വിശ്വാസവും ജീവിതവും: വിശുദ്ധപൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനത്തിന് ഒരാമുഖം

വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതിയ ലേഖനങ്ങളിൽ ദൈവശാസ്ത്രപരമായി ഏറ്റവുമാഴമുള്ളതും പ്രധാനപ്പെട്ടതുമായ ഒന്നാണ് റോമാലേഖനം. ഇതിനെ പ്രധാനമായും രണ്ടു ഭാഗങ്ങളായിത്തിരിക്കാം: ആദ്യത്തെ 11 അദ്ധ്യായങ്ങൾ വിശ്വാസത്തെയും ദൈവനീതിയെയുംകുറിച്ചും 12 മുതൽ 16 വരെയുള്ള അദ്ധ്യായങ്ങൾ ക്രൈസ്തവജീവിതചര്യയെക്കുറിച്ചും പ്രതിപാദിക്കുന്നു.

റോമാലേഖനത്തെ പൊതുവേ രണ്ടു പ്രധാനഭാഗങ്ങളായാണ് (ദൈവശാസ്ത്രപരമായ പഠനങ്ങളും പ്രായോഗികജീവിതനിർദ്ദേശങ്ങളും) തിരിക്കാറുള്ളതെങ്കിലും, ഉള്ളടക്കത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ രണ്ട് ഉപവിഭാഗങ്ങളടക്കം നമുക്ക് നാലായി തരംതിരിക്കാം. അതനുസരിച്ച്, റോമാലേഖനത്തിൻ്റെ ഒരു സംഗ്രഹം താഴെ നൽകുന്നു:

ഭാഗം 1: നീതീകരണം - വിശ്വാസം വഴി ലഭിക്കുന്ന രക്ഷ (അദ്ധ്യായങ്ങൾ 1 - 5)

  • അദ്ധ്യായം 1: സുവിശേഷത്തിൻ്റെ ശക്തിയെക്കുറിച്ച് പൗലോസ് പറയുന്നു. വിജാതീയർ ദൈവത്തെ തള്ളിക്കളഞ്ഞതുവഴി പാപത്തിനടിമകളായെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
  • അദ്ധ്യായം 2: മറ്റുള്ളവരെ വിധിക്കുന്ന യഹൂദരും പാപികളാണെന്നും ദൈവം പക്ഷപാതമില്ലാതെ എല്ലാവരെയും അവരുടെ പ്രവൃത്തികൾക്കനുസരിച്ചു വിധിക്കുമെന്നും വ്യക്തമാക്കുന്നു.
  • അദ്ധ്യായം 3: എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായിത്തീർന്നു. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി സൗജന്യമായി നീതീകരിക്കപ്പെടുന്നു.
  • അദ്ധ്യായം 4: അബ്രാഹത്തെ ഉദാഹരണമാക്കി, നിയമം പാലിക്കുന്നതുവഴിയല്ല, മറിച്ച് വിശ്വാസംവഴിയാണ് നീതീകരണം ലഭിക്കുന്നതെന്ന് പൗലോസ് ശ്ലീഹ സ്ഥാപിക്കുന്നു.
  • അദ്ധ്യായം 5: ക്രിസ്തുവിലൂടെ നമുക്ക് ദൈവവുമായി രമ്യത ലഭിച്ചു. ആദത്തിലൂടെ പാപം ലോകത്തിൽ വന്നതുപോലെ, രണ്ടാം ആദമായ ക്രിസ്തുവിലൂടെ നീതിയും ജീവനും ലഭ്യമായി.

ഭാഗം 2: വിശുദ്ധീകരണം - പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം (അദ്ധ്യായങ്ങൾ 6 - 8)

  • അദ്ധ്യായം 6: മാമ്മോദീസയിലൂടെ നാം പാപത്തിനു മരിക്കുകയും ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കുകയുംചെയ്യുന്നു. നാം പാപത്തിൻ്റെ ദാസന്മാരല്ല, നീതിയുടെ ദാസന്മാരാണ്.
  • അദ്ധ്യായം 7: ന്യായപ്രമാണവും പാപവുംതമ്മിലുള്ള ബന്ധം. നന്മ ചെയ്യാനാഗ്രഹിക്കുമ്പോഴും തിന്മചെയ്യാൻ പ്രേരിപ്പിക്കുന്ന ശരീരത്തിൻ്റെ ബലഹീനതയെക്കുറിച്ച് പൗലോസ് വിവരിക്കുന്നു.
  • അദ്ധ്യായം 8: പരിശുദ്ധാത്മാവിലുള്ള ജീവിതം. ക്രിസ്തുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല. ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനും സാധിക്കില്ലെന്ന മനോഹരമായ പ്രത്യാശയോടെ ഈ ഭാഗം അവസാനിക്കുന്നു.

ഭാഗം 3: ദൈവപദ്ധതി - ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ (അദ്ധ്യായങ്ങൾ 9 - 11)

അദ്ധ്യായം 9 - 11: ഇസ്രായേൽജനം ക്രിസ്തുവിനെ തള്ളിക്കളഞ്ഞതിനെക്കുറിച്ച് പൗലോസ് വിലപിക്കുന്നു. എന്നാൽ ദൈവം തൻ്റെ ജനത്തെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും വിജാതീയർക്കു രക്ഷ ലഭിക്കാൻ ഇത് കാരണമായെന്നും ഒടുവിൽ ഇസ്രായേൽമുഴുവനും രക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ഭാഗം 4: പ്രായോഗികജീവിതം - സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം (അദ്ധ്യായങ്ങൾ 12 - 16)

  • അദ്ധ്യായം 12: ജീവിതത്തെ സജീവബലിയായർപ്പിക്കുക. സ്നേഹത്തിലും വിനയത്തിലുമധിഷ്ഠിതമായ ക്രൈസ്തവജീവിതശൈലി.
  • അദ്ധ്യായം 13: അധികാരികളോടും നിയമത്തോടുമുള്ള കടമകൾ. സ്നേഹമാണ് നിയമത്തിൻ്റെ പൂർത്തീകരണമെന്ന് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു.
  • അദ്ധ്യായം 14 & 15: വിശ്വാസത്തിൽ ബലഹീനരായവരെ വിധിക്കരുത്. പരസ്പരം താങ്ങുകയും ക്രിസ്തു കാണിച്ചുതന്നതുപോലെ അപരനെ സ്വീകരിക്കുകയും വേണം.
  • അദ്ധ്യായം 16: വ്യക്തിപരമായ അഭിവാദനങ്ങളും സമാപനവും. റോമായിലെ നിരവധി വിശ്വാസികളെ പേരെടുത്ത പറഞ്ഞ് അദ്ദേഹം അഭിവാദനംചെയ്യുന്നു. പിണക്കങ്ങൾ ഉണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയും ദൈവത്തിനുള്ള സ്തുതിപ്പോടെയും ലേഖനമവസാനിക്കുന്നു.

റോമാലേഖനത്തിൻ്റെ ഘടന സംഗ്രഹിച്ച പട്ടിക:

വിഭാഗം അദ്ധ്യായങ്ങൾ പ്രധാനവിഷയം
നീതീകരണം 1 - 5 വിശ്വാസം വഴി ലഭിക്കുന്ന രക്ഷ
വിശുദ്ധീകരണം 6 - 8 പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം
ദൈവപദ്ധതി 9 - 11 ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ
പ്രായോഗികജീവിതം 12 - 16 സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം

(മൊബൈലിൽ പട്ടിക പൂർണ്ണമായി കാണാൻ വശങ്ങളിലേക്ക് നീക്കുക)

ജോസ് ആറുകാട്ടി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ