നൂറ്റിയെൺപതാം ദിവസം: സുഭാഷിതങ്ങള്‍ 5 - 8


അദ്ധ്യായം 5

ദുശ്ചരിതയെ സൂക്ഷിക്കുക

1: മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയും ചെയ്യുക.
2: അപ്പോള്‍ നീ വിവേചനാശക്തി കാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.
3: ദുശ്ചരിതയായ സ്ത്രീയുടെ അധരം, തേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍ സ്നിഗ്ദ്ധമാണ്.
4: എന്നാല്‍, ഒടുവില്‍, അവള്‍ കാഞ്ഞിരംപോലെ കയ്പുള്ളവളും ഇരുതലവാള്‍പോലെ മൂര്‍ച്ചയുള്ളവളുമായിത്തീരും.
5: അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗ്ഗത്തിലാണ്.
6: അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവളതറിയുന്നുമില്ല.
7: ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്നു വ്യതിചലിക്കരുത്.
8: അവളില്‍നിന്നകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്.
9: ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്സ് നിര്‍ദ്ദയര്‍ അപഹരിക്കുകയുംചെയ്യും.
10: അന്യര്‍ നിന്റെ സമ്പത്തു മതിയാവോളമപഹരിക്കുകയും നിന്റെ അദ്ധ്വാനത്തിന്റെ ഫലം അവരുടെ വീട്ടിലെത്തുകയുംചെയ്യും.
11: അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരംക്ഷയിച്ച്, എല്ലുംതോലുമായി നീ ഞരങ്ങിക്കൊണ്ടുപറയും:
12: ഞാനെത്രമാത്രം ശിക്ഷണംവെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!
13: ഞാന്‍ എന്റെ ഗുരുക്കന്മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോചെയ്തില്ല.
14: സമൂഹത്തിനുമുമ്പില്‍ ഞാന്‍ തീര്‍ത്തുംനശിച്ചവനെപ്പോലെയായി.
15: നിന്റെ കിണറ്റില്‍നിന്ന്, നിന്റെ ഉറവയില്‍നിന്നുമാത്രമേ വെള്ളം കുടിക്കാവൂ.
16: നിന്റെ ഉറവകളെ, മറുനാട്ടിലും നീരൊഴുക്കുകളെ തെരുവുകളിലും ഒഴുക്കിക്കളയുകയോ?
17: അവ, നിന്റെയടുത്തുള്ള അന്യര്‍ക്കുവേണ്ടിയാവാതെ നിനക്കുവേണ്ടിമാത്രമായിരിക്കട്ടെ.
18: നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളിലാനന്ദംകൊള്ളുക.
19: അവള്‍ ചന്തമുള്ളൊരു മാന്‍പേട, സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്നേഹം നിന്നെ സദാ സന്തോഷംകൊണ്ടുനിറയ്ക്കട്ടെ. അവളുടെ പ്രേമം, നിന്നെയെപ്പോഴും ലഹരിപിടിപ്പിക്കട്ടെ.
20: മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കു വഴിപ്പെടുകയും സ്വൈരിണിയുടെ വക്ഷസ്സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്?
21: മനുഷ്യന്റെ ചെയ്തികളെല്ലാം കര്‍ത്താവു കാണുന്നു. അവിടുന്ന്, അവന്റെ പാതകളെ ശോധനചെയ്യുന്നു.
22: ദുഷ്‌കൃത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം പാപത്തിന്റെ വലയില്‍ അവന്‍ കുരുങ്ങുന്നു.
23: ശിക്ഷണരാഹിത്യത്താല്‍ അവന്‍ മൃതിയടയുന്നു; വലിയഭോഷത്തംനിമിത്തം അവന്‍ നശിക്കുന്നു.

അദ്ധ്യായം 6

വിവിധോപദേശങ്ങള്‍

1: മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യംനില്ക്കുകയോ അന്യനുവേണ്ടി വാക്കുകൊടുക്കുകയോചെയ്തിട്ടുണ്ടോ?
2: നീ നിന്റെ സംസാരത്താല്‍ കുരുക്കിലാവുകയോ വാക്കുകളാല്‍ കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?
3: എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്, രക്ഷപ്പെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെചെന്ന് അയല്‍ക്കാരനോടു നിര്‍ബ്ബന്ധമായി അപേക്ഷിക്കുക.
4: നിന്റെ മിഴികള്‍ക്ക് ഉറക്കമോ, കണ്‍പോളകള്‍ക്കു മയക്കമോ അനുവദിക്കരുത്.
5: വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയും രക്ഷപെട്ടുകൊള്ളുക.
6: മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തികണ്ടു വിവേകിയാവുക.
7: മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ
8: അതു വേനല്‍ക്കാലത്തു കലവറയൊരുക്കി, കൊയ്ത്തുകാലത്തു ഭക്ഷണം ശേഖരിച്ചുവയ്ക്കുന്നു.
9: മടിയാ, നീ എത്രനാള്‍ നിശ്ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്നുണരുക?
10: കുറച്ചുകൂടെയുറങ്ങാം; തെല്ലുനേരംകൂടെ മയങ്ങാം; കൈയുംകെട്ടിയിരുന്ന്, അല്പംകൂടെ വിശ്രമിക്കാം.
11: ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുര്‍ഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുമ്പിലെത്തും.
12: നിര്‍ഗ്ഗുണനായ ദുഷ്ടന്‍ കുടിലസംസാരവുമായി ചുറ്റിനടക്കുന്നു.
13: അവന്‍ കണ്ണുകൊണ്ട് അടയാളംകാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
14: അവന്‍ തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്, വഴിപിഴച്ച ഹൃദയത്തോടെ, തിന്മയ്ക്കു കളമൊരുക്കുന്നു.
15: തന്മൂലം പെട്ടെന്ന്, അവന്റെമേല്‍ അത്യാഹിതം നിപതിക്കും; നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്തവിധം തകര്‍ന്നുപോകും.
16: കര്‍ത്താവു വെറുക്കുന്ന ആറു കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടെ അവിടുന്നു മ്ലേഛമായി കരുതുന്നു.
17: ഗര്‍വ്വുകലര്‍ന്ന കണ്ണ്, വ്യാജംപറയുന്ന നാവ്, നിഷ്‌കളങ്കമായ രക്തംചൊരിയുന്ന കൈ,
18: ദുഷ്‌കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്മയിലേക്കു പായുന്ന പാദങ്ങള്‍,
19: അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്‍.


ദാമ്പത്യവിശ്വസ്തത

20: മകനേ, നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക; മാതാവിന്റെയുപദേശം നിരസിക്കയുമരുത്.
21: അവയെ നിന്റെ ഹൃദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക; അവ, നിന്റെ കഴുത്തില്‍ ധരിക്കുക.
22: നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും; ഉണരുമ്പോള്‍ നിന്നെയുപദേശിക്കും.
23: എന്തെന്നാല്‍, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെ, ജീവന്റെ മാര്‍ഗ്ഗവും.
24: അവ ദുഷിച്ച സ്ത്രീയില്‍നിന്ന്, സ്വൈരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു.
25: അവളുടെ സൗന്ദര്യം നീ മോഹിക്കരുത്. കടാക്ഷവിക്ഷേപംകൊണ്ട് നിന്നെ പിടിയിലമര്‍ത്താന്‍ അവളെയനുവദിക്കയുമരുത്.
26: എന്തെന്നാല്‍, വേശ്യയ്ക്ക് ഒരപ്പക്കഷണംമതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു.
27: ഉടുപ്പു കത്താതെ മാറിടത്തില്‍ തീ കൊണ്ടുനടക്കാന്‍ ആര്‍ക്കുകഴിയും?
28: അല്ലെങ്കില്‍ കാലുപൊള്ളാതെ, കനലിനുമീതേ നടക്കാന്‍ കഴിയുമോ?
29: അതുപോലെ, അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്ക്കാതിരിക്കുകയില്ല.
30: വിശപ്പടക്കാന്‍ ഒരുവന്‍ മോഷ്ടിച്ചാല്‍ ആളുകള്‍ അവനെ വെറുക്കുകയില്ലായിരിക്കാം.
31: എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന്‍ ഏഴുമടങ്ങ് പകരംകൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.
32: വ്യഭിചാരംചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്.
33: ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.
34: എന്തെന്നാല്‍, അസൂയ പുരുഷനെ കോപാകുലനാക്കുന്നു; പ്രതികാരംചെയ്യുമ്പോള്‍ അവന്‍ ദാക്ഷിണ്യം കാട്ടുകയില്ല.
35: അവന്‍ നഷ്ടപരിഹാരമൊന്നും സ്വീകരിക്കുകയില്ല. എത്രവലിയ പാരിതോഷികങ്ങളും അവനെ പ്രീണിപ്പിക്കുകയില്ല.

അദ്ധ്യായം 7

1: മകനേ, എന്റെ വാക്കുകളനുസരിക്കുകയും, എന്റെ കല്പനകൾ‍ നിധിപോലെ കാത്തുസൂക്ഷിക്കുകയുംചെയ്യുക.
2: എന്റെ കല്പനകള്‍പാലിച്ചാല്‍ നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്മണിപോലെ കാത്തുകൊള്ളുക.
3: അവ, നിന്റെ വിരലുകളിലണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.
4: ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്,
5: മൃദുലഭാഷണംനടത്തുന്ന സ്വൈരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍, ജ്ഞാനത്തോടു നീയെന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീയെന്റെ ഉറ്റസുഹൃത്താണെന്നും പറയുക.
6: ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്നു വിരിയ്ക്കിടയിലൂടെ വെളിയിലേക്കു നോക്കി.
7: ശുദ്ധഗതിക്കാരായ യുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.
8: അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,
9: രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
10: അപ്പോള്‍ കുടിലഹൃദയയായ അവള്‍ വേശ്യയെപ്പോലെ ഉടുത്തൊരുങ്ങി, അവനെതിരേ വന്നു.
11: അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവളും തന്നിഷ്ടക്കാരിയുമാണ്; അവള്‍ വീട്ടിലുറച്ചിരിക്കാറില്ല.
12: തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറി അവള്‍ കാത്തിരിക്കുന്നു.
13: അവളവനെപ്പിടികൂടിച്ചുംബിക്കുന്നു; നിര്‍ലജ്ജമായ മുഖഭാവത്തോടെ അവളവനോടു പറയുന്നു:
14: എനിക്കു ബലികള്‍ സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
15: തന്മൂലം, ഇപ്പോള്‍ ഞാന്‍, നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വ്വം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു.
16: ഞാന്‍ എന്റെ തല്പം വിരികള്‍കൊണ്ടും ഈജിപ്തിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.
17: ഞാന്‍ മീറ, അകില്‍, കറുവാപ്പട്ട എന്നിവയാല്‍ എന്റെ കിടക്ക സുരഭിലമാക്കിയിരിക്കുന്നു.
18: പ്രഭാതമാകുന്നതുവരെ നമുക്കു കൊതിതീരെ സ്നേഹംനുകരാം; നമുക്കു സ്നേഹത്തിലാറാടാം.
19: എന്തെന്നാല്‍, എന്റെ ഭര്‍ത്താവു വീട്ടിലില്ല; അവന്‍ ദീര്‍ഘയാത്രപോയിരിക്കുന്നു.
20: സഞ്ചിനിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ.
21: ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവളവനെ പ്രേരിപ്പിക്കുന്നു; മധുരമൊഴിയാല്‍ അവളവനെ നിര്‍ബ്ബന്ധിക്കുന്നു.
22: കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ,
23: ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കു പറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന്, അവനവളെ അനുഗമിക്കുന്നു; ജീവനാണു തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവനറിയുന്നതേയില്ല.
24: ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
25: നിങ്ങളുടെ ഹൃദയം അവളുടെ മാര്‍ഗ്ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെ വഴികളില്‍ ചെന്നുപെടാതിരിക്കട്ടെ.
26: എന്തെന്നാല്‍, അനേകംപേര്‍ അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്.
27: അവളുടെ ഭവനം പാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക് അതിറങ്ങിച്ചെല്ലുന്നു.

അദ്ധ്യായം 8



ജ്ഞാനം ദൈവദാനം

1: ജ്ഞാനം വിളിച്ചുപറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?
2: വീഥികളിലും വഴിയരികിലുള്ള കുന്നുകളിലും, അവള്‍ നിലയുറപ്പിക്കുന്നു.
3: നഗരകവാടത്തില്‍ വാതിലിനരികേ നിന്നുകൊണ്ട് അവള്‍ വിളിച്ചുപറയുന്നു;
4: മനുഷ്യരേ, ഞാന്‍ നിങ്ങളോടാണു വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനംചെയ്യുന്നത്.
5: അല്പബുദ്ധികളേ, വകതിരിവു പഠിക്കുവിന്‍, ഭോഷരേ, ശ്രദ്ധിക്കുവിന്‍.
6: കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാൻ പറയാന്‍പോകുന്നത്; എന്റെ അധരങ്ങളില്‍നിന്ന് ഉചിതമായ വാക്കുകള്‍ പുറപ്പെടും.
7: ഞാന്‍ സത്യം വചിക്കും; തിന്മ എന്റെ അധരങ്ങള്‍ക്കരോചകമാണ്.
8: എന്റെ വാക്കുകള്‍ നീതിയുക്തമാണ്; വളച്ചൊടിച്ചതോ വക്രമോ ആയി ഒന്നുമതിലില്ല.
9: ഗ്രഹിക്കുന്നവന് അവ ഋജുവാണ്; അറിവു നേടുന്നവര്‍ക്കു ന്യായയുക്തവും.
10: എന്റെ പ്രബോധനം വെള്ളിയ്ക്കു പകരവും എന്റെ ജ്ഞാനം വിശിഷ്ടമായ സ്വര്‍ണ്ണത്തിനു പകരവുമാണ്. 
11: എന്തെന്നാല്‍, ജ്ഞാനം രത്നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമല്ല.
12: ജ്ഞാനമാണു ഞാന്‍; എന്റെ വാസം വിവേകത്തിലും. അറിവും വിവേചനാശക്തിയും എനിക്കുണ്ട്.
13: ദൈവഭക്തി തിന്മയെ വെറുക്കലാണ്; അഹംഭാവം, ഗര്‍വ്വ്, ദുര്‍മ്മാര്‍ഗ്ഗം, ദുര്‍വ്വചനമെന്നിവ ഞാന്‍ വെറുക്കുന്നു.
14: മാര്‍ഗ്ഗനിര്‍ദ്ദേശവൈഭവവും കാര്യശേഷിയുമെനിക്കുണ്ട്; അറിവും ശക്തിയുമെന്റേതാണ്.
15: രാജാക്കന്മാര്‍ ഭരിക്കുന്നതും, അധികാരികള്‍ നീതിനടത്തുന്നതും ഞാന്‍ മുഖേനയാണ്.
16: ഞാന്‍ മുഖാന്തരം നാടുവാഴികള്‍ അധികാരംനടത്തുന്നു; പ്രഭുക്കന്മാര്‍ ഭൂമി ഭരിക്കുന്നതും അങ്ങനെതന്നെ.
17: എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ എന്നെക്കണ്ടെത്തുന്നു.
18: സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ഐശ്വര്യവും എന്റെയടുക്കലുണ്ട്.
19: എന്നില്‍നിന്നുള്ള ഫലം സ്വര്‍ണ്ണത്തെക്കാള്‍, തങ്കത്തെക്കാള്‍പോലും, ശ്രേഷ്ഠമത്രേ; എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.
20: ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും ചരിക്കുന്നു.
21: ഞാന്‍, എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു.
22: കര്‍ത്താവു തന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു.
23: യുഗങ്ങള്‍ക്കു മുമ്പ്, ഭൂമിയുടെ ആവിര്‍ഭാവത്തിനുമുമ്പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു.
24: സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുമ്പുതന്നെ, എനിക്കു ജന്മംകിട്ടി.
25: പര്‍വ്വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപംകിട്ടുന്നതിനുമുമ്പ് ഞാനുണ്ടായി.
26: ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മ്മിക്കുന്നതിനുംമുമ്പ് എനിക്കു ജന്മംനല്കപ്പെട്ടു.
27: അവിടുന്ന്, ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്രത്തിനുമീതേ ചക്രവാളംനിര്‍മ്മിച്ചപ്പോഴും
28: ഉയരത്തില്‍ മേഘങ്ങളെയുറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും
29: ജലം തന്റെ കല്പന ലംഘിക്കാതിരിക്കാന്‍വേണ്ടി സമുദ്രത്തിനതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറയുറപ്പിച്ചപ്പോഴും
30: വിദഗ്ദ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാനവിടുത്തെ അരികിലുണ്ടായിരുന്നു. അനുദിനമാഹ്ലാദിച്ചുകൊണ്ടും അവിടുത്തെമുമ്പില്‍ സദാസന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു.
31: മനുഷ്യനധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനുഷ്യപുത്രരില്‍ ആനന്ദംകണ്ടെത്തുകയും ചെയ്തു.
32: ആകയാല്‍, മക്കളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്റെ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നവര്‍ ഭാഗ്യവാന്മാരാണ്.
33: പ്രബോധനംകേട്ടു വിവേകികളായിത്തീരുവിന്‍; അതിനെയവഗണിക്കരുത്.
34: എന്റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്, എന്റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്, എന്റെ വാക്കുകേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
35: എന്തെന്നാല്‍, എന്നെക്കണ്ടെത്തുന്നവന്‍, ജീവന്‍ കണ്ടെത്തുന്നു; കര്‍ത്താവിന്റെ പ്രീതിനേടുകയുംചെയ്യുന്നു.
36: എന്നാല്‍, എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മരണത്തെയാണു സ്‌നേഹിക്കുന്നത്.

നൂറ്റിയെഴുപത്തൊമ്പതാം ദിവസം: സുഭാഷിതങ്ങള്‍ 1 - 4


അദ്ധ്യായം 1

പുസ്തകത്തിന്റെ ഉദ്ദേശ്യം  

1: ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍: 
2: മനുഷ്യര്‍ ജ്ഞാനവും പ്രബോധനവും ഗ്രഹിക്കാനും, 
3: ഉള്‍ക്കാഴ്ചതരുന്ന വാക്കുകള്‍ മനസ്സിലാക്കാനും, വിവേകപൂര്‍ണ്ണമായ പെരുമാറ്റം, ധര്‍മ്മം, നീതി, ന്യായം എന്നിവ ശീലിക്കാനും, 
4: സരളഹൃദയര്‍ക്കു വിവേകവും യുവജനങ്ങള്‍ക്ക് അറിവും വിവേചനാശക്തിയും പ്രദാനംചെയ്യാനും, 
5: വിവേകി ശ്രദ്ധിച്ചുകേട്ട്, അറിവുവര്‍ദ്ധിപ്പിക്കാനും, 
6: ധാരണാശക്തിയുള്ളവന്‍ പഴമൊഴി, അലങ്കാരപ്രയോഗം, ജ്ഞാനികളുടെ സൂക്തങ്ങള്‍, അവരുടെ കടങ്കഥകളെന്നിവ ഗ്രഹിക്കാന്‍തക്ക കഴിവുനേടാനുമത്രേ ഇവ. 
7: ദൈവഭക്തിയാണ് അറിവിന്റെയുറവിടം; ഭോഷന്മാര്‍ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക. 
8: മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെയുപദേശം നിരസിക്കരുത്. 
9: അവ, നിന്റെ ശിരസ്സിനു വിശിഷ്ട ഹാരവും കഴുത്തിനു പതക്കങ്ങളുമത്രേ. 
10: മകനേ, പാപികളുടെ പ്രലോഭനത്തിനു വഴങ്ങരുത്. 
11: അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്നു കൊലചെയ്യാം; നിഷ്‌കളങ്കരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം. 
12: അവരെ പാതാളമെന്നപോലെ നമുക്കു ജീവനോടെ വിഴുങ്ങാം; അവര്‍ ഗര്‍ത്തത്തില്‍പ്പതിക്കുന്നവരെപ്പോലെയാകും. 
13: വിലയേറിയ വിഭവങ്ങള്‍ നമുക്കു ലഭിക്കും; കൊള്ളമുതല്‍കൊണ്ട് നമുക്കു വീടു നിറയ്ക്കാം. 
14: ഞങ്ങളോടു പങ്കുചേരുക; നമുക്ക്, ഒരു പണസ്സഞ്ചിമാത്രം. 
15: മകനേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ മാര്‍ഗ്ഗത്തില്‍നിന്ന് ഒഴിഞ്ഞുമാറുക. 
16: അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു; ചോരചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. 
17: പക്ഷികാണ്‍കേ, അതിനു വലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ; 
18: ഇവര്‍ പതിയിരിക്കുന്നതു സ്വന്തം രക്തത്തിനുവേണ്ടിയാണ്; സ്വന്തം ജീവനുതന്നെ അവര്‍ കെണിവയ്ക്കുന്നു. 
19: അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതിയിതാണ്; അതവരുടെതന്നെ ജീവനെയപഹരിക്കുന്നു. 

ജ്ഞാനത്തിന്റെ ആഹ്വാനം 

20: ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവളുദ്‌ഘോഷിക്കുന്നു. 
21: കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍ പ്രഖ്യാപിക്കുന്നു; നഗരകവാടങ്ങളില്‍നിന്ന് അവള്‍ സംസാരിക്കുന്നു. 
22: ഭോഷരേ, നിങ്ങള്‍ എത്രനാള്‍ ഭോഷരായിക്കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയുംചെയ്യും? 
23: എന്റെ ശാസന ശ്രദ്ധിക്കുക; എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കു പകര്‍ന്നുതരാം; എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കു മനസ്സിലാക്കിത്തരാം. 
24: ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല. 
25: നിങ്ങള്‍ എന്റെയുപദേശം അപ്പാടെയവഗണിക്കുകയും എന്റെ ശാസന, നിരാകരിക്കുകയുംചെയ്തു. 
26: അതിനാല്‍ ഞാനും നിങ്ങളുടെയനര്‍ത്ഥത്തില്‍ നിങ്ങളെ പരിഹസിക്കും. 
27: പരിഭ്രാന്തി നിങ്ങളെ പിടികൂടി, കൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെ ബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും. 
28: അപ്പോള്‍ അവരെന്നെ വിളിക്കും; ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെയന്വേഷിക്കും; കണ്ടെത്തുകയില്ല. 
29: അവര്‍ അറിവിനെ വെറുത്ത്‌, ദൈവഭക്തിയെ നിരാകരിച്ചു. 
30: അവര്‍ എന്റെയുപദേശം അവഗണിക്കുകയും എന്റെ ശാസന പുച്ഛിക്കുകയുംചെയ്തു. 
31: അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലമനുഭവിക്കും; സ്വന്തം തന്ത്രങ്ങളില്‍ മടുപ്പുതോന്നുകയുംചെയ്യും. 
32: എന്നെ വിട്ടകലുന്നതുമൂലം ശുദ്ധഗതിക്കാര്‍ മൃതിപ്പെടുന്നു; ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെ നശിപ്പിക്കും. 
33: എന്നാല്‍, എന്റെ വാക്കു ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; അവന്‍ തിന്മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.

അദ്ധ്യായം 2

ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍ 

1: മകനേ, എന്റെ വാക്കു കേള്‍ക്കുകയും എന്റെ നിയമം കാത്തുസൂക്ഷിക്കുകയുംചെയ്യുക; 
2: നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെനേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക. 
3: പൊരുളറിയാന്‍വേണ്ടി കേണപേക്ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക. 
4: നീയതിനെ വെള്ളിയെന്നപോലെ തേടുകയും ഗൂഢനിധിയെന്നപോലെ അന്വേഷിക്കുകയുംചെയ്യുക. 
5: അപ്പോള്‍, നീ ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവു നേടുകയും ചെയ്യും. 
6: എന്തെന്നാല്‍, കര്‍ത്താവു ജ്ഞാനംനല്കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു. 
7: അവിടുന്ന്, സത്യസന്ധര്‍ക്കായി അന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു; ധര്‍മ്മിഷ്ഠര്‍ക്ക് അവിടുന്നു പരിചയായി വര്‍ത്തിക്കുന്നു. 
8: അവിടുന്നു നീതിയുടെ മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നു; തന്റെ വിശുദ്ധരുടെ വഴി കാത്തുസൂക്ഷിക്കുന്നു. 
9: അപ്പോള്‍ നീ, നീതിയും ന്യായവും ധര്‍മ്മവും എല്ലാ നല്ലവഴികളും ഗ്രഹിക്കും.   
10: ജ്ഞാനം നിന്റെ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യും. 
11: വിവേചനാശക്തി, നിന്നെ കാത്തുകൊള്ളുകയും അറിവു നിന്നെ സംരക്ഷിക്കുകയും ചെയ്യും. 
12: ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും. 
13: അവരാകട്ടെ ഇരുളിന്റെ വഴികളില്‍ ചരിക്കാന്‍ സത്യസന്ധതയുടെ മാര്‍ഗ്ഗങ്ങളുപേക്ഷിക്കുന്നു. 
14: അവര്‍ തിന്മ ചെയ്യുന്നതില്‍ സന്തോഷിക്കുകയും അതിന്റെ വൈകൃതത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. 
15: അവരുടെ വഴികള്‍ കുടിലമാണ്; അവര്‍ നേര്‍വഴിവിട്ടു നടക്കുന്നു. 
16: നീ ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്, സ്വൈരിണിയുടെ ചാടുവാക്കുകളില്‍നിന്ന് രക്ഷപ്പെടുക. 
17: അവള്‍ തന്റെ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും തന്റെ ദൈവത്തിന്റെ ഉടമ്പടി വിസ്മരിക്കുകയും ചെയ്യുന്നു. 
18: അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ പാത, നിഴലുകളുടെ ലോകത്തിലേക്കു നയിക്കുന്നു. 
19: അവളുടെയടുത്തേക്കുപോകുന്നവര്‍ മടങ്ങിവരുന്നില്ല; ജീവന്റെ വഴികള്‍ വീണ്ടെടുക്കുന്നുമില്ല. 
20: അതിനാല്‍, നീ സജ്ജനങ്ങളുടെ വഴിയില്‍ സഞ്ചരിക്കുക; നീതിമാന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കരുത്. 
21: സത്യസന്ധര്‍ ദേശത്തു വസിക്കുകയും ധര്‍മ്മിഷ്ഠര്‍ അവിടെ നിലനില്ക്കുകയുംചെയ്യും. 
22: ദുഷ്ടരാകട്ടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും; വഞ്ചകര്‍ പിഴുതെറിയപ്പെടും. 
  
അദ്ധ്യായം 3

കര്‍ത്താവിനോടു വിശ്വസ്തത 

1: മകനേ, എന്റെയുപദേശം വിസ്മരിക്കരുത്; നിന്റെ ഹൃദയം, എന്റെ കല്പനകള്‍പാലിക്കട്ടെ. 
2: അവ, നിനക്കു ദീര്‍ഘായുസ്സും സമൃദ്ധമായി ഐശ്വര്യവും നല്കും. 
3: കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക. 
4: അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍, പ്രീതിയും സത്കീര്‍ത്തിയും നേടും. 
5: കര്‍ത്താവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. 
6: നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്നു നിനക്കു വഴിതെളിച്ചുതരും, 
7: ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട്, തിന്മയില്‍നിന്നകന്നുമാറുക. 
8: അതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികള്‍ക്ക് അനായാസതയും നല്കും. 
9: കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. 
10: അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍ സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞു നിറഞ്ഞുകവിയുകയുംചെയ്യും. 
11: കര്‍ത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്. 
12: എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെയെന്നപോലെ, കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശാസിക്കുന്നു. 

ജ്ഞാനം അമൂല്യം 
13: ജ്ഞാനം നേടുന്നവനും അറിവു ലഭിക്കുന്നവനും ഭാഗ്യവാനാണ്. 
14: എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടം, വെള്ളിയെയും സ്വര്‍ണ്ണത്തെയുംകാള്‍ ശ്രേഷ്ഠമാണ്. 
15: അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയാണ്; നിങ്ങള്‍ കാംക്ഷിക്കുന്നതൊന്നും അവള്‍ക്കു തുല്യമല്ല. 
16: അവളുടെ വലത്തുകൈയില്‍ ദീര്‍ഘായുസ്സും ഇടത്തുകൈയില്‍ സമ്പത്തും ബഹുമതിയും സ്ഥിതിചെയ്യുന്നു. 
17: അവളുടെ മാര്‍ഗ്ഗങ്ങള്‍ പ്രസന്നവും സമാധാനപൂര്‍ണ്ണവുമാണ്. 
18: അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്, അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപ്പിടിക്കുന്നവര്‍ സന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു. 
19: കര്‍ത്താവു ജ്ഞാനത്താല്‍ ഭൂമിയെ സ്ഥാപിച്ചു; വിജ്ഞാനത്താല്‍ ആകാശത്തെയുറപ്പിച്ചു. 
20: അവിടുത്തെ വിജ്ഞാനത്താല്‍ സമുദ്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു; മേഘങ്ങള്‍ മഞ്ഞുപൊഴിക്കുന്നു, 
21: മകനേ, അന്യൂനമായ ജ്ഞാനവും വിവേചനാശക്തിയും പുലര്‍ത്തുക; അവ, നിന്റെ ദൃഷ്ടിയില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെ. 
22: അവ, നിന്റെ ആത്മാവിനു ജീവനും കണ്ഠത്തിന് ആഭരണവുമായിരിക്കും. 
24: നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും. 

അയല്‍ക്കാരനോടുള്ള കടമകള്‍ 

25: കിടിലംകൊള്ളിക്കുന്ന സംഭവങ്ങള്‍കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്. 
26: കര്‍ത്താവു നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍, കുടുക്കില്‍പ്പെടാതെ അവിടുന്നു കാത്തുകൊള്ളും. 
27: നിനക്കു ചെയ്യാന്‍കഴിവുള്ള നന്മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്. 
28: അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു, നിന്റെ കൈവശമുണ്ടായിരിക്കേ, പോയി വീണ്ടും വരുക, നാളെത്തരാം എന്നു പറയരുത്. 
29: നിന്നെ വിശ്വസിച്ചു പാര്‍ക്കുന്ന അയല്‍ക്കാരനെ ദ്രോഹിക്കാനാലോചിക്കരുത്. 
30: നിനക്കുപദ്രവം ചെയ്യാത്തവനുമായി കലഹിക്കരുത്. 
31: അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്റെ മാര്‍ഗ്ഗമവലംബിക്കുകയോ അരുത്. 
32: ദുര്‍മാര്‍ഗ്ഗികളെ കര്‍ത്താവു വെറുക്കുന്നു; സത്യസന്ധരോട്, അവിടുന്നു സൗഹൃദംപുലര്‍ത്തുന്നു. 
33: ദുഷ്ടരുടെ ഭവനത്തിന്മേല്‍ കര്‍ത്താവിന്റെ ശാപം പതിക്കുന്നു; എന്നാല്‍, നീതിമാന്മാരുടെ ഭവനത്തെ, അവിടുന്നനുഗ്രഹിക്കുന്നു. 
34: നിന്ദിക്കുന്നവരെ അവിടുന്നു നിന്ദിക്കുന്നു; വിനീതരുടെമേല്‍ കാരുണ്യംപൊഴിക്കുന്നു. 
35: ജ്ഞാനികള്‍ ബഹുമതിയാര്‍ജ്ജിക്കും; ഭോഷര്‍ക്ക് അവമതി ലഭിക്കും.

അദ്ധ്യായം 4

ജ്ഞാനസമ്പാദനം അഭികാമ്യം

1: മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച്, അറിവുനേടുവിന്‍, 
2: ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്. 
3: ഞാന്‍, അമ്മയ്ക്ക് ഏകസന്താനമായി, ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ, 
4: അവന്‍ എന്നെയിപ്രകാരം പഠിപ്പിച്ചു: നിന്റെ ഹൃദയം എന്റെ വാക്കുകള്‍ മുറുകെപ്പിടിക്കട്ടെ; എന്റെ കല്പനകള്‍ പാലിച്ചാല്‍, നീ ജീവിക്കും. 
5: വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക; എന്റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്. 
6: ജ്ഞാനമുപേക്ഷിക്കരുത്; അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക; അവള്‍ നിന്നെ സംരക്ഷിക്കും. 
7: ജ്ഞാനം സമ്പാദിക്കുകയാണു സര്‍വ്വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. 
8: അവളെ അമൂല്യമായി കരുതുക; അവള്‍ നിനക്കുയര്‍ച്ച നല്കും. അവളെപ്പുണരുക; അവള്‍ നിന്നെയാദരിക്കും. 
9: അവള്‍ നിന്റെ ശിരസ്സില്‍, മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്റെ കിരീടം നല്കും. 
10: മകനേ, എന്റെ വാക്ക്, നിന്റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും. 
11: ഞാന്‍ ജ്ഞാനത്തിന്റെ വഴി നിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു. 
12: നടക്കുമ്പോള്‍ നിന്റെ കാലിടറുകയില്ല. ഓടുമ്പോള്‍ വീഴുകയുമില്ല.
13: എന്റെ ഉപദേശം മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക; അതു നിന്റെ ജീവനാണ്. 
14: ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്; ദുര്‍ജ്ജനങ്ങളുടെ മാര്‍ഗ്ഗത്തില്‍ ചരിക്കയുമരുത്. 
15: അതില്‍നിന്നൊഴിഞ്ഞു നില്ക്കുക; അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന്, അകന്നുമാറി കടന്നുപോവുക. 
16: എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്കുറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്ര നഷ്ടപ്പെടുന്നു. 
17: കാരണം, അവര്‍ ദുഷ്ടതയുടെ അപ്പം ഭക്ഷിക്കുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയുംചെയ്യുന്നു. 
18: എന്നാല്‍, നീതിമാന്മാരുടെ പാത, പൂര്‍വാഹ്നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
19: ദുഷ്ടരുടെ മാര്‍ഗ്ഗം, സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ. 
20: മകനേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; എന്റെ മൊഴികള്‍ക്കു ചെവിതരുക. 
21: അവ, നിന്റെ ദൃഷ്ടിപഥത്തില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെ; അവ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക. 
22: എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ജീവനും, അവന്റെ ശരീരത്തിന് ഔഷധവുമാണ്. 
23: നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍നിന്നാണൊഴുകുന്നത്. 
24: വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക. 
25: നിന്റെ ദൃഷ്ടി അവക്രമായിരിക്കട്ടെ; നിന്റെ നോട്ടം മുമ്പോട്ടു മാത്രമായിരിക്കട്ടെ. 
26: നീ നടക്കുന്ന വഴികള്‍ ഉത്തമമെന്നുറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും. 
27: വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; തിന്മയില്‍ കാലൂന്നുകയുമരുത്. 

നൂറ്റിയെഴുപത്തിയെട്ടാം ദിവസം: സങ്കീര്‍ത്തനം 144 - 150


അദ്ധ്യായം 144

കര്‍ത്താവിന്റെയനുഗ്രഹംലഭിച്ച ജനത
ദാവീദിന്റെ സങ്കീർത്തനം
1: എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയും അവിടുന്നു പരിശീലിപ്പിക്കുന്നു. 
2: അവിടുന്നാണെന്റെ അഭയശിലയും ദുര്‍ഗ്ഗവും ശക്തികേന്ദ്രവുംഎന്റെ വിമോചകനും പരിചയുമായ അങ്ങയില്‍ ഞാനാശ്രയിക്കുന്നുഅവിടുന്നു ജനതകളെക്കീഴടക്കുന്നു. 
3: കര്‍ത്താവേഅവിടുത്തെ ചിന്തയില്‍വരാന്‍ മര്‍ത്ത്യനെന്തു മേന്മയുണ്ട്അവിടുത്തെ പരിഗണനലഭിക്കാന്‍, മനുഷ്യപുത്രനെന്തര്‍ഹതയുണ്ട്? 
4: മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു. 
5: കര്‍ത്താവേഅങ്ങ്, ആകാശം ചായിച്ചിറങ്ങിവരണമേ! പര്‍വ്വതങ്ങളെ സ്പര്‍ശിക്കണമേ! അവ പുകയട്ടെ! 
6: ഇടിമിന്നലയച്ച് അവരെച്ചിതറിക്കണമേ! അസ്ത്രങ്ങളയച്ച്, അവരെത്തുരത്തണമേ! 
7: ഉന്നതത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കണമേ! പെരുവെള്ളത്തില്‍നിന്ന്ജനതകളുടെ കൈയില്‍നിന്ന്എന്നെ രക്ഷിക്കണമേ! 
8: അവരുടെ നാവു വ്യാജംപറയുന്നുഅവര്‍ വലത്തുകൈയുയര്‍ത്തി, കള്ളസത്യംചെയ്യുന്നു. 
9: ദൈവമേഞാനങ്ങേയ്ക്കു പുതിയകീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെ ഞാനങ്ങയെപ്പുകഴ്ത്തും. 
10: അങ്ങാണു രാജാക്കന്മാര്‍ക്കു വിജയംനല്കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയുംചെയ്യുന്നത്. 
11: ക്രൂരമായ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ജനതകളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! അവരുടെ നാവു വ്യാജംപറയുന്നുഅവര്‍ വലതുകൈയുയര്‍ത്തി കള്ളസത്യംചെയ്യുന്നു. 
12: ഞങ്ങളുടെ പുത്രന്മാര്‍ മുളയിലേ തഴച്ചുവളരുന്ന സസ്യംപോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനുവേണ്ടി കൊത്തിയെടുത്ത സ്തംഭംപോലെയുമായിരിക്കട്ടെ! 
13: ഞങ്ങളുടെ അറപ്പുരകള്‍ എല്ലാത്തരം ധാന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കട്ടെ! ഞങ്ങളുടെ ആടുകള്‍, ഞങ്ങളുടെ വയലുകളില്‍ ആയിരങ്ങളും പതിനായിരങ്ങളുമായിപ്പെരുകട്ടെ! 
14: ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ വര്‍ദ്ധിക്കട്ടെ! ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ! 
15: ഇപ്രകാരം അനുഗ്രഹംലഭിച്ചജനത ഭാഗ്യമുള്ളത്കര്‍ത്താവു ദൈവമായുള്ളജനത, ഭാഗ്യമുള്ളത്. 

അദ്ധ്യായം 145

കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍
കീർത്തനഗീതം. ദാവീദ് രചിച്ചത്.
1: എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുംഞാനങ്ങയുടെ നാമത്തെ എന്നേയ്ക്കും വാഴ്ത്തും. 
2: അനുദിനം ഞാനങ്ങയെ പുകഴ്ത്തുംഅങ്ങയുടെ നാമത്തെ എന്നേയ്ക്കും വാഴ്ത്തും. 
3: കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. 
4: തലമുറ തലമുറയോട്, അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കുംഅങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. 
5: അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണ്ണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. 
6: അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കുംഞാനങ്ങയുടെ മഹത്വം വിളംബരംചെയ്യും.
7: അവിടുത്തെ സമൃദ്ധമായ നന്മയുടെ പ്രശസ്തി, അവര്‍ വിളിച്ചറിയിക്കുംഅങ്ങയുടെ നീതിയെപ്പറ്റി അവരുച്ചത്തില്‍പ്പാടും.
8: കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
9: കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്തന്റെ സര്‍വ്വസൃഷ്ടിയുടെയുംമേല്‍ അവിടുന്നു കരുണചൊരിയുന്നു.
10: കര്‍ത്താവേഅവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുംഅങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
11: അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കുംഅവിടുത്തെ ശക്തിയെ അവര്‍ വര്‍ണ്ണിക്കും.  
12: അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണ്ണമായ പ്രതാപവും മനുഷ്യമക്കളെ അവരറിയിക്കും.
13: അവിടുത്തെ രാജത്വം ശാശ്വതമാണ്അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നുകര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
14: കര്‍ത്താവു വീഴുന്നവരെ താങ്ങുന്നുനിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.
15: എല്ലാവരും അങ്ങയില്‍ ദൃഷ്ടിപതിച്ചിരിക്കുന്നുഅങ്ങവര്‍ക്കു യഥാസമയം ആഹാരം കൊടുക്കുന്നു.
16: അവിടുന്നു കൈതുറന്നുകൊടുക്കുന്നുഎല്ലാവരും സംതൃപ്തരാകുന്നു.
17: കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണ്ണവുമാണ്.
18: തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്കര്‍ത്താവു സമീപസ്ഥനാണ്.
19: തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നുഅവിടുന്നവരുടെ നിലവിളികേട്ട്, അവരെ രക്ഷിക്കുന്നു.
20: തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവു പരിപാലിക്കുന്നുഎന്നാല്‍, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും. 
21: എന്റെ വായ്, കര്‍ത്താവിന്റെ സ്തുതികള്‍പാടുംഎല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ എന്നേയ്ക്കും വാഴ്ത്തട്ടെ! 


അദ്ധ്യായം 146

കര്‍ത്താവുമാത്രമാണു രക്ഷകന്‍

1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേകര്‍ത്താവിനെ സ്തുതിക്കുക.
2: ആയുഷ്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുംജീവിതകാലംമുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും. 
3: രാജാക്കന്മാരില്‍, സഹായിക്കാന്‍കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്.
4: അവന്‍ മണ്ണിലേക്കു മടങ്ങുന്നുഅന്നവന്റെ പദ്ധതികള്‍ മണ്ണടിയുന്നു.
5: യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍, ഭാഗ്യവാന്‍.  
6: അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.
7: മര്‍ദ്ദിതര്‍ക്ക് അവിടുന്നു നീതിനടത്തിക്കൊടുക്കുന്നുവിശക്കുന്നവര്‍ക്ക്, അവിടുന്നാഹാരം നല്കുന്നുകര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
8: കര്‍ത്താവ്, അന്ധരുടെ കണ്ണു തുറക്കുന്നുഅവിടുന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നുഅവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
9: കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നുവിധവകളെയും അനാഥരെയും സംരക്ഷിക്കുന്നുഎന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു.
10: കര്‍ത്താവെന്നേയ്ക്കും വാഴുന്നുസീയോനേനിന്റെ ദൈവം തലമുറകളോളം വാഴുംകര്‍ത്താവിനെ സ്തുതിക്കുവിന്‍.

അദ്ധ്യായം 147

സര്‍വ്വശക്തനായ ദൈവം

1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നതെത്രയുചിതം! കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത്, ഉചിതംതന്നെ.
2: കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നുഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്നൊരുമിച്ചുകൂട്ടുന്നു.  
3: അവിടുന്നു ഹൃദയംതകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
4: അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; അവയോരോന്നിനും പേരിടുന്നു.
5: നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6: കര്‍ത്താവ്, എളിയവരെ ഉയര്‍ത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു.
7: കര്‍ത്താവിനു കൃതജ്ഞതാഗാനമാലപിക്കുവിന്‍; കിന്നരംമീട്ടി, നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
8: അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നുഭൂമിയ്ക്കായി അവിടുന്നു മഴയൊരുക്കുന്നുഅവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു.
9: മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അവിടുന്നാഹാരംകൊടുക്കുന്നു.
10: പടക്കുതിരയുടെ ബലത്തില്‍ അവിടുന്നു സന്തോഷിക്കുന്നില്ലഓട്ടക്കാരന്റെ ശീഘ്രതയില്‍ അവിടുന്നു പ്രസാദിക്കുന്നില്ല.
11: തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുകയുംചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്.  
12: ജറുസലെമേകര്‍ത്താവിനെ സ്തുതിക്കുകസീയോനേനിന്റെ ദൈവത്തെ പുകഴ്ത്തുക.
13: നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നുനിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്നനുഗ്രഹിക്കുന്നു.
14: അവിടുന്നു നിന്റെ അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കുന്നുഅവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെ തൃപ്തയാക്കുന്നു.
15: അവിടുന്നു ഭൂമിയിലേക്കു കല്പനയയയ്ക്കുന്നുഅവിടുത്തെ വചനം പാഞ്ഞുവരുന്നു.
16: അവിടുന്ന്, ആട്ടിന്‍രോമംപോലെ മഞ്ഞുപെയ്യിക്കുന്നുചാരംപോലെ ഹിമധൂളി വിതറുന്നു.
17: അവിടുന്ന് അപ്പക്കഷണംപോലെ ആലിപ്പഴം പൊഴിക്കുന്നുഅവിടുന്നയയ്ക്കുന്ന തണുപ്പ്, ആര്‍ക്കു സഹിക്കാനാവും?.
18: അവിടുന്നു കല്പനയയച്ച്, അതിനെ ഉരുക്കിക്കളയുന്നുഅവിടുന്നു കാറ്റിനെയയയ്ക്കുമ്പോള്‍ ജലമൊഴുകിപ്പോകുന്നു.
19: അവിടുന്നു യാക്കോബിനു തന്റെ കല്പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.  
20: മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്നിങ്ങനെ ചെയ്തിട്ടില്ലഅവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്കജ്ഞാതമാണ്കര്‍ത്താവിനെ സ്തുതിക്കുവിന്‍.

അദ്ധ്യായം 148

ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ

1: കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
2: കര്‍ത്താവിന്റെ ദൂതന്മാരേഅവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെഅവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്മാരേഅവിടുത്തെ സ്തുതിക്കുവിന്‍; .
3: മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേകര്‍ത്താവിനെ സ്തുതിക്കുവിന്‍;  
4: ആകാശത്തിനുമേലുള്ള ജലസഞ്ചയമേ, അവിടുത്തെ സ്തുതിക്കുവിന്‍.
5: അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെഎന്തെന്നാല്‍, അവിടുന്നു കല്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു.
6: അവയെ അവിടുന്ന്, എന്നേയ്ക്കും സുസ്ഥിരമാക്കിഅലംഘനീയമായ അതിര്‍ത്തികള്‍ അവിടുന്നവയ്ക്കു നിശ്ചയിച്ചു.
7: ഭൂമിയില്‍നിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേഅഗാധങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
8: അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ കല്പനയനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ!
9: പര്‍വ്വതങ്ങളും മലകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും .
10: വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും,
11: ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും ഭരണാധികാരികളും,
12: യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
13: കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതംഅവിടുത്തെ മഹത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉന്നതമാണ്.
14: അവിടുന്നു തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പുയര്‍ത്തിയിരിക്കുന്നുതന്നോടു ചേര്‍ന്നുനില്ക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍. 

അദ്ധ്യായം 149

വിജയഗീതം

1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനമാലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
2: ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവിലാനന്ദിക്കട്ടെ! 
3: നൃത്തംചെയ്തുകൊണ്ട് അവരവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവരവിടുത്തെ സ്തുതിക്കട്ടെ!
4: എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നുഎളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. 
5: വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ! .
6: അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതിയുയരട്ടെഅവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈകളിലേന്തട്ടെ;  
7: രാജ്യങ്ങളോടു പ്രതികാരംചെയ്യാനും ജനതകള്‍ക്കു ശിക്ഷനല്കാനുംതന്നെ.
8: അവരുടെ രാജാക്കന്മാരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്ധിക്കട്ടെ! .
9: എഴുതപ്പെട്ടിരിക്കുന്ന വിധി അവരുടെമേല്‍ നടത്തട്ടെ! അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്. കര്‍ത്താവിനെ സ്തുതിക്കുവിന്‍. 

അദ്ധ്യായം 150

സര്‍വ്വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!

1: കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണ്ണമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
2: ശക്തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.
3: കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവുംമീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
4: തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്, അവിടുത്തെ സ്തുതിക്കുവിന്‍.
5: കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
6: സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.