മുന്നൂറ്റിനാല്പത്തിനാലാം ദിവസം: 2 തെസലോനിക്ക 1 - 3


അദ്ധ്യായം 1


അഭിവാദനം
1: പൗലോസും സില്‍വാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്.
2: പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും. 

പ്രശംസ, പ്രാർത്ഥന
3: നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പരസ്‌നേഹം വര്‍ദ്ധിച്ചുവരുകയുംചെയ്യുന്നതിനാല്‍, സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന്, ഉചിതമാംവിധം നന്ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
4: അതിനാല്‍, നിങ്ങളിപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച്, ദൈവത്തിന്റെ സഭകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്.
5: ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂര്‍വ്വകമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം.
6: കര്‍ത്താവായ യേശു, തന്റെ ശക്തരായ ദൂതന്മാരോടുകൂടെ അഗ്നിജ്വാലകളുടെ മദ്ധ്യേ സ്വര്‍ഗ്ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍
7: നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യുകയെന്നതും യാതനകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്കുകയെന്നതും ദൈവത്തിന്റെ നീതിയാണ്.
8: അപ്പോളവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കുമെതിരായി പ്രതികാരംചെയ്യും.
9: അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട്, നിത്യനാശം ശിക്ഷയായനുഭവിക്കും.
10: കര്‍ത്താവു തന്റെ വിശുദ്ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കുനല്കിയ സാക്ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആ ദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും.
11: നമ്മുടെ ദൈവം, നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ത്ഥിക്കുന്നു.
12: അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!

അദ്ധ്യായം 2


തിന്മയുടെ അജ്ഞാതശക്തി
1: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയുംപറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു:
2: കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്ന്, ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്.
3: ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
4: ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവനെതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്, അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനംപിടിക്കും.
5: ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞതോര്‍ക്കുന്നില്ലേ?
6: സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന്, ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
7: അരാജകത്വത്തിന്റെ അജ്ഞാതശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും.
8: കര്‍ത്താവായ യേശു, തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.
9: സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
10: എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖതകാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെയായിരിക്കും.
11: അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരിലുണര്‍ത്തും.
12: തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ, അനീതിയിലാഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും. 

സ്ഥിരതയോടെ നില്ക്കുക
13: എന്നാല്‍, കര്‍ത്താവിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
14: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.
15: അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്ക്കുകയും ചെയ്യുവിന്‍.
16: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, നമ്മെ സ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്കുകയുംചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും
17: എല്ലാ സത്പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.

അദ്ധ്യായം 3


പ്രാര്‍ത്ഥനയാവശ്യപ്പെടുന്നു
1: അവസാനമായി സഹോദരരേ, കര്‍ത്താവിന്റെ വചനത്തിനു നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാരവും മഹത്വവും ലഭിക്കുന്നതിനും
2: ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
3: കാരണം, വിശ്വാസം എല്ലാവര്‍ക്കുമില്ല. എന്നാല്‍, കര്‍ത്താവു വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനില്‍നിന്നു കാത്തുകൊള്ളുകയുംചെയ്യും.
4: നിങ്ങളെ സംബന്ധിച്ചാകട്ടെ, ഞങ്ങള്‍ കല്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇനിയും നിവര്‍ത്തിക്കുമെന്നും കര്‍ത്താവില്‍ ഞങ്ങള്‍ക്കു ദൃഢമായ വിശ്വാസമുണ്ട്.
5: ദൈവത്തിന്റെ സ്‌നേഹത്തിലേക്കും ക്രിസ്തു നല്കുന്ന സ്ഥൈര്യത്തിലേക്കും കര്‍ത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ. 

അദ്ധ്വാനശീലരാവുക
6: അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന, ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞുനില്ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പിക്കുന്നു.
7: എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഞങ്ങളലസരായിരുന്നില്ല.
8: ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാദ്ധ്വാനംചെയ്തു.
9: ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്കാനാണ് ഇങ്ങനെ ചെയ്തത്.
10: ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ത്തന്നെ നിങ്ങള്‍ക്കൊരു കല്പന നല്കി: അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.
11: എല്ലാകാര്യങ്ങളിലുമിടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയുംചെയ്യാതെ അലസരായിക്കഴിയുകയുംചെയ്യുന്ന ചിലര്‍, നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.
12: അത്തരം ആളുകളോടു കര്‍ത്താവായ യേശുവില്‍ ഞങ്ങള്‍ കല്പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്ത്, അപ്പം ഭക്ഷിക്കട്ടെ.
13: സഹോദരരേ, നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്സാഹരാകരുത്.
14: ഈ കത്തില്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും അനുസരിക്കുന്നില്ലെങ്കില്‍ അവനെ പ്രത്യേകം ശ്രദ്ധിക്കുക. അവന്‍ ലജ്ജിക്കേണ്ടതിന്, അവനുമായി ഇടപെടാതിരിക്കുക.
15: അവനെ ഒരു ശത്രുവായി പരിഗണിക്കരുത്; മറിച്ച് ഒരു സഹോദരനെയെന്നപോലെ ഉപദേശിക്കുകയാണ് വേണ്ടത്.
16: സമാധാനത്തിന്റെ കര്‍ത്താവുതന്നെ, നിങ്ങള്‍ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്കട്ടെ. കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
17: ഈ അഭിവാദനം, പൗലോസായ ഞാന്‍ എന്റെ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇതെന്റെ അടയാളമാണ്.
18: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ