പ്രഭാഷകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രഭാഷകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുനൂറ്റിയിരുപതാം ദിവസം: ജറമിയ 7 - 9


അദ്ധ്യായം 7

ദേവാലയത്തിലെ പ്രസംഗം 

1: കര്‍ത്താവു ജറെമിയായോടരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍നിന്നുകൊണ്ട്, ഇങ്ങനെ വിളംബരംചെയ്യുക: 
2: കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍. 
3: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം. 
4: കര്‍ത്താവിന്റെയാലയം, കര്‍ത്താവിന്റെയാലയം, കര്‍ത്താവിന്റെയാലയം എന്ന പൊള്ളവാക്കുകളിലാശ്രയിക്കരുത്. 
5: നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ത്ഥമായ നീതിപുലര്‍ത്തിയാല്‍, 
6: പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണംചെയ്യാതെയും ഇവിടെ നിഷ്കളങ്കരക്തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകേ പോകാതിരുന്നാല്‍, 
7: ഇവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്കിയ ഈ ദേശത്ത്, എന്നേയ്ക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെയനുവദിക്കും. 
8: ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങളാശ്രയിക്കുന്നത്, അതു വ്യര്‍ത്ഥമാണ്. 
9: നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങളറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. 
10: എന്നിട്ട്, എന്റെ നാമത്തിലുള്ള ഈയാലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? 
11: എന്റെ നാമംവഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍തന്നെ ഇതു കാണുന്നുണ്ട്- കര്‍ത്താവരുളിച്ചെയ്യുന്നു. 
12: എന്റെ നാമം ഞാനാദ്യം പ്രതിഷ്ഠിച്ച ഷീലോയില്‍ ചെന്നുനോക്കുവിന്‍. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതമൂലം ഞാനവിടെ എന്താണു ചെയ്തതെന്നു കാണുവിന്‍. 
13: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങള്‍ ചെയ്തു. ഞാന്‍ വീണ്ടുംവീണ്ടും സംസാരിച്ചിട്ടും നിങ്ങള്‍ ചെവിക്കൊണ്ടില്ല. ഞാന്‍ വിളിച്ചു; നിങ്ങള്‍ വിളികേട്ടില്ല. 
14: അതുകൊണ്ടു ഷീലോയോടുചെയ്തതുതന്നെ എന്റെ നാമത്തിലുള്ള, നിങ്ങളാശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കുമായി നല്കിയ ഈ സ്ഥലത്തോടും ഞാന്‍ പ്രവര്‍ത്തിക്കും. 
15: നിങ്ങളുടെ സഹോദരങ്ങളായ എഫ്രായിംസന്തതികളെ പുറന്ത ള്ളിയതുപോലെ നിങ്ങളെയും എന്റെ സന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളും. 


ആരാധനയിലെ അനാചാരങ്ങള്‍ 

16: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ യാചിക്കുകയോവേണ്ടാ. അവര്‍ക്കുവേണ്ടി എന്റെ മുമ്പില്‍ നീ മാദ്ധ്യസ്ഥം പറയരുത്; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കുകയില്ല. 
17: യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ തെരുവീഥികളിലും അവര്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ? 
18: ആകാശരാജ്ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്മാര്‍ തീയൂതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു. 
19: എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത് - കര്‍ത്താവു ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയിലാഴ്ത്തുന്നത്. 
20: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്റെ കോപവും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും. 
21: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ബലികളും അവയ്ക്കുമേല്‍ ദഹനബലികളുമര്‍പ്പിക്കുവിന്‍. അവയുടെ മാംസംമുഴുവന്‍ നിങ്ങള്‍തന്നെ തിന്നുവിന്‍. 
22: ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹനബലികളെപ്പറ്റിയോ ഞാനവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിരുന്നില്ല. 
23: എന്നാല്‍ ഒരു കാര്യം ഞാനവരോടു കല്പിച്ചിരുന്നു: എന്റെ വാക്കനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങളെന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. 
24: അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പു മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. 
25: നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടനാള്‍മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു. 
26: എന്നാല്‍ അവരെന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്മാരെക്കാളധികം തിന്മചെയ്തു. 
27: ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീയവരെ വിളിക്കണം; അവര്‍ വിളികേള്‍ക്കുകയില്ല. 
28: നീയവരോടു പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണംസ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. 
29: നീ മുടി അറുത്തെറിയുക; മലമുകളില്‍ക്കയറി വിലാപഗാനമാലപിക്കുക. താന്‍വെറുക്കുന്ന സന്തതിയെ കര്‍ത്താവ് ഉപേക്ഷിച്ചു പുറന്തള്ളിയിരിക്കുന്നു. 
30: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദായുടെ സന്തതി എന്റെ മുമ്പില്‍ തിന്മ ചെയ്തു. എന്റെ നാമംവഹിക്കുന്ന ആലയമശുദ്ധമാക്കാന്‍ അവരവിടെ തങ്ങളുടെ മ്ലേച്ഛതകള്‍ സ്ഥാപിച്ചു. 
31: തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഹോമിക്കാന്‍ ബന്‍ഹിന്നോംതാഴ്‌വരയില്‍ അവര്‍ തോഫെത്തിനു യാഗപീഠം നിര്‍മ്മിച്ചു. അതു ഞാന്‍ കല്പിച്ചതല്ല; ചിന്തിച്ചതുപോലുമല്ല. 
32: ആകയാല്‍ കര്‍ത്താവരുളിച്ചെയ്യുന്നു: തോഫെത് എന്നോ ബന്‍ഹിന്നോംതാഴ്‌വര എന്നോ അല്ല, കൊലയുടെ താഴ്വരയെന്ന്, അതു വിളിക്കപ്പെടുന്ന കാലംവരുന്നു. വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത് ശ്മശാനമായി മാറും. 
33: ഈ ജനത്തിന്റെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ഓടിച്ചുകളയാന്‍ ആരുമുണ്ടായിരിക്കുകയില്ല. 
34: യൂദായിലെ നഗരങ്ങളില്‍നിന്നും ജറുസലെമിലെ തെരുവീഥികളില്‍നിന്നും ആഹ്ലാദത്തിമിര്‍പ്പും ആനന്ദാരവവും മണവാളന്റെയും മണ വാട്ടിയുടെയും മധുരസ്വരവും ഞാന്‍ ഇല്ലാതാക്കും; ദേശം വിജനമായിത്തീരും.


അദ്ധ്യായം 8

1: കര്‍ത്താവരുളിച്ചെയ്യുന്നു: അക്കാലത്തു യൂദാരാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും. 
2: അവര്‍ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയുംചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശശക്തികളുടെയുംമുമ്പില്‍ അവ നിരത്തിവയ്ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്കരിക്കുകയില്ല. ചാണകംപോലെ അവ ഭൂമുഖത്തു ചിതറിക്കിടക്കും. 
3: ദുഷിച്ച ഈ തലമുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാനവരെ ചിതറിച്ച അടിമത്തത്തിന്റെ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. 

പാപവും ശിക്ഷയും 
4: നീയവരോടു പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: വീണവന്‍ എഴുന്നേല്ക്കുകയില്ലേ? വഴിതെറ്റിയവന്‍ മടങ്ങിവരാതിരിക്കുമോ? 
5: എന്തുകൊണ്ടാണീജനം ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവര്‍ക്കാസക്തി; തിരിച്ചുവരാന്‍ അവര്‍ക്കു മനസ്സില്ല. 
6: അവര്‍ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചു കേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണു ഞാനീ ചെയ്തതെന്നു പറഞ്ഞ്, ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്കുപായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്കുപോകുന്നു.
7: ആകാശത്തില്‍പ്പറക്കുന്ന ഞാറപ്പക്ഷിക്കുപോലും അതിന്റെ കാലമറിയാം; മാടപ്രാവും മീവല്‍പ്പക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയംപാലിക്കുന്നു; എന്റെ ജനത്തിനാകട്ടെ കര്‍ത്താവിന്റെ കല്പനയറിഞ്ഞുകൂടാ. 
8: ഞങ്ങള്‍ ജ്ഞാനികളാണ്; കര്‍ത്താവിന്റെ നിയമം ഞങ്ങളനുസരിക്കുന്നുവെന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍കഴിയും? നിയമജ്ഞന്മാരുടെ വ്യാജമായ തൂലിക, നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. 
9: ജ്ഞാനികള്‍ ലജ്ജിതരാകും. അവര്‍ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകളെ അവര്‍ നിരസിച്ചു. അവരുടെ ജ്ഞാനംകൊണ്ട് എന്തുഫലം? 
10: അവരുടെ ഭാര്യമാരെ ഞാനന്യര്‍ക്കു കൊടുക്കും. അവരുടെ നിലങ്ങള്‍ കവര്‍ച്ചക്കാരെയേല്‍പ്പിക്കും. എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു. 
11: അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ അവര്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേ, ‘സമാധാനം, സമാധാനം’ എന്നവര്‍ പറയുന്നു. 
12: മ്ലേച്ഛത പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല; ഒട്ടുമില്ല. ലജ്ജയെന്തെന്ന് അവര്‍ മറന്നുപോയി. അതുകൊണ്ടു മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ വിധിക്കാന്‍ വരുന്നദിവസം അവര്‍ നാശമടയും - കര്‍ത്താവരുളിച്ചെയ്യുന്നു. 
13: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്ഷത്തില്‍ കായ്കളുമില്ല, ഇലപോലും വാടിക്കൊഴിഞ്ഞു. അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെയയയ്ക്കും. 
14: നാം എന്തിനിങ്ങനെയിരിക്കുന്നു? നമുക്കൊരുമിച്ച് ഉറപ്പുള്ള നഗരങ്ങളിലേക്കുപോകാം; അവിടെവച്ചു നാം നശിച്ചുകൊള്ളട്ടെ. നമ്മുടെ ദൈവമായ കര്‍ത്താവിനെതിരേ പാപംചെയ്തതുകൊണ്ട് അവിടുന്നു വിഷംതന്നു നമ്മെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. 
15: നമ്മള്‍ സമാധാനമന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിയാഗ്രഹിച്ചു; ലഭിച്ചതോ ഭീതി. 
16: ദാനില്‍, അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം കേള്‍ക്കുന്നു. അവരുടെ പടക്കുതിരകളുടെ ഹേഷാരവം ദേശത്തെ കിടിലംകൊള്ളിക്കുന്നു. അവര്‍ ദേശത്തെയും ദേശത്തുള്ള സകലതിനെയും നഗരത്തെയും നഗരവാസികളെയും സംഹരിക്കുന്നു. 
17: ഇതാ, നിങ്ങളുടെയിടയിലേക്കു ഞാന്‍ സര്‍പ്പങ്ങളെയും അണലികളെയും വിടുന്നു. അവയെ മയക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവ നിങ്ങളെ ദംശിക്കും. കര്‍ത്താവാണ് ഇതുപറയുന്നത്. 

ജറെമിയായുടെ ദുഃഖം 
18: ശമനമില്ലാത്ത ദുഃഖത്തിലാണു ഞാന്‍; കദനഭാരം ഹൃദയത്തെ മഥിക്കുന്നു. 
19: എന്റെ ജനത്തിന്റെ വിലാപം ദേശത്തെങ്ങും മാറ്റൊലിക്കൊള്ളുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കര്‍ത്താവു സീയോനിലില്ലേ? അവളുടെ രാജാവ്, അവളുടെ മദ്ധ്യേയില്ലേ? അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്മാരെക്കൊണ്ടും എന്തിനാണെന്നെ കുപിതനാക്കിയത്? 
20: വിളവെടുപ്പു തീര്‍ന്നു, വേനല്‍ക്കാലവുമവസാനിച്ചു. എന്നിട്ടും നാം രക്ഷപെട്ടില്ല. 
21: എന്റെ ജനത്തിന്റെ മുറിവ്, എന്റെ ഹൃദയത്തെയും വ്രണിതമാക്കുന്നു. ഞാന്‍ ദുഃഖിതനാണ്; ഭീതിയെന്നെ ഗ്രസിച്ചിരിക്കുന്നു. 
22: ഗിലയാദില്‍ ഔഷധമില്ലേ? രോഗശാന്തിനല്‍കാന്‍ അവിടെ ഭിഷഗ്വരനില്ലേ? പിന്നെയെന്തുകൊണ്ടാണ് എന്റെ ജനത്തിനു രോഗശാന്തിയുണ്ടാകാത്തത്?

അദ്ധ്യായം 9

യൂദായുടെ അകൃത്യങ്ങള്‍ 

1: എന്റെ ശിരസ്സ്, ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയുമായിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാരെയോര്‍ത്തു ഞാന്‍ രാപകല്‍ കരയുമായിരുന്നു. 
2: മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെ വിട്ടകന്നുപോകുമായിരുന്നു. വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണവര്‍. 
3: വില്ലുപോലെയാണ് അവരുടെ നാവു വളയുന്നത്. സത്യമല്ലാ, കാപട്യമാണു ദേശത്തു ശക്തിപ്പെടുന്നത്. തിന്മയില്‍നിന്നു തിന്മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെയറിയുന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു. 
4: ഓരോരുത്തനും അയല്‍ക്കാരനെതിരേ കരുതലോടെയിരിക്കട്ടെ. ഒരു സഹോദരനിലും വിശ്വാസമര്‍പ്പിക്കുകയുംവേണ്ടാ; സഹോദരന്മാരൊക്കെ ചതിയന്മാരാണ്. 
5: അയല്‍ക്കാരെല്ലാവരും ഏഷണിക്കാരും. അവര്‍ അയല്‍ക്കാരനെ വഞ്ചിക്കുന്നു. ഒരുവനും സത്യംപറയുന്നില്ല. കള്ളംപറയാനാണ് അവരുടെ നാവിനു ശീലം. അതിക്രമത്തില്‍ മുഴുകിയ അവര്‍ അനുതപിക്കുന്നുമില്ല. 
6: മര്‍ദ്ദനത്തിനുമേല്‍ മര്‍ദ്ദനവും വഞ്ചനയ്ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു; അവര്‍ എന്നെയറിയാന്‍ വിസമ്മതിക്കുന്നു- കര്‍ത്താവാണിതു പറയുന്നത്. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: 
7: ഞാനവരെ ചൂളയിലുരുക്കി ശുദ്ധീകരിക്കും; എന്റെ ജനത്തോടു ഞാന്‍ മറ്റെന്താണു ചെയ്യുക? 
8: അവരുടെ നാവു മാരകമായ അസ്ത്രമാണ്; അതു വഞ്ചന പൊഴിക്കുന്നു. അയല്‍ക്കാരനോടു സൗഹാര്‍ദ്ദമായി സംസാരിക്കുമ്പോഴും അവര്‍ തങ്ങളുടെ ഹൃദയത്തില്‍ കെണിയൊരുക്കുകയാണ്. 
9: കര്‍ത്താവു ചോദിക്കുന്നു: ഈ കൃത്യങ്ങള്‍ക്കു ഞാനവരെ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരമൊരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യരുതെന്നോ? കുന്നുകളെക്കുറിച്ചു വിലപിക്കുവിന്‍. 
10: മരുഭൂമിയിലെ മേച്ചില്‍പുറങ്ങളെക്കുറിച്ചു വിലാപഗാനമാലപിക്കുവിന്‍. അവ ശൂന്യമായിരിക്കുന്നു. ആരുമതിലെ കടന്നുപോകുന്നില്ല. കന്നുകാലികളുടെ കരച്ചില്‍ കേള്‍ക്കാനില്ല; പക്ഷികളും മൃഗങ്ങളും അവിടംവിട്ടുപോയിരിക്കുന്നു. 
11: ഞാന്‍ ജറുസലെമിനെ ഒരു നാശക്കൂമ്പാരവും കുറുക്കന്റെ സങ്കേതവുമാക്കും; യൂദായിലെ നഗരങ്ങളെ വിജനഭൂമിയാക്കും. 
12: ഇതു ഗ്രഹിക്കാന്‍ ആര്‍ക്കു ജ്ഞാനമുണ്ട്? ഇതു വിളംബരംചെയ്യാന്‍ ആരോടാണു കര്‍ത്താവു കല്പിച്ചത്? ആരും വഴിനടക്കാത്തവിധം ദേശത്തെ നശിപ്പിച്ചു മരുഭൂമിപോലെ പാഴാക്കിയതെന്തിനാണ്? 
13: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ നിയമം, അവരവഗണിച്ചു; എന്റെ വാക്ക്, അവര്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. 
14: തങ്ങളുടെ പിതാക്കന്മാരെപ്പോലെ, അവരും തന്നിഷ്ടത്തില്‍ മുറുകെപ്പിടിച്ച് ബാല്‍ദേവന്റെ പിറകേ നടന്നു. 
15: ആകയാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ജനത്തെ ഞാന്‍ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും. 
16: അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജന തകളുടെ ഇടയിലേക്കു ഞാനവരെ ചിതറിക്കും. അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാളവരെ പിന്തുടരും. 
17: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വിലാപക്കാരികളെ വരുത്തുവിന്‍; അതില്‍ സമര്‍ത്ഥരായ സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍. 
18: അവര്‍ തിടുക്കത്തിലെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ. അങ്ങനെ നമ്മുടെ കണ്ണുകള്‍ നിറയട്ടെ, കണ്‍പോളകള്‍ കവിഞ്ഞൊഴുകട്ടെ. 
19: ഇതാ സീയോനില്‍നിന്ന് ഒരു വിലാപസ്വരം! നാം നശിച്ചു; നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. അവര്‍ നമ്മുടെ വീടുകള്‍ നശിപ്പിച്ചു; നാടു നമ്മളുപേക്ഷിച്ചു. 
20: സ്ത്രീകളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്നു പറയുന്നതു ശ്രദ്ധിക്കുവിന്‍. നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍. ഓരോരുത്തരും അയല്‍ക്കാരിയെ ചരമഗീതമഭ്യസിപ്പിക്കട്ടെ. 
21: മരണം നമ്മുടെ കിളിവാതിലിലൂടെ കയറിവരുന്നു. നമ്മുടെ കൊട്ടാരങ്ങളില്‍ അതു പ്രവേശിച്ചു കഴിഞ്ഞു. തെരുവുകളില്‍ കുട്ടികളും പൊതുസ്ഥലങ്ങളില്‍ യുവാക്കളും മരിച്ചുവീഴുന്നു. 
22: പറയുക, കര്‍ത്താവരുളിച്ചെയ്യുന്നു; മനുഷ്യരുടെ മൃതദേഹങ്ങള്‍ മൈതാനത്തില്‍വീഴുന്ന ചാണകംപോലെയും കൊയ്ത്തുകാരന്റെ കൈയില്‍നിന്നു പൊഴിയുന്ന കതിര്‍മണിപോലെയും നിപതിക്കും. ആരുമവ ശേഖരിക്കുകയില്ല. 
23: കര്‍ത്താവരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കാതിരിക്കട്ടെ. ബലവാന്‍ തന്റെ ബലത്തില്‍ പ്രശംസിക്കാതിരിക്കട്ടെ. സമ്പന്നന്‍ തന്റെ സമ്പത്തില്‍ വലിപ്പംഭാവിക്കാതിരിക്കട്ടെ. 
24: പ്രശംസിക്കുന്നവന്‍, ഞാന്‍ ഭൂമിയില്‍ കരുണയും ന്യായവും നീതിയുംപുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍ പ്രശംസിക്കട്ടെ. ഇതിലാണ് ഞാന്‍ ആനന്ദിക്കുന്നതെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. 
25: പരിച്ഛേദിതരെങ്കിലും അപരിച്ഛേദിതരായ എല്ലാവരെയും ഞാൻ‍ ശിക്ഷിക്കുന്ന ദിവസം ഇതാ വരുന്നു- കര്‍ത്താവരുളിച്ചെയ്യുന്നു. 
26: ഈജിപ്ത്, യൂദാ, ഏദോം, അമ്മോന്യര്‍, മൊവാബ്യര്‍, ചെന്നി വടിച്ച മരുഭൂവാസികള്‍ ഇവരെല്ലാം അപരിച്ഛേദിതരാണ്. ഇസ്രായേല്‍ഭവനം മുഴുവന്‍ ഹൃദയത്തില്‍ അപരിച്ഛേദിതരാണ്.

ഇരുനൂറ്റിപ്പത്തൊമ്പതാം ദിവസം: ജെറെമിയ 4 - 6

 
അദ്ധ്യായം 4

1: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലേ, നീ തിരിച്ചുവരാനാഗ്രഹിക്കുന്നെങ്കില്‍ എന്റെയടുത്തേക്കു വരുക.
2: എന്റെ സന്നിധിയില്‍നിന്നു മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കര്‍ത്താവിന്റെ നാമത്തില്‍ പരമാര്‍ത്ഥമായും നീതിയായും സത്യസന്ധമായും ശപഥംചെയ്യുകയുംചെയ്താല്‍ ജനതകള്‍ പരസ്പരം അവിടുത്തെ നാമത്തില്‍ അനുഗ്രഹിക്കും. കര്‍ത്താവിലായിരിക്കും അവരുടെ മഹത്വം.
3: യൂദായിലെയും ജറുസലെമിലെയും നിവാസികളോടു കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ തരിശുഭൂമി ഉഴുതുമറിക്കുവിന്‍; മുള്ളുകള്‍ക്കിടയില്‍ വിത്തുവിതയ്ക്കരുത്.
4: യൂദാനിവാസികളേ, ജറുസലെംപൗരന്മാരേ, കര്‍ത്താവിനായി നിങ്ങളെത്തന്നെ പരിച്ഛേദനംചെയ്യുവിന്‍; ഹൃദയപരിച്ഛേദനം സ്വീകരിക്കുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍നിമിത്തം എന്റെ കോപം അഗ്നിപോലെ ജ്വലിക്കും; അതു ശമിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.


വടക്കുനിന്നു ഭീഷണി
5: യൂദായില്‍ വിളിച്ചുപറയുവിന്‍; ജറുസലെമില്‍ പ്രഘോഷിക്കുവിന്‍; കാഹളമൂതി ദേശത്തെങ്ങും വിളംബരംചെയ്യുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതമായ പട്ടണങ്ങളിലേക്കോടുവിനെന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുവിന്‍.
6: സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയംതേടിയോടുവിന്‍; മടിച്ചുനില്ക്കരുത്. തിന്മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടുവരുന്നു.
7: കുറ്റിക്കാടുകളില്‍നിന്നു സിംഹം പുറത്തിറങ്ങിയിട്ടുണ്ട്. ജനതകളുടെ സംഹാരകന്‍ സ്വസങ്കേതത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. അവന്‍ നിന്റെ ദേശം ശൂന്യമാക്കും. നിന്റെ നഗരങ്ങള്‍ വിജനമായ നാശക്കൂമ്പാരമാക്കും.
8: ആകയാല്‍ നിങ്ങള്‍ ചാക്കുടുത്തുകരയുവിന്‍; നിലവിളിക്കുവിന്‍; കര്‍ത്താവിന്റെ ഉഗ്രകോപം നമ്മില്‍നിന്നകന്നിട്ടില്ല.
9: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു രാജാവിന്റെ ഹൃദയം തളരും; പ്രഭുക്കന്മാര്‍ ഭീരുക്കളാകും; പുരോഹിതന്മാര്‍ നടുങ്ങും; പ്രവാചകന്മാര്‍ അമ്പരക്കും.
10: അപ്പോള്‍ അവര്‍ പറയും: ദൈവമായ കര്‍ത്താവേ, അങ്ങീ ജനത്തെയും ജറുസലെമിനെയും വഞ്ചിച്ചു. നിങ്ങള്‍ക്കെല്ലാം ഭദ്രമാണെന്ന് അങ്ങു പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അവരുടെനേരേ വാളുയരുന്നു.
11: ആ സമയംവരുമ്പോള്‍ ഈ ജനത്തോടും ജറുസലെമിനോടും പറയപ്പെടും:
12: എന്റെ ജനത്തിന്റെ പുത്രിയുടെനേര്‍ക്കു മരുഭൂമിയിലെ വിജനമായ മലകളില്‍നിന്ന്, ഉഷ്ണക്കാറ്റു വീശും. പതിരുപാറ്റാനോ നിലം വെടിപ്പാക്കാനോ ആയിരിക്കുകയില്ലത്. ഞാനയയ്ക്കുന്നതു ഭീഷണമായ കൊടുങ്കാറ്റായിരിക്കും; ഞാന്‍തന്നെയാണ് അവരുടെമേല്‍ വിധിവാചകമുച്ചരിക്കുക.
13: ഇതാ, കാര്‍മേഘംപോലെ ശത്രു വരുന്നു. അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ, കുതിരകള്‍ കഴുകനെക്കാള്‍ വേഗതയേറിയത്. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ നശിച്ചുകഴിഞ്ഞു!
14: ജറുസലെമേ, നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക?
15: ദാനില്‍നിന്ന് ഒരു പ്രഖ്യാപനമുയരുന്നു; എഫ്രായിംമലയില്‍നിന്ന് അനര്‍ത്ഥത്തെപ്പറ്റിയുള്ള അറിയിപ്പും.
16: ജനതകളോടു വിളംബരംചെയ്യുവിന്‍; ജറുസലെമില്‍ വിളിച്ചുപറയുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു; യൂദായിലെ നഗരങ്ങള്‍ക്കെതിരേ പോര്‍വിളികള്‍ മുഴങ്ങുന്നു.
17: വയലിനുചുറ്റും കാവല്‍ക്കാരെന്നപോലെ അവരവളെ വളഞ്ഞിരിക്കുന്നു. എന്തെന്നാല്‍ അവളെന്നെ ധിക്കരിച്ചു- കര്‍ത്താവരുളിച്ചെയ്യുന്നു.
18: ഇതെല്ലാം നിന്റെമേല്‍ വരുത്തിവച്ചതു നിന്റെ പെരുമാറ്റവും പ്രവൃത്തികളുമത്രേ; ഇതു നിന്റെ ശിക്ഷയാണ്; അതു കയ്പേറിയതുതന്നെ. നിന്റെ ഹൃദയത്തില്‍ത്തന്നെ അതു തുളഞ്ഞുകയറിയിരിക്കുന്നു.

ജറെമിയായുടെ വേദന
19: വേദന, അസഹ്യമായ വേദന! ഞാന്‍ വേദനയാല്‍ പുളയുന്നു! എന്റെ ഹൃദയഭിത്തികള്‍ തകരുന്നു! നെഞ്ചിടിക്കുന്നു! നിശ്ശബ്ദനായിരിക്കാന്‍ എനിക്കുവയ്യാ! ഇതാ യുദ്ധകാഹളം! പോര്‍വിളി ഞാന്‍ കേള്‍ക്കുന്നു.
20: ഒന്നിനുപിറകേ ഒന്നായി ദുരിതങ്ങളാഞ്ഞടിക്കുന്നു. ദേശംമുഴുവന്‍ വിജനമായിത്തീര്‍ന്നു. എന്റെ കൂടാരങ്ങള്‍ ഞൊടിയിടയില്‍ തകരുന്നു; കൂടാരവിരികള്‍ നിമിഷനേരംകൊണ്ടു കീറിപ്പറിയുന്നു.
21: യുദ്ധപതാക ഇനിയുമെത്രനാള്‍ ഞാന്‍ കാണണം? കാഹളദ്ധ്വനി എന്നുവരെ കേള്‍ക്കണം?
22: എന്തെന്നാല്‍, എന്റെ ജനം വിഡ്ഢികളാണ്; അവരെന്നെയറിയുന്നില്ല. അവര്‍ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവര്‍ക്കു യാതൊരു ജ്ഞാനവുമില്ല. തിന്മപ്രവര്‍ത്തിക്കാന്‍ അവര്‍ സമര്‍ത്ഥരാണ്. നന്മ ചെയ്യേണ്ടതെങ്ങനെയെന്ന് അറിവില്ല.

ആസന്നമായ ശിക്ഷ
23: ഞാന്‍ ഭൂമിയിലേക്കു നോക്കി; അതു രൂപരഹിതവും ശൂന്യവുമായിരുന്നു. ഞാനാകാശത്തേക്കു നോക്കി; പ്രകാശംകെട്ടുപോയിരുന്നു.
24: ഞാന്‍ മലകളിലേക്കു നോക്കി; അവ വിറപൂണ്ടിരുന്നു. കന്നുകളെല്ലാം ഇളകിയുലയുന്നുണ്ടായിരുന്നു.
25: ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല. ആകാശപ്പറവകളെല്ലാം പറന്നുപോയിരുന്നു.
26: ഞാന്‍ നോക്കി, ഫലസമൃദ്ധമായ ദേശമിതാ മരുഭൂമിയായിരിക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍, അവിടുത്തെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപതിച്ചു.
27: കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാ ദേശങ്ങളും നിര്‍ജ്ജനമാകും. എന്നാലവയെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല.
28: ഭൂമി വിലപിക്കട്ടെ; ആകാശം ഇരുളടഞ്ഞുപോകട്ടെ; ഞാന്‍ പറഞ്ഞിരിക്കുന്നു, അതിനു മാറ്റമില്ല. ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; എന്റെ തീരുമാനം മാറുകയില്ല.
29: കുതിരപ്പടയാളികളുടെയും വില്ലാളികളുടെയുമാരവംകേട്ടു നഗരവാസികള്‍ പലായനം ചെയ്യുന്നു. അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുന്നു. പാറക്കൂട്ടങ്ങളില്‍ പിടിച്ചുകയറുന്നു. പട്ടണങ്ങളെല്ലാം പരിത്യക്തമാകുന്നു; അവയില്‍ ജനവാസമില്ലാതായി.
30: അല്ലയോ നിര്‍ഭാഗ്യവതീ, നീയെന്തിനു രക്താംബരം ധരിക്കുന്നു; നീയെന്തിനു രത്നാഭരണമണിയുന്നു; എന്തിനു കടക്കണ്ണുകളില്‍ മഷിയെഴുതുന്നു? നിന്റെ അലങ്കാരങ്ങളെല്ലാം വ്യര്‍ത്ഥമാണ്. നിന്റെ കാമുകന്മാര്‍ നിന്നെ വെറുക്കുന്നു. അവര്‍ നിന്റെ ജീവനെ വേട്ടയാടുന്നു.
31: പ്രസവവേദനയാലെന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം! സീയോന്‍പുത്രി വീര്‍പ്പുമുട്ടി, കൈകള്‍ വലിച്ചുനിവര്‍ത്തി കരയുന്നു: ഹാ എനിക്കു ദുരിതം! കൊലപാതകികളുടെമുമ്പില്‍ ഞാനിതാ തളര്‍ന്നുവീഴുന്നു.

അദ്ധ്യായം 5

ജറുസലെമിന്റെ പാപം

1: ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റിനടന്നന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യമന്വേഷിക്കുകയുംചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാനവളോടു ക്ഷമിക്കാം.
2: കര്‍ത്താവിന്റെ നാമത്തിലാണ് ആണയിടുന്നതെങ്കിലും അവര്‍ചെയ്യുന്നതു കള്ളസത്യമാണ്.
3: കര്‍ത്താവേ, അവിടുത്തെ നയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്നവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.
4: അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ സാധുക്കളാണ്; ബുദ്ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്റെ വഴിയും ദൈവത്തിന്റെ നിയമവുമറിഞ്ഞുകൂടാ.
5: ഞാന്‍ മഹാന്മാരെ സമീപിച്ചു സംസാരിക്കും. അവര്‍ക്കാണെങ്കില്‍ കര്‍ത്താവിന്റെ വഴിയറിയാം; ദൈവത്തിന്റെ നിയമവുമറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നുകം തകര്‍ത്തിരുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.
6: അതുകൊണ്ടു കാട്ടില്‍നിന്നു സിംഹംവന്ന്, അവരെക്കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ് വന്ന്, അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്; അവരുടെ അവിശ്വസ്തത നിസ്സീമമാണ്.
7: ഞാന്‍ നിന്നോടെങ്ങനെ ക്ഷമിക്കും? നിന്റെ മക്കള്‍ എന്നെയുപേക്ഷിച്ചു. ദൈവമല്ലാത്ത ദേവന്മാരെക്കൊണ്ട് അവരാണയിട്ടു. ഞാനവര്‍ക്കു വയറുനിറയെ ഭക്ഷണം നല്കി. അവരാകട്ടെ വ്യഭിചാരത്തില്‍മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.
8: തിന്നുമദിച്ച കുതിരകളാണവര്‍. അയല്‍ക്കാരന്റെ ഭാര്യയ്ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.
9: ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.
10: അവളുടെ മുന്തിരിത്തോട്ടത്തില്‍ക്കടന്നു നാശംചെയ്യുവിന്‍; എന്നാല്‍, പാടേ നശിപ്പിക്കരുത്. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും കര്‍ത്താവിന്റേതല്ല.
11: ഇസ്രായേല്‍ഭവനവും യൂദാഭവനവും എന്നെ തീര്‍ത്തും വഞ്ചിച്ചു- കര്‍ത്താവരുളിച്ചെയ്യുന്നു.
12: അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. അവര്‍ പറഞ്ഞു: അവിടുന്നൊന്നുമല്ല; ഞങ്ങള്‍ക്കു യാതൊരു തിന്മയും സംഭവിക്കുകയില്ല. യുദ്ധമോ പട്ടിണിയോ ഞങ്ങള്‍ക്കനുഭവിക്കേണ്ടിവരുകയില്ല.
13: പ്രവാചകന്മാര്‍ കാറ്റായിത്തീരും; ദൈവത്തിന്റെ വചനം അവരിലില്ല; അവരുടെ ഭീഷണികള്‍ അവരുടെമേല്‍ത്തന്നെ പതിക്കട്ടെ.
14: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട്, എന്റെ വചനം നിന്റെ നാവില്‍ ഞാനഗ്നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്നിയവരെ വിഴുങ്ങും.
15: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, വിദൂരത്തുനിന്ന് ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവുമായ ഒരു ജനതയാണത്. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്സിലാവുകയില്ല.
16: അവരുടെ ആവനാഴി മരണംവിതയ്ക്കുന്നു; അവരെല്ലാവരും യുദ്ധവീരന്മാരാണ്.
17: നിന്റെ വിളശേഖരവും ഭക്ഷ്യവസ്തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്റെ ആടുമാടുകളെ അവര്‍ ഭക്ഷിക്കും. നിന്റെ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും.
18: എന്നാല്‍, ആ നാളുകളില്‍പോലും നിന്നെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
19: നമ്മുടെ ദൈവമായ കര്‍ത്താവ്, ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്തുവെന്നു നിന്റെ ജനം ചോദിക്കുമ്പോള്‍ നീയവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച്, എന്നെയുപേക്ഷിച്ച്, അന്യദേവന്മാര്‍ക്കു ശുശ്രൂഷചെയ്തു. അതുപോലെ, നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷ ചെയ്യും.
20: യാക്കോബിന്റെ ഭവനത്തില്‍ ഇതു പ്രഘോഷിക്കുക;
21: യൂദായില്‍ ഇതു വിളിച്ചുപറയുക: ഭോഷരും അവിവേകികളുമായ ജനമേ, ശ്രവിക്കുവിന്‍. കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.
22: കര്‍ത്താവു ചോദിക്കുന്നു: നിങ്ങള്‍ക്കെന്നെ ഭയമില്ലേ? എന്റെ മുമ്പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിനതിരായി ഞാന്‍ മണല്‍ത്തീരം സ്ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകളാഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
23: എന്നാല്‍ ഈ ജനത്തിന്റെ ഹൃദയം കടുപ്പമേറിയതും ധിക്കാരംനിറഞ്ഞതുമാണ്. അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.
24: നമ്മുടെ ദൈവമായ കര്‍ത്താവിനെ നമുക്കു ഭയപ്പെടാം; അവിടുന്നു യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്തകാലവര്‍ഷവും അവിടുന്നു നല്കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്നവര്‍ കരുതിയില്ല.
25: നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തി. നിങ്ങളുടെ പാപങ്ങള്‍ ഈ നന്മയെല്ലാം നിങ്ങളില്‍നിന്നകറ്റിയിരിക്കുന്നു.
26: എന്റെ ജനത്തിനിടയില്‍ ദുഷ്ടന്മാര്‍ കടന്നൂകൂടി, വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.
27: കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്മാരും പണക്കാരുമായി.
28: അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്കതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല.
29: ഈ പ്രവൃത്തികള്‍ക്ക്, അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരംചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.
30: ബീഭത്സവും സംഭ്രമജനകവുമായ ഒന്ന്, നാട്ടില്‍ സംഭവിച്ചിരിക്കുന്നു.
31: പ്രവാചകന്മാര്‍ വ്യാജപ്രവചനങ്ങള്‍നടത്തുന്നു. അവരുടെ നിര്‍ദ്ദേശമനുസരിച്ചു പുരോഹിതന്മാര്‍ ഭരിക്കുന്നു. എന്റെ ജനത്തിന് അതിഷ്ടമാണ്. എന്നാല്‍ അവസാനംവരുമ്പോള്‍ നിങ്ങളെന്തുചെയ്യും?

അദ്ധ്യായം 6

ശത്രു പടിവാതില്‍ക്കല്‍ 

1: ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന്, ഓടി രക്ഷപ്പെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടിനാട്ടുവിന്‍. വടക്കുനിന്ന്, അനര്‍ത്ഥവും കൊടിയവിപത്തും അടുത്തുവരുന്നു. 
2: ഓമനിച്ചുവളര്‍ത്തിയ സുന്ദരിയായ സീയോന്‍പുത്രിയെ ഞാന്‍ നശിപ്പിക്കും. 
3: ഇടയന്മാര്‍ ആടുകളോടൊരുമിച്ച്, അവള്‍ക്കുനേരേ വരും. അവള്‍ക്കുചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും. 
4: അവള്‍ക്കെതിരേ യുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെയാക്രമിക്കാം. ഹാ ക്ഷടം! നേരംവൈകുന്നു: നിഴലുകള്‍ നീളുന്നു. 
5: എഴുന്നേല്ക്കുവിന്‍, നമുക്കു രാത്രിയിലാക്രമിച്ച് അവളുടെ മണിമേടകള്‍ നശിപ്പിക്കാം. 
6: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധമുയര്‍ത്തുവിന്‍. ഈ നഗരത്തെയാണു ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദ്ദനംമാത്രമേയുള്ളു. 
7: കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ ജറുസലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു. അക്രമത്തിന്റെയും നശീകരണത്തിന്റെയും സ്വരമേ അവളില്‍നിന്നുയരുന്നുള്ളു; രോഗവും മുറിവുംമാത്രമേ ഞാന്‍ കാണുന്നുള്ളു. 
8: ജറുസലെം, നീയെന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും. 
9: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലില്‍ അവശേഷിച്ചവരെ തേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ അതിന്റെ ശാഖകളില്‍ വീണ്ടുംവീണ്ടും തെരയുക. 
10: എന്റെ താക്കീതുകേള്‍ക്കാന്‍ ആരാണുള്ളത്? ചെവി അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു കേള്‍ക്കാന്‍കഴിയുകയില്ല. കര്‍ത്താവിന്റെ വാക്ക്, അവര്‍ക്കു നിന്ദാവിഷയമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും താത്പര്യമില്ല. 
11: തന്നിമിത്തം കര്‍ത്താവിന്റെ കോപം, എന്നില്‍ നിറഞ്ഞുകവിയുന്നു. 
12: അതൊതുക്കിനിര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ തളരുന്നു. കര്‍ത്താവരുളിച്ചെയ്യുന്നു. തെരുവിലെ കുട്ടികളുടെയും യുവാക്കളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വയോധികരുടെയും പടുവൃദ്ധരുടെയുംമേലതു പതിക്കട്ടെ. അവരുടെ വീടുകള്‍, നിലങ്ങളും ഭാര്യമാരുമടക്കം മറ്റുള്ളവര്‍ക്കു നല്കപ്പെടും. ഈ ദേശത്തു വസിക്കുന്നവര്‍ക്കെതിരേ ഞാന്‍ കരമുയര്‍ത്തും. 
13: നിസ്സാരന്മാര്‍മുതല്‍ മഹാന്മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. 
14: അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേ, ‘സമാധാനം, സമാധാനം’ എന്ന് അവര്‍ പറയുന്നു. 
15: ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജതോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്കറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാനവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കും-കര്‍ത്താവരുളിച്ചെയ്യുന്നു. 
16: കര്‍ത്താവരുളിച്ചെയ്യുന്നു: വഴിക്കവലകളില്‍നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകളന്വേഷിക്കുക. നേരായ മാര്‍ഗ്ഗംതേടി, അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും. എന്നാല്‍, ഞങ്ങള്‍ക്കാ മാര്‍ഗ്ഗം വേണ്ടെന്ന് അവര്‍ പറഞ്ഞു. 
17: ഞാന്‍ നിനക്കുവേണ്ടി കാവല്‍ക്കാരെ നിയമിച്ചു; കാഹളത്തിനു ചെവിയോര്‍ക്കുകയെന്നു പറയുകയുംചെയ്തു. എന്നാല്‍, ഞങ്ങള്‍ ചെവിയോര്‍ക്കുകയില്ല എന്നവര്‍ പറഞ്ഞു. 
18: ആകയാല്‍ ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, മനസ്സിലാക്കുവിന്‍; അവര്‍ക്കു സംഭവിക്കാന്‍പോകുന്നതു ശ്രവിക്കുവിന്‍. 
19: അല്ലയോ ഭൂമീ; കേട്ടാലും! ഈ ജനത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രതിഫലമായി ഞാനവരുടെമേല്‍ അനര്‍ത്ഥം വരുത്തും. അവരെന്റെ വാക്കു ചെവിക്കൊണ്ടില്ല; എന്റെ നിയമമനുസരിച്ചുമില്ല. 
20: ഷേബായില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു കര്‍പ്പൂരവും എനിക്കുകൊണ്ടുവരുന്നതെന്തിന്? നിങ്ങളുടെ ദഹനബലികള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ കാഴ്ചകള്‍ എനിക്കു പ്രീതികരമല്ല. 
21: കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ജനത്തിനുമുമ്പില്‍ ഞാന്‍ പ്രതിബന്ധങ്ങള്‍ സ്ഥാപിക്കും; അവര്‍ തട്ടി വീഴും. അപ്പനും മകനും ഒന്നുപോലെ മറിഞ്ഞുവീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിക്കും. 
22: കര്‍ത്താവരുളിച്ചെയ്യുന്നു: അതാ, വടക്കുനിന്നൊരു ജനത വരുന്നു; ഭൂമിയുടെ അറ്റത്തുനിന്ന് ഒരു വന്‍ശക്തിയിളകിയിട്ടുണ്ട്. 
23: അവര്‍ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവര്‍ കരുണയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ ആരവം, അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണവര്‍ വരുന്നത്. സീയോന്‍പുത്രീ, അവര്‍ നിനക്കെതിരേ യുദ്ധത്തിനൊരുങ്ങി അണിയായി വരുന്നു. 
24: ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു. ഞങ്ങളുടെ കരങ്ങള്‍ തളരുന്നു. ഈറ്റുനോവ് സ്ത്രീയെയെന്നപോലെ കഠിനവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു. 
25: നിങ്ങള്‍ വയലിലിറങ്ങുകയോ വഴിയിലൂടെ നടക്കുകയോ അരുത്. ശത്രുവിന്റെ വാള്‍ അവിടെയുണ്ട്. എല്ലായിടത്തും ഭീകരാവസ്ഥയാണ്. 
26: എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുടുത്തു ചാരത്തിലുരുളുക. ഏകജാതനെക്കുറിച്ചെന്നപോലെ ഉള്ളുരുകിക്കരയുക. ഇതാ! വിനാശകന്‍ നമ്മുടെനേരേ വന്നുകഴിഞ്ഞു. 
27: എന്റെ ജനത്തിന്റെ മാറ്റുരച്ചുനോക്കി അവരുടെ മാര്‍ഗ്ഗം മനസ്സിലാക്കുന്നതിനു ഞാന്‍ നിന്നെ സംശോധകനായി നിയോഗിച്ചിരിക്കുന്നു. 
28: അവര്‍ പയറ്റിത്തെളിഞ്ഞ കലാപകാരികളാണ്. അവര്‍ മിഥ്യാപവാദം പരത്തുന്നു. പിച്ചളയുമിരുമ്പുംപോലെ കഠിനഹൃദയരാണവര്‍. അവര്‍ ദുഷ്‌കൃത്യങ്ങളില്‍ മുഴുകുന്നു. 
29: ഉല ശക്തിയായൂതുന്നു. ഈയം തീയിലുരുകുന്നു. ഈ ശുദ്ധീകരണമെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ദുഷ്ടന്മാര്‍ നീക്കംചെയ്യപ്പെടുന്നില്ല. 
30: കര്‍ത്താവ് തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ട് വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.

ഇരുനൂറ്റിപ്പതിനെട്ടാം ദിവസം: ജെറെമിയ 1 - 3


അദ്ധ്യായം 1

ജറെമിയായെ വിളിക്കുന്നു

1: ബഞ്ചമിന്‍ദേശത്ത്, അനാത്തോത്തിലെ പുരോഹിതന്മാരിലൊരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:
2: യൂദാരാജാവായ ആമോന്റെ മകന്‍ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാംവര്‍ഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
3: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ കാലത്തും ജോസിയാരാജാവിന്റെ മകന്‍ സെദെക്കിയായുടെ ഭരണത്തിന്റെ പതിനൊന്നാംവര്‍ഷം അഞ്ചാംമാസം ജറുസലെംനിവാസികള്‍ നാടുകടത്തപ്പെടുന്നതുവരെയും അവനു കര്‍ത്താവിന്റെ വചനം ലഭിച്ചുകൊണ്ടിരുന്നു.
4: കര്‍ത്താവെന്നോടരുളിച്ചെയ്തു.
5: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപംനല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെയറിഞ്ഞു; ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
6: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല.
7: കര്‍ത്താവെന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെന്തും സംസാരിക്കണം.
8: നീയവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്.
9: അനന്തരം കര്‍ത്താവു കൈനീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ടരുളിച്ചെയ്തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു.
10: പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുംവേണ്ടി, ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാനവരോധിച്ചിരിക്കുന്നു.
11: കര്‍ത്താവെന്നോടു ചോദിച്ചു: ജറെമിയാ, നീയെന്തു കാണുന്നു? ജാഗ്രതാവൃക്ഷത്തിന്റെ ഒരു ശാഖ - ഞാന്‍ മറുപടി പറഞ്ഞു.
12: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: നീ കണ്ടതു ശരി. എന്റെ വചനം നിവര്‍ത്തിക്കാന്‍ ഞാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്നു.
13: കര്‍ത്താവു വീണ്ടുമെന്നോടു ചോദിച്ചു: നീയെന്തു കാണുന്നു? ഞാന്‍ പറഞ്ഞു: തിളയ്ക്കുന്ന ഒരു പാത്രം വടക്കുനിന്നു ചരിയുന്നതു ഞാന്‍ കാണുന്നു.
14: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: ഈ ദേശത്തു വസിക്കുന്നവരെ മുഴുവന്‍ഗ്രസിക്കുന്ന ദുരന്തം വടക്കുനിന്നു തിളച്ചൊഴുകും.
15: ഉത്തരദിക്കിലെ സകല രാജവംശങ്ങളെയും ഞാന്‍ വിളിച്ചുവരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. അവരോരോരുത്തരുംവന്നു തങ്ങളുടെ സിംഹാസനം ജറുസലെമിന്റെ പ്രവേശനകവാടങ്ങളിലും, ചുറ്റുമുള്ള മതിലുകളുടെമുമ്പിലും യൂദായുടെ നഗരങ്ങള്‍ക്കുമുമ്പിലും സ്ഥാപിക്കും.
16: അവര്‍ചെയ്ത എല്ലാ ദുഷ്ടതയ്ക്കും ഞാന്‍ അവരുടെമേല്‍ വിധിപ്രസ്താവിക്കും; അവര്‍ എന്നെയുപേക്ഷിച്ച്, അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിച്ചു; സ്വന്തം കരവേലകളെയാരാധിച്ചു. നീയെഴുന്നേറ്റ്, അരമുറുക്കുക.
17: ഞാന്‍ കല്പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെമുമ്പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.
18: ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശവാസികള്‍ക്കുമെതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലുമായി ഇന്നു നിന്നെ ഞാനുറപ്പിക്കും.
19: അവര്‍ നിന്നോടു യുദ്ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്ഷയ്ക്കു ഞാന്‍കൂടെയുണ്ട് എന്നു കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 2

ഇസ്രായേലിന്റെ അവിശ്വസ്തത

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: നീ ജറുസലെമില്‍ച്ചെന്നു വിളിച്ചുപറയുക, കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്നേഹവും ഞാനോര്‍മ്മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്ത നാട്ടില്‍, നീയെന്നെ അനുഗമിച്ചതു ഞാനോര്‍ക്കുന്നു.
3: ഇസ്രായേല്‍, കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചുവെന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
4: യാക്കോബിന്റെ ഭവനമേ, ഇസ്രായേല്‍കുടുംബത്തിലെ സകല ഭവനങ്ങളുമേ, കര്‍ത്താവിന്റെ വചനംകേള്‍ക്കുവിന്‍.
5: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നിലെന്തു കുറ്റംകണ്ടിട്ടാണ് എന്നില്‍നിന്നകന്നുപോയത്? മ്ലേച്ഛമായവയെ അനുധാവനംചെയ്ത്, അവരും മ്ലേച്ഛന്മാരായിത്തീര്‍ന്നു.
6: ഈജിപ്തില്‍നിന്നു മോചിപ്പിച്ച്, വിജനഭൂമിയിലൂടെ, മരുപ്രദേശങ്ങളും ഗര്‍ത്തങ്ങളുംനിറഞ്ഞ, വരള്‍ച്ചബാധിച്ച, മരണത്തിന്റെനിഴല്‍വീണ നാട്ടിലൂടെ, ഞങ്ങളെ നയിച്ച കര്‍ത്താവെവിടെ എന്നവര്‍ ചോദിച്ചില്ല.
7: ഞാന്‍ നിങ്ങളെ സമൃദ്ധിനിറഞ്ഞൊരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങളാസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെയവകാശം മ്ലേച്ഛമാക്കി.
8: കര്‍ത്താവെവിടെയെന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെയറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ത്ഥമായവയെ പിഞ്ചെല്ലുകയുംചെയ്തു.
9: അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റംവിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റംവിധിക്കും- കര്‍ത്താവരുളിച്ചെയ്യുന്നു.
10: നിങ്ങള്‍ കടന്നു കിത്തിം ദ്വീപുകളില്‍പ്പോയി നോക്കൂ; ആളയച്ചു കേദാര്‍ദേശത്തന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നു സൂക്ഷ്മമായി പരിശോധിക്കൂ.
11: ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു.
12: ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - കര്‍ത്താവരുളിച്ചെയ്യുന്നു.
13: എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെയവരുപേക്ഷിച്ചു; ജലംസൂക്ഷിക്കാന്‍കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.
14: ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചവനാണോ? അല്ലെങ്കില്‍ പിന്നെയെന്തിനാണ് അവനാക്രണത്തിനിരയാകുന്നത്?
15: സിംഹങ്ങള്‍ അവന്റെനേരേ ഗര്‍ജ്ജിച്ചു; അത്യുച്ചത്തിലലറി. അവന്റെ നാട്, അവ മരുഭൂമിയാക്കി; അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി.
16: മാത്രമല്ല, മെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍, നിന്റെ ശിരസ്സിലെ കിരീടം തകര്‍ത്തു.
17: യാത്രയില്‍ നിന്നെ നയിച്ച, ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ?
18: നൈല്‍നദിയിലെ വെള്ളംകുടിക്കാന്‍ ഈജിപ്തില്‍പ്പോകുന്നതുകൊണ്ടു നിനക്കെന്തു ഗുണമുണ്ടാകും? യൂഫ്രട്ടീസിലെ വെളളംകുടിക്കാന്‍ അസ്സീറിയായില്‍പ്പോകുന്നതുകൊണ്ടു നിനക്കെന്തു ഗുണമുണ്ടാകും?
19: നിന്റെതന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തതയായിരിക്കും നിന്നെ കുറ്റംവിധിക്കുക. നിന്റെ കര്‍ത്താവായ ദൈവത്തെയുപേക്ഷിക്കുന്നത്, എത്ര ദോഷകരവും കയ്പുനിറഞ്ഞതുമാണെന്നു നീയനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ലെന്നു സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു.
20: വളരെമുമ്പേ, നീ നിന്റെ നുകമൊടിച്ചു; നിന്റെ കെട്ടുകള്‍ പൊട്ടിച്ചു; ഞാന്‍ അടിമവേല ചെയ്യുകയില്ല എന്നു നീ പറഞ്ഞു. എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും, സകല പച്ചമരങ്ങളുടെ ചുവട്ടിലും നീ വേശ്യയെപ്പോലെ വഴങ്ങി.
21: തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്. പിന്നെങ്ങനെ നീ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?
22: എത്രയേറെ താളിയും കാരവുംതേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുമ്പിലുണ്ടായിരിക്കുമെന്നു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
23: ഞാന്‍ മലിനയല്ല, ബാലിന്റെപിറകേ പോയിട്ടില്ല എന്നുപറയാന്‍ നിനക്കെങ്ങനെ സാധിക്കും? താഴ്‌വരയില്‍പ്പതിഞ്ഞ നിന്റെ കാല്പാടുകള്‍ കാണുക; ചെയ്തകുറ്റം സമ്മതിക്കുക. ഉന്മത്തയായി പാഞ്ഞുനടന്ന പെണ്ണൊട്ടകമായിരുന്നു നീ.
24: മരുഭൂമിയില്‍ പരിചയിച്ച കാട്ടുകഴുത, മദംപൂണ്ടു മത്തുപിടിച്ച്, അവളോടുകയായിരുന്നു. അവളുടെ വിഷയാസക്തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക്, അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവളവരുടെ മുമ്പിലുണ്ടാകും.
25: നിന്റെ ചെരിപ്പു തേഞ്ഞുപോകാതെ സൂക്ഷിക്കുക; തൊണ്ട വരണ്ടുപോകാതെയും. എന്നാല്‍, നീ പറഞ്ഞു: അതു സാദ്ധ്യമല്ല; ഞാന്‍ അന്യരുമായി സ്നേഹബന്ധത്തിലാണ്; അവരുടെ പിന്നാലെ ഞാന്‍ പോകും.
26: കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളനെന്നപോലെ ഇസ്രായേല്‍ഭവനം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിക്കും.
27: നീയെന്റെ പിതാവാണെന്നു മരക്കഷണത്തോടും നീയെന്റെ മാതാവാണെന്നു കല്ലിനോടും അവര്‍ പറയുന്നു. അവര്‍ മുഖമല്ല, പൃഷ്ഠമാണ് എന്റെനേരേ തിരിച്ചിരിക്കുന്നത്. എന്നാല്‍ അനര്‍ത്ഥംവരുമ്പോള്‍ അവര്‍വന്ന്, എന്നോടു ഞങ്ങളെ രക്ഷിക്കണമേയെന്നു പറയുന്നു.
28: യൂദാ, നീ നിനക്കായി നിര്‍മ്മിച്ച ദേവന്മാരെവിടെ? നിന്റെ കഷ്ടകാലത്തു നിന്നെ രക്ഷിക്കാന്‍ കഴിവുണ്ടെങ്കില്‍ അവരെഴുന്നേറ്റു വരട്ടെ. നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാര്‍ നിനക്കുണ്ടല്ലോ.
29: നിങ്ങള്‍ എന്തിനെന്റെനേരേ പരാതികളുന്നയിക്കുന്നു? നിങ്ങളെല്ലാവരും എന്നോടു മറുതലിച്ചിരിക്കുന്നു? കര്‍ത്താവരുളിച്ചെയ്യുന്നു.
30: ഞാന്‍ നിങ്ങളുടെ മക്കളെ പ്രഹരിച്ചതു വെറുതെയായിപ്പോയി. അവര്‍ തെറ്റുതിരുത്തിയില്ല. ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ നിങ്ങളുടെതന്നെ വാള്‍ നിങ്ങളുടെ പ്രവാചകന്മാരെ വിഴുങ്ങി.
31: ഈ തലമുറ കര്‍ത്താവിന്റെ വാക്കുകേള്‍ക്കട്ടെ. ഇസ്രായേലിനു ഞാന്‍ ഒരു മരുഭൂമിയായിരുന്നോ, അന്ധകാരംനിറഞ്ഞ ദേശമായിരുന്നോ? അല്ലെങ്കില്‍ പിന്നെന്തിനാണു ഞങ്ങള്‍ സ്വതന്ത്രരാണ്, ഇനിയൊരിക്കലും നിന്റെയടുക്കല്‍ ഞങ്ങള്‍ വരുകയില്ല എന്നെന്റെ ജനം പറയുന്നത്?
32: യുവതി തന്റെ ആഭരണങ്ങളോ മണവാട്ടി തന്റെ വിവാഹവസ്ത്രമോ മറക്കാറുണ്ടോ? എന്നാല്‍ എണ്ണമറ്റ ദിനങ്ങളായി എന്റെ ജനം എന്നെ മറന്നിരിക്കുന്നു.
33: കാമുകന്മാരെ കണ്ടുപിടിക്കാന്‍ നീയെത്ര സമര്‍ത്ഥയാണ്. വേശ്യകളെപ്പോലും പഠിപ്പിക്കാന്‍പോന്നവളാണു നീ.
34: നിന്റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു; അവരാരും ഭവനഭേദംനടത്തുന്നതായി നീ കണ്ടില്ല.
35: ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നുംചെയ്തിട്ടില്ല, അവിടുത്തേക്ക് എന്നോടു യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപംചെയ്തിട്ടില്ലെന്നു നീ പറഞ്ഞതുകൊണ്ടു നിന്നെ ഞാന്‍ കുറ്റംവിധിക്കും. എത്ര ലാഘവത്തോടെ നീ വഴിമാറി നടക്കുന്നു.
36: അസ്സീറിയായെപ്പോലെ ഈജിപ്തും നിന്നെയപമാനിക്കും.
37: അവിടെനിന്നു തലയില്‍ കൈവച്ചുകൊണ്ടു നീ മടങ്ങിവരും; നീ വിശ്വാസമര്‍പ്പിക്കുന്നവരെ കര്‍ത്താവു നിരാകരിച്ചിരിക്കുന്നു. അവരില്‍നിന്നു യാതൊരു നന്മയും നിനക്കു കൈവരുകയില്ല.

അദ്ധ്യായം 3

1: കര്‍ത്താവരുളിച്ചെയ്യുന്നു: ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവളവനെവിട്ടു മറ്റൊരുവന്റെ ഭാര്യയാവുകയുംചെയ്തശേഷം ആദ്യ ഭര്‍ത്താവ്, അവളെത്തേടിപ്പോകുമോ? ആ ഭൂമി പൂര്‍ണ്ണമായും ദുഷിച്ചുപോയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട നീ, ഇനിയുമെന്റെയടുക്കലേക്കു തിരിച്ചുവരുന്നുവോ?
2: കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലുമുണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്മാരെ കാത്തിരുന്നു. നികൃഷ്ടമായ വേശ്യാവൃത്തിയാല്‍ നീ നാടു ദുഷിപ്പിച്ചു.
3: തന്നിമിത്തം മഴ പെയ്യാതായി; വസന്തകാലവൃഷ്ടി ഉണ്ടായതുമില്ല. എന്നിട്ടും നിന്റെ കടക്കണ്ണുകള്‍ വേശ്യയുടേതുതന്നെ. ലജ്ജയെന്തെന്നു നിനക്കറിയില്ല.
4: നീയിപ്പോള്‍ എന്നോടു പറയുന്നു: എന്റെ പിതാവേ, അങ്ങെന്റെ യൗവനത്തിലെ കൂട്ടുകാരനാണ്.
5: അവിടുന്നെന്നോട് എന്നും കോപിഷ്ഠനായിരിക്കുമോ? അവിടുത്തെ കോപത്തിനവസാനമുണ്ടാവുകയില്ലേ? ഇങ്ങനെയല്ലൊം നീ പറയുന്നുണ്ടെങ്കിലും ആവുന്നത്ര തിന്മ, നീ ചെയ്തുകൂട്ടുന്നു.


അനുതാപത്തിനാഹ്വാനം

6: ജോസിയാരാജാവിന്റെകാലത്തു കര്‍ത്താവെന്നോടരുളിച്ചെയ്തു: അവള്‍, അവിശ്വസ്തയായ ഇസ്രായേല്‍, ചെയ്തതെന്താണെന്നു നീ കണ്ടോ? എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും സകല പച്ചമരങ്ങളുടെ ചുവട്ടിലും അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
7: ഇതെല്ലാം ചെയ്തശേഷവും, അവളെന്റെയടുക്കല്‍ തിരിച്ചുവരുമെന്നു ഞാന്‍ വിചാരിച്ചു. എന്നാലവള്‍ വന്നില്ല. അവളുടെ വഞ്ചകിയായ സഹോദരി, യൂദാ അതുകണ്ടു.
8: അവിശ്വസ്തയായ ഇസ്രായേലിന്റെ വ്യഭിചാരജീവിതംമൂലം ഞാനവള്‍ക്കു മോചനപത്രംനല്കി പറഞ്ഞയയ്ക്കുന്നതും യൂദാ കണ്ടതാണ്. എന്നിട്ടും കാപട്യംനിറഞ്ഞ ആ സഹോദരി, യൂദാ ഭയന്നില്ല; അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു.
9: അവള്‍ നിര്‍ലജ്ജം വേശ്യാവൃത്തിയിലേര്‍പ്പെട്ടു. കല്ലിനും മരത്തിനും ആരാധനയര്‍പ്പിച്ചു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ നാടു ദുഷിപ്പിച്ചു.
10: ഇവയ്ക്കെല്ലാംശേഷം വഞ്ചകിയായ ആ സഹോദരി എന്റെയടുക്കല്‍ തിരിച്ചുവന്നത് പൂര്‍ണ്ണഹൃദയത്തോടെയല്ല, കപടമായിട്ടാണ് - കര്‍ത്താവരുളിച്ചെയ്യുന്നു.
11: കര്‍ത്താവെന്നോടരുളിച്ചെയ്തു: അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യൂദായോളം കുറ്റക്കാരിയല്ല.
12: നീ ഇക്കാര്യങ്ങള്‍ വടക്കുദിക്കിനോടു പ്രഖ്യാപിക്കുക - കര്‍ത്താവരുളിച്ചെയ്യുന്നു. അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാന്‍ നിന്നോടു കോപിക്കുകയില്ല. ഞാന്‍ കാരുണ്യവാനാണ്. ഞാനെന്നേയ്ക്കും കോപിക്കുകയില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
13: നിന്റെ ദൈവമായ കര്‍ത്താവിനോടു നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴില്‍ അന്യദേവന്മാര്‍ക്കു നിന്നെത്തന്നെ കാഴ്ചവച്ചു; നീയെന്നെയനുസരിച്ചില്ല. ഈ കുറ്റങ്ങള്‍ നീ ഏറ്റുപറഞ്ഞാല്‍മതി - കര്‍ത്താവരുളിച്ചെയ്യുന്നു.
14: അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്‍. ഞാന്‍മാത്രമാണു നിങ്ങളുടെ നാഥന്‍. ഒരു നഗരത്തില്‍നിന്ന് ഒരു നായകനെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത്, ഞാന്‍ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും - കര്‍ത്താവരുളിച്ചെയ്യുന്നു.
15: എനിക്കിഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ നിങ്ങളെ പാലിക്കും.
16: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ പെരുകി, നാടുനിറഞ്ഞു കഴിയുമ്പോള്‍ കര്‍ത്താവിന്റെ സാക്ഷ്യപേടകത്തെപ്പറ്റി ആരുമൊന്നും പറയുകയില്ല. അവര്‍ അതിനെപ്പറ്റി ചിന്തിക്കുകയോ, അതാവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിര്‍മ്മിക്കുകയുമില്ല.
17: കര്‍ത്താവിന്റെ സിംഹാസനമെന്ന് അന്നു ജറുസലെം വിളിക്കപ്പെടും. സകലജനതകളും അവിടെ കര്‍ത്താവിന്റെ നാമത്തില്‍ സമ്മേളിക്കും. ഇനിയൊരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങള്‍ക്കു വഴിപ്പെടുകയില്ല.
18: ആദിവസങ്ങളില്‍ യൂദാകുടുംബം ഇസ്രായേല്‍കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ചു വടക്കുനിന്നു പുറപ്പെട്ട്, നിങ്ങളുടെ പിതാക്കന്മാര്‍ക്കവകാശമായി ഞാന്‍കൊടുത്ത ദേശത്തു വരും.
19: എന്റെ മക്കളുടെകൂടെ നിന്നെപ്പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്കാനും ഞാനെത്രയേറെ ആഗ്രഹിച്ചു. എന്റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്റെ മാര്‍ഗ്ഗം നീയുപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.
20: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, അവിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെയുപേക്ഷിക്കുന്നതുപോലെ, നീയും വിശ്വാസവഞ്ചനചെയ്തിരിക്കുന്നു.
21: ശൂന്യമായ കുന്നുകളില്‍നിന്ന്, ഒരു സ്വരമുയരുന്നു. ഇസ്രായേല്‍മക്കളുടെ വിലാപത്തിന്റെയും യാചനയുടെയും സ്വരം. അവര്‍ അപഥസഞ്ചാരംചെയ്ത് തങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിച്ചു.
22: അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെയടുത്തേക്കു വരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവ്.
23: കുന്നുകളും അവിടെനടന്ന മദിരോത്സവവും വ്യാമോഹമായിരുന്നു. ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ കര്‍ത്താവില്‍മാത്രം.
24: ഞങ്ങളുടെ പിതാക്കന്മാര്‍ അദ്ധ്വാനിച്ചുനേടിയ സര്‍വ്വവും, ആടുമാടുകളും പുത്രീപുത്രന്മാരുമെല്ലാം ഞങ്ങളുടെ യൗവ്വനത്തില്‍ത്തന്നെ ലജ്ജാകരമായ വിഗ്രഹാരാധനയ്ക്കിരയായിത്തീര്‍ന്നു.
25: ലജ്ജാവിവശരായി ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കട്ടെ; അപമാനം ഞങ്ങളെ ആവരണം ചെയ്യട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവ്വനംമുതല്‍ ഇന്നുവരെ ദൈവമായ കര്‍ത്താവിനെതിരേ പാപംചെയ്തു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങളനുസരിച്ചില്ല.

ഇരുനൂറ്റിപ്പതിനേഴാം ദിവസം: ഏശയ്യാ 63 - 66


അദ്ധ്യായം 63

ജനതകളോടു പ്രതികാരം
1: ഏദോമില്‍നിന്നു വരുന്നതാര്രക്താംബരംധരിച്ചു ബൊസ്രായില്‍നിന്നു വരുന്നതാര്തന്റെ മഹനീയമായ വേഷവിധാനങ്ങളോടെശക്തിപ്രഭാവത്തോടെഅടിവച്ചടുക്കുന്നതാര്നീതിയുടെ വിജയംപ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ശക്തിയുള്ളവനുമായ ഞാന്‍തന്നെ.   
2: നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?  
3: മുന്തിരിച്ചക്ക്, ഞാനൊറ്റയ്ക്കു ചവിട്ടിജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ലഎന്റെ കോപത്തില്‍ ഞാനവരെച്ചവിട്ടിക്രോധത്തില്‍ ഞാനവരെ മെതിച്ചുഅവരുടെ ജീവരക്തം എന്റെ മേലങ്കിയില്‍ത്തെറിച്ചു. എന്റെ വസ്ത്രങ്ങളില്‍ കറപുരണ്ടു.   
4: പ്രതികാരത്തിന്റെ ദിനം ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഞാന്‍നല്കുന്ന മോചനത്തിന്റെ വത്സരം ആസന്നമായി.  
5: ഞാന്‍ നോക്കിസഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ പരിഭ്രാന്തനായിതാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ കരംതന്നെ എനിക്കു വിജയം നേടിത്തന്നു. എന്റെ ക്രോധം എനിക്കു തുണയായി.   
6: എന്റെ കോപത്തില്‍ ഞാന്‍ ജനതകളെ ചവിട്ടിമെതിച്ചുഎന്റെ ക്രോധത്താല്‍ അവരെ ഞെരിച്ചു. അവരുടെ ജീവരക്തം ഞാന്‍ മണ്ണിലൊഴുക്കി. 

ജനത്തിന്റെ പ്രാര്‍ത്ഥന
7: കര്‍ത്താവു നമുക്കുനല്കിയ എല്ലാറ്റിനെയുംപ്രതിതന്റെ കരുണയാലവിടുന്ന്, ഇസ്രായേല്‍ഭവനത്തിനുചെയ്ത മഹാനന്മയെയുംപ്രതിഞാനവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്കു കീര്‍ത്തനങ്ങളാലപിക്കും.   
8: അവിടുന്നരുളിച്ചെയ്തു: തീര്‍ച്ചയായും അവരെന്റെ ജനമാണ്തിന്മപ്രവര്‍ത്തിക്കാത്ത പുത്രര്‍. അവിടുന്ന്, അവരുടെ രക്ഷകനായി ഭവിച്ചു.   
9: അവരുടെ കഷ്ടതകളില്‍ ദൂതനെയയച്ചില്ലഅവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്നവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളില്‍ അവിടുന്നവരെ കരങ്ങളില്‍ വഹിച്ചു.   
10: എന്നിട്ടും അവരെതിര്‍ത്തുഅവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍, അവിടുന്നവരുടെ ശത്രുവായിത്തീര്‍ന്നുനേരിട്ട്, അവര്‍ക്കെതിരേ യുദ്ധംചെയ്തു.   
11: അവര്‍ പഴയകാലങ്ങളെകര്‍ത്താവിന്റെ ദാസനായ മോശയുടെ നാളുകളെഅനുസ്മരിച്ചു. തന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്മാരെ കടലിലൂടെ നയിച്ചവനെവിടെഅവരുടെ മദ്ധ്യത്തിലേക്കു തന്റെ പരിശുദ്ധാത്മാവിനെ അയച്ചവനെവിടെ?  
12: തന്റെ മഹത്വപൂര്‍ണ്ണമായ ഭുജബലം മോശയുടെ വലത്തുകൈയില്‍ പകരുകയും തന്റെ നാമം അനശ്വരമാക്കാന്‍ അവരുടെ മുമ്പില്‍ സമുദ്രംവിഭജിക്കുകയും അഗാധങ്ങളിലൂടെ അവരെ നയിക്കുകയുംചെയ്തവനെവിടെ?   
13: കുതിരയെന്നപോലെ അവര്‍ മരുഭൂമിയില്‍ കാലിടറാതെ നടന്നു.   
14: താഴ്‌വരയിലേക്കിറങ്ങിച്ചെല്ലുന്ന കന്നുകാലികള്‍ക്കെന്നപോലെഅവര്‍ക്കു കര്‍ത്താവിന്റെ ആത്മാവു വിശ്രമംനല്കി. ഇങ്ങനെ അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാക്കുന്നതിന്, അവിടുന്നു തന്റെ ജനത്തെ നയിച്ചു.   
15: സ്വര്‍ഗ്ഗത്തില്‍നിന്ന്അങ്ങയുടെ വിശുദ്ധവും മഹത്വപൂര്‍ണ്ണവുമായ വാസസ്ഥലത്തുനിന്ന്നോക്കിക്കാണുക. അങ്ങയുടെ തീക്ഷ്ണതയും ശക്തിയുമെവിടെഅങ്ങയുടെ ഉത്കടസ്നേഹവും കൃപയും എന്നില്‍നിന്നു പിന്‍വലിച്ചിരിക്കുന്നു. 
16: അബ്രാഹം ഞങ്ങളെയറിയുന്നില്ലെങ്കിലും ഇസ്രായേല്‍ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലുംഅങ്ങാണു ഞങ്ങളുടെ പിതാവ്കര്‍ത്താവേഅങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകനെന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.   
17: കര്‍ത്താവേഅങ്ങയുടെ പാതയില്‍നിന്നു വ്യതിചലിക്കാന്‍ ഞങ്ങളെയനുവദിക്കുന്നതെന്തുകൊണ്ട്എന്തുകൊണ്ടാണ്അങ്ങയെ ഭയപ്പെടാതിരിക്കാന്‍തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്അങ്ങയുടെ ദാസര്‍ക്കുവേണ്ടിഅങ്ങയുടെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടിഅങ്ങു തിരികെവരണമേ!   
18: ദുഷ്ടര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ കാലുകുത്താന്‍ ഇടയായതെന്തുകൊണ്ട്ഞങ്ങളുടെ വൈരികള്‍ അങ്ങയുടെ ആലയം ചവിട്ടിമെതിക്കുന്നതെന്തുകൊണ്ട്?  
19: അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താല്‍ വിളിക്കപ്പെടാത്തവരെപ്പോലെയുമായിരിക്കുന്നു ഞങ്ങള്‍. 


അദ്ധ്യായം 64


1: കര്‍ത്താവേആകാശം പിളര്‍ന്ന്, ഇറങ്ങിവരണമേ! അങ്ങയുടെ സാന്നിദ്ധ്യത്തില്‍ പര്‍വ്വതങ്ങള്‍ വിറകൊള്ളട്ടെ!   
2: അഗ്നിയാല്‍ വിറകെരിയുകയും വെള്ളംതിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിദ്ധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമമറിയട്ടെ!   
3: അവിടുന്നിറങ്ങിവന്ന്ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുമ്പില്‍, പര്‍വ്വതങ്ങള്‍ പ്രകമ്പനംകൊണ്ടു.   
4: തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയദ്ധ്വാനിക്കുന്ന അവിടുത്തെയല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെക്കാണുകയോ ചെയ്തിട്ടില്ല.   
5: അങ്ങയുടെ പാതയില്‍ അങ്ങയെ സ്മരിച്ചുകൊണ്ട് സന്തോഷത്തോടെ നീതിപ്രവര്‍ത്തിക്കുന്നവരെ അങ്ങു സ്വീകരിക്കുന്നു. അങ്ങു കോപിച്ചുകാരണംഞങ്ങള്‍ പാപംചെയ്തു. വളരെക്കാലം ഞങ്ങള്‍ തിന്മയില്‍ വ്യാപരിച്ചു.  
6: ഞങ്ങള്‍ക്കു രക്ഷകിട്ടുമോഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍ മലിനവസ്ത്രംപോലെയുമാണ്. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു.  
7: അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്സാഹിക്കുകയുംചെയ്യുന്നവന്‍ ആരുമില്ല. അങ്ങ് ഞങ്ങളില്‍നിന്നു മുഖംമറച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക് അങ്ങു ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.   
8: എന്നാലുംകര്‍ത്താവേഅങ്ങു ഞങ്ങളുടെ പിതാവാണ്ഞങ്ങള്‍ കളിമണ്ണും അങ്ങു കുശവനുമാണ്.   
9: ഞങ്ങളങ്ങയുടെ കരവേലയാണ്. കര്‍ത്താവേഅങ്ങ്, അത്യധികം കോപിക്കരുതേ! ഞങ്ങളുടെ തിന്മകള്‍ എന്നേക്കുമോര്‍മ്മിക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു സ്മരിക്കണമേ!   
10: അങ്ങയുടെ വിശുദ്ധനഗരങ്ങള്‍ വിജനമായിരിക്കുന്നു. സീയോൻ, മരുഭൂമിയും ജറുസലെം ശൂന്യവുമായിരിക്കുന്നു!  
11: ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങള്‍ നാശക്കൂമ്പാരങ്ങളായിരിക്കുന്നു.   
12: കര്‍ത്താവേഇവയെല്ലാംകണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോനിശ്ശബ്ദത പാലിച്ചുകൊണ്ട് അങ്ങിനിയും ഞങ്ങളെ ദാരുണമായി പീഡിപ്പിക്കുമോ

അദ്ധ്യായം 65

ധിക്കാരികള്‍ക്കു ശിക്ഷ
1: എന്നോടാരായാത്തവര്‍ക്ക് ഉത്തരംനല്കാനും എന്നെത്തേടാത്തവര്‍ക്കു ദര്‍ശനമരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്ഇതാഞാന്‍ എന്നു ഞാന്‍ പറഞ്ഞു.   
2: സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റിനടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ, ദിവസം മുഴുവന്‍ ഞാനെന്റെ കൈകള്‍ വിരിച്ചുപിടിച്ചു.   
3: ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്മേല്‍ ധൂപാര്‍പ്പണംനടത്തുകയുംചെയ്തുകൊണ്ട് എന്റെ മുഖത്തുനോക്കി എപ്പോഴുമെന്നെ പ്രകോപിപ്പിക്കുന്ന ഒരു ജനത്തിനുനേരേതന്നെ.   
4: അവര്‍ ശവകുടീരങ്ങളിലിരിക്കുന്നുരഹസ്യസ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നുപന്നിയിറച്ചി ഭക്ഷിക്കുന്നു. നിന്ദ്യമായവയുടെ സത്തു പാനംചെയ്യുന്നു.   
5: അവിടെത്തന്നെ നില്ക്കുകഎന്റെയടുക്കല്‍ വരരുത്. ഞാന്‍ വിശുദ്ധനാണ് എന്നവര്‍ പറയുന്നു. അവര്‍ എന്റെ നാസികയില്‍ പുകയാണ്ദിവസം മുഴുവനെരിയുന്ന, തീയാണ്.   
6: ഇതാഎല്ലാറ്റിന്റെയും രേഖ എന്റെ മുമ്പിലുണ്ട്ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ലപ്രതികാരംചെയ്യും.   
7: അവരുടെയും അവരുടെ പിതാക്കന്മാരുടെയും തിന്മകള്‍ക്ക്, അവരുടെ മടിയിലേക്കുതന്നെ ഞാന്‍ പ്രതികാരംചൊരിയും- കര്‍ത്താവരുളിച്ചെയ്യുന്നു. അവര്‍ മലമുകളില്‍ ധൂപമര്‍പ്പിക്കുകയും കുന്നുകളില്‍ എന്നെ നിന്ദിക്കുകയുംചെയ്തു. അവരുടെ പഴയപ്രവൃത്തികള്‍ക്കുള്ള ശിക്ഷ, അവരുടെ മടിയില്‍ത്തന്നെ ഞാനളന്നു നല്കും.   
8: കര്‍ത്താവരുളിച്ചെയ്യുന്നു: മുന്തിരിക്കുലയില്‍ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്അതിലൊരു വരമുണ്ട് എന്നു പറയുന്നതുപോലെഎന്റെ ദാസര്‍ക്കുവേണ്ടി ഞാനും പ്രവര്‍ത്തിക്കുംഅവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല.   
9: യാക്കോബില്‍നിന്നു സന്തതികളെയുംയൂദായില്‍നിന്ന് എന്റെ മലകളുടെ അവകാശികളെയും ഞാന്‍ പുറപ്പെടുവിക്കുംഎന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു കൈവശപ്പെടുത്തുംഎന്റെ ദാസര്‍ അവിടെ വസിക്കും.   
10: എന്നെയന്വേഷിച്ച എന്റെ ജനത്തിന്റെ ആട്ടിന്‍പറ്റങ്ങള്‍ക്കു ഷാരോന്‍മേച്ചില്‍പ്പുറവുംകന്നുകാലികള്‍ക്ക് ആഖോര്‍ത്താഴ്‌വരയും വിശ്രമകേന്ദ്രങ്ങളായിരിക്കും.   
11: എന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെയുപേക്ഷിക്കുകയും എന്റെ വിശുദ്ധഗിരിയെ മറക്കുകയും ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലര്‍ത്തി പാനപാത്രം നിറയ്ക്കുകയും ചെയ്തു.   
12: ഞാന്‍ നിങ്ങളെ വാളിനേല്പിക്കുംകൊലയ്ക്കു തലകുനിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്കിടവരും. കാരണംഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളികേട്ടില്ലഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ശ്രവിച്ചില്ല. എന്റെ ദൃഷ്ടിയില്‍ തിന്മയായതു നിങ്ങള്‍ പ്രവര്‍ത്തിച്ചു. എനിക്കനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.   
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ദാസര്‍ ഭക്ഷിക്കുംനിങ്ങള്‍ വിശന്നുപൊരിയുംഎന്റെ ദാസര്‍ പാനംചെയ്യുംനിങ്ങള്‍ തൃഷ്ണാര്‍ത്തരാകും. എന്റെ ദാസര്‍ സന്തോഷിച്ചുല്ലസിക്കുംനിങ്ങള്‍ നിന്ദനമേല്ക്കും.   
14: എന്റെ ദാസര്‍ ആനന്ദഗീതമാലപിക്കുംനിങ്ങള്‍ ദുഃഖംകൊണ്ടു നിലവിളിക്കുകയും മനോവ്യഥകൊണ്ടു വിലപിക്കുകയും ചെയ്യും.   
15: ഞാന്‍ തിരഞ്ഞെടുത്തവര്‍ നിങ്ങളുടെ നാമം ശപിക്കാനുപയോഗിക്കും. ദൈവമായ കര്‍ത്താവു നിങ്ങളെ വധിക്കും. തന്റെ ദാസര്‍ക്ക്, അവിടുന്നു മറ്റൊരു പേരുനല്കും.   
16: ഭൂമിയില്‍ അനുഗ്രഹംയാചിക്കുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടാനാഗ്രഹിക്കുംശപഥംചെയ്യുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അതുചെയ്യും. മുന്‍കാലക്ലേശങ്ങള്‍ ഞാന്‍ മറന്നിരിക്കുന്നുഅവ എന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.   

പുതിയ ആകാശവും പുതിയ ഭൂമിയും
17: ഇതാഞാനൊരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങളനുസ്മരിക്കുകയോ അവ മനസ്സില്‍വരുകയോ ഇല്ല.   
18: ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയുംചെയ്യുവിന്‍. ജറുസലെമിനെ ഒരാനന്ദമായും അവളുടെ ജനത്തെ ആഹ്ലാദമായും ഞാന്‍ സൃഷ്ടിക്കുന്നു.   
19: ജറുസലെമിനെക്കുറിച്ചു ഞാനാനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കുംവിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനിയവിടെ കേള്‍ക്കുകയില്ല.   
20: ശിശുക്കളോ ആയുസ്സുതികയ്ക്കാത്ത വൃദ്ധരോഇനിയവിടെ മരിക്കുകയില്ല. നൂറാം വയസ്സില്‍ മരിച്ചാല്‍ അതു ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനുമുമ്പുള്ള മരണം, ശാപലക്ഷണമായി പരിഗണിക്കും.   
21: അവര്‍ ഭവനങ്ങള്‍ പണിതു വാസമുറപ്പിക്കുംമുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച്, അവയുടെ ഫലം ഭക്ഷിക്കും.   
22: അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ലഅവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ലഎന്റെ ജനത്തിന്റെ ആയുസ്സ്, വൃക്ഷത്തിന്റെ ആയുസ്സു പോലെയായിരിക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെയദ്ധ്വാനത്തിന്റെ ഫലമനുഭവിക്കും.   
23: അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിനിരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കുംഅവരുടെ സന്തതികളും അവരോടൊപ്പമനുഗൃഹീതരാകും.   
24: വിളിക്കുംമുമ്പേ ഞാനവര്‍ക്കുത്തരമരുളുംപ്രാര്‍ത്ഥിച്ചുതീരുംമുമ്പേ ഞാനതു കേള്‍ക്കും.   
25: കര്‍ത്താവരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചുമേയുംസിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല. 

അദ്ധ്യായം 66

യഥാര്‍ത്ഥ ഭക്തി
1: കര്‍ത്താവരുളിച്ചെയ്യുന്നു: ആകാശമെന്റെ സിംഹാസനംഭൂമിയെന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങളെനിക്കു നിര്‍മ്മിക്കുകഏതാണെന്റെ വിശ്രമസ്ഥലം?   
2: കര്‍ത്താവരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവുമുണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയുംചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക.   
3: കാളയെക്കൊല്ലുന്നവന്‍ മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയുംധാന്യബലിയര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്തം കാഴ്ചവയ്ക്കുന്നവനെപ്പോലെയും അനുസ്മരണാബലിയായി ധൂപമര്‍പ്പിക്കുന്നവന്‍ വിഗ്രഹത്തെ വണങ്ങുന്നവനെപ്പോലെയുമാണ്. അവര്‍ സ്വന്തം പാത തിരഞ്ഞെടുക്കുകയും അവരുടെ ആത്മാക്കള്‍ അവരുടെ മ്ലേച്ഛതകളില്‍ സന്തോഷിക്കുകയും ചെയ്യുന്നു.   
4: ഞാനവര്‍ക്കായി പീഡനം തിരഞ്ഞെടുക്കും. അവര്‍ ഭയപ്പെട്ടത് അവരുടെമേല്‍ വരുത്തുംകാരണംഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ലഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ചില്ലഅവര്‍ എന്റെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചു. എനിക്കനിഷ്ടമായത് അവര്‍ തിരഞ്ഞെടുത്തു.   
5: കര്‍ത്താവിന്റെ വചനംകേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നവരേഅവിടുത്തെ വചനം കേള്‍ക്കുവിന്‍: എന്റെ നാമത്തെപ്രതി നിങ്ങളെ ദ്വേഷിക്കുകയും പുറത്താക്കുകയുംചെയ്യുന്ന നിങ്ങളുടെ സഹോദരര്‍, ‘കര്‍ത്താവ് മഹത്വംപ്രകടിപ്പിക്കട്ടെനിങ്ങള്‍ സന്തോഷിക്കുന്നതു ഞങ്ങള്‍ കാണട്ടെ’ എന്നു പരിഹസിച്ചു. എന്നാല്‍, അവര്‍തന്നെയാണു ലജ്ജിതരാവുക.   
6: ഇതാനഗരത്തില്‍നിന്ന് ഒരു ശബ്ദകോലാഹലം! ദേവാലയത്തില്‍നിന്ന് ഒരു സ്വരം! ശത്രുക്കളോടു പ്രതികാരംചെയ്യുന്ന കര്‍ത്താവിന്റെ സ്വരമാണത്.   

പുതിയജനം
7: സമയമാകുന്നതിനുമുമ്പേ അവള്‍ പ്രസവിച്ചുപ്രസവവേദനയുണ്ടാകുന്നതിനു മുമ്പുതന്നെ അവളൊരു പുത്രനെ പ്രസവിച്ചു.   
8: ആരെങ്കിലും ഇങ്ങനൊന്നു കേട്ടിട്ടുണ്ടോകണ്ടിട്ടുണ്ടാഒരു ദിവസംകൊണ്ട്, ഒരു ദേശമുണ്ടാകുമോഒരു നിമിഷംകൊണ്ട്, ഒരു ജനത രൂപംകൊള്ളുമോപ്രസവവേദനതുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു.   
9: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളമെത്തിച്ചിട്ട്പ്രസവമുണ്ടാകാതിരിക്കുമോജന്മംനല്കുന്ന ഞാന്‍ ഗര്‍ഭപാത്രമടച്ചുകളയുമോ? - നിന്റെ ദൈവം ചോദിക്കുന്നു.   
10: ജറുസലെമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചുതിമിര്‍ക്കുവിന്‍.   
11: അവളുടെ സാന്ത്വനസ്തന്യം പാനംചെയ്തു തൃപ്തരാകുവിന്‍; അവളുടെ മഹത്വത്തിന്റെ സമൃദ്ധിനുകര്‍ന്നു സംതൃപ്തിയടയുവിന്‍.   
12: കര്‍ത്താവരുളിച്ചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാനൊഴുക്കുംജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവള്‍ പാലൂട്ടുകയും എളിയിലെടുത്തുകൊണ്ടുനടക്കുകയും മടിയിലിരുത്തി ലാളിക്കുകയുംചെയ്യും.   
13: അമ്മയെപ്പോലെ ഞാന്‍ നിന്നെയാശ്വസിപ്പിക്കും. ജറുസലെമില്‍വച്ചു നീ സാന്ത്വനമനുഭവിക്കും.   
14: അതുകണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കുംനിങ്ങളുടെ അസ്ഥി പുല്ലുപോലെ തളിര്‍ക്കുംകര്‍ത്താവിന്റെ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്റെ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയുമാണെന്ന് അപ്പോള്‍ വെളിവാകും.   
15: കര്‍ത്താവ്, അഗ്നിയിലെഴുന്നള്ളുംഅവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധമാഞ്ഞടിക്കുംഅവിടുത്തെ ശാസനമാളിക്കത്തും.   
16: കര്‍ത്താവ് അഗ്നികൊണ്ടു വിധിനടത്തുംഎല്ലാ മര്‍ത്ത്യരുടെയുംമേല്‍ വാളുകൊണ്ടു വിധിനടത്തും. കര്‍ത്താവിനാല്‍ വധിക്കപ്പെടുന്നവര്‍ അസംഖ്യമായിരിക്കും.   
17: കര്‍ത്താവരുളിച്ചെയ്യുന്നു: മദ്ധ്യത്തില്‍ നില്ക്കുന്നവന്റെ അനുയായികളായി ഉദ്യാനത്തില്‍ പ്രവേശിക്കാന്‍വേണ്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സമര്‍പ്പിക്കുകയും പന്നിയിറച്ചിമ്ലേച്ഛവസ്തുക്കള്‍, ചുണ്ടെലി എന്നിവ തിന്നുകയുംചെയ്യുന്നവര്‍ ഒന്നിച്ചുനാശമടയും.   
18: ഞാന്‍ അവരുടെ ചെയ്തികളും ചിന്തകളുമറിയുന്നു. ഞാന്‍ എല്ലാജനതകളെയും സകലഭാഷകളുംസംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടാന്‍ വരുന്നു. അവര്‍ വന്ന്, എന്റെ മഹത്വംദര്‍ശിക്കും.   
19: അവരുടെയിടയില്‍ ഞാനൊരടയാളം സ്ഥാപിക്കും. അവരില്‍ അതിജീവിക്കുന്നവരെ താര്‍ഷീഷ്പുത്വില്ലാളികള്‍ വസിക്കുന്ന ലുദ്തൂബാല്‍, യാവാന്‍, വിദൂരതീരദേശങ്ങള്‍ എന്നിങ്ങനെ എന്നെപ്പറ്റി കേള്‍ക്കുകയോ എന്റെ മഹത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്കു ഞാനയയ്ക്കും. അവര്‍ എന്റെ മഹത്വം ജനതകളുടെയിടയില്‍ പ്രഖ്യാപിക്കും. 
20: കര്‍ത്താവരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ഭവനത്തിലേക്ക്, ഇസ്രായേല്‍ക്കാര്‍ ശുചിയായ പാത്രത്തില്‍ ധാന്യബലിവസ്തുക്കള്‍ കൊണ്ടുവരുന്നതുപോലെഅവര്‍ നിങ്ങളുടെ സഹോദരന്മാരെ എല്ലാ ജനതകളിലുംനിന്നു കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍കഴുതകളുടെയും ഒട്ടകങ്ങളുടെയുംപുറത്തും കയറ്റി എന്റെ വിശുദ്ധഗിരിയായ ജറുസലെമിലേക്കു കാഴ്ചയായി കൊണ്ടുവരും.   
21: അവരില്‍നിന്നു കുറെപ്പേരെ പുരോഹിതന്മാരും ലേവ്യരുമായി ഞാന്‍ തിരഞ്ഞെടുക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.  
22: ഞാന്‍ സൃഷ്ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പില്‍ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്‍ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.   
23: അമാവാസിമുതല്‍ അമാവാസിവരെയും സാബത്തുമുതല്‍ സാബത്തുവരെയും മര്‍ത്ത്യരെല്ലാവരും എന്റെ മുമ്പില്‍ ആരാധനയ്ക്കായി വരും- കര്‍ത്താവരുളിച്ചെയ്യുന്നു.   
24: അവര്‍ ചെന്ന് എന്നെയെതിര്‍ത്തവരുടെ ജഡങ്ങള്‍ കാണും. അവയിലെ പുഴുക്കള്‍ ചാവുകയോ അവരുടെ അഗ്നി ശമിക്കുകയോ ഇല്ല. എല്ലാവര്‍ക്കും അതൊരു ബീഭത്സദൃശ്യമായിരിക്കും.