റോമാലേഖനത്തെ പൊതുവേ രണ്ടു പ്രധാനഭാഗങ്ങളായാണ് (ദൈവശാസ്ത്രപരമായ പഠനങ്ങളും പ്രായോഗികജീവിതനിർദ്ദേശങ്ങളും) തിരിക്കാറുള്ളതെങ്കിലും, ഉള്ളടക്കത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ രണ്ട് ഉപവിഭാഗങ്ങളടക്കം നമുക്ക് നാലായി തരംതിരിക്കാം. അതനുസരിച്ച്, റോമാലേഖനത്തിൻ്റെ ഒരു സംഗ്രഹം താഴെ നൽകുന്നു:
ഭാഗം 1: നീതീകരണം - വിശ്വാസം വഴി ലഭിക്കുന്ന രക്ഷ (അദ്ധ്യായങ്ങൾ 1 - 5)
- അദ്ധ്യായം 1: സുവിശേഷത്തിൻ്റെ ശക്തിയെക്കുറിച്ച് പൗലോസ് പറയുന്നു. വിജാതീയർ ദൈവത്തെ തള്ളിക്കളഞ്ഞതുവഴി പാപത്തിനടിമകളായെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
- അദ്ധ്യായം 2: മറ്റുള്ളവരെ വിധിക്കുന്ന യഹൂദരും പാപികളാണെന്നും ദൈവം പക്ഷപാതമില്ലാതെ എല്ലാവരെയും അവരുടെ പ്രവൃത്തികൾക്കനുസരിച്ചു വിധിക്കുമെന്നും വ്യക്തമാക്കുന്നു.
- അദ്ധ്യായം 3: എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായിത്തീർന്നു. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി സൗജന്യമായി നീതീകരിക്കപ്പെടുന്നു.
- അദ്ധ്യായം 4: അബ്രാഹത്തെ ഉദാഹരണമാക്കി, നിയമം പാലിക്കുന്നതുവഴിയല്ല, മറിച്ച് വിശ്വാസംവഴിയാണ് നീതീകരണം ലഭിക്കുന്നതെന്ന് പൗലോസ് ശ്ലീഹ സ്ഥാപിക്കുന്നു.
- അദ്ധ്യായം 5: ക്രിസ്തുവിലൂടെ നമുക്ക് ദൈവവുമായി രമ്യത ലഭിച്ചു. ആദത്തിലൂടെ പാപം ലോകത്തിൽ വന്നതുപോലെ, രണ്ടാം ആദമായ ക്രിസ്തുവിലൂടെ നീതിയും ജീവനും ലഭ്യമായി.
ഭാഗം 2: വിശുദ്ധീകരണം - പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം (അദ്ധ്യായങ്ങൾ 6 - 8)
- അദ്ധ്യായം 6: മാമ്മോദീസയിലൂടെ നാം പാപത്തിനു മരിക്കുകയും ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കുകയുംചെയ്യുന്നു. നാം പാപത്തിൻ്റെ ദാസന്മാരല്ല, നീതിയുടെ ദാസന്മാരാണ്.
- അദ്ധ്യായം 7: ന്യായപ്രമാണവും പാപവുംതമ്മിലുള്ള ബന്ധം. നന്മ ചെയ്യാനാഗ്രഹിക്കുമ്പോഴും തിന്മചെയ്യാൻ പ്രേരിപ്പിക്കുന്ന ശരീരത്തിൻ്റെ ബലഹീനതയെക്കുറിച്ച് പൗലോസ് വിവരിക്കുന്നു.
- അദ്ധ്യായം 8: പരിശുദ്ധാത്മാവിലുള്ള ജീവിതം. ക്രിസ്തുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല. ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനും സാധിക്കില്ലെന്ന മനോഹരമായ പ്രത്യാശയോടെ ഈ ഭാഗം അവസാനിക്കുന്നു.
ഭാഗം 3: ദൈവപദ്ധതി - ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ (അദ്ധ്യായങ്ങൾ 9 - 11)
ഭാഗം 4: പ്രായോഗികജീവിതം - സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം (അദ്ധ്യായങ്ങൾ 12 - 16)
- അദ്ധ്യായം 12: ജീവിതത്തെ സജീവബലിയായർപ്പിക്കുക. സ്നേഹത്തിലും വിനയത്തിലുമധിഷ്ഠിതമായ ക്രൈസ്തവജീവിതശൈലി.
- അദ്ധ്യായം 13: അധികാരികളോടും നിയമത്തോടുമുള്ള കടമകൾ. സ്നേഹമാണ് നിയമത്തിൻ്റെ പൂർത്തീകരണമെന്ന് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു.
- അദ്ധ്യായം 14 & 15: വിശ്വാസത്തിൽ ബലഹീനരായവരെ വിധിക്കരുത്. പരസ്പരം താങ്ങുകയും ക്രിസ്തു കാണിച്ചുതന്നതുപോലെ അപരനെ സ്വീകരിക്കുകയും വേണം.
- അദ്ധ്യായം 16: വ്യക്തിപരമായ അഭിവാദനങ്ങളും സമാപനവും. റോമായിലെ നിരവധി വിശ്വാസികളെ പേരെടുത്ത പറഞ്ഞ് അദ്ദേഹം അഭിവാദനംചെയ്യുന്നു. പിണക്കങ്ങൾ ഉണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയും ദൈവത്തിനുള്ള സ്തുതിപ്പോടെയും ലേഖനമവസാനിക്കുന്നു.
റോമാലേഖനത്തിൻ്റെ ഘടന സംഗ്രഹിച്ച പട്ടിക:
| വിഭാഗം | അദ്ധ്യായങ്ങൾ | പ്രധാനവിഷയം |
|---|---|---|
| നീതീകരണം | 1 - 5 | വിശ്വാസം വഴി ലഭിക്കുന്ന രക്ഷ |
| വിശുദ്ധീകരണം | 6 - 8 | പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം |
| ദൈവപദ്ധതി | 9 - 11 | ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ |
| പ്രായോഗികജീവിതം | 12 - 16 | സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം |
(മൊബൈലിൽ പട്ടിക പൂർണ്ണമായി കാണാൻ വശങ്ങളിലേക്ക് നീക്കുക)
ജോസ് ആറുകാട്ടി