തിരുവചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിരുവചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയമ്പത്തേഴാം ദിവസം: വെളിപാട് 5 - 10


അദ്ധ്യായം 5


മുദ്രിതഗ്രന്ഥവും കുഞ്ഞാടും
1: സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു.
2: ശക്തനായൊരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?
3: എന്നാല്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല.
4: ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു.
5: അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
6: അപ്പോള്‍, സിംഹാസനത്തിന്റെയും നാലുജീവികളുടെയുംമദ്ധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴുകൊമ്പുകളും ഏഴുകണ്ണുകളുമുണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്.
7: അവന്‍ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.
8: അവനതു സ്വീകരിച്ചപ്പോള്‍ നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യംനിറഞ്ഞ സ്വര്‍ണ്ണകലശങ്ങളും കൈയിലേന്തിയിരുന്നു.
9: അവര്‍ ഒരു നവ്യഗാനമാലപിച്ചു: പുസ്‌കതകച്ചുരുള്‍സ്വീകരിക്കാനും അതിന്റെ മുദ്രകള്‍തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട്, എല്ലാഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.
10: നീയവരെ നമ്മുടെ ദൈവത്തിന്, ഒരു രാജ്യവും പുരോഹിന്മാരുമാക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണംനടത്തും.
11: പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംചുറ്റും അനേകം ദൂതന്മാരെക്കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു.
12: ഉച്ചസ്വരത്തില്‍ ഇവരുദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. 
13: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേയ്ക്കും സ്തുതിയും ബഹുമാനവും മഹത്വവുമാധിപത്യവും.
14: നാലുജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംവീണാരാധിച്ചു.

അദ്ധ്യായം 6

    
ആറു മുദ്രകൾ തുറക്കുന്നു
1: കുഞ്ഞാട് ആ ഏഴു മുദ്രകളിലൊന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലുജീവികളിലൊന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
2: ഞാന്‍ ഒരു വെള്ളക്കുതിരയെക്കണ്ടു. അതിന്റെ പുറത്തു വില്ലുമായിരിക്കുന്ന ഒരുവന്‍ . അവനൊരു കിരീടം നല്കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്രയാരംഭിച്ചു.
3: അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
4: അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറ്, ഭൂമിയില്‍നിന്നു സമാധാനമെടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് അധികാരം നല്കപ്പെട്ടു. അവനൊരു വലിയ ഖഡ്ഗവുംകൊടുത്തു.
5: അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്തകുതിര. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയില്‍ ഒരു ത്രാസ്.
6: ആ നാലുജീവികളുടെ മദ്ധ്യത്തില്‍നിന്നുണ്ടായ ഒരു ശബ്ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്ക് ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
7: അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.
8: ഞാന്‍ നോക്കി, ഇതാ, വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണമെന്നു പേര്. പാതാളമവനെപ്പിന്തുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരംനടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്മേല്‍ അവര്‍ക്കധികാരം ലഭിച്ചു.
9: അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
10: വലിയസ്വരത്തില്‍ അവരിങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധിനടത്തി, ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാന്‍ അങ്ങെത്രത്തോളം വൈകും?
11: അവര്‍ക്കോരോരുത്തര്‍ക്കും ധവളവസ്ത്രം നല്കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണംതികയുന്നതുവരെ അല്പസമയംകൂടെ വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം കിട്ടി.
12: അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയൊരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രനാകെ രക്തംപോലെയായി.
13: കൊടുങ്കാറ്റിലാടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.
14: ആകാശം, തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാപ്പര്‍വ്വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
15: ഭൂമിയിലെ രാജാക്കന്മാരും പ്രമുഖന്മാരും സൈന്യാധിപന്മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16: അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ ദൃഷ്ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്ക്കുവിന്‍.
17: എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീകരദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്ക്കാന്‍ ആര്‍ക്കുകഴിയും?

അദ്ധ്യായം 7

    
സംരക്ഷണമുദ്ര
1: ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലുദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍, ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിറുത്തിയിരുന്നു.
2: വേറൊരു ദൂതന്‍, ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നുവരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശംചെയ്യാന്‍ അധികാരംനല്കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു
3: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
4: മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം;
5: യൂദാഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ഗാദ്ഗോത്രത്തില്‍നിന്നു പന്തീരായിരം;
6: ആഷേര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; നഫ്ത്താലിഗോത്രത്തില്‍നിന്നു പന്തീരായിരം; മനാസ്സെഗോത്രത്തില്‍നിന്നു പന്തീരായിരം;
7: ശിമയോന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം;
8: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ജോസഫ്‌ഗോത്രത്തിൽനിന്നു പന്തീരായിരം; ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം
9: ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കുംസാധിക്കാത്ത, ഒരു വലിയജനക്കൂട്ടം. അവര്‍ സകലജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുംനിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെമുമ്പിലും നിന്നിരുന്നു.
10: അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
11: ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കുംചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നുവീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
12: ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
13: ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവരാരാണ്? ഇവരെവിടെനിന്നു വരുന്നു?
14: ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേയ്ക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിവെളുപ്പിച്ചവര്‍.
15: അതുകൊണ്ട്, ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍, തന്റെ സാന്നിദ്ധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്കഭയംനല്കും. 
16 : ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.
17: എന്തെന്നാല്‍, സിംഹാസനമദ്ധ്യത്തിലിരിക്കുന്ന കുഞ്ഞാട്, അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും.

അദ്ധ്യായം 8


ഏഴാംമുദ്ര, ധൂപകലശം
1: അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍, അരമണിക്കൂറോളം സ്വര്‍ഗ്ഗത്തില്‍ നിശ്ശബ്ദതയുണ്ടായി.
2: ദൈവസന്നിധിയില്‍നിന്നിരുന്ന ഏഴുദൂതന്മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴുകാഹളങ്ങള്‍ നല്കപ്പെട്ടു.
3: മറ്റൊരു ദൂതന്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നുനിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്മേല്‍ എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനയോടൊപ്പമര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്കപ്പെട്ടു.
4: ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു.
5: ദൂതന്‍, ധൂപകലശമടുത്ത്, ബലിപീഠത്തിലെ അഗ്നികൊണ്ടുനിറച്ച്, ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍പ്പിണരുകളും ഭൂമികുലുക്കവുമുണ്ടായി.

നാലു കാഹളങ്ങള്‍
6: ഏഴുകാഹളങ്ങള്‍പിടിച്ചിരുന്ന ഏഴുദൂതന്മാര്‍ അവ ഊതാന്‍ തയ്യാറായി.
7: ഒന്നാമന്‍ കാഹളംമുഴക്കി; അപ്പോള്‍ രക്തംകലര്‍ന്ന തീയും കന്മഴയുമുണ്ടായി; അതു ഭൂമിയില്‍പ്പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.
8: രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ച, വലിയമലപോലെ എന്തോ ഒന്നു കടലിലേക്കെറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്നു രക്തമായി.
9: കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10: മൂന്നാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വലിയനക്ഷത്രം ആകാശത്തുനിന്നടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും പതിച്ചു.
11: ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകംപേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.
12: നാലാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13: പിന്നെ, മദ്ധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയസ്വരത്തില്‍ അതിങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളംമുഴക്കാനിരിക്കുന്ന മൂന്നുദൂതന്മാരുടെ കാഹളദ്ധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!

അദ്ധ്യായം 9


അഞ്ചാമത്തെ കാഹളം
1: അഞ്ചാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്കപ്പെട്ടു.
2: അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങി.
3: ആ പുകകൊണ്ട്, സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.
4: നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു.
5: മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്കപ്പെട്ടത്.
6: അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെ തേടും; പക്ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാനാഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്നോടിയകലും.
7: വെട്ടുകിളികള്‍ പടക്കോപ്പണിഞ്ഞ കുതിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ തലയില്‍ സ്വര്‍ണ്ണകിരീടംപോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.
8: അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകള്‍.
9: ഇരുമ്പുകവചങ്ങള്‍പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ ശബ്ദം പോര്‍ക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദംപോലെ.
10: അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുമുണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാന്‍പോന്ന ശക്തിയുണ്ടായിരുന്നു.
11: പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.
12: ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടെ ഇനിയും വരാനിരിക്കുന്നു.

ആറാമത്തെ കാഹളം
13: ആറാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ദൈവസന്നിധിയിലുള്ള സുവര്‍ണ്ണബലിപീഠത്തിന്റെ നാലുവളര്‍കോണുകളില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു.
14 : അതു കാഹളംപിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു: യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്മാരെ അഴിച്ചുവിടുക.
15: ആ നാലുദൂതന്മാരും വിമോചിതരായി. അവര്‍, മനുഷ്യരില്‍ മൂന്നിലൊരുഭാഗത്തെക്കൊന്നൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.
16: ഞാന്‍ കുതിരപ്പടയുടെ എണ്ണംകേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.
17: ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.
18: അവയുടെ വായില്‍നിന്നു പുറപ്പെട്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരില്‍ മൂന്നിലൊരുഭാഗം മൃതരായി.
19: ആ കുതിരകളുടെ ശക്തി, വായിലും വാലിലുമാണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍കൊണ്ട് അവ മുറിവേല്പിക്കുന്നു.
20: ഈ മഹാമാരികള്‍നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടതുമായ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍നിന്നു പിന്തിരിയുകയോ ചെയ്തില്ല.
21: തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവരനുതപിച്ചില്ല.

അദ്ധ്യായം 10

    
ചുരുളേന്തിയ ദൂതന്‍
1: മേഘാവൃതനും ശക്തനുമായ വേറൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും.
2: അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലുമുറപ്പിച്ചു.
3: സിംഹഗര്‍ജ്ജനംപോലെ ഭയങ്കരസ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴിടിനാദങ്ങള്‍ മുഴങ്ങി.
4: ആ ഏഴിടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാനെഴുതാനൊരുങ്ങി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴിടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.
5: കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍കണ്ട ദൂതന്‍ വലത്തുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി,
6: ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയുംസൃഷ്ടിച്ച നിത്യംജീവിക്കുന്നവന്റെ നാമത്തിലാണയിട്ടു: ഇനി കാലവിളംബമുണ്ടാവുകയില്ല.
7: ഏഴാമത്തെ ദൂതന്‍  മുഴക്കാനിരിക്കുന്ന കാഹളദ്ധ്വധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്മാരെ ദൈവമറിയിച്ച രഹസ്യം നിവൃത്തിയാകും.

ചുരുള്‍ വിഴുങ്ങുന്നു
8: സ്വര്‍ഗ്ഗത്തില്‍നിന്നു ഞാന്‍കേട്ട സ്വരം വീണ്ടുമെന്നോടു പറഞ്ഞു: നീ പോയി, കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.
9: ഞാന്‍ ദൂതന്റെയടുത്തുചെന്ന്, ആ ചെറിയചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
10: ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത്, എന്റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.
11: വീണ്ടും ഞാന്‍ കേ ട്ടു: നീയിനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ചു പ്രവചിക്കണം.

മുന്നൂറ്റിയമ്പത്തിയാറാം ദിവസം: വെളിപാട്: 1 - 4


അദ്ധ്യായം 1


പ്രാരംഭം
1: ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി, ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.
2: അവന്‍ തന്റെ ദൂതനെയയച്ച്, ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും സാക്ഷ്യംനല്കി.
3: ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതിലെഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു. 

അഭിവാദനം
4: യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴുസഭകള്‍ക്കെഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും
5: വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
6: നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയുംചെയ്തവനു മഹത്വവും പ്രതാപവും എന്നേയ്ക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
7: ഇതാ, അവന്‍ മേഘങ്ങളുടെയകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെക്കാണും. അവനെ കുത്തിമുറിവേല്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. 

മനുഷ്യപുത്രന്റെ ദർശനം
9: നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്കിയ സാക്ഷ്യത്തെയുംപ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10: കര്‍ത്താവിന്റെ ദിനത്തില്‍, ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ,
11: കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത്, ഒരു ഗ്രന്ഥത്തിലെഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കുമയച്ചുകൊടുക്കുക.
12: എന്നോടു സംസാരിച്ച സ്വരംശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13: ദീപപീഠങ്ങളുടെ മദ്ധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദംവരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച.
14: അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ;
15: പാദങ്ങള്‍ ചൂളയിലുരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും.
16: അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണ്ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17: അവനെക്കണ്ടപ്പോള്‍, ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയുമന്തവും ജീവിക്കുന്നവനും.
18: ഞാന്‍ മരിച്ചവനായിരുന്നു; എന്നാലിതാ, ഞാനെന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.
19: അതുകൊണ്ട്, ഇപ്പോളുള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ക്കാണുന്ന സകലതും രേഖപ്പെടുത്തുക.
20: എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ്ണദീപപീഠങ്ങളുടെയും രഹസ്യമിതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു. 

അദ്ധ്യായം 2


സഭകൾക്കുള്ള കത്തുകൾ: എഫേസോസിലെ സഭയ്ക്ക്.
1: എഫേസോസിലുള്ള സഭയുടെ ദൂതനെഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണ്ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
2: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയുംചെയ്യുന്നവരെ പരിശോധിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
3: തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
4: എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
5: അതിനാല്‍, നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്, ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെയടുത്തുവരുകയും നിന്റെ ദീപപീഠം, അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
6: എന്നാല്‍, നിനക്കീ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
7: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും.

സ്മിർണിയായിലെ സഭയ്ക്ക്
8: സ്മിര്‍ണായിലെ സഭയുടെ ദൂതനെഴുതുക: ആദിയുമന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
9: നിന്റെ ഞെരുക്കവും ദാരിദ്ര്യവുമെനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്നവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാനറിയുന്നുണ്ട്.
10: നീയുടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ച്ചിലരെ, പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്കും.
11: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിനധീനനാകയില്ല. 

പെർഗാമോസിലെ സഭയ്ക്ക്
12: പെര്‍ഗാമോസിലെ സഭയുടെ ദൂതനെഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ളവന്‍ പറയുന്നു,
13: നീ എവിടെ വസിക്കുന്നെന്നെനിക്കറിയാം - സാത്താന്റെ സിംഹാസനമുള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെ നീ മുറുകെപ്പിടിക്കുന്നു. സാത്താന്‍വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്, എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14: എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍മക്കള്‍ക്കു ദുഷ്‌പ്രേരണ നല്കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ അവിടെയുണ്ട്.
15: അതുപോലെതന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരുമവിടെയുണ്ട്.
16: അതുകൊണ്ട്, അനുതപിക്കുക; അല്ലെങ്കില്‍, നിന്റെയടുത്തേക്കു ഞാനുടനെ വന്ന്, എന്റെ വായിലെ വാള്‍കൊണ്ട്, അവരോടു പോരാടും.
17: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതിലൊരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരുമറിയുകയില്ല. 

തിയത്തീറായിലെ സഭയ്ക്ക്
18: തിയത്തീറായിലെ സഭയുടെ ദൂതനെഴുതുക: അഗ്നിനാളംപോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതനരുളിചെയ്യുന്നു:
19: നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാനറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20: എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്നവകാശപ്പെടുകയും, വ്യഭിചാരംചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയുംചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.
21: അനുതപിക്കാന്‍ ഞാനവള്‍ക്കവസരം നല്കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
22: ഇതാ, ഞാനവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍, അവളോടുകൂടെ വ്യഭിചാരംചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാനെറിയും.
23: അവളുടെ മക്കളെയാകട്ടെ, മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണു ഞാനെന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്കും.
24: സാത്താന്റെ രഹസ്യങ്ങളെന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനമറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെമേല്‍ വേറെ ഭാരം, ഞാന്‍ ചുമത്തുന്നില്ല.
25: എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍വരുവോളം മുറുകെപ്പിടിക്കുവിന്‍.
26: വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാനധികാരം നല്കും.
27: ഇരുമ്പുദണ്ഡുകൊണ്ട്, അവനവരെ മേയിക്കും; മണ്‍പാത്രങ്ങള്‍പോലെ അവരെ തകര്‍ക്കും;
28: ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ. പുലര്‍കാലനക്ഷത്രം ഞാനവനു നല്കും.
29: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 3


 സാർദീസിലെ സഭയ്ക്ക് 
1: സാര്‍ദീസിലെ സഭയുടെ ദൂതനെഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവനെന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2: ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
3: അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച്, അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീയറിയുകയില്ല.
4: എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവരതിനു യോഗ്യരാണ്.
5: വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാനൊരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാനേറ്റുപറയും.
6: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ഫിലദൽഫിയായിലെ സഭയ്ക്ക്
7: ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതനെഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കുമടയ്ക്കാന്‍കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍കഴിയാത്തവിധമടയ്ക്കുന്നവനുമായവന്‍ പറയുന്നു:
8: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീയെന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9: ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്മാരായി നടക്കുകയുംചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍വരുത്തി, കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.
10: സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിലുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11: ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം, ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12: വിജയംവരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെമേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗ്ഗംവിട്ടിറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാനെഴുതും.
13: ആത്മാവുു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ലവോദീക്യായിലെ സഭയ്ക്ക്
14: ലവൊദീക്യായിലെ സഭയുടെ ദൂതനെഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
15: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു.
16: ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
17: എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീയറിയുന്നില്ല.
18: ഞാന്‍ നിന്നെയുപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട്, നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19: ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. 
20: 
ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെയടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21: ഞാന്‍ വിജയംവരിച്ച്, എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്, എന്റെ സിംഹാസനത്തില്‍ ഞാനിരുത്തും.
22: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

അദ്ധ്യായം 4

    
സ്വര്‍ഗ്ഗദര്‍ശനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തിലൊരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളദ്ധ്വനിപോലെ ഞാനാദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം.
2: പെട്ടെന്ന്, ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗ്ഗത്തിലൊരു സിംഹാസനമൊരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവനിരിക്കുന്നു.
3: സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യംപോലെയുമായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലെയുള്ളൊരു മഴവില്ലും കാണപ്പെട്ടു.
4: ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടങ്ങള്‍.
5: സിംഹാസനത്തില്‍നിന്നു മിന്നല്‍പ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്.
6: സിംഹാസനത്തിനുമുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മദ്ധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
7: ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ.
8: ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവയുദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
9: ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്കിയപ്പോഴെല്ലാം
10: ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു:
11: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാനര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്, അവയ്ക്കസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മുന്നൂറ്റിയമ്പത്തഞ്ചാം ദിവസം: 2 യോഹന്നാൻ; 3 യോഹന്നാൻ; യൂദാസ്



2 യോഹന്നാൻ



അഭിവാദനം
1: തിരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്ഠനെഴുതുന്നത്.
2: നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിർത്തിയും സത്യത്തിന്റെപേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍മാത്രമല്ല, സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.
3: പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെയുണ്ടായിരിക്കും.

സത്യവും സ്‌നേഹവും
4: പിതാവില്‍നിന്നു നാം സ്വീകരിച്ച കല്പനയ്ക്കനുസൃതമായി, നിന്റെ മക്കളില്‍ച്ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതുകണ്ട്, ഞാനത്യന്തം സന്തോഷിച്ചു.
5: അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാനിതെഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം.
6: ഇതാണു സ്‌നേഹം: നാമവിടുത്തെ കല്പനകളനുസരിച്ചുനടക്കുക. കല്പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുകയെന്നതും.
7: വളരെയധികം വഞ്ചകര്‍ ലോകത്തിലേയ്ക്കിറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരംധരിച്ചുവന്നുവെന്നു സമ്മതിക്കാത്തവരാണവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും.
8: ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ, അതു പൂര്‍ണ്ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍.
9: ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെയതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനുമുണ്ട്.
10: പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ, ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനംചെയ്യുകയോ അരുത്.
11: എന്തെന്നാല്‍, അവനെ അഭിവാദനംചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.
12: ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയുമുപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ ആനന്ദം പൂര്‍ണ്ണമാകുന്നതിനുവേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
13: നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കള്‍ നിന്നെ അഭിവാദനംചെയ്യുന്നു.



3 യോഹന്നാൻ




അഭിവാദനം
1: സഭാശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിനെഴുതുന്നത്:
2: വാത്സല്യഭാജനമേ, നിന്റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നും നീ ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3: നീ സത്യമനുസരിച്ചാണു ജീവിക്കുന്നതെന്ന്, സഹോദരന്മാര്‍ വന്ന്, നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
4: എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നതെന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയസന്തോഷമെനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും
5: വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനുയോജിച്ച പ്രവൃത്തികളാണ്.
6: അവര്‍ സഭയുടെമുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീയവരെ യാത്രയാക്കുന്നതു നന്നായിരിക്കും.
7: കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന്, അവരൊരു സഹായവും സ്വീകരിച്ചിട്ടില്ല.
8: ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്, ഇപ്രകാരമുള്ളവരെ സ്വീകരിച്ചുസംരക്ഷിക്കേണ്ടിയിരിക്കുന്നു.
9: ഞാന്‍ ചിലകാര്യങ്ങള്‍ സഭയ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെധികാരത്തെ അംഗീകരിക്കുന്നില്ല.
10: അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെയനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചുസംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും സഭയില്‍നിന്നു പുറത്താക്കുകയുംചെയ്യുന്നു.
11: വാത്സല്യഭാജനമേ, തിന്മയെ അനുകരിക്കരുത്; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
12: ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തില്‍നിന്നുതന്നെയും, സാക്ഷ്യംലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.
13: എനിക്കു വളരെയധികം കാര്യങ്ങളെഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയുംകൊണ്ടു നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല.
14: താമസിയാതെ, നിന്നെക്കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
15: നിനക്കു സമാധാനം. സ്‌നേഹിതന്മാര്‍ നിന്നെ അഭിവാദനംചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകംപ്രത്യേകം അഭിവാദനമറിയിക്കുക.


യൂദാസ് 




അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്കെഴുതുന്നത്:
2: നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായുണ്ടാകട്ടെ!

വ്യാജോപദേഷ്ടാക്കള്‍
3: പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കെഴുതുവാന്‍ ഞാനതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധര്‍ക്ക് എന്നന്നേയ്ക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്നുപദേശിച്ചുകൊണ്ട്, നിങ്ങള്‍ക്കെഴുതേണ്ടിവന്നിരിക്കുന്നത്.
4: പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
5: നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളും നല്ലപോലെയറിയാമെങ്കിലും, ചിലകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തുദേശത്തുനിന്ന് ഇസ്രായേല്‍ജനത്തെ രക്ഷിച്ച കര്‍ത്താവ്, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
6: സ്വന്തം നിലമറന്നു തങ്ങളുടേതായ വാസസ്ഥാനമുപേക്ഷിച്ചുകളഞ്ഞ ദൂതന്മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നോര്‍ക്കുക.
7: അതുപോലെതന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലുംമുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി, അവിടുന്നെല്ലാവര്‍ക്കും ദൃഷ്ടാന്തംനല്കിയിരിക്കുന്നു.
8: സ്വപ്നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെയശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയുംചെയ്യുന്നു.
9: പ്രധാനദൂതനായ മിഖായേല്‍, മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലുമുച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവു നിന്നെ ശാസിക്കട്ടെയെന്നുമാത്രം പറഞ്ഞു.
10: ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്മവാസനകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
11: അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗ്ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നുവീഴുകയും കോറായുടെ പ്രക്ഷോഭത്തില്‍ നശിക്കുകയുംചെയ്യുന്നു.
12: തങ്ങളുടെ കാര്യംമാത്രംനോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍, നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങിക്കടപുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷംപോലെയാണ്.
13: അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
14: ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, കര്‍ത്താവു തന്റെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു.
15: എല്ലാവരുടെയുംമേല്‍ വിധിനടത്താനും സകലദുഷ്ടരെയും, അവര്‍ചെയ്ത സകലദുഷ്‌കര്‍മങ്ങളുടെപേരിലും തനിക്കെതിരായിപ്പറഞ്ഞ എല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റംവിധിക്കാനും അവിടുന്നു വന്നു.
16: അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതിപറയുന്നവരുമാണ്.

താക്കീതും ഉപദേശവും
17: എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങളോര്‍ക്കുവിന്‍.
18: അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടുജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.
19: പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്.
20: എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധിപ്രാപിക്കുവിന്‍.
21: നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.
22: ചഞ്ചലചിത്തരോട് അനുകമ്പകാണിക്കുവിന്‍.
23: അഗ്നിയിലകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട്, ഭയത്തോടെ അവരോടു കരുണകാണിക്കുവിന്‍.
24: വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി, നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വ്വകാലത്തിനുമുമ്പും ഇപ്പോഴും എപ്പോഴുമുണ്ടായിരിക്കട്ടെ. ആമേന്‍.

മുന്നൂറ്റിയമ്പത്തിനാലാം ദിവസം: 1 യോഹന്നാൻ 1 - 5


അദ്ധ്യായം 1


ജീവന്റെ വചനം

1: ആദിമുതലുണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങളറിയിക്കുന്നു.
2: ജീവന്‍ വെളിപ്പെട്ടു; ഞങ്ങളതു കണ്ടു; അതിനു സാക്ഷ്യംനല്കുകയുംചെയ്യുന്നു. പിതാവിനോടുകൂടെയായിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
3: ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതു നിങ്ങളെയും ഞങ്ങളറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മയുണ്ടാകേണ്ടതിനാണ്, ഞങ്ങളിതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
4: ഞങ്ങള്‍ ഇതെഴുതുന്നത്, ഞങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണ്.

ദൈവം പ്രകാശമാണ്
5: ഇതാണു ഞങ്ങളവനില്‍നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്ദേശം: ദൈവം പ്രകാശമാണ്.
6: ദൈവത്തിലന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയുംചെയ്താല്‍ നാം വ്യാജംപറയുന്നവരാകും; സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
7: അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍, നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം, എല്ലാപ്പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
8: നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍, അതാത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നുവരും.
9: എന്നാല്‍, നാം പാപങ്ങളേറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയുംചെയ്യും.
10 : നാം പാപംചെയ്തിട്ടില്ലെന്നുപറഞ്ഞാല്‍ നാമവനെ വ്യാജംപറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിലുണ്ടായിരിക്കുകയുമില്ല.

അദ്ധ്യായം 2


നമ്മുടെ മദ്ധ്യസ്ഥന്‍
1: എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപംചെയ്യാതിരിക്കേണ്ടതിനാണ് ഞാനിവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപംചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മദ്ധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു.
2: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെമാത്രമല്ല, ലോകംമുഴുവന്റെയും പാപങ്ങള്‍ക്ക്.
3: നാമവന്റെ കല്പനകള്‍പാലിച്ചാല്‍ അതില്‍നിന്ന്, നാമവനെയറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
4: ഞാനവനെയറിയുന്നെന്നു പറയുകയും അവന്റെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്യുന്നവന്‍ കള്ളംപറയുന്നു; അവനില്‍ സത്യമില്ല.
5: എന്നാല്‍, അവന്റെ വചനംപാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍നിന്നു നാമറിയുന്നു.
6: അവനില്‍ വസിക്കുന്നെന്നുപറയുന്നവന്‍, അവന്‍നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പുതിയ കല്പന
7: പ്രിയപ്പെട്ടവരേ, ഒരു പുതിയകല്പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭംമുതല്‍ നിങ്ങള്‍ക്കു നല്കപ്പെട്ട പഴയകല്പനതന്നെ. ആ പഴയകല്പനയാകട്ടെ, നിങ്ങള്‍ശ്രവിച്ച വചനംതന്നെയാണ്.
8: എങ്കിലും, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് ഒരു പുതിയ കല്പനയെക്കുറിച്ചാണ്. അതവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാര്‍ത്ഥപ്രകാശമുദിച്ചുകഴിഞ്ഞിരിക്കുന്നു.
9: താന്‍ പ്രകാശത്തിലാണെന്നുപറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയുംചെയ്യുന്നവന്‍, ഇപ്പോഴുമന്ധകാരത്തിലാണ്.
10: സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ചയുണ്ടാകുന്നില്ല.
11: എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്, അവന്റെ കണ്ണുകളെയന്ധമാക്കിയതിനാല്‍ എവിടേയ്ക്കാണു പോകുന്നതെന്ന് അവനറിയുന്നില്ല.
12: കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: അവന്റെ നാമത്തെപ്രതി, നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
13: പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
14: കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു. യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം, നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15: ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍, പിതാവിന്റെ സ്‌നേഹം അവനിലുണ്ടായിരിക്കുകയില്ല.
16: എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
17: ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.

ക്രിസ്തുവിന്റെ വൈരികള്‍
18: കുഞ്ഞുങ്ങളേ, ഇതവസാനമണിക്കൂറാണ്. അന്തിക്രിസ്തു വരുന്നൂ, എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
19: അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
20: പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
21: നിങ്ങള്‍ സത്യമറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യമറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍നിന്നല്ലാത്തതുകൊണ്ടുമാണ്.
22: യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
23: പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവുമുണ്ടായിരിക്കും
24: ആരംഭംമുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്ക്കട്ടെ. അതു നിങ്ങളില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്ക്കും.
25: അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനമിതാണ് - നിത്യജീവന്‍.
26: നിങ്ങളെ വഴിതെറ്റിക്കുന്നവര്‍നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
27: ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങളവനില്‍ വസിക്കുവിന്‍.
28: കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനുംവേണ്ടി അവനില്‍ വസിക്കുവിന്‍.
29: അവന്‍ നീതിമാനാണെന്നു നിങ്ങള്‍ക്കറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

അദ്ധ്യായം 3

    
നാം ദൈവമക്കള്‍
1: കണ്ടാലും! എത്രവലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാമങ്ങനെയാണു താനും. ലോകം നമ്മെയറിയുന്നില്ല; കാരണം, അതവിടുത്തെയറിഞ്ഞിട്ടില്ല.
2: പ്രിയപ്പെട്ടവരേ, നാമിപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാമെന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെയാകും. അവിടുന്നായിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
3: ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4: പാപംചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
5: പാപങ്ങളേറ്റെടുക്കാന്‍വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായതെന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
6: അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപംചെയ്യുന്ന ഒരുവനും അവനെക്കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
7: കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
8: പാപംചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
9: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപംചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്, അവനു പാപംചെയ്യാന്‍ സാദ്ധ്യമല്ല.
10: ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

പരസ്പരം സ്‌നേഹിക്കുവിന്‍
11: ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശമിതാണ്: നാം പരസ്പരം സ്‌നേഹിക്കണം.
12: തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവുമായിരുന്നതുകൊണ്ടുതന്നെ.
13: സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
14: സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു
15: സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ.
16: ക്രിസ്തു, സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹമെന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
17: ലൗകികസമ്പത്തുണ്ടായിരിക്കേ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയമടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
18: കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19: ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാമറിയുന്നു.
20: നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാമറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
21: പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്റെമുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
22: നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്പനകളനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23: അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണവന്റെ കല്പന.
24: അവന്റെ കല്പനകളനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍, കല്പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്കിയിരിക്കുന്ന ആത്മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയുംചെയ്യുന്നു.

അദ്ധ്യായം 4


സത്യാത്മാവിനെ വിവേചിച്ചറിയുക
1: പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോയെന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
2: ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്കിങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്നേറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്.
3: യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്, ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
4: കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
5: അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയുംചെയ്യുന്നു.
6: നാം ദൈവത്തില്‍നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം. 

ദൈവം സ്നേഹമാണ്.
7: പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെയറിയുകയും ചെയ്യുന്നു.
8: സ്‌നേഹിക്കാത്തവന്‍ ദൈവത്തെയറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.
9: തന്റെ ഏകപുത്രന്‍വഴി, നാം ജീവിക്കേണ്ടതിനായി ദൈവമവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
10: നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണു സ്‌നേഹം.
11: പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
12: ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണ്ണമാവുകയും ചെയ്യും.
13: ദൈവം, തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നുവെന്നു നാമറിയുന്നു.
14: പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങളറിഞ്ഞിരിക്കുന്നു; ഞങ്ങളതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
15: യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
16: ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാമറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവമവനിലും വസിക്കുന്നു.
17: വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന്, സ്‌നേഹം നമ്മില്‍ പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെയായിരിക്കുന്നു.
18: സ്‌നേഹത്തില്‍ ഭയത്തിനിടമില്ല; പൂര്‍ണ്ണമായ സ്‌നേഹം, ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല.
19: ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
20: ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയുംചെയ്താല്‍, അവന്‍ കള്ളംപറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.
21: ക്രിസ്തുവില്‍നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍, സഹോദരനെയും സ്‌നേഹിക്കണം.

അദ്ധ്യായം 5


ലോകത്തെ ജയിക്കുക
1: യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയുംചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകളനുസരിക്കുകയെന്നര്‍ത്ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവയല്ല.
4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്മേലുള്ള വിജയമിതാണ് - നമ്മുടെ വിശ്വാസം.
5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ക്രിസ്തുവിനു സാക്ഷ്യം
6: ജലത്താലും രക്തത്താലും വന്നവന്‍, ഇവനാണ്, യേശുക്രിസ്തു. ജലത്താല്‍മാത്രമല്ല, ജലത്താലും രക്തത്താലുമാണവന്‍ വന്നത്. ആത്മാവാണു സാക്ഷ്യം നല്കുന്നത്. ആത്മാവു സത്യമാണ്.
7: മൂന്നു സാക്ഷികളാണുള്ളത് - ആത്മാവ്, ജലം, രക്തം-
8: ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു.
9: മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്കിയിരിക്കുന്ന സാക്ഷ്യം
10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്, അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളംപറയുന്നവനാക്കിയിരിക്കുന്നു.
11: ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവനില്ല.

നിത്യജീവന്‍
13: ഞാന്‍ ഇവയെല്ലാമെഴുതിയത്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ടെന്നു നിങ്ങളറിയേണ്ടതിനാണ്.
14: അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുമെന്നതാണ് നമുക്കവനിലുള്ള ഉറപ്പ്.
15: നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്കറിയാം.
16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്കും. മരണാര്‍ഹമല്ലാത്ത പാപംചെയ്യുന്നവര്‍ക്കുമാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
17: എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
18: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നുവെന്നു നാമറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാമറിയുന്നു.
20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെയറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാമറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇവനാണു സത്യദൈവവും നിത്യജീവനും
21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍നിന്ന് അകന്നിരിക്കുവിന്‍.

മുന്നൂറ്റിനാല്പതാം ദിവസം: എഫേസോസ് 4 - 6


അദ്ധ്യായം 4


ഐക്യത്തിനാഹ്വാനം
1: കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കുലഭിച്ച വിളിക്കുയോഗ്യമായ ജീവിതം നയിക്കുവിന്‍.
2: പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍.
3: സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിറുത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
4: ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരാത്മാവുമാണുള്ളത്.
5: ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു.
6: സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം.

കൃപാവരങ്ങളുടെ വൈവിധ്യം
7: നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്കപ്പെട്ടിരിക്കുന്നു.
8: അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണംചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്കി.
9: അവന്‍ ആരോഹണംചെയ്തുവെന്നതിന്റെ അര്‍ത്ഥമെന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങിയെന്നുകൂടെയല്ലേ?
10: ഇറങ്ങിയവന്‍തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്തവനും.
11: അവന്‍, ചിലര്‍ക്ക് അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റുമാകാന്‍ വരം നല്കി.
12: ഇതു വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനുംവേണ്ടിയാണ്.
13: വിശ്വാസത്തിന്റെ ഐക്യത്തിലും
ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനത്തിലും എല്ലാവരുമെത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച്, പക്വതയാര്‍ന്ന മനുഷ്യരാവുകയുംചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
14: നാം ഇനിമേല്‍, തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വ്വം നല്കുന്ന, വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയുംചെയ്യുന്ന ശിശുക്കളാകരുത്.
15: പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട്, ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.
16: അവന്‍വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിര്‍വ്വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ടു വളരുകയും സ്‌നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവില്‍ നവജീവിതം
17: കര്‍ത്താവില്‍ ഞാന്‍ നിങ്ങളോടുറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ക്കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.
18: ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍, ബുദ്ധിയില്‍ അന്ധകാരംനിറഞ്ഞ്, ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.
19: അവര്‍ മനസ്സു മരവിച്ച്, ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി.
20: പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.
21: നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെതന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
22: നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ, ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.
23: നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.
24: യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

വര്‍ജ്ജിക്കേണ്ട തിന്മകള്‍
25: അതിനാല്‍, വ്യാജംവെടിഞ്ഞ്, എല്ലാവരും തങ്ങളുടെ അയല്ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്.
26: കോപിക്കാം; എന്നാല്‍, പാപംചെയ്യരുത്. നിങ്ങളുടെ കോപം, സൂര്യനസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.
27: സാത്താന്, നിങ്ങളവസരം കൊടുക്കരുത്.
28: മോഷ്ടാവ്, ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍കൊണ്ടു മാന്യമായ ജോലി ചെയ്യട്ടെ.
29: നിങ്ങളുടെ അധരങ്ങളില്‍നിന്നു തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.
30: രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്.
31: സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടുംകൂടെ നിങ്ങളുപേക്ഷിക്കുവിന്‍.
32: ദൈവം ക്രിസ്തുവഴി, നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.

അദ്ധ്യായം 5


ദൈവത്തെ അനുകരിക്കുക
1: വത്സലമക്കളെപ്പോലെ, നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
2: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
3: നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.
4: മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം, കൃതജ്ഞതാസ്‌തോത്രമാണുചിതം.
5: വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും - വിഗ്രഹാരാധകനും - ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തിലവകാശമില്ലെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.
6: ആരും അര്‍ത്ഥശൂന്യമായ വാക്കുകള്‍കൊണ്ടു നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.
7: അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്.
8: ഒരിക്കല്‍ നിങ്ങള്‍, അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.
9: പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം, സകലനന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.
10: കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവയെന്തെന്നു വിവേചിച്ചറിയുവിന്‍.
11: അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.
12: അവര്‍ രഹസ്യമായിച്ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ.

പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.
13: ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്.
14: അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കുക, ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും.
15: അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ, വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍.
16: ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവിന്‍.
17: ഭോഷന്മാരാകാതെ കര്‍ത്താവിന്റെ അഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിന്‍.
18: നിങ്ങള്‍ വീഞ്ഞുകുടിച്ച്, ഉന്മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍.
19: സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണംചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.
20: എപ്പോഴും എല്ലാറ്റിനുംവേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍, പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
21: ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.

ഭാര്യാഭര്‍ത്താക്കന്മാര്‍
22: ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍.
23: എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവു ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും.
24: സഭ, ക്രിസ്തുവിനു വിധേയയായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം.
25: ഭര്‍ത്താക്കന്മാരേ, ക്രിസ്തു, സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയുംചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
26: അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി, വചനത്താല്‍ വെണ്മയുള്ളതാക്കി.
27: ഇത്, അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനുംവേണ്ടിയാണ്.
28: അതുപോലെതന്നെ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെയെന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍, തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്.
29: ആരുമൊരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു, സഭയെയെന്നപോലെ, അവനതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുംചെയ്യുന്നു.
30: എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്.
31: ഇക്കാരണത്താല്‍ പുരുഷന്‍, പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.
32: ഇതൊരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണു ഞാനിതു പറയുന്നത്.
33: ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയുംവേണം.


അദ്ധ്യായം 6


മക്കളും മാതാപിതാക്കന്മാരും
1: കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍, മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്.
2: നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.
3: വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ.
4: പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപമുളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.

ഭൃത്യന്മാരുംയജമാനന്മാരും
5: ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാര്‍ഥതയോടുംകൂടെ അനുസരിക്കണം.
6: മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്മുമ്പില്‍മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണ്ണഹൃദയത്തോടെ ദൈവഹിതമനുവര്‍ത്തിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദാസന്മാരായിരിക്കുവിന്‍.
7: മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയെന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം.
8: ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക്, തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നറിഞ്ഞുകൊള്ളുവിന്‍.
9: യജമാനന്മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നുമറിയുവിന്‍.

ആത്മീയ സമരം
10: അവസാനമായി, കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
11: സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
12: എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനുമെതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന, തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
13: അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
14: അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചംധരിച്ച്, നിങ്ങള്‍ ഉറച്ചുനില്ക്കുവിന്‍.
15: സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍.
16: സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്, നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിചയെടുക്കുവിന്‍.
17: രക്ഷയുടെ പടത്തൊപ്പിയണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാളെടുക്കുകയും ചെയ്യുവിന്‍. 

നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍

18: നിങ്ങള്‍, അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തമുണര്‍ന്നിരുന്ന്, എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
19: ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം, ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
20: സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.

ഉപസംഹാരം, ആശംസ
21: ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നുമറിയാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയസഹോദരനും കര്‍ത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിക്കിക്കോസ്, നിങ്ങളോട് എല്ലാം പറയുന്നതാണ്.
22: ഇതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെയടുത്തേക്കയയ്ക്കുന്നത് - ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെയറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനുംവേണ്ടി.
23: സഹോദരര്‍ക്കു പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസപൂര്‍വകമായ സ്‌നേഹവും സമാധാനവും.
24: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ. 

മുന്നൂറ്റിമുപ്പത്തിയൊമ്പതാം ദിവസം: എഫേസോസ് 1 - 3


അദ്ധ്യായം 1

    അഭിവാദനങ്ങള്‍
    1: ദൈവതിരുമനസ്സിനാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധര്‍ക്കെഴുതുന്നത്.
    2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!
    3: സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെയനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!
    4: തന്റെമുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.
    5: യേശുക്രിസ്തുവഴി, നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു.
    6: അവിടുന്നിപ്രകാരംചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ, തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കുംവേണ്ടിയാണ്.
    7: അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത്, നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.
    8: ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു.
    9: ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച്, അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു.
    10: ഇത്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ.
    11: തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്ന്, തന്റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു.
    12: ഇത്, ക്രിസ്തുവിലാദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്.
    13: രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയുംചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.
    14: അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്. 

    ക്രിസ്തു മഹോന്നതന്‍
    15: കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തെയുംകുറിച്ചു കേട്ടനാള്‍മുതല്‍ എന്റെ പ്രാര്‍ത്ഥനകളില്‍ നിങ്ങളെയനുസ്മരിക്കുകയും
    16: നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിരമിച്ചിട്ടില്ല.
    17: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍, ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനംചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!
    18: ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നറിയാനും, വിശുദ്ധര്‍ക്കവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
    19: അതുവഴി അവന്റെ പ്രാഭവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ.
    20: ക്രിസ്തുവിനെ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവിടുത്തെ വലത്തുവശത്തിരുത്തുകയുംചെയ്തപ്പോള്‍, അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്.
    21: അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി.
    22: അവിടുന്ന്, എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയുംചെയ്തു.
    23: സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണ്ണതയുമാണ്.

  • അദ്ധ്യായം 2

      
      രക്ഷ - ദൈവികദാനം
      1: അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു.
      2: അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെയനുസരിച്ചുമാണു നിങ്ങള്‍ നടന്നിരുന്നത്.
      3: അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത്, നമ്മളും ശരീരത്തിന്റെയും മനസ്സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട്, ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു.
      4: എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടുകാണിച്ച മഹത്തായ സ്‌നേഹത്താല്‍,
      5: ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു.
      6: യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗ്ഗത്തില്‍ അവനോടുകൂടെയിരുത്തുകയുംചെയ്തു.
      7: അവിടുന്ന്, യേശുക്രിസ്തുവില്‍ നമ്മോടുകാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്, ഇപ്രകാരം ചെയ്തത്.
      8: വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
      9: അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരുമതിലഹങ്കരിക്കേണ്ടതില്ല.
      10: നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടിയൊരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. 

      എല്ലാവരും ക്രിസ്തുവില്‍ ഒന്ന് 
      11: നിങ്ങള്‍ ശരീരംകൊണ്ടു വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്ഛേദിതരെന്നു വിളിച്ചിരുന്നതോര്‍ക്കുക.
      12: അന്നു നിങ്ങള്‍, ക്രിസ്തുവിനെയറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിനപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നുവെന്ന കാര്യം അനുസ്മരിക്കുക.
      13: എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍, ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു.
      14: കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവനൊന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയുംചെയ്തു.
      15: കല്പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം, അവന്‍ തന്റെ ശരീരത്തിലൂടെയില്ലാതാക്കി.
      16: ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോടനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുതയവസാനിപ്പിക്കാനുമാണ് അവനിങ്ങനെ ചെയ്തത്.
      17: വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു.
      18: അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.
      19: ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.
      20: അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണു നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.
      21: ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍, പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
      22: പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
  •  

    അദ്ധ്യായം 3


    വിജാതീയരുടെ അപ്പസ്തോലന്‍
    1: ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കുവേണ്ടി യേശുക്രിസ്തുവിനെപ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന
    2: പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യംചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
    3: ഞാന്‍ മുമ്പ്, ചുരുക്കമായി നിങ്ങള്‍ക്കെഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ്, രഹസ്യം എനിക്കറിവായത്.
    4: അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ചയെന്തെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം.
    5: ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്തോലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.
    6: ഈവെളിപാടനുസരിച്ച്, വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.
    7: ദൈവത്തിന്റെ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്കീ കൃപാവരം നല്കപ്പെട്ടത്.
    8: വിജാതീയരോട്, ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും
    9: സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തില്‍, യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരിലേറ്റവും നിസ്സാരനായ എനിക്കു നല്കപ്പെട്ടു.
    10: സ്വര്‍ഗ്ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖജ്ഞാനം വ്യക്തമാക്കിക്കൊടുക്കാന്‍വേണ്ടിയാണ്, അവിടുന്നിപ്രകാരം ചെയ്തത്.
    11: ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെ നിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്.
    12: അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.
    13: അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന പീഡകളെപ്രതി നിങ്ങള്‍ ഹൃദയവ്യഥയനുഭവിക്കരുതെന്ന്, ഞാനഭ്യര്‍ത്ഥിക്കുന്നു. ഈ പീഡകളത്രേ, നിങ്ങളുടെ മഹത്വം. 

  • ക്രിസ്തുവിന്റെ സ്‌നേഹം
    14: ഇക്കാരണത്താല്‍, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
    15 : പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
    16: അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും,
    17: വിശ്വാസംവഴി, ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
    18: എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവുമാഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ.
    19: അറിവിനെയതിശയിക്കുന്ന, ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സമ്പൂര്‍ണ്ണതയാല്‍ നിങ്ങള്‍ പൂരിതരാകാനുമിടയാകട്ടെ.
    20: നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍, നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന
    21: അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.

മുന്നൂറ്റിമുപ്പത്തിയെട്ടാം ദിവസം: ഗലാത്തിയാ 4 - 6


അദ്ധ്യായം 4

    
    1: ഇതാണു ഞാന്‍ വിവക്ഷിക്കുന്നത്: പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.
    2: പിതാവു നിശ്ചയിച്ച കാലാവധിവരെ, അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്മാരുടെയും സംരക്ഷണത്തിലായിരിക്കും.
    3: നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു.
    4: എന്നാല്‍, കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിനധീനനായി ജനിച്ചു.
    5: അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്, അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി.
    6: നിങ്ങള്‍ മക്കളായതുകൊണ്ട്, ആബ്ബാ! -പിതാവേ! - എന്നു വിളിക്കുന്ന, തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്കയച്ചിരിക്കുന്നു.
    7: ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്. 

    ഗലാത്തിയരെക്കുറിച്ചു വ്യഗ്രത
    8: ദൈവത്തെയറിയാതിരുന്ന അന്ന്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു.
    9: എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെയറിയുന്നു; അതിലുപരി ദൈവം നിങ്ങളെയറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെയടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍, നിങ്ങള്‍ക്കെങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടെ അവയുടെ സേവകരാകാന്‍ നിങ്ങളിച്ഛിക്കുന്നുവോ?
    10: നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
    11: നിങ്ങളുടെയിടയില്‍ ഞാനദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.
    12: സഹോദരരേ, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ എന്നെപ്പോലെയാകുവിന്‍. ഞാന്‍തന്നെയും നിങ്ങളെപ്പോലെയാണല്ലോ. നിങ്ങള്‍ എന്നോടു യാതൊരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല.
    13: ഞാനാദ്യമേ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചത്, എനിക്കു ശാരീരികാസ്വാസ്ഥ്യമുള്ള അവസരത്തിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
    14: എന്റെ ശരീരസ്ഥിതി, നിങ്ങള്‍ക്കൊരു പരീക്ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്തില്ല. മറിച്ച്, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.
    15: നിങ്ങളുടെ ആ സന്തോഷം ഇന്നെവിടെ? സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്‌ന്നെടുത്തു തരുമായിരുന്നെന്ന് എനിക്കു ബോദ്ധ്യമുണ്ട്.
    16: അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നുപറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായെന്നോ?
    17: അവര്‍ നിങ്ങളില്‍ താത്പര്യംകാണിക്കുന്നത് സദുദ്ദേശ്യത്തോടെയല്ല; മറിച്ച്, നിങ്ങള്‍ അവരില്‍ താത്പര്യംകാണിക്കേണ്ടതിന്, നിങ്ങളെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.
    18: നല്ല കാര്യത്തില്‍ താത്പര്യംകാണിക്കുന്നത്, ഞാന്‍ നിങ്ങളോടൊത്തുണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.
    19: എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു.
    20: ഇപ്പോള്‍ നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കാനും എന്റെ സംസാരരീതിതന്നെ മാറ്റാനും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. എന്തെന്നാല്‍, നിങ്ങളെക്കുറിച്ചു ഞാനസ്വസ്ഥനാണ്. 

    ഹാഗാറും സാറായും
    21: നിയമത്തിനു വിധേയരായിരിക്കാനഭിലഷിക്കുന്ന നിങ്ങള്‍ എന്നോടു പറയുവിന്‍, നിങ്ങള്‍ നിയമമനുസരിക്കുകയില്ലേ?
    22: എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അബ്രാഹമിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു - ഒരുവന്‍ ദാസിയില്‍നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്.
    23: ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു.
    24: ആലങ്കാരികമായിപ്പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ടുടമ്പടികളാണ്. ഒരുവള്‍ സീനായ്‌മലയില്‍നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണു ഹാഗാര്‍.
    25: ഹാഗാര്‍, അറേബ്യായിലെ സീനായ്‌മലയാണ്. അവള്‍ ഇന്നത്തെ ജറുസലെമിന്റെ പ്രതീകമത്രേ. എന്തെന്നാല്‍, അവള്‍ തന്റെ മക്കളോടൊത്തു ദാസ്യവൃത്തിചെയ്യുന്നു.
    26: എന്നാല്‍, സ്വര്‍ഗ്ഗീയജറുസലെം സ്വതന്ത്രയാണ്. അവളാണു നമ്മുടെ അമ്മ.
    27: എന്തുകൊണ്ടെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ചാര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ക്കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്.
    28: സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്ദാനത്തിന്റെ മക്കളാണ്.
    29: എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.
    30: വിശുദ്ധലിഖിതം എന്താണു പറയുന്നത്? ദാസിയെയും അവളുടെ പുത്രനെയും നിഷ്‌കാസനംചെയ്യുവിന്‍; എന്തെന്നാല്‍, ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍ പാടില്ല.

അദ്ധ്യായം 5


ക്രിസ്തീയ സ്വാതന്ത്ര്യം
1: സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട്, നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്, ഇനിയും നിങ്ങള്‍ വിധേയരാകരുത്.
2: പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു, നിങ്ങള്‍ക്ക്, ഒന്നിനും പ്രയോജനപ്പെടുകയില്ല.
3: പരിച്ഛേദനംസ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടുമുറപ്പിച്ചു പറയുന്നു, അവന്‍ നിയമംമുഴുവനുംപാലിക്കാന്‍ കടപ്പെട്ടവനാണ്.
4: നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു.
5: ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതിലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.
6: എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണു സുപ്രധാനം.
7: നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെത്തടഞ്ഞതാരാണ്?
8: ഈ പ്രേരണയുണ്ടായത്, ഏതായാലും നിങ്ങളെ വിളച്ചവനില്‍നിന്നല്ല.
9: അല്പം പുളിപ്പ്, മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്നു.
10: എന്റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായ യാതൊന്നും നിങ്ങള്‍ ചിന്തിക്കുകയില്ലെന്ന്, കര്‍ത്താവില്‍ എനിക്കു നിങ്ങളെക്കുറിച്ച് ഉത്തമവിശ്വാസമുണ്ട്. നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നവന്‍ ആരുതന്നെയായാലും അവനു ശിക്ഷ ലഭിക്കും.
11: എന്നാല്‍ സഹോദരരേ, ഞാനിനിയും പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കുന്നെങ്കില്‍ എന്തിനാണു ഞാന്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നത്? അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്റെപേരിലുള്ള ഇടര്‍ച്ചയുണ്ടാകുമായിരുന്നില്ല.
12: നിങ്ങളെ അസ്വസ്ഥരാക്കുന്നവര്‍ പൂര്‍ണ്ണമായും അംഗവിച്ഛേദനംചെയ്തിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.
13: സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.
14: എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന ഒരേയൊരു കല്പനയില്‍ നിയമം മുഴുവനുമടങ്ങിയിരിക്കുന്നു.
15: എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയുംചെയ്ത്, പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. 

ജഡത്തിന്റെ വ്യാപാരങ്ങളും ആത്മാവിന്റെ ഫലങ്ങളും
16: നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17: എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിനെതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനുമെതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതുനിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെവരുന്നു.
18: ആത്മാവു നിങ്ങളെ നയിക്കുന്നെങ്കില്‍, നിങ്ങള്‍ നിയമത്തിനു കീഴല്ല.
19: ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,
20: വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
21: വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശമായ മറ്റുപ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്കിയ താക്കീത്, ഇപ്പോഴുമാവര്‍ത്തിക്കുന്നു.
22: എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,
 സൗമ്യത, ആത്മസംയമനം ഇവയാണ്.
23: ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
24: യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.
25: നമ്മള്‍ ആത്മാവിലാണു ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ വ്യാപരിക്കാം.
26: നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

അദ്ധ്യായം 6


പരസ്പരം സഹായിക്കുക
1: സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.
2: പരസ്പരം ഭാരങ്ങള്‍വഹിച്ചുകൊണ്ട്, ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.
3: ഒരുവന്‍, താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.
4: എന്നാല്‍, ഓരോ വ്യക്തിയും സ്വന്തംചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക, അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.
5: എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരംവഹിച്ചേ മതിയാവൂ.
6: വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്ക്, തന്റെ അദ്ധ്യാപകനു നല്കണം.
7: നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും.
8: എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.
9: നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.
10: ആകയാല്‍, നമുക്കവസരംലഭിച്ചിരിക്കുന്നതുകൊണ്ട്, സകലമനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്മ ചെയ്യാം. 

അന്തിമനിര്‍ദ്ദേശങ്ങള്‍
11: എന്റെ സ്വന്തം കൈപ്പടയില്‍ എത്രവലിയ അക്ഷരങ്ങളിലാണു ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!
12: ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ്, പരിച്ഛേദനകര്‍മ്മത്തിനു നിങ്ങളെ നിര്‍ബന്ധിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടിമാത്രമാണ്, അവര്‍ അങ്ങനെ ചെയ്യുന്നത്.
13: എന്തെന്നാല്‍, പരിച്ഛേദനംസ്വീകരിച്ച അവര്‍പോലും നിയമമനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവര്‍ക്കു മേന്മഭാവിക്കാന്‍ കഴിയേണ്ടതിനു നിങ്ങളും പരിച്ഛേദിതരായിക്കാണാന്‍ അവരാഗ്രഹിക്കുന്നു.
14: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ, മറ്റൊന്നിലും മേന്മഭാവിക്കാന്‍ എനിക്കിടയാകാതിരിക്കട്ടെ. അവനെപ്രതി ലോകമെനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
15: പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണു പരമപ്രധാനം.
16: ഈ നിയമമനുസരിച്ചു വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്, ദൈവത്തിന്റെ ഇസ്രായേലിന്, സമാധാനവും കാരുണ്യവുമുണ്ടാകട്ടെ.
17: ഇനിമേലാരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു.
18: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ, നിങ്ങളുടെ ആത്മാവിനോടുകൂടെയുണ്ടായിരിക്കട്ടെ. ആമേന്‍.