അപ്പസ്തോല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അപ്പസ്തോല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുന്നൂറ്റിയിരുപത്തിമൂന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 27 - 28


അദ്ധ്യായം 27


റോമായിലേക്കു കപ്പല്‍യാത്ര
1: ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍പ്പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്‌തേ സൈന്യവിഭാഗത്തിന്റെ ശതാധിപനായ ജൂലിയൂസിനെ ഏല്പിച്ചു.
2: ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത് ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍ യാത്രപുറപ്പെട്ടപ്പോള്‍ തെസലോനിക്കാ നഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്താര്‍ക്കൂസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു.
3: പിറ്റേദിവസം, ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ്, പൗലോസിനോടു ദയാപൂര്‍വ്വം പെരുമാറുകയും സ്‌നേഹിതരുടെയടുക്കല്‍പ്പോകുന്നതിനും അവരുടെ ആതിത്ഥ്യം സ്വീകരിക്കുന്നതിനും അവനെയനുവദിക്കുകയും ചെയ്തു.
4: അവിടെനിന്നു ഞങ്ങള്‍ യാത്രതിരിച്ചു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍, സൈപ്രസിനടുത്തുകൂടെയാണു പോയത്.
5: കിലിക്യായുടെയും പാംഫീലിയായുടെയുമടുത്തുള്ള സമുദ്രഭാഗങ്ങള്‍ കടന്ന്, ഞങ്ങള്‍ ലിക്കിയായിലെ മീറായിലെത്തി.
6: ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാണ്ഡ്രിയന്‍ കപ്പല്‍ അവിടെക്കിടക്കുന്നതു കണ്ടു. ശതാധിപന്‍ ഞങ്ങളെ അതില്‍ക്കയറ്റി.
7: ഞങ്ങള്‍ കുറച്ചധികം ദിവസം മന്ദഗതിയില്‍ യാത്രചെയ്ത്, വളരെ പ്രയാസപ്പെട്ട്, ക്നീദോസിന് എതിരേയെത്തി. മുന്നോട്ടുപോകാന്‍ കാറ്റ് അനുവദിക്കായ്കയാല്‍ സല്‍മോനെയുടെ എതിര്‍വശത്തുകൂടെ ക്രേത്തേയുടെ തീരംചേര്‍ന്നു നീങ്ങി.
8: അതിനു സമീപത്തിലൂടെ ദുര്‍ഘടയാത്രയെത്തുടര്‍ന്ന് ശുഭതുറമുഖങ്ങള്‍ എന്നു പേരുള്ള സ്ഥലത്തെത്തി. ലാസായിയാ പട്ടണം അതിനു സമീപമാണ്.
9: സമയം വളരെയേറെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപവാസകാലം അവസാനിക്കുകയും ചെയ്തു. അപ്പോള്‍ യാത്രചെയ്യുക അപകടപൂര്‍ണ്ണവുമായിരുന്നു. അതിനാല്‍, പൗലോസ് അവരോടിങ്ങനെ ഉപദേശിച്ചു: 
10: മാന്യരേ, നമ്മുടെ ഈ കപ്പല്‍യാത്ര കപ്പലിനും ചരക്കിനുംമാത്രമല്ല നമ്മുടെ ജീവനുതന്നെയും നഷ്ടവും അപകടവുംവരുത്തുമെന്നു ഞാന്‍ കാണുന്നു.
11: എന്നാല്‍, ശതാധിപന്‍ പൗലോസിന്റെ വാക്കുകളെയല്ല, കപ്പിത്താനെയും കപ്പലുടമയെയുമാണ് അനുസരിച്ചത്.
12: ആ തുറമുഖം ശൈത്യകാലം ചെലവഴിക്കാന്‍ പറ്റിയതല്ലാത്തതിനാല്‍ അവിടെനിന്നു പുറപ്പെട്ട്, കഴിയുമെങ്കില്‍ ഫേനിക്സിലെത്തി, ശൈത്യകാലം അവിടെ കഴിക്കണമെന്നു മിക്കവരും അഭിപ്രായപ്പെട്ടു. ക്രേത്തേയിലെ ഈ തുറമുഖത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങള്‍ കടലിലേക്കു തുറന്നുകിടന്നിരുന്നു.

കൊടുങ്കാറ്റും കപ്പല്‍നാശവും
13: തെക്കന്‍കാറ്റ്, മന്ദമായി വീശിത്തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉദ്ദേശ്യം സാധിതപ്രായമായി എന്ന ചിന്തയോടെ അവര്‍ നങ്കൂരമുയര്‍ത്തി, ക്രേത്തേയുടെ തീരംചേര്‍ന്നു യാത്ര തുടര്‍ന്നു.
14: എന്നാല്‍, പൊടുന്നനേ വടക്കുകിഴക്കന്‍ എന്നു വിളിക്കപ്പെടുന്ന കൊടുങ്കാറ്റ്, കരയില്‍നിന്ന് ആഞ്ഞടിച്ചു. കപ്പല്‍, കൊടുങ്കാറ്റിലകപ്പെട്ടു.
15: കാറ്റിനെ എതിര്‍ത്തുനില്ക്കാന്‍ അതിനുകഴിഞ്ഞില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനുവഴങ്ങി, അതിന്റെ വഴിക്കുതന്നെ പോയി.
16: ക്ലെവ്ദാ എന്നു വിളിക്കപ്പെടുന്ന ദ്വീപിന്റെ അരികുചേര്‍ത്തു കപ്പലോടിക്കുമ്പോള്‍ കപ്പലിനോടു ബന്ധിച്ചിരുന്ന തോണി വളരെ പ്രയാസപ്പെട്ടാണ് നിയന്ത്രണാധീനമാക്കിയത്.
17: അവര്‍ അതെടുത്തുയര്‍ത്തി, കപ്പലിനോടു ചേര്‍ത്തു കെട്ടിയുറപ്പിച്ചു. പിന്നെ, സിര്‍ത്തിസ് തീരത്ത്, ആഴംകുറഞ്ഞ സ്ഥലങ്ങളില്‍ കപ്പല്‍ ഉറച്ചുപോകുമോ എന്നു ഭയപ്പെട്ടു കപ്പല്‍പ്പായ്കള്‍ താഴ്ത്തി. കാറ്റിന്റെവഴിക്കു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നു.
18: വലിയ കൊടുങ്കാറ്റില്‍പ്പെട്ടു കപ്പല്‍ ആടിയുലഞ്ഞതിനാല്‍, അടുത്തദിവസം അവര്‍ ചരക്കുകള്‍ കടലിലെറിയാന്‍തുടങ്ങി.
19: മൂന്നാംദിവസം അവര്‍ സ്വന്തം കൈകൊണ്ടു കപ്പല്‍പ്പായ്കളും വലിച്ചെറിഞ്ഞു.
20: വളരെ ദിവസങ്ങളായി സൂര്യനോ നക്ഷത്രങ്ങളോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാല്‍ രക്ഷപ്പെടാമെന്ന ആശതന്നെ ഞങ്ങള്‍ കൈവെടിഞ്ഞു.
21: പലദിവസങ്ങള്‍ ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നപ്പോള്‍ പൗലോസ് അവരുടെ മദ്ധ്യേനിന്നു പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കേണ്ടതായിരുന്നു. ക്രേത്തേയില്‍നിന്നു യാത്രതിരിക്കുകയേ അരുതായിരുന്നു. എങ്കില്‍, ഈ നാശങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
22: എന്നാല്‍, ഇപ്പോള്‍ ധൈര്യമായിരിക്കണമെന്നു നിങ്ങളോടു ഞാനുപദേശിക്കുന്നു. കപ്പല്‍ തകര്‍ന്നുപോകുമെന്നല്ലാതെ നിങ്ങള്‍ക്കാര്‍ക്കും ജീവഹാനി സംഭവിക്കുകയില്ല.
23: എന്തെന്നാല്‍, ഞാന്‍ ആരാധിക്കുന്നവനും എന്റെ ഉടയവനുമായ ദൈവത്തിന്റെ ഒരു ദൂതന്‍ ഇക്കഴിഞ്ഞരാത്രി എനിക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
24: പൗലോസ്, നീ ഭയപ്പെടേണ്ടാ, സീസറിന്റെ മുമ്പില്‍ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.
25: അതിനാല്‍, ജനങ്ങളേ, നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍. എന്നോടു പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കുമെന്ന് എന്റെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
26: ഒരു ദ്വീപില്‍ നാം ചെന്നുപറ്റും.
27: പതിന്നാലാമത്തെ രാത്രി അദ്രിയാക്കടലിലൂടെ ഞങ്ങള്‍ ഒഴുകിനീങ്ങുകയായിരുന്നു. ഏകദേശം അര്‍ദ്ധരാത്രിയായതോടെ, തങ്ങള്‍ കരയെ സമീപിക്കുകയാണെന്നു നാവികര്‍ക്കു തോന്നി. അവര്‍ ആഴം അളന്നുനോക്കിയപ്പോള്‍ ഇരുപതാള്‍ താഴ്ചയുണ്ടെന്നു കണ്ടു.
28: കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ വീണ്ടും അളന്നുനോക്കി. അപ്പോള്‍ പതിനഞ്ചാള്‍ താഴ്ചയേ ഉണ്ടായിരുന്നുള്ളു.
29: കപ്പല്‍ പാറക്കെട്ടില്‍ച്ചെന്ന് ഇടിച്ചെങ്കിലോ എന്നുഭയന്ന്, അവര്‍ അമരത്തുനിന്നു നാലു നങ്കൂരങ്ങള്‍ ഇറക്കിയിട്ട് പ്രഭാതമാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
30: നാവികര്‍ കപ്പലില്‍നിന്നു രക്ഷപെടാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍, കപ്പലിന്റെ അണിയത്തുനിന്നു നങ്കൂരമിറക്കാനെന്നവ്യാജേന തോണി കടലിലിറക്കി.
31: പൗലോസ് ശതാധിപനോടും ഭടന്മാരോടുമായിപ്പറഞ്ഞു: ഈ ആളുകള്‍ കപ്പലില്‍ത്തന്നെ നിന്നില്ലെങ്കില്‍ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല.
32: അപ്പോള്‍ ഭടന്മാര്‍ തോണിയുടെ കയറു ഛേദിച്ച്, അതു കടലിലേക്കു തള്ളി.
33: പ്രഭാതമാകാറായപ്പോള്‍, ഭക്ഷണംകഴിക്കാന്‍ പൗലോസ് എല്ലാവരെയും പ്രേരിപ്പിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ ഉത്കണ്ഠാകുലരായി ഒന്നും ഭക്ഷിക്കാതെ കഴിയാന്‍തുടങ്ങിയിട്ട് പതിനാലു ദിവസമായല്ലോ.
34: അതിനാല്‍, വല്ലതും ഭക്ഷിക്കാന്‍ നിങ്ങളോടു ഞാനഭ്യര്‍ത്ഥിക്കുന്നു. അതു നിങ്ങള്‍ക്കു ശക്തിപകരും. നിങ്ങളിലാരുടെയും ഒരു തലമുടിപോലും നശിക്കുകയില്ല.
35: ഇതു പറഞ്ഞിട്ട്, അവന്‍ എല്ലാവരുടെയുംമുമ്പാകെ അപ്പമെടുത്ത്, ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട്, മുറിച്ചുഭക്ഷിക്കാന്‍തുടങ്ങി.
36: അവര്‍ക്കെല്ലാം ഉന്മേഷമുണ്ടായി. അവരും ഭക്ഷണംകഴിച്ചു.
37: കപ്പലില്‍ ഞങ്ങള്‍ ആകെ ഇരുന്നൂറ്റിയെഴുപത്താറുപേര്‍ ഉണ്ടായിരുന്നു.
38: അവര്‍ മതിയാവോളം ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഗോതമ്പു കടലിലേക്കെറിഞ്ഞ്, കപ്പലിനു ഭാരം കുറച്ചു.
39: പ്രഭാതമായപ്പോള്‍ അവര്‍ സ്ഥലം തിരിച്ചറിഞ്ഞില്ലെങ്കിലും മണല്‍ത്തിട്ടകളോടുകൂടിയ ഒരുള്‍ക്കടല്‍ കണ്ടു. കഴിയുമെങ്കില്‍ അവിടെ കപ്പലടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
40: അവര്‍ നങ്കൂരങ്ങളറുത്തു കടലില്‍തള്ളി. ചുക്കാന്‍ ബന്ധിച്ചിരുന്ന കയറുകളും അയച്ചു. കാറ്റിനനുസരിച്ചു പായ് ഉയര്‍ത്തിക്കെട്ടി, തീരത്തേക്കു നീങ്ങി.
41: മുമ്പോട്ടു നീങ്ങിയ കപ്പല്‍, തള്ളിനിന്ന തിട്ടയില്‍ ചെന്നുറച്ചു. കപ്പലിന്റെ അണിയം, മണ്ണില്‍പ്പുതഞ്ഞു ചലനരഹിതമായി. അമരം തിരമാലയില്‍പ്പെട്ടു തകര്‍ന്നുപോയി.
42: തടവുകാര്‍ നീന്തി രക്ഷപ്പെടാതിരിക്കാന്‍ അവരെ കൊന്നുകളയണമെന്നായിരുന്നു ഭടന്മാരുടെ തീരുമാനം.
43: പൗലോസിനെ രക്ഷിക്കണമെന്നാഗ്രഹിച്ച ശതാധിപന്‍ ആ ഉദ്യമത്തില്‍നിന്ന് അവരെ തടഞ്ഞു. നീന്തല്‍ വശമുള്ളവരെല്ലാം ആദ്യം കപ്പലില്‍നിന്നു ചാടിയും
44: മറ്റുള്ളവര്‍ പലകകളിലോ കപ്പലിന്റെ കഷണങ്ങളിലോ പിടിച്ചും നീന്തി, കരപറ്റാന്‍ അവനാജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിലെത്തി.

അദ്ധ്യായം 28 


മാള്‍ട്ടായില്‍
1: ഞങ്ങള്‍ രക്ഷപ്പെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ്, അതെന്നു മനസ്സിലാക്കി.
2: അപരിചിതരെങ്കിലും സ്ഥലവാസികള്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യംകാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീകൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു.
3: പൗലോസ് കുറേ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരണലിപ്പാമ്പ്, ചൂടേറ്റു പുറത്തുചാടി, അവന്റെ കൈയില്‍ച്ചുറ്റി.
4: പാമ്പ് അവന്റെ കൈയില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പരസ്പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു സംശയമില്ല. അവന്‍ കടലില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ നീതി അവനെ അനുവദിക്കുന്നില്ല.
5: അവന്‍ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു; അവന് അപകടമൊന്നും സംഭവിച്ചുമില്ല.
6: അവന്‍ നീരുവന്നു വീര്‍ക്കുകയോ പെട്ടെന്നു വീണുമരിക്കുകയോചെയ്യുമെന്ന് അവര്‍ വിചാരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അഭിപ്രായംമാറ്റുകയും അവന്‍ ഒരു ദേവനാണെന്നു പറയുകയും ചെയ്തു.
7: ദ്വീപിലെ പ്രമാണിയായ പുബ്ലിയൂസിന് ആ സ്ഥലത്തിനടുത്തുതന്നെ കുറേ ഭൂമിയുണ്ടായിരുന്നു. അവന്‍ ഞങ്ങളെ സ്വീകരിച്ച്, മൂന്നുദിവസത്തേക്ക് ആതിത്ഥ്യം നല്കി.
8: പുബ്ലിയൂസിന്റെ പിതാവ്, പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു.
9: പൗലോസ് അവനെ സന്ദര്‍ശിച്ചുപ്രാര്‍ത്ഥിക്കുകയും അവന്റെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുകയുംചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന്, ദ്വീപിലുണ്ടായിരുന്ന മറ്റുരോഗികളും അവന്റെയടുക്കല്‍വന്നു സുഖംപ്രാപിച്ചുകൊണ്ടിരുന്നു.
10: അവര്‍ ഞങ്ങളെ വളരെയേറെ ബഹുമാനിച്ചു. ഞങ്ങള്‍ കപ്പല്‍യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു.

റോമായില്‍
11: മൂന്നുമാസത്തിനുശേഷം, ആ ദ്വീപില്‍ ശൈത്യകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അലക്സാണ്ഡ്രിയന്‍ കപ്പലില്‍ക്കയറി ഞങ്ങള്‍ യാത്രപുറപ്പെട്ടു.
12: ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നുദിവസം താമസിച്ചു.
13: അവിടെനിന്നു തീരംചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസംകഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാംദിവസം ഞങ്ങള്‍ പുത്തെയോളിലെത്തി.
14: അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു.
15: അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്പുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് ദൈവത്തിനു നന്ദിപറയുകയും ധൈര്യമാര്‍ജ്ജിക്കുകയും ചെയ്തു.
16: ഞങ്ങള്‍ റോമാപട്ടണത്തില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.

യഹൂദരോടു പ്രസംഗിക്കുന്നു
17: മൂന്നുദിവസംകഴിഞ്ഞശേഷം, സ്ഥലത്തെ യഹൂദനേതാക്കന്മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവനവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളിലേല്പിക്കപ്പെട്ടു.
18: അവര്‍ വിചാരണചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാനാഗ്രഹിച്ചു.
19: എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെമുമ്പാകെ ഉപരിവിചാരണയ്ക്കപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
20: ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെക്കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെപ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്.
21: അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌, യൂദയായില്‍നിന്നു ഞങ്ങള്‍ക്കു കത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെവന്ന സഹോദരരിലാരും നിനക്കെതിരായി വിവരംതരുകയോ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്തിട്ടുമില്ല.
22: എന്നാല്‍, നിന്റെ അഭിപ്രായങ്ങളെന്തെല്ലാമാണെന്നു നിന്നില്‍നിന്നുതന്നെ കേള്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇതു ഞങ്ങള്‍ക്കറിയാം, ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്തു സംസാരിക്കുന്നുണ്ട്.
23: അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്ചയിച്ചു. അന്ന് നിരവധിയാളുകള്‍ അവന്റെ വാസസ്ഥലത്തു വന്നുകൂടി. രാവിലെമുതല്‍ സന്ധ്യവരെ അവന്‍ മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കി, യേശുവിനെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
24: അവന്‍ പറഞ്ഞതു ചിലര്‍ക്കു ബോദ്ധ്യപ്പെട്ടു. മറ്റുചിലര്‍ അവിശ്വസിച്ചു.
25: അവര്‍ പരസ്പരം അഭിപ്രായവ്യത്യാസത്തോടെ പിരിഞ്ഞുപോകുമ്പോള്‍, പൗലോസ് ഇങ്ങനെ പറഞ്ഞു: പ്രവാചകനായ ഏശയ്യായിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളതു ശരിയാണ്;
26: നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല.
27: അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യുക അസാദ്ധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
28: അതിനാല്‍, നിങ്ങള്‍ ഇതറിഞ്ഞുകൊള്ളുവിന്‍,
29: ദൈവത്തില്‍നിന്നുളള ഈ രക്ഷ, വിജാതീയരുടെ പക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ കേള്‍ക്കുകയും ചെയ്യും.
30: അവന്‍ സ്വന്തംചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷംമുഴുവന്‍ അവിടെ താമസിച്ചു. തന്നെസമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു.
31: അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബ്ബാധം, ധൈര്യപൂര്‍വം പഠിപ്പിക്കുകയുംചെയ്തു.

മുന്നൂറ്റിയിരുപത്തിരണ്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 24 - 26


അദ്ധ്യായം 24


കുറ്റാരോപണം 
1: അഞ്ചുദിവസം കഴിഞ്ഞ്, പ്രധാനപുരോഹിതനായ അനനിയാസ്, ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.
2: അവനെ കൊണ്ടുവന്നപ്പോള്‍, തെര്‍ത്തുളൂസ് ഇങ്ങനെ കുറ്റാരോപണം തുടങ്ങി:
3: അഭിവന്ദ്യനായ ഫെലിക്സേ, നിന്റെ ഭരണത്തില്‍ ഞങ്ങള്‍ വളരെ സമാധാനമനുഭവിക്കുന്നുവെന്നതും നിന്റെ പരിപാലനംവഴി, ഈ ദേശത്തു പല പരിഷ്‌കാരങ്ങളും നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്നതും ഞങ്ങള്‍ എല്ലായിടത്തും എല്ലായ്‌പോഴും കൃതജ്ഞതാപൂര്‍വ്വം അംഗീകരിക്കുന്നു.
4: നിന്നെ അധികം ബുദ്ധിമുട്ടിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍പ്പറയുന്ന ഇക്കാര്യം ദയാപൂര്‍വ്വം കേള്‍ക്കണം.
5: ഈ മനുഷ്യന്‍, ശല്യക്കാരനും ലോകംമുഴുവനുമുള്ള യഹൂദരുടെയിടയില്‍ ഒരു പ്രക്ഷോഭകാരിയുമാണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഇവന്‍ നസറായപക്ഷത്തിന്റെ പ്രമുഖനേതാവുമാണ്.
6: ദേവാലയംപോലും അശുദ്ധമാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി.
7: എന്നാല്‍, ഞങ്ങള്‍ ഇവനെ പിടികൂടി.
8: നീതന്നെ ഇവനെ വിസ്തരിക്കുന്നപക്ഷം, ഇവനെതിരായുള്ള ഞങ്ങളുടെ ഈ ആരോപണങ്ങളെക്കുറിച്ച് ഇവനില്‍നിന്നുതന്നെ, നിനക്കു ബോദ്ധ്യമാകുന്നതാണ്.
9: ഇതെല്ലാം ശരിയാണെന്നു പറഞ്ഞുകൊണ്ട്, യഹൂദരും കുറ്റാരോപണത്തില്‍ പങ്കുചേര്‍ന്നു.

ഫെലിക്സിന്റെ മുമ്പില്‍
10: സംസാരിക്കാന്‍ ദേശാധിപതി ആംഗ്യംകാണിച്ചപ്പോള്‍ പൗലോസ് പറഞ്ഞു: വളരെ വര്‍ഷങ്ങളായി നീ ഈ ജനതയുടെ ന്യായാധിപനാണെന്നു മനസ്സിലാക്കിക്കൊണ്ട്, എന്റെമേലുള്ള കുറ്റാരോപണങ്ങള്‍ക്കു ഞാന്‍ സന്തോഷപൂര്‍വ്വം സമാധാനം പറഞ്ഞുകൊള്ളട്ടെ.
11: നിനക്കുതന്നെ മനസ്സിലാക്കാവുന്നതുപോലെ, ജറുസലെമില്‍ ഞാന്‍ ആരാധനയ്ക്കുപോയിട്ട് പന്ത്രണ്ടുദിവസത്തിലധികമായിട്ടില്ല.
12: ഞാന്‍ ദേവാലയത്തിലോ സിനഗോഗുകളിലോ നഗരത്തിലെവിടെയെങ്കിലുമോവച്ച് ആരോടെങ്കിലും തര്‍ക്കിക്കുന്നതായോ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായോ അവര്‍ കണ്ടിട്ടില്ല.
13: ഇപ്പോള്‍ എനിക്കെതിരായിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ തെളിയിക്കാനും അവര്‍ക്കു സാധിക്കുകയില്ല.
14: എന്നാല്‍, നിന്റെമുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നുവിളിക്കുന്ന മാര്‍ഗ്ഗമനുസരിച്ച്, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാനാരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയുംചെയ്യുന്നു.
15: നീതിമാന്മാര്‍ക്കും നീതിരഹിതര്‍ക്കും പുനരുത്ഥാനമുണ്ടാകുമെന്നാണ് ദൈവത്തിലുള്ള എന്റെ പ്രത്യാശ. ഇവരും ഇതുതന്നെ പ്രത്യാശിക്കുന്നവരാണ്.
16: ദൈവത്തിന്റെയും മനുഷ്യരുടെയുംനേര്‍ക്ക്, എല്ലായ്‌പോഴും, നിഷ്‌കളങ്കമായ മനസ്സാക്ഷിപുലര്‍ത്താന്‍ ഞാന്‍ അത്യന്തം ശ്രദ്ധാലുവാണ്.
17: വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വന്നത്, എന്റെ ജനത്തിനു ദാനധര്‍മ്മങ്ങളെത്തിക്കാനും കാഴ്ചകള്‍ സമര്‍പ്പിക്കാനുമാണ്.
18: ഞാന്‍ അതു നിര്‍വ്വഹിക്കുന്നതിനിടയില്‍ ശുദ്ധീകരണംകഴിഞ്ഞ്, ദേവാലയത്തിലായിരിക്കുമ്പോഴാണ് ഇവര്‍ എന്നെക്കണ്ടത്. എന്റെകൂടെ ജനക്കൂട്ടമൊന്നുമില്ലായിരുന്നു; ബഹളമൊന്നുമുണ്ടായതുമില്ല.
19: എന്നാല്‍, അവിടെ ഏഷ്യാക്കാരായ ചില യഹൂദന്മാരുണ്ടായിരുന്നു. അവര്‍ക്ക് എന്റെപേരില്‍ എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ നിന്റെ മുമ്പിലെത്തി അതു സമര്‍പ്പിക്കേണ്ടതായിരുന്നു.
20: അല്ലെങ്കില്‍ ഞാന്‍ ആലോചനാസംഘത്തിന്റെ മുമ്പാകെ നിന്നപ്പോള്‍ എന്തുകുറ്റമാണ് എന്നില്‍ക്കണ്ടതെന്ന് ഈ നില്ക്കുന്നവര്‍ പറയട്ടെ.
21: മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ചാണ് ഇന്നു നിങ്ങളുടെ മുമ്പില്‍ ഞാന്‍ വിസ്തരിക്കപ്പെടുന്നതെന്ന് അവരുടെ നടുക്കുനിന്നപ്പോള്‍ വിളിച്ചുപറഞ്ഞതൊഴികെ മറ്റൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.
22: ഈ മാര്‍ഗ്ഗത്തെക്കുറിച്ചു കൂടുതല്‍ നന്നായി അറിയാമായിരുന്ന ഫെലിക്സാകട്ടെ, സഹസ്രാധിപനായ ലീസിയാസ് വന്നിട്ട്, നിങ്ങളുടെ കാര്യം ഞാന്‍ തീരുമാനിക്കാം എന്നുപറഞ്ഞുകൊണ്ട്, വിസ്താരം മറ്റൊരവസരത്തിലേക്കു മാറ്റിവച്ചു.
23: അവനെ തടവില്‍ സൂക്ഷിക്കണമെന്നും, എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യമനുവദിക്കണമെന്നും സ്വന്തക്കാരിലാരെയും അവനെ പരിചരിക്കുന്നതില്‍നിന്നു തടയരുതെന്നും അവന്‍ ശതാധിപനു കല്പനകൊടുത്തു.

ഫെലിക്സിന്റെ തടങ്കലില്‍
24: കുറേദിവസങ്ങള്‍കഴിഞ്ഞപ്പോള്‍, ഫെലിക്സ്, യഹൂദയായ ഭാര്യ ദ്രൂസില്ലായോടൊപ്പം വന്ന്, പൗലോസിനെ വിളിപ്പിച്ച്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവനില്‍നിന്നു കേട്ടു.
25: അവന്‍ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചും വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഫെലിക്സ് ഭയപ്പെട്ട്, ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം.
26: എന്നാല്‍ അതേസമയം, പൗലോസില്‍നിന്നു കൈക്കൂലി കിട്ടുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനാല്‍, പലപ്പോഴും അവന്‍ പൗലോസിനെവരുത്തി സംസാരിച്ചിരുന്നു.
27: രണ്ടുവര്‍ഷംകഴിഞ്ഞ്, ഫെലിക്സിന്റെ പിന്‍ഗാമിയായി പോര്‍സിയൂസ്‌ ഫേസ്തൂസ് വന്നു. യഹൂദരോട് ആനുകൂല്യംകാണിക്കാനാഗ്രഹിച്ചതിനാല്‍ ഫെലിക്സ്, പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

അദ്ധ്യായം 25 


സീസറിനു നിവേദനം
1: ഫേസ്തൂസ്, പ്രവിശ്യയിലെത്തി മൂന്നുദിവസംകഴിഞ്ഞ്, കേസറിയായില്‍നിന്നു ജറുസലെമിലേക്കു പോയി.
2: പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍ അവനെ ധരിപ്പിച്ചു.
3: തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെമിലേക്കയയ്ക്കാന്‍ അവര്‍ അവനോടപേക്ഷിച്ചു. മാര്‍ഗ്ഗമദ്ധ്യേ ഒളിഞ്ഞിരുന്ന് അവനെക്കൊല്ലണമെന്ന് അവര്‍ ഗൂഢാലോചന നടത്തിയിരുന്നു.
4: പൗലോസിനെ കേസറിയായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍തന്നെ അവിടെപ്പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് മറുപടി നല്കി.
5: അവന്‍ പറഞ്ഞു: അതുകൊണ്ട്, നിങ്ങളില്‍ പ്രമാണികളായവര്‍ എന്റെകൂടെ വന്ന്, അവന്റെപേരില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കട്ടെ.
6: എട്ടുപത്തു ദിവസത്തോളം അവരുടെയിടയില്‍ താമസിച്ചതിനുശേഷം അവന്‍ കേസറിയായിലേക്കു മടങ്ങിപ്പോയി. അടുത്തദിവസം അവന്‍ ന്യായാസനത്തിലിരുന്ന്, പൗലോസിനെക്കൊണ്ടുവരാന്‍ കല്പിച്ചു.
7: അവന്‍ വന്നപ്പോള്‍, ജറുസലെമില്‍നിന്നെത്തിയിരുന്ന യഹൂദന്മാര്‍ അവന്റെ ചുറ്റുംനിന്ന്, ഗുരുതരമായ പല കുറ്റങ്ങളുമാരോപിച്ചു; എന്നാല്‍, തെളിയിക്കാന്‍ അവര്‍ക്കുകഴിഞ്ഞില്ല.
8: പൗലോസ് തന്റെ പ്രതിവാദത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: യഹൂദരുടെ നിയമങ്ങള്‍ക്കോ ദേവാലയത്തിനോ സീസറിനോ വിരുദ്ധമായി ഞാന്‍ ഒരു തെറ്റുംചെയ്തിട്ടില്ല.
9: എന്നാല്‍, യഹൂദരോട് ഒരാനുകൂല്യംകാണിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, ഫേസ്തൂസ് പൗലോസിനോടു ചോദിച്ചു: ജറുസലെമിലേക്കു പോകാനും അവിടെ എന്റെ മുമ്പില്‍വച്ച് ഇവയെപ്പറ്റി വിസ്തരിക്കപ്പെടാനും നിനക്കു സമ്മതമാണോ?
10: പൗലോസ് പറഞ്ഞു: ഞാന്‍ സീസറിന്റെ ന്യായാസനത്തിങ്കലാണു നില്ക്കുന്നത്. അവിടെത്തന്നെയാണ് ഞാന്‍ വിചാരണചെയ്യപ്പെടേണ്ടതും. നിനക്കു നന്നായി അറിയാവുന്നതുപോലെ, യഹൂദരോടു ഞാനൊരു തെറ്റുംചെയ്തിട്ടില്ല.
11: ഞാന്‍ തെറ്റുകാരനും വധശിക്ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്തവനുമാണെങ്കില്‍ മരിക്കാനൊരുക്കമാണ്. എന്നാല്‍, അവര്‍ എന്റെമേല്‍ച്ചുമത്തുന്ന കുറ്റങ്ങളില്‍ കഴമ്പില്ലെങ്കില്‍, എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കുംകഴിയുകയില്ല. ഞാന്‍ സീസറിന്റെയടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു.
12: ഫേസ്തൂസ് തന്റെ സമിതിയോട് ആലോചിച്ചിട്ടു മറുപടി പറഞ്ഞു: നീ സീസറിന്റെയടുത്ത് ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അവന്റെയടുത്തേക്കുതന്നെ നീ പോകണം.

അഗ്രിപ്പായുടെ മുമ്പില്‍
13: കുറെദിവസങ്ങള്‍ക്കുശേഷം, അഗ്രിപ്പാരാജാവും ബര്‍നിക്കെയും ഫേസ്തൂസിനെ അഭിവാദനംചെയ്യാന്‍ കേസറിയായിലെത്തി.
14: അവരവിടെ വളരെദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ടു പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യന്‍ ഇവിടെയുണ്ട്.
15: ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാന്‍ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നെ ധരിപ്പിച്ചു.
16: വാദിയെ മുഖാഭിമുഖം കണ്ട്, തന്റെമേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനംബോധിപ്പിക്കാന്‍ പ്രതിക്ക് അവസരംനല്കാതെ, അവനെ ഏല്പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ലായെന്നു ഞാന്‍ മറുപടി പറഞ്ഞു.
17: അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒട്ടും താമസംവരുത്താതെ അടുത്തദിവസംതന്നെ ഞാന്‍ ന്യായാസനത്തിലിരുന്ന്, ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്പിച്ചു.
18: വാദികള്‍ കുറ്റാരോപണമാരംഭിച്ചപ്പോള്‍, സങ്കല്പിച്ചതരത്തിലുള്ള ഒരു തിന്മയും അവന്റെമേല്‍ ചുമത്തിക്കണ്ടില്ല.
19: എന്നാല്‍, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ത്ഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചുംമാത്രമേ അവര്‍ക്കവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു.
20: എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെവന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച്, ഇവയെപ്പറ്റി വിചാരണചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു.
21: എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനമുണ്ടാകുന്നതുവരെ തനിക്കു സംരക്ഷണംനല്കണമെന്നു പൗലോസ് അപേക്ഷിച്ചതിനാല്‍, സീസറിന്റെയടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവില്‍വയ്ക്കാന്‍ ഞാനാജ്ഞാപിച്ചു.
22: അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: അവന്റെ വാദം നേരില്‍ക്കേള്‍ക്കാന്‍ എനിക്കു താത്പര്യമുണ്ട്. അവന്‍ മറുപടി പറഞ്ഞു: എങ്കില്‍ നാളെ നിനക്കു കേള്‍ക്കാം.
23: അടുത്തദിവസം അഗ്രിപ്പായും ബര്‍നിക്കെയും സഹസ്രാധിപന്മാരോടും നഗരത്തിലെ പ്രമാണികളോടുമൊപ്പം ആഡംബരസമന്വിതം സമ്മേളനശാലയില്‍ വന്നു. ഫേസ്തൂസിന്റെ കല്പനയനുസരിച്ച്, പൗലോസിനെക്കൊണ്ടുവന്നു.
24: ഫേസ്തൂസ് പറഞ്ഞു: അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്നവരേ, ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ. ഇവനെതിരായിട്ടാണ്, യഹൂദജനതമുഴുവന്‍ ജറുസലെമില്‍വച്ചും ഇവിടെവച്ചും ഇവനിനി ജീവിക്കാനര്‍ഹതയില്ലാ എന്നുപറഞ്ഞ്, ബഹളംകൂട്ടി എന്നോടു പരാതിപ്പെട്ടത്.
25: എങ്കിലും, വധശിക്ഷയ്ക്കര്‍ഹമായ കുറ്റമൊന്നും ഇവന്‍ചെയ്തിട്ടുള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, അവന്‍തന്നെ ചക്രവര്‍ത്തിയുടെമുമ്പാകെ മേല്‍വിചാരണയ്ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍, അവനെ അങ്ങോട്ടയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.
26: ഇവനെക്കുറിച്ച് സീസറിന് എന്താണെഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. അതുകൊണ്ടുതന്നെയാണ്, ഞാനിവനെ, നിങ്ങളുടെ മുമ്പില്‍, വിശിഷ്യാ അഗ്രിപ്പാരാജാവേ, നിന്റെമുമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. വിചാരണകഴിയുമ്പോള്‍ അവനെപ്പറ്റി എന്തെങ്കിലുമെഴുതാന്‍ എനിക്കുകഴിയുമല്ലോ.
27: തടവുകാരനെ അയയ്ക്കുമ്പോള്‍ അവനെതിരായുള്ള ആരോപണങ്ങള്‍ വ്യക്തമാക്കാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു.

അദ്ധ്യായം 26 


പൗലോസിന്റെന്യായവാദം 
1: അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെയനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട്, വാദിച്ചുതുടങ്ങി;
2: അഗ്രിപ്പാരാജാവേ, യഹൂദന്മാര്‍ എന്റെമേല്‍ ചുമത്തുന്ന ആരോപണങ്ങള്‍ക്കെതിരായി നിന്റെ മുമ്പില്‍ ന്യായവാദംനടത്താന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
3: യഹൂദരുടെയിടയിലുള്ള ആചാരങ്ങളും വിവാദങ്ങളും നിനക്കു സുപരിചിതമാണല്ലോ. അതിനാല്‍, എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.
4 : എന്റെ ജനത്തിന്റെയിടയിലും ജറുസലെമിലും ചെറുപ്പംമുതല്‍ ഞാന്‍ ജീവിച്ചതെങ്ങനെയെന്ന് എല്ലാ യഹൂദര്‍ക്കുമറിയാം.
5 : ഞാന്‍ ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പ്പെട്ട ഫരിസേയനായിട്ടാണു വളര്‍ന്നതെന്നും വളരെക്കാലമായി അവര്‍ക്കറിവുള്ളതാണ്; മനസ്സുണ്ടെങ്കില്‍ അതു സാക്ഷ്യപ്പെടുത്താനും അവര്‍ക്കു സാധിക്കും.
6: ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിക്കൂട്ടില്‍ നില്ക്കുന്നതാകട്ടെ, ഞങ്ങളുടെ പിതാക്കന്മാരോടു ദൈവംചെയ്ത വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശവച്ചതുകൊണ്ടാണ്.
7: ഞങ്ങളുടെ പന്ത്രണ്ടുഗോത്രങ്ങളും രാത്രിയും പകലും തീക്ഷ്ണതയോടെ ആരാധനയര്‍പ്പിച്ചുകൊണ്ട്, ഈ വാഗ്ദാനം പ്രാപിക്കാമെന്നു പ്രത്യാശിക്കുന്നു. അല്ലയോ രാജാവേ, അതേ പ്രത്യാശതന്നെയാണ് എന്റെമേല്‍ കുറ്റമാരോപിക്കുന്നതിനു യഹൂദര്‍ക്കു കാരണമായിരിക്കുന്നതും.
8: മരിച്ചവരെ ദൈവം ഉയിര്‍പ്പിക്കുമെന്നത് അവിശ്വസനീയമായി നിങ്ങള്‍ കരുതുന്നതെന്തുകൊണ്ട്?
9: നസറായനായ യേശുവിന്റെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
10: ജറുസലെമില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. പുരോഹിതപ്രമുഖന്മാരില്‍നിന്നു ലഭിച്ച അധികാരത്തോടെ വിശുദ്ധരില്‍ പലരെയും ഞാന്‍ തടവിലാക്കുകയും അവരുടെ വധത്തെ അനുകൂലിക്കുകയുംചെയ്തിട്ടുണ്ട്.
11: ഞാന്‍ പലപ്പോഴും എല്ലാ സിനഗോഗുകളിലും ചെന്ന് അവരെ പീഡിപ്പിച്ചുകൊണ്ട്, വിശ്വാസത്യാഗത്തിനു നിര്‍ബന്ധിച്ചു. അവര്‍ക്കെതിരേ ജ്വലിക്കുന്ന കോപത്തോടെ മറ്റു നഗരങ്ങളില്‍പ്പോലുംപോയി ഞാനവരെ പീഡിപ്പിച്ചു.

മാനസാന്തരകഥ
12: അങ്ങനെ, പുരോഹിതപ്രമുഖന്മാരില്‍നിന്ന് അധികാരവും കല്പനയും വാങ്ങി ഞാന്‍ ദമാസ്‌ക്കസിലേക്കു പുറപ്പെട്ടു.
13: അല്ലയോ രാജാവേ, മധ്യാഹ്നമായപ്പോള്‍ വഴിമദ്ധ്യേ, ആകാശത്തുനിന്നു സൂര്യപ്രഭയെവെല്ലുന്ന ഒരു പ്രകാശം എന്റെയും സഹയാത്രികരുടെയും ചുറ്റും ജ്വലിക്കുന്നതു ഞാന്‍ കണ്ടു.
14: ഞങ്ങള്‍ എല്ലാവരും നിലംപതിച്ചപ്പോള്‍, ഹെബ്രായഭാഷയില്‍ എന്നോടു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു. സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്കപകടമാണ്.
15: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങാരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.
16: നീ എഴുന്നേറ്റുനില്ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്ക്കു സാക്ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
17: നിന്നെ ഞാന്‍ നിന്റെ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്ഷിച്ച്, അവരുടെയടുക്കലേക്ക് അയയ്ക്കുന്നു.
18: അത്, അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കും സാത്താന്റെ ശക്തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്ഥാനം ലഭിക്കാനുംവേണ്ടിയാണ്.
19: അഗ്രിപ്പാ രാജാവേ, ഞാന്‍ ഈ സ്വര്‍ഗ്ഗീയദര്‍ശനത്തോട് അനുസരണക്കേടു കാണിച്ചില്ല.
20: പ്രത്യുത, ആദ്യം ദമാസ്‌ക്കസിലുള്ളവരോടും പിന്നെ ജറുസലെമിലും യൂദാ മുഴുവനിലുമുള്ളവരോടും വിജാതീയരോടും, അവര്‍ പശ്ചാത്തപിക്കണമെന്നും പശ്ചാത്താപത്തിനു യോജിച്ച പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തിന്റെയടുത്തേക്കു തിരിയണമെന്നും പ്രസംഗിക്കുകയത്രേ ചെയ്തത്.
21: ഇക്കാരണത്താലാണ് യഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് എന്നെ പിടികൂടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
22: ഇന്നുവരെ ദൈവത്തില്‍നിന്നുള്ള സഹായം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണു വലിയവരുടെയും ചെറിയവരുടെയും മുമ്പില്‍ സാക്ഷ്യംനല്കിക്കൊണ്ടു ഞാന്‍ ഇവിടെ നില്ക്കുന്നതും.
23: ക്രിസ്തു, പീഡനം സഹിക്കണമെന്നും മരിച്ചവരില്‍നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേറ്റവനായി ജനത്തോടും വിജാതീയരോടും പ്രകാശത്തെ വിളംബരംചെയ്യണമെന്നും പ്രവാചകന്മാരും മോശയും പ്രവചിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ പ്രസംഗിക്കുന്നില്ല.

ശ്രോതാക്കളുടെ പ്രതികരണം
24: അവന്‍, ഇങ്ങനെ ന്യായവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഫേസ്തൂസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: പൗലോസ്, നിനക്കു ഭ്രാന്താണ്. നിന്റെ വലിയ വിജ്ഞാനം നിന്നെ ഭ്രാന്തനാക്കുന്നു.
25: പൗലോസ് പറഞ്ഞു: അഭിവന്ദ്യനായ ഫേസ്തൂസ്, ഞാന്‍ ഭ്രാന്തനല്ല; സുബോധത്തോടെ സത്യം പറയുകയാണ്.
26: രാജാവിന് ഇക്കാര്യങ്ങളറിയാം. ഞാന്‍ അവനോടു തുറന്നുപറയുകയാണ്. ഇവയിലൊന്നുപോലും അവന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്തെന്നാല്‍, ഇത് ഒഴിഞ്ഞകോണില്‍ സംഭവിച്ച കാര്യമല്ല.
27: അഗ്രിപ്പാരാജാവേ, നീ പ്രവാചകന്മാരില്‍ വിശ്വസിക്കുന്നില്ലേ? ഉണ്ടെന്ന് എനിക്കറിയാം.
28: അപ്പോള്‍ അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: എളുപ്പത്തില്‍ എന്നെ ക്രിസ്ത്യാനിയാക്കാമെന്നാണോ?
29: പൗലോസ് പറഞ്ഞു: എളുപ്പത്തിലോ അല്ലാതെയോ, നീമാത്രമല്ല, ഇന്ന് എന്റെ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ്, ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്.
30: രാജാവും ദേശാധിപതിയും ബര്‍നിക്കെയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു.
31: അവര്‍ പോകുമ്പോള്‍ പരസ്പരം പറഞ്ഞു: മരണമോ വിലങ്ങോ അര്‍ഹിക്കുന്നതൊന്നും ഈ മനുഷ്യന്‍ ചെയ്തതായി കാണുന്നില്ല.
32: അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്കപേക്ഷിച്ചിരുന്നില്ലെങ്കില്‍ ഇവനെ മോചിപ്പിക്കാമായിരുന്നു.

മുന്നൂറ്റിയിരുപത്തൊന്നാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 22 - 23


അദ്ധ്യായം 22


യഹൂദരോടു പ്രസംഗിക്കുന്നു
1: സഹോദരരേ, പിതാക്കന്മാരേ, നിങ്ങളോടെനിക്കു പറയാനുള്ള ന്യായവാദം കേള്‍ക്കുവിന്‍.
2: ഹെബ്രായഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധനചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി.
3: അവന്‍ പറഞ്ഞു: ഞാനൊരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ നഗരത്തിലാണു ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന്, പിതാക്കന്മാരുടെ നിയമത്തില്‍ നിഷ്കൃഷ്ടമായ ശിക്ഷണം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരുമായിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു.
4: പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട്, ഈ മാര്‍ഗ്ഗത്തെ നാമാവശേഷമാക്കത്തക്കവിധം പീഡിപ്പിച്ചവനാണു ഞാന്‍.
5: പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്ഷികളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി, ജറുസലെമില്‍കൊണ്ടുവന്നു ശിക്ഷിക്കുന്നതിനുവേണ്ടി, ഞാന്‍ അവരില്‍നിന്നു സഹോദരന്മാര്‍ക്കുള്ള കത്തുകളും വാങ്ങി, അവിടേയ്ക്കു യാത്രപുറപ്പെട്ടു.

മാനസാന്തര കഥ
6: ഞാന്‍ യാത്രചെയ്ത്, മദ്ധ്യാഹ്നത്തോടെ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, പെട്ടെന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു വലിയ പ്രകാശം എന്റെചുറ്റും വ്യാപിച്ചു.
7: ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോടിങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്?
8: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങാരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാന്‍.
9: എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു; എന്നാല്‍, എന്നോടു സംസാരിച്ചവന്റെ സ്വരം കേട്ടില്ല.
10: ഞാന്‍ ചോദിച്ചു: കര്‍ത്താവേ, ഞാനെന്തുചെയ്യണം? കര്‍ത്താവെന്നോടു പറഞ്ഞു: എഴുന്നേറ്റു ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും.
11: പ്രകാശത്തിന്റെ തീക്ഷ്ണതകൊണ്ട്, എനിക്ക് ഒന്നും കാണാന്‍സാധിക്കാതെവന്നപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍, കൈയ്ക്കു പിടിച്ച്, എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി.
12: അവിടെ താമസിച്ചിരുന്ന, സകല യഹൂദര്‍ക്കും സുസമ്മതനും നിയമമനുസരിക്കുന്നതില്‍ നിഷ്ഠയുള്ളവനുമായിരുന്ന അനനിയാസ് എന്ന ഒരു മനുഷ്യന്‍
13: എന്റെയടുത്തുവന്നു പറഞ്ഞു: സഹോദരനായ സാവൂള്‍, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെക്കാണുകയുംചെയ്തു.
14: അവന്‍ പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഹിതമറിയാനും നീതിമാനായവനെ ദര്‍ശിക്കാനും അവന്റെ അധരത്തില്‍നിന്നുള്ള സ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു.
15: നീ കാണുകയും കേള്‍ക്കുകയുംചെയ്തതിനെക്കുറിച്ച്, എല്ലാ മനുഷ്യരുടെയുംമുമ്പാകെ അവനു നീ സാക്ഷിയായിരിക്കും.
16: ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റു സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട്, നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.

വിജാതീയരുടെ അപ്പസ്‌തോലന്‍
17: ഞാന്‍ ജറുസലെമില്‍ തിരിച്ചുവന്ന്, ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു ദിവ്യാനുഭൂതിയുണ്ടായി.
18: കര്‍ത്താവ് എന്നോടിപ്രകാരം സംസാരിച്ചുകൊണ്ടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം ജറുസലെമിനു പുറത്തുകടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല.
19: ഞാന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ സിനഗോഗുകള്‍തോറുംചെന്ന്, നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം ബന്ധനസ്ഥരാക്കുകയും പ്രഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്കറിയാം.
20: നിനക്കു സാക്ഷ്യംനല്കിയ സ്‌തേഫാനോസിന്റെ രക്തംചിന്തപ്പെട്ടപ്പോള്‍ ഞാനും അടുത്തുനിന്ന്, അതംഗീകരിക്കുകയും അവന്റെ ഘാതകരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു.
21: അപ്പോള്‍ അവനെന്നോടു പറഞ്ഞു: നീ പോകുക; അങ്ങുദൂരെ വിജാതീയരുടെയടുക്കലേക്കു ഞാന്‍ നിന്നെ അയയ്ക്കും.

ന്യായാസനസമക്ഷം
22: ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സ്വരമുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കംചെയ്യുക. അവന്‍ ജീവനോടെയിരിക്കാന്‍പാടില്ല.
23: അവര്‍ ആക്രോശിച്ചുകൊണ്ടു തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കീറുകയും അന്തരീക്ഷത്തിലേക്കു പൂഴി വാരിയെറിയുകയുംചെയ്തു.
24: അപ്പോള്‍ സഹസ്രാധിപന്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തുകുറ്റത്തിനാണ് അവര്‍ അവനെതിരായി ആക്രോശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും കല്പിച്ചു.
25: അവര്‍ പൗലോസിനെ തോല്‍വാറുകൊണ്ടു ബന്ധിച്ചപ്പോള്‍ അടുത്തുനിന്ന ശതാധിപനോട് അവന്‍ ചോദിച്ചു: റോമാപ്പൗരനായ ഒരുവനെ വിചാരണചെയ്ത് കുറ്റംവിധിക്കാതെ, ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ?
26: ശതാധിപന്‍ ഇതുകേട്ടപ്പോള്‍ സഹസ്രാധിപനെ സമീപിച്ചു പറഞ്ഞു: അങ്ങെന്താണു ചെയ്യാനൊരുങ്ങുന്നത്? ഈ മനുഷ്യന്‍ റോമാപ്പൗരനാണല്ലോ.
27: അപ്പോള്‍ സഹസ്രാധിപന്‍ വന്ന് അവനോടു ചോദിച്ചുു: പറയൂ, നീ റോമാപ്പൗരനാണോ? അതേ എന്ന് അവന്‍ മറുപടി നല്കി.
28: സഹസ്രാധിപന്‍ പറഞ്ഞു: ഞാന്‍ ഒരു വലിയതുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്. പൗലോസ് പറഞ്ഞു: എന്നാല്‍ ഞാന്‍ ജന്മനാ റോമാപ്പൗരനാണ്.
29: അവനെ ചോദ്യംചെയ്യാന്‍ ഒരുങ്ങിയിരുന്നവര്‍ ഉടനെ അവിടെനിന്നു പിന്‍വാങ്ങി. പൗലോസ് റോമാപ്പൗരനാണെന്നറിഞ്ഞപ്പോള്‍ അവനെ ബന്ധനസ്ഥനാക്കിയതില്‍ സഹസ്രാധിപനും ഭയപ്പെട്ടു.
30: യഹൂദന്മാര്‍ അവന്റെമേല്‍ കുറ്റാരോപണംനടത്തുന്നതിന്റെ യഥാര്‍ത്ഥകാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപന്‍ അവനെ മോചിപ്പിച്ചു. എല്ലാപുരോഹിതപ്രമുഖന്മാരും ആലോചനാസംഘംമുഴുവനും സമ്മേളിക്കാന്‍ അവന്‍ കല്പിച്ചു. പിന്നീട്, പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിറുത്തി.

അദ്ധ്യായം 23 


ആലോചനാസംഘത്തിന്റെ മുമ്പിൽ
1: പൗലോസ്, സംഘത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്മാരേ, ഇന്നേവരെ ദൈവത്തിന്റെമുമ്പില്‍ നല്ല മനസ്സാക്ഷിയോടെയാണു ഞാന്‍ ജീവിച്ചത്.
2: പ്രധാനപുരോഹിതനായ അനനിയാസ് തന്റെയടുത്തു നിന്നവരോട് അവന്റെ മുഖത്തടിക്കാന്‍ ആജ്ഞാപിച്ചു.
3: അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെയിരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്പിക്കുന്നുവോ?
4: അടുത്തുനിന്നവര്‍ ചോദിച്ചു: ദൈവത്തിന്റെ പ്രധാനപുരോഹിതനെ നീ അധിക്ഷേപിക്കുകയാണോ?
5: പൗലോസ് പറഞ്ഞു: സഹോദരന്മാരേ, അവന്‍ പ്രധാനപുരോഹിതനാണെന്നു ഞാനറിഞ്ഞില്ല. എന്തെന്നാല്‍, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്.
6: സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെസംബന്ധിച്ചാണു ഞാന്‍ വിചാരണചെയ്യപ്പെടുന്നത്.
7: അവനിതു പറഞ്ഞപ്പോള്‍ ഫരിസേയരും സദുക്കായരുംതമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെക്കൂടിയിരുന്നവര്‍ രണ്ടുപക്ഷമായിത്തിരിയുകയും ചെയ്തു.
8: കാരണം, പുനരുത്ഥാനമോ ദൈവദൂതനോ ആത്മാവോ ഇല്ല എന്നാണു സദുക്കായര്‍ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാമുണ്ടെന്നും പറയുന്നു.
9: അവിടെ വലിയബഹളമുണ്ടായി. ഫരിസേയരില്‍പ്പെട്ട ചിലനിയമജ്ഞരെഴുന്നേറ്റ്, ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവുംകാണുന്നില്ല. ഒരാത്മാവോ ദൂതനോ ഒരുപക്ഷേ ഇവനോടു സംസാരിച്ചിരിക്കാം.
10: തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍, പൗലോസിനെ അവര്‍ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപന്‍ ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍നിന്നു പൗലോസിനെ ബലമായിപ്പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു.
11: അടുത്തരാത്രി, കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യംനല്കിയതുപോലെതന്നെ, റോമായിലും സാക്ഷ്യംനല്കേണ്ടിയിരിക്കുന്നു.

യഹൂദരുടെ ഗൂഢാലോചന
12: പ്രഭാതമായപ്പോള്‍ യഹൂദര്‍ ഗൂഢാലോചന നടത്തി. പൗലോസിനെ വധിക്കുന്നതുവരെ, തങ്ങള്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ ശപഥംചെയ്തു.
13: നാല്പതിലധികംപേര്‍ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്.
14: അവര്‍ പുരോഹിതപ്രമുഖന്മാരെയും ജനപ്രമാണികളെയും സമീപിച്ചുപറഞ്ഞു: ഞങ്ങള്‍ പൗലോസിനെ കൊല്ലുന്നതുവരെ ഭക്ഷണംകഴിക്കുകയില്ലെന്നു ശപഥംചെയ്തിരിക്കുകയാണ്.
15: അവനെസംബന്ധിക്കുന്ന കാര്യങ്ങള്‍, കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കുന്നതിനെന്ന ഭാവേന അവനെ നിങ്ങളുടെയടുക്കല്‍ക്കൊണ്ടുവരാന്‍ നിങ്ങള്‍ സംഘംമുഴുവനുമൊന്നിച്ച്, സഹസ്രാധിപനോടാവശ്യപ്പെടുവിന്‍. ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അവനെക്കൊല്ലാന്‍ ഞങ്ങളൊരുങ്ങിയിരിക്കുകയാണ്.
16: പൗലോസിന്റെ സഹോദരീപുത്രന്‍ ഈ ചതിയെപ്പറ്റിക്കേട്ടു. അവന്‍ പാളയത്തില്‍ച്ചെന്ന് പൗലോസിനെക്കണ്ടു വിവരമറിയിച്ചു.
17: പൗലോസ് ഒരു ശതാധിപനെ വിളിച്ചുപറഞ്ഞു: ഈ യുവാവിനെ സഹസ്രാധിപന്റെയടുക്കല്‍ കൊണ്ടുചെല്ലുക. അവനെന്തോ പറയാനുണ്ട്.
18: അതിനാല്‍, അവന്‍, അവനെ സഹസ്രാധിപന്റെ മുമ്പില്‍ക്കൊണ്ടുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു: തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ ചെറുപ്പക്കാരനെ നിന്റെയടുക്കല്‍ കൊണ്ടുവരാനാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടുപോലും.
19: സഹസ്രാധിപന്‍ അവനെ കൈയ്ക്കുപിടിച്ചു മാറ്റിനിറുത്തി രഹസ്യമായി ചോദിച്ചു: എന്താണു നിനക്കു പറയാനുള്ളത്?
20: അവന്‍ പറഞ്ഞു: യഹൂദന്മാര്‍ പൗലോസിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിക്കാനെന്ന ഭാവേന അവനെ തങ്ങളുടെ ആലോചനാസംഘത്തിലേക്കു കൊണ്ടുപോകണമെന്ന് അങ്ങയോടപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
21: നീ അവര്‍ക്കു വഴങ്ങരുത്. കാരണം, അവരില്‍ നാല്പതിലേറെപ്പേര്‍ പൗലോസിനെ വധിക്കാതെ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഇല്ലെന്നു വ്രതമെടുത്തുകൊണ്ട്, അവനെ ആക്രമിക്കാന്‍ പതിയിരിക്കുന്നുണ്ട്. നിന്നില്‍നിന്ന് അനുവാദംലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവര്‍ ഒരുങ്ങിയിരിക്കുകയാണ്.
22: ഇക്കാര്യം നീ എന്നെ അറിയിച്ചുവെന്ന് ആരോടും പറയരുതെന്നു നിര്‍ദ്ദേശിച്ച്, സഹസ്രാധിപന്‍ അവനെപ്പറഞ്ഞയച്ചു.

ഫെലിക്‌സിന്റെയടുത്തേക്ക്
23: പിന്നെ അവന്‍ രണ്ടു ശതാധിപന്മാരെ വിളിച്ച്, ആജ്ഞാപിച്ചു: രാത്രിയുടെ മൂന്നാം മണിക്കൂറില്‍ കേസറിയാവരെ പോകാനായി ഇരുന്നൂറു ഭടന്മാരെയും എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു ശൂലധാരികളെയും ഒരുക്കിനിറുത്തുക.
24: പൗലോസിനു യാത്രചെയ്യാനുള്ള കുതിരകളെയും തയ്യാറാക്കുക. അവനെ ദേശാധിപതിയായ ഫെലിക്സിന്റെയടുക്കല്‍ സുരക്ഷിതമായി എത്തിക്കണം.
25: അവന്‍ ഇങ്ങനെ ഒരു കത്തും എഴുതി:
26: അഭിവന്ദ്യനായ ദേശാധിപതി ഫെലിക്സിന് ക്ലാവൂദിയൂസ് ലീസിയാസിന്റെ അഭിവാദനങ്ങള്‍!
27: ഈ മനുഷ്യനെ യഹൂദന്മാര്‍ പിടിച്ചു ബന്ധിച്ചു. ഇവനെക്കൊല്ലാന്‍ അവരൊരുമ്പെട്ടപ്പോള്‍ ഇവന്‍ റോമാപ്പൗരനാണെന്നറിഞ്ഞ്, ഞാന്‍ ഭടന്മാരോടുകൂടെച്ചെന്ന് ഇവനെ രക്ഷിച്ചു.
28: ഇവന്റെമേലുള്ള ആരോപണമെന്താണെന്ന്, സൂക്ഷ്മമായി അറിയണമെന്നാഗ്രഹിച്ച്, ഞാനിവനെ അവരുടെ ആലോചനാ സംഘത്തില്‍ കൊണ്ടുചെന്നു.
29: ഇവന്റെ പേരിലുള്ള ആരോപണം, അവരുടെ നിയമങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണെന്നു ഞാന്‍ മനസ്സിലാക്കി. എന്നാല്‍, വധമോ കാരാഗൃഹമോ അര്‍ഹിക്കുന്ന ഒരാരോപണവുമുണ്ടായിരുന്നില്ല.
30: ഇവനെതിരേ ഗൂഢാലോചനയുണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ഞാന്‍ നിന്റെയടുക്കലേക്ക് ഇവനെ അയയ്ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങള്‍ നിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
31: അങ്ങനെ കല്പനയനുസരിച്ച്, ഭടന്മാര്‍ പൗലോസിനെ രാത്രിതന്നെ അന്തിപ്പാത്രിസിലേക്കു കൊണ്ടുപോയി.
32: പ്രഭാതമായപ്പോള്‍ അവനോടൊന്നിച്ചു പോകാന്‍ കുതിരപ്പടയാളികളെ നിയോഗിച്ചിട്ട്, ഭടന്മാര്‍ പാളയത്തിലേക്കു മടങ്ങി.
33: അവര്‍ കേസറിയായിലെത്തി, കത്ത്, ദേശാധിപതിയെ ഏല്പിക്കുകയും പൗലോസിനെ അവന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.
34: കത്തു വായിച്ചതിനുശേഷം, അവന്‍ ഏതു പ്രവിശ്യയില്‍പ്പെട്ടവനാണെന്ന് അവന്‍ ചോദിച്ചു.
35: കിലിക്യാക്കാരനാണെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: പരാതിക്കാര്‍ വരുമ്പോള്‍ ഞാന്‍ നിന്നെ വിസ്തരിക്കാം. ഹേറോദേസിന്റെ പ്രത്തോറിയത്തില്‍ അവനെ സൂക്ഷിക്കാന്‍ അവനാജ്ഞാപിച്ചു.

മുന്നൂറ്റിയിരുപതാം ദിവസം: അപ്പസ്‌തോല പ്രവർത്തനങ്ങൾ 20 - 21


അദ്ധ്യായം 20


ഗ്രീസിലേക്ക്
1: ബഹളംശമിച്ചപ്പോള്‍ പൗലോസ് ശിഷ്യരെ വിളിച്ചുകൂട്ടി ഉപദേശിച്ചതിനുശേഷം, യാത്രപറഞ്ഞ്, മക്കെദോനിയായിലേക്കു പോയി.
2: ആ പ്രദേശങ്ങളിലൂടെ യാത്രചെയ്ത്, ആളുകളെ ഉപദേശങ്ങള്‍വഴി ധൈര്യപ്പെടുത്തിയിട്ട്. ഗ്രീസിലെത്തി
3: അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, യഹൂദന്മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.
4: പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, തെസലോനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തിമോത്തേയോസ്, ഏഷ്യയില്‍നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പമുണ്ടായിരുന്നു.
5: അവര്‍ മുമ്പേപോയി ത്രോവാസില്‍ ഞങ്ങളെ കാത്തിരുന്നു.
6: പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഫിലിപ്പിയില്‍നിന്നു സമുദ്രയാത്ര ചെയ്ത്, അഞ്ചുദിവസംകൊണ്ട്, ത്രോവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴുദിവസം താമസിച്ചു.

ത്രോവാസിനോടു വിട
7: ആഴ്ചയുടെ ആദ്യദിവസം, അപ്പംമുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസം യാത്രപുറപ്പെടേണ്ടിയിരുന്നതുകൊണ്ട്, പൗലോസ് അവരോടു പ്രസംഗിച്ചു. അര്‍ദ്ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു.
8: ഞങ്ങള്‍ സമ്മേളിച്ചിരുന്ന, മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ് എന്നുപേരുള്ള ഒരു യുവാവ്, ജനല്‍പ്പടിയിലിരിക്കുകയായിരുന്നു.
9: പൗലോസിന്റെ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാംനിലയില്‍നിന്നു താഴെവീണു. അവനെ, ചെന്നെടുക്കുമ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു.
10: എന്നാല്‍, പൗലോസ് താഴെയിറങ്ങിച്ചെന്ന്, കുനിഞ്ഞ് അവനെ ആലിംഗനംചെയ്തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്.
11: പൗലോസ് മുകളില്‍ച്ചെന്ന്, അപ്പംമുറിച്ചു ഭക്ഷിച്ചതിനുശേഷം, പ്രഭാതംവരെ അവരുമായി ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെട്ടു. അനന്തരം അവന്‍ അവിടം വിട്ടുപോയി.
12: അവര്‍ ആ യുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അത്യധികമാശ്വാസമുണ്ടായി.

മിലേത്തോസിലേക്ക്
13: ഞങ്ങള്‍ നേരത്തേതന്നെ ആസ്സോസിലേക്കു കപ്പല്‍കയറി. പൗലോസ് അവിടംവരെ കരമാര്‍ഗ്ഗം സഞ്ചരിച്ചതിനുശേഷം കപ്പല്‍കയറുമെന്നായിരുന്നു തീരുമാനം.
14: ആസ്സോസില്‍വച്ച് അവന്‍ ഞങ്ങളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങളവനെ കപ്പലില്‍ക്കയറ്റുകയും മിത്തിലേനേയില്‍ എത്തിച്ചേരുകയുംചെയ്തു.
15: അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന്, അടുത്തദിവസം ഞങ്ങള്‍ കിയോസിന് എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്റെയടുത്ത ദിവസം മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്തു.
16: ഏഷ്യയില്‍ സമയംചെലവഴിക്കരുതെന്നു വിചാരിച്ച്, എഫേസോസിലടുക്കാതെ കടന്നുപോകണമെന്നു പൗലോസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, പന്തക്കുസ്താദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.

എഫേസോസ് വിടുന്നു
17: മിലേത്തോസില്‍നിന്ന് അവന്‍ എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠന്മാരെ വരുത്തി.
18: അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മദ്ധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.
19: പൂര്‍ണ്ണ വിനയത്തോടും കണ്ണുനീരോടും യഹൂദന്മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടുംകൂടെ ഞാന്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തു.
20: നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലുംകാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടികാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറുംവന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു.
21: ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറി ച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യംനല്കി.
22: ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി, ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്കെന്തു സംഭവിക്കുമെന്നറിഞ്ഞുകൂടാ.
23: കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെക്കാത്തിരിക്കുന്നതെന്ന് എല്ലാനഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ടെന്നുമാത്രം എനിക്കറിയാം.
24: എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലുംവിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യംനല്കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വ്വഹിക്കണമെന്നുംമാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ.
25: ദൈവരാജ്യംപ്രസംഗിച്ചുകൊണ്ട്, നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചരിച്ചു. എന്നാലിതാ, ഇനിയൊരിക്കലും നിങ്ങളെന്റെ മുഖംദര്‍ശിക്കയില്ലെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
26: തന്മൂലം, നിങ്ങളിലാരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാനുത്തരവാദിയല്ലെന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
27: എന്തെന്നാല്‍, ദൈവത്തിന്റെ ഹിതംമുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നതില്‍നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല.
28: നിങ്ങളെയും അജഗണംമുഴുവനെയുംപറ്റി, നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവു നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍.
29: എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെമദ്ധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെവിടുകയില്ലെന്നും എനിക്കറിയാം.
30: ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി, സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെയുണ്ടാകും.
31: അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍നിന്നു ഞാന്‍ വിരമിച്ചിട്ടില്ലെന്ന് അനുസ്മരിക്കുവിന്‍.
32: നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്പിക്കുന്നു. നിങ്ങള്‍ക്ക്, ഉത്കര്‍ഷംവരുത്തുന്നതിനും സകലവിശുദ്ധരുടെയുമിടയില്‍ അവകാശംതരുന്നതിനും ഈ വചനത്തിനുകഴിയും.
33: ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണ്ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല.
34: എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍നിര്‍വ്വഹിക്കാന്‍ എന്റെ ഈ കൈകള്‍തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.
35: ഇങ്ങനെ അദ്ധ്വാനിച്ചുകൊണ്ട്, ബലഹീനരെ സഹായിക്കണമെന്നുകാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃകനല്കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നുപറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.
36: ഇതുപറഞ്ഞതിനുശേഷം അവന്‍ മുട്ടുകുത്തി മറ്റെല്ലാവരോടുംകൂടെ പ്രാര്‍ത്ഥിച്ചു.
37: അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനംചെയ്തു ഗാഢമായി ചുംബിച്ചു.
38: ഇനിമേല്‍ അവര്‍ അവന്റെ മുഖം ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. അനന്തരം, അവര്‍ കപ്പലിന്റെയടുത്തുവരെ അവനെ അനുയാത്രചെയ്തു.

അദ്ധ്യായം 21 


ജറുസലെമിലേക്ക്
1: ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞ്, കപ്പല്‍കയറി, നേരേ കോസിലെത്തി. അടുത്തദിവസം റോദോസിലേക്കും, അവിടെനിന്ന് പത്താറായിലേക്കും പോയി.
2: ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട്, ഞങ്ങളതില്‍ക്കയറി.
3: ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട്, ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍, കപ്പല്‍ ടയിറിലടുത്തപ്പോള്‍ ഞങ്ങളവിടെയിറങ്ങി.
4: ശിഷ്യന്മാരെ കണ്ടുപിടിച്ച്, ഞങ്ങള്‍ ഏഴുദിവസം അവിടെത്താമസിച്ചു. പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു.
5: അവിടത്തെ താമസംകഴിഞ്ഞ്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും നഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്രചെയ്തു. സമുദ്രതീരത്തു മുട്ടുകുത്തി, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും വിടവാങ്ങുകയും ചെയ്തു.
6: പിന്നെ ഞങ്ങള്‍ കപ്പലില്‍ക്കയറി; അവര്‍ വീടുകളിലേക്കു മടങ്ങി.
7: ടയിറില്‍നിന്നുള്ള യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെകൂടെ ഒരു ദിവസം താമസിക്കുകയും ചെയ്തു.
8: അടുത്തദിവസം ഞങ്ങള്‍, അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴുപേരിലൊരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്റെ വീട്ടില്‍ച്ചെന്ന്, അവന്റെകൂടെ താമസിച്ചു.
9: കന്യകമാരും പ്രവചനവരംലഭിച്ചവരുമായ നാലുപുത്രിമാര്‍ അവനുണ്ടായിരുന്നു.
10: കുറേദിവസം കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകന്‍, യൂദയായില്‍നിന്ന് അവിടെയെത്തി.
11: അവന്‍ ഞങ്ങളുടെയടുത്തുവന്ന്, പൗലോസിന്റെ അരപ്പട്ടയെടുത്ത്, അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. പരിശുദ്ധാത്മാവരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച്, യഹൂദന്മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും.
12: ഇതുകേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നഭ്യര്‍ത്ഥിച്ചു.
13: അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണീച്ചെയ്യുന്നത്? നിലവിളിച്ചുകൊണ്ട്, എന്റെ ഹൃദയത്തെ ദുര്‍ബ്ബലമാക്കുകയാണോ? ജറുസലെമില്‍വച്ചു കര്‍ത്താവായ യേശുവിന്റെ നാമത്തെപ്രതി ബന്ധനംമാത്രമല്ല മരണംപോലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
14: അവനെ സമ്മതിപ്പിക്കാന്‍കഴിയാതെവന്നപ്പോള്‍ കര്‍ത്താവിന്റെ ഹിതം നിറവേറട്ടെ എന്നുപറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്മാറി.
15: ആ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു.
16: കേസറിയായില്‍നിന്നുള്ള ചിലശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാലശിഷ്യരിലൊരുവനായ സൈപ്രസുകാരന്‍ മ്‌നാസ്സോന്റെ വീട്ടിലാണു ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.

ജറുസലെമിലെ തീരുമാനം
17: ഞങ്ങള്‍ ജറുസലെമിലെത്തിയപ്പോള്‍, സഹോദരര്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു.
18: അടുത്തദിവസം, പൗലോസ്, ഞങ്ങളോടൊത്തു യാക്കോബിന്റെയടുക്കലേക്കു പോയി. ശ്രേഷ്ഠന്മാരെല്ലാവരും അവിടെ വന്നുകൂടി.
19: അവരെ അഭിവാദനംചെയ്തതിനുശേഷം, പൗലോസ്, തന്റെ ശുശ്രൂഷവഴി, വിജാതീയരുടെയിടയില്‍ ദൈവംചെയ്തകാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.
20: അവരതുകേട്ട് ,ദൈവത്തെ സ്തുതിച്ചു. അവരവനോടുപറഞ്ഞു: സഹോദരാ, വിശ്വാസംസ്വീകരിച്ചവരില്‍ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമംപാലിക്കുന്നതില്‍ വലിയനിഷ്ഠയുള്ളവരുമാണ്.
21: എന്നാല്‍, ശിശുക്കളെ പരിച്ഛേദനം ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട്, മോശയെ അവഗണിക്കാന്‍ വിജാതീയരുടെ ഇടയിലുള്ള യഹൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു.
22: നീ വന്നിട്ടുണ്ടെന്ന് അവര്‍ തീര്‍ച്ചയായുമറിയും. എന്താണിനി ചെയ്യേണ്ടത്?
23: അതിനാല്‍, ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്ത നാലുപേര്‍ ഞങ്ങളുടെകൂടെയുണ്ട്.
24: അവരോടൊപ്പം പോയി, നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുണ്ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീതന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരുമറിഞ്ഞുകൊള്ളും.
25: എന്നാല്‍, വിശ്വാസംസ്വീകരിച്ച വിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരെഴുത്തയച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്.
26: പൗലോസ് അവരെ കൂട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നടത്തി. അവരുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കുംവേണ്ടി ബലിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍വേണ്ടി അവന്‍ ദേവാലയത്തില്‍ പോയി.

പൗലോസിനെ ബന്ധിക്കുന്നു
27: ഏഴുദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍നിന്നുള്ള യഹൂദര്‍ അവനെ ദേവാലയത്തില്‍ക്കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു.
28: അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേല്‍ജനമേ, സഹായിക്കുവിന്‍. ജനത്തിനും നിയമത്തിനും ഈ സ്ഥലത്തിനുമെതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവന്‍ ഇവന്‍തന്നെ. മാത്രമല്ല, ഇവന്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ കൊണ്ടുവന്ന് ഈ പരിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു.
29: എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ് അവനെയും ദേവാലയത്തില്‍ കൊണ്ടുവന്നിരിക്കുമെന്ന് അവര്‍ വിചാരിച്ചു.
30: നഗരംമുഴുവന്‍ പ്രക്ഷുബ്ദ്ധമായി. ആളുകളോടിക്കൂടി. അവര്‍ പൗലോസിനെപ്പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകളടയ്ക്കുകയും ചെയ്തു.
31: അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെംമുഴുവന്‍ ബഹളത്തിലാണെന്ന്, സഹസ്രാധിപന് അറിവു ലഭിച്ചു.
32: അവന്‍ ഉടന്‍തന്നെ ഭടന്മാരെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്മാരെയും സഹസ്രാധിപനെയുംകണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍നിന്ന് അവര്‍ വിരമിച്ചു.
33: സഹസ്രാധിപന്‍വന്ന്, അവനെപ്പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്ധിക്കാന്‍ അവന്‍ കല്പിച്ചു. അവനാരാണെന്നും എന്തുചെയ്തുവെന്നും സഹസ്രാധിപനന്വേഷിച്ചു.
34: ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളംനിമിത്തം വസ്തുത ഗ്രഹിക്കാന്‍കഴിയാതെവന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്പന നല്കി.
35: നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റംനിമിത്തം പടയാളികള്‍ അവനെ എടുത്തുകൊണ്ടുപോകുകയാണു ചെയ്തത്.
36: അവനെക്കൊല്ലുക എന്നു വിളിച്ചുപറഞ്ഞുകൊണ്ട്, ജനക്കൂട്ടം പിറകെ കൂടി.

സഹസ്രാധിപന്റെ മുമ്പില്‍
37: പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാനൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്കു ഗ്രീക്കുഭാഷ അറിയാം, അല്ലേ?
38: അപ്പോള്‍, അടുത്തകാലത്തു കലാപമുണ്ടാക്കുകയും നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്തുകാരനല്ലേ നീ?
39: പൗലോസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍നിന്നുള്ള ഒരു യഹൂദനാണു ഞാന്‍ - അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരന്‍. ജനത്തോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാനപേക്ഷിക്കുന്നു.
40: അനുവാദംകിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നുകൊണ്ട്, ജനത്തോട് ആംഗ്യംകാണിച്ചു. അവര്‍ പൂര്‍ണ്ണനിശ്ശബ്ദരായി; ഹെബ്രായഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.

മുന്നൂറ്റിപ്പത്തൊമ്പതാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 18 - 19


അദ്ധ്യായം 18


കോറിന്തോസില്‍
1: ഇതിനുശേഷം പൗലോസ് ആഥന്‍സ്‌വിട്ടു കോറിന്തോസിലെത്തി.
2: അവന്‍ പോന്തസുകാരനായ അക്വീലാ എന്നൊരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേയുണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലായഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു.
3: അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട്, അവന്‍ അവരുടെകൂടെത്താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയുംചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.
4: എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തിലേര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തു.
5: സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണു ക്രിസ്തുവെന്നു സാക്ഷ്യംനല്കിക്കൊണ്ട്, യഹൂദര്‍ക്കു ബോദ്ധ്യംവരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്.
6: അവര്‍ അവനെയെതിര്‍ക്കുകയും ദൂഷണംപറയുകയുംചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുടഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം, നിങ്ങളുടെതന്നെ ശിരസ്സില്‍പ്പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെയടുക്കലേക്കു പോകുന്നു.
7: അവിടംവിട്ട്, അവന്‍ ദൈവഭക്തനായ തീസിയോസ്‌ യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി.
8: സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബംമുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.
9: രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക.
10: എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്.
11: പൗലോസ് അവരുടെയിടയില്‍ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വര്‍ഷവും ആറുമാസവും താമസിച്ചു.

ന്യായാസനത്തിനു മുമ്പില്‍
12: ഗാല്ലിയോ, അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, യഹൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണംനടത്തി. അവരവനെ ന്യായാസനത്തിനുമുമ്പില്‍ക്കൊണ്ടുവന്ന്, ഇപ്രകാരം പറഞ്ഞു:
13: ഈ മനുഷ്യന്‍ നിയമവിരുദ്ധമായ രീതിയില്‍ ദൈവാരാധനനടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
14: പൗലോസ് സംസാരിക്കാന്‍തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റകൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിന്റെയോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നതു തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു.
15: എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യംചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാനൊരുക്കമല്ല.
16: അവന്‍ ന്യായാസനത്തിനുമുമ്പില്‍നിന്ന് അവരെപ്പുറത്താക്കി.
17: അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെപ്പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു
18: പൗലോസ് കുറെനാള്‍കൂടെ അവിടെത്താമസിച്ചിട്ട്, സഹോദരരോടു യാത്രപറഞ്ഞ്, സിറിയായിലേക്കു കപ്പല്‍കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍, കെങ്ക്‌റെയില്‍വച്ച് തല മുണ്ഡനംചെയ്തു.
19: അവര്‍ എഫേസോസില്‍ എത്തിച്ചേര്‍ന്നു. അവന്‍ മറ്റുള്ളവരെ അവിടെ വിട്ടിട്ട്, സിനഗോഗില്‍ പ്രവേശിച്ച്, യഹൂദരുമായി വാദത്തിലേര്‍പ്പെട്ടു.
20: കുറെനാള്‍കൂടെ തങ്ങളോടൊത്തു താമസിക്കാന്‍ അവരാവശ്യപ്പെട്ടെങ്കിലും അവന്‍ സമ്മതിച്ചില്ല.
21: ദൈവമനുവദിച്ചാല്‍ ഞാന്‍ നിങ്ങളുടെയടുത്തേക്കു തിരിച്ചുവരും എന്നുപറഞ്ഞ്, അവന്‍ വിടവാങ്ങുകയും എഫേസോസില്‍നിന്നു കപ്പല്‍കയറുകയുംചെയ്തു.
22: കേസറിയായിലെത്തി, അവിടത്തെ സഭയെ അഭിവാദനംചെയ്തിട്ട് അവന്‍ അന്ത്യോക്യയിലേക്കുപോയി.
23: കുറെക്കാലം അവിടെ ചെലവഴിച്ചതിനുശേഷം, അവന്‍ യാത്രപുറപ്പെട്ട്, ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, എല്ലാ ശിഷ്യര്‍ക്കും ശക്തിപകര്‍ന്നുകൊണ്ടിരുന്നു.

അപ്പോളോസ് എഫേസോസില്‍
24: ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്സാണ്ഡ്രിയാക്കാരനായ ഒരു യഹൂദന്‍, എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും വിശുദ്ധലിഖിതങ്ങളില്‍ അവഗാഹം നേടിയവനുമായിരുന്നു.
25: കര്‍ത്താവിന്റെ മാര്‍ഗ്ഗത്തെക്കുറിച്ച്, അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചുമാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആത്മാവില്‍ ഉണര്‍വ്വോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയുംചെയ്തിരുന്നു.
26: അവന്‍ സിനഗോഗിലും ധൈര്യപൂര്‍വ്വം പ്രസംഗിക്കാന്‍തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാര്‍ഗ്ഗം, കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു.
27: അവന്‍ അക്കായിയായിലേക്കു പോകാനാഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന്, ശിഷ്യര്‍ക്കെഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, കൃപാവരംമൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായിച്ചു.
28: എന്തെന്നാല്‍, അവന്‍ പൊതുസ്ഥലങ്ങളില്‍വച്ച്, വിശുദ്ധഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തു, യേശുതന്നെയാണെന്നു തെളിയിക്കുകയും യഹൂദന്മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.

അദ്ധ്യായം 19 


പൗലോസ് എഫേസോസില്‍
1: അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച്, എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെക്കണ്ടു.
2: അവനവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്നുണ്ടെന്ന്, ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല.
3: അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം.
4: അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കുപിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്നു ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്കിയത്.
5: അവര്‍ ഇതുകേട്ട് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനംസ്വീകരിച്ചു.
6: പൗലോസ് അവരുടെമേല്‍ കൈകള്‍വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയുംചെയ്തു.
7: അവര്‍ ഏകദേശം പന്ത്രണ്ടുപേരുണ്ടായിരുന്നു.
8: അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വ്വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയുംചെയ്തു.
9: എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍, വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്റെമുമ്പില്‍ ക്രിസ്തുമാര്‍ഗ്ഗത്തെ ദുഷിക്കുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെവിട്ട്, ശിഷ്യരെയുംകൂട്ടി, ടിറാനോസിന്റെ പ്രസംഗശാലയില്‍പ്പോയി എല്ലാദിവസവും വിവാദത്തിലേര്‍പ്പെട്ടുപോന്നു.
10: ഇതു രണ്ടുവര്‍ഷത്തേക്കു തുടര്‍ന്നു. തന്മൂലം, ഏഷ്യയില്‍വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്റെ വചനം കേട്ടു.

സ്‌കേവായുടെ പുത്രന്മാര്‍
11: പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
12: അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെയടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു.
13: പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍, പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്റെ നാമം പ്രയോഗിച്ചുനോക്കി.
14: യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്‌കേവായുടെ ഏഴുപുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു.
15: എന്നാല്‍, അശുദ്ധാത്മാവ് അവരോടിപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങളാരാണ്?
16: അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ്, അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.
17: എഫേസോസില്‍ വസിച്ചിരുന്ന യഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരമറിഞ്ഞു ഭയപ്പെട്ടു. കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയുംചെയ്തു.
18: കൂടാതെ, വിശ്വാസംസ്വീകരിച്ച പലരുംവന്ന്, തങ്ങളുടെ ദുര്‍ന്നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു.
19: ക്ഷുദ്രപ്രയോഗംനടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന്, എല്ലാവരും കാണ്‍കെ അഗ്നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.
20: അങ്ങനെ കര്‍ത്താവിന്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്തി വെളിപ്പെടുകയുംചെയ്തു.
21: ഈ സംഭവങ്ങള്‍ക്കുശേഷം പൗലോസ് ആത്മാവിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കുപോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനുശേഷം, തനിക്കു റോമായും സന്ദര്‍ശിക്കണമെന്ന് അവന്‍ പറഞ്ഞിരുന്നു.
22: അവന്‍ തന്റെ സഹായികളില്‍ രണ്ടുപേരായ തിമോത്തേയോസിനെയും എറാസ്തൂസിനെയും മക്കെദോനിയായിലേക്കയച്ചിട്ട്, കുറെനാള്‍ ഏഷ്യയില്‍ താമസിച്ചു.

വെള്ളിപ്പണിക്കാരുടെ ലഹള
23: ആയിടെ ക്രിസ്തുമാര്‍ഗ്ഗത്തെ സംബന്ധിച്ചു വലിയ ഒച്ചപ്പാടുണ്ടായി.
24: അര്‍ത്തേമിസ്ദേവിയുടെ ക്ഷേത്രത്തിന്റെ വെള്ളിമാതൃകകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന വെള്ളിപ്പണിക്കാരനായ ദമേത്രിയോസ്, ശില്പവേലക്കാര്‍ക്കു വലിയ തോതില്‍ തൊഴിലുണ്ടാക്കിക്കൊടുത്തുപോന്നു.
25: ഇവരെയും ഇതേ തൊഴിലിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവന്‍ പറഞ്ഞു: മാന്യരേ, നമ്മുടെ സമ്പത്തുമുഴുവന്‍ ഈ തൊഴിലില്‍നിന്നാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
26: എന്നാല്‍, കൈകൊണ്ടുണ്ടാക്കിയ ദൈവങ്ങള്‍ ദൈവങ്ങളേയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, പൗലോസ് എന്ന ഈ മനുഷ്യന്‍ എഫേസോസില്‍ മാത്രമല്ല, ഏഷ്യയിലാകെ വളരെപ്പേരെ വഴിതെറ്റിക്കുന്നതു നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ.
27: തന്മൂലം, നമ്മുടെ ഈ തൊഴില്‍ അപഹാസ്യമായിത്തീരും എന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ, മഹാദേവതയായ അര്‍ത്തേമിസിന്റെ ക്ഷേത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയും ഏഷ്യയിലും പരിഷ്‌കൃതലോകമെങ്ങും ആരാധിക്കപ്പെടുന്ന അവളുടെ പ്രതാപമസ്തമിക്കുകയും ചെയ്യും.
28: ഇതുകേട്ടപ്പോള്‍ അവര്‍ കോപാക്രാന്തരായി വിളിച്ചുപറഞ്ഞു: എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണ്.
29: നഗരത്തില്‍ മുഴുവന്‍ ബഹളമായി. അവരെല്ലാവരുംകൂടെ പൗലോസിന്റെ സഹയാത്രികരും മക്കെദോനിയാക്കാരുമായ ഗായിയൂസിനെയും അരിസ്താര്‍ക്കൂസിനെയും വലിച്ചിഴച്ചുകൊണ്ട്, പൊതുമണ്ഡപത്തിലേക്കു തള്ളിക്കയറി.
30: ജനക്കൂട്ടത്തിലേക്കു പോകാന്‍ പൗലോസ് ആഗ്രഹിച്ചെങ്കിലും ശിഷ്യന്മാര്‍ അവനെയനുവദിച്ചില്ല.
31: പൗലോസിന്റെ സ്‌നേഹിതരായ ഏഷ്യയിലെ ചില പ്രമുഖര്‍ ആളയച്ച്, പൊതുമണ്ഡപത്തിലേക്കു പോകാന്‍ തുനിയരുതെന്ന് അവനോടഭ്യര്‍ത്ഥിച്ചു.
32: അവിടെ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സമ്മേളനം ആകെ അലങ്കോലമായി. തങ്ങളവിടെ എന്തിനാണ് ഒരുമിച്ചുകൂടിയതെന്നുതന്നെ മിക്കവര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
33: യഹൂദര്‍ മുമ്പോട്ടുകൊണ്ടുവന്ന അലക്സാണ്ടറിനോട്, ജനക്കൂട്ടത്തില്‍ ചിലര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അലക്സാണ്ടര്‍ ആംഗ്യംകാണിച്ചിട്ട്, ജനങ്ങളോടു ന്യായവാദത്തിനു മുതിര്‍ന്നു.
34: എന്നാല്‍, അവന്‍ യഹൂദനാണെന്നു മനസ്സിലാക്കിയപ്പോള്‍ അവരെല്ലാവരും ഒരേ ശബ്ദത്തില്‍ എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണെന്ന് ആര്‍ത്തുവിളിച്ചു. രണ്ടു മണിക്കൂറോളം ഇതു തുടര്‍ന്നു.
35: നഗരാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കിയതിനുശേഷം പറഞ്ഞു: എഫേസോസുകാരേ, എഫേസോസ് നഗരി, മഹാദേവതയായ അര്‍ത്തേമിസിന്റെയും അവളുടെ, ആകാശത്തുനിന്നു വീണ പ്രതിമയുടെയും ക്ഷേത്രത്തിന്റെ പാലികയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
36: ഈ വസ്തുതകള്‍ അനിഷേദ്ധ്യങ്ങളാകയാല്‍ നിങ്ങള്‍ ശാന്തരായിരിക്കണം. അതിക്രമമൊന്നും പ്രവര്‍ത്തിക്കരുത്.
37: എന്തെന്നാല്‍, നിങ്ങള്‍കൊണ്ടുവന്നിരിക്കുന്ന ഈ മനുഷ്യര്‍ ദേവാലയം അശുദ്ധമാക്കിയിട്ടില്ല. നമ്മുടെ ദേവിയെ ദുഷിച്ചിട്ടുമില്ല.
38: അതിനാല്‍, ദമേത്രിയോസിനോ അവന്റെകൂടെയുള്ള ശില്പികള്‍ക്കോ ഇവരില്‍ ആരുടെയെങ്കിലുംപേരില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്കു ന്യായാസനമുണ്ട്; ഉപസ്ഥാനപതികളുണ്ട്; അവര്‍ അവിടെ പരാതികള്‍ സമര്‍പ്പിക്കട്ടെ.
39: അതല്ല, ഇനി മറ്റെന്തെങ്കിലുമാണു നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ നിയമാനുസൃതമായ സംഘത്തില്‍വച്ച് അതിനു തീരുമാനമുണ്ടാക്കാം.
40: ഇന്നത്തെ ഈ ബഹളത്തെ ന്യായീകരിക്കുവാന്‍ നമുക്കു കാരണമൊന്നും പറയാനില്ല. അതിനാല്‍, കലാപമുണ്ടാക്കിയെന്ന് നമ്മുടെമേല്‍ ആരോപിക്കുക എന്ന അപകടവുമുണ്ട്.
41: ഇതുപറഞ്ഞ്, അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു

മുന്നൂറ്റിപ്പതിനെട്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 16 - 17


    അദ്ധ്യായം 16



    തിമോത്തേയോസ്

    1: ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു - വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍. എന്നാല്‍, അവന്റെ പിതാവു ഗ്രീക്കുകാരനായിരുന്നു.
    2: ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.
    3: അവനെ തന്റെകൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകര്‍മ്മംനടത്തി. എന്തെന്നാല്‍, അവന്റെ പിതാവു ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരുമറിഞ്ഞിരുന്നു.
    4: ജറുസലെമില്‍വച്ച് അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരുമെടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു.
    5: തന്മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയുംചെയ്തു.

    ത്രോവാസിലെ ദര്‍ശനം
    6: ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട്, അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്രചെയ്തു.
    7: മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവരാഗ്രഹിച്ചു. എങ്കിലും യേശുവിന്റെ ആത്മാവ് അതിനനുവദിച്ചില്ല.
    8: തന്മൂലം, മീസിയാ പിന്നിട്ട്, അവര്‍ ത്രോവാസിലേക്കു പോയി.
    9: രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍നിന്ന് ഇപ്രകാരമഭ്യര്‍ത്ഥിച്ചു: മക്കെദോനിയായിലേക്കു വന്ന്, ഞങ്ങളെ സഹായിക്കുക.
    10: മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്നറിഞ്ഞ് അവനു ദര്‍ശനമുണ്ടായ ഉടനെ, ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.

    ലീദിയായുടെ മാനസാന്തരം
    11: ത്രോവാസില്‍നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ടു സമോത്രാക്കേയിലേക്കു യാത്രചെയ്തു; അടുത്ത ദിവസം നെയാപോളിസിലേക്കും,
    12: അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു.
    13: നഗരകവാടത്തിനു പുറത്ത്, നദീതീരത്തൊരു പ്രാര്‍ത്ഥനാകേന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു.
    14: ഞങ്ങളുടെ വാക്കുകള്‍ കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയംതുറന്നു.
    15: കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ച അവള്‍, ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി.

    പൗലോസ് കാരാഗൃഹത്തില്‍
    16: ഞങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവുബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്റെ യജമാനന്മാര്‍ക്കു വളരെ ആദായമുണ്ടാക്കിയിരുന്നു.
    17: അവള്‍ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്. അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗ്ഗം പ്രഘോഷിക്കുന്നു.
    18: പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തു. പൗലോസിനെ ഇതസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ്, അവളിലെ ആത്മാവിനോടു പറഞ്ഞു: അവളില്‍നിന്നു പുറത്തുപോകാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു ഞാനാജ്ഞാപിക്കുന്നു. തത്ക്ഷണം അതു പുറത്തുപോയി.
    19: അവളുടെ യജമാനന്മാര്‍, തങ്ങളുടെ ആദായമാര്‍ഗ്ഗം നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോള്‍, പൗലോസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് പൊതുസ്ഥലത്ത്, അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു.
    20: അവര്‍ അവരെ ന്യായാധിപന്മാരുടെ മുമ്പില്‍ക്കൊണ്ടുവന്ന്, ഇപ്രകാരം പറഞ്ഞു: യഹൂദരായ ഇവര്‍ നമ്മുടെ നഗരത്തെ അസ്വസ്ഥമാക്കുന്നു.
    21: റോമാക്കാരായ നമുക്കു നിയമപ്രകാരം അംഗീകരിക്കാനോ അനുഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവര്‍ പ്രസംഗിച്ചുനടക്കുന്നു.
    22: ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി, അവരെ പ്രഹരിക്കാന്‍ ന്യായാധിപന്മാര്‍ കല്പന നല്കി.
    23: അവര്‍ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവര്‍ക്കു ശ്രദ്ധാപൂര്‍വ്വം കാവല്‍നില്ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു.
    24: അവന്‍ കല്പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമംവച്ചു.

    തടവറയിലെ അദ്ഭുതം
    25: അര്‍ദ്ധരാത്രിയോടടുത്ത്, പൗലോസും സീലാസും കീര്‍ത്തനംപാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.
    26: പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
    27: കാവല്‍ക്കാരനുണര്‍ന്നപ്പോള്‍, കാരാഗൃഹവാതിലുകള്‍ തുറന്നുകിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്നു വിചാരിച്ച്, അവന്‍ വാളൂരി ആത്മഹത്യയ്‌ക്കൊരുങ്ങി.
    28: എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്.
    29: വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട്, അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന്‍ പൗലോസിന്റെയും സീലാസിന്റെയും കാല്ക്കല്‍ വീണു.
    30: അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു: യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാനെന്തുചെയ്യണം?
    31: അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.
    32: അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും കര്‍ത്താവിന്റെ വചനം പ്രസംഗിച്ചു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.
    33: അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്‌നാനം സ്വീകരിക്കുകയുംചെയ്തു.
    34: അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന്, അവര്‍ക്കു ഭക്ഷണം വിളമ്പി. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു.
    35: പ്രഭാതമായപ്പോള്‍ ന്യായാധിപന്മാര്‍ ആ മനുഷ്യരെ വിട്ടയയ്ക്കുക എന്നു കല്പിച്ചുകൊണ്ടു ഭടന്മാരെ അയച്ചു.
    36: കാവല്‍ക്കാരന്‍ ഈ വിവരം പൗലോസിനെ അറിയിച്ചു: ന്യായാധിപന്മാര്‍ നിങ്ങളെ വിട്ടയയ്ക്കണമെന്ന് കല്പിച്ചുകൊണ്ട് ആളയച്ചിരിക്കുന്നു; അതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്കു സമാധാനത്തോടെപോകാം.
    37: എന്നാല്‍, പൗലോസ് അവരോടു പറഞ്ഞു: റോമാപ്പൗരന്മാരായ ഞങ്ങളെ വിചാരണചെയ്തു കുറ്റംവിധിക്കാതെ പരസ്യമായി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ രഹസ്യമായി വിട്ടയയ്ക്കുന്നുവോ? അതു പാടില്ല. അവര്‍തന്നെ വന്ന്, ഞങ്ങളെ വിട്ടയയ്ക്കട്ടെ.
    38: ഭടന്മാര്‍ ഈ വിവരം ന്യായാധിപന്മാരെ അറിയിച്ചു. അവര്‍ റോമാപ്പൗരന്‍മാരാണെന്നു കേട്ടപ്പോള്‍ ന്യായാധിപന്മാര്‍ ഭയപ്പെട്ടു.
    39: അതിനാല്‍, അവര്‍ വന്ന്, അവരോടു ക്ഷമായാചനംചെയ്യുകയും അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അവരോടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
    40: അവര്‍ കാരാഗൃഹത്തില്‍നിന്നു പുറത്തുവന്ന്, ലീദിയായുടെ വീട്ടിലേക്കുപോയി. സഹോദരരെക്കണ്ട് ഉപദേശങ്ങള്‍ നല്കിയതിനുശേഷം അവര്‍ അവിടെനിന്നു യാത്രതിരിച്ചു.

    അദ്ധ്യായം 17


    തെസലോനിക്കായില്‍
    1: അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെ യാത്രചെയ്ത് തെസലോനിക്കായിലെത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.
    2: പൗലോസ്, പതിവനുസരിച്ച് അവിടെച്ചെന്ന്, മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.
    3: ക്രിസ്തു പീഡനംസഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശുതന്നെയാണു ക്രിസ്തു.
    4: അവരില്‍ ചിലര്‍, ബോദ്ധ്യംവന്ന്, പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. ദൈവഭക്തരായ അനേകം ഗ്രീക്കുകാരും നിരവധി കുലീനവനിതകളും അപ്രകാരം ചെയ്തു.
    5: എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട്, ചില നീചന്മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്റെ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും ചെയ്തു.
    6: അവരെ കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ജാസനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെയടുക്കല്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് അവര്‍ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു.
    7: ജാസന്‍ ഇവര്‍ക്ക് ആതിത്ഥ്യം നല്കി. യേശുവെന്ന മറ്റൊരു രാജാവിന്റെ പേരു പറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കല്പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു.
    8: ഇതുകേട്ട്, നഗരാധിപന്മാരും ജനക്കൂട്ടവും അസ്വസ്ഥരായി.
    9: അവര്‍ ജാസാനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

    ബെറോയായില്‍
    10: രാത്രിയായപ്പോള്‍ സഹോദരന്മാര്‍ പെട്ടെന്നു പൗലോസിനെയും സീലാസിനെയും ബെറോയായിലേക്കയച്ചു. അവരവിടെയെത്തി. യഹൂദരുടെ സിനഗോഗിലേക്കു പോയി.
    11: ഈ സ്ഥലത്തെ യഹൂദര്‍, തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്നറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയുംചെയ്തിരുന്നു.
    12: അവരില്‍ പലരും വിശ്വാസം സ്വീകരിച്ചു; കൂടാതെ ഗ്രീക്കുകാരില്‍ ബഹുമാന്യരായ പല സ്ത്രീകളും പുരുഷന്മാരും.
    13: പൗലോസ്‌ ബെറോയായിലും ദൈവവചനം പ്രസംഗിച്ചുവെന്നു തെസലോനിക്കാക്കാരായ യഹൂദരറിഞ്ഞപ്പോള്‍ അവര്‍ അവിടെയുമെത്തി ജനങ്ങളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു.
    14: ഉടന്‍തന്നെ സഹോദരര്‍ പൗലോസിനു കടല്‍ത്തീരംവരെ ചെന്നെത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ചെയ്ത് അവനെ യാത്രയാക്കി. എന്നാല്‍, സീലാസും തിമോത്തേയോസും അവിടെത്തന്നെ താമസിച്ചു.
    15: പൗലോസിന്റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെയടുക്കല്‍ എത്തിച്ചേരണമെന്ന അവന്റെ നിര്‍ദേശവുമായി അവര്‍ തിരിച്ചുപോന്നു.

    ആഥന്‍സില്‍
    16: പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരംമുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്റെ മനസ്സില്‍ വലിയ ക്ഷോഭമുണ്ടായി.
    17: അതിനാല്‍, സിനഗോഗില്‍വച്ചു യഹൂദന്മാരുമായും മറ്റു ഭക്തജനങ്ങളുമായും, പൊതുസ്ഥലത്തുവച്ച് എല്ലാദിവസവും അവിടെക്കൂടിയിരുന്നവരുമായും അവന്‍ വാദപ്രതിവാദംനടത്തി.
    18: ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക് ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ വിഡ്ഢി എന്തു പറയാനാണു ഭാവിക്കുന്നത്? ഇവന്‍ വിദേശദേവതകളുടെ പ്രചാരകനാണെന്നു തോന്നുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ യേശുവിനെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു.
    19: അവര്‍ അവനെപ്പിടിച്ച്, അരെയോപ്പാഗസില്‍ കൊണ്ടുചെന്നു നിറുത്തിയിട്ടു ചോദിച്ചു: നീ അവതരിപ്പിക്കുന്ന ഈ പുതിയ പ്രബോധനം എന്താണെന്നു ഞങ്ങള്‍ക്കു പറഞ്ഞുതരാമോ?
    20: വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്; ഇവയുടെ അര്‍ത്ഥമെന്തെന്ന് ഞങ്ങള്‍ക്കറിയണമെന്നുണ്ട്.
    21: എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ താമസിച്ചിരുന്ന വിദേശികള്‍ക്കും പുതിയപുതിയ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനും കേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല.

    അരെയോപ്പാഗസിലെ പ്രസംഗം
    22: അരെയോപ്പാഗസിന്റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണു നിങ്ങളെന്നു ഞാന്‍ മനസ്സിലാക്കുന്നു.
    23: ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണു ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്.
    24: പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്.
    25: അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്.
    26: ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി, അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു.
    27: ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനുംവേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലുംനിന്ന് അകലെയല്ല.
    28: എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്നു നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.
    29: നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്പവിദ്യയുംചേര്‍ന്ന് സ്വര്‍ണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണു ദൈവരൂപമെന്നു വിചാരിക്കരുത്.
    30: അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്നാജ്ഞാപിക്കുന്നു.
    31: എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍വഴി, ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട്, അവിടുന്ന് ഇതിനുറപ്പു നല്കിയിട്ടുമുണ്ട്.
    32: മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.
    33: അങ്ങനെ പൗലോസ് അവരുടെയിടയില്‍നിന്നു പോയി.
    34: എന്നാല്‍, കുറെയാളുകള്‍ അവനോടുചേര്‍ന്ന്, വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.

    മുന്നൂറ്റിപ്പതിനേഴാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 14 - 15


    അദ്ധ്യായം 14


    പൗലോസ് ഇക്കോണിയത്തില്‍
    1: അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍പ്രവേശിച്ചു പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയഗണം വിശ്വസിച്ചു.
    2: വിശ്വസിക്കാതിരുന്ന യഹൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയുംചെയ്തു.
    3: എങ്കിലും, അവര്‍ വളരെനാള്‍ അവിടെത്താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വ്വം പ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹംനല്കിക്കൊണ്ട്, കര്‍ത്താവു തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യംനല്കി.
    4: എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യഹൂദരുടെകൂടെയും ചിലര്‍ അപ്പസ്‌തോലന്മാരുടെകൂടെയും ചേര്‍ന്നു.
    5: അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരുനീക്കം, വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.
    6: ഇതറിഞ്ഞ്, അവര്‍ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.
    7: അവിടെ അവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.

    ലിസ്ത്രായില്‍
    8: കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായിലുണ്ടായിരുന്നു. ജന്മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍കഴിഞ്ഞിരുന്നില്ല.
    9: പൗലോസ് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാന്‍തക്കവിശ്വാസം അവനുണ്ടെന്നുകണ്ട്,
    10: പൗലോസ് ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ്, കാലുറപ്പിച്ചു നില്ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു.
    11: പൗലോസ് ചെയ്ത ഈ പ്രവൃത്തികണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്മാര്‍ മനുഷ്യരൂപംധരിച്ച്, നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
    12: അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാനപ്രസംഗകനായിരുന്നതിനാല്‍, അവനെ ഹെര്‍മസ് എന്നും വിളിച്ചു.
    13: നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതന്‍, കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍വന്ന് ജനങ്ങളോടുചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹംപ്രകടിപ്പിച്ചു.
    14: ഇതറിഞ്ഞ്, അപ്പസ്‌തോലന്മാരായ ബാര്‍ണബാസും പൗലോസും വസ്ത്രംകീറി, ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്നു വിളിച്ചുപറഞ്ഞു:
    15: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണമെന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.
    16 : കഴിഞ്ഞതലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തംമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കാന്‍ അവിടുന്നനുവദിച്ചു.
    17: എങ്കിലും, നന്മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനംചെയ്യുകയും ആഹാരവും ആനന്ദവുംനല്കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയുംചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യംനല്കിക്കൊണ്ടിരുന്നു.
    18: അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്തിരിപ്പിച്ചു.
    19: അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍നിന്നും അവിടെയെത്തിയ യഹൂദന്മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച്, പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച്, അവരവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.
    20: എന്നാല്‍, ശിഷ്യന്മാര്‍ അവനുചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത്, അവന്‍ ദെര്‍ബേയിലേക്കു പോയി.

    അന്ത്യോക്യായില്‍
    21: ആ നഗരത്തിലും അവര്‍ സുവിശേഷംപ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.
    22: വിശ്വാസത്തില്‍ നിലനില്ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട്, ശിഷ്യരുടെ മനസ്സിനെ അവര്‍ ശക്തിപ്പെടുത്തി.
    23: അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്മാരെ നിയമിച്ച്, പ്രാര്‍ത്ഥനയോടും ഉപവാസത്തോടുംകൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു.
    24: പിന്നീട് അവര്‍ പിസീദിയായിലൂടെകടന്ന്, പാംഫീലിയായിലെത്തി.
    25: പെര്‍ഗായില്‍ വചനംപ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി.
    26: അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍കയറി. തങ്ങള്‍ നിര്‍വ്വഹിച്ച ദൗത്യത്തിനാവശ്യമായിരുന്ന ദൈവകൃപയ്ക്ക്, അവര്‍ ഭരമേല്പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.
    27: അവര്‍ അവിടെയെത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.
    28: പിന്നീടു കുറേക്കാലത്തേക്ക്, അവര്‍ ശിഷ്യരോടുകൂടെ അവിടെത്താമസിച്ചു.

    അദ്ധ്യായം 15


    ജറുസലെം സൂനഹദോസ്
    1: യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനംചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാദ്ധ്യമല്ലെന്നു സഹോദരരെ പഠിപ്പിച്ചു.
    2: പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തിലേര്‍പ്പെടുകയുംചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റുചിലരും നിയോഗിക്കപ്പെട്ടു.
    3: സഭയുടെ നിര്‍ദ്ദേശമനുസരിച്ചു യാത്രതിരിച്ച അവര്‍, വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട്, ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്മാര്‍ക്കെല്ലാം വലിയസന്തോഷമുളവായി.
    4: ജറുസലെമിലെത്തിയപ്പോള്‍ സഭയും അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങള്‍മുഖാന്തരം പ്രവര്‍ത്തിച്ചകാര്യങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു.
    5: എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍നിന്നു വിശ്വാസംസ്വീകരിച്ച ചിലര്‍ എഴുന്നേറ്റു പ്രസ്താവിച്ചു: അവരെ പരിച്ഛേദനംചെയ്യുകയും മോശയുടെ നിയമംപാലിക്കണമെന്ന് അവരോടു നിര്‍ദ്ദേശിക്കുകയും ചെയ്യുക ആവശ്യമാണ്.
    6: ഇക്കാര്യം പരിഗണിക്കാന്‍, അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരും ഒരുമിച്ചുകൂടി.
    7: വലിയവാദപ്രതിവാദംനടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരന്മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയില്‍ ഒരു തിരഞ്ഞെടുപ്പുനടത്തുകയും വിജാതീയര്‍ എന്റെ അധരങ്ങളില്‍നിന്നു സുവിശേഷവചനങ്ങള്‍കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ.
    8: ഹൃദയങ്ങളെയറിയുന്ന ദൈവം, നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് അവരെയംഗീകരിച്ചു.
    9: നമ്മളും അവരുംതമ്മില്‍ അവിടുന്നു വ്യത്യാസം കല്പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസംകൊണ്ടു പവിത്രീകരിച്ചു.
    10: അതുകൊണ്ട്, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ താങ്ങാന്‍വയ്യാതിരുന്ന ഒരു നുകം, ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നു?
    11: അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത്, കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.
    12: സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങള്‍വഴി വിജാതീയരുടെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാര്‍ണബാസും പൗലോസും വിവരിച്ചത് അവര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു.
    13: അവര്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ യാക്കോബ് പറഞ്ഞു: സഹോദരന്മാരേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍.
    14: തന്റെ നാമത്തിനുവേണ്ടി വിജാതീയരില്‍നിന്ന്, ഒരു ജനത്തെ തിരഞ്ഞെടുക്കാന്‍ ദൈവം ആദ്യമവരെ സന്ദര്‍ശിച്ചതെങ്ങനെയെന്നു ശിമയോന്‍ വിവരിച്ചുവല്ലോ.
    15: പ്രവാചകന്മാരുടെ വാക്കുകള്‍ ഇതിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
    16: ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് ഞാനതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടുമുയര്‍ത്തിനിര്‍ത്തും.
    17: കര്‍ത്താവരുളിച്ചെയ്യുന്നു: ശേഷിക്കുന്നജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കര്‍ത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.
    18: അവിടുന്നു പുരാതനകാലംമുതല്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
    19: അതിനാല്‍, ദൈവത്തിലേക്കുതിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം.
    20: എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവയില്‍നിന്നും രക്തത്തില്‍നിന്നും അകന്നിരിക്കാന്‍ അവര്‍ക്കെഴുതണം.
    21: എന്തെന്നാല്‍, തലമുറകള്‍ക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളില്‍ അതു വായിക്കുകയുംചെയ്യുന്നുണ്ട്.

    സൂനഹദോസ് തീരുമാനം
    22: തങ്ങളില്‍നിന്നു ചിലരെ തിരഞ്ഞെടുത്ത്, ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന്, അപ്പസ്‌തോലന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരന്മാരില്‍ നേതാക്കന്മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരെഴുത്തുമായി അവരയച്ചു.
    23: എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്‌തോലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു.
    24: ഞങ്ങളില്‍ച്ചിലര്‍ പ്രസംഗങ്ങള്‍ മുഖേന, നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു നിര്‍ദ്ദേശവും നല്കിയിരുന്നില്ല.
    25: അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ, നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെയടുക്കലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന്, ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
    26: അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.
    27: അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.
    28: താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.
    29: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങളകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!
    30: അവര്‍ യാത്രതിരിച്ച്, അന്ത്യോക്യായിലെത്തി; ജനങ്ങളെ മുഴുവന്‍ വിളിച്ചുകൂട്ടി എഴുത്ത് അവരെയേല്പിച്ചു.
    31: അവര്‍ ആ ഉപദേശംവായിച്ചു സന്തുഷ്ടരായി.
    32: പ്രവാചകന്മാര്‍കൂടെയായിരുന്ന യൂദാസും സീലാസും സഹോദരര്‍ക്കു വളരെ ഉപദേശങ്ങള്‍നല്കുകയും അവരെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
    33: അവര്‍ കുറെനാള്‍ അവിടെ ചെലവഴിച്ചു.
    34: പിന്നീട് അവരെ അയച്ചവരുടെയടുക്കലേക്ക് സഹോദരര്‍ അവരെ സൗഹാര്‍ദ്ദപൂര്‍വ്വം യാത്രയാക്കി.
    35: എന്നാല്‍, പൗലോസും ബാര്‍ണബാസും മറ്റുപലരോടുമൊപ്പം കര്‍ത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയുംചെയ്തുകൊണ്ട് അന്ത്യോക്യായില്‍ താമസിച്ചു.

    പൗലോസും ബാര്‍ണബാസും വേര്‍പിരിയുന്നു
    36 : കുറെദിവസംകഴിഞ്ഞപ്പോള്‍ പൗലോസ് ബാര്‍ണബാസിനോടു പറഞ്ഞു: വരൂ, നാം കര്‍ത്താവിന്റെ വചനം പ്രസംഗിച്ച എല്ലാനഗരങ്ങളിലും തിരിച്ചുചെന്ന്, സഹോദരരെ സന്ദര്‍ശിച്ച് അവര്‍ എങ്ങനെ കഴിയുന്നുവെന്നറിയാം.
    37: മര്‍ക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടെ കൊണ്ടുപോകാന്‍ ബാര്‍ണബാസ് ആഗ്രഹിച്ചു.
    38: എന്നാല്‍, പാംഫീലിയായില്‍വച്ച് തങ്ങളില്‍നിന്നു പിരിഞ്ഞുപോവുകയും പിന്നീടു ജോലിയില്‍ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെക്കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.
    39: ശക്തമായ അഭിപ്രായഭിന്നതമൂലം അവര്‍ പിരിഞ്ഞു. ബാര്‍ണബാസ് മര്‍ക്കോസിനെയുംകൂട്ടി സൈപ്രസിലേക്കു കപ്പല്‍കയറി.
    40: പൗലോസ് സീലാസിനെ തിരഞ്ഞെടുത്ത്, അവനോടുകൂടെ യാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കര്‍ത്താവിന്റെ കൃപയ്ക്കു ഭരമേല്പിച്ചു.
    41: അവന്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.

    മുന്നൂറ്റിപ്പതിനാറാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 11 - 13


    അദ്ധ്യായം 11


    പത്രോസിന്റെ ന്യായവാദം
    1: വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നു യൂദയായിലുണ്ടായിരുന്ന അപ്പസ്‌തോലന്മാരും സഹോദരരും കേട്ടു.
    2: തന്മൂലം, പത്രോസ് ജറുസലെമില്‍വന്നപ്പോള്‍ പരിച്ഛേദനവാദികള്‍ അവനെയെതിര്‍ത്തു.
    3: അവര്‍ ചോദിച്ചു: അപരിച്ഛേദിതരുടെയടുക്കല്‍ നീ പോകുകയും അവരോടൊപ്പം ഭക്ഷണംകഴിക്കുകയുംചെയ്തതെന്തുകൊണ്ട്?
    4: പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍തുടങ്ങി.
    5: ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളെനിക്ക്, ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലുംപിടിച്ച് ഇറക്കുന്നതു ഞാന്‍ കണ്ടു. അത് എന്റെയടുത്തുവന്നു.
    6: ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ഭൂമിയിലെ നാല്ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.
    7: എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: പത്രോസേ, എഴുന്നേല്ക്കുക; നീ ഇവയെ കൊന്നുഭക്ഷിക്കുക.
    8: അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയ യാതൊന്നും ഞാനൊരിക്കലും ഭക്ഷിച്ചിട്ടില്ല.
    9: സ്വര്‍ഗ്ഗത്തില്‍നിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.
    10: മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.
    11: അപ്പോള്‍ത്തന്നെ കേസറിയായില്‍നിന്ന് എന്റെയടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി.
    12: ഒരു സന്ദേഹവുംകൂടാതെ അവരോടൊപ്പംപോകാന്‍ എനിക്ക് ആത്മാവിന്റെ നിര്‍ദ്ദേശമുണ്ടായി. ഈ ആറുസഹോദരന്മാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ വീട്ടില്‍ പ്രവേശിച്ചു.
    13: തന്റെ ഭവനത്തില്‍ ഒരു ദൂതന്‍ നില്ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നുവിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.
    14: നിനക്കും നിന്റെ ഭവനത്തിനുമുഴുവനും രക്ഷകിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും.
    15: ഞാന്‍ അവരോടു പ്രസംഗിക്കാന്‍തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.
    16: അപ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ വാക്കുകളോര്‍ത്തു: യോഹന്നാന്‍ ജലംകൊണ്ടു സ്‌നാനംനല്കി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്ക്കും.
    17: നാം യേശുക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്കുനല്കിയ അതേ ദാനം, അവര്‍ക്കും അവിടുന്നു നല്കിയെങ്കില്‍ ദൈവത്തെ തടസ്സപ്പെടുത്താന്‍ ഞാനാരാണ്?
    18: ഈ വാക്കുകള്‍കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം പ്രദാനംചെയ്തിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്, അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി. 

    സഭ അന്ത്യോക്യായില്‍
    19: സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനംനിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍വരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവര്‍ വചനം പ്രസംഗിച്ചിരുന്നില്ല.
    20: അക്കൂട്ടത്തില്‍ സൈപ്രസില്‍നിന്നും കിറേനേയില്‍നിന്നുമുള്ള ചിലരുണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു.
    21: കര്‍ത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ച വളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു.
    22: ഈ വാര്‍ത്ത, ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു.
    23: അവന്‍ചെന്ന്, ദൈവത്തിന്റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു.
    24: കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലുംനിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്റെ അനുയായികളായിത്തീര്‍ന്നു.
    25: സാവൂളിനെയന്വേഷിച്ച്, ബാര്‍ണബാസ് താര്‍സോസിലേക്കു പോയി.
    26: അവനെക്കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷംമുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍വച്ചാണ്, ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടത്.
    27: ഇക്കാലത്ത്, ജറുസലെമില്‍നിന്നു പ്രവാചകന്മാര്‍ അന്ത്യോക്യായിലേക്കു വന്നു.
    28: അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയക്ഷാമമുണ്ടാകും എന്നു പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.
    29: ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്‌, യൂദയായില്‍ താമസിച്ചിരുന്ന സഹോദരര്‍ക്കു ദുരിതാശ്വാസമെത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.
    30: ബാര്‍ണബാസും സാവൂളുംവഴി, സഹായം ശ്രേഷ്ഠന്‍മാര്‍ക്കെത്തിച്ചുകൊടുത്തുകൊണ്ട്, അവരതു നിര്‍വ്വഹിക്കുകയുംചെയ്തു.

    അദ്ധ്യായം 12


    യാക്കോബിന്റെ വധം
    1: അക്കാലത്ത്, ഹേറോദേസ്രാജാവ്, സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.
    2: അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
    3: യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നുകണ്ട്, അവന്‍ പത്രോസിനെയും ബന്ധനസ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.
    4: അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലുഭടന്മാര്‍വീതമുള്ള നാലുസംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെസഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം.
    5: അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

    കാരാഗൃഹത്തില്‍ അദ്ഭുതം
    6: പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേരാത്രി പത്രോസ് ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു പടയാളികളുടെമദ്ധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്ക്കല്‍ കാവല്‍നില്ക്കുന്നുണ്ടായിരുന്നു.
    7: പെട്ടെന്ന്, കര്‍ത്താവിന്റെ ഒരു ദൂതന്‍ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടിയുണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗമെഴുന്നേല്ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെവീണു.
    8: ദൂതന്‍ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകളണിയുക. അവന്‍ അങ്ങനെ ചെയ്തു. ദൂതന്‍ വീണ്ടും പറഞ്ഞു: മേലങ്കിധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക.
    9: അവന്‍ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതന്‍വഴിസംഭവിച്ച ഇക്കാര്യം യാഥാര്‍ത്ഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദര്‍ശനമുണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ.
    10: അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍സ്ഥാനങ്ങള്‍ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവര്‍ക്കായി സ്വയംതുറന്നു. അവര്‍ പുറത്തുകടന്ന്, ഒരു തെരുവു പിന്നിട്ടപ്പോള്‍ ദൂതന്‍ പെട്ടെന്നപ്രത്യക്ഷനായി.
    11: അപ്പോഴാണ് പത്രോസിനു പൂര്‍ണ്ണബോധം വന്നത്. അവന്‍ പറഞ്ഞു: കര്‍ത്താവു തന്റെ ദൂതനെയയച്ച് ഹേറോദേസിന്റെ കരങ്ങളില്‍നിന്നും യഹൂദന്മാരുടെ വ്യാമോഹങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്തമായി.
    12: ഇക്കാര്യം ഗ്രഹിച്ചപ്പോള്‍ അവന്‍, മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേര്‍ സമ്മേളിച്ച്, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
    13: അവന്‍ പടിവാതില്‍ക്കല്‍ മുട്ടിയപ്പോള്‍ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.
    14: പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ അവള്‍ സന്തോഷഭരിതയായി വാതില്‍തുറക്കുന്നകാര്യം മറന്ന്, അകത്തേക്കോടിച്ചെന്ന്, പത്രോസ് വാതില്ക്കല്‍ നില്ക്കുന്നു എന്നറിയിച്ചു.
    15: നിനക്കു ഭ്രാന്താണ് എന്ന് അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്റെ കാവല്‍ദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
    16: പത്രോസ് വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ കതകു തുറന്നപ്പോള്‍ അവനെക്കണ്ടു വിസ്മയിച്ചു.
    17: നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യംകാണിച്ചതിനുശേഷം എങ്ങനെയാണ് കര്‍ത്താവു തന്നെ കാരാഗൃഹത്തില്‍നിന്നു രക്ഷപ്പെടുത്തിയതെന്ന് അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരന്മാരോടും പറയണമെന്ന് അവനാവശ്യപ്പെട്ടു. അനന്തരം അവന്‍ അവിടെനിന്നു പുറപ്പെട്ട്, വേറൊരു സ്ഥലത്തേക്കു പോയി.
    18: പ്രഭാതമായപ്പോള്‍, പത്രോസിന് എന്തുസംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയില്‍ വലിയപരിഭ്രാന്തിയുണ്ടായി.
    19: അവനെയന്വേഷിച്ച്, കണ്ടെത്താതെവന്നപ്പോള്‍ ഹേറോദേസ് കാവല്‍ക്കാരെ വിചാരണ ചെയ്യുകയും അവരെക്കൊല്ലാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ്‌ യൂദയായില്‍നിന്ന് കേസറിയായിലേക്കുപോയി അവിടെത്താമസിച്ചു.

    ഹേറോദേസിന്റെ ദുരന്തം
    20: ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന്, രാജാവിന്റെയടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്ലസ്‌തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടിയപേക്ഷിച്ചു. കാരണം, അവരുടെ ദേശം, ഭക്ഷ്യസാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.
    21: ഒരു നിശ്ചിതദിവസം, ഹേറോദേസ് രാജകീയവസ്ത്രങ്ങള്‍ധരിച്ച്, സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു.
    22: ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല.
    23: പെട്ടെന്ന്, കര്‍ത്താവിന്റെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വംനല്കിയില്ല. പുഴുക്കള്‍ക്കിരയായി, അവന്‍ അന്ത്യശ്വാസം വലിച്ചു.
    24: ദൈവവചനം വളര്‍ന്നുവ്യാപിച്ചു.
    25: ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍ കൂടെക്കൊണ്ടുപോന്നു.

    അദ്ധ്യായം 13


    ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു.
    1: അന്ത്യോക്യായിലെ സഭയില്‍ പ്രവാചകന്മാരും പ്രബോധകന്മാരുമുണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നുവിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെവളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍.
    2: അവര്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തും ഉപവസിച്ചുംകഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.
    3: ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കുംശേഷം അവര്‍ അവരുടെമേല്‍ കൈവയ്പുനടത്തിപ്പറഞ്ഞയച്ചു.

    പാഫോസിലെ മാന്ത്രികന്‍
    4: പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍, സെലൂക്യായിലേക്കു പോകുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍കയറുകയുംചെയ്തു.
    5: സലാമീസിലെത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനുമുണ്ടായിരുന്നു.
    6: അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച്, പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെക്കണ്ടുമുട്ടി. അവന്‍ ബര്‍യേശു എന്നുപേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.
    7: ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേര്‍ജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവന്‍. ഈ ഉപസ്ഥാനപതി, ദൈവവചനംശ്രവിക്കാന്‍ താത്പര്യപ്പെട്ട്, ബാര്‍ണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.
    8: എന്നാല്‍, മാന്ത്രികനായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്റെയര്‍ത്ഥം - വിശ്വാസത്തില്‍നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെത്തടഞ്ഞു.
    9: പൗലോസ് എന്നുകൂടെ പേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാല്‍നിറഞ്ഞ്, അവന്റെനേരേ സൂക്ഷിച്ചുനോക്കിപ്പറഞ്ഞു:
    10: സാത്താന്റെ സന്താനമേ, സകലനീതിക്കുമെതിരായവനേ, ദുഷ്ടതയും വഞ്ചനയുംനിറഞ്ഞവനേ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍നിന്നു വിരമിക്കയില്ലേ?
    11: ഇതാ കര്‍ത്താവിന്റെ കരം ഇപ്പോള്‍ നിന്റെമേല്‍പ്പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണംചെയ്തു. തന്നെ കൈയ്ക്കുപിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെയന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.
    12: ഈ സംഭവം കണ്ടപ്പോള്‍ ഉപസ്ഥാനപതി കര്‍ത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.

    പൗലോസ് അന്ത്യോക്യായില്‍
    13: പൗലോസും കൂടെയുള്ളവരും പാഫോസില്‍നിന്ന് കപ്പല്‍യാത്ര ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യോഹന്നാന്‍ അവരെവിട്ട്, ജറുസലെമിലേക്കു മടങ്ങിപ്പോയി.
    14: എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോക്യായില്‍ വന്നെത്തി. സാബത്തുദിവസം അവര്‍ സിനഗോഗില്‍പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.
    15: നിയമവും പ്രവചനങ്ങളും വായിച്ചുകഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരികള്‍ ആളയച്ച്, അവരോടിപ്രകാരം പറയിച്ചു: സഹോദരന്മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് ഉപദേശംനല്കാനുണ്ടെങ്കില്‍, പറയാം.
    16: അപ്പോള്‍ പൗലോസ് എഴുന്നേറ്റുനിന്ന് കൈകൊണ്ട് ആംഗ്യംകാണിച്ചിട്ടു പറഞ്ഞു: ഇസ്രായേല്‍ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍.
    17: ഈ ഇസ്രായേല്‍ജനതയുടെ ദൈവം, നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്നകാലത്ത്, അവരെ അവിടുന്ന് ഒരു വലിയജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട്, അവിടെനിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.
    18: അവിടുന്നു നാല്പതുവര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി.
    19: കാനാന്‍ദേശത്തുവച്ച്, ഏഴുജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി,  നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുത്തു.
    20: അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവര്‍ക്കു ന്യായാധിപന്മാരെ നല്കി.
    21: പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടിയപേക്ഷിച്ചു. ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ സാവൂളിനെ നാല്പതുവര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്കി.
    22: അനന്തരം അവനെ നീക്കംചെയ്തിട്ട്, ദാവീദിനെ അവരുടെ രാജാവായി അവിടുന്നുയര്‍ത്തി. അവനെക്കുറിച്ച് അവിടുന്നിപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
    23: അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനംചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു.
    24: അവന്റെ ആഗമനത്തിനുമുമ്പ്, യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു.
    25: തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷയഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.
    26: സഹോദരരേ, അബ്രാഹമിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.
    27: ജറുസലെംനിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട്, ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി.
    28: മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
    29: അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവരവനെ കുരിശില്‍നിന്നു താഴെയിറക്കി, കല്ലറയില്‍ സംസ്‌കരിച്ചു.
    30: എന്നാല്‍, ദൈവമവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചു.
    31: അവനോടൊപ്പം ഗലീലിയില്‍നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്.
    32: ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷമിതാണ്;
    33: പിതാക്കന്മാര്‍ക്കു നല്കിയിരുന്ന വാഗ്ദാനം, യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട്, ദൈവം, മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മംനല്കി.
    34 : നാശത്തിന്റെ അവസ്ഥയിലേക്കു തിരിച്ചുചെല്ലാനാകാത്തവിധം മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച്, അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനംചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ തരും.
    35: മറ്റൊരു സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അവിടുന്നനുവദിക്കുകയില്ല.
    36: ദാവീദ്, തന്റെ തലമുറയില്‍ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണംപ്രാപിച്ചു. അവന്‍ പിതാക്കന്മാരോടു ചേരുകയും ജീര്‍ണ്ണതപ്രാപിക്കുകയും ചെയ്തു.
    37: എന്നാല്‍, ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ, ജീര്‍ണ്ണതപ്രാപിച്ചില്ല.
    38: സഹോദരരേ, നിങ്ങള്‍ ഇതറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവന്‍വഴിയത്രേ. മോശയുടെ നിയമംവഴി നീതീകരണംലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.
    39: വിശ്വസിക്കുന്നവര്‍ക്ക്, അവന്‍വഴി അവയില്‍ നീതീകരണം ലഭിക്കും.
    40: അതുകൊണ്ട്, പ്രവചനങ്ങളില്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍;
    41: നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തിചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.
    42: ഇക്കാര്യങ്ങളെല്ലാം അടുത്തസാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു.
    43: സിനഗോഗിലെ സമ്മേളനംപിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതുതായിച്ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്ക്കാന്‍ അവരെ പ്രേരിപ്പിക്കുകയുംചെയ്തു.
    44: അടുത്തസാബത്തില്‍ ദൈവവചനംശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു.
    45: ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട്, പൗലോസ് പറഞ്ഞകാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയുംചെയ്തു.
    46: പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.
    47: കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.
    48: ഈ വാക്കുകള്‍കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി കര്‍ത്താവിന്റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗംലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.
    49: കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.
    50 : എന്നാല്‍, യഹൂദന്മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച്, പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്തു.
    51: അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി, അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.
    52: ശിഷ്യന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.