ഉല്പത്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉല്പത്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പതിനഞ്ചാം ദിവസം: ഉല്പത്തി 48 - 50


അദ്ധ്യായം 48

എഫ്രായിമിനെയും മനാസ്സെയേയും അനുഗ്രഹിക്കുന്നു

1: പിതാവിനു സുഖമില്ലെന്നുകേട്ട് ജോസഫ്, മക്കളായ മനാസ്സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെയടുത്തേയ്ക്കുപോയി.
2: മകനായ ജോസഫ് വരുന്നുണ്ടെന്നു യാക്കോബു കേട്ടു. അവന്‍ ശക്തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു.
3: യാക്കോബ്, ജോസഫിനോടു പറഞ്ഞു: സര്‍വ്വശക്തനായ ദൈവം, കാനാന്‍ദേശത്തുള്ള ലൂസില്‍വച്ച് എനിക്കു പ്രത്യക്ഷപ്പെട്ട്, എന്നെയനുഗ്രഹിച്ചു. അവിടുന്നരുളിച്ചെയ്തു:
4: ഞാന്‍ നിന്നെ സന്താനസമൃദ്ധിയുള്ളവനാക്കി നിന്റെ സംഖ്യ വര്‍ദ്ധിപ്പിക്കും. നിന്നില്‍നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കുശേഷം ഈ നാട്, നിന്റെ സന്തതികള്‍ക്കു ഞാന്‍ നിത്യാവകാശമായി നല്‍കും.
5: ഞാന്‍ ഈജിപ്തില്‍ നിന്റെയടുത്ത്, എത്തുന്നതിനുമുമ്പ്, ഈജിപ്തില്‍വച്ചു നിനക്കുണ്ടായ പുത്രന്മാരിരുവരും, എഫ്രായിമും മനാസ്സെയും എന്റേതാണ്. റൂബനും ശിമയോനുമെന്നപോലെ അവരെന്റേതായിരിക്കും.
6: അവര്‍ക്കുശേഷം നിനക്കുണ്ടാകുന്ന സന്തതികള്‍ നിന്റേതായിരിക്കും. അവര്‍ക്കു ലഭിക്കുന്ന അവകാശം, അവരുടെ സഹോദരങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക.
7: ഞാന്‍ പാദാനില്‍നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചുദൂരംമാത്രമേ ഉണ്ടായിരുന്നുള്ളു. ബേത്‌ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ ഞാനവളെയടക്കി.
8: ജോസഫിന്റെ പുത്രന്മാരെക്കണ്ടപ്പോള്‍ ഇസ്രായേല്‍, ഇവരാരാണ്? എന്നുചോദിച്ചു.
9: ജോസഫ് പറഞ്ഞു: ഇവര്‍ എന്റെ മക്കളാണ്, ഇവിടെവച്ചു ദൈവം എനിക്കു തന്നവര്‍. അവന്‍ പറഞ്ഞു: അവരെ എന്റെയടുക്കല്‍ കൊണ്ടുവരുക, ഞാനവരെ അനുഗ്രഹിക്കട്ടെ.
10: ഇസ്രായേലിനു പ്രായംകൊണ്ടു കണ്ണുകള്‍ മങ്ങി, കാഴ്ച നഷ്ടപ്പെട്ടിരുന്നു. ജോസഫ് അവരെ അവന്റെയടുത്തു കൊണ്ടുചെന്നു. അവനവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
11: ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: നിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇതാ, നിന്റെ മക്കളെക്കൂടെക്കാണാന്‍ ദൈവം, എന്നെ അനുവദിച്ചിരിക്കുന്നു!
12: അപ്പോള്‍ ജോസഫ് കുട്ടികളെ അവന്റെയടുത്തുനിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു നമസ്കരിച്ചു.
13: ജോസഫ്, എഫ്രായിമിനെ തന്റെ വലത്തു കൈകൊണ്ടുപിടിച്ച്, ഇസ്രായേലിന്റെ ഇടത്തു കൈക്കുനേരെയും, മനാസ്സെയെ ഇടത്തുകൈകൊണ്ടു പിടിച്ച്, ഇസ്രായേലിന്റെ വലത്തു കൈക്കുനേരെയും നിറുത്തി, അവന്റെയടുത്തേക്കു കൊണ്ടുചെന്നു.
14: എന്നാല്‍, ഇസ്രായേല്‍ കൈകള്‍പിണച്ച് വലംകൈ ഇളയവനായ എഫ്രായിമിന്റെ തലയിലും ഇടംകൈ മനാസ്സെയുടെ തലയിലുമാണു വച്ചത്. മനാസ്സെയായിരുന്നുവല്ലോ കടിഞ്ഞൂല്‍പ്പുത്രന്‍.
15: അവന്‍ ജോസഫിനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: എന്റെ പിതാക്കന്മാരായ അബ്രാഹവും ഇസഹാക്കും ആരാധിച്ചിരുന്ന ദൈവം, ഇന്നുവരെ എന്റെ ജീവിതകാലം മുഴുവന്‍ എന്റെ ഇടയനായിരുന്ന ദൈവം,
16: എല്ലാ തിന്മകളിലുംനിന്ന് എന്നെ കാത്തുപോന്ന ദൂതന്‍ ഈ ബാലന്മാരെ അനുഗ്രഹിക്കട്ടെ! എന്റെയും എന്റെ പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും നാമം അവരില്‍ നിലനില്ക്കട്ടെ. അവര്‍ ഭൂമിയുടെ മദ്ധ്യത്തില്‍ ശക്തമായ ഒരു സമൂഹമായി വളര്‍ന്നുവരട്ടെ!
17: തന്റെ പിതാവു വലംകൈ എഫ്രായിമിന്റെ തലയില്‍ വച്ചതു ജോസഫിന് ഇഷ്ടപ്പെട്ടില്ല. എഫ്രായിമിന്റെ തലയില്‍നിന്നു മനാസ്സെയുടെ തലയിലേക്കു മാറ്റാന്‍ അവന്‍ പിതാവിന്റെ കൈയ്ക്കു പിടിച്ചു.
18: ജോസഫ് പിതാവിനോടു പറഞ്ഞു: പിതാവേ, അങ്ങനെയല്ല, ഇവനാണു മൂത്ത മകന്‍. വലംകൈ ഇവന്റെ തലയില്‍ വയ്ക്കുക. അവന്‍ വഴങ്ങിയില്ല.
19: അവന്‍ പറഞ്ഞു: എനിക്കറിയാം, മകനേ, എനിക്കറിയാം. അവനില്‍നിന്ന് ഒരു ജനതയുണ്ടാകും; അവനും വലിയവനാകും. എന്നാല്‍ അവന്റെയനുജന്‍, അവനെക്കാള്‍ വലിയവനാകും; അവന്റെ സന്തതികളോ അനവധി ജനതകളും.
20: അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: നിങ്ങളുടെ നാമം ഉച്ചരിച്ച്, ദൈവം നിങ്ങളെ എഫ്രായിമിനെയും മനാസ്സെയുംപോലെയാക്കട്ടെ, എന്നു പറഞ്ഞുകൊണ്ടായിരിക്കും ഇസ്രായേലില്‍ അനുഗ്രഹങ്ങള്‍ ആശംസിക്കപ്പെടുക. അവന്‍ എഫ്രായിമിനെ മനാസ്സെയ്ക്കു മുമ്പനാക്കി.
21: അതുകഴിഞ്ഞ്, ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഞാനിതാ, മരിക്കാറായി. ദൈവം, നിന്റെകൂടെയുണ്ടാവും. നിന്റെ പിതാക്കന്മാരുടെ നാട്ടിലേക്കു നിന്നെ തിരിയേ കൊണ്ടുപോവുകയും ചെയ്യും.
22: നിന്റെ സഹോദരന്മാര്‍ക്കു നല്കിയ ഓഹരിയെക്കാള്‍ കൂടുതലായി വാളും വില്ലുംകൊണ്ട് അമോര്യരുടെ കൈയില്‍നിന്നു ഞാന്‍ പിടിച്ചടക്കിയ ഷെക്കെം നിനക്കു തന്നിരിക്കുന്നു.

അദ്ധ്യായം 49

യാക്കോബിന്റെ അനുഗ്രഹം
1: യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചുകൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക്, എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:
2: യാക്കോബിന്റെ പുത്രന്മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
3: റൂബന്‍, നീ എന്റെ കടിഞ്ഞൂല്‍പുത്രനാണ്; എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും.
4: അഹങ്കാരത്തിലും ശക്തിയിലും നീ മുമ്പന്‍തന്നെ. വെള്ളംപോലെ അസ്ഥിരനായ നീ മുമ്പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്റെ കിടക്കയില്‍ക്കയറി അതശുദ്ധമാക്കി. എന്റെ ശയ്യയില്‍ കയറി, നീയെന്നെ ദ്രോഹിച്ചുവല്ലോ!
5: ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്. അവരുടെ വാളുകള്‍ അക്രമത്തിന്റെ ആയുധങ്ങളാണ്.
6: അവരുടെ ഗൂഢാലോചനകളില്‍ എന്റെ മനസ്സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവു പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെക്കൊന്നു. ക്രൂരതയില്‍, അവര്‍ കാളകളുടെ കുതിഞരമ്പു വെട്ടി.
7: അവരുടെ ഉഗ്രമായ കോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ! ഞാനവരെ യാക്കോബില്‍ വിഭജിക്കും; ഇസ്രായേലില്‍ ചിതറിക്കുകയും ചെയ്യും.
8: യൂദാ, നിന്റെ സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും, നിന്റെ കൈ, ശത്രുക്കളുടെ കഴുത്തില്‍പ്പതിക്കും. നിന്റെ പിതാവിന്റെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ കുമ്പിടും.
9: യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയില്‍നിന്നു മടങ്ങിയിരിക്കുന്നു. അവന്‍, ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെയുണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
10: ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ്, അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെയനുസരിക്കും.
11: അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്റെ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും.
12: അവന്റെ കണ്ണുകള്‍ വീഞ്ഞിനെക്കാള്‍ ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും.
13: സെബുലൂണാകട്ടെ കടല്‍ത്തീരത്തു വസിക്കും. അവന്‍ കപ്പലുകള്‍ക്ക് അഭയകേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്റെ അതിര്‍ത്തി.
14: ഇസ്സാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്. അവന്‍ ചുമടുകള്‍ക്കിടയില്‍ കിടക്കുന്നു.
15: വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവന്‍ കണ്ടു. അതുകൊണ്ട്, അവന്‍ ചുമടുകയറ്റാന്‍ ചുമല്‍ കുനിച്ചുകൊടുത്തു; കൂലിവേലചെയ്യുന്ന ഒരു ദാസനായിത്തീര്‍ന്നു.
16: ഇസ്രായേലിലെ മറ്റു ഗോത്രങ്ങളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായംനടത്തിക്കൊടുക്കും.
17: ദാന്‍ വഴിവക്കിലെ സര്‍പ്പവും പാതയിലെ അണലിയുമായിരിക്കും. അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും. കുതിരക്കാരന്‍ മലര്‍ന്നുവീഴുകയും ചെയ്യും.
18: കര്‍ത്താവേ, ഞാനങ്ങയുടെ രക്ഷ കാത്തിരിക്കുന്നു.
19: ഗാദിനെ കവര്‍ച്ചക്കാര്‍ ആക്രമിക്കും. എന്നാല്‍, അവനവരെ തോല്പിച്ചോടിക്കും.
20: ആഷേറിന്റെ ആഹാരം സമ്പന്നമായിരിക്കും. അവന്‍ രാജകീയ വിഭവങ്ങള്‍ പ്രദാനം ചെയ്യും.
21: സ്വച്ഛന്ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്താലി. അവന്‍ മൃദുലവാക്കുകള്‍ പൊഴിക്കുന്നു.
22: നീരുറവയ്ക്കരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനുമീതേ പടര്‍ന്നുനില്‍ക്കുന്നു.
23: വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനുനേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു.
24: എന്നാല്‍, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം - ഇസ്രായേലിന്റെ പാറയായ ഇടയന്‍ - തന്റെ കൈകള്‍കൊണ്ട്, അവന്റെ കൈകളെ ശക്തിപ്പെടുത്തി.
25: നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വ്വശക്തനായ ദൈവം, നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ!
26: നിന്റെ പിതാവിന്റെ അനുഗ്രഹങ്ങള്‍, നിത്യപര്‍വ്വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വതഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ ജോസഫിന്റെ ശിരസ്സില്‍, തന്റെ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്റെ മൂര്‍ദ്ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.
27: ആര്‍ത്തിയുള്ള ഒരു ചെന്നായാണു ബഞ്ചമിന്‍. അവന്‍ രാവിലെ ഇരവിഴുങ്ങുകയും വൈകുന്നേരം കവര്‍ച്ചമുതല്‍ പങ്കിടുകയും ചെയ്യും.
28: ഇവരാണ് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങള്‍. അവരുടെ പിതാവ് അവരോടു പറഞ്ഞതാണിത്. അവന്‍ എല്ലാവരെയും അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്നവിധത്തിലാണ് അവരെ അനുഗ്രഹിച്ചത്.

യാക്കോബിന്റെ മരണം
29: യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാന്‍, എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരുടെയടുത്ത് എന്നെയും അടക്കുക.
30: മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്‌പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും.
31: അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണവര്‍ അടക്കംചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്‌കരിച്ചത്. ഞാന്‍ ലെയായെ സംസ്‌കരിച്ചതും അവിടെത്തന്നെ.
32: വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍നിന്നാണു വാങ്ങിയത്.
33: തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞുതീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച്, തന്റെ ജനത്തോടുചേര്‍ന്നു.

അദ്ധ്യായം 50

യക്കോബിനെ സംസ്‌കരിക്കുന്നു

1: ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്കു കമിഴ്ന്നുവീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.
2: അവന്‍ തന്റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു.
3: അതിനു നാല്പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.
4: അവനു വേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, ജോസഫ് ഫറവോയുടെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയചെയ്ത് ഫറവോയോട് ഇങ്ങനെ ഉണര്‍ത്തിക്കുക:
5: എന്റെ പിതാവ് എന്നെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ്യിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ മരിക്കാറായി; കാനാന്‍ദേശത്ത് എനിക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ത്തന്നെ നീ എന്നെ സംസ്‌കരിക്കണം. അതുകൊണ്ട്, ഞാന്‍ പോയി എന്റെ പിതാവിനെ സംസ്‌കരിക്കട്ടെ; അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരും.
6: ഫറവോ പറഞ്ഞു: നീ പോയി അവന്‍ പ്രതിജ്ഞചെയ്യിച്ചതനുസരിച്ച്, അവനെ സംസ്‌കരിക്കുക.
7: ജോസഫ് പിതാവിനെ സംസ്‌കരിക്കാന്‍ പോയി. ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്മാരും അവനോടൊപ്പംപോയി.
8: ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും പിതാവിന്റെ കുടുംബവും അവന്റെകൂടെയുണ്ടായിരുന്നു. കുട്ടികളും ആടുമാടുകളുംമാത്രമേ ഗോഷെന്‍ദേശത്തു ശേഷിച്ചുള്ളൂ.
9: രഥങ്ങളും കുതിരക്കാരും അവനെ അനുഗമിച്ചു. അതു വലിയൊരു സംഘമായിരുന്നു.
10: ജോര്‍ദ്ദാനക്കരെയുള്ള അത്താദിലെ മെതിസ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു. അവന്‍ ഏഴുദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു.
11: അന്നാട്ടുകാരായ കാനാന്യര്‍ അത്താദിന്റെ മെതിക്കളത്തില്‍നടന്ന ഈ വിലാപം കേട്ടപ്പോള്‍, ഈജിപ്തുകാര്‍ക്കു വളരെ ഗൗരവമുള്ള ഒരു വിലാപമാണിത് എന്നുപറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ആബേല്‍ മിസ്രയിം എന്നു പേരുണ്ടായി. അതു ജോര്‍ദ്ദാനക്കരെയാണ്.
12: അങ്ങനെ, യാക്കോബ് ആവശ്യപ്പെട്ടതുപോലെ അവന്റെ മക്കള്‍ പ്രവര്‍ത്തിച്ചു.
13: അവര്‍ അവനെ കാനാന്‍ദേശത്തു കൊണ്ടുപോയി. മാമ്രേക്കു കിഴക്ക്, മക്‌പെലായിലുള്ള വയലിലെ ഗുഹയില്‍ സംസ്‌കരിച്ചു. അബ്രാഹം ഹിത്യനായ എഫ്രോണില്‍നിന്നു ശ്മശാനഭൂമിക്കുവേണ്ടി വയലുള്‍പ്പെടെ അവകാശമായി വാങ്ങിയതാണ് ആ ഗുഹ. പിതാവിനെ സംസ്‌കരിച്ചതിനുശേഷം,
14: ജോസഫ് സഹോദരന്മാരും കൂടെപ്പോയ എല്ലാവരുമൊത്ത്, ഈജിപ്തിലേക്കു മടങ്ങി.
15: തങ്ങളുടെ പിതാവു മരിച്ചപ്പോള്‍ ജോസഫിന്റെ സഹോദരന്മാര്‍ പറഞ്ഞു: ഒരു പക്ഷേ, ജോസഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം പകരംവീട്ടുകയും ചെയ്യും.
16: പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ കല്പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്റെയടുത്തേക്കയച്ചു.
17: ജോസഫിനോടു പറയുക: അങ്ങയുടെ സഹോദരന്മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവരങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങളപേക്ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ ജോസഫ് കരഞ്ഞുപോയി.
18: സഹോദരന്മാര്‍വന്ന് അവന്റെ മുമ്പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്.
19: ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ?
20: നിങ്ങള്‍ എനിക്കു തിന്മചെയ്തു. പക്ഷേ, ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടിയാണ് അവിടുന്നതു ചെയ്തത്.
21: അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവനവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയുംചെയ്തു.

ജോസഫിന്റെ മരണം

22: ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫ് നൂറ്റിപ്പത്തു കൊല്ലം ജീവിച്ചു.
23: എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്സെയുടെ മകനായ മാക്കീറിന്റെ കുഞ്ഞുങ്ങളും ജോസഫിന്റെ മടിയില്‍ കിടന്നിട്ടുണ്ട്.
24: ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും.
25: ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങളെന്റെ അവശിഷ്ടങ്ങള്‍ ഇവിടെനിന്നു കൊണ്ടുപോകണം, എന്നു തന്റെ സഹോദരന്മാരോടു പറഞ്ഞ്, ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.
26: നൂറ്റിപ്പത്തു വയസ്സായപ്പോള്‍ ജോസഫ് മരിച്ചു. അവരവനെ പരിമളദ്രവ്യം പൂശി, ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു.

പതിനാലാം ദിവസം: ഉല്പത്തി 45 - 47


 അദ്ധ്യായം 45

ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു
1: അവിടെ നിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാംമുമ്പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവനാജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു.
2: ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതുകേട്ടു.
3: ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.
4: അവനവരോട്, എന്റെ അടുത്തേക്കുവരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്തുകാര്‍ക്കുവിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍.
5: എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിറുത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചത്.
6: നാട്ടിലാകെ ക്ഷാമം തുടങ്ങിയിട്ടു രണ്ടുകൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്.
7: നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിറുത്താനും വിസ്മയകരമായ രീതിയില്‍ രക്ഷനല്കാനുംവേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചതാണ്.
8: അതുകൊണ്ടു നിങ്ങളല്ല, ദൈവമാണെന്നെ ഇങ്ങോട്ടയച്ചത്. അവിടുന്നെന്നെ ഫറവോയ്ക്കു പിതാവും അവന്റെ വീടിനു നാഥനും ഈജിപ്തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു.
9: നിങ്ങള്‍ തിടുക്കത്തില്‍ പിതാവിന്റെയടുത്തുചെന്ന് അവനോടുപറയുക: ദൈവമെന്നെ ഈജിപ്തിനു മുഴുവന്‍ നാഥനാക്കിയിരിക്കുന്നു. എന്റെയടുത്തു വരണം, ഒട്ടും താമസിക്കരുത്, എന്ന് അങ്ങയുടെ മകന്‍ ജോസഫ് പറയുന്നു.
10: അങ്ങേയ്ക്കു ഗോഷെനില്‍ പാര്‍ക്കാം. അങ്ങ് എന്റെയടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും മക്കളുടെ മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും.
11: അവിടെ അങ്ങയെ ഞാന്‍ പോറ്റിക്കൊള്ളാം. ക്ഷാമം അഞ്ചുകൊല്ലംകൂടെ നീണ്ടുനില്ക്കും. അങ്ങും കുടുംബവും അങ്ങേയ്ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും.
12: ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ സഹോദരനായ ബഞ്ചമിനും നേരില്‍ കാണുന്നുണ്ടല്ലോ.
13: ഈജിപ്തിലെ എന്റെ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗംചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
14: ബഞ്ചമിനും അവന്റെ തോളില്‍ തലചായ്ച്ചു കരഞ്ഞു.
15: അവന്‍ തന്റെ സഹോദരന്മാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയുംചെയ്തു. അപ്പോള്‍ അവരവനോടു സംസാരിച്ചു.
16: ജോസഫിന്റെ സഹോദരന്മാര്‍ വന്നിട്ടുണ്ടെന്ന വാര്‍ത്ത ഫറവോയുടെ വീട്ടിലെത്തിയപ്പോള്‍ ഫറവോയും ദാസന്മാരും സന്തോഷിച്ചു.
17: ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ സഹോദരന്മാരോട് ഇപ്രകാരംചെയ്യാന്‍ പറയുക:
18: മൃഗങ്ങളുടെമേല്‍ ചുമടുകയറ്റി, കാനാന്‍ദേശത്തുചെന്നു പിതാവിനെയും വീട്ടുകാരെയുംകൂട്ടി എന്റെയടുത്തു വരുക. ഈജിപ്തിലെ ഏറ്റവും നല്ല ഭൂമി നിങ്ങള്‍ക്കു ഞാന്‍ തരാം. മണ്ണിന്റെ ഫലസമൃദ്ധി നിങ്ങള്‍ക്കനുഭവിക്കുകയുംചെയ്യാം.
19: അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഭാര്യമാര്‍ക്കുംവേണ്ടി ഈജിപ്തില്‍നിന്നു രഥങ്ങള്‍ കൊണ്ടുപോകുക. നിങ്ങളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവരുക.
20: നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ടാ; ഈജിപ്തിലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.
21: ഇസ്രായേലിന്റെ മക്കള്‍ അങ്ങനെ ചെയ്തു. ഫറവോയുടെ കല്പനയനുസരിച്ചു ജോസഫ് അവര്‍ക്കു രഥങ്ങളും യാത്രയ്ക്കുവേണ്ട വകകളും കൊടുത്തു.
22: അവന്‍ അവര്‍ക്കോരോരുത്തര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്കി. ബഞ്ചമിനാകട്ടെ മുന്നൂറു വെള്ളിനാണയവും അഞ്ചുവസ്ത്രവും കൊടുത്തു.
23: അവന്‍ പത്തു കഴുതകളുടെ പുറത്ത്, ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്തു ധാന്യവും അപ്പവും യാത്രയ്ക്കുവേണ്ട വകകളും തന്റെ പിതാവിനു കൊടുത്തയച്ചു.
24: അങ്ങനെയവന്‍ സഹോദരന്മാരെ യാത്രയാക്കി. അവര്‍ പുറപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: വഴിക്കുവച്ചു ശണ്ഠകൂടരുത്.
25: ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കാനാന്‍ദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്തെത്തി.
26: അവര്‍ അവനോടു പറഞ്ഞു: ജോസഫ് ജീവിച്ചിരിക്കുന്നു. അവന്‍ ഈജിപ്തു മുഴുവന്റെയും ഭരണാധികാരിയാണ്. അവന്‍ സ്തബ്ധനായിപ്പോയി. അവന്‍, അവരെ വിശ്വസിച്ചില്ല.
27: എന്നാല്‍, ജോസഫ് പറഞ്ഞതൊക്കെ അവരില്‍നിന്നു കേള്‍ക്കുകയും തന്നെക്കൊണ്ടുപോകാന്‍ ജോസഫ് അയച്ച രഥങ്ങള്‍ കാണുകയുംചെയ്തപ്പോള്‍ അവരുടെ പിതാവായ യാക്കോബിന് ഉന്മേഷം വീണ്ടുകിട്ടി. അവന്‍ പറഞ്ഞു:
28: എനിക്കു തൃപ്തിയായി. എന്റെ മകന്‍ ജോസഫ് ജീവിച്ചിരിപ്പുണ്ട്; മരിക്കുംമുമ്പു ഞാന്‍പോയി അവനെക്കാണും.


 അദ്ധ്യായം 46

യാക്കോബ് ഈജിപ്തില്‍

1: തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍ യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.
2: രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.
3: അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.
4: ഞാന്‍ നിന്റെകൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.
5: യാക്കോബ് ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.
6: തങ്ങളുടെ കന്നുകാലികളും കാനാൻനാട്ടിൽ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെക്കൊണ്ടുപോയി.
7: യാക്കോബും സന്തതികളും ഈജിപ്തിലെത്തി. പുത്രന്മാരെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും പുത്രന്മാരുടെ പുത്രിമാരെയും തന്റെ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കുകൊണ്ടുപോയി.
8: ഈജിപ്തിലേക്കുവന്ന ഇസ്രായേലിന്റെ മക്കളുടെ പേരുവിവരം: യാക്കോബും അവന്റെ പുത്രന്മാരും: യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍.
9: റൂബന്റെ പുത്രന്മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി.
10: ശിമയോന്റെ പുത്രന്മാര്‍: യെമൂവേല്‍, യാമീന്‍, ഓഹദ്, യാക്കിന്‍, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനു ജനിച്ച സാവൂള്‍.
11: ലേവിയുടെ പുത്രന്മാര്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
12: യൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ഷേലാഹ്, പേരെസ്, സേറഹ്. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചു മരിച്ചു. പേരെസിന്റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂല്‍.
13: ഇസാക്കറിന്റെ പുത്രന്മാര്‍: തോലാ, ഫൂവ്വാ, യോബ്, ഷിമ്‌റോന്‍.
14: സെബുലൂണിന്റെ പുത്രന്മാര്‍: സേരെദ്, ഏലോന്‍, യഹ്‌ലേല്‍.
15: പാദാന്‍ആരാമില്‍വച്ചു യാക്കോബിനു ലെയായില്‍ ജനിച്ച പുത്രന്മാരാണിവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്റെ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു.
16: ഗാദിന്റെ പുത്രന്മാര്‍: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്‌ബോന്‍, ഏരി, അരോദി, അരേലി.
17: ആഷേറിന്റെ പുത്രന്മാര്‍: ഇമ്‌നാ, ഇഷ്‌വാ, ഇഷ്‌വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ പുത്രന്മാര്‍: ഹേബര്‍, മല്ക്കിയേല്‍.
18: ലാബാന്‍ തന്റെ മകളായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി.
19: യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ മക്കള്‍: ജോസഫ്, ബഞ്ചമിന്‍.
20: ജോസഫിന് ഈജിപ്തില്‍വെച്ച് ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്‌നത്തില്‍ മനാസ്സെയും എഫ്രായിമും ജനിച്ചു.
21: ബഞ്ചമിന്റെ പുത്രന്മാര്‍ ബേലാ, ബേക്കെര്‍, അഷ്‌ബേല്‍, ഗേരാ, നാമാന്‍, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്.
22: യാക്കോബിനു റാഹേലില്‍ ജനിച്ച മക്കളാണ് ഈ പതിനാലുപേരും.
23: ദാനിന്റെ പുത്രന്‍: ഹുഷിം.
24: നഫ്ത്താലിയുടെ പുത്രന്മാര്‍: യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലെം.
25: ലാബാന്‍ തന്റെ മകളായ റാഹേലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുണ്ടായ പുത്രന്മാരാണ് ഈ ഏഴു പേര്‍.
26: പുത്രന്മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്. 
27: ഈജിപ്തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്.
28: ഗോഷെനിലേക്കുള്ള വഴികാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, യാക്കോബ്, ജോസഫിന്റെയടുത്തേക്കു യൂദായെ മുന്‍കൂട്ടിയയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു.
29: ജോസഫ്, തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്ക്കാന്‍ രഥമൊരുക്കി, ഗോഷെനിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.
30: ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നുവെന്ന് അറിയുകയും ചെയ്തിരിക്കുന്നു.
31: ജോസഫ് തന്റെ സഹോദരന്മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്റെ സഹോദരന്മാരും പിതൃകുടുംബം മുഴുവനും എന്റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.
32: ഇവര്‍ ഇടയന്മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെക്കൊണ്ടുവന്നിട്ടുണ്ട്.
33: ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴിലെന്താണെന്നു ചോദിക്കുമ്പോള്‍,
34: അങ്ങയുടെ ദാസന്മാര്‍ ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്.

 അദ്ധ്യായം 47

യാക്കോബ് ഗോഷെനില്‍
1: ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതും കൂടെക്കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.
2: തന്റെ സഹോദരന്മാരില്‍ അഞ്ചുപേരെ അവന്‍ ഫറവോയുടെ മുമ്പില്‍ കൊണ്ടുചെന്നു.
3: അവന്റെ സഹോദരന്മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെ തൊഴിലെന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്മാരാണ്; ഞങ്ങളുടെ പിതാക്കന്മാരും അങ്ങനെയായിരുന്നു.
4: അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാനാണു ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം രൂക്ഷമായതുകൊണ്ട് അങ്ങയുടെ ദാസരുടെ കാലികള്‍ക്ക് അവിടെ തീറ്റിയില്ല. ദയചെയ്തു ഗോഷെന്‍ദേശത്തു താമസിക്കാന്‍ ഞങ്ങളെയനുവദിക്കണം.
5: അപ്പോള്‍ ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നിരിക്കുന്നു.
6: ഈജിപ്തുദേശം മുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അവരില്‍ കാര്യശേഷിയുള്ളവരെ നിനക്കറിയാമെങ്കില്‍ എന്റെ കാലികളെ അവരെ ഭരമേല്പിക്കുക.
7: അതിനുശേഷം ജോസഫ് തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ മുമ്പില്‍ കൊണ്ടുചെന്നു.
8: യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. നിങ്ങള്‍ക്കു വയസ്സെത്രയായി? ഫറവോ ചോദിച്ചു.
9: എന്റെ ദേശാന്തരവാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അതു ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്റെ പിതാക്കന്മാരുടെ ദേശാന്തരവാസകാലത്തോളം ആയിട്ടില്ലത്.
10: ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്റെയടുത്തുനിന്നു പോയി.
11: ഫറവോ കല്പിച്ചതുപോലെ ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്‍ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്‌സേസ് ആണ് അവന്‍ അവര്‍ക്കു കൊടുത്തത്.
12: ജോസഫ് തന്റെ പിതാവിനും സഹോദരന്മാര്‍ക്കും പിതാവിന്റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തുപോന്നു.

ക്ഷാമം രൂക്ഷമാകുന്നു

13: ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ദേശവും ക്ഷാമംമൂലം കഷ്ടപ്പെട്ടു.
14: ഈജിപ്തിലെയും കാനാന്‍ദേശത്തിലെയും പണം മുഴുവന്‍, ആളുകള്‍ വാങ്ങിയ ധാന്യത്തിന്റെ വിലയായി ജോസഫ് ശേഖരിച്ചു; അതു ഫറവോയുടെ ഭവനത്തിലെത്തിച്ചു.
15: ഈജിപ്തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ജോസഫിന്റെയടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരം തരുക. അങ്ങയുടെ മുമ്പില്ക്കിടന്നു ഞങ്ങള്‍ മരിക്കാനിടയാക്കരുത്. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി.
16: ജോസഫ് പറഞ്ഞു: പണം തീര്‍ന്നെങ്കില്‍ കന്നുകാലികളെ തരുക; കാലികള്‍ക്കു പകരമായി ഞാന്‍ ആഹാരം തരാം.
17: തങ്ങളുടെ കന്നുകാലികളെ അവര്‍ ജോസഫിന്റെയടുത്തു കൊണ്ടു വന്നു. കുതിരകള്‍ക്കും ആടുമാടുകള്‍ക്കും കഴുതകള്‍ക്കും പകരമായി, അവൻ അവർക്കാഹാരം കൊടുത്തു. അവന്‍, അവരുടെ കന്നുകാലികള്‍ക്കെല്ലാം പകരമായി അവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ആഹാരം നല്കി.
18: അടുത്ത വര്‍ഷം അവര്‍ ജോസഫിന്റെയടുത്തുചെന്നു പറഞ്ഞു: പണം തീര്‍ന്ന കാര്യം യജമാനനില്‍നിന്നു ഞങ്ങള്‍ ഒളിച്ചുവയ്ക്കുന്നില്ല. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടേതായി; ഞങ്ങളുടെ ദേഹവും നിലവുമല്ലാതെ ഞങ്ങള്‍ക്കിനി ഒന്നും ബാക്കിയില്ലെന്ന് അങ്ങേയ്ക്കു കാണാമല്ലോ.
19: ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്മുമ്പില്‍ നശിക്കാതിരിക്കാന്‍ ഞങ്ങളെയും നിലത്തെയും വാങ്ങി പകരം ഞങ്ങള്‍ക്കാഹാരംതരുക. ഞങ്ങളും നിലവും ഫറവോയ്ക്ക് അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ മരിച്ചുപോകാതിരിക്കാനും നിലം ശൂന്യമാകാതിരിക്കാനുംവേണ്ടി ഞങ്ങള്‍ക്കു ധാന്യംനല്‍കുക.
20: അതുകൊണ്ട് ജോസഫ് ഈജിപ്തിലെ നിലംമുഴുവന്‍ ഫറവോയ്ക്കുവേണ്ടി വാങ്ങി. ക്ഷാമം വളരെ കഠിനമായിത്തീര്‍ന്നതിനാല്‍ ഈജിപ്തുകാരെല്ലാവരും തങ്ങളുടെ നിലംവിറ്റു. അങ്ങനെ നിലമെല്ലാം ഫറവോയുടേതായി.
21: ഈജിപ്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെയുള്ള സകലരും അടിമകളായി.
22: പുരോഹിതന്മാരുടെ നിലംമാത്രം അവന്‍ വാങ്ങിയില്ല. പുരോഹിതന്മാര്‍ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
23: ജോസഫ് ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാന്‍ നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോയ്ക്കായി വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, കൊണ്ടുപോയി വിതച്ചുകൊള്ളുവിന്‍.
24: കൊയ്യുമ്പോള്‍ അഞ്ചിലൊന്നു ഫറവോയ്ക്കുകൊടുക്കണം. അഞ്ചില്‍ നാലും നിങ്ങളുടേതായിരിക്കും. വിത്തിനായും നിങ്ങള്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആഹാരത്തിനായും അതെടുത്തുകൊള്ളുക.
25: അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. യജമാനനു ഞങ്ങളില്‍ കൃപയുണ്ടാകണം. ഞങ്ങള്‍ ഫറവോയുടെ അടിമകളായിരുന്നുകൊള്ളാം.
26: അങ്ങനെ ജോസഫ് ഈജിപ്തിലെ നിലത്തെ സംബന്ധിച്ച്, അഞ്ചിലൊന്നു ഫറവോയ്ക്ക് എന്നൊരു നിയമമുണ്ടാക്കി. അതിന്നും നിലനില്‍ക്കുന്നു. പുരോഹിതന്മാരുടെ നിലംമാത്രം ഫറവോയുടേതായില്ല.

യാക്കോബിന്റെ അന്ത്യാഭിലാഷം

27: ഇസ്രായേല്‍ ഈജിപ്തിലെ ഗോഷെന്‍ദേശത്തു പാര്‍ത്തു. അവര്‍ക്കവിടെ ധാരാളം സ്വത്തുണ്ടായി. അവര്‍ സന്താനസമൃദ്ധിയുള്ളവരായി പെരുകി.
28: യാക്കോബ് ഈജിപ്തില്‍ പതിനേഴുവര്‍ഷം ജീവിച്ചു. യാക്കോബിന്റെ ആയുഷ്‌കാലം നൂറ്റിനാല്പത്തിയേഴു വര്‍ഷമായിരുന്നു.
29: മരണസമയമടുത്തപ്പോള്‍ ഇസ്രായേല്‍ ജോസഫിനെ വിളിച്ചു പറഞ്ഞു: നിനക്കെന്നില്‍ പ്രീതിയുണ്ടെങ്കില്‍, എന്നോടു വിശ്വസ്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കാമെന്ന്, എന്റെ തുടയ്ക്കുകീഴെ കൈവച്ചു സത്യംചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്‌കരിക്കരുത്.
30: എനിക്ക്, എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കുന്നതിന് എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരുടെ ശ്മശാനത്തിലടക്കുക. ജോസഫ് സമ്മതിച്ചു: അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം.
31: എന്നോടു സത്യംചെയ്യുക. അവനാവശ്യപ്പെട്ടു. ജോസഫ് സത്യംചെയ്തു. അപ്പോൾ ഇസ്രായേൽ കട്ടിൽത്തലയ്ക്കൽ ശിരസ്സുനമിച്ചു.

പതിമൂന്നാം ദിവസം: ഉല്പത്തി 42 - 44


 അദ്ധ്യായം 42


ജോസഫിന്റെ സഹോദരന്മാര്‍ ഈജിപ്തിലേക്ക്


1: ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?
2: അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നിലനിറുത്താന്‍വേണ്ടി അവിടെപ്പോയി നമുക്കുവേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.
3: ജോസഫിന്റെ പത്തു സഹോദരന്മാര്‍ ധാന്യംവാങ്ങാന്‍ ഈജിപ്തിലേക്കു പോയി.
4: എന്നാല്‍, യാക്കോബ്, ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടംപിണയുമെന്ന് അവന്‍ ഭയപ്പെട്ടു.
5: അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.
6: ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്മാര്‍ വന്ന്, അവനെ നിലംപറ്റെ താണുവണങ്ങി.
7: ജോസഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ, അവന്‍ അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.
8: ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവരവനെയറിഞ്ഞില്ല.
9: അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവനവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.
10: അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യംവാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.
11: അങ്ങയുടെ ദാസന്മാര്‍ ചാരന്മാരല്ല.
12: അവന്‍ പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.
13: അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്മാര്‍. ഏറ്റവുമിളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെകൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
14: ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്‍തന്നെ.
15: ഫറവോയുടെ ജീവനെപ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മനസ്സിലാക്കും. നിങ്ങളിലൊരാളെ പറഞ്ഞയയ്ക്കുക.
16: അവന്‍ ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്മാരാണ്.
17: അവന്‍ അവരെയെല്ലാം മൂന്നുദിവസം തടവില്‍ പാര്‍പ്പിച്ചു.
18: മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
19: സത്യസന്ധരെങ്കില്‍ സഹോദരന്മാരായ നിങ്ങളിലൊരുവന്‍ ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.
20: നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.
21: അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്നു കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.
22: അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേ തെറ്റു ചെയ്യരുതെന്ന് ഞാനന്നു പറഞ്ഞില്ലേ? നിങ്ങളതു കേട്ടില്ല. അവന്റെ രക്തം, ഇപ്പോള്‍ പകരംചോദിക്കുകയാണ്.
23: തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്സിലായെന്ന് അവരറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.
24: ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയികരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍നിന്ന്, അവര്‍ കാണ്‍കേ, ശിമയോനെ പിടിച്ചു ബന്ധിച്ചു.
25: അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ പണം തിരിയേവയ്ക്കാനും യാത്രയ്ക്കു വേണ്ടതുകൊടുക്കാനും അവന്‍ കല്പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്തു.
26: ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍ യാത്രതിരിച്ചു.
27: വഴിയമ്പലത്തില്‍വച്ചു കഴുതയ്ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍കൊടുത്ത പണം, ചാക്കിന്റെ മുകള്‍ഭാഗത്തിരിക്കുന്നതു കണ്ടു.
28: അവന്‍ സഹോദരന്മാരോടു പറഞ്ഞു: എന്റെ പണം ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഹൃദയം സ്തംഭിച്ചുപോയി. പേടിച്ചുവിറച്ചു മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണു ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നത്?
29: കാനാന്‍ദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്തു തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു.
30: നാടിന്റെ അധിപന്‍ ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. നാട്ടില്‍ ചാരവൃത്തിക്കെത്തിയവരായി അവന്‍ ഞങ്ങളെ കണക്കാക്കി.
31: ഞങ്ങളവനോടു പറഞ്ഞു; ഞങ്ങള്‍ സത്യസന്ധരാണ്. ചാരന്മാരല്ല.
32: ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങള്‍. ഒരുവന്‍ ജീവിച്ചിരിപ്പില്ല. ഇളയവന്‍ കാനാന്‍ദേശത്തു പിതാവിന്റെകൂടെയുണ്ട്.
33: അപ്പോള്‍, നാടിന്റെ അധിപനായ ആ മനുഷ്യന്‍ പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോയെന്ന് എനിക്കറിയാന്‍വേണ്ടി നിങ്ങളിലൊരാളെ എന്റെയടുത്തു നിറുത്തുവിന്‍. മറ്റുള്ളവര്‍ വീട്ടിലെ ക്ഷാമമകറ്റാന്‍ ധാന്യവും വാങ്ങിക്കൊണ്ടു പോകുവിന്‍.
34: നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്മാരല്ല, സത്യസന്ധരാണെന്ന് എനിക്കു ബോദ്ധ്യമാകും. അപ്പോള്‍ നിങ്ങളുടെ സഹോദരനെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ നാട്ടില്‍ കച്ചവടംനടത്തുകയുമാകാം.
35: അവര്‍ ചാക്കഴിച്ച്, ധാന്യംകുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ പിതാവും ഇതുകണ്ടു ഭയപ്പെട്ടു.
36: യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങളെനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്കു പ്രതികൂലമായിരിക്കുന്നു.
37: റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാനവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്പിക്കുക, ഞാനവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.
38: യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകന്‍ നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരന്‍ മരിച്ചുപോയി. ഇനി അവന്‍ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.


 അദ്ധ്യായം 43


ബഞ്ചമിനും ഈജിപ്തിലേക്ക്
1: നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.
2: ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടുംപോയി കുറച്ചു ധാന്യംകൂടെ വാങ്ങിക്കൊണ്ടുവരുവിന്‍.
3: അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ലെന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തുപറഞ്ഞിട്ടുണ്ട്.
4: ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
5: അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക്, എന്നെക്കാണാന്‍ സാധിക്കയില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.
6: ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടെയുണ്ടെന്ന് അവനോടു പറഞ്ഞ്, എന്നെ ദ്രോഹിച്ചതെന്തിന്?
7: അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെ സഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടുവരുവിനെന്ന് അവൻ പറയുമെന്നു ഞങ്ങള്‍ക്കൂഹിക്കുവാന്‍ കഴിയുമായിരുന്നോ?
8: അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെകൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
9: അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍നിന്ന് അങ്ങേയ്ക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുമ്പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം, എന്നുമെന്റെമേലായിരിക്കട്ടെ.
10: നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാംപ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
11: അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്ടോത്പന്നങ്ങള്‍ കുറേശ്ശെയെടുത്ത്, അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോടനണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം.
12: പണം ഇരട്ടിയെടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍വച്ചു തിരിച്ചയച്ച പണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
13: നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെയടുത്തേക്കു പൊയ്‌ക്കൊള്ളുക.
14: സര്‍വ്വശക്തനായ ദൈവം അവന്റെമുമ്പില്‍ നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
15: സമ്മാനവും ഇരട്ടിത്തുകയുമെടുത്ത്, ബഞ്ചമിനോടുകൂടെ അവര്‍ ഈജിപ്തിലെത്തി ജോസഫിന്റെമുമ്പില്‍ ഹാജരായി.
16: അവരുടെകൂടെ ബഞ്ചമിനെക്കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെകൂടെയായിരിക്കും ഭക്ഷണം കഴിക്കുക.
17: ജോസഫ് പറഞ്ഞതുപോലെ അവനവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18: വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേവച്ചിരുന്ന പണം കാരണമാണ് അവന്‍ നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
19: അവസരമുണ്ടാക്കി നമ്മെ കീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം.
20: അതുകൊണ്ട്, അവര്‍ വീട്ടുവാതില്ക്കല്‍വച്ച് ജോസഫിന്റെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുമ്പൊരിക്കല്‍ ധാന്യംവാങ്ങുന്നതിനു ഞങ്ങളിവിടെ വന്നിരുന്നു.
21: മടക്കയാത്രയില്‍ വഴിയമ്പലത്തില്‍വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെയിരിക്കുന്നു. ഞങ്ങളതു തിരിയേക്കൊണ്ടുവന്നിട്ടുണ്ട്.
22: ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചതാരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
23: അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന്‍ ശിമയോനെ അവരുടെയടുത്തേക്കു കൊണ്ടുവന്നു.
24: അനന്തരം അവരെ ജോസഫിന്റെ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളംകൊടുത്തു. അവര്‍ കാല്‍കഴുകി.
25: കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്കു ജോസഫ് വരുന്നതിനുമുമ്പ് അവര്‍ സമ്മാനമൊരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവരറിഞ്ഞിരുന്നു.
26: ജോസഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവരവനെ താണുവീണു വണങ്ങി. അവന്‍ അവരോടു കുശലം ചോദിച്ചു:
27: നിങ്ങളുടെ പിതാവിനു സുഖംതന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
28: അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖംതന്നെ. അദ്ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി.
29: അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന്‍ ബഞ്ചമിനെകണ്ടു - തന്റെ അമ്മയുടെ മകന്‍. അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്‍? മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.
30: തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു.
31: അവന്‍ മുഖംകഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ടു പറഞ്ഞു: ഭക്ഷണം വിളമ്പുക.
32: അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെകൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു.
33: മൂത്തവന്‍മുതല്‍ ഇളയവൻവരെ മൂപ്പനുസരിച്ച്, അവര്‍ അവന്റെ മുമ്പിലിരുന്നു. അവരമ്പരന്ന്, അന്യോന്യംനോക്കി.
34: ജോസഫ് തന്റെ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേതിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച്, അവനോടൊപ്പമുല്ലസിച്ചു.

 അദ്ധ്യായം 44

ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു
1: ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ മുകള്‍ഭാഗത്തു വയ്ക്കണം.
2: ഇളയവന്റെ ചാക്കിന്റെ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്റെകൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന്‍ ജോസഫ് പറഞ്ഞതുപോലെ ചെയ്തു.
3: നേരംപുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടെ യാത്രയാക്കി.
4: അവര്‍ നഗരംവിട്ട് അധികം കഴിയുംമുമ്പ്, ജോസഫ് കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്? നിങ്ങള്‍ എന്റെ വെള്ളിക്കപ്പു കട്ടെടുത്തതെന്തിന്?
5: ഇതില്‍നിന്നല്ലേ, എന്റെ യജമാനന്‍ പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനംനടത്തുന്നത്? നിങ്ങള്‍ചെയ്തതു തെറ്റായിപ്പോയി.
6: അവരുടെ ഒപ്പമെത്തിയപ്പോള്‍ അവനവരോട് അപ്രകാരംതന്നെ പറഞ്ഞു.
7: അവരവനോടു പറഞ്ഞു: യജമാനൻ എന്താണിങ്ങനെ സംസാരിക്കുന്നത്? അങ്ങയുടെ ദാസന്മാര്‍ ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാനിടയാകാതിരിക്കട്ടെ!
8: ഞങ്ങളുടെ ചാക്കില്‍ക്കണ്ട പണം കാനാന്‍ദേശത്തുനിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍പ്പിന്നെ ഞങ്ങള്‍ അങ്ങയുടെ യജമാനന്റെ വീട്ടില്‍നിന്നു പൊന്നും വെള്ളിയും മോഷ്ടിക്കുമോ?
9: അത് അങ്ങയുടെ ദാസരില്‍ ആരുടെ പക്കൽക്കാണുന്നുവോ അവന്‍ മരിക്കണം. ഞങ്ങളെല്ലാവരും യജമാനന് അടിമകളുമായിക്കൊള്ളാം.
10: അവന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അതാരുടെ കൈയില്‍ക്കാണുന്നുവോ, അവനെന്റെ അടിമയാകും. മറ്റുള്ളവര്‍ നിരപരാധരായിരിക്കും.
11: ഉടന്‍തന്നെ ഓരോരുത്തരും താന്താങ്ങളുടെ ചാക്കു താഴെയിറക്കി കെട്ടഴിച്ചു.
12: മൂത്തവന്‍മുതല്‍ ഇളയവന്‍വരെ എല്ലാവരെയും അവന്‍ പരിശോധിച്ചു.
13: ബഞ്ചമിന്റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.
14: യൂദായും സഹോദരന്മാരും ജോസഫിന്റെ വീട്ടിലെത്തി. അവന്‍ അപ്പോഴും അവിടെയുണ്ടായിരുന്നു. അവര്‍ അവന്റെ മുമ്പില്‍ കമിഴ്ന്നുവീണു.
15: ജോസഫ് അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്? എന്നെപ്പോലൊരുവന് ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?
16: യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണു യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന് എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ് - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.
17: എന്നാല്‍, അവന്‍ പറഞ്ഞു: ഞാനൊരിക്കലും അങ്ങനെ ചെയ്യുകയില്ല. കപ്പു കൈവശമിരുന്നവന്‍മാത്രം എനിക്ക് അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്റെയടുത്തേക്കു പോകാം.
18: അപ്പോള്‍ യൂദാ അവന്റെ അടുത്തുചെന്നു പറഞ്ഞു: എന്റെ യജമാനനേ, ഒരു വാക്കുകൂടെ പറഞ്ഞുകൊള്ളട്ടെ! എന്റെനേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്ക്കു സമനാണല്ലോ.
19: യജമാനനായ അങ്ങു ദാസന്മാരോട്, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു.
20: അപ്പോള്‍, ഞങ്ങള്‍ യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്ധനായ പിതാവും പിതാവിന്റെ വാര്‍ദ്ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്റെ സഹോദരന്‍ മരിച്ചുപോയി. അവന്റെ അമ്മയുടെ മക്കളില്‍ അവന്‍മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്.
21: അപ്പോള്‍ അങ്ങ്, അങ്ങയുടെ ദാസരോട്, അവനെ എന്റെയടുത്തുകൂട്ടിക്കൊണ്ടു വരുക. എനിക്കവനെക്കാണണമെന്നു പറഞ്ഞു.
22: ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു പിതാവിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന്‍ പോന്നാല്‍ പിതാവു മരിച്ചുപോകും.
23: നിങ്ങളുടെ സഹോദരന്‍കൂടെ വരുന്നില്ലെങ്കില്‍ നിങ്ങളിനി എന്നെക്കാണുകയില്ലെന്ന് അങ്ങു പറഞ്ഞു.
24: അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്റെ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങളവനെ അറിയിച്ചു.
25: പിതാവു ഞങ്ങളോട്, വീണ്ടുംപോയി കുറെ ധാന്യംകൂടെ വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
26: ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടെ അയയ്ക്കുന്നപക്ഷം ഞങ്ങള്‍പോകാം. ബാലന്‍കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെക്കാണാന്‍ സാധിക്കയില്ലെന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.
27: അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: എന്റെ ഭാര്യ, രണ്ടു പുത്രന്മാരെ എനിക്കു നല്കിയെന്നു നിങ്ങള്‍ക്കറിയാമല്ലോ.
28: ഒരുവന്‍ എന്നെവിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല.
29: ഇവനെയും കൊണ്ടുപോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക.
30: അവന്റെ ജീവന്‍ ബാലന്റെ ജീവനുമായി ബന്ധിക്കപ്പെട്ടിരിക്കകൊണ്ട്
31: ഞാന്‍ അവനെക്കൂടാതെ പിതാവിന്റെ അടുത്തുചെന്നാല്‍ ബാലനില്ലെന്നുകാണുമ്പോള്‍ അവന്‍ മരിക്കും. വൃദ്ധനായ പിതാവിനെ ദുഃഖത്തോടെ ഞങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കുംചെയ്യുക.
32: കൂടാതെ, ഞാനവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍, അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ് അങ്ങയുടെ ദാസനായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്റെ മുമ്പില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്.
33: അതിനാല്‍ ബാലനുപകരം അങ്ങയുടെ അടിമയായി നില്ക്കാന്‍ എന്നെയനുവദിക്കണമെന്നു ഞാനപേക്ഷിക്കുന്നു. ബാലന്‍ സഹോദരന്മാരുടെകൂടെ തിരിച്ചു പൊയ്‌ക്കൊള്ളട്ടെ.
34: അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്റെയടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാനെങ്ങനെ സഹിക്കും?

പന്ത്രണ്ടാം ദിവസം: ഉല്പത്തി 39 - 41

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



 അദ്ധ്യായം 39

ജോസഫും പൊത്തിഫറും
1: ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെക്കൊണ്ടുചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്നു ഫറവോയുടെ ഒരുദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കുവാങ്ങി.      
2: കര്‍ത്താവു ജോസഫിന്റെകൂടെയുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവനു ശ്രേയസ്സുണ്ടായി. ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന്‍.       
3: കര്‍ത്താവ്, അവന്റെകൂടെയുണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്സിലായി.        
4: അവന്‍ യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന്‍ ജോസഫിനെയേല്പിച്ചു.       
5: ആ ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പിച്ചനാള്‍മുതല്‍ ജോസഫിനെയോര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെയനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി.       
6: അവന്‍ തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.       
7: ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെകൂടെ ശയിക്കുക. അവള്‍ അവനോടാവശ്യപ്പെട്ടു.       
8: പക്ഷേ, അവന്‍ വഴങ്ങിയില്ല. അവനവളോടു പറഞ്ഞു: ഞാനുള്ളതുകൊണ്ട്‌, യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.       
9: എല്ലാമവന്‍ എന്റെ കൈയിലേല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റിനിറുത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാനെങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപംചെയ്യുക?      
10: അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല.      
11: ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.       
12: വേലക്കാരാരും അകത്തില്ലായിരുന്നു. അപ്പോള്‍, അവളവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെകൂടെ ശയിക്കുക.       
13: മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവനോടി, വീട്ടില്‍നിന്നു പുറത്തുവന്നു. കുപ്പായം, തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നുകണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:       
14: നമുക്കപമാനംവരുത്താന്‍ അവനിതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവനെന്നെ സമീപിച്ചു.       
15: എന്നാല്‍ ഞാനുച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളികേട്ടപ്പോള്‍, അവന്‍ പുറങ്കുപ്പായം എന്റെയരികിലിട്ടിട്ട്, ഓടി വീട്ടില്‍നിന്നു പുറത്തുകടന്നു.       
16: അവന്റെ യജമാനന്‍ തിരിച്ചുവരുവോളം അവളാ കുപ്പായം സൂക്ഷിച്ചു.       
17: അവള്‍ അവനോടിപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.       
18: എന്നാല്‍ ഞാനുച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ടു വീട്ടില്‍നിന്ന് ഓടിപ്പുറത്തുകടന്നു.      
19 : ഇതാണ്, അങ്ങയുടെ വേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്റെ യജമാനന്‍ രോഷാകുലനായി.       
20 : അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.        

ജോസഫ് കാരാഗൃഹത്തില്‍
21: കര്‍ത്താവു ജോസഫിന്റെകൂടെയുണ്ടായിരുന്നു. അവിടുന്നവനോടു കാരുണ്യംകാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതിലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.       
22: കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.       
23: അവിടെ, എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ്, അവന്റെകൂടെയുണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയുംചെയ്തു.

 അദ്ധ്യായം 40

ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു
1: കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ തെറ്റു ചെയ്തു.    
2: ഈ രണ്ടുദ്യോഗസ്ഥന്മാര്‍ക്കുമെതിരേ ഫറവോ കുപിതനായി.    
3: അവനവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണു കഴിഞ്ഞിരുന്നത്.    
4: കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവിൽക്കിടന്നു.    
5: തടവറയില്ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും, പാചകനും - ഒരു രാത്രിയില്‍ വേറെവേറെ അര്‍ത്ഥമുള്ള സ്വപ്നമുണ്ടായി.    
6: ജോസഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.    
7: തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തുകഴിയുന്ന ആ ഉദ്യോഗസ്ഥന്മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്തെന്താണ് ഇന്നൊരു വിഷാദം?    
8: അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നംകണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ് പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നമെന്തെന്നു പറയൂ.    
9: പാനപാത്രവാഹകന്‍ തന്റെ സ്വപ്നം ജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു.    
10: അതില്‍ മൂന്നു ശാഖകളുണ്ടായിരുന്നു. അതു മൊട്ടിട്ടയുടനെ പുഷ്പിച്ച്, കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി.    
11: ഫറവോയുടെ പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞു പാനപാത്രത്തിലൊഴിച്ച്, അവനു കൊടുത്തു.    
12: ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്:    
13: മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുമ്പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചുകൊടുക്കും.    
14: നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച്, ഈ തടവറയില്‍നിന്ന്, എന്നെ മോചിപ്പിക്കണം.    
15: ഹെബ്രായരുടെ നാട്ടില്‍നിന്ന് അവരെന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയിലടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല.       
16: വ്യാഖ്യാനം ശുഭസൂചകമാണെന്നുകണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനുമൊരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു.       
17: ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന്, അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.       
18: ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനമിതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.       
19: പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും.        
20: മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവനൊരു വിരുന്നു നല്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധികല്പിച്ചു.       
21: പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെ കൈയില്‍ക്കൊടുത്തു.      
22: എന്നാല്‍ പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.       
23: എന്നാല്‍ പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മ്മിച്ചില്ല; അവനെ മറന്നുകളഞ്ഞു.

 അദ്ധ്യായം 41

ഫറവോയുടെ സ്വപ്നം
1: രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍ നദീതീരത്തു നില്ക്കുകയായിരുന്നു.      
2: കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടു നിന്നു.      
3: അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെ ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തുനിന്നിരുന്ന മറ്റുപശുക്കളുടെയരികില്‍ വന്നു നിന്നു.       
4: മെലിഞ്ഞു വിരൂപമായ പശുക്കള്‍, കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.       
5: അവന്‍ വീണ്ടുമുറങ്ങിയപ്പോള്‍ വേറൊരു സ്വപ്നമുണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.       
6: തുടര്‍ന്ന് ഏഴു കതിരുകള്‍കൂടെ ഉയര്‍ന്നുവന്നു. അവ ശുഷ്കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.    
7: ശോഷിച്ച ഏഴുകതിരുകള്‍, പുഷ്ടിയുഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍, അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്സിലായി. നേരംപുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി.       
8: ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.       
9: അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ്, ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.       
10: ഫറവോ തന്റെ ദാസന്മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ വീട്ടില്‍ തടവിലിട്ടു.      
11: ഒരു രാത്രി ഞങ്ങളിരുവരും സ്വപ്നം കണ്ടു - വ്യത്യസ്തമായ അര്‍ത്ഥമുള്ള സ്വപ്നങ്ങള്‍.       
12: ഞങ്ങളുടെകൂടെ ഒരു ഹെബ്രായ യുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവനതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്.       
13: അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.       
14: അപ്പോള്‍ ഫറവോ ജോസഫിനെ ആളയച്ചു വരുത്തി. അവരവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍നിന്നു പുറത്തുകൊണ്ടുവന്നു. അവന്‍ ക്ഷൗരംചെയ്ത്, ഉടുപ്പുമാറി ഫറവോയുടെ മുമ്പില്‍ ഹാജരായി.       
15: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.       
16: ജോസഫ് ഫറവോയോടു പറഞ്ഞു: അത്, എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം നല്‍കും.       
17: ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു.       
18: കൊഴുത്ത് അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.       
19: അവയ്ക്കു പുറകേ മെലിഞ്ഞുവിരൂപമായ ഏഴുപശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല.        
20: ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,       
21: എന്നാല്‍ മെലിഞ്ഞ പശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം മുമ്പെന്നപോലെതന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.       
22: വീണ്ടും സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു.      
23: തുടര്‍ന്നു ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍ പൊങ്ങിവന്നു.       
24: ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍ അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.       
25: അപ്പോള്‍ ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ! താനുടനെ ചെയ്യാന്‍പോകുന്നതെന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.       
26: ഏഴു നല്ല പശുക്കള്‍ ഏഴുവര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴുവര്‍ഷംതന്നെ; സ്വപ്നങ്ങളുടെ അര്‍ത്ഥം ഒന്നുതന്നെ.      
27: അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകള്‍ ക്ഷാമത്തിന്റെ ഏഴുവര്‍ഷമാണ്.       
28: ഞാനങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍പോകുന്നതെന്തെന്ന്, അവിടുന്നു ഫറവോയ്ക്കു കാണിച്ചുതന്നിരിക്കുന്നു.       
29: ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു.       
30: അതേത്തുടര്‍ന്ന്, ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
31: പിന്നാലെ വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. കാരണം, ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.       
32: സ്വപ്നമാവര്‍ത്തിച്ചതിന്റെ അര്‍ത്ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്.      
33: അതുകൊണ്ട്, ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം.       
34: ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ച്, സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം.       
35: വരാന്‍പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അതു ഫറവോയുടെ അധികാരത്തിന്‍കീഴ്‌, നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചുവയ്ക്കണം.       
36: ഈജിപ്തില്‍ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കുമത്. അങ്ങനെ, നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

ജോസഫ് ഈജിപ്തിന്റെ അധിപന്‍
37: ഈ നിര്‍ദ്ദേശം കൊള്ളാമെന്നു ഫറവോയ്ക്കും അവന്റെ സേവകന്മാര്‍ക്കും തോന്നി.       
38: ഫറവോ സേവകന്മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:       
39: ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.       
40: നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.       
41: ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.       
42: ഫറവോ തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്തു ജോസഫിനെണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയിടുകയുംചെയ്തു.       
43: അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിനെന്ന് അവര്‍ അവനുമുമ്പേ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.       
44: ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോയാണ്. നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.       
45: അവന്‍ ജോസഫിനു സാഫ്‌നത്ത്ഫാനെയ എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്നത്തിനെ അവനു ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.       
46: ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുമ്പില്‍നിന്നു പോയി അവന്‍ ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു.       
47: സുഭിക്ഷത്തിന്റെ ഏഴുവര്‍ഷം, ഭൂമി സമൃദ്ധമായി വിളവു നല്കി.       
48: ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു.       
49: കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം, ജോസഫ് ശേഖരിച്ചുവച്ചു. അത്, അളക്കാന്‍വയ്യാത്തതുകൊണ്ട്, അവന്‍ അളവുനിറുത്തി.       
50: ക്ഷാമകാലം തുടങ്ങുംമുമ്പ്, ഓനിന്റെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവനു രണ്ടു പുത്രന്മാര്‍ ജനിച്ചു.       
51: എന്റെ കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവമിടയാക്കിയിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്, അവന്‍ തന്റെ കടിഞ്ഞൂല്‍പ്പുത്രനെ മനാസ്സെ എന്നു വിളിച്ചു.       
52: രണ്ടാമനെ അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ നാട്ടില്‍ ദൈവമെന്നെ സന്താനപുഷ്ടിയുള്ളവനാക്കിയിരിക്കുന്നുവെന്ന് അവന്‍ പറഞ്ഞു.       
53: ഈജിപ്തിലെ സമൃദ്ധിയുടെ ഏഴുവര്‍ഷമവസാനിച്ചു.       
54: ജോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍ ഈജിപ്തില്‍ ആഹാരമുണ്ടായിരുന്നു.       
55: ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിനപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെയടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.      
56: ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന്, ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.       
57: ജോസഫിന്റെ പക്കല്‍നിന്നു ധാന്യംവാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.

പതിനൊന്നാം ദിവസം: ഉല്പത്തി 36 - 38

ഇന്നത്തെ വചനഭാഗങ്ങൾ യൂട്യൂബിൽ കാണാം.



അദ്ധ്യായം 36

ഏസാവ് ഏദോമ്യരുടെ പിതാവ്
1: ഏദോം എന്നുകൂടെ പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.       
2: കാനാന്യസ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.       
3: ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണു ബസ്മത്ത്.       
4: ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.       
5: ഒഹോലിബാമായില്‍നിന്ന് അവനു യവുഷുവും യാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍.       
6: ഏസാവ്, ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെവിട്ട്, അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു.       
7: അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.       
8: അതുകൊണ്ട്, ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.       
9: സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:       
10: ഏസാവിന്റെ പുത്രന്മാരുടെ പേരുകള്‍: ഏസാവിനു ഭാര്യയായ ആദായിലുണ്ടായ മകന്‍ എലിഫാസ്. ഭാര്യയായ ബസ്മത്തിലുണ്ടായ മകന്‍ റവുവേല്‍.       
11: എലിഫാസിന്റെ പുത്രന്മാര്‍ തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്.       
12: ഏസാവിന്റെ മകന്‍ എലിഫാസിനു തിമ്‌നാ എന്നൊരുപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന്‍ ജനിച്ചു. ഏസാവിനു ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍.       
13: റവുവേലിന്റെ പുത്രന്മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.       
14: സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്മാരാണു യവൂഷും, യാലാമും, കോറഹും.       
15: ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,       
16: കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോംനാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്മാരാണ്.       
17: ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്മാര്‍: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാ. ഏദോംനാട്ടില്‍ റവുവേലില്‍നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്.       
18: ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്മാര്‍: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍നിന്നുള്ള നായകന്മാരാണ്.       
19: ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്മാരുമാണ്.       
20: അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,       
21: ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോംനാട്ടിലെ സെയിറിന്റെ പുത്രന്മാരും ഹോര്യയിലെ പ്രമാണികളുമാണ്.      
22: ലോത്താന്റെ പുത്രന്മാര്‍ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ.       
23: ഷോബാലിന്റെ പുത്രന്മാര്‍ അല്‍വാന്‍, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.       
24: സിബയോന്റെ പുത്രന്മാര്‍: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെത്തിയ ആനാ ഇവന്‍തന്നെയാണ്.       
25: ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.       
26: ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്മാര്‍.       
27: ഏസെറിന്റെ പുത്രന്മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.       
28: ദീഷാന്റെ പുത്രന്മാരായിരുന്നു ഊസും അരാനും.       
29: ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍.       
30: ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.       
31: ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജഭരണമാരംഭിക്കുന്നതിനുമുമ്പ് ഏദോംനാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;       
32: ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേരു ദിന്‍ഹാബാ എന്നായിരുന്നു.       
33: ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.        
34: യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.       
35: ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.       
36: ഹദാദ് മരിച്ചപ്പോള്‍ മസ്റേക്കായിലെ സമ്‌ലാ രാജാവായി.  
37: സമ്‌ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.       
38: സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.       
39: അക്‌ബോറിന്റെ മകനായ ബാല്‍ഹാനാൻ മരിച്ചപ്പോള്‍, ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേരു പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.      
40: കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്‌ന, അല്‍വാ, യത്തത്ത്,       
41: ഒഹോലിബാമാ, ഏലാ, പിനോന്‍,       
42: കെനസ്, തേമാന്‍, മിബ്‌സാര്‍,       
43: മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.

അദ്ധ്യായം 37

ജോസഫിനെ വില്ക്കുന്നു
1: യാക്കോബ്, തന്റെ പിതാവു പരദേശിയായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു.       
2: ഇതാണു യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്സുള്ളപ്പോള്‍ ജോസഫ് സഹോദരന്മാരുടെകൂടെ ആടുമേയ്ക്കുകയായിരുന്നു. അവന്‍ തന്റെ പിതാവിന്റെ ഭാര്യമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും മക്കളുടെകൂടെയായിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്തകള്‍ അവന്‍ പിതാവിനെ അറിയിച്ചു.       
3: ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ദ്ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിനുവേണ്ടിയുണ്ടാക്കി.       
4: പിതാവു ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നുവെന്നുകണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.       
5: ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവനതു സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവരവനെ കൂടുതല്‍വെറുത്തു.       
6: അവന്‍ അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക:       
7: നമ്മള്‍ പാടത്തു കറ്റകെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റുംവന്ന്, എന്റെ കറ്റയെ താണുവണങ്ങി.       
8: അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്നവും വാക്കുകളുംകാരണം അവരവനെ അത്യധികം ദ്വേഷിച്ചു.       
9: അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങി.       
10: അവന്‍ ഇതു പിതാവിനോടും സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ്, അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?       
11: സഹോദരന്മാര്‍ക്ക്, അവനോടസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു.      
12: അവന്റെ സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു:       
13: നിന്റെ സഹോദരന്മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു.       
14: നീ പോയി നിന്റെ സഹോദരന്മാര്‍ക്കും ആടുകള്‍ക്കും ക്ഷേമംതന്നെയോ എന്നന്വേഷിച്ച്, വിവരമെന്നെ അറിയിക്കണം. ജോസഫിനെ അവന്‍ ഹെബ്രോണ്‍ താഴ്‌വരയില്‍നിന്നു യാത്രയാക്കി. അവന്‍ ഷെക്കെമിലേക്കു പോയി.      
15: അവന്‍ വയലില്‍ അലഞ്ഞുതിരിയുന്നതുകണ്ട ഒരാള്‍ അവനോടു ചോദിച്ചു:       
16: നീ അന്വേഷിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്മാരെയന്വേഷിക്കുകയാണ്. അവരെവിടെയാണ് ആടുമേയ്ക്കുന്നതെന്നു ദയവായി പറഞ്ഞുതരിക.       
17: അവന്‍ പറഞ്ഞു: അവര്‍ ഇവിടെനിന്നുപോയി. പോകുമ്പോള്‍ നമുക്കു ദോത്താനിലേക്കു പോകാമെന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍വച്ച്, അവനവരെ കണ്ടുമുട്ടി.      
18: ദൂരെവച്ചുതന്നെ അവരവനെ കണ്ടു. അവന്‍ അടുത്തെത്തും മുമ്പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി.       
19: അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്.       
20: വരുവിന്‍, നമുക്ക് അവനെക്കൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ.       
21: റൂബന്‍ ഇതുകേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്.       
22: അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേല്പിക്കരുത്. അവനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു പിതാവിനു തിരിച്ചേല്പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്.       
23: അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു.       
24: അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.       
25: അവര്‍ ഭക്ഷണംകഴിക്കാനിരുന്നപ്പോള്‍, ഗിലയാദില്‍നിന്നുവരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തുകയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു.      
26: അപ്പോള്‍ യൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന്, അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?       
27: വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെതന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.       
28: അപ്പോള്‍ കുറേ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവരവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.       
29: റൂബന്‍ കുഴിയുടെ അടുത്തേക്കു തിരിച്ചുചെന്നു. എന്നാല്‍ ജോസഫ് കുഴിയിലില്ലായിരുന്നു.       
30: അവന്‍ തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്മാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെക്കാണാനില്ല. ഞാനിനി എവിടെപ്പോകും.       
31: അവര്‍ ഒരാടിനെക്കൊന്ന്, ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി.       
32: കൈനീളമുള്ള ആ നീണ്ടകുപ്പായം തങ്ങളുടെ പിതാവിന്റെയടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു നോക്കുക.       
33: അവനതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇതെന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും.       
34: യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു.       
35: അവന്റെ പുത്രന്മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു;       
36: ഇതിനിടെ മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു.

അദ്ധ്യായം 38

യൂദായും താമാറും
1: അക്കാലത്തു യൂദാ, തന്റെ സഹോദരന്മാരെ വിട്ട്, ഹീറാ എന്നുപേരായ ഒരു അദുല്ലാംകാരന്റെ അടുത്തേക്കു പോയി.      
2: അവിടെയവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്റെ മകളെക്കണ്ടു.       
3: അവളെ ഭാര്യയായി സ്വീകരിച്ച്, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന് ഏര്‍ എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.       
4: അവനെയവള്‍ ഓനാന്‍ എന്നുവിളിച്ചു.       
5: അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തു. അവനെ അവള്‍ ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു.       
6: തന്റെ കടിഞ്ഞൂല്‍പുത്രനായ ഏറിന്, യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍ താമാര്‍ എന്നായിരുന്നു.      
7: എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്റെ മുമ്പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ് അവനെ മരണത്തിനിരയാക്കി.       
8: അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹംചെയ്ത്, സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.       
9: സന്തതി തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനുവേണ്ടി സന്താനങ്ങളെ ഉല്പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍, ബീജം നിലത്തുവീഴ്ത്തിക്കളഞ്ഞു.       
10: അവന്‍ ചെയ്തതു കര്‍ത്താവിന് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി.       
11: അപ്പോള്‍ യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു: എന്റെ മകന്‍ ഷേലാ വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്റെ പിതാവിന്റെ വീട്ടില്‍പ്പോയി താമസിച്ചു.       
12: കുറേനാള്‍ കഴിഞ്ഞ് യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു. ദുഃഖത്തിന് ആശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്റെ സുഹൃത്ത് അദുല്ലാംകാരന്‍ ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി.      
13: നിന്റെ അമ്മായിയപ്പന്‍ ആടുകളുടെ രോമംമുറിക്കാന്‍ തിമ്നായിലേക്കു പോകുന്നുണ്ട് എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:       
14: ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹംചെയ്തുകൊടുക്കുന്നില്ലെന്നുകണ്ട്, താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി.       
15: മുഖം മൂടിയിരുന്നതുകൊണ്ട്, അവള്‍ ഒരു വേശ്യയാണെന്നു യൂദാ വിചാരിച്ചു.       
16: വഴിവക്കത്ത്, അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്റെ മരുമകളാണ് അവളെന്ന് അവനറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങെനിക്ക് എന്തു പ്രതിഫലം തരും?       
17: അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്ക്കുന്നതുവരെ എന്തുറപ്പാണ് എനിക്കുതരുക?       
18: അവന്‍ ചോദിച്ചു: ഉറപ്പായി എന്താണു ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു.       
19: അവള്‍ അവിടെനിന്നുപോയി തന്റെ മൂടുപടം മാറ്റി വിധവാവസ്ത്രം ധരിച്ചു.       
20: താന്‍ ഈടുകൊടുത്തവ ആ സ്ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ അദുല്ലാംകാരനായ സ്‌നേഹിതന്റെ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.       
21: അവന്‍ സ്ഥലത്തുള്ളവരോടു ചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്ന വേശ്യയെവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല.       
22: അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ പറയുകയും ചെയ്തു.       
23: യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്ഷിച്ചുകൊള്ളട്ടെ. നമ്മെ ആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.       
24: ഏതാണ്ട്, മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്റെ മരുമകളായ താമാര്‍ വേശ്യാവൃത്തിനടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ കേട്ടു.       
25: അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടുവന്നപ്പോള്‍ അവള്‍ തന്റെ അമ്മായിയപ്പന് ഒരു സന്ദേശമയച്ചു: ദയചെയ്ത്, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്ഥനില്‍നിന്നാണു ഞാന്‍ ഗര്‍ഭിണിയായത്.       
26: അവ തന്റേതാണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണവള്‍. ഞാന്‍ അവളെ എന്റെ മകന്‍ ഷേലായ്ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട്, അവനവളെ പ്രാപിച്ചില്ല.       
27: അവള്‍ക്കു പ്രസവസമയമടുത്തു. അവളുടെ ഉദരത്തില്‍ രണ്ടുകുഞ്ഞുങ്ങളായിരുന്നു.       
28: പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ്, കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നുപറഞ്ഞു സൂതികര്‍മിണി അവന്റെ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.       
29: പക്ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു. അവന്റെ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടാക്കിയല്ലോ എന്നുപറഞ്ഞ് അവള്‍ അവനെ പേരെസ് എന്നു വിളിച്ചു.       
30: പിന്നീടു കൈയില്‍ ചുവന്ന ചരടുമായി അവന്റെ സഹോദരന്‍ പുറത്തുവന്നു. അവനു സേറഹ് എന്നുപേരിട്ടു.