ഒന്നാം ദിവസം: ഉല്പത്തി 1 - 3


ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.


അദ്ധ്യായം 1


ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു
1: ആദിയില്‍, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 
2: ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. 
3: ദൈവമരുളിച്ചെയ്തു: വെളിച്ചമുണ്ടാകട്ടെ. വെളിച്ചമുണ്ടായി. 
4: വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു. 
5: വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം. 
6: ദൈവം വീണ്ടുമരുളിച്ചെയ്തു: ജലമദ്ധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ, അതു ജലത്തെ രണ്ടായിത്തിരിക്കട്ടെ. 
7: ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. 
8: വിതാനത്തിന്, അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം. 
9: ദൈവം വീണ്ടുമരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്തൊരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. 
10: കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. 
11: ദൈവമരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. 
12: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. 
13: സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം. 
14: ദൈവം വീണ്ടുമരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങളുണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളുംകുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. 
15: ഭൂമിയില്‍ പ്രകാശംചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്ക്കട്ടെ. അങ്ങനെ സംഭവിച്ചു. 
16: ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. 
17: നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. 
18: ഭൂമിയില്‍ പ്രകാശംചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിക്കാനും ദൈവമവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 
19: സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം. 
20: ദൈവം വീണ്ടുമുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കുമീതേ ആകാശവിതാനത്തില്‍ പറക്കട്ടെ. 
21: അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. 
22: ദൈവമവയെ ഇങ്ങനെയനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍പ്പെരുകട്ടെ. 
23: സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം. 
24: ദൈവം വീണ്ടുമരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. 
25: അങ്ങനെ, ദൈവം എല്ലായിനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. 
26: ദൈവം വീണ്ടുമരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമിമുഴുവന്റെയും ഭൂമിയിലിഴയുന്ന സര്‍വ്വജീവികളുടെയുംമേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ. 
27: അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്നവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. 
28: ദൈവമവരെ ഇങ്ങനെയനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്, അതിനെ കീഴടക്കുവിന്‍ കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകലജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ. 
29: ദൈവമരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യംവിളയുന്ന എല്ലാച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായിത്തരുന്നു. 
30: ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്കി്‍യിരിക്കുന്നു. അങ്ങനെ സംഭവിച്ചു. 
31: താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം. 


അദ്ധ്യായം 2 

1: അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. 
2: ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. 
3: സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ചുവിശ്രമിച്ച, ഏഴാം ദിവസത്തെ ദൈവമനുഗ്രഹിച്ചുവിശുദ്ധമാക്കി. 
4: ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉല്പത്തിചരിത്രം. 

ഏദന്‍തോട്ടം 

5: ദൈവമായ കര്‍ത്താവ്, ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍, ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴപെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. 
6: എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞുയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 
7: ദൈവമായ കര്‍ത്താവ്, ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയുംചെയ്തു. അങ്ങനെ, മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. 
8: അവിടുന്ന്, കിഴക്ക് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെത്താമസിപ്പിച്ചു. 
9: കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. 
10: തോട്ടം നനയ്ക്കാന്‍, ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. 
11: ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അതു സ്വര്‍ണ്ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. 
12: ആ നാട്ടിലെ സ്വര്‍ണ്ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. 
13: രണ്ടാമത്തെ നദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. 
14: മൂന്നാമത്തെ നദിയുടെ പേരു ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടെയൊഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്. 
15: ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവു മനുഷ്യനെ അവിടെയാക്കി. 
16: അവിടുന്നവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. 
17: എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. 
18: ദൈവമായ കര്‍ത്താവരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനുചേര്‍ന്ന ഇണയെ ഞാന്‍ നല്കും. 
19: ദൈവമായ കര്‍ത്താവ്, ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്നറിയാന്‍ അവിടുന്നവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത്, അവയ്ക്കു പേരായിത്തീര്‍ന്നു. 
20: എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല. 
21: അതുകൊണ്ട്, ദൈവമായ കര്‍ത്താവ്, മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്നെടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. 
22: മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്നൊരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. 
23: അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. 
24: അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യയോടുചേരും. അവര്‍ ഒറ്റശരീരമായിത്തീരും. 
25: പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും, അവര്‍ക്കു ലജ്ജതോന്നിയിരുന്നില്ല.

അദ്ധ്യായം 3 

മനുഷ്യന്റെ പതനം

1: ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച്, കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ? 
2: സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. 
3: എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. 
4: സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. 
5: അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയുമറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം. 
6: ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്നുകണ്ട്, അവളതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. 
7: ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. 
8: വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തിലുലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 
9: അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീയെവിടെയാണ്? 
10: അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ട്ട്, ഭയന്നൊളിച്ചതാണ്. 
11: അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? 
12: അവന്‍ പറഞ്ഞു: അങ്ങെനിക്കു കൂട്ടിനുതന്ന സ്ത്രീ, ആ മരത്തിന്റെ പഴം എനിക്കുതന്നു; ഞാനതു തിന്നു. 
13: ദൈവമായ കര്‍ത്താവു സ്ത്രീയോടു ചോദിച്ചു: നീയെന്താണീ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പമെന്നെ വഞ്ചിച്ചു; ഞാന്‍ പഴംതിന്നു. 

ശിക്ഷയും വാഗ്ദാനവും

14: ദൈവമായ കര്‍ത്താവു സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട്, നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിലിഴഞ്ഞു നടക്കും. ജീവിതകാലംമുഴുവന്‍ നീ പൊടിതിന്നും. 
15: നീയും സ്ത്രീയുംതമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതയുളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും. 
16: അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയുംചെയ്യും. 
17: ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം, സ്ത്രീയുടെ വാക്കുകേട്ടു നീ തിന്നതുകൊണ്ട്, നീമൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാദ്ധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനംചെയ്യും. 
18: അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. 
19: മണ്ണില്‍നിന്നെടുക്കപ്പെട്ട നീ, മണ്ണിനോടുചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. 
20: ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്. 
21: ദൈവമായ കര്‍ത്താവു തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു. 
22: അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയുമറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനിയവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടെ പറിച്ചുതിന്ന്, അമര്‍ത്യനാകാനിടയാകരുത്. 
23: കര്‍ത്താവവരെ ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി; മണ്ണില്‍നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. 
24: മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാന്‍, ഏദന്‍തോട്ടത്തിനു കിഴക്ക്, അവിടുന്നു കെരൂബുകളെ കാവല്‍ നിറുത്തി; എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ