മുന്നൂറ്റിയറുപതാം ദിവസം: വെളിപാട് 20 -22


അദ്ധ്യായം 20


ആയിരംവര്‍ഷത്തെ ഭരണം
1: സ്വര്‍ഗ്ഗത്തിൽനിന്നൊരു ദൂതനിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയൊരു ചങ്ങലയുമുണ്ട്.
2: അവന്‍ ഒരുഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ- പിടിച്ച്, ആയിരംവര്‍ഷത്തേക്കു ബന്ധനത്തിലാക്കി.
3: അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതിലടച്ചു മുദ്രവച്ചു. ആയിരംവര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
4: പിന്നെ ഞാന്‍ കുറേ സിംഹാസനങ്ങള്‍ കണ്ടു. അവയിലിരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെപ്രതി ശിരശ്ഛേദംചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയുംചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍പ്രാപിക്കുകയും ആയിരംവര്‍ഷം ക്രിസ്തുവിനോടുകൂടെ വാഴുകയും ചെയ്തു.
5: ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരിലവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍പ്രാപിച്ചില്ല.
6: ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. അവരവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.

സാത്താനു ലഭിച്ച ശിക്ഷ
7: എന്നാല്‍, ആയിരം വര്‍ഷംതികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്നു മോചിതനാകും.
8: ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളമായിരിക്കും.
9: അവര്‍ ഭൂതലത്തില്‍ക്കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി.
10: അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും.

അവസാന വിധി
11: ഞാന്‍ വെണ്മയേറിയ ഒരു വലിയ സിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍നിന്നു ഭൂമിയുമാകാശവും ഓടിയകന്നു. അവയ്ക്ക്, ഒരു സങ്കേതവും ലഭിച്ചില്ല.
12: മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിലെഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
13: തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
14: മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്നിത്തടാകം 
15: ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു.

അദ്ധ്യായം 21

    
പുതിയ ആകാശം പുതിയ ഭൂമി
1: ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലുമപ്രത്യക്ഷമായി.
2: വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
3: സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്, അവരോടൊത്തു വസിക്കും. അവരവിടുത്തെ ജനമായിരിക്കും. അവിടുന്നവരോടുകൂടെയായിരിക്കുകയും ചെയ്യും.
4: അവിടുന്ന്, അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണമുണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
5: സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
6: പിന്നെ അവനെന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
7: വിജയംവരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാനവനു ദൈവവും അവനെനിക്കു മകനുമായിരിക്കും.
8: എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി, തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.

സ്വര്‍ഗ്ഗീയ ജറുസലെം
9: അവസാനത്തെ ഏഴു മഹാമാരികള്‍നിറഞ്ഞ ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍ വന്ന്, എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചുതരാം.
10: അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിലെന്നെക്കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
11: അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം, അമൂല്യമായ രത്നത്തിനും
സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിര്‍മ്മലം.
12: അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.
13: കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍.
14: നഗരത്തിന്റെ മതിലിനു പന്ത്രണ്ടടിസ്ഥാനങ്ങളുണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും.
15: എന്നോടു സംസാരിച്ചവന്റെയടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളുമളക്കാന്‍, സ്വര്‍ണ്ണംകൊണ്ടുള്ള അളവുകോലുണ്ടായിരുന്നു.
16: നഗരം സമചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളംതന്നെ വീതി. അവന്‍ ആ ദണ്ഡുകൊണ്ടു നഗരമളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
17: അവന്‍ അതിന്റെ മതിലുമളന്നു: മനുഷ്യന്റെ തോതനുസരിച്ച്, നൂറ്റിനാല്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
18: മതില്‍ സൂര്യകാന്തംകൊണ്ട്. നഗരം തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതും സ്ഫടികതുല്യം നിര്‍മ്മലവുമായിരുന്നു.
19: നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്നങ്ങള്‍കൊണ്ടലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
20: അഞ്ചാമത്തേതു ഗോമേദകം ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേതു സൗഗന്ധികം.
21: പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ടുണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
22: നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
23: നഗരത്തിനു പ്രകാശംനല്കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
24: അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
25: അതിന്റെ കവാടങ്ങള്‍ പകല്‍സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രിയില്ലതാനും.
26: ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27: എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.

അദ്ധ്യായം 22

    
    1: ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദി അവനെനിക്കു കാണിച്ചുതന്നു.
    2: നഗരവീഥിയുടെ മദ്ധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.
    3: ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നുമുണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിലുണ്ടായിരിക്കും.
    4: അവിടുത്തെ ദാസര്‍ അവിടുത്തെയാരാധിക്കും. അവര്‍, അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തിലുണ്ടായിരിക്കും.
    5: ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്കാവശ്യമില്ല. ദൈവമായ കര്‍ത്താവ്, അവരുടെമേല്‍ പ്രകാശിക്കുന്നു. അവരെന്നേയ്ക്കും വാഴും.

    ക്രിസ്തുവിന്റെ പ്രത്യാഗമനം
    6: അവനെന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
    7: ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
    8: യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്തു. ഇവ കേള്‍ക്കുകയും കാണുകയുംചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെയാരാധിക്കാന്‍ ഞാനവന്റെ കാല്ക്കല്‍ വീണു.
    9: അപ്പോള്‍ അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെയാരാധിക്കുക.
    10: വീണ്ടും അവനെന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു.
    11: അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയുമങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാനിനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധനിനിയും വിശുദ്ധീകരിക്കപ്പെടട്ടെ. 
    12 : ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലംനല്കാനാണു ഞാന്‍ വരുന്നത്.
    13: ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയുമന്തവും.
    14 : ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
    15: നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സകലരും പുറത്ത്.
    16: യേശുവായ ഞാന്‍ സഭകളെക്കുറിച്ചു നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ്ണനായ പ്രഭാതനക്ഷത്രം.
    17: ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

    ഉപസംഹാരം
    18: ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെമേലയയ്ക്കും.
    19: ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലുമെന്തെങ്കിലുമെടുത്തുകളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌, ദൈവം എടുത്തുകളയും.
    20: ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
    21: കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ