നാലാം ദിവസം: ഉല്പത്തി: 12 - 15

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




അദ്ധ്യായം 12

അബ്രാമിനെ വിളിക്കുന്നു
1: കര്‍ത്താവ് അബ്രാമിനോടരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയുംവിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. 
2: ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാനനുഗ്രഹിക്കും. നിന്റെ പേരു ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീയൊരനുഗ്രഹമായിരിക്കും. 
3: നിന്നെയനുഗ്രഹിക്കുന്നവരെ ഞാനനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. 
4: കര്‍ത്താവു കല്പിച്ചതനുസരിച്ച്, അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെകൂടെത്തിരിച്ചു. ഹാരാന്‍ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 
5: അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ദേശത്തേക്കു പുറപ്പെട്ട്, അവിടെയെത്തിച്ചേര്‍ന്നു. 
6: അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച്, ഷെക്കെമില്‍, മോറെയുടെ ഓക്കുമരംവരെയെത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 
7: കര്‍ത്താവ്, അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്, അബ്രാം അവിടെയൊരു ബലിപീഠം പണിതു. 
8: അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കുകടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെയൊരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമംവിളിച്ചു. 
9: അവിടെനിന്ന് അബ്രാം നെഗെബിനുനേരേ യാത്രതുടര്‍ന്നു.   
    
അബ്രാം ഈജിപ്തില്‍
10: അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍പ്പോയി പാര്‍ക്കാമെന്നുകരുതി അബ്രാം അങ്ങോട്ടു തിരിച്ചു. 
11: ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാനഴകുള്ളവളാണെന്ന് എനിക്കറിയാം. 
12: നിന്നെക്കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെയവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാനനുവദിക്കുകയും ചെയ്യും. 
13: നീമൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍, എന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം. 
14: അവര്‍ ഈജിപ്തിലെത്തി. അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി. 
15: അവളെക്കണ്ടപ്പോള്‍ ഫറവോയുടെ സേവകന്മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. 
16: ഫറവോ അവളെപ്രതി അബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.       
17: പക്ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെപ്രതി കര്‍ത്താവു ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു. 
18: തന്മൂലം ഫറവോ അബ്രാമിനെ വിളിച്ചുപറഞ്ഞു: നീ ഈ ചെയ്തതെന്താണ്
19: അവള്‍ നിന്റെ ഭാര്യയാണെന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്? അവള്‍ സഹോദരിയാണെന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ഭാര്യയായി സ്വീകരിച്ചത്? ഇതാ നിന്റെ ഭാര്യ. അവളെയുംകൊണ്ടു സ്ഥലംവിടുക. 
20: ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് അബ്രാമിനെക്കുറിച്ചു കല്പനകൊടുത്തു. അവര്‍ അവനെയും ഭാര്യയെയും അവന്റെ വസ്തുവകകളോടുകൂടെ യാത്രയാക്കി.

 അദ്ധ്യായം 13

അബ്രാമും ലോത്തും
1: അബ്രാം ഭാര്യയോടും സ്വന്തമായ സകലത്തോടുംകൂടെ ഈജിപ്തില്‍നിന്നു നെഗെബിലേക്കു പോയി. ലോത്തും കൂടെയുണ്ടായിരുന്നു. 
2: അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. 
3: അവന്‍ നെഗെബില്‍നിന്നു ബഥേല്‍വരെയും ബഥേലിനും ആയിയ്ക്കുമിടയ്ക്ക്, താന്‍ മുമ്പു കൂടാരമടിച്ചതും ആദ്യമായി ബലിപീഠംപണിതതുമായ സ്ഥലംവരെയും യാത്രചെയ്തു. 
4: അവിടെ അബ്രാം കര്‍ത്താവിന്റെ നാമംവിളിച്ചപേക്ഷിച്ചു. 
5: അവന്റെകൂടെപ്പുറപ്പെട്ട ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു. 
6: അവര്‍ക്ക് ഒന്നിച്ചുതാമസിക്കാന്‍ ആ ദേശം മതിയായില്ല. കാരണം, അവര്‍ക്കു വളരെയേറെ സമ്പത്തുണ്ടായിരുന്നു. ഒന്നിച്ചുപാര്‍ക്കുക വയ്യാതായി. 
7: അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു.
8: അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്.
9: ഇതാ! ദേശമെല്ലാം നിന്റെ കണ്മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം. 
10: ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്തു കണ്ടു. അതു കര്‍ത്താവിന്റെ തോട്ടംപോലെയും സോവാറിനുനേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. കര്‍ത്താവു സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. 
11: ലോത്തു ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു. അവന്‍ കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ, അവര്‍തമ്മില്‍പ്പിരിഞ്ഞു. 
12: അബ്രാം കാനാന്‍ദേശത്തു താമസമാക്കി. ലോത്ത്, സമതലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. 
13: സോദോമിലെ ആളുകള്‍ ദുഷ്ടന്മാരും കര്‍ത്താവിന്റെമുമ്പില്‍ മഹാപാപികളുമായിരുന്നു.
14: അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. 
15: നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേയ്ക്കുമായി ഞാന്‍ തരും. 
16: ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും. 
17: എഴുന്നേറ്റ്, ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അതു നിനക്കു ഞാന്‍ തരും. 
18: അബ്രാം തന്റെ കൂടാരംമാറ്റി, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെയവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു.

അദ്ധ്യായം 14

ലോത്തിനെ രക്ഷിക്കുന്നു
1: ഷീനാര്‍രാജാവായ അംറാഫേല്‍, എല്ലാസര്‍രാജാവായ അരിയോക്ക്, ഏലാംരാജാവായ കെദോര്‍ലാവോമര്‍, ഗോയീംരാജാവായ തിദാല്‍ എന്നിവര്‍
2: തങ്ങളുടെ ഭരണകാലത്തു സോദോംരാജാവായ ബേറാ, ഗൊമോറാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീംരാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടു യുദ്ധംചെയ്തു. 
3: ഇവര്‍ സിദ്ദിം താഴ്‌വരയില്‍ അണിനിരന്നു. അതിപ്പോള്‍ ഉപ്പുകടലാണ്.       
4: ഇവര്‍ പന്ത്രണ്ടുവര്‍ഷം കെദോര്‍ലാവോമറിനു കീഴടങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, പതിമ്മൂന്നാംവര്‍ഷം അവര്‍ അവനെതിരേ പ്രക്ഷോഭംകൂട്ടി. 
5: പതിന്നാലാംവര്‍ഷം കെദോര്‍ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്മാരുംചെന്ന്, അഷ്തെരോത്ത് കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും സെയിര്‍മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി.   
6: അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍വരെയെത്തി. 
7: അവര്‍ പിന്തിരിഞ്ഞ് എന്മിഷ്പാത്തില്‍, അതായത്, കാദെഷില്‍, ചെന്ന് അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്പിച്ചു. 
8: അപ്പോള്‍ സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ സിദ്ദിംതാഴ്‌വരയില്‍
9: ഏലാംരാജാവായ കെദോര്‍ലാവോമര്‍, ഗോയീംരാജാവായ തിദാല്‍, ഷീനാര്‍രാജാവായ അംറാഫേല്‍, എല്ലാസര്‍രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്മാര്‍ അഞ്ചുപേര്‍ക്കെതിരേ. 
10: സിദ്ദിംതാഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍വീണു. 
11: ശേഷിച്ചവര്‍ മലയിലേക്കോടിപ്പോയി. സോദോമിലെയും ഗൊമോറായിലെയും സര്‍വ്വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. 
12: സോദോമില്‍പ്പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. 
13: രക്ഷപെട്ട ഒരുവന്‍വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്. 
14: സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടുപേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു. 
15: രാത്രി, അവന്‍ തന്റെയാളുകളെ പല ഗണങ്ങളായിത്തിരിച്ച്, ശത്രുക്കളെ ആക്രമിച്ചുതോല്പിച്ച്, ദമാസ്ക്കസിനു വടക്കുള്ള ഹോബാവരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. 
16: ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെക്കൊണ്ടുവന്നു. 
    
മെല്‍ക്കിസെദെക്ക്
17: കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചുമടങ്ങിവന്ന അബ്രാമിനെയെതിരേല്ക്കാന്‍ സോദോംരാജാവ്, രാജാവിന്റെ താഴ്‌വരയെന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു. 
18: സാലെംരാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍.    
19: അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെമേലുണ്ടാകട്ടെ! 
20: ശത്രുക്കളെ നിന്റെ കൈയിലേല്പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു. 
21: സോദോംരാജാവ്, അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക. 
22: അബ്രാം സോദോംരാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥംചെയ്യുന്നു: 
23: നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നുംതന്നെ ഞാനെടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. 
24: യുവാക്കള്‍ ഭക്ഷിച്ചതും എന്റെകൂടെ വന്നവരുടെ പങ്കുംമാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ.

അദ്ധ്യായം 15

അബ്രാമുമായി ഉടമ്പടി
1: അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. 
2: അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെയവകാശി. 
3: അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരിലൊരുവനായിരിക്കും എന്റെയവകാശി. 
4: വീണ്ടുമവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെയവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍തന്നെയായിരിക്കും. 
5: അവിടുന്നവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. 
6: അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന്, അതവനു നീതീകരണമായി കണക്കാക്കി.
7: അവിടുന്നു തുടര്‍ന്നരുളിച്ചെയ്തു: ഈ നാട്, നിനക്കവകാശമായിത്തരാന്‍വേണ്ടി, നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍.  
8: അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെയറിയും
9: അവിടുന്നു കല്പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ്, ഒരു പെണ്ണാട്, ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക. 
10: അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെ രണ്ടായിപ്പിളര്‍ന്നു ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല. 
11: പിണത്തിന്മേല്‍ കഴുകന്മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. 
12: സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണംചെയ്തു. 
13: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: നീയിതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍, സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങളനുഭവിക്കും.    
14: എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. 
15: നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ദ്ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്കരിക്കപ്പെടും.   
16: നാലാംതലമുറയിൽ അവർ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാൽ അമോര്യരുടെ ദുഷ്ടത ഇനിയും പൂർത്തിയായിട്ടില്ല.
17: സൂര്യനസ്തമിച്ച്‌ അന്ധകാരംവ്യാപിച്ചപ്പോൾ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളർന്നിട്ടിരിക്കുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി.
18: അന്നു കർത്താവ്, അബ്രാമിനോട് ഒരുടമ്പടിചെയ്തു. നിന്റെ സന്താനപരമ്പരയ്ക്ക്, ഈ നാട്, ഞാൻ തന്നിരിക്കുന്നു. ഈജിപ്തുനദിമുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങൾ.
19: കേന്യർ, കെനീസ്യർ, കദ്മോന്യർ, 
20 : ഹിത്യർ, ഫെരീസ്യർ, റഫായീം,
21: അമോര്യർ, കാനാന്യർ, ഗിർഗാഷ്യർ, ജബൂസ്യർ എന്നിവരുടെ പ്രദേശമൊക്കെയും ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ