ഹെബ്രായർ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹെബ്രായർ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയമ്പത്തിമൂന്നാം ദിവസം: 2 പത്രോസ് 1 - 3


അദ്ധ്യായം 1

അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍പത്രോസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിവഴി, ഞങ്ങള്‍ സ്വീകരിച്ച വിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്കെഴുതുന്നത്.
2: ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയുംകുറിച്ചുള്ള പൂര്‍ണ്ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ദ്ധിക്കട്ടെ!

ക്രൈസ്തവന്റെ വിളി
3: തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനംചെയ്തിരിക്കുന്നു.
4: ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ട്, ദൈവികസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവുംവഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു.
5: ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും 
6: ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും  ആത്മസംയമനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും
7: ഭക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍.
8: ഇവ നിങ്ങളിലുണ്ടായിരിക്കുകയും സമൃദ്ധമാവുകയുംചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവു സഹായിക്കും.
9: ഇവയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്ടിയും പഴയപാപങ്ങളില്‍നിന്നു ശുദ്ധീകരിക്കപ്പെട്ടെന്നകാര്യം വിസ്മരിക്കുന്നവനുമാണ്.
10: ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതലുത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
11: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.
12: നിങ്ങള്‍ ഇക്കാര്യങ്ങളറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
13: ഞാന്‍ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം, ഓര്‍മ്മപ്പെടുത്തല്‍വഴി നിങ്ങളെയുണര്‍ത്തുന്നത്, ഉചിതമാണെന്നു കരുതുന്നു.
14: എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതുപോലെ, കൂടാരത്തില്‍നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയമടുത്തിരിക്കുന്നു.
15: എന്റെ വേര്‍പാടിനുശേഷവും നിങ്ങളിക്കാര്യങ്ങളോര്‍ക്കാന്‍, വേണ്ടതു ഞാന്‍ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍
16: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയുംകുറിച്ചു ഞങ്ങള്‍ നിങ്ങളെയറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍, അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്.
17: പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നസ്വരം മഹിമപ്രാഭവത്തില്‍നിന്ന് അവന്റെയടുത്തുവരുകയും ചെയ്തു.
18: സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധമലയിലുണ്ടായിരുന്നു.
19: ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതലുറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിലുദിക്കുകയുംചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെയെന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
20: ആദ്യം നിങ്ങളിതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായവ്യാഖ്യാനത്തിനുള്ളതല്ല.
21: എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.

അദ്ധ്യായം 2


വ്യാജപ്രവാചകന്മാര്‍
1: ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശംവരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലുമുണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍, രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
2: പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെയനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. 
3: അത്യാഗ്രഹംകാരണം, വ്യാജംപറഞ്ഞു നിങ്ങളെയവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്, അവരെ കാത്തിരിക്കുകയുംചെയ്യുന്നു.
4: പാപംചെയ്ത ദൂതന്മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്നു നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
5: ദുഷ്ടരുടെമേല്‍ ജലപ്രളയമയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യംകാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടെ അവിടുന്നു കാത്തുരക്ഷിച്ചു.
6: സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന്, അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്നൊരു ഗുണപാഠം നല്കി.
7: ദുഷ്ടരുടെ ദുര്‍വൃത്തിമൂലം, വളരെ വേദനസഹിച്ച, നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍നിന്നു രക്ഷിച്ചു.
8: അവരുടെമദ്ധ്യേ ജീവിച്ച ആ നീതിമാന്‍, അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അതവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
9: ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവറിയുന്നു-
10: പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്കടിമപ്പെടുന്നവരെയും അധികാരത്തെ നിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണവര്‍.
11: ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്മാര്‍പോലും, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ക്കെതിരായി അവമാനകരമായ വിധിപറയുന്നില്ല.
12: കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച്, അവര്‍ ദൂഷണംപറയുന്നു. മൃഗങ്ങളുടെ നാശംതന്നെ അവര്‍ക്കും വന്നുകൂടും. 
13: അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണംകഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചനപ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവുംനിറഞ്ഞവരാണ്.
14: വ്യഭിചാരാസക്തിനിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചലമനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കംനേടിയ ഹൃദയമുള്ളവരും ശാപത്തിന്റെ സന്തതികളുമാണ്.
15: നേര്‍വഴിയില്‍നിന്നു മാറി, അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗ്ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.
16: അവന്റെ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട്, ആ പ്രവാചകന്റെ ഭ്രാന്തിനറുതിവരുത്തി.
17: അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്ധകാരത്തിന്റെ അധോലോകം കരുതിവയ്ക്കപ്പെട്ടിരിക്കുന്നു.
18: എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്രാപിച്ചവരെ, വ്യര്‍ത്ഥമായ വാഗ്‌ദ്ധോരണികൊണ്ടു വിഷയാസക്തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
19: മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്ന അവര്‍തന്നെ, നാശത്തിന്റെ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍.
20: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടുമവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
21: കാരണം, തങ്ങള്‍ക്കുലഭിച്ച വിശുദ്ധകല്പനയെക്കുറിച്ചറിഞ്ഞിട്ട്, അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്, നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
22: നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി, ചെളിക്കുണ്ടില്‍ വീണ്ടുമുരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്.

അദ്ധ്യായം 3


കര്‍ത്താവിന്റെ പ്രത്യാഗമനം
1: പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്കമനസ്സിനെ, ഞാനുണര്‍ത്തുകയാണ്.
2: വിശുദ്ധപ്രവാചകന്മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്തോലന്മാര്‍വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായ രക്ഷകന്റെ കല്പനയും നിങ്ങളനുസ്മരിക്കുവിന്‍.
3: ആദ്യംതന്നെ നിങ്ങളിതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍, നിങ്ങളെ പരിഹസിച്ചുകൊണ്ട്, അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും.
4: അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ചനാള്‍മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ.
5: ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെയുണ്ടായെന്നും
6: ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നുമുള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു.
7: വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്കിരയാകേണ്ടതിന്, ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.
8: പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.
9: കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍പാലിക്കുന്നതില്‍ താമസംവരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
10: കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.
11: ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങളെത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!
12: ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയുംചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയുംചെയ്യുവിന്‍.
13: നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. 
14: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയുമില്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍വേണ്ടി ഉത്സാഹിക്കുവിന്‍.
15: നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമ, രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ്, തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച്, ഇക്കാര്യംതന്നെ നിങ്ങള്‍ക്കെഴുതിയിട്ടുണ്ടല്ലോ.
16: ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവനെഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
17: ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടിയറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴുമെന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.


മുന്നൂറ്റിയമ്പത്തിരണ്ടാം ദിവസം: 1 പത്രോസ് 1 - 5


അദ്ധ്യായം 1


അഭിവാദനങ്ങള്‍
1: യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും,  
യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപാര്‍ക്കുന്നവര്‍ക്കെഴുതുന്നത്: 
2: നിങ്ങള്‍ക്കു കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

സജീവമായ പ്രത്യാശ
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
4: അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍, യേശുക്രിസ്തുവിന്റെ മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി, സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5: അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
6: അല്പകാലത്തേക്കു വിവിധപരീക്ഷകള്‍നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതിലാനന്ദിക്കുവിന്‍.
7: കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്, യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
8: അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
9: അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയുംചെയ്യുന്നു.
10: നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയുംചെയ്തു.
11: ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവു മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അതെപ്പോഴെന്നും എങ്ങനെയെന്നും ആരായുകയുംചെയ്തു.
12: അവര്‍ തങ്ങളെത്തന്നെയല്ല, നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നയയ്ക്കപ്പെട്ട പരിശുദ്ധാത്മാവുവഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്, എത്തിനോക്കാന്‍ ദൈവദൂതന്മാര്‍പോലും കൊതിക്കുന്നു.

വിശുദ്ധരായിരിക്കുവിൻ
13: ആകയാല്‍, നിങ്ങള്‍ മാനസികമായൊരുങ്ങി, സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയുംചെയ്യുവിന്‍.
14: മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
15: മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
16: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്, നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
17: ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണു നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
18: പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കുലഭിച്ച, വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്, നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങളറിയുന്നുവല്ലോ.
19: കറയോ കളങ്കമോയില്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ.
20: അവനാകട്ടെ, ലോകസ്ഥാപനത്തിനുമുമ്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത്, നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
21: അവനെ, മരിച്ചവരില്‍നിന്നുയിര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയുംചെയ്ത ദൈവത്തില്‍, അവന്‍മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലായിരിക്കുകയുംചെയ്യുന്നു.
22: സത്യത്തോടുള്ള വിധേയത്വംവഴി, നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വ്വകമായും ഗാഢമായും പരസ്പരം സ്‌നേഹിക്കുവിന്‍
23: നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍നിന്നല്ല; അനശ്വരമായ ബീജത്തില്‍നിന്നാണ് - സജീവവും സനാതനവുമായ ദൈവവചനത്തില്‍നിന്ന്.
24: എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ, പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു
25: എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനംതന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അദ്ധ്യായം 2

    
രാജകീയപൗരോഹിത്യം
1: നിങ്ങള്‍ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍.
2: രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്, നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍.
3: കര്‍ത്താവു നല്ലവനാണെന്നു നിങ്ങളനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
4: അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണവന്‍ .
5: നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി, ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്, വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ.
6: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാനൊരു കല്ലു സ്ഥാപിക്കുന്നു- തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.
7: വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അതഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക്, പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
8: അതവര്‍ക്ക്, തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
9: എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തംജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം.
10: മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ
11: പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരികപ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്ക്കാന്‍ നിങ്ങളോടു ഞാനപേക്ഷിക്കുന്നു.
12: വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മ്മികളാണെന്നു നിങ്ങള്‍ക്കെതിരായി പറയുന്നവര്‍, നിങ്ങളുടെ നല്ല പ്രവൃത്തികള്‍കണ്ട്, പ്രത്യാഗമനദിവസം ദൈവത്തെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ
13: ഉന്നതാധികാരിയായ രാജാവോ, ദുഷ്‌കര്‍മ്മികളെ ശിക്ഷിക്കാനും സത്കര്‍മ്മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
14: നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
15: നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണമെന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
16: എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
17: എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍.

യജമാനന്മാരോടുള്ള കടമ
18: ഭൃത്യന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍.
19: അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍, അതനുഗ്രഹകാരണമാകും.
20: തെറ്റുചെയ്തിട്ട്, അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്.
21: ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങളനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃകനല്കുകയും ചെയ്തിരിക്കുന്നു.
22: അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
23: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.
24: നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്, അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച്, നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
25: അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാലിപ്പോള്‍, നിങ്ങള്‍, നിങ്ങളുടെ ഇടയനും പാലകനുമായവന്റെയടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

അദ്ധ്യായം 3


ദമ്പതിമാരുടെ കടമ
1: ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനമനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്കാനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
2: അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാദ്ധ്യമാവുക.
3: ബാഹ്യമോടികളായ പിന്നിയമുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
4: പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന, അനശ്വരരത്നമണിഞ്ഞ ആന്തരികവ്യക്തിത്വമാണ്.
5: ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍, മുമ്പിപ്രകാരം തങ്ങളെത്തന്നെയലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.
6: സാറാ അബ്രാഹത്തെ, നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയുംചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
7: ഇങ്ങനെതന്നെ ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യഅവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനംകാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു തടസ്സമുണ്ടാകാതിരിക്കാന്‍വേണ്ടിയാണ്.

സഹോദരരോടുള്ള കടമ
8: അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവുമുളളവരായിരിക്കുവിന്‍.
9: തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരംകൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
10: ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാനാഗ്രഹിക്കുകയുംചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്റെ നാവിനെയും വ്യാജംപറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
11: അവന്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞു നന്മചെയ്യട്ടെ. സമാധാനമന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയുംചെയ്യട്ടെ.
12: എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെനേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ത്ഥനകളുടെനേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖംതിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം
13: നന്മചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍, നിങ്ങളെയുപദ്രവിക്കാന്‍ ആര്‍ക്കുകഴിയും?
14: നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി, നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ടാ.
15: ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണമാവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
16: എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടുംകൂടെയായിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചുപറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.
17: നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കില്‍, അതാണ്, തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
18: എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ജീവന്‍പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
19: ആത്മാവോടുകൂടെച്ചെന്ന്, അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
20: അവരാകട്ടെ, നോഹിന്റെകാലത്തു പെട്ടകംപണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വംകാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേര്‍മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.
21: അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാർജ്ജനമല്ല; മറിച്ച്, ശുദ്ധമനഃസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടുനടത്തുന്ന പ്രാര്‍ത്ഥനയാണ്.
22: യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു. 

അദ്ധ്യായം 4

    
ദൈവകൃപയുടെ കാര്യസ്ഥന്‍
1: ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍, പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
2: അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളംകാലം മാനുഷികവികാരങ്ങള്‍ക്കടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്.
3: വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി, നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
4: അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5: എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും.
6: എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.
7: സകലത്തിന്റെയുമവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍.
8: സര്‍വ്വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹമുണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.
9: പിറുപിറുപ്പുകൂടാതെ, നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍.
10: ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ.
11: പ്രസംഗിക്കുന്നവന്‍, ദൈവത്തിന്റെ അരുളപ്പാടു നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭിച്ച ശക്തികൊണ്ടെന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാക്കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹത്വവുമാധിപത്യവും എന്നുമെന്നേയ്ക്കുമവനുള്ളതാണ്. ആമേന്‍. 

ക്രിസ്തീയസഹനം
12: പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകളുണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
13: ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിലാഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍, നിങ്ങളത്യധികമാഹ്ലാദിക്കും.
14: ക്രിസ്തുവിന്റെ നാമംനിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു.
15: നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാനിടയാകരുത്.
16: ക്രിസ്ത്യാനിയെന്ന നിലയിലാണ്, ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതിലവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനിയെന്ന നാമത്തിലഭിമാനിച്ചുകൊണ്ട്, അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
17: എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണാരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷമനുസരിക്കാത്തവരുടെ അവസാനമെന്തായിരിക്കും!
18: നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും!
19: ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ.

അദ്ധ്യായം 5


ശ്രേഷ്ഠന്മാര്‍ക്കുപദേശം
1: ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനുമെന്ന നിലയില്‍, ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെയുപദേശിക്കുന്നു:
2: നിങ്ങളെയേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.
3: അതു നിര്‍ബന്ധംമൂലമായിരിക്കരുത്. ദൈവത്തെപ്രതി, സന്മനസ്സോടെയായിരിക്കണം; ലാഭേച്ഛയോടെയായിരിക്കരുത്, തീക്ഷ്ണതയോടെയായിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
4: ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും. 

വിശ്വാസികള്‍ക്കുപദേശം
5: അപ്രകാരംതന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കിയണിയുവിന്‍. ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു.
6: ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെയേല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
7: നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
8: നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്നന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
9: വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട്, അവനെയെതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയുംചെയ്യുവിന്‍;
10: തന്റെ നിത്യമഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം, നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയുംചെയ്യും.
11: ആധിപത്യം എന്നുമെന്നേയ്ക്കും അവന്റേതായിരിക്കട്ടെ! ആമേന്‍.
12: നിങ്ങളവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്നുപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാനെഴുതിയിരിക്കുന്നു.
13: നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
14: സ്‌നേഹചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനംചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.

മുന്നൂറ്റിയമ്പത്തൊന്നാം ദിവസം: യാക്കോബ് 1- 5

അദ്ധ്യായം 1


അഭിവാദനം

1: ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടുഗോത്രങ്ങള്‍ക്കെഴുതുന്നത്: നിങ്ങള്‍ക്കഭിവാദനം. 

വിശ്വാസവും ജ്ഞാനവും
2: എന്റെ സഹോദരരേ, വിവിധപരീക്ഷകളിലകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
3: എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്കതില്‍ സ്ഥിരത ലഭിക്കുമെന്നറിയാമല്ലോ.
4: ഈ സ്ഥിരത, പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണ്ണരും എല്ലാംതികഞ്ഞവരും ഒന്നിലുംകുറവില്ലാത്തവരുമാവുകയുംചെയ്യും.
5: നിങ്ങളില്‍ ജ്ഞാനംകുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവനതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണവിടുന്ന്.
6: സംശയിക്കാതെ, വിശ്വാസത്തോടെവേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍, കാറ്റിലിളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.
7: സംശയമനസ്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്, 
8: എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. 

ദാരിദ്ര്യവും സമ്പത്തും
9: എളിയസഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തിലഭിമാനിക്കട്ടെ.
10: ധനവാന്‍ താഴ്ത്തപ്പെടുന്നതിലഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നുപോകും.
11: സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്, പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞുപോകും. 

പരീക്ഷകളെ നേരിടുക
12: പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന ജീവന്റെ കിരീടം, അവനു ലഭിക്കും.
13: പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണു പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്നാരെയും പരീക്ഷിക്കുന്നുമില്ല.
14: ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.
15: ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.
16: എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗ്ഗഭ്രംശം സംഭവിക്കരുത്.
17: ഉത്തമവും പൂര്‍ണ്ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.
18: തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മംനല്കാന്‍ അവിടുന്നു തിരുമനസ്സായി. 

വചനം പാലിക്കുക
19: എന്റെ പ്രിയസഹോദരരേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരുമായിരിക്കണം.
20: മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്കുന്നില്ല;
21: ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്ന തിന്മയുമുപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
22: നിങ്ങള്‍ വചനംകേള്‍ക്കുകമാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ, അതനുവര്‍ത്തിക്കുന്നവരുമായിരിക്കുവിന്‍.
23: വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, തന്റെ മുഖം കണ്ണാടിയില്‍ക്കാണുന്ന മനുഷ്യനു സദൃശനാണ്.
24: അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
25: കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ്, പൂര്‍ണ്ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവനനുഗൃഹീതനാകും.
26: താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ, ഹൃദയത്തെ വഞ്ചിക്കുകയുംചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ.
27: പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തിയിതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.

അദ്ധ്യായം 2


പക്ഷപാതത്തിനെതിരേ
1: എന്റെ സഹോദരരേ, മഹത്വപൂര്‍ണ്ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍വിശ്വസിക്കുന്ന നിങ്ങള്‍, പക്ഷപാതംകാണിക്കരുത്.
2: നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ്ണമോതിരമണിഞ്ഞ്, മോടിയുള്ള വസ്ത്രംധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രംധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
3: നിങ്ങള്‍ മോടിയായി വസ്ത്രംധരിച്ചവനെ നോക്കി, ഇവിടെ സുഖമായിരിക്കുക എന്നുപറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്ക്കുകയെന്നോ എന്റെ പാദപീഠത്തിനടുത്തിരിക്കുകയെന്നോ പറയുന്നു.
4: അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനംകാണിക്കുകയും ദുഷ്ടവിചാരങ്ങള്‍പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയുമല്ലേ ചെയ്യുന്നത്?
5: എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
6: എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതവരല്ലേ?
7: നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നതവരല്ലേ?
8: നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയനിയമം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.
9: നിങ്ങള്‍ പക്ഷപാതംകാണിക്കുന്നെങ്കില്‍ പാപംചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയുംചെയ്യുന്നു.
10: ആരെങ്കിലും നിയമം മുഴുവനനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയുംചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
11: എന്തെന്നാല്‍, വ്യഭിചാരംചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു.
12: സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.
13: കാരുണ്യംകാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു. 

വിശ്വാസവും പ്രവൃത്തിയും
14: എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയുംചെയ്യുന്നവന് എന്തുമേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍കഴിയുമോ?
15: ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെകഴിയുമ്പോള്‍
16: നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത്, അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍പ്പോകുക; തീകായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ടെന്തു പ്രയോജനം?
17: പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.
18: എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെക്കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍വഴി എന്റെ വിശ്വാസം നിന്നെക്കാണിക്കാം.
19: ദൈവമേകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു.
20: മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
21: നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?
22: അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങളറിയുന്നുവല്ലോ.
23: അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതനെന്നു വിളിക്കപ്പെടുകയുംചെയ്തു
24: മനുഷ്യന്‍ വിശ്വാസംകൊണ്ടുമാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങളറിയുന്നു.
25: റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികള്‍മൂലമല്ലേ നീതീകരിക്കപ്പെട്ടത്?
26: ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ, പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്.

അദ്ധ്യായം 3

    
നാവിന്റെ ദുരുപയോഗം
1: എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാമര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍.
2: നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയും.
3: നമ്മെയനുസരിക്കുന്നതിനുവേണ്ടി, കുതിരയുടെ വായില്‍ കടിഞ്ഞാണിടുമ്പോള്‍, അതിന്റെ ശരീരംമുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
4: വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെച്ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്നസ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു.
5: അതുപോലെ, നാവു വളരെച്ചെറിയ അവയവമാണ്. എങ്കിലും അതു വമ്പുപറയുന്നു. ചെറിയൊരു തീപ്പൊരി, എത്രവലിയ വനത്തെയാണു ചാമ്പലാക്കുക!
6: നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത്, ശരീരംമുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ്, പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
7: എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്.
8: എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്.
9: ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയുംചെയ്യുന്നു.
10: ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇതുചിതമല്ല.
11: അരുവി, ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?
12: എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? 

യഥാര്‍ത്ഥജ്ഞാനം
13: നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവനാരാണ്? അവന്‍ നല്ലപെരുമാറ്റംവഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.
14: എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥമോഹവുമുണ്ടാകുമ്പോള്‍, ആത്മപ്രശംസചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജംപറയുകയോ അരുത്.
15: ഈ ജ്ഞാനം ഉന്നതത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ത്ഥപരവും പൈശാചികവുമാണ്.
16: എവിടെ അസൂയയും സ്വാര്‍ത്ഥമോഹവുമുണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മ്മങ്ങളുമുണ്ട്.
17: എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം, ഒന്നാമതു ശുദ്ധവും പിന്നെ സമാധാനപൂര്‍ണ്ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാര്‍ത്ഥതയില്ലാത്തതോ അല്ല.
18: സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

അദ്ധ്യായം 4

    
ലൗകികതൃഷ്ണ
1: നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമുണ്ടാകുന്നതെങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍നിന്നല്ലേ അവയുണ്ടാകുന്നത്?
2: നിങ്ങളാഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയുംചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധംചെയ്യുകയുംചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
3: ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
4: വിശ്വസ്തതപുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി, ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങളറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാനാഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.
5: നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ, ദൈവം അസൂയയോടെ അഭിലഷിക്കുന്നുവെന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
6: അവിടുന്നു കൃപാവരംചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെയെതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപകൊടുക്കുകയുംചെയ്യുന്നു.
7: ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.
8: ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്നു നിങ്ങളോടും ചേര്‍ന്നുനില്ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ദ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
9: ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.
10: കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും. 

സഹോദരനെ വിധിക്കരുത്
11: സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തുസംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയുംചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമമനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ.
12: നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീയാരാണ്?

ആത്മപ്രശംസ പാടില്ല
13 : ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍പ്പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരംചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.
14: നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയുംചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.
15: നിങ്ങളിങ്ങനെയാണു പറയേണ്ടത്: കര്‍ത്താവു മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയുംചെയ്യും.
16: നിങ്ങളോ, ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആത്മപ്രശംസചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്.
17: ചെയ്യേണ്ട നന്മയേതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപംചെയ്യുന്നു.

അദ്ധ്യായം 5

    
ധനവാന്മാര്‍ക്കു മുന്നറിയിപ്പ്
1: ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
2: നിങ്ങളുടെ സമ്പത്തു ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴുവരിച്ചുപോയി.
3: നിങ്ങളുടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറ, നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാനനാളുകളിലേക്കാണു നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.
4: നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവുശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി, ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി, സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരിക്കുന്നു.
5: നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.
6: നീതിമാന്‍ നിങ്ങളെയെതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റംവിധിക്കുകയും കൊല്ലുകയുംചെയ്തു. 

കാത്തിരിക്കുവിന്‍
7: സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ലഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍;
8: ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനമടുത്തിരിക്കുന്നു.
9: നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്ക്കുന്നു.
10: സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
11: ഇതാ, പീഡസഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോടെന്തു ചെയ്തുവെന്നും അവിടുന്നെത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.
12: എന്റെ സഹോദരരേ, സര്‍വ്വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടുമരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേയെന്നു പറയുമ്പോള്‍ അതേയെന്നും അല്ലന്നു പറയുമ്പോള്‍ അല്ലയെന്നുമായിരിക്കട്ടെ! 

രോഗിക്കുവേണ്ടി പ്രാര്‍ത്ഥന
13: നിങ്ങളുടെയിടയില്‍ ദുരിതമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതമാലപിക്കട്ടെ.
14: നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍, അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകംചെയ്ത്, അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15: വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന, രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെയെഴുന്നേല്പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നവനു മാപ്പുനല്കും.
16: നിങ്ങള്‍ സൗഖ്യംപ്രാപിക്കാനായി, പരസ്പരം പാപങ്ങളേറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
17: ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴപെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴപെയ്തില്ല.
18: വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴനല്കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തു.
19: എന്റെ സഹോദരരേ, നിങ്ങളിലൊരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയുംചെയ്യുന്നെങ്കില്‍
20: പാപിയെ തെറ്റായമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയുംചെയ്യുന്നുവെന്നു നിങ്ങളറിഞ്ഞുകൊള്ളുവിന്‍.