മുന്നൂറ്റിയമ്പത്തിയാറാം ദിവസം: വെളിപാട്: 1 - 4


അദ്ധ്യായം 1


പ്രാരംഭം
1: ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി, ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.
2: അവന്‍ തന്റെ ദൂതനെയയച്ച്, ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും സാക്ഷ്യംനല്കി.
3: ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതിലെഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു. 

അഭിവാദനം
4: യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴുസഭകള്‍ക്കെഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും
5: വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
6: നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയുംചെയ്തവനു മഹത്വവും പ്രതാപവും എന്നേയ്ക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
7: ഇതാ, അവന്‍ മേഘങ്ങളുടെയകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെക്കാണും. അവനെ കുത്തിമുറിവേല്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. 

മനുഷ്യപുത്രന്റെ ദർശനം
9: നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്കിയ സാക്ഷ്യത്തെയുംപ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10: കര്‍ത്താവിന്റെ ദിനത്തില്‍, ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ,
11: കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത്, ഒരു ഗ്രന്ഥത്തിലെഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കുമയച്ചുകൊടുക്കുക.
12: എന്നോടു സംസാരിച്ച സ്വരംശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13: ദീപപീഠങ്ങളുടെ മദ്ധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദംവരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച.
14: അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ;
15: പാദങ്ങള്‍ ചൂളയിലുരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും.
16: അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണ്ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17: അവനെക്കണ്ടപ്പോള്‍, ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയുമന്തവും ജീവിക്കുന്നവനും.
18: ഞാന്‍ മരിച്ചവനായിരുന്നു; എന്നാലിതാ, ഞാനെന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.
19: അതുകൊണ്ട്, ഇപ്പോളുള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ക്കാണുന്ന സകലതും രേഖപ്പെടുത്തുക.
20: എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ്ണദീപപീഠങ്ങളുടെയും രഹസ്യമിതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു. 

അദ്ധ്യായം 2


സഭകൾക്കുള്ള കത്തുകൾ: എഫേസോസിലെ സഭയ്ക്ക്.
1: എഫേസോസിലുള്ള സഭയുടെ ദൂതനെഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണ്ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
2: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയുംചെയ്യുന്നവരെ പരിശോധിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
3: തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
4: എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
5: അതിനാല്‍, നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്, ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെയടുത്തുവരുകയും നിന്റെ ദീപപീഠം, അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
6: എന്നാല്‍, നിനക്കീ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
7: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും.

സ്മിർണിയായിലെ സഭയ്ക്ക്
8: സ്മിര്‍ണായിലെ സഭയുടെ ദൂതനെഴുതുക: ആദിയുമന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
9: നിന്റെ ഞെരുക്കവും ദാരിദ്ര്യവുമെനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്നവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാനറിയുന്നുണ്ട്.
10: നീയുടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ച്ചിലരെ, പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്കും.
11: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിനധീനനാകയില്ല. 

പെർഗാമോസിലെ സഭയ്ക്ക്
12: പെര്‍ഗാമോസിലെ സഭയുടെ ദൂതനെഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ളവന്‍ പറയുന്നു,
13: നീ എവിടെ വസിക്കുന്നെന്നെനിക്കറിയാം - സാത്താന്റെ സിംഹാസനമുള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെ നീ മുറുകെപ്പിടിക്കുന്നു. സാത്താന്‍വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്, എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14: എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍മക്കള്‍ക്കു ദുഷ്‌പ്രേരണ നല്കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ അവിടെയുണ്ട്.
15: അതുപോലെതന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരുമവിടെയുണ്ട്.
16: അതുകൊണ്ട്, അനുതപിക്കുക; അല്ലെങ്കില്‍, നിന്റെയടുത്തേക്കു ഞാനുടനെ വന്ന്, എന്റെ വായിലെ വാള്‍കൊണ്ട്, അവരോടു പോരാടും.
17: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതിലൊരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരുമറിയുകയില്ല. 

തിയത്തീറായിലെ സഭയ്ക്ക്
18: തിയത്തീറായിലെ സഭയുടെ ദൂതനെഴുതുക: അഗ്നിനാളംപോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതനരുളിചെയ്യുന്നു:
19: നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാനറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20: എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്നവകാശപ്പെടുകയും, വ്യഭിചാരംചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയുംചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.
21: അനുതപിക്കാന്‍ ഞാനവള്‍ക്കവസരം നല്കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
22: ഇതാ, ഞാനവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍, അവളോടുകൂടെ വ്യഭിചാരംചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാനെറിയും.
23: അവളുടെ മക്കളെയാകട്ടെ, മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണു ഞാനെന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്കും.
24: സാത്താന്റെ രഹസ്യങ്ങളെന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനമറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെമേല്‍ വേറെ ഭാരം, ഞാന്‍ ചുമത്തുന്നില്ല.
25: എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍വരുവോളം മുറുകെപ്പിടിക്കുവിന്‍.
26: വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാനധികാരം നല്കും.
27: ഇരുമ്പുദണ്ഡുകൊണ്ട്, അവനവരെ മേയിക്കും; മണ്‍പാത്രങ്ങള്‍പോലെ അവരെ തകര്‍ക്കും;
28: ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ. പുലര്‍കാലനക്ഷത്രം ഞാനവനു നല്കും.
29: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 3


 സാർദീസിലെ സഭയ്ക്ക് 
1: സാര്‍ദീസിലെ സഭയുടെ ദൂതനെഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവനെന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2: ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
3: അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച്, അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീയറിയുകയില്ല.
4: എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവരതിനു യോഗ്യരാണ്.
5: വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാനൊരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാനേറ്റുപറയും.
6: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ഫിലദൽഫിയായിലെ സഭയ്ക്ക്
7: ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതനെഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കുമടയ്ക്കാന്‍കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍കഴിയാത്തവിധമടയ്ക്കുന്നവനുമായവന്‍ പറയുന്നു:
8: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീയെന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9: ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്മാരായി നടക്കുകയുംചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍വരുത്തി, കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.
10: സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിലുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11: ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം, ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12: വിജയംവരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെമേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗ്ഗംവിട്ടിറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാനെഴുതും.
13: ആത്മാവുു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ലവോദീക്യായിലെ സഭയ്ക്ക്
14: ലവൊദീക്യായിലെ സഭയുടെ ദൂതനെഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
15: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു.
16: ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
17: എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീയറിയുന്നില്ല.
18: ഞാന്‍ നിന്നെയുപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട്, നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19: ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. 
20: 
ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെയടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21: ഞാന്‍ വിജയംവരിച്ച്, എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്, എന്റെ സിംഹാസനത്തില്‍ ഞാനിരുത്തും.
22: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

അദ്ധ്യായം 4

    
സ്വര്‍ഗ്ഗദര്‍ശനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തിലൊരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളദ്ധ്വനിപോലെ ഞാനാദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം.
2: പെട്ടെന്ന്, ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗ്ഗത്തിലൊരു സിംഹാസനമൊരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവനിരിക്കുന്നു.
3: സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യംപോലെയുമായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലെയുള്ളൊരു മഴവില്ലും കാണപ്പെട്ടു.
4: ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടങ്ങള്‍.
5: സിംഹാസനത്തില്‍നിന്നു മിന്നല്‍പ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്.
6: സിംഹാസനത്തിനുമുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മദ്ധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
7: ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ.
8: ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവയുദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
9: ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്കിയപ്പോഴെല്ലാം
10: ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു:
11: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാനര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്, അവയ്ക്കസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ