തൊണ്ണൂറ്റിയേഴാം ദിവസം: 2 രാജാക്കന്മാര്‍ 7 - 9

 

അദ്ധ്യായം 7

1: എലീഷാ പറഞ്ഞു: കര്‍ത്താവിൻ്റെ വചനം ശ്രവിക്കുവിന്‍. അവിടുന്നരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ്‌ ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്ക്കപ്പെടും.
2: രാജാവു പടനായകന്‍റെ തോളില്‍ച്ചാരി നില്‍ക്കുകയായിരുന്നു. പടനായകന്‍ ദൈവപുരുഷനോടു പറഞ്ഞു: കര്‍ത്താവ്‌ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു നടക്കുമോ? എലീഷാ പ്രതിവചിച്ചു: നീ സ്വന്തം കണ്ണുകള്‍കൊണ്ടതു കാണും. എന്നാല്‍, അതില്‍നിന്നു ഭക്ഷിക്കുകയില്ല.
3: നാലു കുഷ്‌ഠരോഗികള്‍ പ്രവേശനകവാടത്തിലിരിപ്പുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: നാം മരിക്കുവോളം ഇവിടെയിരിക്കുന്നതെന്തിന്‌?
4: നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ ക്ഷാമം, നാം മരിക്കും. ഇവിടെയിരുന്നാലും മരിക്കും. വരുവിന്‍, നമുക്കു സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ ജീവനെ രക്ഷിച്ചാല്‍ നാം ജീവിക്കും; അവര്‍ കൊന്നാല്‍ മരിക്കും.
5: അങ്ങനെ ആ സന്ധ്യയ്‌ക്ക്‌, അവര്‍ സിറിയാക്കാരുടെ പാളയത്തിലേക്കു പോയി. പാളയത്തിന്‍റെയരികിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
6: കാരണം, രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യത്തിന്‍റെ ശബ്ദം കര്‍ത്താവു സിറിയന്‍സൈന്യത്തെ കേള്‍പ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: ഇതാ ഇസ്രായേല്‍രാജാവു നമ്മെ ആക്രമിക്കുന്നതിനു ഹിത്യരുടെയും ഈജിപ്‌തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു.
7: അങ്ങനെ, അവര്‍ ആ സന്ധ്യയ്‌ക്കു പാളയവും കുതിരകളും കഴുതകളും ഉപേക്ഷിച്ചു ജീവനുംകൊണ്ടു പലായനംചെയ്‌തു.
8: കുഷ്‌ഠരോഗികള്‍ പാളയത്തില്‍ക്കടന്നു ഭക്ഷിച്ചുപാനംചെയ്‌തിട്ട്‌, അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണ്ണവും വസ്‌ത്രങ്ങളുമെടുത്ത്‌ ഒളിച്ചുവച്ചു. മറ്റൊരു കൂടാരത്തില്‍ക്കടന്ന്‌, അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തുകൊണ്ടുപോയൊളിച്ചുവച്ചു.
9: പിന്നെ, അവര്‍ പരസ്പരം പറഞ്ഞു: നമ്മള്‍ ചെയ്യുന്നതു ശരിയല്ല. ഇന്നു സദ്വാര്‍ത്തയുടെ ദിവസമാണ്‌. നാം പ്രഭാതംവരെ മിണ്ടാതിരുന്നാല്‍ ശിക്ഷയനുഭവിക്കേണ്ടിവരും. അതിനാല്‍, രാജകൊട്ടാരത്തില്‍ വിവരമറിയിക്കാം.
10: അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു: ഞങ്ങള്‍ സിറിയന്‍പാളയത്തില്‍ പോയി; കെട്ടിയിട്ട കുതിരകളും കഴുതകളുമൊഴികെ അവിടെ ആരുമുണ്ടായിരുന്നില്ല.
11: കൂടാരങ്ങള്‍ അതേപടി കിടക്കുന്നു. കാവല്‍ക്കാര്‍ കൊട്ടാരത്തില്‍ വിവരമറിയിച്ചു.
12: രാജാവു രാത്രിയിലെഴുന്നേറ്റു സേവകരോടു പറഞ്ഞു: സിറിയാക്കാര്‍ നമുക്കെതിരേ എന്താണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നു ഞാന്‍ പറയാം. നാം വിശന്നിരിക്കുകയാണെന്ന്‌ അവര്‍ക്കറിയാം. അതിനാല്‍, നാം നഗരത്തിനു പുറത്തുകടക്കുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും തങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കുകയുംചെയ്യാമെന്നുദ്ദ്യേശിച്ച്‌, അവര്‍ പാളയത്തിനു പുറത്തു വെളിമ്പ്രദേശത്ത്‌ ഒളിച്ചിരിക്കുകയാണ്‌.
13: ഒരു സേവകന്‍ പറഞ്ഞു: ശേഷിച്ചിരിക്കുന്നവയില്‍നിന്ന്‌ അഞ്ചുകുതിരകളുമായി കുറച്ചുപേര്‍ പോകട്ടെ. നശിച്ചുകഴിഞ്ഞ ഇസ്രായേല്‍ജനത്തിന്‍റെ വിധിതന്നെയായിരിക്കും അവശേഷിച്ചിരിക്കുന്നവര്‍ക്കും; നമുക്ക്‌, അവരെയയച്ചുനോക്കാം.
14: പോയിനോക്കൂ എന്നു പറഞ്ഞ്, രാജാവു തേരാളികളുടെ രണ്ടു സംഘത്തെ സിറിയാക്കാരുടെ പാളയത്തിലേക്കയച്ചു.
15: അവര്‍ ജോര്‍ദ്ദാന്‍വരെ ചെന്നു. പാഞ്ഞുപോയ സിറിയാക്കാര്‍ ഉപേക്ഷിച്ച വസ്‌ത്രങ്ങളും ആയുധങ്ങളും വഴിനീളെ ചിതറിക്കിടക്കുന്നത്‌ അവര്‍ കണ്ടു. ദൂതന്മാര്‍ മടങ്ങിവന്നു രാജാവിനോടു വിവരം പറഞ്ഞു.
16: അനന്തരം, ജനം സിറിയാക്കാരുടെ പാളയത്തില്‍ക്കടന്നുകൊള്ളയടിച്ചു. അങ്ങനെ കര്‍ത്താവരുളിച്ചെയ്‌തതുപോലെ, ഒരളവു നേരിയമാവ്‌ ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്ക്കപ്പെട്ടു.
17: രാജാവു തന്‍റെ അംഗരക്ഷകനെ, പടിവാതിലിന്‍റെ ചുമതലയേല്പിച്ചു. പടിവാതില്‍ക്കല്‍ തിങ്ങിയക്കൂടിയ ജനം ചവിട്ടിമെതിച്ച്‌ അവന്‍ മരിച്ചു. തന്‍റെയടുത്തുവന്ന രാജാവിനോടു ദൈവപുരുഷന്‍ പറഞ്ഞിരുന്നതുപോലെ സംഭവിച്ചു.
18: ദൈവപുരുഷന്‍ രാജാവിനോടു രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും ഒരളവു നേരിയമാവ്‌ ഒരു ഷെക്കലിനും നാളെ ഈ സമയം സമരിയായുടെ കവാടത്തില്‍ വില്ക്കപ്പെടുമെന്നു പറഞ്ഞപ്പോള്‍,
19: കര്‍ത്താവ്‌ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു സംഭവിക്കുമോ എന്ന്‌ ഈ പടത്തലവന്‍ ദൈവപുരുഷനോടു ചോദിച്ചിരുന്നു. അതിനു ദൈവപുരുഷന്‍, നീ സ്വന്തം കണ്ണുകൊണ്ടതുകാണും, എന്നാല്‍ അതില്‍നിന്നു ഭക്ഷിക്കുകയില്ല എന്നുത്തരം നല്കി.
20: അങ്ങനെ ഇതു സംഭവിച്ചു. ജനം പടിവാതില്‍ക്കല്‍ അവനെ ചവിട്ടിമെതിച്ചു. അവന്‍ മരിച്ചു.

അദ്ധ്യായം 8

ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ്

1: താന്‍ പുനര്‍ജ്ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട്‌ എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയിത്താമസിക്കുക. കര്‍ത്താവ്‌ ഈ നാട്ടില്‍ ക്ഷാമംവരുത്തുംഅത്‌ ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.
2: അവള്‍ ദൈവപുരുഷൻ്റെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്‌ത്യരുടെ നാട്ടില്‍പ്പോയി ഏഴുകൊല്ലം താമസിച്ചു.
3: അതിനുശേഷം അവള്‍ മടങ്ങിവന്ന്‌ രാജാവിനോടു തൻ്റെ വീടും ഭൂമിയും തിരികെത്തരണമെന്നപേക്ഷിച്ചു.
4: എലീഷാചെയ്‌ത വന്‍കാര്യങ്ങള്‍ അവൻ്റെ ഭൃത്യന്‍ ഗഹസിയോടു രാജാവു ചോദിച്ചറിയുകയായിരുന്നു.
5: എലീഷാ മരിച്ചവനെ ജീവിപ്പിച്ചകാര്യം അവന്‍ രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കേ, ജീവന്‍ വീണ്ടുകിട്ടിയ കുട്ടിയുടെ അമ്മ രാജാവിൻ്റെയടുത്തുവന്നു തൻ്റെ വീടും ഭൂമിയും ആവശ്യപ്പെട്ടു. ഉടനെ ഗഹസിരാജാവേഇവളുടെ മകനെയാണ്‌, എലീഷാ പുനര്‍ജ്ജീവിപ്പിച്ചത്‌ എന്നുപറഞ്ഞു.
6: രാജാവു ചോദിച്ചപ്പോള്‍ അവള്‍ വിവരം പറഞ്ഞു. അവളുടെ വസ്‌തുവകകളും നാടുവിട്ടപ്പോള്‍മുതല്‍ ഇന്നുവരെയുള്ള അവയുടെ ആദായവും അവള്‍ക്കു തിരികെക്കൊടുക്കാന്‍ രാജാവ്‌ ഒരു സേവകനെ നിയോഗിച്ചു.

ലീഷായും ഹസായേലും

7: അക്കാലത്ത്‌, എലീഷാ ദമാസ്ക്കസിലെത്തി. സിറിയാരാജാവായ ബന്‍ഹദാദ്‌ രോഗഗ്രസ്‌തനായിരുന്നു. ദൈവപുരുഷന്‍ വന്നെന്നറിഞ്ഞ്‌
8: രാജാവു ഹസായേലിനോടു പറഞ്ഞു: നീ, ഒരു സമ്മാനവുമായിച്ചെന്ന്, ഞാന്‍ രോഗവിമുക്തനാകുമോയെന്നു കര്‍ത്താവിനോടാരായാന്‍ ദൈവപുരുഷനോടഭ്യര്‍ത്ഥിക്കുക.
9: അവന്‍ ദൈവപുരുഷനെക്കാണാന്‍ ചെന്നു. ദമാസ്ക്കസില്‍നിന്നു നാല്പത്‌ ഒട്ടകച്ചുമടു സാധനങ്ങള്‍ സമ്മാനമായെടുത്തിരുന്നു. അവന്‍ വന്ന്‌, എലീഷായോടു പറഞ്ഞു: നിൻ്റെ മകന്‍, സിറിയാരാജാവായ ബന്‍ഹദാദ്‌ താന്‍ രോഗവിമുക്തനാകുമോയെന്നറിയാന്‍ എന്നെ നിൻ്റെയടുത്തയച്ചിരിക്കുന്നു. 
10: എലീഷാ പറഞ്ഞു: തീര്‍ച്ചയായും രോഗവിമുക്തനാകുമെന്നു പോയറിയിക്കുക. എന്നാല്‍, അവന്‍ നിശ്ചയമായും മരിക്കുമെന്നു കര്‍ത്താവെനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
11: അവന്‍ അസ്വസ്‌ഥനാകുവോളം എലീഷാ കണ്ണിമയ്‌ക്കാതെ അവനെ നോക്കിനിന്നുപിന്നെ കരഞ്ഞു.
12: ഹസായേല്‍ ചോദിച്ചു: പ്രഭോഎന്തിനാണങ്ങു കരയുന്നത്‌അവന്‍ പറഞ്ഞു: നീ ഇസ്രായേല്‍ജനത്തോടു ചെയ്യാനിരിക്കുന്ന ക്രൂരതയോര്‍ത്തിട്ടുതന്നെ. നീ അവരുടെ കോട്ടകള്‍ക്കു തീവയ്‌ക്കുകയും അവരുടെ യുവാക്കന്മാരെ വാളിനിരയാക്കുകയും അവരുടെ പൈതങ്ങളെ അടിച്ചുകൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയുംചെയ്യും.
13: ഹസായേല്‍ ചോദിച്ചു: നിസ്സാരനായ ഈ ദാസന്‌ ഇത്രയെല്ലാം ചെയ്യാന്‍കഴിയുമോഎലീഷാ പ്രതിവചിച്ചു: നീ സിറിയായില്‍ രാജാവാകുമെന്നു കര്‍ത്താവെനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
14: അനന്തരംഅവന്‍ തൻ്റെ യജമാനൻ്റെയടുത്തേക്കു മടങ്ങി. യജമാനന്‍ ചോദിച്ചു: എലീഷാ എന്തുപറഞ്ഞുഅവന്‍ മറുപടി പറഞ്ഞു: അങ്ങു നിശ്ചയമായും സുഖംപ്രാപിക്കുമെന്നു പറഞ്ഞു.
15: പിറ്റേദിവസം അവന്‍ ഒരു പുതപ്പെടുത്തു വെള്ളത്തില്‍മുക്കി രാജാവിൻ്റെ മുഖത്തിട്ടു. അങ്ങനെ അവന്‍ മരിച്ചു; ഹസായേല്‍ രാജാവായി.

യൂദാരാജാവായ യഹോറാം

16: ഇസ്രായേല്‍രാജാവായ ആഹാബിൻ്റെ പുത്രന്‍ യോറാമിൻ്റെ അഞ്ചാംഭരണവര്‍ഷം യൂദാരാജാവായ യഹോഷാഫാത്തിൻ്റെ പുത്രന്‍ യഹോറാം ഭരണമേറ്റു.
17: അപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു. അവന്‍ എട്ടുകൊല്ലം ജറുസലെമില്‍ ഭരിച്ചു. 
18: ആഹാബിൻ്റെ ഭവനം ചെയ്‌തതുപോലെതന്നെ അവന്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു. കാരണംആഹാബിൻ്റെ പുത്രിയായിരുന്നു അവൻ്റെ ഭാര്യ. അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
19: എങ്കിലും കര്‍ത്താവു തൻ്റെ ദാസനായ ദാവീദിനെപ്രതി യൂദായെ നശിപ്പിച്ചില്ല. കാരണംഅവനും അവൻ്റെ പുത്രന്മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന്‌ അവിടുന്നു വാഗ്ദാനം ചെയ്‌തിരുന്നു.
20: അവൻ്റെ കാലത്ത്‌, ഏദോം യൂദായുടെ കീഴില്‍നിന്നു ഭിന്നിച്ചു സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
21: അപ്പോള്‍യഹോറാം രഥങ്ങളോടുകൂടെ സയീറിലേക്കു കടന്നു. രാത്രിയില്‍ അവനും രഥസൈന്യാധിപന്മാരും തങ്ങളെ വളഞ്ഞ ഏദോമ്യരെയാക്രമിച്ചു. യൂദാസൈന്യം തോറ്റു പിന്‍വാങ്ങി.
22: അങ്ങനെ ഏദോം, യൂദായുടെ ഭരണത്തില്‍നിന്ന്‌ ഇന്നോളം വിട്ടുനില്‍ക്കുന്നു. ലിബ്‌നായും കലഹിച്ചു.
23: യഹോറാമിൻ്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
24: യഹോറാം മരിച്ചുപിതാക്കന്മാരോടൊപ്പം ദാവീദിൻ്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടുപുത്രന്‍ അഹസിയാ ഭരണമേറ്റു.

യൂദാരാജാവു് അഹസിയ

25: ഇസ്രായേല്‍രാജാവായ ആഹാബിൻ്റെ പുത്രന്‍ യോറാമിൻ്റെ പന്ത്രണ്ടാംവര്‍ഷം യൂദാരാജാവായ യഹോറാമിൻ്റെ പുത്രന്‍ അഹസിയാ വാഴ്ചയാരംഭിച്ചു.
26: അപ്പോള്‍, അഹസിയായ്‌ക്ക്‌ ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവൻ്റെയമ്മ. അവള്‍ ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.
27: അഹസിയാ ആഹാബിൻ്റെ വഴികളില്‍ നടന്നു. ആഹാബിൻ്റെ ഭവനം ചെയ്‌തിരുന്നതുപോലെ കര്‍ത്താവിൻ്റെ മുമ്പില്‍ അവനും തിന്മചെയ്‌തു. കാരണംആഹാബിൻ്റെ ഭവനത്തോട്‌ അവന്‍ വിവാഹംവഴി ബന്ധപ്പെട്ടിരുന്നു.
28: അവന്‍ സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാന്‍ ആഹാബിൻ്റെ പുത്രന്‍ യോറാമിനോടുകൂടെ റാമോത്‌ഗിലയാദില്‍ പോയി. അവിടെവച്ചു സിറിയാക്കാര്‍ യോറാമിനെ മുറിവേല്പിച്ചു.
29; സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യുമ്പോള്‍ റാമായില്‍വച്ചു സിറിയാക്കാരേല്പിച്ച മുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാംരാജാവു ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായ യഹോറാമിൻ്റെ പുത്രന്‍ അഹസിയാ അവനെ സന്ദര്‍ശിക്കുന്നതിനു ജസ്രലില്‍ചെന്നു.


അദ്ധ്യായം 9

യേഹു ഇസ്രായേല്‍രാജാവു്

1: എലീഷാപ്രവാചകന്‍ പ്രവാചകഗണത്തിലൊരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത്‌, റാമോത്ഗിലയാദിലേക്കു പോവുക.
2: അവിടെയെത്തി, നിംഷിയുടെ പൗത്രനും യഹോഷാഫാത്തിൻ്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവനെ ഒറ്റയ്‌ക്ക്‌ ഉള്ളറയിലേക്കു വിളിച്ചുകൊണ്ടുപോവുക.
3: അവൻ്റെ തലയില്‍ തൈലമൊഴിച്ചുകൊണ്ടു പറയുക: കര്‍ത്താവരുളിച്ചെയ്യുന്നു, ഇസ്രായേലിൻ്റെ രാജാവായി ഞാന്‍ നിന്നെ അഭിഷേകംചെയ്യുന്നു. പിന്നെ അവിടെ നില്ക്കാതെ വാതില്‍തുറന്ന്‌ ഓടുക.
4: പ്രവാചകഗണത്തില്‍പ്പെട്ട ആ യുവാവ്‌ റാമോത്ഗിലയാദിലേക്കു പോയി.
5: അവന്‍ അവിടെച്ചെന്നപ്പോള്‍ സൈന്യാധിപന്മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: സേനാധിപനെ ഒരു സന്ദേശമറിയിക്കാനുണ്ട്‌. യേഹു ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്കാണു സന്ദേശം? അവന്‍ പറഞ്ഞു: സേനാധിപാ, അങ്ങേയ്ക്കുതന്നെ.
6: അവനെഴുന്നേറ്റു വീട്ടിനുള്ളിലേക്കു കടന്നു. യുവാവ്, തൈലം അവൻ്റെ ശിരസ്സിലൊഴിച്ചുകൊണ്ടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു ഞാന്‍ നിന്നെ, കര്‍ത്താവിൻ്റെ ജനമായ ഇസ്രായേലിൻ്റെമേല്‍ രാജാവായി അഭിഷേകംചെയ്യുന്നു,
7: നീ, നിൻ്റെ യജമാനനായ ആഹാബിൻ്റെ ഭവനത്തെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എൻ്റെ പ്രവാചകന്മാരുടെയും മറ്റു ദാസന്മാരുടെയും രക്തത്തിനു ജസെബെലിനോടു പ്രതികാരംചെയ്യും.
8: ആഹാബുഗൃഹം നശിക്കും. ആഹാബിൻ്റെ ഭവനത്തിന്‌ ഇസ്രായേലിലുള്ള സ്വതന്ത്രനോ അടിമയോ ആയ സകലപുരുഷന്മാരെയും ഞാന്‍ സംഹരിക്കും.
9: ആഹാബിൻ്റെ ഭവനത്തെ നെബാത്തിൻ്റെ പുത്രനായ ജറോബോവാമിൻ്റെ ഭവനംപോലെയും അഹീയായുടെ പുത്രനായ ബാഷായുടെ ഭവനംപോലെയും ആക്കിത്തീര്‍ക്കും.
10: ജസെബെലിനെ നായ്‌ക്കള്‍ ജസ്രലിൻ്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ഭക്ഷിക്കും. ആരുമവളെ സംസ്കരിക്കുകയില്ല. അനന്തരം, അവന്‍ വാതില്‍തുറന്ന്‌, ഓടിപ്പോയി.
11: യേഹു തൻ്റെ യജമാനൻ്റെ സേവകന്മാരുടെയടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിൻ്റെയടുത്തുവന്നത്‌? അവന്‍ പ്രതിവചിച്ചു: അവനും അവൻ്റെ സംസാരരീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.
12: അവര്‍ പറഞ്ഞു: അതു ശരിയല്ല; നീ ഞങ്ങളോടു പറയുക. അപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായേലിൻ്റെ രാജാവായി, നിന്നെ ഞാനഭിഷേകംചെയ്യുന്നു എന്നു കര്‍ത്താവരുളിച്ചെയ്യുന്നുവെന്ന്‌ അവനെന്നോടു പറഞ്ഞു.
13: അവര്‍ തിടുക്കത്തില്‍ തങ്ങളുടെ മേലങ്കി പടിയില്‍ വിരിച്ചിട്ടു കാഹളംമുഴക്കി വിളംബരംചെയ്‌തു: യേഹു രാജാവായിരിക്കുന്നു.


യോറാമിനേയും അഹസിയായേയും വധിക്കുന്നു.


14: നിംഷിയുടെ പൗത്രനും യഹോഷാഫാത്തിൻ്റെ പുത്രനുമായ യേഹു യോറാമിനെതിരേ ഗൂഢാലോചനനടത്തി. സിറിയാരാജാവായ ഹസായേലിനെതിരേ റാമോത്‌ഗിലയാദില്‍ യോറാം ഇസ്രായേല്‍സൈന്യത്തോടൊത്ത്‌ പാളയമടിച്ചിരിക്കുകയായിരുന്നു.
15: എന്നാല്‍, സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ സിറിയാക്കാരേല്പിച്ച മുറിവുകള്‍ സുഖപ്പെടുത്താനായി യോറാംരാജാവു ജസ്രലിലേക്കു മടങ്ങിവന്നിരുന്നു. യേഹു പറഞ്ഞു: നിങ്ങള്‍ എൻ്റെകൂടെയാണെങ്കില്‍ നഗരംവിട്ട്‌ ആരും ജസ്രലില്‍പ്പോയി വിവരം പറയാതിരിക്കട്ടെ.
16: അനന്തരം, യേഹു തേരില്‍ക്കയറി ജസ്രലിലേക്കു പോയി. യോറാം അവിടെക്കിടക്കുകയായിരുന്നു. യൂദാരാജാവായ അഹസിയാ യോറാമിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു.
17: ജസ്രല്‍ഗോപുരത്തിലെ കാവല്‍ക്കാരന്‍, യേഹുവും കൂട്ടരും വരുന്നതുകണ്ട്‌, ഇതാ, ഒരു സംഘം എന്നുപറഞ്ഞു. ഒരു കുതിരക്കാരനെയയച്ച്‌ സമാധാനപരമായിട്ടാണോ വന്നിരിക്കുന്നതെന്ന്‌ അവരോടു ചോദിക്കുക എന്നു യോറാം പറഞ്ഞു.
18: അങ്ങനെ ഒരുവന്‍ അവരുടെ അടുത്തേക്കു കുതിരപ്പുറത്തു പുറപ്പെട്ടു. അവന്‍ പറഞ്ഞു: സമാധാനത്തിലാണോ വന്നിരിക്കുന്നത്‌ എന്നു രാജാവ്‌ അന്വേഷിക്കുന്നു. യേഹു പറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എന്റെ പിന്നാലെ വരുക. കാവല്‍ക്കാരന്‍ യോറാമിനോടു പറഞ്ഞു: ദൂതന്‍ അവരുടെ സമീപമെത്തി; എന്നാല്‍ മടങ്ങി വരുന്നില്ല.
19: രണ്ടാമതും ഒരു കുതിരക്കാരനെ അയച്ചു. അവനും ചെന്നുപറഞ്ഞു. സമാധാനത്തിലാണോ വന്നിരിക്കുന്നതെന്നു രാജാവന്വേഷിക്കുന്നു. യേഹു മറുപടിപറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എൻ്റെ പിന്നാലെ വരുക.
20: കാവല്‍ക്കാരന്‍ വീണ്ടുമറിയിച്ചു. അവന്‍ അവിടെയെത്തി. എന്നാല്‍, മടങ്ങുന്നില്ല. നിംഷിയുടെ മകനായ യേഹുവിനെപ്പോലെ ഉഗ്രതയോടെയാണ്‌ അവന്‍ രഥമോടിക്കുന്നത്‌.
21: രഥമൊരുക്കാന്‍ യോറാം പറഞ്ഞു. അവന്‍ അങ്ങനെചെയ്‌തു. ഉടനെ ഇസ്രായേല്‍രാജാവായ യോറാമും യൂദാരാജാവായ അഹസിയായും തങ്ങളുടെ രഥങ്ങളില്‍ക്കയറി, യേഹുവിനെക്കാണാന്‍ പുറപ്പെട്ടു. ജസ്രല്‍ക്കാരനായ നാബോത്തിൻ്റെ സ്‌ഥലത്തുവച്ച്‌ അവനെ കണ്ടുമുട്ടി.
22: യോറാം, നീ സമാധാനത്തിലാണോ വന്നിരിക്കുന്നതെന്നു ചോദിച്ചു; അവന്‍ പറഞ്ഞു: നിൻ്റെ അമ്മ, ജസെബെലിൻ്റെ വിഗ്രഹാരാധനയും ആഭിചാരവും ഇത്രയധികമായിരിക്കേ എങ്ങനെ സമാധാനമുണ്ടാകും? 
23:യോറാം കുതിരയെത്തിരിച്ച്‌, അഹസിയാ, ഇതാ, രാജദ്രാഹം എന്നു പറഞ്ഞുകൊണ്ട്‌ പലായനംചെയ്‌തു.
24: യേഹു യോറാമിനെ സര്‍വ്വശക്തിയോടുംകൂടെ വില്ലുവലിച്ചെയ്‌തു. അസ്‌ത്രം അവൻ്റെ തോളുകളുടെ മദ്ധ്യേ തുളച്ചുകയറി, ഹൃദയംഭേദിച്ചു. അവന്‍ തേരില്‍ വീണു.
25; യേഹു തൻ്റെ അംഗരക്ഷകന്‍ ബിദ്‌കാറിനോടു പറഞ്ഞു: അവനെ എടുത്തുകൊണ്ടുപോയി ജസ്രല്‍ക്കാരനായ നാബോത്തിൻ്റെ ഭൂമിയില്‍ലെറിയുക. ഞാനും നീയും ഇരുവശങ്ങളിലും ആഹാബ്‌ പിന്നിലുമായി സവാരിചെയ്യുമ്പോള്‍, കര്‍ത്താവ്‌ അവനെതിരേ അരുളിച്ചെയ്ത വചനം നീയോര്‍ക്കുക.
26: കര്‍ത്താവരുളിച്ചെയ്യുന്നു; ഇന്നലെ ഞാന്‍കണ്ട നാബോത്തിൻ്റെയും അവൻ്റെ പുത്രന്മാരുടെയും രക്തമാണേ, ഇവിടെവച്ചുതന്നെ ഞാന്‍ നിന്നോടു പ്രതികാരംചെയ്യും. അതിനാല്‍, കര്‍ത്താവിൻ്റെ വാക്കനുസരിച്ച്‌, അവനെയെടുത്തുകൊണ്ടുപോയി അവിടെയെറിയുക.
27: യൂദാരാജാവായ അഹസിയാ ഇതുകണ്ടു ബത്‌ഹഗാന്‍ ലക്ഷ്യമാക്കിയോടി. യേഹു പിന്തുടര്‍ന്നു; അവനെയും എയ്‌തുകൊല്ലുകയെന്നുപറഞ്ഞു. തേരോടിച്ചുപോകുന്ന അവനെ ഇബ്‌ലയാമിനു സമീപമുള്ള ഗൂര്‍ കയറ്റത്തില്‍വച്ച്‌, അവരെയ്‌തു. അവന്‍ മെഗിദോയിലേക്ക്‌ പലായനംചെയ്‌തു. അവിടെവച്ചു മരിച്ചു.
28: ഭൃത്യന്‍ അവനെ തേരില്‍ക്കിടത്തി ദാവീദിൻ്റെ നഗരമായ ജറുസലെമില്‍ക്കൊണ്ടുവന്നു പിതാക്കന്മാരുടെ ശവകുടീരത്തിലടക്കി.
29: ആഹാബിൻ്റെ മകനായ യോറാമിൻ്റെ പതിനൊന്നാം ഭരണവര്‍ഷം അഹസിയാ യൂദായില്‍ ഭരണമേറ്റു.


ജസബല്‍ വധിക്കപ്പെടുന്നു


30: യേഹു ജസ്രലിലെത്തിയെന്നു ജസെബെല്‍ കേട്ടു. അവള്‍ കണ്ണെഴുതി മുടിയലങ്കരിച്ചു കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
31: യേഹു പടികടന്നപ്പോള്‍ അവള്‍ ചോദിച്ചു: യജമാനഘാതകാ, സിമ്രീ, നീ സമാധാനത്തിലോ വന്നിരിക്കുന്നത്‌?
32: അവന്‍ കിളിവാതിലിലേക്കു മുഖമുയര്‍ത്തി ചോദിച്ചു: ആരാണ്‌ എൻ്റെ പക്ഷത്തുള്ളത്‌? രണ്ടോ മൂന്നോ അന്തഃപുരസേവകന്മാര്‍ അവനെ നോക്കി.
33: അവന്‍ പറഞ്ഞു: അവളെ താഴേയ്ക്കെറിയുക. അവരങ്ങനെ ചെയ്‌തു. അവളുടെ രക്തം ചുവരിന്മേലും കുതിരപ്പുറത്തും ചിതറി. കുതിരകള്‍ അവളെ ചവിട്ടിത്തേച്ചു.
34: യേഹു അകത്തുകടന്നു ഭക്ഷിച്ചുപാനംചെയ്‌തു. പിന്നെ, അവന്‍ പറഞ്ഞു: ഇനി ശപിക്കപ്പെട്ട ആ സ്‌ത്രീയുടെ കാര്യം നോക്കാം. അവളെ അടക്കം ചെയ്യണം. അവള്‍ രാജപുത്രിയാണല്ലോ.
35: സംസ്കരിക്കാന്‍ചെന്നപ്പോള്‍ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളുമല്ലാതെ അവര്‍ ഒന്നും കണ്ടില്ല.
36: അവര്‍ മടങ്ങിവന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: തൻ്റെ ദാസന്‍ തിഷ്‌ബ്യനായ ഏലിയായിലൂടെ കര്‍ത്താവരുളിച്ചെയ്‌ത വചനമിതാണ്‌: ജസ്രലിൻ്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ജസെബെലിൻ്റെ മാംസം നായ്‌ക്കള്‍ ഭക്ഷിക്കും.
37: ജസെബെലിൻ്റെ ജഡം തിരിച്ചറിയാനാവാത്തവിധം ജസ്രലിലെ വയലില്‍ ചാണകംപോലെ കിടക്കും. ഇതാണു ജസെബെല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ