എട്ടാംദിവസം: ഉല്പത്തി 26 - 29

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




അദ്ധ്യായം 26

ഇസഹാക്കും അബിമെലക്കും
1: അബ്രാഹത്തിന്റെകാലത്തുണ്ടായതിനുപുറമേ, മറ്റൊരു ക്ഷാമംകൂടെ ആ നാട്ടിലുണ്ടായി. ഇസഹാക്ക്, ഗരാറില്‍, ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെയടുത്തേക്കു പോയി.    
2: കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍പറയുന്ന നാട്ടില്‍പ്പാര്‍ക്കുക.    
3: ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെകൂടെയുണ്ടായിരിക്കും. നിന്നെ ഞാനനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും.    
4: ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.    
5: കാരണം, അബ്രാഹം എന്റെ സ്വരംകേള്‍ക്കുകയും എന്റെ നിര്‍ദ്ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു.    
6: ഇസഹാക്ക്, ഗരാറില്‍ത്തന്നെ താമസിച്ചു.       
7: അന്നാട്ടുകാര്‍ അവന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോള്‍, അവളെന്റെ സഹോദരിയാണ് എന്നവന്‍ പറഞ്ഞു. അവള്‍ ഭാര്യയാണെന്നു പറയാന്‍ അവനു പേടിയായിരുന്നു. കാരണം, അവള്‍ അഴകുള്ളവളായിരുന്നതുകൊണ്ട്, റബേക്കായ്ക്കുവേണ്ടി നാട്ടുകാര്‍ തന്നെക്കൊല്ലുമെന്ന് അവന്‍ വിചാരിച്ചു.    
8: അവനവിടെ പാര്‍പ്പുതുടങ്ങി. ഏറെനാളുകള്‍ക്കുശേഷം, ഒരുദിവസം ഫിലിസ്ത്യരുടെ രാജാവായ അബിമെലക്ക്, ജനാലയിലൂടെ നോക്കിയപ്പോള്‍ ഇസഹാക്ക്, ഭാര്യ റബേക്കായെ ആലിംഗനംചെയ്യുന്നതു കണ്ടു.   
9: അബിമെലക്ക് ഇസഹാക്കിനെ വിളിച്ചുചോദിച്ചു: അവള്‍ നിന്റെ ഭാര്യയാണല്ലോ. പിന്നെയെന്താണു സഹോദരിയാണെന്നു പറഞ്ഞത്? അവന്‍ മറുപടി പറഞ്ഞു: അവള്‍മൂലം മരിക്കേണ്ടിവന്നെങ്കിലോ എന്നോര്‍ത്താണ് ഞാനങ്ങനെ പറഞ്ഞത്.    
10: അബിമെലക്ക് ചോദിച്ചു: നീയെന്തിനാണു ഞങ്ങളോടിതുചെയ്തത്? ജനങ്ങളിലാരെങ്കിലും നിന്റെ ഭാര്യയോടൊത്തു ശയിക്കുകയും അങ്ങനെ വലിയൊരപരാധം നീ ഞങ്ങളുടെമേല്‍ വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നല്ലോ.    
11: അതുകൊണ്ട്, അബിമെലക്ക് ജനങ്ങള്‍ക്കെല്ലാം താക്കീതു നല്കി: ഈ മനുഷ്യനെയോ അവന്റെ ഭാര്യയെയോ ആരെങ്കിലും തൊട്ടുപോയാല്‍ അവന്‍ വധിക്കപ്പെടും.    
12: ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെടുക്കുകയും ചെയ്തു. കര്‍ത്താവവനെ അനുഗ്രഹിച്ചു.   
13: അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവന്‍ വലിയ സമ്പന്നനാവുകയുംചെയ്തു.    
14: അവനു ധാരാളം ആടുമാടുകളും പരിചാരകരുമുണ്ടായിരുന്നു. അതുകൊണ്ട്, ഫിലിസ്ത്യര്‍ക്ക് അവനോടസൂയതോന്നി.    
15: അവന്റെ പിതാവായ അബ്രാഹത്തിന്റെ വേലക്കാര്‍കുഴിച്ച കിണറുകളെല്ലാം ഫിലിസ്ത്യര്‍ മണ്ണിട്ടുമൂടി.    
16: അബിമെലക്ക് ഇസഹാക്കിനോടു പറഞ്ഞു: ഞങ്ങളെ വിട്ടുപോവുക. നീ ഞങ്ങളെക്കാള്‍ കൂടുതല്‍ ശക്തനായിരിക്കുന്നു.    
17: ഇസഹാക്ക് അവിടെനിന്നു പുറപ്പെട്ട്, ഗരാറിന്റെ താഴ്‌വരയില്‍ കൂടാരമടിച്ചു.    
18: തന്റെ പിതാവായ അബ്രാഹത്തിന്റെ കാലത്തു കുഴിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകളെല്ലാം ഇസഹാക്ക് വീണ്ടും കുഴിച്ചു; തന്റെ പിതാവുകൊടുത്ത പേരുകള്‍തന്നെ അവയ്ക്കു നല്കുകയുംചെയ്തു.    
19: താഴ്‌വരയില്‍ കിണര്‍ കുഴിച്ചുകൊണ്ടിരിക്കേ ഇസഹാക്കിന്റെ വേലക്കാര്‍ ഒരു നീരുറവ കണ്ടെത്തി.    
20: ഗരാറിലെ ഇടയന്മാര്‍ ഇതു ഞങ്ങളുടെ ഉറവയാണെന്നുപറഞ്ഞ്, ഇസഹാക്കിന്റെ ഇടയന്മാരുമായി വഴക്കുണ്ടാക്കി. അവര്‍ തന്നോടു വഴക്കിനുവന്നതുകൊണ്ട് അവന്‍ ആ കിണറിന് ഏസെക്ക് എന്നു പേരിട്ടു.    
21: അവര്‍ വീണ്ടുമൊരു കിണര്‍ കുഴിച്ചു. അതിനെച്ചൊല്ലിയും വഴക്കുണ്ടായി. അതുകൊണ്ട്, അതിനെ അവന്‍ സിത്‌നാ എന്നു വിളിച്ചു.    
22: അവിടെനിന്നുമാറി, അകലെ അവര്‍ വേറൊരു കിണര്‍ കുഴിച്ചു. അതിന്റെ പേരില്‍ വഴക്കുണ്ടായില്ല. അവനതിനു റഹോബോത്ത് എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്ക് ഇടംതന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമൃദ്ധിയുളളവരാകും.    
23: അവിടെനിന്ന് അവന്‍ ബേര്‍ഷെബായിലേക്കു പോയി.    
24: ആ രാത്രിതന്നെ കര്‍ത്താവവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാന്‍; നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെയനുഗ്രഹിക്കും; നിന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയുംചെയ്യും.    
25: അതിനാല്‍ അവനവിടെ ഒരു ബലിപീഠം നിര്‍മ്മിച്ചു; കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. അവനവിടെ കൂടാരമടിച്ചു. ഇസഹാക്കിന്റെ ഭൃത്യന്മാര്‍ അവിടെയൊരു കിണര്‍ കുഴിച്ചു.    
26: ഗരാറില്‍നിന്ന് അബിമെലക്ക് തന്റെ ആലോചനക്കാരനായ അഹൂസ്സത്തും, സേനാധിപനായ ഫിക്കോളുമൊരുമിച്ച് ഇസഹാക്കിനെ കാണാന്‍ ചെന്നു.    
27: അവനവരോടു ചോദിച്ചു: എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്ത നിങ്ങള്‍ എന്തിനെന്റെയടുക്കലേക്കു വന്നു?    
28: അവര്‍ പറഞ്ഞു: കര്‍ത്താവു നിന്നോടുകൂടെയുണ്ടെന്നു ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അതുകൊണ്ടു നാം തമ്മില്‍ സത്യംചെയ്ത്, ഒരുടമ്പടിയുണ്ടാക്കുക നല്ലതെന്നു ഞങ്ങള്‍ക്കു തോന്നി.   
29: ഞങ്ങള്‍ നിന്നെ ഉപദ്രവിക്കാതിരിക്കുകയും നിനക്കു നന്മമാത്രംചെയ്യുകയും സമാധാനത്തില്‍ നിന്നെ പറഞ്ഞയയ്ക്കുകയും ചെയ്തതുപോലെ, നീയും ഞങ്ങളെ ഉപദ്രവിക്കാതിരിക്കണം. നീ ഇപ്പോള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനാണ്.  
30: അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി. അവര്‍ തിന്നുകയും കുടിക്കുകയുംചെയ്തു. 
31: രാവിലെ അവര്‍ എഴുന്നേറ്റ് അന്യോന്യം സത്യംചെയ്തു. ഇസഹാക്ക് അവരെ യാത്രയാക്കി. അവര്‍ സമാധാനത്തോടെ അവനെവിട്ടുപോയി. 
32: അന്നുതന്നെ ഇസഹാക്കിന്റെ വേലക്കാര്‍വന്ന്, തങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കുന്ന കിണറ്റില്‍ വെള്ളംകണ്ടെന്ന് അവനെയറിയിച്ചു.    
33: അവനതിനു ഷെബാ എന്നുപേരിട്ടു. അതിനാല്‍ ഇന്നും ആ പട്ടണത്തിനു ബേര്‍ഷെബാ എന്നാണു പേര്.   
34: നാല്പതു വയസ്സായപ്പോള്‍ ഏസാവ്, ഹിത്യനായ ബേരിയുടെ പുത്രി യൂദിത്തിനെയും ഹിത്യനായ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും വിവാഹംചെയ്തു.    
35: അവര്‍ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂര്‍ണ്ണമാക്കി.

അദ്ധ്യായം 27

യാക്കോബിന് അനുഗ്രഹം
1: ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ചകുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.       
2: ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി. എന്നാണു ഞാന്‍ മരിക്കുകയെന്നറിഞ്ഞുകൂടാ.       
3: നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയലില്‍പ്പോയി വേട്ടയാടി, കുറെ കാട്ടിറച്ചി കൊണ്ടുവരിക.       
4: എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുമ്പിൽ വിളമ്പുക. അതു ഭക്ഷിച്ചിട്ട്,  ഞാന്‍മരിക്കുംമുമ്പേ നിന്നെയനുഗ്രഹിക്കട്ടെ.       
5: ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി.    
6: അപ്പോള്‍, അവള്‍ യാക്കോബിനോടു പറഞ്ഞു: നിന്റെ പിതാവു നിന്റെ സഹോദരനായ ഏസാവിനോട്,       
7: നായാട്ടിറച്ചി കൊണ്ടുവന്നു രുചികരമായി പാകംചെയ്ത് എന്റെ മുമ്പില്‍ വിളമ്പുക. ഞാന്‍ മരിക്കുംമുമ്പ്, അതു ഭക്ഷിച്ചിട്ടു ദൈവത്തിന്റെ മുമ്പിൽ നിന്നെയനുഗ്രഹിക്കട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു.       
8: അതുകൊണ്ടു മകനേ, നീയിപ്പോള്‍ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക.       
9: ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാന്‍ അവകൊണ്ടു നിന്റെ പിതാവിനിഷ്ടപ്പെട്ട, രുചികരമായ ഭക്ഷണമുണ്ടാക്കാം.       
10: നീയതു പിതാവിന്റെയടുക്കല്‍ കൊണ്ടുചെല്ലണം. അപ്പോള്‍ അദ്ദേഹം മരിക്കുംമുമ്പ്, അതു ഭക്ഷിച്ചു നിന്നെയനുഗ്രഹിക്കും.       
11: യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്.       
12: പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കുകയുംചെയ്താല്‍ അനുഗ്രഹത്തിനുപകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?       
13: അവന്റെയമ്മ പറഞ്ഞു: ആ ശാപം എന്റെമേലായിരിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പോയി അവ കൊണ്ടുവരുക.       
14: അവന്‍ പോയി അവയെപ്പിടിച്ച് അമ്മയുടെ മുമ്പിൽ കൊണ്ടുവന്നു. അവള്‍, അവന്റെ പിതാവിനിഷ്ടപ്പെട്ട, രുചികരമായ ഭക്ഷണം തയ്യാറാക്കി.       
15: അവള്‍ മൂത്തമകന്‍ ഏസാവിന്റേതായി, തന്റെ പക്കല്‍ വീട്ടിലിരുന്ന ഏറ്റവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത്, ഇളയ മകന്‍ യാക്കോബിനെ ധരിപ്പിച്ചു;       
16: ആട്ടിന്‍ തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവും മൂടി.       
17: പാകംചെയ്ത രുചികരമായ മാംസവും അപ്പവും അവള്‍ യാക്കോബിന്റെ കൈയില്‍ കൊടുത്തു.       
18: യാക്കോബ് പിതാവിന്റെയടുക്കല്‍ച്ചെന്നു വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീയാരാണു മകനേ എന്നവന്‍ ചോദിച്ചു.       
19: യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങാവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ്, എന്റെ നായാട്ടിറച്ചി ഭക്ഷിച്ച്, എന്നെയനുഗ്രഹിച്ചാലും.  
20: എന്നാല്‍ ഇസഹാക്ക് ചോദിച്ചു: എന്റെ മകനേ, നിനക്കിത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുമ്പിൽ കൊണ്ടുവന്നു.       
21: അപ്പോള്‍ ഇസഹാക്കു യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി. നീ എന്റെ മകന്‍ ഏസാവുതന്നെയോ എന്നറിയട്ടെ.       
22: യാക്കോബ് പിതാവായ ഇസഹാക്കിന്റെയടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട്, ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെതും.       
23 : ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്റെ കൈകള്‍ സഹോദരനായ ഏസാവിന്റെ കൈകള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെയനുഗ്രഹിച്ചു.       
24 : അവന്‍ ചോദിച്ചു: സത്യമായും നീ എന്റെ മകന്‍ ഏസാവുതന്നെയാണോ? അതേയെന്ന് അവന്‍ മറുപടി പറഞ്ഞു.      
25 : ഇസഹാക്കു പറഞ്ഞു: എന്റെ മകനേ, നിന്റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെയനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന്‍ കൊണ്ടുവന്ന വീഞ്ഞു കുടിക്കുകയുംചെയ്തു.       
26 : ഇസഹാക്ക് അവനോടു പറഞ്ഞു: നീ അടുത്തുവന്ന് എന്നെ ചുംബിക്കുക.       
27 : അവന്‍ ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പു മണത്തുനോക്കി, അവനെയനുഗ്രഹിച്ചു. കര്‍ത്താവു കനിഞ്ഞനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകന്റേതെന്ന് അവന്‍ പറഞ്ഞു.       
28 : ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്കട്ടെ!       
29: ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെമുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!
      
ഏസാവ് അനുഗ്രഹം യാചിക്കുന്നു
30 : ഇസഹാക്ക്, യാക്കോബിനെയനുഗ്രഹിക്കുകയും യാക്കോബ് അവന്റെ മുമ്പില്‍നിന്നു പുറത്തുകടക്കുകയുംചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ്, ഏസാവു തിരിച്ചെത്തി.        
31 : അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണംതയ്യാറാക്കി, പിതാവിന്റെയടുക്കല്‍ കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ്, അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെയനുഗ്രഹിച്ചാലും.       
32 : നീയാരാണ്? ഇസഹാക്കു ചോദിച്ചു. അവന്‍ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍.       
33 : ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാന്‍തുടങ്ങി. അവന്‍ ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുമ്പ് എന്റെമുമ്പില്‍ വന്നതാരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയുംചെയ്തല്ലോ. അവന്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കും.       
34 : പിതാവിന്റെ വാക്കുകേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയുമനുഗ്രഹിക്കുക, അവനപേക്ഷിച്ചു.       
35 : ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ച്, നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു.      
36 : ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബെന്നു വിളിക്കുന്നത്? രണ്ടുതവണ അവനെന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന്‍ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരംപോലും അങ്ങു നീക്കിവച്ചിട്ടില്ലേ?      
37 : ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരന്മാരെ അവന്റെ ദാസന്മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാനവനെ ധന്യനാക്കി. മകനേ, നിനക്കുവേണ്ടി എന്താണെനിക്കിനി ചെയ്യാന്‍കഴിയുക?      
38 : എന്റെ പിതാവേ, ഒറ്റവരമേ അങ്ങയുടെ പക്കലുള്ളോ? എന്നെയുമനുഗ്രഹിക്കുക എന്നുപറഞ്ഞ്, അവന്‍ പൊട്ടിക്കരഞ്ഞു.       
39 : അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീയകന്നിരിക്കും.      
40 : വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍, ആ നുകം, നീ തകര്‍ത്തുകളയും.    
   
യാക്കോബ് ലാബാന്റെടുക്കലേക്ക്
41: പിതാവു യാക്കോബിനുനല്കിയ അനുഗ്രഹംമൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ ആത്മഗതംചെയ്തു: പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുണ്ട്. അപ്പോള്‍ ഞാനവനെ കൊല്ലും.       
42: മൂത്തമകനായ ഏസാവിന്റെ വാക്കുകള്‍ റബേക്കായുടെ ചെവിയിലെത്തി. അവള്‍ ഇളയവനായ യാക്കോബിനെ വിളിച്ചുപറഞ്ഞു: നിന്നെ കൊല്ലാമെന്നോര്‍ത്ത് നിന്റെ ജ്യേഷ്ഠന്‍ ആശ്വസിച്ചിരിക്കുകയാണ്.       
43: മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാന്റെയടുത്തേക്ക് ഓടി രക്ഷപെടുക.       
44: നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക.       
45: ജ്യേഷ്ഠനു നിന്നോടുള്ള കോപമടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയുംചെയ്യട്ടെ. അപ്പോള്‍ ഞാനാളയച്ചു നിന്നെയിങ്ങോട്ടു വരുത്താം.       
46: ഒരു ദിവസംതന്നെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ്, റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതംമടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളില്‍നിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍ പിന്നെ ഞാനെന്തിനു ജീവിക്കണം?


 അദ്ധ്യായം 28

1: ഇസഹാക്ക്, യാക്കോബിനെവിളിച്ച്, അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹംകഴിക്കരുത്.       
2: പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.       
3: സര്‍വ്വശക്തനായ ദൈവം നിന്നെയനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ദ്ധിപ്പിച്ച്, നിന്നില്‍നിന്നു പല ജനതകളെയുളവാക്കട്ടെ!      
4: അബ്രാഹത്തിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്കട്ടെ! നീയിപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്കിയതുമായ ഈ നാട്, നീ അവകാശപ്പെടുത്തുകയുംചെയ്യട്ടെ!      
5: അങ്ങനെ ഇസഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവന്‍ പാദാന്‍ആരാമിലുള്ള, ലാബാന്റെയടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്റെ മകനും, യാക്കോബിന്റെയും ഏസാവിന്റെയും അമ്മ റബേക്കായുടെ സഹോദരനുമാണു  ലാബാന്‍.       
6: ഇസഹാക്ക്, യാക്കോബിനെ അനുഗ്രഹിച്ചതും പാദാന്‍ആരാമില്‍നിന്നു ഭാര്യയെ കണ്ടുപിടിക്കുന്നതിന് അങ്ങോട്ടവനെ പറഞ്ഞയച്ചതും ഏസാവറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ സ്വീകരിക്കരുതെന്ന് അവന്‍ യാക്കോബിനോടു കല്പിച്ചെന്നും       
7: തന്റെ മാതാപിതാക്കളെയനുസരിച്ച്, യാക്കോബ് പാദാന്‍ആരാമിലേക്കു പോയെന്നും ഏസാവ് മനസ്സിലാക്കി.      
8: കാനാന്യസ്ത്രീകളെ തന്റെ പിതാവായ ഇസഹാക്കിനിഷ്ടമല്ലെന്നു മനസ്സിലായപ്പോള്‍       
9: ഏസാവ് അബ്രാഹത്തിന്റെ മകനായ ഇസ്മായേലിന്റെയടുത്തുചെന്ന് അവന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ ഭാര്യയായി സ്വീകരിച്ചു. അവനുണ്ടായിരുന്ന മറ്റു ഭാര്യമാര്‍ക്കു പുറമേയായിരുന്നു ഇവള്‍.  
   
യാക്കോബിന്റെ സ്വപ്നം
10: യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു.       
11: സൂര്യനസ്തമിച്ചപ്പോള്‍ അവന്‍ വഴിയിലൊരിടത്തു തങ്ങുകയും, രാത്രി, അവിടെ ചെലവഴിക്കുകയുംചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവനുറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനമുണ്ടായി:       
12: ഭൂമിയിലുറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെയറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാര്‍ അതിലൂടെ കയറുകയുമിറങ്ങുകയുംചെയ്തുകൊണ്ടിരുന്നു.       
13 : ഗോവണിയുടെ മുകളില്‍നിന്നുകൊണ്ടു കര്‍ത്താവരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്കും.      
14: നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.       
15: ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേക്കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.       
16: അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്.      
17: എന്നാല്‍, ഞാനതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗ്ഗത്തിന്റെ കവാടമാണിവിടം.       
18: യാക്കോബ്, അതിരാവിലെയെഴുന്നേറ്റു തലയ്ക്കുകീഴേ വച്ചിരുന്ന കല്ലെടുത്ത്, ഒരു തൂണായി കുത്തിനിറുത്തി, അതിന്മേല്‍ എണ്ണയൊഴിച്ചു.       
19: അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നുപേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്.       
20: അതുകഴിഞ്ഞ്, യാക്കോബ് ഒരു പ്രതിജ്ഞചെയ്തു: ദൈവമായ കര്‍ത്താവ് എന്റെകൂടെയുണ്ടായിരിക്കുകയും ഈ യാത്രയില്‍ എന്നെ സംരക്ഷിക്കയും,       
21: എനിക്ക്, ഉണ്ണാനുമുടുക്കാനുംതരുകയും എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയുംചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം.       
22 : തൂണായി കുത്തിനിറുത്തിയിരിക്കുന്ന ഈ കല്ല്, ദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്നെനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാനവിടുത്തേക്കു സമര്‍പ്പിക്കുകയുംചെയ്യും.

 അദ്ധ്യായം 29

ലാബാന്റെ വീട്ടില്‍
1: യാക്കോബ്‌ യാത്രതുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത്, അവനെത്തിച്ചേര്‍ന്നു.       
2: അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനുചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളംകൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.       
3: ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ലുരുട്ടിവച്ചു കിണറടയ്ക്കുകയുംചെയ്യും.       
4: യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍നിന്ന് എന്നവര്‍ മറുപടി പറഞ്ഞു.       
5: അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെയറിയുമോ? അറിയുമെന്ന് അവര്‍ പറഞ്ഞു.      
6: അവനു സുഖമാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ, അവന്റെ മകള്‍ റാഹേല്‍, ആടുകളുമായി വരുന്നു.        
7: അവന്‍ പറഞ്ഞു: പകല്‍ ഇനിയുമേറെയുണ്ടല്ലോ. ആടുകളെ ആലയിലാക്കാന്‍ നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളംകൊടുത്ത് അവയെ കൊണ്ടുപോയി തീറ്റുക.       
8: അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കാറുള്ളു.       
9: അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ, റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.       
10: തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ്ചെന്നു കിണര്‍മൂടിയിരുന്ന കല്ലുരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളംകൊടുക്കുകയുംചെയ്തു.       
11: പിന്നീടവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെക്കരയുകയുംചെയ്തു.       
12: താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്നു യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.       
13: തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്തകേട്ടപ്പോള്‍ ലാബാന്‍ അവനെക്കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.       
14: ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവുംതന്നെയാണു നീ. ഒരുമാസം യാക്കോബ് അവന്റെകൂടെ പാര്‍ത്തു.   
  
യാക്കോബിന്റെ വിവാഹം
15: ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നുകരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.       
16: ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവളുടെ പേര്‍ ലെയാ എന്നും ഇളയവളുടെ പേര്‍ റാഹേല്‍ എന്നും.      
17: ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളുമായിരുന്നു.       
18: യാക്കോബ്, റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെകീഴില്‍ ഞാന്‍ ജോലിചെയ്യാം.       
19: ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കു തരുന്നതാണ്. എന്റെകൂടെ പാര്‍ത്തുകൊള്ളുക.       
20: അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.       
21: യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാനവളോടു ചേരട്ടെ.       
22: ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നുനടത്തി.       
23: രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.       
24: ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അടിമയായ സില്‍ഫായെക്കൊടുത്തു.        
25: നേരംവെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങീ ചെയ്തത്? റാഹേലിനുവേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചതെന്തിന്?       
26: ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.    
27: ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടെ നീ എനിക്കുവേണ്ടി വേലചെയ്യണം. 
28: യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്കി. 
29: തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്കി.    
30: യാക്കോബ് റാഹേലിന്റെകൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷംകൂടെ അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.    

യാക്കോബിന്റെ മക്കള്‍
31: ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവു കണ്ടു. അവിടുന്ന്, അവള്‍ക്കു ഗര്‍ഭധാരണശക്തി നല്കി. റാഹേലാകട്ടെ വന്ധ്യയായിരുന്നു.    
32: ലെയാ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവളവനു റൂബന്‍ എന്നു പേരിട്ടു; കാരണം, കര്‍ത്താവെന്റെ കഷ്ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്റെ ഭര്‍ത്താവെന്നെ സ്‌നേഹിക്കുമെന്ന് അവള്‍ പറഞ്ഞു. 
33: അവള്‍ വീണ്ടും ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഞാന്‍ അവഗണിക്കപ്പെടുന്നെന്നറിഞ്ഞു കര്‍ത്താവെനിക്ക് ഇവനെക്കൂടി നല്കിയിരിക്കുന്നു. അവളവനു ശിമയോന്‍ എന്നു പേരിട്ടു.
34: അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്റെ ഭര്‍ത്താവ്, എന്നോടു കൂടുതലടുക്കും. കാരണം, ഞാനവനു മൂന്നു പുത്രന്മാരെ നല്കിയിരിക്കുന്നു. അതുകൊണ്ട് അവളവനെ ലേവി എന്നു വിളിച്ചു.
35: അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയുംചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ