ആറാംദിവസം: ഉല്പത്തി 19 - 22

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 19

സോദോമിന്റെ പാപം
1: വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്മാര്‍ സോദോമില്‍ച്ചെന്നു. ലോത്ത് നഗരവാതില്ക്കലിരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത്, അവരെയെതിരേല്ക്കാനായി എഴുന്നേറ്റുചെന്ന്, നിലംപറ്റെ താണുവണങ്ങി.       
2: അവന്‍ പറഞ്ഞു: യജമാനന്മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍കഴുകി, രാത്രി ഇവിടെത്തങ്ങുക. രാവിലെയെഴുന്നേറ്റു യാത്രതുടരാം. അവര്‍ മറുപടി പറഞ്ഞു: വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.       
3: അവന്‍ വളരെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവുമുണ്ടാക്കി. അവരതു ഭക്ഷിച്ചു.       
4: അവര്‍ കിടക്കുംമുമ്പേ, സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തുംനിന്നു യുവാക്കന്മാര്‍മുതല്‍ വൃദ്ധന്മാര്‍വരെയുള്ള എല്ലാവരുംവന്നു വീടുവളഞ്ഞു.       
5: അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക.       
6: ലോത്ത് പുറത്തിറങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു.       
7: അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛതകാട്ടരുതെന്നു ഞാന്‍ നിങ്ങളോടു യാചിക്കുന്നു.       
8: പുരുഷസ്പര്‍ശമേല്ക്കാത്ത രണ്ടു പെണ്മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടുചെയ്തുകൊള്ളുക. പക്ഷേ, ഈ പുരുഷന്മാരെമാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവരെന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു.       
9: പരദേശിയായിവന്നവന്‍ ന്യായംവിധിക്കുവാനൊരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളിക്കാന്‍ ചെന്നു.       
10: പക്‌ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ടു വാതിലടച്ചു.       
11: വാതില്ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.   
  
ലോത്ത് സോദോം വിടുന്നു
12: ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തിലുണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തുകടത്തിക്കൊള്ളുക.    
13: ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെമുമ്പിലെത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.      
14: ഉടനെ ലോത്ത്, തന്റെ പുത്രിമാരെ വിവാഹംചെയ്യാനിരുന്നവരുടെ അടുത്തുചെന്നു പറഞ്ഞു: എഴുന്നേറ്റ്, ഉടനെ സ്ഥലംവിട്ടുപോവുക. കര്‍ത്താവ്, ഈ നഗരം നശിപ്പിക്കാന്‍പോവുകയാണ്. എന്നാല്‍ അവന്‍ തമാശപറയുകയാണെന്നത്രേ അവര്‍ക്കുതോന്നിയത്.       
15: നേരംപുലര്‍ന്നപ്പോള്‍ ദൂതന്മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്മക്കള്‍ രണ്ടുപേരെയുംകൂട്ടി വേഗംപുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.       
16: എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന് അവനോടു കരുണതോന്നിയതുകൊണ്ട്, ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.       
17: അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.       
18: ലോത്ത് പറഞ്ഞു: യജമാനനേ, അങ്ങനെ പറയരുതേ!       
19: ഞാനങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപകടം എന്നെപ്പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.       
20: ഇതാ, ആക്കാണുന്ന പട്ടണം, ഓടിരക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാനങ്ങോട്ട് ഓടി രക്ഷപ്പെട്ടുകൊള്ളട്ടെ? -അതു ചെറുതാണല്ലോ- അങ്ങനെ എനിക്കു ജീവന്‍ രക്ഷിക്കാം.       
21: അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ടോടി രക്ഷപ്പെടുക.       
22: നീ അവിടെയെത്തുംവരെ എനിക്കൊന്നുംചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.   

സോദോം - ഗൊമോറാ നശിക്കുന്നു
23: ലോത്ത് സോവാറിലെത്തിയപ്പോള്‍ സൂര്യനുദിച്ചുകഴിഞ്ഞിരുന്നു.       
24: കര്‍ത്താവ് ആകാശത്തില്‍നിന്നു സോദോമിലും ഗൊമോറായിലും അഗ്നിയും ഗന്ധകവും വര്‍ഷിച്ചു.    
25: ആ പട്ടണങ്ങളെയും താഴ്വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.       
26: ലോത്തിന്റെ ഭാര്യ, അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരുപ്പുതൂണായിത്തീര്‍ന്നു.    
27: അബ്രാഹം അതിരാവിലെയെഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍നിന്ന സ്ഥലത്തേക്കുചെന്നു.       
28: അവന്‍ സോദോമിനും ഗൊമോറായ്ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍നിന്നെന്നപോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.    
29: താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെയോര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു.    

മൊവാബ്യര്‍, അമ്മോന്യര്‍
30: സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ രണ്ടു പെണ്മക്കളോടുകൂടെ അവിടെനിന്നു പുറത്തുകടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു.   
31: മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. 
32: അപ്പനെ വീഞ്ഞുകുടിപ്പിച്ച്, നമുക്കവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം.    
33: അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെകൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവനറിഞ്ഞില്ല.
34: പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താനപരമ്പര നമുക്കു നിലനിര്‍ത്താം.
35: അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നുകിടന്നതോ എഴുന്നേറ്റുപോയതോ അവനറിഞ്ഞില്ല.
36: അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍നിന്നു ഗര്‍ഭിണികളായി.
37: മൂത്തവള്‍ക്ക് ഒരു മകന്‍ ജനിച്ചു. മൊവാബ് എന്നവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള മൊവാബ്യരുടെയെല്ലാം പിതാവാണവന്‍.  
38: ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മിയെന്ന് അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ് അവന്‍.

 അദ്ധ്യായം 20

അബ്രാഹവും അബിമെലക്കും
1: അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനുമിടയ്ക്ക് അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു.    
2: തന്റെ ഭാര്യ സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണെന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചുവരുത്തുകയും സ്വന്തമാക്കുകയുംചെയ്തു.
3: ദൈവം, രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീയിതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്റെ ഭാര്യയാണ്.
4: അബിമെലക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: കര്‍ത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ?  
5: അവള്‍ എന്റെ സഹോദരിയാണെന്ന് അവന്‍തന്നെയല്ലേ എന്നോടുപറഞ്ഞത്? അവന്‍ എന്റെ സഹോദരനാണെന്ന് അവളും പറഞ്ഞു. നിര്‍മ്മലഹൃദയത്തോടും കറയറ്റ കൈകളോടുംകൂടെയാണു ഞാനിതു ചെയ്തത്.    
6: അപ്പോള്‍ ദൈവം സ്വപ്നത്തില്‍ അവനോടു പറഞ്ഞു: നിര്‍മ്മലഹൃദയത്തോടെയാണു നീയിതുചെയ്തതെന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്നു ഞാനാണു നിന്നെത്തടഞ്ഞത്. അതുകൊണ്ടാണ് അവളെത്തൊടാന്‍ നിന്നെ ഞാനനുവദിക്കാതിരുന്നത്. 
7: അവന്റെ ഭാര്യയെ തിരിച്ചേല്പിക്കുക. അവന്‍ പ്രവാചകനാണ്. അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്പിക്കുന്നില്ലെങ്കില്‍ നീയും നിന്റെ ജനങ്ങളും മരിക്കുമെന്നറിയുക. 
8: അബിമെലക്ക് അതിരാവിലെയെഴുന്നേറ്റു സേവകന്മാരെയെല്ലാം വിളിച്ച്, ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു. 
9: അനന്തരം, അബിമെലക്ക് അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോടീ ചെയ്തത്? നിനക്കെതിരായി ഞാനെന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയുംമേല്‍ ഇത്രവലിയ തിന്മ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീയെന്നോടു ചെയ്തത്.
10: അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതുചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
11: അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്ത നാടാണെന്നും എന്റെ ഭാര്യയെപ്രതി അവരെന്നെ കൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു.   
12: മാത്രമല്ല, വാസ്തവത്തില്‍ അവളെന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയുംചെയ്തു.  
13: പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്കിടവരുത്തിയപ്പോള്‍ ഞാനവളോടു പറഞ്ഞു: നീയെനിക്ക് ഈ ഉപകാരംചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവനെന്റെ സഹോദരനാണെന്ന് എന്നെക്കുറിച്ചു നീ പറയണം.    
14: അപ്പോള്‍ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്പിക്കുകയുംചെയ്തു.  
15: അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്കിഷ്ടമുള്ളിടത്തു പാര്‍ക്കാം.  
16: സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെകൂടെയുള്ളവരുടെമുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയുംമുമ്പില്‍ നീ നിര്‍ദ്ദോഷയാണ്.   
17: അബ്രാഹം ദൈവത്തോടു പ്രാര്‍ത്ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു.  
18: കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കര്‍ത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു.

 അദ്ധ്യായം 21

ഇസഹാക്കിന്റെ ജനനം
1: കര്‍ത്താവു വാഗ്ദാനമനുസരിച്ചു സാറായെ അനുഗ്രഹിച്ചു.
2: വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭംധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു.   
3: സാറായില്‍ ജനിച്ച മകന് ഇസഹാക്കെന്ന് അബ്രാഹം പേരിട്ടു.
4: കുഞ്ഞുപിറന്നിട്ട് എട്ടാംദിവസം ദൈവകല്പനപ്രകാരം അബ്രാഹം അവനു പരിച്ഛേദനംനടത്തി.
5: അബ്രാഹത്തിന് നൂറുവയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്.
6: സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാന്‍ ദൈവം വകനല്കിയിരിക്കുന്നു. ഇതുകേള്‍ക്കുന്നവരൊക്കെ എന്നെച്ചൊല്ലി ചിരിക്കും.
7: അവള്‍ തുടര്‍ന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വയസ്സുകാലത്ത് ഞാനദ്ദേഹത്തിന് ഒരു മകനെ നല്കിയിരിക്കുന്നു.
8: കുഞ്ഞു വളര്‍ന്നു മുലകുടിമാറി. അന്ന് അബ്രാഹം, വലിയൊരു വിരുന്നുനടത്തി.    

ഇസ്മായേല്‍ പുറന്തള്ളപ്പെടുന്നു
9: ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍, തന്റെ മകനായ ഇസഹാക്കിനോടുകൂടെ കളിക്കുന്നതു സാറാകണ്ടു. 
10: അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍പാടില്ല. 
11: തന്മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി.   
12: എന്നാല്‍, ദൈവം അബ്രാഹത്തോടരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്റെ സന്തതികളറിയപ്പെടുക. 
13: അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.    
14: അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, കുറെ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെയുമേല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെനിന്നു പോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു.    
15: തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ക്കിടത്തി.    
16: കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള്‍ കുറെയകലെ, ഒരു അമ്പെയ്ത്തുദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.    
17: കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു.    
18: എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്നു ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും.    
19: ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍കൊടുത്തു.    
20: ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.    
21: അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു.   

അബ്രാഹവും അബിമെലക്കും
22: അക്കാലത്ത് അബിമെലക്കും അവന്റെ സൈന്യാധിപന്‍ ഫിക്കോളും അബ്രാഹത്തോടു പറഞ്ഞു: നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്.    
23: അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന്‌ ദൈവത്തിന്റെമുമ്പില്‍ ശപഥംചെയ്യുക.    
24: ഞാന്‍ നിന്നോടുകാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാര്‍ത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാന്‍ ശപഥംചെയ്യുന്നു, അബ്രാഹം പറഞ്ഞു.    
25: അബിമെലക്കിന്റെ ദാസന്മാര്‍ തന്റെ കൈവശത്തില്‍നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹം അവനോടു പരാതിപ്പെട്ടു.   
26: അബിമെലക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാന്‍ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല.    
27: അബ്രാഹം അബിമെലക്കിന് ആടുമാടുകളെക്കൊടുത്തു. അവരിരുവരുംതമ്മില്‍ ഒരുടമ്പടിയുണ്ടാക്കി.    
28: അബ്രാഹം ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റിനിറുത്തി.    
29: ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റിനിര്‍ത്തിയതെന്തിനെന്ന് അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു.   
30: അവന്‍ പറഞ്ഞു: ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴുപെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം.    
31: ആ സ്ഥലത്തിനു ബേര്‍ഷെബ എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവര്‍ രണ്ടുപേരും ശപഥംചെയ്തു.   
32: അങ്ങനെ ബേര്‍ഷെബയില്‍വച്ച് അവര്‍ ഒരുടമ്പടിയുണ്ടാക്കി. അതുകഴിഞ്ഞ് അബിമെലക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി.    
33: അബ്രാഹം ബേര്‍ഷെബയില്‍ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ആരാധന നടത്തുകയുംചെയ്തു.    
34: അബ്രാഹം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു.

 അദ്ധ്യായം 22

അബ്രാഹത്തിന്റെ ബലി
1: പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.
2: നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കു പോവുക. അവിടെ, ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീയവനെ എനിക്കൊരു ദഹനബലിയായര്‍പ്പിക്കണം. 
3: അബ്രാഹം അതിരാവിലെയെഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട്, രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകുംകീറിയെടുത്ത്, ദൈവംപറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.    
4: മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലംകണ്ടു.
5: അവന്‍ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങളിവിടെ നില്ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.  
6: അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടുനടന്നു. 
7: ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?   
8: അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെ തരും. അവരൊന്നിച്ചു മുമ്പോട്ടുപോയി. 
9: ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറകടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനുമീതേ കിടത്തി.       
10: മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു.       
11: തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.       
12: കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നുംചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോളുറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കുതരാന്‍ നീ മടികാണിച്ചില്ല.       
13: അബ്രാഹം തലപൊക്കിനോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവനതിനെ മകനുപകരം ദഹനബലിയര്‍പ്പിച്ചു.       
14: അബ്രാഹം ആ സ്ഥലത്തിനു യാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍, അവിടുന്നു വേണ്ടതു പ്രദാനംചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു.  
15: കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു:       
16: കര്‍ത്താവരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ ശപഥംചെയ്യുന്നു:       
17: ഞാന്‍ നിന്നെ സമൃദ്ധമായനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.       
18: നീ എന്റെ വാക്കനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും.       
19: അബ്രാഹമെഴുന്നേറ്റ്, തന്റെ വേലക്കാരുടെയടുത്തേക്കു ചെന്നു. അവരൊന്നിച്ചു ബേര്‍ഷെബയിലേക്കു തിരിച്ചുപോയി. അബ്രാഹം ബേര്‍ഷെബയില്‍ പാര്‍ത്തു.       
20: തന്റെ സഹോദരനായ നാഹോറിനു മില്ക്കായില്‍ മക്കളുണ്ടായ വിവരം അബ്രാഹമറിഞ്ഞു.   
21: അവര്‍, മൂത്തവനായ ഊസ്, അവന്റെ സഹോദരന്‍ ബൂസ്, ആരാമിന്റെ പിതാവായ കെമുവേല്‍,
22: കേസെദ്, ഹാസോ, പില്‍ഷാദ്, ഇദ്‌ലാഫ്, ബത്തുവേല്‍ എന്നിവരായിരുന്നു.   
23: ബത്തുവേല്‍ റബേക്കായുടെ പിതാവായിരുന്നു. അബ്രാഹത്തിന്റെ സഹോദരനായ നാഹോറിനു മില്ക്കായിലുണ്ടായവരാണ് ഈ എട്ടുപേരും. 
24: അതിനുപുറമേ അവന്റെ ഉപനാരിയായ റവുമായില്‍നിന്ന് തേബഹ്, ഗഹം, തഹഷ്, മാക്കാഹ് എന്നീ മക്കള്‍ ജനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ