അഞ്ചാംദിവസം: ഉല്പത്തി 16 - 18

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 16

ഹാഗാറും ഇസ്മായേലും

1: അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു. 
2: സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവമെനിക്കു വരംതന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരുപക്ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്കനുസരിച്ചു.  
3: കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചുകഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്കി.   
4: അബ്രാം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിക്കുകയുംചെയ്തു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യജമാനത്തിയെ അവള്‍ നിന്ദയോടെ വീക്ഷിച്ചു.   
5: സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണെന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്ഷേ, താന്‍ ഗര്‍ഭിണിയാണെന്നുകണ്ടപ്പോള്‍ അവള്‍ക്കു ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ കര്‍ത്താവുതന്നെ വിധിയാളനാവട്ടെ.
6: അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോടു പെരുമാറിക്കൊള്ളുക. സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ സാറായിയെവിട്ട് ഓടിപ്പോയി.   
7: എന്നാല്‍, കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെക്കണ്ടെത്തി.   
8: ദൂതനവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന് ഓടിപ്പോവുകയാണ്.   
9: കര്‍ത്താവിന്റെ ദൂതന്‍ അവളോടു പറഞ്ഞു: നീ യജമാനത്തിയുടെയടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്‌പ്പെട്ടിരിക്കുക.   
10: ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ദ്ധിപ്പിക്കും.   
11: നീ ഗര്‍ഭിണിയാണല്ലോ. നീ ഒരാണ്‍കുട്ടിയെ പ്രസവിക്കും. അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, കര്‍ത്താവു നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു.   
12: അവന്‍ കാട്ടുകഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വര്‍ത്തിക്കുകയുംചെയ്യും.   
13: അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടുവെന്ന് അവള്‍ പറഞ്ഞു.   
14: അതുകൊണ്ട്, ആ നീരുറവയ്ക്കു ബേര്‍ല്ഹായ്‌റോയ് എന്നു പേരുണ്ടായി. അതു കാദെഷിനും ബേരെദിനുമിടയ്ക്കാണ്.  
15: ഹാഗാറില്‍ അബ്രാമിന് ഒരു പുത്രന്‍ ജനിച്ചു. ഹാഗാര്‍ പ്രസവിച്ച മകന് അബ്രാം ഇസ്മായേല്‍ എന്നുപേരിട്ടു.   
16: ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്തിയാറു വയസ്സായിരുന്നു.

അദ്ധ്യായം 17

പരിച്ഛേദനം
1: അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വ്വശക്തനായ ദൈവമാണു ഞാന്‍; എന്റെമുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.   
2: നീയുമായി ഞാന്‍ എന്റെയുടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്കും.  
3: അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോടരുളിച്ചെയ്തു:   
4: ഇതാ! നീയുമായുള്ള എന്റെയുടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.   
5: ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.   
6: നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും.   
7: രാജാക്കന്മാരും നിന്നില്‍നിന്നുദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളുംതമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാനെന്റെ ഉടമ്പടി സ്ഥാപിക്കും; ഞാനെന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.   
8: നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശംമുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അതവരുടേതായിരിക്കും. ഞാനവര്‍ക്കു ദൈവമായിരിക്കുകയുംചെയ്യും.   
9: ദൈവം അബ്രാഹത്തോടു കല്പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെയുടമ്പടി പാലിക്കണം.   
10: നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടിയിതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം.   
11: നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കുമത്.   
12: നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനംചെയ്യണം. നിന്റെ വീട്ടില്‍പ്പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പ്പെടാത്ത, വിലയ്ക്കുവാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം.   
13: നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കുവാങ്ങിയവനും പരിച്ഛേദനംചെയ്യപ്പെടണം. അങ്ങനെ എന്റെയുടമ്പടി, നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കും   
14: പരിച്ഛേദനംചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെയുടമ്പടി ലംഘിച്ചിരിക്കുന്നു.   

ഇസഹാക്ക്
15: ദൈവം അബ്രാഹത്തോടരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേരു സാറാ എന്നായിരിക്കും.  
16: ഞാനവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍, നിനക്കൊരു പുത്രനെത്തരും. അവളെ ഞാനനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാരുദ്ഭവിക്കും.  
17: അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?    
18: അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍മതി.   
19: ദൈവമരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീയവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരുടമ്പടി സ്ഥാപിക്കും.   
20: ഇസ്മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.   
21: എന്നാല്‍, സാറായില്‍നിന്ന് അടുത്തവര്‍ഷം ഈ സമയത്തു നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെയുടമ്പടി ഞാന്‍ സ്ഥാപിക്കുക.   
22: അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവമവനെവിട്ടുപോയി.   
23: ദൈവം കല്പിച്ചതുപോലെ ആദിവസംതന്നെ അബ്രാഹം മകന്‍ ഇസ്മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വിലകൊടുത്തു വാങ്ങിയവരുമായ സകലപുരുഷന്മാരെയും പരിച്ഛേദനം ചെയ്തു.   
24: പരിച്ഛേദനസമയത്ത് അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും   
25: ഇസ്മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു.   
26: അന്നുതന്നെ അബ്രാഹവും മകന്‍ ഇസ്മായേലും പരിച്ഛേദനംചെയ്യപ്പെട്ടു.   
27: അബ്രാഹത്തിന്റെ വീട്ടിലെ എല്ലാ പുരുഷന്മാരും വീട്ടില്‍പ്പിറന്നവരും പരദേശികളില്‍നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്ഛേദനംചെയ്യപ്പെട്ടു.

അദ്ധ്യായം 18

ദൈവം സന്ദര്‍ശിക്കുന്നു
1: മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹമിനു പ്രത്യക്ഷനായി. വെയില്‍മൂത്ത സമയത്ത്, അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.
2: അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെത്താണ്, അവരെ വണങ്ങി.
3: അവന്‍ പറഞ്ഞു: യജമാനനേ, അങ്ങെന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!
4: കാലുകഴുകാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്രമിക്കുക.
5: നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്നനിലയ്ക്ക് ഞാന്‍ കുറേ അപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടു യാത്രതുടരാം. നീ പറഞ്ഞതുപോലെ ചെയ്യുകയെന്ന് അവര്‍ പറഞ്ഞു.
6: അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച്, അപ്പമുണ്ടാക്കുക.
7: അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍നിന്നു കൊഴുത്ത ഒരു ഇളംകാളക്കുട്ടിയെപ്പിടിച്ചു വേലക്കാരനെ ഏല്പിച്ചു. ഉടനെ അവനതു പാകംചെയ്യാന്‍ തുടങ്ങി.
8: അബ്രാഹം വെണ്ണയും പാലും, പാകംചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
9: അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു.
10: കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു.
11: അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു.
12: അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യമുണ്ടാകുമോ?
13: കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നുചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?
14: കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത്, വസന്തത്തില്‍ ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.
15: സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെചെയ്തു.   

സോദോം-ഗൊമോറാ

16: അവര്‍ അവിടെനിന്നെഴുന്നേറ്റു സോദോമിനുനേരേ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു.
17: കര്‍ത്താവാലോചിച്ചു:
18: അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നുമറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍പോകുന്ന കാര്യം അവനില്‍നിന്നു മറച്ചുവയ്ക്കണമോ?
19: ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയും ന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടുചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനുംവേണ്ടിയാണ്.
20: കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്.
21: അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാനവിടംവരെ പോകുകയാണ്.
22: അവര്‍ അവിടെനിന്നു സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു.
23: അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ?
24: നഗരത്തില്‍ അമ്പതു നീതിമാന്മാരുണ്ടെങ്കില്‍ അങ്ങതിനെ നശിപ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ?
25: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക- അതങ്ങില്‍നിന്നുണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?
26: കര്‍ത്താവരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്മാരെ ഞാന്‍ കണ്ടെത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും.
27: അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ.
28: നീതിമാന്മാര്‍ അമ്പതിനഞ്ചുകുറവാണെന്നുവന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെമുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെക്കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്പതുപേരേയുള്ളുവെങ്കിലോ?
29: അവിടുന്നു പ്രതിവചിച്ചു: ആ നാല്പതുപേരെപ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല.
30: അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്ഷേ, മുപ്പതുപേരെയുള്ളുവെങ്കിലോ? അവിടുന്നരുളിച്ചെയ്തു: മുപ്പതുപേരെക്കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല.
31: അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്നരുളിച്ചെയ്തു: ഇരുപതുപേരെപ്രതി ഞാനതു നശിപ്പിക്കുകയില്ല.
32: അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടെമാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്നരുളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാനതു നശിപ്പിക്കുകയില്ല.
33: അബ്രാഹമിനോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നു പോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ