മുന്നൂറ്റിനാല്പത്തിയൊമ്പതാം ദിവസം: ഹെബ്രായർ 7 - 10


അദ്ധ്യായം 7


മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതന്‍

1: രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹമിനെക്കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക്, അവനെയനുഗ്രഹിച്ചു.
2: സകലത്തിന്റെയും ദശാംശം അബ്രാഹമവനു നല്കി. അവന്റെ പേരിന്, ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണര്‍ത്ഥം.
3: അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്കാരംഭമോ ആയുസ്സിനവസാനമോയില്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേയ്ക്കും പുരോഹിതനാണ്.
4: അവനെത്ര വലിയവനെന്നു കാണുവിന്‍! പൂര്‍വ്വപിതാവായ അബ്രാഹം യുദ്ധത്തില്‍ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ.
5: ലേവിയുടെ പുത്രന്മാരില്‍ പൗരോഹിത്യംസ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും അബ്രാഹമിന്റെ മക്കളുമായിരുന്ന ജനങ്ങളില്‍നിന്നുപോലും ദശാംശംവാങ്ങാന്‍ നിയമത്തിന്റെ അനുശാസനമുണ്ടായിരുന്നു.
6: എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക് അബ്രാഹമില്‍നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനംസ്വീകരിച്ചിരുന്ന അബ്രാഹമിനെ അനുഗ്രഹിക്കുകയുംചെയ്തു.
7: ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല.
8: ലേവ്യപുരോഹിതന്മാരുടെ കാര്യത്തില്‍, മരണമുള്ള മനുഷ്യരാണു ദശാംശം വാങ്ങുന്നത്. മെല്‍ക്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്ഷ്യമുള്ളവന്‍ വാങ്ങുന്നു.
9: ദശാംശം വാങ്ങിയിരുന്ന ലേവിപോലും അബ്രാഹമിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്.
10: എന്തെന്നാല്‍, മെല്‍ക്കിസെദേക്ക് അബാഹമിനെക്കണ്ടുമുട്ടുമ്പോള്‍, ലേവി അബ്രാഹമിന്റെ അജാതസന്താനമായിരുന്നു.
11: ലേവ്യപൗരോഹിത്യംവഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്കപ്പെട്ടത്. ആ പൗരോഹിത്യംവഴി പൂര്‍ണ്ണതപ്രാപിക്കാന്‍കഴിയുമായിരുന്നെങ്കില്‍, അഹറോന്റെ ക്രമത്തില്‍നിന്നു വ്യത്യസ്തമായി, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതനുണ്ടാവുക ആവശ്യമായിരുന്നോ?
12: പൗരോഹിത്യത്തില്‍ വ്യത്യാസംവരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റംവരുന്നു.
13: ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്. ആ വംശത്തില്‍നിന്നാകട്ടെ ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷചെയ്തിട്ടുമില്ല.
14: നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
15: മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന്, ഇതു കൂടുതല്‍ വ്യക്തമാകുന്നു.
16: ഇവനോ, ശാരീരികജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണു പുരോഹിതനായത്.
17: എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനാകുന്നുവെന്ന്, അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.
18: ആദ്യകല്പന അസാധുവാക്കപ്പെട്ടത്, അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവുംകൊണ്ടാണ്.
19: നിയമം, ഒന്നിനെയും പൂര്‍ണ്ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രേഷ്ഠവും ദൈവത്തിലേക്കു നമ്മെയടുപ്പിക്കുന്നതുമായ പ്രത്യാശ, അതിന്റെ സ്ഥാനത്തു നിലവില്‍വന്നു.
20: അതും ശപഥത്തോടുകൂടെയാണ്. മുമ്പു പുരോഹിതരായവര്‍ ശപഥംകൂടാതെയാണു തങ്ങളുടെ സ്ഥാനമേറ്റത്.
21: ഇവനാകട്ടെ, കര്‍ത്താവു ശപഥംചെയ്തിട്ടുണ്ട്, അവന്‍ മനസ്സു മാറ്റുകയില്ല, നീ എന്നേയ്ക്കും പുരോഹിതനാണെന്നു തന്നോടു പറഞ്ഞവന്റെ ശപഥത്തോടുകൂടെയാണു പുരോഹിതനായത്.
22: ഇതു ക്രിസ്തുവിനെ ശ്രേഷ്ഠമായ ഒരുടമ്പടിക്ക് അച്ചാരമാക്കുന്നു.
23: മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ത്തുടരാന്‍ മരണമവരെയനുവദിച്ചില്ല.
24: യേശുവാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
25: തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേയ്ക്കും ജീവിക്കുന്നവനായ അവന്‍, അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നു.
26: പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗ്ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.
27: അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെയര്‍പ്പിച്ചുകൊണ്ട്, എന്നേയ്ക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണു പ്രധാനപുരോഹിതന്മാരായി നിയോഗിക്കുന്നത്. 
28: എന്നാല്‍, നിയമത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേയ്ക്കും പരിപൂര്‍ണ്ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.

അദ്ധ്യായം 8

    
ക്രിസ്തു പുതിയഉടമ്പടിയുടെ മദ്ധ്യസ്ഥന്‍
1: ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കമിതാണ്: സ്വര്‍ഗ്ഗത്തില്‍, മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്.
2: അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മ്മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിതവുമായ സത്യകൂടാരത്തിന്റെയും ശുശ്രൂഷകനാണ്.
3: പ്രധാനപുരോഹിതന്മാര്‍ കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനാണു നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലുമുണ്ടായിരിക്കുക അവനുമാവശ്യമായിരുന്നു.
4: അവന്‍ ഭൂമിയിലായിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ അവിടെയുള്ളതുകൊണ്ട്, പുരോഹിതനേയാകുമായിരുന്നില്ല.
5: സ്വര്‍ഗ്ഗീയവസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരംതീര്‍ക്കാനൊരുങ്ങിയപ്പോള്‍ ദൈവം, ഇപ്രകാരമവനെയുപദേശിച്ചു: പര്‍വ്വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച്, എല്ലാംചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക.
6: ഇപ്പോളാകട്ടെ, ക്രിസ്തു കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളിലധിഷ്ഠിതമായ ഒരുടമ്പടിയുടെ മദ്ധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു.
7: ആദ്യത്തെയുടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല.
8: അവിടുന്ന്, അവരെ കുറ്റപ്പെടുത്തിക്കൊണ്ടരുളിചെയ്യുന്നു: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാനൊരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍വരുന്നു.
9: ആ ഉടമ്പടി, അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആ ദിവസം അവരുമായിചെയ്ത ഉടമ്പടിപോലെയായിരിക്കുകയില്ല. എന്തെന്നാല്‍,
10: കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനുമവരെ ശ്രദ്ധിച്ചില്ല. കര്‍ത്താവരുളിച്ചെയ്യുന്നു: ആ ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ഭവനവുമായി ഞാന്‍ചെയ്യുന്ന ഉടമ്പടിയിതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാനവ ആലേഖനംചെയ്യും. ഞാനവര്‍ക്കു ദൈവമായിരിക്കും, അവരെനിക്കു ജനവും.
11: ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുകയെന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെയറിയും.
12: അവരുടെ അനീതികളുടെനേര്‍ക്ക്, ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാനൊരിക്കലുമോര്‍ക്കുകയുമില്ല.

അദ്ധ്യായം 9

    
ബലി, പഴയതും പുതിയതും

1: ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധസ്ഥലവുമുണ്ടായിരുന്നു.
2: ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം, വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു.
3: രണ്ടാംവിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു.
4: അതില്‍ സ്വര്‍ണ്ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞ വാഗ്ദാനപേടകവുമുണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ്ണകലശവും അഹറോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു.
5: പേടകത്തിനുമീതെ കൃപാസനത്തിന്മേല്‍ നിഴല്‍വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകളുണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചുപറയാനാവില്ല.
6: ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്മാര്‍, എല്ലാ സമയത്തും ആദ്യത്തെക്കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വ്വഹിച്ചിരുന്നു.
7: രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതൻമാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയുമര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു.
8: ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെക്കൂടാരം നിലനില്ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്ന്, പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു.
9: അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്.
10: നവീകരണകാലംവരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പലവിധക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരികനിയമങ്ങളോടുമാത്രമേ അവയ്ക്കു ബന്ധമുള്ളൂ.
11: എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേയ്ക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു.
12: അവന്‍, അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത്, കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്.
13: കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തംതളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മംവിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു.
14: എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
15: വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശംപ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമംലംഘിച്ചവര്‍ക്ക്, അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു.
16: മരണപത്രത്തിന്റെ കാര്യത്തില്‍, അതെഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം.
17: മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷംമാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കേ അതിനൊരു സാധുതയുമില്ലല്ലോ.
18: അതിനാല്‍, രക്തംകൂടാതെയല്ല ആദ്യത്തെ ഉടമ്പടിയുമുറപ്പിക്കപ്പെട്ടത്.
19: മോശ, നിയമത്തിലെ ഓരോ കല്പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍, അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം, ജലത്തില്‍ക്കലര്‍ത്തി, ചെമന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയുമുപയോഗിച്ച്, പുസ്തകത്തിന്മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു പറഞ്ഞു
20: ഇതു ദൈവം നിങ്ങളോടു കല്പിച്ചിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ്.
21: അപ്രകാരംതന്നെ കൂടാരത്തിന്മേലും ശുശ്രൂഷയ്ക്കുള്ള സകലപാത്രങ്ങളിന്മേലും ആ രക്തം, അവന്‍ തളിച്ചു.
22: നിയമപ്രകാരം, മിക്കവസ്തുക്കളും രക്തത്താലാണു ശുദ്ധീകരിക്കപ്പെടുന്നത്. രക്തംചിന്താതെ പാപമോചനമില്ല.
23: സ്വര്‍ഗ്ഗീയകാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗ്ഗീയകാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും.
24: മനുഷ്യനിര്‍മ്മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍നില്ക്കാന്‍ സ്വര്‍ഗ്ഗത്തിലേക്കുതന്നെയാണ്, യേശു പ്രവേശിച്ചത്.
25: അത്, പ്രധാനപുരോഹിതന്‍ തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധസ്ഥലത്തേക്ക് ആണ്ടുതോറും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.
26: ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡസഹിക്കേണ്ടിവരുമായിരുന്നു. കാലത്തിന്റെ പൂര്‍ണ്ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട്, പാപത്തെ നശിപ്പിക്കാന്‍ ഇപ്പോളിതാ, അവന്‍ ഒരിക്കല്‍മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
27: മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;
28: അതിനുശേഷം വിധി എന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യമര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.

അദ്ധ്യായം 10


എന്നേയ്ക്കുമുള്ള ഏകബലി
1: നിയമം, വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്കൊരിക്കലും കഴിയുന്നില്ല;
2: അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല.
3: എന്നാല്‍, ഈ ബലികള്‍മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങളോര്‍ക്കുന്നു.
4: കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
5: ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെയരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്നാഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന്, എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു;
6: ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല.
7: അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍, എന്നെക്കുറിച്ചെഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടംനിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
8: നിയമപ്രകാരമര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്നാഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ
9: ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതംനിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു.
10: ആ ഹിതമനുസരിച്ച്, യേശുക്രിസ്തുവിന്റെ ശരീരം എന്നേയ്ക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11: പാപങ്ങളകറ്റാന്‍കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്, ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു.
12: എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേയ്ക്കുമായുള്ള ഏകബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
13: ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു
14: വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേയ്ക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു.
15: പരിശുദ്ധാത്മാവുതന്നെ നമുക്കു സാക്ഷ്യംനല്കുന്നു:
16: ആ ദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാനേര്‍പ്പെടുന്ന ഉടമ്പടിയിതാണെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്കും. അവരുടെ മനസ്സുകളില്‍ അവ ഞാന്‍ ആലേഖനംചെയ്യും.
17: അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല.
18: പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. 

ഉപദേശവും മുന്നറിയിപ്പും
19: എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍, നമുക്കു മനോധൈര്യമുണ്ട്.
20: എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു.
21: ദൈവഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്.
22: അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്കടുത്തുചെല്ലാം. ഇതിന് ദുഷ്ടമനഃസാക്ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താല്‍ കഴുകുകയും വേണം.
23: നമ്മോടു വാഗ്ദാനംചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം.
24: സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്നു നമുക്കു പര്യാലോചിക്കാം.
25: ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്ക രുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
26: സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപംചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടിയര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
27: മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവുംമാത്രമേ ഉണ്ടായിരിക്കൂ.
28: മോശയുടെ നിയമംലംഘിക്കുന്ന മനുഷ്യന്‍, കരുണലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരിക്കുന്നു.
29: ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയുംചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്രകഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? 
30: പ്രതികാരം എന്റേതാണ്, ഞാന്‍ പകരംവീട്ടുമെന്നും കര്‍ത്താവു തന്റെ ജനത്തെ വിധിക്കുമെന്നും പറഞ്ഞവനെ നാമറിയുന്നു.
31: ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്.
32: നിങ്ങള്‍ പ്രബുദ്ധരാക്കപ്പെട്ടതിനുശേഷം, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞ കാലങ്ങളോര്‍ക്കുവിന്‍.
33: ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്ക്കും അധിക്ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയുംചെയ്തു.
34: തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങളറിഞ്ഞിരുന്നു.
35: നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.
36: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി, അവിടുത്തെ വാഗ്ദാനംപ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശക്തി ആവശ്യമായിരിക്കുന്നു.
37: ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല.
38: എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്മാറുന്നെങ്കില്‍ എന്റെ ആത്മാവ് അവനില്‍ പ്രസാദിക്കുകയില്ല.
39: പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മരക്ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണു നാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ