നാലാം ദിവസം: ഉല്പത്തി: 12 - 15

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




അദ്ധ്യായം 12

അബ്രാമിനെ വിളിക്കുന്നു
1: കര്‍ത്താവ് അബ്രാമിനോടരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയുംവിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. 
2: ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാനനുഗ്രഹിക്കും. നിന്റെ പേരു ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീയൊരനുഗ്രഹമായിരിക്കും. 
3: നിന്നെയനുഗ്രഹിക്കുന്നവരെ ഞാനനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. 
4: കര്‍ത്താവു കല്പിച്ചതനുസരിച്ച്, അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെകൂടെത്തിരിച്ചു. ഹാരാന്‍ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 
5: അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ദേശത്തേക്കു പുറപ്പെട്ട്, അവിടെയെത്തിച്ചേര്‍ന്നു. 
6: അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച്, ഷെക്കെമില്‍, മോറെയുടെ ഓക്കുമരംവരെയെത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 
7: കര്‍ത്താവ്, അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്, അബ്രാം അവിടെയൊരു ബലിപീഠം പണിതു. 
8: അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കുകടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെയൊരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമംവിളിച്ചു. 
9: അവിടെനിന്ന് അബ്രാം നെഗെബിനുനേരേ യാത്രതുടര്‍ന്നു.   
    
അബ്രാം ഈജിപ്തില്‍
10: അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍പ്പോയി പാര്‍ക്കാമെന്നുകരുതി അബ്രാം അങ്ങോട്ടു തിരിച്ചു. 
11: ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാനഴകുള്ളവളാണെന്ന് എനിക്കറിയാം. 
12: നിന്നെക്കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെയവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാനനുവദിക്കുകയും ചെയ്യും. 
13: നീമൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍, എന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം. 
14: അവര്‍ ഈജിപ്തിലെത്തി. അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി. 
15: അവളെക്കണ്ടപ്പോള്‍ ഫറവോയുടെ സേവകന്മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. 
16: ഫറവോ അവളെപ്രതി അബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.       
17: പക്ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെപ്രതി കര്‍ത്താവു ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു. 
18: തന്മൂലം ഫറവോ അബ്രാമിനെ വിളിച്ചുപറഞ്ഞു: നീ ഈ ചെയ്തതെന്താണ്
19: അവള്‍ നിന്റെ ഭാര്യയാണെന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്? അവള്‍ സഹോദരിയാണെന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ഭാര്യയായി സ്വീകരിച്ചത്? ഇതാ നിന്റെ ഭാര്യ. അവളെയുംകൊണ്ടു സ്ഥലംവിടുക. 
20: ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് അബ്രാമിനെക്കുറിച്ചു കല്പനകൊടുത്തു. അവര്‍ അവനെയും ഭാര്യയെയും അവന്റെ വസ്തുവകകളോടുകൂടെ യാത്രയാക്കി.

 അദ്ധ്യായം 13

അബ്രാമും ലോത്തും
1: അബ്രാം ഭാര്യയോടും സ്വന്തമായ സകലത്തോടുംകൂടെ ഈജിപ്തില്‍നിന്നു നെഗെബിലേക്കു പോയി. ലോത്തും കൂടെയുണ്ടായിരുന്നു. 
2: അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. 
3: അവന്‍ നെഗെബില്‍നിന്നു ബഥേല്‍വരെയും ബഥേലിനും ആയിയ്ക്കുമിടയ്ക്ക്, താന്‍ മുമ്പു കൂടാരമടിച്ചതും ആദ്യമായി ബലിപീഠംപണിതതുമായ സ്ഥലംവരെയും യാത്രചെയ്തു. 
4: അവിടെ അബ്രാം കര്‍ത്താവിന്റെ നാമംവിളിച്ചപേക്ഷിച്ചു. 
5: അവന്റെകൂടെപ്പുറപ്പെട്ട ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു. 
6: അവര്‍ക്ക് ഒന്നിച്ചുതാമസിക്കാന്‍ ആ ദേശം മതിയായില്ല. കാരണം, അവര്‍ക്കു വളരെയേറെ സമ്പത്തുണ്ടായിരുന്നു. ഒന്നിച്ചുപാര്‍ക്കുക വയ്യാതായി. 
7: അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു.
8: അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്.
9: ഇതാ! ദേശമെല്ലാം നിന്റെ കണ്മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം. 
10: ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്തു കണ്ടു. അതു കര്‍ത്താവിന്റെ തോട്ടംപോലെയും സോവാറിനുനേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. കര്‍ത്താവു സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. 
11: ലോത്തു ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു. അവന്‍ കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ, അവര്‍തമ്മില്‍പ്പിരിഞ്ഞു. 
12: അബ്രാം കാനാന്‍ദേശത്തു താമസമാക്കി. ലോത്ത്, സമതലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. 
13: സോദോമിലെ ആളുകള്‍ ദുഷ്ടന്മാരും കര്‍ത്താവിന്റെമുമ്പില്‍ മഹാപാപികളുമായിരുന്നു.
14: അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. 
15: നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേയ്ക്കുമായി ഞാന്‍ തരും. 
16: ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും. 
17: എഴുന്നേറ്റ്, ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അതു നിനക്കു ഞാന്‍ തരും. 
18: അബ്രാം തന്റെ കൂടാരംമാറ്റി, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെയവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു.

അദ്ധ്യായം 14

ലോത്തിനെ രക്ഷിക്കുന്നു
1: ഷീനാര്‍രാജാവായ അംറാഫേല്‍, എല്ലാസര്‍രാജാവായ അരിയോക്ക്, ഏലാംരാജാവായ കെദോര്‍ലാവോമര്‍, ഗോയീംരാജാവായ തിദാല്‍ എന്നിവര്‍
2: തങ്ങളുടെ ഭരണകാലത്തു സോദോംരാജാവായ ബേറാ, ഗൊമോറാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീംരാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടു യുദ്ധംചെയ്തു. 
3: ഇവര്‍ സിദ്ദിം താഴ്‌വരയില്‍ അണിനിരന്നു. അതിപ്പോള്‍ ഉപ്പുകടലാണ്.       
4: ഇവര്‍ പന്ത്രണ്ടുവര്‍ഷം കെദോര്‍ലാവോമറിനു കീഴടങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, പതിമ്മൂന്നാംവര്‍ഷം അവര്‍ അവനെതിരേ പ്രക്ഷോഭംകൂട്ടി. 
5: പതിന്നാലാംവര്‍ഷം കെദോര്‍ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്മാരുംചെന്ന്, അഷ്തെരോത്ത് കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും സെയിര്‍മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി.   
6: അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍വരെയെത്തി. 
7: അവര്‍ പിന്തിരിഞ്ഞ് എന്മിഷ്പാത്തില്‍, അതായത്, കാദെഷില്‍, ചെന്ന് അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്പിച്ചു. 
8: അപ്പോള്‍ സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ സിദ്ദിംതാഴ്‌വരയില്‍
9: ഏലാംരാജാവായ കെദോര്‍ലാവോമര്‍, ഗോയീംരാജാവായ തിദാല്‍, ഷീനാര്‍രാജാവായ അംറാഫേല്‍, എല്ലാസര്‍രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്മാര്‍ അഞ്ചുപേര്‍ക്കെതിരേ. 
10: സിദ്ദിംതാഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍വീണു. 
11: ശേഷിച്ചവര്‍ മലയിലേക്കോടിപ്പോയി. സോദോമിലെയും ഗൊമോറായിലെയും സര്‍വ്വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. 
12: സോദോമില്‍പ്പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. 
13: രക്ഷപെട്ട ഒരുവന്‍വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്. 
14: സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടുപേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു. 
15: രാത്രി, അവന്‍ തന്റെയാളുകളെ പല ഗണങ്ങളായിത്തിരിച്ച്, ശത്രുക്കളെ ആക്രമിച്ചുതോല്പിച്ച്, ദമാസ്ക്കസിനു വടക്കുള്ള ഹോബാവരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. 
16: ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെക്കൊണ്ടുവന്നു. 
    
മെല്‍ക്കിസെദെക്ക്
17: കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചുമടങ്ങിവന്ന അബ്രാമിനെയെതിരേല്ക്കാന്‍ സോദോംരാജാവ്, രാജാവിന്റെ താഴ്‌വരയെന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു. 
18: സാലെംരാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍.    
19: അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെമേലുണ്ടാകട്ടെ! 
20: ശത്രുക്കളെ നിന്റെ കൈയിലേല്പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു. 
21: സോദോംരാജാവ്, അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക. 
22: അബ്രാം സോദോംരാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥംചെയ്യുന്നു: 
23: നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നുംതന്നെ ഞാനെടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. 
24: യുവാക്കള്‍ ഭക്ഷിച്ചതും എന്റെകൂടെ വന്നവരുടെ പങ്കുംമാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ.

അദ്ധ്യായം 15

അബ്രാമുമായി ഉടമ്പടി
1: അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. 
2: അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെയവകാശി. 
3: അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരിലൊരുവനായിരിക്കും എന്റെയവകാശി. 
4: വീണ്ടുമവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെയവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍തന്നെയായിരിക്കും. 
5: അവിടുന്നവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. 
6: അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന്, അതവനു നീതീകരണമായി കണക്കാക്കി.
7: അവിടുന്നു തുടര്‍ന്നരുളിച്ചെയ്തു: ഈ നാട്, നിനക്കവകാശമായിത്തരാന്‍വേണ്ടി, നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍.  
8: അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെയറിയും
9: അവിടുന്നു കല്പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ്, ഒരു പെണ്ണാട്, ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക. 
10: അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെ രണ്ടായിപ്പിളര്‍ന്നു ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല. 
11: പിണത്തിന്മേല്‍ കഴുകന്മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. 
12: സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണംചെയ്തു. 
13: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: നീയിതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍, സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങളനുഭവിക്കും.    
14: എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. 
15: നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ദ്ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്കരിക്കപ്പെടും.   
16: നാലാംതലമുറയിൽ അവർ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാൽ അമോര്യരുടെ ദുഷ്ടത ഇനിയും പൂർത്തിയായിട്ടില്ല.
17: സൂര്യനസ്തമിച്ച്‌ അന്ധകാരംവ്യാപിച്ചപ്പോൾ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളർന്നിട്ടിരിക്കുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി.
18: അന്നു കർത്താവ്, അബ്രാമിനോട് ഒരുടമ്പടിചെയ്തു. നിന്റെ സന്താനപരമ്പരയ്ക്ക്, ഈ നാട്, ഞാൻ തന്നിരിക്കുന്നു. ഈജിപ്തുനദിമുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങൾ.
19: കേന്യർ, കെനീസ്യർ, കദ്മോന്യർ, 
20 : ഹിത്യർ, ഫെരീസ്യർ, റഫായീം,
21: അമോര്യർ, കാനാന്യർ, ഗിർഗാഷ്യർ, ജബൂസ്യർ എന്നിവരുടെ പ്രദേശമൊക്കെയും ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു. 

മൂന്നാം ദിവസം: ഉല്പത്തി 8 - 11

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 8


ജലപ്രളയത്തിന്റെ അന്ത്യം
1: നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവമോര്‍ത്തു.
2: അവിടുന്നു ഭൂമിയില്‍ കാറ്റുവീശി; വെള്ളമിറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.
3: ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസംകഴിഞ്ഞപ്പോള്‍ വെള്ളം വളരെക്കുറഞ്ഞു.
4: ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വ്വതത്തിലുറച്ചു.
5: പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി.
6: നാല്പതു ദിവസംകഴിഞ്ഞപ്പോള്‍ നോഹ, പെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്,
7: ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത്, അങ്ങുമിങ്ങും പറന്നു നടന്നു.
8: ഭൂമിയില്‍നിന്നു വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു.
9: കാലുകുത്താന്‍ ഇടംകാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി, പ്രാവിനെപ്പിടിച്ചു പെട്ടകത്തിലാക്കി.
10: ഏഴുദിവസംകൂടെ കാത്തിട്ട്, വീണ്ടുമവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തുവിട്ടു.
11: വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി.
12: ഏഴുനാള്‍കൂടെക്കഴിഞ്ഞ്, അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.
13: അതു പിന്നെ തിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കിനോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
14: രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തുമുണങ്ങി.
15: ദൈവം നോഹയോടു പറഞ്ഞു :
16: ഭാര്യ, പുത്രന്മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടെ പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക.
17: പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയുമെല്ലാം പുറത്തുകൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ.
18: ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരുമൊത്ത്‌, നോഹ പെട്ടകത്തില്‍നിന്നു പുറത്തു വന്നു.
19: മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനംതിരിഞ്ഞു പുറത്തേക്കു പോയി. 

നോഹ ബലിയര്‍പ്പിക്കുന്നു
20: നോഹ, കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്കൊരു ദഹനബലിയര്‍പ്പിച്ചു.
21: ആ ഹൃദ്യമായ ഗന്ധമാസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന്‍കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെയന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല.
22: ഭൂമിയുള്ളിടത്തോളം കാലം, വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.


അദ്ധ്യായം 9


നോഹയുമായി ഉടമ്പടി
1: നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.
2: സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെയേല്പിച്ചിരിക്കുന്നു.
3: ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്കാഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.
4: എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്.
5: ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും.
6: മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം, മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.
7: സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.
8: നോഹയോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു:
9: നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരുടമ്പടിചെയ്യുന്നു.
10: അതോടൊപ്പം നിന്റെകൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -
11: നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനുറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ടു ജീവജാലങ്ങളെല്ലാം നശിക്കാനിടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.
12 : ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കുംവേണ്ടി, നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്:
13: ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി, മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.
14: ഞാന്‍ ഭൂമിക്കുമേലേ മേഘത്തെയയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും.
15: നിങ്ങളും സര്‍വ്വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വ്വജീവനെയും നശിപ്പിക്കാന്‍പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലുമുണ്ടാകയില്ല.
16: മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായിചെയ്ത എന്നേയ്ക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോടരുളിച്ചെയ്തു:
17: ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളമിതായിരിക്കും.

നോഹയുടെ പുത്രന്മാര്‍
18: പെട്ടകത്തില്‍നിന്നു പുറത്തിറങ്ങിയ നോഹയുടെ പുത്രന്മാര്‍ ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു. ഹാമായിരുന്നു കാനാന്റെ പിതാവ്.
19: ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്മാര്‍. ഇവര്‍വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20: നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു.
21: വീഞ്ഞുകുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു.
22: കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന തന്റെ രണ്ടു സഹോദരന്മാരോടും പറയുകയും ചെയ്തു.
23: ഷേമും യാഫെത്തും ഒരു തുണിയെടുത്തു തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്നത കണ്ടില്ല.
24: ലഹരിവിട്ടുണര്‍ന്ന നോഹ, തന്റെ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ.
25: അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.
26: അവന്‍ തുടര്‍ന്നു പറഞ്ഞു: ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ.
27: യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.
28: വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു.
29: നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മരിച്ചു.

അദ്ധ്യായം 10


ജനതകളുടെ ഉദ്ഭവം
1: നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്മാരുടെ പേരുവിവരം.
2: യാഫെത്തിന്റെ പുത്രന്മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്.
3: ഗോമറിന്റെ പുത്രന്മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ.
4: യാവാന്റെ പുത്രന്മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം.
5: ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെ ഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.
6: ഹാമിന്റെ പുത്രന്മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍.
7: കുഷിന്റെ പുത്രന്മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ. റാമായുടെ മക്കളാണ്, ഷെബായും, ദദാനും.
8: കുഷിന് നിമ്രോദ് എന്നൊരു പുത്രന്‍ ജനിച്ചു. അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്‍.
9: അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്രോദിനെപ്പോലെയൊരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി.
10: ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു.
11: അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു.
12: നിനെവേക്കും കാലായ്ക്കും മദ്ധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മ്മിച്ചു.
13: മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം,
14: പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍. കസ്‌ലുഹിമില്‍നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം.
15: കാനാനു കടിഞ്ഞൂല്‍പ്പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു.
16: ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,
17: ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍,
18: അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വ്വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത്, കാനാന്‍കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു.
19: കാനാന്‍ വംശജരുടെ നാട്, സീദോനില്‍ത്തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസവരെയും സോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനുംനേര്‍ക്ക്, ലാഷാ വരെയും നീണ്ടുകിടന്നു.
20: ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര.
21: യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വ്വപിതാവാണ്.
22: ഷേമിന്റെ പുത്രന്മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും
23: ആരാമിന്റെ പുത്രന്മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു.
24: അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു.
25: ഏബറിന് രണ്ടു പുത്രന്മാരുണ്ടായി. ഒരുവന്റെ പേര്‌ പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍.
26: യോക്താന്റെ പുത്രന്മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്,
27: ഹദോറാം, ഊസാല്‍, ദിക്‌ലാ,
28: ഓബാല്‍, അബിമായേല്‍, ഷെബാ,
29: ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍.
30: അവര്‍ പാര്‍ത്തിരുന്ന നാട്‌, സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശംവരെ നീണ്ടുകിടന്നു.
31: ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര.
32: ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബചരിത്രമാണിത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്.


അദ്ധ്യായം 11


ബാബേല്‍ഗോപുരം
1: ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയുംമാത്രമേ ഉണ്ടായിരുന്നുള്ളു.
2: കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു.
3: നമുക്ക്‌ ഇഷ്‌ടികയുണ്ടാക്കി ചുട്ടെടുക്കാമെന്ന്‌ അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്‌ടികയും കുമ്മായത്തിനുപകരം കളിമണ്ണും അവരുപയോഗിച്ചു.
4: അവര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ ഒരു പട്ടണവും ആകാശംമുട്ടുന്ന ഒരു ഗോപുരവുംതീര്‍ത്തു പ്രശസ്‌തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും.
6: മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവിറങ്ങിവന്നു.
7: അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്‌; അവര്‍ക്കൊരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാനൊരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാദ്ധ്യമായിരിക്കയില്ല.
7: നമുക്കിറങ്ങിച്ചെന്ന്‌, അവരുടെ ഭാഷ, പരസ്‌പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം.
8: അങ്ങനെ കര്‍ത്താവ്‌ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണംപണിയുപേക്ഷിച്ചു.
9: അതുകൊണ്ടാണ്‌, ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്‌.  അവിടെവച്ചാണ്‌, കര്‍ത്താവു ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെച്ചിതറിച്ചതും.

ഷേം മുതൽ അബ്രാംവരെ
10: ഷേമിന്റെ വംശാവലി: ഷേമിനു നൂറു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദ്‌ ജനിച്ചു.
11: ജലപ്രളയം കഴിഞ്ഞ്‌, രണ്ടാം വര്‍ഷമായിരുന്നു അത്‌. അര്‍പ്പക്ഷാദിന്റെ ജനനത്തിനുശേഷം ഷേം അഞ്ഞൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
12: മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദിനു ഷേലാഹ്‌ ജനിച്ചു.
13: ഷേലാഹിന്റെ ജനനത്തിനുശേഷം അര്‍പ്പക്ഷാദ്‌ നാനൂറ്റിമൂന്നുവര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
14: മുപ്പതു വയസ്സായപ്പോള്‍ ഷേലാഹിന്‌ ഏബര്‍ ജനിച്ചു.
15: ഏബര്‍ ജനിച്ചതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം ഷേലാഹ്‌ ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
16: മുപ്പത്തിനാലു വയസ്സായപ്പോള്‍ ഏബറിനു പേലെഗ്‌ ജനിച്ചു. പേലെഗിന്റെ ജനനത്തിനുശേഷം ഏബര്‍ നാനൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
17: മുപ്പതു വയസ്സായപ്പോള്‍ പേലെഗിനു റെവു ജനിച്ചു.
18: റെവുവിന്റെ ജനനത്തിനുശേഷം പേലെഗ്‌ ഇരുനൂറ്റിയൊമ്പതു വര്‍ഷം ജീവിച്ചു. 
19: അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
20: മുപ്പത്തിരണ്ടു വയസ്സായപ്പേള്‍ റെവുവിനു സെരൂഗ്‌ ജനിച്ചു.
21: സെരൂഗിന്റെ ജനനത്തിനുശേഷം റെവു ഇരുനൂറ്റേഴുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി.
22: മുപ്പതാം വയസ്സായപ്പോള്‍ സെരൂഗിനു നാഹോര്‍ ജനിച്ചു.
23: നാഹോറിന്റെ ജനനത്തിനുശേഷം സെരൂഗ്‌ ഇരുനൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരുമുണ്ടായി.
24: ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ നാഹോറിനു തേരാഹ്‌ ജനിച്ചു.
25: തേരാഹിന്റെ ജനനത്തിനുശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
26: എഴുപതു വയസ്സെത്തിയതിനുശേഷം തേരാഹിന്‌ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നീ പുത്രന്മാര്‍ ജനിച്ചു.
27: തേരാഹിന്റെ പിന്മുറക്കാര്‍ ഇവരാണ്‌. തേരാഹിന്റെ പുത്രന്മാരാണ്‌ അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ്‌ ലോത്ത്‌.
28: തന്റെപിതാവായ തേരാഹ്‌ മരിക്കുന്നതിനുമുമ്പ്‌ ഹാരാന്‍ ജന്മനാടായ കല്‍ദായരുടെ ഊറില്‍വച്ചു ചരമമടഞ്ഞു.
29: അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര്‌ സാറായി. നാഹോറിന്റെ ഭാര്യയുടെ പേര്‌ മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്‌ക്കയുടെയും പിതാവായ ഹാരാന്റെ മകളാണ്‌.
30: സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല.
31: തേരാഹ്‌ കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കുയാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു.
32: തേരാഹ്‌ ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു മൃതിയടഞ്ഞു.

രണ്ടാം ദിവസം: ഉല്പത്തി 4 - 7

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.




അദ്ധ്യായം 4

കായേനും ആബേലും
1: ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്, കായേനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച്, എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു. 
2: പിന്നീടവള്‍ കായേന്റെ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. 
3: ഒരിക്കല്‍ കായേന്‍, തന്റെ വിളവില്‍ ഒരുഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. 
4: ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. 
5: എന്നാല്‍ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.  
6: കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്
7: ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യംവച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം. 
8: ഒരുദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ, കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെക്കൊന്നു. 
9: കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേലെവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? 
10: എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം, മണ്ണില്‍നിന്ന് എന്നെവിളിച്ചു കരയുന്നു.  
11: നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ്പിളര്‍ന്ന ഭൂമിയില്‍, നീ ശപിക്കപ്പെട്ടവനായിരിക്കും. 
12: കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. 
13: കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. 
14: ഇന്ന്, അവിടുന്നെന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെക്കൊല്ലാന്‍നോക്കും. 
15: കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെമേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ ഒരടയാളംപതിച്ചു. 
16: കായേന്‍ കര്‍ത്താവിന്റെ സന്നിധിവിട്ട് ഏദനുകിഴക്കു നോദുദേശത്തു വാസമുറപ്പിച്ചു.  

കായേന്റെ സന്താനപരമ്പര
17: കായേന്‍ തന്റെ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേന്‍ ഒരു നഗരംപണിതു. തന്റെ പുത്രനായ ഹെനോക്കിന്റെ പേര് അതിനു നല്കി. 
18: ഹെനോക്കിന് ഈരാദും, ഈരാദിന്‌ മെഹുയായേലും ജനിച്ചു. മെഹുയായേലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു. 
19: ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും.  
20: ആദായുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍. 
21: അവന്റെ സഹോദരന്റെ പേരു യൂബാല്‍. കിന്നരവും വേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന്‍.  
22: സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബല്‍കയീന്‍. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന്‍. തൂബല്‍കയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു. 
23: ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കു ചെവിതരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു. 
24: കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്റേത് എഴുപത്തേഴിരട്ടിയായിരിക്കും.  
25: ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനുപേരിട്ടു. കാരണം, കായേന്‍കൊന്ന ആബേലിനുപകരം എനിക്കു ദൈവംതന്നതാണ് അവന്‍ എന്നവള്‍ പറഞ്ഞു.  
26: സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത്, അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത്, മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍തുടങ്ങി.

അദ്ധ്യായം 5

ആദം മുതല്‍ നോഹവരെ
1: ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു. 
2: സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്നവരെ അനുഗ്രഹിക്കുകയും മനുഷ്യനെന്നു വിളിക്കുകയുംചെയ്തു. 
3: ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവനു സേത്ത് എന്നു പേരിട്ടു. 
4: സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
5: ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു. 
6: സേത്തിനു നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി. 
7: എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
8: സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു. 
9: എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്‌നാന്‍ എന്ന പുത്രനുണ്ടായി. 
10: കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
11: എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു. 
12: കെയ്‌നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി. 
13: മഹലലേലിന്റെ ജനനത്തിനുശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 
14: കെയ്‌നാന്റെ ജീവിതകാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
15: മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി. 
16: യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
17: മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
18: യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി. 
19: ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
20: യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
21: ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി. 
22: മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടെ ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. 
23: ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.  
24 : ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെയവനെ കണ്ടിട്ടില്ല; ദൈവമവനെയെടുത്തു. 
25 : നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി. 
26: ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. 
27: മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
28: ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി. 
29: കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അദ്ധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നേടിത്തരുമെന്നു പറഞ്ഞ്, അവനെ നോഹയെന്നു വിളിച്ചു. 
30: നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരുമുണ്ടായി. 
31: ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു. 
32: നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരുണ്ടായി. 

അദ്ധ്യായം 6

തിന്മ വര്‍ധിക്കുന്നു
1: മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയുംചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണെന്നുകണ്ട്, ദൈവപുത്രന്മാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.  
2, 3: അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സു നൂറ്റിയിരുപതു വര്‍ഷമായിരിക്കും.  
4: ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായിച്ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയുംചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്മാരുണ്ടായിരുന്നു. അവരാണ്, പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജ്ജിച്ച പ്രബലന്മാര്‍.  
5: ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും കര്‍ത്താവു കണ്ടു. 
6: ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അതവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. 
7: കര്‍ത്താവരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. 
8: എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി.   
9: ഇതാണു നോഹയുടെ വംശാവലി: നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നു. 
10: നോഹയ്ക്കു മൂന്നു പുത്രന്മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്. 
11: ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. 
12: ഭൂമി ദുഷിച്ചുപോയെന്നു ദൈവംകണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മ്മാര്‍ഗികളായി.    

നോഹയുടെ പെട്ടകം
13: ദൈവം നോഹയോടരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടെ അവരെ ഞാന്‍ നശിപ്പിക്കും. 
14: ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടകമുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്റെ അകത്തും പുറത്തും കീലു തേയ്ക്കണം.
15: ഇങ്ങനെയാണതുണ്ടാക്കേണ്ടത്: മുന്നൂറുമുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം. 
16: മേല്‍ക്കൂരയില്‍നിന്ന് ഒരു മുഴംതാഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നുതട്ടായിവേണം പെട്ടകമുണ്ടാക്കാന്‍. 
17: ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍പോകുന്നു. ആകാശത്തിനുകീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും. 
18: എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടിയുറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെകൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും 
19: എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ക്കയറ്റി സൂക്ഷിക്കണം. 
20: എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെകൂടെ വരട്ടെ. 
21: നിനക്കും അവയ്ക്കും ആഹാരത്തിനുവേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം.   
22 : ദൈവം കല്പിച്ചതുപോലെതന്നെ നോഹ പ്രവര്‍ത്തിച്ചു. 


അദ്ധ്യായം 7

ജലപ്രളയം
1: കര്‍ത്താവു നോഹയോടരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായിക്കണ്ടിരിക്കുന്നു. 
2: ഭൂമുഖത്ത് അവയുടെ വംശം നിലനിറു‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ്വമൃഗങ്ങളിലുംനിന്ന്, ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും 
3: ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴു ജോഡിയും കൂടെക്കൊണ്ടുപോവുക. 
4: ഏഴു ദിവസവുംകൂടെക്കഴിഞ്ഞാല്‍ നാല്പതുരാവും നാല്പതുപകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍സൃഷ്ടിച്ച സകലജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചുമാറ്റും. 
5: കര്‍ത്താവു കല്പിച്ചതെല്ലാം നോഹ ചെയ്തു.  
6: നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണു ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 
7: വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപെടാന്‍ നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ക്കയറി. 
8: ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളവയും 
9: അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഈരണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ക്കയറി. 
10: ഏഴുദിവസംകഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. 
11: നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാംമാസം പതിനേഴാംദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. 
12: നാല്പതുരാവും നാല്പതുപകലും മഴ പെയ്തുകൊണ്ടിരുന്നു. 
13: അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ക്കയറി. 
14: അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ക്കടന്നു. 
15: ജീവനുള്ള സകലജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടെ പെട്ടകത്തില്‍ക്കടന്നു. 
16: സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തുകടന്നത്. കര്‍ത്താവു നോഹയെ പെട്ടകത്തിലടച്ചു. 
17: വെള്ളപ്പൊക്കം നാല്പതുനാള്‍ തുടര്‍ന്നു. ജലനിരപ്പുയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി. 
18: ഭൂമിയില്‍ ജലം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി. 
19: ജലനിരപ്പു വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വ്വതങ്ങളും വെള്ളത്തിനടിയിലായി. 
20: പര്‍വ്വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചുമുഴംവരെ വെള്ളമുയര്‍ന്നു. 
21: ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. 
22: കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 
23: ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു. 
24: വെള്ളപ്പൊക്കം നൂറ്റമ്പതുദിവസം നീണ്ടുനിന്നു. 

ഒന്നാം ദിവസം: ഉല്പത്തി 1 - 3


ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.


അദ്ധ്യായം 1


ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു
1: ആദിയില്‍, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 
2: ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. 
3: ദൈവമരുളിച്ചെയ്തു: വെളിച്ചമുണ്ടാകട്ടെ. വെളിച്ചമുണ്ടായി. 
4: വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു. 
5: വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം. 
6: ദൈവം വീണ്ടുമരുളിച്ചെയ്തു: ജലമദ്ധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ, അതു ജലത്തെ രണ്ടായിത്തിരിക്കട്ടെ. 
7: ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. 
8: വിതാനത്തിന്, അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം. 
9: ദൈവം വീണ്ടുമരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്തൊരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. 
10: കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. 
11: ദൈവമരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. 
12: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. 
13: സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം. 
14: ദൈവം വീണ്ടുമരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങളുണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളുംകുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. 
15: ഭൂമിയില്‍ പ്രകാശംചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്ക്കട്ടെ. അങ്ങനെ സംഭവിച്ചു. 
16: ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. 
17: നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. 
18: ഭൂമിയില്‍ പ്രകാശംചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിക്കാനും ദൈവമവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 
19: സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം. 
20: ദൈവം വീണ്ടുമുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കുമീതേ ആകാശവിതാനത്തില്‍ പറക്കട്ടെ. 
21: അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. 
22: ദൈവമവയെ ഇങ്ങനെയനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍പ്പെരുകട്ടെ. 
23: സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം. 
24: ദൈവം വീണ്ടുമരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. 
25: അങ്ങനെ, ദൈവം എല്ലായിനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. 
26: ദൈവം വീണ്ടുമരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമിമുഴുവന്റെയും ഭൂമിയിലിഴയുന്ന സര്‍വ്വജീവികളുടെയുംമേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ. 
27: അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്നവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. 
28: ദൈവമവരെ ഇങ്ങനെയനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്, അതിനെ കീഴടക്കുവിന്‍ കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകലജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ. 
29: ദൈവമരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യംവിളയുന്ന എല്ലാച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായിത്തരുന്നു. 
30: ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്കി്‍യിരിക്കുന്നു. അങ്ങനെ സംഭവിച്ചു. 
31: താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം. 


അദ്ധ്യായം 2 

1: അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. 
2: ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. 
3: സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ചുവിശ്രമിച്ച, ഏഴാം ദിവസത്തെ ദൈവമനുഗ്രഹിച്ചുവിശുദ്ധമാക്കി. 
4: ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉല്പത്തിചരിത്രം. 

ഏദന്‍തോട്ടം 

5: ദൈവമായ കര്‍ത്താവ്, ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍, ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴപെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. 
6: എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞുയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 
7: ദൈവമായ കര്‍ത്താവ്, ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയുംചെയ്തു. അങ്ങനെ, മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. 
8: അവിടുന്ന്, കിഴക്ക് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെത്താമസിപ്പിച്ചു. 
9: കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. 
10: തോട്ടം നനയ്ക്കാന്‍, ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. 
11: ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അതു സ്വര്‍ണ്ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. 
12: ആ നാട്ടിലെ സ്വര്‍ണ്ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. 
13: രണ്ടാമത്തെ നദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. 
14: മൂന്നാമത്തെ നദിയുടെ പേരു ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടെയൊഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്. 
15: ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവു മനുഷ്യനെ അവിടെയാക്കി. 
16: അവിടുന്നവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. 
17: എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. 
18: ദൈവമായ കര്‍ത്താവരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനുചേര്‍ന്ന ഇണയെ ഞാന്‍ നല്കും. 
19: ദൈവമായ കര്‍ത്താവ്, ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്നറിയാന്‍ അവിടുന്നവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത്, അവയ്ക്കു പേരായിത്തീര്‍ന്നു. 
20: എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല. 
21: അതുകൊണ്ട്, ദൈവമായ കര്‍ത്താവ്, മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്നെടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. 
22: മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്നൊരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. 
23: അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. 
24: അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യയോടുചേരും. അവര്‍ ഒറ്റശരീരമായിത്തീരും. 
25: പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും, അവര്‍ക്കു ലജ്ജതോന്നിയിരുന്നില്ല.

അദ്ധ്യായം 3 

മനുഷ്യന്റെ പതനം

1: ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച്, കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ? 
2: സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. 
3: എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. 
4: സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. 
5: അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയുമറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം. 
6: ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്നുകണ്ട്, അവളതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. 
7: ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. 
8: വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തിലുലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 
9: അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീയെവിടെയാണ്? 
10: അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ട്ട്, ഭയന്നൊളിച്ചതാണ്. 
11: അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? 
12: അവന്‍ പറഞ്ഞു: അങ്ങെനിക്കു കൂട്ടിനുതന്ന സ്ത്രീ, ആ മരത്തിന്റെ പഴം എനിക്കുതന്നു; ഞാനതു തിന്നു. 
13: ദൈവമായ കര്‍ത്താവു സ്ത്രീയോടു ചോദിച്ചു: നീയെന്താണീ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പമെന്നെ വഞ്ചിച്ചു; ഞാന്‍ പഴംതിന്നു. 

ശിക്ഷയും വാഗ്ദാനവും

14: ദൈവമായ കര്‍ത്താവു സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട്, നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിലിഴഞ്ഞു നടക്കും. ജീവിതകാലംമുഴുവന്‍ നീ പൊടിതിന്നും. 
15: നീയും സ്ത്രീയുംതമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതയുളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും. 
16: അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയുംചെയ്യും. 
17: ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം, സ്ത്രീയുടെ വാക്കുകേട്ടു നീ തിന്നതുകൊണ്ട്, നീമൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാദ്ധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനംചെയ്യും. 
18: അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. 
19: മണ്ണില്‍നിന്നെടുക്കപ്പെട്ട നീ, മണ്ണിനോടുചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. 
20: ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്. 
21: ദൈവമായ കര്‍ത്താവു തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു. 
22: അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയുമറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനിയവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടെ പറിച്ചുതിന്ന്, അമര്‍ത്യനാകാനിടയാകരുത്. 
23: കര്‍ത്താവവരെ ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി; മണ്ണില്‍നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. 
24: മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാന്‍, ഏദന്‍തോട്ടത്തിനു കിഴക്ക്, അവിടുന്നു കെരൂബുകളെ കാവല്‍ നിറുത്തി; എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.