നൂറ്റിയറുപത്തിമൂന്നാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 34 - 38

 

അദ്ധ്യായം 34

ദൈവത്തിന്റെ സംരക്ഷണം
ദാവീദിന്റെ സങ്കീർത്തനം. അബിമെലെക്കിന്റെമുമ്പിൽ ബുദ്ധിഭ്രമംനടിക്കുകയും ആട്ടിയോടിക്കപ്പെടുകയുംചെയ്തപ്പോൾ പാടിയത്.
1: കര്‍ത്താവിനെ ഞാനെന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. 
2: കര്‍ത്താവില്‍ ഞാന്‍, അഭിമാനംകൊള്ളുന്നു; പീഡിതര്‍, കേട്ടാനന്ദിക്കട്ടെ! .
3: എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍ ‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
4: ഞാന്‍ കര്‍ത്താവിനെത്തേടി, അവിടുന്നെനിക്കുത്തരമരുളി; സര്‍വ്വഭയങ്ങളിലുംനിന്ന് അവിടുന്നെന്നെ മോചിപ്പിച്ചു.
5: അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
6: ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയുംചെയ്തു.
7: കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെചുറ്റും പാളയമടിച്ച്, അവരെ രക്ഷിക്കുന്നു.
8: കര്‍ത്താവ്, എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍‍.
9: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
10: സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
11: മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം.
12: ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്സ് അഭിലഷിക്കുകയുംചെയ്യുന്നുവോ?
13: തിന്മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍.
14: തിന്മയില്‍നിന്നകന്നു നന്മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിന്‍.
15: കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു; അവിടുന്നവരുടെ വിലാപം ശ്രവിക്കുന്നു.
16: ദുഷ്‌കര്‍മ്മികളുടെ ഓര്‍മ്മ, ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ്, അവര്‍ക്കെതിരേ മുഖംതിരിക്കുന്നു.
17: നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്നു രക്ഷിക്കുന്നു.
18: ഹൃദയംനുറുങ്ങിയവര്‍ക്കു കര്‍ത്താവു സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
19: നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവവനെ മോചിപ്പിക്കുന്നു.
20: അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
21: തിന്മ, ദുഷ്ടരെ സംഹരിക്കും; നീതിമാന്മാരെ ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.
22: കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണംപ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.

അദ്ധ്യായം 35

കര്‍ത്താവേ, നീതി നടത്തിത്തരണമേ!
ദാവീദിന്റെ സങ്കീർത്തനം. 
1: കര്‍ത്താവേ, എന്നില്‍ കുറ്റമാരോപിക്കുന്നവനില്‍ അങ്ങു കുറ്റമാരോപിക്കണമേ! എന്നോടു പൊരുതുന്നവനോട് അങ്ങു പൊരുതണമേ!
2: കവചവും പരിചയുംധരിച്ച്, എന്റെ സഹായത്തിനു വരണമേ;
3: എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!
4: എന്റെ ജീവന്‍ വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരുമാക്കണമേ! എനിക്കെതിരേ അനര്‍ത്ഥംനിരൂപിക്കുന്നവര്‍ ഭ്രമിച്ചുപിന്തിരിയട്ടെ!
5: അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!
6: കര്‍ത്താവിന്റെ ദൂതന്‍ അവരെ അനുധാവനംചെയ്യട്ടെ! അവരുടെ വഴി, അന്ധകാരപൂര്‍ണ്ണവും തെന്നിവീഴുന്നതുമാകട്ടെ!
7: അകാരണമായി അവരെനിക്കു വലവിരിച്ചു; കാരണംകൂടാതെ അവര്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
8: അപ്രതീക്ഷിതമായി നാശം അവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ചവലയില്‍ കുടുങ്ങട്ടെ; അവരതില്‍വീണു നശിക്കട്ടെ.
9: അപ്പോള്‍ ഞാന്‍, കര്‍ത്താവിലാനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ചുല്ലസിക്കും.
10: കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേയ്ക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍നിന്നും ദുര്‍ബ്ബലനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരില്‍നിന്നും അങ്ങു രക്ഷിക്കുന്നു.
11: നീചസാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാനറിയാത്ത കാര്യങ്ങള്‍ അവരെന്നോടു ചോദിക്കുന്നു.
12: നന്മയ്ക്കു പ്രതിഫലമായി അവരെനിക്കു തിന്മ തരുന്നു; ഞാന്‍ നിസ്സഹായനായിരിക്കുന്നു.
13: എന്നാല്‍, അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്തുപവസിച്ച്, ആത്മപീഡനമേറ്റു; ശിരസ്സു നമിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു.
14: സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തു. ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു; അമ്മയെയോര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.
15: എന്നാല്‍, അവര്‍ എന്റെ വീഴ്ചയില്‍ കൂട്ടംകൂടി ആഹ്ലാദിച്ചു; ഞാനറിയാത്ത മുടന്തന്മാര്‍ നിറുത്താതെ, എന്നെ പരിഹസിച്ചു.
16: അവരെന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.
17: കര്‍ത്താവേ, അങ്ങെത്രനാള്‍ ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
18: അപ്പോള്‍, ഞാന്‍ മഹാസഭയില്‍ അങ്ങേയ്ക്കു നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.
19: വഞ്ചകരായ എന്റെ ശത്രുക്കള്‍ എന്നെനോക്കി സന്തോഷിക്കാനിടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍ കണ്ണിറുക്കാന്‍ ഇടയാക്കരുതേ!
20: അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേ വഞ്ചന നിരൂപിക്കുന്നു.
21: അവര്‍ എന്റെനേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടുവെന്ന് അവര്‍ പറയുന്നു.
22: കര്‍ത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു മൗനമായിരിക്കരുതേ! കര്‍ത്താവേ, എന്നില്‍നിന്നകന്നിരിക്കരുതേ!
23: എന്റെ ദൈവമായ കര്‍ത്താവേ, എനിക്കു നീതിനടത്തിത്തരാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമേ!
24: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! അവര്‍ എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കരുതേ!
25: ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന് അവര്‍ പറയാതിരിക്കട്ടെ! ഞങ്ങളവനെ വിഴുങ്ങിയെന്ന് അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
26: എന്റെ അനര്‍ത്ഥത്തില്‍ ആഹ്ലാദിക്കുന്നവര്‍ ലജ്ജിച്ചുസംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയട്ടെ!
27: എന്റെ നീതി സ്ഥാപിച്ചുകിട്ടാനാഗ്രഹിക്കുന്നവര്‍ ആനന്ദിച്ചാര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന കര്‍ത്താവു വലിയവനാണെന്ന് അവരെന്നും പറയുമാറാകട്ടെ!
28: അപ്പോള്‍, എന്റെ നാവ്, അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും.

അദ്ധ്യായം 36

ജീവന്റെ ഉറവ
ഗായകസംഘനേതാവിന്, കർത്താവിന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം 
1: ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടു പാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ ദൈവഭയത്തിനു സ്ഥാനമില്ല.
2: തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ വെറുക്കപ്പെടുകയോ ഇല്ലെന്ന് അവനഹങ്കരിക്കുന്നു.
3: അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മ്മവും വഞ്ചനയുമാണ്; വിവേകവും നന്മയും അവന്റെ പ്രവൃത്തികളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
4: കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു; തിന്മയെ അവന്‍ വെറുക്കുന്നില്ല.
5: കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളമെത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.
6: അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍ അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയും മൃഗത്തെയും അവിടുന്നു രക്ഷിക്കുന്നു.
7: ദൈവമേ, അങ്ങയുടെ കാരുണ്യം എത്രയമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.
8: അവര്‍, അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍നിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍നിന്ന്, അവര്‍ പാനംചെയ്യുന്നു.
9: അങ്ങിലാണു ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം.
10: അങ്ങയെ അറിയുന്നവര്‍ക്ക് അങ്ങയുടെ കാരുണ്യവും, നിഷ്‌കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെ രക്ഷയും തുടര്‍ന്നു നല്കണമേ!
11: അഹങ്കാരത്തിന്റെ പാദങ്ങള്‍ എന്റെമേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകള്‍ എന്നെ ആട്ടിയോടിക്കാതിരിക്കട്ടെ!.
12: തിന്മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്തവിധം അവര്‍ വീഴ്ത്തപ്പെട്ടിരിക്കുന്നു.

അദ്ധ്യായം 37

നീതിമാനും ദുഷ്ടനും
ദാവീദിന്റെ സങ്കീർത്തനം 
1: ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മ്മികളോട് അസൂയപ്പെടുകയുംവേണ്ടാ.
2: അവര്‍ പുല്ലുപോലെ പെട്ടെന്നുണങ്ങിപ്പോകും; സസ്യംപോലെ വാടുകയുംചെയ്യും.
3: ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
4: കര്‍ത്താവിലാനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
5: നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
6: അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മദ്ധ്യാഹ്നംപോലെ നിന്റെ അവകാശവും.
7: കര്‍ത്താവിന്റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വ്വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗ്ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
8: കോപത്തില്‍നിന്ന് അകന്നു നില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്മയിലേക്കുമാത്രമേ നയിക്കൂ.
9: ദുഷ്ടര്‍ വിച്ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും.
10: അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടനില്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല.
11: എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവരാനന്ദിക്കും.
12: ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചനനടത്തുകയും അവന്റെനേരേ പല്ലിറുമ്മുകയുംചെയ്യുന്നു.
13: എന്നാല്‍, കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസമടുത്തെന്ന് അവിടുന്നറിയുന്നു.
14: ദുഷ്ടര്‍ വാളൂരുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ.
15: അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകളൊടിഞ്ഞുപോകും.
16: അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍ നീതിമാന്റെ അല്പമാണു മെച്ചം.
17: ദുഷ്ടന്റെ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.
18: കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങളറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19: അവര്‍ അനര്‍ത്ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.
20: ദുഷ്ടര്‍ നശിക്കുന്നു; കര്‍ത്താവിന്റെ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്; അവര്‍ മറഞ്ഞുപോകും, പുകപോലെ മാഞ്ഞുപോകും.
21: ദുഷ്ടര്‍ വായ്പ വാങ്ങിക്കും; തിരിച്ചുകൊടുക്കാന്‍ അവര്‍ക്കു കഴിയുകയില്ല; എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനംചെയ്യുന്നു.
22: കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്ഛേദിക്കപ്പെടും.
23: മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
24: അവന്‍ വീണേക്കാം, എന്നാല്‍, അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
25: ഞാന്‍ ചെറുപ്പമായിരുന്നു; ഇപ്പോള്‍ വൃദ്ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.
26: അവന്‍ എപ്പോഴും ഉദാരമായി ദാനംചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു; അവന്റെ സന്തതി അനുഗ്രഹത്തിനു കാരണമാകും.
27: തിന്മയില്‍നിന്നകന്നു നന്മ ചെയ്യുക, എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
28: കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല; നീതിമാന്മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്ടരുടെ സന്തതി വിച്ഛേദിക്കപ്പെടും.
29: നീതിമാന്മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയുംചെയ്യും.
30: നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവില്‍നിന്നു, നീതിയുതിരുന്നു.
31: ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല.
32: ദുഷ്ടന്‍ നീതിമാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കം നോക്കുന്നു.
33: കര്‍ത്താവ്, അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തില്‍ കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.
34: കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന് അവിടുന്നു നിന്നെ ആദരിക്കും; ദുഷ്ടരുടെ നാശം നീ കാണും.
35: ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
36: പിന്നീടു ഞാനതിലെ കടന്നുപോയപ്പോള്‍ അവനവിടെയുണ്ടായിരുന്നില്ല; അവനെയന്വേഷിച്ചു, കണ്ടില്ല.
37: നിഷ്‌കളങ്കനെ ശ്രദ്ധിക്കുക; സത്യസന്ധനെ സൂക്ഷിച്ചുനോക്കുക, എന്തെന്നാല്‍, സമാധാനകാംക്ഷിക്കു സന്തതിപരമ്പരയുണ്ടാകും.
38: അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്ടര്‍ക്കു സന്തതി അറ്റുപോകും.
39: നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്.
40: കര്‍ത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്നവരെ ദുഷ്ടരില്‍നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയംതേടിയത്.

അദ്ധ്യായം 38

രോഗിയുടെ രോദനം
ദാവീദിന്റെ സങ്കീർത്തനം . അനുസ്മരണബലിക്ക് .
1: കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ!
2: അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം, എന്റെമേല്‍ പതിച്ചിരിക്കുന്നു.
3: അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.
4: എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അതെനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5: എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.
6: ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസംമുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7: എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8: ഞാന്‍ തീര്‍ത്തും ക്ഷീണിച്ചുതകര്‍ന്നിരിക്കുന്നു; ഹൃദയക്ഷോഭംനിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9: കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേയ്ക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേയ്ക്കജ്ഞാതമല്ല.
10: എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11: എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരിനിമിത്തം എന്നില്‍നിന്നകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.
12: എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെയുപദ്രവിക്കാനാഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസംമുഴുവനും വഞ്ചന നിനയ്ക്കുന്നു.
13: ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍.
14: ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ‍; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15: കര്‍ത്താവേ, അങ്ങേയ്ക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്കുത്തരമരുളേണ്ടത്.
16: ഇതാണെന്റെപ്രാര്‍ത്ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെപ്രതി സന്തോഷിക്കാനിടയാക്കരുതേ! .
17: ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18: ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19: അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ..
20: നന്മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്മ ചെയ്യുന്നു; ഞാന്‍ നന്മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.
21: കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! .
22: എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!

നൂറ്റിയറുപത്തിരണ്ടാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 27 - 33


അദ്ധ്യായം 27

കര്‍ത്താവിലാശ്രയം
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവെന്റെ പ്രകാശവും രക്ഷയുമാണ്, ഞാനാരെ ഭയപ്പെടണം? കര്‍ത്താവെന്റെ ജീവിതത്തിനു കോട്ടയാണ്, ഞാനാരെപ്പേടിക്കണം?
2: എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെയാക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. 
3: ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയമറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാനാത്മധൈര്യം വെടിയുകയില്ല.
4: ഒരു കാര്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിക്കുന്നു; ഒരു കാര്യംമാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യമാസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതമാരായാനുംവേണ്ടി ജീവിതകാലംമുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.
5: ക്ലേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്കഭയംനല്കും; തന്റെ കൂടാരത്തിനുള്ളില്‍ എന്നെയൊളിപ്പിക്കും; എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
6: എന്നെ വലയംചെയ്യുന്ന ശത്രുക്കളുടെമുകളില്‍ എന്റെ ശിരസ്സുയര്‍ന്നു നില്ക്കും; ആഹ്ലാദാരവത്തോടെ അവിടുത്തെക്കൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും; ഞാന്‍ വാദ്യഘോഷത്തോടെ കര്‍ത്താവിനെ സ്തുതിക്കും.
7: കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! കാരുണ്യപൂര്‍വ്വം എനിക്കുത്തരമരുളണമേ!
8: എന്റെ മുഖംതേടുവിനെന്ന് അവിടുന്നു കല്പിച്ചു; കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നുവെന്ന്, എന്റെ ഹൃദയമങ്ങയോടു മന്ത്രിക്കുന്നു.
9: അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്കരിക്കരുതേ! എന്നെ കൈവെടിയരുതേ!
10: അപ്പനുമമ്മയും എന്നെയുപേക്ഷിച്ചാലും കര്‍ത്താവെന്നെ കൈക്കൊള്ളും.
11: കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.
12: വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; കള്ളസാക്ഷികള്‍ എനിക്കെതിരേ ഉയര്‍ന്നിരിക്കുന്നു; അവര്‍ ക്രൂരത നിശ്വസിക്കുന്നു.
13: ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മകാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
14: കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍‍; കര്‍ത്താവിനുവേണ്ടിക്കാത്തിരിക്കുവിന്‍‍.

അദ്ധ്യായം 28

കര്‍ത്താവേ, സഹായിക്കണമേ!
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്, എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനംപാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും.
2: അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!
3: ദുഷ്‌കര്‍മ്മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടു സൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയത്തില്‍ ദുഷ്ടത കുടികൊള്ളുന്നു. .
4: അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്, അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്കണമേ! അവര്‍ ചെയ്തതനുസരിച്ച് അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ!
5: അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്നവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല.
6: കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്നെന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.
7: കര്‍ത്താവെന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവിലെന്റെ ഹൃദയം ശരണംവയ്ക്കുന്നു, അതുകൊണ്ട്, എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയമാനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു.
8: കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണംനല്കുന്ന അഭയസ്ഥാനമവിടുന്നാണ്.
9: അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!

അദ്ധ്യായം 29

കര്‍ത്താവിന്റെ ശക്തമായ സ്വരം
ദാവീദിന്റെ സങ്കീർത്തനം 
1: സ്വര്‍ഗ്ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
2: കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ നാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെയാരാധിക്കുവിന്‍. .
3: കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേ മഹത്വത്തിന്റെ ദൈവം ഇടിനാദംമുഴക്കുന്നു. 
4: കര്‍ത്താവിന്റെ സ്വരം ശക്തിനിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5: കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെത്തകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചുതകര്‍ക്കുന്നു.
6: അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും!
7: കര്‍ത്താവിന്റെ സ്വരം അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8: കര്‍ത്താവിന്റെ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ്‌മരുഭൂമിയെ നടുക്കുന്നു.
9: കര്‍ത്താവിന്റെ സ്വരം ഓക്കുമരങ്ങളെ ചുഴറ്റുന്നു; അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വമെന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
10: കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേയ്ക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു.
11: കര്‍ത്താവു തന്റെ ജനത്തിനു ശക്തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനംനല്കിയനുഗ്രഹിക്കട്ടെ!

അദ്ധ്യായം 30

കൃതജ്ഞതാഗാനം
ദാവീദിന്റെ സങ്കീർത്തനം . ദേവാലയപ്രതിഷ്ഠയ്ക്കുള്ള  ഗീതം. 
1: കര്‍ത്താവേഞാനങ്ങയെ പാടിപ്പുകഴ്ത്തുംഅവിടുന്നെന്നെ രക്ഷിച്ചുഎന്റെ ശത്രു, എന്റെമേല്‍ വിജയമാഘോഷിക്കാനിടയാക്കിയില്ല.
2: എന്റെ ദൈവമായ കര്‍ത്താവേഞാനങ്ങയോടു നിലവിളിച്ചപേക്ഷിച്ചുഅവിടുന്നെന്നെ സുഖപ്പെടുത്തുകയും ചെയ്തു.
3: കര്‍ത്താവേഅവിടുന്നെന്നെ പാതാളത്തില്‍നിന്നു കരകയറ്റിമരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന് എന്നെ ജീവനിലേക്കാനയിച്ചു.
4: കര്‍ത്താവിന്റെ വിശുദ്ധരേഅവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
5: എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേയുള്ളുഅവിടുത്തെ പ്രസാദം, ആജീവനാന്തം നിലനില്ക്കുന്നുരാത്രിയില്‍ വിലാപമുണ്ടായേക്കാംഎന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
6: ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7: കര്‍ത്താവേഅങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വ്വതത്തെപ്പോലെ ഉറപ്പിച്ചിരുന്നുഅങ്ങു മുഖംമറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി. 
8: കര്‍ത്താവേഅങ്ങയോടു ഞാന്‍ നിലവിളിച്ചുഞാന്‍ കര്‍ത്താവിനോടു യാചിച്ചു. 
9: ഞാന്‍ പാതാളത്തില്‍പ്പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തുഫലംധൂളി അങ്ങയെ വാഴ്ത്തുമോഅതങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?
10: കര്‍ത്താവേഎന്റെ യാചനകേട്ട്, എന്നോടു കരുണതോന്നണമേ! കര്‍ത്താവേഅവിടുന്നെന്നെ സഹായിക്കണമേ!  
11: അവിടുന്നെന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റിഅവിടുന്നെന്നെചാക്കുവസ്ത്രമഴിച്ച്ആനന്ദമണിയിച്ചു.  
12: ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തുംദൈവമായ കര്‍ത്താവേഞാനങ്ങേയ്ക്കെന്നും നന്ദിപറയും.

അദ്ധ്യായം 31

കര്‍ത്താവ് എന്റെ സങ്കേതം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം . 
1: കര്‍ത്താവേ, അങ്ങയില്‍ ഞാനഭയം തേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ്, എന്നെ രക്ഷിക്കണമേ!
2: എന്റെനേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്നെന്റെ അഭയശിലയും എനിക്കു രക്ഷനല്കുന്ന ശക്തിദുര്‍ഗ്ഗവുമായിരിക്കണമേ!
3: അവിടുന്നെനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടിയായിരിക്കണമേ!
4: എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണെന്റെ അഭയസ്ഥാനം. .
5: അങ്ങയുടെ കരങ്ങളില്‍ എന്റെയാത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചു.
6: വ്യര്‍ത്ഥവിഗ്രഹങ്ങളെയാരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍, ഞാന്‍ കര്‍ത്താവിലാശ്രയിക്കുന്നു;
7: അങ്ങയുടെ അചഞ്ചല സ്നേഹത്തില്‍ ഞാനാനന്ദമടയും; അവിടുന്നെന്റെ ദുരിതങ്ങള്‍ കണ്ടിരിക്കുന്നു; എന്റെ യാതനകള്‍ അങ്ങു ശ്രദ്ധിച്ചിരിക്കുന്നു.
8: ശത്രുകരങ്ങളില്‍ അങ്ങെന്നെ ഏല്പിച്ചുകൊടുത്തില്ല; വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ അങ്ങുറപ്പിച്ചിരിക്കുന്നു.
9: കര്‍ത്താവേ, എന്നോടു കരുണതോന്നണമേ! ഞാന്‍ ദുരിതമനുഭവിക്കുന്നു; ദുഃഖംകൊണ്ട് എന്റെ നയനങ്ങള്‍ ക്ഷയിച്ചിരിക്കുന്നു; എന്റെ ജീവനും ശരീരവും തളര്‍ന്നിരിക്കുന്നു. .
10: എന്റെ ആയുസ്സു ദുഃഖത്തിലും എന്റെ വത്സരങ്ങള്‍ നെടുവീര്‍പ്പിലും കടന്നുപോകുന്നു; ദുരിതംകൊണ്ട് എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥി ദ്രവിച്ചുപോകുന്നു.
11: ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്; പരിചയക്കാര്‍ എന്നെക്കണ്ടു നടുങ്ങുന്നു, തെരുവില്‍, എന്നെക്കാണുന്നവര്‍ ഓടിയകലുന്നു.
12: മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു; ഞാന്‍ ഉടഞ്ഞുചിതറിയ പാത്രംപോലെയായിത്തീര്‍ന്നു.
13: പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു; ചുറ്റും ഭീഷണിതന്നെ; എനിക്കെതിരേ അവര്‍ ഒന്നുചേര്‍ന്നു ഗൂഢാലോചന നടത്തുന്നു; എന്റെ ജീവനപഹരിക്കാന്‍ അവരാലോചിക്കുന്നു.
14: കര്‍ത്താവേ, ഞാനങ്ങയിലാശ്രയിക്കുന്നു; അങ്ങാണെന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
15: എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
16: അങ്ങയുടെ ദൃഷ്ടി ഈ ദാസന്റെമേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
17: കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാന്‍ ലജ്ജിതനാകാനിടയാക്കരുതേ! ദുഷ്ടരെ ലജ്ജിതരാക്കണമേ! അവര്‍ മൂകരായി പാതാളത്തില്‍പ്പതിക്കട്ടെ!
18: അസത്യംപറയുന്ന അധരങ്ങള്‍ മൂകമാകട്ടെ! അവര്‍ അഹന്തയോടും അവജ്ഞയോടുംകൂടെ നീതിമാന്മാര്‍ക്കെതിരേ സംസാരിക്കുന്നു.
19: കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്നവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയംതേടുന്നവര്‍ക്ക് അവ പരസ്യമായിനല്കുന്നു.
20: അങ്ങവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ മറവിലൊളിപ്പിച്ചു. നിന്ദാവചനങ്ങളേല്‍ക്കാതെ അങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
21: കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാംവിധം എന്നോടു കാരുണ്യംകാണിച്ചു.
22: അങ്ങയുടെ ദൃഷ്ടിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടുവെന്ന് എന്റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി; എന്നാല്‍, ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍ അവിടുന്നെന്റെ അപേക്ഷകേട്ടു.
23: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ സ്നേഹിക്കുവിന്‍ ‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
24: കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബ്ബലരാകാതെ ധൈര്യമവലംബിക്കുവിന്‍.

അദ്ധ്യായം 32

മാപ്പുലഭിച്ചവന്റെ ആനന്ദം

ദാവീദിന്റെ സങ്കീർത്തനം. ഒരു പ്രബോധനഗീതം.
1: അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവുംലഭിച്ചവന്‍ ഭാഗ്യവാന്‍.
2: കര്‍ത്താവു കുറ്റംചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.
3: ഞാന്‍ പാപങ്ങളേറ്റുപറയാതിരുന്നപ്പോള്‍ ദിവസംമുഴുവന്‍ കരഞ്ഞ്, എന്റെ ശരീരം ക്ഷയിച്ചുപോയി.
4: രാവുംപകലും അങ്ങയുടെ കരം എന്റെമേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി.
5: എന്റെ പാപം അവിടുത്തോടു ഞാനേറ്റു പറഞ്ഞു; എന്റെയകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം, അവിടുന്നു ക്ഷമിച്ചു.
6: ആകയാല്‍, ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞൊഴുകിയാലും അതവരെ സമീപിക്കുകയില്ല.
7: അവിടുന്നെന്റെ അഭയസങ്കേതമാണ്; അനര്‍ത്ഥങ്ങളില്‍നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട്, എന്നെപ്പൊതിയുന്നു.
8: ഞാന്‍ നിന്നെയുപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിയുറപ്പിച്ചു നിന്നെയുപദേശിക്കാം.
9: നീ കുതിരയെയും കോവര്‍ക്കഴുതയെയുംപോലെ ബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവ നിന്റെ വരുതിയില്‍ നില്ക്കുകയില്ല.
10: ദുഷ്ടരനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവിലാശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം, വലയംചെയ്യും.
11: നീതിമാന്മാരേ, കര്‍ത്താവിലാനന്ദിക്കുവിന്‍, പരമാര്‍ത്ഥഹൃദയരേ, ആഹ്ലാദിച്ച് ആര്‍ത്തുവിളിക്കുവിന്‍‍.

അദ്ധ്യായം 33

സ്രഷ്ടാവും പരിപാലകനുമായ ദൈവം

1: നീതിമാന്മാരേ, കര്‍ത്താവിലാനന്ദിക്കുവിന്‍ ‍; സ്തോത്രമാലപിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
2: കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
3: കര്‍ത്താവിനൊരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍‍; ഉച്ചത്തില്‍, ആര്‍പ്പുവിളികളോടെ, വിദഗ്ദ്ധമായി തന്ത്രിമീട്ടുവിന്‍.
4: കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5: അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമിനിറഞ്ഞിരിക്കുന്നു.
6: കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു; അവിടുത്തെ കല്പനയാല്‍ ആകാശഗോളങ്ങളും.
7: അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.
8: ഭൂമിമുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുമ്പില്‍ ഭയത്തോടെ നില്‍ക്കട്ടെ!
9: അവിടുന്നരുളിച്ചെയ്തു, ലോകമുണ്ടായി; അവിടുന്നു കല്പിച്ചു, അതു സുസ്ഥാപിതമായി.
10: കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ത്ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
11: കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
12: കര്‍ത്താവു ദൈവമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
13: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14: തന്റെ സിംഹാസനത്തില്‍നിന്ന് അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.
15: അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
16: സൈന്യബാഹുല്യംകൊണ്ടുമാത്രം രാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടുമാത്രം യോദ്ധാവു മോചിതനാകുന്നില്ല.
17: പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന ആശ, വ്യര്‍ത്ഥമാണ്; അതിന്റെ വലിയ ശക്തികൊണ്ട് അതിനു രക്ഷിക്കാന്‍കഴിയുകയില്ല.
18: ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
19: അവിടുന്നവരുടെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
20: നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
21: നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.
22: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നു.

നൂറ്റിയറുപത്തൊന്നാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 19 - 26



അദ്ധ്യായം 19

പ്രപഞ്ചവും നിയമവും ദൈവമഹത്വമുദ്‌ഘോഷിക്കുന്നു.
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം ‌ 

1: ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരംചെയ്യുന്നു.
2: പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനംപകരുന്നു.
3: ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
4: എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളമെത്തുന്നു; അവിടെ സൂര്യനൊരു കൂടാരം അവിടുന്നു നിര്‍മ്മിച്ചിരിക്കുന്നു.
5: മണവറയില്‍നിന്നു മണവാളനെന്നപോലെ സൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെ അവന്‍ ഓട്ടമാരംഭിക്കുന്നു.
6: ആകാശത്തിന്റെ ഒരറ്റത്ത്, അവനുദിക്കുന്നു; മറ്റേയറ്റത്ത് അവന്റെ അയനം പൂര്‍ത്തിയാകുന്നു; അവന്റെ ചൂടില്‍നിന്നൊളിക്കാന്‍ ഒന്നിനുംകഴിയുകയില്ല.
7: കര്‍ത്താവിന്റെ നിയമം അവികലമാണ്; അതാത്മാവിനു പുതുജീവന്‍ പകരുന്നു.
8: കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു: കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9: ദൈവഭക്തി നിര്‍മ്മലമാണ്; അതെന്നേയ്ക്കും നിലനില്ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണ്ണമാണ്.
10: അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
11: അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12: എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കുകഴിയും? അറിയാതെപറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
13: ബോധപൂര്‍വ്വംചെയ്യുന്ന തെറ്റുകളില്‍നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ! അവയെന്നില്‍ ആധിപത്യമുറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മ്മലനായിരിക്കും; മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്തനായിരിക്കും.
14: എന്റെ അഭയശിലയും വിമോചകനുമായ കര്‍ത്താവേ! എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

അദ്ധ്യായം 20

രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: നിന്റെ കഷ്ടകാലത്തു കര്‍ത്താവു നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം, നിന്നെ സംരക്ഷിക്കട്ടെ.
2: അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെ തുണയ്ക്കട്ടെ!.
3: നിന്റെ വഴിപാടുകള്‍ അവിടുന്ന് ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍ അവിടുന്നു സംപ്രീതനാകട്ടെ!
4: അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
5: നിന്റെ വിജയത്തില്‍ ഞങ്ങളാഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍ കൈക്കൊള്ളട്ടെ!
6: കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാനിപ്പോളറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്ന്, അവനുത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.
7: ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലുമഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനംകൊള്ളുന്നു.
8: അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കും.
9: കര്‍ത്താവേ, രാജാവിനു വിജയംനല്കണമേ! ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞങ്ങള്‍ക്കുത്തരമരുളണമേ!

അദ്ധ്യായം 21

രാജാവിനു വിജയംനല്കിയതിനു കൃതജ്ഞത

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവനെത്രയധികമാഹ്ലാദിക്കുന്നു!
2: അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു; അവന്റെ യാചന, അങ്ങു നിഷേധിച്ചില്ല. .
3: സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്നവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്സില്‍ തങ്കക്കിരീടമണിയിച്ചു.
4: അവനങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്നതു നല്കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
5: അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ദ്ധിച്ചു; അങ്ങവന്റെമേല്‍ തേജസ്സും പ്രതാപവുംചൊരിഞ്ഞു.
6: അവിടുന്നവനെ എന്നേയ്ക്കുമനുഗ്രഹപൂര്‍ണ്ണനാക്കി; അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെയാനന്ദിപ്പിച്ചു.
7: രാജാവു കര്‍ത്താവില്‍ വിശ്വസിച്ചാശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംനിമിത്തം അവന്‍ നിര്‍ഭയനായിരിക്കും.
8: അങ്ങയുടെ കൈ, സകലശത്രുക്കളെയും തെരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
9: അങ്ങയുടെ സന്ദര്‍ശനദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്നിയവരെ ദഹിപ്പിച്ചുകളയും.
10: അങ്ങവരുടെ സന്തതിയെ ഭൂമിയില്‍നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെയിടയില്‍നിന്നും നശിപ്പിക്കും
11: അവര്‍ അങ്ങേയ്ക്കെതിരേ തിന്മനിരൂപിച്ചാലും അങ്ങേയ്ക്കെതിരേ ദുരാലോചനടത്തിയാലും വിജയിക്കുകയില്ല.
12: അങ്ങവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കി വില്ലുകുലയ്ക്കും. .
13: കര്‍ത്താവേ, അങ്ങയുടെ ശക്തിയില്‍ അങ്ങു മഹത്ത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങള്‍ പാടിപ്പുകഴ്ത്തും.

അദ്ധ്യായം 22

പരിത്യക്തന്റെ രോദനവും പ്രത്യാശയും
ഗായകസംഘനേതാവിന്, ഉഷസ്സിലെ മാൻപേടയെന്ന രാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 
1: എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങെന്നെയുപേക്ഷിച്ചു! എന്നെ സഹായിക്കാതെയും എന്റെ രോദനം കേള്‍ക്കാതെയും അകന്നുനില്‍ക്കുന്നതെന്തുകൊണ്ട്?
2: എന്റെ ദൈവമേ, പകല്‍മുഴുവന്‍ ഞാനങ്ങയെ വിളിക്കുന്നു; അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്കാശ്വാസംലഭിക്കുന്നില്ല. .
3: ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്.
4: അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ വിശ്വാസമര്‍പ്പിച്ചു; അവരങ്ങയില്‍ ശരണംവച്ചു, അങ്ങവരെ മോചിപ്പിച്ചു..
5: അങ്ങയോടവര്‍ നിലവിളിച്ചപേക്ഷിച്ചു; അവര്‍ രക്ഷപെട്ടു; അങ്ങയെ അവരാശ്രയിച്ചു; അവര്‍ ഭഗ്നാശരായില്ല.
6: എന്നാല്‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും. 
7: കാണുന്നവരെല്ലാം എന്നെയവഹേളിക്കുന്നു; അവര്‍ കൊഞ്ഞനംകാട്ടുകയും പരിഹസിച്ചു തലയാട്ടുകയുംചെയ്യുന്നു:
8: അവന്‍ കര്‍ത്താവിലാശ്രയിച്ചല്ലോ; അവിടുന്നവനെ രക്ഷിക്കട്ടെ; അവിടുന്നവനെ സ്വതന്ത്രനാക്കട്ടെ; അവനില്‍ അവിടുത്തെ പ്രസാദമുണ്ടല്ലോയെന്ന് അവന്‍ പറയുന്നു.
9: എങ്കിലും, അവിടുന്നാണു മാതാവിന്റെ ഉദരത്തില്‍നിന്ന് എന്നെ പുറത്തുകൊണ്ടുവന്നത്; മാതാവിന്റെ മാറിടത്തില്‍ എനിക്കു സുരക്ഷിതത്വംനല്കിയതും അവിടുന്നുതന്നെ. .
10: അങ്ങയുടെ കൈകളിലേക്കാണു ഞാന്‍ പിറന്നുവീണത്; മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്‍മുതല്‍ അവിടുന്നാണെന്റെ ദൈവം. .
11: എന്നില്‍നിന്നകന്നുനില്ക്കരുതേ! ഇതാ, ദുരിതമടുത്തിരിക്കുന്നു. സഹായത്തിനാരുമില്ല. .
12: കാളക്കൂറ്റന്മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍കാളക്കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു. .
13: ആര്‍ത്തിയോടെ, അലറിയടുക്കുന്ന സിംഹംപോലെ അവ എന്റെനേരെ വായ് പിളര്‍ന്നിരിക്കുന്നു. .
14: ഒഴിച്ചുകളഞ്ഞ വെള്ളംപോലെയാണു ഞാന്‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെയായി; എന്റെയുള്ളില്‍ അതുരുകിക്കൊണ്ടിരിക്കുന്നു. .
15: എന്റെ അണ്ണാക്ക്, ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ്, അണ്ണാക്കിലൊട്ടിയിരിക്കുന്നു; അവിടുന്നെന്നെ മരണത്തിന്റെ പൂഴിയിലുപേക്ഷിച്ചിരിക്കുന്നു. 
16: നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; 
17: എന്റെ അസ്ഥികള്‍ എനിക്കെണ്ണാവുന്ന വിധത്തിലായി; അവരെന്നെ തുറിച്ചുനോക്കുന്നു; .
18: അവരെന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിയ്ക്കായി അവര്‍ നറുക്കിടുന്നു. 
19: കര്‍ത്താവേ, അങ്ങകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗംവരണമേ! 
20: എന്റെ ജീവനെ വാളില്‍നിന്നു രക്ഷിക്കണമേ! എന്നെ നായയുടെ പിടിയില്‍നിന്നു മോചിപ്പിക്കണമേ! 
21: സിംഹത്തിന്റെ വായില്‍നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ! 
22: ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമദ്ധ്യത്തില്‍ ഞാനങ്ങയെ പുകഴ്ത്തും.
23: കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ സ്തുതിക്കുവിന്‍; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍മക്കളേ, അവിടുത്തെ സന്നിധിയില്‍ ഭയത്തോടെനില്ക്കുവിന്‍.
24: എന്തെന്നാല്‍, പീഡിതന്റെ കഷ്ടതകള്‍ അവിടുന്നവഗണിക്കുകയോ പുച്ഛിക്കുകയോചെയ്തില്ല; തന്റെ മുഖം അവനില്‍നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു കേട്ടു. 
25: മഹാസഭയില്‍ ഞാനങ്ങയെ പുകഴ്ത്തും; അവിടുത്തെ ഭക്തരുടെമുമ്പില്‍ ഞാനെന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
26: ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെയന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവരെന്നും സന്തുഷ്ടരായി ജീവിക്കും.
27: ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെയടുത്തേക്കു തിരിയുകയുംചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
28: എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.
29: ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെമുമ്പില്‍ കുമ്പിടും, ജീവന്‍ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെമുമ്പില്‍ പ്രണമിക്കും.
30: പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. 
31: ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനംനേടിത്തന്നതെന്ന് അവരുദ്‌ഘോഷിക്കും.

അദ്ധ്യായം 23

കര്‍ത്താവ് എന്റെ ഇടയന്‍
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവാണെന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. .
2: പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്നെനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്നെന്നെ നയിക്കുന്നു.
3: അവിടുന്നെനിക്ക് ഉന്മേഷംനല്കുന്നു; തന്റെ നാമത്തെപ്രതി, നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
4: മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്കുറപ്പേകുന്നു.
5: എന്റെ ശത്രുക്കളുടെമുമ്പില്‍ അവിടുന്നെനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലംകൊണ്ടഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. .
6: അവിടുത്തെ നന്മയും കരുണയും ജീവിതകാലംമുഴുവന്‍ എന്നെയനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാനെന്നേയ്ക്കും വസിക്കും.

അദ്ധ്യായം 24

മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു
ദാവീദിന്റെ സങ്കീർത്തനം 
1: ഭൂമിയും അതിലെ സമസ്തവസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റേതാണ്.
2: സമുദ്രങ്ങള്‍ക്കുമുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കുമുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.  
3: കര്‍ത്താവിന്റെ മലയില്‍ ആരുകയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരുനില്ക്കും?
4: കളങ്കമറ്റകൈകളും നിര്‍മ്മലമായ ഹൃദയവുമുള്ളവന്‍, മിഥ്യയുടെമേല്‍ മനസ്സുപതിക്കാത്തവനും കള്ളസത്യംചെയ്യാത്തവനുംതന്നെ.
5: അവന്റെമേല്‍ കര്‍ത്താവനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതിനടത്തിക്കൊടുക്കും.
6: ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്റെ ദൈവത്തെത്തേടുന്നത്.
7: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍; പുരാതനകവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
8: ആരാണീ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവുതന്നെ.
9: കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍‍; പുരാതനകവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
10: ആരാണീ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവുതന്നെ; അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.

അദ്ധ്യായം 25

വഴികാട്ടണമേ!
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, എന്റെയാത്മാവിനെ, അങ്ങയുടെ സന്നിധിയിലേക്കു ഞാനുയര്‍ത്തുന്നു.
2: ദൈവമേ, അങ്ങയില്‍ ഞാനാശ്രയിക്കുന്നു; ഞാനൊരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെമേല്‍ വിജയമാഘോഷിക്കാതിരിക്കട്ടെ!
3: അങ്ങയെക്കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
4: കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെപ്പഠിപ്പിക്കണമേ! .
5: അങ്ങയുടെ സത്യത്തിലേയ്ക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേയ്ക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
6: കര്‍ത്താവേ, പണ്ടുമുതലേ അങ്ങു ഞങ്ങളോടുകാണിച്ച, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
7: എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങോര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിനനുസൃതമായി കരുണാപൂര്‍വ്വം എന്നെയനുസ്മരിക്കണമേ! 
8: കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക്, അവിടുന്നു നേര്‍വഴികാട്ടുന്നു. 
9: എളിയവരെ അവിടുന്നു നീതിമാര്‍ഗ്ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
10: കര്‍ത്താവിന്റെയുടമ്പടിയും പ്രമാണങ്ങളുംപാലിക്കുന്നവര്‍ക്ക്, അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്. 
11: കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ! 
12: കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി, അവിടുന്നു കാണിച്ചുകൊടുക്കും.
13: അവന്‍ ഐശ്വര്യത്തില്‍ക്കഴിയും, അവന്റെ മക്കള്‍ ദേശമവകാശമാക്കും.
14: കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെയറിയിക്കും.
15: എന്റെ കണ്ണുകള്‍, സദാ കര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്നെന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും. .
16: ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാനേകാകിയും പീഡിതനുമാണ്.
17: എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ, മനഃക്ലേശത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
18: എന്റെ പീഡകളും ക്ലേശങ്ങളുമോര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!
19: ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവരെന്നെ കഠിനായി വെറുക്കുന്നു.
20: എന്റെ ജീവന്‍ കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങിലാശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ!
21: നിഷ്കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.
22: ദൈവമേ, ഇസ്രായേലിനെ സകല കഷ്ടതകളിലുംനിന്നു മോചിപ്പിക്കണമേ! 

അദ്ധ്യായം 26

നിഷ്കളങ്കന്റെ പ്രാര്‍ത്ഥന
ദാവീദിന്റെ സങ്കീർത്തനം
 1: കര്‍ത്താവേ, എനിക്കു ന്യായം സ്ഥാപിച്ചുതരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവിലാശ്രയിച്ചു.
2: കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്സും ഉരച്ചുനോക്കുക.
3: അങ്ങയുടെ കാരുണ്യം എന്റെ കണ്മുമ്പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു.
4: കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
5: ദുഷ്‌കര്‍മ്മികളുടെ സമ്പര്‍ക്കം ഞാന്‍ വെറുക്കുന്നു; നീചന്മാരോടുകൂടെ ഞാനിരിക്കുകയില്ല.
6: കര്‍ത്താവേ, നിഷ്‌കളങ്കതയില്‍, ഞാനെന്റെ കൈകഴുകുന്നു; ഞാനങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.
7: ഞാനുച്ചത്തില്‍ കൃതജ്ഞതാസ്തോത്രമാലപിക്കുന്നു; അവിടുത്തെ അദ്ഭുതകരമായ സകലപ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു. 
8: കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്.
9: പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
10: അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
11: ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടു കരുണകാണിക്കുകയുംചെയ്യണമേ!
12: നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും.

നൂറ്റിയറുപതാം ദിവസം: സങ്കീര്‍ത്തനങ്ങള്‍ 10 - 18

അദ്ധ്യായം 10


നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
1: കര്‍ത്താവേ, എന്തുകൊണ്ടാണ് അവിടുന്നകന്നുനില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?
2: ദുഷ്ടര്‍ ഗര്‍വ്വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍വെച്ച കെണിയില്‍ അവര്‍തന്നെ വീഴട്ടെ.
3: ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വമ്പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.
4: ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍ അവിടുത്തെയന്വേഷിക്കുന്നില്ല; ദൈവമില്ലെന്നാണ് അവന്റെ വിചാരം.
5: അവന്റെ മാര്‍ഗ്ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെ ന്യായവിധി അവനു കണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു.
6: ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ത്ഥമുണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു.
7: അവന്റെ വായ്, ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്‍ ദ്രോഹവും അധര്‍മ്മവും കുടികൊള്ളുന്നു.
8: അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ നിര്‍ദ്ദോഷരെ കൊലചെയ്യുന്നു; അവന്റെ കണ്ണുകള്‍ നിസ്സഹായരെ ഗൂഢമായി തെരയുന്നു.
9: പാവങ്ങളെപ്പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ക്കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു.
10: നിസ്സഹായന്‍ ഞെരിഞ്ഞമര്‍ന്നുപോകുന്നു; ദുഷ്ടന്റെ ശക്തിയാല്‍, അവന്‍ നിലംപതിക്കുന്നു.
11: ദൈവം മറന്നിരിക്കുന്നു; അവിടുന്നു മുഖംമറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ലായെന്നു ദുഷ്ടന്‍ വിചാരിക്കുന്നു.
12: കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരമുയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!
13: ദുഷ്ടന്‍ ദൈവത്തെ നിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതുമെന്തുകൊണ്ട്?
14: അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളും അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവയേറ്റെടുക്കും, നിസ്സഹായന്‍ തന്നെത്തന്നെ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.
15: ദുഷ്ടന്റെയും അധര്‍മ്മിയുടെയും ഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്കറുതിവരുന്നതുവരെ അതു തിരഞ്ഞു നശിപ്പിക്കണമേ!
16: കര്‍ത്താവെന്നേയ്ക്കും രാജാവാണ്. ജനതകള്‍ അവിടുത്തെ ദേശത്തുനിന്നറ്റുപോകും.
17: കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യംപകരും; അവിടുന്നവര്‍ക്കു ചെവികൊടുക്കും.
18: അനാഥര്‍ക്കും പീഡിതര്‍ക്കും അങ്ങു നീതിനടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന്‍ ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.

അദ്ധ്യായം 11

നീതിമാന്റെ ആശ്രയം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം
1: ഞാന്‍ കര്‍ത്താവിലഭയംതേടുന്നു; പക്ഷിയെപ്പോലെ പര്‍വ്വതങ്ങളില്‍പ്പോയി ഒളിക്കുകയെന്നു നിങ്ങള്‍ക്കെന്നോടെങ്ങനെ പറയാന്‍ കഴിയും?
2: നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍വേണ്ടി ദുഷ്ടന്മാര്‍ വില്ലുകുലച്ച്, അമ്പുതൊടുത്തിരിക്കുന്നു.
3: അടിത്തറ തകര്‍ന്നാല്‍ നീതിമാനെന്തുചെയ്യും?
4: കര്‍ത്താവു തന്റെ വിശുദ്ധമന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗ്ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെക്കാണുന്നു; അവിടുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5: കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമമിഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
6: ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രംനിറയെ ഉഷ്ണക്കാറ്റായിരിക്കും.
7: കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികളിഷ്ടപ്പെടുന്നു; പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

അദ്ധ്യായം 12

കാപട്യംനിറഞ്ഞ ലോകം
ഗായകസംഘനേതാവിന്, അഷ്ടമിരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, സഹായിക്കണമേ; ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരുമില്ലാതായി.
2: ഓരോരുത്തനും അയല്‍ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ കാപട്യവുമാണ്.
3: മുഖസ്തുതിപറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.
4: നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍ എന്നവര്‍ പറയുന്നു.
5: എന്നാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണംചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവരാശിക്കുന്ന അഭയം ഞാനവര്‍ക്കു നല്കും.
6: കര്‍ത്താവിന്റെ വാഗ്ദാനങ്ങള്‍ നിര്‍മ്മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധിചെയ്‌തെടുത്ത വെള്ളിയാണ്.
7: കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.
8: ദുഷ്ടര്‍ എങ്ങും പരതിനടക്കുന്നു; മനുഷ്യപുത്രരുടെയിടയില്‍, നീചത്വമാദരിക്കപ്പെടുന്നു.

അദ്ധ്യായം 13

ദുഃഖിതന്റെ പ്രാര്‍ത്ഥന

ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേയ്ക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാൾ അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുപിടിക്കും?
2: എത്രനാള്‍ ഞാന്‍ വേദനസഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്ക്കും?
3: എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കടാക്ഷിച്ച്, ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതിവീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!
4: ഞാനവനെ കീഴ്‌പെടുത്തിയെന്ന് എന്റെ ശത്രു പറയാനിടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട്, എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ!
5: ഞാന്‍ അവിടുത്തെ കരുണയിലാശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദംകൊള്ളും.
6: ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്നെന്നോട് അതിരറ്റകരുണകാണിച്ചിരിക്കുന്നു.

അദ്ധ്യായം 14

ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്, ദാവീദിന്റെ സങ്കീർത്തനം 
1: ദൈവമില്ലെന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്ലേച്ഛതയില്‍മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്മചെയ്യുന്നവരാരുമില്ല.
2: കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോയെന്ന് അവിടുന്നാരായുന്നു.
3: എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല.
4: ഈ അധര്‍മ്മികള്‍ക്കു ബോധമില്ലേ? ഇവരെന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.
5: അവിടെയവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്മാരോടുകൂടെയാണ്.
6: നിങ്ങള്‍ ദരിദ്രന്റെ പ്രതീക്ഷകളെ തകര്‍ക്കാന്‍നോക്കും; എന്നാല്‍, കര്‍ത്താവവന് അഭയമായുണ്ട്.
7: ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍ ‍! കര്‍ത്താവു തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബാനന്ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.

അദ്ധ്യായം 15

നീതിയുടെ മാനദണ്ഡം
ദാവീദിന്റെ സങ്കീർത്തനം 
1: കര്‍ത്താവേ, അങ്ങയുടെ കൂടാരത്തിലാരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും?
2: നിഷ്കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയംതുറന്നു സത്യംപറയുകയും ചെയ്യുന്നവന്‍ ‍;.
3: പരദൂഷണംപറയുകയോ സ്നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്‍ ;
4: ദുഷ്ടനെ പരിഹാസ്യനായിക്കരുതുകയും ദൈവഭക്തനോടാദരംകാണിക്കുകയും നഷ്ടംസഹിച്ചും പ്രതിജ്ഞനിറവേറ്റുകയുംചെയ്യുന്നവന്‍ ‍;
5: കടത്തിനു പലിശയീടാക്കുകയോ നിര്‍ദ്ദോഷനെതിരേ കൈക്കൂലി വാങ്ങുകയോചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.

അദ്ധ്യായം 16

ദൈവം എന്റെയവകാശം
ദാവീദിന്റെ ഒരു ഗീതം 
1: ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
2: അവിടുന്നാണെന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ലെന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
3: ലോകം വിശുദ്ധരെന്നുകരുതുന്ന ദേവന്മാര്‍ നിസ്സാരരാണ്; അവരിലാനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്.
4: അന്യദേവന്മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു; ഞാനവര്‍ക്കു രക്തംകൊണ്ടു പാനീയബലിയര്‍പ്പിക്കുകയില്ല; ഞാനവരുടെ നാമമുച്ചരിക്കുകയില്ല.
5: കര്‍ത്താവാണെന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
6: അഭികാമ്യമായ ദാനമാണ് എനിക്കളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.
7: എനിക്കുപദേശംനല്കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തഃരംഗത്തില്‍ പ്രബോധനംനിറയുന്നു.
8: കര്‍ത്താവെപ്പോഴും എന്റെ കണ്മുമ്പിലുണ്ട്; അവിടുന്നെന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
9: അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തഃരംഗമാനന്ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
10: അവിടുന്നെന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അനുവദിക്കുകയില്ല.
11: അങ്ങെനിക്കു ജീവന്റെ മാര്‍ഗ്ഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ്ണതയുണ്ട്; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

അദ്ധ്യായം 17

നിഷ്‌കളങ്കന്റെ പ്രതിഫലം
ദാവീദിന്റെ ഒരു പ്രാർത്ഥന 
 
1: കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ത്ഥന ശ്രവിക്കണമേ!
2: എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണ്, ന്യായംകാണുമാറാകട്ടെ!
3: അവിടുന്നെന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയിലെന്നെ സന്ദര്‍ശിച്ചാല്‍, അങ്ങെന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്മ കണ്ടെത്തുകയില്ല; എന്റെയധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
4: മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം, ഞാനനുസരിച്ചു; അക്രമികളുടെ പാതയില്‍നിന്നു ഞാനൊഴിഞ്ഞുനിന്നു.
5: എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങള്‍ വഴുതിയില്ല.
6: ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങെനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
7: തന്റെ വലത്തുകൈയില്‍ അഭയംതേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
8: കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!
9: എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടുംശത്രുക്കളില്‍നിന്നും എന്നെ രക്ഷിക്കണമേ!.
10: അവരുടെ ഹൃദയത്തിലനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വമ്പുപറയുന്നു.
11: അവരെന്നെ അനുധാവനംചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍ എന്റെമേല്‍ കണ്ണുവച്ചിരിക്കുന്നു.
12: കടിച്ചുചീന്താന്‍ വെമ്പുന്ന സിംഹത്തെപ്പോലെയാണവര്‍ ‍; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെതന്നെ.
13: കര്‍ത്താവേ! എഴുന്നേറ്റ്, അവരെ എതിര്‍ത്തുതോല്പിക്കണമേ! അങ്ങയുടെ വാള്‍, നീചനില്‍നിന്ന് എന്നെ രക്ഷിക്കട്ടെ.
14: ഇഹലോക ജീവിതംമാത്രം ഓഹരിയായിക്കരുതുന്ന മര്‍ത്ത്യരില്‍നിന്ന് അങ്ങയുടെ കരം, എന്നെ രക്ഷിക്കട്ടെ! അങ്ങവര്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍നിറയട്ടെ! അവരുടെ സന്തതികള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കട്ടെ!.
15: നീതിനിമിത്തം ഞാനങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാനങ്ങയുടെ രൂപംകണ്ടു തൃപ്തിയടയും.

അദ്ധ്യായം 18

വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം
ഗായകസംഘനേതാവിന്, കർത്താവിന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം. സകലശത്രുക്കളിൽനിന്നും സാവൂളിന്റെ കൈയിൽനിന്നും കർത്താവ് അവനെ രക്ഷിച്ചദിവസം അവിടുത്തെ സ്തുതിച്ചുപാടിയത്.
1: കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാനങ്ങയെ സ്നേഹിക്കുന്നു.
2: അങ്ങാണെന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്കഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3: സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.
4: മരണപാശമെന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെയാക്രമിച്ചു.
5: പാതാളപാശമെന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെമേലിതാ വീഴുന്നു.
6: കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന് എന്റെയപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7: കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങളിളകി,
8: അവിടുത്തെ നാസികയില്‍നിന്നു ധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9: ആകാശംചായിച്ച് അവിടുന്നിറങ്ങിവന്നു, കൂരിരുട്ടിന്മേല്‍ അവിടുന്നു പാദമുറപ്പിച്ചു.
10: കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
11: അന്ധകാരംകൊണ്ട് അവിടുന്നാവരണം ചമച്ചു; ജലംനിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.
12: അവിടുത്തെമുമ്പില്‍ ജ്വലിക്കുന്ന തേജസ്സില്‍നിന്നു കന്മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍പ്പതിച്ചു.
13: കര്‍ത്താവാകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്മഴയും തീക്കനലും പൊഴിഞ്ഞു.
14: അവിടുന്ന്, അമ്പയച്ച് അവരെച്ചിതറിച്ചു; മിന്നല്പിണര്‍കൊണ്ട് അവരെപ്പായിച്ചു.
15: കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നു പുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെയടിസ്ഥാനങ്ങള്‍ അനാവൃതമായി.
16: ഉന്നതത്തില്‍നിന്നു കൈനീട്ടി അവിടുന്നെന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ പൊക്കിയെടുത്തു.
17: പ്രബലനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു.
18: അനര്‍ത്ഥകാലത്ത്, അവരെന്റെമേല്‍ ചാടിവീണു, കര്‍ത്താവ് എനിക്കഭയമായിരുന്നു.
19: അവിടുന്നെന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
20: എന്റെ നീതിക്കൊത്തവിധം കര്‍ത്താവെനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ നിര്‍മ്മലതയ്ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു.
21: കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഞാനുറച്ചുനിന്നു; തിന്മചെയ്ത്, എന്റെ ദൈവത്തില്‍നിന്നു ഞാനകന്നുപോയില്ല.
22: അവിടുത്തെ കല്പനകള്‍ എന്റെ കണ്മുമ്പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
23: അവിടുത്തെമുമ്പില്‍ ഞാന്‍ നിര്‍മ്മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാനകന്നുനിന്നു.
24: എന്റെ നീതിയും കൈകളുടെ നിഷ്‌കളങ്കതയുംകണ്ട്, കര്‍ത്താവെനിക്കു പ്രതിഫലംനല്കി.
25: വിശ്വസ്തനോട് അങ്ങു വിശ്വസ്തതപുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു.
26: നിര്‍മ്മലനോടു നിര്‍മ്മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27: വിനീതരെ അങ്ങു വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങു വീഴ്ത്തുന്നു.
28: അങ്ങെന്റെ ദീപംകൊളുത്തുന്നു; എന്റെ ദൈവമായ കര്‍ത്താവ്, എന്റെ അന്ധകാരമകറ്റുന്നു.
29: അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും;
30: ദൈവത്തിന്റെ മാര്‍ഗ്ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയംതേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
31: കര്‍ത്താവല്ലാതെ ദൈവമാരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശിലയെവിടെയുണ്ട്?
32: അവിടുന്നു ശക്തികൊണ്ട്, എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗ്ഗം സുരക്ഷിതമാക്കുന്നു.
33: അവിടുന്നെന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗംനല്കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി.
34: എന്റെ കൈകളെ അവിടുന്നു യുദ്ധമുറയഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ലു കുലയ്ക്കാന്‍ കഴിയും.
35: അങ്ങെനിക്കു രക്ഷയുടെ പരിച നല്കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം, എന്നെ വലിയവനാക്കി.
36: എന്റെ പാത, അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല.
37: എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38: എഴുന്നേല്ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
39: യുദ്ധത്തിനായി ശക്തികൊണ്ട്, അങ്ങെന്റെ അരമുറുക്കി; എന്നെയാക്രമിച്ചവരെ അങ്ങെനിക്കധീനമാക്കി.
40: എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
41: സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട്, അവര്‍ നിലവിളിച്ചു; അവിടുന്നുത്തരമരുളിയില്ല.
42: കാറ്റില്‍പ്പറക്കുന്ന ധൂളിപോലെ ഞാനവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43: ജനത്തിന്റെ കലഹത്തില്‍നിന്ന് അങ്ങെന്നെ രക്ഷിച്ചു; അങ്ങെന്നെ ജനതകളുടെ അധിപനാക്കി; എനിക്കപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു.
44: എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെയനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
45: അന്യജനതകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.
46: കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
47: ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു; ജനതകളെ എനിക്കധീനമാക്കി.
48: ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന് അവിടുന്നെന്നെ വിടുവിച്ചു.
49: ആകയാല്‍ കര്‍ത്താവേ, ജനതകളുടെമദ്ധ്യേ, ഞാനങ്ങേയ്ക്കു കൃതജ്ഞതാസ്തോത്രമാലപിക്കും; അങ്ങയുടെ നാമം, പാടിസ്തുതിക്കും.
50: തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്റെ അഭിഷിക്തനോട് എന്നേയ്ക്കും കാരുണ്യംകാണിക്കുന്നു; ദാവീദിനോടും അവന്റെ സന്തതിയോടുംതന്നെ.