ഇരുപത്തിയൊമ്പതാം ദിവസം - ലേവ്യര്‍ 4 - 6


അദ്ധ്യായം 4


പാപപരിഹാരബലി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുതെന്നു കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപംചെയ്യുന്നുവെന്നിരിക്കട്ടെ.
3: ഇങ്ങനെ പാപംചെയ്ത്, ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത്, അഭിഷിക്തനായ പുരോഹിതനാണെങ്കില്‍, അവന്‍ ഊനറ്റൊരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.
4: അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ അവിടുത്തെ സന്നിധിയില്‍ക്കൊണ്ടുവന്ന്, അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം അതിനെക്കൊല്ലണം.
5: അഭിഷിക്തപുരോഹിതന്‍ കാളക്കുട്ടിയുടെ കുറേ രക്തമെടുത്തു സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
6: അവന്‍ തൻ്റെ വിരല്‍ രക്തത്തില്‍ മുക്കി, അതിലൊരുഭാഗം കര്‍ത്താവിൻ്റെ സന്നിധിയില്‍, ശ്രീകോവിലിൻ്റെ തിരശ്ശീലയുടെ മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം.
7: പിന്നീടു രക്തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ ധൂപപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ശേഷിച്ച രക്തം സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
8: പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെപ്പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനുമെടുക്കണം.
9: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
10: സമാധാനബലിക്കുള്ള കാളയില്‍നിന്നെന്നപോലെ, പുരോഹിതന്‍ അവയെടുത്ത്, ദഹനബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
11: എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും -
12: കാളയെ മുഴുവനും - പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന്, കത്തുന്ന വിറകിന്മേല്‍വച്ചു ദഹിപ്പിക്കണം. ചാരമിടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.
13: ഇസ്രായേല്‍സമൂഹംമുഴുവന്‍ അറിവില്ലായ്മമൂലം പാപംചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ;
14: എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹംമുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍കൊണ്ടുവരുകയുംവേണം.
15: സമൂഹത്തിലെ ശ്രേഷ്ഠന്മാര്‍, കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ചു കാളക്കുട്ടിയുടെ തലയില്‍ കൈകള്‍വയ്ക്കണം; അതിനെ അവിടുത്തെ മുമ്പില്‍വച്ചു കൊല്ലണം.
16: അഭിഷിക്തനായ പുരോഹിതന്‍, കാളക്കുട്ടിയുടെ കുറേ രക്തം, സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
17: അവന്‍ രക്തത്തില്‍ വിരല്‍മുക്കി, കര്‍ത്താവിൻ്റെ സന്നിധിയില്‍ തിരശ്ശീലയ്ക്കുമുമ്പില്‍ ഏഴുപ്രാവശ്യം തളിക്കണം.
18: കുറേ രക്തമെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിൻ്റെ സന്നിധിയിലുള്ള ബലിപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ബാക്കി രക്തം സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
19: അതിൻ്റെ മേദസ്സു മുഴുവനുമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
20: പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും ദഹിപ്പിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി പുരോഹിതന്‍ പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.
21: അനന്തരം കാളയെ കൂടാരത്തിനു വെളിയില്‍ക്കൊണ്ടുപോയി ആദ്യത്തെ കാളയെ ദഹിപ്പിച്ചതുപോലെ ദഹിപ്പിക്കണം. ഇതു സമൂഹത്തിനുവേണ്ടിയുള്ള പാപപരിഹാരബലിയാണ്.
22: ഒരു ഭരണാധികാരി തൻ്റെ ദൈവമായ കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന്, അറിവില്ലായ്മമൂലംചെയ്തു കുറ്റക്കാരനാകുന്നുവെന്നിരിക്കട്ടെ.
23: അവന്‍ തൻ്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിനു ബലിയര്‍പ്പിക്കണം.
24: അവന്‍ അതിൻ്റെ തലയില്‍ കൈവയ്ക്കുകയും കര്‍ത്താവിൻ്റെ സന്നിധിയില്‍ ദഹനബലിക്കായി മൃഗങ്ങളെക്കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെക്കൊല്ലുകയും വേണം. ഇതൊരു പാപപരിഹാരബലിയാണ്.
25: പുരോഹിതന്‍ കുറച്ചു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
26: അതിൻ്റെ മേദസ്സു മുഴുവനും സമാധാനബലിക്കുള്ള മൃഗത്തിൻ്റെ മേദസ്സുപോലെ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവൻ്റെ പാപത്തിനു പരിഹാരംചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
27: ജനങ്ങളിലാരെങ്കിലും കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന്, അറിവില്ലായ്മകൊണ്ടുചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ.
28: അവന്‍ തൻ്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം.
29: അവന്‍ ബലിമൃഗത്തിൻ്റെ തലയില്‍ കൈവയ്ക്കുകയും ദഹനബലിക്കുള്ള സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം.
30: പുരോഹിതന്‍ കുറച്ചു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടില്‍ ഒഴിക്കുകയുംവേണം.
31: സമാധാനബലിക്കുള്ള മൃഗത്തില്‍നിന്നു മേദസ്സു മാറ്റിയെടുക്കുന്നതുപോലെ അതിൻ്റെ മേദസ്സു മുഴുവനെടുത്ത്, പുരോഹിതന്‍ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പരിഹാരംചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.
32: പാപപരിഹാരബലിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം.
33: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ച്, അതിനെ പാപപരിഹാരബലിക്കായി കൊല്ലണം.
34: പുരോഹിതന്‍ അതിൻ്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടില്‍ ഒഴിക്കണം.
35: സമാധാനബലിക്കുള്ള ആട്ടിന്‍കുട്ടിയില്‍നിന്നെന്നപോലെ അതിൻ്റെ മേദസ്സു മുഴുവനുമെടുക്കണം. പുരോഹിതന്‍ അതു കര്‍ത്താവിനു ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവൻ്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. 

അദ്ധ്യായം 5



1: സാക്ഷ്യംനല്കാന്‍ ശപഥപൂര്‍വ്വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്സിലാക്കുകയോചെയ്തകാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിൻ്റെ കുറ്റമേല്ക്കണം.
2: ആരെങ്കിലും അശുദ്ധമായ വസ്തുവിനെ - അശുദ്ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിൻ്റെയെങ്കിലും ശവത്തെ - സ്പര്‍ശിക്കുകയും അവനതറിയാതിരിക്കുകയുംചെയ്താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്ധനും കുറ്റക്കാരനുമായിരിക്കും.
3: ഒരുവന്‍, തന്നെയശുദ്ധനാക്കുന്ന ഏതെങ്കിലുംതരത്തിലുള്ള മാനുഷികമാലിന്യത്തെ സ്പര്‍ശിക്കുകയും അതറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
4: നന്മയാകട്ടെ, തിന്മയാകട്ടെ, താനതുചെയ്യുമെന്ന് ഒരുവന്‍ അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്മരിക്കുകയുംചെയ്താല്‍, ഓര്‍മ്മിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
5: ഇവയിലേതെങ്കിലും കാര്യത്തില്‍ ഒരുവന്‍ കുറ്റക്കാരനാണെങ്കില്‍ അവന്‍ തൻ്റെ പാപം, ഏറ്റുപറയണം.
6: അവന്‍ ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍കോലാടിനെയോ കര്‍ത്താവിനു പാപപരിഹാരബലിയായര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യുകയുംവേണം.
7: ആട്ടിന്‍കുട്ടിയെ നല്‍കാന്‍ കഴിവില്ലെങ്കില്‍ അവൻ്റെ പാപത്തിനു പരിഹാരമായി, രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിൻ്റെ മുമ്പില്‍ കൊണ്ടുവരണം; ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കും.
8: അവയെ പുരോഹിതൻ്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ ആദ്യം പാപപരിഹാരബലിക്കുള്ളതിനെ അര്‍പ്പിക്കണം; അതിൻ്റെ കഴുത്തു പിരിച്ചൊടിക്കണം; തല വേര്‍പെടുത്തരുത്.
9: ബലിയര്‍പ്പിച്ച പക്ഷിയുടെ കുറേ രക്തമെടുത്ത്, പുരോഹിതന്‍ ബലിപീഠത്തിൻ്റെ പാര്‍ശ്വത്തില്‍ തളിക്കണം. ശേഷിച്ച രക്തം ബലിപീഠത്തിൻ്റെ ചുവട്ടിലൊഴുക്കിക്കളയണം. ഇതു പാപപരിഹാരബലിയാണ്.
10: രണ്ടാമത്തേതിനെ വിധിപ്രകാരം ദഹനബലിയായി സമര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
11: രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ നല്‍കാന്‍ കഴിവില്ലെങ്കില്‍ താന്‍ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ്, അവന്‍ പാപപരിഹാര ബലിക്കായി നല്‍കണം. പാപപരിഹാരബലിക്കുവേണ്ടിയുള്ളതാകയാല്‍ അതില്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്.
12: അതു പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്നു സ്മരണാംശമായി ഒരുകൈ മാവെടുത്തു കര്‍ത്താവിനുള്ള ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പാപപരിഹാര ബലിയാണ്.
13: മേല്പറഞ്ഞവയില്‍ ഒരുവന്‍ചെയ്ത പാപത്തിനു പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. ശേഷിച്ച മാവ്, ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്.

പ്രായശ്ചിത്ത ബലി

14: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
15: കര്‍ത്താവിനു നല്കേണ്ട കാണിക്കകളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്താല്‍, വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് നീ നിശ്ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള, ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിൻപറ്റത്തില്‍നിന്നു പ്രായശ്ചിത്തബലിയായര്‍പ്പിക്കണം.
16: വിശുദ്ധവസ്തുക്കള്‍ക്കു നഷ്ടംവരുത്തുന്നവന്‍ പരിഹാരത്തുകയും അതിൻ്റെ അഞ്ചിലൊന്നുംകൂടെ പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച്, അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവൻ്റെ കുറ്റം ക്ഷമിക്കപ്പെടും.
17: കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച് പാപംചെയ്യുന്നവന്‍, അറിയാതെയാണതുചെയ്തതെങ്കില്‍ത്തന്നെയും, കുറ്റക്കാരനാണ്. അവന്‍ തൻ്റെ തെറ്റിന് ഉത്തരവാദിയായിരിക്കും.
18: പ്രായശ്ചിത്തബലിയുടെ ചെലവനുസരിച്ച്, നീ നിശ്ചയിക്കുന്ന വിലയ്ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന്‍ ആട്ടിൻപറ്റത്തില്‍നിന്നു പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം. അറിയാതെചെയ്ത പാപത്തിന്, പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
19: ഇതു പ്രായശ്ചിത്തബലിയാണ്. അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ കുറ്റക്കാരനാണല്ലോ.

അദ്ധ്യായം 6


1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: സൂക്ഷിക്കാനേല്പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ചചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,
3: കാണാതെപോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ചു കള്ളസത്യംചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, കര്‍ത്താവിനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും.
4: ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദ്ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും,
5: കള്ളസത്യംചെയ്തു നേടിയതുമെല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്തു പ്രായശ്ചിത്തബലിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം.
6: കൂടാതെ, പ്രായശ്ചിത്തബലിക്കുള്ള ചെലവനുസരിച്ച്, നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിൻപറ്റത്തില്‍നിന്നു കര്‍ത്താവിനു പ്രായശ്ചിത്തബലിയായി പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം.
7: പുരോഹിതന്‍ കര്‍ത്താവിൻ്റെമുമ്പില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത, ഏതു കുറ്റത്തിലുംനിന്ന് അവനു മോചനം ലഭിക്കും.


നിരന്തര ദഹനബലി

8: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
9: അഹറോനോടും അവൻ്റെ പുത്രന്മാരോടും ഇപ്രകാരം കല്പിക്കുക, ദഹനബലിക്കുള്ള നിയമമിതാണ്: ബലിവസ്തു ബലിപീഠത്തിന്മേലുള്ള അഗ്നികുണ്ഡത്തില്‍, രാത്രിമുഴുവന്‍, പ്രഭാതംവരെ വച്ചിരിക്കണം. ബലിപീഠത്തിലെ അഗ്നി, തുടരെ കത്തിക്കൊണ്ടിരിക്കുകയും വേണം.
10: പുരോഹിതന്‍ ചണംകൊണ്ടുള്ള വസ്ത്രവും കാല്‍ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്നിയില്‍ ദഹിപ്പിച്ചുണ്ടായ ചാരം ബലിപീഠത്തില്‍നിന്നു ശേഖരിച്ച്, അതിൻ്റെ ഒരു വശത്തിടണം.
11: അതിനുശേഷം വസ്ത്രംമാറി, വേറെ വസ്ത്രം ധരിച്ചു, ചാരം പാളയത്തിനു വെളിയില്‍ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം.
12: ബലിപീഠത്തിലെ അഗ്നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ പുരോഹിതന്‍ അതില്‍ വിറകടുക്കുകയും അതിന്മേല്‍ ദഹനബലിവസ്തു ക്രമത്തില്‍ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്സു ദഹിപ്പിക്കുകയും വേണം.
13: ബലിപീഠത്തിലെ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. .


ധാന്യബലി

14: ധാന്യബലിയുടെ നിയമമിതാണ്: അത് അഹറോൻ്റെ പുത്രന്മാര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ ബലിപീഠത്തിനു മുമ്പിലര്‍പ്പിക്കണം.
15: പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയമാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തില്‍വച്ചു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായര്‍പ്പിക്കണം.
16: ശേഷിക്കുന്നത് അഹറോനും പുത്രന്മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ചു പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. സമാഗമകൂടാരത്തിൻ്റെ അങ്കണത്തില്‍വച്ച് അവരതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്.
17: എൻ്റെ ദഹനബലികളില്‍നിന്ന് അവരുടെ ഓഹരിയായി ഞാനതു കൊടുത്തിരിക്കുന്നു. പാപപരിഹാരബലിപോലെയും പ്രായശ്ചിത്തബലിപോലെയും അതേറ്റവും വിശുദ്ധമാണ്.
18: അഹറോൻ്റെ പുത്രന്മാര്‍ക്കെല്ലാവര്‍ക്കും കര്‍ത്താവിൻ്റെ ദഹനബലിയില്‍നിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനില്‍ക്കേണ്ട നിയമമാണിത്. അവയെ സ്പര്‍ശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും.
19: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
20: അഹറോനും അവൻ്റെ പുത്രന്മാരും അഭിഷേകദിവസം കര്‍ത്താവിനു സമര്‍പ്പിക്കേണ്ട ബലി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യബലിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അര്‍പ്പിക്കണം.
21: അത്, എണ്ണചേര്‍ത്തു വറചട്ടിയില്‍ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യബലി പോലെ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം.
22: അഹറോൻ്റെ പുത്രന്മാരില്‍ അവൻ്റെ പിന്‍തുടര്‍ച്ചാവകാശിയായി അഭിഷിക്തനായ പുരോഹിതന്‍ എന്നേക്കുമുള്ള നിയമപ്രകാരം അതു കര്‍ത്താവിനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം.
23: പുരോഹിതൻ്റെ ഓരോ ധാന്യബലിയും പൂര്‍ണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാന്‍ പാടില്ല.


പാപപരിഹാരബലി

24: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
25: അഹറോനോടും പുത്രന്മാരോടും പറയുക, പാപപരിഹാരബലിയുടെ നിയമമിതാണ്. പാപപരിഹാരബലിക്കുള്ള മൃഗത്തെ, കര്‍ത്താവിൻ്റെ സന്നിധിയില്‍, ദഹനബലിമൃഗത്തെക്കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്.
26: പാപപരിഹാരബലി അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിൻ്റെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാന്‍.
27: അതിൻ്റെ മാംസത്തില്‍ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിൻ്റെ രക്തം വസ്ത്രത്തില്‍ തെറിച്ചുവീണാല്‍ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.
28: അതു പാകംചെയ്ത മണ്‍പാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കില്‍ അതു നന്നായി തേച്ചുകഴുകണം.
29: പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്മാര്‍ക്കും അതു ഭക്ഷിക്കാം. അത്, അതിവിശുദ്ധമാണ്.
30: എന്നാല്‍ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിൻ്റെ രക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്നിയില്‍ ദഹിപ്പിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ