രണ്ടാം ദിവസം: ഉല്പത്തി 4 - 7

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




അദ്ധ്യായം 4

കായേനും ആബേലും
1: ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്, കായേനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച്, എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു. 
2: പിന്നീടവള്‍ കായേന്റെ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. 
3: ഒരിക്കല്‍ കായേന്‍, തന്റെ വിളവില്‍ ഒരുഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. 
4: ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. 
5: എന്നാല്‍ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.  
6: കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്
7: ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യംവച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം. 
8: ഒരുദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ, കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെക്കൊന്നു. 
9: കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേലെവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? 
10: എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം, മണ്ണില്‍നിന്ന് എന്നെവിളിച്ചു കരയുന്നു.  
11: നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ്പിളര്‍ന്ന ഭൂമിയില്‍, നീ ശപിക്കപ്പെട്ടവനായിരിക്കും. 
12: കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. 
13: കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. 
14: ഇന്ന്, അവിടുന്നെന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെക്കൊല്ലാന്‍നോക്കും. 
15: കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെമേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ ഒരടയാളംപതിച്ചു. 
16: കായേന്‍ കര്‍ത്താവിന്റെ സന്നിധിവിട്ട് ഏദനുകിഴക്കു നോദുദേശത്തു വാസമുറപ്പിച്ചു.  

കായേന്റെ സന്താനപരമ്പര
17: കായേന്‍ തന്റെ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേന്‍ ഒരു നഗരംപണിതു. തന്റെ പുത്രനായ ഹെനോക്കിന്റെ പേര് അതിനു നല്കി. 
18: ഹെനോക്കിന് ഈരാദും, ഈരാദിന്‌ മെഹുയായേലും ജനിച്ചു. മെഹുയായേലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു. 
19: ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും.  
20: ആദായുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍. 
21: അവന്റെ സഹോദരന്റെ പേരു യൂബാല്‍. കിന്നരവും വേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന്‍.  
22: സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബല്‍കയീന്‍. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന്‍. തൂബല്‍കയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു. 
23: ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കു ചെവിതരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു. 
24: കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്റേത് എഴുപത്തേഴിരട്ടിയായിരിക്കും.  
25: ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനുപേരിട്ടു. കാരണം, കായേന്‍കൊന്ന ആബേലിനുപകരം എനിക്കു ദൈവംതന്നതാണ് അവന്‍ എന്നവള്‍ പറഞ്ഞു.  
26: സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത്, അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത്, മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍തുടങ്ങി.

അദ്ധ്യായം 5

ആദം മുതല്‍ നോഹവരെ
1: ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു. 
2: സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്നവരെ അനുഗ്രഹിക്കുകയും മനുഷ്യനെന്നു വിളിക്കുകയുംചെയ്തു. 
3: ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവനു സേത്ത് എന്നു പേരിട്ടു. 
4: സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
5: ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു. 
6: സേത്തിനു നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി. 
7: എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
8: സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു. 
9: എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്‌നാന്‍ എന്ന പുത്രനുണ്ടായി. 
10: കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
11: എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു. 
12: കെയ്‌നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി. 
13: മഹലലേലിന്റെ ജനനത്തിനുശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 
14: കെയ്‌നാന്റെ ജീവിതകാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
15: മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി. 
16: യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
17: മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
18: യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി. 
19: ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
20: യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
21: ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി. 
22: മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടെ ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. 
23: ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.  
24 : ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെയവനെ കണ്ടിട്ടില്ല; ദൈവമവനെയെടുത്തു. 
25 : നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി. 
26: ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. 
27: മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
28: ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി. 
29: കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അദ്ധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നേടിത്തരുമെന്നു പറഞ്ഞ്, അവനെ നോഹയെന്നു വിളിച്ചു. 
30: നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
31: ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
32: നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരുണ്ടായി. 

അദ്ധ്യായം 6

തിന്മ വര്‍ധിക്കുന്നു
1: മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയുംചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണെന്നുകണ്ട്, ദൈവപുത്രന്മാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.  
2, 3: അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സു നൂറ്റിയിരുപതു വര്‍ഷമായിരിക്കും.  
4: ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായിച്ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയുംചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്മാരുണ്ടായിരുന്നു. അവരാണ്, പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജ്ജിച്ച പ്രബലന്മാര്‍.  
5: ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും കര്‍ത്താവു കണ്ടു. 
6: ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അതവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. 
7: കര്‍ത്താവരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. 
8: എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി.   
9: ഇതാണു നോഹയുടെ വംശാവലി: നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നു. 
10: നോഹയ്ക്കു മൂന്നു പുത്രന്മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്. 
11: ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. 
12: ഭൂമി ദുഷിച്ചുപോയെന്നു ദൈവംകണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മ്മാര്‍ഗികളായി.    

നോഹയുടെ പെട്ടകം
13: ദൈവം നോഹയോടരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടെ അവരെ ഞാന്‍ നശിപ്പിക്കും. 
14: ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടകമുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്റെ അകത്തും പുറത്തും കീലു തേയ്ക്കണം.
15: ഇങ്ങനെയാണതുണ്ടാക്കേണ്ടത്: മുന്നൂറുമുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം. 
16: മേല്‍ക്കൂരയില്‍നിന്ന് ഒരു മുഴംതാഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നുതട്ടായിവേണം പെട്ടകമുണ്ടാക്കാന്‍. 
17: ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍പോകുന്നു. ആകാശത്തിനുകീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും. 
18: എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടിയുറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെകൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും 
19: എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ക്കയറ്റി സൂക്ഷിക്കണം. 
20: എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെകൂടെ വരട്ടെ. 
21: നിനക്കും അവയ്ക്കും ആഹാരത്തിനുവേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം.   
22 : ദൈവം കല്പിച്ചതുപോലെതന്നെ നോഹ പ്രവര്‍ത്തിച്ചു. 


അദ്ധ്യായം 7

ജലപ്രളയം
1: കര്‍ത്താവു നോഹയോടരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായിക്കണ്ടിരിക്കുന്നു. 
2: ഭൂമുഖത്ത് അവയുടെ വംശം നിലനിറു‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ്വമൃഗങ്ങളിലുംനിന്ന്, ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും 
3: ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴു ജോഡിയും കൂടെക്കൊണ്ടുപോവുക. 
4: ഏഴു ദിവസവുംകൂടെക്കഴിഞ്ഞാല്‍ നാല്പതുരാവും നാല്പതുപകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍സൃഷ്ടിച്ച സകലജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചുമാറ്റും. 
5: കര്‍ത്താവു കല്പിച്ചതെല്ലാം നോഹ ചെയ്തു.  
6: നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണു ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 
7: വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപെടാന്‍ നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ക്കയറി. 
8: ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളവയും 
9: അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഈരണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ക്കയറി. 
10: ഏഴുദിവസംകഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. 
11: നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാംമാസം പതിനേഴാംദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. 
12: നാല്പതുരാവും നാല്പതുപകലും മഴ പെയ്തുകൊണ്ടിരുന്നു. 
13: അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ക്കയറി. 
14: അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ക്കടന്നു. 
15: ജീവനുള്ള സകലജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടെ പെട്ടകത്തില്‍ക്കടന്നു. 
16: സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തുകടന്നത്. കര്‍ത്താവു നോഹയെ പെട്ടകത്തിലടച്ചു. 
17: വെള്ളപ്പൊക്കം നാല്പതുനാള്‍ തുടര്‍ന്നു. ജലനിരപ്പുയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി. 
18: ഭൂമിയില്‍ ജലം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി. 
19: ജലനിരപ്പു വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വ്വതങ്ങളും വെള്ളത്തിനടിയിലായി. 
20: പര്‍വ്വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചുമുഴംവരെ വെള്ളമുയര്‍ന്നു. 
21: ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. 
22: കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 
23: ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു. 
24: വെള്ളപ്പൊക്കം നൂറ്റമ്പതുദിവസം നീണ്ടുനിന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ