പതിമൂന്നാം ദിവസം: ഉല്പത്തി 42 - 44


 അദ്ധ്യായം 42


ജോസഫിന്റെ സഹോദരന്മാര്‍ ഈജിപ്തിലേക്ക്


1: ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?
2: അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നിലനിറുത്താന്‍വേണ്ടി അവിടെപ്പോയി നമുക്കുവേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.
3: ജോസഫിന്റെ പത്തു സഹോദരന്മാര്‍ ധാന്യംവാങ്ങാന്‍ ഈജിപ്തിലേക്കു പോയി.
4: എന്നാല്‍, യാക്കോബ്, ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടംപിണയുമെന്ന് അവന്‍ ഭയപ്പെട്ടു.
5: അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.
6: ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്മാര്‍ വന്ന്, അവനെ നിലംപറ്റെ താണുവണങ്ങി.
7: ജോസഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ, അവന്‍ അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.
8: ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവരവനെയറിഞ്ഞില്ല.
9: അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവനവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.
10: അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യംവാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.
11: അങ്ങയുടെ ദാസന്മാര്‍ ചാരന്മാരല്ല.
12: അവന്‍ പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.
13: അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്മാര്‍. ഏറ്റവുമിളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെകൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
14: ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്‍തന്നെ.
15: ഫറവോയുടെ ജീവനെപ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മനസ്സിലാക്കും. നിങ്ങളിലൊരാളെ പറഞ്ഞയയ്ക്കുക.
16: അവന്‍ ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്മാരാണ്.
17: അവന്‍ അവരെയെല്ലാം മൂന്നുദിവസം തടവില്‍ പാര്‍പ്പിച്ചു.
18: മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
19: സത്യസന്ധരെങ്കില്‍ സഹോദരന്മാരായ നിങ്ങളിലൊരുവന്‍ ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.
20: നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.
21: അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്നു കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.
22: അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേ തെറ്റു ചെയ്യരുതെന്ന് ഞാനന്നു പറഞ്ഞില്ലേ? നിങ്ങളതു കേട്ടില്ല. അവന്റെ രക്തം, ഇപ്പോള്‍ പകരംചോദിക്കുകയാണ്.
23: തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്സിലായെന്ന് അവരറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.
24: ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയികരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍നിന്ന്, അവര്‍ കാണ്‍കേ, ശിമയോനെ പിടിച്ചു ബന്ധിച്ചു.
25: അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ പണം തിരിയേവയ്ക്കാനും യാത്രയ്ക്കു വേണ്ടതുകൊടുക്കാനും അവന്‍ കല്പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്തു.
26: ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍ യാത്രതിരിച്ചു.
27: വഴിയമ്പലത്തില്‍വച്ചു കഴുതയ്ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍കൊടുത്ത പണം, ചാക്കിന്റെ മുകള്‍ഭാഗത്തിരിക്കുന്നതു കണ്ടു.
28: അവന്‍ സഹോദരന്മാരോടു പറഞ്ഞു: എന്റെ പണം ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഹൃദയം സ്തംഭിച്ചുപോയി. പേടിച്ചുവിറച്ചു മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണു ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നത്?
29: കാനാന്‍ദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്തു തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു.
30: നാടിന്റെ അധിപന്‍ ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. നാട്ടില്‍ ചാരവൃത്തിക്കെത്തിയവരായി അവന്‍ ഞങ്ങളെ കണക്കാക്കി.
31: ഞങ്ങളവനോടു പറഞ്ഞു; ഞങ്ങള്‍ സത്യസന്ധരാണ്. ചാരന്മാരല്ല.
32: ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങള്‍. ഒരുവന്‍ ജീവിച്ചിരിപ്പില്ല. ഇളയവന്‍ കാനാന്‍ദേശത്തു പിതാവിന്റെകൂടെയുണ്ട്.
33: അപ്പോള്‍, നാടിന്റെ അധിപനായ ആ മനുഷ്യന്‍ പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോയെന്ന് എനിക്കറിയാന്‍വേണ്ടി നിങ്ങളിലൊരാളെ എന്റെയടുത്തു നിറുത്തുവിന്‍. മറ്റുള്ളവര്‍ വീട്ടിലെ ക്ഷാമമകറ്റാന്‍ ധാന്യവും വാങ്ങിക്കൊണ്ടു പോകുവിന്‍.
34: നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്മാരല്ല, സത്യസന്ധരാണെന്ന് എനിക്കു ബോദ്ധ്യമാകും. അപ്പോള്‍ നിങ്ങളുടെ സഹോദരനെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ നാട്ടില്‍ കച്ചവടംനടത്തുകയുമാകാം.
35: അവര്‍ ചാക്കഴിച്ച്, ധാന്യംകുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ പിതാവും ഇതുകണ്ടു ഭയപ്പെട്ടു.
36: യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങളെനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്കു പ്രതികൂലമായിരിക്കുന്നു.
37: റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാനവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്പിക്കുക, ഞാനവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.
38: യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകന്‍ നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരന്‍ മരിച്ചുപോയി. ഇനി അവന്‍ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.


 അദ്ധ്യായം 43


ബഞ്ചമിനും ഈജിപ്തിലേക്ക്
1: നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.
2: ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടുംപോയി കുറച്ചു ധാന്യംകൂടെ വാങ്ങിക്കൊണ്ടുവരുവിന്‍.
3: അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ലെന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തുപറഞ്ഞിട്ടുണ്ട്.
4: ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
5: അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക്, എന്നെക്കാണാന്‍ സാധിക്കയില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.
6: ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടെയുണ്ടെന്ന് അവനോടു പറഞ്ഞ്, എന്നെ ദ്രോഹിച്ചതെന്തിന്?
7: അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെ സഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടുവരുവിനെന്ന് അവൻ പറയുമെന്നു ഞങ്ങള്‍ക്കൂഹിക്കുവാന്‍ കഴിയുമായിരുന്നോ?
8: അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെകൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
9: അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍നിന്ന് അങ്ങേയ്ക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുമ്പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം, എന്നുമെന്റെമേലായിരിക്കട്ടെ.
10: നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാംപ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
11: അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്ടോത്പന്നങ്ങള്‍ കുറേശ്ശെയെടുത്ത്, അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോടനണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം.
12: പണം ഇരട്ടിയെടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍വച്ചു തിരിച്ചയച്ച പണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
13: നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെയടുത്തേക്കു പൊയ്‌ക്കൊള്ളുക.
14: സര്‍വ്വശക്തനായ ദൈവം അവന്റെമുമ്പില്‍ നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
15: സമ്മാനവും ഇരട്ടിത്തുകയുമെടുത്ത്, ബഞ്ചമിനോടുകൂടെ അവര്‍ ഈജിപ്തിലെത്തി ജോസഫിന്റെമുമ്പില്‍ ഹാജരായി.
16: അവരുടെകൂടെ ബഞ്ചമിനെക്കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെകൂടെയായിരിക്കും ഭക്ഷണം കഴിക്കുക.
17: ജോസഫ് പറഞ്ഞതുപോലെ അവനവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18: വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേവച്ചിരുന്ന പണം കാരണമാണ് അവന്‍ നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
19: അവസരമുണ്ടാക്കി നമ്മെ കീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം.
20: അതുകൊണ്ട്, അവര്‍ വീട്ടുവാതില്ക്കല്‍വച്ച് ജോസഫിന്റെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുമ്പൊരിക്കല്‍ ധാന്യംവാങ്ങുന്നതിനു ഞങ്ങളിവിടെ വന്നിരുന്നു.
21: മടക്കയാത്രയില്‍ വഴിയമ്പലത്തില്‍വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെയിരിക്കുന്നു. ഞങ്ങളതു തിരിയേക്കൊണ്ടുവന്നിട്ടുണ്ട്.
22: ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചതാരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
23: അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന്‍ ശിമയോനെ അവരുടെയടുത്തേക്കു കൊണ്ടുവന്നു.
24: അനന്തരം അവരെ ജോസഫിന്റെ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളംകൊടുത്തു. അവര്‍ കാല്‍കഴുകി.
25: കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്കു ജോസഫ് വരുന്നതിനുമുമ്പ് അവര്‍ സമ്മാനമൊരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവരറിഞ്ഞിരുന്നു.
26: ജോസഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവരവനെ താണുവീണു വണങ്ങി. അവന്‍ അവരോടു കുശലം ചോദിച്ചു:
27: നിങ്ങളുടെ പിതാവിനു സുഖംതന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
28: അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖംതന്നെ. അദ്ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി.
29: അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന്‍ ബഞ്ചമിനെകണ്ടു - തന്റെ അമ്മയുടെ മകന്‍. അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്‍? മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.
30: തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു.
31: അവന്‍ മുഖംകഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ടു പറഞ്ഞു: ഭക്ഷണം വിളമ്പുക.
32: അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെകൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു.
33: മൂത്തവന്‍മുതല്‍ ഇളയവൻവരെ മൂപ്പനുസരിച്ച്, അവര്‍ അവന്റെ മുമ്പിലിരുന്നു. അവരമ്പരന്ന്, അന്യോന്യംനോക്കി.
34: ജോസഫ് തന്റെ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേതിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച്, അവനോടൊപ്പമുല്ലസിച്ചു.

 അദ്ധ്യായം 44

ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു
1: ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ മുകള്‍ഭാഗത്തു വയ്ക്കണം.
2: ഇളയവന്റെ ചാക്കിന്റെ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്റെകൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന്‍ ജോസഫ് പറഞ്ഞതുപോലെ ചെയ്തു.
3: നേരംപുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടെ യാത്രയാക്കി.
4: അവര്‍ നഗരംവിട്ട് അധികം കഴിയുംമുമ്പ്, ജോസഫ് കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്? നിങ്ങള്‍ എന്റെ വെള്ളിക്കപ്പു കട്ടെടുത്തതെന്തിന്?
5: ഇതില്‍നിന്നല്ലേ, എന്റെ യജമാനന്‍ പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനംനടത്തുന്നത്? നിങ്ങള്‍ചെയ്തതു തെറ്റായിപ്പോയി.
6: അവരുടെ ഒപ്പമെത്തിയപ്പോള്‍ അവനവരോട് അപ്രകാരംതന്നെ പറഞ്ഞു.
7: അവരവനോടു പറഞ്ഞു: യജമാനൻ എന്താണിങ്ങനെ സംസാരിക്കുന്നത്? അങ്ങയുടെ ദാസന്മാര്‍ ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാനിടയാകാതിരിക്കട്ടെ!
8: ഞങ്ങളുടെ ചാക്കില്‍ക്കണ്ട പണം കാനാന്‍ദേശത്തുനിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍പ്പിന്നെ ഞങ്ങള്‍ അങ്ങയുടെ യജമാനന്റെ വീട്ടില്‍നിന്നു പൊന്നും വെള്ളിയും മോഷ്ടിക്കുമോ?
9: അത് അങ്ങയുടെ ദാസരില്‍ ആരുടെ പക്കൽക്കാണുന്നുവോ അവന്‍ മരിക്കണം. ഞങ്ങളെല്ലാവരും യജമാനന് അടിമകളുമായിക്കൊള്ളാം.
10: അവന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അതാരുടെ കൈയില്‍ക്കാണുന്നുവോ, അവനെന്റെ അടിമയാകും. മറ്റുള്ളവര്‍ നിരപരാധരായിരിക്കും.
11: ഉടന്‍തന്നെ ഓരോരുത്തരും താന്താങ്ങളുടെ ചാക്കു താഴെയിറക്കി കെട്ടഴിച്ചു.
12: മൂത്തവന്‍മുതല്‍ ഇളയവന്‍വരെ എല്ലാവരെയും അവന്‍ പരിശോധിച്ചു.
13: ബഞ്ചമിന്റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.
14: യൂദായും സഹോദരന്മാരും ജോസഫിന്റെ വീട്ടിലെത്തി. അവന്‍ അപ്പോഴും അവിടെയുണ്ടായിരുന്നു. അവര്‍ അവന്റെ മുമ്പില്‍ കമിഴ്ന്നുവീണു.
15: ജോസഫ് അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്? എന്നെപ്പോലൊരുവന് ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?
16: യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണു യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന് എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ് - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.
17: എന്നാല്‍, അവന്‍ പറഞ്ഞു: ഞാനൊരിക്കലും അങ്ങനെ ചെയ്യുകയില്ല. കപ്പു കൈവശമിരുന്നവന്‍മാത്രം എനിക്ക് അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്റെയടുത്തേക്കു പോകാം.
18: അപ്പോള്‍ യൂദാ അവന്റെ അടുത്തുചെന്നു പറഞ്ഞു: എന്റെ യജമാനനേ, ഒരു വാക്കുകൂടെ പറഞ്ഞുകൊള്ളട്ടെ! എന്റെനേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്ക്കു സമനാണല്ലോ.
19: യജമാനനായ അങ്ങു ദാസന്മാരോട്, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു.
20: അപ്പോള്‍, ഞങ്ങള്‍ യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്ധനായ പിതാവും പിതാവിന്റെ വാര്‍ദ്ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്റെ സഹോദരന്‍ മരിച്ചുപോയി. അവന്റെ അമ്മയുടെ മക്കളില്‍ അവന്‍മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്.
21: അപ്പോള്‍ അങ്ങ്, അങ്ങയുടെ ദാസരോട്, അവനെ എന്റെയടുത്തുകൂട്ടിക്കൊണ്ടു വരുക. എനിക്കവനെക്കാണണമെന്നു പറഞ്ഞു.
22: ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു പിതാവിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന്‍ പോന്നാല്‍ പിതാവു മരിച്ചുപോകും.
23: നിങ്ങളുടെ സഹോദരന്‍കൂടെ വരുന്നില്ലെങ്കില്‍ നിങ്ങളിനി എന്നെക്കാണുകയില്ലെന്ന് അങ്ങു പറഞ്ഞു.
24: അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്റെ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങളവനെ അറിയിച്ചു.
25: പിതാവു ഞങ്ങളോട്, വീണ്ടുംപോയി കുറെ ധാന്യംകൂടെ വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
26: ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടെ അയയ്ക്കുന്നപക്ഷം ഞങ്ങള്‍പോകാം. ബാലന്‍കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെക്കാണാന്‍ സാധിക്കയില്ലെന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.
27: അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: എന്റെ ഭാര്യ, രണ്ടു പുത്രന്മാരെ എനിക്കു നല്കിയെന്നു നിങ്ങള്‍ക്കറിയാമല്ലോ.
28: ഒരുവന്‍ എന്നെവിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല.
29: ഇവനെയും കൊണ്ടുപോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക.
30: അവന്റെ ജീവന്‍ ബാലന്റെ ജീവനുമായി ബന്ധിക്കപ്പെട്ടിരിക്കകൊണ്ട്
31: ഞാന്‍ അവനെക്കൂടാതെ പിതാവിന്റെ അടുത്തുചെന്നാല്‍ ബാലനില്ലെന്നുകാണുമ്പോള്‍ അവന്‍ മരിക്കും. വൃദ്ധനായ പിതാവിനെ ദുഃഖത്തോടെ ഞങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കുംചെയ്യുക.
32: കൂടാതെ, ഞാനവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍, അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ് അങ്ങയുടെ ദാസനായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്റെ മുമ്പില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്.
33: അതിനാല്‍ ബാലനുപകരം അങ്ങയുടെ അടിമയായി നില്ക്കാന്‍ എന്നെയനുവദിക്കണമെന്നു ഞാനപേക്ഷിക്കുന്നു. ബാലന്‍ സഹോദരന്മാരുടെകൂടെ തിരിച്ചു പൊയ്‌ക്കൊള്ളട്ടെ.
34: അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്റെയടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാനെങ്ങനെ സഹിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ