. ബാലിനു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.
3: ബന്‍ഹിന്നോം താഴ്‌വരയില്‍ ധൂപമര്‍പ്പിച്ചു. ഇസ്രായേലിന്റെ മുമ്പില്‍നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്ലേച്ഛാചാരങ്ങളെയനുകരിച്ച്, അവന്‍ സ്വപുത്രന്മാരെ ഹോമിച്ചു.
4: പൂജാഗിരികളിലും മലകളിലുംഓരോ പച്ചമരത്തിന്റെയും ചുവട്ടിലും അവന്‍ ബലിയും ധൂപവുമര്‍പ്പിച്ചു.
5: ദൈവമായ കര്‍ത്താവ്, അവനെ സിറിയാരാജാവിന്റെ കൈകളിലേല്പിച്ചു. അവന്‍ ആഹാസിനെ തോല്പിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കുകൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊലനടത്തി, അവനെ പരാജയപ്പെടുത്തി.
6: തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തില്‍നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റദിവസംകൊണ്ടു വധിച്ചു.
7: ധീരനും എഫ്രായിംകാരനുമായ സിക്രിരാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.
8: തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടുലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കുകൊണ്ടു പോയി.
9: കര്‍ത്താവിന്റെ ഒരു പ്രവാചകന്‍ അവിടെയുണ്ടായിരുന്നു. അവന്റെ പേര് ഒദേദ്. അവന്‍ സമരിയായിലേക്കുവന്ന സൈന്യത്തിന്റെനേരേചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയിലേല്പിച്ചുതന്നു. എന്നാല്‍, നിങ്ങളവരെ ക്രൂരമായി വധിച്ചു. ഈക്കാര്യം കര്‍ത്താവിന്റെമുമ്പിലെത്തിയിരിക്കുന്നു.
10: ജറുസലെമിലും യൂദായിലുമുള്ള സ്ത്രീപുരുഷന്മാരെ അടിമകളാക്കുവാന്‍ നിങ്ങളിപ്പോള്‍ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്തിട്ടില്ലേ?
11: ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്ക്കുക. കര്‍ത്താവിന്റെ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍പോകുന്നു.
12: യോഹന്നാന്റെ മകന്‍ അസറിയാമെഷില്ലെമോത്തിന്റെ മകന്‍ ബറെക്കിയാഷല്ലൂമിന്റെ മകന്‍ യഹിസ്‌കിയാ. ഹദ്‌ലായിയുടെ മകന്‍ അമാസാ എന്നീ എഫ്രായിം നേതാക്കന്മാര്‍ യുദ്ധത്തില്‍നിന്നു മടങ്ങിവന്നവരോടു പറഞ്ഞു:
13: തടവുകാരെ നിങ്ങളിങ്ങോട്ടുകൊണ്ടുവരരുത്; കൊണ്ടുവന്നാല്‍, കര്‍ത്താവിന്റെമുമ്പില്‍ നാം കുറ്റക്കാരാകും. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണു നിങ്ങള്‍ തുനിയുന്നത്. ഇപ്പോള്‍ത്തന്നെ അതു ഘോരമാണ്. ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ ക്രോധം ജ്വലിക്കുന്നു.
14: അപ്പോള്‍ പടയാളികള്‍ തടവുകാരെയും കൊള്ളവസ്തുക്കളെയും പ്രഭുക്കന്മാരുടെയും സമൂഹത്തിന്റെയും പക്കലേല്പിച്ചു.
15: പ്രത്യേകം നിയുക്തരായ ആളുകള്‍ തടവുകാരെ ഏറ്റെടുത്തുകൊള്ളമുതലില്‍നിന്ന് ആവശ്യമായവയെടുത്ത് നഗ്നരായവരെ ഉടുപ്പിച്ചുചെരിപ്പു ധരിപ്പിച്ചുഅവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്കിതൈലം പൂശിതളര്‍ന്നവരെ കഴുതപ്പുറത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയില്‍ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരംഅവര്‍ സമരിയായിലേക്കു മടങ്ങി.
16: ഏദോമ്യര്‍ യൂദായെ ആക്രമിച്ചു. 
17: അനേകരെ തടവുകാരാക്കിയപ്പോള്‍ ആഹാസ് രാജാവ്, അസ്സീറിയാരാജാവിന്റെ സഹായമപേക്ഷിച്ചു.
18: ഫിലിസ്ത്യരും യൂദായ്‌ക്കെതിരേ തിരിഞ്ഞു. അവര്‍ ഷെഫേലായിലെയും നെഗെബിലെയും നഗരങ്ങളെ ആക്രമിച്ച് ബേത്‌ഷേമെഷ്അയ്യാലോണ്‍, ഗദെറോത്ത് എന്നിവയും സൊക്കൊതിമ്‌നാഗിംസോ എന്നിവയും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിഅവിടെ വാസമുറപ്പിച്ചു.
19: ഇസ്രായേല്‍രാജാവായ ആഹാസ് ദുര്‍വൃത്തനും കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്താത്തവനുമായിരുന്നതിനാല്‍കര്‍ത്താവു യൂദായുടെ അധഃപതനത്തിന് ഇടവരുത്തി.
20: അസ്സീറിയാരാജാവായ തില്‍ഗത്ത്പില്‍നേസര്‍ അവനെ സഹായിക്കുന്നതിനുപകരം ആക്രമിച്ചു പീഡിപ്പിച്ചു.
21: ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ ഭവനങ്ങളിലുംനിന്നു ധനംശേഖരിച്ച്അസ്സീറിയാ രാജാവിനു കപ്പംകൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല. 
22: ദുരിതംവന്നപ്പോള്‍ ആഹാസ്‌രാജാവു കര്‍ത്താവിനോടു കൂടുതല്‍ അവിശ്വസ്തത കാണിച്ചു.
23: സിറിയാരാജാക്കന്മാരെ അവരുടെ ദേവന്മാര്‍ സഹായിച്ചുആ ദേവന്മാര്‍ക്കു ബലിയര്‍പ്പിച്ചാല്‍ അവര്‍ എന്നെയും സഹായിച്ചേക്കും എന്നു പറഞ്ഞ്, തന്നെ തോല്പിച്ച ദമാസ്‌ക്കസിലെ ദേവന്മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. അത് അവന്റെയും രാജ്യത്തിന്റെയും വിനാശത്തിനു കാരണമായി.
24: അവന്‍ ദേവാലയത്തിലെ ഉപകരണങ്ങള്‍ ഒരുമിച്ചുകൂട്ടി ഉടച്ചു. കര്‍ത്താവിന്റെ ആലയം പൂട്ടിജറുസലെമിന്റെ എല്ലാ മുക്കിലും മൂലയിലും ബലിപീഠങ്ങള്‍ സ്ഥാപിച്ചു.
25: യൂദായിലെ നഗരങ്ങളിലെല്ലാം അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിക്കുന്നതിനു പൂജാഗിരികള്‍ നിര്‍മ്മിച്ചു. അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പ്രകോപിപ്പിച്ചു.
26: അവന്റെ ഇതര പ്രവര്‍ത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27: ആഹാസ് പിതാക്കന്മാരോടു ചേര്‍ന്നുജറുസലെം നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇസ്രായേല്‍രാജാക്കന്മാരുടെ കല്ലറയിലല്ല. മകന്‍ ഹെസെക്കിയാ ഭരണമേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ