ഇരുപത്തിമൂന്നാം ദിവസം: പുറപ്പാട് 25 _ 27


 അദ്ധ്യായം 25

കൂടാരനിര്‍മ്മാണത്തിനു കാണിക്ക

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: എനിക്ക്, ഒരു കാണിക്ക സമര്‍പ്പിക്കണമെന്ന്, നീ ഇസ്രായേൽക്കാരോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക, നീ സ്വീകരിക്കുക.
3: അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങളിവയാണ്: സ്വര്‍ണ്ണം, വെള്ളി, ഓട്,
4: നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍രോമം,
5: ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
6: വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേകതൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗന്ധവസ്തുക്കള്‍,
7: എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - വൈഡൂര്യരത്നങ്ങള്‍.
8: ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍, അവര്‍ എനിക്കൊരു വിശുദ്ധകൂടാരം സജ്ജമാക്കണം.
9: ഞാൻ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മ്മിക്കുന്നത്.


സാക്ഷ്യപേടകം

10: കരുവേലമരംകൊണ്ട് ഒരു പേടകം നിര്‍മ്മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരിക്കണം.
11: ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട്, അതിൻ്റെ അകവും പുറവും പൊതിയണം. അതിനുമീതേ, ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള ഒരരികുപാളിയുറപ്പിക്കണം.
12: നാലു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി, പേടകത്തിൻ്റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരുവശത്തും രണ്ടെണ്ണം മറുവശത്തുമായിരിക്കണം.
13: കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി, അവയും സ്വര്‍ണ്ണംകൊണ്ടു പൊതിയണം.
14: പേടകം വഹിച്ചുകൊണ്ടുപോകാന്‍, പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകളിടണം.
15: തണ്ടുകള്‍ എപ്പോഴും പേടകത്തിൻ്റെ വളയങ്ങളില്‍ത്തന്നെയുണ്ടായിരിക്കണം. അവയില്‍നിന്നെടുത്തു മാറ്റരുത്.
16: ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്ഷേപിക്കണം.
17: ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട്, ഒരു കൃപാസനം നിര്‍മ്മിക്കണം. അതിൻ്റെ നീളം രണ്ടരമുഴവും വീതി ഒന്നരമുഴവുമായിരിക്കണം.
18: കൃപാസനത്തിൻ്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വര്‍ണ്ണംകൊണ്ട്, രണ്ടു കെരൂബുകളെ നിര്‍മ്മിക്കണം.
19: കൃപാസനത്തിൻ്റെ രണ്ടറ്റത്തും, അതിനോടൊന്നായിച്ചേര്‍ന്നിരിക്കത്തക്കവണ്ണംവേണം കെരൂബുകളെ നിര്‍മ്മിക്കാന്‍.
20: കൃപാസനം മൂടത്തക്കവിധം, കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചുപിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്, മുഖാഭിമുഖം നിലകൊള്ളണം.
21: കൃപാസനം പേടകത്തിനുമുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക, പേടകത്തിനുള്ളില്‍ നിക്ഷേപിക്കണം.
22: അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍നിന്ന്, സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എൻ്റെ കല്പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.

തിരുസാന്നിദ്ധ്യപ്പത്തിൻ്റെ മേശ

23: കരുവേലമരംകൊണ്ട്, രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശയുണ്ടാക്കണം.
24: തനി സ്വര്‍ണ്ണംകൊണ്ട്, അതു പൊതിയുകയും സ്വര്‍ണ്ണംകൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം.
25: അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം.
26: സ്വര്‍ണ്ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.
27: വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടുപോകത്തക്ക വിധം വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരിക്കണം.
28: മേശ ചുമന്നുകൊണ്ടുപോകാനായി കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണ്ണംകൊണ്ടുപൊതിയണം.
29: താലങ്ങളും തളികകളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണ്ണംകൊണ്ടുണ്ടാക്കണം.
30: തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം എപ്പോഴും എൻ്റെമുമ്പാകെ മേശപ്പുറത്തു വച്ചിരിക്കണം.

വിളക്കുകാല്‍

31: തനി സ്വര്‍ണ്ണംകൊണ്ട് ഒരു വിളക്കുകാലുണ്ടാക്കണം. അതിൻ്റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഒരേ സ്വര്‍ണ്ണത്തകിടില്‍ത്തീര്‍ത്തതായിരിക്കണം.
32: ഒരു വശത്തുനിന്നു മൂന്ന്, മറുവശത്തുനിന്നു മൂന്ന് എന്ന കണക്കില്‍, വിളക്കുകാലിൻ്റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം.
33: ഓരോ ശാഖയിലും ബദാംപൂവിൻ്റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്പദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.
34: വിളക്കുതണ്ടിന്മേല്‍ ബദാംപൂവിൻ്റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്പദലങ്ങളുംചേര്‍ന്ന നാലു ചഷകങ്ങളുണ്ടായിരിക്കണം.
35: വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയുമടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം.
36: അടിച്ചുപരത്തിയ തനി സ്വര്‍ണ്ണത്തിൻ്റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മ്മിക്കുന്നത്.
37: വിളക്കുതണ്ടിന്മേലും അതിൻ്റെ ശാഖകളിന്മേലുംവയ്ക്കാന്‍വേണ്ടി, ഏഴു വിളക്കുകളുണ്ടാക്കണം. അവ വിളക്കുകാലിനുമുമ്പില്‍ പ്രകാശംവീശത്തക്കവിധം സ്ഥാപിക്കണം.
38: തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനിസ്വര്‍ണ്ണംകൊണ്ടുള്ളവയായിരിക്കണം.
39: വിളക്കുകാലും ഉപകരണങ്ങളുമെല്ലാംകൂടെ ഒരു താലന്തു തനിസ്വര്‍ണ്ണംകൊണ്ടുവേണം നിര്‍മ്മിക്കാന്‍.
40: മലയില്‍വച്ചു നിന്നെ ഞാന്‍കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണം.



അദ്ധ്യായം 26


സാക്ഷ്യകൂടാരം

1: പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മ്മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്‌തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ദ്ധമായി അലങ്കരിച്ചതുമായിരിക്കണം.
2: ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലുമുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.
3: അഞ്ചുവിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചുവിരികളും.
4: ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിൻ്റെവക്കില്‍ നീലനൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കിലും.
5: ആദ്യത്തെ വിരിയില്‍ അമ്പതുവളയങ്ങളുണ്ടാക്കണം. രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കിലും അമ്പതുവളയങ്ങളുണ്ടാക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നുവരത്തക്കവിധത്തിലായിരിക്കണം.
6: സ്വര്‍ണ്ണംകൊണ്ട്, അമ്പതു കൊളുത്തുകളുണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തുകൊണ്ടു യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും.
7: കൂടാരത്തിൻ്റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമംകൊണ്ടു പതിനൊന്നു വിരികളുണ്ടാക്കണം.
8: ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം.
9: അഞ്ചു വിരികള്‍ യോജിപ്പിച്ച്, ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ചു വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി, കൂടാരത്തിൻ്റെ മുന്‍ഭാഗത്തു മടക്കിയിടുക.
10: ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കില്‍ അമ്പതു വളയങ്ങളും രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കില്‍ അമ്പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക.
11: ഓടുകൊണ്ടുള്ള അമ്പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക.
12: അവശേഷിക്കുന്ന ഒരു പകുതിവിരി കൂടാരത്തിൻ്റെ പിന്നില്‍ തൂക്കിയിടണം.
13: മേല്‍വിരിയുടെ നീളത്തില്‍ ഓരോവശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം.
14: ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടു കൂടാരത്തിനു മൂടിയുണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരാവരണവുമുണ്ടാക്കണം.
15: കരുവേലമരത്തിൻ്റെ പലകകള്‍കൊണ്ടു കൂടാരത്തിനു നിവര്‍ന്നുനില്ക്കുന്ന ചട്ടങ്ങളുണ്ടാക്കണം.
16: ഓരോ പലകയുടെയും നീളം പത്തുമുഴവും വീതി ഒന്നരമുഴവുമായിരിക്കണം.
17: പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെയുണ്ടാക്കണം.
18: കൂടാരത്തിനു ചട്ടപ്പലകകളുണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകള്‍.
19: ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്പതു പാദകുടങ്ങളുണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകള്‍ക്ക്,രണ്ടു പാദകുടങ്ങള്‍വീതം.
20: കൂടാരത്തിൻ്റെ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മ്മിക്കണം.
21: ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്പതു പാദകുടങ്ങളുണ്ടായിരിക്കണം.
22: കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകള്‍ നിര്‍മ്മിക്കണം.
23: കൂടാരത്തിൻ്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളുണ്ടാക്കണം.
24: അവയുടെ ചുവടുകള്‍ അകന്നു നില്ക്കണം; മുകളില്‍ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പലകകള്‍ക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും.
25: അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയില്‍ രണ്ടുവീതം വെള്ളി കൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം.
26: കരുവേലമരംകൊണ്ട് അഴികളുണ്ടാക്കണം. കൂടാരത്തിൻ്റെ ആദ്യവശത്തെ പലകകള്‍ക്ക്, അഞ്ചഴികള്‍ വേണം.
27: കൂടാരത്തിൻ്റെ രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക്, അഞ്ചഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ചഴികളുമുണ്ടാക്കണം.
28: നടുവിലെയഴി പലകകളുടെ മദ്ധ്യത്തിലൂടെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെയെത്തണം.
29: പലകകള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന്, അവയില്‍ സ്വര്‍ണ്ണംകൊണ്ടു വളയങ്ങള്‍ നിര്‍മ്മിക്കണം. അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയണം.
30: മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണു കൂടാരം പണിയേണ്ടത്.
31: പിരിച്ചനൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട്, ഒരു തിരശ്ശീലയുണ്ടാക്കണം. അതില്‍ കെരൂബുകളെ തുന്നിച്ചേര്‍ക്കണം.
32: കരുവേലമരംകൊണ്ടു പണിതു സ്വര്‍ണ്ണംപൊതിഞ്ഞ നാലുതൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണ്ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മ്മിക്കണം.
33: തിരശ്ശീല കൊളുത്തുകളില്‍ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിരശ്ശീല വിശുദ്ധസ്ഥലത്തുനിന്നു ശ്രീകോവിലിനെ വേര്‍തിരിക്കും.
34: ശ്രീകോവിലില്‍ സാക്ഷ്യപേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം.
35: തിരശ്ശീലയ്ക്കു വെളിയില്‍ മേശയും മേശയ്‌ക്കെതിരേ കൂടാരത്തിൻ്റെ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ കൂടാരത്തിൻ്റെ വടക്കുവശത്തായിരിക്കണം.
36: നേര്‍മ്മയില്‍ നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രം കൊണ്ടു കൂടാരവാതിലിന് ഒരു യവനിക ഉണ്ടാക്കണം.
37: ഈ യവനിക തൂക്കിയിടുന്നതിനു കരുവേലമരംകൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവ സ്വര്‍ണ്ണത്തില്‍ പൊതിയണം. അവയ്ക്കു സ്വര്‍ണ്ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.

അദ്ധ്യായം 27


ബലിപീഠം

1: കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.
2: ബലിപീഠത്തിൻ്റെ നാലു മൂലകളിലും അതോട് ഒന്നായിച്ചേര്‍ന്നുനില്ക്കുന്ന നാലുകൊമ്പുകള്‍ നിര്‍മ്മിച്ച്, ഓടുകൊണ്ടു പൊതിയണം.
3: ചാരപ്പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മ്മിക്കണം.
4: ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിൻ്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം.
5: ചട്ടക്കൂടു ബലിപീഠത്തിൻ്റെ മുകളിലത്തെ അരികുപാളിക്കു കീഴിലുറപ്പിക്കണം. അതു ബലിപീഠത്തിൻ്റെ മദ്ധ്യഭാഗംവരെ ഇറങ്ങി നില്ക്കണം.
6: കരുവേലമരംകൊണ്ടു ബലിപീഠത്തിനു തണ്ടുകള്‍ നിര്‍മ്മിച്ച്, ഓടുകൊണ്ടു പൊതിയണം.
7: ബലിപീഠം വഹിച്ചുകൊണ്ടുപോകാനായി അതിൻ്റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച്, അവയിലൂടെ തണ്ടുകളിടണം.
8: പലകകള്‍കൊണ്ട്, അകം പൊള്ളയായി, ബലിപീഠം പണിയണം; മലയില്‍വച്ചു കാണിച്ചുതന്നതുപോലെയാണു പണിയേണ്ടത്.

കൂടാരാങ്കണം

9: കൂടാരത്തിന് ഒരു അങ്കണമുണ്ടാക്കണം. അങ്കണത്തിൻ്റെ തെക്കുഭാഗത്തു നേര്‍മ്മയായി നെയ്‌തെടുത്ത ചണത്തുണികൊണ്ടു നൂറുമുഴം നീളത്തില്‍ ഒരു മറയുണ്ടാക്കിയിരിക്കണം.
10: അതിന് ഇരുപതു തൂണുകള്‍വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്കു വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളുമുണ്ടായിരിക്കണം.
11: അപ്രകാരംതന്നെ, വടക്കുഭാഗത്തു നെടുകെ നൂറുമുഴം നീളമുള്ള മറയും മറ തൂക്കുന്നതിന് ഇരുപതുതൂണുകളും അവയ്ക്ക് ഇരുപത് ഓട്ടുപാദകുടങ്ങളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളുമുണ്ടായിരിക്കണം.
12: പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിൻ്റെ വീതിക്കൊത്ത്, അമ്പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളുമുണ്ടായിരിക്കണം.
13: കിഴക്കുഭാഗത്തെ മുറ്റത്തിൻ്റെ വീതി, അമ്പതു മുഴമായിരിക്കണം.
14: കവാടത്തിൻ്റെ ഒരു വശത്തു പതിനഞ്ചു മുഴം നീളമുള്ള മറയും മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരിക്കണം.
15: കവാടത്തിൻ്റെ മറുവശത്തും പതിനഞ്ചുമുഴം നീളമുള്ള മറയും, മൂന്നുതൂണുകളും അവയ്ക്കു മൂന്നു പാദകുടങ്ങളും വേണം.
16: അങ്കണകവാടത്തിന്, ഇരുപതുമുഴം നീളമുള്ള ഒരു യവനികയുണ്ടായിരിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും നേര്‍മ്മയായി നെയ്‌തെടുത്തതും ചിത്രത്തയ്യല്‍കൊണ്ടലങ്കരിച്ചതുമായ ചണവസ്ത്രംകൊണ്ടാണു‌ യവനിക നിര്‍മ്മിക്കേണ്ടത്. അതിനു നാലു തൂണുകളും അവയ്ക്കു നാലു പാദകുടങ്ങളുമുണ്ടായിരിക്കണം.
17: അങ്കണത്തിനു ചുറ്റുമുള്ള തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളും കൊളുത്തുകളും ഓട്ടുപാദകുടങ്ങളുമുണ്ടായിരിക്കണം.
18: അങ്കണത്തിൻ്റെ നീളം നൂറുമുഴവും വീതി അമ്പതു മുഴവുമായിരിക്കണം. അതിനു ചുറ്റും അഞ്ചുമുഴമുയരത്തില്‍ നേര്‍മ്മയായി നെയ്‌തെടുത്ത, ചണത്തുണികൊണ്ടുള്ള മറയും തൂണുകള്‍ക്ക് ഓടുകൊണ്ടുള്ള പാദകുടങ്ങളുമുണ്ടായിരിക്കണം.
19: കൂടാരത്തിലെ ഉപയോഗത്തിനുള്ള എല്ലാ ഉപകരണങ്ങളും കൂടാരത്തിൻ്റെയും അങ്കണത്തിൻ്റെയും മറകള്‍ക്കുവേണ്ട കുറ്റികളും ഓടുകൊണ്ടു നിര്‍മ്മിച്ചവയായിരിക്കണം.
20: വിളക്ക്, എപ്പോഴും കത്തിനില്ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണകൊണ്ടുവരാന്‍ ഇസ്രായേൽക്കാരോടു പറയണം.
21: സമാഗമകൂടാരത്തിനുള്ളില്‍ സാക്ഷ്യപേടകത്തിനു മുമ്പിലുള്ള തിരശ്ശീലയ്ക്കു വെളിയില്‍ വിളക്കു സന്ധ്യമുതല്‍ പ്രഭാതംവരെ കര്‍ത്താവിൻ്റെമുമ്പില്‍ കത്തിനിൽക്കാന്‍ അഹറോനും അവൻ്റെ പുത്രന്മാരും ശ്രദ്ധിക്കട്ടെ. ഇസ്രായേൽക്കാര്‍ തലമുറതോറുമനുഷ്ഠിക്കേണ്ട ശാശ്വതനിയമമാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ