ഏഴാംദിവസം: ഉല്പത്തി 23 - 25

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




 അദ്ധ്യായം 23

സാറായുടെ മരണം
1: സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു.
2: കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു.
3: മരിച്ചവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു:
4: ഞാന്‍ നിങ്ങളുടെയിടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക.
5: ഹിത്യര്‍ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും.
6: അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയിലടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറ അങ്ങേയ്ക്കു നിഷേധിക്കില്ല. മരിച്ചവളെ അടക്കാന്‍ തടസ്സംനില്ക്കുകയുമില്ല.
7: അബ്രാഹം എഴുന്നേറ്റ്, നാട്ടുകാരായ ഹിത്യരെ വണങ്ങി. 
8: അവനവരോടു പറഞ്ഞു: ഞാന്‍ മരിച്ചവളെ ഇവിടെ സംസ്‌കരിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, സോഹാറിന്റെ പുത്രനായ എഫ്രോണിനോട് എനിക്കുവേണ്ടി മാദ്ധ്യസ്ഥ്യം പറയുക.   
9: അവന്‍ മക്‌പെലായില്‍ തന്റെ വയലിന്റെ അതിര്‍ത്തിയിലുള്ള ഗുഹ അതിന്റെ മുഴുവന്‍ വിലയ്ക്ക് എനിക്കുതരട്ടെ. ശ്മശാനമായുപയോഗിക്കാന്‍ അതിന്റെ കൈവശാവകാശം നിങ്ങളുടെ മുമ്പില്‍വച്ച് അവനെനിക്കു നല്കട്ടെ.   
10: എഫ്രോണ്‍ ഹിത്യരുടെയിടയിലിരിപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേള്‍ക്കേ അവനബ്രാഹത്തോടു പറഞ്ഞു:   
11: അങ്ങനെയല്ല, പ്രഭോ, ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലവും അതിലുള്ള ഗുഹയും എന്റെ ആള്‍ക്കാരുടെ മുമ്പില്‍വച്ച് അങ്ങേയ്ക്കു ഞാന്‍ തരുന്നു. അങ്ങയുടെ മരിച്ചവളെ അടക്കിക്കൊള്ളുക.   
12: അബ്രാഹം നാട്ടുകാരെ കുമ്പിട്ടു വണങ്ങി.   
13: നാട്ടുകാര്‍ കേള്‍ക്കേ അവന്‍ എഫ്രോണിനോടു പറഞ്ഞു: നിങ്ങള്‍ എനിക്കതു തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാന്‍ അതിലടക്കിക്കൊള്ളാം.   
14: എഫ്രോണ്‍ അബ്രാഹത്തോടു പറഞ്ഞു:   
15: പ്രഭോ, എന്റെ സ്ഥലത്തിനു നാനൂറു ഷെക്കല്‍ വെള്ളിയേ വിലയുള്ളൂ. നാം തമ്മിലാവുമ്പോള്‍ അതു വലിയൊരു കാര്യമാണോ? അങ്ങയുടെ മരിച്ചവളെ സംസ്‌കരിച്ചുകൊള്ളുക.   
16: എഫ്രോണിന്റെ വാക്ക് അബ്രാഹം സ്വീകരിച്ചു. ഹിത്യര്‍ കേള്‍ക്കേ എഫ്രോണ്‍ പറഞ്ഞതുപോലെ നാനൂറു ഷെക്കല്‍ വെള്ളി കച്ചവടക്കാരുടെയിടയിലെ നടപ്പനുസരിച്ച് അവന്‍ എഫ്രോണിനു തൂക്കിക്കൊടുത്തു.   
17: മാമ്രേക്കു കിഴക്കുവശത്ത്, മക്‌പെലായില്‍ എഫ്രോണിനുണ്ടായിരുന്ന നിലം അതിന്റെ നാലതിര്‍ത്തികള്‍വരെയും,   
18: അതിലെ ഗുഹയും വൃക്ഷങ്ങളുംസഹിതം ഹിത്യരുടെയും നഗരവാതില്‍ക്കല്‍ക്കൂടെ കടന്നുപോയവരുടെയുംമുമ്പാകെവച്ച് അബ്രാഹത്തിനവകാശമായിക്കിട്ടി.
19: അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോണില്‍ മക്‌പെലായിലെ വയലിലുള്ള ഗുഹയിലടക്കി.  
20: ആ നിലവും അതിലെ ഗുഹയും അബ്രാഹത്തിനു ഹിത്യരില്‍നിന്നു ശ്മശാനഭൂമിയായി കൈവശം കിട്ടി.

 അദ്ധ്യായം 24

ഇസഹാക്കും റബേക്കായും
1: അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെയനുഗ്രഹിച്ചു. 
2: അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റവും പ്രായംകൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക.
3: ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും.       
4: എന്റെ നാട്ടില്‍, എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിക്കണം.       
5: അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്ത്രീയ്ക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാനിഷ്ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ?
6: അബ്രാഹം പറഞ്ഞു: എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകരുത്. 
7: എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനംചെയ്തവനുമായ, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ്, തന്റെ ദൂതനെ നിനക്കുമുമ്പേ അയയ്ക്കും; നീ അവിടെനിന്ന് എന്റെ മകനൊരു ഭാര്യയെ കണ്ടെത്തുകയുംചെയ്യും.       
8: എന്നാല്‍, ആ സ്ത്രീക്കു നിന്നോടുകൂടെ പോരാനിഷ്ടമില്ലെങ്കില്‍, എന്റെ ഈ ശപഥത്തില്‍നിന്നു നീ വിമുക്തനാണ്; എന്റെ മകനെ അങ്ങോട്ടു തിരികേക്കൊണ്ടുപോകരുതെന്നുമാത്രം.       
9: തന്റെ യജമാനനായ അബ്രാഹത്തിന്റെ തുടയ്ക്കു കീഴെ കൈവച്ചു ഭൃത്യന്‍ സത്യംചെയ്തു.       
10: അനന്തരം, ഭൃത്യന്‍ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തെണ്ണവും വിലപിടിപ്പുള്ള ധാരാളം വസ്തുക്കളുമായി പുറപ്പെട്ടു. അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്റെ നഗരത്തിലെത്തി.       
11: വൈകുന്നേരം സ്ത്രീകള്‍ വെള്ളംകോരാന്‍വരുന്ന സമയത്ത്, അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിറുത്തി.       
12: അനന്തരം, അവന്‍ പ്രാര്‍ത്ഥിച്ചു: എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് എന്റെ ദൗത്യം അങ്ങു വിജയിപ്പിക്കണമേ!       
13: എന്റെ യജമാനന്റെമേല്‍ കനിയണമേ! ഞാനിതാ, ഈ കിണറ്റുകരയില്‍ നില്ക്കുകയാണ്. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളംകോരാന്‍ വരുന്നുണ്ട്.       
14: നിന്റെ കുടം താഴ്ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചുകൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസനായ ഇസഹാക്കിന് അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍. അങ്ങ്, എന്റെ യജമാനനോടു നിരന്തരമായ കാരുണ്യംകാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാന്‍ മനസ്സിലാക്കും.       
15: അവന്‍ ഇതു പറഞ്ഞുതീരുംമുമ്പ് തോളില്‍ കുടവുമായി റബേക്കാ വെള്ളംകോരാന്‍ വന്നു. അവള്‍ അബ്രാഹത്തിന്റെ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്റെ മകളായിരുന്നു.      
16: പെണ്‍കുട്ടി, കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ചു കയറിവന്നു.       
17: അബ്രാഹത്തിന്റെ ഭൃത്യന്‍ അപ്പോള്‍ അവളുടെയടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: ദയവായി നിന്റെ കുടത്തില്‍നിന്നു കുറച്ചുവെള്ളം കുടിക്കാന്‍ തരുക.       
18: പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്ത്തിപ്പിടിച്ച് അവളവനു കുടിക്കാന്‍ കൊടുത്തു.       
19: കുടിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെള്ളം കോരിക്കൊടുക്കാം.       
20: അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച്, വീണ്ടും വെള്ളംകോരാന്‍ കിണറ്റിങ്കലേക്കോടി. ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു.       
21: തന്റെ യാത്ര കര്‍ത്താവു ശുഭമാക്കിയോ ഇല്ലയോ എന്നറിയാന്‍ അവന്‍ നിശ്ശബ്ദനായി അവളെത്തന്നെ നോക്കിനിന്നു.       
22: ഒട്ടകങ്ങള്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണ്ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു:       
23: നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്റെ പിതാവിന്റെ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രികഴിക്കാന്‍ ഇടം കാണുമോ?       
24: അവള്‍ പറഞ്ഞു: നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്റെ മകളാണു ഞാന്‍.       
25: അവള്‍ തുടര്‍ന്നു പറഞ്ഞു: ഞങ്ങള്‍ക്കു കാലിത്തീറ്റയും കച്ചിയും വേണ്ടുവോളമുണ്ട്, താമസിക്കാന്‍ മുറിയുമുണ്ട്.       
26: അവന്‍ തലകുനിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടു പറഞ്ഞു:       
27: എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. തന്റെ കാരുണ്യവും വിശ്വസ്തതയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്നെന്നെ നയിക്കുകയുംചെയ്തിരിക്കുന്നു.       
28: പെണ്‍കുട്ടി ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ വിവരമറിയിച്ചു.       
29: റബേക്കായ്ക്കു ലാബാന്‍ എന്നുപേരുള്ള ഒരു സഹോദരനുണ്ടായിരുന്നു. അവനുടനെ കിണറ്റുകരയില്‍ ആ മനുഷ്യന്റെയടുത്തേക്ക് ഓടിച്ചെന്നു.       
30: മോതിരവും വളകളും സഹോദരിയുടെ കൈകളില്‍ കാണുകയും ആ മനുഷ്യന്‍ ഇങ്ങനെ എന്നോടു സംസാരിച്ചു എന്ന് അവള്‍ പറഞ്ഞതുകേള്‍ക്കുകയുംചെയ്തപ്പോള്‍ ലാബാന്‍ അവന്റെ അടുത്തേക്കുചെന്നു. അവന്‍ അപ്പോഴും കിണറ്റുകരയില്‍ ഒട്ടകങ്ങളുടെയടുത്തു നില്‍ക്കുകയായിരുന്നു.       
3: ലാബാന്‍ പറഞ്ഞു: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. എന്താണു പുറത്തു നില്ക്കുന്നത്? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള സ്ഥലവുമൊരുക്കിയിട്ടുണ്ട്. അവന്‍ വീട്ടിലേക്കു കയറി.       
32: ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിച്ചുമാറ്റി, തീറ്റയും കച്ചിയും കൊടുത്തു. അവനും കൂടെയുണ്ടായിരുന്നവര്‍ക്കും കാല്‍കഴുകാന്‍ വെള്ളവും കൊടുത്തു.       
33: അവര്‍, അവനു ഭക്ഷണം വിളമ്പി. എന്നാല്‍ അവന്‍ പറഞ്ഞു: വന്നകാര്യം പറയാതെ ഞാന്‍ ഭക്ഷണം കഴിക്കയില്ല. പറഞ്ഞുകൊള്ളുക, ലാബാന്‍ സമ്മതിച്ചു.       
34: അവന്‍ പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ഭൃത്യനാണ്.       
35: കര്‍ത്താവ് എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു.       
36: യജമാനന്റെ ഭാര്യ സാറാ വൃദ്ധയായപ്പോള്‍ അവന് അവളിലൊരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെ യജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്.       
37: എന്റെ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യംചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്റെ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്.       
38: മറിച്ച്, നീ എന്റെ പിതാവിന്റെ നാട്ടില്‍, എന്റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്റെ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം.       
39: ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്റെകൂടെ വന്നില്ലെങ്കിലോ?       
40: അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്റെ ദൂതനെ നിന്റെ മുമ്പേ അയച്ച് നിന്റെവഴി ശുഭമാക്കും. എന്റെ പിതാവിന്റെ വീട്ടില്‍നിന്ന്, എന്റെ ചാര്‍ച്ചക്കാരില്‍നിന്ന്, നീ എന്റെ മകന് ഒരു വധുവിനെ തിരഞ്ഞെടുക്കും.       
41: എന്റെ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്കു വിട്ടുതന്നില്ലെങ്കിലും പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും.       
42: ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങിപ്പോള്‍ ശുഭമാക്കണമേ.       
43: ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളംകോരാന്‍വരുന്ന പെണ്‍കുട്ടിയോട്, ദയവായി നിന്റെ കുടത്തില്‍നിന്ന് എനിക്കല്പം വെള്ളം കുടിക്കാന്‍തരിക എന്നു ഞാന്‍ പറയും.       
44: അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളംകോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്റെ യജമാനന്റെ മകന് അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍.       
45: എന്റെയുള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ് തോളില്‍ കുടവുമായി, വെള്ളംകോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന് വെള്ളംകോരി. ഞാന്‍ അവളോട് എനിക്കല്പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു.      
46: അവളുടനെ കുടം തോളില്‍നിന്നിറക്കി, ഇങ്ങനെ പറഞ്ഞു: കുടിച്ചാലും; അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ കുടിക്കാന്‍തരാം. ഞാന്‍ കുടിച്ചു. ഒട്ടകങ്ങള്‍ക്കും അവള്‍ വെള്ളം കൊടുത്തു.       
47: അപ്പോള്‍, ഞാനവളോട്, നീ ആരുടെ മകളാണ്? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്റെ മകളാണ് ഞാന്‍ എന്നവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു.       
48: അതിനുശേഷം എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്റെ യജമാനന്റെ മകന് അവന്റെ സഹോദരന്റെ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കുനയിച്ച അവിടുത്തെ ഞാന്‍ സ്തുതിച്ചു.       
49: അതുകൊണ്ട് എന്റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടും കൂടിപെരുമാറുമെങ്കില്‍, അതുപറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ.       
50: അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു കര്‍ത്താവിന്റെയിഷ്ടമാണ്. ഇതിനെക്കുറിച്ച്, ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല.       
51: ഇതാ, റബേക്കാ നിന്റെ മുമ്പില്‍ നില്ക്കുന്നു. അവളെക്കൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്റെ യജമാനന്റെ മകനു ഭാര്യയായിരിക്കട്ടെ.       
52: ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്രാഹത്തിന്റെ ഭൃത്യന്‍ താണുവീണു കര്‍ത്താവിനെ ആരാധിച്ചു.       
53: അനന്തരം, അവന്‍ പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു റബേക്കായ്ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളും അവന്‍ കൊടുത്തു.       
54: അവനും കൂടെയുണ്ടായിരുന്നവരും ഭക്ഷിക്കുകയും പാനംചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയുംചെയ്തു. പുലര്‍ച്ചയ്ക്കെഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെ യജമാനന്റെയടുത്തേക്കു തിരിച്ചയയ്ക്കുക.       
55: അവളുടെ അമ്മയും സഹോദരനും പറഞ്ഞു: കുറച്ചുനാള്‍കൂടി, പത്തു ദിവസമെങ്കിലും, അവളിവിടെ നില്ക്കട്ടെ.       
56: അതു കഴിഞ്ഞ് അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെ താമസിപ്പിക്കരുത്. കര്‍ത്താവ് എന്റെ വഴി ശുഭമാക്കിയിരിക്കകൊണ്ട്‌ യജമാനന്റെയടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെയനുവദിക്കുക.       
57: നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാമെന്ന് അവര്‍ പറഞ്ഞു.       
58: അവര്‍ റബേക്കായെ വിളിച്ച്, നീ ഈ മനുഷ്യനോടുകൂടെ പോകുന്നുവോ എന്നുചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് അവള്‍ മറുപടി പറഞ്ഞു.       
59: അവര്‍ അവരുടെ സഹോദരി റബേക്കായെയും അവളുടെ തോഴിയെയും അബ്രാഹത്തിന്റെ ഭൃത്യനോടും അവന്റെ ആള്‍ക്കാരോടുംകൂടെ പറഞ്ഞയച്ചു.       
60: അവരവളെ ആശീര്‍വദിച്ചു പറഞ്ഞു: നീ ഞങ്ങളുടെ സഹോദരിയാണ്. നീ ആയിരങ്ങളുടെയും, പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്റെ സന്തതികള്‍ പിടിച്ചെടുക്കട്ടെ.       
61: റബേക്കായും തോഴിമാരും ഒട്ടകപ്പുറത്തുകയറി അവനെ അനുഗമിച്ചു. അങ്ങനെ റബേക്കായുമായി ഭൃത്യന്‍ പുറപ്പെട്ടു.       
62: ആയിടയ്ക്ക് ഇസഹാക്ക് ബേര്‍ല്ഹായ്‌റോയില്‍നിന്നു പോന്നു നെഗെബില്‍ താമസിക്കുകയായിരുന്നു.      
63: ഒരുദിവസം വൈകുന്നേരം അവന്‍ ചിന്താമഗ്നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതുകണ്ടു.       
64: റബേക്കായും ശിരസ്സുയര്‍ത്തി നോക്കി. ഇസഹാക്കിനെക്കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.       
65: അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടെ നമ്മുടെനേരേ നടന്നുവരുന്ന മനുഷ്യനാരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണെന്റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രംകൊണ്ടു മുഖംമൂടി.        
66: നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു.       
67: ഇസഹാക്ക്, ആവളെ, തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനവളെ ഭാര്യയായി സ്വീകരിച്ചു. അവനവളെ സ്നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസംലഭിച്ചു.

 അദ്ധ്യായം 25

അബ്രാഹത്തിന്റെ സന്തതികള്‍
1: അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു. 
2: അവളില്‍, അവനു സിമ്രാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു.    
3: യോക്ഷാന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍.       
4: മിദിയാന്റെ മക്കള്‍ ഏഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്.    
5: ഇവര്‍ കെത്തൂറായുടെ സന്താനങ്ങളാണ്. അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം ഇസഹാക്കിനു കൊടുത്തു.   
6: തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ദേശത്തേക്കയച്ചു.       

അബ്രാഹത്തിന്റെ മരണം
7: അബ്രാഹത്തിന്റെ ആയുഷ്‌കാലം നൂറ്റെഴുപത്തഞ്ചുവര്‍ഷമായിരുന്നു.       
8: തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ വാര്‍ദ്ധക്യത്തില്‍ അബ്രാഹം അന്ത്യശ്വാസംവലിക്കുകയും തന്റെ ജനത്തോടു ചേരുകയുംചെയ്തു.       
9: മക്കളായ ഇസഹാക്കും ഇസ്മായേലും മാമ്രേയുടെ എതിര്‍വശത്തു സോഹാര്‍ എന്ന ഹിത്യന്റെ മകനായ എഫ്രോണിന്റെ വകയായിരുന്ന മക്‌പെലാ ഗുഹയില്‍ അവനെയടക്കി.    
10: ഹിത്യരില്‍നിന്ന് അബ്രാഹം വിലയ്ക്കു വാങ്ങിയതായിരുന്നു ആ വയല്‍. അവിടെ അബ്രാഹം ഭാര്യ സാറായോടൊപ്പം സംസ്കരിക്കപ്പെട്ടു.    
11: അബ്രാഹത്തിന്റെ മരണത്തിനുശേഷം ദൈവം അവന്റെ പുത്രന്‍ ഇസഹാക്കിനെയനുഗ്രഹിച്ചു. അവന്‍ ബേര്‍ല്ഹായ്‌റോയില്‍ പാര്‍ത്തു.    

ഇസ്മായേലിന്റെ സന്തതികള്‍
12: സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറില്‍ അബ്രാഹത്തിനുണ്ടായ ഇസ്മായേലിന്റെ മക്കള്‍ ഇവരാണ്.    
13: ജനനക്രമമനുസരിച്ച് ഇസ്മായേലിന്റെ മക്കളുടെ പേരു വിവരം: ഇസ്മായേലിന്റെ കടിഞ്ഞൂല്‍പ്പുത്രന്‍ നെബായോത്ത്. തുടര്‍ന്ന് കേദാര്‍, അദ്‌ബേല്‍, മിബ്‌സാം,    
14: മിഷ്മാ, ദൂമാ, മസ്‌സാ,    
15: ഹദാദ്, തേമാ, യത്തൂര്‍, നഫീഷ്, കേദെമാ.    
16: ഇവരാണ് ഇസ്മായേലിന്റെ പുത്രന്മാര്‍. ഗ്രാമങ്ങളും ആസ്ഥാനങ്ങളുമനുസരിച്ച് അവരുടെ വംശത്തിലെ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പേരുകളാണിവ.    
17: ഇസ്മായേലിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ അന്ത്യശ്വാസംവലിക്കുകയും തന്റെ ബന്ധുക്കളോടു ചേരുകയുംചെയ്തു.    
18: ഹവിലാമുതല്‍ ഷൂര്‍വരെയുള്ള ദേശത്ത്, അവര്‍ വാസമുറപ്പിച്ചു. അസ്സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍നിന്നെല്ലാം അകന്നാണു ജീവിച്ചത്.    

ഏസാവും യാക്കോബും
19: അബ്രാഹത്തിന്റെ പുത്രനായ ഇസഹാക്കിന്റെ വംശാവലി: അബ്രാഹത്തിന്റെ മകന്‍ ഇസഹാക്ക്.    
20: ഇസഹാക്കിനു നാല്പതു വയസ്സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു.    
21: ഇസഹാക്ക്, തന്റെ വന്ധ്യയായ ഭാര്യയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അവന്റെ പ്രാര്‍ത്ഥനകേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയുംചെയ്തു.    
22: അവളുടെ ഉദരത്തില്‍ക്കിടന്നു കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അവള്‍ കര്‍ത്താവിനോടു ചോദിച്ചു: ഇങ്ങനെയെങ്കില്‍ എനിക്കെന്തു സംഭവിക്കും? അവള്‍ കര്‍ത്താവിന്റെ തിരുമനസ്സറിയാന്‍ പ്രാര്‍ത്ഥിച്ചു.    
23: കര്‍ത്താവ് അവളോടരുളിച്ചെയ്തു: രണ്ടു വംശങ്ങളാണു നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്നു മറ്റേതിനെക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തിചെയ്യും.    
24: അവള്‍ക്കു മാസംതികഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ രണ്ടു ശിശുക്കള്‍.    
25: ആദ്യം പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹംമുഴുവന്‍ രോമക്കുപ്പായമിട്ടതുപോലെയായിരുന്നു. അവരവന് ഏസാവ് എന്നു പേരിട്ടു.    
26: അതിനുശേഷം അവന്റെ സഹോദരന്‍ പുറത്തുവന്നു. ഏസാവിന്റെ കുതികാലില്‍ അവന്‍ പിടിച്ചിരുന്നു. അവനെ യാക്കോബ് എന്നുവിളിച്ചു. ഇസഹാക്കിന് അറുപതു വയസ്സായപ്പോഴാണ് അവളവരെ പ്രസവിച്ചത്.  
 
കടിഞ്ഞൂലവകാശം
27: കുട്ടികള്‍ വളര്‍ന്നുവന്നു. ഏസാവ് നായാട്ടില്‍ സമര്‍ത്ഥനും കൃഷിക്കാരനുമായി. യാക്കോബ് ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു.    
28: വേട്ടയാടിക്കൊണ്ടുവന്നിരുന്ന മാംസം, തിന്നാന്‍കിട്ടിയിരുന്നതിനാല്‍ ഇസഹാക്ക് ഏസാവിനെ വളരെയധികം സ്നേഹിച്ചിരുന്നു. റബേക്കായ്ക്കു യാക്കോബിനോടായിരുന്നു കൂടുതല്‍ സ്നേഹം.    
29: ഒരിക്കല്‍ യാക്കോബു പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ ഏസാവു വിശന്നുതളര്‍ന്നു വയലില്‍നിന്നു വന്നു.   
30: അവന്‍ യാക്കോബിനോടു പറഞ്ഞു: ആ ചെമന്ന പായസം കുറച്ചെനിക്കു തരുക; ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. അതിനാലവന് ഏദോം എന്നുപേരുണ്ടായി.    
31: യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുക.    
32: ഏസാവു പറഞ്ഞു: ഞാന്‍ വിശന്നുചാകാറായി. കടിഞ്ഞൂലവകാശംകൊണ്ട് എനിക്കിനി എന്തുപ്രയോജനം?   
33: യാക്കോബ് പറഞ്ഞു: ആദ്യം എന്നോടു ശപഥംചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു.    
34: യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു. തീറ്റിയും കുടിയുംകഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ, ഏസാവു തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായിക്കരുതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ