മുന്നൂറ്റിനാല്പത്തിയഞ്ചാം ദിവസം: 1 തിമോത്തി 1 - 6


അദ്ധ്യായം 1


അഭിവാദനം
1: നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്പനയാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,
2: വിശ്വാസത്തില്‍ എന്റെ യഥാര്‍ത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും കരുണയും സമാധാനവും! 

വിശ്വാസം സംരക്ഷിക്കുക
3: ഞാന്‍ മക്കെദോനിയായിലേക്കു പോയപ്പോള്‍ നിന്നോടാവശ്യപ്പെട്ടതുപോലെ,
4: നീ എഫേസോസില്‍ താമസിക്കുക. വ്യാജപ്രബോധനങ്ങള്‍ നല്കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധചെലുത്തുകയോചെയ്യാതിരിക്കാന്‍, ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണത്. ഇക്കാര്യങ്ങള്‍, വിശ്വാസത്തില്‍ ദൈവത്തിന്റെ കാര്യവിചാരിപ്പ് നിര്‍വ്വഹിക്കുന്നതിനുപകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനേ ഉപകരിക്കുകയുള്ളു.
5: അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം, പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്‌കപടമായ വിശ്വാസത്തിലുംനിന്നു രുപംകൊള്ളുന്ന സ്‌നേഹമാണ്.
6: ചിലയാളുകള്‍ ഇവയില്‍നിന്നു വ്യതിചലിച്ച്, അര്‍ത്ഥശുന്യമായ ചര്‍ച്ചകളിലേക്കു തിരിഞ്ഞിട്ടുണ്ട്.
7: നിയമപ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാല്‍, അവര്‍ എന്താണു പറയുന്നതെന്നോ, ഏതു തത്വങ്ങളാണു സ്ഥാപിക്കുന്നതെന്നോ അവര്‍ക്കുതന്നെ അറിവില്ല. 
8: ഉചിതമായി കൈകാര്യംചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം.
9: നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മറിച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍,
10: അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നിവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനുംവേണ്ടിയുമാണ്. 
11: വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹിമയുടെ സുവിശേഷത്തിനനുസ്യതമായി എനിക്കേല്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ പ്രബോധനം.

ദൈവകൃപയ്ക്കു കൃതജ്ഞത
12: എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട്, അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.
13: മുമ്പു ഞാന്‍, അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയുംചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ, അവിശ്വാസിയായിട്ടാണു ഞാന്‍ പ്രവര്‍ത്തിച്ചത്.
14: കര്‍ത്താവിന്റെ കൃപ, യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.
15: യേശുക്രിസ്തു ലോകത്തിലേക്കു വന്നത്, പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍.
16: എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത്, നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്.
17: യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്, എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
18: എന്റെ മകനായ തിമോത്തേയോസേ,
19: നിന്നെക്കുറിച്ചു നേരത്തേയുണ്ടായിട്ടുള്ള പ്രവചനങ്ങള്‍ക്കനുസൃതം വിശ്വസത്തോടും നല്ല മനഃസാക്ഷിയോടുംകൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേല്പിക്കുന്നു. ചിലയാളുകള്‍ മനഃസാക്ഷിയെ തിരസ്‌കരിച്ചുകൊണ്ട്, വിശ്വസം തീര്‍ത്തും നശിപ്പിച്ചുകളയുന്നു.
20: ഹ്യുമനേയോസും അലക്സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍നിന്നു പിന്മാറേണ്ടതിന്, ഞാനവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്.

അദ്ധ്യായം 2


പ്രാര്‍ത്ഥനയെക്കുറിച്ചു നിര്‍ദ്ദേശം
1: എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളുമര്‍പ്പിക്കണമെന്ന്, ഞാനാദ്യമേ ആഹ്വാനംചെയ്യുന്നു.
2: എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതംനയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്.
3: ഇത്, ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ.
4: എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യമറിയണമെന്നുമാണ് അവിടുന്നാഗ്രഹിക്കുന്നത്.
5: എന്തെന്നാല്‍, ഒരു ദൈവമേയുള്ളു - ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേശുക്രിസ്തു.
6: അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.
7: അതിന്റെ പ്രഘോഷകനായും അപ്പസ്‌തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്.
8: അതിനാല്‍, കോപമോ കലഹമോകൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങളുയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
9: അതുപോലെതന്നെ, സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണംചെയ്തു നടക്കണമെന്നു ഞാനുപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്, തങ്ങളെത്തന്നെയലങ്കരിക്കരുത്.
10: ദൈവഭയമുള്ള സ്ത്രീകള്‍ക്കു യോജിച്ചവിധം സത്പ്രവൃത്തികള്‍കൊണ്ട് അവര്‍ സമലംകൃതരായിരിക്കട്ടെ!
11: സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ.
12: പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരംനടത്താനോ സ്ത്രീയെ ഞാനനുവദിക്കുന്നില്ല.
13: അവള്‍ മൗനംപാലിക്കേണ്ടതാണ്. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്;
14: പിന്നിടു ഹവ്വയും. ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമംലംഘിക്കുകയും ചെയ്തു. 
15: എങ്കിലും, സ്ത്രീ വിനയത്തോടെ, വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചുനില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും.

അദ്ധ്യായം 3

    
മെത്രാന്‍സ്ഥാനത്തെപ്പറ്റി
1: മെത്രാന്‍സ്ഥാനമാഗ്രഹിക്കുന്നവന്‍, ഉല്‍കൃഷ്ടമായ ഒരു ജോലിയാണാഗ്രഹിക്കുന്നത് എന്നതു സത്യമാണ്.
2: മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.
3: അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം.
4: അവന്‍, തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം.
5: സ്വന്തം കുടുബത്തെ ഭരിക്കാനറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും?
6: അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും.
7: കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം.

സഭയിലെ ഡീക്കന്മാര്‍
8: അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്കധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്.
9: അവര്‍ നിര്‍മ്മലമനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം.
10: ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം, അവര്‍ സഭാശുശ്രൂഷചെയ്യട്ടെ.
11: അപ്രകാരംതന്നെ അവരുടെ സ്ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണംപറയാത്തവരും സംയമനമുള്ളവരും എല്ലാക്കാര്യങ്ങളിലും വിശ്വസ്തരുമായിരിക്കണം. 
12: ഡിക്കന്മാര്‍ ഏകപത്നീവ്രതമനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം.
13: എന്തെന്നാല്‍, സ്തുത്യര്‍ഹമായി ശുശ്രൂഷചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനംനേടുകയും യേശുക്രിസതുവിലുള്ള വിശ്വാസത്തിലടിയുറച്ച്, ആത്മധൈര്യംസമ്പാദിക്കുകയും ചെയ്യും.

ആത്മീയജീവിതരഹസ്യം
14: നിന്റെയടുത്തു വേഗമെത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
15: ഇപ്പോള്‍ ഇതെഴുതുന്നതാകട്ടെ, എനിക്കു താമസംനേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദ്ദേശിക്കാനാണ്,
16: നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.

അദ്ധ്യായം 4


കപടോപദേഷ്ടാക്കള്‍

1: വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്, വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവു വ്യക്തമായിപ്പറയുന്നു.
2: മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനുകാരണം.
3: അവര്‍ വിവാഹംപാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയുംചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യമറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്.
4: എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണു സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല.
5: കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.

യാഥാര്‍ത്ഥ ശുശ്രുഷകന്‍
6: ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും - വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കുന്ന ശുശ്രുഷകന്‍.
7: ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തുമവഗണിക്കുക. ദൈവഭക്തിയില്‍ പരിശിലനംനേടുക.
8: ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചുപ്രയോജനമുണ്ട്, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങളുള്‍ക്കൊള്ളുന്നു.
9: വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. 
10: ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്, നാമദ്ധ്വാനിക്കുന്നതും പോരാടുന്നതും. എല്ലാമനുഷ്യരുടെയും, വിശിഷ്യാ, വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്നദൈവത്തിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്.
11: ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക.
12: ആരും നിന്റെ പ്രായക്കുറവിന്റെപേരില്‍, നിന്നെയവഗണിക്കാന്‍ ഇടയാക്കരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക.
13: ഞാൻ വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍നല്കുന്നതിലും അദ്ധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം.
14: പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്.
15: ഈ കര്‍ത്തവ്യങ്ങളെല്ലാം നീയനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാർപ്പണംചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാനിടയാകട്ടെ.
16: നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി, നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.

അദ്ധ്യായം 5


പെരുമാറ്റക്രമം
1: നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും
2: പ്രായംചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച്, ഉപദേശിക്കുക.

വിധവകളെക്കുറിച്ച്
3: യഥാര്‍ത്ഥത്തില്‍ വിധവകളായിരിക്കുന്നവരെ ബഹുമാനിക്കുക
4: എന്നാൽ ഒരു വിധവയ്ക്ക്, മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്നു മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയുംചെയ്യട്ടെ. അത്, ദൈവത്തിന്റെമുമ്പില്‍ സ്വീകാര്യമാണ്.
5: ഏകാകിനിയായ ഒരു യാഥാര്‍ത്ഥവിധവയാകട്ടെ, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട്, അപേക്ഷകളിലും പ്രാര്‍ത്ഥനകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. ,
6: എന്നാല്‍ സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുന്നവർ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു.
7: അവര്‍ കുറ്റമറ്റവരായിരിക്കാന്‍വേണ്ടി, നീ ഇതെല്ലാം അവരെ ഉദ്‌ബോധിപ്പിക്കുക.
8: ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്, തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസംത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്.
9: അറുപതു വയസ്സില്‍ക്കുറയാതെ പ്രായമുള്ളവളും ഒരുവന്റെമാത്രം ഭാര്യയായിരുന്നവളുമായ സ്ത്രീയെമാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ.
10: മാത്രമല്ല, അവള്‍ സത്പ്രവൃത്തികള്‍വഴി, ജനസമ്മതി നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്, സ്വന്തസന്താനങ്ങളെ നന്നായി വളര്‍ത്തുകയും അതിഥിസത്കാരത്തില്‍ താത്പര്യംകാണിക്കുകയും വിശുദ്ധരുടെ പാദങ്ങള്‍ കഴുകുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാവിധ സത്പ്രവര്‍ത്തികള്‍ക്കുംവേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുകയുംചെയ്തിട്ടുള്ളവരായിക്കണം.
11: എന്നാല്‍, പ്രായംകുറഞ്ഞ വിധവകളെ മേല്പറഞ്ഞ ഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്തുവിനുവിരുദ്ധമായി സുഖഭോഗങ്ങളില്‍മുഴുകി വിവാഹംകഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം.
12: അപ്പോള്‍ അവര്‍ തങ്ങളുടെ ആദ്യവിശ്വസ്തത ഉപേക്ഷിച്ചതുകൊണ്ടു കുറ്റക്കാരായി വിധിക്കപ്പെടും.
13: കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങിനടക്കുന്നു. അലസകളാവുകമാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട്, അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു.
14: അതിനാല്‍, ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹംകഴിച്ച്, അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാനാഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരമില്ലാതാകും.
15: എന്തെന്നാല്‍, ചിലയാളുകള്‍ ഇതിനകംതന്നെ പിശാചിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു.
16: വിശ്വാസിനിയായ ഏതെങ്കിലും സ്ത്രീക്ക്, വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട സഹായം നല്കണം. അല്ലാതെ സഭയെ ഭാരപ്പെടുത്തരുത്. അപ്പോള്‍ യാഥാര്‍ത്ഥവിധവകളെ സഹായിക്കുന്നതിനു സഭയ്ക്കു കൂടുതല്‍ സൗകര്യം ലഭിക്കും.

സഭാനേതാക്കന്മാരെപ്പറ്റി
17: സഭയെ നന്നായിഭരിക്കുന്ന ശ്രേഷ്ഠന്മാര്‍, പ്രത്യകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരമേര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം.
18: ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ് നീ മൂടിക്കെട്ടരുത് എന്നും വേലചെയ്യുന്നവന്‍ കൂലിക്കര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു.
19: രണ്ടോമുന്നോ സാക്ഷികളുടെ മൊഴികൂടാതെ, ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്.
20: പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയുംമുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയംജനിപ്പിക്കാന്‍ അതു സഹായിക്കും.
21: ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോകൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയുംമുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു.
22: ആര്‍ക്കെങ്കിലും കൈവയ്പുനല്കുന്നതില്‍ തിടുക്കംകൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്.
23: നീ വിശുദ്ധി പാലിക്കണം. വെള്ളംമാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെയുണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച്, അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക.
24: ചിലരുടെ പാപങ്ങള്‍, നേരെ ന്യായവിധിയിലേക്കു നയിക്കുംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞേ വെളിപ്പെടുകയുള്ളു.
25: അതുപോലെതന്നെ സത്പ്രവൃത്തികളും പ്രകടമാണ്; അഥവാ സ്പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുക സാദ്ധ്യമല്ല.

അദ്ധ്യായം 6

    
ഭൃത്യന്മാരുടെ കടമകള്‍
1: അടിമത്തത്തിന്റെ നുകത്തിനുകീഴിലുള്ളവരെല്ലാം, തങ്ങളുടെ യജമാനന്മാര്‍, എല്ലാ ബഹുമാനങ്ങള്‍ക്കുമര്‍ഹരാണെന്നു ധരിക്കണം. അങ്ങനെ, ദൈവത്തിന്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ.
2: യജമാനന്മാര്‍ വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോയെന്നുകരുതി, അടിമകള്‍ അവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം; കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ സേവനംചെയ്യുകയും വേണം. സേവനം ലഭിക്കുന്നവര്‍ വിശ്വാസികളും പ്രിയപ്പെട്ടവരുമാണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയുംചെയ്യേണ്ടത്.

വ്യാജപ്രബോധകര്‍
3: ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ,
4: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ യാഥാര്‍ത്ഥവചനങ്ങളോടും ദൈവഭക്തിക്കുചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോചെയ്താല്‍ അവന്‍ അഹങ്കാരിയുമജ്ഞനുമാണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്, അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളുമുണ്ടാകുന്നു.
5: ദുഷിച്ചമനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്നു കരുതുന്നവരുമായ മനുഷ്യർതമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രേ.
6: ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന്, ദൈവഭക്തി വലിയൊരു നേട്ടമാണ്.
7: കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
8: ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം.
9: ധനവാന്മാരാകണമെന്നാഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,
10: ധനമോഹമാണ്, എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനുമിടയായിട്ടുണ്ട്.

വിശ്വാസിയുടെ പോരാട്ടം
11: എന്നാല്‍, ദൈവികമനുഷ്യനായ നീ, ഇവയില്‍നിന്നോടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക.
12: വിശ്വാസത്തിന്റെ നല്ല പോരാട്ടംനടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീയിതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
13: എല്ലാറ്റിനും ജീവന്‍നല്കുന്ന ദൈവത്തിന്റെയും പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യംനല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു,
14: കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം.
15: വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും.
16: അവിടുന്നുമാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാദ്ധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.
17: ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യമുപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍, അനിശ്ചിതമായ സമ്പത്തില്‍വയ്ക്കാതെ, അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്കിയിട്ടുള്ള ദൈവത്തിലര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക.
18: അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളുമായിരിക്കയുംവേണം.
19: അങ്ങനെ യഥാര്‍ത്ഥജീവനവകാശമാക്കുന്നതിന്, അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ.
20: അല്ലയോ തിമോത്തേയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.
21: ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തുമകന്നുപോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ, നിന്നോടുകൂടെയുണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ