മുന്നൂറ്റിപ്പന്ത്രണ്ടാം ദിവസം: അപ്പസ്‌തോലപ്രവർത്തനങ്ങൾ 1 - 3


അദ്ധ്യായം 1


പരിശുദ്ധാത്മാവിന്റെ വാഗ്ദാനം
1: അല്ലയോ തെയോഫിലോസ്, യേശു, താന്‍ തിരഞ്ഞെടുത്ത അപ്പസ്‌തോലന്മാര്‍ക്ക് പരിശുദ്ധാത്മാവുവഴി കല്പന നല്കിയതിനുശേഷം
2: സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയുംചെയ്ത എല്ലാക്കാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാനെഴുതിയിട്ടുണ്ടല്ലോ.
3: പീഡാനുഭവത്തിനുശേഷം നാല്പതുദിവസത്തേക്ക്, യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്രതെളിവുകള്‍ നല്കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.
4: അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്പിച്ചു: നിങ്ങള്‍ ജറുസലെംവിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍.
5: എന്തെന്നാല്‍, യോഹന്നാന്‍ വെള്ളംകൊണ്ടു സ്‌നാനം നല്കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്ക്കും.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
6: ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവരവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനല്കുന്നത് ഇപ്പോഴാണോ?
7: അവന്‍ പറഞ്ഞു: പിതാവു സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങളറിയേണ്ട കാര്യമല്ല.
8: എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍, നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
9: ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍, അവര്‍ നോക്കിനില്ക്കേ, അവന്‍ ഉന്നതങ്ങളിലേക്കു സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന്, അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു.
10: അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു
11: പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും.

മത്തിയാസ്
12: അവര്‍ ഒലിവുമലയില്‍നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്.
13: അവര്‍ പട്ടണത്തിലെത്തി, തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍, പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബര്‍ത്തലോമിയോ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോന്‍, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.
14: ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
15: അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മദ്ധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:
16: സഹോദരരേ, യേശുവിനെ പിടിക്കാന്‍വന്നവര്‍ക്കു നേതൃത്വംനല്കിയ യൂദാസിനെക്കുറിച്ച്, ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു.
17: അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയുംചെയ്തിരുന്നു.
18: എന്നാല്‍, അവന്‍ തന്റെ ദുഷ്‌കര്‍മ്മത്തിന്റെ പ്രതിഫലംകൊണ്ട്, ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരംപിളര്‍ന്ന്, അവന്റെ കുടലെല്ലാം പുറത്തുചാടി.
19: ജറുസലെംനിവാസികള്‍ക്കെല്ലാം ഈ വിവരമറിയാം. ആ സ്ഥലം അവരുടെ ഭാഷയില്‍ രക്തത്തിന്റെ വയല്‍ എന്നര്‍ത്ഥമുള്ള ഹക്കല്‍ദാമ എന്നു വിളിക്കപ്പെട്ടു.
20: അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരുമതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെയെന്നും സങ്കീര്‍ത്തനപ്പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
21: അതിനാല്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന്, ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.
22: യോഹന്നാന്റെ സ്‌നാനംമുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടനാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലംമുഴുവനും, നമ്മുടെകൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍.
23: അവര്‍ ബാര്‍ണബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. ജോസഫിനു യുസ്‌തോസ് എന്നും പേരുണ്ടായിരുന്നു.
24: അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാമനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങറിയുന്നുവല്ലോ.
25: യൂദാസ് താനര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടിയുപേക്ഷിച്ച അപ്പസ്‌തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ്, അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമേ.
26: പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറിവീണു. പതിനൊന്ന് അപ്പസ്‌തോലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയുംചെയ്തു.

അദ്ധ്യായം 2 


പരിശുദ്ധാത്മാവിന്റെ ആഗമനം
1: പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
2: കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം, പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത്, അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
3: അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നുനില്ക്കുന്നതായി അവര്‍ കണ്ടു.
4: അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച്, അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍തുടങ്ങി.
5: ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലുംനിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമിലുണ്ടായിരുന്നു.
6: ആരവമുണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.
7: അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
8 : നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
9: പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും
10: ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും
11: ക്രേത്യരും അറേബ്യരുമായ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
12: ഇതിന്റെയെല്ലാം അര്‍ത്ഥമെന്തെന്ന് പരസ്പരം ചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
13: എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച്. അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്.

പത്രോസിന്റെ പ്രസംഗം
14: എന്നാല്‍, പത്രോസ് മറ്റുപതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന്, ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
15: നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?
16: മറിച്ച്, ജോയേല്‍പ്രവാചകന്‍ പറഞ്ഞതാണിത്:
17: ദൈവമരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.
18: എന്റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയുംചെയ്യും.
19: ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്തവും അഗ്നിയും ധൂമപടലവും.
20: കര്‍ത്താവിന്റെ മഹനീയവും പ്രകാശപൂര്‍ണ്ണവുമായദിനം വരുന്നതിനുമുമ്പ്, സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.
21: കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും.
22: ഇസ്രായേല്‍ജനങ്ങളേ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച മഹത്തായകാര്യങ്ങള്‍കൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തിത്തന്നു.
23: അവന്‍ ദൈവത്തിന്റെ നിശ്ചിതപദ്ധതിയും പൂര്‍വ്വജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളിലേല്പിക്കപ്പെട്ടു. അധര്‍മ്മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.
24: എന്നാല്‍, ദൈവമവനെ മൃത്യുപാശത്തില്‍നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്റെ പിടിയില്‍ക്കഴിയുക അസാദ്ധ്യമായിരുന്നു.
25: ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.
26: എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്‌തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും.
27: എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തിലുപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അവിടുന്നനുവദിക്കുകയുമില്ല.
28: ജീവന്റെ വഴികള്‍ അവിടുന്നെനിക്കു കാണിച്ചുതന്നു. തന്റെ സാന്നിദ്ധ്യത്താല്‍ അവിടുന്നെന്നെ സന്തോഷഭരിതനാക്കും.
29: സഹോദരരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിലുണ്ടല്ലോ.
30: അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം അവനോടുചെയ്ത ശപഥം, അവനറിയുകയുംചെയ്തിരുന്നു.
31: അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണ്ണിക്കാന്‍ ഇടയായതുമില്ല എന്ന്, ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്.
32: ആ യേശുവിനെ ദൈവമുയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.
33: ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയുംചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നത്.
34: ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണംചെയ്തില്ല. എങ്കിലും അവന്‍ പറയുന്നു:
35: കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
36: അതിനാല്‍, നിങ്ങള്‍ കുരിശില്‍ത്തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തിയെന്ന് ഇസ്രായേല്‍ജനംമുഴുവനും വ്യക്തമായി അറിയട്ടെ.

ആദ്യക്രൈസ്തവസമൂഹം
37: ഇതുകേട്ടപ്പോള്‍ അവര്‍ ഹൃദയംനുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്‌തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങളെന്താണു ചെയ്യേണ്ടത്?
38: പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനംസ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.
39: ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്, തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്.
40: അവന്‍ മറ്റുപലവചനങ്ങളാലും അവര്‍ക്കു സാക്ഷ്യംനല്കുകയും ഈ ദുഷിച്ചതലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിനെന്ന് ഉപദേശിക്കുകയുംചെയ്തു.
41: അവന്റെ വചനം ശ്രവിച്ചവര്‍, സ്‌നാനംസ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.
42: അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍, സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.
43: എല്ലാവരിലും ഭീതിയുളവായി. അപ്പസ്‌തോലന്മാര്‍വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.
44: വിശ്വസിച്ചവരെല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയുംചെയ്തു.
45: അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്, ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു.
46: അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
47: അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാമനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയുംചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.

അദ്ധ്യായം 3 


മുടന്തനു സൗഖ്യം
1: ഒരു ദിവസം ഒമ്പതാംമണിക്കൂറിലെ പ്രാര്‍ത്ഥനയ്ക്കു പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോവുകയായിരുന്നു.
2: ജന്മനാമുടന്തനായ ഒരാളെ എടുത്തുകൊണ്ട്, ചിലര്‍ അവിടെയെത്തി, ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി, സുന്ദരകവാടം എന്നുവിളിക്കപ്പെടുന്ന ദേവാലയവാതില്‍ക്കല്‍ അവനെക്കിടത്തുക പതിവായിരുന്നു.
3: പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട്, അവന്‍ അവരോടു ഭിക്ഷയാചിച്ചു.
4: പത്രോസ്, യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെനേരേ നോക്കുക.
5: അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച്, അവനവരെ നോക്കി.
6: പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണ്ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റുനടക്കുക.
7: പത്രോസ് വലത്തുകൈയ്ക്കുപിടിച്ച്, അവനെയെഴുന്നേല്പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
8: അവന്‍ ചാടിയെഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട്, അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു.
9: അവന്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
10: ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്നു മനസ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവര്‍ അദ്ഭുതസ്തബ്ധരായി.

പത്രോസിന്റെ പ്രസംഗം
11: അവന്‍ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്ക്കുന്നതുകണ്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ട്, സോളമന്റെ മണ്ഡപത്തില്‍ അവരുടെയടുത്ത് ഓടിക്കൂടി.
12: ഇതുകണ്ട്, പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേല്‍ജനമേ, നിങ്ങളെന്തിന് ഇതിലദ്ഭുതപ്പെടുന്നു? ഞങ്ങള്‍ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്നമട്ടില്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്?
13: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച്, നിങ്ങളവനെ തള്ളിപ്പറഞ്ഞു.
14: പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം, ഒരു കൊലപാതകിയെ വിട്ടുകിട്ടാനപേക്ഷിച്ചു.
15: ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവമവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്.
16: അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങള്‍ കാണുകയും അറിയുകയുംചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനംചെയ്തത്.
17: സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം.
18: എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി.
19: അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍, പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.
20: നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലംവന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.
21: ആദിമുതല്‍ തന്റെ വിശുദ്ധപ്രവാചകന്‍മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലംവരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
22: മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.
23: ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടും.
24: സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
25: നിങ്ങള്‍ പ്രവാചകന്മാരുടെയും നമ്മുടെ പിതാക്കന്മാരോടു ദൈവംചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോടരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും.
26: ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച്, അനുഗ്രഹിക്കാന്‍വേണ്ടിയാണത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ