ഇരുന്നൂറ്റിയമ്പത്തിരണ്ടാം ദിവസം: ദാനിയേല്‍ 4 - 6


അദ്ധ്യായം 4

നബുക്കദ്‌നേസറിന്റെ രണ്ടാംസ്വപ്നം

1: നബുക്കദ്‌നേസര്‍രാജാവ്, ഭൂമുഖത്തുള്ള സകലജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കുമെഴുതുന്നതു്: നിങ്ങള്‍ക്കു സമാധാനം സമൃദ്ധമായുണ്ടാകട്ടെ!
2: അത്യുന്നതനായ ദൈവം എനിക്കറിയിച്ചുതന്ന അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതാണെന്നു് എനിക്കു തോന്നുന്നു.
3: അവിടുത്തെ അടയാളങ്ങള്‍ എത്രമഹത്വമുള്ളതു്! അവിടുത്തെ അദ്ഭുതങ്ങള്‍ എത്രശക്തിയുള്ളവ! അവിടുത്തെ രാജ്യമോ, എന്നേയ്ക്കും നിലനില്‍ക്കുന്നതു്! അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നതു്!
4: നബുക്കദ്‌നേസറായ ഞാന്‍ എന്റെ കൊട്ടാരത്തില്‍ സ്വൈരമായി, ഐശ്വര്യത്തോടെ വസിക്കുകയായിരുന്നു.
5: എനിക്കുണ്ടായ ഒരു സ്വപ്നം എന്നെ ഭയപ്പെടുത്തി. കിടക്കയിൽവച്ചു് എനിക്കുണ്ടായ വിചിത്രദര്‍ശനങ്ങള്‍ എന്നെയസ്വസ്ഥനാക്കി.
6: സ്വപ്നത്തിന്റെ വ്യാഖ്യാനം പറഞ്ഞുതരേണ്ടതിനു്, ബാബിലോണിലെ സകലജ്ഞാനികളെയും എന്റെമുമ്പില്‍ക്കൊണ്ടുവരാന്‍ ഞാന്‍ കല്പിച്ചു.
7: മന്ത്രവാദികളും ആഭിചാരകന്മാരും കല്‍ദായരും ജ്യോത്സ്യന്മാരും വന്നു. ഞാന്‍ സ്വപ്നമെന്തെന്നു പറഞ്ഞെങ്കിലും അവര്‍ക്കാര്‍ക്കും അതു വ്യാഖ്യാനിക്കാന്‍കഴിഞ്ഞില്ല.
8: അവസാനം, എന്റെ ദേവന്റെ നാമധേയമനുസരിച്ചു് ബല്‍ത്തഷാസര്‍ എന്നു വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു:
9: മന്ത്രവാദികളില്‍ പ്രമുഖനായ ബല്‍ത്തെഷാസര്‍, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്കജ്ഞേയമല്ലെന്നും എനിക്കറിയാം; ഇതാ, ഞാന്‍ കണ്ട സ്വപ്നം; അതിന്റെ വ്യാഖ്യാനം പറയുക.
10: എനിക്കു കിടക്കയില്‍വച്ചുണ്ടായ ദര്‍ശനങ്ങള്‍ ഇവയാണു്: ഭൂമിയുടെ മദ്ധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്ഷം ഞാന്‍ കണ്ടു.
11: ആ വൃക്ഷം വളര്‍ന്നുവലുതായി; അതിന്റെ അഗ്രം ആകാശംവരെ എത്തി; ഭൂമിയുടെ ഏതറ്റത്തുനിന്നാലും അതു ദൃഷ്ടിഗോചരമായിരുന്നു.
12: ഭംഗിയുള്ള ഇലകളോടുകൂടിയ അതു്, ഫലസമൃദ്ധമായിരുന്നു. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം അതില്‍നിന്നു ലഭിച്ചു. വന്യമൃഗങ്ങള്‍ അതിന്റെ തണലില്‍ അഭയംതേടി; ആകാശപ്പറവകള്‍ അതിന്റെ കൊമ്പുകളില്‍ വസിച്ചു; എല്ലാ ജീവികള്‍ക്കും അതില്‍നിന്നു ഭക്ഷണംകിട്ടി.
13: കിടക്കയില്‍വച്ചു് എനിക്കുണ്ടായ ദര്‍ശനത്തില്‍, ഇതാ, ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവരുന്നു.
14: അവന്‍ അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഈ വൃക്ഷം വെട്ടിമുറിച്ചു്, കൊമ്പുകള്‍ ഛേദിച്ചു്, ഇലകള്‍തല്ലിക്കൊഴിച്ചു്, കായ്കള്‍ ചിതറിച്ചുകളയുവിന്‍. വന്യമൃഗങ്ങള്‍ അതിന്റെ ചുവട്ടില്‍നിന്നും, പക്ഷികള്‍ അതിന്റെ ശാഖകളില്‍നിന്നും ഓടിയൊളിക്കട്ടെ.
15: അതിന്റെ കുറ്റി, ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ചു്, വയലിലെ ഇളംപുല്ലുകളോടൊപ്പം ഉപേക്ഷിക്കുക. ആകാശത്തിലെ മഞ്ഞുകൊണ്ടു് അവന്‍ നനയട്ടെ. വന്യമൃഗങ്ങളോടുകൂടെ ഭൂമിയിലെ പുല്ലില്‍ കഴിയാനായിരിക്കട്ടെ അവന്റെ വിധി.
16: അവനു് മനുഷ്യന്റെ മനസ്സു നഷ്ടപ്പെട്ടു് മൃഗത്തിന്റെ മനസ്സു ലഭിക്കട്ടെ. ഏഴു സംവത്സരം അവനങ്ങനെ കഴിയട്ടെ.
17: ഈ വിധി, ദൂതന്മാരുടെ, പരിശുദ്ധന്മാരുടെ, കല്പനയനുസരിച്ചാണു്. അത്യുന്നതനാണു മനുഷ്യരുടെ രാജ്യങ്ങളെ ഭരിക്കുന്നതെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്കു് അവിടുന്നതു നല്കുമെന്നും മനുഷ്യരില്‍ ഏറ്റവുമെളിയവരെ അതിന്മേല്‍ വാഴിക്കുമെന്നും മനുഷ്യരെല്ലാവരും ഗ്രഹിക്കേണ്ടതിനാണിതു്.
18: ഈ സ്വപ്നമാണു നബുക്കദ്‌നേസര്‍രാജാവായ ഞാന്‍ കണ്ടതു്. ആകയാല്‍, അല്ലയോ ബല്‍ത്തെഷാസര്‍, വ്യാഖ്യാനമെന്തെന്നു പറയുക; എന്റെ രാജ്യത്തെ ജ്ഞാനികളിലാര്‍ക്കും ഇതു വ്യാഖ്യാനിക്കാന്‍ സാധിച്ചില്ല. എന്നാല്‍, പരിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുള്ളതുകൊണ്ടു നിനക്കു സാധിക്കും.
19: ബല്‍ത്തെഷാസര്‍ എന്നു പേരുള്ള ദാനിയേല്‍ ഒരു നിമിഷത്തേക്കു് അസ്വസ്ഥനായി; ചിന്തകള്‍ അവനെ പരിഭ്രാന്തനാക്കി. രാജാവു പറഞ്ഞു: ബല്‍ത്തെഷാസര്‍, സ്വപ്നമോ അതിന്റെ അര്‍ത്ഥമോ നിന്നെ ആകുലനാക്കാതിരിക്കട്ടെ. ബല്‍ത്തെഷാസര്‍ പറഞ്ഞു: പ്രഭോ, സ്വപ്നം നിന്നെ വെറുക്കുന്നവരെയും, വ്യാഖ്യാനം നിന്റെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ!
20: ആകാശംമുട്ടെവളര്‍ന്നു ശക്തിപ്പെട്ടതും
21: ഭൂമിയില്‍ എവിടെയുംനിന്നു കാണാവുന്നതും മനോഹരമായ ഇലകളും നിറയെ ഫലങ്ങളുമുള്ളതും
22: അങ്ങനെ എല്ലാവര്‍ക്കും ഭക്ഷണംനല്കിയിരുന്നതും ചുവട്ടില്‍ വന്യമൃഗങ്ങള്‍ അഭയംകണ്ടെത്തിയിരുന്നതും കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ പാര്‍ത്തിരുന്നതുമായി നീ കണ്ട വൃക്ഷം, വളര്‍ന്നുബലിഷ്ഠനായ നീതന്നെയാണു്. നിന്റെ മഹത്വം വര്‍ദ്ധിച്ചു്, ആകാശംവരെയും നിന്റെ ആധിപത്യം ഭൂമിയുടെ അതിരുകള്‍വരെയും എത്തിയിരിക്കുന്നു.
23: ആ വൃക്ഷം വെട്ടിമുറിച്ചു് നശിപ്പിക്കുവിന്‍; എന്നാല്‍ അതിന്റെ കുറ്റി വേരുകളോടൊപ്പം ഇരുമ്പും ഓടുംകൊണ്ടു ബന്ധിതമായി, വയലിലെ ഇളംപുല്ലുകളുടെ ഇടയില്‍ ഉപേക്ഷിക്കുക, ആകാശത്തിലെ മഞ്ഞുകൊണ്ടു് അവന്‍ നനയട്ടെ, ഏഴു സംവത്സരം കഴിയുംവരെ അവന്റെ ഭാഗധേയം വന്യമൃഗങ്ങളോടൊപ്പമായിരിക്കട്ടെ, എന്നിങ്ങനെ ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നു വിളിച്ചുപറയുന്നതു രാജാവു കണ്ടല്ലോ.
24: രാജാവേ, ഇതാണതിന്റെ വ്യാഖ്യാനം. അത്യുന്നതനായ ദൈവത്തില്‍നിന്നു് എന്റെ നാഥനായ രാജാവിന്റെമേല്‍വന്ന വിധിവാചകമാണിതു്.
25: നീ മനുഷ്യരുടെയിടയില്‍നിന്നു് ഓടിക്കപ്പെടും. നിന്റെ വാസം വന്യമൃഗങ്ങളോടുകൂടെയായിരിക്കും; കാളയെപ്പോലെ പുല്ലുതിന്നുന്നതിനു നീ നിര്‍ബന്ധിതനാകും; ആകാശത്തിലെ മഞ്ഞുകൊണ്ടു നീ നനയും. അങ്ങനെ ഏഴുസംവത്സരം കടന്നുപോകും; അപ്പോള്‍ അത്യുന്നതനാണു മനുഷ്യരുടെ രാജ്യത്തെ ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവര്‍ക്കു് അവിടുന്നു രാജ്യംകൊടുക്കുമെന്നും നീയറിയും.
26: സ്വര്‍ഗ്ഗത്തിന്റെ പരമാധികാരം നീ അംഗീകരിക്കുമ്പോള്‍ വൃക്ഷത്തിന്റെ കുറ്റിവേരുപേക്ഷിക്കാന്‍ കല്പിക്കപ്പെട്ടതനുസരിച്ച്, നിന്റെ രാജ്യം നിനക്കു തിരിച്ചുകിട്ടും.
27: അതിനാല്‍ രാജാവേ, എന്റെ ഉപദേശം സ്വീകരിക്കുക. ധര്‍മ്മനിഷ്ഠപാലിച്ചുകൊണ്ടു്, പാപങ്ങളില്‍നിന്നും, മര്‍ദ്ദിതരോടു കാരുണ്യംകാണിച്ചുകൊണ്ടു് അകൃത്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഒരുപക്ഷേ നിന്റെ സ്വസ്ഥതയുടെ കാലം നീട്ടിക്കിട്ടിയേക്കും.
28: ഇതെല്ലാം നബുക്കദ്‌നേസര്‍രാജാവിനു സംഭവിച്ചു.
29: പന്ത്രണ്ടുമാസംകഴിഞ്ഞു ബാബിലോണിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ രാജാവു പറഞ്ഞു:
30: എന്റെ രാജകീയമഹത്വത്തിനുവേണ്ടി രാജമന്ദിരമായി, എന്റെ മഹാപ്രഭാവത്താല്‍ ഞാന്‍ നിര്‍മ്മിച്ചതല്ലേ മഹത്തായ ഈ ബാബിലോണ്‍?
31: ഈ വാക്കുകള്‍ രാജാവിന്റെ വായില്‍നിന്നു വീഴുന്നതിനു മുമ്പുതന്നെ, സ്വര്‍ഗ്ഗത്തില്‍നിന്നു് ഒരു സ്വരം കേട്ടു. നബുക്കദ്‌നേസര്‍രാജാവേ, നിന്നോടാണു പറയുന്നതു്: രാജ്യം നിന്നില്‍നിന്നു വേര്‍പെട്ടിരിക്കുന്നു.
32: നീ മനുഷ്യരുടെയിടയില്‍നിന്നു് ഓടിക്കപ്പെടുകയും നിന്റെ വാസം വന്യമൃഗങ്ങളോടൊത്തായിരിക്കുകയും ചെയ്യും; കാളയെപ്പോലെ നീ പുല്ലുതിന്നും. മനുഷ്യരുടെ രാജ്യംഭരിക്കുന്നതു് അത്യുന്നതനാണെന്നും, താന്‍ ഇച്ഛിക്കുന്നവനു് അവിടുന്നതു നല്കുമെന്നും, നീയറിയുന്നതുവരെ ഏഴുസംവത്സരം കടന്നുപോകും.
33: അപ്പോള്‍ത്തന്നെ ആ വാക്കുകള്‍ നബുക്കദ്നേസറില്‍ നിവൃത്തിയായി. അവന്‍ മനുഷ്യരുടെയിടയില്‍നിന്നു് ഓടിക്കപ്പെടുകയും, അവന്റെ നഖം പക്ഷിയുടെ നഖംപോലെയും, രോമം കഴുകന്റെ തൂവലുകള്‍പോലെയും വളരുന്നതുവരെ കാളയെപ്പോലെ പുല്ലു തിന്നുകയും, ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34: ആ നാളുകള്‍കഴിഞ്ഞപ്പോള്‍ നബുക്കദ്‌നേസറായ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി. എന്റെ ബുദ്ധി തിരിച്ചുകിട്ടി. ഞാന്‍ അത്യുന്നതനെ വാഴ്ത്തുകയും നിത്യംജീവിക്കുന്ന അവിടുത്തെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയുംചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണു്; അവിടുത്തെ രാജ്യം, തലമുറതലമുറയായി നിലനില്ക്കുന്നു.
35: സകലഭൂവാസികളും അവിടുത്തെ മുമ്പില്‍ ഒന്നുമല്ല; സ്വര്‍ഗ്ഗീയസൈന്യത്തോടും ഭൂവാസികളോടും തന്റെ ഇച്ഛയ്‌ക്കൊത്തു് അവിടുന്നു പ്രവര്‍ത്തിക്കുന്നു. ആര്‍ക്കും അവിടുത്തെക്കരംതടയാനോ എന്താണീച്ചെയ്തതെന്നു് അവിടുത്തോടു ചോദിക്കാനോ സാധിക്കയില്ല.
36: ആ നിമിഷത്തില്‍ത്തന്നെ എനിക്കു ബുദ്ധി തിരിച്ചുകിട്ടി; എന്റെ രാജ്യത്തിന്റെ മഹത്വത്തിനായി, എന്റെ രാജത്വവും പ്രതാപവും എനിക്കു തിരിച്ചുകിട്ടി; എന്റെ ഉപദേശകന്മാരും പ്രഭുക്കന്മാരും എന്നെത്തേടിവന്നു; എന്റെ രാജ്യത്തില്‍ ഞാന്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടു; പൂര്‍വ്വാധികം മഹത്വം എനിക്കുലഭിച്ചു.
37: നബുക്കദ്‌നേസറായ ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാല്‍, അവിടുത്തെ പ്രവൃത്തികള്‍ ശരിയായിട്ടുള്ളതും മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍ണ്ണവുമാണു്; അഹങ്കാരികളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും.


അദ്ധ്യായം 5

ചുവരെഴുത്തു്

1: ബല്‍ഷാസര്‍രാജാവു തന്റെ പ്രഭുക്കന്മാരില്‍ ആയിരംപേര്‍ക്കു് ഒരു വിരുന്നുനല്‍കുകയും അവരോടൊപ്പം വീഞ്ഞു കുടിക്കുകയുംചെയ്തു.
2: വീഞ്ഞുകുടിച്ചുമദിച്ചപ്പോള്‍, രാജാവായ താനും തന്റെ പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിനു തന്റെ പിതാവായ നബുക്കദ്‌നേസര്‍ ജറുസലെം ദേവാലയത്തില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ കല്പിച്ചു.
3: ജറുസലെമിലെ ദേവാലയത്തില്‍നിന്നു് അപഹരിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങള്‍ കൊണ്ടുവന്നു; രാജാവും പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും അവയില്‍നിന്നു കുടിച്ചു.
4: അവര്‍ വീഞ്ഞു കുടിച്ചതിനുശേഷം സ്വര്‍ണ്ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
5: പെട്ടെന്നു് ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ടു്, ദീപപീഠത്തിനുനേരേ, രാജകൊട്ടരത്തിന്റെ മിനുത്തഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. രാജാവു വിവര്‍ണ്ണനായി.
6: അവന്‍ ചിന്താധീനനായി, കൈകാലുകള്‍ കുഴയുകയും കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുകയും ചെയ്തു.
7: ആഭിചാരകരെയും കല്‍ദായരെയും ജോത്സ്യന്മാരെയും വരുത്താന്‍ അവന്‍ വിളിച്ചു പറഞ്ഞു. രാജാവു ബാബിലോണിലെ ജ്ഞാനികളോടു പറഞ്ഞു: ഈ എഴുത്തു വായിച്ചു വ്യാഖ്യാനിച്ചുതരുന്നവനെ ധൂമ്രവസ്ത്രം ധരിപ്പിച്ചു്, കഴുത്തില്‍ പൊന്മാല ചാര്‍ത്തി രാജ്യത്തിന്റെ മൂന്നാം ഭരണാധികാരിയാക്കുന്നതാണു്.
8: രാജാവിന്റെ ജ്ഞാനികളെല്ലാമെത്തിയെങ്കിലും അവര്‍ക്കാര്‍ക്കും എഴുത്തു വായിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല.
9: അപ്പോള്‍ ബല്‍ഷാസര്‍ രാജാവു് അത്യന്തം അസ്വസ്ഥനായി, അവന്‍ വിവര്‍ണ്ണനായി; അവന്റെ പ്രഭുക്കന്മാരും പരിഭ്രാന്തരായി.
10: രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരംകേട്ടു രാജ്ഞി വിരുന്നുശാലയിലെത്തി, അവള്‍ പറഞ്ഞു: രാജാവു നീണാള്‍ വാഴട്ടെ! നിന്റെ വിചാരങ്ങള്‍ നിന്നെ അസ്വസ്ഥനാക്കുകയോ നിന്നെ വിവര്‍ണ്ണനാക്കുകയോ ചെയ്യാതിരിക്കട്ടെ!
11: നിന്റെ രാജ്യത്തു വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരുവനുണ്ടു്. നിന്റെ പിതാവിന്റെകാലത്തു്, ദേവന്മാരുടേതുപോലുള്ള തെളിഞ്ഞജ്ഞാനവും അറിവും അവനില്‍ക്കാണപ്പെട്ടിരുന്നു.
12: അസാധാരണമായ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനും ഗൂഢാര്‍ത്ഥവാക്യങ്ങള്‍ വിശദീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുംവേണ്ട അറിവും താന്‍ ബല്‍ത്തെഷാസര്‍ എന്നു വിളിച്ചിരുന്ന ദാനിയേല്‍ എന്നവനിലുണ്ടെന്നു കണ്ടു്, അങ്ങയുടെ പിതാവായ നബുക്കദ്‌നേസര്‍രാജാവു് അവനെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും കല്‍ദായരുടെയും ജ്യോത്സ്യരുടെയും തലവനാക്കിയിരുന്നു. ഇപ്പോള്‍ ദാനിയേലിനെ വിളിക്കുക. അവന്‍ വ്യാഖ്യാനമറിയിക്കും.
13: ദാനിയേലിനെ രാജസന്നിധിയില്‍ക്കൊണ്ടുവന്നു; രാജാവു ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്റെ പിതാവു് യൂദായില്‍നിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീതന്നെയാണല്ലോ.
14: വിശുദ്ധ ദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും തെളിഞ്ഞബുദ്ധിയും ജ്ഞാനവും നിനക്കുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ടു്.
15: ഈ എഴുത്തു വായിച്ചു്, അതിന്റെ അര്‍ത്ഥം പറയുന്നതിനുവേണ്ടി ജ്ഞാനികളെയും ആഭിചാരകന്മാരെയും എന്റെ മുമ്പില്‍ കൊണ്ടുവന്നു; പക്ഷേ, അവര്‍ക്കാര്‍ക്കും അതു വിശദീകരിക്കാന്‍ സാധിച്ചില്ല.
16: വ്യാഖ്യാനങ്ങള്‍നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാന്‍ കേട്ടിട്ടുണ്ടു്. ഇപ്പോള്‍ ഈ എഴുത്തുവായിച്ചു്, അതെനിക്കു വ്യാഖ്യാനിച്ചുതരാന്‍ നിനക്കുകഴിഞ്ഞാല്‍, ധൂമ്രവസ്ത്രവിഭൂഷിതനായി, കഴുത്തില്‍ പൊന്മാലചാര്‍ത്തി, നീ രാജ്യത്തിന്റെ മൂന്നാം ഭരണാധികാരിയാകും.
17: ദാനിയേല്‍ രാജസന്നിധിയിലുണര്‍ത്തിച്ചു: നിന്റെ സമ്മാനങ്ങള്‍ നിന്റെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ചു്, അര്‍ത്ഥം ഞാന്‍ പറഞ്ഞു തരാം.
18: രാജാവേ, അത്യുന്നതനായ ദൈവം നിന്റെ പിതാവായ നബുക്കദ്‌നേസറിനു് രാജത്വവും മഹത്വവും പ്രതാപവും ആധിപത്യവും നല്‍കി.
19: അവിടുന്നു് അവനുകൊടുത്ത മഹത്വംനിമിത്തം, എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവന്റെ മുമ്പില്‍ ഭയപ്പെട്ടുവിറച്ചു. അവന്‍ ഇഷ്ടാനുസരണം കൊല്ലുകയോ ജീവിക്കാനനുവദിക്കുകയോ, ഉയര്‍ത്തുകയോ, താഴ്ത്തുകയോചെയ്തുപോന്നു.
20: എന്നാല്‍, അവനഹങ്കരിക്കുകയും ഹൃദയം കഠിനമാക്കുകയും ഗര്‍വ്വോടെ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ രാജസിംഹാസനത്തില്‍നിന്നു് അവന്‍ ബഹിഷ്‌കൃതനായി. അവനു മഹത്വം നഷ്ടപ്പെട്ടു.
21: അവന്‍ മനുഷ്യരുടെ ഇടയില്‍നിന്നു് ഓടിക്കപ്പെട്ടു. അവന്റെ മനസ്സു മൃഗതുല്യമായി; അവന്റെ വാസം കാട്ടുകഴുതകളോടൊത്തായി. അവന്‍ കാളയെപ്പോലെ പുല്ലു തിന്നു. ആകാശത്തിലെ മഞ്ഞുകൊണ്ടു് അവന്റെ ദേഹം നനഞ്ഞു. അത്യുന്നതനായ ദൈവമാണു മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും, അവിടുന്നു് ഇച്ഛിക്കുന്നവരെയാണു് അധികാരം ഏല്പിക്കുന്നതെന്നും മനസ്സിലാക്കുന്നതുവരെ, അവനിങ്ങനെ കഴിഞ്ഞു.
22: എന്നാല്‍, അവന്റെ പുത്രനായ നീ ഇതെല്ലാമറിഞ്ഞിട്ടും നിന്റെ ഹൃദയം വിനീതമാക്കിയില്ല.
23: സ്വര്‍ഗ്ഗത്തിന്റെ കര്‍ത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങള്‍കൊണ്ടുവന്ന്, നീയും നിന്റെ പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും അവയില്‍ വീഞ്ഞുകുടിച്ചു. വെള്ളി, സ്വര്‍ണ്ണം, ഓടു്, ഇരുമ്പു്, മരം, കല്ലു് എന്നിവകൊണ്ടുള്ള, കാണാനോ കേള്‍ക്കാനോ അറിയാനോകഴിവില്ലാത്ത ദേവന്മാരെ നീ സ്തുതിച്ചു. എന്നാല്‍, നിന്റെ ജീവനെയും നിന്റെ മാര്‍ഗ്ഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നീ ആദരിച്ചില്ല.
24: അതുകൊണ്ടു്, അവിടുത്തെ സന്നിധിയില്‍നിന്നു് അയയ്ക്കപ്പെട്ട ഒരു കരം ഇതെഴുതിയിരിക്കുന്നു.
25: ആ ലിഖിതം ഇതാണു്: മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍.
26: ഇതാണര്‍ത്ഥം: മെനേ - ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു.
27: തെഖേല്‍ - നിന്നെ തുലാസില്‍ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
28: പേരെസു് - നിന്റെ രാജ്യം വിഭജിച്ചു മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.
29: ബല്‍ഷാസര്‍ കല്പിച്ചതനുസരിച്ചു്, ദാനിയേലിനെ ധൂമ്രവസ്ത്രമണിയിക്കുകയും അവന്റെ കഴുത്തില്‍ പൊന്മാലചാര്‍ത്തുകയും അവൻ രാജ്യത്തിലെ മൂന്നാം ഭരണാധികാരിയായിരിക്കുമെന്നു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു.
30: അന്നു രാത്രിയില്‍ കല്‍ദായരാജാവായ ബല്‍ഷാസര്‍ കൊല്ലപ്പെട്ടു.
31: രാജ്യം, അറുപത്തിരണ്ടുവയസ്സു പ്രായമുള്ള മേദിയക്കാരനായ ദാരിയൂസിനു ലഭിച്ചു.

അദ്ധ്യായം 6

ദാനിയേല്‍ സിംഹക്കുഴിയില്‍

1: രാജ്യം ഭരിക്കാന്‍ അതിന്റെ എല്ലാ ഭാഗങ്ങളിലുമായി നൂറ്റിയിരുപതു പ്രധാന ദേശാധിപന്മാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാരിയൂസിനു തോന്നി.
2: അവരുടെമേല്‍ മൂന്നു തലവന്മാരെയും അവന്‍ നിയമിച്ചു. അവരിലൊരുവന്‍ ദാനിയേലായിരുന്നു. രാജാവിനു നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രധാനദേശാധിപന്മാര്‍ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
3: അദ്ഭുതകരമായ ദൈവികചൈതന്യമുണ്ടായിരുന്നതുകൊണ്ടു്, ദാനിയേല്‍ മറ്റെല്ലാ തലവന്മാരെയും പ്രധാനദേശാധിപന്മാരെയുംകാള്‍ ശ്രേഷ്ഠനായിത്തീര്‍ന്നു; തന്റെ രാജ്യംമുഴുവന്റെയും അധികാരിയായി അവനെ നിയമിക്കാന്‍ രാജാവാലോചിച്ചു.
4: അപ്പോള്‍ തലവന്മാരും പ്രധാനദേശാധിപന്മാരും ദാനിയേലിന്റെമേല്‍ രാജദ്രോഹക്കുറ്റമാരോപിക്കാന്‍ പഴുതുനോക്കി; പരാതിക്കു മതിയായ കാരണമോ കുറ്റമോ കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, അവന്‍ വിശ്വസ്തനായിരുന്നു. ഒരു കുറ്റവും അവരവനില്‍ക്കണ്ടില്ല.
5: അപ്പോള്‍, അവര്‍ പറഞ്ഞു: ഈ ദാനിയേലില്‍, അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചല്ലാതെ മറ്റു പരാതിക്കു കാരണം കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല.
6: ഈ തലവന്മാരും പ്രധാന ദേശാധിപന്മാരുംതമ്മില്‍ ആലോചിച്ചുറച്ചു്, രാജാവിന്റെയടുത്തെത്തി പറഞ്ഞു: ദാരിയൂസു് രാജാവു നീണാള്‍ വാഴട്ടെ!
7: എല്ലാ തലവന്മാരും സ്ഥാനപതികളും പ്രധാനദേശാധിപന്മാരും ഉപദേശകരും നാടുവാഴികളും ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതുദിവസത്തേക്കു നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവന്മാരോടോ മനുഷ്യരോടോ പ്രാര്‍ത്ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞുകളയുമെന്നു് ഒരു കല്പനപുറപ്പെടുവിച്ചു്, നിരോധനമേര്‍പ്പെടുത്തണം.
8: രാജാവേ, മേദിയാക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, മാറ്റംവരുത്തുകയോ ലംഘിക്കുകയോചെയ്യാനാവാത്ത ആ നിരോധനാജ്ഞ മുദ്രവച്ചു സ്ഥിരീകരിക്കണം.
9: ദാരിയൂസു് നിരോധനാജ്ഞയില്‍ മുദ്രവച്ചു.
10: രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്നറിഞ്ഞ ദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്റെ മുകളിലത്തെ നിലയില്‍ ജറുസലെമിനുനേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍ മുമ്പു ചെയ്തിരുന്നതുപോലെ, അവനവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്മേല്‍നിന്നു തന്റെ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു.
11: മേല്പറഞ്ഞ മനുഷ്യര്‍ തീരുമാനിച്ചിരുന്നതുപോലെ ചെന്നു്, ദാനിയേല്‍ തന്റെ ദൈവത്തിന്റെമുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു.
12: അവര്‍ രാജസന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്കു നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവു പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ചു്, അതു തീര്‍ച്ചയായും അങ്ങനെതന്നെ.
13: അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍നിന്നുള്ള പ്രവാസികളിലൊരുവനായ ആ ദാനിയേല്‍, നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്ഞയെയാകട്ടെ, മാനിക്കാതെ ദിവസവും മൂന്നുപ്രാവശ്യം തന്റെ പ്രാര്‍ത്ഥന നടത്തുന്നു.
14: ഇതുകേട്ടപ്പോള്‍ രാജാവു് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍ മനസ്സിലുറച്ചു്, അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യന്‍ അസ്തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു.
15: അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീയറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ചു്, രാജാവു പുറപ്പെടുവിക്കുന്ന കല്പനയും ശാസനയും മാറ്റിക്കൂടാ.
16: രാജാവു കല്പിച്ചതനുസരിച്ചു്, ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവു ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ!
17: ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റംവരാതിരിക്കാന്‍, കുഴി ഒരു കല്ലുകൊണ്ടടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍കൊണ്ടു് അതിനു മുദ്രവയ്ക്കുകയും ചെയ്തു.
18: രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്ര, അവനെ സമീപിച്ചില്ല.
19: രാജാവു് അതിരാവിലെയെഴുന്നേറ്റു സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു;
20: ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖംനിറഞ്ഞ സ്വരത്തില്‍ രാജാവു വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം, നിന്നെ സിംഹങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ശക്തനായിരുന്നോ?
21: ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവു നീണാള്‍ വാഴട്ടെ!
22: തന്റെ മുമ്പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെയയച്ചു് സിംഹങ്ങളുടെ വായടച്ചു; അവ, എന്നെയുപദ്രവിച്ചില്ല. രാജാവേ, നിന്റെ മുമ്പിലും ഞാന്‍ നിരപരാധനാണല്ലോ.
23: അപ്പോള്‍ രാജാവു് അത്യധികം സന്തോഷിച്ചു്, ദാനിയേലിനെ കുഴിയില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ കല്പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ടു് അവനു് ഒരു പോറല്‍പോലുമേറ്റതായി കണ്ടില്ല.
24: ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്പനപ്രകാരംകൊണ്ടുവന്നു്, സിംഹത്തിന്റെ കുഴിയിലെറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുമ്പേ, സിംഹങ്ങള്‍ അവരെ അടിച്ചു വീഴ്ത്തി, അസ്ഥികള്‍ ഒടിച്ചുനുറുക്കി.
25: ദാരിയൂസു് രാജാവു ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കുമെഴുതി: നിങ്ങള്‍ക്കു സമാധാനം സമൃദ്ധമാകട്ടെ!
26: എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുമ്പില്‍ ഭയന്നു വിറയ്ക്കണമെന്നു ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണു് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിനു് അവസാനമില്ല.
27: അവിടുന്നു് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്നു് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണു ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍നിന്നു രക്ഷിച്ചതു്.
28: ദാരിയൂസിന്റെയും പേര്‍ഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്തു ദാനിയേല്‍ ഐശ്വര്യപൂര്‍വം ജീവിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ