മത്തായി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മത്തായി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയഞ്ചാം ദിവസം: ലൂക്കാ 8 - 9


അദ്ധ്യായം 8

യേശുവിനെനുഗമിച്ച സ്ത്രീകള്‍
1: അതിനുശേഷം അവൻ, പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സദ്‌വാർത്തയറിയിക്കുകയുംചെയ്തുകൊണ്ട്, പട്ടണങ്ങളും ഗ്രാമങ്ങളുംതോറും സഞ്ചരിക്കുകയായിരുന്നു. അവനോടുകൂടെ പന്ത്രണ്ടുപേരും 
2: ദുഷ്ടാത്മാക്കളില്‍നിന്നും വ്യാധികളില്‍നിന്നും സുഖമാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയവും 
3: ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും മറ്റുസ്ത്രീകളുമുണ്ടായിരുന്നു. അവർ തങ്ങളുടെ സ്വത്തുകൊണ്ട്, അവരെ ശുശ്രൂഷിച്ചിരുന്നു.

വിതക്കാരന്റെ ഉപമ
4: 
വലിയ ജനക്കൂട്ടവും ഓരോ പട്ടണത്തിൽനിന്നുള്ളവരും  തന്റെ അടുത്തുകൂടിയപ്പോൾ അവനവരോട്, ഉപമയിലൂടെ അരുൾചെയ്തു:
5: വിതക്കാരന്‍ തന്റെ വിത്തു വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. അതു ചവിട്ടപ്പെടുകയും ആകാശത്തിലെ പക്ഷികള്‍ തിന്നുകയുംചെയ്തു.
6: ചിലതു പാറമേല്‍ വീണു. അതു മുളച്ചുപൊങ്ങിയപ്പോൾ, നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി.
7: ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: ചിലതു നല്ലനിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലംപുറപ്പെടുവിച്ചു. ഇത് പറഞ്ഞുകൊണ്ട്, അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമയുടെ വിശദീകരണം
9: ഈ ഉപമയുടെ അര്‍ത്ഥമെന്തെന്നു അവന്റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു.
10: അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ, അറിയാന്‍ നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. മററുള്ളവര്‍ക്കാകട്ടെ, ഉപമകളിലൂടെയും. അവര്‍ കണ്ടിട്ടും കാണാതിരിക്കാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടിയാണത്.
11: ഉപമയിതാണ്: വിത്തു ദൈവത്തിന്റെ വചനമാണ്.
12: ചിലര്‍ വചനംശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചുവന്ന് അവരുടെ ഹൃദയങ്ങളില്‍നിന്ന്, ആ വചനമെടുത്തുകളയുന്നു. ഇവരാണു വഴിയരികില്‍വീണ വിത്ത്.
13: പാറയില്‍ വീണതാകട്ടെ, കേള്‍ക്കുമ്പോള്‍ ആ 
വചനം സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറച്ചുസമയത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത്, അവര്‍ വീണുപോകുന്നു.
14: മുള്ളുകളുടെയിടയില്‍ വീണത്, കേട്ടിട്ടും, പോകുംവഴി, ഉൽക്കണ്ഠകൾ, സമ്പത്ത്, ജീവിതത്തിന്റെ സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്, ഫലംപുറപ്പെടുവിക്കാത്തവരുമാണ്.
15: നല്ലനിലത്തു വീണതോ, ഉത്കൃഷ്ടവും നല്ലതുമായഹൃദയത്തില്‍ വചനംകേട്ട്, മുറുകെപ്പിടിക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാകുന്നു.

ദീപം മറച്ചുവയ്ക്കരുത്
16: ആരും വിളക്കുകൊളുത്തി, പാത്രംകൊണ്ടുമൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവര്‍ വെളിച്ചംകാണാന്‍ അതു ദീപപീഠത്തിന്മേല്‍ വയ്ക്കുന്നു.
17: വെളിപ്പെടുത്തപ്പെടാതെ 
മറഞ്ഞിരിക്കുന്ന ഒന്നുമില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും മറഞ്ഞിരിക്കുന്നതും ഒന്നുമില്ല.
18: ആകയാല്‍, നിങ്ങളെപ്രകാരമാണു കേള്‍ക്കുന്നതെന്നു സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

യേശുവിന്റെ അമ്മയും സഹോദരരും
19: പിന്നീട്, അവന്റെ അമ്മയും സഹോദരരും അവന്റെയടുത്തു വന്നു. എന്നാല്‍, ജനക്കൂട്ടംനിമിത്തം അവനുമായി കണ്ടുമുട്ടാൻകഴിഞ്ഞില്ല.
20: നിന്റെ അമ്മയും 
നിന്റെ സഹോദരരും നിന്നെക്കാണാനാഗ്രഹിച്ചു പുറത്തു നില്‍ക്കുന്നുവെന്ന് അവരറിയിച്ചു.
21: അവനവരോടു മറുപടിപറഞ്ഞു: ദൈവത്തിന്റെ വചനം ശ്രവിക്കുകയും നിറവേറ്റുകയുംചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കൊടുങ്കാറ്റു ശാന്തമാക്കുന്നു
22: ഒരുദിവസം യേശുവും അവന്റെ ശിഷ്യന്മാരും വഞ്ചിയില്‍ക്കയറി. 
അവനവരോടു പറഞ്ഞു: നമുക്കു തടാകത്തിന്റെ മറുകരയ്ക്കു പോകാം. അവര്‍ പുറപ്പെട്ടു.
23: അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനുറങ്ങി. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. മുങ്ങിത്തുടങ്ങിയ അവര്‍ അപകടത്തിലായി.
24: അവരടുത്തുവന്ന്, ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് അവനെയുണര്‍ത്തി. അവനെഴുന്നേറ്റു കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി.
25: അവനവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസമെവിടെ? അവര്‍ ഭയന്ന്, അദ്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവനാരാണ്? കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ, അവനെ  അനുസരിക്കുകയുംചെയ്യുന്നല്ലോ.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
26: അതിനുശേഷം അവര്‍ വഞ്ചിയിൽ, ഗലീലിക്കെതിരേയുള്ള ഗരസേനരുടെ നാട്ടിലെത്തി.
27: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍, 
ആ പട്ടണത്തില്‍നിന്ന്, പിശാചുബാധയുള്ള ഒരുവന്‍ അവനെ സമീപിച്ചു. വളരെക്കാലമായി അവന്‍ വസ്ത്രംധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, കല്ലറകളിലാണ് അവന്‍ വസിച്ചിരുന്നത്.
28: യേശുവിനെക്കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീഴുകയും വലിയസ്വരത്തിൽ പറയുകയുംചെയ്തു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കുമെന്ത്? ഞാന്‍ നിന്നോടപേക്ഷിക്കുന്നു: എന്നെ പീഡിപ്പിക്കരുത്.
29: കാരണം, ആ മനുഷ്യനില്‍നിന്നു പുറത്തുപോകാന്‍ അശുദ്ധാത്മാവിനോട് യേശു കല്പിച്ചിരുന്നു. പലപ്പോഴും അതവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്ധിച്ചുസൂക്ഷിച്ചിരുന്നിട്ടും, അവനതെല്ലാം തകര്‍ക്കുകയും അശുദ്ധാത്മാവ് വിജനപ്രദേശങ്ങളിലേക്ക്, അവനെ കൊണ്ടുപോവുകയുംചെയ്യുമായിരുന്നു.
30: യേശു അവനോടു ചോദിച്ചു: നിന്റെ പേരെന്ത്? അവന്‍ പറഞ്ഞു: ലെഗിയോണ്‍. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനെ ആവേശിച്ചിരുന്നു.
31: പാതാളത്തിലേക്കുപോകാന്‍ തങ്ങളോടു കല്പിക്കരുതെന്ന്, അവ അവനോടു യാചിച്ചു.
32: വലിയൊരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു തീറ്റ തിന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെയനുവദിക്കണമെന്നു പിശാചുക്കളപേക്ഷിച്ചു. അവനവയെ അനുവദിച്ചു.
33: അപ്പോളവ ആ മനുഷ്യനെവിട്ടു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം, കിഴുക്കാംതൂക്കായ ചരിവിലൂടെ തടാകത്തിലേക്കുപാഞ്ഞു മുങ്ങിച്ചത്തു.
34: പന്നികളെ തീറ്റുന്നവര്‍ സംഭവച്ചതുകണ്ട്, ഓടിച്ചെന്നു പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരമറിയിച്ചു.
35: സംഭവിച്ചതെന്തെന്നുകാണാന്‍ ആളുകൾപുറപ്പെട്ട്, യേശുവിന്റെ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്ത്രംധരിച്ച്, സുബോധത്തോടെ യേശുവിന്റെ കാല്‍ക്കലിരിക്കുന്നതുകണ്ടു. അവര്‍ ഭയപ്പെട്ടു.
36: പിശാചുബാധിതന്‍ എങ്ങനെ സുഖപ്പെട്ടുവെന്ന്, കണ്ടവർ അവരെ അറിയിച്ചു.
37: തങ്ങളെ വിട്ടുപോകണമെന്നു ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാം അവനോടപേക്ഷിച്ചു. എന്തെന്നാൽ, വലിയഭയം അവരെ ഗ്രസിച്ചിരുന്നു. 
38: പിശാചുബാധയൊഴിഞ്ഞ ആ മനുഷ്യന്‍ അവന്റെകൂടെയായിരിക്കാന്‍ യാചിച്ചു. യേശുവാകട്ടെ, അവനെ പറഞ്ഞയച്ചുകൊണ്ട്, ആവശ്യപ്പെട്ടു:
39: നീ വീട്ടിലേക്കു തിരിച്ചുപോകുക. ദൈവം നിനക്കു ചെയ്തതതൊക്കെയും വിവരിക്കുക. യേശു തനിക്കുവേണ്ടി ചെയ്തവയെല്ലാം പട്ടണംമുഴുവന്‍ പ്രഘോഷിച്ച്, 
അവന്‍ പോയി .

ജായ്‌റോസിന്റെ മകൾ; രക്തസ്രാവക്കാരി
40: യേശു തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം അവനെ വരവേറ്റു.
എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. 
41: അപ്പോള്‍, ജായ്റോസ് എന്നുപേരുള്ള ഒരുവൻ വന്നു. അയാൾ, സിനഗോഗിലെ അധികാരിയായിരുന്നു. അയാൾ, യേശുവിന്റെ കാല്‍ക്കല്‍വീണ്, തന്റെ വീട്ടിലേക്കു വരണമെന്നപേക്ഷിച്ചു.
42: കാരണം, പന്ത്രണ്ടുവയസ്സോളം പ്രായമുള്ള അവന്റെ ഏകപുത്രി ആസന്നമരണയായിരുന്നു. അവന്‍ പോകുമ്പോള്‍ ജനക്കൂട്ടം അവനെ തിക്കിക്കൊണ്ടിരുന്നു.
43:പന്ത്രണ്ടുവര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും സമ്പാദ്യംമുഴുവൻ വൈദ്യന്മാർക്കു കൊടുത്തിട്ടും ആര്‍ക്കും സുഖപ്പെടുത്താന്‍കഴിയാതിരുന്നവളുമായ ഒരു സ്ത്രീ
44: പിന്നിലൂടെ വന്ന്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു.
45: യേശു ചോദിച്ചു: ആരാണെന്നെ സ്പര്‍ശിച്ചത്? എല്ലാവരും നിഷേധിച്ചപ്പോള്‍, പത്രോസ് പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി, നിന്നെ തിക്കുകയാണല്ലോ.
46: യേശു പറഞ്ഞു: ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നു ശക്തി പുറപ്പെട്ടിരിക്കുന്നെന്നു ഞാനറിയുന്നു.
47: മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്നുകണ്ടപ്പോള്‍ അവള്‍ വിറയലോടെവന്ന്, അവന്റെ കാല്‍ക്കല്‍വീണ്, താനവനെ എന്തിനു സ്പര്‍ശിച്ചെന്നും എങ്ങനെ തൽക്ഷണം സുഖമാക്കപ്പെട്ടെന്നും ജനംമുഴുവന്റെയുംമുമ്പാകെ അറിയിച്ചു.
48: അവനവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക.
49: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ഒരാള്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടാ.
50: ഇതുകേട്ടു 
യേശു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക, അവള്‍ രക്ഷപ്പെടും.
51: അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടെ അകത്തുപ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയുമല്ലാതെ മറ്റാരെയുമനുവദിച്ചില്ല.
52: എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയുംചെയ്തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.
53: എന്നാല്‍, അവള്‍ മരിച്ചുകഴിഞ്ഞു എന്നറിഞ്ഞിരുന്നതുകൊണ്ട് അവരവനെ പരിഹസിച്ചു.
54: അവനവളുടെ കൈയ്ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക.
55: അപ്പോള്‍ അവളുടെ ആത്മാവ്, തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്കു ഭക്ഷിക്കാൻ എന്തെങ്കിലും നല്കാൻ അവന്‍ നിര്‍ദ്ദേശിച്ചു.
56: അവളുടെ മാതാപിതാക്കന്മാർ അദ്‌ഭുതസ്തബ്ധരായി. സംഭവിച്ചതെന്തെന്ന്, ആരോടും പറയരുതെന്ന് അവൻ കല്പിച്ചു.

അദ്ധ്യായം 9 

അപ്പസ്‌തോലന്മാരെ അയയ്ക്കുന്നു
1: അവന്‍ പന്ത്രണ്ടുപേരെയും അടുക്കൽവിളിച്ച്, സകലപിശാചുക്കളുടെയുംമേല്‍ അവര്‍ക്കു ശക്തിയും 
ധികാരവുംകൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
2: ദൈവരാജ്യംപ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും അവനവരെ അയച്ചു.
3: അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നുമെടുക്കരുത്. രണ്ടുടുപ്പുമുണ്ടായിരിക്കരുത്.
4: നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയുംചെയ്യുക.
5: ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ, ആ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദത്തിലെ പൊടി, തട്ടിക്കളയുവിന്‍.
6: അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച്, എല്ലായിടത്തും സദ്‌വാർത്ത അറിയിക്കുകയും സുഖപ്പെടുത്തുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ
7: സംഭവിച്ചതെല്ലാംകേട്ടു ഭരണാധികാരിയായ ഹേറോദേസ് ചിന്താക്കുഴപ്പത്തിലായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നെന്നു ചിലരും,
8: ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നെന്നു മറ്റുചിലരും പൂർവ്വപ്രവാചകന്മാരിലൊരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നെന്നു വേറെചിലരും പറഞ്ഞിരുന്നു.
9: ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണു ഞാനിക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവനാരാണ്? അവനെക്കാണാന്‍ ഹേറോദേസ് അന്വേഷിച്ചുകൊണ്ടിരുന്നു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു
10: അപ്പസ്‌തോലന്മാര്‍ മടങ്ങിവന്ന്, തങ്ങള്‍ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ 
അവരെ കൂട്ടിക്കൊണ്ടു സ്വകാര്യമായി, ബേത്സയ്ദാ എന്ന പട്ടണത്തിലേക്കു പിൻവാങ്ങി. 
11: ഇതറിഞ്ഞ ജനക്കൂട്ടം അവനെയനുഗമിച്ചു. അവനവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും സൗഖ്യമാവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തുകൊണ്ടിരുന്നു.
12: പകല്‍ അസ്തമിച്ചുതുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട്, ചുറ്റുമുള്ള ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുംപോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ കണ്ടെത്തുന്നതിനും ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
13: അവനവരോടു പറഞ്ഞു: നിങ്ങളവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. എന്നാൽ അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുംമാത്രമേയുള്ളു, ഈ ജനത്തിനുമുഴുവൻ ഭക്ഷണംനല്കണമെങ്കില്‍ ഞങ്ങള്‍പോയി വാങ്ങിക്കൊണ്ടുവരണം.
14: അവിടെ ഏകദേശം അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ജനത്തെ അമ്പതുവീതം പന്തികളായി ഇരുത്തുവിന്‍.
15: അവരങ്ങനെ ചെയ്തു; എല്ലാവരെയുമിരുത്തി.
16: അപ്പോള്‍ അവന്‍ ആ അഞ്ചപ്പവും രണ്ടുമീനുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, ആശീര്‍വ്വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെയേല്പിച്ചു.
17: എല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍, പന്ത്രണ്ടുകുട്ട അവര്‍ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
18: ഒരിക്കല്‍, അവന്‍ തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാരും അവന്റെകൂടെയുണ്ടായിരുന്നു. അപ്പോളവന്‍ ചോദിച്ചു: ഞാനാരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്കി.
19: ചിലര്‍ സ്നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയായെന്നും വേറെ ചിലര്‍ പൂര്‍വ്വപ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു.
20: അവനവരോടു പറഞ്ഞു: എന്നാൽ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: ദൈവത്തിന്റെ ക്രിസ്തു.

പീഡാനുഭവത്തെക്കുറിച്ച്: ഒന്നാം പ്രവചനം
21: ഇക്കാര്യം ആരോടും പറയരുതെന്നു കല്പിച്ചശേഷം
22: അവനരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയുംവേണം.
23: അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്റെ പിന്നാലേ വരാനാഗ്രഹിക്കുന്നെങ്കില്‍ അയാൾ സ്വയംപരിത്യജിച്ച്, അനുദിനം തന്റെ കുരിശെടുത്ത്, എന്നെയനുഗമിക്കട്ടെ.
24: സ്വന്തംജീവന്‍ രക്ഷിക്കാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വ
ന്തംജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും.
25: ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വയംനഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോചെയ്താല്‍ അയാൾക്കെന്തു പ്രയോജനം?
26: ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അയാളെക്കുറിച്ചു തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍വരുമ്പോള്‍ 
മനുഷ്യപുത്രനും ലജ്ജിക്കും
27: എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം കാണുന്നതിനുമുമ്പു മരണം രുചിക്കുകയില്ലാത്ത ചിലര്‍ ഈ നില്ക്കുന്നവരുടെ ഇടയിലുണ്ട്.

യേശു രൂപാന്തരപ്പെടുന്നു
28: ഈ വചനങ്ങൾക്കുശേഷം ഏകദേശം എട്ടുദിവസങ്ങള്‍കഴിഞ്ഞ്, അവൻ, പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ട്, പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി.
29: പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്റെ മുഖഭാവംമാറി; വസ്ത്രം തിളങ്ങുന്ന വെണ്മയാർന്നു.
30: അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
31: അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ പുറപ്പാടിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്.
32: 
പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. അവർ ഉണര്‍ന്നപ്പോൾ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെനില്ക്കുന്ന ഇരുവരെയും കണ്ടു.
33: അവരവനെ വിട്ടുപോകുമ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങളുണ്ടാക്കട്ടെ. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താനെന്താണു പറയുന്നതെന്ന് അവനുതന്നെ അറിയില്ലായിരുന്നു.
34: അവനിതു പറയുമ്പോള്‍ ഒരു മേഘംവന്ന്, അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിൽ പ്രവേശിച്ചപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.
35: അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഇവനെന്റെ പുത്രന്‍, എന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ഇവനെ ശ്രവിക്കുവിന്‍.
36: സ്വരം നിലച്ചപ്പോള്‍ യേശുമാത്രം കാണപ്പെട്ടു. ശിഷ്യന്മാര്‍ മൗനമവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആ ദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

പിശാചുബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു
37: പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയൊരു ജനക്കൂട്ടം അവനെ കണ്ടുമുട്ടി.
38: അപ്പോൾ, ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്നു നിന്നോടു ഞാനപേക്ഷിക്കുന്നു. അവന്‍ എന്റെ ഏകമകനാണ്.
39: അവനെ ഒരരൂപി പിടികൂടുന്നു. അപ്പോളവന്‍ പെട്ടെന്നു നിലവിളിക്കുന്നു. അതവനെ വായിൽ നുര പതയുംവിധം, കോച്ചിവലിക്കുകയും വിട്ടുമാറാതെ ഞെരുക്കുകയുംചെയ്യുന്നു.
40: അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്മാരോടപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല.
41: യേശു മറുപടി പറഞ്ഞു: വിശ്വാസമില്ലാത്ത, വഴിപിഴച്ചതലമുറയേ, ഞാനെത്രനാള്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെക്കൊണ്ടുവരുക.
42: യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാചവനെ തള്ളിയിട്ടു കോച്ചിവലിച്ചു. യേശു അശുദ്ധാരൂപിയെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്പിക്കുകയുംചെയ്തു.
43: ദൈവത്തിന്റെ മഹിമാതിരേകത്തിൽ എല്ലാവരുമദ്ഭുതപ്പെട്ടു.

പീഡാനുഭവത്തെക്കുറിച്ച്: രണ്ടാം പ്രവചനം
44: അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടാന്‍പോകുന്നു.
45: ഇപ്പറഞ്ഞത് അവർക്കു മനസ്സിലായില്ലാ. അവര്‍ ഗ്രഹിക്കാതിരിക്കാൻതക്കവിധം അതവരിൽനിന്നു മറയ്ക്കപ്പെട്ടിരുന്നു.അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടി
രുന്നു.

ആരാണു വലിയവൻ‍?
46: തങ്ങളില്‍ ആരാണു വലിയവനെന്ന് അവരുടെയിടയിൽ തർക്കമുണ്ടായി.
47: 
യേശു, അവരുടെ ഹൃദയവിചാരമറിഞ്ഞ്, ഒരു ശിശുവിനെയെടുത്ത്, തന്റെയടുത്തു നിറുത്തി,
48: അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. എന്തെന്നാൽ, നിങ്ങളില്‍ ഏറ്റവും ചെറിയവനാരോ അവനാണു നിങ്ങളില്‍ ഏറ്റവും വലിയന്‍.

നിങ്ങള്‍ക്കെതിരല്ലാത്തയാൾ നിങ്ങളുടെ ഭാഗത്ത്.
49: യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അയാൾ ഞങ്ങളോടൊപ്പം നിന്നെയനുഗമിക്കാത്തതുകൊണ്ട് ഞങ്ങളയാളെത്തടഞ്ഞു.
50: യേശു പറഞ്ഞു: അവനെത്തടയേണ്ടാ, എന്തെന്നാൽ‍, നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്‌കാരം
51: തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കുപോകാൻ തീരുമാനിച്ചുറച്ചു.
52: അവന്‍ തനിക്കുമുമ്പേ ദൂതന്മാരെയയച്ചു. അവർപോയി, അവനുവേണ്ട ഒരുക്കങ്ങള്‍ചെയ്യാന്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു.
53: അവന്‍ ജറുസലെമിലേക്കു പോകുകയായിരുന്നതുകൊണ്ട് അവരവനെ സ്വീകരിച്ചില്ല.
54: ഇതുകണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കട്ടെയെന്നു ഞങ്ങള്‍ പറയാൻ നീ മനസ്സാകുന്നുവോ?
55: അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു.
56: അനന്തരം, അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
57: അവര്‍ വഴിയേ 
പോകുമ്പോൾ ഒരുവനവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെയനുഗമിക്കും.
58: യേശു അവനോടു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.
59: അവന്‍ മറ്റൊരുവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യംപോയി എന്റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും.
60: 
യേശു പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യംപ്രസംഗിക്കുക.
61: വേറൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെയനുഗമിക്കാം; പക്ഷേ, ആദ്യംപോയി എന്റെ വീട്ടുകാരോടു യാത്രപറയാനനുവദിക്കണം.
62: യേശു അവനോടു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും ദൈവരാജ്യത്തിനു യോഗ്യനല്ല.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിമൂന്നാം ദിവസം: ലൂക്കാ 4 - 5


അദ്ധ്യായം 4

മരുഭൂമിയിലെ പരീക്ഷ
1: യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദ്ദാനില്‍നിന്നു മടങ്ങി. ആത്മാവാൽ അവൻ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു.
2: അവന്‍ 
നാല്പതുദിവസം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു. ആ ദിനങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. ആ ദിവസങ്ങൾ തികഞ്ഞപ്പോൾ, അവനു വിശന്നു.
3: അപ്പോള്‍ പിശാചവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്പിക്കുക.
4: യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടുമാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നതെന്ന് എഴുതപ്പെട്ടിരിക്കുന്നു.
5: പിന്നെ, പിശാചവനെ ആനയിച്ച്, ഭൂമിയിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു.
6: പിശാചവനോട് പറഞ്ഞു: ഈ എല്ലാ അധികാരവും അവയുടെ മഹത്വവും നിനക്കു ഞാന്‍ നല്കാം. കാരണം, ഇതെല്ലാം എനിക്കേല്പിക്കപ്പെട്ടിരിക്കുന്നു. എനിക്കിഷ്ടമുള്ളവര്‍ക്കു ഞാനിതു നല്കുന്നു.
7: നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേതാകും.
8: യേശു മറുപടിപറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ നീയാരാധിക്കണം; അവനെമാത്രമേ നമിക്കാവൂ എന്നെഴുതപ്പെട്ടിരിക്കുന്നു.
9: അനന്തരം പിശാചവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിറുത്തിക്കൊണ്ട്, അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കുചാടുക.
10: നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും
11: നിന്റെ കാല്‍, കല്ലില്‍ത്തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.
12: യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്നും പറയപ്പെട്ടിരിക്കുന്നു.
13: അപ്പോള്‍ പിശാച്, എല്ലാ പരീക്ഷയുമവസാനിപ്പിച്ച്, തക്കസമയംവരെ അവനെ വിട്ടുപോയി.

യേശു ദൗത്യമാരംഭിക്കുന്നു
14: യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.
15: അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.

പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കപ്പെടുന്നു
16: യേശു താന്‍ വളര്‍ന്നസ്ഥലമായ നസറത്തില്‍ വന്നു. ഒരു സാബത്തുദിവസം അവന്‍ 
പതിവുപോലെ, സിനഗോഗില്‍പ്രവേശിച്ച്, വായിക്കാനെഴുന്നേറ്റുനിന്നു.
17: ഏശയ്യാപ്രവാചകന്റെ ചുരുൾ അവനു നല്കപ്പെട്ടു. ചുരുൾ നിവർത്തിയപ്പോൾ, ഇപ്രകാരമെഴുതിയിരിക്കുന്ന ഭാഗം അവന്‍ കണ്ടു:
18: കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. എന്തെന്നാൽ, ദരിദ്രരെ സദ്‌വാർത്തയറിയിക്കാന്‍ അവനെന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഘോഷിക്കാനും  അടിച്ചമര്‍ത്തപ്പെട്ടവരെ മോചനത്തിലേക്കു നയിക്കാനും 
19: കര്‍ത്താവിന്റെ പ്രസാദവത്സരം പ്രഘോഷിക്കാനും അവൻ, എന്നെയയച്ചിരിക്കുന്നു.
20: ചുരുൾമടക്കി, ശുശ്രൂഷകനെ ഏല്പിച്ചശേഷം അവനിരുന്നു. സിനഗോഗിലുണ്ടായിരുന്ന എല്ലാവരുംടേയും കണ്ണുകൾ അവനിൽത്തറച്ചിരുന്നു. 
21: അവനവരോടു പറയാന്‍തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ, ഇന്നീ ലിഖിതം, പൂർത്തിയാക്കപ്പെട്ടിരിക്കുന്നു.
22: എല്ലാവരും അവനെപ്പറ്റി സാക്ഷ്യപ്പെടുത്തുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകൾകേട്ട്, അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു.
23: അവനവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്നചൊല്ല് ഉദ്ധരിച്ചുകൊണ്ട്, തീര്‍ച്ചയായും നിങ്ങളെന്നോട്, കഫര്‍ണാമില്‍ സംഭവിച്ചതായി ഞങ്ങൾകേട്ട കാര്യങ്ങള്‍, ഇവിടെ, നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും.
24: അവൻ പറഞ്ഞു: എന്നാൽ‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തംനാട്ടില്‍ സ്വീകാര്യനല്ലാ.
25: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെകാലത്ത്, ഇസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു. അന്നു മൂന്നുവര്‍ഷവും ആറുമാസവും ആകാശമടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമമുണ്ടാവുകയും ചെയ്തു.
26: എന്നാല്‍, സിദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുത്തേക്കല്ലാതെ, മറ്റാരുടേയുമടുത്തേക്ക്, ഏലിയാ അയയ്ക്കപ്പെട്ടില്ല.
27: ഏലീഷാപ്രവാചകന്റെകാലത്ത്, ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നു. എന്നാൽ, അവരില്‍ സിറിയാക്കാരനായ നാമാനല്ലാതെ മറ്റാരും ശുദ്ധമാക്കപ്പെട്ടില്ല.
28: ഇതുകേട്ടപ്പോള്‍ സിനഗോഗിലുണ്ടായിരുന്ന എല്ലാവരും രോഷംകൊണ്ടു നിറഞ്ഞു.
29: അവരെഴുന്നേറ്റ്, അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേയ്‌ക്കു തള്ളിയിടാൻ കൊണ്ടുപോവുകയും ചെയ്തു.
30: എന്നാൽ, അവനോ, അവരുടെയിടയിലൂടെ കടന്നുപോയി.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
31: പിന്നെ അവന്‍ ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമിലേക്കുപോയി. സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
32: അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടെയായിരുന്നു അവന്റെ വചനം.
33: 
അശുദ്ധാത്മാവുബാധിച്ച ഒരു മനുഷ്യൻ സിനഗോഗിലുണ്ടായിരുന്നു. അവന്‍ വലിയസ്വരത്തിൽ വിളിച്ചുപറഞ്ഞു:
34: ഹാ! നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കുമെന്ത്? ഞങ്ങളെ നശിപ്പിക്കാനാണോ, നീ വന്നിരിക്കുന്നത്? നീയാരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍.
35: യേശു അവനെ ശാസിച്ചുപറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച്, ഉപദ്രവമൊന്നുംവരുത്താതെ നടുവിലേക്കു തള്ളിയിട്ടശേഷം അവനെ വിട്ടുപോയി.
36: എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരംപറഞ്ഞു: എന്തൊരു വചനമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോടു കല്പിക്കുകയും അവ, വിട്ടുപോകുകയുംചെയ്യുന്നല്ലോ.
37: അവനേപ്പറ്റിയുള്ള വാർത്ത, സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

യേശു പത്രോസിന്റെ ഭവനത്തില്‍
38: അവന്‍ സിനഗോഗില്‍നിന്നെഴുന്നേറ്റ്, ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടപേക്ഷിച്ചു.
39: അവനവളുടെ അടുത്തുചെന്ന്, പനിയെ ശാസിച്ചു; അതവളെ വിട്ടുമാറി. ഉടനെ അവളെഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.
40: സൂര്യാസ്തമയമായപ്പോള്‍, വിവിധരോഗങ്ങളാല്‍ അവശരായവരെയെല്ലാം അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈവച്ച്, അവനവരെ സുഖപ്പെടുത്തി.
41: നീ ദൈവപുത്രനാണ് എന്നുറക്കെവിളിച്ചുപറഞ്ഞുകൊണ്ട് അനേകരില്‍നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവനവയെ ശാസിച്ചു. 
സംസാരിക്കാന്‍ അവനവയെ അനുവദിച്ചില്ല. കാരണം, അവന്‍ ക്രിസ്തുവാണെന്ന് അവയ്ക്കറിയാമായിരുന്നു.

യൂദയായിലെ ശുശ്രൂഷ
42: പ്രഭാതമായപ്പോള്‍ അവൻ പുറപ്പെട്ട്, ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം, അവനെയന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകുന്നതിൽനിന്ന്, അവരവനെ തടഞ്ഞു.
43: എന്നാല്‍, അവന്‍ പറഞ്ഞു; മറ്റുപട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സദ്‌വാർത്ത അറിയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ, അതിനുവേണ്ടിയാണു ഞാനയയ്ക്കപ്പെട്ടിരിക്കുന്നത്.
44: അവന്‍ യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.

അദ്ധ്യായം 5

ശിമയോനെ വിളിക്കുന്നു.
1: ദൈവവചനംശ്രവിക്കാന്‍ ജനക്കൂട്ടം അവനുചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്ക്കുകയായിരുന്നു.
2: രണ്ടു വള്ളങ്ങള്‍ കരയോടടുത്തുകിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍നിന്നിറങ്ങി, വല കഴുകുകയായിരുന്നു.
3: ശിമയോന്റേതായിരുന്നു വള്ളങ്ങളിലൊന്ന്. അവന്‍ അതില്‍ക്കയറി, കരയില്‍നിന്ന് അല്പം നീക്കാനാവശ്യപ്പെട്ടു. വഞ്ചിയിലിരുന്ന് അവന്‍ ജനക്കൂട്ടത്തെ പഠിപ്പിച്ചു.
4: സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: മീന്‍പിടിക്കാന്‍, 
ആഴത്തിലേക്കു നീക്കി, നിങ്ങളുടെ വലയിറക്കുക.
5: ശിമയോന്‍ മറുപടിപറഞ്ഞു: ഗുരോ, രാത്രിമുഴുവനദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല. എങ്കിലും നിന്റെ വാക്കനുസരിച്ചു ഞാന്‍ വലയിറക്കാം.
6: അങ്ങനെചെയ്തപ്പോള്‍ വളരെവലിയൊരു മത്സ്യക്കൂട്ടത്തെ അവർ പിടിച്ചു. അവരുടെ വല കീറിത്തുടങ്ങി.
7: അവര്‍ മറ്റേവള്ളത്തിലുണ്ടായിരുന്ന പങ്കുകാരെ, 
സഹായത്തിനുവരാൻ ആംഗ്യംകാണിച്ചു. അവര്‍ വന്ന്, രണ്ടുവള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.
8: ഇതു കണ്ടപ്പോള്‍, ശിമയോന്‍പത്രോസ്, യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്നകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു.
9: എന്തെന്നാല്‍, തങ്ങള്‍നടത്തിയ മീൻപിടുത്തത്തെപ്പറ്റി, ശിമയോനും കൂടെയുണ്ടായിരുന്ന എല്ലാവരും അദ്ഭുതപ്പെട്ടു.
10: അതുപോലെതന്നെ, അവന്റെ കൂട്ടാളികളായ സെബദീപുത്രന്മാര്‍, - യാക്കോബും യോഹന്നാനും - വിസ്മയിച്ചു. ശിമയോനോട്, 
യേശു പറഞ്ഞു: ഭയപ്പെടേണ്ടാ; ഇപ്പോള്‍മുതല്‍ 
നീ മനുഷ്യരെപ്പിടിക്കുന്നവനാകും.
11: വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചശേഷം എല്ലാമുപേക്ഷിച്ച്, അവരവനെ അനുഗമിച്ചു.

കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നു
12: പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തിലായിരിക്കുമ്പോള്‍, ഇതാ, കുഷ്ഠംനിറഞ്ഞ ഒരുവൻ വന്ന്, അവനെക്കണ്ട്, അവന്റെമുമ്പിൽ കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
13: യേശു കൈനീട്ടി, അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി.
14: യേശു അവനോടു കല്പിച്ചു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ച്, അവർക്കു തെളിവിനായി, നിന്റെ ശുദ്ധീകരണക്കാഴ്ച സമര്‍പ്പിക്കുകയുംചെയ്യുക.
15: എന്നാല്‍, യേശുവിനെക്കുറിച്ചുള്ള വാർത്ത, പൂര്‍വ്വാധികം വ്യാപിച്ചുകൊണ്ടിരുന്നു. വലിയജനക്കൂട്ടം, അവനെ കേൾക്കാനും രോഗങ്ങളിൽനിന്നു സുഖപ്പെടാനും വന്നുകൂടിക്കൊണ്ടിരുന്നു.
16: അവനാകട്ടെ മരുഭൂമിയിലേക്കു പിന്‍വാങ്ങി, പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
17: ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍നിന്നും യൂദയായില്‍നിന്നും ജറൂസലെമില്‍നിന്നുംവന്ന ഫരിസേയരും നിയമാദ്ധ്യാപകന്മാരും അവിടെയിരുന്നിരുന്നു. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനിലുണ്ടായിരുന്നു.
18: അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയിലെടുത്തുകൊണ്ടുവന്നു. അവരവനെ, അകത്തുകൊണ്ടുവന്ന്, യേശുവിന്റെമുമ്പില്‍ കിടത്താൻശ്രമിച്ചു.
19: ജനക്കൂട്ടംനിമിത്തം ഒരുവഴിയുംകാണാഞ്ഞ്, അവര്‍ പുരമുകളില്‍ക്കയറി, മേച്ചിലിളക്കി, കിടക്കയോടെ അവനെ, അവരുടെമദ്ധ്യേ, യേശുവിന്റെ സമക്ഷം വച്ചു.
20: അവരുടെ വിശ്വാസംകണ്ട്, അവന്‍ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങള്‍ നിന്നോടു ക്ഷമിക്കപ്പെട്ടിരിക്കുന്നു.
21: നിയമജ്ഞരും ഫരിസേയരും അന്തരാചിന്തിച്ചുകൊണ്ടു പറഞ്ഞു: ദൈവദൂഷണംപറയുന്ന ഇവനാര്? ആര്‍ക്കാണു പാപങ്ങള്‍ ക്ഷമിക്കാന്‍കഴിയുക, 
ദൈവത്തിനുമാത്രമല്ലാതെ?
22: അവരുടെ വിചാരങ്ങൾ മനസ്സിലാക്കി യേശു അവരോടു മറുപടി പറഞ്ഞു: എന്താണു നിങ്ങൾ ഹൃദയത്തില്‍ സംവദിക്കുന്നത്?
23: ഏതാണു കൂടുതലെളുപ്പം, നിന്റെ പാപങ്ങള്‍ 
നിന്നോടു ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ എഴുന്നേറ്റു നടക്കുക എന്നുപറയുന്നതോ?
24: ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രനധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു വീട്ടിലേക്കു പോവുക.
25: ഉടനെ, അവരുടെ മുമ്പാകെ, അവനെഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്കയെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ടു വീട്ടിലേക്കുപോയി.
26: എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ ഭയപൂരിതരായി പറഞ്ഞു: ഇന്നു നാം വിചിത്രമായവ കണ്ടിരിക്കുന്നു.

ലേവിയെ വിളിക്കുന്നു
27: ഇതിനുശേഷം, 
യേശു പുറത്തേക്കിറങ്ങിയപ്പോൾ, ലേവി എന്നുപേരുള്ള ചുങ്കക്കാരന്‍, ചുങ്കസ്ഥലത്തിരിക്കുന്നതു ശ്രദ്ധിച്ചു. അവനവനോടു പറഞ്ഞു:
 എന്നെനുഗമിക്കുക.
28: അവന്‍ എല്ലാമുപേക്ഷിച്ച്, എഴുന്നേറ്റ്, അവനെയനുഗമിച്ചു.
29: ലേവി തന്റെവീട്ടില്‍, അവനുവേണ്ടി ഒരു വലിയവിരുന്നൊരുക്കി. ചുങ്കക്കാരും മറ്റുള്ളവരുമായി വലിയൊരു ജനക്കൂട്ടം, അവരോടൊപ്പം ഭക്ഷണത്തിനിരുന്നു.
30: ഫരിസേയരും അവരുടെ നിയമജ്ഞരും ശിഷ്യന്മാർക്കെതിരേ പിറുപിറുത്തു. എന്തുകൊണ്ടാണ്, നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്തു തിന്നുകയും കുടിക്കുകയുംചെയ്യുന്നത്? യേശു അവരോടു മറുപടിപറഞ്ഞു:
31: 
വൈദ്യനെയാവശ്യം ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്.
32: ഞാന്‍ വന്നിരിക്കുന്നതു നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു വിളിക്കാനാണ്.

ഉപവാസംസംബന്ധിച്ചു തര്‍ക്കം
33: അവരവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യന്മാര്‍ മിക്കപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നു. 
അങ്ങനെതന്നെ ഫരിസേയരുടെ ശിഷ്യന്മാരും. എന്നാല്‍, നിന്റെകൂടെയുള്ളവർ തിന്നുകയും കുടിക്കുകയുംചെയ്യുന്നു.
34: യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്കുകഴിയുമോ?
35: എന്നാല്‍, മണവാളന്‍ അവരില്‍നിന്ന് എടുക്കപ്പെടുന്ന ദിവസങ്ങള്‍ വരും; ആ ദിവസങ്ങളിൽ അവരുപവസിക്കും.
36: അവനവരോട് ഒരുപമയും പറഞ്ഞു: ആരും പുതിയവസ്ത്രത്തില്‍നിന്നു കഷണം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെചെയ്താല്‍ പുതിയവസ്ത്രം കീറുന്നു എന്നുമാത്രമല്ല പുതിയകഷണം പഴയതിനോടു ചേരാതെവരുകയുംചെയ്യും.
37: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെചെയ്താല്‍, പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങള്‍ഭേദിച്ച്, ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും.
38: പുതിയവീഞ്ഞു പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്‌ക്കേണ്ടത്.
39: പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയതിഷ്ടപ്പെടുകയില്ല. എന്തെന്നാൽ, പഴയതാണു മെച്ചം എനാണല്ലോ പറയുന്നത്.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടാം ദിവസം: ലൂക്കാ 2 - 3


അദ്ധ്യായം 2

യേശുവിന്റെ ജനനം
1: അക്കാലത്ത്, ലോകനിവാസികളെല്ലാം പേരെഴുതിക്കണമെന്ന് അഗസ്റ്റസ് സീസറില്‍നിന്നു കല്പനപുറപ്പെട്ടു.
2: 
സിറിയായില്‍ ക്വിരിനിയോസ് ദേശാധിപതിയായിരിക്കുമ്പോള്‍,  ഒന്നാമത്തെ പേരെഴുത്തുനടന്നു.
3: പേരെഴുതിക്കാൻ ഓരോരുത്തരും താന്താങ്ങളുടെ നഗരങ്ങളിലേക്കുപോയി.
4: ദാവീദിന്റെ കുടുംബത്തിലും കുലത്തിലുംപെട്ടവനായിരുന്നതിനാല്‍, 
ജോസഫ്, ഗലീലിയിലെ നസറത്ത് എന്ന നഗരത്തില്‍നിന്നു യൂദയായില്‍ ദാവീദിന്റെ നഗരമായ ബേത്‌ലെഹെമിലേക്ക്, 
5: തനിക്കു വിവാഹംനിശ്ചയിച്ചിരുന്ന ര്‍ഭിണിയായ മറിയത്തോടുകൂടെ പേരെഴുതിക്കാൻ പോയി.
6: അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവദിവസമായി. അവള്‍ തന്റെ ആദ്യജാതനെ പ്രസവിച്ചു.
7: അവനെ പിള്ളക്കച്ചപൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ക്കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലമില്ലായിരുന്നു.

ആട്ടിടയന്മാര്‍ക്കുലഭിച്ച സന്ദേശം
8: ആ പ്രദേശത്തെ വയലുകളില്‍, തങ്ങളുടെ ആടുകൾക്ക്, രാത്രി കാവലിരിക്കുന്ന ഇടയന്മാരുണ്ടായിരുന്നു.
9: കര്‍ത്താവിന്റെ ദൂതന്‍ അവരുടെയടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവർക്കുചുറ്റും പ്രകാശിച്ചു. അവര്‍ അത്യധികം ഭയപ്പെട്ടു.
10: ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകലജനത്തിനും ഉണ്ടാകാനുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെയറിയിക്കുന്നു.
11: നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു 
ദാവീദിന്റെ നഗരത്തില്‍  ജനിച്ചിരിക്കുന്നു.
12: നിങ്ങള്‍ക്കുള്ള അടയാളമിതാണ്: പിള്ളക്കച്ചപൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ക്കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കണ്ടെത്തും.
13: പെട്ടെന്ന്, സ്വര്‍ഗ്ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം, ദൂതനോടൊത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു:
14: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം!
15: ദൂതന്മാര്‍ അവരെവിട്ട്, സ്വര്‍ഗ്ഗത്തിലേക്കുപോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരംപറഞ്ഞു: നമുക്കു ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവു നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.
16: അവര്‍ തിടുക്കപ്പെട്ടുപോയി, മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനേയും കണ്ടെത്തി. 
17: കണ്ടെത്തിയപ്പോൾ, ശിശുവിനെപ്പറ്റി, തങ്ങളോടു പറഞ്ഞിരുന്ന കാര്യങ്ങള്‍ അവര്‍ മറ്റുള്ളവരെ അറിയിച്ചു.
18: അതുകേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോടു പറഞ്ഞതിനേപ്പറ്റി അദ്‌ഭുതപ്പെട്ടു. 
19: മറിയമാകട്ടെ കാര്യങ്ങളെല്ലാം ഹൃദയത്തില്‍സംഗ്രഹിച്ച്, ധ്യാനിച്ചുകൊണ്ടിരുന്നു.
20: തങ്ങളോടു പറയപ്പെട്ടപോലെ, കാണുകയും കേള്‍ക്കുകയുംചെയ്ത സകലത്തേയുംകുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയുംചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി.

പരിച്ഛേദനം, സമര്‍പ്പണം
21: 
വന്റെ പരിച്ഛേദനത്തിനുള്ള എട്ടുദിവസങ്ങൾ പൂർത്തിയായപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍വിളിച്ച, യേശു എന്ന പേര് അവനു നല്കി.
22: മോശയുടെ നിയമമനുസരിച്ച്, അവരുടെ ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍പൂര്‍ത്തിയായപ്പോള്‍, അവരവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
23: ഇതാകട്ടെ, ആദ്യംപിറക്കുന്ന ആണ്‍കുട്ടി, കര്‍ത്താവിന്റെ പരിശുദ്ധനെന്നു വിളിക്കപ്പെടണമെന്ന്, 
കര്‍ത്താവിന്റെ നിയമത്തില്‍ എഴുതിയിട്ടുള്ളതനുസരിച്ചും 
24: ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കണ
മെന്ന്, കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിട്ടുള്ളതനുസരിച്ചുമാണ്.

ശിമയോനും അന്നായും
25: ജറുസലെമില്‍ ശിമയോന്‍ എന്നൊരുവനുണ്ടായിരുന്നു. അവന്‍ നീതിമാനും ഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേലുണ്ടായിരുന്നു.
26: കര്‍ത്താവിന്റെ അഭിഷിക്തനെക്കാണുന്നതുവരെ മരിക്കുകയില്ലെന്ന് പരിശുദ്ധാത്മാവ് അവനു വെളിപ്പെടുത്തിയിരുന്നു.
27: 
അവന്‍, പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനത്തിന്, ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ കൊണ്ടുവന്നു.
28: അപ്പോൾ ശിമയോന്‍ വനെ കൈകളിൽ സ്വീകരിച്ച്, ദൈവത്തെ വാഴ്ത്തിക്കൊണ്ടു പറഞ്ഞു:
29: കര്‍ത്താവേ, 
ഇപ്പോള്‍ നിന്റെ ദാസനെ നിന്റെ വാക്കനുസരിച്ച്,  സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
30, 31:  എന്തെന്നാല്‍, സകലജനത്തിന്റെയുംമുമ്പിൽ നീയൊരുക്കിയിട്ടുള്ള നിന്റെ രക്ഷ എന്റെ കണ്ണുകള്‍ കണ്ടുവല്ലോ.
32: അതു വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും നിന്റെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ്.
33: അവനെക്കുറിച്ചു പറഞ്ഞവകേട്ട്, അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു.
34: ശിമയോന്‍ അവരെയനുഗ്രഹിച്ചുകൊണ്ട്, അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ അനേകരുടെ വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും എതിർക്കപ്പെടുന്ന 
അടയാളത്തിനുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു.
35: നിന്റെതന്നെ ആത്മാവിലൂടെ ഒരു വാള്‍ തുളച്ചുകയറും. - അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടാൻവേണ്ടിയാണത്. 
36: ഫനുവേലിന്റെ പുത്രിയും ആഷേര്‍വംശജയുമായ അന്നാ എന്ന പ്രവാചികയും അവിടെയുണ്ടായിരുന്നു. അവൾ വയോവൃദ്ധയായിരുന്നു. കന്യാപ്രായംമുതല്‍ ഏഴുവര്‍ഷം വിവാഹിതയായി ജീവിച്ചു.
37: എണ്‍പത്തിനാലുവയസ്സുള്ള ഈ വിധവ, ദേവാലയംവിട്ടുപോകാതെ, രാപകല്‍ 
ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആരാധിച്ചുകഴിയുകയായിരുന്നു.
38: അവള്‍ ആ സമയം മുമ്പോട്ടുവന്നു ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍, വീണ്ടെടുപ്പു പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും അവനെക്കുറിച്ചു സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
39: കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം, അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
40: ശിശു വളര്‍ന്നു
കൊണ്ടിരുന്നു. ജ്ഞാനംനിറഞ്ഞു ശക്തിപ്പെട്ടുകൊണ്ടുമിരുന്നു. ദൈവത്തിന്റെ കൃപ അവന്റെമേലുണ്ടായിരുന്നു.

ബാലനായ യേശു ദേവാലയത്തില്‍
41: 
അവന്റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിനു ജറുസലെമിലേക്കു പോകുമായിരുന്നു.
42: അവനു പന്ത്രണ്ടുവയസ്സായപ്പോള്‍, ആചാരമനുസരിച്ച്, അവര്‍ തിരുനാളിനുപോയി.
43: തിരുനാള്‍ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവര്‍ മടങ്ങിപ്പോന്നു. ബാലനായ യേശുവാകട്ടെ, ജറുസലെമില്‍ത്തങ്ങി; മാതാപിതാക്കന്മാര്‍ അതറിഞ്ഞില്ല.
44: അവന്‍ യാത്രാസംഘത്തിന്റെ കൂടെക്കാണുമെന്നുവിചാരിച്ച്, അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയുമിടയില്‍ അവനെ
യന്വേഷിച്ചു. 
45: എന്നാൽ കാണായ്കയാല്‍, അവനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
46: മൂന്നുദിവസങ്ങള്‍ക്കുശേഷം അവരവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ വേദശാസ്ത്രികളുടെ ഇടയിലിരുന്ന്, അവരെ കേള്‍ക്കുകയും അവരോടു ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുകയായിരുന്നു.
47: കേട്ടവരെല്ലാം അവന്റെ ഉൾക്കാഴ്ചയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.
48: അവനെക്കണ്ടപ്പോള്‍ മാതാപിതാക്കന്മാർ വിസ്മയിച്ചു. അവന്റെയമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെചെയ്തതെന്ത്? നിന്റെ പിതാവും ഞാനും അതീവം വ്യസനിച്ചുകൊണ്ട്, നിന്നെയന്വേഷിക്കുകയായിരുന്നു. അവനവരോടു ചോദിച്ചു:
49: നിങ്ങളെന്നെയന്വേഷിച്ചതെന്തിന്? ഞാനെന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങളറിഞ്ഞിരുന്നില്ലേ?
50: അവന്‍ തങ്ങളോടു പറഞ്ഞ വാക്ക്, അവര്‍ ഗ്രഹിച്ചില്ല.
51: അവനവരോടൊപ്പമിറങ്ങി, നസറത്തില്‍ വന്ന്, അവര്‍ക്കു വിധേയനായി കഴിഞ്ഞു. അവന്റെയമ്മയാകട്ടെ, ഇക്കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ടിരുന്നു.
52: യേശു, ജ്ഞാനത്തിലും ആകാരത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ വളര്‍ന്നുവന്നു.

അദ്ധ്യായം 3 

സ്നാപകന്റെ പ്രഭാഷണം 
1: തിബേരിയൂസ് സീസറിന്റെ പതിനഞ്ചാംഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌ യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ്പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്മാരും,
2: അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്മാരുമായിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന്, മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
3: അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചുകൊണ്ട്, ജോര്‍ദ്ദാന്റെ സമീപത്തുള്ള എല്ലാപ്രദേശങ്ങളിലേക്കും വന്നു.
4: ഏശയ്യാപ്രവാചകന്റെ വചനങ്ങളുടെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; 
അവന്റെ പാതകൾ നേരെയാക്കുവിന്‍. 
5: ഓരോ താഴ്‌വരയും നികത്തപ്പെടും, ഓരോ പർവ്വതവും കുന്നും താഴ്ത്തപ്പെടും, വളഞ്ഞവ നേരെയാക്കപ്പെടും, ദുർഘടമായവഴികൾ സുഗമമാക്കപ്പെടും.
6: സകലമനുഷ്യരും ദൈവത്തിന്റെ രക്ഷകാണും.
7: അവനിൽനിന്ന്, സ്നാനംസ്വീകരിക്കാന്‍വന്നിരുന്ന ജനക്കൂട്ടത്തോട് അവന്‍ ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്, ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയതാരാണ്?
8: മാനസാന്തരത്തിനുയോജിച്ച ഫലങ്ങള്‍പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നുള്ളിൽപ്പറയാൻ നിങ്ങൾ തുനിയരുത്. കാരണം, ഈ കല്ലുകളില്‍നിന്ന്, അബ്രാഹാമിനു മക്കളെപ്പുറപ്പെടുവിക്കാന്‍ ദൈവത്തിനുകഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
9: വൃക്ഷങ്ങളുടെ കടയ്ക്കൽ കോടാലിവയ്ക്കപ്പെട്ടുകഴിഞ്ഞു. നല്ലഫലംനല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി, തീയിലെറിയപ്പെടും.
10: ജനക്കൂട്ടം അവനോടു ചോദിച്ചു: അതുകൊണ്ട്, ഞങ്ങളെന്താണു ചെയ്യേണ്ടത്?
11: അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്നുമില്ലാത്തവനുമായി പങ്കുവയ്‌ക്കട്ടെ. ഭക്ഷണമുള്ളവനും ഇതുപോലെചെയ്യട്ടെ.
12: ചുങ്കക്കാരും സ്നാനപ്പെടാൻ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങളെന്തുചെയ്യണം?
13: അവനവരോടു പറഞ്ഞു: നിങ്ങളോടാജ്ഞാപിച്ചിട്ടുള്ളതില്‍ക്കൂടുതല്‍ ഈടാക്കരുത്.
14: പടയാളികളും അവനോടു ചോദിച്ചു: ഞങ്ങളെന്തു ചെയ്യണം? അവനവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായി കുറ്റമാരോപിക്കരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.
15: പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം, ഇവന്‍തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ഹൃദയത്തിൽ വിചാരിച്ചുകൊണ്ടിരുന്നു.
16: യോഹന്നാൻ എല്ലാവരോടും മറുപടിയായിപ്പറഞ്ഞു: ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപെടുത്തുന്നു. എന്നേക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങളെ സ്നാനപെടുത്തും..
17: വീശുമുറം അവന്റെ കൈയിലുണ്ട്. അവന്‍ കളംവെടിപ്പാക്കി, ഗോതമ്പ്, അറപ്പുരയില്‍ ശേഖരിക്കുകയും പതിര്, കെടാത്തതീയില്‍ ദഹിപ്പിക്കുകയുംചെയ്യും.
18: ഇതുപോലെ, മറ്റുപലതും ഉദ്‌ബോധിപ്പിച്ചുകൊണ്ട്, അവന്‍ ജനത്തെ സദ്വാര്‍ത്തയറിയിച്ചു.

യോഹന്നാന്‍ കാരാഗൃഹത്തില്‍
19: യോഹന്നാന്‍, ഭരണാധികാരിയായ, ഹേറോദേസിനെ അവന്റെ സഹോദരഭാര്യയായ ഹേറോദിയാനിമിത്തവും അവന്‍ചെയ്തിരുന്ന മറ്റെല്ലാ ദുഷ്ടതകളുടെപേരിലും കുറ്റപ്പെടുത്തിയിരുന്നു.
20: ഹേറോദേസാകട്ടെ, എല്ലാറ്റിനോടുംകൂടെ ഇതുംചേർത്ത്, യോഹന്നാനെ കാരാഗൃഹത്തിലടച്ചു; 

യേശുവിന്റെ അഭിഷേകം 
21: ജനമെല്ലാം സ്നാനപ്പെട്ടപ്പോൾ യേശുവും സ്നാനപ്പെട്ടു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു.
22: പരിശുദ്ധാത്മാവു പ്രാവിന്റെ ഗാത്രരൂപത്തില്‍ അവന്റെമേലിറങ്ങി വന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രനാകുന്നു; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

യേശുവിന്റെ വംശാവലി
23: പരസ്യജീവിതമാരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു.
24: ഹേലി, മത്താത്തിന്റെയും മത്താത്ത്, ലേവിയുടെയും ലേവി, മെല്ക്കിയുടെയും മെല്ക്കി, യാന്നിയുടെയും യാന്നി, ജോസഫിന്റെയും പുത്രന്‍.
25: ജോസഫ്, മത്താത്തിയായുടെയും മത്താത്തിയാ, ആമോസിന്റെയും ആമോസ്, നാവൂമിന്റെയും നാവൂം, ഹെസ്‌ലിയുടെയും ഹെസ്‌ലി, നഗ്ഗായിയുടെയും പുത്രന്‍.
26: നഗ്ഗായി, മാത്തിന്റെയും മാത്ത്, മത്താത്തിയായുടെയും മത്താത്തിയാ, സെമയിന്റെയും സെമയിന്‍, യോസേക്കിന്റെയും യോസേക്ക്, യോദായുടെയും പുത്രന്‍.
27: യോദ, യോഹന്നാന്റെയും യോഹന്നാന്‍, റേസായുടെയും റേസാ, സെറുബാബേലിന്റെയും സെറുബാബേല്‍, സലാത്തിയേലിന്റെയും സലാത്തിയേല്‍, നേരിയുടെയും പുത്രന്‍.
28: നേരി, മെല്‍ക്കിയുടെയും മെല്‍ക്കി, അദ്ദിയുടെയും അദ്ദി, കോസാമിന്റെയും കോസാം, എല്‍മാദാമിന്റെയും എല്‍മാദാം, ഏറിന്റെയും പുത്രന്‍.
29: ഏര്‍, ജോഷ്വായുടെയും ജോഷ്വാ, എലിയേസറിന്റെയും എലിയേസര്‍, യോറീമിന്റെയും യോറീം, മത്താത്തിന്റെയും മത്താത്ത്, ലേവിയുടെയും പുത്രന്‍.
30: ലേവി, ശിമയോന്റെയും ശിമയോന്‍, യൂദായുടെയും യൂദാ, ജോസഫിന്റെയും ജോസഫ്, യോനാമിന്റെയും യോനാം, ഏലിയാക്കിമിന്റെയും പുത്രന്‍.
31: ഏലിയാക്കീം, മെലെയായുടെയും മെലെയാ, മെന്നായുടെയും മെന്നാ, മത്താത്തായുടെയും മത്താത്താ, നാഥാന്റെയും നാഥാന്‍, ദാവീദിന്റെയും പുത്രന്‍.
32: ദാവീദ്, ജസ്സെയുടെയും ജസ്സെ, ഓബദിന്റെയും ഓബദ്, ബോവാസിന്റെയും ബോവാസ്, സാലായുടെയും സാലാ, നഹഷോന്റെയും പുത്രന്‍.
33: നഹഷോന്‍ അമിനാദാബിന്റെയും അമിനാദാബ്, അദ്മിന്റെയും അദ്മിന്‍, അര്‍നിയുടെയും അര്‍നി, ഹെസ്‌റോന്റെയും ഹെസ്‌റോന്‍, പേരെസിന്റെയും പേരെസ്, യൂദായുടെയും പുത്രന്‍.
34: യൂദാ, യാക്കോബിന്റെയും യാക്കോബ്, ഇസഹാക്കിന്റെയും ഇസഹാക്ക്, അബ്രാഹമിന്റെയും അബ്രാഹം, തേരായുടെയും തേരാ നാഹോറിന്റെയും പുത്രന്‍.
35: നാഹോര്‍ സെറൂഹിന്റെയും സെറൂഹ്, റവുവിന്റെയും റവു, പേലെഗിന്റെയും പേലെഗ്, ഏബറിന്റെയും ഏബര്‍, ഷേലായുടെയും പുത്രന്‍.
36: ഷേലാ, കൈനാന്റെയും കൈനാന്‍, അര്‍ഫക്സാദിന്റെയും അര്‍ഫക്സാദ്, ഷേമിന്റെയും ഷേം, നോഹയുടെയും നോഹ, ലാമെക്കിന്റെയും പുത്രന്‍.
37: ലാമെക്ക്, മെത്തുസേലഹിന്റെയും മെത്തുസേലഹ് ഹെനോക്കിന്റെയും ഹെനോക്ക്,‌ യാരെദിന്റെയും യാരെദ്, മഹലലേലിന്റെയും മഹലലേല്‍, കൈനാന്റെയും പുത്രന്‍.
38: കൈനാന്‍, ഏനോസിന്റെയും ഏനോസ്, സേത്തിന്റെയും സേത്ത്, ആദാമിന്റെയും ആദം ദൈവത്തി
ന്റെയും പുത്രന്‍.

ഇരുന്നൂറ്റിത്തൊണ്ണൂറ്റിയൊന്നാം ദിവസം: ലൂക്കാ 1


അദ്ധ്യായം 1

പ്രാരംഭം
1: നമ്മുടെയിടയില്‍ പൂർത്തിയാക്കപ്പെട്ട സംഭവങ്ങളുടെ വിവരണം സമാഹരിച്ചെഴുതാന്‍ അനേകര്‍ ശ്രമിച്ചിട്ടുണ്ടല്ലോ.
2: അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായിരുന്നവര്‍ നമുക്കേല്പിച്ചുതന്നിട്ടുള്ളതനുസരിച്ചാണ്.
3: അതിശ്രേഷ്ഠനായ തെയോഫിലോസേ, എല്ലാം പ്രാരംഭംമുതല്‍ സൂക്ഷ്മമായിപരിശോധിച്ച എനിക്കും, ക്രമമായി നിനക്കെഴുതുന്നത്, ഉചിതമാണെന്നുതോന്നി.
4: അതു നിന്നെ പ്രബോധിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വാസ്യത നീ ഗ്രഹിക്കാനാണ്.

സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്
5: ഹേറോദേസ്‌ യൂദയാരാജാവായിരുന്നകാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്നു പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിലൊരാളായിരുന്നു അവന്റെ ഭാര്യ. അവളുടെ പേര്, എലിസബത്ത്.
6: ഇരുവരും ദൈവസന്നിധിയിൽ നീതിനിഷ്ഠരും കര്‍ത്താവിന്റെ സകലകല്പനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു.
7: അവര്‍ക്കു സന്താനമില്ലായിരുന്നു; കാരണം, എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായംകവിഞ്ഞവരുമായിരുന്നു.
8: തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച്, സഖറിയാ ദൈവസന്നിധിയില്‍ പൗരോഹിത്യശുശ്രൂഷ നിർവ്വഹിച്ചുകൊണ്ടിരിക്കേ,
9: പൗരോഹിത്യാചാരപ്രകാരം കര്‍ത്താവിന്റെ വിശുദ്ധസ്ഥലത്തുപ്രവേശിച്ചു ധൂപമര്‍പ്പിക്കാന്‍ സഖറിയായ്ക്കു കുറിവീണു.
10: ധൂപാര്‍പ്പണസമയം, ജനംമുഴുവന്‍ വെളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
11: കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തുനില്ക്കുന്നതായി അവനു കാണപ്പെട്ടു.
12: അവനെക്കണ്ട്, സഖറിയാ അസ്വസ്ഥനാവുകയും ഭയാധീനനാകുകയുംചെയ്തു.
13: ദൂതനവനോടു പറഞ്ഞു: സഖറിയാ, ഭയപ്പെടേണ്ടാ. കാരണം, നിന്റെ പ്രാര്‍ത്ഥന കേൾക്കപ്പെട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത്, നിനക്കൊരു പുത്രനെ പ്രസവിക്കും. നീയവനു യോഹന്നാന്‍ എന്നു പേരു വിളിക്കണം.
14: നിനക്കു സന്തോഷവും ആനന്ദവുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കും.
15: അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവാല്‍ നിറയും.
16: ഇസ്രായേല്‍മക്കളില്‍ അനേകരെ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് അവന്‍ തിരികെക്കൊണ്ടുവരും.
17: പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരികെക്കൊണ്ടുവരാനും രൂപീകൃതമായൊരു ജനത്തെ കര്‍ത്താവിനുവേണ്ടിയൊരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ അവന്‍ കര്‍ത്താവിന്റെമുമ്പേ പോകും.
18: സഖറിയാ ദൂതനോടു ചോദിച്ചു: ഞാനിതെങ്ങനെയറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായംകവിഞ്ഞവളുമാണ്.
19: ദൂതന്‍ അവനോടു മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെയറിയിക്കാനും ഞാനയയ്ക്കപ്പെട്ടിരിക്കുന്നു.
20: ഇതാ, ഇവ സംഭവിക്കുന്ന ദിവസംവരെ നീ നിശ്ശബ്ദനും സംസാരിക്കാൻ കഴിവില്ലാത്തവനുമായിരിക്കും. എന്തെന്നാൽ യഥാകാലം പൂര്‍ത്തിയാകാനിരിക്കുന്ന എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ല.
21: ജനം സഖറിയായെ കാത്തുനില്ക്കുകയും വിശുദ്ധസ്ഥലത്ത്, അവന്‍ വൈകുന്നതിനെപ്പററി അദ്ഭുതപ്പെടുകയുംചെയ്തു.
22: പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കാൻ അവനുകഴിഞ്ഞില്ല. വിശുദ്ധസ്ഥലത്ത്, അവനൊരു ദര്‍ശനമുണ്ടായെന്ന് അവര്‍ക്കു മനസ്സിലായി. അവന്‍ അവരെ ആംഗ്യംകാണിക്കുകയും ഊമയായിത്തുടരുകയുംചെയ്തു.
23: ദേവാലയശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കുപോയി.
24: ആ ദിവസങ്ങള്‍ക്കുശേഷം, അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭിണിയായി. അഞ്ചുമാസം, അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട്, രഹസ്യത്തിൽ കഴിഞ്ഞുകൂടി.
25: മനുഷ്യരുടെയിടയിലുള്ള എന്റെ അപമാനം നീക്കാന്‍ എന്നെക്കടാക്ഷിച്ച നാളുകളിൽ, കര്‍ത്താവ്, എനിക്കിപ്രകാരംചെയ്തുതന്നിരിക്കുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്
26: ആറാംമാസം ഗബ്രിയേല്‍ദൂതന്‍ ഗലീലിയില്‍, നസറത്ത് എന്നുപേരുള്ള പട്ടണത്തില്‍,
27: ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട, ജോസഫ് എന്നുപേരുള്ള പുരുഷനുമായി വിവാഹനിശ്ചയംചെയ്തിരുന്ന കന്യകയുടെയടുത്തേക്ക്, ദൈവത്താലയയ്ക്കപ്പെട്ടു. ആ കന്യകയുടെ പേര്, മറിയമെന്നായിരുന്നു.
28: ദൂതന്‍ അവളുടെയടുത്തുവന്നു പറഞ്ഞു. കൃപനിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ!
29: ഈ വചനത്തിൽ, അവള്‍ അതീവം അസ്വസ്ഥയായി; ഏതുതരം അഭിവാദനമായിരിക്കും ഇതെന്ന് അവള്‍ ചിന്തിച്ചുകൊണ്ടിരുന്നു.
30: ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, ഭയപ്പെടേണ്ടാ; എന്തെന്നാൽ, നീ ദൈവസന്നിധിയില്‍ കൃപകണ്ടെത്തിയിരിക്കുന്നു.
31: ഇതാ, നീ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിക്കും. നീയവനെ യേശുവെന്നു പേരുവിളിക്കണം.
32: അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം, ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
33: അവൻ, യാക്കോബിന്റെ കുടുംബത്തിന്മേല്‍ എന്നേയ്ക്കും ഭരിക്കും. അവന്റെ രാജ്യത്തിനവസാനമുണ്ടായിരിക്കുകയില്ല.
34: മറിയമാകട്ടെ, ദൂതനോടു ചോദിച്ചു: ഞാന്‍ പുരുഷനെയറിയായ്കയാൽ, ഇതെങ്ങനെ സംഭവിക്കും? 
35: ദൂതന്‍ അവളോടു പ്രതിവചിച്ചു: പരിശുദ്ധാത്മാവു നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്നെയാവരണംചെയ്യും. ആകയാൽ ജനിക്കാനിരിക്കുന്നവൻ പരിശുദ്ധനായിരിക്കും. അവൻ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
36: ഇതാ, നിന്റെ ചാര്‍ച്ചക്കാരി, എലിസബത്തും അവളുടെ വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യയെന്നു വിളിക്കപ്പെട്ടിരുന്ന അവള്‍ക്കിത് ആറാംമാസമാണ്.
37: എന്തെന്നാൽ ദൈവത്തിനൊരുകാര്യവും അസാദ്ധ്യമല്ല.
38: മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടേ! അപ്പോള്‍ ദൂതന്‍ അവളെ വിട്ടുപോയി.

മറിയം എലിസബത്തിനെ സന്ദർശിക്കുന്നു.
39: ആ ദിവസങ്ങളില്‍ത്തന്നെ, മറിയമെഴുന്നേറ്റ്, യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ പുറപ്പെട്ടു.
40: അവള്‍ സഖറിയായുടെ വീട്ടില്‍പ്രവേശിച്ച്, എലിസബത്തിനെ അഭിവാദനംചെയ്തു.
41: മറിയത്തിന്റെ അഭിവാദനം എലിസബത്ത് കേട്ടപ്പോള്‍ അവളുടെയുദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത്, പരിശുദ്ധാത്മാവാൽ പൂരിതയായി.
42: അവളുദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
43: എന്റെ കര്‍ത്താവിന്റെയമ്മ എന്റെയടുത്തേക്കുവരാൻ ഞാനാര്?
44: എന്തെന്നാൽ, ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ കാതുകളില്‍പ്പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ ആനന്ദത്താല്‍ കുതിച്ചുചാടി.
45: കര്‍ത്താവു തന്നോടരുൾചെയ്തവയ്ക്ക്, പൂർത്തീകരണമുണ്ടാകുമെന്നു വിശ്വസിച്ചവള്‍ അനുഗൃഹീത.

മറിയത്തിന്റെ സ്‌തോത്രഗീതം
46: മറിയം പറഞ്ഞു: എന്റെയാത്മാവു കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
47: എന്റെ ഉള്ളം, എന്റെ രക്ഷകനായ ദൈവത്തിലാനന്ദിക്കുന്നു.
48: എന്തെന്നാൽ, അവിടുന്നു തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇതാ, ഇപ്പോള്‍മുതല്‍ സകലതലമുറകളും എന്നെ അനുഗൃഹീതയെന്നു പ്രകീര്‍ത്തിക്കും.
49: എന്തെന്നാൽ, ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്.
50: അവിടുത്തെ ഭയപ്പെടുന്നവർക്ക്, തലമുറകള്‍തോറും തന്റെ കരുണയുണ്ടായിരിക്കും.
51: അവിടുന്നു തന്റെ ഭുജംകൊണ്ടു ബലംപ്രവർത്തിച്ചു; ഹൃദയവിചാരത്തിലഹങ്കരിക്കുന്നവരെ ചിതറിച്ചു.
52: ശക്തന്മാരെ സിംഹാസനങ്ങളിൽനിന്നു താഴെയിറക്കി; എളിയവരെയുയര്‍ത്തി.
53: വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
54: തന്റെ കാരുണ്യമനുസ്മരിച്ചുകൊണ്ട്, അവിടുന്നു തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
55: നമ്മുടെ പിതാക്കന്മാരായ അബ്രാഹമിനോടും അവന്റെ സന്തതികളോടും എന്നേയ്ക്കുമായി അരുൾചെയ്തപോലെ. 
56: മറിയം അവളുടെകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

യോഹന്നാന്റെ ജനനവും പരിച്ഛേദനവും 
57: എലിസബത്തിനു പ്രസവിക്കാനുള്ള സമയമായി; അവളൊരു പുത്രനെ പ്രസവിച്ചു.
58: കര്‍ത്താവവളോടു വലിയകാരുണ്യംകാണിച്ചിരിക്കുന്നു എന്നുകേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
59: എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ചു സഖറിയായെന്നു വിളിക്കാൻ അവരൊരുങ്ങി.
60: എന്നാല്‍, അവന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
61: അവരവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാരും ഈ പേരിൽ വിളിക്കപ്പെടുന്നില്ലല്ലോ. 
62: അവൻ എങ്ങനെ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന്, അവന്റെ പിതാവിനോട്, അവര്‍ ആംഗ്യംകാണിച്ചുചോദിച്ചു.
63: അവന്‍ ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. യോഹന്നാന്‍ എന്നാണ് അവന്റെ പേരെന്നുപറഞ്ഞുകൊണ്ട്, അതിലെഴുതി. എല്ലാവരും അദ്ഭുതപ്പെട്ടു.
64: തത്ക്ഷണം അവന്റെ വായും നാവും തുറക്കപ്പെട്ടു. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിച്ചു.
65: അവരുടെ അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി; ഈ കാര്യങ്ങളെല്ലാം യൂദയായിലെ മലനാട്ടിലാകെ സംസാരവിഷയമാവുകയുംചെയ്തു.
66: കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരുമെന്നു പറഞ്ഞുകൊണ്ട്, ഇവ ഹൃദയത്തിൽ സൂക്ഷിച്ചു. എന്തെന്നാൽ, കര്‍ത്താവിന്റെ കരം, അവനോടുകൂടെയുണ്ടായിരുന്നു.

സഖറിയായുടെ പ്രവചനം 
67: അവന്റെ പിതാവായ സഖറിയാ, പരിശുദ്ധാത്മാവാല്‍നിറഞ്ഞു പ്രവചിച്ചു:
68: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. എന്തെന്നാൽ, അവിടുന്നു തന്റെ ജനത്തെ സന്ദര്‍ശിച്ചുവീണ്ടെടുപ്പുനടത്തി.
69: തന്റെ ദാസനായ ദാവീദിന്റെ കുടുംബത്തില്‍ നമുക്കായി, രക്ഷയുടെ കൊമ്പുയര്‍ത്തി;
70: അത്, അവിടുന്ന്, പുരാതനകാലംമുതലേ, തന്റെ വിശുദ്ധരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ അരുൾചെയ്തിരുന്നപോലെ,
71: നമ്മുടെ ശത്രുക്കളുടെയും നമ്മെവെറുക്കുന്ന എല്ലാവരുടേയും കൈയില്‍നിന്നു രക്ഷിക്കാനും
72: നമ്മുടെ പിതാക്കന്മാരോടുള്ള കരുണപ്രവര്‍ത്തിക്കാനും തന്റെ പരിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനുമാണ്.
73: ഇതാകട്ടെ, അവിടുന്ന്, നമ്മുടെ പിതാവായ അബ്രാഹമിനോടുചെയ്ത ശപഥമനുസരിച്ച്,  
74: നാം ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
75: വിശുദ്ധിയിലും നീതിയിലും നമ്മുടെ നാളുകളിലെല്ലാം അവന്റെമുമ്പില്‍ ആരാധിക്കാൻവേണ്ടിയത്രേ! 
76: നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവന്റെ മുമ്പേ പോകും.
77: അത് അവന്റെ ജനത്തിനു പാപമോചനത്താലുള്ള രക്ഷയെക്കുറിച്ച്, അറിവുനല്കാനും 
78: നമ്മുടെ ദൈവത്തിന്റെ ആർദ്രമായകരുണയാൽ, ഉന്നതത്തില്‍നിന്നുള്ള ഉദയസൂര്യൻ നമ്മെ സന്ദര്‍ശിക്കുമ്പോള്‍
79: ഇരുളിലും മരണത്തിന്റെ നിഴലിലുമിരിക്കുന്നവര്‍ക്കു പ്രകാശംവീശാനും സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്കു നമ്മുടെ പാദങ്ങൾ നേർനയിക്കാനുമത്രേ.
80: ശിശു വളരുകയും ആത്മാവില്‍ ബലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്രായേലിനുള്ള പ്രത്യക്ഷപ്പെടലിന്റെ നാളുകൾവരെ അവന്‍ മരുഭൂമിയിലായിരുന്നു.

ഇരുന്നൂറ്റിത്തൊണ്ണൂറാം ദിവസം: മര്‍ക്കോസ് 15 - 16


അദ്ധ്യായം 15

വിചാരണയും വിധിയും
1: ഉടനേ രാവിലെ, പ്രധാനപുരോഹിതന്മാര്‍ ശ്രേഷ്ഠന്മാരോടും നിയമജ്ഞരോടും ന്യായാധിപസംഘംമുഴുവനോടുംചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചുകൊണ്ടുപോയി പീലാത്തോസിനെയേല്പിച്ചു.
2: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവനവനോടു മറുപടി പറഞ്ഞു: നീതന്നെ പറയുന്നു.
3: 
പ്രധാനപുരോഹിതന്മാര്‍ അവനില്‍ പലകുറ്റങ്ങളും ആരോപിച്ചുകൊണ്ടിരുന്നു.
4: പീലാത്തോസ് വീണ്ടും അവനോടു ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്രകുറ്റങ്ങളാണ് അവര്‍ നിന്നിലാരോപിക്കുന്നത്!
5: എന്നാല്‍, യേശു മറുപടിയൊന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.
6: ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ അവർക്കായി തിരുനാളില്‍ മോചിപ്പിക്കുമായിരുന്നു.
7: വിപ്ലവത്തിനിടയില്‍ കൊലപാതകംനടത്തിയ വിപ്ലവകാരികളോടൊപ്പം 
ബറാബ്ബാസ് എന്നുവിളിക്കപ്പെടുന്ന ഒരുവൻ ബന്ധിതനായി, തടങ്കലിലുണ്ടായിരുന്നു.
8: ജനക്കൂട്ടം അടുത്തുചെന്നു പതിവായി അവർക്കുചെയ്തിരുന്നത് ആവശ്യപ്പെട്ടു.
9: പീലാത്തോസ് അവരോടു പറഞ്ഞു: യഹൂദരുടെ രാജാവിനെ നിങ്ങൾക്കു ഞാന്‍ മോചിപ്പിച്ചുതരണമെന്നാണോ നിങ്ങളാഗ്രഹിക്കുന്നത്?
10: എന്തെന്നാല്‍, അസൂയനിമിത്തമാണു 
പ്രധാനപുരോഹിതന്മാര്‍ അവനെ ഏല്പിച്ചുതന്നതെന്ന് അവനറിഞ്ഞിരുന്നു.
11: എന്നാല്‍, ബറാബ്ബാസിനെയാണു തങ്ങൾക്കു വിട്ടുതരേണ്ടതെന്നാവശ്യപ്പെടാന്‍ 
പ്രധാനപുരോഹിതന്മാര്‍ ജനക്കൂട്ടത്തെ ഇളക്കി.
12: അപ്പോൾ, പീലാത്തോസ് വീണ്ടുമവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാനെന്തു ചെയ്യണമെന്നാണ്‌ നിങ്ങളാഗ്രഹിക്കുന്നത്?
13: അവരാകട്ടെ, വീണ്ടുമാക്രോശിച്ചു: അവനെ ക്രൂശിക്കുക!
14: പീലാത്തോസ് അവരോടു ചോദിച്ചു: അവനെന്തു തിന്മപ്രവര്‍ത്തിച്ചു? അവര്‍ ആ
ക്രോശിച്ചു: അവനെ ക്രൂശിക്കുക!
15: അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തിന് ഇഷ്ടമായതുചെയ്യാൻ ആഗ്രഹിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചശേഷം ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

പടയാളികളുടെ പരിഹാസം
16: അനന്തരം, പടയാളികള്‍ 
വനെ അകത്തളത്തിൽ, പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യദളത്തെ മുഴുവൻ വിളിച്ചുകൂട്ടി.
17: അവരവനെ ധൂമ്രവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടംമെടഞ്ഞ് അണിയിക്കുകയും ചെയ്തു.
18: യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് അവര്‍ അവനെ അഭിവാദനംചെയ്യാന്‍തുടങ്ങി.
19: പിന്നീടു ഞാങ്ങണകൊണ്ട്, അവന്റെ ശിരസ്സിലടിക്കുകയും അവനെ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയുംചെയ്തു.
20: അവനെ പരിഹസിച്ചശേഷം 
ധൂമ്രവസ്ത്രം അഴിച്ചുമാറ്റുകയും സ്വന്തം വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. പിന്നീടവര്‍ അവനെ കുരിശില്‍ത്തറയ്ക്കാന്‍ പുറത്തേക്കു കൊണ്ടുപോയി.

കുരിശില്‍ത്തറയ്ക്കുന്നു
21: അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ സൈറീൻകാരൻ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നുവന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശുചുമക്കാന്‍ അവരവനെ നിര്‍ബന്ധിച്ചു.
22: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായില്‍ അവരവനെ കൊണ്ടുവന്നു.
23: മീറ കലര്‍ത്തിയ വീഞ്ഞ്, അവരവനു കൊടുത്തു. അവനതു സ്വീകരിച്ചില്ല.
24: പിന്നീട്, അവരവനെ കുരിശില്‍ത്തറച്ചു. അതിനുശേഷം അവരവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച്, അവയ്ക്കുമേൽ ഏത്, ആരെടുക്കണമെന്നതിനു കുറിയിട്ടു.
25: അവരവനെ കുരിശില്‍ത്തറച്ചപ്പോള്‍ മൂന്നാംമണിക്കൂറായിരുന്നു.
26: യഹൂദരുടെ രാജാവെന്ന് അവന്റെ കുറ്റപത്രവുമെഴുതിവച്ചിരുന്നു.
27: അവനോടുകൂടെ രണ്ടുകവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ത്തറച്ചു.
28: ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.
29: അതിലേ കടന്നുപോയവര്‍ തങ്ങളുടെ തലകുലുക്കികൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു: ഹാ, ദേവാലയംനശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടുംപണിയുന്നവനേ,
30: കുരിശില്‍നിന്നിറങ്ങിവന്ന്, 
നിന്നെത്തന്നെ രക്ഷിക്കുക.
31: അതുപോലെ, 
പ്രധാനപുരോഹിതന്മാരും നിയമജ്ഞരും പരിഹാസപൂര്‍വ്വം പരസ്പരംപറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.
32: ഞങ്ങള്‍ കണ്ടുവിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു, ഇപ്പോള്‍ കുരിശില്‍നിന്നിറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
33: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിമുഴുവന്‍ അന്ധകാരംവ്യാപിച്ചു.
34: ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു വലിയസ്വരത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ല്മാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, 
ന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?
35: അടുത്തുനിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.
36: ഒരുവനോടിവന്ന്, നീര്‍പ്പഞ്ഞി ചവർപ്പുള്ള വീഞ്ഞില്‍മുക്കി, ഒരു ഞാങ്ങണമേല്‍വച്ച്, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെത്താഴെയിറക്കാന്‍ ഏലിയാ വരുമോയെന്നു നമുക്കു കാണാം.
37: യേശു 
വലിയസ്വരത്തില്‍ നിലവിളിച്ചു ജീവന്‍വെടിഞ്ഞു.
38: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകളില്‍നിന്ന് താഴെവരെ രണ്ടായിക്കീറി.
39: അവനഭിമുഖമായിനിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതുകണ്ടു പറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
40: ഇതെല്ലാം കണ്ടുകൊണ്ട്, ദൂരെ കുറേ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേനമറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
41: ഗലീലിയിലായിരുന്നപ്പോള്‍ അവനെയനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണിവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കുവന്ന അനവധി സ്ത്രീകളും അവിടെയുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
42: അത്, സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്കദിവസം വൈകുന്നേരമായിരുന്നു.
43: അതിനാല്‍, ആലോചനാസമാഗത്തിലെ ഒരു പ്രമുഖഅംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായ അരിമത്തെയാക്കാരൻ ജോസഫ് ധൈര്യപൂര്‍വ്വം പീലാത്തോസിന്റെയടുത്തെത്തി, 
യേശുവിന്റെ ശരീരം ചോദിച്ചു.
44: അവന്‍ മരിച്ചുകഴിഞ്ഞോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവനിതിനകം മരിച്ചുകഴിഞ്ഞോ എന്നന്വേഷിച്ചു.
45: ശതാധിപനില്‍നിന്നു വിവരമറിഞ്ഞശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.
46: ജോസഫ് ഒരു കച്ചവാങ്ങി, അവനെ താഴെയിറക്കി, അതില്‍പ്പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ലുരുട്ടിവയ്ക്കുകയും ചെയ്തു.
47: അവനെ സംസ്കരിച്ചസ്ഥലം, മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.

അദ്ധ്യായം 16 

യേശുവിന്റെ പുനരുത്ഥാനം
1: സാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലേനമറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയുംപോയി, അവനെ അഭിഷേകംചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.
2: ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ കല്ലറയിങ്കലേക്കു പോയി.
3: അവര്‍ തമ്മില്‍ പറഞ്ഞു: ആരു നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍നിന്നു കല്ലുരുട്ടിമാറ്റിത്തരും?
4: എന്നാല്‍, അവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതുകണ്ടു! അതു വളരെ വലുതായിരുന്നുതാനും.
5: അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്തിരിക്കുന്നതു കണ്ടു. 
അവര്‍ വിസ്മയിച്ചുപോയി. 
6: അവനവരോടു പറഞ്ഞു: നിങ്ങള്‍ അദ്ഭുതപ്പെടേണ്ടാ. കുരിശില്‍
ത്തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങളന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവനിവിടെയില്ല. നോക്കൂ, അവരവനെ സംസ്കരിച്ചസ്ഥലം.
7: നിങ്ങള്‍പോയി, അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെ നിങ്ങളവനെക്കാണും.
8: അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ക്ക്, വിറയലും ആശ്ചര്യവുമുണ്ടായി. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്തെന്നാൽ, അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.

ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെടുന്നു
9: 
ഉയിര്‍ത്തെഴുന്നേറ്റശേഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ ഏഴുപിശാചുക്കളെ ബഹിഷ്കരിച്ചത്.
10: അവള്‍ചെന്ന് അവനോടുകൂടെയുണ്ടായിരുന്നവരെ വിവരമറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ട്, വിലപിച്ചിരിക്കുകയായിരുന്നു.
11: അവന്‍ ജീവിച്ചിരിക്കുന്നുവെന്നും അവള്‍ക്കു കാണപ്പെട്ടുവെന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.
12: ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരുരൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
13: അവര്‍പോയി ബാക്കിയുള്ളവരെ വിവരമറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.

ശിഷ്യഗണത്തിനു പ്രേഷിതദൗത്യം
14: പിന്നീട്, അവര്‍ പതിനൊന്നുപേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവനവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം, അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ ശാസിച്ചു. കാരണം, 
ഉയിര്‍പ്പിക്കപ്പെട്ട തന്നെക്കണ്ടവരെ അവർ വിശ്വസിച്ചില്ലാ.
15: അവനവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷംപ്രഘോഷിക്കുവിന്‍.
16: വിശ്വസിച്ചു സ്നാനംസ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.
17: വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങളുണ്ടായിരിക്കും: അവര്‍ എന്റെനാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
18: അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തുകുടിച്ചാലും അതവർക്കു ഹാനിവരുത്തുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കുകയും അവര്‍ സുഖംപ്രാപിക്കുകയുംചെയ്യും.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
19: കര്‍ത്താവായ യേശു അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ, സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
20: അവര്‍ എല്ലായിടത്തുംപോയി പ്രഘോഷിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയുംചെയ്തിരുന്നു.

ഇരുന്നൂറ്റിയെൺപത്തൊമ്പതാം ദിവസം: മര്‍ക്കോസ് 13 - 14


അദ്ധ്യായം 13

ദേവാലയത്തിന്റെ നാശത്തെക്കുറിച്ച് 
1: യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്രവലിയ കല്ലുകള്‍! എത്രവലിയ സൗധങ്ങള്‍!
2: 
യേശു അവനോടു പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നീ കാണുന്നില്ലേ? എന്നാല്‍ ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.

വേദനകളുടെ ആരംഭം
3: അനന്തരം, അവന്‍ ഒലിവുമലയില്‍, ദേവാലയത്തിനഭിമുഖമായിരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:
4: ഇതെന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകാന്‍തുടങ്ങുമ്പോള്‍ അടയാളമെന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.
5: യേശു അവരോടു പറയാൻതുടങ്ങി: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
6: ഞാനാണെന്നു പറഞ്ഞു പലരും എന്റെ നാമത്തില്‍വരും. അവരനേകരെ വഴിതെറ്റിക്കും.
7: നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റിക്കേള്‍ക്കും. 
യുദ്ധവാർത്തകളും. അപ്പോള്‍ നിങ്ങളസ്വസ്ഥരാകരുത്. ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അതവസാനമല്ല.
8: 
ജനത, ജനതയ്‌ക്കെതിരായും രാജ്യം, രാജ്യത്തിനെതിരായും അണിനിരക്കും. പലസ്ഥലങ്ങളില്‍ ഭൂകമ്പവും ക്ഷാമവുമുണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം.
9: നിങ്ങളാകട്ടെ, ജാഗരൂകരായിരിക്കുവിന്‍.
അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്കേല്പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങൾ പ്രഹരിക്കപ്പെടും. 
ദേശാധിപതികളുടെയും രാജാക്കന്മാരുടെയുംമുമ്പാകെ, എന്നെപ്രതി, അവർക്കു സാക്ഷ്യത്തിനായി, നിങ്ങള്‍ നില്‍ക്കും.
10: എന്നാല്‍, ആദ്യം എല്ലാജനതകളോടും സുവിശേഷംപ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.
11: അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍, എന്തുപറയണമെന്നു വിചാരിച്ച്, ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്ത്, നിങ്ങള്‍ക്കു നല്കപ്പെടുന്നതെന്തോ അതു സംസാരിക്കുവിന്‍. കാരണം, നിങ്ങളല്ല 
സംസാരിക്കുന്നത്, പരിശുദ്ധാത്മാവാണ്.
12: സഹോദരന്‍, സഹോദരനെ മരണത്തിനേല്പിച്ചുകൊടുക്കും. പിതാവു പുത്രനെയും. മക്കള്‍ മാതാപിതാക്കന്മാര്‍ക്കെതിരേ തിരിയുകയും അവരെ വധിക്കുകയും ചെയ്യും.
13: എന്റെ നാമത്തെപ്രതി നിങ്ങൾ എല്ലാവരാലും വെറുക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.

ഭീകരദുരിതങ്ങളുടെ കാലം

14: വിനാശത്തിന്റെ മ്ലേച്ഛത നില്ക്കരുതാത്തിടത്തു നില്ക്കുന്നതു നിങ്ങള്‍കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ - യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യുക.
15: പുരമുകളിലായിരിക്കുന്നവന്‍ താഴെയിറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലുമെടുക്കാന്‍ അകത്തുപ്രവേശിക്കുകയോ അരുത്.
16: വയലിലായിരിക്കുന്നവന്‍ തന്റെ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്.
17: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
18: ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
19: ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്തതുമായ കഷ്ടതകള്‍ ആ ദിവസങ്ങളിലുണ്ടാകും.
20: കര്‍ത്താവ് ആ ദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷിക്കപ്പെടുകയില്ലായിരുന്നു. എന്നാല്‍, ദൈവം നിർണ്ണയിച്ച തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന്, ആ ദിവസങ്ങള്‍ ചുരുക്കി.
21: ഇതാ, ക്രിസ്തു ഇവിടെ; അതാ, അവിടെയെന്ന് ആരെങ്കിലും അപ്പോൾപ്പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
22: കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും ഉയർന്നുവരും. സാദ്ധ്യമെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
23: എന്നാൽ, നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം
24: 
എന്നാൽ, ആ ക്ലേശങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യനിരുണ്ടുപോകും. ചന്ദ്രനതിന്റെ പ്രകാശംതരുകയില്ല.
25: നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും.
26: അപ്പോള്‍ മനുഷ്യപുത്രന്‍ വലിയശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍വരുന്നത് അവര്‍ കാണും.
27: അപ്പോള്‍, അവന്‍ ദൂതന്മാരെയയയ്ക്കും. അവ
ന്‍ ഭൂമിയുടെ അതിര്‍ത്തികള്‍മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍വരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
28: അത്തിമരത്തില്‍നിന്ന്, ഒരുപമ പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി, തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
29: അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതുകാണുമ്പോള്‍, അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നെന്നു ഗ്രഹിച്ചുകൊള്ളുക.
30: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
31: ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിന്‍
32: എന്നാല്‍, ആ ദിവസത്തെയോ ആ മണിക്കൂറിനെയോകുറിച്ച്, പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
33: ശ്രദ്ധിക്കുവിൻ, ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.
34: തന്റെ വീടുവിട്ടു യാത്രപോകുന്ന ഒരുവന്‍, സേവകര്‍ക്ക് അധികാരവും ഓരോ ആൾക്കും അവന്റെ ജോലിയും നല്കുന്നതും വാതിൽകാവല്‍ക്കാരനോട് ഉണര്‍ന്നിരിക്കാൻകല്പിക്കുന്നതുംപോലെയാണിത്. 
35: ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍വരുമെന്ന്, സന്ധ്യയ്ക്കോ, അര്‍ദ്ധരാത്രിക്കോ, കോഴികൂവുമ്പോഴോ, രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
36: പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി അവൻ കാണാതിരിക്കട്ടെ.
37: ഞാന്‍ നിങ്ങളോടു പറയുന്നത്, എല്ലാവരോടുമായി പറയുന്നു. ജാഗരൂകരായിരിക്കുവിന്‍.

അദ്ധ്യായം 14 

യേശുവിനെ വധിക്കാനാലോചന
1: ര
ണ്ടു ദിവസങ്ങൾക്കുശേഷം, പെസഹായും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുമായിരുന്നു. യേശുവിനെ ചതിവില്‍പ്പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അന്വേഷിച്ചുകൊണ്ടിരുന്നു.
2: അവര്‍ പറഞ്ഞു: ജനങ്ങള്‍ ബഹളമുണ്ടാക്കാതിരിക്കാൻ, തിരുനാളില്‍വേണ്ട.

ബഥാനിയായിലെ തൈലാഭിഷേകം
3: അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണിയിൽ, വിലയേറിയ ശുദ്ധനാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണിതുറന്ന്, അതവന്റെ ശിരസ്സിലൊഴിച്ചു.
4: അവിടെയുണ്ടായിരുന്ന ചിലര്‍, അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു:
5: ഈ തൈലം പാഴാക്കിക്കളഞ്ഞതെന്തിന്? കാരണം, ഇതു മുന്നൂറിലധികം ദനാറയ്ക്കുവിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവരവളെ കുറ്റപ്പെടുത്തി.
6: യേശു പറഞ്ഞു: ഇവളെ വിട്ടേക്കുക. എന്തിനിവളെ വിഷമിപ്പിക്കുന്നു? ഇവളെനിക്കുവേണ്ടി ഒരു നല്ലപ്രവൃത്തിചെയ്തിരിക്കുന്നു.
7: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ആഗ്രഹിക്കുമ്പോഴൊക്കെ, അവര്‍ക്കു നന്മചെയ്യാന്‍ നിങ്ങൾക്കു സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
8: ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ സംസ്കാരത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം, മുന്‍കൂട്ടി തൈലംപൂശുകയാണുചെയ്തത്.
9: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്തതും, ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന
10: പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്ക്കറിയോത്താ, അവനെ അവർക്ക്, ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്മാരുടെ അടുത്തുചെന്നു.
11: അവര്‍ അതുകേട്ടു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നുവിചാരിച്ച് അവൻ പറ്റിയ അവസരംപാര്‍ത്തിരുന്നു.

പെസഹാ ആചരിക്കുന്നു
12: പെസഹാബലിയര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, അവന്റെ ശിഷ്യന്മാര്‍ 
വനോടു ചോദിച്ചു: നിനക്കു പെസഹാഭക്ഷിക്കേണ്ടതിന്, എവിടെപ്പോയി ഞങ്ങള്‍ ഒരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
13: അവന്‍ തന്റെ രണ്ടുശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യന്‍ നിങ്ങളെക്കാണും. അവനെയനുഗമിക്കുക.
14: അവൻ എവിടെച്ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്തു പെസഹാഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാലയെവിടെയാണ്?
15: സജ്ജീകൃതമായ ഒരു വലിയമാളികമുറി അവൻ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടിയൊരുക്കുക.
16: ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തിലെത്തി, അവനവരോടു പറഞ്ഞിരുന്നതുപോലെ കണ്ടു.
17: അവര്‍ പെസഹായൊരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.
18: അവര്‍ പന്തിയിൽ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണംകഴിക്കുന്ന നിങ്ങളിലൊരുവന്‍, എന്നെ ഒറ്റിക്കൊടുക്കും. 
19: അവര്‍ ദുഃഖിതരാകാനും ഓരോരുത്തരും അവനോടു ചോദിക്കാനുംതുടങ്ങി: ഞാനല്ലല്ലോ..? 
20: അവനവരോടു പറഞ്ഞു: പന്ത്രണ്ടിലൊരുവൻ; എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍!
21: എന്തെന്നാൽ, മനുഷ്യപുത്രന്‍, തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നപോലെ കടന്നുപോകുന്നു. എന്നാല്‍, ആരാൽ മനുഷ്യപുത്രൻ ഒറ്റിക്കൊടുക്കപ്പെടുന്നുവോ, ആ മനുഷ്യനു ദുരിതം! 
ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കില്‍, അവനു നന്നായിരുന്നു.

പുതിയ ഉടമ്പടി
22: അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച്, അവര്‍ക്കു നല്കിക്കൊണ്ട് അരുൾചെയ്തു: സ്വീകരിക്കുവിന്‍; ഇതെന്റെ ശരീരമാണ്.
23: അനന്തരം, പാനപാത്രമെടുത്ത്, കൃതജ്ഞതാസ്‌തോത്രംചെയ്ത്, അവര്‍ക്കു നല്കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു.
24: അവനവരോടരു
ൾചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന, ഉടമ്പടിയുടെ എന്റെ രക്തമാണ്.
25: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാനിതു നവമായി പാനംചെയ്യുന്ന ആ ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.
26: സ്‌തോത്രഗീതമാലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും
27: യേശു അവരോടു പറഞ്ഞു: നിങ്ങളെല്ലാവരും ഇടറിപ്പോകും. എന്തെന്നാൽ, ഇങ്ങനെ
 എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ ഇടയനെയടിക്കും; ആടുകള്‍ ചിതറിക്കപ്പെടും.
28: എന്നാൽ, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
29: അപ്പോൾ പത്രോസ് പറഞ്ഞു: എല്ലാവരുമിടറിയാലും ഞാനിടറുകയില്ല.
30: യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം 
നീയെന്നെ നിഷേധിച്ചുപറയും.
31: അവന്‍ ആവർത്തിച്ചുപറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.

ഗത്സെമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
32: അവര്‍ ഗത്സെമനി എന്നുപേരുള്ള സ്ഥലത്തെത്തി. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളിവിടെയിരിക്കുവിന്‍.
33: അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും തന്റെ കൂടെക്കൊണ്ടുപോയി, ആകുലനാകാനും അസ്വസ്ഥനാകാനുംതുടങ്ങി.
34: അവനവരോടു പറഞ്ഞു: എന്റെ ആത്മാവ്, മരണത്തോളം അതിദുഃഖിതമായിരിക്കുന്നു. നിങ്ങളിവിടെ ഉണര്‍ന്നിരിക്കുവിന്‍.
35: അവന്‍ അല്പദൂരം മുന്നോട്ടുചെന്ന്, നിലത്തുവീണ്, സാദ്ധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെക്കടന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
36: അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേയ്ക്കു സാദ്ധ്യമാണ്. ഈ പാനപാത്രം എന്നില്‍നിന്നു മാറ്റിത്തരണമേ! എന്നാല്‍ ഞാനാഗ്രഹിക്കുന്നതല്ലാ, പ്രത്യുത, അങ്ങാഗ്രഹിക്കുന്നത്. 
37: അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതുകണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീയുറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു ശക്തിയില്ലേ?
38: പ്രലോഭനത്തിലകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.
39: അവന്‍ വീണ്ടുംപോയി, അതേ വചനംപറഞ്ഞുപ്രാര്‍ത്ഥിച്ചു.
40: തിരിച്ചുവന്നപ്പോള്‍ അവരെ, ഉറങ്ങുന്നതായിക്കണ്ടു. എന്തെന്നാൽ, അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോടെന്തു മറുപടിപറയണമെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു.
41: അവന്‍ മൂന്നാമതുംവന്ന്, അവരോടു പറഞ്ഞു: ഇനിയും നിങ്ങൾ, ഉറങ്ങിവിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളിലേല്പിക്കപ്പെടുന്നു.
42: എഴുന്നേല്ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യൂദാസ് ഒറ്റിക്കൊടുക്കുന്നു
43: ഉടനേ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, പന്ത്രണ്ടുപേരിലൊരുവനായ യൂദാസ്, പ്രധാനപുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ശ്രേഷ്ഠന്മാരുടെയുമടുത്തുനിന്നു വാളും വടിയുമായിവന്ന ഒരു ജനക്കൂട്ടത്തിന്റെകൂടെ 
അവിടെയെത്തി.
44: അവന്റെ ഒറ്റുകാരന്‍, അവര്‍ക്ക് ഒരടയാളം പറഞ്ഞുകൊടുത്തിരുന്നു; ഞാൻ ആരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെപ്പിടിച്ച്, കരുതലോടെ കൊണ്ടുപൊയ്‌ക്കൊള്ളുക.
45: അവനുടനേ, യേശുവിനെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ചുംബിച്ചു.
46: അപ്പോള്‍ അവരവനെ പിടിച്ചുബന്ധിച്ചു.
47: സമീപത്തുനിന്നിരുന്ന ഒരുവന്‍ വാളൂരി, മഹാപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.
48: യേശു അവരോടു ചോദിച്ചു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ?
49: ഞാന്‍ ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട്, നിങ്ങളോടുകൂടെയുണ്ടായിരുന്നു; നിങ്ങളെന്നെ പിടിച്ചില്ല. എന്നാല്‍, ലിഖിതങ്ങള്‍ പൂര്‍ത്തിയാക്കപ്പെടട്ടെ.
50: അപ്പോള്‍, എല്ലാവരും അവനെവിട്ട് ഓടിപ്പോയി.
51: എന്നാല്‍, ഒരുയുവാവ് അവനെയനുഗമിച്ചു. അവന്‍ പുതപ്പുമാത്രമേ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവരവനെപ്പിടിച്ചു.
52: അവന്‍ പുതപ്പുപേക്ഷിച്ച്, നഗ്നനായി ഓടിപ്പോയി.

ന്യായാധിപസംഘത്തിന്റെ മുമ്പില്‍
53: അവര്‍ യേശുവിനെ മഹാപുരോഹിതന്റെയടുത്തേക്കു കൊണ്ടുപോയി. എല്ലാ പ്രധാനപുരോഹിതന്മാരും ശ്രേഷ്ഠന്മാരും നിയമജ്ഞരും ഒരുമിച്ചുകൂടി.
54: പത്രോസ്, മഹാപുരോഹിതന്റെ മുറ്റംവരെ അവനെ അല്പമകലെയായി അനുഗമിച്ചു. പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീകാഞ്ഞുകൊണ്ടിരുന്നു.
55: പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘംമുഴുവനും യേശുവിനെ വധിക്കുന്നതിന്, അവനെതിരേ സാക്ഷ്യമന്വേഷിച്ചു. പക്ഷേ, അവര്‍ കണ്ടെത്തിയില്ല.
56: പലരും അവനെതിരേ കള്ളസാക്ഷ്യംപറഞ്ഞെങ്കിലും 
സാക്ഷ്യങ്ങൾതമ്മില്‍ പൊരുത്തപ്പെട്ടില്ല.
57: ചിലരെഴുന്നേറ്റ് അവനെതിരേ കള്ളസാക്ഷ്യം പറഞ്ഞു:
58: കൈകൊണ്ടുപണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടുപണിയാത്ത മറ്റൊന്ന്. മൂന്നു ദിവസംകൊണ്ടു നിര്‍മ്മിക്കുകയുംചെയ്യുമെന്ന് ഇവന്‍പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്.
59: ഇങ്ങനേയും അവരുടെ സാ
ക്ഷ്യം പൊരുത്തപ്പെട്ടില്ല.
60: മഹാപുരോഹിതന്‍, മദ്ധ്യത്തിലെഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിനു നിനക്കു മറുപടിയൊന്നുംപറയാനില്ലേ?
61: അവന്‍ നിശ്ശബ്ദനായിരുന്നു. മറുപടിയൊന്നും പറഞ്ഞില്ല. മഹാപുരോഹിതന്‍ വീണ്ടുമവനോടു ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?
62: യേശു പറഞ്ഞു: ഞാനാകുന്നു. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
63: അപ്പോള്‍ മഹാപുരോഹിതന്‍ തന്റെ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം?
64: ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ? നിങ്ങള്‍ക്കെന്തു തോന്നുന്നു? അവന്‍ മരണാര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു.
65: ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖംമറച്ച്, മുഷ്ടികൊണ്ടിടിക്കാനും നീ പ്രവചിക്കുകയെന്ന് അവനോടു പറയാനുംതുടങ്ങി. ഭൃത്യന്മാര്‍ അവന്റെ ചെകിട്ടത്തടിച്ച്, ഏറ്റുവാങ്ങി.

പത്രോസ് തള്ളിപ്പറയുന്നു
66: പത്രോസ്, താഴെ മുറ്റത്തിരിക്കുമ്പോള്‍, മഹാപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്,
67: അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട്, അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെകൂടെയായിരുന്നല്ലോ.
68: അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാനറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചുപറഞ്ഞു. പിന്നെ, അവന്‍ പുറത്തു പടിവാതില്‍ക്കലേക്കു പോയി. അപ്പോൾ കോഴികൂകി.
69: ആ പരിചാരിക അവനെക്കണ്ടപ്പോള്‍, അടുത്തുനിന്നവരോടു വീണ്ടും പറഞ്ഞു: ഇവന്‍ അവരിലൊരുവനാണ്.
70: അവന്‍ വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ 
വീണ്ടും പത്രോസിനോടു പറഞ്ഞു: സത്യമായും നീ അവരിലൊരുവനാണ്. കാരണം, നീയും ഗലീലിയക്കാരനാണല്ലോ.
71: നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാനറിയുന്നില്ലെന്നുപറഞ്ഞ് അവന്‍ ശപിക്കാനും ആണയിടാനുംതുടങ്ങി.
72: ഉടന്‍തന്നെ കോഴി രണ്ടാംപ്രാവശ്യം കൂവി. കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം 
നീയെന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.