മുന്നൂറ്റിയമ്പത്തൊമ്പതാം ദിവസം: വെളിപാട് 16 -19


അദ്ധ്യായം 16


ക്രോധത്തിന്റെ പാത്രങ്ങള്‍
1: ശ്രീകോവിലില്‍നിന്ന് ആ ഏഴുദൂതന്മാരോടു പറയുന്ന ഒരു വലിയസ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി, ദൈവകോപത്തിന്റെ ആ ഏഴുപാത്രങ്ങള്‍ ഭൂമിയിലേക്കൊഴിക്കുക.
2: ഉടനെ ഒന്നാമന്‍പോയി, തന്റെ പാത്രം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന വ്രണങ്ങളുണ്ടായി.
3: രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍, മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വ്വജീവികളും ചത്തുപോയി.
4: മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലുമൊഴിച്ചു. അവ രക്തമായിമാറി.
5: അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ്, ഈ വിധികളില്‍ നീതിമാനാണ്.
6: അവര്‍ വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞു. എന്നാല്‍, അങ്ങവര്‍ക്കു രക്തംകുടിക്കാന്‍കൊടുത്തു. അതാണവര്‍ക്കു കിട്ടേണ്ടത്.
7: അപ്പോള്‍ ബലിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയുംനിറഞ്ഞതാണ്.
8: നാലാമന്‍ തന്റെ പാത്രം സൂര്യന്റെമേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്നികൊണ്ടു ദഹിപ്പിക്കാന്‍ അതിനനുവാദംലഭിച്ചു.
9: അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാരമുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവരനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോചെയ്തില്ല.
10: അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദനകൊണ്ടു നാവുകടിച്ചു.
11: വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചനുതപിച്ചില്ല.
12: ആറാമത്തെ ദൂതന്‍ തന്റെ പാത്രം യൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.
13: സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്നശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു.
14: അവര്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെ യുദ്ധത്തിനായി, ലോകമെമ്പാടുമുള്ള രാജാക്കന്മാരെ ഒന്നിച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്കളാണ്.
15: ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച്, ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
16: ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെയൊന്നിച്ചുകൂട്ടി.
17: ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയസ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു.
18: അപ്പോള്‍ മിന്നല്‍പ്പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യരുണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്രവലിയ ഭൂകമ്പവുമുണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു.
19: ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം, മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകമോര്‍മ്മിച്ചു.
20: ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വ്വതങ്ങള്‍ കാണാതായി. 
21: താലന്തുകളുടെ ഭാരമുള്ള, വലിയകല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍പ്പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത്, അത്രഭയങ്കരമായിരുന്നു.

അദ്ധ്യായം 17

    
കുപ്രസിദ്ധവേശ്യയും മൃഗവും
1: ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
2: അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞുകുടിച്ച്, ഭൂവാസികള്‍ ഉന്മത്തരായി.
3: ആ ദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍നിറഞ്ഞതും, ഏഴുതലയും പത്തുകൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെമേലിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍കണ്ടു.
4: ആ സ്ത്രീ, ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രംധരിച്ചിരുന്നു. സ്വര്‍ണ്ണവും വിലപിടിച്ചരത്നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടുനിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
5: അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
6: ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തംകുടിച്ചുന്മത്തയായി ലഹരിപിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അവളെക്കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപരതന്ത്രനായി.
7: അപ്പോള്‍ ദൂതനെന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴുതലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.
8: നീ കണ്ട ആ മൃഗമുണ്ടായിരുന്നു; എന്നാല്‍ ഇപ്പോളില്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.
9: ഇവിടെയാണു ജ്ഞാനമുള്ള മനസ്സിന്റെ ആവശ്യം. ഏഴുതലകള്‍ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴുമലകളാണ്. അവ ഏഴുരാജാക്കന്മാരുമാണ്.
10: അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയകാലത്തേയ്ക്കേ ഇവിടെ വസിക്കുകയുള്ളൂ.
11: ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.
12: നീ കണ്ട പത്തുകൊമ്പുകള്‍ പത്തുരാജാക്കന്മാരാണ്. അവരിനിയും രാജത്വംസ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്മാരുടെ അധികാരംസ്വീകരിക്കേണ്ടവരാണവര്‍.
13: അവര്‍ക്ക് ഒരേ മനസ്സാണുള്ളത്. തങ്ങളുടെ ശക്തിയുമധികാരവും അവര്‍ മൃഗത്തിനേല്പിച്ചുകൊടുക്കുന്നു.
14: ഇവര്‍ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് അവരെക്കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.
15: പിന്നെ അവനെന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ്, ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16: നീ കാണുന്ന പത്തുകൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസംഭക്ഷിക്കുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയുംചെയ്യും.
17: എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്സോടെ മൃഗത്തിനു തങ്ങളുടെ രാജത്വംനല്കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18: നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.

അദ്ധ്യായം 18


ബാബിലോണിന്റെ പതനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയഅധികാരമുണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.
2: അവന്‍ ശക്തമായസ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകലപക്ഷികളുടെയും താവളവുമായി.
3: എന്തെന്നാല്‍, സകലജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായവീഞ്ഞു പാനംചെയ്തു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍വഴി വ്യാപാരികള്‍ ധനികരായി.
4: സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുസ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്നോടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍പ്പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും.
5: അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെയതിക്രമങ്ങള്‍ ഓര്‍മ്മിക്കുകയുംചെയ്തിരിക്കുന്നു.
6: അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെക്കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.
7: അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങളനുഭവിക്കുകയുംചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല.
8: തന്മൂലം ഒറ്റദിവസംകൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്നിയിലവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവു ശക്തനാണ്. 

ജനങ്ങൾ ബാബിലോണിനെക്കുറിച്ചു വിലപിക്കുന്നു
9: അവളോടൊത്തു വ്യഭിചാരംചെയ്യുകയും ഭോഗജീവിതം നയിക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍കത്തിയെരിയുന്ന പുകകാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയുംചെയ്യും.
10: അവളുടെ പീഡകളെക്കുറിച്ചുള്ള ഭയംനിമിത്തം, അകലെനിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴിഞ്ഞല്ലോ!
11: ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവടസാധനങ്ങള്‍ ആരും വാങ്ങുന്നില്ല.
12: കച്ചവടസാധനങ്ങളിവയാണ്- സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ത്തീര്‍ത്ത പലതരംവസ്തുക്കള്‍,
13: കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയമാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
14: നിന്റെ ആത്മാവു കൊതിച്ചകനി, നിന്നില്‍നിന്നകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനിയൊരിക്കലും നീ കാണുകയില്ല.
15: അവള്‍നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.
16: മൃദുലവസ്ത്രവും ധൂമ്രവസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണ്ണവും രത്നങ്ങളും മുത്തുംകൊണ്ട് അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം!
17: എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരംകൊണ്ട്, നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകലകപ്പിത്താന്മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
18: അവളുടെ ചിതാധൂമംകണ്ട്, അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെയെന്തുണ്ട്?
19: അവര്‍ തങ്ങളുടെ തലയില്‍ പൊടിവിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയുംചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്ഷേ, ഒറ്റമണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
20: അല്ലയോ സ്വര്‍ഗ്ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്മാരേ, പ്രവാചകന്മാരേ, അവളുടെ നാശത്തിലാഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു.
21: അനന്തരം, ശക്തനായൊരു ദൂതന്‍ വലിയതിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
22: വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ദ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്നുയരുകയില്ല.
23: ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ക്കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകലജനതകളെയും നീ വഞ്ചിക്കുകയുംചെയ്തു.
24: പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍വധിക്കപ്പെട്ട സകലരുടെയും രക്തം, അവളില്‍ക്കാണപ്പെട്ടു.

അദ്ധ്യായം 19

    
സ്വര്‍ഗ്ഗത്തില്‍ വിജയഗീതം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്.
2: അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണ്ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടുചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരംചെയ്തു.
3: രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേയ്ക്കുമുയര്‍ന്നുകൊണ്ടിരിക്കുന്നു.
4: അപ്പോള്‍ ഇരുപത്തിനാലുശ്രേഷ്ഠന്മാരും നാലുജീവികളും ആമേന്‍, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട്, സാഷ്ടാംഗംപ്രണമിച്ച്, സിംഹാസനസ്ഥനായ ദൈവത്തെയാരാധിച്ചു. 

വിവാഹവിരുന്ന്
5 : സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
6: പിന്നെ വലിയജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
7: നമുക്കാനന്ദിക്കാം; ആഹ്ലാദിച്ചാര്‍പ്പുവിളിക്കാം. അവിടുത്തേയ്ക്കു മഹത്വംനല്കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
8: ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.
9: ദൂതനെന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്.
10: അപ്പോള്‍ ഞാന്‍ അവനെയാരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് യേശുവിനു സാക്ഷ്യംനല്കുന്ന നിന്റെ സഹോദരിലൊരുവന്‍. നീ ദൈവത്തെയാരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്.

ദൈവവചനം
11: സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
12: അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനംചെയ്യപ്പെട്ട ഒരു നാമമുണ്ട്; അത്, അവനല്ലാതെ മറ്റാര്‍ക്കുമറിഞ്ഞുകൂടാ.
13: അവന്‍ രക്തത്തില്‍മുക്കിയ മേലങ്കിധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനമെന്നാണ്.
14: സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ നിര്‍മ്മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെയനുഗമിക്കുന്നു.
15: അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ളൊരു വാള്‍ പുറപ്പെടുന്നു. സര്‍വ്വജനതകളുടെയുംമേല്‍ അതു പതിക്കും. ഇരുമ്പുദണ്ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്, അവന്‍ ചവിട്ടുകയും ചെയ്യും.
16: അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.

നിര്‍ണ്ണായകയുദ്ധം
17: സൂര്യനില്‍നില്ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മദ്ധ്യാകാശത്തില്‍പ്പറക്കുന്ന സകലപക്ഷികളോടും വലിയസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിന്‍.
18: രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ശക്തന്മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസംഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍.
19: അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധംചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.
20: മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയുംചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു.
21: ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസംതിന്നു തൃപ്തിയടഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ