മുന്നൂറ്റിയമ്പത്തെട്ടാം ദിവസം: വെളിപാട് 11 -15


അദ്ധ്യായം 11


രണ്ടു സാക്ഷികള്‍
1: ദണ്ഡുപോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്കപ്പെട്ടു. ഞാനിങ്ങനെ കേള്‍ക്കുകയുംചെയ്തു: നീയെഴുന്നേറ്റ്, ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെയാരാധിക്കുന്നവരെയും അളക്കുക.
2: ദേവാലയത്തിന്റെ മുറ്റമളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്കപ്പെട്ടതാണ്. നാല്പത്തിരണ്ടുമാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും.
3: ചാക്കുടുത്ത്, ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാനെന്റെ രണ്ടുസാക്ഷികള്‍ക്ക് അനുവാദംകൊടുക്കും.
4: അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍നില്ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളുമാണ്.
5: ആരെങ്കിലും അവരെ ഉപദ്രവിക്കാനിച്ഛിച്ചാല്‍, അവരുടെ വായില്‍നിന്ന് അഗ്നിപുറപ്പെട്ട്, ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെയുപദ്രവിക്കാന്‍പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം.
6: തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശമടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കിമാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകലമഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്.
7: അവര്‍ തങ്ങളുടെ സാക്ഷ്യംനിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം, അവരോടു യുദ്ധംചെയ്ത്, അവരെ കീഴടക്കിക്കൊല്ലും.
8: സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാർത്ഥത്തില്‍വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്.
9: ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലുംനിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവരനുവദിക്കുകയില്ല.
10: ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച്, അവരന്യോന്യം സമ്മാനങ്ങള്‍കൈമാറും. കാരണം, ഇവരാണ്, ഭൂമിയില്‍വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടുപ്രവാചകന്മാര്‍.
11: മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു.
12: സ്വര്‍ഗ്ഗത്തില്‍നിന്നു വലിയൊരു സ്വരം തങ്ങളോടിങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്ക്കേ അവരൊരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.
13: ആ മണിക്കൂറില്‍ വലിയഭൂകമ്പമുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്നു നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരംപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ വിഹ്വലരായി, സ്വര്‍ഗ്ഗസ്ഥനായദൈവത്തെ മഹത്വപ്പെടുത്തി.
14: രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗംവരുന്നു.

ഏഴാമത്തെ കാഹളം
15: ഏഴാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയസ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്റേതും അവിടുത്തെ അഭിഷിക്തന്റേതുമായിരിക്കുന്നു. അവിടുന്ന് എന്നേയ്ക്കും ഭരിക്കും.
16: അപ്പോള്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലുശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംപ്രണമിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
17: ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. എന്തെന്നാല്‍, അങ്ങു വലിയശക്തിപ്രയോഗിക്കാനും ഭരിക്കാനുംതുടങ്ങിയല്ലോ.
18: ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകന്മാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലംനല്കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്മൂലനംചെയ്യാനുമുള്ള സമയവും സമാഗതമായി.
19: അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെയാലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയകന്മഴയുമുണ്ടായി.

അദ്ധ്യായം 12

    
സ്ത്രീയും ഉഗ്രസര്‍പ്പവും
1: സ്വര്‍ഗ്ഗത്തില്‍ വലിയൊരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടുനക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
2: അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
3: സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളംകൂടെ കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴുതലയും പത്തുകൊമ്പും. തലകളില്‍ ഏഴുകിരീടങ്ങള്‍.
4: അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്കെറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെവിഴുങ്ങാന്‍, സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
5: അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനുള്ളവനാണവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയുമടുത്തേക്കു സംവഹിക്കപ്പെട്ടു.
6: ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതുദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.
7: അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധംചെയ്തു.
8: എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കിടമില്ലാതായി.
9: ആ വലിയസര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടെ അവന്റെ ദൂതന്മാരും.
10: സ്വര്‍ഗ്ഗത്തില്‍ ഒരു വലിയസ്വരം വിളിച്ചുപറയുന്നതു ഞാന്‍കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയുംചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
11: അവരാകട്ടെ കുഞ്ഞാടിന്റെ രക്തംകൊണ്ടും സ്വന്തംസാക്ഷ്യത്തിന്റെ വചനംകൊണ്ടും അവന്റെമേല്‍ വിജയംനേടി. ജീവന്‍നല്കാനും അവര്‍ തയ്യാറായി.
12: അതിനാല്‍, സ്വര്‍ഗ്ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയസമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്, അരിശംകൊണ്ട്, പിശാചു നിങ്ങളുടെയടുത്തേക്കിറങ്ങിയിട്ടുണ്ട്.
13: താന്‍ ഭൂമിയിലേക്കെറിയപ്പെട്ടു എന്നുകണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെയന്വേഷിച്ച്, സര്‍പ്പം പുറപ്പെട്ടു.
14: സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ട്, തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീയ്ക്കു വന്‍കഴുകന്റെ രണ്ടുചിറകുകള്‍ നല്കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവളവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15: സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദിപോലെ ജലം അവളുടെപിന്നാലെ പുറപ്പെടുവിച്ചു.
16: എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്‌തുറന്ന്, സര്‍പ്പം വായില്‍നിന്നൊഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
17: അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. ദൈവകല്പനകള്‍കാക്കുന്നവരും യേശുവിനു സാക്ഷ്യംവഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധംചെയ്യാന്‍ അതു പുറപ്പെട്ടു.
18: അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചു.

അദ്ധ്യായം 13


രണ്ടു മൃഗങ്ങള്‍
1: കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തുകൊമ്പും ഏഴുതലയും കൊമ്പുകളില്‍ പത്തുരത്നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.
2: ഞാന്‍കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ കാലുകള്‍ കരടിയുടേതുപോലെ, വായ് സിംഹത്തിന്റേതുപോലെയും. സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയഅധികാരവും അതിനുകൊടുത്തു.
3: അതിന്റെ തലകളിലൊന്ന്, മാരകമായി മുറിപ്പെട്ടതുപോലെതോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമിമുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
4: മൃഗത്തിന് അധികാരംനല്കിയതുനിമിത്തം അവര്‍ സര്‍പ്പത്തെയാരാധിച്ചു. അവരിങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയുമാരാധിച്ചു: ഈ മൃഗത്തെപ്പോലെയാരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കുകഴിയും?
5: ദൈവദൂഷണവും വമ്പുംപറയുന്ന ഒരു വായ് അതിനു നല്കപ്പെട്ടു. നാല്പത്തിരണ്ടുമാസം പ്രവര്‍ത്തനംനടത്താന്‍ അതിനധികാരവും നല്കപ്പെട്ടു.
6: ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
7: വിശുദ്ധരോടു പടപൊരുതി, അവരെ കീഴ്‌പ്പെടുത്താന്‍ അതിനനുവാദംനല്കി. സകലഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിനധികാരവും ലഭിച്ചു.
8: വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനംമുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെയാരാധിക്കും.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
10: തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കുപോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിനിരയാകണം. ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും.
11: ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരുമൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേതുപോലുള്ള രണ്ടുകൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
12: അത്, ആദ്യത്തെ മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെയാരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബ്ബന്ധിച്ചു.
13: ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലുംചെയ്ത് വലിയഅടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു.
14: മൃഗത്തിന്റെമുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി, അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു.
15: മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസംപകരാന്‍ അതിനനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തിലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനുംവേണ്ടിയായിരുന്നു അത്.
16: ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.
17: മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്.
18: ഇവിടെയാണ്, ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അതൊരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്.

അദ്ധ്യായം 14


കുഞ്ഞാടും അനുയായികളും

1: ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരംപേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവുമെഴുതിയിട്ടുണ്ട്.
2: വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു - വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
3: അവര്‍ സിംഹാസനത്തിന്റെയും നാലുജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംമുമ്പാകെ ഒരു പുതിയ ഗാനമാലപിച്ചു. ഭൂമിയില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാല്പത്തിനാലായിരംപേരൊഴികെ, ആര്‍ക്കും ആ ഗാനം പഠിക്കാന്‍കഴിഞ്ഞില്ല.
4: അവര്‍ സ്ത്രീകളോടുചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ ബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാമനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ടവരാണ്.
5: അവരുടെ അധരങ്ങളില്‍ വ്യാജംകാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.

മൂന്നുദൂതന്മാര്‍
6: മദ്ധ്യാകാശത്തില്‍പ്പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകലജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരംചെയ്യാനുള്ള ഒരു സനാതനസുവിശേഷം അവന്റെ പക്കലുണ്ട്.
7: അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേയ്ക്കു മഹത്വംനല്കുകയുംചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍.
8: രണ്ടാമതൊരു ദൂതന്‍വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ്, സകലജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.
9: മൂന്നാമതൊരു ദൂതന്‍വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോചെയ്താല്‍,
10: അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ്, കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയുംമുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയുംചെയ്യും.
11: അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവുമുണ്ടായിരിക്കയില്ല.
12: ഇവിടെയാണു ദൈവത്തിന്റെ കല്പനകള്‍പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവുംവേണ്ടത്.
13: അനന്തരം, സ്വര്‍ഗ്ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അദ്ധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍, അവരെയനുഗമിക്കുന്നെന്ന് ആത്മാവരുളിച്ചെയ്യുന്നു.

വിളവെടുപ്പ്
14: പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരു വെണ്‍മേഘം; മേഘത്തിന്മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍, അവന്റെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്.
15: ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്ന്, മേഘത്തിന്മേലിരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാളെടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.
16: അപ്പോള്‍, മേഘത്തിലിരിക്കുന്നവന്‍ തന്റെയരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയുംചെയ്തു.
17: സ്വര്‍ഗ്ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരരിവാളുമായി മറ്റൊരു ദൂതനിറങ്ങിവന്നു.
18: വേറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരമുണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു.
19: അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച്, ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
20: പട്ടണത്തിനു വെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്താദിയോണ്‍ നീളത്തില്‍ രക്തപ്രവാഹമുണ്ടായി.

അദ്ധ്യായം 15


വിജയികളുടെ സ്തുതിഗീതം
1: സ്വര്‍ഗ്ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴുദൂതന്മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധമവസാനിക്കുന്നത്.
2: അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്മേലും അവന്റെ പ്രതിമയിന്മേലും അവന്റെ നാമസംഖ്യയിന്മേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്ക്കുന്നവരെയും ഞാന്‍ കണ്ടു.
3: അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങളാലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വ്വശക്തനും ദൈവവുമായ
4: കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍ണ്ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനുമാരുണ്ട്? അങ്ങുമാത്രമാണു പരിശുദ്ധന്‍. സകലജനതകളും വന്ന്, അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
5 : ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ സാക്ഷ്യകൂടാരത്തിന്റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.
6: ഏഴുമഹാമാരികളേന്തിയ ഏഴുദൂതന്മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്ത്രം ധരിച്ചിരുന്നു; വക്ഷസ്സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ച കെട്ടിയിരുന്നു.
7: നാലുജീവികളിലൊന്ന്, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ക്രോധംനിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴുദൂതന്മാര്‍ക്കു കൊടുത്തു.
8: ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴുദൂതന്മാരുടെ ഏഴു മഹാമാരികളുമവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍കഴിഞ്ഞില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ