ജെറെമിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജെറെമിയ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുന്നൂറ്റിനാല്പത്തൊമ്പതാം ദിവസം: എസക്കിയേല്‍ 46 - 48


അദ്ധ്യായം 46

രാജാവും തിരുനാളുകളും
1: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്റെ കിഴക്കേ പടിപ്പുര ജോലിദിവസങ്ങള്‍ ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതു തുറന്നിടണം.
2: രാജാവു പുറത്തുനിന്നു പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ചു്, തൂണിനരികേ നില്ക്കണം. അവന്റെ ദഹനബലിയും സമാധാനബലിയും പുരോഹിതന്മാരര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ടു് അവന്‍ ആരാധനനടത്തുകയുംവേണം. അതുകഴിഞ്ഞു് അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്ക്കരുതു്.
3: ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധനനടത്തണം.
4: സാബത്തില്‍ രാജാവു കര്‍ത്താവിനു സമര്‍പ്പിക്കുന്ന ദഹനബലി, ഊനമറ്റ ആറ് ആട്ടിന്‍ കുട്ടികളും ഒരു മുട്ടാടുമായിരിക്കണം.
5: ധാന്യബലിയായി മുട്ടാടിനോടൊപ്പം ഒരു ഏഫായും കുഞ്ഞാടുകളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും അവന്‍ നല്കണം.
6: അമാവാസിയില്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആറ് ആട്ടിന്‍കുട്ടികളെയും ഒരു മുട്ടാടിനെയും അവന്‍ കാഴ്ചകൊടുക്കണം.
7: കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും ധാന്യബലിയായി കൊടുക്കണം.
8: രാജാവു പടിപ്പുരയുടെ പൂമുഖത്തിലെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയുംവേണം.
9: നിശ്ചിതതിരുനാളുകളില്‍ ദേശത്തെ ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധനയ്ക്കായിവരുമ്പോള്‍ വടക്കേ പടിപ്പുരയിലൂടെ പ്രവേശിക്കുന്നവന്‍ തെക്കേ പടിപ്പുരയിലൂടെയും തെക്കേതിലൂടെ പ്രവേശിക്കുന്നവന്‍ വടക്കേതിലൂടെയും പുറത്തുപോകണം. താന്‍ പ്രവേശിച്ച പടിപ്പുരയിലൂടെ തിരിയെപ്പോകാതെ അതിനെതിരേയുള്ളതിലൂടെവേണം പുറത്തുപോകാന്‍.
10: അവരകത്തുകടക്കുമ്പോള്‍ രാജാവും അവരോടൊപ്പം അകത്തു പ്രവേശിക്കുകയും പുറത്തുപോകുമ്പോള്‍ അവരോടൊപ്പം പുറത്തുപോകുകയുംവേണം.
11: തിരുനാളുകളിലും നിശ്ചിതകാലങ്ങളിലും ധാന്യബലി കാളക്കുട്ടിയോടും മുട്ടാടിനോടുമൊപ്പം ഒരു ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം ഓരോരുത്തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിൻ എണ്ണയുമായിരിക്കും.
12: രാജാവു് ദഹനബലിയോ സമാധാനബലിയോ കര്‍ത്താവിനു സ്വമേധയാ സമര്‍പ്പിക്കുമ്പോള്‍ കിഴക്കേ പടിപ്പുര അവനുവേണ്ടി തുറന്നുകൊടുക്കണം. സാബത്തില്‍ ചെയ്യാറുള്ളതുപോലെ തന്റെ ദഹനബലിയും സമാധാനബലിയും അവന്‍ സമര്‍പ്പിക്കണം. അതുകഴിഞ്ഞു പുറത്തുപോകണം; അതിനുശേഷം പടിപ്പുര അടയ്ക്കുകയുംവേണം.
13: അവന്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ ഓരോ ആട്ടിന്‍ക്കുട്ടിയെ ദിവസേന കര്‍ത്താവിനു കൊടുക്കണം. ഓരോ പ്രഭാതത്തിലും അവനങ്ങനെചെയ്യട്ടെ.
14: അതിനോടൊപ്പം ആറിലൊന്നു് ഏഫായും മാവുകുഴയ്ക്കാന്‍ മൂന്നിലൊന്നു ഹിൻ എണ്ണയും ധാന്യബലിയായി അവന്‍ ഓരോ പ്രഭാതത്തിലും കര്‍ത്താവിനു കൊടുക്കണം. ദിനംതോറുമുള്ള ബലിയുടെ നിയമമാണിതു്.
15: ഇപ്രകാരം ആട്ടിന്‍കുട്ടിയും ധാന്യബലിയും എണ്ണയും ഓരോ പ്രഭാതത്തിലും ദൈനംദിനദഹനബലിക്കായി നല്കണം.
16: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: രാജാവു തന്റെ പുത്രന്മാരില്‍ ആര്‍ക്കെങ്കിലും തന്റെ പൈതൃകാവകാശത്തില്‍നിന്നൊരു സമ്മാനംകൊടുത്താല്‍ അതവന്റേതായിരിക്കും. അതവനു പൈതൃകസ്വത്തായിരിക്കും.
17: അവന്‍ തന്റെ പിതൃസ്വത്തില്‍നിന്നു തന്റെ ദാസന്മാരിലൊരുവനു് ഒരു സമ്മാനംകൊടുത്താല്‍ വിമോചനവര്‍ഷംവരെ അതവന്റേതായിരിക്കും. അതിനുശേഷം അതു തിരിയെക്കൊടുക്കണം. രാജാവിന്റെ പിതൃസ്വത്തില്‍നിന്നുള്ള സമ്മാനം അവന്റെ പുത്രന്മാര്‍ക്കുമാത്രമുള്ളതാണു്.
18: ജനത്തെ അവരുടെ സ്വത്തില്‍നിന്നു ബലംപ്രയോഗിച്ചുപുറത്താക്കി, രാജാവവരുടെ പൈതൃകാവകാശം കൈവശപ്പെടുത്താന്‍ പാടില്ല. സ്വന്തംസ്വത്തില്‍നിന്നാണു് അവന്‍ മക്കള്‍ക്കു പൈതൃകാവകാശംനല്കേണ്ടതു്. അങ്ങനെയാവുമ്പോൾ എന്റെ ജനത്തിന്റെ സ്വത്തു് അവര്‍ക്കു നഷ്ടപ്പെടുകയില്ല.
19: അതിനുശേഷം അവനെന്നെ പടിപ്പുരയുടെ പാര്‍ശ്വകവാടത്തിലൂടെ പുരോഹിതന്മാരുടെ വിശുദ്ധമുറികളുടെ വടക്കേനിരയിലേക്കു കൊണ്ടുവന്നു. അവയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തു് ഞാനൊരു സ്ഥലം കണ്ടു.
20: അവനെന്നോടു പറഞ്ഞു: പുറത്തേ അങ്കണത്തിലേക്കു കൊണ്ടുവന്നു ജനത്തിലേക്കു പരിശുദ്ധിപടരാതിരിക്കേണ്ടതിന്, പുരോഹിതന്മാര്‍ പ്രായശ്ചിത്തബലിയും പാപപരിഹാരബലിയും വേവിക്കുകയും ധാന്യബലി ചുടുകയുംചെയ്യേണ്ടസ്ഥലമാണിതു്.
21: പിന്നെ അവനെന്നെ പുറത്തേ അങ്കണത്തിലേക്കു കൊണ്ടുവന്നു്, അങ്കണത്തിന്റെ നാലുകോണുകളിലേക്കും നയിച്ചു. അങ്കണത്തിന്റെ ഓരോകോണിലും ഓരോ അങ്കണമുണ്ടായിരുന്നു.
22: നാല്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഓരോ ചെറിയ അങ്കണം നാലുകോണിലുമുണ്ടായിരുന്നു. അവ ഒരേവലിപ്പത്തിലായിരുന്നു.
23: നാലങ്കണങ്ങളുടെയും ഉള്‍വശത്തു ചുറ്റിലും കല്‍ഭിത്തി കെട്ടിയിരുന്നു.
24: അതിന്റെ ചുവട്ടില്‍, ചുറ്റും അടുപ്പുകളുമുണ്ടായിരുന്നു. അപ്പോളവനെന്നോടു പറഞ്ഞു: ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവര്‍ ജനത്തിന്റെ ബലിവസ്തുക്കള്‍ വേവിക്കുന്ന സ്ഥലമാണിതു്.


അദ്ധ്യായം 47

ദേവാലയത്തില്‍നിന്നു നീര്‍ച്ചാല്‍
1: പിന്നെ അവനെന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍നിന്നു കിഴക്കോട്ടു വെള്ളമൊഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണു്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്തു്, ബലിപീഠത്തിന്റെ തെക്കുവശത്തു്, അടിയില്‍നിന്നു വെള്ളമൊഴുകിക്കൊണ്ടിരുന്നു.
2: പിന്നെ അവനെന്നെ വടക്കേപ്പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയുംചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.
3: കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്നു്, ആയിരംമുഴം അളന്നു. എന്നിട്ടു് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു.
4: പിന്നെയും അവന്‍ ആയിരംമുഴം അളന്നു്, എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടുമവന്‍ ആയിരംമുഴം അളന്നു് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെയരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു.
5: പിന്നെയുമവന്‍ ആയിരംമുഴമളന്നു. എനിക്കു കടന്നുപോകാന്‍പറ്റാത്ത ഒരു നദിയായിരുന്നു അതു്. വെള്ളം അത്രയ്ക്കുയര്‍ന്നിരുന്നു. നീന്താന്‍വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിനു് - നടന്നു് അക്കരെപറ്റാന്‍വയ്യാത്ത ഒരു നദി.
6: അവനെന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീയിതു കണ്ടോ? പിന്നെ അവനെന്നെ നദീതീരത്തൂടെ തിരിച്ചുകൊണ്ടുവന്നു.
7: ഞാന്‍ തിരിച്ചുപോന്നപ്പോള്‍ നദിയുടെയിരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു.
8: അവനെന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ച്ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ചെന്നു്, അതിനെ ശുദ്ധജലമാക്കുന്നു.
9: നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്നുജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളുമുണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ്, നദി അങ്ങോട്ടൊഴുകുന്നതു്. അങ്ങനെ നദിയൊഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും.
10: മീന്‍പിടുത്തക്കാര്‍ ആ കടല്‍ക്കരെ നില്ക്കും. എന്‍ഗേദിമുതല്‍ എന്‍എഗ്ലായിംവരെ വലവീശാന്‍പറ്റിയ സ്ഥലമാണു്. അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം മത്സ്യങ്ങളുണ്ടായിരിക്കും.
11: എന്നാല്‍ നദിയുടെ സമീപത്തുള്ള ചേറ്റുനിലങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാക്കപ്പെടുകയില്ല. ഉപ്പിനുവേണ്ടി അവ മാറ്റിവച്ചിരിക്കുന്നു.
12: നദിയുടെ, ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെയിലകള്‍ വാടിക്കൊഴിയുകയോ അവ ഫലംനല്കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്നൊഴുകുന്നതുകൊണ്ടു്, മാസംതോറും പുത്തന്‍ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനുമുപകരിക്കുന്നു.

ദേശത്തിന്റെ അതിരുകള്‍
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍, നീ ദേശം വിഭജിക്കുന്നതു് ഇപ്രകാരമായിരിക്കണം. ജോസഫിനു് രണ്ടു പങ്കുണ്ടായിരിക്കണം.
14: നിങ്ങളതു തുല്യമായിവേണം ഭാഗിക്കാന്‍. ഈ ദേശം നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു ഞാന്‍ ശപഥം ചെയ്തു. പൈതൃകാവകാശമായി നിങ്ങള്‍ക്കിതു ലഭിക്കും.
15: ദേശത്തിന്റെ അതിര്‍ത്തി ഇതായിരിക്കണം; വടക്കോട്ടു് മഹാസമുദ്രംമുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ അതിര്‍ത്തിവരെ.
16: അവിടെനിന്നു സെദാദ്, ബറോത്ത, ദമാസ്‌ക്കസിന്റെയും ഹമാത്തിന്റെയും ഇടയ്ക്കുള്ള അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സിബ്രായിം, ഹൗറാന്റെ അതിര്‍ത്തിയിലുള്ള ഹാസ്സെര്‍ ഹത്തിക്കോൻ എന്നിവവരെയും.
17: അങ്ങനെ വടക്കേ അതിര്‍ത്തി, സമുദ്രംമുതല്‍ ദമാസ്ക്കസിന്റെ വടക്കേയതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍വരെയും അതിനു വടക്കുള്ള ഹമാത്തിന്റെ അതിര്‍ത്തിവരെയും. ഇതാണു വടക്കേ അതിര്.
18: കിഴക്കേ അതിര്‍ത്തി: ദമാസ്ക്കസിന്റെയും ഹൗറാന്റെയുമിടയ്ക്കുള്ള ഹസാര്‍ഏനോന്‍മുതല്‍ ഇസ്രായേല്‍ദേശത്തിനും ഗിലയാദിനുമിടയ്ക്കു ജോര്‍ദ്ദാന്‍വഴി കിഴക്കേക്കടലും താമാറുംവരെയും. ഇതായിരിക്കണം കിഴക്കേയതിര്.
19: തെക്കേയതിര്‍ത്തി: താമാര്‍മുതല്‍ മെരിബാത്കാദെഷിലെ ജലാശയംവരെയും അവിടെനിന്നു് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയും. ഇതായിരിക്കണം തെക്കേയതിര്‍ത്തി.
20: ഹമാത്തിന്റെ കവാടത്തിനുനേരേവരെ മഹാസമുദ്രമായിരിക്കണം പടിഞ്ഞാറേയതിര്‍ത്തി.
21: അങ്ങനെ ഇസ്രായേല്‍ഗോത്രങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ ഈ ദേശം വിഭജിച്ചെടുക്കണം.
22: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ത്താമസിക്കവേ, കുട്ടികള്‍ജനിച്ചു്, അവിടെപ്പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അതു പങ്കുവയ്ക്കണം. അവര്‍ നിങ്ങള്‍ക്കു സ്വദേശീയരായ ഇസ്രായേല്‍മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ നിങ്ങളോടൊപ്പം അവര്‍ക്കും ഒരവകാശം ലഭിക്കണം.
23: പരദേശിപാര്‍ക്കുന്ന ഗോത്രമേതോ, ആ ഗോത്രത്തില്‍ത്തന്നെ അവനു് ഓഹരികൊടുക്കണം, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.


അദ്ധ്യായം 48

ഗോത്രങ്ങളുടെ ഓഹരി
1: ഗോത്രങ്ങളുടെ പേരുകളിവയാണു്: വടക്കേയതിര്‍ത്തിയിലാരംഭിച്ചു്, കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ കവാടംവരെയും ഹമാത്തിനുനേരേ ദമാസ്ക്കസിന്റെ വടക്കേയതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചുകിടക്കുന്ന ദാന്‍ ആണു് ഒരുഭാഗം.
2: അതിനോടുചേര്‍ന്നു കിഴക്കേയറ്റംമുതല്‍ പടിഞ്ഞാറേയറ്റംവരെ ആഷേറിന്റെ ഓഹരിയാണു്.
3: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു നഫ്താലിയുടേതു്.
4: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മാനാസ്സെയുടെ ഓഹരിയാണു്.
5: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു് എഫ്രായിമിന്റെ അവകാശം.
6: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്റെ ഓഹരിയാണു്.
7: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി.

വിശുദ്ധ ഓഹരി
8: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരംമുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിനുതുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാറായി നിങ്ങള്‍ നീക്കിവയ്ക്കുന്ന ഒരു ഭാഗം; അതിനുമദ്ധ്യേയായിരിക്കും വിശുദ്ധമന്ദിരം.
9: കര്‍ത്താവിനുവേണ്ടി നിങ്ങള്‍ മാറ്റിവയ്ക്കുന്നസ്ഥലത്തിന്റെ നീളം ഇരുപത്തയ്യായിരംമുഴവും വീതി പതിനായിരംമുഴവുമായിരിക്കണം.
10: വിശുദ്ധഓഹരിയായി നീക്കിവയ്‌ക്കേണ്ടതു് ഇവയാണു്: വടക്കു് ഇരുപത്തയ്യായിരംമുഴം നീളവും, പടിഞ്ഞാറ് പതിനായിരംമുഴം വീതിയും കിഴക്കു പതിനായിരംമുഴം വീതിയും തെക്കു് ഇരുപത്തയ്യായിരംമുഴം നീളവുമുള്ള ഒരു ഭാഗം പുരോഹിതന്മാര്‍ക്കായി നീക്കിവയ്ക്കണം. അതിന്റെമദ്ധ്യത്തിലായിരിക്കണം കര്‍ത്താവിന്റെ വിശുദ്ധമന്ദിരം.
11: ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗ്ഗഭ്രംശംസംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതലവഹിച്ച അഭിഷിക്തപുരോഹിതരായ സാദോക്കിന്റെ പുത്രന്മാര്‍ക്കുള്ളതാണിതു്.
12: ലേവ്യരുടെ അതിര്‍ത്തിയോടുചേര്‍ന്ന്, വിശുദ്ധഓഹരിയില്‍നിന്നു വേര്‍തിരിച്ചെടുത്ത, അതിവിശുദ്ധമായ ഓഹരിയാണവരുടേതു്.
13: പുരോഹിതന്മാരുടെതിനോടുചേര്‍ന്ന്, ഇരുപത്തയ്യായിരംമുഴം നീളത്തിലും പതിനായിരംമുഴം വീതിയിലും ഒരോഹരി ലേവ്യര്‍ക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരംമുഴവും. വീതി പതിനായിരംമുഴവും.
14: അവരതു വില്ക്കുകയോ കൈമാറ്റംചെയ്യുകയോ അരുതു്. ദേശത്തിന്റെ ഈ വിശിഷ്ടഭാഗം അവര്‍ അന്യാധീനപ്പെടുത്തിക്കളയരുതു്. എന്തെന്നാല്‍ അതു കര്‍ത്താവിനു വിശുദ്ധമാണു്.
15: ശേഷിച്ച അയ്യായിരംമുഴം വീതിയും ഇരുപത്തയ്യായിരംമുഴം നീളവുമുള്ള ഭാഗം പട്ടണത്തിലെ സാധാരണആവശ്യത്തിനും താമസത്തിനും പ്രാന്തപ്രദേശത്തിനുംവേണ്ടിയാണു്. നഗരം അതിന്റെ മദ്ധ്യത്തിലായിരിക്കണം.
16: അതിന്റെ അളവുകളിതായിരിക്കണം: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നാലായിരത്തിയഞ്ഞൂറുമുഴംവീതം.
17: നഗരത്തിനൊരു തുറസ്സായസ്ഥലമുണ്ടായിരിക്കണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതുമുഴംവീതം.
18: വിശുദ്ധഓഹരിയുടെയരികുചേര്‍ന്ന്, മിച്ചമുള്ളതു് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്പന്നങ്ങള്‍ നഗരത്തിലെ ജോലിക്കാര്‍ക്കു ഭക്ഷണത്തിനുള്ളതാണു്.
19: ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട നഗരത്തിലെ കൃഷിക്കാർ, അതില്‍ കൃഷിചെയ്യണം.
20: നിങ്ങള്‍ നീക്കിവയ്ക്കുന്ന മുഴുവന്‍ഭാഗവും - വിശുദ്ധഓഹരിയും നഗരസ്വത്തുംകൂടെ - ഇരുപത്തയ്യായിരംമുഴത്തില്‍ സമചതുരമായിരിക്കണം.
21: വിശുദ്ധഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്നഭാഗം രാജാവിനുള്ളതാണു്. വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരംമുഴം സ്ഥലത്തുനിന്നു കിഴക്കേയതിരുവരെയും പടിഞ്ഞാറേയതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചുകിടക്കുന്നസ്ഥലം രാജാവിനുള്ളതാണു്. വിശുദ്ധഓഹരിയും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും അതിന്റെ നടുക്കായിരിക്കും.
22: നഗരത്തിന്റെയും ലേവ്യരുടെയും സ്വത്തുക്കള്‍ രാജാവിന്റെ ഓഹരിയുടെ മദ്ധ്യത്തിലായിരിക്കണം. രാജാവിന്റെ ഓഹരി യൂദായുടെയും ബഞ്ചമിന്റെയും അതിരുകള്‍ക്കിടയിലും.

മറ്റുഗോത്രങ്ങളുടെ ഓഹരി

23: ബാക്കിയുള്ള ഗോത്രങ്ങളുടെ ഓഹരി: കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ബഞ്ചമിന്റെ ഭാഗം.
24: അതിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണു് ശിമയോന്റെ ഓഹരി.
25: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇസാക്കറിന്റെ ഓഹരി.
26: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സെബുലൂന്റെ ഓഹരി.
27: അതിനോടുചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഗാദിന്റെ ഓഹരി.
28: ഗാദിന്റെ അതിരിനോടുചേര്‍ന്നു തെക്കോട്ടു താമാര്‍മുതല്‍ മെറിബത്കാദെഷജലാശയംവരെയും അവിടെനിന്നു് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയുമാണു് തെക്കേയതിര്‍ത്തി.
29: ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ പൈതൃകാവകാശമായി നിങ്ങള്‍ വിഭജിച്ചെടുക്കേണ്ട ദേശമിതാണു്. ഇവയാണു് അവരുടെ ഓഹരികള്‍ - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

ജറുസലെം കവാടങ്ങള്‍
30: പട്ടണത്തിന്റെ പുറത്തേക്കുള്ളകവാടങ്ങള്‍: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള വടക്കുവശത്തു മൂന്നു കവാടങ്ങള്‍ -
31: റൂബന്റെയും യൂദായുടെയും ലേവിയുടെയും ഓരോന്നു്. ഇസ്രായേല്‍ഗോത്രങ്ങളുടെപേരിലാണു കവാടങ്ങളറിയപ്പെടുക.
32: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള കിഴക്കുവശത്തു മൂന്നു കവാടങ്ങള്‍ - ജോസഫിന്റെയും ബഞ്ചമിന്റെയും ദാനിന്റെയും.
33: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള തെക്കുവശത്തു മൂന്നു കവാടങ്ങള്‍ - ശിമയോന്റെയും ഇസാക്കറിന്റെയും സെബുലൂന്റെയും.
34: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള പടിഞ്ഞാറുവശത്തു മൂന്നു കവാടങ്ങള്‍ ഗാദിന്റെയും ആഷേറിന്റേയും നഫ്താലിയുടെയും.
35: നഗരത്തിന്റെ ചുറ്റളവു പതിനെണ്ണായിരംമുഴമായിരിക്കണം. ഇനിമേല്‍ നഗരത്തിന്റെ പേര്, യാഹ്‌വെഷാമാ എന്നായിരിക്കും.

ഇരുന്നൂറ്റിനാല്പത്തിയെട്ടാം ദിവസം: എസക്കിയേല്‍ 42 - 45

അദ്ധ്യായം 42

1: അവനെന്നെ വടക്കോട്ടുനയിച്ചു്, പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ളകെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്കു് അവനെന്നെ നയിച്ചു.
2: വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറുമുഴവും വീതി അമ്പതുമുഴവുമായിരുന്നു.
3: അകത്തേ അങ്കണത്തിന്റെ ഇരുപതുമുഴത്തിനടുത്തു് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നുനിലകളിലായി നടപ്പുരകളുണ്ടായിരുന്നു.
4: മുറികള്‍ക്കുമുമ്പില്‍ അകത്തേക്കു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5: നടപ്പുരകള്‍ക്കു താഴെയും മദ്ധ്യത്തിലുമുള്ള മുറികളില്‍നിന്നെടുത്തതിനെക്കാള്‍ കൂടുതല്‍സ്ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍നിന്നെടുത്തിരുന്നതിനാല്‍ അവ കൂടുതലിടുങ്ങിയിരുന്നു.
6: അവ മൂന്നുതട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകളവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണു മുകളിലത്തെ മുറികള്‍ക്കു താഴത്തെയും മദ്ധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയതു്
7: മുറികള്‍ക്കു സമാന്തരമായി, എതിരേയുള്ള ബാഹ്യാങ്കണത്തിനുനേരേ അമ്പതുമുഴം നീളത്തിലൊരു ഭിത്തിയുണ്ടായിരുന്നു.
8: ദേവാലയത്തിനെതിരേയുള്ള മുറികളുടെ നീളം നൂറുമുഴമായിരുന്നെങ്കില്‍, ബാഹ്യാങ്കണത്തിലുള്ളവയുടേതു് അമ്പതുമുഴമായിരുന്നു.
9: ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ കിഴക്കുവശത്തായി ഈ മുറികള്‍ക്കുതാഴെ ഒരു കവാടമുണ്ടായിരുന്നു.
10: അവിടെയാണു് പുറത്തേഭിത്തി ആരംഭിക്കുന്നതു്. തെക്കുവശത്തു് അങ്കണത്തിനും കെട്ടിടത്തിനുമെതിരേ മുറികളുണ്ടായിരുന്നു.
11: മുറികള്‍ക്കുമുമ്പില്‍ വഴിയുണ്ടായിരുന്നു. നീളം, വീതി, ബഹിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങള്‍, വാതിലുകള്‍ മറ്റുസംവിധാനങ്ങള്‍ എന്നിവയില്‍ വടക്കുവശത്തേ മുറികള്‍പോലെതന്നെ ഈ മുറികളും.
12: തെക്കേ മുറികളുടെ താഴെ കിഴക്കുവശത്തു വഴിയിലേക്കു കടക്കുന്നിടത്തു് ഒരു കവാടമുണ്ടായിരുന്നു. അവയ്‌ക്കെതിരേയായിരുന്നു നടുഭിത്തി. അവനെന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, വടക്കും തെക്കുമുള്ള മുറികള്‍ വിശുദ്ധങ്ങളാണു്.
13: കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാര്‍ അവിടെവച്ചാണു് ഏറ്റവുംവിശുദ്ധമായ ബലിവസ്തുക്കള്‍ ഭക്ഷിക്കുക. ധാന്യബലിക്കും പാപപരിഹാരബലിക്കും പ്രായശ്ചിത്തബലിക്കുംവേണ്ട വിശുദ്ധവസ്തുക്കൾ അവിടെയാണവര്‍ സൂക്ഷിക്കുക; എന്തെന്നാല്‍ ആ സ്ഥലം വിശുദ്ധമാണു്.
14: പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുപ്രവേശിച്ചാല്‍പ്പിന്നെ, ശുശ്രൂഷയ്ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവിടെ മാറ്റിവച്ചിട്ടേ പുറത്തേ അങ്കണത്തിലേക്കു പോകാവൂ; എന്തെന്നാല്‍ അവ വിശുദ്ധങ്ങളാണു്. വേറെ വസ്ത്രങ്ങള്‍ധരിച്ചിട്ടേ അവര്‍ ജനത്തിനുവേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ.
15: ദേവാലയത്തിന്റെ ഉള്‍ഭാഗം അളന്നുകഴിഞ്ഞപ്പോള്‍, അവനെന്നെ കിഴക്കേവാതിലിലൂടെ പുറത്തേക്കു നയിച്ചിട്ട്, ചുറ്റുമുള്ള സ്ഥലമളന്നു.
16: അവൻ അളവുദണ്ഡുകൊണ്ടു് കിഴക്കുഭാഗമളന്നു - അഞ്ഞൂറുമുഴം.
17: അവന്‍ തിരിഞ്ഞു്, വടക്കുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
18: പിന്നെ അവന്‍ തെക്കുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
19: അവന്‍ തിരിഞ്ഞു പടിഞ്ഞാറുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
20: നാലുവശവും അവനളന്നു. ഓരോവശത്തും അഞ്ഞൂറുമുഴംനീളത്തില്‍ അതിനുചുറ്റും മതിലുണ്ടായിരുന്നു. അതു വിശുദ്ധസ്ഥലത്തെ വിശുദ്ധസ്ഥലമല്ലാത്ത സ്ഥലത്തുനിന്നു വേര്‍തിരിച്ചു.

അദ്ധ്യായം 43

കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു

1: പിന്നീടവനെന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.
2: ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയായിരുന്നു. ഭൂമി അവിടുത്തെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3: നഗരം നശിപ്പിക്കാനവിടുന്നുവന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍നദീതീരത്തുവച്ചു് എനിക്കുണ്ടായ ദര്‍ശനവുംപോലെതന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.
4: കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.
5: അപ്പോള്‍ ആത്മാവെന്നെ ഉയര്‍ത്തി, ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
6: ആ മനുഷ്യനപ്പോഴും എന്റെയടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്നു് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
7: അതിപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെയിടയില്‍ ഞാന്‍ നിത്യമായിവസിക്കുന്ന ഇടവുമിതാണു്. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്റെ പരിശുദ്ധനാമം മേലിലശുദ്ധമാക്കുകയില്ല.
8: അവര്‍ തങ്ങളുടെ ഉമ്മറപ്പടികളും വാതില്പടികളും എന്റെ ഉമ്മറപ്പടികള്‍ക്കും വാതില്പടികള്‍ക്കുമരികില്‍ സ്ഥാപിച്ചു. അവര്‍ക്കും എനിക്കുമിടയിൽ ഒരു ഭിത്തിമാത്രമേയുള്ളു. തങ്ങളുടെ മ്ലേച്ഛതകള്‍വഴി എന്റെ പരിശുദ്ധനാമത്തെ അവരശുദ്ധമാക്കി. അതുകൊണ്ട്, ഞാനവരെ എന്റെ കോപത്തില്‍ നശിപ്പിച്ചു.
9: അവര്‍ തങ്ങളുടെ അവിശ്വസ്തതയും രാജാക്കന്മാരുടെ മൃതശരീരങ്ങളും എന്നില്‍നിന്നും ദൂരെമാറ്റട്ടെ. അപ്പോള്‍ ഞാനവരുടെമദ്ധ്യേ എന്നെന്നും വസിക്കും.
10: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം തങ്ങളുടെയകൃത്യങ്ങളെപ്പറ്റി ലജ്ജിക്കേണ്ടതിനു്, ദേവാലയവും അതിന്റെ അളവും രൂപവും നീ അവര്‍ക്കു വിവരിച്ചുകൊടുക്കുക.
11: തങ്ങള്‍ചെയ്തിട്ടുള്ള സകലകാര്യങ്ങളെപ്പറ്റിയും അവര്‍ ലജ്ജിക്കുകയാണെങ്കില്‍, ദേവാലയവും അതിന്റെ സംവിധാനവും പുറത്തേക്കുമകത്തേക്കുമുള്ള മാര്‍ഗ്ഗങ്ങളും അതിന്റെ പൂര്‍ണ്ണരൂപവും കാണിച്ചുകൊടുക്കുക; അതിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരെയറിയിക്കുക; ഈ നിയമങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കേണ്ടതിനു് അവര്‍ കാണ്‍കെ അവ എഴുതിവയ്ക്കുക.
12: ദേവാലയത്തിന്റെ നിയമമിതാണു്: മലമുകളില്‍ ദേവാലയത്തിനു ചുറ്റുമുള്ള സ്ഥലംമുഴുവന്‍ ഏറ്റവും വിശുദ്ധമായിരിക്കും - ഇതാണു് ദേവാലയത്തിന്റെ നിയമം.

ബലിപീഠം
13: ബലിപീഠത്തിന്റെ അളവുകള്‍ മുഴംകണക്കിനു് - ഒരു സാധാരണമുഴവും കൈപ്പത്തിയുംചേര്‍ന്നതു് - ഇവയാണു്: അതിന്റെ അടിത്തറയ്ക്ക് ഒരുമുഴം കനവും ഒരുമുഴം വീതിയും. അതിന്റെ വക്കു് ഒരു ചാണ്‍ തള്ളിനില്‍ക്കണം. ബലിപീഠത്തിന്റെ ഉയരമിതാണു്:
14: അടിത്തറമുതല്‍ അടിത്തട്ടുവരെ രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും. അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ നാലുമുഴം വീതിയും
15: ബലിപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരം. അതിന്മേൽ ഓരോമുഴം ഉയരത്തില്‍ തള്ളിനില്‍ക്കുന്ന നാലുകൊമ്പുകള്‍.
16: പന്ത്രണ്ടുമുഴം നീളവും പന്ത്രണ്ടുമുഴം വീതിയുമുള്ള സമചതുരമായിരിക്കണം അടുപ്പ്.
17: പതിന്നാലുമുഴം നീളവും പതിന്നാലുമുഴം വീതിയുമുള്ള സമചതുരമായിരിക്കണം, ബലിപീഠത്തിന്റെ തട്ടു്. ചുറ്റുമുള്ളവയ്ക്ക് അരമുഴവും ചുവടു ചുറ്റും ഒരുമുഴവും വീതിയിലായിരിക്കണം. ബലിപീഠത്തിന്റെ പടികള്‍ കിഴക്കോട്ടു ദര്‍ശനമായിരിക്കണം.
18: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബലിപീഠത്തെസംബന്ധിച്ച നിയമങ്ങള്‍ ഇവയാണു്; ദഹനബലിക്കും രക്തംതളിക്കലിനുംവേണ്ടി ഇതു സ്ഥാപിക്കപ്പെടുന്ന ദിവസം,
19: എന്നെ ശുശ്രൂഷിക്കാന്‍, എന്നെ സമീപിക്കുന്ന സാദോക്കിന്റെ കുടുംബത്തില്‍പ്പെട്ട ലേവ്യപുരോഹിതര്‍ക്കു പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെക്കൊടുക്കണം, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
20: അതില്‍നിന്നു കുറെ രക്തമെടുത്തു ബലിപീഠത്തിന്റെ നാലുകൊമ്പുകളിലും തട്ടിന്റെ നാലുകോണുകളിലും ചുറ്റുമുള്ള വക്കിലും പുരട്ടുക. അങ്ങനെ അതിനെ പാപത്തില്‍നിന്നു പവിത്രീകരിക്കുകയും അതിനുവേണ്ടി പരിഹാരംചെയ്യുകയുംവേണം.
21: നീ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ വിശുദ്ധസ്ഥലത്തിനു പുറത്തു ദേവാലയത്തിന്റെ വകയായി നിശ്ചയിക്കപ്പെട്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം.
22: രണ്ടാംദിവസം ഊനമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരബലിയായി നീയര്‍പ്പിക്കണം. കാളക്കുട്ടിയെക്കൊണ്ടു ബലിപീഠം ശുദ്ധീകരിച്ചതുപോലെ ഇതിനെക്കൊണ്ടും ശുദ്ധീകരിക്കണം.
23: അതു ശുദ്ധീകരിച്ചുകഴിയുമ്പോള്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഊനമറ്റ ഒരു മുട്ടാടിനെയും നീ ബലിയര്‍പ്പിക്കണം.
24: നീയവയെ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പുവിതറി, അവയെ ദഹനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കും.
25: പാപപരിഹാരബലിക്കായി ഒരു കോലാടിനെവീതം ഏഴുദിവസത്തേക്കു നീ ബലിയര്‍പ്പിക്കണം. ഊനമറ്റൊരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഊനമറ്റൊരാട്ടിന്‍കൊററനെയുംകൂടെ നീ ഇപ്രകാരം സമര്‍പ്പിക്കണം.
26: ഏഴു ദിവസത്തേക്കു് അവര്‍ ബലിപീഠത്തിനുവേണ്ടി പരിഹാരംചെയ്യുകയും അതു ശുദ്ധീകരിക്കുകയും അങ്ങനെ അതിനെ പ്രതിഷ്ഠിക്കുകയുംവേണം.
27: എട്ടാംദിവസംമുതല്‍ നിങ്ങളുടെ ദഹനബലികളും സമാധാനബലികളും പുരോഹിതന്മാര്‍ ബലിപീഠത്തില്‍ സമര്‍പ്പിക്കും; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും- ദൈവമായ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.

അദ്ധ്യായം 44

ദേവാലയത്തിലെ നിബന്ധനകള്‍

1: വിശുദ്ധസ്ഥലത്തിന്റെ പുറത്ത്, കിഴക്കോട്ടു ദര്‍ശനമായിനില്‍ക്കുന്ന പടിപ്പുരയിലേക്കു് അവനെന്നെ തിരിയെക്കൊണ്ടുവന്നു; അതടച്ചിരുന്നു.
2: കര്‍ത്താവെന്നോടരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴുമ ടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരുമതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ടു്, അതടഞ്ഞുകിടക്കണം.
3: കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പംഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെയിരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെതന്നെ പുറത്തുപോകുകയും വേണം.
4: വടക്കേപടിപ്പുരയിലൂടെ അവനെന്നെ ദേവാലയത്തിന്റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. കര്‍ത്താവിന്റെ തേജസ്സു് ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു ഞാന്‍ കണ്ടു.
5: ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, കര്‍ത്താവിന്റെ ആലയത്തെപ്പറ്റി ഞാന്‍പറയുന്ന ചട്ടങ്ങളും നിയമങ്ങളും സൂക്ഷിച്ചുകാണുകയും കേള്‍ക്കുകയും ശ്രദ്ധിച്ചുമനസ്സിലാക്കുകയുംചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കു പ്രവേശിക്കാം, ആര്‍ക്കു പ്രവേശിച്ചുകൂടായെന്ന്, നീ ഓര്‍ത്തുകൊള്ളുക.
6: ധിക്കാരികളുടെ ആ ഭവനത്തോടു്, ഇസ്രായേല്‍ഭവനത്തോടുതന്നെ, പറയുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്റെ മ്ലേച്ഛതകളവസാനിപ്പിക്കുക.
7: എനിക്കു ഭക്ഷണമായി മേദസ്സും രക്തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്ഛേദിതരായ അന്യരെ എന്റെ വിശുദ്ധസ്ഥലത്തുപ്രവേശിപ്പിച്ചു്, അതിനെ അശുദ്ധമാക്കുന്നതു നിറുത്തുവിന്‍. എല്ലാവിധമ്ലേച്ഛതകള്‍ക്കുമുപരി, നിങ്ങളെന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
8: നിങ്ങളെന്റെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചില്ല, എന്റെ വിശുദ്ധആലയം സൂക്ഷിക്കാന്‍ നിങ്ങളന്യരെയേര്‍പ്പെടുത്തി.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കാരുടെയിടയിലുള്ള, ഹൃദയത്തിലും ശരീരത്തിലും അപരിച്ഛേദിതരായ, അന്യരാരും എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിക്കരുതു്.
10: ഇസ്രായേല്‍ വഴിപിഴച്ചകാലത്തു്, എന്നില്‍നിന്നകന്ന്, വിഗ്രഹങ്ങളുടെപുറകേപോയ ലേവ്യർ, അതിനുള്ള ശിക്ഷയനുഭവിക്കും.
11: ദേവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാരകരായും അവര്‍ എന്റെ വിശുദ്ധസ്ഥലത്തു് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേവനംചെയ്യാന്‍ ചുമതലപ്പെട്ടവരാണു്.
12: അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ടു് ഇസ്രായേല്‍ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥംചെയ്തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷയനുഭവിക്കും; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
13: എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുതു്. തങ്ങളുടെ മേച്ഛതകള്‍നിമിത്തം അവരപമാനം സഹിക്കണം.
14: എന്നാലും ദേവാലയത്തിന്റെ സൂക്ഷിപ്പിനും സേവനത്തിനും അതിലെ മറ്റെല്ലാജോലികള്‍ക്കും ഞാനവരെ നിയമിക്കും.
15: ഇസ്രായേല്‍ജനത എന്നില്‍നിന്നു വഴിതെറ്റിയപ്പോള്‍ എന്റെ വിശുദ്ധസ്ഥലത്തിന്റെ സൂക്ഷിപ്പുകാരായിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാര്‍ എന്റെയടുക്കല്‍വന്നു് എന്നെ ശുശ്രൂഷിക്കണം. മേദസ്സും രക്തവും എനിക്കു സമര്‍പ്പിക്കുന്നതിനു് അവര്‍ എന്റെമുമ്പില്‍ നില്ക്കണം. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: അവരെന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുകയും എന്റെ മേശയെ സമീപിച്ചു്, എനിക്കുള്ള ശുശ്രൂഷകളനുഷ്ഠിക്കുകയുംവേണം.
17: അകത്തെ അങ്കണത്തിലെ പടിപ്പുരകളില്‍ പ്രവേശിക്കുമ്പോൾ അവര്‍ ചണവസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനകത്തും എനിക്കു ശുശ്രൂഷചെയ്യുമ്പോള്‍ രോമംകൊണ്ടുള്ളതൊന്നും അവര്‍ ധരിക്കരുതു്.
18: അവരുടെ തലപ്പാവും കാല്‍ച്ചട്ടയും ചണംകൊണ്ടുള്ളതായിരിക്കണം. വിയര്‍പ്പുണ്ടാക്കുന്ന യാതൊന്നും അവര്‍ ധരിക്കരുതു്.
19: അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെയടുത്തേക്കു പോകുമ്പോള്‍ തങ്ങള്‍ ശുശ്രൂഷയ്ക്കുപയോഗിച്ചിരുന്ന വസ്ത്രങ്ങളഴിച്ചു വിശുദ്ധമായമുറികളില്‍ വയ്ക്കണം; തങ്ങളുടെ വസ്ത്രത്തില്‍നിന്ന്, വിശുദ്ധി ജനങ്ങളിലേക്കു പകരാതിരിക്കേണ്ടതിനു് അവര്‍ മറ്റുവസ്ത്രങ്ങള്‍ധരിക്കണം.
20: അവര്‍ തല മുണ്ഡനംചെയ്യുകയോ മുടിനീട്ടുകയോചെയ്യാതെ കത്രിക്കുകമാത്രമേ ചെയ്യാവൂ.
21: അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുതു്.
22: അവര്‍ വിധവയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹംചെയ്യരുതു്; ഇസ്രായേല്‍ഭവനത്തിലെ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹംചെയ്യാം.
23: വിശുദ്ധവും വിശുദ്ധമല്ലാത്തതുംതമ്മിലുള്ള വ്യത്യാസം അവരെന്റെ ജനത്തെപ്പഠിപ്പിക്കുകയും എപ്രകാരമാണു് അതു വേര്‍തിരിച്ചറിയേണ്ടതെന്നു് അവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.
24: തര്‍ക്കത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്റെ വിധികളനുസരിച്ചായിരിക്കണം അവര്‍ വിധിക്കേണ്ടതു്. നിശ്ചിതതിരുനാളുകളില്‍ അവര്‍ എന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും എന്റെ സാബത്തു വിശുദ്ധമായി ആചരിക്കുകയുംവേണം.
25: മൃതശരീരത്തെ സമീപിച്ചു് അവരശുദ്ധരാകരുതു്; എന്നാല്‍ പിതാവു്, മാതാവു്, മകൻ‍, മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.
26: അശുദ്ധനായശേഷം അവന്‍ ഏഴുദിവസം കാത്തിരിക്കട്ടെ; അതുകഴിഞ്ഞാല്‍ അവന്‍ ശുദ്ധനാകും.
27: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ശുശ്രൂഷയ്ക്കായി അകത്തെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തേക്കു പോകുന്ന ദിവസം, അവന്‍ തനിക്കുള്ള പാപപരിഹാരബലിയര്‍പ്പിക്കണം.
28: അവര്‍ക്കു പൈതൃകാവകാശം ഒന്നുമുണ്ടായിരിക്കരുതു്. ഞാനാണു് അവരുടെയവകാശം. നിങ്ങള്‍ ഇസ്രായേലില്‍ സ്വത്തൊന്നും അവര്‍ക്കു നല്കരുതു്; ഞാനാണു് അവരുടെ സമ്പത്തു്.
29: ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിവ അവര്‍ക്കു ഭക്ഷിക്കാം. ഇസ്രായേലില്‍, അര്‍പ്പിക്കപ്പെട്ട വസ്തുക്കളെല്ലാം അവര്‍ക്കുള്ളതാണു്.
30: എല്ലാത്തരത്തിലുമുള്ള ആദ്യഫലങ്ങളില്‍ ആദ്യത്തേതും നിങ്ങളുടെ എല്ലാവിധ വഴിപാടുകളും പുരോഹിതന്മാര്‍ക്കുള്ളതാണു്. നിങ്ങളുടെ ഭവനത്തിനു് അനുഗ്രഹംലഭിക്കാന്‍ നിങ്ങളുടെ തരിമാവില്‍ ആദ്യഭാഗം പുരോഹിതര്‍ക്കു കൊടുക്കണം.
31: താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ പുരോഹിതന്‍ ഭക്ഷിക്കരുതു്.


അദ്ധ്യായം 45

ദേശത്തു കര്‍ത്താവിന്റെ ഓഹരി
1: നിങ്ങള്‍ സ്ഥലം ഭാഗംവയ്ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായിരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്ധഭാഗമായി നീക്കിവയ്ക്കണം. ആ സ്ഥലം മുഴുവനും വിശുദ്ധമായിരിക്കും.
2: ഇതില്‍ അഞ്ഞൂറുമുഴം നീളവും വീതിയുമുള്ള സമചതുരം വിശുദ്ധമന്ദിരത്തിനുള്ളതാണു്. അതിനുചുററും അമ്പതുമുഴം ഒഴിവാക്കിയിടണം.
3: വിശുദ്ധമേഖലയില്‍ ഇരുപത്തയ്യായിരംമുഴം നീളത്തിലും പതിനായിരംമുഴം വീതിയിലും അളന്നുതിരിക്കുക. അതില്‍വേണം അതിവിശുദ്ധമായ ദേവാലയംസ്ഥിതിചെയ്യാന്‍.
4: അതു ദേശത്തിന്റെ വിശുദ്ധഭാഗമായിരിക്കും. ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവരും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍വേണ്ടി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്മാര്‍ക്കുവേണ്ടിയായിരിക്കുമതു്. അവിടെയായിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും.
5: ഇരുപത്തയ്യായിരംമുഴം നീളവും പതിനായിരംമുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന ലേവ്യര്‍ക്കുള്ളതാണു്. അതു്, അവര്‍ക്കു വസിക്കാനുള്ള നഗരത്തിനുവേണ്ട സ്ഥലമാണു്.
6: വിശുദ്ധമേഖലയോടുചേര്‍ന്ന്, ഇരുപത്തയ്യായിരംമുഴം നീളത്തിലും അയ്യായിരംമുഴം വീതിയിലും നഗരത്തിനായി സ്ഥലം നീക്കിവയ്ക്കണം; അതു് ഇസ്രായേല്‍ഭവനത്തിന്റെ പൊതുസ്വത്താണു്.

രാജാവിന്റെ അവകാശവും ചുമതലയും
7: വിശുദ്ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടുചേര്‍ന്ന് കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിമുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്ഥലം രാജാവിനുള്ളതായിരിക്കും.
8: ഇസ്രായേലിൽ ഇതു രാജാവിന്റെ സ്വത്തായിരിക്കണം. എന്റെ രാജാക്കന്മാര്‍ എന്റെ ജനത്തെ ഒരിക്കലും പീഡിപ്പിക്കരുതു്; ഇസ്രായേല്‍ഭവനത്തിന്, ഗോത്രങ്ങള്‍ക്കനുസൃതമായ സ്ഥലം അവര്‍ വിട്ടുകൊടുക്കണം.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍രാജാക്കന്മാരേ, മതിയാക്കുക; അക്രമവും പീഡനവുമവസാനിപ്പിച്ചു്, നീതിയും ന്യായവുംനടത്തുവിന്‍. എന്റെ ജനത്തെ കുടിയിറക്കുന്നതു നിറുത്തുവിന്‍ - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
10: ശരിയായ ത്രാസും ഏഫായും ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കണം.
11: ഏഫായുടെയും ബത്തിന്റെയും അളവു് ഒന്നായിരിക്കണം. ഹോമറിന്റെ പത്തിലൊന്നാണു് ഏഫാ. ബത്തും ഹോമറിന്റെ പത്തിലൊന്നുതന്നെ. ഹോമറായിരിക്കണം അടിസ്ഥാന അളവു്.
12: ഒരു ഷെക്കല്‍, ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ഷെക്കല്‍ അഞ്ചു ഷെക്കലും പത്തു ഷെക്കല്‍ പത്തു ഷെക്കലുമായിരിക്കണം. നിങ്ങളുടെ മീനാ അമ്പതു ഷെക്കലായിരിക്കണം.
13: നിങ്ങള്‍ സമര്‍പ്പിക്കേണ്ട വഴിപാടിതാണു്: ഗോതമ്പും ബാര്‍ലിയും ഹോമറിനു് ഏഫായുടെ ആറിലൊന്നു്.
14: എണ്ണ, കോറിനു ബത്തിന്റെ പത്തിലൊന്നും - കോര്‍, ഹോമര്‍പോലെതന്നെ പത്തു ബത്തു്.
15: ഇസ്രായേല്‍ക്കുടുംബങ്ങള്‍ ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഇരുനൂറിനു് ഒന്നെന്ന കണക്കില്‍ സമര്‍പ്പിക്കണം. ഇതു്, അവര്‍ക്കുവേണ്ടി പരിഹാരംചെയ്യാനുള്ള ധാന്യബലിക്കും ദഹനബലിക്കും സമാധാനബലിക്കുംവേണ്ട കാഴ്ചയാണു്. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: ഇസ്രായേല്‍രാജാവിന്റെ കൈയില്‍ ജനമെല്ലാം ഈ കാഴ്ചവസ്തുക്കള്‍ ഏല്പിക്കണം.
17: ഇസ്രായേലിന്റെ എല്ലാ നിശ്ചിതതിരുനാളുകളിലും അമാവാസികളിലും സാബത്തുകളിലും ദഹനബലിക്കും ധാന്യബലിക്കും പാനീയബലിക്കുംവേണ്ട വകകള്‍ കൊടുക്കുക, രാജാവിന്റെ കടമയാണു്. ഇസ്രായേല്‍ഭവനത്തിന്റെ പാപപരിഹാരത്തിനുവേണ്ടി അവന്‍ പാപപരിഹാരബലികള്‍ക്കും ധാന്യബലികള്‍ക്കും ദഹനബലികള്‍ക്കും സമാധാനബലികള്‍ക്കും വേണ്ടതു നല്കണം.

തിരുനാളുകള്‍
18: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംദിവസം ഊനമറ്റൊരു കാളക്കുട്ടിയെക്കൊണ്ടുവന്ന്, വിശുദ്ധസ്ഥലം ശുദ്ധീകരിക്കണം.
19: പുരോഹിതന്‍ പാപപരിഹാരബലിയില്‍നിന്നു കുറെ രക്തമെടുത്തു ദേവാലയത്തിന്റെ വാതില്പടികളിലും ബലപീഠത്തിന്റെ നാലു \കോണുകളിലും അകത്തേ അങ്കണവാതിലിന്റെ തൂണുകളിലും പുരട്ടണം.
20: അശ്രദ്ധയോ അജ്ഞതയോമൂലം പാപംചെയ്തവനുവേണ്ടി മാസത്തിന്റെ ഏഴാംദിവസം ഇതുതന്നെ ചെയ്യണം; അങ്ങനെ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തംചെയ്യണം.
21: ഒന്നാംമാസം പതിന്നാലാംദിവസം നിങ്ങള്‍ പെസഹാത്തിരുനാള്‍ ആഘോഷിക്കണം. ഏഴുദിവസം പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ.
22: അന്നു രാജാവു തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെക്കൊടുക്കണം.
23: തിരുനാളിന്റെ ഏഴുദിവസങ്ങളിലും ദഹനബലിക്കായി ഊനമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും പ്രതിദിനം കൊടുക്കണം. ദിവസേന, ഓരോ കോലാടിനെയും അവന്‍ കര്‍ത്താവിനു പാപപരിഹാരബലിയായി നല്കണം.
24: ഓരോ കാളയ്ക്കും ഓരോ മുട്ടാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം.
25: ഏഴാംമാസം പതിനഞ്ചാം ദിവസവും തിരുനാളിന്റെ ഏഴുദിവസങ്ങളിലും പാപപരിഹാരബലിയ്ക്കും ദഹനബലിക്കും അവയ്ക്കുള്ള ധാന്യത്തിനും എണ്ണയ്ക്കും ഇതേ ക്രമംതന്നെ അവന്‍ പാലിക്കണം.

ഇരുന്നൂറ്റിനാല്പത്തിയേഴാം ദിവസം: എസക്കിയേല്‍ 39 - 41


അദ്ധ്യായം 39

ഗോഗിന്റെ പതനം

1: മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണു്.
2: ഞാന്‍ നിന്നെ, തിരിച്ചുവടക്കേയററത്തുനിന്നു് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.
3: നിന്റെ ഇടത്തുകൈയില്‍നിന്നു വില്ലു തെറിപ്പിച്ചുകളയും. വലത്തുകൈയില്‍നിന്നു് അമ്പുകള്‍ താഴെവീഴ്ത്തും.
4: നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമിരയായി നിന്നെ ഞാന്‍ കൊടുക്കും.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ തുറസ്സായസ്ഥലത്തു വീഴും; ഞാനാണിതു പറഞ്ഞിരിക്കുന്നതു്.
6: മാഗോഗിലും തീരദേശങ്ങളില്‍ സുരക്ഷിതരായിവസിക്കുന്നവരുടെയിടയിലും ഞാൻ അഗ്നിവര്‍ഷിക്കും; ഞാനാണു കര്‍ത്താവെന്നു് അവരറിയും.
7: എന്റെ ജനമായ ഇസ്രായേലിന്റെമദ്ധ്യേ എന്റെ പരിശുദ്ധനാമം ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധനാമം ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാനനുവദിക്കുകയില്ല. ഞാനാണു് ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവെന്നു ജനതകളറിയും.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, അതു വരുന്നു. അതു സംഭവിക്കുകതന്നെചെയ്യും. ആ ദിനത്തെക്കുറിച്ചാണു ഞാന്‍ പറഞ്ഞിരിക്കുന്നതു്.
9: അപ്പോള്‍ ഇസ്രായേല്‍നഗരങ്ങളില്‍ വസിക്കുന്നവര്‍, പുറത്തുവന്ന് പരിച, കവചം, വില്ല്, അമ്പ്, ഗദ, കുന്തം എന്നീ ആയുധങ്ങള്‍കൊണ്ടു് ഏഴുവര്‍ഷത്തേക്കു തീ കത്തിക്കും.
10: അവര്‍ക്കിനി വയലില്‍നിന്നു വിറകുശേഖരിക്കുകയോ, വനങ്ങളില്‍നിന്നു് അവ വെട്ടിയെടുക്കുകയോചെയ്യേണ്ടതില്ല. എന്തെന്നാല്‍ അവര്‍ ആയുധങ്ങള്‍കൊണ്ടു തീ കത്തിക്കും. തങ്ങളെ കൊള്ളചെയ്തവരെ 
വര്‍ കൊള്ളയടിക്കും. കവര്‍ച്ചചെയ്തവരെ കവര്‍ച്ചചെയ്യും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
11: ആ നാളില്‍, ഗോഗിനു് ഇസ്രായേലിലൊരു ശ്മശാനം ഞാന്‍ കൊടുക്കും. കടലിനുകിഴക്കുള്ള യാത്രക്കാരുടെ താഴ്വരതന്നെ. അതു യാത്രക്കാര്‍ക്കു മാര്‍ഗ്ഗതടസ്സമുണ്ടാക്കും. എന്തെന്നാല്‍ ഗോഗും അവന്റെ എല്ലാ ജനസമൂഹങ്ങളും അവിടെ സംസ്കരിക്കപ്പെടും. ഹാമോണ്‍ഗോഗ്താഴ്‌വരയെന്നു് അതു വിളിക്കപ്പെടും.
12: അവരെ സംസ്കരിച്ചു ദേശംശുദ്ധീകരിക്കാന്‍ ഇസ്രായേല്‍ഭവനത്തിനു് ഏഴുമാസംവേണ്ടിവരും.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദേശത്തെ എല്ലാജനവുംകൂടെ അവരെ സംസ്കരിക്കും. ഞാനെന്റെ മഹത്വംവെളിപ്പെടുത്തുന്ന ദിവസം അവര്‍ക്കതു ബഹുമാനത്തിനു കാരണമാകും.
14: ദേശമെല്ലാം നിരന്തരംചുറ്റിനടന്നു്, അവശേഷിക്കുന്നവരെ സംസ്കരിക്കാനും അങ്ങനെ സ്ഥലമെല്ലാം ശുദ്ധീകരിക്കാനും അവര്‍ ആളുകളെ നിയമിക്കും. ഏഴാംമാസമവസാനംവരെ അവരന്വേഷണംനടത്തും.
15: അവര്‍ ദേശത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ ആരുടെയെങ്കിലും അസ്ഥികണ്ടാല്‍, അതു ഹാമോണ്‍ഗോഗിന്റെ താഴ്‌വരയില്‍ സംസ്കരിക്കുന്നതുവരെ അതിന്റെസമീപം ഒരടയാളംസ്ഥാപിക്കും.
16: അവിടെയുള്ള പട്ടണം ഹമോന എന്ന പേരിലറിയപ്പെടും. ഇപ്രകാരം അവര്‍ ദേശം ശുദ്ധമാക്കും.
17: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും വയലിലെ മൃഗങ്ങളോടും പറയുക, ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയൊരുക്കുന്ന യാഗവിരുന്നിനായി എല്ലാ ഭാഗത്തുനിന്നും കൂട്ടമായി വരുക. ഇസ്രായേല്‍ ലകളിലെ ഏറ്റവും വലിയയാഗവിരുന്നാണിതു്. നിങ്ങള്‍ മാംസംഭക്ഷിക്കുകയും രക്തംകുടിക്കുകയുംചെയ്യും.
18: ഭൂമിയിലെ ശക്തന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും; പ്രഭുക്കന്മാരുടെ രക്തംകുടിക്കും - ബാഷാനിലെ തടിച്ചുകൊഴുത്ത കാളകള്‍, മുട്ടാടുകള്‍, ആടുകള്‍, കോലാടുകളെന്നിവയുടെ രക്തം,
19: ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്ന യാഗവിരുന്നില്‍ നിങ്ങള്‍ തൃപ്തരാവോളം മേദസ്സുഭക്ഷിക്കുകയും മത്തുപിടിക്കുവോളം രക്തം കുടിക്കുകയുംചെയ്യും.
20: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: പടയാളികളും ശക്തന്മാരും കുതിരകളും കുതിരപ്പടയാളികളുമടക്കം എല്ലാവരെയും എന്റെ മേശയില്‍നിന്നു ഭക്ഷിച്ചു നിങ്ങള്‍ തൃപ്തരാകും.

ഇസ്രായേലിനു രക്ഷ
21: ജനതകളുടെയിടയില്‍ ഞാനെന്റെ മഹത്വംസ്ഥാപിക്കും. ഞാന്‍നടപ്പാക്കിയ എന്റെ ന്യായവിധിയും അവരുടെമേല്‍പ്പതിച്ച എന്റെ കരവും എല്ലാ ജനതകളും കാണും.
22: തങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണെന്നു് അന്നുമുതല്‍ ഇസ്രായേല്‍ഭവനമറിയും.
23: ഇസ്രായേല്‍ഭവനം തങ്ങളുടെ ദുഷ്പ്രവൃത്തികള്‍മൂലമാണു് അടിമത്തത്തിലകപ്പെട്ടതെന്നു ജനതകള്‍ ഗ്രഹിക്കും. അവരവിശ്വസ്തമായി എന്നോടു പെരുമാറി; അതുകൊണ്ടു ഞാനവരില്‍നിന്നു മുഖംമറച്ചു്, അവരെ ശത്രുക്കളുടെ പിടിയിലേല്പിച്ചുകൊടുത്തു. അവരെല്ലാം വാളിനിരയായിത്തീര്‍ന്നു.
24: അവരുടെയശുദ്ധിക്കും അക്രമത്തിനുമനുസൃതമായി അവരോടു ഞാന്‍ പ്രവര്‍ത്തിച്ചു; അവരില്‍നിന്നു മുഖം മറച്ചു.
25: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്റെ ഭാഗധേയം പുനഃസ്ഥാപിക്കുകയും ഇസ്രായേല്‍ഭവനത്തോടുമുഴുവന്‍ കാരുണ്യംകാണിക്കുകയും ചെയ്യും. എന്റെ പരിശുദ്ധനാമത്തെപ്രതി ഞാനസൂയാലുവായിരിക്കും.
26: ആരും ഭയപ്പെടുത്താനില്ലാതെ, സ്വദേശത്തു സുരക്ഷിതരായി വസിക്കുമ്പോള്‍ എന്നോടുകാണിച്ച അവിശ്വസ്തതയെക്കുറിച്ചുള്ള ലജ്ജ അവര്‍ വിസ്മരിക്കും.
27: ജനതകളുടെയിടയില്‍നിന്നു ഞാനവരെ തിരിയെക്കൊണ്ടുവരുകയും ശത്രുരാജ്യങ്ങളില്‍നിന്നു് അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അങ്ങനെ അവരിലൂടെ അനേകം ജനതകളുടെമുമ്പില്‍ എന്റെ വിശുദ്ധി ഞാന്‍ വെളിപ്പെടുത്തും.
28: അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവെന്നു് അവരറിയും; എന്തെന്നാല്‍ ഞാനവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്ക്കുകയും തുടര്‍ന്ന് അവരെ സ്വദേശത്തു് ഒരുമിച്ചുകൂട്ടുകയും ചെയ്തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാനുപേക്ഷിക്കുകയില്ല.
29: ഇസ്രായേല്‍ഭവനത്തില്‍നിന്നു ഞാനെന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; എന്തെന്നാല്‍ ഞാനെന്റെ ആത്മാവിനെ അതിന്മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 40

ഭാവിദേവാലയം

1: നമ്മുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം, അതായത്, നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു.
2: എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന്, വളരെ ഉയര്‍ന്ന ഒരു മലയില്‍ നിറുത്തി. അവിടെ, എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്റേതുപോലെ ഒരു രൂപമുണ്ടായിരുന്നു.
3: അവിടുന്നെന്നെ അവിടെക്കൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ടുണ്ടാക്കിയതുപോലെതോന്നുന്ന ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു; അവന്റെ കൈയിലൊരു ചണച്ചരടും അളവുകോലുമുണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവനെന്നോടു പറഞ്ഞു:
4: മനുഷ്യപുത്രാ, നീ സൂക്ഷിച്ചുനോക്കുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്റെ മനസ്സുറപ്പിക്കുക. അവ നിനക്കു ഞാന്‍ കാണിച്ചുതരുന്നതിനുവേണ്ടിത്തന്നെയാണു നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നതു്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.
5: ദേവാലയത്തിനുചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്റെ കൈയിലിരുന്ന അളവുകോലിന്റെ നീളം ആറു നീണ്ടമുഴമായിരുന്നു; അതായതു് ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയുംകൂടിയ നീളം. അവന്‍ ഭിത്തിയുടെ കനമളന്നു. കനം ഒരു ദണ്ഡ്; ഉയരവുമളന്നു.
6: അതും ഒരു ദണ്ഡ്. കിഴക്കോട്ടുള്ള പടിപ്പുരയില്‍ച്ചെന്നു്, അതിന്റെ നടകള്‍ കയറി. ഉമ്മറപ്പടിയളന്നു; അതിന്റെ ഉയരം ഒരുദണ്ഡ്.
7: പാര്‍ശ്വത്തിലുള്ള ഓരോ മുറിക്കും ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും; അവയ്ക്കിടയിലുള്ള സ്ഥലം അഞ്ചു മുഴം. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്റെ ഉമ്മറപ്പടിക്കു്, അകമേനീളം ഒരുദണ്ഡ്.
8: അവന്‍ പടിപ്പുരയുടെ പൂമുഖം അകമേയളന്നു - ഒരു ദണ്ഡ്.
9: അവന്‍ പടിപ്പുരയുടെ പൂമുഖമളന്നു - എട്ടുമുഴം നീളം; കട്ടിളപ്പടികള്‍ക്കു രണ്ടുമുഴം നീളം. പടിപ്പുരയുടെ പൂമുഖം ഉള്‍ഭാഗത്തായിരുന്നു.
10: കിഴക്കേവാതിലിനിരുവശവും മൂന്നു മുറിവീത
മുണ്ടായിരുന്നു. എല്ലാറ്റിനും ഒരേവുതന്നെ. ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേയളവുതന്നെ.
11: പിന്നീടവന്‍ പടിപ്പുരയുടെ വീതിയളന്നു; അതു പത്തുമുഴം; നീളം പതിമൂന്നുമുഴം.
12: പാര്‍ശ്വമുറികള്‍ക്കുമുമ്പിൽ, ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ടു് അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്കു് ആറുമുഴം നീളവും ആറുമുഴം വീതിയും.
13: അവന്‍ പാര്‍ശ്വമുറികളിലൊന്നിന്റെ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്റെ മേല്‍ക്കൂരവരെ പടിപ്പുരയുടെ നീളമളന്നു. വാതില്‍മുതല്‍ വാതില്‍വരെ ഇരുപത്തഞ്ചുമുഴം.
14: അവന്‍ പൂമുഖമളന്നു; ഇരുപതുമുഴം. പടിപ്പുരയുടെ പൂമുഖത്തിനുചുറ്റും അങ്കണമുണ്ടായിരുന്നു.
15: പടിപ്പുരയുടെ മുന്നറ്റംമുതല്‍ അകത്തെ പൂമുഖത്തിന്റെ അറ്റംവരെ അമ്പതുമുഴമായിരുന്നു.
16: പടിപ്പുരയ്ക്കുചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്കു്, ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്തിരുന്നു.
17: അവനെന്നെ, പുറത്തു്, അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ, അങ്കണത്തിനുചുറ്റും മുറികളും കല്‍ത്തളവുമുണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതുമുറികളാണുണ്ടായിരുന്നതു്.
18: പടിപ്പുരകളുടെ നീളത്തിനനുസൃതമായി അവയോടുചേര്‍ന്നായിരുന്നു കല്‍ത്തളം. ഇതായിരുന്നു താഴത്തെ കല്‍ത്തളം.
19: താഴത്തെപ്പടിപ്പുരയുടെ മുന്‍വശംമുതല്‍, അകത്തെയങ്കണത്തിന്റെ പുറത്തെയറ്റംവരെയുള്ള ദൂരം അവനളന്നു- നൂറുമുഴം.
20: അവനെന്റെമുമ്പില്‍ വടക്കോട്ടു നടന്നു. വടക്കോട്ടുദര്‍ശനമായി പുറത്തെ അങ്കണത്തിനു്, അവിടെയൊരു പടിപ്പുരയുണ്ടായിരുന്നു. അവനതിന്റെ നീളവും വീതിയുമളന്നു.
21: അതിന്റെ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവും.
22: കിഴക്കോട്ടുദര്‍ശനമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്റെയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്കു് ഏഴുനടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു.
23: കിഴക്കുളളതുപോലെ അകത്തെ അങ്കണത്തിലേക്കു വടക്കെപ്പടിപ്പുരയ്‌ക്കെതിരേയും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ നൂറുമുഴം അവനളന്നു.
24: അവനെന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്റെ കട്ടിളപ്പടികളും പൂമുഖവുമളന്നു. അവയ്ക്കും മറ്റുള്ളവയുടെയളവുകള്‍തന്നെ.
25: പടിപ്പുരയ്ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം, അമ്പതുമുഴവും വീതി, ഇരുപത്തഞ്ചുമുഴവുമായിരുന്നു.
26: അതിലേക്കു് ഏഴുനടകളുണ്ടായിരുന്നു. അതിന്റെ പൂമുഖം അകവശത്തായിരുന്നു. ഓരോ കട്ടിളപ്പടിയിലും ഇരുവശത്തും ഈന്തപ്പനച്ചിത്രങ്ങളുണ്ടായിരുന്നു.
27: അകത്തെ അങ്കണത്തിന്റെ തെക്കുഭാഗത്തും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ അവനളന്നു- നൂറുമുഴം.
28: തെക്കേപ്പടിപ്പുരയിലൂടെ, അകത്തെ അങ്കണത്തിലേക്കു് അവനെന്നെ കൊണ്ടുവന്നു. ആ പടിപ്പുരയും അവനളന്നു. മറ്റുള്ളവയുടെയളവുതന്നെയായിരുന്നു, അതിനും.
29: അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെയളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റുംകിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
30: അതിനുചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങളുണ്ടായിരുന്നു.
31: അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഈന്തപ്പനച്ചിത്രങ്ങളുമുണ്ടായിരുന്നു; ഇതിലേക്കു് എട്ടുപടികളുണ്ടായിരുന്നു.
32: കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു് അവനെന്നെ കൊണ്ടുപോയി; അവന്‍ പടിപ്പുരയളന്നു: അതിനു മറ്റുള്ളവയുടെയളവുതന്നെ.
33: അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും അങ്കണവും മറ്റുളളവയുടെയളവില്‍തന്നെയായിരുന്നു. അതിലും പൂമുഖത്തിലുംചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
34: അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്കും എട്ടു നടകളുണ്ടായിരുന്നു.
35: അവനെന്നെ വടക്കേപ്പടിപ്പുരയിലേക്കു കൊണ്ടുപോയി. അവനതളന്നു. അതിനും മറ്റുള്ളവയുടെയളവുതന്നെ.
36: അതിന്റെ പാര്‍ശ്വമുറികളും, കട്ടിളപ്പടികളും, പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിനുചുറ്റും കിളിവാതിലുകളുണ്ടായിരുന്നു; അതിന്റെ നീളം അമ്പതുമുഴവും വീതി ഇരുപത്തഞ്ചുമുഴവുമായിരുന്നു.
37: അതിന്റെ പൂമുഖം പുറത്തേ അങ്കണത്തിനഭിമുഖമായിരുന്നു; കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്കു് എട്ടുപടികളുണ്ടായിരുന്നു.
38: അവിടെ, പടിപ്പുരയുടെ പൂമുഖത്തിൽ, ഒരു മുറിയും അതിനു വാതിലുമുണ്ടായിരുന്നു. ദഹനബലിക്കുള്ളവസ്തു അവിടെയാണു കഴുകേണ്ടിയിരുന്നതു്.
39: ദഹനബലിക്കും പാപപരിഹാരബലിക്കും പ്രായശ്ചിത്തബലിക്കുമുള്ള മൃഗങ്ങളെക്കൊല്ലുന്നതിനു്, പടിപ്പുരയുടെ പൂമുഖത്തില്‍, ഇരുവശത്തും ഓരോ മേശയുണ്ടായിരുന്നു.
40: വടക്കേപ്പടിപ്പുരയുടെ വാതില്‍ക്കല്‍, പൂമുഖത്തിനുപുറത്തായി രണ്ടുമേശയുണ്ടായിരുന്നു; പൂമുഖത്തിനു മറുവശത്തും രണ്ടുമേശയുണ്ടായിരുന്നു.
41: പടിപ്പുരയ്ക്ക്, അകത്തും പുറത്തുമായി നന്നാലുമേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണു് ബലിമൃഗങ്ങളെക്കൊന്നിരുന്നതു്.
42: ദഹനബലിക്കുവേണ്ടി, കല്ലില്‍ക്കൊത്തിയെടുത്ത ഒന്നരമുഴംനീളവും ഒന്നരമുഴംവീതിയും ഒരുമുഴം ഉയരവുമുള്ള നാലുമേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെക്കൊല്ലുന്നതിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നതു്.
43: അകത്ത്, ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണു ബലിക്കുള്ള മാംസംവച്ചിരുന്നതു്.
44: പിന്നീടവനെന്നെ പുറത്തുനിന്നു് അകത്തേയങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ, അകത്തളത്തില്‍ രണ്ടുമുറികളുണ്ടായിരുന്നു. ഒന്നു് തെക്കോട്ടുദര്‍ശനമായി വടക്കേപ്പടിപ്പുരയ്ക്കടുത്തും മറ്റേതു വടക്കോട്ടു ദര്‍ശനമായി തെക്കേ
പ്പടിപ്പുരയ്ക്കടുത്തുമായിരുന്നു.
45: അവനെന്നോടു പറഞ്ഞു: ദേവാലയത്തിന്റെ ചുമതലവഹിക്കുന്ന പുരോഹിതന്മാര്‍ക്കുള്ളതാണ്, തെക്കോട്ടു ദര്‍ശനമുള്ള മുറി.
46: ബലിപീഠത്തിന്റെ ചുമതലവഹിക്കുന്ന പുരോഹിതന്മാര്‍ക്കുള്ളതാണ്,  വടക്കോട്ടുദര്‍ശനമുള്ള മുറി. സാദോക്കിന്റെ പുത്രന്മാരാണിവര്‍. ലേവിപുത്രന്മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍പാടുള്ളു.
47: അവനങ്കണമളന്നു; അതു നൂറുമുഴംവീതം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; ബലിപീഠം, ദേവാലയത്തിന്റെ മുന്‍വശത്തായിരുന്നു.
48: അവനെന്നെ ദേവാലയത്തിന്റെ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്റെ കട്ടിളപ്പടികളവനളന്നു - അഞ്ചുമുഴം. വാതിലിന്റെ വീതി പതിന്നാലുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ മൂന്നുമുഴംവീതം. പൂമുഖത്തിന്റെ നീളം ഇരുപതുമുഴവും വീതി പന്ത്രണ്ടുമുഴവുമായിരുന്നു. അതിലേക്കു പത്തുപടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.

അദ്ധ്യായം 41

1: അവനെന്നെ ദേവാലയത്തില്‍ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുവന്നു. അവനവിടത്തെ കട്ടിളപ്പടികൾ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി, ആറുമുഴമായിരുന്നു.
2: പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴംവീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളമളന്നു- നാല്പതുമുഴം; വീതി ഇരുപതുമുഴം.
3: പിന്നെ അവനകത്തുകടന്ന്, കട്ടിളപ്പടിയളന്നു, കനം രണ്ടുമുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴുമുഴം.
4: വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവനളന്നു. അതിനിരുപതുമുഴം നീളവും ഇരുപതുമുഴം വീതിയുമുണ്ടായിരുന്നു. അവനെന്നോടു പറഞ്ഞു: ഇതാണു ശ്രീകോവില്‍.
5: പിന്നെ അവന്‍ ദേവാലയത്തിന്റെ ഭിത്തിയുടെ കനമളന്നു- ആറുമുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലുമുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം.
6: പാര്‍ശ്വമുറികളെ താങ്ങിനിറുത്തുന്നതിനു്, ദേവാലയത്തിനുചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങിനിറുത്തിയിരുന്നതു്.
7: ദേവാലയത്തിനുചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച്, മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്താരമേറിവന്നു. താഴത്തേനിലയില്‍നിന്നു മദ്ധ്യനിലയിലേക്കുപോകാന്‍ ദേവാലയത്തിന്റെ അരികിലൊരു ഗോവണിയുണ്ടായിരുന്നു.
8: ദേവാലയത്തിനുചുറ്റും ഉയര്‍ന്നൊരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിത്തറയുടെയളവു് ആറുമുഴമുള്ള ഒരു പൂര്‍ണ്ണദണ്ഡായിരുന്നു.
9: പാര്‍ശ്വമുറികളുടെ പുറംഭിത്തിയുടെ കനം അഞ്ചുമുഴമായിരുന്നു.
10: തറയുടെ ബാക്കിഭാഗം അഞ്ചുമുഴം. ദേവാലയത്തിന്റെ ചുറ്റുമുള്ള തറയ്ക്കും അങ്കണത്തിലെ മുറികള്‍ക്കുമിടയില്‍ ചുറ്റും ഇരുപതുമുഴംവീതിയില്‍ സ്ഥലമുണ്ടായിരുന്നു.
11: പാര്‍ശ്വമുറികള്‍, ഒഴിച്ചിട്ടിരുന്ന തറയിലേക്കാണു തുറന്നിരുന്നതു് - ഒന്നു വടക്കോട്ടും മറ്റേതു തെക്കോട്ടും. തറയുടെ വീതി, ചുറ്റും അഞ്ചുമുഴമായിരുന്നു.
12: പടിഞ്ഞാറ്, ദേവായത്തിന്റെ അങ്കണത്തിനഭിമുഖമായിനില്‍ക്കുന്ന കെട്ടിടത്തിന്റെ വീതി, എഴുപതുമുഴമായിരുന്നു. അതിന്റെ ചുറ്റുമുള്ള ഭിത്തിക്കു് അഞ്ചുമുഴം കനവും തൊണ്ണൂറുമുഴം നീളവും.
13: അവന്‍ ദേവാലയമളന്നു; അതിനു നൂറുമുഴം നീളം; അങ്കണവും ഭിത്തികളുള്‍പ്പെടെ കെട്ടിടവുംകൂടെ നൂറുമുഴം നീളം.
14: ആലയത്തിന്റെ കിഴക്കേ മുഖവും മുറ്റവുംകൂടെ നൂറുമുഴം വീതി.
15: അവന്‍ പടിഞ്ഞാറുവശത്തേ മുറ്റത്തിനഭിമുഖമായിനില്‍ക്കുന്ന കെട്ടിടം,
16: ഇരുവശത്തുമുള്ള ഭിത്തികളുള്‍പ്പെടെയളന്നു - നൂറുമുഴം നീളം. അകത്തു്, വിശുദ്ധസ്ഥലത്തും ശ്രീകോവിലിലും; പുറത്തു്, പൂമുഖത്തും തറമുതല്‍ കിളിവാതിലുകള്‍വരെ, ചുറ്റും പലകയടിച്ചിരുന്നു. കിളിവാതിലുകള്‍ക്കു് അഴിയിട്ടിരുന്നു; മറയ്ക്കാന്‍ വിരിയുമുണ്ടായിരുന്നു.
17: വാതിലിനുമുകളിലേക്കു ശ്രീകോവിലിന്റെ അകത്തും വിശുദ്ധസ്ഥലത്തും ഭിത്തിയില്‍ ചിത്രപ്പണികളുണ്ടായിരുന്നു.
18: കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെമദ്ധ്യേ, ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും രണ്ടുമുഖംവീതമുണ്ടായിരുന്നു.
19: ഒരു വശത്തെ ഈന്തപ്പനയുടെനേരേ മനുഷ്യമുഖവും മറുവശത്തെ ഈന്തപ്പനയുടെനേരേ സിംഹക്കുട്ടിയുടെ മുഖവും തിരിഞ്ഞിരുന്നു. ദേവാലയംമുഴുവന്‍, ചുറ്റും ഇങ്ങനെ കൊത്തിവച്ചിരുന്നു.
20: ദേവാലയഭിത്തിയില്‍ തറമുതല്‍ വാതിലിന്റെ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു.
21: വിശുദ്ധസ്ഥലത്തിന്റെ കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു.
22: തടികൊണ്ടുള്ള ബലിപീഠംപോലെതോന്നിക്കുന്ന ഒന്ന്, വിശുദ്ധസ്ഥലത്തിനു മുമ്പിലുണ്ടായിരുന്നു. അതിനു മൂന്നുമുഴം ഉയരവും രണ്ടുമുഴം നീളവും രണ്ടുമുഴം വീതിയുമുണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടുള്ളതായിരുന്നു. അവനെന്നോടു പറഞ്ഞു: ഇതു കര്‍ത്താവിന്റെ സന്നിധിയിലെ മേശയാണു്.
23: വിശുദ്ധസ്ഥലത്തിനും ശ്രീകോവിലിനും ഈരണ്ടു വാതിലുകളുണ്ടായിരുന്നു.
24: വാതിലുകള്‍ക്ക്, തിരിയുന്ന ഈരണ്ടു പാളികളുണ്ടായിരുന്നു.
25: ഭിത്തികളിലെന്നപോലെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രം, വിശുദ്ധസ്ഥലത്തിന്റെ വാതിലുകളിലും കൊത്തിയിരുന്നു. പൂമുഖത്തിനു മുന്‍വശത്തായി മരംകൊണ്ടുള്ള ഒരു വിതാനമുണ്ടായിരുന്നു.
26: പൂമുഖത്തിന്റെ ഇരുവശങ്ങളിലും അഴിയടിച്ച കിളിവാതിലുകളും ഈന്തപ്പനച്ചിത്രങ്ങളുമുണ്ടായിരുന്നു.

ഇരുന്നൂറ്റിനാല്പത്തിയാറാം ദിവസം: എസക്കിയേല്‍ 36 - 38


അദ്ധ്യായം 36

ഇസ്രായേലിനു നവജീവന്‍
1: മനുഷ്യപുത്രാ, നീ ഇസ്രായേല്‍മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ, കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍;
2: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആഹാ! പുരാതനശൃംഗങ്ങള്‍ നമ്മുടെയവകാശമായിത്തീര്‍ന്നിരിക്കുന്നുവെന്നു നിങ്ങളെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു.
3: അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്നു ഞെരുക്കി. അങ്ങനെ, നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്ദയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.
4: ഇസ്രായേല്‍മലകളേ, ദൈവമായ കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍. ചുറ്റുമുള്ള ജനതകള്‍ക്കു പരിഹാസവിഷയവും ഇരയുമായിത്തീര്‍ന്ന മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും തകര്‍ന്നപ്രദേശങ്ങളോടും നിര്‍ജ്ജന നഗരങ്ങളോടും ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
5: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: കൈവശപ്പെടുത്തി കൊള്ളചെയ്യേണ്ടതിനു്, തികഞ്ഞ അവജ്ഞയോടും നിറഞ്ഞ ആനന്ദത്തോടുംകൂടെ എന്റെ ദേശം സ്വന്തമാക്കിയ ഏദോമിനും മറ്റുള്ളജനതകള്‍ക്കുമെതിരായി ജ്വലിക്കുന്ന അസൂയയോടെ ഞാന്‍ പറയുന്നു.
6: ഇസ്രായേല്‍ദേശത്തെപ്പറ്റി പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകളുടെ നിന്ദനം നിങ്ങള്‍ സഹിച്ചതുകൊണ്ടു്, ഇതാ ഞാന്‍ ക്രോധത്തോടും അസൂയയോടുംകൂടെ പറയുന്നു.
7: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍തന്നെ നിന്ദനമേല്ക്കുമെന്നു ഞാന്‍ ശപഥംചെയ്യുന്നു.
8: ഇസ്രായേല്‍മലകളേ, നിങ്ങള്‍ ശാഖകള്‍ കിളിര്‍പ്പിച്ചു് എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഫലം പുറപ്പെടുവിക്കുവിന്‍. അവരുടെ പ്രത്യാഗമനമടുത്തിരിക്കുന്നു.
9: ഇതാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു. ഞാന്‍ നിങ്ങളിലേക്കു തിരിയും; നിങ്ങളിൽ, ഉഴവും വിതയുമുണ്ടാകും.
10: നിങ്ങളില്‍ വസിക്കുന്ന ജനത്തെ, ഇസ്രായേല്‍ഭവനം മുഴുവനെയുംതന്നെ, ഞാന്‍ വര്‍ദ്ധിപ്പിക്കും. പട്ടണങ്ങളില്‍ ജനവാസമുണ്ടാവുകയും നശിച്ചുപോയ സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്യും.
11: മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നിങ്ങളില്‍ വര്‍ദ്ധിപ്പിക്കും. അവര്‍ സന്താനപുഷ്ടിയുള്ളവരായി പെരുകും. പൂര്‍വ്വകാലങ്ങളിലെന്നപോലെ നിങ്ങളില്‍ ആളുകള്‍ വസിക്കുന്നതിനു ഞാനിടയാക്കും. മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
12: ഞാന്‍ നിന്നില്‍, മനുഷ്യര്‍, എന്റെ ജനമായ ഇസ്രായേല്‍ തന്നെ, നടക്കുന്നതിനിടയാക്കും. അവര്‍ നിന്നെ കൈവശപ്പെടുത്തുകയും നീ അവര്‍ക്ക് അവകാശമാവുകയും ചെയ്യും. മേലില്‍ നീയവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല. 
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നുവെന്നു് ആളുകള്‍ നിന്നെപ്പറ്റിപ്പറയുന്നു.
14: അതുകൊണ്ടു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്ത്തുകയുംചെയ്യുകയില്ല.
15: ജനതകളുടെ നിന്ദനംകേള്‍ക്കുന്നതിനു നിനക്കു ഞാനിടവരുത്തുകയില്ല. ഇനിയൊരിക്കലും നീ ജനതകളുടെ പരിഹാസമേല്ക്കുകയോ, നിന്റെ ജനത്തിന്റെ വീഴ്ചയ്ക്കു കാരണമാവുകയോ ഇല്ല. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,  ഇസ്രായേല്‍ഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെയശുദ്ധമാക്കി. 
17: എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആര്‍ത്തവമാലിന്യംപോലെയായിരുന്നു.
18: അവര്‍ സ്വദേശത്തുചിന്തിയ രക്തവും നാടിനെ അശുദ്ധമാക്കാനുപയോഗിച്ച വിഗ്രഹങ്ങളുംമൂലം ഞാനെന്റെ ക്രോധം അവരുടെമേല്‍ച്ചൊരിഞ്ഞു.
19: ജനതകളുടെയിടയില്‍ ഞാനവരെ ചിതറിച്ചു; അവര്‍ പലരാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികള്‍ക്കുമനുസൃതമായി ഞാനവരെ വിധിച്ചു.
20: എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണു കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്നു് അവര്‍ക്കു പോകേണ്ടിവന്നു എന്നു് ആളുകളവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.
21: തങ്ങളെത്തിയ ജനതകളുടെയിടയില്‍ ഇസ്രായേല്‍ഭവനമശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതി ഞാന്‍ ആകുലനായി.
22: ഇസ്രായേല്‍ഭവനത്തോടു പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങളെത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങളശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെപ്രതിയാണു്, ഞാന്‍ പ്രവര്‍ത്തിക്കാന്‍പോകുന്നതു്.
23: ജനതകളുടെയിടയില്‍ നിങ്ങളശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി, ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്മുമ്പില്‍വച്ചു് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് ജനതകളറിയും, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
24: ജനതകളുടെയിടയില്‍നിന്നും സകലദേശങ്ങളില്‍നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും.
25: ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍നിന്നും നിങ്ങളെ ഞാന്‍ നിര്‍മ്മലരാക്കും.
26: ഒരു പുതിയഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്നു് ശിലാഹൃദയമെടുത്തുമാറ്റി, മാംസളഹൃദയം നല്‍കും.
27: എന്റെയാത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ, എന്റെ കല്പനകള്‍കാക്കുന്നവരും നിയമങ്ങള്‍പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും.
28: നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍കൊടുത്ത ദേശത്തു നിങ്ങള്‍ വസിക്കും. നിങ്ങളെന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
29: എല്ലാ അശുദ്ധിയില്‍നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. ധാന്യങ്ങള്‍ സമൃദ്ധമായുണ്ടാകാന്‍ ഞാന്‍ കല്പിക്കും. നിങ്ങളുടെയിടയില്‍ ഇനിമേല്‍ ഞാന്‍ പട്ടിണിവരുത്തുകയില്ല.
30: പട്ടിണിമൂലമുള്ള അപകീര്‍ത്തി ഇനിയൊരിക്കലും നിങ്ങള്‍ ജനതകളുടെയിടയില്‍ സഹിക്കാതിരിക്കേണ്ടതിനു് ഞാന്‍ നിങ്ങളുടെ വൃക്ഷങ്ങളുടെ ഫലങ്ങളും വയലുകളിലെ വിളവുകളും സമൃദ്ധമാക്കും.
31: അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങളോര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്ദ്യമായ പ്രവൃത്തികളെയുംകുറിച്ചു നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പുതോന്നുകയുംചെയ്യും.
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെപ്രതിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നു നിങ്ങളറിഞ്ഞുകൊള്ളുക. ഇസ്രായേല്‍വംശമേ, നിന്റെ പ്രവൃത്തികളോര്‍ത്തു ലജ്ജിച്ചുതലതാഴ്ത്തുക.
33: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദുഷ്കൃത്യങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ ശുദ്ധീകരിക്കുന്ന നാളില്‍ നഗരങ്ങളില്‍ ജനം വസിക്കുന്നതിനും നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുന്നതിനും ഞാനിടയാക്കും.
34: വഴിപോക്കരുടെ ദൃഷ്ടിയില്‍, ശൂന്യമായിക്കിടന്നിരുന്ന വിജനപ്രദേശത്തു കൃഷിയിറക്കും.
35: അപ്പോളവര്‍ പറയും: ശൂന്യമായിക്കിടന്ന ഈ സ്ഥലമെല്ലാം ഏദന്‍തോട്ടംപോലെയായിരിക്കുന്നു. ശൂന്യവും വിജനവും നശിപ്പിക്കപ്പെട്ടതുമായ നഗരങ്ങള്‍ ഇപ്പോള്‍ സുശക്തമായിരിക്കുന്നു. അവിടെ ആളുകള്‍ വസിക്കുന്നു.
36: നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിച്ചതും ശൂന്യമായിക്കിടന്നിടത്തെല്ലാം വീണ്ടും കൃഷിയിറക്കിയതും കര്‍ത്താവായ ഞാനാണെന്നു് നിങ്ങളുടെ ചുറ്റുമവശേഷിക്കുന്ന ജനതകളന്നറിയും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
37: ഞാനതു നടപ്പിലാക്കും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ജനത്തെ വര്‍ദ്ധിപ്പിക്കണമേയെന്നു് ഇസ്രായേല്‍ഭവനം എന്നോടപേക്ഷിക്കും.
38: ഞാനങ്ങനെ ചെയ്യും. വിശുദ്ധമായ ആട്ടിന്‍പറ്റംപോലെ, തിരുനാളുകളില്‍ ജറുസലെമില്‍ക്കാണുന്ന ആട്ടിന്‍പറ്റംപോലെ, നിര്‍ജ്ജനനഗരങ്ങളെല്ലാം മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.


അദ്ധ്യായം 37

അസ്ഥികളുടെ താഴ്‌വര
1: കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ചു്, അസ്ഥികള്‍നിറഞ്ഞ ഒരു താഴ്‌വരയില്‍ കൊണ്ടുവന്നുനിറുത്തി.
2: അവിടുന്നെന്നെ അവയുടെചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങിവരണ്ടിരുന്നു.
3: അവിടുന്നെന്നോടു ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കറിയാമല്ലോ.
4: അവിടുന്നെന്നോടരുളിച്ചെയ്തു: ഈ അസ്ഥികളോടു നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിനെന്നു് അവയോടു പറയുക.
5: ദൈവമായ കര്‍ത്താവു് ഈ അസ്ഥികളോടരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
6: ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മ്മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
7: എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദമുണ്ടായി- ഒരു കിരുകിരാശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍തമ്മില്‍ച്ചേ ര്‍ന്നു.
8: ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മ്മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്കു പ്രാണനുണ്ടായിരുന്നില്ല. അവിടുന്നെന്നോടരുളിച്ചെയ്തു:
9: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്നു്, ഈ നിഹിതന്മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ.
10: അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസമവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍പ്രാപിച്ചു. വളരെ വലിയൊരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
11: അവിടുന്നെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണു്. ഞങ്ങളുടെയസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്നു് അവര്‍ പറയുന്നു.
12: ആകയാല്‍ അവരോടു പ്രവചിക്കുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്നു നിങ്ങളെയുയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും.
13: എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാനുയര്‍ത്തുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
14: എന്റെയാത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്തു വസിപ്പിക്കും. കര്‍ത്താവായ ഞാനാണിതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങളറിയും. കര്‍ത്താവരുളിച്ചെയ്യുന്നു.

രണ്ടു വടികള്‍
15: കര്‍ത്താവെന്നോടരുളിച്ചെയ്തു:
16: മനുഷ്യപുത്രാ, ഒരു വടിയെടുത്തു് അതില്‍ യൂദായ്ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍സന്തതികള്‍ക്കും എന്നെഴുതുക;
17: വേറൊരു വടിയെടുത്തു് അതില്‍ എഫ്രായിമിന്റെ വടിയായ ജോസഫിനും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഭവനം മുഴുവനും എന്നെഴുതുക. ഒന്നായിത്തീരത്തക്കവിധം അവ നിന്റെ കൈയില്‍ ചേര്‍ത്തുപിടിക്കുക.
18: ഇതുകൊണ്ടു നീ എന്താണുദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു കാണിച്ചുതരില്ലേയെന്നു ജനം നിന്നോടു ചോദിക്കും.
19: അപ്പോളവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജോസഫിന്റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രങ്ങളുടെയും വടി - എഫ്രായിമിന്റെ കൈയിലുള്ളതുതന്നെ - ഞാനെടുക്കാന്‍പോകുന്നു; അതെടുത്തു യൂദായുടെ വടിയോടുചേര്‍ത്തു് ഒറ്റവടിപോലെ പിടിക്കും; അവ എന്റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.
20: നീ എഴുതിയ ആ വടികൾ, അവര്‍ കാണ്‍കെ പിടിച്ചുകൊണ്ടു് അവരോടു പറയുക,
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍നിന്നു് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്നു ഞാനവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
22: സ്വദേശത്തു് ഇസ്രായേലിന്റെ മലകളില്‍ ഞാനവരെ ഒരൊറ്റജനതയാക്കും. ഒരു രാജാവ്, അവരുടെമേല്‍ ഭരണംനടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടുജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചുനില്ക്കുകയുമില്ല.
23: തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലുംനിന്നു് അവരെ ഞാന്‍ രക്ഷിച്ചുനിര്‍മ്മലരാക്കും. അങ്ങനെ അവരെന്റെ ജനവും ഞാനവരുടെ ദൈവവുമായിരിക്കും.
24: എന്റെ ദാസനായ ദാവീദ്, അവര്‍ക്കു രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടെ ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങളനുസരിക്കുകയും കല്പനകള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയുംചെയ്യും.
25: ഞാനെന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്മാരധിവസിച്ചതുമായ ദേശത്തു് അവര്‍ വസിക്കും. അവരുമവരുടെ സന്തതിപരമ്പരയും ആ ദേശത്തു നിത്യമായി വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേയ്ക്കുമവരുടെ രാജാവായിരിക്കും.
26: സമാധാനത്തിന്റെ ഒരുടമ്പടി അവരുമായി ഞാനുണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാനനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെമദ്ധ്യേ എന്റെ ആലയം ഞാനെന്നേയ്ക്കുമായി സ്ഥാപിക്കും.
27: എന്റെ വാസസ്ഥലം അവരുടെ മദ്ധ്യേ ആയിരിക്കും; ഞാനവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മദ്ധ്യേ നിത്യമായി സ്ഥിതിചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണെന്നു ജനതകളറിയും.

അദ്ധ്യായം 38

ഗോഗിനെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്കു്, തൂബാല്‍ എന്നിവിടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖംതിരിച്ചു പ്രവചിക്കുക.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: മേഷെക്കിലെയും തൂബാലിലെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണു്.
4: ഞാന്‍ നിന്നെ തിരിച്ചുനിറുത്തി നിന്റെ കടവായില്‍ കൊളുത്തിട്ടു പുറത്തുകൊണ്ടുവരും; നിന്റെ കുതിരകളെയും സര്‍വ്വായുധധാരികളായ കുതിരച്ചേവകരെയും, കവചവും പരിചയും വാളുമേന്തിയ വലിയസൈന്യസമൂഹത്തെയും പുറത്തുകൊണ്ടുവരും.
5: പേര്‍ഷ്യക്കാരും കുഷ്യരും പുത്യരും പരിചയും പടത്തൊപ്പിയും ധരിച്ചു് അവരോടൊപ്പമുണ്ടായിരിക്കും.
6: ഗോമെറും അവിടത്തെ സേനാവിഭാഗങ്ങളും, വടക്കേയറ്റത്തുള്ള ബേതു് - തോഗര്‍മായും അതിന്റെ എല്ലാ പടക്കൂട്ടവുമടങ്ങുന്ന ഒരു വലിയ ജനസമൂഹം നിന്നോടൊപ്പമുണ്ടായിരിക്കും.
7: നീയും നിന്റെയടുത്തു സമ്മേളിച്ചിരിക്കുന്ന സമൂഹവും ജാഗരൂകതയോടെ ഒരുങ്ങിയിരിക്കുക.
8: എന്റെയാജ്ഞ കാത്തിരിക്കുക. ഏറെനാള്‍കഴിഞ്ഞു നിന്നെ വിളിക്കും; വാളില്‍നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍നിന്നു കൂട്ടിച്ചേര്‍ത്ത, വളരെപ്പേരുള്ള ദേശത്തേക്കു്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്കു്, അന്നു നീ മുന്നേറും. വിവിധജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണു് അവിടത്തെ ജനം. അവര്‍ ഇന്നു സുരക്ഷിതരായി കഴിയുന്നു.
9: നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ആളുകളും കൊടുങ്കാറ്റുപോലെ മുന്നേറി, കാര്‍മേഘംപോലെ ആ ദേശം മറയ്ക്കും.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആ സമയത്തു ചില ചിന്തകള്‍ നിന്റെ മനസ്സില്‍ പൊന്തിവരും. ദുഷിച്ച ഒരു പദ്ധതി നീ ആലോചിക്കും.
11: നീ പറയും; കോട്ടകളില്ലാത്ത ഗ്രാമങ്ങള്‍ക്കെതിരേ ഞാന്‍ ചെല്ലും. മതിലുകളോ വാതിലുകളോ ഓടാമ്പലുകളോ ഇല്ലാതെതന്നെ സുരക്ഷിതരായി സമാധാനത്തില്‍ക്കഴിയുന്ന ജനത്തിനെതിരേ ഞാന്‍ ചെല്ലും.
12: വസ്തുക്കള്‍ കൊള്ളചെയ്തുകൊണ്ടുപോകാനും, വിവിധജനതകളുടെയിടയില്‍നിന്നു ശേഖരിക്കപ്പെട്ടു ഭൂമിയുടെ മദ്ധ്യത്തില്‍ കന്നുകാലികളും വസ്തുവകകളുമായി താമസിക്കുന്നവരുടെയും ഒരിക്കല്‍ ശൂന്യമായിക്കിടന്നിരുന്നതും ഇപ്പോള്‍ ജനവാസമുള്ളതുമായ അവരുടെ ദേശത്തിന്റെയുംമേല്‍ കൈവയ്ക്കാനും നീ ആലോചിക്കും.
13: ഷേബായും ദദാനും താര്‍ഷീഷിലെ വ്യാപാരികളും അവിടത്തെ യുവസിംഹങ്ങളും നിന്നോടു ചോദിക്കും: വസ്തുവകകള്‍ കൊള്ളയടിക്കാനാണോ നീ വന്നിരിക്കുന്നതു്? ചരക്കുകളും കന്നുകാലികളും സ്വര്‍ണ്ണവും വെള്ളിയും കവര്‍ച്ചചെയ്തു കൊണ്ടുപോകാനാണോ വലിയ സൈന്യത്തെ നീ സമാഹരിച്ചിരിക്കുന്നതു്?
14: മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ജനമായ ഇസ്രായേല്‍ സുരക്ഷിതമായി വസിക്കുന്ന ദിനത്തില്‍, നീ പുറപ്പെടുകയില്ലേ?
15: നീയും നിന്നോടൊപ്പമുളള വിവിധജനതകളും കുതിരപ്പുറത്തേറി, വടക്കേയറ്റത്തുള്ള നിന്റെ ദേശത്തുനിന്നു ശക്തമായൊരു മഹാസൈന്യവുമായി എത്തിച്ചേരും.
16: ഭൂമി മറയ്ക്കുന്ന മേഘംപോലെ, നീ എന്റെ ജനമായ ഇസ്രായേലിനെതിരേ കടന്നുവരും. ഗോഗേ, എന്റെ പരിശുദ്ധി ഞാന്‍ ജനതകളുടെമുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും; അതുവഴി അവരെന്നെയറിയേണ്ടതിനു്, ആ നാളുകളില്‍ എന്റെ ദേശത്തിനെതിരേ നിന്നെ ഞാന്‍ കൊണ്ടുവരും.
17: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിനെതിരേ ഞാന്‍ കൊണ്ടുവരുമെന്നു മുന്‍കാലങ്ങളില്‍ വര്‍ഷങ്ങളോളം പ്രവചിച്ചിട്ടുള്ള എന്റെ ദാസരായ ഇസ്രായേല്‍പ്രവാചകന്മാരിലൂടെ പഴയകാലങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതു നിന്നെപ്പറ്റിയായിരുന്നില്ലേ?
18: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഗോഗ് ഇസ്രായേല്‍ദേശത്തിനെതിരേവരുന്ന ദിവസം എന്റെ മുഖം ക്രോധത്താല്‍ ജ്വലിക്കും.
19: എന്റെ അസൂയയിലും ജ്വലിക്കുന്ന ക്രോധത്തിലും ഞാന്‍ പ്രഖ്യാപിക്കുന്നു; ആ നാളില്‍ ഇസ്രായേലിലൊരു മഹാപ്രകമ്പനമുണ്ടാകും.
20: കടലിലെ മത്സ്യങ്ങളും ആകാശത്തിലെപ്പറവകളും വന്യമൃഗങ്ങളും ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും എന്റെമുമ്പില്‍ വിറകൊള്ളും; പര്‍വ്വതങ്ങള്‍ തകര്‍ന്നടിയും; ചെങ്കുത്തായമലകള്‍ ഇടിഞ്ഞുവീഴും. എല്ലാമതിലുകളും നിലംപതിക്കും.
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം ഭീകരതയും ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും.
22: പകര്‍ച്ചവ്യാധികളും രക്തച്ചൊരിച്ചിലുംകൊണ്ടു് അവനെ ഞാന്‍ വിധിക്കും. ഞാനവന്റെയും അവന്റെ സൈന്യത്തിന്റെയും അവനോടൊപ്പമുള്ള ജനതകളുടെയുംമേല്‍ പേമാരിയും കന്മഴയും തീയും ഗന്ധകവും വര്‍ഷിക്കും.
23: അങ്ങനെ, അനേകം ജനതകളുടെമുമ്പില്‍ ഞാനെന്നെത്തന്നെ വെളിപ്പെടുത്തുകയും എന്റെ വിശുദ്ധിയും മഹത്വവും കാണിച്ചുകൊടുക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇരുന്നൂറ്റിനാല്പത്തിയഞ്ചാം ദിവസം: എസക്കിയേല്‍ 33 - 35


അദ്ധ്യായം 33

പ്രവാചകന്‍ കാവല്‍ക്കാരന്‍

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,
2: നീ നിന്റെ ജനത്തോടു പറയുക; ഞാനൊരു ദേശത്തിന്റെമേല്‍ വാളയയ്ക്കുകയും
3: ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍വരുന്നതു് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
4: കാഹളനാദംകേട്ടിട്ടും മുന്നറിയിപ്പുസ്വീകരിക്കാത്തവനെ വാള്‍ വിച്ഛേദിച്ചുകളയും. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ.
5: അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു.
6: വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളംമുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പുകിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോടു ഞാന്‍ പകരംചോദിക്കും.
7: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനംകേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീതു് അവരെയറിയിക്കണം.
8: ഞാന്‍ ദുഷ്ടനോടു്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പുനല്‍കാതിരിക്കുകയുംചെയ്താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്തത്തിനു ഞാന്‍ നിന്നോടു പകരംചോദിക്കും.
9: ദുഷ്ടനോടു തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ താക്കീതുകൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍ നീ നിന്റെ ജീവനെ രക്ഷിക്കും.

അനുതപിച്ചാല്‍ ജീവിക്കും
10: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ഞങ്ങളുടെയതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേലുണ്ടു്. അവമൂലം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു നിങ്ങള്‍ പറഞ്ഞു.
11: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു ജീവിക്കുന്നതിലാണു് എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങളെന്തിനു മരിക്കണം?
12: മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: നീതിമാന്‍ ദുഷ്‌കൃത്യംചെയ്താല്‍ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല. ദുഷ്ടന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു് പിന്തിരിഞ്ഞാല്‍ അവന്‍ തന്റെ ദുഷ്ടതമൂലം നശിക്കുകയില്ല. നീതിമാന്‍ പാപംചെയ്താല്‍ തന്റെ നീതിമൂലം ജീവിക്കാനവനു സാധിക്കുകയില്ല.
13: ഞാന്‍ നീതിമാനോടു് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്റെ നീതിയില്‍ വിശ്വാസമര്‍പ്പിച്ചു തിന്മ പ്രവര്‍ത്തിക്കുകയുംചെയ്താല്‍ അവന്റെ നീതിനിഷ്ഠമായ ഒരു പ്രവൃത്തിയും ഞാനോര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും.
14: എന്നാല്‍, ഞാന്‍ ദുഷ്ടനോടു നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും,
15: തന്റെ വാഗ്ദാനം നിറവേറ്റുകയും കവര്‍ച്ചവസ്തുക്കള്‍ തിരിയെക്കൊടുക്കുകയും ജീവന്റെ പ്രമാണങ്ങള്‍ പാലിക്കുകയും തിന്മ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
16: അവന്‍ ചെയ്തിട്ടുള്ള യാതൊരു പാപവും അവനെതിരേ ഓര്‍മ്മിക്കപ്പെടുകയില്ല. അവന്‍ നീതിയും ന്യായ വും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ തീര്‍ച്ചയായും ജീവിക്കും.
17: എന്നിട്ടും കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു നിന്റെ ജനം പറയുന്നു. നീതിരഹിതമായതു് അവരുടെതന്നെ മാര്‍ഗ്ഗമാണു്.
18: നീതിമാന്‍ നീതിയില്‍നിന്നു വ്യതിചലിച്ചു് തിന്മ പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ മരിക്കും.
19: ദുഷ്ടന്‍ ദുഷ്ടതയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ ജീവിക്കും.
20: എന്നിട്ടും, കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു് നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും.
21: ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവര്‍ഷം പത്താംമാസം, അഞ്ചാം ദിവസം ജറുസലെമില്‍നിന്നു് ഓടിരക്ഷപെട്ട ഒരുവനെന്റെ അടുക്കല്‍വന്നു പറഞ്ഞു: നഗരം നിപതിച്ചിരിക്കുന്നു.
22: രക്ഷപെട്ടവന്‍ എന്റെയടുക്കല്‍ വന്നതിന്റെ തലേദിവസം വൈകുന്നേരം കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. രാവിലെ അവനെന്റെ അടുക്കല്‍വന്നപ്പോഴേക്കും എന്റെ വായ്, കര്‍ത്താവു തുറന്നിരുന്നു. എനിക്കു സംസാരിക്കാന്‍ ശക്തിലഭിച്ചു.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രാഹം ഏകനായിരിക്കേ അവനു ദേശം അവകാശമായി ലഭിച്ചു. ഞങ്ങളോ അനവധിപേരാണു്, തീര്‍ച്ചയായും ദേശത്തിനു ഞങ്ങളവകാശികളാണു്.
25: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ ഭക്ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തംചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ?
26: നിങ്ങള്‍ വാളിലാശ്രയിക്കുകയും മ്ലേച്ഛതപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും അയല്‍ക്കാരന്റെ ഭാര്യയെ മലിനപ്പെടുത്തുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ? അവരോടു പറയുക:
27: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാനാണേ, ശൂന്യസ്ഥലങ്ങളിലുള്ളവര്‍ വാളിനിരയാകും. തുറസ്സായ വയലുകളിലുള്ളവരെ മൃഗങ്ങള്‍ക്കു വിഴുങ്ങാനായി ഞാന്‍ വിട്ടുകൊടുക്കും. കോട്ടകളിലും ഗുഹകളിലുമുള്ളവര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കും.
28: ഞാന്‍ ദേശം ശൂന്യവും വിജനവുമാക്കും. അവളുടെ ശക്തിഗര്‍വ്വം അവസാനിക്കും. ആരും കടന്നുപോകാത്തവിധം ഇസ്രായേലിന്റെ പര്‍വ്വതങ്ങള്‍ വിജനമാകും.
29: അവര്‍ചെയ്ത മ്ലേച്ഛതകള്‍മൂലം ഞാന്‍ ദേശത്തെ വിജനവും ശൂന്യവുമാക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
30: മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം.
31: അവര്‍ കൂട്ടമായി നിന്റെയടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ മുമ്പിലിരിക്കും. നിന്റെ വാക്കുകളവന്‍ ശ്രവിക്കുകയും ചെയ്യും; പക്ഷേ, അതനുസരിച്ചു് അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ടു് അവരതിയായ സ്നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാര്‍ത്ഥലാഭത്തിലുറച്ചിരിക്കുന്നു.
32: ഇമ്പമുള്ള സ്വരത്തില്‍ പ്രേമഗാനമാലപിക്കുകയും വിദഗ്ദ്ധമായി വീണവായിക്കുകയുംചെയ്യുന്ന ഒരുവനെപ്പോലെയാണു് അവര്‍ക്കു നീ. കാരണം നിന്റെ വാക്കുകളവര്‍ കേള്‍ക്കുന്നു. എന്നാല്‍, അവരതനുവര്‍ത്തിക്കുകയില്ല.
33: എന്നാല്‍, അതു സംഭവിക്കുമ്പോള്‍ - അതു സംഭവിക്കുകതന്നെ ചെയ്യും- തങ്ങളുടെ മദ്ധ്യത്തിലൊരു പ്രവാചകനുണ്ടായിരുന്നുവെന്നു് അവരറിയും.

അദ്ധ്യായം 34

ഇസ്രായേലിന്റെ ഇടയന്മാര്‍
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടതു്?
3: നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.
4: ദുര്‍ബ്ബലമായതിനു നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരുകയോ, കാണാതായതിനെ തേടുകയോചെയ്തില്ല. മറിച്ചു്, കഠിനമായും ക്രൂരമായും നിങ്ങളവയോടു പെരുമാറി.
5: ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്കു് അവ ഇരയായിത്തീര്‍ന്നു.
6: എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരുമുണ്ടായില്ല.
7: ആകയാല്‍, ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്കു് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്മാര്‍ എന്റെ ആടുകളെയന്വേഷിച്ചില്ല; അവയെപ്പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.
9: ആകയാൽ ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാനിടയന്മാര്‍ക്കെതിരാണു്. എന്റെ ആടുകള്‍ക്കു ഞാനവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാനറുതിവരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകളവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാനവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

കര്‍ത്താവ് ഇടയന്‍
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
12: ആടുകള്‍ ചിതറിപ്പോയാല്‍ ഇടയനവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാനെന്റെ ആടുകളെയന്വേഷിക്കും. കാറുനിറഞ്ഞു് അന്ധകാരപൂര്‍ണ്ണമായ ആ ദിവസം, ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം ഞാനവയെ വീണ്ടെടുക്കും.
13: ജനതകളുടെയിടയില്‍നിന്നു ഞാനവയെ കൊണ്ടുവരും. രാജ്യങ്ങളില്‍നിന്നു ഞാനവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്കു് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാനവയെ മേയ്ക്കും.
14: നല്ല പുല്‍ത്തകിടികളില്‍ ഞാനവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്നമലകളിലായിരിക്കും അവയുടെ മേച്ചില്‍സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്തു് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാനവയ്ക്കു വിശ്രമസ്ഥലം നല്കും.
16: നഷ്ടപ്പെട്ടതിനെ ഞാനന്വേഷിക്കും. വഴിതെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാനവയെ പോറ്റും.
17: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനുംമദ്ധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനുംമദ്ധ്യേയും വിധിനടത്തും.
18: നല്ല മേച്ചില്‍സ്ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍പ്പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചുകളയണമോ? ശുദ്ധജലം കുടിച്ചാല്‍പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
19: എന്റെ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയതു കുടിക്കുകയുംചെയ്യണമോ?
20: ദൈവമായ കര്‍ത്താവവരോടരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കുംമദ്ധ്യേ വിധിപ്രസ്താവിക്കും.
21: അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബ്ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
22: അതുകൊണ്ടു് ഞാനെന്റെ ആട്ടിന്‍പറ്റത്തെ രക്ഷിക്കും. മേലിലവ ആര്‍ക്കുമിരയാവുകയില്ല. ആടിനും ആടിനുംമദ്ധ്യേ ഞാന്‍ വിധിനടത്തും.
23: ഞാനവയ്ക്ക് ഒരിടയനെ, എന്റെ ദാസനായ ദാവീദിനെ, നിയമിക്കും. അവനവയെ മേയ്ക്കും. അവനവയെ പോറ്റുകയും അവരുടെയിടയനായിരിക്കുകയും ചെയ്യും.
24: കര്‍ത്താവായ ഞാനവരുടെ ദൈവമായിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവാകും. കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു.
25: അവരുമായി ഒരു സമാധാനയുടമ്പടി ഞാനുറപ്പിക്കും. അവര്‍ക്കു വിജനപ്രദേശങ്ങളില്‍ സുരക്ഷിതമായി വസിക്കാനും വനത്തില്‍ കിടന്നുറങ്ങാനും കഴിയുമാറ്, വന്യമൃഗങ്ങളെ ദേശത്തുനിന്നു ഞാന്‍ തുരത്തും.
26: അവരെയും എന്റെ മലയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളെയും ഞാനനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അതു് അനുഗ്രഹവര്‍ഷമായിരിക്കും.
27: വയലിലെ വൃക്ഷങ്ങള്‍ ഫലംനല്കും; ഭൂമി വിളവുതരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും. ഞാനവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍നിന്നു് അവരെ മോചിപ്പിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
28: മേലിലവര്‍ ജനതകള്‍ക്കു് ഇരയാവുകയോ വന്യമൃഗങ്ങളവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്ഷിതരായിരിക്കും; ആരുമവരെ ഭയപ്പെടുത്തുകയുമില്ല.
29: തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്ദനം ഏല്ക്കാതിരിക്കേണ്ടതിനും ഞാനവര്‍ക്കു സമൃദ്ധിയുള്ള തോട്ടങ്ങള്‍ പ്രദാനംചെയ്യും.
30: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവു്, അവരുടെകൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്റെ ജനമാണെന്നും അവരറിയും.
31: നിങ്ങളെന്റെ ആടുകളാണു് - എന്റെ മേച്ചില്‍സ്ഥലത്തെ ആടുകള്‍. ഞാനാണു നിങ്ങളുടെ ദൈവം - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 35

ഏദോമിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖംതിരിച്ചു് അതിനെതിരേ പ്രവചിക്കുക.
3: അതിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണു്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.
4: ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
5: നീ ഇസ്രായേലിനോടു നിത്യമായ ശത്രുതപുലര്‍ത്തുകയും കഷ്ടകാലത്തു്, അന്തിമശിക്ഷയുടെ കാലത്തു്, വാളിനു്, അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്തത്തിനേല്പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്തംചൊരിഞ്ഞു. രക്തം, നിന്നെ പിന്തുടരുകതന്നെ ചെയ്യും.
7: സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ സംഹരിക്കും.
8: നിഹതന്മാരെക്കൊണ്ടു നിന്റെ മലകള്‍ ഞാന്‍ നിറയ്ക്കും. വാളിനിരയായവര്‍ നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും പതിക്കും. നിന്നെ ഞാന്‍ നിത്യശൂന്യതയാക്കും.
9: മേലില്‍ നിന്റെ പട്ടണങ്ങളില്‍ ആരും വസിക്കുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
10: കര്‍ത്താവവിടെയുണ്ടായിട്ടും, ഈ രണ്ടു ജനതകളും രാജ്യങ്ങളും എന്റേതാകും; ഞാനവ കൈവശമാക്കും എന്നു നീ പറഞ്ഞു.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധംനിമിത്തം നീ അവരോടുകാണിച്ച കോപത്തിനും അസൂയയ്ക്കുമനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാനെന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തും.
12: അവ വിജനമാക്കപ്പെട്ടു് ഞങ്ങള്‍ക്കു വിഴുങ്ങാന്‍ വിട്ടിരിക്കുന്നുവെന്നു് ഇസ്രായേല്‍ മലകള്‍ക്കെതിരേ നീ പറഞ്ഞ സകലനിന്ദനങ്ങളും കര്‍ത്താവായ ഞാന്‍ കേട്ടിരിക്കുന്നുവെന്നു നീയറിയും.
13: എനിക്കെതിരേ നിങ്ങള്‍ വമ്പുപറഞ്ഞിരിക്കുന്നു. നിങ്ങളെന്നെ വീണ്ടുംവീണ്ടും നിന്ദിച്ചു. ഞാനതു കേട്ടിരിക്കുന്നു.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഭൂമിമുഴുവന്‍ ആനന്ദിക്കേണ്ടതിനു് ഞാന്‍ നിന്നെ ശൂന്യമാക്കും.
15: ഇസ്രായേല്‍ഭവനത്തിന്റെ അവകാശം ശൂന്യമായതു കണ്ടു നീ സന്തോഷിച്ചു. അവരോടെന്നപോലെ നിന്നോടും ഞാന്‍ വര്‍ത്തിക്കും. സെയിര്‍മലയേ, ഏദോം മുഴുവനുമേ, നീ വിജനമാകും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇരുന്നൂറ്റിനാല്പത്തിനാലാം ദിവസം: എസക്കിയേല്‍ 29 - 32


അദ്ധ്യായം 29

ഈജിപ്തിനെതിരേ

1: പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയുടെനേരേ മുഖംതിരിച്ചു്, അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്റേതാണു്, ഞാനാണതു നിര്‍മ്മിച്ചതെന്നു പറഞ്ഞുകൊണ്ടു നദികളുടെമദ്ധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണു്.
4: നിന്റെ കടവായില്‍ ഞാന്‍ ചൂണ്ടകോര്‍ക്കും. നിന്റെ നദികളിലെ മത്സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാനൊട്ടിക്കും. എന്നിട്ടു്, അവയോടുകൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചുപുറത്തിടും.
5: നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; അവിടെ തുറസ്സായസ്ഥലത്തു നീ ചെന്നുവീഴും. ആരും നിന്നെ ഒന്നിച്ചുകൂട്ടുകയോ മറവുചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും നിന്നെ ഞാനിരയാക്കും.
6: ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ ഈജിപ്തുനിവാസികളെല്ലാമറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിനു നീയൊരു ഞാങ്ങണവടിയായിരുന്നു.
7: അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി; അവര്‍ നിന്റെമേല്‍ ചാരിയപ്പോള്‍ നീ ഒടിഞ്ഞു; അവരുടെ നടുവിളകിപ്പോയി.
8: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്റെമേല്‍ വാളയയ്ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍നിന്നു ഞാന്‍ വിച്ഛേദിക്കും. ഈജിപ്തു വിജനവും ശൂന്യവുമാകും.
9: ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. നൈല്‍ എന്റേതാണു്, ഞാനാണതുണ്ടാക്കിയതെന്നു നീ പറഞ്ഞു.
10: അതിനാല്‍ ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കുമെതിരാണു്; മിഗ്‌ദോല്‍മുതല്‍ സെവേനെ ഗോപുരംവരെ എത്യോപ്യയുടെയതിര്‍ത്തിയോളം ഈജിപ്തിനെ ഞാന്‍ ശൂന്യവും വിജനവുമാക്കും.
11: മനുഷ്യനോ മൃഗങ്ങളോ അതിലൂടെ സഞ്ചരിക്കുകയില്ല; നാല്പതുവര്‍ഷത്തേക്കു് അതില്‍ ആരും വസിക്കുകയില്ല.
12: നിര്‍ജ്ജനദേശങ്ങളുടെമദ്ധ്യേ ഈജിപ്തിനെയും ഞാന്‍ നിര്‍ജ്ജനമാക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെകൂടെ നാല്പതുവര്‍ഷത്തേക്കു് അവളുടെ നഗരങ്ങളും ശൂന്യമായിക്കിടക്കും. ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍നിന്നു നാല്പതുവര്‍ഷംകഴിയുമ്പോള്‍ ഞാന്‍ ഈജിപ്തുകാരെ ഒന്നിച്ചുകൂട്ടും.
14: അവരുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. തങ്ങളുടെ ജന്മദേശമായ പാത്രോസിലേക്കു ഞാനവരെ തിരിയെക്കൊണ്ടു വരും, അവിടെയവര്‍ ഒരെളിയരാജ്യമാകും.
15: അതു മറ്റെല്ലാരാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനിയൊരിക്കലും അതു മറ്റു ജനതകളുടെമേലുയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാനതിനെ ചെറുതാക്കും.
16: ഇസ്രായേലിനിമേല്‍ ഈജിപ്തിനെയാശ്രയിക്കുകയില്ല; എന്തെന്നാല്‍, സഹായത്തിനു് അങ്ങോട്ടുതിരിയുമ്പോള്‍ തങ്ങളുടെ തെറ്റിനെക്കുറിച്ചു് അവര്‍ക്കോര്‍മ്മ വരും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
17: ഇരുപത്തേഴാംവര്‍ഷം ഒന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ടയിറിനെതിരേ തന്റെ സൈന്യത്തെക്കൊണ്ടു കഠിനമായി പൊരുതിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാ തോളിലെയും തൊലിയുരിഞ്ഞുപോയി. എന്നിട്ടും അവനോ അവന്റെ സൈന്യത്തിനോ ടയിറിനെതിരേചെയ്ത വേലയ്ക്കു പ്രതിഫലമൊന്നും ലഭിച്ചില്ല.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുദേശം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനു ഞാന്‍ നല്കും; അവനവിടത്തെ സമ്പത്തെല്ലാം തട്ടിയെടുക്കും. അവനവിടം കൊള്ളയടിക്കുകയും കുത്തിക്കവരുകയുംചെയ്യും. ഇതായിരിക്കുമവന്റെ സൈന്യത്തിനു പ്രതിഫലം.
20: അവന്റെ കഠിനാദ്ധ്വാനത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ കൊടുത്തിരിക്കുന്നു. എന്തെന്നാല്‍, അവനെനിക്കുവേണ്ടിയദ്ധ്വാനിച്ചു. ദൈവമായ കര്‍ത്താവരുളിചെയ്യുന്നു.
21: അന്നു് ഇസ്രായേല്‍ഭവനത്തിനു ഞാനൊരു കൊമ്പു മുളപ്പിക്കും. അവരുടെമദ്ധ്യേ, ഞാന്‍ നിന്റെ വായ് തുറക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അദ്ധ്യായം 30

ഈജിപ്തിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,
2: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.
3: ദിവസമടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണതു്.
4: ഈജിപ്തിന്റെമേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനമപഹരിക്കപ്പെടുകയും അവളുടെയടിസ്ഥാനം തകര്‍ക്കപ്പെടുകയുംചെയ്യും.
5: അപ്പോള്‍, എത്യോപ്യാ, പുതു്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിനെപ്പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
7: നിര്‍ജ്ജനരാജ്യങ്ങളുടെമദ്ധ്യേ അവളും നിര്‍ജ്ജനമാകും; ശൂന്യനഗരങ്ങളുടെമദ്ധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.
8: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
9: അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍, ദൂതന്മാര്‍ എന്റെയടുത്തുനിന്നു കപ്പലുകളില്‍ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്തു് അവര്‍ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കരങ്ങളാല്‍ ഈജിപ്തിന്റെ സമ്പത്തു ഞാനില്ലാതാക്കും.
11: ഈജിപ്ത് നശിപ്പിക്കേണ്ടതിനു് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരെത്തന്നെ, ഞാന്‍ കൊണ്ടുവരും. ഈജിപ്തിനെതിരേ അവര്‍ വാളൂരും. മൃതശരീരങ്ങളാല്‍ ദേശം നിറയും.
12: ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാടു ദുഷ്ടന്മാര്‍ക്കു വില്ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണു പറഞ്ഞിരിക്കുന്നതു്.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകളുടച്ചുകളയും. ഈജിപ്തിലിനിമേലൊരു രാജാവുണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്തില്‍ ഭീതിയുളവാക്കും.
14: ഞാന്‍ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്നിക്കിരയാക്കും. തേബെസില്‍ ന്യായവിധിനടത്തും.
15: ഈജിപ്തിന്റെ ശക്തിദുര്‍ഗ്ഗമായ സിനിന്റെമേല്‍ ഞാന്‍ ക്രോധംവര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.
16: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കും. സിന്‍ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്റെ കോട്ടകള്‍ തകര്‍ക്കപ്പെടും.
17: ഓനിലെയും പിബേസത്തിലെയും യുവാക്കള്‍ വാളിനിരയാകും; ആ നഗരങ്ങള്‍ അടിമത്തത്തില്‍ നിപതിക്കും.
18: തെഹഫ്‌നെഹസില്‍വച്ചു് ഈജിപ്തിന്റെ ആധിപത്യം ഞാന്‍ തകര്‍ക്കുമ്പോൾ, അവിടെ പകലിരുണ്ടു പോകും. അവളുടെ ശക്തിഗര്‍വ്വമവസാനിക്കും. അവളെ മേഘംമൂടും; അവളുടെ പുത്രിമാരടിമകളാകും.
19: ഇപ്രകാരം ഈജിപ്തില്‍ ഞാന്‍ ന്യായവിധിനടത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
20: പതിനൊന്നാംവര്‍ഷം ഒന്നാംമാസം, ഏഴാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയുടെ കരം ഞാന്‍ തകര്‍ത്തിരിക്കുന്നു. വാളെടുക്കാന്‍ വീണ്ടും ശക്തിലഭിക്കത്തക്കവിധം സുഖപ്പെടാൻ, അതു വച്ചുകെട്ടിയിട്ടുമില്ല.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോയ്ക്കു ഞാനെതിരാണു്. അവന്റെ ബലിഷ്ഠമായകരവും ഒടിഞ്ഞകരവും രണ്ടും ഞാനൊടിക്കും. അവന്റെ കൈയില്‍നിന്നു വാള്‍ താഴെവീഴും.
23: ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
24: ബാബിലോണ്‍രാജാവിന്റെ കരം ഞാന്‍ ശക്തമാക്കും. എന്റെ വാൾ, അവന്റെ കൈയില്‍ ഞാനേല്പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ തകര്‍ക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പില്‍ ഞരങ്ങും.
25: ബാബിലോണ്‍രാജാവിന്റെ കരങ്ങള്‍ ഞാന്‍ ശക്തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഞാനെന്റെ വാളേല്പിക്കുമ്പോള്‍ അവനതു് ഈജിപ്തിനെതിരേ ഉയര്‍ത്തും.
26: ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഈജിപ്തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.


അദ്ധ്യായം 31

ഈജിപ്ത് ഒരു ദേവദാരു
1: പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണു്?
3: മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന്, ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണു നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.
4: ജലം അതിനെപ്പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനുചുറ്റും തന്റെ നദികളെയൊഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലംപകര്‍ന്ന്, ആഴിയതിനെ ഉയരത്തില്‍ വളര്‍ത്തി.
5: അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാൾ അതു വളര്‍ന്നുപൊങ്ങി. ശാഖകളുണ്ടാകുന്നസമയത്തു ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടു്, അവ വളര്‍ന്നുനീണ്ടു.
6: അതിന്റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്റെ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.
7: വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധമായ ജലത്തിനടുത്തെത്തി.
8: ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു കിടയായിരുന്നില്ല. സരളവൃക്ഷങ്ങൾ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്ഷങ്ങൾ അതിന്റെ ശാഖകളോടു തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്ഷവും ദൈവത്തിന്റെ തോട്ടത്തിലില്ലായിരുന്നു.
9: ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകലവൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്തു.
11: അതുകൊണ്ടു ജനതകളില്‍ ശക്തനായവന്റെ കരങ്ങളില്‍ ഞാനതിനെയേല്പിക്കും. അതിന്റെ ദുഷ്ടതയ്ക്കര്‍ഹമായവിധം അവനതിനോടു പ്രവര്‍ത്തിക്കും. ഞാനതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12: ജനതകളില്‍വച്ചു് ഏറ്റവും ക്രൂരന്മാരായ വിദേശികൾ അതു വെട്ടിനശിപ്പിക്കും. എല്ലാ മലകളിലും താഴ്‌വരകളിലും അതിന്റെ ശാഖകള്‍ വീഴും. അതിന്റെ കൊമ്പുകള്‍ രാജ്യത്തെ എല്ലാ നദിയുടെയും കരയിലൊടിഞ്ഞുകിടക്കും; ഭൂമിയിലെ എല്ലാ ജനതകളും അതിന്റെ തണല്‍ വിട്ടുപോകും.
13: അതിന്റെ അവശിഷ്ടങ്ങളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടും. വന്യമൃഗങ്ങളതിന്റെ ശാഖകള്‍ക്കിടയില്‍ പാര്‍ക്കും.
14: ജലത്തിനരികേനില്ക്കുന്ന ഒരു വൃക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്റെ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്ഷവും അത്രയ്ക്കുയരത്തില്‍ എത്താതിരിക്കുന്നതിനുംവേണ്ടിയാണിതു്. എന്തെന്നാല്‍ പാതാളത്തില്‍പ്പതിക്കുന്ന മര്‍ത്ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിനു്, മരണത്തിനു്, അതേല്പിക്കപ്പെട്ടിരിക്കുന്നു.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാനിടയാക്കും. അതിന്റെ നദികളെ ഞാന്‍ തടഞ്ഞുനിറുത്തും. ജലപ്രവാഹങ്ങള്‍ നിലയ്ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണംചെയ്യും. തന്മൂലം വയലിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും.
16: പാതാളത്തില്‍പ്പതിക്കുന്നവരോടൊപ്പം ഞാനതിനെ അധോലോകത്തേക്കു വലിച്ചെറിയുമ്പോള്‍, അതിന്റെ പതനത്തിന്റെ മുഴക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്കു്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്കു്, സുഭിക്ഷമായി ജലംവലിച്ചെടുത്തുവളര്‍ന്ന വൃക്ഷങ്ങള്‍ക്കു്, അധോലോകത്തില്‍ ആശ്വാസംലഭിക്കും.
17: അതിനോടൊപ്പം, അതിന്റെ തണലില്‍വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്കു്, വാളിനിരയായവരുടെയടുത്തേക്കു പോകും.
18: ഏദനിലെ ഏതുവൃക്ഷത്തോടാണു മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്കെറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്ഛേദിതരുടെയിടയില്‍ നീ കിടക്കും. ഇതാണു് ഫറവോയ്ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 32

ഈജിപ്ത് ഒരു ഘോരസത്വം
1: പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീയൊരു വിലാപഗാനമാലപിക്കുക. അവനോടു പറയുക: ജനതകളുടെയിടയിലൊരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വംപോലെയാണു്. നീ നിന്റെ നദികളില്‍ച്ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്നു ഞാന്‍ നിന്റെമേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചുപുറത്തിടും.
4: നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്സായസ്ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റിയെറിയും. ആകാശത്തിലെ എല്ലാപ്പറവകളും നിന്റെമേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെ തിന്നുതൃപ്തരാകുന്നതിനും ഞാനിടവരുത്തും.
5: നിന്റെ മാംസം ഞാന്‍ പര്‍വ്വതങ്ങളില്‍ വിതറും; താഴ്‌വരകള്‍ നിന്റെ പിണംകൊണ്ടു ഞാന്‍ നിറയ്ക്കും.
6: നിന്റെ രക്തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.
7: നിന്നെ നിര്‍മ്മാര്‍ജ്ജനംചെയ്തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും. നക്ഷത്രങ്ങളെ അന്ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന്‍ പ്രകാശംതരുകയില്ല.
8: ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്റെമേല്‍ ഞാന്‍ തമോമയമാക്കും. നിന്റെ ദേശം അന്ധകാരത്തിലാഴ്ത്തും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
9: നിനക്കു് അജ്ഞാതമായ രാജ്യങ്ങളിലേക്കു്, ജനതകളുടെയിടയിലേക്കു്, നിന്നെ ഞാൻ അടിമയാക്കിക്കൊണ്ടുപോകുന്നതുകാണുമ്പോള്‍ അനേകരുടെ ഹൃദയങ്ങളസ്വസ്ഥമാകും.
10: അനേകര്‍ നിന്നെക്കണ്ടു് സ്തബ്ദ്ധരാകുന്നതിനു ഞാനിടയാക്കും. അവര്‍കാണ്‍കേ ഞാന്‍ വാള്‍വീശുമ്പോളവരുടെ രാജാക്കള്‍ നിന്നെപ്രതി പ്രകമ്പിതരാകും. നിന്റെ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോനിമിഷവും വിറകൊള്ളും.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ വാള്‍ നിന്റെമേല്‍പ്പതിക്കും.
12: നിന്റെ ജനക്കൂട്ടത്തെ മുഴുവന്‍ ശക്തന്മാരുടെ വാളിനു് ഞാനിരയാക്കും. ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരാണു് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവരവസാനിപ്പിക്കും. അവിടത്തെ ജനംമുഴുവന്‍ നശിച്ചുപോകും.
13: ജലാശയങ്ങളുടെ അരികില്‍നിന്നു് എല്ലാ മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും; മനുഷ്യന്റെ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലില്‍ അവയെ കലക്കുകയില്ല.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികള്‍ എണ്ണപോലെ ഒഴുകുന്നതിനു ഞാനിടയാക്കും.
15: ഈജിപ്തിനെ ഞാന്‍ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ചു്, അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
16: ആലപിക്കാനുള്ള ഒരു വിലാപമാണിതു്; ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനെയും അവളുടെ എല്ലാ ജനങ്ങളെയുംകുറിച്ചു് ഇതാലപിക്കും; ദൈവമായ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.

ജനതകള്‍ പാതാളത്തില്‍
17: പന്ത്രണ്ടാംവര്‍ഷം ഒന്നാംമാസം പതിനഞ്ചാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ഈജിപ്തിലെ ജനങ്ങളെയോര്‍ത്തു വിലപിക്കുക; അവളെയും ശക്തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
19: സൗന്ദര്യത്തില്‍ ആരെയാണു നീ അതിശയിക്കുക? താഴെച്ചെന്നു് അപരിച്ഛേദിതരുടെകൂടെ കിടക്കുക.
20: വാളിനിരയായവരുടെമദ്ധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
21: ശക്തന്മാരായ പ്രമാണികള്‍ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മദ്ധ്യേനിന്നു് അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ടു്. വാളിനിരയാക്കപ്പെട്ട അപരിച്ഛേദിതരായ അവര്‍ നിശ്ചലരായിക്കിടക്കുന്നു.
22: അസ്സീറിയാ അവിടെയുണ്ടു്. അവളുടെ വാളേറ്റുമരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കുചുറ്റും കിടക്കുന്നു.
23: അവരുടെ ശവകുടീരങ്ങള്‍ പാതാളത്തിന്റെ ഏറ്റവുമടിയില്‍ സ്ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ടു്. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റു മരിച്ചുകിടക്കുന്നു.
24: ഏലാമും അവിടെയുണ്ടു്; അവളുടെ ശവകുടീരത്തിനുചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റുമരിച്ചു്, അപരിച്ഛേദിതരായി അധോലോകത്തിലെത്തിയിരിക്കുന്നു. പാതാളത്തില്‍പ്പതിച്ചവരോടൊപ്പം അവരവമാനിതരായിക്കഴിയുന്നു.
25: വധിക്കപ്പെട്ടവരുടെമദ്ധ്യത്തില്‍ അവരവള്‍ക്കു കിടക്കയൊരുക്കി. വാളേറ്റു മരിച്ച അപരിച്ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങളൾ അവള്‍ക്കുചുററുമുണ്ടു്. എന്തെന്നാല്‍ ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍, പാതാളത്തില്‍പ്പതിക്കുന്നവരുടെകൂടെ ഇന്നു ലജ്ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെകൂടെയാണു് അവര്‍ക്കിടംലഭിച്ചതു്.
26: മേഷെക്കും തൂബാലും അവിടെയുണ്ടു്. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ടു്. അവരെല്ലാം അപരിച്ഛേദിതരും വാളിനിരയായവരുമാണു്. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയവരാണവര്‍.
27: വാളുകള്‍ തലയ്ക്കുകീഴേയും പരിചകള്‍ അസ്ഥികളുടെ മുകളിലുംവച്ചു് പടക്കോപ്പുകളോടെ പാതാളത്തിലേക്കുപോയ വധിക്കപ്പെട്ട അപരിച്ഛേദിതരായ വീരന്മാരുടെ കൂട്ടത്തില്‍ അവര്‍ കിടക്കുകയില്ല. കാരണം, ജീവനുള്ളവരുടെദേശത്തു് ശക്തന്മാരായ അവര്‍ ഭീഷണിയായിരുന്നു.
28: അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ തകര്‍ന്നുകിടക്കും.
29: ഏദോമും അവളുടെ രാജാക്കന്മാരും എല്ലാപ്രഭുക്കന്മാരുമവിടെയുണ്ടു്. എല്ലാശക്തിയുമുണ്ടായിരുന്നിട്ടും അവര്‍ വാളിനിരയായ അപരിച്ഛേദിതരുടെയും പാതാളത്തില്‍പ്പതിച്ചവരുടെയുംകൂടെ കിടക്കുന്നു.
30: വടക്കുനിന്നുള്ള പ്രഭുക്കന്മാരും സീദോന്യരുമവിടെയുണ്ടു്. തങ്ങളുടെ ശക്തിയാല്‍ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവര്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തില്‍പ്പതിക്കുന്നവരുടെ അപമാനംസഹിച്ചു്, അപരിച്ഛേദിതരായിക്കഴിയുന്നു.
31: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെക്കാ ണുമ്പോള്‍ സ്വന്തംജനങ്ങളെക്കുറിച്ചു് ആശ്വാസംകൊള്ളും.
32: ജീവിക്കുന്നവരുടെ ദേശത്തു്, അവന്‍ ഭീതിപരത്തി. എന്നാല്‍, ഫറവോയും അവന്റെ ജനവും അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെക്കിടക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.