നൂറ്റിയമ്പത്തിയേഴാം ദിവസം: ജോബ്‌ 35 - 38


അദ്ധ്യായം 35

ദൈവത്തിന്റെ ക്ഷമ

1: എലീഹു പറഞ്ഞു: ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? 
2: ദൈവത്തിന്റെമുമ്പാകെ നിഷ്കളങ്കനാണെന്നു നിനക്കു പറയാന്‍കഴിയുമോ?
3: എനിക്കെന്തു ഗുണം, പാപിയാകാതിരുന്നാല്‍ എന്തുമെച്ചം എന്നു നീ ചോദിക്കുന്നു.
4: ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ള സ്നേഹിതന്മാര്‍ക്കും മറുപടിനല്കാം:
5: ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.
6: നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്കെതിരായി നീയെന്തു നേടി? നിന്റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അതവിടുത്തെ ബാധിക്കുമോ?
7: നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍നിന്ന് അവിടുന്നെന്തു സ്വീകരിക്കുന്നു?
8: നിന്റെ ദുഷ്ടത നിന്നെപ്പോലെ ഒരുവനെ സ്പര്‍ശിക്കുന്നു; നിന്റെ നീതിയും അങ്ങനെതന്നെ.
9: മര്‍ദ്ദനങ്ങളുടെ ആധിക്യംനിമിത്തം മനുഷ്യര്‍ നിലവിളിക്കുന്നു;
10: ശക്തരുടെ കരംനിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
11: എന്നാല്‍, രാത്രിയില്‍ ആനന്ദഗീതങ്ങള്‍ പകരുന്നവനും മൃഗങ്ങളെക്കാള്‍ ബുദ്ധിയും ആകാശപ്പറവകളെക്കാള്‍ അറിവും നല്കുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെയെന്ന് ആരും ചോദിക്കുന്നില്ല.
12: അവിടെയവര്‍ നിലവിളിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ അഹങ്കാരംനിമിത്തം അവിടുന്ന് ഉത്തരംനല്കുന്നില്ല.
13: തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല; സര്‍വ്വശക്തന്‍ അതു പരിഗണിക്കുകയുമില്ല.
14: നീ അവിടുത്തെ കാണുന്നില്ലെന്നും നിന്റെ പരാതികള്‍ അവിടുത്തെമുമ്പിലാണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നും പറയുമ്പോള്‍, ആ പരിഗണന കുറവായിരിക്കും.
15: ഇപ്പോള്‍ അവിടുത്തെ കോപം, ശിക്ഷ നല്കാത്തതുകൊണ്ടും അവിടുന്നു പാപങ്ങളധികം ശ്രദ്ധിക്കാത്തതുകൊണ്ടും,
16: ജോബ് പൊള്ളവാക്കുകളുതിര്‍ക്കുന്നു; അര്‍ത്ഥമില്ലാത്ത വാക്കുകള്‍ചൊരിയുന്നു.



അദ്ധ്യായം 36

സ്രഷ്ടാവിന്റെ നീതി
1: എലീഹു തുടര്‍ന്നു: എന്നോടല്പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം;  
2: ദൈവത്തിനുവേണ്ടി എനിക്കിനിയും പറയാനുണ്ട്.
3: എന്റെ വാദത്തിനു വിശാലമായ അടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ത്ഥിക്കും.
4: എന്റെ വാക്കു വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന്‍ നിന്റെ മുമ്പില്‍ നില്ക്കുന്നു.
5: ദൈവം ശക്തനാണ്; അവിടുന്നാരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലും അവിടുന്നു പ്രഗദ്ഭന്‍തന്നെ.
6: ദുഷ്ടനെ അവിടുന്നു വകവരുത്തുന്നു; ദുഃഖിതരുടെ അവകാശം സംരക്ഷിക്കുകയുംചെയ്യുന്നു.
7: അവിടുന്നു നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്മാരോടുകൂടെ എന്നേയ്ക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്കുന്നു.
8: അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും പീഡാപാശങ്ങളില്‍ കുടുങ്ങുകയുംചെയ്യുമ്പോള്‍,
9: അവിടുന്ന്, അവരുടെ പ്രവൃത്തികളും അഹങ്കാരംനിമിത്തമുണ്ടായ പാപങ്ങളും അവര്‍ക്കു വെളിപ്പെടുത്തുന്നു.
10: അവിടുന്നു പ്രബോധനത്തിന് അവരുടെ ചെവിതുറക്കുകയും അകൃത്യങ്ങളില്‍നിന്നു പിന്തിരിയാന്‍ അവരോടു കല്പിക്കുകയുംചെയ്യുന്നു.
11: അവരതു ശ്രവിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയുംചെയ്താല്‍, അവരുടെ ദിനങ്ങള്‍ ഐശ്വര്യത്തിലും വത്സരങ്ങള്‍ ആനന്ദത്തിലും പൂര്‍ത്തിയാകും.
12: എന്നാല്‍, ശ്രവിക്കുന്നില്ലെങ്കില്‍ അവര്‍ വാളാല്‍ നശിക്കുകയും ഓര്‍ക്കാപ്പുറത്തു മരിക്കുകയുംചെയ്യും.
13: അധര്‍മ്മികളില്‍നിന്നു കോപമൊഴിയുന്നില്ല. അവിടുന്നു ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനുവേണ്ടി നിലവിളിക്കുന്നില്ല.
14: അവര്‍ യൗവനത്തില്‍ത്തന്നെ മരിക്കുകയും അവരുടെ ജീവിതം അപമാനത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
15: പീഡിതരെ അവരുടെ പീഡകള്‍കൊണ്ടുതന്നെ അവിടുന്നു രക്ഷിക്കുകയും ദുരിതംകൊണ്ട് അവരുടെ ചെവിതുറക്കുകയുംചെയ്യുന്നു.
16: നിന്നെയും അവിടുന്നു കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്ഥലത്തേക്ക് ആകര്‍ഷിച്ചു. നിന്റെ മേശമേല്‍ ഒരുക്കിയിരുന്നതു കൊഴുപ്പുള്ള പദാര്‍ത്ഥങ്ങളാണ്.
17: എന്നാല്‍, നിന്നില്‍ ദുഷ്ടരുടെ ന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.
18: കോപം നിന്നെ പരിഹാസത്തിലേക്കു തിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. മോചനദ്രവ്യത്തിന്റെ വലുപ്പവും നിന്നെ വ്യതിചലിപ്പിക്കാതിരിക്കട്ടെ.
19: കഷ്ടതയില്‍ അകപ്പെടാതിരിക്കാന്‍ നിന്റെ നിലവിളിയോ നിന്റെ കരുത്തോ ഉതകുമോ?
20: ജനതകള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് വിച്ഛേദിക്കപ്പെടുന്ന രാത്രികള്‍വരാന്‍ നീ കാംക്ഷിക്കരുത്.
21: അകൃത്യങ്ങളിലേക്കു തിരിയാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. കാരണം, പീഡനങ്ങളെക്കാള്‍ ഇതാണല്ലോ നീ തിരഞ്ഞെടുത്തിരിക്കുന്നത്.
22: ദൈവത്തിന്റെ ശക്തി, എത്ര മഹത്താണ്! അവിടുത്തേക്കു തുല്യനായ ഗുരു ആരുണ്ട്?
23: അവിടുത്തേക്കു മാര്‍ഗ്ഗനിര്‍ദേശം നല്കിയവനാരുണ്ട്? അല്ലെങ്കില്‍, നീ ചെയ്തതു തെറ്റാണെന്ന് അവിടുത്തോടു പറയാന്‍ ആര്‍ക്കുകഴിയും?
24: മനുഷ്യര്‍ പാടിപ്രകീര്‍ത്തിച്ചിട്ടുള്ള അവിടുത്തെ പ്രവൃത്തികളെ സ്തുതിക്കാന്‍ മറക്കരുത്.
25: എല്ലാവരും അതു നോക്കിനിന്നിട്ടുണ്ട്; ദൂരെനിന്നു കാണാനേ മനുഷ്യനുകഴിയൂ.
26: നമുക്കു ഗ്രഹിക്കാനാവാത്തവിധം ദൈവം മഹോന്നതനാണ്. അവിടുത്തെ വത്സരങ്ങള്‍ തിട്ടപ്പെടുത്താനാവില്ല.
27: അവിടുന്നു നീര്‍ത്തുള്ളി വലിച്ചെടുക്കുന്നു. അവിടുന്നു മൂടല്‍മഞ്ഞില്‍നിന്നു മഴ പൊഴിക്കുന്നു.
28: ആകാശമതു വര്‍ഷിക്കുകയും മനുഷ്യന്റെമേല്‍ സമൃദ്ധമായി ചൊരിയുകയുംചെയ്യുന്നു.
29: മേഘങ്ങള്‍ പരക്കുന്നതും അവിടുത്തെ വിതാനത്തില്‍നിന്ന് ഇടിമുഴങ്ങുന്നതും എങ്ങനെയെന്ന് ആര്‍ക്കു ഗ്രഹിക്കാനാവും?
30: അവിടുന്ന്, ചുറ്റും മിന്നലുകളെ ചിതറിച്ച്, സമുദ്രമൂലങ്ങളെ മറയ്ക്കുന്നു.
31: ഇവവഴി, അവിടുന്നു ജനതകളെ വിധിക്കുകയും സമൃദ്ധമായി ആഹാരം നല്കുകയും ചെയ്യുന്നു.
32: അവിടുന്നു മിന്നലുകള്‍കൊണ്ട് തന്റെ കൈകള്‍ മറയ്ക്കുന്നു. ലക്ഷ്യത്തില്‍ തറയ്ക്കാന്‍ അതിനെ നിയോഗിക്കുകയും ചെയ്യുന്നു.
33: അകൃത്യങ്ങള്‍ക്കെതിരേ രോഷംപൂണ്ട്, അസഹിഷ്ണുവായവനെക്കുറിച്ച് ഇടിനാദം വിളംബരംചെയ്യുന്നു.

അദ്ധ്യായം 37

പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നു

1: ഇതെന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്ഥാനത്തുനിന്ന് അതിളകിപ്പോകുന്നു.
2: അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും അവിടുത്തെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവും ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
3: അവിടുന്നത് ആകാശംമുഴുവന്‍ വ്യാപിക്കാനിടയാക്കുന്നു. മിന്നലിനെ, ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്ക്കുന്നു.
4: പിന്നെയും അവിടുത്തെ ശബ്ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട് ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്നു മിന്നലുകളെ തടയുന്നുമില്ല.
5: അവിടുത്തെ നാദംകൊണ്ട് അവിടുന്ന് അദ്ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക് അഗ്രാഹ്യമായ വന്‍കാര്യങ്ങള്‍ അവിടുന്നു പ്രവര്‍ത്തിക്കുന്നു.
6: ഹിമത്തോടു ഭൂമിയില്‍ പതിക്കുകയെന്നും മഴയോടും പെരുമഴയോടും ശക്തമായി വര്‍ഷിക്കുകയെന്നും അവിടുന്നു പറയുന്നു.
7: തന്റെ കരത്തിന്റെ പ്രവൃത്തി എല്ലാവരും ഗ്രഹിക്കേണ്ടതിന്, അവിടുന്നു മനുഷ്യപ്രയത്നത്തിനു മുദ്രവയ്ക്കുന്നു.
8: വന്യമൃഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങളില്‍ പ്രവേശിക്കുന്നു; അവിടെത്തന്നെ വസിക്കുകയും ചെയ്യുന്നു.
9: ചുഴലിക്കാറ്റ്, തന്റെ അറയില്‍നിന്നു വരുന്നു; ചിതറിക്കുന്ന കാറ്റില്‍നിന്നു തണുപ്പും.
10: ദൈവത്തിന്റെ നിശ്വാസത്താല്‍ മഞ്ഞുകട്ടയുണ്ടാകുന്നു; സമുദ്രം ഉറഞ്ഞു കട്ടയാകുന്നു.
11: അവിടുന്ന്, നീരാവികൊണ്ടു നിറച്ച്‌, മേഘങ്ങളെ സാന്ദ്രമാക്കുന്നു. മേഘങ്ങള്‍ അവിടുത്തെ മിന്നലുകളെ ചിതറിക്കുന്നു.
12: അവിടുത്തെ കല്പനനടത്താന്‍ വാസയോഗ്യമായ ഭൂമുഖത്ത്, അവ അവിടുത്തെ നിയന്ത്രണത്തില്‍ ചുറ്റിനടക്കുന്നു.
13: മനുഷ്യന്റെ ശിക്ഷണത്തിനുവേണ്ടിയോ അവനോടു പ്രീതികാണിക്കാനോ മണ്ണിനെ നനയ്ക്കാനോ അതു സംഭവിക്കാന്‍ അവിടുന്നിടയാക്കുന്നു.
14: ജോബേ, നീ കേള്‍ക്കുക; ദൈവത്തിന്റെ അദ്ഭുതങ്ങളെക്കുറിച്ച് അല്പനേരം ചിന്തിക്കുക.
15: ദൈവം തന്റെ കല്പനകളെ മേഘങ്ങളുടെമേല്‍വച്ച്, അതിന്റെ മിന്നലുകളെ പ്രകാശിപ്പിക്കുന്നുവെന്നു നിനക്കറിയാമോ?
16: ജ്ഞാനസമ്പൂര്‍ണ്ണനായ ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്‍ക്കുന്നുവെന്നു നിനക്കറിയാമോ?
17: തെക്കന്‍കാറ്റുകൊണ്ടു ഭൂമി മരവിച്ചിരിക്കുമ്പോള്‍ നിന്റെ വസ്ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ?
18: ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ, വിരിച്ചുനിറുത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ?
19: അവിടുത്തോട് എന്തുപറയണമെന്ന് ഞങ്ങള്‍ക്കുപദേശിച്ചുതരുക. അന്ധകാരംനിമിത്തം എങ്ങനെ ഞങ്ങളുടെ ആവലാതി ബോധിപ്പിക്കണമെന്നു ഞങ്ങളറിയുന്നില്ല.
20: എനിക്കു സംസാരിക്കണമെന്ന് അവിടുത്തോടു പറയണമോ? നാശത്തിനിരയായിത്തീരണമെന്ന് ആരെങ്കിലുമിച്ഛിക്കുമോ?
21: കാറ്റടിച്ചു മേഘങ്ങള്‍നീങ്ങുമ്പോള്‍ ആകാശത്തു മിന്നിപ്രകാശിക്കുന്ന വെളിച്ചത്തെനോക്കാന്‍ മനുഷ്യനു സാധിക്കുകയില്ല.
22: ഉത്തരദിക്കില്‍നിന്നു സുവര്‍ണ്ണശോഭ വരുന്നു. ദൈവം ഭീതികരമായ മഹിമധരിച്ചിരിക്കുന്നു.
23: സര്‍വ്വശക്തന്‍ നമുക്കദ്യശ്യനാണ്. ശക്തിയിലും നീതിയിലും അവിടുന്നുന്നതനാണ്; അവിടുന്ന്, ഉദാരമായ നീതിനിര്‍വ്വഹണത്തിനു ഭംഗംവരുത്തുന്നില്ല.
24: ആകയാല്‍, മനുഷ്യന്‍ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗണിക്കുന്നില്ല.

അദ്ധ്യായം 38

ദൈവം സംസാരിക്കുന്നു
1: അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍നിന്ന്, ജോബിനുത്തരം നല്കി.
2: അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവനാരാണ്?
3: പൗരുഷത്തോടെ നീ അരമുറുക്കുക; ഞാന്‍ നിന്നെ ചോദ്യംചെയ്യും; നീ ഉത്തരംപറയുക.
4: ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീയെവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍പ്പറയുക.
5: അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍പിടിച്ചതാര്?
6: പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും
7: ദൈവപുത്രന്മാര്‍ സന്തോഷിച്ചാര്‍ക്കുകയുംചെയ്തപ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ ഏതിന്മേല്‍ ഉറപ്പിക്കപ്പെട്ടു? അതിനു മൂലക്കല്ലിട്ടതാര്?
8: ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചു തടഞ്ഞവനാര്?
9: അന്നു ഞാന്‍ മേഘങ്ങളെ അതിനുടുപ്പും കൂരിരുട്ടിനെ അതിനുടയാടയുമാക്കി.
10: ഞാന്‍, അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച്, കതകുകളും ഓടാമ്പലുകളുമുണ്ടാക്കി.
11: ഞാന്‍ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം. അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്ക്കണം.
12: ജീവിതം തുടങ്ങിയതിനുശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്പനകൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനംനിര്‍ണ്ണയിക്കുകയുംചെയ്തിട്ടുണ്ടോ?
13: അങ്ങനെ, ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്പിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍നിന്നു കുടഞ്ഞുകളയുകയുംചെയ്തിട്ടുണ്ടോ?
14: മുദ്രകൊണ്ടു കളിമണ്ണെന്നപോലെ, അതിനു രൂപംതെളിയുകയും വര്‍ണ്ണശബളമായ വസ്ത്രംപോലെ അതു കാണപ്പെടുകയുംചെയ്യുന്നു.
15: ദുഷ്ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു.
16: സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
17: മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ?
18: ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക.
19: പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴിയേത്? അന്ധകാരത്തിന്റെ പാര്‍പ്പിടമെവിടെ?
20: അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെയനുഗമിക്കാനോ നിനക്കു കഴിയുമോ?
21: നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്സ്, അത്രയ്ക്കു ദീര്‍ഘമാണല്ലോ!
22: പീഡനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിലേക്കുവേണ്ടി
23: ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്റെ ഭണ്ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ?
24: ഭൂമിയില്‍ പ്രസരിക്കുന്ന പ്രകാശത്തിന്റെ ഉറവിടത്തിലേക്കും ഭൂമിയില്‍ വ്യാപിക്കുന്ന കിഴക്കന്‍കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുമുള്ള വഴിയേത്?
25: വിജനമായ മരുഭൂമിയില്‍ മഴപെയ്യിച്ച്,
26: ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച്,
27: അവിടെ പുല്ലു മുളപ്പിക്കുന്നതിനു മഴയുടെ ചാലുകള്‍ കീറിയതും ഇടിമിന്നലിന്റെ പാതയൊരുക്കിയതുമാര്?
28: മഴയ്ക്കൊരു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29: ആരുടെ ഉദരത്തില്‍നിന്നു മഞ്ഞുകട്ട പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആരു പ്രസവിക്കുന്നു?
30: ജലം, പാറപോലെയുറച്ചുപോകുന്നു; ആഴിയുടെ മുഖം കട്ടിയാകുന്നു.
31: കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ നിനക്കഴിക്കാമോ?
32: നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ? സപ്തര്‍ഷിരാശിയെയും മക്കളെയും നിനക്കു നയിക്കാമോ?
33: ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ നിനക്കറിയാമോ? നിനക്കതു ഭൂമിയില്‍ പ്രയോഗിക്കാമോ?
34: നീ വെള്ളത്തില്‍ കുതിരുന്നതുവരെ മഴപെയ്യാന്‍ നിനക്കു മേഘങ്ങളോടാജ്ഞാപിക്കാമോ?
35: ഇതാ, ഞങ്ങള്‍ എന്നുപറഞ്ഞു പുറപ്പെടാന്‍തക്കവണ്ണം മിന്നലുകളോടു നിനക്കു കല്പിക്കാമോ?
36: ഈബീസിനു ജ്ഞാനവും, പൂവന്‍കോഴിക്കു മുന്‍കൂട്ടിക്കാണാന്‍ കഴിവും കൊടുത്തതാരാണ്?
37: പൊടി കട്ടപിടിക്കാനും കട്ട ഒന്നോടൊന്നു
38: പറ്റിച്ചേരാനുമിടയാകുമാറ്, ആകാശത്തിലെ ജലസംഭരണികളെ ചരിയ്ക്കാന്‍ ആര്‍ക്കുകഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെയെണ്ണാന്‍ ആര്‍ക്കുകഴിയും?
39: സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും,
40: ഗഹ്വരങ്ങളില്‍ പതിയിരിക്കുമ്പോഴും നീയതിന്, ഇരയെ വേട്ടയാടികൊടുക്കുമോ? സിംഹക്കുട്ടികളുടെ വിശപ്പടക്കുമോ?
41: കുഞ്ഞുങ്ങള്‍ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോള്‍ തീറ്റയ്ക്കുവേണ്ടി പറന്നലയുന്ന കാക്കയ്ക്ക്, തീറ്റിയെത്തിച്ചുകൊടുക്കുന്നതാര്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ