ലൂക്കാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലൂക്കാ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയെട്ടാം ദിവസം: യോഹന്നാന്‍ 12 - 13


അദ്ധ്യായം 12


തൈലാഭിഷേകം
1: മരിച്ചവരില്‍നിന്നു താനുയിര്‍പ്പിച്ച, ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്ക്, പെസഹായ്ക്ക് ആറുദിവസംമുമ്പ്, യേശു വന്നു.
2: അവരവന് അത്താഴമൊരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരാൾ ലാസറായിരുന്നു.
3: അപ്പോൾ മറിയം, വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍സുഗന്ധതൈലമെടുത്ത്, യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടുനിറഞ്ഞു.
4: അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5: എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കുവിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ലാ?
6: ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍  കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തുമാറ്റിയിരുന്നതുകൊണ്ടുമാണ്.
7: അപ്പോൾ, യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ മൃതസംസ്കാരദിനത്തിനായി അവളിതു ചെയ്തിരിക്കുന്നു.
8: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാനെപ്പോഴും ഉണ്ടായിരിക്കുകയില്ല.
9: അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയൊരു ഗണം യഹൂദര്‍ അവിടേയ്ക്കു വന്നു. അവര്‍ വന്നത്, യേശുവിനെ ഉദ്ദ്യേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടെയാണ്.
10: ലാസറിനെക്കൂടെ കൊല്ലാന്‍, പ്രധാനപുരോഹിതന്മാര്‍ ആലോചിച്ചു.
11: എന്തെന്നാല്‍, അവന്‍നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.  

രാജകീയപ്രവേശനം
12: അടുത്തദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയജനക്കൂട്ടം, യേശു, ജറുസലെമിലേക്കു വരുന്നെന്നുകേട്ട്,
13: ഈന്തപ്പനയോലകളെടുത്തുകൊണ്ട് അവനെയെതിരേല്ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.
14: യേശുവാകട്ടെ, എഴുതപ്പെട്ടിരിക്കുന്നപോലെ ഒരു കഴുതക്കുട്ടിയെക്കണ്ട്, അതിന്റെ പുറത്തുകയറിയിരുന്നു.
15: സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവു കഴുതക്കുട്ടിയുടെ പുറത്തെഴുന്നള്ളുന്നു.
16: അവന്റെ ശിഷ്യന്മാര്‍ക്ക് ആദ്യമിതു മനസ്സിലായില്ല. എന്നാല്‍, യേശു മഹത്വംപ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തെന്നും  അവരനുസ്മരിച്ചു.
17: ലാസറിനെ കല്ലറയില്‍നിന്നു വിളിക്കുകയും മരിച്ചവരിൽനിന്നുയിര്‍പ്പിക്കുകയുംചെയ്തപ്പോൾ, അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യംനല്കിയിരുന്നു.
18: അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടെയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കാന്‍വന്നത്.
19: അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ, ലോകം അവന്റെ പിന്നാലേ പോയിക്കഴിഞ്ഞു.

ഗ്രീക്കുകാര്‍ യേശുവിനെത്തേടുന്നു
20: തിരുനാളില്‍ ആരാധിക്കാന്‍വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
21: ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെക്കാണാന്‍ ആഗ്രഹിക്കുന്നു.
22: പീലിപ്പോസ് പോയി, അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസുംകൂടെ യേശുവിനെ വിവരമറിയിച്ചു.
23: യേശു പ്രതിവചിച്ചു. മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള മണിക്കൂർ ആഗതമായിരിക്കുന്നു.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത്, അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത്, ഏറെഫലം പുറപ്പെടുവിക്കും.
25: തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ വെറുക്കുന്നവന്‍ നിത്യജീവനിലേക്ക് അതു കാത്തുസൂക്ഷിക്കും.
26: എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവന്‍ എന്നെയനുഗമിക്കട്ടെ. അപ്പോള്‍, ഞാനായിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനുമായിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം
27: ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാനെന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.
28: പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും.
29: അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതുകേട്ടിട്ട്, ഇടിമുഴക്കമുണ്ടായെന്നു പറഞ്ഞു. എന്നാല്‍ ചിലര്‍, ഒരു മാലാഖ അവനോടു സംസാരിച്ചു എന്നും. 
30: യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.
31: ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍, ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.
32: ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാമനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
33: അവനിതു പറഞ്ഞത്, താന്‍ ഏതുവിധത്തിലുള്ള മരണമാണു വരിക്കാന്‍പോകുന്നതെന്നു സൂചിപ്പിക്കാനാണ്.
34: അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേയ്ക്കും നിലനില്ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണീ മനുഷ്യപുത്രന്‍?
35: യേശു അവരോടു പറഞ്ഞു: അല്പസമയംകൂടെ പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താനെവിടേയ്ക്കാണു പോകുന്നതെന്ന് അറിയുന്നില്ല.
36: നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.

യഹൂദരുടെ അവിശ്വാസം
37: ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി, രഹസ്യത്തിൽക്കഴിഞ്ഞു. അവന്‍ ഏറെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവരവനില്‍ വിശ്വസിച്ചില്ല.
38: ഏശയ്യാപ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണിത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരുവിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്?
39: അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:
40: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ, അവരെന്നിലേക്കു തിരിഞ്ഞ്, ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്നവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തു.
41: അവന്റെ മഹത്വംകാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ്, ഏശയ്യാ ഇങ്ങനെ പറഞ്ഞത്.
42: എന്നിട്ടും, അധികാരികളില്‍ത്തന്നെ അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി, ഫരിസേയരെ ഭയന്ന് അവരാരും അതേറ്റുപറഞ്ഞില്ല.
43: ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവരഭിലഷിച്ചു.
44: യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
45: എന്നെക്കാണുന്നവന്‍ എന്നെ അയച്ചവനെക്കാണുന്നു.
46: എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
47: എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാനവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.
48: എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്കരിക്കുകയുംചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്തിമനാളിൽ അവനെ വിധിക്കും.
49: എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാനെന്തു പറയണം, എന്തു സംസാരിക്കണമെന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്കിയിരിക്കുന്നു.
50: അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാനറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചപോലെതന്നെയാണ്.

അദ്ധ്യായം 13 


ശിഷ്യന്മാരുടെ പാദംകഴുകുന്നു
1: പെസഹാത്തിരുനാളിനു മുമ്പുതന്നെ യേശു, 
ഈ ലോകത്തുനിന്ന്, പിതാവിന്റെ പക്കലേക്കുപോകാനുള്ള അവന്റെ മണിക്കൂർ വന്നുവെന്നറിഞ്ഞു. ലോകത്തില്‍ സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ, അവരെ സ്നേഹിച്ചു.
2: അത്താഴസമയത്ത്, പിശാച്, ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെയുള്ളിൽ, യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
3: പിതാവു സകലതും തന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോകുകയും ചെയ്യുന്നെന്നും യേശു അറിഞ്ഞു.
4: അത്താഴത്തിനിടയില്‍ അവനെഴുന്നേറ്റ്, മേലങ്കിമാറ്റി, ഒരു കച്ചയെടുത്ത് അരയില്‍ച്ചുറ്റി.
5: അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത്, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ച്ചുറ്റിയിരുന്ന 
കച്ചകൊണ്ടു തുടയ്ക്കാനും തുടങ്ങി.
6: അവന്‍ ശിമയോന്‍ പത്രോസിന്റെയടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ പാദങ്ങൾ കഴുകുകയോ?
7: യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീയറിയുന്നില്ല; എന്നാല്‍ പിന്നീടു നീയറിയും.
8: പത്രോസ് പറഞ്ഞു: നീയൊരിക്കലും എന്റെ പാദങ്ങൾ കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്കെന്നോടുകൂടെ പങ്കുണ്ടായിരിക്കുകയില്ലാ.
9: ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍മാത്രമല്ലാ, കരങ്ങളും ശിരസ്സുംകൂടെ കഴുകണമേ!
10: യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകള്‍മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുദ്ധിയുള്ളവനായിരിക്കും.. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.
11: തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവനറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിലെല്ലാവരും ശുദ്ധിയുള്ളവരല്ലെന്ന് അവന്‍ പറഞ്ഞത്.
12: അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കിധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്നു നിങ്ങളറിയുന്നുവോ?
13: നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ.
14: നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.
15: എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കുചെയ്തതുപോലെ നിങ്ങളുംചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു.
16: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവ
നേക്കാളും വലിയവനല്ല.
17: ഈക്കാര്യങ്ങളറിഞ്ഞ്, നിങ്ങളിതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.
18: നിങ്ങളെല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തിയെന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
19: അതു സംഭവിക്കുമ്പോള്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പ്, ഇപ്പോൾത്തന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്.
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍, എന്നെയയച്ചവനെ സ്വീകരിക്കുന്നു.

യൂദാസിന്റെ വഞ്ചനയെക്കുറിച്ച്
21: ഇതു പറഞ്ഞപ്പോള്‍ യേശു ആത്മാവിലസ്വസ്ഥനായി. അവന്‍ വ്യക്തമായി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.
22: അവന്‍ ആരെപ്പറ്റിപ്പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ അസ്വസ്ഥചിത്തരായി പരസ്പരം നോക്കി.
23: ശിഷ്യന്മാരില്‍ യേശു സ്നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.
24: ശിമയോന്‍ പത്രോസ് അവനോട് ആംഗ്യംകാണിച്ചു: അവന്‍ ആരെപ്പറ്റി പറയുന്നെന്നു ചോദിക്കുക.
25: യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നുകിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്?
26: അവന്‍ പ്രതിവചിച്ചു: അപ്പക്കഷണംമുക്കി, ഞാനാര്‍ക്കു കൊടുക്കുന്നുവോ അവന്‍തന്നെ. അവന്‍ അപ്പക്കഷണംമുക്കി ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു.
27: അപ്പക്കഷണം സ്വീകരിച്ചുകഴിഞ്ഞപ്പോൾ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗംചെയ്യുക.
28: എന്നാല്‍, ഭക്ഷണത്തിനിരുന്നവരിലാരും അവന്‍ ഇതെന്തിനു പറഞ്ഞെന്നറിഞ്ഞില്ല.
29: പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുകയെന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുകയെന്നോ ആയിരിക്കാം യേശു അവനോടാവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു.
30: ആ അപ്പക്കഷണംസ്വീകരിച്ച 
അവന്‍, ഉടനേ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു.

പുതിയ പ്രമാണം
31: അവന്‍ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.
32: ദൈവം അവനില്‍ മഹത്വപ്പെട്ടെങ്കില്‍ ദൈവമവനെ, തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും.
33: എന്റെ കുഞ്ഞുങ്ങളേ, ഇനി അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങളെന്നെയന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കുവരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
34: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു.
35: നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങളെന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരുമറിയും.
36: ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീയെവിടേയ്ക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോളെന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.
37: പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തതെന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും.
38: യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയെന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂകുകയില്ല.

മുന്നൂറ്റിയേഴാം ദിവസം: യോഹന്നാന്‍ 10 - 11


അദ്ധ്യായം 10


ആട്ടിന്‍കൂട്ടത്തിന്റെ ഉപമ
1: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.
2: എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.
3: കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും അവയെ പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.
4: തനിക്കുള്ളവയെയെല്ലാം പുറത്തിറക്കിയിട്ട്, അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട്, ആടുകൾ അവനെയനുഗമിക്കുന്നു.
5: അവയൊരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരമറിയാത്തതുകൊണ്ട്, അവ അവരില്‍നിന്ന് ഓടിയകലും-
6: യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.

നല്ല ഇടയന്‍
7: അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.
8: എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
9: ഞാനാണു വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരുകയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയുംചെയ്യും.
10: മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
11: ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍, ആടുകള്‍ക്കുവേണ്ടി സ്വജീവനര്‍പ്പിക്കുന്നു.
12: ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍, ചെന്നായ് വരുന്നതുകാണുമ്പോള്‍, ആടുകളെയുപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന്, അവയെപ്പിടിക്കുകയും ചിതറിച്ചുകളയുകയുംചെയ്യുന്നു.
13: അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി ചിന്തയില്ലാത്തവനായതുകൊണ്ടുമാണ്.
14: ഞാന്‍ നല്ല ഇടയനാണ്. ഞാന്‍ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയുമറിയുന്നു.
15: പിതാവെന്നെയും ഞാന്‍ പിതാവിനേയും അറിയുന്നപോലെതന്നെ! ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവനര്‍പ്പിക്കുന്നു.
16: ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളുമെനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
17: വീണ്ടുമെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവനര്‍പ്പിക്കുന്നതിനാല്‍ പിതാവെന്നെ സ്‌നേഹിക്കുന്നു.
18: ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാനതു സ്വമനസ്സാ അര്‍പ്പിക്കുകയാണ്. അതര്‍പ്പിക്കാനും വീണ്ടുമെടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.
19: ഈ വാക്കുകള്‍മൂലം യഹൂദരുടെയിടയില്‍ വീണ്ടും ഭിന്നതയുണ്ടായി.
20: അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന്, അവന്‍ പറയുന്നതു കേള്‍ക്കക്കുന്നൂ, എന്നിങ്ങനെ അവരില്‍ ഏറെപ്പേര്‍ പറഞ്ഞു.
21: എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്റേതല്ല; പിശാചിന് അന്ധരുടെ കണ്ണുകള്‍ തുറക്കാന്‍കഴിയുമോ?

യേശു ദൈവപുത്രന്‍
22: ജറുസലെമില്‍ അപ്പോൾ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അതു ശീതകാലവുമായിരുന്നു.
23: യേശു ദേവാലയത്തിലെ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍
24: യഹൂദര്‍ അവനുചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാളിങ്ങനെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിറുത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക.
25: യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യംനല്കുന്നു.
26: എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല.
27: എന്റെ ആടുകള്‍, എന്റെ സ്വരം ശ്രവിക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെയനുഗമിക്കുന്നു.
28: ഞാന്‍, അവയ്ക്കു നിത്യജീവന്‍ നല്കുകയുംചെയ്യുന്നു. അവയൊരിക്കലും നശിച്ചുപോകുകയില്ല. അവയെ എന്റെയടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
29: അവയെ എനിക്കു നല്കിയ എന്റെ പിതാവ്, എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
30: ഞാനും പിതാവും ഒന്നാകുന്നു.
31: യഹൂദര്‍ അവനെയെറിയാന്‍ വീണ്ടും കല്ലുകളെടുത്തു.
32: യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ലപ്രവൃത്തികള്‍ ഞാന്‍ നിങ്ങളെക്കാണിച്ചു. ഇവയില്‍ ഏതുപ്രവൃത്തിമൂലമാണു നിങ്ങളെന്നെ കല്ലെറിയുന്നത്?
33: യഹൂദര്‍ അവനോടു പറഞ്ഞു: ഏതെങ്കിലും നല്ലപ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണംമൂലമാണു ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കേ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.
34: യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
35: ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെയടുത്തേക്കു വന്നുവോ അവരെ ദൈവങ്ങളെന്ന് അവന്‍ വിളിച്ചു.
36: അങ്ങനെയെങ്കില്‍, പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?
37: ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെന്നെ വിശ്വസിക്കേണ്ടാ.
38: എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങളെന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവെന്നിലും ഞാന്‍ പിതാവിലുമാണെന്നു നിങ്ങളറിയുകയും ആ അറിവില്‍ നിലനില്ക്കുകയുംചെയ്യും.
39: വീണ്ടുമവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.
40: ജോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാനംനല്കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി, അവിടെത്താമസിച്ചു.
41: ഏറെപ്പേര്‍ അവന്റെയടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്.
42: അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

അദ്ധ്യായം 11 


ലാസറിന്റെ മരണം
1: ലാസര്‍ എന്ന ഒരുവന്‍ രോഗബാധിതനായി. അവന്‍ മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.
2: ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയുംചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.
3: കര്‍ത്താവേ, ഇതാ, അങ്ങു സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നെന്നുപറയാന്‍ ആ സഹോദരിമാര്‍ അവന്റെയടുക്കലേക്ക് ആളയച്ചു.
4: അതുകേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തിലവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി, ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമുള്ളതാണ്.
5: യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6: എങ്കിലും അവന്‍ രോഗിയായെന്നുകേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടുദിവസംകൂടെ ചെലവഴിച്ചു.
7: അനന്തരം, അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: നമുക്കു വീണ്ടും യൂദയായിലേക്കു പോകാം.
8: ശിഷ്യന്മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോകുകയാണോ?
9: യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിവീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു.
10: രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.
11: ഇവ പറഞ്ഞശേഷം അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെയുണര്‍ത്താന്‍ ഞാന്‍ പോകുന്നു.
12: ശിഷ്യന്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സൗഖ്യംപ്രാപിക്കും.
13: യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു.
14: അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.
15: നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാനവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക്, അവന്റെയടുത്തേക്കു പോകാം.
16: ദീദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് അപ്പോള്‍ മറ്റുശിഷ്യന്മാരോടു പറഞ്ഞു: അവനോടുകൂടെ മരിക്കാന്‍, നമുക്കും പോകാം.

യേശു ഉത്ഥാനവും ജീവനും
17: ലാസര്‍ സംസ്കരിക്കപ്പെട്ടിട്ടു നാലുദിവസമായെന്ന് യേശു അവിടെയെത്തിയപ്പോളറിഞ്ഞു.
18: ബഥാനിയാ, ജറുസലെമിനടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോണ്‍ അപ്പുറമായിരുന്നു.
19: അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു.
20: യേശു വരുന്നെന്നുകേട്ടപ്പോള്‍ മര്‍ത്താ ചെന്ന്, അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെയിരുന്നു.
21: മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.
22: എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം, നിനക്കു തരുമെന്ന് എനിക്കറിയാം.
23: യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്ക്കും.
24: മര്‍ത്താ അവനോടുപറഞ്ഞു: അന്തിമനാളിലെ ഉത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.
25: യേശു അവളോടു പറഞ്ഞു: ഞാനാകുന്നൂ ഉത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
26: അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയുംചെയ്യുന്നവന്‍ നിത്യമായി മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
27: അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

യേശു കരയുന്നു
28: ഇതു പറഞ്ഞിട്ട്, അവള്‍ പോയി, തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നെന്നു സ്വകാര്യമായിപ്പറഞ്ഞു.
29: ഇതു കേട്ടയുടനെ അവളെഴുന്നേറ്റ്, അവന്റെയടുത്തേക്കു ചെന്നു.
30: യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ, കണ്ടുമുട്ടിയ സ്ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു.
31: മറിയം തിടുക്കത്തിലെഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍ അവളെയനുഗമിച്ചു. അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍പോകുകയാണെന്ന് അവര്‍ വിചാരിച്ചു.
32: മറിയം, യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്ക്കല്‍വീണു പറഞ്ഞു: കര്‍ത്താവേ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല.
33: അവളും അവളോടുകൂടെവന്ന യഹൂദരും കരയുന്നതുകണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്, അസ്വസ്ഥനായി ചോദിച്ചു:
34: അവനെ നിങ്ങൾ അടക്കിയിരിക്കുന്നതെവിടെയാണ്? അവരവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക.
35: യേശു കണ്ണീര്‍പൊഴിച്ചു.
36: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവനെത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു!
37: എന്നാല്‍ അവരില്‍ച്ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണുതുറന്ന ഈ മനുഷ്യന്, ഇവനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാസറിനെ ഉയിര്‍പ്പിക്കുന്നു
38: യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അതൊരു ഗുഹയായിരുന്നു. അതിന്മേല്‍ ഒരു കല്ലുവച്ചിരുന്നു.
39: യേശു പറഞ്ഞു: ആ കല്ലെടുത്തുമാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: ഇപ്പോള്‍ ദുര്‍ഗ്ഗന്ധമുണ്ടായിരിക്കും. ഇതു നാലാംദിവസമാണ്.
40: യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
41: അപ്പോൾ, അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുകളുയർത്തിപ്പറഞ്ഞു: പിതാവേ, അങ്ങെന്നെ ശ്രവിച്ചതിനാല്‍ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു.
42: അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്നു ചുറ്റുംനില്‍ക്കുന്ന ജനക്കൂട്ടം, വിശ്വസിക്കുന്നതിനുവേണ്ടിയാണു ഞാനിതുപറയുന്നത്.
43: ഇതുപറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തുവരുക.
44: അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം കച്ചകൊണ്ട് ആവരണംചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

യേശുവിനെ വധിക്കാനാലോചന
45: മറിയത്തിന്റെയടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചവകണ്ട്, അവനില്‍ വിശ്വസിച്ചു.
46: എന്നാല്‍, അവരില്‍ച്ചിലര്‍ ചെന്ന്, യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.
47: അപ്പോള്‍, പ്രധാനപുരോഹിതന്മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടിപ്പറഞ്ഞു: നാമെന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.
48: അവനെ നാമിങ്ങനെവിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന്, നമ്മുടെ സ്ഥലവും ജനത്തെയും പിടിച്ചെടുക്കും.
49: അവരിലൊരുവനും ആ വര്‍ഷത്തെ മഹാപുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നുമറിഞ്ഞുകൂടാ.
50: ജനംമുഴുവന്‍ നശിക്കാതിരിക്കാനായി, അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.
51: അവനിതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്നനിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-
52: ജനത്തിനുവേണ്ടിമാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.
53: അന്നുമുതല്‍ അവനെ വധിക്കാന്‍ അവരാലോചിച്ചുകൊണ്ടിരുന്നു.
54: അതുകൊണ്ട്, യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ അവിടെനിന്നുപോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിംപട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
55: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതിന്, പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി.
56: അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങളെന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?
57: അവനെവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരംലഭിച്ചാല്‍, അവനെ ബന്ധിക്കേണ്ടതിനു തങ്ങളെ അറിയിക്കണമെന്നു 
പ്രധാനപുരോഹിതന്മാരും ഫരിസേയരും കല്പനകൊടുത്തിരുന്നു.

മുന്നൂറ്റിയാറാം ദിവസം: യോഹന്നാന്‍ 8 - 9


അദ്ധ്യായം 8


വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ
1: യേശുവാകട്ടെ, ഒലിവുമലയിലേക്കു പോയി.
2: അതിരാവിലേ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനമെല്ലാം അവന്റെയടുക്കലെത്തി. അവനിരുന്ന് അവരെ പഠിപ്പിച്ചു.
3: വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെയടുക്കല്‍ കൊണ്ടുവന്നു, നടുക്കുനിറുത്തി.
4: അവരവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.
5: ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണു മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. അതുകൊണ്ട്, നീയെന്തു പറയുന്നു?
6: ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തെഴുതിക്കൊണ്ടിരുന്നു.
7: അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്, അവരോടു പറഞ്ഞു: നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യമവളെ കല്ലെറിയട്ടെ.
8: അവന്‍ വീണ്ടും കുനിഞ്ഞു നിലത്തെഴുതിക്കൊണ്ടിരുന്നു.
9: എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു. ഒടുവില്‍ യേശുവും നടുക്കുനിന്നിരുന്ന ആ സ്ത്രീയുംമാത്രം ശേഷിച്ചു.
10: യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവരെവിടെ? ആരും നിന്നെ വിധിച്ചില്ലേ?
11: അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപംചെയ്യരുത്.

യേശു ലോകത്തിന്റെ പ്രകാശം
12: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെയനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
13: അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യംനല്കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.
14: യേശു പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യംനല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാനെവിടെനിന്നു വരുന്നുവെന്നും എവിടേയ്ക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാനെവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നിങ്ങളറിയുന്നില്ല.
15: നിങ്ങളുടെ വിധി, മാനുഷികമാണ്. ഞാനാരെയും വിധിക്കുന്നില്ല.
16: ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല, എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.
17: രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
18: എന്നെക്കുറിച്ചു ഞാന്‍തന്നെ സാക്ഷ്യംനല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യംനല്കുന്നു.
19: അപ്പോള്‍ അവരവനോടു ചോദിച്ചു: നിന്റെ പിതാവെവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെയറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയുമറിയുമായിരുന്നു.
20: ദേവാലയത്തില്‍ ഭണ്ഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരുമവനെ പിടികൂടിയില്ലാ. എന്തെന്നാൽ, അവന്റെ മണിക്കൂർ ഇനിയും വന്നിരുന്നില്ല.

യഹൂദര്‍ക്കു മുന്നറിയിപ്പ്
21: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങളെന്നെയന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
22: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്ന് അവന്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യചെയ്തേക്കുമോ?
23: അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്റേതാണ്; ഞാന്‍ ഈ ലോകത്തിന്റേതല്ല.
24: അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. കാരണം, ഞാന്‍ ആകുന്നു, എന്നു  വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
25: അപ്പോളവര്‍ ചോദിച്ചു: നീയാരാണ്? യേശു അവരോടു പറഞ്ഞു: ആരംഭംമുതലേ ഉള്ളവൻ. അതാണ്, ഞാന്‍ നിങ്ങളോടു പറയുന്നത്.
26: എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവനില്‍നിന്നു കേട്ടവ ഞാന്‍ ലോകത്തോടു പറയുന്നു.
27: പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല.
28: അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ആകുന്നു എന്നും  ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, പിതാവ്, എന്നെ പഠിപ്പിച്ചപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.
29: അവിടുന്നെന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാനെപ്പോഴും അവിടുത്തേക്കു പ്രീതികരമായതു പ്രവര്‍ത്തിക്കുന്നു.
30: ഇതു പറഞ്ഞപ്പോള്‍ ഏറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31: തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്.
32: നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
33: അവരവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണ്. ഞങ്ങളൊരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെങ്ങനെയാണു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടുമെന്നു നീ പറയുന്നത്?
34: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപംചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.
35: അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
36: അതുകൊണ്ടു പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും.
37: നിങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെക്കൊല്ലാനന്വേഷിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
38: എന്റെ പിതാവിന്റെ സന്നിധിയില്‍ക്കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പിശാചു നിങ്ങളുടെ പിതാവ്
39: അവരവനോടു പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹമിന്റെ മക്കളാണെങ്കില്‍ അബ്രാഹമിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
40: എന്നാല്‍, ദൈവത്തില്‍നിന്നുകേട്ട സത്യം നിങ്ങളോടുപറഞ്ഞ മനുഷ്യനെ, അതായത് എന്നെ, കൊല്ലാന്‍ നിങ്ങളാലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല.
41: നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവൊന്നേയുള്ളൂ - ദൈവം.
42: യേശു അവരോടു പറഞ്ഞു: ദൈവമാണു നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്നെന്നെ അയച്ചതാണ്.
43: ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
44: നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവനൊരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളംപറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയരുടെ പിതാവുമാണ്. ഞാനാകട്ടെ, സത്യം പറയുന്നതുകൊണ്ടു നിങ്ങളെന്നെ വിശ്വസിക്കുന്നില്ല.
46: നിങ്ങളിലാര്‍ക്ക് എന്നില്‍ പാപമാരോപിക്കാന്‍ കഴിയും? ഞാന്‍ സത്യമാണു പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങളെന്നെ വിശ്വസിക്കുന്നില്ല?
47: ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ടു നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.

അബ്രാഹമിനുമുമ്പു ഞാനുണ്ട്
48: യഹൂദര്‍ അവനോടു മറുപടി പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ?
49: യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെയപമാനിക്കുന്നു.
50: ഞാന്‍ എന്റെ മഹത്വമന്വേഷിക്കുന്നില്ല. അതന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്.
51: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനംപാലിച്ചാല്‍ അവനൊരിക്കലും മരണംകാണുകയില്ല.
52: യഹൂദര്‍ അപ്പോൾ അവനോടു പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്മാരും മരിച്ചു. എന്നിട്ടും, എന്റെ വചനംപാലിക്കുന്ന ഒരുവനും, ഒരിക്കലും മരണംരുചിക്കുകയില്ലെന്നു നീ പറയുന്നു.
53: ഞങ്ങളുടെ പിതാവായ അബ്രാഹമിനേക്കാള്‍ വലിയവനാണോ നീ? അവനാകട്ടെ, മൃതിയടഞ്ഞു. പ്രവാചകന്മാരും മരിച്ചുപോയി. നീ നിന്നെത്തന്നെ ആരാക്കിത്തീർക്കുകയാണ്?
54: യേശു മറുപടി പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തുന്നെങ്കിൽ, എന്റെ മഹത്വത്തിനു വിലയില്ല.
55: എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍പറയുന്ന, എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാനവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയുംചെയ്യുന്നു.
56: എന്റെ ദിവസം കാണാമെന്നതില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവനതു കാണുകയും സന്തോഷിക്കുകയുംചെയ്തു.
57: അപ്പോള്‍ യഹൂദര്‍ അവനോടു പറഞ്ഞു: നിനക്കിനിയും അമ്പതുവയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹമിനെക്കണ്ടെന്നോ?
58: യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ആകുന്നു.
59: അപ്പോള്‍ അവര്‍ അവനെയെറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ്, ദേവാലയത്തില്‍നിന്നു പുറത്തുപോയി.

അദ്ധ്യായം 9 


അന്ധനെ സുഖപ്പെടുത്തുന്നു
1: അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെക്കണ്ടു.
2: ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിക്കാൻ ആരു പാപംചെയ്തു? ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ?
3: യേശു മറുപടി പറഞ്ഞു: ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ പാപംചെയ്തിട്ടല്ലാ, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.
4: പകലായിരിക്കുവോളം 
എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍കഴിയാത്ത രാത്രിവരുന്നു.
5: ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
6: ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്,
7: അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയിക്കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
8: അയല്‍ക്കാരും അവനെ, മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നത്?
9: ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ലാ, ഇവന്‍ അവനെപ്പോലെയിരിക്കുന്നു. എന്നാല്‍, അവന്‍ പറഞ്ഞു: ഞാന്‍തന്നെയാണ്.
10: അപ്പോള്‍ അവരവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്?
11: അവന്‍ മറുപടി പറഞ്ഞു: യേശു എന്നുപേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍പ്പോയി കഴുകുകയെന്നു പറഞ്ഞു. ഞാന്‍ പോയിക്കഴുകി; എനിക്കു കാഴ്ചലഭിച്ചു.
12: അവരവനോടു ചോദിച്ചു: അവനെവിടെ? എനിക്കറിഞ്ഞുകൂടാ, അവന്‍ പറഞ്ഞു.
13: മുമ്പ്, അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14: യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത്, ഒരു സാബത്തു ദിവസമായിരുന്നു.
15: അതുകൊണ്ട്, വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെയവനു കാഴ്ച ലഭിച്ചെന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളിപുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു.
16: അപ്പോൾ, ഫരിസേയരില്‍ച്ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. കാരണം, അവന്‍ സാബത്താചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യനെങ്ങനെ ഇത്തരമടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി.
17: അപ്പോള്‍ ആ അന്ധനോടു വീണ്ടുമവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീയെന്തുപറയുന്നു? അവന്‍ പറഞ്ഞു: അവനൊരു പ്രവാചകനാണ്.
18: അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ചപ്രാപിച്ചവന്റെ മാതാപിതാക്കന്മാരെവിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
19: അവര്‍ അവരോടു ചോദിച്ചു: അന്ധനായി ജനിച്ചെന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്?
20: അപ്പോൾ, അവന്റെ മാതാപിതാക്കന്മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചെന്നും ഞങ്ങള്‍ക്കറിയാം.
21: എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നെന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നെന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുക. അവനു പ്രായപൂർത്തിയായല്ലോ. അവനെക്കുറിച്ച് അവന്‍തന്നെ പറയും.
22: അവന്റെ മാതാപിതാക്കന്മാര്‍ ഇവ പറഞ്ഞതു യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ, ക്രിസ്തുവെന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്നു യഹൂദര്‍ തീരുമാനിച്ചിരുന്നു.
23: അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്മാര്‍ അവനു പ്രായപൂർത്തിയായല്ലോ; അവനോടുതന്നെ ചോദിക്കുക എന്നു പറഞ്ഞത്.
24: അപ്പോൾ, അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടുംവിളിച്ച്, അവനോടു പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
25: അപ്പോൾ, അവന്‍ പറഞ്ഞു: അവന്‍ പാപിയാണോയെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യമെനിക്കറിയാം. ഞാനന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
26: അവരവനോടു വീണ്ടും ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തുചെയ്തു? എങ്ങനെയാണ്, അവന്‍ നിന്റെ കണ്ണുകള്‍തുറന്നത്?
27: അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞല്ലോ. എന്നാൽ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണു വീണ്ടുംകേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകാന്‍ ഇച്ഛിക്കുന്നുവോ?
28: അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങളാകട്ടെ, മോശയുടെ ശിഷ്യന്മാരാണ്.
29: ദൈവം മോശയോടു സംസാരിച്ചെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇവൻ എവിടെനിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
30: അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍, അവനെന്റെ കണ്ണുകള്‍ തുറന്നു.
31: ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന, ദൈവം കേൾക്കുന്നു.
32: അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ്, ആരും തുറന്നതായി ലോകാരംഭംമുതല്‍ ഇന്നോളം കേട്ടിട്ടില്ല.
33: ആ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല.
34: അവരവനോടു മറുപടി പറഞ്ഞു: പൂർണ്ണമായും പാപത്തില്‍പ്പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ? അവരവനെ പുറത്താക്കി.

ആത്മീയാന്ധത
35: അവരവനെ പുറത്താക്കിയെന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: 
നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?
36: അവന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവനാരാണ്?
37: യേശു പറഞ്ഞു: നീയവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണവന്‍.
38: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.
39: യേശു പറഞ്ഞു: കാഴ്ചയില്ലാത്തവര്‍, കാഴ്ചയുള്ളവരും കാഴ്ചയുള്ളവര്‍, കാഴ്ചയില്ലാത്തവരുമാകേണ്ടതിന്, ന്യായവിധിക്കാണ്, ഞാന്‍ ഈ ലോകത്തിലേക്കു വന്നത്.
40: അവന്റെയടുത്തുണ്ടായിരുന്ന 
ഫരിസേയരിൽ ഏതാനുംപേര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും കാഴ്ചയില്ലാത്തവരാണോ?
41: യേശു അവരോടു പറഞ്ഞു: കാഴ്ചയില്ലാത്തവരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നെന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളുടെ പാപം നിലനില്ക്കുന്നു.

മുന്നൂറ്റിയഞ്ചാം ദിവസം: യോഹന്നാന്‍ 6 - 7


അദ്ധ്യായം 6

അപ്പം വര്‍ദ്ധിപ്പിക്കുന്നു
1: യേശു തിബേരിയാസ് എന്നു വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.
2: വലിയജനക്കൂട്ടം അവനെയനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു.
3: യേശു മലയിലേക്കു കയറി, ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു.
4: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു.
5: യേശു കണ്ണുകളുയര്‍ത്തി, ഒരു വലിയജനക്കൂട്ടം തന്റെയടുത്തേക്കു വരുന്നതു കണ്ട്, പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കാൻ നാമെവിടെനിന്ന് അപ്പംവാങ്ങും?
6: അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തുചെയ്യാൻപോകുന്നുവെന്ന്, യേശു അറിഞ്ഞിരുന്നു.
7: പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്പംവീതം ലഭിക്കാൻ, ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.
8: ശിഷ്യന്മാരിലൊരുവനും ശിമയോന്‍പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
9: അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടിയിവിടെയുണ്ട്. എന്നാല്‍, ഇത്രയുംപേര്‍ക്ക് അതെന്തുണ്ട്?
10: യേശു പറഞ്ഞു: ആളുകളെ ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു ധാരാളം പുല്ലുണ്ടായിരുന്നു. അയ്യായിരത്തോളംപുരുഷന്മാര്‍ അവിടെ പന്തിയിലിരുന്നു.
11: അനന്തരം യേശു അപ്പമെടുത്തു കൃതജ്ഞതാസ്‌തോത്രംചെയ്ത് അവര്‍ക്കു പങ്കിട്ടുകൊടുത്തു. അതുപോലെതന്നെ മീനും വേണ്ടുവോളം നല്കി.
12: അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.
13: അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ഭക്ഷിച്ചശേഷം മിച്ചംവന്ന കഷണങ്ങള്‍ പന്ത്രണ്ടുകുട്ടനിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളംകണ്ട ആളുകൾ പറഞ്ഞു:
14: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്.
15: അവര്‍വന്ന്, തന്നെ രാജാവാക്കാന്‍വേണ്ടി, ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നെന്നു മനസ്സിലാക്കിയ യേശു, തനിയെ വീണ്ടും മലമുകളിലേക്കു മാറി.

വെള്ളത്തിനുമീതേ നടക്കുന്നു
16: വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കടല്‍ത്തീരത്തേക്കു പോയി.
17: അവര്‍ ഒരു വള്ളത്തില്‍ക്കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
18: ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ടു കടല്‍ ക്ഷോഭിച്ചു.
19: ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ദൂരം തണ്ടുവലിച്ചുകഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്നു വളളത്തെ സമീപിക്കുന്നതു കണ്ട്, അവര്‍ ഭയപ്പെട്ടു.
20: അവനവരോടു പറഞ്ഞു: ഞാനാകുന്നു, ഭയപ്പെടേണ്ടാ.
21: അവനെ വള്ളത്തില്‍ക്കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്നു വള്ളം അവര്‍ ലക്ഷ്യംവച്ചിരുന്ന കരയ്ക്കടുത്തു.
22: അവിടെ ഒരു വള്ളംമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടെ യേശു അതില്‍ കയറിയിരുന്നില്ലെന്നും ശിഷ്യന്മാര്‍ തനിയേയാണു പോയതെന്നും കടലിന്റെ മറുകരെനിന്ന ആളുകള്‍ പിറ്റേദിവസം മനസ്സിലാക്കി.
23: കര്‍ത്താവു കൃതജ്ഞതാസ്‌തോത്രംചെയ്തു നല്കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്ക്, തിബേരിയാസില്‍നിന്നു മറ്റുവള്ളങ്ങള്‍ വന്നു.
24: യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ക്കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.

ജീവന്റെ അപ്പം
25: യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങെപ്പോള്‍ ഇവിടെയെത്തി?
26: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പംഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങളെന്നെ അന്വേഷിക്കുന്നത്.
27: നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, മനുഷ്യപുത്രന്‍തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
28: അപ്പോള്‍ അവരവനോടു ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തികൾ അനുഷ്ഠിക്കുന്നവരാകാന്‍ ഞങ്ങളെന്തു ചെയ്യണം?
29: യേശു മറുപടി പറഞ്ഞു: ഇതാണു ദൈവത്തിന്റെ പ്രവൃത്തി - അവിടുന്നയച്ചവനില്‍ വിശ്വസിക്കുക.
30: അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍കണ്ട്, നിന്നെ വിശ്വസിക്കേണ്ടതിന്, എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?
31: അവിടുന്നവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പംകൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു.
32: യേശു മറുപടി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണു സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പംതരുന്നത്.
33: എന്തെന്നാല്‍, ദൈവത്തിന്റെ അപ്പമാണ്, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നു ലോകത്തിനു ജീവന്‍ നല്കുന്നത്..
34: അപ്പോള്‍ അവരവനോടപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്കെപ്പോഴും നല്കണമേ.
35: യേശു അവരോടു പറഞ്ഞു: ഞാനാണു ജീവന്റെ അപ്പം. എന്റെയടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല.
36: എന്നാല്‍, നിങ്ങളെന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
37: പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെയടുത്തു വരും. എന്റെയടുക്കല്‍വരുന്നവനെ ഞാനൊരിക്കലും തള്ളിക്കളയുകയുമില്ല.
38: ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെയിഷ്ടമല്ലാ, എന്നെയയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്.
39: അവിടുന്നെനിക്കു നല്കിയവരില്‍ ഒരുവനെപ്പോലും നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.
40: പുത്രനെക്കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവനുണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെയിഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
41: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പം ഞാനാണെന്നു പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
42: അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നെന്ന് ഇവന്‍ പറയുന്നത്?
43: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടാ.
44: എന്നെയയച്ച പിതാവ് ആകര്‍ഷിച്ചവനല്ലാതെ ഒരുവനും എന്റെയടുക്കലേക്കുവരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
45: അവരെല്ലാവരും ദൈവം പഠിപ്പിച്ചവരാകുമെന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയുംചെയ്തവരെല്ലാം എന്റെയടുക്കല്‍ വരുന്നു.
46: ആരെങ്കിലും പിതാവിനെക്കണ്ടിട്ടുണ്ടെന്നല്ല ഇതിനര്‍ത്ഥം. ദൈവത്തില്‍നിന്നുള്ളവന്‍മാത്രമേ പിതാവിനെക്കണ്ടിട്ടുള്ളു.
47: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
48: ഞാനാകുന്നൂ, ജീവന്റെയപ്പം.
49: നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
50: ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല.
51: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവനെന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
52: അപ്പോൾ, ഇതേപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഭക്ഷിക്കാൻ, നമുക്കു തന്റെ ശരീരംനല്കാൻ, ഇവനെങ്ങനെകഴിയുമെന്ന് അവര്‍ ചോദിച്ചു.
53: യേശു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നില്ലെങ്കില്‍, നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല.
54: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും.
55: എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥഭക്ഷണമാകുന്നു. എന്റെ രക്തം യഥാര്‍ത്ഥപാനീയവും.
56: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും വസിക്കുന്നു.
57: ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും.
58: ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാകുന്നു. പിതാക്കന്മാര്‍ മന്നാ ഭക്ഷിക്കുകയും മരിക്കുകയുംചെയ്തപോലെയല്ല; ഈ അപ്പം ഭക്ഷിക്കുന്നവന്‍, എന്നേയ്ക്കും ജീവിക്കും.
59: കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനിതു പറഞ്ഞത്.

നിത്യജീവന്റെ വചസ്സുകള്‍
60: ഇതുകേട്ട്, അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കുകഴിയും?
61: തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്കിടര്‍ച്ചവരുത്തുന്നുവോ?
62: അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യമായിരുന്നിടത്തേക്ക് ആരോഹണംചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
63: ആത്മാവാണു ജീവന്‍ നല്കുന്നത്; ശരീരമൊന്നിനുപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
64: എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ച്ചിലരുണ്ട്. അവരാരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവനാരെന്നും ആദ്യംമുതൽ അവനറിഞ്ഞിരുന്നു.
65: അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു നല്കപ്പെടുന്നവനല്ലാതെ, എന്റെയടുക്കലേക്കുവരാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.
66: ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ ഏറെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല.
67: അപ്പോൾ യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും വിട്ടുപോകാനാഗ്രഹിക്കുന്നില്ലേ?
68: ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെയടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
69: നീയാണു ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയുംചെയ്തിരിക്കുന്നു.
70: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളിലൊരുവന്‍ പിശാചാകുന്നു.
71: അവനിതു പറഞ്ഞതു ശിമയോന്‍ സ്കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.

അദ്ധ്യായം 7 

കൂടാരത്തിരുനാള്‍
1: ഇതിനുശേഷം, യേശു ഗലീലിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരംപാര്‍ത്തിരുന്നതിനാല്‍, യൂദയായില്‍ സഞ്ചരിക്കാന്‍ അവനിഷ്ടപ്പെട്ടില്ല.
2: യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.
3: അതുകൊണ്ട്, അവന്റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്മാര്‍ കാണേണ്ടതിന്, നീ ഇവിടംവിട്ടു യൂദയായിലേക്കു പോവുക.
4: പരസ്യമായി അറിയപ്പെടാനാഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുക.
5: അവന്റെ സഹോദരന്മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.
6: അപ്പോൾ, യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയുമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.
7: ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അതെന്നെ വെറുക്കുന്നു.
8: നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.
9: ഇപ്രകാരം പറഞ്ഞ്, അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.
10: എന്നാല്‍, അവന്റെ സഹോദരന്മാര്‍ തിരുനാളിനുപോയശേഷം, അവനും പോയി; പരസ്യമായല്ലാ, രഹസ്യമായി.
11: അവനെവിടെയെന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെയന്വേഷിച്ചുകൊണ്ടിരുന്നു.
12: ആളുകള്‍ക്കിടയിൽ അവനെപ്പറ്റി പലരഹസ്യംപറച്ചിലുമുണ്ടായി. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ലാ, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റുചിലരും.
13: എങ്കിലും യഹൂദരോടുള്ള ഭയംനിമിത്തം, ആരുമവനെപ്പറ്റി പരസ്യമായൊന്നും സംസാരിച്ചില്ല.

യേശുവിന്റെ വിജ്ഞാനം
14: തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ച്ചെന്നു പഠിപ്പിച്ചുതുടങ്ങി.
15: ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന്, ഇത്രയും അറിവെവിടെനിന്നുകിട്ടിയെന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു.
16: യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ.
17: അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍, ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയംനല്കുന്നതോ എന്നു മനസ്സിലാക്കും.
18: സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വമന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വമന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അധർമ്മമില്ലാ.
19: മോശ നിങ്ങള്‍ക്കു നിയമംനല്കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമംപാലിക്കുന്നില്ല. എന്തുകൊണ്ടാണു നിങ്ങളെന്നെ കൊല്ലാനന്വേഷിക്കുന്നത്?
20: ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാനന്വേഷിക്കുന്നത്?
21: യേശു പ്രതിവചിച്ചു: ഞാനൊരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.
22: മോശ നിങ്ങള്‍ക്കു പരിച്ഛേദനനിയമം നല്കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്മാരില്‍നിന്നാണ്. അതനുസരിച്ചു സാബത്തില്‍ നിങ്ങള്‍ ഒരുവനു പരിച്ഛേദനം നടത്തുന്നു.
23: മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന്, ഒരുവന്‍ സാബത്തുദിവസം പരിച്ഛേദനംസ്വീകരിക്കുന്നുവെങ്കില്‍, സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണ്ണമായി സുഖമാക്കിയതിനു നിങ്ങളെന്നോടു കോപിക്കുന്നുവോ?
24: പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ, നീതിയായി വിധിക്കുവിന്‍.

ഇവനാണോ ക്രിസ്തു?
25: ജറുസലെംനിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാനന്വേഷിക്കുന്നത്?
26: എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവരിവനോട് ഒന്നുംപറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുമോ?
27: ഇവന്‍ എവിടെനിന്നുവരുന്നെന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരുമറിയുകയില്ല.
28: അതുകൊണ്ട്, ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാനാരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം, അല്ലേ? എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്കറിഞ്ഞുകൂടാ.
29: എനിക്കവിടുത്തെയറിയാം. എന്തെന്നാല്‍, ഞാനവിടുത്തെ അടുക്കല്‍നിന്നാണ്. അവിടുന്നാണെന്നെ അയച്ചത്.
30: അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കുമവനെ പിടിക്കാന്‍കഴിഞ്ഞില്ല. അവന്റെ മണിക്കൂർ ഇനിയുംവന്നിരുന്നില്ല.
31: ജനക്കൂട്ടത്തില്‍നിന്നാകട്ടെ, ഏറെ
പ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തുവരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?

വേര്‍പാടിനെക്കുറിച്ച്
32: അവനെക്കുറിച്ചുള്ള 
ജനക്കൂട്ടത്തിന്റെ പിറുപിറുക്കൽ ഫരിസേയര്‍ കേട്ടു. പ്രധാനപുരോഹിതന്മാരും ഫരിസേയരും അവനെപ്പിടികൂടാൻ സേവകരെ അയച്ചു.
33: അപ്പോൾ യേശു പറഞ്ഞു: അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെയടുത്തേക്കു പോകും.
34: നിങ്ങളെന്നെയന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
35: യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍കഴിയാത്തവിധം എവിടേക്കാണവന്‍ പോകുന്നത്? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെയടുക്കല്‍പ്പോയി, ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
36: നിങ്ങളെന്നെയന്വേഷിക്കും, കണ്ടെത്തുകയില്ലെന്നും ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്നും അവന്‍ പറഞ്ഞ ഈ വചനമെന്താണ്?

ജീവജലത്തിന്റെ അരുവികള്‍
37: തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍, അവന്‍ എന്റെയടുക്കല്‍വരട്ടെ.
38: എന്നില്‍ വിശ്വസിക്കുന്നവൻ പാനംചെയ്യുകയുംചെയ്യട്ടെ. ലിഖിതം പ്രസ്താവിക്കുന്നതുപോലെ, അവ
ന്റെ ഹൃദയത്തില്‍നിന്ന്, ജീവജലത്തിന്റെ അരുവികളൊഴുകും.
39: അവനിതു പറഞ്ഞത്, തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.

അധികാരികളുടെ അവിശ്വാസം
40: ഈ വാക്കുകള്‍ കേട്ടപ്പോള്‍, ജനങ്ങൾക്കിടയിൽ 
ചിലര്‍ പറഞ്ഞു: ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.
41: മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക?
42: ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധലിഖിതം പറയുന്നത്?
43: അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.
44: ചിലര്‍ അവനെ ബന്ധിക്കാനാഗ്രഹിച്ചു. എന്നാല്‍, ആരുമവന്റെമേല്‍ കൈവച്ചില്ല.
45: സേവകന്മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?
46: അവര്‍ മറുപടി പറഞ്ഞു: ഇങ്ങനെ ആരുമിതുവരെ സംസാരിച്ചിട്ടില്ല.
47: അപ്പോള്‍ ഫരിസേയരവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?
48: അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലുമവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
49: നിയമമറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.
50: മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍പ്പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോളവരോടു ചോദിച്ചു:
51: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്നറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമമനുവദിക്കുന്നുണ്ടോ?
52: അവരവനോടു പ്രതികരിച്ചു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചുനോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ലെന്ന് അപ്പോള്‍ മനസ്സിലാകും.
53: ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലേക്കു പോയി.

മുന്നൂറ്റിനാലാം ദിവസം: യോഹന്നാന്‍ 4 - 5


അദ്ധ്യായം 4


യേശുവും സമരിയാക്കാരിയും
1: യോഹന്നാനേക്കാളധികമാളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയുംചെയ്യുന്നുവെന്നു ഫരിസേയര്‍ കേട്ടതായി കര്‍ത്താവറിഞ്ഞു.
2: വാസ്തവത്തില്‍, ശിഷ്യന്മാരല്ലാതെ, യേശുനേരിട്ട്, ആരെയും സ്നാനപ്പെടുത്തിയിട്ടില്ല.
3: അവന്‍ യൂദയാവിട്ടു വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4: അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5: സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവനെത്തി. യാക്കോബ്, തന്റെ മകന്‍ ജോസഫിനുനല്കിയ വയലിനടുത്താണ്, ഈ പട്ടണം.
6: യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തുക്ഷീണിച്ച യേശു, ആ കിണറിന്റെ കരയിലിരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു.
7: ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളംകോരാന്‍ വന്നു. യേശു അവളോട്, എനിക്കു കുടിക്കാന്‍തരുക, എന്നുപറഞ്ഞു.
8: അവന്റെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
9: ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരുംതമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.
10: യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനമെന്തെന്നും എനിക്കു കുടിക്കാന്‍തരുകയെന്നു നിന്നോടാവശ്യപ്പെടുന്നത്, ആരെന്നുമറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലംതരുകയും ചെയ്യുമായിരുന്നു.
11: അവള്‍ പറഞ്ഞു: പ്രഭോ, വെള്ളംകോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്കെവിടെനിന്നു കിട്ടും?
12: ഈ കിണര്‍ ഞങ്ങള്‍ക്കുതന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.
13: യേശു അവളോടു മറുപടിപറഞ്ഞു: ഈ വെള്ളംകുടിക്കുന്ന ആർക്കും വീണ്ടും ദാഹിക്കും.
14: എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളംകുടിക്കുന്നവന്, ഒരിക്കലും ദാഹിക്കുകയില്ല. മറിച്ച്, ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും.
15: അവള്‍ അവനോടു പറഞ്ഞു: പ്രഭോ, ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളംകോരാന്‍ ഞാനിവിടെ വരുകയുംവേണ്ടാ.
16: അവന്‍ പറഞ്ഞു: നീ ചെന്നു നിന്റെ ഭര്‍ത്താവിനെ വിളിച്ചുക്കൊണ്ടുവരുക.
17: എനിക്കു ഭര്‍ത്താവില്ലെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ലെന്നു നീ പറഞ്ഞതു ശരിയാണ്.
18: നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്.
19: അവള്‍ പറഞ്ഞു: പ്രഭോ, അങ്ങൊരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
20: ഞങ്ങളുടെ പിതാക്കന്മാര്‍, ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, ആരാധനനടത്തേണ്ടസ്ഥലം ജറുസലേമിലാണെന്നു നിങ്ങള്‍ പറയുന്നു.
21: യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത മണിക്കൂർവരുന്നു.
22: നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരിൽനിന്നാകുന്നു.
23: എന്നാല്‍, യഥാര്‍ത്ഥആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെയാരാധിക്കുന്ന മണിക്കൂർവരുന്നു. അല്ല, അതിപ്പോള്‍ത്തന്നെയാണ്. വാസ്തവത്തില്‍ അങ്ങനെയുള്ള ആരാധകരെയാണു പിതാവന്വേഷിക്കുന്നതും.
24: ദൈവം ആത്മാവാണ്. അവിടുത്തെയാരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.
25: ആ സ്ത്രീ പറഞ്ഞു: മിശിഹാ -ക്രിസ്തു- വരുമെന്നെനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെയറിയിക്കും.
26: യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍തന്നെയാണവന്‍.
27: തത്സമയം, അവന്റെ ശിഷ്യന്മാര്‍ തിരിച്ചെത്തി. അവൻ, ഒരു സ്ത്രീയോടു സംസാരിക്കുന്നതുകണ്ട്, അവരദ്ഭുതപ്പെട്ടു. എന്നാല്‍, എന്തുചോദിക്കുന്നെന്നോ അല്ലെങ്കിൽ, എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരുമവനോടു ചോദിച്ചില്ല.
28: ആ സ്ത്രീയാകട്ടെ കുടമവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29: ഞാന്‍ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞൊരു മനുഷ്യനെ നിങ്ങള്‍വന്നു കാണുവിന്‍. ഇവന്‍തന്നെയല്ലേ, ക്രിസ്തു?
30: അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്, അവന്റെയടുത്തു വന്നു.
31: തത്സമയം ശിഷ്യന്മാര്‍ അവനോടപേക്ഷിച്ചു: റബ്ബീ, ഭക്ഷണംകഴിച്ചാലും.
32: അവന്‍ പറഞ്ഞു: എനിക്കുകഴിക്കാൻ, നിങ്ങളറിയാത്ത ഭക്ഷണമുണ്ട്.
33: ആരെങ്കിലും ഇവനു ഭക്ഷണംകൊണ്ടുവന്നു കൊടുത്തിരിക്കുമോയെന്നു ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു.
34: യേശു അവരോടു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം നിവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
35: നാലുമാസംകൂടെക്കഴിഞ്ഞാല്‍ വിളവെടുപ്പായെന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞ്, കൊയ്ത്തിനു പാകമായിരിക്കുന്നു.
36: കൊയ്യുന്നവനു കൂലികിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒന്നുപോലെ സന്തോഷിക്കുന്നു.
37: വിതയ്ക്കുന്നതൊരുവന്‍, കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല്, ഇവിടെ വാസ്തവമായിരിക്കുന്നു.
38: നിങ്ങളദ്ധ്വാനിച്ചിട്ടില്ലാത്ത വിളവുശേഖരിക്കാന്‍ ഞാന്‍ നിങ്ങളെയയച്ചു; മറ്റുള്ളവരാണദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
39: ഞാന്‍ ചെയ്തതെല്ലാം അവനെന്നോടു പറഞ്ഞു എന്ന, ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകരവനില്‍ വിശ്വസിച്ചു.
40: ആ സമരിയാക്കാര്‍ അവന്റെയടുത്തുവന്ന്, തങ്ങളോടൊത്തു വസിക്കണമെന്ന് അവനോടപേക്ഷിച്ചു. അവന്‍ രണ്ടുദിവസം അവിടെത്താമസിച്ചു.
41: അവന്റെ വചനംശ്രവിച്ച മറ്റനേകരും അവനില്‍ വിശ്വസിച്ചു.
42: അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ത്ഥത്തില്‍ ലോകരക്ഷകനെന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു
43: രണ്ടുദിവസംകഴിഞ്ഞ്, അവനവിടെനിന്നു ഗലീലിയിലേക്കു പോയി. 
44: പ്രവാചകനു തന്റെ പിതൃഭൂമിയിൽ ബഹുമാനംലഭിക്കുന്നില്ലെന്ന്, യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
45: അവന്‍ ഗലീലിയില്‍ച്ചെന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതംചെയ്തു. എന്തെന്നാല്‍, തിരുനാളില്‍, അവന്‍ ജറുസലെമില്‍ച്ചെയ്തകാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46: അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകനുണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു.
47: യേശു യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നെന്നുകേട്ടപ്പോള്‍ അവന്‍ചെന്ന്, തന്റെ ആസന്നമരണനായ മകനെ, വന്നുസുഖപ്പെടുത്തണമെന്ന് അവനോടപേക്ഷിച്ചു.
48: അപ്പോള്‍ യേശു അവനോടു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങളൊരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49: അപ്പോള്‍, ആ രാജസേവകന്‍ അവനോടപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പേ വരണമേ! യേശു അവനോടു പറഞ്ഞു: പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.
50: യേശുപറഞ്ഞ വചനംവിശ്വസിച്ച്, അവന്‍ പോയി.
51: പോകുംവഴി, മകന്‍ ജീവിച്ചിരിക്കുന്നെന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു.
52: ഏതുസമയത്താണ് അവന്റെ സ്ഥിതിമെച്ചപ്പെട്ടതെന്ന് അവനന്വേഷിച്ചു. ഇന്നലെ ഏഴാംമണിക്കൂറില്‍ പനി വിട്ടുമാറിയെന്ന് അവര്‍ പറഞ്ഞു.
53: നിന്റെ മകന്‍ ജീവിക്കുമെന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബംമുഴുവനും വിശ്വസിച്ചു.
54: ഇത്, യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശുപ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

അദ്ധ്യായം 5

ബേത്സഥാക്കുളത്തിലെ രോഗശാന്തി
1: ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന്, യേശു ജറുസലെമിലേക്കു പോയി.
2: ജറുസലെമില്‍ അജകവാടത്തിനടുത്ത്, ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നുവിളിക്കപ്പെടുന്ന അഞ്ചുമണ്ഡപങ്ങളുള്ള ഒരു കുളമുണ്ടായിരുന്നു.
3, 4: അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.
5: മുപ്പത്തെട്ടുവര്‍ഷമായി രോഗിയായ ഒരുവന്‍ അവിടെയുണ്ടായിരുന്നു.
6: അവന്‍, അവിടെക്കിടക്കുന്നത്, യേശു കണ്ടു. അവന്‍ ഏറെനാളായി കിടപ്പിലാണെന്നറിഞ്ഞ്, യേശു ചോദിച്ചു: സുഖംപ്രാപിക്കാന്‍ നിനക്കാഗ്രഹമുണ്ടോ?
7: അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാനെത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തിലിറങ്ങിക്കഴിഞ്ഞിരിക്കും.
8: യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു നടക്കുക.
9: ആ മനുഷ്യൻ തത്ക്ഷണം സുഖംപ്രാപിച്ചു കിടക്കയെടുത്തു നടന്നു. അന്നു സാബത്തായിരുന്നു.
10: അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്കചുമക്കുന്നതു നിഷിദ്ധമാണ്.
11: അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തുനടക്കുകയെന്ന് എന്നോടു പറഞ്ഞു.
12: അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തുനടക്കുകയെന്നു നിന്നോടു പറഞ്ഞവനാരാണ്?
13:അവനാരാണെന്നു സുഖംപ്രാപിച്ചവനറിഞ്ഞിരുന്നില്ല. കാരണം, അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തില്‍, യേശു മറഞ്ഞുകഴിഞ്ഞിരുന്നു.
14: പിന്നീട്, യേശു ദേവാലയത്തില്‍വച്ച്, അവനെക്കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യംപ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നുംസംഭവിക്കാതിരിക്കാന്‍ മേലില്‍ പാപംചെയ്യരുത്.
15: അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്നു യഹൂദരെയറിയിച്ചു.
16: സാബത്തില്‍ ഇവചെയ്തിരുന്നതുകൊണ്ട്, യേശുവിനെ യഹൂദര്‍ ഉപദ്രവിച്ചിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു.
18: ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി ശ്രമിച്ചു. കാരണം, അവന്‍ സാബത്തുലംഘിക്കുകമാത്രമല്ല, തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ടു ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.

പുത്രന്റെ അധികാരം
19: അപ്പോൾ, യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ, പുത്രനു സ്വയമേ, ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനുംചെയ്യുന്നു.
20: എന്തെന്നാല്‍, പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെക്കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയപ്രവൃത്തികളും അവിടുന്നവനെക്കാണിക്കും.
21: എന്തെന്നാൽ, പിതാവു മരിച്ചവരെ ഉയിർപ്പിച്ച്, അവര്‍ക്കു ജീവന്‍നല്കുന്നപോലെതന്നെ പുത്രനും താനിച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്കുന്നു.
22: പിതാവാരെയും വിധിക്കുന്നില്ല; വിധിമുഴുവനും അവിടുന്നു പുത്രനെയേല്പിച്ചിരിക്കുന്നു.
23: പിതാവിനെ ആദരിക്കുന്നപോലെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണിത്. പുത്രനെ ആദരിക്കാത്തവരാരും അവനെയയച്ച പിതാവിനെയുമാദരിക്കുന്നില്ല.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവൻ ശിക്ഷാവിധിക്കു വിധേയനാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
25: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.
26: എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരംനല്കിയിരിക്കുന്നു.
27: മനുഷ്യപുത്രനായതുകൊണ്ട്, വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു.
28: ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു.
29: അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.

യേശുവിന്റെ സാക്ഷ്യം
30: സ്വമേധയാ ഒന്നുംചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വകവുമാണ്. എന്തെന്നാൽ, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണു ഞാനന്വേഷിക്കുന്നത്.
31: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍, എന്റെ സാക്ഷ്യം സത്യമല്ല.
32: എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.
33: നിങ്ങള്‍ യോഹന്നാന്റെയടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യംനല്കുകയുംചെയ്തു.
34: ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ലാ. എന്നാൽ, നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണു ഞാനിതെല്ലാം പറയുന്നത്.
35: കത്തിജ്ജ്വലിക്കുന്ന വിളക്കായിരുന്നു അവന്‍. അല്പസമയത്തേക്ക് അവന്റെ പ്രകാശത്തിലാഹ്ലാദിക്കാന്‍ നിങ്ങൾ ആഗ്രഹിച്ചുമിരുന്നു.
36: എന്നാല്‍, യോഹന്നാന്റേതിനെക്കാള്‍ വലിയസാക്ഷ്യം  എനിക്കുണ്ട്. എന്തെന്നാല്‍, പൂര്‍ത്തിയാക്കാനായി പിതാവെന്നെയേല്പിച്ച പ്രവൃത്തികള്‍ - ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന  പ്രവൃത്തികള്‍തന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.
37: എന്നെയയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങളൊരിക്കലും ശ്രവിച്ചിട്ടില്ല, രൂപം കണ്ടിട്ടുമില്ല.
38: അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. കാരണം, അവിടുന്നയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലാ.
39: ലിഖിതങ്ങള്‍ നിങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നു. എന്തെന്നാല്‍, അവയില്‍ നിത്യജീവനുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ്, എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്നത്.
40: എന്നിട്ടും നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്, എന്റെയടുത്തേക്കുവരാന്‍ നിങ്ങളാഗ്രഹിക്കുന്നില്ലാ.
41: മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വംസ്വീകരിക്കുന്നില്ല.
42: എനിക്കു നിങ്ങളെയറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല.
43: ഞാന്‍, എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, വേറൊരുവന്‍ സ്വന്തംനാമത്തില്‍ വന്നാല്‍, നിങ്ങളവനെ സ്വീകരിക്കും.
44: പരസ്പരം മഹത്വംസ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നുവരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയുംചെയ്യുന്ന നിങ്ങള്‍ക്കെങ്ങനെ വിശ്വസിക്കാന്‍കഴിയും?
45: പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നതെന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെക്കുറ്റപ്പെടുത്തുന്നത്.
46: എന്തെന്നാൽ, നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ചാണ്, അവനെഴുതിയിരിക്കുന്നത്.
47: എന്നാല്‍, അവനെഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, എന്റെ വാക്കുകളെങ്ങനെ വിശ്വസിക്കും?

മുന്നൂറ്റിമൂന്നാം ദിവസം: യോഹന്നാന്‍ 1 - 3


അദ്ധ്യായം 1


വചനം മനുഷ്യനായി
1: ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
2: അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
3: സമസ്തവും അവനിലൂടെ സംഭവിച്ചു. ഒന്നും അവനെക്കൂടാതെ സംഭവിച്ചിട്ടില്ല.
4: അവനില്‍ സംഭവിച്ചതു ജീവനായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5: ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെക്കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
6: ദൈവമയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍.
7: അവന്‍ സാക്ഷ്യത്തിനായി വന്നു - പ്രകാശത്തിനു സാക്ഷ്യംനല്കാന്‍; അവന്‍വഴി എല്ലാവരും വിശ്വസിക്കാന്‍.
8: അവന്‍ പ്രകാശമായിരുന്നില്ല; പ്രകാശത്തിനു സാക്ഷ്യംനല്കാന്‍ വന്നവനാണ്.
9: എല്ലാമനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥവെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
10: അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെയുണ്ടായി. എങ്കിലും, ലോകം അവനെയറിഞ്ഞില്ല.
11: അവന്‍ സ്വജനത്തിന്റെയടുത്തേക്കു വന്നു; എന്നാല്‍, അവരവനെ സ്വീകരിച്ചില്ല.
12: തന്നെ സ്വീകരിച്ചവര്‍ക്കെല്ലാമാകട്ടെ, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി.
13: അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ല, പ്രത്യുത, ദൈവത്തില്‍നിന്നത്രേ.
14: വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു. അവന്റെ മഹത്വം ഞങ്ങൾ ര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിൽനിന്നുള്ള ഏകജാതന്റേതുമായ മഹത്വം.
15: യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷ്യംനല്കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെവരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
16: എന്തെന്നാൽ, അവന്റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.
17: കാരണം, നിയമം മോശവഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി വന്നു.
18: ദൈവത്തെ ആരുമൊരിക്കലും കണ്ടിട്ടില്ല. പിതാവുമായി ആത്മബന്ധംപുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

സ്നാപകയോഹന്നാന്റെ സാക്ഷ്യം
19: നീയാരാണെന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയുമയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു:
20: അവന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു: ഞാന്‍ ക്രിസ്തുവല്ല.
21: അവരവനോടു ചോദിച്ചു: എങ്കില്‍പ്പിന്നെ നീയാരാണ്? ഏലിയായോ? അല്ലാ എന്ന്, അവന്‍ പ്രതിവചിച്ചു. നീ പ്രവാചകനാണോ? അല്ലാ എന്ന്, അവന്‍ മറുപടിനല്കി.
22: അപ്പോളവര്‍ അവനോടു ചോദിച്ചു: നീയാരാണ്, ഞങ്ങളെ അയച്ചവര്‍ക്കു മറുപടിനൽകേണ്ടതിന്, നിന്നെക്കുറിച്ചുതന്നെ നീയെന്തു പറയുന്നു?
23: അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചപോലെ, കര്‍ത്താവിന്റെ വഴി നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍.
24: ഫരിസേയരാൽ അയയ്ക്കപ്പെട്ടവരായിട്ടിരുന്നൂ, അവർ.
25: അവരവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനംനല്കാന്‍ കാരണമെന്ത്?
26: യോഹന്നാന്‍ അവർക്കു മറുപടി നല്കി: ഞാന്‍ ജലംകൊണ്ടു സ്നാനംനല്കുന്നു. നിങ്ങളറിയാത്തവന്‍ നിങ്ങളുടെ മദ്ധ്യേ നില്പുണ്ട്.
27: എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
28: യോഹന്നാന്‍ സ്നാനംനല്കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ, ബഥാനിയായിലാണ് ഇവ സംഭവിച്ചത്.

ദൈവത്തിന്റെ കുഞ്ഞാട്
29: പിറ്റേന്ന്, യേശു തന്റെയടുത്തേക്കു വരുന്നതുകണ്ട്, അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപംനീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30: എന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പുണ്ടായിരുന്നെന്ന്, ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, ഇവൻ എന്നെക്കാൾ വലിയവനാണ്.
31: ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനംനല്കുന്നത്.
32: ആത്മാവു പ്രാവിന്റെ രൂപത്തിൽ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നതു താന്‍കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.
33: ഞാനവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനംനല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞു: ആത്മാവിറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനംനല്കുന്നവന്‍.
34: ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആദ്യശിഷ്യന്മാര്‍
35: പിറ്റേന്ന്, യോഹന്നാന്‍ വീണ്ടും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുടെകൂടെ നില്ക്കുമ്പോള്‍
36: യേശു നടന്നുവരുന്നതുകണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!
37: അവന്‍ പറഞ്ഞതുകേട്ട്, ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു.
38: യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതുകണ്ട്, അവരോടു ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവരവനോടു പറഞ്ഞു: റബ്ബീ - ഗുരു എന്നാണ് ഇതിനര്‍ത്ഥം - അങ്ങെവിടെയാണു വസിക്കുന്നത്?
39: അവനവരോടു പറഞ്ഞു: വന്നുകാണുക. അവര്‍ചെന്ന്, അവന്‍ വസിക്കുന്നിടംകാണുകയും അന്ന്, അവനോടുകൂടെ താമസിക്കുകയുംചെയ്തു. അപ്പോള്‍ ഏകദേശം പത്താംമണിക്കൂര്‍ ആയിരുന്നു.
40: യോഹന്നാന്‍ പറഞ്ഞതുകേട്ട് അവനെയനുഗമിച്ച ആ രണ്ടുപേരിലൊരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു.
41: അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ - ക്രിസ്തു എന്നാണ് ഇതിനര്‍ത്ഥം - കണ്ടു എന്നു പറഞ്ഞു.
42: അവനെ യേശുവിന്റെയടുത്തേക്കു കൊണ്ടുവന്നു. യേശു അവനെനോക്കിപ്പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - അതായത്, പാറ - എന്നു നീ വിളിക്കപ്പെടും.

പീലിപ്പോസും നഥാനയേലും
43: പിറ്റേന്ന്, അവന്‍ ഗലീലിയിലേക്കു പോകാനാഗ്രഹിച്ചു. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക.
44: പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സൈദായില്‍നിന്നുള്ളവനായിരുന്നു.
45: പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: നിയമത്തിൽ, മോശയും അതുപോലെ പ്രവാചകരും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകന്‍, നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.
46: നഥാനയേല്‍ അവനോടു പറഞ്ഞു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ? പീലിപ്പോസ് അവനോടു പറഞ്ഞു: വന്നുകാണുക!
47: നഥാനയേല്‍ തന്റെയടുത്തേക്കുവരുന്നതുകണ്ട്, യേശു അവനെപ്പറ്റിപ്പറഞ്ഞു: ഇതാ, കാപട്യമില്ലാത്ത, ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍!
48: നഥാനയേല്‍ അവനോടു പറഞ്ഞു: നീയെന്നെ എങ്ങനെയറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.
49: നഥാനയേല്‍ അവനോടു പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.
50: യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെക്കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട്, നീ വിശ്വസിക്കുന്നു, അല്ലേ? ഇതിനെക്കാള്‍ വലിയകാര്യങ്ങള്‍ നീ കാണും.
51: അവന്‍ തുടര്‍ന്നു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ മനുഷ്യപുത്രന്റെമേല്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

അദ്ധ്യായം 2

കാനായിലെ വിവാഹവിരുന്ന്
1: മൂന്നാംദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.
2: യേശുവും ശിഷ്യന്മാരും വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.
3: അവിടെ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
4: യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കുമെന്ത്? എന്റെ മണിക്കൂർ ഇനിയുമായിട്ടില്ല.
5: അവന്റെയമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതെന്തായാലും അതുചെയ്യുവിന്‍.
6: യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിനുള്ള വെള്ളംനിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെയുണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
7: ഭരണികളില്‍ വെള്ളംനിറയ്ക്കുവിനെന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
8: ഇനി, പകര്‍ന്നു കലവറക്കാരന്റെയടുത്തു കൊണ്ടുചെല്ലുവിനെന്ന് അവന്‍ പറഞ്ഞു. അവരപ്രകാരം ചെയ്തു.
9: വീഞ്ഞായിമാറിയ ആ വെള്ളം കലവറക്കാരന്‍ രുചിച്ചുനോക്കി. അതെവിടെനിന്നാണെന്ന് അവനറിഞ്ഞില്ല. എന്നാല്‍, വെള്ളംകോരിയ പരിചാരകരറിഞ്ഞിരുന്നു. കലവറക്കാരന്‍ മണവാളനെ വിളിച്ചു
10: അവന്‍ പറഞ്ഞു: എല്ലാവരും മേല്‍ത്തരംവീഞ്ഞ്, ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ലവീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.
11: യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്തത്. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
12: അതിനുശേഷം അവന്‍ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ കഫര്‍ണാമിലേക്കു പോയി. അവരവിടെ ഏതാനുംദിവസം താമസിച്ചു.

യേശു ദേവാലയംശുദ്ധീകരിക്കുന്നു
13: യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കുപോയി.
14: കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയംമാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
15: അവന്‍ ചരടുകൊണ്ടു ചാട്ടയുണ്ടാക്കി അവയെയെല്ലാം, ആടുകളേയും കാളകളേയും ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയുംചെയ്തു.
16: പ്രാവുകൾ വില്ക്കുന്നവരോട് അവന്‍ പറഞ്ഞു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിന്‍. എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
17: അവിടുത്തെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാരനുസ്മരിച്ചു.
18: യഹൂദര്‍ അവനോടുചോദിച്ചു: ഇവ ചെയ്യുന്നതിന് എന്തടയാളമാണ് നീ ഞങ്ങളെക്കാണിക്കുന്നത്?
19: യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാനതു പുനരുദ്ധരിക്കും.
20: അപ്പോൾ, യഹൂദര്‍ ചോദിച്ചു: ഈ ദേവാലയംപണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നുദിവസത്തിനകം നീയതു പുനരുദ്ധരിക്കുമോ?
21: എന്നാല്‍, അവന്‍ പറഞ്ഞതു തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
22: അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര്‍, അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മ്മിക്കുകയും അങ്ങനെ, ലിഖിതവും യേശുപ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.
23: പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍കണ്ട്, ഏറെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു.
24: യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.
25: മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവനാവശ്യമായിരുന്നില്ല; കാരണം, മനുഷ്യനിലുള്ളത് എന്താണെന്ന് അവനറിഞ്ഞിരുന്നു.


അദ്ധ്യായം 3 

യേശുവും നിക്കൊദേമോസും
1: ഫരിസേയരില്‍, നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
2: അവന്‍ രാത്രി യേശുവിന്റെയടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങു ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങളറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍, ഒരുവനും അങ്ങുചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയുകയില്ല.
3: യേശു അവനോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍കഴിയുകയില്ല.
4: നിക്കൊദേമോസ് അവനോടു ചോദിച്ചു: പ്രായമായ മനുഷ്യന് എങ്ങനെ ജനിക്കാന്‍സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടുംപ്രവേശിച്ച്, അവനു ജനിക്കാന്‍കഴിയുമോ?
5: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍പ്രവേശിക്കുക സാദ്ധ്യമല്ല.
6: മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും.
7: നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.
8: കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അതെവിടെനിന്നു വരുന്നെന്നോ എവിടേയ്ക്കു പോകുന്നെന്നോ നീയറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏതുവ്യക്തിയും.
9: നിക്കൊദേമോസ് ചോദിച്ചു: ഇതെല്ലാം എങ്ങനെ സംഭവിക്കും?
10: യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?
11: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.
12: ഭൗമികകാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞതു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ, മറ്റാരും സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല.
14: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയപോലെ,
15: തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
16: എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്, തന്റെ ഏകജാതനെ നല്കാന്‍തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
17: ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചതു ലോകത്തെ ശിക്ഷ വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്.
18: അവനില്‍ വിശ്വസിക്കുന്ന ആരും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
19: ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കുവന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മയുള്ളവയായിരുന്നു.
20: തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശംവെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്, അവന്‍ വെളിച്ചത്തിലേക്കു വരുന്നില്ല.
21: സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവത്തില്‍ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

യേശുവും സ്നാപകയോഹന്നാനും.
22: ഇതിനുശേഷം യേശുവും ശിഷ്യന്മാരും യൂദയാദേശത്തേക്കു പോയി. അവിടെയവന്‍ അവരോടൊത്തു താമസിച്ച്, സ്നാനം നല്കികൊണ്ടിരുന്നു.
23: സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്നാനംനല്കിയിരുന്നു. ആളുകള്‍ അവന്റെയടുത്തുവന്നു സ്നാനം സ്വീകരിച്ചിരുന്നു.
24: യോഹന്നാന്‍, ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.
25: അവന്റെ ശിഷ്യന്മാരും ഒരു യഹൂദനുംതമ്മില്‍ ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി.
26: അവര്‍ യോഹന്നാനെ സമീപിച്ചുപറഞ്ഞു: ഗുരോ, ജോര്‍ദ്ദാന്റെ അക്കരെ നിന്നോടുകൂടെയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവൻ, ഇതാ, ഇവിടെ സ്നാനംനല്കുന്നു. എല്ലാവരും അവന്റെയടുത്തേക്കു പോകുകയാണ്.
27: യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.
28: ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്.
29: മണവാട്ടിയുള്ളവനാണു മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെയധികം സന്തോഷിക്കുന്നു. അതുകൊണ്ട്, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു.
30: അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.
31: ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്.
32: അവന്‍ കാണുകയും കേള്‍ക്കുകയുംചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33: അവന്റെ സാക്ഷ്യംസ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണെന്നതിനു മുദ്രവയ്ക്കുന്നു.
34: ദൈവമയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ലല്ലോ ആത്മാവിനെക്കൊടുക്കുന്നത്.
35: പിതാവു പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈയിലേല്പിക്കുകയും ചെയ്തിരിക്കുന്നു.
36: പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെയനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവക്രോധം അവന്റെമേലുണ്ടായിരിക്കും.

മുന്നൂറ്റിരണ്ടാം ദിവസം: ലൂക്കാ 23 - 24


അദ്ധ്യായം 23


പീലാത്തോസിന്റെ മുമ്പില്‍
1: അനന്തരം, അവരുടെ സംഘം ഒന്നാകെയെഴുന്നേറ്റ്, അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.
2: അവര്‍ അവന്റെമേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതികൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയുംചെയ്യുന്നതായി ഇവനെ ഞങ്ങള്‍ കണ്ടിരിക്കുന്നു.
3: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ പറയുന്നുവല്ലോ.
4: പീലാത്തോസ്, പ്രധാനപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവുംകാണുന്നില്ല.
5: അവരാകട്ടെ, ഉറപ്പിച്ചു പറഞ്ഞു: ഇവന്‍ ഗലീലിമുതല്‍ ഇവിടംവരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പില്‍
6: ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിക്കാരനാണോ എന്നുചോദിച്ചു.
7: അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍, ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമിലുണ്ടായിരുന്നതുകൊണ്ട്, പീലാത്തോസ് അവനെ അവന്റെയടുത്തേക്കയച്ചു.
8: ഹേറോദേസ് യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട്, വളരെക്കാലമായി അവനെ കാണാനാഗ്രഹിച്ചിരുന്നു; അവന്‍ചെയ്യുന്ന ഏതെങ്കിലും അടയാളം കാണാമെന്നു പ്രതീക്ഷിക്കുകയുംചെയ്തു.
9: അതിനാല്‍, അവന്‍ അവനെ ദീർഘനേരം ചോദ്യംചെയ്തു. പക്ഷേ, അവന്‍ അവനോട് ഒന്നുംപറഞ്ഞില്ല.
10: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട്, ചുറ്റുംനിന്നിരുന്നു.
11: ഹേറോദേസ് പടയാളികളോടുചേര്‍ന്ന്, അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ പരിഹസിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രംധരിപ്പിച്ച്, പീലാത്തോസിന്റെയടുത്തേക്കു തിരിച്ചയച്ചു.
12: ആ ദിവസം, ഹേറോദേസും പീലാത്തോസും സ്‌നേഹിതന്മാരായി. അതുവരെ അവര്‍ അന്യോന്യം ശത്രുതയിലാരുന്നു.

യേശുവിനെ മരണത്തിനു വിധിക്കുന്നു
13: പീലാത്തോസ് പ്രധാനപുരോഹിതന്മാരെയും ഭരണാധിപന്മാരെയും ജനത്തെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
14: ജനത്തെ വഴിപിഴപ്പിക്കുന്നെന്നു പറഞ്ഞ്, നിങ്ങൾ ഈ മനുഷ്യനെ എന്റെപക്കലേക്കു കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഞാന്‍ ഇവനെ വിസ്തരിച്ചിട്ട്, ഈ മനുഷ്യനെതിരേ, നിങ്ങളാരോപിക്കുന്ന കുറ്റമൊന്നുംകണ്ടില്ല.
15: ഹേറോദേസും കണ്ടില്ല. അതിനാൽ, അവന്‍ ഇവനെ എന്റെയടുത്തേക്കു തിരിച്ചയച്ചു. നോക്കൂ, മരണാര്‍ഹമായ കുറ്റമൊന്നും ഇവന്‍ ചെയ്തിട്ടില്ല.
16: അതുകൊണ്ട്, ഇവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
17: അപ്പോള്‍, അവര്‍ ഏകസ്വരത്തിലാക്രോശിച്ചു: ഇവനെ കൊണ്ടുപോകുക.
18: ബറാബാസിനെ ഞങ്ങള്‍ക്കുവേണ്ടി വിട്ടയയ്ക്കുക.
19: പട്ടണത്തില്‍നടന്ന കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനായിരുന്നൂ, ബറാബാസ്.
20: യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട്, വീണ്ടും പീലാത്തോസ് അവരോടു സംസാരിച്ചു.
21: അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22: അവന്‍ മൂന്നാംപ്രാവശ്യവും അവരോടു ചോദിച്ചു: എന്തു തിന്മയാണ്, ഇവൻ ചെയ്തത്? മരണാര്‍ഹമായ ഒരു കുറ്റവും ഞാനവനില്‍ കണ്ടില്ല. അതിനാൽ, അവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
23: അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബ്ബന്ധപൂര്‍വ്വം വലിയശബ്ദത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുറവിളി, കൂടുതൽ ശക്തമായി.
24: അവരുടെ ആവശ്യംനടക്കട്ടെയെന്ന്, പീലാത്തോസ് വിധിച്ചു.
25: അവരാവശ്യപ്പെട്ടവനെ, കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനെ, വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്പിച്ചുകൊടുക്കുകയുംചെയ്തു.

യേശുവിനെ ക്രൂശിക്കുന്നു
26: അവരവനെ കൊണ്ടുപോകുമ്പോള്‍, വയലിൽനിന്നുവന്ന, സൈറീൻകാരൻശിമയോനെപ്പിടിച്ച്, യേശുവിന്റെ പിന്നാലെ, കുരിശുചുമക്കാൻ അത്, അവന്റെമേൽ വച്ചു.
27: ജനത്തിന്റേയും മാറത്തടിക്കുകയും വിലപിക്കുകയുംചെയ്തിരുന്ന സ്ത്രീകളുടേയും ഒരു വലിയസംഘം, അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
28: സ്ത്രീകളുടെനേരേ തിരിഞ്ഞ്, യേശു പറഞ്ഞു: ജറുസലെംപുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
29: എന്തെന്നാല്‍, വന്ധ്യകളും പ്രസവിക്കാത്ത ഉദരങ്ങളും പാലൂട്ടാത്ത മുലകളും അനുഗൃഹീതം എന്ന്, അവർപറയുന്ന ദിവസങ്ങള്‍ വരുന്നു.
30: അന്നവര്‍ പര്‍വ്വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുകയെന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുകയെന്നും പറയാന്‍തുടങ്ങും.
31: പച്ചമരത്തോട്, അവരിങ്ങനെയാണു ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിനെന്തുതന്നെ സംഭവിക്കുകയില്ലാ?
32: അവനോടൊപ്പം വധിക്കപ്പെടേണ്ടതിന്, മറ്റു രണ്ടുകുറ്റവാളികളേയും അവര്‍ കൂട്ടിക്കൊണ്ടുപോയി.
33: തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവരവനെ ക്രൂശിച്ചു; ആ കുറ്റവാളികളെയും- ഒരുവനെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും.
34: യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; എന്തെന്നാൽ, അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.
35: ജനം നോക്കികൊണ്ടുനിന്നു. ഭരണാധിപന്മാരാകട്ടെ, അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടക്രിസ്തുവാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.
36: പടയാളികള്‍ അടുത്തുവന്നു ചവർപ്പുള്ള വീഞ്ഞുകൊടുത്ത്, അവനെ പരിഹസിച്ചു പറഞ്ഞു:
37: നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.
38: ഇവന്‍ യഹൂദരുടെ രാജാവ് എന്നൊരു ലിഖിതം, അവനുമീതെയുണ്ടായിരുന്നു.
39: തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിലൊരുവന്‍ അവനെ ദുഷിച്ചുപറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40: അപരന്‍ അവനെ ശകാരിച്ചുപറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? കാരണം, നീയും അതേ ശിക്ഷാവിധിയിലാണല്ലോ.
41: എന്നാൽ, നാം തീർച്ചയായുംന്യായമായി, പ്രവൃത്തിച്ചതിനർഹമായതു സ്വീകരിച്ചിരിക്കുന്നു. ഇവനോ, അരുതാത്തതൊന്നുംചെയ്തിട്ടില്ല.
42: അവന്‍ പറഞ്ഞു: യേശുവേ, നീ നിന്റെ രാജ്യത്തുവരുമ്പോള്‍ എന്നെയുമോര്‍ക്കണമേ!
43: യേശു അവനോടരുൾചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയിന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും.

യേശുവിന്റെ മരണം
44: അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു. ഒമ്പതാംമണിക്കൂര്‍വരെ ഭൂമിമുഴുവന്റേയുംമേൽ അന്ധകാരമായി.
45: സൂര്യഗ്രഹണമുണ്ടായി. ദേവാലയത്തിലെ തിരശ്ശീല നടുവേകീറി.
46: യേശു വലിയശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ എല്പിക്കുന്നു. ഇതു പറഞ്ഞ്, അവന്‍ പ്രാണന്‍വെടിഞ്ഞു.
47: സംഭവച്ചതുകണ്ടു ശതാധിപന്‍ ദൈവത്തെ മഹത്വപ്പെടുത്തിപ്പറഞ്ഞു: വാസ്തവത്തിൽ, ഈ മനുഷ്യന്‍ നീതിമാനായിരുന്നു.
48: ഈ കാഴ്ചകാണാന്‍ ഒരുമിച്ചുകൂടിയ ജനക്കൂട്ടമെല്ലാം സംഭവച്ചവകണ്ട്, മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49: ഇവ കണ്ടുകൊണ്ട്, അല്പംദൂരെയായി, അവന്റെ പരിചയക്കാരെല്ലാവരും ഗലീലിയില്‍നിന്ന് അവനെയനുഗമിച്ചിരുന്ന സ്ത്രീകളും നിന്നിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
50: എന്നാൽ ഇതാ, ആലോചനാസംഘത്തിലെ അംഗവും നല്ലവനും നീതിമാനുമായ ജോസഫ് എന്നുപേരുള്ള ഒരുമനുഷ്യൻ അവിടെയുണ്ടായിരുന്നു.
51: അവന്‍ അവരുടെ ആലോചനകളോടോ, പ്രവൃത്തികളോടോ യോജിച്ചിരുന്നിരുന്നില്ല; യഹൂദരുടെ ഒരു നഗരമായ അരിമത്തെയായില്‍നിന്നുള്ളവനായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനും.
52: അവന്‍ പീലാത്തോസിനെ സമീപിച്ച്, യേശുവിന്റെ ശരീരം ചോദിച്ചു.
53: അവനതു താഴെയിറക്കി, കച്ചയില്‍പ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.
54: അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവും.
55: ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍, ജോസഫിനെ അനുയാത്രചെയ്ത്, കല്ലറ വീക്ഷിച്ചു: അവന്റെ ശരീരംവച്ച വിധവും.
56: അവര്‍ തിരിച്ചുചെന്ന്, സുഗന്ധവസ്തുക്കളും മീറയും തയ്യാറാക്കി. സാബത്തില്‍ അവര്‍ കല്പനയനുസരിച്ചുവിശ്രമിച്ചു.

അദ്ധ്യായം 24 

യേശുവിന്റെ പുനരുത്ഥാനം
1: അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധവസ്തുക്കളെടുത്ത്, ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലേ, കല്ലറയുടെയടുത്തേക്കു പോയി.
2: കല്ലറയില്‍നിന്ന്, ഉരുട്ടിമാറ്റിയിരിക്കുന്ന കല്ല്, അവര്‍ കണ്ടു.
3: അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4: ഇതേക്കുറിച്ചു പരിഭ്രമിച്ചുനില്‍ക്കവേ, രണ്ടുപേര്‍, തിളങ്ങുന്ന വസ്ത്രങ്ങള്‍ധരിച്ച്, അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
5: അവര്‍ ഭയപ്പെട്ടു ഭൂമിയിലേക്കു മുഖംകുനിച്ചു. അപ്പോള്‍ അവര്‍, അവരോടു ചോദിച്ചു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്ത്?
6: അവനിവിടെയില്ല. എന്നാൽ, അവനുയിര്‍പ്പിക്കപ്പെട്ടു. അവന്‍ ഗലീലിയിലായിരിക്കുമ്പോൾത്തന്നെ, നിങ്ങളോടു പറഞ്ഞിട്ടുള്ളതോര്‍മ്മിക്കുവിന്‍.
7: മനുഷ്യപുത്രന്‍ പാപികളായ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംവേണ്ടിയിരിക്കുന്നു.
8: അപ്പോളവര്‍ അവന്റെ വാക്കുകളോര്‍മ്മിച്ചു.
9: കല്ലറയിങ്കല്‍നിന്നു തിരിച്ചുവന്ന്, അവരിതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയുമറിയിച്ചു.
10: അവര്‍ മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റുസ്ത്രീകളുമായിരുന്നു. ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്മാരോട് അവര്‍ പറഞ്ഞു.
11: അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെ തോന്നി. അവര്‍ അവരെ വിശ്വസിച്ചില്ല.
12: എന്നാല്‍ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്കോടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോള്‍ അവനെ പൊതിഞ്ഞിരുന്ന തുണികള്‍മാത്രം കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവന്‍ വീട്ടിലേക്കുപോയി.

എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍
13: ആ ദിവസംതന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു.
14: ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ തമ്മിൽത്തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15: അവര്‍ സംസാരിക്കുകയും തർക്കിക്കുകയുംചെയ്തുകൊണ്ടു പോകുമ്പോള്‍, യേശുതന്നെ അടുത്തെത്തി, അവരോടൊപ്പം യാത്രചെയ്തു.
16: എന്നാല്‍, അവനെ തിരിച്ചറിയാന്‍കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
17: അവനവരോടു ചോദിച്ചു: എന്തിനെപ്പറ്റിയാണു നിങ്ങള്‍ നടന്നുകൊണ്ട്, അന്യോന്യം വാദപ്രതിവാദംചെയ്യുന്നത്? അവര്‍ മ്ലാനവദനരായിനിന്നു.
18: അവരില്‍ ക്ലെയോപാസ് എന്നുപേരുള്ളവന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍നടന്ന സംഭവമൊന്നുമറിയാത്ത അപരിചിതനാണോ നീ?
19: അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവരവനോടു പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്റെയും ജനംമുഴുവന്റേയുംമുമ്പില്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20: ഞങ്ങളുടെ പ്രധാനപുരോഹിതന്മാരും ഭരണാധിപന്മാരും അവനെ മരണവിധിക്കേല്പിച്ചുകൊടുക്കുകയും അവരവനെ ക്രൂശിക്കുകയുംചെയ്തു.
21: ഇവന്‍ ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍, എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെപ്പുറമേ, ഇവയെല്ലാം സംഭവിച്ചിട്ട്, ഇതു മൂന്നാംദിവസമാണ്.
22: മാത്രമല്ലാ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിക്കുകയുംചെയ്തു. ഇന്നുരാവിലെ അവര്‍ കല്ലറയിങ്കല്‍പ്പോയിരുന്നു.
23: എന്നാൽ, അവന്റെ ശരീരം അവരവിടെക്കണ്ടില്ല. അവര്‍ തിരിച്ചുവന്ന്, തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നെന്ന്, അറിയിച്ചെന്നും പറഞ്ഞു.
24: ഞങ്ങളുടെകൂടെയുണ്ടായിരുന്നവരില്‍ച്ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ, അവനെയവര്‍ കണ്ടില്ല.
25: അപ്പോള്‍ അവനവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാന്‍കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26: ക്രിസ്തു ഇതെല്ലാംസഹിച്ച്, തന്റെ മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27: അനന്തരം, മോശമുതൽ എല്ലാപ്രവാചകന്മാരും ലിഖിതങ്ങളിലെല്ലാം തന്നെപ്പറ്റി എഴുതിയിരുന്നവ, അവനവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28: അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. എന്നാൽ, അവനാകട്ടെ യാത്രതുടരുകയാണെന്നു ഭാവിച്ചു.
29: അവരവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ വസിക്കുക. സായംകാലമായി, പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെവസിക്കാൻ അകത്തുപ്രവേശിച്ചു.
30: അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവനപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച് അവര്‍ക്കുകൊടുത്തു.
31: അപ്പോള്‍ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവരവനെ തിരിച്ചറിഞ്ഞു. അവനാകട്ടെ, അവരിൽനിന്ന് അപ്രത്യക്ഷനായി.
32: അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച്, അവന്‍ നമ്മോടു സംസാരിച്ചുകൊണ്ടിരുന്നപ്പോഴും നമ്മോടു ലിഖിതങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോഴും നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?
33: അവര്‍ ആ മണിക്കൂറിൽത്തന്നെ എഴുന്നേറ്റു ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെക്കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34: കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35: വഴിയില്‍വച്ചുണ്ടായവയെന്തെന്നും അപ്പം മുറിക്കലിൽ, അവരവനെ തിരിച്ചറിഞ്ഞതെങ്ങനെയെന്നും അവർ വിശദീകരിച്ചു.

ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു
36: അവര്‍ ഇവ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവൻ അവരുടെമദ്ധ്യേ നിന്നു. അവനവരോടരുൾചെയ്തു: നിങ്ങള്‍ക്കു സമാധാനം!
37: അമ്പരന്ന അവരെ ഭയംഗ്രസിച്ചു. ഭൂതത്തെയാണു കാണുന്നതെന്ന് അവര്‍ വിചാരിച്ചു.
38: അവനവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ ഹൃദയത്തിൽ ചോദ്യങ്ങളുയരുന്നതെന്ത്?
39: എന്റെ കൈകളും കാലുകളും കാണുക, ഞാന്‍തന്നെയാകുന്നു. എന്നെ സ്പർശിച്ചു മനസ്സിലാക്കുവിന്‍. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ.
40: ഇതുപറഞ്ഞിട്ട്, അവൻ തന്റെ കൈകളും കാലുകളും അവരെക്കാണിച്ചു.
41: എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയുംചെയ്തപ്പോള്‍ അവനവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
42: ഒരു കഷണം വറുത്തമീന്‍ അവരവനു കൊടുത്തു.
43: അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
44: അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു, എന്നത്, ഞാന്‍ നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള വചനങ്ങളാണല്ലോ.
45: അനന്തരം, ലിഖിതങ്ങള്‍ഗ്രഹിക്കാന്‍, അവരുടെ മനസ്സ് അവന്‍ തുറന്നു.
46: അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു പീഡസഹിക്കുകയും മൂന്നാംദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
47: പാപമോചനത്തിനുള്ള മാനസാന്തരം, അവന്റെ നാമത്തില്‍ ജറുസലെമിലാരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടുകയുംചെയ്യും.
48: നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.
49: ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാനയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തിധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
50: അവനവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കൈകളുയര്‍ത്തി അവരെ ആശീർവദിച്ചു.
51: ആശീർവദിച്ചുകൊണ്ടിരിക്കേ, അവന്‍ അവരില്‍നിന്നകലുകയും സ്വര്‍ഗ്ഗത്തിലേക്ക്, എടുക്കപ്പെടുകയുംചെയ്തു.
52: അവരവനെ ആരാധിച്ചു; വലിയ സന്തോഷത്തോടെ ജറുസലെമിലേക്കു മടങ്ങി.
53: അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു സദാ ദേവാലയത്തിലായിരുന്നു.