മുന്നൂറ്റിയമ്പത്തിമൂന്നാം ദിവസം: 2 പത്രോസ് 1 - 3


അദ്ധ്യായം 1

അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി, ഞങ്ങള്‍ സ്വീകരിച്ച വിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്കെഴുതുന്നത്.
2: ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയുംകുറിച്ചുള്ള പൂര്‍ണ്ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ദ്ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി
3: തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനംചെയ്തിരിക്കുന്നു.
4: ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ട്, ദൈവികസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവുംവഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു.
5: ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും 
6: ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും  ആത്മസംയമനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും
7: ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍.
8: ഇവ നിങ്ങളിലുണ്ടായിരിക്കുകയും സമൃദ്ധമാവുകയുംചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവു സഹായിക്കും.
9: ഇവയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്ടിയും പഴയപാപങ്ങളില്‍നിന്നു ശുദ്ധീകരിക്കപ്പെട്ടെന്നകാര്യം വിസ്മരിക്കുന്നവനുമാണ്.
10: ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതലുത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
11: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.
12: നിങ്ങള്‍ ഇക്കാര്യങ്ങളറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
13: ഞാന്‍ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം, ഓര്‍മ്മപ്പെടുത്തല്‍വഴി നിങ്ങളെയുണര്‍ത്തുന്നത്, ഉചിതമാണെന്നു കരുതുന്നു.
14: എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയമടുത്തിരിക്കുന്നു.
15: എന്റെ വേര്‍പാടിനുശേഷവും നിങ്ങളിക്കാര്യങ്ങളോര്‍ക്കാന്‍, വേണ്ടതു ഞാന്‍ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍
16: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയുംകുറിച്ചു ഞങ്ങള്‍ നിങ്ങളെയറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍, അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.
17: പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നസ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെയടുത്തുവരുകയും ചെയ്തു.
18: സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധമലയിലുണ്ടായിരുന്നു.
19: ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതലുറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിലുദിക്കുകയുംചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെയെന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
20: ആദ്യം നിങ്ങളിതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായവ്യാഖ്യാനത്തിനുള്ളതല്ല.
21: എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.

അദ്ധ്യായം 2


വ്യാജപ്രവാചകന്മാര്‍
1: ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശംവരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലുമുണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍, രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
2: പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെയനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. 
3: അത്യാഗ്രഹംകാരണം, വ്യാജംപറഞ്ഞു നിങ്ങളെയവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്, അവരെ കാത്തിരിക്കുകയുംചെയ്യുന്നു.
4: പാപംചെയ്ത ദൂതന്മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്നു നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
5: ദുഷ്ടരുടെമേല്‍ ജലപ്രളയമയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യംകാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടെ അവിടുന്നു കാത്തുരക്ഷിച്ചു.
6: സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന്, അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്നൊരു ഗുണപാഠം നല്കി.
7: ദുഷ്ടരുടെ ദുര്‍വൃത്തിമൂലം, വളരെ വേദനസഹിച്ച, നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍നിന്നു രക്ഷിച്ചു.
8: അവരുടെമദ്ധ്യേ ജീവിച്ച ആ നീതിമാന്‍, അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അതവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
9: ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവറിയുന്നു-
10: പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്കടിമപ്പെടുന്നവരെയും അധികാരത്തെ നിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണവര്‍.
11: ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്കെതിരായി അവമാനകരമായ വിധിപറയുന്നില്ല.
12: കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച്, അവര്‍ ദൂഷണംപറയുന്നു. മൃഗങ്ങളുടെ നാശംതന്നെ അവര്‍ക്കും വന്നുകൂടും. 
13: അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണംകഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചനപ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവുംനിറഞ്ഞവരാണ്.
14: വ്യഭിചാരാസക്തിനിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചലമനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കംനേടിയ ഹൃദയമുള്ളവരും ശാപത്തിന്റെ സന്തതികളുമാണ്.
15: നേര്‍വഴിയില്‍നിന്നു മാറി, അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗ്ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.
16: അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട്, ആ പ്രവാചകന്റെ ഭ്രാന്തിനറുതിവരുത്തി.
17: അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.
18: എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ത്ഥമായ വാഗ്‌ദ്ധോരണികൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
19: മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്ന അവര്‍തന്നെ, നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.
20: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടുമവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
21: കാരണം, തങ്ങള്‍ക്കുലഭിച്ച വിശുദ്ധകല്പനയെക്കുറിച്ചറിഞ്ഞിട്ട്, അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്, നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
22: നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി, ചെളിക്കുണ്ടില്‍ വീണ്ടുമുരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.

അദ്ധ്യായം 3


കര്‍ത്താവിന്റെ പ്രത്യാഗമനം
1: പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്കമനസ്സിനെ, ഞാനുണര്‍ത്തുകയാണ്.
2: വിശുദ്ധപ്രവാചകന്മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്തോലന്മാര്‍വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായ രക്ഷകന്റെ കല്പനയും നിങ്ങളനുസ്മരിക്കുവിന്‍.
3: ആദ്യംതന്നെ നിങ്ങളിതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍, നിങ്ങളെ പരിഹസിച്ചുകൊണ്ട്, അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും.
4: അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ചനാള്‍മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ.
5: ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെയുണ്ടായെന്നും
6: ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നുമുള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു.
7: വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്കിരയാകേണ്ടതിന്, ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.
8: പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.
9: കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍പാലിക്കുന്നതില്‍ താമസംവരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
10: കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.
11: ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങളെത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!
12: ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയുംചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയുംചെയ്യുവിന്‍.
13: നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. 
14: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയുമില്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍വേണ്ടി ഉത്സാഹിക്കുവിന്‍.
15: നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമ, രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ്, തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച്, ഇക്കാര്യംതന്നെ നിങ്ങള്‍ക്കെഴുതിയിട്ടുണ്ടല്ലോ.
16: ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവനെഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
17: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടിയറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.


മുന്നൂറ്റിയമ്പത്തിരണ്ടാം ദിവസം: 1 പത്രോസ് 1 - 5


അദ്ധ്യായം 1


അഭിവാദനങ്ങള്‍
1: യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും,  
യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപാര്‍ക്കുന്നവര്‍ക്കെഴുതുന്നത്: 
2: നിങ്ങള്‍ക്കു കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

സജീവമായ പ്രത്യാശ
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
4: അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍, യേശുക്രിസ്തുവിന്റെ മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി, സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5: അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
6: അല്പകാലത്തേക്കു വിവിധപരീക്ഷകള്‍നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതിലാനന്ദിക്കുവിന്‍.
7: കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്, യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
8: അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
9: അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയുംചെയ്യുന്നു.
10: നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയുംചെയ്തു.
11: ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവു മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അതെപ്പോഴെന്നും എങ്ങനെയെന്നും ആരായുകയുംചെയ്തു.
12: അവര്‍ തങ്ങളെത്തന്നെയല്ല, നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നയയ്ക്കപ്പെട്ട പരിശുദ്ധാത്മാവുവഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്, എത്തിനോക്കാന്‍ ദൈവദൂതന്മാര്‍പോലും കൊതിക്കുന്നു.

വിശുദ്ധരായിരിക്കുവിൻ
13: ആകയാല്‍, നിങ്ങള്‍ മാനസികമായൊരുങ്ങി, സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയുംചെയ്യുവിന്‍.
14: മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
15: മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
16: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്, നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
17: ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണു നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
18: പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കുലഭിച്ച, വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്, നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങളറിയുന്നുവല്ലോ.
19: കറയോ കളങ്കമോയില്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ.
20: അവനാകട്ടെ, ലോകസ്ഥാപനത്തിനുമുമ്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത്, നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
21: അവനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയുംചെയ്ത ദൈവത്തില്‍, അവന്‍മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലായിരിക്കുകയുംചെയ്യുന്നു.
22: സത്യത്തോടുള്ള വിധേയത്വംവഴി, നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വ്വകമായും ഗാഢമായും പരസ്പരം സ്‌നേഹിക്കുവിന്‍
23: നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍നിന്നല്ല; അനശ്വരമായ ബീജത്തില്‍നിന്നാണ് - സജീവവും സനാതനവുമായ ദൈവവചനത്തില്‍നിന്ന്.
24: എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ, പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു
25: എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനംതന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അദ്ധ്യായം 2

    
രാജകീയപൗരോഹിത്യം
1: നിങ്ങള്‍ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍.
2: രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്, നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍.
3: കര്‍ത്താവു നല്ലവനാണെന്നു നിങ്ങളനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
4: അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണവന്‍ .
5: നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി, ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്, വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ.
6: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാനൊരു കല്ലു സ്ഥാപിക്കുന്നു- തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.
7: വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അതഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക്, പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
8: അതവര്‍ക്ക്, തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
9: എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തംജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം.
10: മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ
11: പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരികപ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്ക്കാന്‍ നിങ്ങളോടു ഞാനപേക്ഷിക്കുന്നു.
12: വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മ്മികളാണെന്നു നിങ്ങള്‍ക്കെതിരായി പറയുന്നവര്‍, നിങ്ങളുടെ നല്ല പ്രവൃത്തികള്‍കണ്ട്, പ്രത്യാഗമനദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ
13: ഉന്നതാധികാരിയായ രാജാവോ, ദുഷ്‌കര്‍മ്മികളെ ശിക്ഷിക്കാനും സത്കര്‍മ്മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
14: നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
15: നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണമെന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
16: എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
17: എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍.

യജമാനന്മാരോടുള്ള കടമ
18: ഭൃത്യന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.
19: അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍, അതനുഗ്രഹകാരണമാകും.
20: തെറ്റുചെയ്തിട്ട്, അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.
21: ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങളനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃകനല്കുകയും ചെയ്തിരിക്കുന്നു.
22: അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
23: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.
24: നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്, അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച്, നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
25: അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാലിപ്പോള്‍, നിങ്ങള്‍, നിങ്ങളുടെ ഇടയനും പാലകനുമായവന്റെയടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

അദ്ധ്യായം 3


ദമ്പതിമാരുടെ കടമ
1: ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനമനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്കാനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
2: അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാദ്ധ്യമാവുക.
3: ബാഹ്യമോടികളായ പിന്നിയമുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
4: പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന, അനശ്വരരത്നമണിഞ്ഞ ആന്തരികവ്യക്തിത്വമാണ്.
5: ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍, മുമ്പിപ്രകാരം തങ്ങളെത്തന്നെയലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.
6: സാറാ അബ്രാഹത്തെ, നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയുംചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
7: ഇങ്ങനെതന്നെ ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യഅവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനംകാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു തടസ്സമുണ്ടാകാതിരിക്കാന്‍വേണ്ടിയാണ്.

സഹോദരരോടുള്ള കടമ
8: അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവുമുളളവരായിരിക്കുവിന്‍.
9: തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരംകൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
10: ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാനാഗ്രഹിക്കുകയുംചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്റെ നാവിനെയും വ്യാജംപറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
11: അവന്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞു നന്മചെയ്യട്ടെ. സമാധാനമന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയുംചെയ്യട്ടെ.
12: എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെനേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ത്ഥനകളുടെനേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖംതിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം
13: നന്മചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍, നിങ്ങളെയുപദ്രവിക്കാന്‍ ആര്‍ക്കുകഴിയും?
14: നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി, നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ടാ.
15: ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണമാവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
16: എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടുംകൂടെയായിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചുപറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.
17: നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കില്‍, അതാണ്, തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
18: എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ജീവന്‍പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
19: ആത്മാവോടുകൂടെച്ചെന്ന്, അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
20: അവരാകട്ടെ, നോഹിന്റെകാലത്തു പെട്ടകംപണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വംകാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.
21: അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാർജ്ജനമല്ല; മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടുനടത്തുന്ന പ്രാര്‍ത്ഥനയാണ്.
22: യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു. 

അദ്ധ്യായം 4

    
ദൈവകൃപയുടെ കാര്യസ്ഥന്‍
1: ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍, പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
2: അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളംകാലം മാനുഷികവികാരങ്ങള്‍ക്കടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.
3: വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി, നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
4: അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5: എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.
6: എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
7: സകലത്തിന്റെയുമവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍.
8: സര്‍വ്വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹമുണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.
9: പിറുപിറുപ്പുകൂടാതെ, നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍.
10: ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ.
11: പ്രസംഗിക്കുന്നവന്‍, ദൈവത്തിന്റെ അരുളപ്പാടു നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ടെന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാക്കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹത്വവുമാധിപത്യവും എന്നുമെന്നേയ്ക്കുമവനുള്ളതാണ്. ആമേന്‍. 

ക്രിസ്തീയസഹനം
12: പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകളുണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
13: ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിലാഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍, നിങ്ങളത്യധികമാഹ്ലാദിക്കും.
14: ക്രിസ്തുവിന്റെ നാമംനിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു.
15: നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാനിടയാകരുത്.
16: ക്രിസ്ത്യാനിയെന്ന നിലയിലാണ്, ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതിലവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനിയെന്ന നാമത്തിലഭിമാനിച്ചുകൊണ്ട്, അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
17: എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണാരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷമനുസരിക്കാത്തവരുടെ അവസാനമെന്തായിരിക്കും!
18: നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും!
19: ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ.

അദ്ധ്യായം 5


ശ്രേഷ്ഠന്മാര്‍ക്കുപദേശം
1: ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനുമെന്ന നിലയില്‍, ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെയുപദേശിക്കുന്നു:
2: നിങ്ങളെയേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.
3: അതു നിര്‍ബന്ധംമൂലമായിരിക്കരുത്. ദൈവത്തെപ്രതി, സന്മനസ്സോടെയായിരിക്കണം; ലാഭേച്ഛയോടെയായിരിക്കരുത്, തീക്ഷ്ണതയോടെയായിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
4: ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും. 

വിശ്വാസികള്‍ക്കുപദേശം
5: അപ്രകാരംതന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കിയണിയുവിന്‍. ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു.
6: ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെയേല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
7: നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
8: നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്നന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
9: വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട്, അവനെയെതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയുംചെയ്യുവിന്‍;
10: തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം, നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയുംചെയ്യും.
11: ആധിപത്യം എന്നുമെന്നേയ്ക്കും അവന്റേതായിരിക്കട്ടെ! ആമേന്‍.
12: നിങ്ങളവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്നുപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാനെഴുതിയിരിക്കുന്നു.
13: നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
14: സ്‌നേഹചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനംചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.

മുന്നൂറ്റിയമ്പത്തൊന്നാം ദിവസം: യാക്കോബ് 1- 5

അദ്ധ്യായം 1


അഭിവാദനം

1: ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടുഗോത്രങ്ങള്‍ക്കെഴുതുന്നത്: നിങ്ങള്‍ക്കഭിവാദനം. 

വിശ്വാസവും ജ്ഞാനവും
2: എന്റെ സഹോദരരേ, വിവിധപരീക്ഷകളിലകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
3: എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്കതില്‍ സ്ഥിരത ലഭിക്കുമെന്നറിയാമല്ലോ.
4: ഈ സ്ഥിരത, പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണ്ണരും എല്ലാംതികഞ്ഞവരും ഒന്നിലുംകുറവില്ലാത്തവരുമാവുകയുംചെയ്യും.
5: നിങ്ങളില്‍ ജ്ഞാനംകുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവനതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണവിടുന്ന്.
6: സംശയിക്കാതെ, വിശ്വാസത്തോടെവേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍, കാറ്റിലിളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.
7: സംശയമനസ്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്, 
8: എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. 

ദാരിദ്ര്യവും സമ്പത്തും
9: എളിയസഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തിലഭിമാനിക്കട്ടെ.
10: ധനവാന്‍ താഴ്ത്തപ്പെടുന്നതിലഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നുപോകും.
11: സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്, പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞുപോകും. 

പരീക്ഷകളെ നേരിടുക
12: പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന ജീവന്റെ കിരീടം, അവനു ലഭിക്കും.
13: പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണു പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്നാരെയും പരീക്ഷിക്കുന്നുമില്ല.
14: ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.
15: ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.
16: എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗ്ഗഭ്രംശം സംഭവിക്കരുത്.
17: ഉത്തമവും പൂര്‍ണ്ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.
18: തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മംനല്കാന്‍ അവിടുന്നു തിരുമനസ്സായി. 

വചനം പാലിക്കുക
19: എന്റെ പ്രിയസഹോദരരേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരുമായിരിക്കണം.
20: മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്കുന്നില്ല;
21: ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്ന തിന്മയുമുപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
22: നിങ്ങള്‍ വചനംകേള്‍ക്കുകമാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ, അതനുവര്‍ത്തിക്കുന്നവരുമായിരിക്കുവിന്‍.
23: വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, തന്റെ മുഖം കണ്ണാടിയില്‍ക്കാണുന്ന മനുഷ്യനു സദൃശനാണ്.
24: അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
25: കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ്, പൂര്‍ണ്ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവനനുഗൃഹീതനാകും.
26: താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ, ഹൃദയത്തെ വഞ്ചിക്കുകയുംചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ.
27: പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തിയിതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.

അദ്ധ്യായം 2


പക്ഷപാതത്തിനെതിരേ
1: എന്റെ സഹോദരരേ, മഹത്വപൂര്‍ണ്ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍വിശ്വസിക്കുന്ന നിങ്ങള്‍, പക്ഷപാതംകാണിക്കരുത്.
2: നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ്ണമോതിരമണിഞ്ഞ്, മോടിയുള്ള വസ്ത്രംധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രംധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
3: നിങ്ങള്‍ മോടിയായി വസ്ത്രംധരിച്ചവനെ നോക്കി, ഇവിടെ സുഖമായിരിക്കുക എന്നുപറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്ക്കുകയെന്നോ എന്റെ പാദപീഠത്തിനടുത്തിരിക്കുകയെന്നോ പറയുന്നു.
4: അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനംകാണിക്കുകയും ദുഷ്ടവിചാരങ്ങള്‍പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയുമല്ലേ ചെയ്യുന്നത്?
5: എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
6: എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതവരല്ലേ?
7: നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നതവരല്ലേ?
8: നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയനിയമം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.
9: നിങ്ങള്‍ പക്ഷപാതംകാണിക്കുന്നെങ്കില്‍ പാപംചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയുംചെയ്യുന്നു.
10: ആരെങ്കിലും നിയമം മുഴുവനനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയുംചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
11: എന്തെന്നാല്‍, വ്യഭിചാരംചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു.
12: സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.
13: കാരുണ്യംകാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു. 

വിശ്വാസവും പ്രവൃത്തിയും
14: എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയുംചെയ്യുന്നവന് എന്തുമേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍കഴിയുമോ?
15: ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെകഴിയുമ്പോള്‍
16: നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത്, അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍പ്പോകുക; തീകായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ടെന്തു പ്രയോജനം?
17: പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.
18: എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെക്കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍വഴി എന്റെ വിശ്വാസം നിന്നെക്കാണിക്കാം.
19: ദൈവമേകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു.
20: മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
21: നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?
22: അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങളറിയുന്നുവല്ലോ.
23: അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതനെന്നു വിളിക്കപ്പെടുകയുംചെയ്തു
24: മനുഷ്യന്‍ വിശ്വാസംകൊണ്ടുമാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങളറിയുന്നു.
25: റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികള്‍മൂലമല്ലേ നീതീകരിക്കപ്പെട്ടത്?
26: ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ, പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്.

അദ്ധ്യായം 3

    
നാവിന്റെ ദുരുപയോഗം
1: എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാമര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍.
2: നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയും.
3: നമ്മെയനുസരിക്കുന്നതിനുവേണ്ടി, കുതിരയുടെ വായില്‍ കടിഞ്ഞാണിടുമ്പോള്‍, അതിന്റെ ശരീരംമുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
4: വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെച്ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്നസ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു.
5: അതുപോലെ, നാവു വളരെച്ചെറിയ അവയവമാണ്. എങ്കിലും അതു വമ്പുപറയുന്നു. ചെറിയൊരു തീപ്പൊരി, എത്രവലിയ വനത്തെയാണു ചാമ്പലാക്കുക!
6: നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത്, ശരീരംമുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ്, പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
7: എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്.
8: എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്.
9: ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയുംചെയ്യുന്നു.
10: ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇതുചിതമല്ല.
11: അരുവി, ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?
12: എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? 

യഥാര്‍ത്ഥജ്ഞാനം
13: നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവനാരാണ്? അവന്‍ നല്ലപെരുമാറ്റംവഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.
14: എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥമോഹവുമുണ്ടാകുമ്പോള്‍, ആത്മപ്രശംസചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജംപറയുകയോ അരുത്.
15: ഈ ജ്ഞാനം ഉന്നതത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ത്ഥപരവും പൈശാചികവുമാണ്.
16: എവിടെ അസൂയയും സ്വാര്‍ത്ഥമോഹവുമുണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മ്മങ്ങളുമുണ്ട്.
17: എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം, ഒന്നാമതു ശുദ്ധവും പിന്നെ സമാധാനപൂര്‍ണ്ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാര്‍ത്ഥതയില്ലാത്തതോ അല്ല.
18: സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

അദ്ധ്യായം 4

    
ലൗകികതൃഷ്ണ
1: നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമുണ്ടാകുന്നതെങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍നിന്നല്ലേ അവയുണ്ടാകുന്നത്?
2: നിങ്ങളാഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയുംചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധംചെയ്യുകയുംചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
3: ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
4: വിശ്വസ്തതപുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി, ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങളറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.
5: നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ, ദൈവം അസൂയയോടെ അഭിലഷിക്കുന്നുവെന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
6: അവിടുന്നു കൃപാവരംചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപകൊടുക്കുകയുംചെയ്യുന്നു.
7: ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.
8: ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്നു നിങ്ങളോടും ചേര്‍ന്നുനില്ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ദ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
9: ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.
10: കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. 

സഹോദരനെ വിധിക്കരുത്
11: സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തുസംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയുംചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമമനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ.
12: നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീയാരാണ്?

ആത്മപ്രശംസ പാടില്ല
13 : ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍പ്പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരംചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.
14: നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയുംചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.
15: നിങ്ങളിങ്ങനെയാണു പറയേണ്ടത്: കര്‍ത്താവു മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയുംചെയ്യും.
16: നിങ്ങളോ, ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്.
17: ചെയ്യേണ്ട നന്മയേതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപംചെയ്യുന്നു.

അദ്ധ്യായം 5

    
ധനവാന്മാര്‍ക്കു മുന്നറിയിപ്പ്
1: ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
2: നിങ്ങളുടെ സമ്പത്തു ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴുവരിച്ചുപോയി.
3: നിങ്ങളുടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറ, നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാനനാളുകളിലേക്കാണു നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.
4: നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവുശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി, ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി, സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരിക്കുന്നു.
5: നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.
6: നീതിമാന്‍ നിങ്ങളെയെതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റംവിധിക്കുകയും കൊല്ലുകയുംചെയ്തു. 

കാത്തിരിക്കുവിന്‍
7: സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ലഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍;
8: ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനമടുത്തിരിക്കുന്നു.
9: നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്ക്കുന്നു.
10: സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
11: ഇതാ, പീഡസഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോടെന്തു ചെയ്തുവെന്നും അവിടുന്നെത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.
12: എന്റെ സഹോദരരേ, സര്‍വ്വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടുമരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേയെന്നു പറയുമ്പോള്‍ അതേയെന്നും അല്ലന്നു പറയുമ്പോള്‍ അല്ലയെന്നുമായിരിക്കട്ടെ! 

രോഗിക്കുവേണ്ടി പ്രാര്‍ത്ഥന
13: നിങ്ങളുടെയിടയില്‍ ദുരിതമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതമാലപിക്കട്ടെ.
14: നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍, അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകംചെയ്ത്, അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15: വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന, രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെയെഴുന്നേല്പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നവനു മാപ്പുനല്കും.
16: നിങ്ങള്‍ സൗഖ്യംപ്രാപിക്കാനായി, പരസ്പരം പാപങ്ങളേറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
17: ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴപെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴപെയ്തില്ല.
18: വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴനല്കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തു.
19: എന്റെ സഹോദരരേ, നിങ്ങളിലൊരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയുംചെയ്യുന്നെങ്കില്‍
20: പാപിയെ തെറ്റായമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയുംചെയ്യുന്നുവെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.

മുന്നൂറ്റിയമ്പതാം ദിവസം: ഹെബ്രായർ 11 - 13


അദ്ധ്യായം 11


പൂര്‍വ്വികരുടെ വിശ്വാസം
1: വിശ്വാസമെന്നത്, പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോദ്ധ്യവുമാണ്.
2: ഇതുമൂലമാണ്, പൂര്‍വ്വികന്മാര്‍ അംഗീകാരത്തിനര്‍ഹരായത്.
3: ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാമറിയുന്നു.
4: വിശ്വാസംമൂലം ആബേല്‍ കായേന്റേതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവംതന്നെ സാക്ഷ്യംനല്കി.
5: അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക് മരണംകാണാതെ സംവഹിക്കപ്പെട്ടു. ദൈവം, അവനെ സംവഹിച്ചതുകൊണ്ട്, പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.
6: അപ്രകാരം എടുക്കപ്പെടുന്നതിനു മുമ്പ്, താന്‍ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യംലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവമുണ്ടെന്നും തന്നെയന്വേഷിക്കുന്നവര്‍ക്ക്, അവിടുന്നു പ്രതിഫലംനല്കുമെന്നും വിശ്വസിക്കണം.
7: വിശ്വാസംമൂലമാണ്, നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പുകൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മ്മിച്ചത്. ഇതുമൂലം, അവന്‍ ലോകത്തെ കുറ്റംവിധിക്കുകയും വിശ്വാസത്തില്‍നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.
8: വിശ്വാസംമൂലം അബ്രാഹം, തനിക്കവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കുപോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേയ്ക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ് അവന്‍ പുറപ്പെട്ടത്.
9: വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത്, അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
10: ദൈവം സംവിധാനംചെയ്തതും നിര്‍മ്മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.
11: തന്നോടു വാഗ്ദാനംചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായംകവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തിപ്രാപിച്ചു.
12: അതിനാല്‍, ഒരുവനില്‍നിന്ന് - അതും മൃതപ്രായനായ ഒരുവനില്‍നിന്ന് - ആകാശത്തിലെ നക്ഷത്രജാലങ്ങള്‍പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍പോലെയും വളരെപ്പേര്‍ ജനിച്ചു.
13: ഇവരെല്ലാം വിശ്വാസത്തോടെയാണു മരിച്ചത്. അവര്‍ വാഗ്ദാനംചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനംചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയുംചെയ്തു.
14: ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു.
15: തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരമുണ്ടാകുമായിരുന്നു.
16: ഇപ്പോളാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യംവയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്, ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
17: വിശ്വാസംമൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്.
18: ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടുമെന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാനൊരുങ്ങി.
19: മരിച്ചവരില്‍നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനുകഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
20: വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍, ഇസഹാക്ക്, യാക്കോബിനെയും ഏസാവിനെയുമനുഗ്രഹിച്ചു.
21: ആസന്നമരണനായ യാക്കോബ്, തന്റെ വടിയൂന്നിനിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെയനുഗ്രഹിച്ചു.
22: ജോസഫ് മരിക്കുമ്പോള്‍, വിശ്വാസംമൂലം ഇസ്രായേല്‍മക്കളുടെ പുറപ്പാടിനെ മനസ്സില്‍ക്കണ്ടുകൊണ്ട്, തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദ്ദേശങ്ങള്‍കൊടുത്തു.
23: വിശ്വാസംമൂലം മോശയെ അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്മാര്‍ മൂന്നുമാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്പനയെ അവര്‍ ഭയപ്പെട്ടില്ല.
24: മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത്, വിശ്വാസംമൂലം അവന്‍ നിഷേധിച്ചു. 
25: പാപത്തിന്റെ നൈമിഷികസുഖങ്ങളാസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവനിഷ്ടപ്പെട്ടത്.
26: ക്രിസ്തുവിനെപ്രതി സഹിക്കുന്ന നിന്ദനങ്ങള്‍, ഈജിപ്തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടിപതിച്ചത്.
27: രാജകോപം ഭയപ്പെടാതെ, വിശ്വാസത്താല്‍ അവന്‍ ഈജിപ്തു വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്നപോലെ അവന്‍ സഹിച്ചുനിന്നു.
28: ആദ്യജാതന്മാരെക്കൊല്ലുന്നവന്‍ അവരെ സ്പര്‍ശിക്കാതിരുന്നതിന്, വിശ്വാസത്തില്‍ അവന്‍ പെസഹ ആചരിക്കുകയും രക്തംതളിക്കുകയും ചെയ്തു
29: വിശ്വാസത്താല്‍ അവര്‍ വരണ്ടഭൂമിയിലൂടെയെന്നവിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്തുകാര്‍ അപ്രകാരംചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
30: വിശ്വാസത്തോടെ ഇസ്രായേല്‍
ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴുദിവസം വലത്തുവച്ചപ്പോള്‍ അവ ഇടിഞ്ഞുവീണു.
31: വേശ്യയായ റാഹാബ്, വിശ്വാസംനിമിത്തം ചാരന്മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട്, അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.
32: കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയംപോരാ.
33: അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;
34: അഗ്നിയുടെ ശക്തി കെടുത്തി; വാളിന്റെ വായ്ത്തലയില്‍നിന്നു രക്ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്തിയാര്‍ജിച്ചു; യുദ്ധത്തില്‍ ശക്തന്മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.
35: സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണംവരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനംപ്രാപിക്കാന്‍വേണ്ടി പീഡയില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ കൂട്ടാക്കിയില്ല.
36: ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു.
37: ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടിമുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ടു വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽധരിച്ച്, നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു.
38: അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവരലഞ്ഞുതിരിഞ്ഞു.
39: വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരംപ്രാപിച്ചെങ്കിലും വാഗ്ദാനംചെയ്യപ്പെട്ടതു പ്രാപിച്ചില്ല.
40: കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണ്ണരാക്കപ്പെടരുതെന്നുകണ്ട്, ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.

അദ്ധ്യായം 12


പിതൃശിക്ഷണം
1: നമുക്കുചുറ്റും സാക്ഷികളുടെ വലിയസമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്കോടിത്തീര്‍ക്കാം.
2: നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ക്കണ്ടുകൊണ്ടുവേണം നാമോടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷമുപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ്, ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവനവരോധിക്കപ്പെടുകയും ചെയ്തു.
3: ആകയാല്‍, മനോധൈര്യമസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍, തന്നെയെതിര്‍ത്ത പാപികളില്‍നിന്ന് എത്രമാത്രംസഹിച്ചെന്നു ചിന്തിക്കുവിന്‍.
4: പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്കിനിയും രക്തംചൊരിയേണ്ടി വന്നിട്ടില്ല.
5: നിങ്ങളെ പുത്രന്മാരെന്ന്  അഭിസംബോധനചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്.
6: താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണംനല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയുംചെയ്യുന്നു.
7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ, ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണംലഭിക്കാത്ത ഏതുമകനാണുള്ളത്?
8: എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.
9: ഇതിനുംപുറമേ, നമ്മെ തിരുത്തുന്നതിന്, നമുക്കു ഭൗമികപിതാക്കന്മാരുണ്ടായിരുന്നു. നാമവരെ ബഹുമാനിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍, നാം ആത്മാക്കളുടെ പിതാവിനു വിധേയരായി ജീവിക്കേണ്ടതല്ലേ?
10: ഭൗമികപിതാക്കന്മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ചു കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെ പരിശീലിപ്പിക്കുന്നതു നമ്മുടെ നന്മയ്ക്കും തന്റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനുംവേണ്ടിയാണ്.
11: എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക്, കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വ്വകമായ ഫലം ലഭിക്കുന്നു.
12: അതിനാല്‍, തളര്‍ന്ന കൈകളെയും ബലമില്ലാത്ത കാല്‍മുട്ടുകളെയും ശക്തിപ്പെടുത്തുവിന്‍.
13: മുടന്തുള്ള പാദങ്ങള്‍, സന്ധിവിട്ടിടറിപ്പോകാതെ സുഖപ്പെടാന്‍തക്കവിധം അവയ്ക്കു നേര്‍വഴിയൊരുക്കുവിന്‍.

ദൈവകൃപ നിരസിച്ചാല്‍
14: എല്ലാവരോടും സമാധാനത്തില്‍വര്‍ത്തിച്ച്, വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
15: ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരുവളര്‍ന്ന്, ഉപദ്രവംചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്ധരായിത്തീരുന്നു.
16: ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കടിഞ്ഞൂല്‍പുത്രസ്ഥാനംവിറ്റ ഏസാവിനെപ്പോലെ ആരും അസന്മാർഗ്ഗിയോ അധാര്‍മ്മികനോ ആകരുത്.
17: പിന്നീട് അവകാശംപ്രാപിക്കാനാഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവനതാഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവനവസരം ലഭിച്ചില്ല.
18: സ്പര്‍ശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ
19: കാഹളദ്ധ്വനിയെയോ ഇനിയരുതേയെന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല, നിങ്ങള്‍ സമീപിക്കുന്നത്.  
20: മലയെ സമീപിക്കുന്നത് ഒരു മൃഗമാണെങ്കില്‍പ്പോലും അതിനെ കല്ലെറിയണമെന്ന കല്പന അവര്‍ക്കു ദുസ്സഹമായിരുന്നു.
21: ഞാന്‍ ഭയംകൊണ്ടു വിറയ്ക്കുന്നുവെന്നു മോശ പറയത്തക്കവിധം അത്രഭയങ്കരമായിരുന്നു ആ കാഴ്ച.
22: സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്.
23: സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെയടുത്തേയ്ക്കും
24: പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേയ്ക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനംചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. 
25: സംസാരിച്ചുകൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാല്‍ രക്ഷപെടുക കൂടുതല്‍ പ്രയാസമാണ്.
26: അന്ന്, അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയുമൊരിക്കല്‍ക്കൂടെ, ഞാന്‍ ഭൂമിയെമാത്രമല്ല, ആകാശത്തെയുമിളക്കുമെന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനംചെയ്തിരിക്കുന്നു.
27: ഇനിയുമൊരിക്കല്‍ക്കൂടെ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്, ഇളക്കപ്പെട്ടവ - സൃഷ്ടിക്കപ്പെട്ടവ - നീക്കംചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാന്‍പാടില്ലാത്തവ നിലനില്ക്കാന്‍വേണ്ടിയാണിത്.
28: സുസ്ഥിരമായൊരു രാജ്യംലഭിച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന, ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം.
29: കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്.

അദ്ധ്യായം 13


ഉപദേശങ്ങള്‍
1: സഹോദരസ്‌നേഹം നിലനില്ക്കട്ടെ.
2: ആതിഥ്യമര്യാദ മറക്കരുത്. അതുവഴി ദൈവദൂതന്മാരെ, അറിയാതെ സത്കരിച്ചവരുണ്ട്.
3: തടവുകാരോട്, നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിന്‍.
4: എല്ലാവരുടെയിടയിലും വിവാഹം മാന്യമായിക്കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5: നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
6: അതിനാല്‍ നമുക്ക്, ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണെന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോടെന്തുചെയ്യാന്‍കഴിയും?
7: നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്മാരെയോര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത്, അവരുടെ വിശ്വാസമനുകരിക്കുവിന്‍.
8: യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.
9: വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല, കൃപാവരത്താല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണുചിതം; ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക്, ഒരു പ്രയോജനവും ലഭിക്കുന്നില്ല.
10: നമുക്കൊരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കാന്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്കവകാശമില്ല.
11: കാരണം, പ്രധാനപുരോഹിതന്‍ പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന രക്തമെടുത്ത മൃഗങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെടുന്നതു പാളയത്തിനു പുറത്തുവച്ചാണ്.
12: സ്വന്തംരക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാന്‍ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;
13: അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട്, നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെയടുത്തേക്കു പോകാം.
14: എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാമന്വേഷിക്കുന്നത്.
15: അവനിലൂടെ നമുക്കെല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം.
16: നന്മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്.
17: നിങ്ങളുടെ നേതാക്കന്മാരെയനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ, അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വ്വം, സങ്കടംകൂടാതെ, ആ കൃത്യം ചെയ്യുന്നതിനിടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും.
18: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യത്തിലും മാന്യമായി പെരുമാറുന്നതിനാഗ്രഹിക്കുന്ന ഒരു നല്ലമനസ്സാക്ഷിയാണു ഞങ്ങളുടേതെന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്.
19: ഞാന്‍ എത്രയുംവേഗം നിങ്ങളുടെയടുത്തു തിരിച്ചുവരുന്നതിന്, നിങ്ങള്‍ ഏറെ ശുഷ്‌കാന്തിയോടെ പ്രാര്‍ത്ഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു.

ആശംസകള്‍
20: ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം, നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളുംകൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!
21: അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്കഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
22: എന്റെ സഹോദരരേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായെഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങള്‍ ക്ഷമയോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
23: നമ്മുടെ സഹോദരന്‍ തിമോത്തേയോസ് മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങളറിഞ്ഞാലും. അവന്‍ വേഗംവന്നാല്‍ അവനോടൊപ്പം ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം.
24: നിങ്ങളുടെ നേതാക്കന്മാര്‍ക്കും എല്ലാവിശുദ്ധര്‍ക്കും വന്ദനംപറയുവിന്‍. ഇറ്റലിയില്‍നിന്നു വന്നവര്‍ നിങ്ങള്‍ക്കു വന്ദനംപറയുന്നു.
25: ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ.

മുന്നൂറ്റിനാല്പത്തിയൊമ്പതാം ദിവസം: ഹെബ്രായർ 7 - 10


അദ്ധ്യായം 7


മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതന്‍

1: രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹമിനെക്കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക്, അവനെയനുഗ്രഹിച്ചു.
2: സകലത്തിന്റെയും ദശാംശം അബ്രാഹമവനു നല്കി. അവന്റെ പേരിന്, ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണര്‍ത്ഥം.
3: അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്കാരംഭമോ ആയുസ്സിനവസാനമോയില്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേയ്ക്കും പുരോഹിതനാണ്.
4: അവനെത്ര വലിയവനെന്നു കാണുവിന്‍! പൂര്‍വ്വപിതാവായ അബ്രാഹം യുദ്ധത്തില്‍ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ.
5: ലേവിയുടെ പുത്രന്മാരില്‍ പൗരോഹിത്യംസ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും അബ്രാഹമിന്റെ മക്കളുമായിരുന്ന ജനങ്ങളില്‍നിന്നുപോലും ദശാംശംവാങ്ങാന്‍ നിയമത്തിന്റെ അനുശാസനമുണ്ടായിരുന്നു.
6: എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക് അബ്രാഹമില്‍നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനംസ്വീകരിച്ചിരുന്ന അബ്രാഹമിനെ അനുഗ്രഹിക്കുകയുംചെയ്തു.
7: ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല.
8: ലേവ്യപുരോഹിതന്മാരുടെ കാര്യത്തില്‍, മരണമുള്ള മനുഷ്യരാണു ദശാംശം വാങ്ങുന്നത്. മെല്‍ക്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്ഷ്യമുള്ളവന്‍ വാങ്ങുന്നു.
9: ദശാംശം വാങ്ങിയിരുന്ന ലേവിപോലും അബ്രാഹമിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്.
10: എന്തെന്നാല്‍, മെല്‍ക്കിസെദേക്ക് അബാഹമിനെക്കണ്ടുമുട്ടുമ്പോള്‍, ലേവി അബ്രാഹമിന്റെ അജാതസന്താനമായിരുന്നു.
11: ലേവ്യപൗരോഹിത്യംവഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്കപ്പെട്ടത്. ആ പൗരോഹിത്യംവഴി പൂര്‍ണ്ണതപ്രാപിക്കാന്‍കഴിയുമായിരുന്നെങ്കില്‍, അഹറോന്റെ ക്രമത്തില്‍നിന്നു വ്യത്യസ്തമായി, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതനുണ്ടാവുക ആവശ്യമായിരുന്നോ?
12: പൗരോഹിത്യത്തില്‍ വ്യത്യാസംവരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റംവരുന്നു.
13: ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്. ആ വംശത്തില്‍നിന്നാകട്ടെ ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷചെയ്തിട്ടുമില്ല.
14: നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
15: മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന്, ഇതു കൂടുതല്‍ വ്യക്തമാകുന്നു.
16: ഇവനോ, ശാരീരികജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണു പുരോഹിതനായത്.
17: എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനാകുന്നുവെന്ന്, അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.
18: ആദ്യകല്പന അസാധുവാക്കപ്പെട്ടത്, അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവുംകൊണ്ടാണ്.
19: നിയമം, ഒന്നിനെയും പൂര്‍ണ്ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രേഷ്ഠവും ദൈവത്തിലേക്കു നമ്മെയടുപ്പിക്കുന്നതുമായ പ്രത്യാശ, അതിന്റെ സ്ഥാനത്തു നിലവില്‍വന്നു.
20: അതും ശപഥത്തോടുകൂടെയാണ്. മുമ്പു പുരോഹിതരായവര്‍ ശപഥംകൂടാതെയാണു തങ്ങളുടെ സ്ഥാനമേറ്റത്.
21: ഇവനാകട്ടെ, കര്‍ത്താവു ശപഥംചെയ്തിട്ടുണ്ട്, അവന്‍ മനസ്സു മാറ്റുകയില്ല, നീ എന്നേയ്ക്കും പുരോഹിതനാണെന്നു തന്നോടു പറഞ്ഞവന്റെ ശപഥത്തോടുകൂടെയാണു പുരോഹിതനായത്.
22: ഇതു ക്രിസ്തുവിനെ ശ്രേഷ്ഠമായ ഒരുടമ്പടിക്ക് അച്ചാരമാക്കുന്നു.
23: മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ത്തുടരാന്‍ മരണമവരെയനുവദിച്ചില്ല.
24: യേശുവാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
25: തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേയ്ക്കും ജീവിക്കുന്നവനായ അവന്‍, അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നു.
26: പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗ്ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.
27: അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെയര്‍പ്പിച്ചുകൊണ്ട്, എന്നേയ്ക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണു പ്രധാനപുരോഹിതന്മാരായി നിയോഗിക്കുന്നത്. 
28: എന്നാല്‍, നിയമത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേയ്ക്കും പരിപൂര്‍ണ്ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.

അദ്ധ്യായം 8

    
ക്രിസ്തു പുതിയഉടമ്പടിയുടെ മദ്ധ്യസ്ഥന്‍
1: ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കമിതാണ്: സ്വര്‍ഗ്ഗത്തില്‍, മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്.
2: അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മ്മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിതവുമായ സത്യകൂടാരത്തിന്റെയും ശുശ്രൂഷകനാണ്.
3: പ്രധാനപുരോഹിതന്മാര്‍ കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനാണു നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലുമുണ്ടായിരിക്കുക അവനുമാവശ്യമായിരുന്നു.
4: അവന്‍ ഭൂമിയിലായിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ അവിടെയുള്ളതുകൊണ്ട്, പുരോഹിതനേയാകുമായിരുന്നില്ല.
5: സ്വര്‍ഗ്ഗീയവസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരംതീര്‍ക്കാനൊരുങ്ങിയപ്പോള്‍ ദൈവം, ഇപ്രകാരമവനെയുപദേശിച്ചു: പര്‍വ്വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച്, എല്ലാംചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക.
6: ഇപ്പോളാകട്ടെ, ക്രിസ്തു കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളിലധിഷ്ഠിതമായ ഒരുടമ്പടിയുടെ മദ്ധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു.
7: ആദ്യത്തെയുടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല.
8: അവിടുന്ന്, അവരെ കുറ്റപ്പെടുത്തിക്കൊണ്ടരുളിചെയ്യുന്നു: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാനൊരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍വരുന്നു.
9: ആ ഉടമ്പടി, അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആ ദിവസം അവരുമായിചെയ്ത ഉടമ്പടിപോലെയായിരിക്കുകയില്ല. എന്തെന്നാല്‍,
10: കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനുമവരെ ശ്രദ്ധിച്ചില്ല. കര്‍ത്താവരുളിച്ചെയ്യുന്നു: ആ ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ഭവനവുമായി ഞാന്‍ചെയ്യുന്ന ഉടമ്പടിയിതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാനവ ആലേഖനംചെയ്യും. ഞാനവര്‍ക്കു ദൈവമായിരിക്കും, അവരെനിക്കു ജനവും.
11: ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുകയെന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെയറിയും.
12: അവരുടെ അനീതികളുടെനേര്‍ക്ക്, ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാനൊരിക്കലുമോര്‍ക്കുകയുമില്ല.

അദ്ധ്യായം 9

    
ബലി, പഴയതും പുതിയതും

1: ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധസ്ഥലവുമുണ്ടായിരുന്നു.
2: ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം, വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു.
3: രണ്ടാംവിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു.
4: അതില്‍ സ്വര്‍ണ്ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞ വാഗ്ദാനപേടകവുമുണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ്ണകലശവും അഹറോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു.
5: പേടകത്തിനുമീതെ കൃപാസനത്തിന്മേല്‍ നിഴല്‍വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകളുണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചുപറയാനാവില്ല.
6: ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്മാര്‍, എല്ലാ സമയത്തും ആദ്യത്തെക്കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വ്വഹിച്ചിരുന്നു.
7: രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതൻമാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയുമര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു.
8: ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെക്കൂടാരം നിലനില്ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്ന്, പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു.
9: അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്.
10: നവീകരണകാലംവരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പലവിധക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരികനിയമങ്ങളോടുമാത്രമേ അവയ്ക്കു ബന്ധമുള്ളൂ.
11: എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേയ്ക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു.
12: അവന്‍, അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത്, കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്.
13: കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തംതളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മംവിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു.
14: എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
15: വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശംപ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമംലംഘിച്ചവര്‍ക്ക്, അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു.
16: മരണപത്രത്തിന്റെ കാര്യത്തില്‍, അതെഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം.
17: മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷംമാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കേ അതിനൊരു സാധുതയുമില്ലല്ലോ.
18: അതിനാല്‍, രക്തംകൂടാതെയല്ല ആദ്യത്തെ ഉടമ്പടിയുമുറപ്പിക്കപ്പെട്ടത്.
19: മോശ, നിയമത്തിലെ ഓരോ കല്പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍, അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം, ജലത്തില്‍ക്കലര്‍ത്തി, ചെമന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയുമുപയോഗിച്ച്, പുസ്തകത്തിന്മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു പറഞ്ഞു
20: ഇതു ദൈവം നിങ്ങളോടു കല്പിച്ചിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ്.
21: അപ്രകാരംതന്നെ കൂടാരത്തിന്മേലും ശുശ്രൂഷയ്ക്കുള്ള സകലപാത്രങ്ങളിന്മേലും ആ രക്തം, അവന്‍ തളിച്ചു.
22: നിയമപ്രകാരം, മിക്കവസ്തുക്കളും രക്തത്താലാണു ശുദ്ധീകരിക്കപ്പെടുന്നത്. രക്തംചിന്താതെ പാപമോചനമില്ല.
23: സ്വര്‍ഗ്ഗീയകാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗ്ഗീയകാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും.
24: മനുഷ്യനിര്‍മ്മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍നില്ക്കാന്‍ സ്വര്‍ഗ്ഗത്തിലേക്കുതന്നെയാണ്, യേശു പ്രവേശിച്ചത്.
25: അത്, പ്രധാനപുരോഹിതന്‍ തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധസ്ഥലത്തേക്ക് ആണ്ടുതോറും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.
26: ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡസഹിക്കേണ്ടിവരുമായിരുന്നു. കാലത്തിന്റെ പൂര്‍ണ്ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട്, പാപത്തെ നശിപ്പിക്കാന്‍ ഇപ്പോളിതാ, അവന്‍ ഒരിക്കല്‍മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
27: മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;
28: അതിനുശേഷം വിധി എന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യമര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.

അദ്ധ്യായം 10


എന്നേയ്ക്കുമുള്ള ഏകബലി
1: നിയമം, വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്കൊരിക്കലും കഴിയുന്നില്ല;
2: അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല.
3: എന്നാല്‍, ഈ ബലികള്‍മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങളോര്‍ക്കുന്നു.
4: കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
5: ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെയരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്നാഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന്, എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു;
6: ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല.
7: അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍, എന്നെക്കുറിച്ചെഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടംനിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
8: നിയമപ്രകാരമര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്നാഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ
9: ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതംനിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു.
10: ആ ഹിതമനുസരിച്ച്, യേശുക്രിസ്തുവിന്റെ ശരീരം എന്നേയ്ക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11: പാപങ്ങളകറ്റാന്‍കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്, ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു.
12: എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേയ്ക്കുമായുള്ള ഏകബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
13: ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു
14: വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേയ്ക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു.
15: പരിശുദ്ധാത്മാവുതന്നെ നമുക്കു സാക്ഷ്യംനല്കുന്നു:
16: ആ ദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാനേര്‍പ്പെടുന്ന ഉടമ്പടിയിതാണെന്നു കര്‍ത്താവരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്കും. അവരുടെ മനസ്സുകളില്‍ അവ ഞാന്‍ ആലേഖനംചെയ്യും.
17: അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല.
18: പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. 

ഉപദേശവും മുന്നറിയിപ്പും
19: എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍, നമുക്കു മനോധൈര്യമുണ്ട്.
20: എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു.
21: ദൈവഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്.
22: അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്കടുത്തുചെല്ലാം. ഇതിന് ദുഷ്ടമനഃസാക്ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താല്‍ കഴുകുകയും വേണം.
23: നമ്മോടു വാഗ്ദാനംചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം.
24: സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്നു നമുക്കു പര്യാലോചിക്കാം.
25: ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്ക രുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
26: സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപംചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടിയര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
27: മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവുംമാത്രമേ ഉണ്ടായിരിക്കൂ.
28: മോശയുടെ നിയമംലംഘിക്കുന്ന മനുഷ്യന്‍, കരുണലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരിക്കുന്നു.
29: ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയുംചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്രകഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? 
30: പ്രതികാരം എന്റേതാണ്, ഞാന്‍ പകരംവീട്ടുമെന്നും കര്‍ത്താവു തന്റെ ജനത്തെ വിധിക്കുമെന്നും പറഞ്ഞവനെ നാമറിയുന്നു.
31: ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്.
32: നിങ്ങള്‍ പ്രബുദ്ധരാക്കപ്പെട്ടതിനുശേഷം, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞ കാലങ്ങളോര്‍ക്കുവിന്‍.
33: ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്ക്കും അധിക്ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയുംചെയ്തു.
34: തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങളറിഞ്ഞിരുന്നു.
35: നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.
36: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി, അവിടുത്തെ വാഗ്ദാനംപ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശക്തി ആവശ്യമായിരിക്കുന്നു.
37: ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല.
38: എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്മാറുന്നെങ്കില്‍ എന്റെ ആത്മാവ് അവനില്‍ പ്രസാദിക്കുകയില്ല.
39: പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മരക്ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണു നാം.

മുന്നൂറ്റിനാല്പത്തിയെട്ടാം ദിവസം: ഹെബ്രായർ 1- 6


അദ്ധ്യായം 1


ദൈവപുത്രന്‍

1: പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി, വിവിധ ഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.
2: എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.
3: അവന്‍, അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍, അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനുശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവനുപവിഷ്ടനായി.
4: അവനവകാശമാക്കിയ നാമം, ദൈവദൂതന്മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്.

ദൂതന്മാരെക്കാള്‍ ശ്രേഷ്ഠന്‍
5: ഏതു ദൂതനോടാണ്, നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്മമേകിയെന്നും ഞാനവനു പിതാവും, അവനെനിക്കു പുത്രനുമായിരിക്കുമെന്നും ദൈവമരുളിച്ചെയ്തിട്ടുള്ളത്?
6: വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്കയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെയാരാധിക്കട്ടെ.
7: അവിടുന്നു തന്റെ ദൂതന്മാരെ കാറ്റും, ശുശ്രൂഷകരെ തീനാളങ്ങളുമാക്കുന്നു എന്നു ദൂതന്മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു.
8: എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേയ്ക്കും നിലനില്ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
9: അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാളധികമായി, സന്തോഷത്തിന്റെ തൈലംകൊണ്ട്‌, ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകംചെയ്തിരിക്കുന്നു.
10: കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്കടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.
11: അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്ക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും.
12: മേലങ്കിപോലെ അങ്ങവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേയ്ക്കു മാറ്റമില്ല. അങ്ങയുടെ വത്സരങ്ങളവസാനിക്കുകയുമില്ല.
13: നിന്റെ ശത്രുക്കളെ ഞാന്‍ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുകയെന്ന് ഏതു ദൂതനോടാണ്, എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്?
14: രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാനയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?

അദ്ധ്യായം 2


രക്ഷ ക്രിസ്തുവിലൂടെ
1: നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്.
2: ദൂതന്മാര്‍ പറഞ്ഞ വാക്കുകള്‍ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്കശിക്ഷ ലഭിക്കുകയുംചെയ്‌തെങ്കില്‍
3: ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ കര്‍ത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്കതു സ്ഥിരീകരിച്ചു തന്നു.
4: അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികള്‍ എന്നിവകൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനംചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്ഷ്യം നല്കിയിരിക്കുന്നു.
5: എന്തെന്നാല്‍, നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ, ദൂതന്മാര്‍ക്കല്ലല്ലോ അവിടുന്നധീനമാക്കിയത്.
6: ഇതെക്കുറിച്ച്, ഒരിടത്തിങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെയോര്‍ക്കാന്‍ അവനാരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രനാരാണ്?
7: ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു.
8: സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്നവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവനധീനമായതായി നാം കാണുന്നില്ല.
9: മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിനധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടമണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു.
10: ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണ്ണനാക്കുക തികച്ചും ഉചിതമായിരുന്നു.
11: വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍, അവന്‍ ലജ്ജിച്ചില്ല.
12: അവന്‍ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാനറിയിക്കും. സഭാമദ്ധ്യേ അങ്ങേയ്ക്കു ഞാന്‍ സ്തുതിഗീതമാലപിക്കും.
13: വീണ്ടും, ഞാനവനില്‍ വിശ്വാസമര്‍പ്പിക്കുമെന്നും ഇതാ, ഞാനും എനിക്കു ദൈവംനല്കിയ മക്കളുമെന്നും അവന്‍ പറയുന്നു.
14: മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാകുന്നതുപോലെ അവനുമവയില്‍ ഭാഗഭാക്കായി.
15: അത്, മരണത്തിന്മേലധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച്, മരണഭയത്തോടെ ജീവിതകാലംമുഴുവന്‍ അടിമത്തത്തില്‍ക്കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.
16: എന്തെന്നാല്‍, അവന്‍ സ്വന്തമായെടുത്തതു ദൈവദൂതന്മാരെയല്ല, അബ്രാഹമിന്റെ സന്തതിയെയാണ്.
17: ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാക്കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
18: അവന്‍ പീഡസഹിക്കുകയും പരീക്ഷിക്കപ്പെടുകയുംചെയ്തതുകൊണ്ട്, പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.

അദ്ധ്യായം 3

    
മോശയെക്കാള്‍ ശ്രേഷ്ഠന്‍
1: സ്വര്‍ഗ്ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധസഹോദരരേ, നാമേറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റിച്ചിന്തിക്കുവിന്‍.
2: മോശ ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു.
3: യേശു, മോശയെക്കാള്‍ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍, വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുപോലെതന്നെ.
4: ഓരോ വീടിനും നിര്‍മ്മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മ്മാതാവു ദൈവമാണ്.
5: പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യംനല്കുന്നതിന്, ദൈവത്തിന്റെ ഭവനംമുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു.
6: ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനംവരെ നാം മുറുകെപ്പിടിക്കുമെങ്കില്‍, നാം അവിടുത്തെ ഭവനമായിരിക്കും.

ദൈവികവിശ്രാന്തി
7: പരിശുദ്ധാത്മാവു പറയുന്നതുപോലെ,
8: ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍, മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9: അവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ നാല്പതുവര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയുംചെയ്തു.
10: അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചുപറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റുചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല.
11: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥംചെയ്തുപറഞ്ഞതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
12: എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
13: ഇന്ന്, എന്നുവിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ളകാലത്തോളം എല്ലാദിവസവും നിങ്ങള്‍ പരസ്പരമുപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്.
14: എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.
15: ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്റെ സ്വരംശ്രവിക്കുമ്പോള്‍, എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
16: ദൈവത്തിന്റെ സ്വരംശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പുകാണിച്ചില്ലേ? മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നവരല്ലേ അവര്‍?
17: അവരുമായല്ലേ അവര്‍ നാല്പതുവത്സരം മല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം മരുഭൂമിയില്‍ നിപതിച്ചത്?
18: അനുസരണക്കേടുകാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്നാണയിട്ടു പറഞ്ഞത്?
19: അങ്ങനെ, അവിശ്വാസംനിമിത്തമാണ് അവര്‍ക്കു പ്രവേശിക്കാന്‍സാധിക്കാതെവന്നതെന്നു നാം കാണുന്നു.

അദ്ധ്യായം 4

    
    1: അവിടുന്നു നല്കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്ക്കുമ്പോള്‍ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം.
    2 : അവര്‍ക്കെന്നതുപോലെതന്നെയാണു നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവരതു വിശ്വസിച്ചില്ല.
    3: എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥംചെയ്തതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
    4: ഏഴാംദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഏഴാംദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു:
    5: അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
    6: എന്നാല്‍, ചിലരിനിയും പ്രവേശിക്കാനുണ്ട്. മുമ്പു സുവിശേഷം ശ്രവിച്ചവരാകട്ടെ, അനുസരണക്കേടുമൂലം പ്രവേശിച്ചിട്ടുമില്ല.
    7: അതിനാലവിടുന്ന്, ഒരു പ്രത്യേക ദിവസം, അതായത് ഇന്ന്, നിശ്ചയിച്ചിരിക്കുന്നു. അവിടുന്നു മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങളവന്റെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
    8: ജോഷ്വ, അവര്‍ക്കു വിശ്രമം കൊടുത്തിരുന്നെങ്കില്‍, പിന്നീട്, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പറയുമായിരുന്നില്ല.
    9: അതിനാല്‍, ദൈവജനത്തിന്, ഒരു സാബത്തുവിശ്രമം ലഭിക്കാനിരിക്കുന്നു.
    10: എന്തെന്നാല്‍, ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവന്‍ അവിടുത്തെപ്പോലെ തന്റെ ജോലിയില്‍നിന്നു വിരമിക്കുന്നു.
    11: അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിന്, നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം.
    12: ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി, ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
    13: അവന്റെ മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുമ്പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്. 

പ്രധാനപുരോഹിതൻ
    14: സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ട്, നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം.
    15: നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണവന്‍ .
    16: അതിനാല്‍, വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

അദ്ധ്യായം 5

    
    1: ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളുമര്‍പ്പിക്കാനാണ്.
    2: അവന്‍തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും.
    3: ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
    4: അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.
    5: അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മമേകിയെന്ന് അവനോടു പറഞ്ഞവന്‍തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്.
    6: അവിടുന്നു വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ്.
    7: തന്റെ ഐഹികജീവിതകാലത്ത്, ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു.
    8: പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണമഭ്യസിച്ചു.
    9: പരിപൂര്‍ണ്ണനാക്കപ്പെട്ടതുവഴി, അവന്‍, തന്നെയനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
    10: എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു. 

      വിശ്വാസത്യാഗത്തിനെതിരേ
      11: ഇതേക്കുറിച്ച്, ഇനിയും ധാരാളം ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില്‍ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്.
      12: ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണാവശ്യം, കട്ടിയുള്ള ഭക്ഷണമല്ല.
      13: പാലുകുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ദ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്.
      14: കട്ടിയുള്ള ഭക്ഷണം, പക്വതവന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്.


    അദ്ധ്യായം 6


    1: അതിനാല്‍, ക്രിസ്‌തുവിന്റെറെ വചനത്തിന്റെ പ്രഥമപാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള വിശ്വാസം,
    2: ജ്ഞാനസ്‌നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്‌പ്‌, മരിച്ചവരുടെ ഉയിര്‍പ്പ്‌, നിത്യവിധി ഇവയ്‌ക്കു വീണ്ടും ഒരടിസ്‌ഥാനമിടേണ്ടതില്ല.
    3: ദൈവമനുവദിക്കുന്നെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.
    4: ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനമാസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും
    5: വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാദ്ധ്യമാണ്‌.
    6: കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.
    7: കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയുംചെയ്യുന്ന ഭൂമി, ദൈവത്തില്‍നിന്ന്‌ അനുഗ്രഹം പ്രാപിക്കുന്നു.
    8: ഞെരിഞ്ഞിലുകളും മുള്ളുകളുമാണ്‌ പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്‌. അതിന്മേല്‍ ശാപമാസന്നവുമാണ്‌. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെറെയവസാനം.
    9: പ്രിയപ്പെട്ടവരേ, ഞങ്ങളിങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ട്‌.
    10: നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്‌തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്നേഹവും വിസ്മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം.
    11: നിങ്ങളിലോരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്സാഹംതന്നെ കാണിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
    12: അങ്ങനെ, നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.

    ദൈവത്തിന്റെ വാഗ്ദാനം

    13: ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥംചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടുതന്നെ ശപഥംചെയ്‌തു
    പറഞ്ഞു: 
    14: നിശ്ചയമായും നിന്നെ ഞാനനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
    15: അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന്‌, ഈ വാഗ്ദാനംപ്രാപിച്ചു.
    16: മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥംചെയ്യുന്നത്‌. ശപഥമാണ്‌ അവരുടെ എല്ലാത്തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്‌.
    17: ദൈവം, തന്റെ തീരുമാനത്തിന്റെ അചഞ്ചലത വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനമുറപ്പിച്ചു.
    18: മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുമ്പില്‍ വയ്‌ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനു യത്നിക്കുന്ന നമുക്കു വലിയ പ്രോത്സാഹനം ലഭിക്കുന്നു.
    19: ഈ പ്രത്യാശ, നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്‌.
    20: നമ്മുടെ മുന്നോടിയായി യേശു, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനായിക്കൊണ്ട്‌, ഏതുവിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക്‌ ഈ പ്രത്യാശ കടന്നുചെല്ലുന്നു.