ഇരുന്നൂറ്റിയെണ്‍പത്തിരണ്ടാം ദിവസം: മത്തായി 27 - 28


അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
1: പ്രഭാതമായപ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്, അവനെതിരേ കൂടിയാലോചന നടത്തി.
2: അവരവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധികാരിയായ പീലാത്തോസിനെയേല്പിച്ചു.

യൂദാസിന്റെ അന്ത്യം
3: അപ്പോൾ, അവനെയൊറ്റിക്കൊടുത്ത യൂദാസ്, അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മനസ്സുമാറ്റി, ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും തിരിച്ചേല്പിച്ചുകൊണ്ടു പറഞ്ഞു:
4: നിഷ്കളങ്കരക്തം ഒറ്റിക്കൊടുത്ത്, ഞാന്‍ പാപംചെയ്തിരിക്കുന്നു. അവരവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
5: വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്, അവന്‍ തിരിച്ചുപോയി തൂങ്ങിമരിച്ചു.
6: പ്രധാനപുരോഹിതന്മാര്‍ ആ വെള്ളിനാണയങ്ങളെടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് അനുവദനീയമല്ല.
7: അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണംകൊടുത്ത്, പരദേശികളെ സംസ്കരിക്കാന്‍ കുശവന്റെ നിലം വാങ്ങി.
8: അതിന്നും രക്തനിലം എന്നറിയപ്പെടുന്നു.
9: പ്രവാചകനായ ജറെമിയാവഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍മക്കള്‍ നിശ്ചയിച്ച മുപ്പതു വെള്ളിനാണയങ്ങളെടുത്ത്,
10: കര്‍ത്താവെന്നോടു കല്പിച്ചതുപോലെ അവര്‍ കുശവന്റെ നിലത്തിനായിക്കൊടുത്തു.

വിചാരണയും വിധിയും
11: 
അപ്പോൾ, യേശു ദേശാധികാരിയുടെ മുമ്പില്‍നിന്നു. ദേശാധികാരി ചോദിച്ചു: നീ യഹൂദന്മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീതന്നെ പറയുന്നുവല്ലോ.
12: പ്രധാനപുരോഹിതന്മാരും പ്രമാണികളും അവന്റെമേല്‍ കുറ്റമാരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
13: 
അപ്പോൾ, പീലാത്തോസ് വീണ്ടും ചോദിച്ചു: അവരെന്തെല്ലാംകാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നെന്നു നീ കേള്‍ക്കുന്നില്ലേ?
14: എന്നാല്‍, അവന്‍ ഒരാരോപണത്തിനും മറുപടിപറഞ്ഞില്ല. തത്ഫലമായി, ദേശാധികാരി അത്യധികമാശ്ചര്യപ്പെട്ടു.
15: ജനക്കൂട്ടമാഗ്രഹിക്കുന്ന ഒരു തടവുകാരനെ, ദേശാധികാരി 
അവര്‍ക്കു തിരുനാളില്‍ വിട്ടുകൊടുക്കുക പതിവായിരുന്നു.
16: അന്നവര്‍ക്ക്, ബറാബ്ബാസ് എന്നുപേരുള്ള ഒരു കുപ്രസിദ്ധ തടവുപുള്ളിയുണ്ടായിരുന്നു.
17: അതുകൊണ്ട്, അവരൊരുമിച്ചുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
18: എന്തെന്നാൽ, അസൂയനിമിത്തമാണ് അവരവനെ ഏല്പിച്ചുകൊടുത്തതെന്ന് അവനറിഞ്ഞിരുന്നു.
19: മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ, അവന്റെയടുത്തേക്ക് ആളയച്ചറിയിച്ചു: ആ നീതിമാന്റെ കാര്യത്തിലിടപെടരുത്. 
എന്തെന്നാൽ, അവന്‍മൂലം സ്വപ്നത്തില്‍ ഞാനിന്നു വളരെയേറെ ക്ലേശിച്ചു.
20: പ്രധാനപുരോഹിതന്മാരും പ്രമാണികളും, ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ ഇല്ലാതാക്കാനുമാവശ്യപ്പെടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.
21: ദേശാധികാരി വീണ്ടുമവരോടു ചോദിച്ചു: ഇവർ രണ്ടുപേരിലാരെ വിട്ടുതരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. 
22: പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
23: അവനവരോടു ചോദിച്ചു: അവനെന്തു തിന്മയാണുചെയ്തത്?അപ്പോളവര്‍ കൂടുതലുച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവൻ ക്രൂശിക്കപ്പെടട്ടെ.
24: ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നുമുണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ്, വെള്ളമെടുത്ത്, ജനക്കൂട്ടത്തിന്റെ മുമ്പില്‍വച്ചു കൈകഴുകിക്കൊണ്ടു പറഞ്ഞു: ഈ മനുഷ്യന്റെ രക്തത്തില്‍ ഞാൻ നിർദ്ദോഷിയാണ്. ബാക്കി നിങ്ങളുടെ കാര്യം.
25: അപ്പോള്‍ ജനംമുഴുവന്‍ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലുമായിക്കൊള്ളട്ടെ!
26: അപ്പോളവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
27: അനന്തരം, ദേശാധികാരിയുടെ പടയാളികള്‍, 
പ്രത്തോറിയത്തിലേക്ക് യേശുവിനെക്കൊണ്ടുപോയി. സൈന്യവിഭാഗംമുഴുവന്‍ അവനുചുറ്റും ഒരുമിച്ചുകൂടി.
28: അവര്‍, അവന്റെ വസ്ത്രമുരിഞ്ഞുമാറ്റി, ഒരു ചെമന്നമേലങ്കി പുതപ്പിച്ചു.
29: ഒരു മുള്‍ക്കിരീടംമെടഞ്ഞ്, അവന്റെ ശിരസ്സില്‍വച്ചു. വലത്തുകൈയില്‍ ഒരു ഞാങ്ങണയുംകൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് അവരവനെ പരിഹസിച്ചു.
30: അവര്‍, അവന്റെമേല്‍ തുപ്പുകയും ഞാങ്ങണയെടുത്ത് അവന്റെ ശിരസ്സിലടിക്കുകയും ചെയ്തു.
31: അവനെ പരിഹസിച്ചതിനുശേഷം മേലങ്കിയെടുത്തുമാറ്റി, അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച്, കുരിശില്‍ത്തറയ്ക്കാന്‍ കൊണ്ടുപോയി.

യേശുവിനെ കുരിശില്‍ത്തറയ്ക്കുന്നു
32: അവര്‍ പോകുന്നവഴി ശിമയോനെന്ന ഒരു സൈറീൻകാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശുചുമക്കാന്‍ അവരിവനെ നിര്‍ബന്ധിച്ചു.
33: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍
34: അവരവനു കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍കൊടുത്തു. അവനതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാനിഷ്ടപ്പെട്ടില്ല.
35: അവനെ കുരിശില്‍ത്തറച്ചതിനുശേഷം, അവരവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
36: അനന്തരം, അവരവിടെ അവനു കാവലിരുന്നു.
37: ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന അവന്റെ കുറ്റപത്രം, അവരവന്റെ ശിരസ്സിനുമുകളില്‍ എഴുതിവച്ചു.
38: അവനോടുകൂടെ രണ്ടു കള്ളന്മാരെയും അവര്‍ കുരിശില്‍ത്തറച്ചു - ഒരുവനെ വലത്തും അപരനെ ഇടത്തും.
39: അതിലെ കടന്നുപോയവര്‍ തലകുലുക്കിക്കൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു:
40: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ട്, അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരുക.
41: അപ്രകാരംതന്നെ പ്രധാനപുരോഹിതന്മാര്‍ നിയമജ്ഞരോടും ശ്രേഷ്ഠരോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, ഇപ്പോൾ കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍, ഇവനില്‍ വിശ്വസിക്കാം.
43: ഇവന്‍ ദൈവത്തിലാശ്രയിച്ചു. ദൈവത്തിനുവേണമെങ്കില്‍ ഇപ്പോളിവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണെന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
44: അവനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരും ഇപ്രകാരംതന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
45: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരംവ്യാപിച്ചു.
46: ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീയെന്നെയുപേക്ഷിച്ചു?
47: അടുത്തു നിന്നിരുന്നവരില്‍ച്ചിലർ, ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48: ഉടനെ അവരിലൊരാള്‍ ഓടിച്ചെന്ന്, നീര്‍പ്പഞ്ഞിയെടുത്തു ചവർപ്പുള്ളവീഞ്ഞിൽമുക്കി, ഒരു ഞാങ്ങണമേല്‍ച്ചുറ്റി, അവനു കുടിക്കാന്‍കൊടുത്തു.
49: അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്ക്കൂ, ഏലിയാവന്ന് അവനെ രക്ഷിക്കുമോയെന്നു നമുക്കു കാണാം.
50: യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണൻവെടിഞ്ഞു.
51: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകള്‍മുതല്‍ അടിവരെ രണ്ടായിക്കീറി; ഭൂമികുലുങ്ങി; പാറകള്‍ പിളര്‍ന്നു; 
52:
 ശവകുടീരങ്ങള്‍ തുറക്കപ്പെടുകയും നിദ്രപ്രാപിച്ച, അനേകം വിശുദ്ധരുടെ ശരീരങ്ങളുയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
53: അവന്റെ ഉത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്, വിശുദ്ധനഗരത്തില്‍ പ്രവേശിച്ച്, പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.
54: യേശുവിനു കാവല്‍നിന്നിരുന്ന ശതാധിപനും അവന്റെകൂടെയുണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളുംകണ്ട്, അത്യധികം ഭയപ്പെട്ടു
പറഞ്ഞു: സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു.
55: ഗലീലിയില്‍നിന്ന് യേശുവിനെയനുഗമിച്ചവരും അവനു ശുശ്രൂഷചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടുനിന്നിരുന്നു.
56: അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയുമുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
57: വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
58: അവന്‍ പീലാത്തോസിന്റെയടുത്തുചെന്ന്, യേശുവിന്റെ ശരീരമാവശ്യപ്പെട്ടു. അതവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്പിച്ചു.
59: ജോസഫ് ശരീരമെടുത്തു വൃത്തിയുള്ളൊരു തുണിയില്‍പ്പൊതിഞ്ഞ്,
60: പാറയില്‍വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി.
61: മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരത്തിനഭിമുഖമായി അവിടെയിരിക്കുന്നുണ്ടായിരുന്നു.

കല്ലറയ്ക്കു കാവല്‍
62: പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിനുശേഷം, പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെയടുക്കല്‍ ഒരുമിച്ചുകൂടി.
63: അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസംകഴിഞ്ഞു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞതു ഞങ്ങളിപ്പോളോര്‍മ്മിക്കുന്നു.
64: അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താനാജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തെന്നു ജനങ്ങളോടു പറയുകയുംചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെച്ചതി, ആദ്യത്തേതിനെക്കാള്‍ ദോഷകരമായിത്തീരുകയും ചെയ്യും.
65: പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്കൊരു കാവല്‍സേനയുണ്ടല്ലോ, നിങ്ങൾപോയി ആവുംവിധം ഭദ്രമാക്കുവിൻ.
66: അവര്‍പോയി കല്ലിനുമുദ്രവച്ച്, കാവല്‍ക്കാരിലൂടെ കല്ലറ ഭദ്രമാക്കി.

അദ്ധ്യായം 28

പുനരുത്ഥാനം
1: സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാംദിവസംപുലരുമ്പോൾ, മഗ്ദലേനമറിയവും മറ്റേമറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.
2: അപ്പോള്‍ വലിയൊരു ഭൂകമ്പമുണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേലിരുന്നു.
3: അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4: അവനെക്കുറിച്ചുള്ള ഭയംനിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ടു മരിച്ചവരെപ്പോലെയായി.
5: ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
6: അവനിവിടെയില്ല; താനരുൾചെയ്തപേലെ അവനുയിര്‍പ്പിക്കപ്പെട്ടു.
7: അവന്‍കിടന്ന സ്ഥലം വന്നുകാണുവിന്‍. വേഗംപോയി അവന്റെ ശിഷ്യന്മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങളവനെ കാണുമെന്നും പറയുവിന്‍. ഇതാ, ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8: അവര്‍ വേഗം കല്ലറവിട്ട്, ഭയത്തോടും വലിയസന്തോഷത്തോടുംകൂടെ അവന്റെ ശിഷ്യന്മാരെ വിവരമറിയിക്കാനോടി.
9: അപ്പോള്‍ യേശു, അവർക്കെതിരേ വന്ന്, നിങ്ങൾക്കഭിവാദനങ്ങൾ എന്നു പറഞ്ഞു. അവരവനെ സമീപിച്ച്, പാദങ്ങളില്‍ കെട്ടിപ്പിടിച്ചാരാധിച്ചു.
10: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെയവര്‍ എന്നെക്കാണുമെന്നും പറയുക.

കാവല്‍ക്കാരുടെ വ്യാജപ്രസ്താവന
11: അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ച്ചിലര്‍ പട്ടണത്തില്‍ച്ചെന്നു സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെയറിയിച്ചു.
12: അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്രപണംകൊടുത്തിട്ടു പറഞ്ഞു:
13: ഞങ്ങളുറങ്ങിയപ്പോള്‍, രാത്രി അവന്റെ ശിഷ്യന്മാര്‍വന്ന്, അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍.
14: ദേശാധികാരിയുടെ ചെവിയിലെത്തിയാൽ, ഞങ്ങളവനെ സ്വാധീനിച്ച് നിങ്ങള്‍ക്കുപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15: അവര്‍ പണംവാങ്ങി, നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഈ കഥ, ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം
16: അനന്തരം, യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി.
17: അവനെക്കണ്ടപ്പോള്‍ അവരവനെയാരാധിച്ചു. ചിലരാകട്ടെ, സംശയിച്ചു.
18: യേശു അവരെ സമീപിച്ച്, അരുൾചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19: ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
20: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും.

ഇരുന്നൂറ്റിയെണ്‍പത്തൊന്നാം ദിവസം: മത്തായി 26


അദ്ധ്യായം 26

യേശുവിനെ വധിക്കാന്‍ ആലോചന
1: അങ്ങനെ, യേശു ഈ വചനങ്ങളെല്ലാമവസാനിപ്പിച്ചപ്പോൾ തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
2: രണ്ടു ദിവസംകഴിഞ്ഞ്, പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്പിക്കപ്പെടും.
3: പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരുള്ള മഹാപുരോഹിതന്റെ കൊട്ടാരത്തില്‍ സമ്മേളിച്ച്,
4: യേശുവിനെ ചതിവില്‍പ്പിടികൂടി വധിക്കേണ്ടതെങ്ങനെയെന്നാലോചിച്ചു.
5: അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം
6: യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിലിരിക്കുമ്പോള്‍,
7: വിലയേറിയ സുഗന്ധതൈലംനിറച്ച ഒരു വെണ്‍കല്പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം, അവന്റെ ശിരസ്സിലൊഴിച്ചു.
8: ഇതുകണ്ട ശിഷ്യന്മാര്‍ നീരസത്തോടെ പറഞ്ഞു: എന്തിനീ പാഴ്‌ചെലവ്?
9: എന്തെന്നാൽ ഇതു നല്ലവിലയ്ക്കു വിറ്റ്, ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ?
10: യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങളീ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവളെനിക്കുവേണ്ടി, ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു.
11: കാരണം, ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല.
12: അതിനാൽ എന്നെ സംസ്കരിക്കുന്നതിനുള്ള ഒരുക്കമായാണ്, ഇവള്‍ എന്റെ ശരീരത്തില്‍ തൈലംപൂശിയത്.
13: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സദ്‌വാർത്ത പ്രഘോഷിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന
14: പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്കറിയോത്താ, പ്രധാനപുരോഹിതന്മാരുടെയടുത്തുചെന്നു ചോദിച്ചു:
15: ഞാനവനെ നിങ്ങള്‍ക്കേല്പിച്ചുതന്നാല്‍ നിങ്ങളെനിക്കെന്തു തരും? അവർ, മുപ്പതുവെള്ളിക്കാശിന്, അവനുമായി കരാറുറപ്പിച്ചു. 
16: അപ്പോള്‍മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരമന്വേഷിച്ചുകൊണ്ടിരുന്നു.

പെസഹാ ആചരിക്കുന്നു
17: പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം ശിഷ്യന്മാര്‍ യേശുവിന്റെയടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ, എവിടെ ഞങ്ങളൊരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
18: അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍പ്പോയി, നിർദ്ദേശിക്കപ്പെട്ടയാളുടെ അടുത്തുചെന്നു പറയുക: ഗുരു പറയുന്നു, എന്റെസമയമടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെയടുക്കലാണ്, പെസഹായാചരിക്കുന്നത്.
19: യേശു നിര്‍ദ്ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹായൊരുക്കി.
20: വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരോടൊത്ത്, ഭക്ഷണത്തിനിരുന്നു.
21: ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെയൊറ്റിക്കൊടുക്കും.
22: അവര്‍ അതീവം ദുഃഖിതരായി; കര്‍ത്താവേ, അതു ഞാനല്ലല്ലോയെന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍തുടങ്ങി.
23: അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍തന്നെ, എന്നെയൊറ്റിക്കൊടുക്കും.
24: മനുഷ്യപുത്രന്‍, അവനെക്കുറിച്ച്, എഴുതപ്പെട്ടിരിക്കുന്നതുപോലെ കടന്നുപോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആരൊറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!
25: അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനല്ലല്ലോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

പുതിയ ഉടമ്പടി
26: അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, യേശു അപ്പമെടുത്ത്, വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ടരുൾചെയ്തു: എടുത്തുഭക്ഷിക്കുവിന്‍; ഇതെന്റെ ശരീരമാകുന്നു.
27: അനന്തരം പാനപാത്രമെടുത്തു കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍.
28: എന്തെന്നാൽ, ഇതു പാപമോചനത്തിന്, അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ എന്റെ രക്തമാണ്.
29: ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു പുതുതായി ഇതു പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.
30: സ്‌തോത്രഗീതമാലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും
31: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങളെല്ലാവരും എന്നിലിടറും. എന്തെന്നാൽ, ഞാനിടയനെയടിക്കും; ആട്ടിൻപറ്റം ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.
32: എന്നാല്‍, ഞാനുയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
33: അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നിലിടറിയാലും ഞാനൊരിക്കലും ഇടറുകയില്ല.
34: യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി, കോഴി കൂകുന്നതിനുമുമ്പ്, നീയെന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും.
35: പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിച്ചുപറയുകയില്ല. ഇങ്ങനെതന്നെ ശിഷ്യന്മാരെല്ലാവരും പറഞ്ഞു.

ഗത്സേമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
36: അനന്തരം, യേശു അവരോടൊത്തു ഗത്സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഞാനവിടെപ്പോയി പ്രാര്‍ത്ഥിക്കുവോളം, നിങ്ങളിവിടെയിരിക്കുക.
37: അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും വ്യാകുലപ്പെടാനുംതുടങ്ങി.
38: അവനവരോടു പറഞ്ഞു: എന്റെയാത്മാവ്, തീവ്രദുഃഖത്താല്‍ മരണത്തോളമെത്തിയിരിക്കുന്നു. നിങ്ങളിവിടെ എന്നോടൊത്ത്, ഉണര്‍ന്നിരിക്കുക.
39: അവന്‍ അല്പദൂരം മുന്നോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, സാദ്ധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ. എങ്കിലും ഞാനിച്ഛിക്കുന്നപോലെയല്ല; നീയിച്ഛിക്കുന്നപോലെയാകട്ടെ.
40: അനന്തരം അവന്‍ ശിഷ്യന്മാരുടെയടുത്തേക്കുവന്നു. അപ്പോള്‍ അവരുറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂറുണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?
41: പ്രലോഭനത്തിലകപ്പെടാതിരിക്കാന്‍ നിങ്ങളുണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവു സന്നദ്ധം; ശരീരം ദുർബ്ബലം.
42: രണ്ടാംപ്രാവശ്യവും അവന്‍പോയി പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകാൻസാദ്ധ്യമല്ലെങ്കില്‍ നിന്റെ ഹിതം ഭവിക്കട്ടെ!
43: അവന്‍ വീണ്ടുംവന്നപ്പോള്‍, അവരുറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.
44: അവന്‍ മൂന്നാംപ്രാവശ്യവും അവരെവിട്ടുപോയി, അതേ വാക്കുകൾപറഞ്ഞു പ്രാര്‍ത്ഥിച്ചു.
45:അനന്തരം, അവന്‍ ശിഷ്യന്മാരുടെയടുത്തുവന്നു പറഞ്ഞു: നിങ്ങളിനിയും ഉറങ്ങി വിശ്രമിച്ചുകൊള്ളുക. ഇതാ, സമയമടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളിലേല്പിക്കപ്പെടുന്നു.
46: എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെയൊറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ, പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയുമടുക്കല്‍നിന്ന്, വാളുകളും വടികളുമായി വലിയൊരു ജനക്കൂട്ടവും വന്നിരുന്നു.
48: ഒറ്റുകാരന്‍ അവര്‍ക്ക്, ഈയടയാളം നല്കിയിരുന്നു. ഞാനാരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെപ്പിടിച്ചുകൊള്ളുക.
49: അവന്‍ പെട്ടെന്ന്, യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നുപറഞ്ഞ് അവനെ ചുംബിച്ചു.
50: യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീയെന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്ന്, യേശുവിനെപ്പിടിച്ചു.
51: യേശുവിനോടുകൂടെയുണ്ടായിരുന്നവരിലൊരുവന്‍ കൈനീട്ടി വാളൂരി, പ്രധാനപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി, ഛേദിച്ചുകളഞ്ഞു.
52: യേശു അവനോടു പറഞ്ഞു: വാളുറയിലിടുക; എന്തെന്നാൽ വാളെടുക്കുന്നവരെല്ലാം വാളാല്‍ നശിക്കും.
53: എനിക്ക്, എന്റെ പിതാവിനോടപേക്ഷിക്കാന്‍കഴിയുകയില്ലെന്നും ഉടന്‍തന്നെ അവിടുന്നെനിക്കു തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
54: അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന ലിഖിതങ്ങൾ എങ്ങനെ നിറവേറും?
55: ആ സമയത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേയെന്നപോലെ വാളുകളും വടികളുമായി നിങ്ങളെന്നെ ബന്ധിക്കാന്‍വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങളെന്നെപ്പിടിച്ചില്ല.
56: പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ ശിഷ്യന്മാരെല്ലാവരും അവനെയുപേക്ഷിച്ച്, ഓടിപ്പോയി.

ന്യായാധിപസംഘത്തിനു മുമ്പില്‍
57: യേശുവിനെ പിടിച്ചുബന്ധിച്ചവര്‍ മഹാപുരോഹിതനായ കയ്യാഫാസിന്റെയടുത്തേക്ക് അവനെക്കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്മാരും സമ്മേളിച്ചിരുന്നു.
58: പ്രധാനപുരോഹിതന്റെ അകത്തളംവരെ പത്രോസ്, അവനെ അല്പംദൂരെയായി അനുഗമിച്ചു. അനന്തരം, അവനകത്തുകടന്ന്, അവസാനമെന്തെന്നുകാണാന്‍ പരിചാരകന്മാരുടെകൂടെയിരുന്നു.
59: പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘംമുഴുവനും യേശുവിനെ മരണത്തിനേല്പിച്ചുകൊടുക്കേണ്ടതിന്, അവനെതിരെ കള്ളസാക്ഷ്യമന്വേഷിച്ചുകൊണ്ടിരുന്നു.
60: അനേകം കള്ളസാക്ഷികള്‍വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല.
61: അവസാനം, രണ്ടുപേര്‍ മുന്നോട്ടുവന്നുപറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നുദിവസംകൊണ്ടു നിര്‍മ്മിക്കാനും എനിക്കു സാധിക്കുമെന്ന് ഇവന്‍ പറഞ്ഞിട്ടുണ്ട്.
62: മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന് അവനോടു ചോദിച്ചു: നീ ഒരു മറുപടിയും പറയുന്നില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
63: യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തെക്കൊണ്ട് ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോയെന്നു ഞങ്ങളോടു പറയുക.
64: യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍വരുന്നതും നിങ്ങള്‍ കാണും.
65: അപ്പോള്‍ മഹാപുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങളിപ്പോള്‍ കേട്ടുവല്ലോ!
66: നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന്‍ മരണാർഹനാണ്.
67: അനന്തരം അവരവന്റെ മുഖത്തു തുപ്പുകയും അവനെയടിക്കുകയും ചെയ്തു.
68: ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞുകൊണ്ട്, അവര്‍ അവന്റെ കരണത്തടിച്ചു.

പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
69: പത്രോസ്, പുറത്തു തളത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെസമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെയായിരുന്നല്ലോ എന്നു പറഞ്ഞു.
70: എന്നാൽ, നീ പറയുന്നതെന്താണെന്നു ഞാനറിയുന്നില്ല എന്ന്, അവരുടെയെല്ലാംമുമ്പാകെ അവന്‍ നിഷേധിച്ചുപറഞ്ഞു.
71: അവന്‍ കവാടത്തിലേക്കുപോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തുനിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെയായിരുന്നു.
72: ഞാനാ മനുഷ്യനെ അറിയുകയില്ലെന്ന് വീണ്ടുമവൻ ആണയിട്ടു നിഷേധിച്ചു.
73: കുറച്ചുകഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചുപറഞ്ഞു: നീ സത്യമായും അവരിലൊരുവനാണ്, കാരണം, നിന്റെ ഉച്ചാരണരീതി അതു തെളിയിക്കുന്നു.
74: പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ലെന്നുപറഞ്ഞ്, ശപിക്കാനും ആണയിടാനുംതുടങ്ങി. ഉടനെ കോഴികൂകി.
75: കോഴികൂകുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം നീയെന്നെ നിഷേധിക്കുമെന്ന് യേശുപറഞ്ഞ വാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി കയ്‌പോടെകരഞ്ഞു.

ഇരുന്നൂറ്റിയെൺപതാം ദിവസം: മത്തായി 24 - 25


അദ്ധ്യായം 24

ദേവാലയത്തിന്റെ നാശം
1: പിന്നെ യേശു പുറത്തിറങ്ങി. ദേവാലയത്തിൽനിന്നുപോകുമ്പോള്‍ ദേവാലയത്തിന്റെ പണിത്തരങ്ങൾ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്മാര്‍ അടുത്തെത്തി.
2: അവനവരോടു പറഞ്ഞു: നിങ്ങളിവയെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.

വേദനകളുടെ ആരംഭം
3: അവന്‍ ഒലിവുമലയിലിരിക്കുമ്പോള്‍ ശിഷ്യന്മാര്‍മാത്രമായി അവനെ സമീപിച്ചുപറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
4: യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
5: പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണെന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയുംചെയ്യും.
6: നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കാനിരിക്കുന്നു; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, അസ്വസ്ഥരാകാതെ സൂക്ഷിക്കുവിൻ. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയുമായിട്ടില്ല.
7: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായുമണിനിരക്കും. ക്ഷാമവും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലുമുണ്ടാകും.
8: ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭംമാത്രം.
9: അവര്‍ നിങ്ങളെ പീഡനത്തിനേല്പിച്ചുകൊടുക്കുകായും കൊല്ലുകയുംചെയ്യും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളാലും നിങ്ങൾ വെറുക്കപ്പെടും.
10: അപ്പോൾ അനേകര്‍ ഇടർച്ചയ്ക്കു വിധേയരാകുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും.
11: നിരവധി വ്യാജപ്രവാചകന്മാരുണ്ടാകുകയും അനേകരെ വഴിതെറ്റിക്കുകയുംചെയ്യും.
12: അനീതി പെരുകുന്നതിനാല്‍, പലരുടെയും സ്നേഹം തണുത്തുപോകും.
13: എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവനാരോ അവന്‍ രക്ഷിക്കപ്പെടും.
14: എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനംവരും.

ഭീകരദുരിതങ്ങള്‍
15: ദാനിയേല്‍പ്രവാചകന്‍പറഞ്ഞ വിനാശത്തിന്റെ മ്ലേച്ഛത, വിശുദ്ധസ്ഥലത്തായിരിക്കുന്നതു നിങ്ങൾ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ -
16: യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യട്ടെ.
17: പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍നിന്ന് എന്തെങ്കിലുമെടുക്കാന്‍ താഴേയ്ക്കിറങ്ങാതിരിക്കട്ടെ.
18: വയലിലായിരിയ്ക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയാതിരിക്കട്ടെ,
19: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!
20: നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
21: എന്തെന്നാല്‍, ലോകാരംഭംമുതല്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്ത, ഇനിയുണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.
22: ആ ദിവസങ്ങള്‍ ചുരുക്കപ്പെടുന്നില്ലെങ്കില്‍, ഒരുവനും രക്ഷപ്പെടുകയില്ലാ. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ ദിവസങ്ങള്‍ ചുരുക്കപ്പെടും.
23: അപ്പോളിതാ, ക്രിസ്തു ഇവിടെ, അല്ലെങ്കില്‍ അവിടെ എന്ന്, ആരെങ്കിലുംപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്.
24: കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരുമുണ്ടാകുകയും സാധിക്കുമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയുംചെയ്യും.
25: ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26: അതുകൊണ്ട്, ഇതാ, അവന്‍ മരുഭൂമിയിലുണ്ടെന്ന്, അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. ഇതാ, അവന്‍ മുറിക്കുള്ളിലുണ്ടെന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.
27: കിഴക്കുനിന്നു പടിഞ്ഞാറോട്ടുപായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
28: ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍ വന്നുകൂടും.

മനുഷ്യപുത്രന്റെ ആഗമനം
29: പീഡനത്തിനുശേഷം പൊടുന്നനെ സൂര്യനിരുണ്ടുപോകും. ചന്ദ്രന്‍, അതിന്റെ പ്രകാശംതരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും.
30: അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സകലഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെവരുന്നതു കാണുകയുംചെയ്യും.
31: വലിയ കാഹളധ്വനിയോടെ അവന്‍ തന്റെ ദൂതന്മാരെ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
32: അത്തിമരത്തില്‍നിന്നു നിങ്ങളൊരുപമ പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയുംചെയ്യുമ്പോള്‍ വേനല്‍ക്കാലമടുത്തിരിക്കുന്നെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
33: അതുപോലെ, നിങ്ങളും ഇവയെല്ലാംകാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
34: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
35: ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിന്‍
36: ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
37: നോഹയുടെ ദിവസങ്ങള്‍പോലെയായിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
38: നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്യിച്ചും കഴിഞ്ഞുപോന്നു.
39: ജലപ്രളയംവന്നു സർവ്വരെയും സംഹരിക്കുന്നതുവരെ അവർ ഒന്നുമറിഞ്ഞില്ല. ഇപ്രകാരംതന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.
40: അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാളെടുക്കപ്പെടും മറ്റെയാളുപേക്ഷിക്കപ്പെടും.
41: രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെടുക്കപ്പെടും, മറ്റവളുപേക്ഷിക്കപ്പെടും.
42: ആകയാൽ 
ജാഗരൂകരായിരിക്കുവിന്‍. നിങ്ങളുടെ കര്‍ത്താവ് ഏതുദിവസംവരുമെന്ന് നിങ്ങളറിയുന്നില്ലാ.
43: അതിനാൽ നിങ്ങളിതറിയുവിൻ. കള്ളന്‍, രാത്രിയുടെ ഏതുയാമത്തിൽ വരുമെന്ന്, ഗൃഹനാഥനറിഞ്ഞിരുന്നെങ്കില്‍, അവനുണര്‍ന്നിരിക്കുകയും ഭവനംഭേദനംചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
44: അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
45: തന്റെ ഭവനത്തിലുള്ളവര്‍ക്കു കൃത്യസമയത്തു ഭക്ഷണംകൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനാരാണ്?
46: 
തന്റെ യജമാനന്‍ വരുമ്പോള്‍, അപ്രകാരംചെയ്യുന്നതായിക്കാണപ്പെടുന്ന ആ ഭൃത്യന്‍ ഭാഗ്യവാന്‍.
47: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനാക്കും.
48: എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്ന് ഉള്ളിൽപ്പറഞ്ഞ്,
49: തന്റെ സഹഭൃത്യന്മാരെ മര്‍ദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനംചെയ്യാനുംതുടങ്ങിയാല്‍
50: പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും 
ആ ഭൃത്യന്റെ യജമാനന്‍വന്ന്, അവനെ അതിനിഷ്ഠൂരമായി ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയുംചെയ്യും.
51: അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.

അദ്ധ്യായം 25

പത്തുകന്യകമാരുടെ ഉപമ
1: സ്വര്‍ഗ്ഗരാജ്യം, വിളക്കുമെടുത്തു മണവാളന്റെ എതിരേല്പിനുപുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
2: അവരില്‍ അഞ്ചുപേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു.
3: വിവേകശൂന്യകള്‍ അവരുടെ വിളക്കെടുത്തപ്പോള്‍, കൂടെ എണ്ണയെടുത്തിരുന്നില്ല.
4: ബുദ്ധിമതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയുമെടുത്തിരുന്നു.
5: മണവാളന്‍ വരാന്‍വൈകിയപ്പോൾ നിദ്രാഭാരത്താൽ എല്ലാവരും കിടന്നുറങ്ങി.
6: അര്‍ദ്ധരാത്രിയില്‍ ആർപ്പുവിളിയുണ്ടായി. ഇതാ, മണവാളന്‍! അവന്റെയെതിരേല്പിനു പുറത്തുവരുവിൻ!
7: ആ കന്യകമാരെല്ലാം ഉണര്‍ന്ന്, അവരവരുടെ വിളക്കുകളൊരുക്കി.
8: വിവേകശൂന്യകള്‍ ബുദ്ധിമതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറേ ഞങ്ങള്‍ക്കുതരുക.
9: ബുദ്ധിമതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെവരുമെന്നതിനാല്‍ നിങ്ങള്‍ വില്പനക്കാരുടെയടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
10: അവര്‍ വാങ്ങാന്‍പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിലടയ്ക്കപ്പെടുകയും ചെയ്തു.
11: പിന്നീടു മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നപേക്ഷിച്ചു.
12: അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
13: അതിനാൽ ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ, മണിക്കൂറോ നിങ്ങളറിയുന്നില്ല.

താലന്തുകളുടെ ഉപമ
14: വീണ്ടും, ഒരുമനുഷ്യന്‍ യാത്രപുറപ്പെടുന്നതിനുമുമ്പു ഭൃത്യന്മാരെ വിളിച്ച്, തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെ. 
15: അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച്, ഒരുവന് അഞ്ചുതാലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം, യാത്രപുറപ്പെട്ടു.
16: അഞ്ചുതാലന്തു ലഭിച്ചവന്‍ ഉടനേപോയി വ്യാപാരംചെയ്ത്, അഞ്ചുതാലന്തുകൂടെ സമ്പാദിച്ചു.
17: അതുപോലെ രണ്ടുതാലന്തു കിട്ടിയവൻ രണ്ടുകൂടെ നേടി.
18: എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലംകുഴിച്ച്‌, യജമാനന്റെ പണം മറച്ചുവച്ചു.
19: ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍വന്ന് അവരുമായി കണക്കുതീര്‍ത്തു.
20: അഞ്ചു താലന്തുകിട്ടിയവന്‍ വന്ന്, അഞ്ചുകൂടെ സമര്‍പ്പിച്ച്, യജമാനനേ, നീയെനിക്ക് അഞ്ചുതാലന്താണല്ലോ നല്കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടെ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
21: അവന്റെ യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
22: രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീയെനിക്കു രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാന്‍ രണ്ടുകൂടെ സമ്പാദിച്ചിരിക്കുന്നു.
23: 
അവന്റെ യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
24: ഒരു താലന്തു കിട്ടിയവന്‍ വന്നുപറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയുംചെയ്യുന്ന കഠിനമനുഷ്യനാണെന്നു ഞാന്‍ മനസ്സിലാക്കി.
25: അതിനാല്‍ ഞാന്‍ ഭയപ്പെട്ട്, നിന്റെ താലന്തു മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്റേത്, എടുത്തുകൊളളുക.
26: 
അവന്റെ യജമാനന്‍ അവനോടുപറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്നു ശേഖരിക്കുന്നവനുമാണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ.
27: അതിനാൽ എന്റെ പണം, നീ പണമിടപാടുകാരുടെപക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന്, എന്റെ പണം പലിശസഹിതം വാങ്ങുമായിരുന്നു.
28: ആ താലന്ത് അവനില്‍നിന്നെടുത്ത്, പത്തു താലന്തുള്ളവനു കൊടുക്കുക.
29: ഉള്ളവനു നല്കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയുംചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
30: പ്രയോജനമില്ലാത്ത ആ ഭൃത്യനെ, പുറത്ത്, അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

അവസാനവിധി

31: എല്ലാദൂതന്മാരോടുംകൂടെ, 
മനുഷ്യപുത്രന്‍ മഹത്വത്തിലെഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
32: അവന്റെമുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചുകൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
33: അവനവരെത്തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
34: അനന്തരം രാജാവു തന്റെ വലത്തുഭാഗത്തുള്ളവരോട് അരുൾചെയ്യും: എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
35: എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചു.
36: ഞാന്‍ നഗ്നനായിരുന്നു; നിങ്ങളെന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങളെന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങളെന്റെയടുത്തു വന്നു.
37: അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്, ഞങ്ങൾ ഭക്ഷിക്കാൻനല്കിയതും ദാഹിക്കുന്നവനായിക്കണ്ടു കുടിക്കാന്‍നല്കിയതുമെപ്പോള്‍?
38: നിന്നെ പരദേശിയായിക്കണ്ടു സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതുമെപ്പോള്‍?
39: നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ, കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചതെപ്പോള്‍?
40: രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവുമെളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്.
41: അനന്തരം അവന്‍ തന്റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന്, പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
42: എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
43: ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങളെന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലുമായിരുന്നു; നിങ്ങളെന്നെ സന്ദര്‍ശിച്ചില്ല.
44: അപ്പോള്‍, അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തില്‍ക്കഴിയുന്നവനോ ആയിക്കണ്ടതും നിനക്കു ശുശ്രൂഷചെയ്യാതിരുന്നതുമെപ്പോള്‍?
45: അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവുമെളിയവരില്‍ ഒരുവന് നിങ്ങളിതുചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്.
46: ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.

ഇരുന്നൂറ്റിയെഴുപത്തൊമ്പതാം ദിവസം: മത്തായി 22 - 23


അദ്ധ്യായം 22

വിവാഹവിരുന്നിന്റെ ഉപമ
1: യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:
2: സ്വര്‍ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം.
3: ക്ഷണിക്കപ്പെട്ടവരെ വിവാഹവിരുന്നിനു വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെയയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.
4: വീണ്ടുമവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: 
ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍, ഇതാ, എന്റെ വിരുന്നു ഞാനൊരുക്കിയിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്തമൃഗങ്ങളെയും കൊന്നിരിക്കുന്നു. എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക.
5: എന്നാല്‍, അവരതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
6: മറ്റുള്ളവര്‍ ആ ഭൃത്യന്മാരെപ്പിടികൂടി, അവരെ അവമാനിക്കുകയും വധിക്കുകയുംചെയ്തു.
7: രാജാവു ക്രുദ്ധനായി, സൈന്യത്തെയയച്ച്, ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
8: അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.
9: അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.
10: ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ച്ചെന്നു ദുഷ്ടരും ശിഷ്ടരുമുള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11: അതിഥികളെക്കാണാന്‍ രാജാവെഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെക്കണ്ടു.
12: രാജാവവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ നീയിവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനമവലംബിച്ചു.
13: അപ്പോള്‍ രാജാവു പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍കെട്ടി, പുറത്തെ അന്ധകാരത്തിലേക്കു വലിച്ചെറിയുക; അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
14: എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

സീസറിനു നികുതി
15: അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെയെങ്ങനെ വാക്കില്‍ക്കുടുക്കാമെന്ന് ആലോചനനടത്തി.
16: അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദ്യരോടൊപ്പം അവന്റെയടുക്കലേക്കയച്ചുപറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ദൈവത്തിന്റെ വഴി, സത്യത്തിൽ പഠിപ്പിക്കുന്നവനാണെന്നും ഞങ്ങളറിയുന്നു.
17: അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്കെന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?
18: അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട്, യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങളെന്നെ പരീക്ഷിക്കുന്നതെന്ത്?
19: നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവന്റെയടുക്കൽ കൊണ്ടുവന്നു.
20: യേശു ചോദിച്ചു: ഈ രൂപവും ലിഖിതവുമാരുടേതാണ്?
21: സീസറിന്റേത് എന്നവര്‍ പറഞ്ഞു. അവനരുൾചെയ്തു: സീസറി
ന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക.
22: ഇതുകേട്ട്, അവര്‍ വിസ്മയഭരിതരായി അവനെ വിട്ടുപോയി.

ഉത്ഥാനത്തെക്കുറിച്ച്
23: ഉത്ഥാനമില്ലെന്നു പറഞ്ഞുകൊണ്ട്, സദ്ദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചുചോദിച്ചു:
24: ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹംചെയ്ത്, അവനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശ പറഞ്ഞിട്ടുണ്ട്.
25: ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്ത്, മരണമടഞ്ഞു. അവന്‍ സന്താനമില്ലാതെ ഭാര്യയെ തന്റെ സഹോദരനു വിട്ടു.
26: ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമ
നുംവരെ.
27: ഒടുവിൽ ആ സ്ത്രീയും മരിച്ചു.
28: അതിനാല്‍, ഉത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? കാരണം, അവര്‍ക്കെല്ലാം അവള്‍ ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
29: യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
30: ഉത്ഥാനത്തില്‍ അവര്‍ വിവാഹംചെയ്യുകയോ വിവാഹംചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, 
സ്വര്‍ഗ്ഗത്തിലവര്‍ മാലാഖമാരെപ്പോലെയായിരിക്കും.
31: മരിച്ചവരുടെ ഉത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോടരുൾചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ? ഞാന്‍ അബ്രാഹമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ്.
32: അവിടുന്നു മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടേതാണ്.
33: ജനക്കൂട്ടം ഇതുകേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.

സുപ്രധാന കല്പനകള്‍
34: യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നുകേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.
35: അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു:
36: ഗുരോ, നിയമത്തിലെ ഏറ്റവും വലിയ കല്പനയേതാണ്?
37: അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക.
38: ഇതാ
ണ് ഏറ്റവും വലുതും ഒന്നാമത്തേതുമായ കല്പന.
39: രണ്ടാമ
ത്തേതും ഇതിനുതുല്യംതന്നെ. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
40: ഈ രണ്ടുകല്പനകളില്‍ സമസ്തനിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു.

ക്രിസ്തു ദാവീദിന്റെ പുത്രന്‍
41: ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:
42: നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തുവിചാരിക്കുന്നു? അവനാരുടെ പുത്രനാണ്? ദാവീദിന്റെ, എന്നവര്‍ പറഞ്ഞു.
43: അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവില്‍ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? 
44: 
അവന്‍ പറയുന്നു: കര്‍ത്താവ്, എന്റെ കര്‍ത്താവിനോടരുൾചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. 
45: അതിനാൽ, ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ?
46: അവനോടുത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോടെന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.

അദ്ധ്യായം 23 

നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം
1: അപ്പോൾ യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമരുളിച്ചെയ്തു:
2: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിലിരിക്കുന്നു.
3: അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ പ്രവർത്തിക്കുകയും പാലിക്കുകയുംചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യരുത്. എന്തെന്നാൽ, അവര്‍ പറയുന്നു; പക്ഷേ, പ്രവര്‍ത്തിക്കുന്നില്ല.
4: അവര്‍ ഭാരമുള്ളതും ദുർവ്വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലുകളിൽ കെട്ടിവച്ചുകൊടുക്കുന്നു. അവർ വിരൽകൊണ്ടുപോലും അവ നീക്കാനാകട്ടെ, തയ്യാറാകുന്നുമില്ല.
5: മനുഷ്യരാൽ കാണപ്പെടുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;
6: വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും
7: പൊതുസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരാൽ റബ്ബീ എന്ന സംബോധനവും അവരിഷ്ടപ്പെടുന്നു.
8: എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഗുരുവൊന്നേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്.
9: ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്കു പിതാവൊന്നേയുള്ളൂ - സ്വര്‍ഗ്ഗസ്ഥനായവൻ
10: നിങ്ങള്‍ ആചാര്യന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, നിങ്ങൾക്ക് ആചാര്യനോന്നേയുള്ളൂ. ക്രിസ്തു.
11: നിങ്ങളിലേറ്റവുംവലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
12: തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവനുയര്‍ത്തപ്പെടും.
13: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെമുമ്പില്‍ സ്വര്‍ഗ്ഗരാജ്യമടച്ചുകളയുന്നു.
14: നിങ്ങളതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍വരുന്നവരെ അനുവദിക്കുന്നുമില്ല.
15: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ച്ചേര്‍ക്കാന്‍, നിങ്ങള്‍ കടലും കരയുംചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നുകഴിയുമ്പോള്‍ നിങ്ങളവനെ നിങ്ങളേക്കാളിരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
16: അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണ്ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്.
17: മൂഢരും അന്ധരുമായവരേ, ഏതാണു വലുത്? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
18: നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്.
19: അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
20: ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്മേലുള്ള എല്ലാവസ്തുക്കളെക്കൊണ്ടും ആണയിടുന്നു.
21: ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
22: സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിലിരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ കർപ്പൂരത്തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശംകൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയകാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയുംചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ!
24: അന്ധരായ വഴികാട്ടികളേ, കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
25: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും അത്യാര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
26: അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടെ ശുദ്ധമാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധമാക്കുക.
27: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍, വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധമാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
28: അതുപോലെ ബാഹ്യമായി മനുഷ്യര്‍ക്കു നീതിമാന്മാരായി കാണപ്പെടുന്ന നിങ്ങള്‍, ഉള്ളില്‍ കാപട്യവും അനീതിയുംനിറഞ്ഞവരാണ്.
29: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടു പറയുന്നു,
30: ഞങ്ങള്‍, ഞങ്ങളുടെ പിതാക്കന്മാരുടെകാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരുടെ പങ്കാളികളാകുമായിരുന്നില്ല.
31: അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യംനല്കുന്നു.
32: നിങ്ങളുടെ പിതാക്കന്മാരുടെ അളവ്, നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
33: സര്‍പ്പങ്ങളേ, അണലിസന്തതികളേ,നരകവിധിയില്‍നിന്ന്, നിങ്ങളെങ്ങനെ ഓടിയകലും?
34: അതുകൊണ്ട്, ഇതാ, പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാന്‍ നിങ്ങളുടെയടുക്കലേക്കയയ്ക്കുന്നു. അവരില്‍ച്ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍വച്ച്, ചമ്മട്ടികൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയുംചെയ്യും.
35: അങ്ങനെ, നീതിമാനായ ആബേലിന്റെ രക്തംമുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേവച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രൻ സഖറിയായുടെ രക്തംവരെ,
ഭൂമിയില്‍ച്ചൊരിയപ്പെട്ട നീതിയുടെ രക്തംമുഴുവൻ നിങ്ങളുടെമേല്‍ പതിക്കും.
36: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുകതന്നെ ചെയ്യും.

യേശു ജറുസലെമിനെക്കുറിച്ചു വിലപിക്കുന്നു
37: ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്റെയടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയുംചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാനെത്രയോ പ്രാവശ്യമാഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ലാ.
38: ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
39: അതിനാൽ ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണെന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങളെന്നെക്കാണുകയില്ല.

ഇരുന്നൂറ്റിയെഴുപത്തിയെട്ടാം ദിവസം: മത്തായി 20 - 21


അദ്ധ്യായം 20

മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍
1: അതിനാൽ സ്വര്‍ഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക്, കൂലിക്കു ജോലിക്കാരെവിളിക്കാന്‍ അതിരാവിലേ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.
2: ദിവസം ഒരു ദനാറവീതം വേതനംനല്കാമെന്ന കരാറില്‍ അവനവരെ തന്റെ മുന്തിരിത്തോട്ടത്തിലേക്കയച്ചു.
3: ഏകദേശം മൂന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട്,
4: അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം.
5: അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ഏകദേശം ആറാംമണിക്കൂറിലും ഒമ്പതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്തു.
6: ഏകദേശം പതിനൊന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ച്ചിലര്‍ നില്‍ക്കുന്നതുകണ്ട്, അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസംമുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?
7: ഞങ്ങളെ ആരും വേലയ്ക്കുവിളിക്കാത്തതുകൊണ്ടെന്ന് അവര്‍ മറുപടി നല്കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
8: വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെവിളിച്ച്, അവസാനത്തെ ആളുകൾക്കുതുടങ്ങി ആദ്യത്തെ ആളുകൾക്കുവരെ കൂലികൊടുക്കുക.
9: പതിനൊന്നാംമണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറവീതം ലഭിച്ചു.
10: തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറതന്നെ കിട്ടി.
11: അതുവാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-
12: അവസാനംവന്ന ഇവര്‍ ഒരു മണിക്കൂറേ ജോലിചെയ്തുള്ളൂ; എന്നിട്ടും ദിവസത്തിന്റെ ഭാരവും ചൂടുംസഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.
13: അവന്‍ അവരിലൊരുവനോടു മറുപടിപറഞ്ഞു: സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?
14: നിനക്കവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. നിനക്കെന്നപോലെ അവസാനത്തെയാൾക്കും കൊടുക്കാൻ ഞാനിച്ഛിക്കുന്നു.
15: എനിക്കുള്ളതുകൊണ്ട്, ഞാനിച്ഛിക്കുന്നതുചെയ്യാന്‍ എനിക്കു പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീയെന്തിനസൂയപ്പെടുന്നു?
16: ഇപ്രകാരം, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.


പീഡാനുഭവവും ഉത്ഥാനവും - മൂന്നാംപ്രവചനം
17: യേശു ജറുസലെമിലേക്കു കയറുമ്പോൾ പന്ത്രണ്ടുശിഷ്യന്മാരെമാത്രം കൂടെക്കൊണ്ടുപോയി. വഴിയില്‍വച്ച്, അവരോടരുൾചെയ്തു:
18: ഇതാ! നാം ജറുസലെമിലേക്കു കയറുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്പിക്കപ്പെടും. അവരവനെ മരണത്തിനു വിധിക്കും.
19: അവരവനെ പരിഹസിക്കാനും പ്രഹരിക്കാനും ക്രൂശിക്കാനുമായി വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ മൂന്നാംദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.

സെബദീപുത്രന്മാരുടെ അഭ്യര്‍ത്ഥന
20: അപ്പോള്‍, സെബദീപുത്രന്മാരുടെ അമ്മ, തന്റെ പുത്രന്മാരോടുകൂടെവന്ന്, മുട്ടുകുത്തി, അവനോടെന്തോ യാചിച്ചു.
21: അപ്പോൾ, അവനവളോടു ചോദിച്ചു: നീയെന്താണാഗ്രഹിക്കുന്നത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരിലൊരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തുമിരിക്കുന്നതിനു കല്പിക്കണമേ!
22: യേശു മറുപടിനല്കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങളറിയുന്നില്ല. ഞാന്‍ കുടിക്കാന്‍പോകുന്ന പാനപാത്രംകുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
23: അവനവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തുമിരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്കേണ്ടതു ഞാനല്ല; അതാര്‍ക്കുവേണ്ടി എന്റെ പിതാവാലൊരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.
24: ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി.
25: എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്, ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരംപ്രയോഗിക്കുന്നെന്നും നിങ്ങള്‍ക്കറിയാമല്ലോ.
26: എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും
27: നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
28: മനുഷ്യപുത്രന്‍, ശുശ്രൂഷിക്കപ്പെടാനല്ല, പ്രത്യുത, ശുശ്രൂഷിക്കാനും അനേകർക്കു മോചനദ്രവ്യമായി സ്വജീവന്‍കൊടുക്കാനും വന്നിരിക്കുന്നതുപോലെതന്നെ.

അന്ധന്മാര്‍ക്കു കാഴ്ച
29: അവന്‍ ജറീക്കോയില്‍നിന്നു യാത്രപുറപ്പെട്ടപ്പോള്‍ വലിയൊരു ജനക്കൂട്ടം അവനെയനുഗമിച്ചു.
30: യേശു ആ വഴി കടന്നുപോകുന്നെന്നുകേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ടന്ധന്മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേ!
31: എന്നാൽ മിണ്ടാതിരിക്കാന്‍, ജനക്കൂട്ടമവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേയെന്ന് കൂടുതലുച്ചത്തില്‍ നിലവിളിച്ചുപറഞ്ഞു.
32: യേശു നിന്ന്, അവരെ വിളിച്ചുചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കെന്തുചെയ്യണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്?
33: അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങളുടെ കണ്ണുകള്‍ തുറന്നുകിട്ടണം.
34: യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവര്‍ക്കു കാഴ്ചകിട്ടുകയും അവരവനെയനുഗമിക്കുകയുംചെയ്തു.

അദ്ധ്യായം 21


ജറുസലെമിലേക്കു രാജകീയപ്രവേശനം
1: അവര്‍ ജറുസലെമിനെ സമീപിച്ച്, ഒലിവുമലയിലെ ബേത്ഫഗെയിലെത്തിയപ്പോള്‍, യേശു രണ്ടുശിഷ്യന്മാരെ നിയോഗിച്ചയച്ചു: 
2: അവനവരോടു പറഞ്ഞു: എതിരേകാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനേ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെയടുക്കല്‍ കൊണ്ടുവരുക. 
3: ആരെങ്കിലും നിങ്ങളോടെന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ടാവശ്യമുണ്ടെന്നു പറയുക, അവനുടനെ അവയെ വിട്ടുതരും. 
4: പ്രവാചകന്‍വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. 
5: സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയുംപുറത്ത് നിന്റെയടുത്തേക്കു വരുന്നു. 
6: ശിഷ്യന്മാര്‍പോയി, യേശുകല്പിച്ചപോലെ ചെയ്തു. 
7: അവര്‍ കഴുതയേയും കഴുതക്കുട്ടിയേയുംകൊണ്ടുവന്ന്, അവയുടെമേല്‍ വസ്ത്രങ്ങള്‍വിരിച്ചു. അവന്‍ കയറിയിരുന്നു. 
8: ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ മേലങ്കികൾ വിരിച്ചു; മറ്റുചിലരാകട്ടെ വൃക്ഷങ്ങളില്‍നിന്നു ചില്ലകള്‍മുറിച്ച്, വഴിയില്‍ നിരത്തി.
9: യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനക്കൂട്ടം ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! 
10: അവന്‍ ജറുസലേമില്‍പ്രവേശിച്ചപ്പോള്‍ നഗരംമുഴുവന്‍ ഇളകിവശായി, ആരാണിവനെന്നു ചോദിച്ചു. 
11: ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍നിന്നുള്ള പ്രവാചകനായ യേശുവാണ്.

ദേവാലയശുദ്ധീകരണം
12: യേശു ദേവാലയത്തില്‍പ്രവേശിച്ച്, അവിടെ വില്ക്കുകയും വാങ്ങുകയുംചെയ്യുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
13: അവനവരോടു പറഞ്ഞു: എന്റെ ഭവനം, പ്രാര്‍ത്ഥനാലയമെന്നു വിളിക്കപ്പെടുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
14: അന്ധന്മാരും മുടന്തന്മാരും ദേവാലയത്തില്‍ അവന്റെയടുത്തെത്തി. അവനവരെ സുഖപ്പെടുത്തി.
15: അവന്‍ചെയ്ത വിസ്മയകരമായ പ്രവൃത്തികൾകണ്ടും ദാവീദിന്റെ പുത്രനു ഹോസാന എന്നുദ്‌ഘോഷിച്ച്, ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്നകുട്ടികളെകണ്ടും പ്രധാനപുരോഹിതന്മാരും നിയമജ്ഞരും രോഷാകുലരായി.
16: അവരവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്, നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങൾ നിന്റെ സ്തുതിക്കായി നീ സജ്ജമാക്കിയെന്ന് നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
17: അനന്തരം, അവനവരെവിട്ട്, നഗരത്തിനുവെളിയിൽ, ബഥാനിയായിലേക്കു പോയി, അവിടെ രാത്രി ചെലവഴിച്ചു.

അത്തിവൃക്ഷത്തെ ശപിക്കുന്നു
18: പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
19: വഴിയരികില്‍ ഒരത്തിവൃക്ഷംകണ്ട് അവനതിന്റെയടുത്തെത്തി. എന്നാലതില്‍, ഇലകളല്ലാതെ ഒന്നുംകണ്ടില്ല. അവനതിനോടു പറഞ്ഞു: ഇനിയൊരിക്കലും നിന്നില്‍ ഫലമുണ്ടാകാതിരിക്കട്ടെ. ആ നിമിഷംതന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20: ഇതുകണ്ട് ശിഷ്യന്‍മാര്‍ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഈ നിമിഷംതന്നെ ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
21: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്കു വിശ്വാസമുണ്ടായിരിക്കുകയും സംശയിക്കാതിരിക്കുകയുംചെയ്താല്‍ അത്തിവൃക്ഷത്തോടുചെയ്തതുമാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍കഴിയുക; ഈ മലയോട് ഇവിടെനിന്നുയർത്തപ്പെട്ടു കടലിലേറിയപ്പെടുക എന്നുപറഞ്ഞാലും സംഭവിക്കും.
22: ആകയാൽ, വിശ്വസിച്ചുകൊണ്ട്, പ്രാർത്ഥനയിൽ യാചിക്കുന്നവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

യേശുവിന്റെ അധികാരം
23: അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെസമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ് നീയിവയൊക്കെച്ചെയ്യുന്നത്? നിനക്ക് ഈ അധികാരംനല്കിയതാരാണ്?
24: യേശു അവരോടു മറുപടിയായിപ്പറഞ്ഞു: ഞാനും നിങ്ങളോടൊരുകാര്യം ചോദിക്കട്ടെ. നിങ്ങളെന്നോടുത്തരംപറഞ്ഞാല്‍, എന്തധികാരത്താലാണ് ഞാന്‍ ഇവയൊക്കെച്ചെയ്യുന്നതെന്നു നിങ്ങളോടും പറയാം.
25: യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെനിന്നായിരുന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവരാകട്ടെ, പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു നാം പറഞ്ഞാല്‍, പിന്നെന്തുകൊണ്ട് നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ നമ്മോടുചോദിക്കും.
26: മനുഷ്യരില്‍നിന്നെന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
27: അതിനാല്‍, അവര്‍ യേശുവിനോടു മറുപടിപറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോളവന്‍ പറഞ്ഞു: എന്തധികാരത്താലാണ് ഞാനിവയെല്ലാം ചെയ്യുന്നതെന്ന്, 
ഞാനും നിങ്ങളോടു പറയുന്നില്ല. 

രണ്ടുപുത്രന്മാരുടെ ഉപമ
28: നിങ്ങള്‍ക്കെന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടുപുത്രന്മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെയടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യുക.
29: 
അവൻ മറുപടി പറഞ്ഞു: എനിക്കു മനസ്സില്ല. എന്നാൽ പിന്നീട്‌ മനസ്സുമാറ്റി,  അവന്‍ പോയി.
30: അവന്‍ രണ്ടാമന്റെയടുത്തുചെന്ന്, ഇതുപോലെതന്നെ പറഞ്ഞു.  അവന്‍ പറഞ്ഞു:  ഞാന്‍ പോകാം, പിതാവേ! പക്ഷേ, അവൻ പോയില്ല. 
31: ഈ രണ്ടുപേരിലാരാണ് പിതാവിന്റെയിഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: ഒന്നാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കുമുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.
32: എന്തെന്നാല്‍, യോഹന്നാന്‍ നീതിമാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങളവനെ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനെ വിശ്വസിച്ചു. നിങ്ങളതു കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവിധം പിന്നീടും മനസ്സുമാറ്റിയില്ലാ.

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ
33: മറ്റൊരുപമ കേട്ടുകൊള്ളുക. വീട്ടുടമസ്ഥനായൊരു മനുഷ്യൻ, മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരംനിര്‍മ്മിക്കുകയുംചെയ്തു. അനന്തരം അതു കൃഷിക്കാരെയേല്പിച്ചിട്ട് അവന്‍ യാത്രപോയി.
34: വിളവെടുപ്പുകാലംവന്നപ്പോള്‍ അവന്‍ ഫലങ്ങള്‍ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെയടുത്തേക്കയച്ചു.
35 : എന്നാല്‍ കൃഷിക്കാര്‍, ഭൃത്യന്മാരിലൊരുവനെപ്പിടിച്ച്, അടിക്കുകയും മറ്റൊരുവനെക്കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയുംചെയ്തു.
36: വീണ്ടുമവന്‍ ആദ്യത്തേതില്‍ക്കൂടുതല്‍ ഭൃത്യന്മാരെയയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു.
37: ഏറ്റവുമൊടുവിൽ, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കുമെന്നുപറഞ്ഞ്, അവൻ സ്വപുത്രനെത്തന്നെ അവരുടെയടുത്തേക്കയച്ചു.
38: പുത്രനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണവകാശി; വരുവിന്‍ നമുക്കിവനെക്കൊന്ന്, അവകാശം കരസ്ഥമാക്കാം.
39: അവരവനെപ്പിടിച്ച്, മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞ്, കൊന്നുകളഞ്ഞു.
40: ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍വരുമ്പോള്‍, അവന്‍ ആ കൃഷിക്കാരോടെന്തുചെയ്യും?
41: അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠൂരമായി  നശിപ്പിക്കുകയും യഥാകാലം ഫലങ്ങൾകൊടുക്കുന്ന മറ്റുകൃഷിക്കാരെ അതേല്പിക്കുകയുംചെയ്യും.
42: യേശു അവരോടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇതദ്ഭുതകരമായിരിക്കുന്നു എന്നു ലിഖിതങ്ങളില്‍ നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
43: അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍നിന്നെടുക്കപ്പെട്ട്, ഫലങ്ങൾപുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും.
44: ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ക്കപ്പെടും. ഇതാരുടെമേല്‍ വീഴുന്നുവോ, അതവനെ ധൂളിയാക്കും.
45: പ്രധാനപുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി.
46: അവരവനെ പിടികൂടാന്‍നോക്കിയെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, അവരവനെ, ഒരു പ്രവാചകനായി പരിഗണിച്ചിരുന്നു

ഇരുന്നൂറ്റിയെഴുപത്തിയേഴാം ദിവസം: മത്തായി 17 - 19


അദ്ധ്യായം 17

യേശു രൂപാന്തരപ്പെടുന്നു
1: യേശു, ആറുദിവസംകഴിഞ്ഞ്, പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെമാത്രം കൂട്ടിക്കൊണ്ട്, ഒരുയര്‍ന്ന മലയിലേക്കുപോയി.
2: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി.
3: മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ക്കു കാണപ്പെട്ടു.
4: പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞാനിവിടെ മൂന്നുകൂടാരങ്ങളുണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.
5: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തിളക്കമേറിയ ഒരുമേഘംവന്ന്, അവരെയാവരണംചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവനെന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവനെ ശ്രവിക്കുവിന്‍.
6: ഇതുകേട്ടപ്പോൾ, ശിഷ്യന്മാര്‍ കമിഴ്ന്നുവീണു; അവര്‍ അത്യധികം ഭയപ്പെട്ടിരുന്നു.
7: യേശു അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കുവിന്‍, ഭയപ്പെടേണ്ടാ.
8: അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം
9: മലയില്‍നിന്നിറങ്ങുമ്പോള്‍ യേശു അവരോടാജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.
10: ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്നു നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്?
11: അവന്‍ പറഞ്ഞു: ഏലിയാ വന്ന്, എല്ലാം പുനഃസ്ഥാപിക്കുകതന്നെചെയ്യും.
12: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നുകഴിഞ്ഞു. എങ്കിലും അവരവനെ തിരിച്ചറിഞ്ഞില്ലാ. മാത്രമല്ലാ, തോന്നിയതെല്ലാം അവരവനോടുചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍പോകുന്നു.
13: സ്നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു
14: അവര്‍ ജനക്കൂട്ടത്തിന്റെയടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ മുട്ടുകുത്തിക്കൊണ്ടു പറഞ്ഞു:
15: കര്‍ത്താവേ, എന്റെ പുത്രനില്‍ക്കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ടു വല്ലാതെ കഷ്ടപ്പെടുന്നു. കാരണം, പലപ്പോഴുമവന്‍ തീയിലും വെള്ളത്തിലുംവീഴുന്നു.
16: ഞാനവനെ നിന്റെ ശിഷ്യന്മാരുടെയടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കുകഴിഞ്ഞില്ല.
17: യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെകൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളെ സഹിക്കണം! അവനെ ഇവിടെ എന്റെയടുത്തു കൊണ്ടുവരിക.
18: യേശു അതിനെ ശാസിച്ചു. പിശാചവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു.
19: അനന്തരം ശിഷ്യന്മാര്‍മാത്രമായി, യേശുവിനെ സമീപിച്ചുചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്?
20: യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നുമാറി, മറ്റൊരു സ്ഥലത്തേക്കു നീങ്ങുക എന്നുപറഞ്ഞാല്‍ അതു നീങ്ങിപ്പോകും.
21: നിങ്ങള്‍ക്ക്‌ ഒന്നുംതന്നെ അസാദ്ധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാംപ്രവചനം
22: അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെടാന്‍പോകുന്നു.
23: അവരവനെ വധിക്കും; എന്നാല്‍ മൂന്നാംദിവസം അവനുയിര്‍പ്പിക്കപ്പെടും. അപ്പോൾ, അവര്‍ അതീവദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്
24: അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതിപിരിക്കുന്നവര്‍ പത്രോസിന്റെയടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ?
25: അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍നിന്നാണു നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍നിന്നോ, അന്യരില്‍നിന്നോ?
26: പത്രോസ് മറുപടി പറഞ്ഞു. 'അന്യരില്‍ നിന്ന്.' യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ ഒഴിവുലഭിച്ചവരാണല്ലോ;
27: എങ്കിലും അവര്‍ക്ക് ഇടര്‍ച്ചനല്കാതിരിക്കാന്‍ നീ കടലില്‍പ്പോയി ചൂണ്ടയിടുക; ആദ്യംലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയംകണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക.

അദ്ധ്യായം 18

സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍
1: ആ സമയത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനാരാണ്?
2: യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെമദ്ധ്യേ നിറുത്തിക്കൊണ്ട് അരുൾചെയ്തു:
3: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനസ്സുതിരിഞ്ഞ്, ശിശുക്കളെപ്പോലെയാകുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
4: ഈ ശിശുവിനെപ്പോലെ സ്വയംചെറുതാകുന്നവനാണു സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
5: ഇതുപോലുള്ളൊരു ശിശുവിനെ എന്റെനാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.

ഇടർച്ചകള്‍
6: എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരിലൊരുവനു ദുഷ്‌പ്രേരണ നല്കുന്നവനാരായാലും അവനു കൂടുതല്‍ നല്ലത്, കഴുത്തിലൊരു വലിയ തിരികല്ലുകെട്ടി കടലിന്റെയാഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.
7: ഇടർച്ചകൾനിമിത്തം ലോകത്തിനു ദുരിതം! നിശ്ചയമായും 
ഇടർച്ചകൾ വരേണ്ടതാണ്. എന്നാല്‍, ആരുമൂലം ഇടർച്ചകൾവരുന്നുവോ, അവനു ദുരിതം!
8: നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍ അതുമുറിച്ച്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളുമുള്ളവനായി നിത്യാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
9: നിന്റെ കണ്ണു നിനക്ക് ഇടർച്ചയ്ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത്, നിന്നിൽനിന്ന് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്നിയിലെറിയപ്പെടുന്നതിനെക്കാള്‍ നിനക്കു നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.

വഴിതെറ്റിയ ആടിന്റെ ഉപമ
10: ഈ ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
11: കാരണം, സ്വര്‍ഗ്ഗത്തില്‍, അവരുടെ മാലാഖാമാര്‍, സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12: നിങ്ങള്‍ക്കെന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകളുണ്ടായിരിക്കെ, അതിലൊന്നു വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, വഴിതെറ്റിയതിനെ അവന്‍ അന്വേഷിച്ചുപോകയില്ലേ?
13: അതിനെക്കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
14: ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകുക എന്നത്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ ഹിതമല്ലാ.

പരസ്പരം തിരുത്തുക
15: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനുംമാത്രമായിരിക്കുമ്പോള്‍, ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക.
16: അവന്‍ നിന്റെ വാക്കുകേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു. അവന്‍ കേള്‍ക്കുന്നില്ലെങ്കില്‍, ഓരോ വാക്കും 
രണ്ടോ മൂന്നോ സാക്ഷികളാൽ സ്ഥിരീകരിക്കുന്നതിനുവേണ്ടി, നിന്നോടൊപ്പം, ഒന്നോ രണ്ടോപേരെക്കൂടെ കൊണ്ടുപോവുക.
17: അവന്‍, അവരെയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, സഭയോടു പറയുക; സഭയേയുംകേൾക്കാൻ വിസമ്മതിക്കുന്നെങ്കിൽ, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയുമായിരിക്കട്ടെ.
18: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയിലഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതുകാര്യത്തിലും ഏകമനസ്കരാണെങ്കിൽ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവ് നിറവേറ്റിത്തരും.
20: എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെമദ്ധ്യേ ഞാനുണ്ടായിരിക്കും.

നിര്‍ദ്ദയനായഭൃത്യന്റെ ഉപമ
21: അപ്പോള്‍ പത്രോസ് അടുത്തുവന്ന്, അവനോടു ചോദിച്ചു: കര്‍ത്താവേ, 
ന്റെ സഹോദരൻ എന്നോടു തെറ്റുചെയ്താൽ, എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം? ഏഴുപ്രാവശ്യമോ?
22: യേശു അരുൾചെയ്തു: ഏഴല്ല, ഏഴെഴുപതുപ്രാവശ്യമെന്നു ഞാന്‍ നിന്നോടു പറയുന്നു.
23: സ്വര്‍ഗ്ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കുതീര്‍ക്കാനാഗ്രഹിച്ച ഒരു രാജാവിനു സദൃശം.
24: കണക്കുതീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെമുമ്പില്‍ക്കൊണ്ടുവന്നു.
25: അവനതുവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവുംവിറ്റു കടംവീട്ടാന്‍ യജമാനന്‍ കല്പിച്ചു.
26: അതിനാൽ സേവകന്‍ വീണുപ്രണമിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എനിക്കു സാവകാശംതരണമേ! ഞാന്‍ നിനക്ക്, എല്ലാം തന്നുവീട്ടിക്കൊള്ളാം.
27: ആ സേവകന്റെ യജമാനന്‍ കരുണതോന്നി, അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
28: അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറകടപ്പെട്ടിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തുപിടിച്ചു ഞെക്കിക്കൊണ്ട് അവന്‍ പറഞ്ഞു: നീ കടപ്പെട്ടതു തന്നുതീര്‍ക്കുക.
29: അപ്പോള്‍ ആ സഹസേവകന്‍ അവനോടു കേണപേക്ഷിച്ചു: എനിക്കു സാവകാശംതരണമേ! നിനക്കു തന്നുതീർത്തുകൊള്ളാം.
30: എന്നാല്‍, അവന്‍ സമ്മതിച്ചില്ല. മറിച്ച്, അവൻപോയി, കടംവീട്ടുന്നതുവരെ അവനെ കാരാഗൃഹത്തിലേക്കു തള്ളി.
31: അതിനാൽ അവന്റെ സഹസേവകര്‍, സംഭവിച്ചതുകണ്ട്‌ ഏറെസങ്കടപ്പെട്ട്, യജമാനന്റെയടുക്കൽപ്പോയി, നടന്നതെല്ലാം വിവരിച്ചു.
32: യജമാനന്‍ അവനെ വിളിച്ചുപറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട്, ആ കടമെല്ലാം നിനക്കു ഞാന്‍ ഇളച്ചുതന്നു.
33: ഞാന്‍ നിന്നോടു കരുണകാണിച്ചപോലെ നീയും നിന്റെ സഹസേവകനോടു കരുണകാണിക്കേണ്ടതായിരുന്നില്ലേ?
34: അവന്റെ യജമാനന്‍ കോപിച്ച്, കടംമുഴുവന്‍ വീട്ടുന്നതുവരെ അവനെ ദണ്ഡകര്‍ക്ക് ഏല്പിച്ചുകൊടുത്തു.
35: ആകയാൽ, നിങ്ങളോരോരുത്തരും സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവും നിങ്ങളോട് ഇതുപോലെതന്നെചെയ്യും.

അദ്ധ്യായം 19

വിവാഹമോചനംസംബന്ധിച്ച്
1: അങ്ങനെ യേശു ഈ വാക്കുകളവസാനിപ്പിച്ചപ്പോൾ, ഗലീലിവിട്ട്, ജോര്‍ദ്ദാനക്കരെ യൂദയാപ്രദേശങ്ങളിലെത്തി.
2: വലിയജനക്കൂട്ടം അവനെയനുഗമിക്കുകയും അവിടെവച്ച്, അ
വനവരെ സുഖപ്പെടുത്തുകയുംചെയ്തു.
3: ഫരിസേയര്‍ അടുത്തുചെന്ന്, അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?
4: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ വായിച്ചിട്ടില്ലേ, സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.
5: അവൻ തുടർന്നു: ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേര്‍ന്നിരിക്കും; അവരിരുവരും ഏകശരീരമായിത്തീരും. 
6: തന്മൂലം, മേലിൽ അവര്‍ രണ്ടല്ല, ഒരുശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
7: അവരവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രംനല്കി, ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്?
8: അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംനിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതിനല്കിയത്. പക്ഷേ, ആദിമുതൽതന്നെ അങ്ങനെയായിരുന്നില്ല.
9: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലമല്ലാതെ മറ്റേതെങ്കിലുംകാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹംചെയ്യുന്നവന്‍ വ്യഭിചാരംചെയ്യുന്നു.
10: ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍ത്തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹംചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
11: അവനവരോടു പറഞ്ഞു: ആർക്കുനല്കപ്പെട്ടുവോ അവരല്ലാതെ മറ്റാരും ഈ വചനം ഗ്രഹിക്കുന്നില്ല.
12: എന്തെന്നാല്‍, മാതാവിന്റെ ഉദരത്തിൽനിന്നുതന്നെ ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

ശിശുക്കളെ അനുഗ്രഹിക്കുന്നു
13: അപ്പോൾ, അവരുടെമേൽ കൈകള്‍വച്ചു പ്രാര്‍ത്ഥിക്കുന്നതിനായി, ചിലര്‍ ശിശുക്കളെ അവന്റെയടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
14: എന്നാല്‍, യേശു പറഞ്ഞു: ശിശുക്കളെ എന്റെയടുക്കൽവരാന്‍ അനുവദിക്കുവിന്‍; അവരെത്തടയേണ്ടാ. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
15: അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.

ധനികനായ യുവാവ്
16: അപ്പോൾ ഒരുവൻ അവനെ സമീപിച്ചുചോദിച്ചു: ഗുരോ, നിത്യജീവന്‍പ്രാപിക്കാന്‍ ഞാനെന്തു നന്മചെയ്യണം?
17: അവന്‍ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍മാത്രം. ജീവനില്‍പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങൾ പാലിക്കുക.
18: അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരംചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യംനല്കരുത്.
19: പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
20: ആ യുവാവ് അവനോടു പറഞ്ഞു: ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്; ഇനിയുമെന്താണ് എനിക്കു കുറവ്?
21: യേശു പറഞ്ഞു: നീ പൂര്‍ണ്ണനാകാനാഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റുദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെയനുഗമിക്കുക.
22: എന്നാൽ ഈ വചനംകേട്ട് ആ യുവാവു ദുഃഖിതനായി, തിരിച്ചുപോയി; എന്തെന്നാൽ, അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23: യേശു ശിഷ്യന്മാരോടരുൾചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാൻ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്, ദുഷ്കരമാണ്.
24: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
25: ശിഷ്യന്മാര്‍ ഇതുകേട്ടു വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കുസാധിക്കും?
26: യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇതസാദ്ധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.
27: അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ചു നിന്നെയനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
28: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുതിയ ജീവിതത്തില്‍, മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ലുപവിഷ്ടനാകുമ്പോള്‍, എന്നെയനുഗമിച്ച നിങ്ങള്‍, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്, പന്ത്രണ്ടുസിംഹാസനങ്ങളിലിരിക്കും.
29: എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയുംചെയ്യും.
30: എന്നാല്‍, മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും.

ഇരുന്നൂറ്റിയെഴുപത്താറാം ദിവസം: മത്തായി 14 - 16

 

അദ്ധ്യായം 14

സ്നാപകന്റെ ശിരശ്ഛേദം
1: അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റിക്കേട്ട്,
2: തന്റെ സേവകന്മാരോടു പറഞ്ഞു: ഇവന്‍ സ്നാപകയോഹന്നാനാണ്. മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
3: ഹേറോദേസ് യോഹന്നാനെബന്ധിച്ചു കാരാഗൃഹത്തിലടച്ചിരുന്നു. സ്വന്തംസഹോദരനായ പീലിപ്പോസിന്റെ ഭാര്യ, ഹേറോദിയാനിമിത്തമാണ് അവനിതുചെയ്തത്.
4: എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നതു നിയമാനുസൃതമല്ല.
5: ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6: ഹേറോദേസിന്റെ ജന്മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു.
7: തന്മൂലം അവള്‍ ചോദിക്കുന്നതെന്തുംനല്‍കാമെന്നു രാജാവവളോട്, ആണയിട്ടു വാഗ്ദാനംചെയ്തു.
8: അവള്‍ അമ്മയുടെ നിര്‍ബ്ബന്ധത്താൽപ്പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്, ഒരു തളികയില്‍വച്ച് എനിക്കുതരിക.
9: രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അതവള്‍ക്കുനല്കാന്‍ അവനാജ്ഞാപിച്ചു.
10: അവന്‍ കാരാഗൃഹത്തിലാളയച്ച്, യോഹന്നാന്റെ തല വെട്ടിയെടുത്തു.
11: അതൊരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്കി. അവളത് അമ്മയുടെയടുത്തേക്കു കൊണ്ടുപോയി.
12: അവന്റെ ശിഷ്യര്‍ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവര്‍പോയി യേശുവിനെ വിവരമറിയിച്ചു.

അഞ്ചപ്പം അയ്യായിരംപേര്‍ക്ക്
13: യേശു ഇതുകേട്ട് അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ക്കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കരമാർഗ്ഗം അവനെ പിന്തുടര്‍ന്നു.
14: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയൊരു ജനക്കൂട്ടത്തെക്കണ്ടു. അവരോട് അവനനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
15: സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചുപറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരം വൈകിയുമിരിക്കുന്നു. ഗ്രാമങ്ങളില്‍പ്പോയി തങ്ങള്‍ക്കു ഭക്ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
16: എന്നാല്‍ യേശു പറഞ്ഞു:
17: അവര്‍ പോകേണ്ടആവശ്യമില്ല; നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടുമത്സ്യവുമല്ലാതെ ഞങ്ങൾക്കിവിടെ ഒന്നുമില്ലാ.
18: അപ്പോൾ അവന്‍ പറഞ്ഞു: അത് എന്റെയടുത്തുകൊണ്ടുവരുക.
19: അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയിലിരിക്കാന്‍ കല്പിച്ചശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കുനോക്കി വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാരെയേല്പിച്ചു. അവരതു ജനങ്ങള്‍ക്കു വിളമ്പി.
20: അവരെല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
21: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാരായിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു
22: ജനക്കൂട്ടത്തെപ്പറഞ്ഞുവിടുന്നതിനിടയിൽ, തനിക്കുമുമ്പേ വഞ്ചിയില്‍ക്കയറി, ഉടനേ മറുകരയ്ക്കുപോകാന്‍ അവൻ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു.
23: അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കുകയറി. സായാഹ്നമായപ്പോഴും അവനവിടെ തനിയേയായിരുന്നു.
24: ഇതിനിടെ, വഞ്ചി കരയില്‍നിന്ന് ഏറെ അകലെയായിക്കഴിഞ്ഞിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെയുലഞ്ഞു.
25: രാത്രിയുടെ നാലാംയാമത്തില്‍, അവന്‍ കടലിനുമീതേ നടന്ന്, അവരുടെയടുത്തേക്കു ചെന്നു.
26: അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു.
27: ഉടനെ അവനവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
28: പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടെ, അങ്ങയുടെ അടുത്തേക്കുവരാന്‍ കല്പിക്കുക. വരൂ, അവന്‍ പറഞ്ഞു.
29: പത്രോസ് വഞ്ചിയില്‍നിന്നിറങ്ങി, വെള്ളത്തിനുമുകളിലൂടെ  നടന്ന്, യേശുവിന്റെയടുത്തേക്കുചെന്നു.
30: എന്നാല്‍, ശക്തമായ കാറ്റുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, എന്നെ രക്ഷിക്കണേ!
31: ഉടനെ യേശു കൈനീട്ടി അവനെപ്പിടിച്ചുകൊണ്ടു ചോദിച്ചു: അല്പവിശ്വാസീ, നീ എന്തുകൊണ്ടു സംശയിച്ചു?
32: അവര്‍ വഞ്ചിയില്‍ക്കയറിയപ്പോള്‍ കാറ്റു ശമിച്ചു.
33: വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെയാരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍
34: അനന്തരം, അവര്‍ അക്കരയ്ക്കുകടന്ന്, ഗനേസറത്ത് പ്രദേശത്തെത്തി.
35: ആ സ്ഥലത്തെ ആളുകൾ അവനെത്തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാമാളയച്ച്, സകലരോഗികളെയും അവന്റെയടുത്തു കൊണ്ടുവന്നു.
36: അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടട്ടെയെന്ന് അവർ അവനോടു യാചിക്കുകയായിരുന്നു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയുംചെയ്തു.


അദ്ധ്യായം 15

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
1: അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:
2: നിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ പാരമ്പര്യംലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണംകഴിക്കുന്നതിനുമുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ.
3: അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെപേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണംലംഘിക്കുന്നതെന്തുകൊണ്ട്?
4: എന്തെന്നാൽ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ മരിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നു.
5: എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ 'എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടതു ദൈവത്തിനർപ്പിതം' എന്നു പറഞ്ഞാല്‍ പിന്നെയവന്‍ തന്റെ പിതാവിനെ ബഹുമാനിക്കേണ്ടതില്ലാ.
6: ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനം നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു.
7: കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8: ഈ ജനം, അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് ഏറെയകലെയാണ്.
9: അവര്‍ മനുഷ്യനിയമങ്ങള്‍ കല്പനകളായിപ്പഠിപ്പിച്ചുകൊണ്ട്, വ്യര്‍ത്ഥമായി എന്നെയാരാധിക്കുന്നു.

ആന്തരികവും ബാഹ്യവുമായ ശുദ്ധി
10: അവന്‍ ജനങ്ങളെ തന്റെയടുത്തു വിളിച്ചുപറഞ്ഞു: നിങ്ങള്‍ കേട്ടുമനസ്സിലാക്കുവിന്‍;
11: വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നുവരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.
12: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്നു നീയറിയുന്നുവോ?
13: അവന്‍ മറുപടിപറഞ്ഞു: എന്റെ സ്വര്‍ഗ്ഗീയപിതാവു നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.
14: അവരെ വിട്ടേക്കൂ; അവര്‍ അന്ധർക്കു വഴികാട്ടികളായ അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍വീഴും.
15: മറുപടിയായി, 
പത്രോസ് അപേക്ഷിച്ചു. ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ.
16: അവന്‍ പറഞ്ഞു: നിങ്ങളിപ്പോഴും ഗ്രഹണശക്തിയില്ലാത്തവരാണോ?
17: വായില്‍പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജ്ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
18: എന്നാല്‍, വായില്‍നിന്നു വരുന്നതു ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
19: കാരണം, ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, ദൈവദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്.
20: ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. എന്നാൽ, കഴുകാത്തകൈകൊണ്ടു  ഭക്ഷിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.

കാനാന്‍കാരിയുടെ വിശ്വാസം
21: യേശു അവിടെനിന്നു പുറപ്പെട്ട്, ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22: അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ക്കനിയണമേ! എന്റെ മകളെ പിശാചു കഠിനമായി ബാധിച്ചിരിക്കുന്നു.
23: എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരംപറഞ്ഞില്ല. ശിഷ്യന്മാര്‍വന്ന്, അവനോടഭ്യര്‍ത്ഥിച്ചു: അവളെപ്പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെവന്നു നിലവിളിക്കുന്നല്ലോ.
24: അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെയടുത്തേക്കുമാത്രമാണു ഞാനയയ്ക്കപ്പെട്ടിരിക്കുന്നത്.
25: എന്നാല്‍, അവള്‍ വന്ന്, അവന്റെമുമ്പിൽ, സാഷ്ടാംഗംപ്രണമിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്നെ സഹായിക്കണമേ.
26: അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്തു നായ്ക്കുട്ടികള്‍ക്കെറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.
27: പക്ഷേ അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കുട്ടികൾപോലും യജമാനന്മാരുടെ മേശയില്‍നിന്നുവീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
28: യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

അനേകര്‍ക്കു രോഗശാന്തി
29: യേശു അവിടെനിന്നു പുറപ്പെട്ട്, ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ക്കയറി അവിടെയിരുന്നു.
30: അപ്പോൾ വലിയജനക്കൂട്ടം അവന്റെയടുക്കലേക്കു വന്നു. അവരുടെകൂടെയുള്ള മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമകൾ എന്നിവരെയും മറ്റനേകംപേരെയും അവന്റെ പാദത്തിങ്കൽക്കിടത്തി. അവനവരെ സുഖപ്പെടുത്തി.
31: ഊമകൾ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതുംകണ്ട്, ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ഏഴപ്പം നാലായിരംപേർക്ക് 
32: പിന്നീട്, യേശു തന്റെ ശിഷ്യന്മാരെ അടുക്കലേക്കുവിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്കനുകമ്പതോന്നുന്നു. എന്തെന്നാൽ, മൂന്നുദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നുവീഴാനിടയുള്ളതിനാല്‍ ആഹാരംനല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.
33: ശിഷ്യന്മാര്‍ ചോദിച്ചു: ഇത്രവലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍വേണ്ടത്ര അപ്പം, ഈ മരുഭൂമിയില്‍ നമുക്കെവിടെനിന്നു കിട്ടും?
34: യേശു അവരോടു ചോദിച്ചു: നിങ്ങളുടെപക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവുമുണ്ട്.
35: ജനക്കൂട്ടത്തോടു നിലത്തിരിക്കാനാജ്ഞാപിച്ചിട്ട്,
36: അവന്‍ ഏഴപ്പവും മത്സ്യവുമെടുത്ത് കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. ശിഷ്യന്മാരാകട്ടെ, ജനക്കൂട്ടത്തിനു വിളമ്പി. അവര്‍ ഭക്ഷിച്ചുതൃപ്തരായി.
37: ബാക്കിവന്ന കഷണങ്ങള്‍, ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
38: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്മാരായിരുന്നു.
39: ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, അവന്‍ വഞ്ചിയില്‍ക്കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.

അദ്ധ്യായം 16

കാലത്തിന്റെ അടയാളങ്ങള്‍
1: അനന്തരം, ഫരിസേയരും സദ്ദുക്കായരും അവനെപ്പരീക്ഷിക്കാന്‍ അടുക്കലെത്തി. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളം തങ്ങളെക്കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2: അവന്‍ മറുപടി പറഞ്ഞു: വൈകുന്നേരമാകുമ്പോൾ നിങ്ങള്‍ പറയുന്നു, നല്ല കാലാവസ്ഥയായിരിക്കും. കാരണം, ആകാശംചെമന്നിരിക്കുന്നു; 
3: എന്നാൽ, പ്രഭാതത്തിൽ നിങ്ങള്‍ പറയുന്നു: 
 ഇന്നു കാറ്റും കോളുമുണ്ടാകും. കാരണം, ആകാശം ചെമന്നുമൂടിയിരിക്കുന്നു; ആകാശത്തിന്റെ ഭാവഭേദങ്ങള്‍ വിവേചിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ?
4: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. അനന്തരമവന്‍ അവരെവിട്ടുപോയി.

ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവ്
5: പിന്നീട്, മറുകരയിലേക്കു പോകുമ്പോള്‍ അപ്പമെടുക്കാന്‍ ശിഷ്യന്മാര്‍ മറന്നിരുന്നു.
6: യേശു പറഞ്ഞു: ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ 
ശ്രദ്ധയോടെ സൂക്ഷിച്ചുകൊള്ളുവിന്‍.
7: നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാമെന്ന് അവര്‍ പരസ്പരം പറഞ്ഞു.
8: യേശു ഇതറിഞ്ഞ് അവരോടുചോദിച്ചു: അല്പവിശ്വാസികളേ, അപ്പമില്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്?
9: നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരംപേരുടെ അഞ്ചപ്പം നിങ്ങളോര്‍മ്മിക്കുന്നില്ലേ? എത്രകുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ ശേഖരിച്ചു?
10: നാലായിരംപേരുടെ ഏഴപ്പവും നിങ്ങളോര്‍മ്മിക്കുന്നില്ലേ? അന്ന് എത്രകുട്ടകളാണു നിങ്ങള്‍ നിറച്ചത്?
11: ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.
12: അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദ്ദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുൾചെയ്തതെന്ന് അവര്‍ക്കപ്പോള്‍ മനസ്സിലായി.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
13:കേസറിയാഫിലിപ്പിപ്രദേശത്തെത്തിയപ്പോള്‍, 
യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്, ആളുകൾപറയുന്നത്?
14: അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു.
15: അവനവരോടു ചോദിച്ചു: എന്നാല്‍, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?
16: ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവയ്ക്കുന്നദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
17: യേശു അവനോടരുൾചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ അനുഗൃഹീതൻ! എന്തെന്നാൽ,മാംസവും രക്തവുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിത്തന്നത്.
18: ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
19: സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
20: അനന്തരം, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന്, അവൻ ശിഷ്യന്മാരോടു കല്പിച്ചു.

പീഡാനുഭവവും ഉത്ഥാനവും - ഒന്നാംപ്രവചനം
21: അപ്പോള്‍മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി.
22: പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സംപറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു ഭവിക്കാതിരിക്കട്ടെ.
23: യേശുതിരിഞ്ഞു പത്രോസിനോടു പറഞ്ഞു: സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീയെനിക്കു തടസ്സമാണ്. കാരണം. നീ ചിന്തിക്കുന്നത് ദൈവികകാര്യങ്ങളല്ല, മാനുഷികകാര്യങ്ങളാണ്.
24: അനന്തരം, യേശു ശിഷ്യന്മാരോടരുൾചെയ്തു: ആരെങ്കിലും എന്റെ പിന്നാലെവരാൻ ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശെടുത്ത് എന്നെയനുഗമിക്കട്ടെ.
25: എന്തെന്നാൽ, സ്വന്തം ജീവന്‍ രക്ഷിക്കുവാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വന്തംജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവനതു കണ്ടെത്തും.
26: ഒരുവന്‍ ലോകംമുഴുവന്‍നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാല്‍ അവനെന്തുപ്രയോജനം? കാരണം, ഒരുവന്‍ സ്വന്തം ജീവനുപകരമായി എന്തുകൊടുക്കും?
27: മനുഷ്യപുത്രന്‍, തന്റെ
 പിതാവിന്റെ മഹത്വത്തില്‍ ദൂതന്മാരോടുകൂടെ വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലംനല്കും.
28: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലാ.