മുന്നൂറ്റിയമ്പത്തഞ്ചാം ദിവസം: 2 യോഹന്നാൻ; 3 യോഹന്നാൻ; യൂദാസ്



2 യോഹന്നാൻ



അഭിവാദനം
1: തിരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്ഠനെഴുതുന്നത്.
2: നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിർത്തിയും സത്യത്തിന്റെപേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍മാത്രമല്ല, സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.
3: പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെയുണ്ടായിരിക്കും.

സത്യവും സ്‌നേഹവും
4: പിതാവില്‍നിന്നു നാം സ്വീകരിച്ച കല്പനയ്ക്കനുസൃതമായി, നിന്റെ മക്കളില്‍ച്ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതുകണ്ട്, ഞാനത്യന്തം സന്തോഷിച്ചു.
5: അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാനിതെഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം.
6: ഇതാണു സ്‌നേഹം: നാമവിടുത്തെ കല്പനകളനുസരിച്ചുനടക്കുക. കല്പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുകയെന്നതും.
7: വളരെയധികം വഞ്ചകര്‍ ലോകത്തിലേയ്ക്കിറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരംധരിച്ചുവന്നുവെന്നു സമ്മതിക്കാത്തവരാണവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും.
8: ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ, അതു പൂര്‍ണ്ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍.
9: ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെയതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനുമുണ്ട്.
10: പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ, ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനംചെയ്യുകയോ അരുത്.
11: എന്തെന്നാല്‍, അവനെ അഭിവാദനംചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.
12: ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയുമുപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ ആനന്ദം പൂര്‍ണ്ണമാകുന്നതിനുവേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
13: നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കള്‍ നിന്നെ അഭിവാദനംചെയ്യുന്നു.



3 യോഹന്നാൻ




അഭിവാദനം
1: സഭാശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിനെഴുതുന്നത്:
2: വാത്സല്യഭാജനമേ, നിന്റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നും നീ ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3: നീ സത്യമനുസരിച്ചാണു ജീവിക്കുന്നതെന്ന്, സഹോദരന്മാര്‍ വന്ന്, നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
4: എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നതെന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയസന്തോഷമെനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും
5: വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനുയോജിച്ച പ്രവൃത്തികളാണ്.
6: അവര്‍ സഭയുടെമുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീയവരെ യാത്രയാക്കുന്നതു നന്നായിരിക്കും.
7: കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന്, അവരൊരു സഹായവും സ്വീകരിച്ചിട്ടില്ല.
8: ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്, ഇപ്രകാരമുള്ളവരെ സ്വീകരിച്ചുസംരക്ഷിക്കേണ്ടിയിരിക്കുന്നു.
9: ഞാന്‍ ചിലകാര്യങ്ങള്‍ സഭയ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെധികാരത്തെ അംഗീകരിക്കുന്നില്ല.
10: അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെയനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചുസംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും സഭയില്‍നിന്നു പുറത്താക്കുകയുംചെയ്യുന്നു.
11: വാത്സല്യഭാജനമേ, തിന്മയെ അനുകരിക്കരുത്; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
12: ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തില്‍നിന്നുതന്നെയും, സാക്ഷ്യംലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.
13: എനിക്കു വളരെയധികം കാര്യങ്ങളെഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയുംകൊണ്ടു നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല.
14: താമസിയാതെ, നിന്നെക്കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
15: നിനക്കു സമാധാനം. സ്‌നേഹിതന്മാര്‍ നിന്നെ അഭിവാദനംചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകംപ്രത്യേകം അഭിവാദനമറിയിക്കുക.


യൂദാസ് 




അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്കെഴുതുന്നത്:
2: നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായുണ്ടാകട്ടെ!

വ്യാജോപദേഷ്ടാക്കള്‍
3: പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കെഴുതുവാന്‍ ഞാനതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധര്‍ക്ക് എന്നന്നേയ്ക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്നുപദേശിച്ചുകൊണ്ട്, നിങ്ങള്‍ക്കെഴുതേണ്ടിവന്നിരിക്കുന്നത്.
4: പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
5: നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളും നല്ലപോലെയറിയാമെങ്കിലും, ചിലകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തുദേശത്തുനിന്ന് ഇസ്രായേല്‍ജനത്തെ രക്ഷിച്ച കര്‍ത്താവ്, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
6: സ്വന്തം നിലമറന്നു തങ്ങളുടേതായ വാസസ്ഥാനമുപേക്ഷിച്ചുകളഞ്ഞ ദൂതന്മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നോര്‍ക്കുക.
7: അതുപോലെതന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലുംമുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി, അവിടുന്നെല്ലാവര്‍ക്കും ദൃഷ്ടാന്തംനല്കിയിരിക്കുന്നു.
8: സ്വപ്നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെയശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയുംചെയ്യുന്നു.
9: പ്രധാനദൂതനായ മിഖായേല്‍, മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലുമുച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവു നിന്നെ ശാസിക്കട്ടെയെന്നുമാത്രം പറഞ്ഞു.
10: ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്മവാസനകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
11: അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗ്ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നുവീഴുകയും കോറായുടെ പ്രക്ഷോഭത്തില്‍ നശിക്കുകയുംചെയ്യുന്നു.
12: തങ്ങളുടെ കാര്യംമാത്രംനോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍, നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങിക്കടപുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷംപോലെയാണ്.
13: അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
14: ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, കര്‍ത്താവു തന്റെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു.
15: എല്ലാവരുടെയുംമേല്‍ വിധിനടത്താനും സകലദുഷ്ടരെയും, അവര്‍ചെയ്ത സകലദുഷ്‌കര്‍മങ്ങളുടെപേരിലും തനിക്കെതിരായിപ്പറഞ്ഞ എല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റംവിധിക്കാനും അവിടുന്നു വന്നു.
16: അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതിപറയുന്നവരുമാണ്.

താക്കീതും ഉപദേശവും
17: എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങളോര്‍ക്കുവിന്‍.
18: അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടുജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.
19: പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്.
20: എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധിപ്രാപിക്കുവിന്‍.
21: നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.
22: ചഞ്ചലചിത്തരോട് അനുകമ്പകാണിക്കുവിന്‍.
23: അഗ്നിയിലകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട്, ഭയത്തോടെ അവരോടു കരുണകാണിക്കുവിന്‍.
24: വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി, നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വ്വകാലത്തിനുമുമ്പും ഇപ്പോഴും എപ്പോഴുമുണ്ടായിരിക്കട്ടെ. ആമേന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ