മുന്നൂറ്റിയമ്പതാം ദിവസം: ഹെബ്രായർ 11 - 13


അദ്ധ്യായം 11


പൂര്‍വ്വികരുടെ വിശ്വാസം
1: വിശ്വാസമെന്നത്, പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോദ്ധ്യവുമാണ്.
2: ഇതുമൂലമാണ്, പൂര്‍വ്വികന്മാര്‍ അംഗീകാരത്തിനര്‍ഹരായത്.
3: ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാമറിയുന്നു.
4: വിശ്വാസംമൂലം ആബേല്‍ കായേന്റേതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവംതന്നെ സാക്ഷ്യംനല്കി.
5: അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക് മരണംകാണാതെ സംവഹിക്കപ്പെട്ടു. ദൈവം, അവനെ സംവഹിച്ചതുകൊണ്ട്, പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.
6: അപ്രകാരം എടുക്കപ്പെടുന്നതിനു മുമ്പ്, താന്‍ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യംലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവമുണ്ടെന്നും തന്നെയന്വേഷിക്കുന്നവര്‍ക്ക്, അവിടുന്നു പ്രതിഫലംനല്കുമെന്നും വിശ്വസിക്കണം.
7: വിശ്വാസംമൂലമാണ്, നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പുകൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മ്മിച്ചത്. ഇതുമൂലം, അവന്‍ ലോകത്തെ കുറ്റംവിധിക്കുകയും വിശ്വാസത്തില്‍നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.
8: വിശ്വാസംമൂലം അബ്രാഹം, തനിക്കവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കുപോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേയ്ക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ് അവന്‍ പുറപ്പെട്ടത്.
9: വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത്, അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
10: ദൈവം സംവിധാനംചെയ്തതും നിര്‍മ്മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.
11: തന്നോടു വാഗ്ദാനംചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായംകവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തിപ്രാപിച്ചു.
12: അതിനാല്‍, ഒരുവനില്‍നിന്ന് - അതും മൃതപ്രായനായ ഒരുവനില്‍നിന്ന് - ആകാശത്തിലെ നക്ഷത്രജാലങ്ങള്‍പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍പോലെയും വളരെപ്പേര്‍ ജനിച്ചു.
13: ഇവരെല്ലാം വിശ്വാസത്തോടെയാണു മരിച്ചത്. അവര്‍ വാഗ്ദാനംചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനംചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയുംചെയ്തു.
14: ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു.
15: തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരമുണ്ടാകുമായിരുന്നു.
16: ഇപ്പോളാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യംവയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്, ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
17: വിശ്വാസംമൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്.
18: ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടുമെന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാനൊരുങ്ങി.
19: മരിച്ചവരില്‍നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനുകഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
20: വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍, ഇസഹാക്ക്, യാക്കോബിനെയും ഏസാവിനെയുമനുഗ്രഹിച്ചു.
21: ആസന്നമരണനായ യാക്കോബ്, തന്റെ വടിയൂന്നിനിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെയനുഗ്രഹിച്ചു.
22: ജോസഫ് മരിക്കുമ്പോള്‍, വിശ്വാസംമൂലം ഇസ്രായേല്‍മക്കളുടെ പുറപ്പാടിനെ മനസ്സില്‍ക്കണ്ടുകൊണ്ട്, തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദ്ദേശങ്ങള്‍കൊടുത്തു.
23: വിശ്വാസംമൂലം മോശയെ അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്മാര്‍ മൂന്നുമാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്പനയെ അവര്‍ ഭയപ്പെട്ടില്ല.
24: മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത്, വിശ്വാസംമൂലം അവന്‍ നിഷേധിച്ചു. 
25: പാപത്തിന്റെ നൈമിഷികസുഖങ്ങളാസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവനിഷ്ടപ്പെട്ടത്.
26: ക്രിസ്തുവിനെപ്രതി സഹിക്കുന്ന നിന്ദനങ്ങള്‍, ഈജിപ്തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടിപതിച്ചത്.
27: രാജകോപം ഭയപ്പെടാതെ, വിശ്വാസത്താല്‍ അവന്‍ ഈജിപ്തു വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്നപോലെ അവന്‍ സഹിച്ചുനിന്നു.
28: ആദ്യജാതന്മാരെക്കൊല്ലുന്നവന്‍ അവരെ സ്പര്‍ശിക്കാതിരുന്നതിന്, വിശ്വാസത്തില്‍ അവന്‍ പെസഹ ആചരിക്കുകയും രക്തംതളിക്കുകയും ചെയ്തു
29: വിശ്വാസത്താല്‍ അവര്‍ വരണ്ടഭൂമിയിലൂടെയെന്നവിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്തുകാര്‍ അപ്രകാരംചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
30: വിശ്വാസത്തോടെ ഇസ്രായേല്‍
ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴുദിവസം വലത്തുവച്ചപ്പോള്‍ അവ ഇടിഞ്ഞുവീണു.
31: വേശ്യയായ റാഹാബ്, വിശ്വാസംനിമിത്തം ചാരന്മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട്, അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.
32: കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയംപോരാ.
33: അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;
34: അഗ്നിയുടെ ശക്തി കെടുത്തി; വാളിന്റെ വായ്ത്തലയില്‍നിന്നു രക്ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്തിയാര്‍ജിച്ചു; യുദ്ധത്തില്‍ ശക്തന്മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.
35: സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണംവരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനംപ്രാപിക്കാന്‍വേണ്ടി പീഡയില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ കൂട്ടാക്കിയില്ല.
36: ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു.
37: ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടിമുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ടു വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽധരിച്ച്, നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു.
38: അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവരലഞ്ഞുതിരിഞ്ഞു.
39: വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരംപ്രാപിച്ചെങ്കിലും വാഗ്ദാനംചെയ്യപ്പെട്ടതു പ്രാപിച്ചില്ല.
40: കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണ്ണരാക്കപ്പെടരുതെന്നുകണ്ട്, ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.

അദ്ധ്യായം 12


പിതൃശിക്ഷണം
1: നമുക്കുചുറ്റും സാക്ഷികളുടെ വലിയസമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്കോടിത്തീര്‍ക്കാം.
2: നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ക്കണ്ടുകൊണ്ടുവേണം നാമോടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷമുപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ്, ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവനവരോധിക്കപ്പെടുകയും ചെയ്തു.
3: ആകയാല്‍, മനോധൈര്യമസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍, തന്നെയെതിര്‍ത്ത പാപികളില്‍നിന്ന് എത്രമാത്രംസഹിച്ചെന്നു ചിന്തിക്കുവിന്‍.
4: പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്കിനിയും രക്തംചൊരിയേണ്ടി വന്നിട്ടില്ല.
5: നിങ്ങളെ പുത്രന്മാരെന്ന്  അഭിസംബോധനചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്.
6: താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണംനല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയുംചെയ്യുന്നു.
7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ, ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണംലഭിക്കാത്ത ഏതുമകനാണുള്ളത്?
8: എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.
9: ഇതിനുംപുറമേ, നമ്മെ തിരുത്തുന്നതിന്, നമുക്കു ഭൗമികപിതാക്കന്മാരുണ്ടായിരുന്നു. നാമവരെ ബഹുമാനിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍, നാം ആത്മാക്കളുടെ പിതാവിനു വിധേയരായി ജീവിക്കേണ്ടതല്ലേ?
10: ഭൗമികപിതാക്കന്മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ചു കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെ പരിശീലിപ്പിക്കുന്നതു നമ്മുടെ നന്മയ്ക്കും തന്റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനുംവേണ്ടിയാണ്.
11: എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക്, കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വ്വകമായ ഫലം ലഭിക്കുന്നു.
12: അതിനാല്‍, തളര്‍ന്ന കൈകളെയും ബലമില്ലാത്ത കാല്‍മുട്ടുകളെയും ശക്തിപ്പെടുത്തുവിന്‍.
13: മുടന്തുള്ള പാദങ്ങള്‍, സന്ധിവിട്ടിടറിപ്പോകാതെ സുഖപ്പെടാന്‍തക്കവിധം അവയ്ക്കു നേര്‍വഴിയൊരുക്കുവിന്‍.

ദൈവകൃപ നിരസിച്ചാല്‍
14: എല്ലാവരോടും സമാധാനത്തില്‍വര്‍ത്തിച്ച്, വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
15: ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരുവളര്‍ന്ന്, ഉപദ്രവംചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്ധരായിത്തീരുന്നു.
16: ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കടിഞ്ഞൂല്‍പുത്രസ്ഥാനംവിറ്റ ഏസാവിനെപ്പോലെ ആരും അസന്മാർഗ്ഗിയോ അധാര്‍മ്മികനോ ആകരുത്.
17: പിന്നീട് അവകാശംപ്രാപിക്കാനാഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവനതാഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവനവസരം ലഭിച്ചില്ല.
18: സ്പര്‍ശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ
19: കാഹളദ്ധ്വനിയെയോ ഇനിയരുതേയെന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല, നിങ്ങള്‍ സമീപിക്കുന്നത്.  
20: മലയെ സമീപിക്കുന്നത് ഒരു മൃഗമാണെങ്കില്‍പ്പോലും അതിനെ കല്ലെറിയണമെന്ന കല്പന അവര്‍ക്കു ദുസ്സഹമായിരുന്നു.
21: ഞാന്‍ ഭയംകൊണ്ടു വിറയ്ക്കുന്നുവെന്നു മോശ പറയത്തക്കവിധം അത്രഭയങ്കരമായിരുന്നു ആ കാഴ്ച.
22: സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്.
23: സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെയടുത്തേയ്ക്കും
24: പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേയ്ക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനംചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. 
25: സംസാരിച്ചുകൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാല്‍ രക്ഷപെടുക കൂടുതല്‍ പ്രയാസമാണ്.
26: അന്ന്, അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയുമൊരിക്കല്‍ക്കൂടെ, ഞാന്‍ ഭൂമിയെമാത്രമല്ല, ആകാശത്തെയുമിളക്കുമെന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനംചെയ്തിരിക്കുന്നു.
27: ഇനിയുമൊരിക്കല്‍ക്കൂടെ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്, ഇളക്കപ്പെട്ടവ - സൃഷ്ടിക്കപ്പെട്ടവ - നീക്കംചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാന്‍പാടില്ലാത്തവ നിലനില്ക്കാന്‍വേണ്ടിയാണിത്.
28: സുസ്ഥിരമായൊരു രാജ്യംലഭിച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന, ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം.
29: കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്.

അദ്ധ്യായം 13


ഉപദേശങ്ങള്‍
1: സഹോദരസ്‌നേഹം നിലനില്ക്കട്ടെ.
2: ആതിഥ്യമര്യാദ മറക്കരുത്. അതുവഴി ദൈവദൂതന്മാരെ, അറിയാതെ സത്കരിച്ചവരുണ്ട്.
3: തടവുകാരോട്, നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിന്‍.
4: എല്ലാവരുടെയിടയിലും വിവാഹം മാന്യമായിക്കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5: നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
6: അതിനാല്‍ നമുക്ക്, ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണെന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോടെന്തുചെയ്യാന്‍കഴിയും?
7: നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്മാരെയോര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത്, അവരുടെ വിശ്വാസമനുകരിക്കുവിന്‍.
8: യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.
9: വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല, കൃപാവരത്താല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണുചിതം; ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക്, ഒരു പ്രയോജനവും ലഭിക്കുന്നില്ല.
10: നമുക്കൊരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കാന്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്കവകാശമില്ല.
11: കാരണം, പ്രധാനപുരോഹിതന്‍ പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന രക്തമെടുത്ത മൃഗങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെടുന്നതു പാളയത്തിനു പുറത്തുവച്ചാണ്.
12: സ്വന്തംരക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാന്‍ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;
13: അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട്, നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെയടുത്തേക്കു പോകാം.
14: എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാമന്വേഷിക്കുന്നത്.
15: അവനിലൂടെ നമുക്കെല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം.
16: നന്മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്.
17: നിങ്ങളുടെ നേതാക്കന്മാരെയനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ, അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വ്വം, സങ്കടംകൂടാതെ, ആ കൃത്യം ചെയ്യുന്നതിനിടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും.
18: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യത്തിലും മാന്യമായി പെരുമാറുന്നതിനാഗ്രഹിക്കുന്ന ഒരു നല്ലമനസ്സാക്ഷിയാണു ഞങ്ങളുടേതെന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്.
19: ഞാന്‍ എത്രയുംവേഗം നിങ്ങളുടെയടുത്തു തിരിച്ചുവരുന്നതിന്, നിങ്ങള്‍ ഏറെ ശുഷ്‌കാന്തിയോടെ പ്രാര്‍ത്ഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു.

ആശംസകള്‍
20: ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം, നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളുംകൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!
21: അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്കഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
22: എന്റെ സഹോദരരേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായെഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങള്‍ ക്ഷമയോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
23: നമ്മുടെ സഹോദരന്‍ തിമോത്തേയോസ് മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങളറിഞ്ഞാലും. അവന്‍ വേഗംവന്നാല്‍ അവനോടൊപ്പം ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം.
24: നിങ്ങളുടെ നേതാക്കന്മാര്‍ക്കും എല്ലാവിശുദ്ധര്‍ക്കും വന്ദനംപറയുവിന്‍. ഇറ്റലിയില്‍നിന്നു വന്നവര്‍ നിങ്ങള്‍ക്കു വന്ദനംപറയുന്നു.
25: ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ