ഒമ്പതാംദിവസം: ഉല്പത്തി 30 - 32

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



 അദ്ധ്യായം 30

1: യാക്കോബിനു മക്കളെ നല്കാന്‍ തനിക്കു സാധിക്കുന്നില്ലെന്നുകണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി.       
2: അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെത്തരിക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബു കോപിച്ച്, അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?      
3: അവള്‍ പറഞ്ഞു: ഇതാ, എന്റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവളെന്റെ മടിയില്‍വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.        
4: അവള്‍ തന്റെ പരിചാരിക ബില്‍ഹായെ അവനു നല്കി, യാക്കോബ് അവളെ പ്രാപിച്ചു.       
5: ബില്‍ഹാ ഗര്‍ഭംധരിക്കുകയും യാക്കോബിന് അവളിലൊരു പുത്രന്‍ ജനിക്കുകയുംചെയ്തു.       
6: അപ്പോള്‍ റാഹേല്‍ പറഞ്ഞു: ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ത്ഥനകേട്ട്, എനിക്കൊരു പുത്രനെ നല്കിയിരിക്കുന്നു. അതുകൊണ്ട്, അവളവന് ദാന്‍ എന്നു പേരിട്ടു.       
7: റാഹേലിന്റെ പരിചാരികയായ ബില്‍ഹാ വീണ്ടും ഗര്‍ഭിണിയായി. അവളില്‍ യാക്കോബിനു രണ്ടാമതൊരു പുത്രന്‍കൂടെ ജനിച്ചു.       
8: റാഹേല്‍ പറഞ്ഞു: എന്റെ സഹോദരിയുമായി കടുത്ത മത്സരംനടത്തി ഞാന്‍ ജയിച്ചിരിക്കുന്നു. അവളവനെ നഫ്താലി എന്നുവിളിച്ചു.       
9: തനിക്കു വീണ്ടും മക്കളുണ്ടാവുന്നില്ല എന്നുകണ്ട ലെയാ, തന്റെ പരിചാരികയായ സില്‍ഫായെ യാക്കോബിനു നല്കി.      
10: ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിനൊരു പുത്രന്‍ ജനിച്ചു.       
11: ഭാഗ്യം എന്നുദ്‌ഘോഷിച്ചുകൊണ്ട് ലെയാ അവനു ഗാദ് എന്നു പേരിട്ടു.       
12: ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിനു വീണ്ടുമൊരു പുത്രന്‍ ജനിച്ചു.       
13: ലെയാ പറഞ്ഞു: ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍, എന്നെ ഭാഗ്യവതിയെന്നു വിളിക്കും. അതുകൊണ്ട്, അവളവന് ആഷേര്‍ എന്നു പേരിട്ടു.       
14: ഗോതമ്പുകൊയ്യുന്ന കാലത്തു റൂബന്‍ വയലില്‍പ്പോയി. അവന്‍ ദൂദായിപ്പഴം കാണുകയും അവ പറിച്ചുകൊണ്ടുവന്നു തന്റെ അമ്മയായ ലെയായ്ക്കു കൊടുക്കുകയും ചെയ്തു. അപ്പോള്‍ റാഹേല്‍ ലെയായോട്, നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴം കുറച്ചെനിക്കും തരുക എന്നുപറഞ്ഞു.       
15: ലെയാ കയര്‍ത്തു പറഞ്ഞു: എന്റെ ഭര്‍ത്താവിനെ കൈയടക്കിവച്ചിരിക്കുന്നതുപോരേ? എന്റെ മകന്റെ ദൂദായിപ്പഴവും നിനക്കുവേണോ? റാഹേല്‍ പറഞ്ഞു: നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്ദേഹം ഇന്നുരാത്രി നിന്റെകൂടെ ശയിച്ചുകൊള്ളട്ടെ.       
16: യാക്കോബ് വൈകുന്നേരം വയലില്‍നിന്നു വന്നപ്പോള്‍ ലെയാ അവനോടുപറഞ്ഞു: അങ്ങ് ഇന്നെന്റെയടുത്തു വരണം; കാരണം, എന്റെ മകന്റെ ദൂദായിപ്പഴംകൊടുത്തു ഞാനങ്ങയെ വാങ്ങിയിരിക്കയാണ്. അവന്‍ അന്നുരാത്രി അവളോടുകൂടെ ശയിച്ചു.       
17: ദൈവം ലെയായുടെ പ്രാര്‍ത്ഥന കേട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ചു യാക്കോബിന് അഞ്ചാമതൊരു മകനെക്കൂടെ നല്കി.      
18: എന്റെ പരിചാരികയെ ഭര്‍ത്താവിനുകൊടുത്തതിനു ദൈവമെനിക്കു പ്രതിഫലംതന്നു എന്നുപറഞ്ഞ്, അവളവനെ ഇസ്സാക്കര്‍ എന്നുവിളിച്ചു. ലെയാ വീണ്ടും ഗര്‍ഭിണിയായി.       
19: യാക്കോബിന്, അവള്‍ ആറാമത്തെ മകനെ പ്രദാനംചെയ്തു.       
20: ദൈവം എനിക്കു നല്ല സമ്മാനം തന്നിരിക്കുന്നു. ഇനി ഭര്‍ത്താവ് എന്നോടൊത്തു വസിക്കും. അവനു ഞാന്‍ ആറുമക്കളെ കൊടുത്തിരിക്കുന്നല്ലോ എന്നുപറഞ്ഞ് അവളവനു സെബുലൂണ്‍ എന്നു പേരിട്ടു.       
21: അവള്‍ക്ക് ഒരു പുത്രിയും ജനിച്ചു. അവള്‍ തന്റെ പുത്രിയെ ദീനാ എന്നുവിളിച്ചു.       
22: ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു.       
23: അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്റെ അപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു.      
24: കര്‍ത്താവെനിക്ക് ഒരു പുത്രനെക്കൂടെത്തരട്ടെ എന്നുപറഞ്ഞ് അവളവനു ജോസഫ് എന്നു പേരിട്ടു.       

യാക്കോബിന്റെ സമ്പത്ത്
25: റാഹേല്‍ ജോസഫിനെ പ്രസവിച്ചു കഴിഞ്ഞ്, യാക്കോബ് ലാബാനോടു പറഞ്ഞു: എന്നെ പറഞ്ഞയയ്ക്കുക. ഞാന്‍ എന്റെ നാട്ടിലേയ്ക്കു പോകട്ടെ.       
26: എന്റെ ഭാര്യമാരെയും മക്കളെയും എനിക്കുതരുക. അവര്‍ക്കുവേണ്ടിയാണു ഞാനങ്ങയെ സേവിച്ചത്. ഇനി ഞാന്‍ പോകട്ടെ. ഞാന്‍ചെയ്ത സേവനം അങ്ങേയ്ക്കറിയാമല്ലോ.       
27: ലാബാന്‍ മറുപടിപറഞ്ഞു: നിനക്കെന്നോടു താല്പര്യമുണ്ടെങ്കില്‍ നീ പോകരുത്, നീമൂലമാണു കര്‍ത്താവെന്നെ അനുഗ്രഹിച്ചതെന്ന് എനിക്കറിയാം.       
28: നിനക്കെന്തു പ്രതിഫലംവേണമെന്നു പറയുക. അതു ഞാന്‍ തരാം.       
29: യാക്കോബ് അവനോടു പറഞ്ഞു: ഞാനെപ്രകാരം അങ്ങേയ്ക്കുവേണ്ടി ജോലിചെയ്‌തെന്നും എന്റെ മേല്‍നോട്ടത്തില്‍ അങ്ങയുടെ ആടുമാടുകള്‍ എത്ര പെരുകിയെന്നും അങ്ങേയ്ക്കറിയാമല്ലോ.       
30: ഞാന്‍ വരുന്നതിനുമുമ്പ്, വളരെക്കുറച്ച് ആടുകളേ അങ്ങേയ്ക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവ വളരെ പെരുകിയിരിക്കുന്നു. ഞാന്‍ പോയിടത്തെല്ലാം കര്‍ത്താവ് അങ്ങയെ കടാക്ഷിച്ചിരിക്കുന്നു. ഇനി എന്റെ കുടുംബത്തിനുവേണ്ടി എന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുക?       
31: ലാബാന്‍ ചോദിച്ചു: ഞാന്‍ നിനക്കെന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങെനിക്ക് ഒന്നും തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ സ്വീകരിക്കാമെങ്കില്‍, ഇനിയും അങ്ങയുടെ ആടുകളെ ഞാന്‍ മേയിച്ചുകൊള്ളാം.       
32: അങ്ങയുടെ ആട്ടിന്‍കൂട്ടത്തില്‍നിന്നു പൊട്ടോ, പുള്ളിയോ ഉള്ള ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും പൊട്ടോ, പുള്ളിയോ ഉള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എന്റെ പ്രതിഫലമായിരിക്കട്ടെ.       
33: മേലില്‍ അങ്ങെന്റെ പ്രതിഫലം പരിശോധിക്കുമ്പോള്‍ എന്റെ വിശ്വസ്തത അങ്ങേയ്ക്കു ബോദ്ധ്യമാകും. എന്റെ കോലാടുകളില്‍ പൊട്ടോ പുള്ളിയോ ഇല്ലാത്തതും ചെമ്മരിയാടുകളില്‍ കറുപ്പില്ലാത്തതുംകണ്ടാല്‍, അവ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കാം.  
34: ലാബാന്‍ പറഞ്ഞു: ശരി, നീ പറഞ്ഞതുപോലെതന്നെയാകട്ടെ.       
35: അന്നുതന്നെ ലാബാന്‍ പൊട്ടോ പുള്ളിയോ ഉള്ള എല്ലാ മുട്ടാടുകളെയും പെണ്ണാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും വേര്‍തിരിച്ച്, അവയെ തന്റെ പുത്രന്മാരെയേല്പിച്ചു.       
36: ബാക്കിയുള്ള ആടുകളെ യാക്കോബിനെ ഏല്പിച്ചു. തനിക്കും യാക്കോബിനുംമദ്ധ്യേ മൂന്നു ദിവസത്തെ യാത്രാദൂരമേര്‍പ്പെടുത്തുകയുംചെയ്തു.       
37: യാക്കോബ്, ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള്‍ വെട്ടിയെടുത്ത്, അവയില്‍ അങ്ങിങ്ങു വെളുപ്പുകാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു.       
38: താന്‍ തൊലിയുരിഞ്ഞുമാറ്റിയ കമ്പുകള്‍, ആടുകള്‍ വെള്ളംകുടിക്കുന്ന പാത്തികളില്‍ അവയുടെമുമ്പില്‍ അവന്‍ കുത്തിനിറുത്തി. വെള്ളംകുടിക്കാന്‍ വരുമ്പോഴാണ് അവ ഇണചേരാറുള്ളത്.       
39: ആടുകള്‍ ഈ കമ്പുകളുടെമുമ്പില്‍ ഇണചേര്‍ന്നു. അവയ്ക്കു പൊട്ടും പുള്ളിയും വരയുമുള്ള കുട്ടികളുണ്ടായി.      
40: യാക്കോബ്‌, ചെമ്മരിയാടുകളെ വേര്‍തിരിച്ച്, ലാബാന്റെ കൂട്ടത്തിലെ വരയുള്ളതും കറുത്തതുമായ ആടുകളുടെനേരേ നിറുത്തി. തന്റെ കൂട്ടത്തെ ലാബാന്റേതിനോടുചേര്‍ക്കാതെ മാറ്റിനിറുത്തുകയുംചെയ്തു.       
41: കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ അവന്‍ ഈ കമ്പുകള്‍ അവയുടെ കണ്മുമ്പില്‍ പാത്തികളില്‍ വയ്ക്കും. തന്മൂലം കമ്പുകള്‍ക്കിടയില്‍ അവ ഇണചേര്‍ന്നു.       
42: എന്നാല്‍, മെലിഞ്ഞവ ഇണചേര്‍ന്നപ്പോള്‍ അവന്‍ കമ്പുകള്‍ നാട്ടിയില്ല. അങ്ങനെ മെലിഞ്ഞവ ലാബാന്റേതും കരുത്തുള്ളവ യാക്കോബിന്റേതുമായി.       
43: ഇപ്രകാരം യാക്കോബ്, വലിയ സമ്പന്നനായി. അവനു ധാരാളം ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളുമുണ്ടായി.

 അദ്ധ്യായം 31

യാക്കോബ് ഒളിച്ചോടുന്നു
1: ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവനീ സ്വത്തൊക്കെ സമ്പാദിച്ചത്.       
2: ലാബാനു തന്നോടു പണ്ടത്തെപ്പോലെ താല്പര്യമില്ലെന്ന്, അവന്റെ മുഖഭാവത്തില്‍നിന്നു യാക്കോബിനു മനസ്സിലായി.      
3: കര്‍ത്താവു യാക്കോബിനോടരുളിച്ചെയ്തു: നിന്റെ പിതാക്കന്മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചുപോവുക. ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.       
4: യാക്കോബ് റാഹേലിനെയും ലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയലിലേക്കു വിളിപ്പിച്ചു.       
5: അവനവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല, നിങ്ങളുടെ പിതാവിനെന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ ദൈവം എന്റെകൂടെയുണ്ടായിരുന്നു.       
6: എന്റെ കഴിവു മുഴുവനുമുപയോഗിച്ചു നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.       
7: എന്നിട്ടും നിങ്ങളുടെ പിതാവ്, എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റംവരുത്തുകയും ചെയ്തു. പക്ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവമവനെ അനുവദിച്ചില്ല.       
8: പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലിയെന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലിയെന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും.       
9: അങ്ങനെ, ദൈവം നിങ്ങളുടെ പിതാവിന്റെയാടുകളെ അവനില്‍നിന്നെടുത്ത്, എനിക്കു തന്നിരിക്കുന്നു.       
10: ആടുകള്‍ ഇണചേരുന്നകാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍, ഞാന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ ഇണചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു.       
11: അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു.      
12: ദൂതന്‍ പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടുചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.       
13: നീ കല്‍ത്തൂണിന് അഭിഷേകംചെയ്യുകയും വ്രതമെടുക്കുകയുംചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണു ഞാന്‍. എഴുന്നേറ്റ്, ഇവിടംവിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക.       
14: റാഹേലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്കെന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ?      
15: നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മളെ വില്ക്കുകയും കിട്ടിയപണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്?       
16: നമ്മുടെ പിതാവില്‍നിന്നു ദൈവമെടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, ദൈവം അങ്ങയോടു കല്പിച്ചതു ചെയ്യുക.       
17: യാക്കോബ് മക്കളെയും ഭാര്യമാരെയും ഒട്ടകപ്പുറത്തു കയറ്റി.       
18: അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചുകൊണ്ട് പാദാന്‍ആരാമില്‍വച്ചു സമ്പാദിച്ച സകലസ്വത്തുക്കളുമായി കാനാന്‍ദേശത്തു തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമംവെട്ടാന്‍ പോയിരിക്കുകയായിരുന്നു.       
19: റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.       
20: അരമായനായ ലാബാനെ യാക്കോബ് കബളിപ്പിച്ചു. സ്ഥലംവിട്ടുപോകാന്‍ ഉദ്ദേശിക്കുന്ന കാര്യം അവനെയറിയിച്ചില്ല.      
21: തനിക്കുള്ളതെല്ലാമെടുത്തുകൊണ്ടാണ് അവന്‍ സ്ഥലംവിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനുനേരെ തിരിഞ്ഞു.  
    
ലാബാന്‍ പിന്തുടരുന്നു
22: യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാനറിഞ്ഞത്.       
23: തന്റെ സഹോദരന്മാരെയുംകൂട്ടി, ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്തുടര്‍ന്നു. മലമ്പ്രദേശമായ ഗിലയാദില്‍വച്ച് അവന്റെയടുക്കല്‍ എത്തിച്ചേര്‍ന്നു.       
24: എന്നാല്‍ ദൈവം, രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കുപോലും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.       
25: യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെമുമ്പില്‍ക്കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു.       
26: ലാബാന്‍ യാക്കോബിനോടു ചോദിച്ചു: നീയെന്താണീ ചെയ്തത്? എന്നെ കബളിപ്പിച്ച്, വാളാല്‍നേടിയ തടവുകാരെപ്പോലെ എന്റെ പെണ്മക്കളെ കൊണ്ടുപോകുന്നതെന്തുകൊണ്ട്?       
27: എന്നെ കബളിപ്പിച്ച് എന്നോടുപറയാതെ ഒളിച്ചോടിയതെന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെ യാത്രയാക്കുമായിരുന്നല്ലോ.       
28: എനിക്ക്, എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരംതരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും.       
29: എന്നാല്‍, നല്ലതോ ചീത്തയോ ആയി, യാതൊന്നും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുകയെന്ന്, നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു.       
30: പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്മാരെ കട്ടെടുത്തതെന്തിന്?       
31: യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലംപ്രയോഗിച്ച് എന്നില്‍നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.       
32: അങ്ങയുടെ ദേവന്മാര്‍ ആരുടെകൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേതെന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷിനിറുത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്മാരെ മോഷ്ടിച്ചവിവരം യാക്കോബറിഞ്ഞിരുന്നില്ല.       
33: ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന്, അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു.      
34: റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെത്തിയില്ല.       
35: റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെമുമ്പില്‍ എനിക്കെഴുന്നേല്‍ക്കാന്‍കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തെരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല.       
36: അപ്പോള്‍ രോഷാകുലനായ യാക്കോബ്, ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റമെന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണു ഞാന്‍ചെയ്തത്?       
37: എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവകകളില്‍ എന്താണതില്‍ കണ്ടെത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെമുമ്പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ.       
38: ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെകൂടെയായിരുന്നു. അങ്ങയുടെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടില്ല. അങ്ങയുടെ മുട്ടാടുകളെ ഞാന്‍ കൊന്നുതിന്നിട്ടില്ല.       
39: കാട്ടുമൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടുവന്നിട്ടില്ല. ആ നഷ്ടം ഞാന്‍തന്നെ സഹിച്ചു. രാത്രിയിലോ പകലോ കളവുപോയവയ്ക്കും അങ്ങ് എന്നില്‍നിന്നു നഷ്ടപരിഹാരമീടാക്കിയിരുന്നു.       
40: അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു.       
41: ഇരുപതുകൊല്ലം ഞാന്‍, അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്മക്കള്‍ക്കുവേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്തു. പത്തുതവണ അങ്ങെന്റെ കൂലിയില്‍ മാറ്റംവരുത്തി.      
42: എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങെന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാദ്ധ്വാനവും ദൈവം കണ്ടു. അതുകൊണ്ടാണു കഴിഞ്ഞരാത്രി, അവിടുന്നങ്ങയെ ശകാരിച്ചത്.   
   
ലാബാനുമായി ഉടമ്പടി
43: ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആട്ടിന്‍കൂട്ടവും എന്റേതുതന്നെ. ഈ കാണുന്നതൊക്കെ എന്റേതാണ്. എന്റെ ഈ പെണ്മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കുംവേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍കഴിയുക?       
44: നമുക്കൊരുടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മദ്ധ്യേ, അതൊരു സാക്ഷ്യമായിരിക്കട്ടെ.       
45: അപ്പോള്‍ യാക്കോബ് ഒരു കല്ലെടുത്തു തൂണായി കുത്തിനിറുത്തി.       
46: കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത്, ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്മേലിരുന്ന് അവര്‍ ഭക്ഷണംകഴിച്ചു.       
47: ലാബാന്‍ അതിനെ യേഗാര്‍സഹദൂത്ത എന്നുവിളിച്ചു, യാക്കോബതിനെ ഗലേദ് എന്നും.       
48: ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കുംമദ്ധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു.       
49: കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കും നിനക്കുംമദ്ധ്യേ കാവലായിരിക്കട്ടെ.       
50: എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കുപുറമേ നീ ഭാര്യമാരെ സ്വീകരിക്കുകയോചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും ദൈവം നമുക്കുമദ്ധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക.      
51: ലാബാന്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും നിനക്കുംമദ്ധ്യേ, ഞാനുയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക.       
52: നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ.        
53: അബ്രാഹത്തിന്റെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കുമദ്ധ്യേ വിധിയാളനായിരിക്കട്ടെ. യാക്കോബു തന്റെ പിതാവായ ഇസഹാക്കു ഭയപ്പെട്ടിരുന്ന ദൈവത്തിന്റെ നാമത്തില്‍ സത്യംചെയ്തു.       
54: മലമുകളില്‍ യാക്കോബു ബലിയര്‍പ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയുംചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രിമുഴുവന്‍ മലമുകളില്‍ കഴിച്ചുകൂട്ടി.       
55: ലാബാന്‍ അതിരാവിലെ എഴുന്നേറ്റ്, തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയുംചെയ്തിട്ട് വീട്ടിലേക്കു മടങ്ങി.

 അദ്ധ്യായം 32

യാക്കോബ് തിരിച്ചുവരുന്നു
1: യാക്കോബു യാത്രതുടര്‍ന്നു. ദൈവത്തിന്റെ ദൂതന്മാര്‍ വഴിക്കുവച്ച് അവനെ കണ്ടുമുട്ടി.       
2: അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതു ദൈവത്തിന്റെ സൈന്യമാണ്. ആ സ്ഥലത്തിന് അവന്‍ മഹനായിം എന്നുപേരിട്ടു.       
3: യാക്കോബ് ഏദോംനാട്ടില്‍ സെയിര്‍ദേശത്തു പാര്‍ത്തിരുന്ന സഹോദരനായ ഏസാവിന്റെയടുത്തേക്ക്, തനിക്കുമുമ്പേ ദൂതന്മാരെയയച്ചു.       
4: അവനവരെ ചുമതലപ്പെടുത്തി: എന്റെ യജമാനനായ ഏസാവിനോടു നിങ്ങളിങ്ങനെ പറയണം, അങ്ങയുടെ ദാസനായ യാക്കോബു പറയുന്നു: ഇതുവരെ ഞാന്‍ ലാബാന്റെകൂടെ പാര്‍ക്കുകയായിരുന്നു.       
5: എനിക്കു കാളകളും കഴുതകളും ആടുകളും വേലക്കാരും വേലക്കാരികളുമുണ്ട്. അങ്ങേയ്ക്ക് എന്നോടു ദയതോന്നണം. അതിനാണു ഞാന്‍ അങ്ങയുടെയടുത്ത് ആളയച്ചുപറയുന്നത്.       
6: ദൂതന്മാര്‍ തിരിച്ചുവന്നു യാക്കോബിനോടു പറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏസാവിന്റെയടുക്കല്‍ച്ചെന്നു. അവന്‍ നാന്നൂറാളുകളുടെ അകമ്പടിയോടെ അങ്ങയെക്കാണാന്‍ വരുന്നുണ്ട്.       
7: യാക്കോബ് വളരെയധികം ഭയപ്പെട്ട്, അസ്വസ്ഥനായി. തന്റെകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയുമെല്ലാം അവന്‍ രണ്ടുഗണമായി തിരിച്ചു.       
8: ഏസാവു വന്ന്, ഒരു ഗണത്തെ നശിപ്പിക്കുന്നപക്ഷം, മറ്റേ ഗണത്തിന് ഓടി രക്ഷപ്പെടാമല്ലോ എന്നവന്‍ ചിന്തിച്ചു.       
9: അവനിങ്ങനെ പ്രാർത്ഥിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമേ, നിന്റെ നാട്ടിലേക്കും നിന്റെ ചാര്‍ച്ചക്കാരുടെയടുത്തേക്കും തിരിയെപ്പോകുക, ഞാന്‍ നിനക്കു നന്മ ചെയ്യുമെന്ന് അരുളിച്ചെയ്ത കര്‍ത്താവേ,       
10: അങ്ങ് ഈ ദാസനോടു കാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഒട്ടുമര്‍ഹനല്ല. കേവലം ഒരു വടിയുമായിട്ടാണ്, ഞാന്‍ ജോര്‍ദ്ദാന്‍ കടന്നത്. ഇപ്പോഴിതാ ഞാന്‍ രണ്ടു ഗണമായി വര്‍ദ്ധിച്ചിരിക്കുന്നു.       
11: എന്റെ സഹോദരനായ ഏസാവിന്റെ കൈയില്‍നിന്ന് എന്നെ രക്ഷിക്കണമെന്നു ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവന്‍വന്ന്, എന്നെയും കുഞ്ഞുങ്ങളെയും അമ്മമാരെയും നശിപ്പിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.       
12: നിനക്കു നന്മചെയ്ത്, നിന്റെ സന്തതികളെ കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണാനാവാത്തവിധം വര്‍ദ്ധിപ്പിക്കുമെന്ന് അവിടുന്നരുളിച്ചെയ്തിട്ടുണ്ടല്ലോ.       
13: അന്നുരാത്രി അവനവിടെ താവളമടിച്ചു. തന്റെ പക്കലുള്ളവയില്‍നിന്ന് അവന്‍ സഹോദരനായ ഏസാവിനൊരു സമ്മാനമൊരുക്കി.       
14: ഇരുനൂറു പെണ്‍കോലാടും ഇരുപത് ആണ്‍കോലാടും, ഇരുന്നൂറു പെണ്ണാടും, ഇരുപതു മുട്ടാടും,       
15: കറവയുള്ള മുപ്പത് ഒട്ടകം, അവയുടെ കിടാക്കള്‍, നാല്പതു പശു, പത്തു കാള, ഇരുപതു പെണ്‍കഴുത, പത്ത് ആണ്‍കഴുത എന്നിവയെ അവന്‍ മാറ്റിനിറുത്തി.       
16: ഈ ഓരോ കൂട്ടത്തെയും വേറെവേറെ, തന്റെ ഭൃത്യന്മാരെയേല്പിച്ചിട്ടു യാക്കോബ് അവരോടുപറഞ്ഞു: എനിക്കുമുമ്പേ പോവുക. കൂട്ടങ്ങള്‍തമ്മില്‍ അല്പമകലമുണ്ടായിരിക്കണം.       
17: ഏറ്റവുംമുമ്പേ പോയവനെ അവന്‍ ചുമതലതപ്പെടുത്തി: എന്റെ സഹോദരന്‍ ഏസാവ് നിങ്ങളെ കണ്ടുമുട്ടുമ്പോള്‍, നിങ്ങള്‍ ആരുടെ ആളുകളാണ്? നിങ്ങള്‍ എവിടെപ്പോകുന്നു? ഇതൊക്കെ ആരുടേതാണ്? എന്നു ചോദിക്കും.       
18: നിങ്ങള്‍ ഇപ്രകാരം മറുപടി പറയണം, ഇവ അങ്ങയുടെ ദാസനായ യാക്കോബിന്റേതാണ്. യജമാനനായ ഏസാവിനുള്ള ഉപഹാരമാണിത്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്.       
19: രണ്ടാമനെയും മൂന്നാമനെയും കൂട്ടങ്ങളെ നടത്തിയിരുന്ന എല്ലാവരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്പിച്ചു.      
20: ഏസാവിനെ കാണുമ്പോള്‍ നിങ്ങളെല്ലാവരും ഇതുതന്നെ പറയണം. അങ്ങയുടെ ദാസനായ യാക്കോബ് തൊട്ടുപുറകെയുണ്ട് എന്നും പറയണം. അവന്‍ ഇപ്രകാരം ചിന്തിച്ചു: ഞാന്‍ മുന്‍കൂട്ടി അയച്ചിരിക്കുന്ന സമ്മാനംകൊണ്ട് എനിക്കവനെ പ്രീതിപ്പെടുത്താനാവും. അതു കഴിഞ്ഞു ഞാനവനെ നേരില്‍ക്കാണും; അവനെന്നെ സ്വീകരിച്ചേക്കും.      
21: അതിനാല്‍, സമ്മാനം മുന്‍കൂട്ടി അയച്ചിട്ട് അവന്‍ അന്നുരാത്രി കൂടാരത്തില്‍ത്തങ്ങി.  
    
യാക്കോബിന്റെ മല്പിടിത്തം
22: ആ രാത്രിതന്നെ, യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നുമക്കളെയും കൂട്ടിക്കൊണ്ട്‌ യാബോക്ക് എന്ന കടവുകടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു.       
23: തന്റെ സമ്പാദ്യംമുഴുവന്‍ അക്കരെയെത്തിച്ചു.       
24: യാക്കോബുമാത്രം ഇക്കരെനിന്നു. അവിടെവച്ച് ഒരാള്‍, നേരംപുലരുന്നതുവരെ അവനുമായി മല്പിടിത്തം നടത്തി.      
25: കീഴടക്കാന്‍ സാദ്ധ്യമല്ലെന്നുകണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ത്തട്ടി. മല്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട, അരക്കെട്ടില്‍നിന്നു തെറ്റി.       
26: അവന്‍ പറഞ്ഞു: നേരംപുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബു മറുപടി പറഞ്ഞു: എന്നെയനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല.       
27: അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവന്‍ മറുപടി പറഞ്ഞു.       
28: അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബെന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.       
29: യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്നു ഞാനപേക്ഷിക്കുന്നു. എന്തിനാണെന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാക്കോബിനെയനുഗ്രഹിച്ചു.       
30: ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെയിരിക്കുന്നല്ലോ എന്നുപറഞ്ഞുകൊണ്ട്, യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു.       
31: അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കുനിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു.       
32: അവിടുന്നു യാക്കോബിന്റെ അരക്കെട്ടില്‍ തട്ടിയതുകൊണ്ട്, തുടയും അരയുംതമ്മില്‍ ബന്ധിപ്പിക്കുന്ന സ്നായു ഇസ്രായേല്‍ക്കാര്‍ ഇന്നും ഭക്ഷിക്കാറില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ