പതിനൊന്നാം ദിവസം: ഉല്പത്തി 36 - 38

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 36

ഏസാവ് ഏദോമ്യരുടെ പിതാവ്
1: ഏദോം എന്നുകൂടെ പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.       
2: കാനാന്യസ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.       
3: ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണു ബസ്മത്ത്.       
4: ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.       
5: ഒഹോലിബാമായില്‍നിന്ന് അവനു യവുഷുവും യാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍.       
6: ഏസാവ്, ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെവിട്ട്, അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു.       
7: അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.       
8: അതുകൊണ്ട്, ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.       
9: സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:       
10: ഏസാവിന്റെ പുത്രന്മാരുടെ പേരുകള്‍: ഏസാവിനു ഭാര്യയായ ആദായിലുണ്ടായ മകന്‍ എലിഫാസ്. ഭാര്യയായ ബസ്മത്തിലുണ്ടായ മകന്‍ റവുവേല്‍.       
11: എലിഫാസിന്റെ പുത്രന്മാര്‍ തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്.       
12: ഏസാവിന്റെ മകന്‍ എലിഫാസിനു തിമ്‌നാ എന്നൊരുപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന്‍ ജനിച്ചു. ഏസാവിനു ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍.       
13: റവുവേലിന്റെ പുത്രന്മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.       
14: സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്മാരാണു യവൂഷും, യാലാമും, കോറഹും.       
15: ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,       
16: കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോംനാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്മാരാണ്.       
17: ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്മാര്‍: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാ. ഏദോംനാട്ടില്‍ റവുവേലില്‍നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്.       
18: ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്മാര്‍: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍നിന്നുള്ള നായകന്മാരാണ്.       
19: ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്മാരുമാണ്.       
20: അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,       
21: ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോംനാട്ടിലെ സെയിറിന്റെ പുത്രന്മാരും ഹോര്യയിലെ പ്രമാണികളുമാണ്.      
22: ലോത്താന്റെ പുത്രന്മാര്‍ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ.       
23: ഷോബാലിന്റെ പുത്രന്മാര്‍ അല്‍വാന്‍, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.       
24: സിബയോന്റെ പുത്രന്മാര്‍: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെത്തിയ ആനാ ഇവന്‍തന്നെയാണ്.       
25: ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.       
26: ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്മാര്‍.       
27: ഏസെറിന്റെ പുത്രന്മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.       
28: ദീഷാന്റെ പുത്രന്മാരായിരുന്നു ഊസും അരാനും.       
29: ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍.       
30: ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.       
31: ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജഭരണമാരംഭിക്കുന്നതിനുമുമ്പ് ഏദോംനാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;       
32: ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേരു ദിന്‍ഹാബാ എന്നായിരുന്നു.       
33: ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.        
34: യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.       
35: ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.       
36: ഹദാദ് മരിച്ചപ്പോള്‍ മസ്റേക്കായിലെ സമ്‌ലാ രാജാവായി.  
37: സമ്‌ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.       
38: സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.       
39: അക്‌ബോറിന്റെ മകനായ ബാല്‍ഹാനാൻ മരിച്ചപ്പോള്‍, ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേരു പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.      
40: കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്‌ന, അല്‍വാ, യത്തത്ത്,       
41: ഒഹോലിബാമാ, ഏലാ, പിനോന്‍,       
42: കെനസ്, തേമാന്‍, മിബ്‌സാര്‍,       
43: മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.

അദ്ധ്യായം 37

ജോസഫിനെ വില്ക്കുന്നു
1: യാക്കോബ്, തന്റെ പിതാവു പരദേശിയായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു.       
2: ഇതാണു യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്സുള്ളപ്പോള്‍ ജോസഫ് സഹോദരന്മാരുടെകൂടെ ആടുമേയ്ക്കുകയായിരുന്നു. അവന്‍ തന്റെ പിതാവിന്റെ ഭാര്യമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും മക്കളുടെകൂടെയായിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്തകള്‍ അവന്‍ പിതാവിനെ അറിയിച്ചു.       
3: ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ദ്ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിനുവേണ്ടിയുണ്ടാക്കി.       
4: പിതാവു ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നുവെന്നുകണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.       
5: ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവനതു സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവരവനെ കൂടുതല്‍വെറുത്തു.       
6: അവന്‍ അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക:       
7: നമ്മള്‍ പാടത്തു കറ്റകെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റുംവന്ന്, എന്റെ കറ്റയെ താണുവണങ്ങി.       
8: അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്നവും വാക്കുകളുംകാരണം അവരവനെ അത്യധികം ദ്വേഷിച്ചു.       
9: അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങി.       
10: അവന്‍ ഇതു പിതാവിനോടും സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ്, അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?       
11: സഹോദരന്മാര്‍ക്ക്, അവനോടസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു.      
12: അവന്റെ സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു:       
13: നിന്റെ സഹോദരന്മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു.       
14: നീ പോയി നിന്റെ സഹോദരന്മാര്‍ക്കും ആടുകള്‍ക്കും ക്ഷേമംതന്നെയോ എന്നന്വേഷിച്ച്, വിവരമെന്നെ അറിയിക്കണം. ജോസഫിനെ അവന്‍ ഹെബ്രോണ്‍ താഴ്‌വരയില്‍നിന്നു യാത്രയാക്കി. അവന്‍ ഷെക്കെമിലേക്കു പോയി.      
15: അവന്‍ വയലില്‍ അലഞ്ഞുതിരിയുന്നതുകണ്ട ഒരാള്‍ അവനോടു ചോദിച്ചു:       
16: നീ അന്വേഷിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്മാരെയന്വേഷിക്കുകയാണ്. അവരെവിടെയാണ് ആടുമേയ്ക്കുന്നതെന്നു ദയവായി പറഞ്ഞുതരിക.       
17: അവന്‍ പറഞ്ഞു: അവര്‍ ഇവിടെനിന്നുപോയി. പോകുമ്പോള്‍ നമുക്കു ദോത്താനിലേക്കു പോകാമെന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍വച്ച്, അവനവരെ കണ്ടുമുട്ടി.      
18: ദൂരെവച്ചുതന്നെ അവരവനെ കണ്ടു. അവന്‍ അടുത്തെത്തും മുമ്പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി.       
19: അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്.       
20: വരുവിന്‍, നമുക്ക് അവനെക്കൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ.       
21: റൂബന്‍ ഇതുകേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്.       
22: അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേല്പിക്കരുത്. അവനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു പിതാവിനു തിരിച്ചേല്പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്.       
23: അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു.       
24: അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.       
25: അവര്‍ ഭക്ഷണംകഴിക്കാനിരുന്നപ്പോള്‍, ഗിലയാദില്‍നിന്നുവരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തുകയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു.      
26: അപ്പോള്‍ യൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന്, അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?       
27: വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെതന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.       
28: അപ്പോള്‍ കുറേ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവരവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.       
29: റൂബന്‍ കുഴിയുടെ അടുത്തേക്കു തിരിച്ചുചെന്നു. എന്നാല്‍ ജോസഫ് കുഴിയിലില്ലായിരുന്നു.       
30: അവന്‍ തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്മാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെക്കാണാനില്ല. ഞാനിനി എവിടെപ്പോകും.       
31: അവര്‍ ഒരാടിനെക്കൊന്ന്, ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി.       
32: കൈനീളമുള്ള ആ നീണ്ടകുപ്പായം തങ്ങളുടെ പിതാവിന്റെയടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു നോക്കുക.       
33: അവനതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇതെന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും.       
34: യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു.       
35: അവന്റെ പുത്രന്മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു;       
36: ഇതിനിടെ മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു.

അദ്ധ്യായം 38

യൂദായും താമാറും
1: അക്കാലത്തു യൂദാ, തന്റെ സഹോദരന്മാരെ വിട്ട്, ഹീറാ എന്നുപേരായ ഒരു അദുല്ലാംകാരന്റെ അടുത്തേക്കു പോയി.      
2: അവിടെയവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്റെ മകളെക്കണ്ടു.       
3: അവളെ ഭാര്യയായി സ്വീകരിച്ച്, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന് ഏര്‍ എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.       
4: അവനെയവള്‍ ഓനാന്‍ എന്നുവിളിച്ചു.       
5: അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തു. അവനെ അവള്‍ ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു.       
6: തന്റെ കടിഞ്ഞൂല്‍പുത്രനായ ഏറിന്, യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍ താമാര്‍ എന്നായിരുന്നു.      
7: എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്റെ മുമ്പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ് അവനെ മരണത്തിനിരയാക്കി.       
8: അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹംചെയ്ത്, സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.       
9: സന്തതി തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനുവേണ്ടി സന്താനങ്ങളെ ഉല്പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍, ബീജം നിലത്തുവീഴ്ത്തിക്കളഞ്ഞു.       
10: അവന്‍ ചെയ്തതു കര്‍ത്താവിന് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി.       
11: അപ്പോള്‍ യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു: എന്റെ മകന്‍ ഷേലാ വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്റെ പിതാവിന്റെ വീട്ടില്‍പ്പോയി താമസിച്ചു.       
12: കുറേനാള്‍ കഴിഞ്ഞ് യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു. ദുഃഖത്തിന് ആശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്റെ സുഹൃത്ത് അദുല്ലാംകാരന്‍ ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി.      
13: നിന്റെ അമ്മായിയപ്പന്‍ ആടുകളുടെ രോമംമുറിക്കാന്‍ തിമ്നായിലേക്കു പോകുന്നുണ്ട് എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:       
14: ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹംചെയ്തുകൊടുക്കുന്നില്ലെന്നുകണ്ട്, താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി.       
15: മുഖം മൂടിയിരുന്നതുകൊണ്ട്, അവള്‍ ഒരു വേശ്യയാണെന്നു യൂദാ വിചാരിച്ചു.       
16: വഴിവക്കത്ത്, അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്റെ മരുമകളാണ് അവളെന്ന് അവനറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങെനിക്ക് എന്തു പ്രതിഫലം തരും?       
17: അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്ക്കുന്നതുവരെ എന്തുറപ്പാണ് എനിക്കുതരുക?       
18: അവന്‍ ചോദിച്ചു: ഉറപ്പായി എന്താണു ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു.       
19: അവള്‍ അവിടെനിന്നുപോയി തന്റെ മൂടുപടം മാറ്റി വിധവാവസ്ത്രം ധരിച്ചു.       
20: താന്‍ ഈടുകൊടുത്തവ ആ സ്ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ അദുല്ലാംകാരനായ സ്‌നേഹിതന്റെ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.       
21: അവന്‍ സ്ഥലത്തുള്ളവരോടു ചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്ന വേശ്യയെവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല.       
22: അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ പറയുകയും ചെയ്തു.       
23: യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്ഷിച്ചുകൊള്ളട്ടെ. നമ്മെ ആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.       
24: ഏതാണ്ട്, മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്റെ മരുമകളായ താമാര്‍ വേശ്യാവൃത്തിനടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ കേട്ടു.       
25: അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടുവന്നപ്പോള്‍ അവള്‍ തന്റെ അമ്മായിയപ്പന് ഒരു സന്ദേശമയച്ചു: ദയചെയ്ത്, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്ഥനില്‍നിന്നാണു ഞാന്‍ ഗര്‍ഭിണിയായത്.       
26: അവ തന്റേതാണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണവള്‍. ഞാന്‍ അവളെ എന്റെ മകന്‍ ഷേലായ്ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട്, അവനവളെ പ്രാപിച്ചില്ല.       
27: അവള്‍ക്കു പ്രസവസമയമടുത്തു. അവളുടെ ഉദരത്തില്‍ രണ്ടുകുഞ്ഞുങ്ങളായിരുന്നു.       
28: പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ്, കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നുപറഞ്ഞു സൂതികര്‍മിണി അവന്റെ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.       
29: പക്ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു. അവന്റെ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടാക്കിയല്ലോ എന്നുപറഞ്ഞ് അവള്‍ അവനെ പേരെസ് എന്നു വിളിച്ചു.       
30: പിന്നീടു കൈയില്‍ ചുവന്ന ചരടുമായി അവന്റെ സഹോദരന്‍ പുറത്തുവന്നു. അവനു സേറഹ് എന്നുപേരിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ