മുന്നൂറ്റിമുപ്പതാം ദിവസം: 1 കൊറിന്തോസ് 5 - 8


അദ്ധ്യായം 5


അസാന്മാര്‍ഗ്ഗികതയ്‌ക്കെതിരേ
1: വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളിലൊരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ക്കഴിയുന്നു!
2: എന്നിട്ടും നിങ്ങളഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍.
3: ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാനവിടെ സന്നിഹിതനായി, ഈ പ്രവൃത്തിചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു.
4: നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയസാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച്, ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മചെയ്യേണ്ടതിന് പിശാചിനേല്പിച്ചുകൊടുക്കണം.
5: അങ്ങനെ അവന്റെ ആത്മാവ്, കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ.
6: നിങ്ങളുടെ ആത്മപ്രശംസ ഒട്ടുംനന്നല്ല. അല്പം പുളിപ്പ്, മുഴുവന്‍മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്കറിവുള്ളതല്ലേ?
7: നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവാകേണ്ടതിന്, പഴയ പുളിപ്പു നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
8: അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയപുളിപ്പുകൊണ്ടല്ല, ആത്മാര്‍ത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട്, നമുക്കു തിരുനാളാഘോഷിക്കാം.
9: വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നല്ലോ.
10: ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു.
11: പ്രത്യുത, സഹോദരനെന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗംപാടില്ലെന്നാണ്, ഞാനെഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണംകഴിക്കുകപോലുമരുത്.
12: പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്?
13: പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയുവിന്‍.

അദ്ധ്യായം 6


വിശ്വാസികളുടെ വ്യവഹാരം
1: നിങ്ങളിലാര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍, അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധിതേടാന്‍ മുതിരുന്നുവോ?
2: വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കറിവില്ലേ? നിങ്ങള്‍ ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നിസ്സാരകാര്യങ്ങളെക്കുറിച്ചു വിധികല്പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ?
3: ദൂതന്മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്കറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റിപ്പറയാനുണ്ടോ?
4: ഐഹികകാര്യങ്ങളെക്കുറിച്ചു വിധിപറയേണ്ടിവരുമ്പോള്‍, സഭ അല്പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപരായി അവരോധിക്കുന്നുവോ?
5: നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍തമ്മിലുള്ള വഴക്കുകള്‍തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നുവരുമോ?
6: സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി, ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ!
7: നിങ്ങള്‍തമ്മില്‍ വ്യവഹാരങ്ങളുണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ടു ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?
8: നിങ്ങള്‍തന്നെ സഹോദരനെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
9: അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യമവകാശമാക്കുകയില്ലെന്നു നിങ്ങളറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും
10: കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യമവകാശമാക്കുകയില്ല.
11: നിങ്ങളില്‍ച്ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയുംചെയ്തു. 

പരിശുദ്ധാത്മാവിന്റെ ആലയം
12: എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെയടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല.
13: ആഹാരമുദരത്തിനും ഉദരം ആഹാരത്തിനുംവേണ്ടിയുള്ളതാണ് - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. ശരീരം ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ്, ശരീരത്തിനുംവേണ്ടിയുള്ളതാണ്.
14: ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്നുയിര്‍പ്പിക്കും.
15: നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!
16: വേശ്യയുമായി വേഴ്ചനടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്കറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവരിരുവരും ഒരു ശരീരമായിത്തീരും.
17: കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു.
18: വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ചെയ്യുന്ന മറ്റുപാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരംചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപംചെയ്യുന്നു.
19: നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.
20: നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍, ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

അദ്ധ്യായം 7

    
    വിവാഹബന്ധത്തെപ്പറ്റി
    1: ഇനി നിങ്ങള്‍ എഴുതിച്ചോദിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷനു നല്ലത്. 
    2: എന്നാല്‍, വ്യഭിചാരംചെയ്യാന്‍ പ്രലോഭനങ്ങളുണ്ടാകാമെന്നതുകൊണ്ട്, പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്‍ത്താവുമുണ്ടായിരിക്കട്ടെ.
    3: ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മ്മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
    4: ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണധികാരം. 
    5: പ്രാർത്ഥനാജീവിതത്തിനായി, ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരംനല്കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയുംവേണം. അല്ലാത്തപക്ഷം, നിങ്ങളുടെ സംയമനക്കുറവുനിമിത്തം പിശാച് നിങ്ങളെ പ്രലോഭിപ്പിക്കും.
    6: ഇത് ഒരാനുകൂല്യമായിട്ടാണു ഞാന്‍ പറയുന്നത്, കല്പനയായിട്ടല്ല. 
    7: എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിലെന്നു ഞാനാശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേകദാനങ്ങളാണല്ലോ ലഭിക്കുന്നത്.
    8: അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെയായിരിക്കുന്നതാണ് അവര്‍ക്കു നല്ലത്.
    9: എന്നാല്‍, സംയമനംസാദ്ധ്യമല്ലാത്തവര്‍ വിവാഹംചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍, വിവാഹിതരാകുന്നതാണു നല്ലത്.
    10: വിവാഹിതരോടു ഞാന്‍ കല്പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്.
    11: അഥവാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്.
    12: ശേഷമുള്ളവരോടു കര്‍ത്താവല്ല, ഞാന്‍തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന്, അവിശ്വാസിനിയായ ഭാര്യയുണ്ടായിരിക്കുകയും അവള്‍ അവനോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയുംചെയ്താല്‍ അവന്‍ അവളെയുപേക്ഷിക്കരുത്.
    13: ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുകയും അവന്‍ അവളോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയുംചെയ്താല്‍ അവള്‍ അവനെയുപേക്ഷിക്കരുത്. 
    14: എന്തെന്നാല്‍, അവിശ്വാസിയായ ഭര്‍ത്താവ്, ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ, ഭര്‍ത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധരാകുമായിരുന്നു. എന്നാല്‍, ഈ സ്ഥിതിയില്‍ അവര്‍ വിശുദ്ധരത്രേ.
    15: അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണു വിളിച്ചിരിക്കുന്നത്. 
    16: അല്ലയോ സ്ത്രീ, നിനക്കു ഭര്‍ത്താവിനെ രക്ഷിക്കാനാവുമോയെന്ന് എങ്ങനെയറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെ രക്ഷിക്കാനാവുമോയെന്ന് എങ്ങനെയറിയാം?

    വിളിയനുസരിച്ചു ജീവിക്കുക
    17: ദൈവത്തിന്റെ നിയോഗവും വിളിയുമനുസരിച്ച്, ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്പിക്കുന്നത്.
    18: ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്ഛേദനംചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെയടയാളങ്ങള്‍ മാറ്റാന്‍ശ്രമിക്കേണ്ടാ. ആരെങ്കിലും വിളി സ്വീകരിക്കുമ്പോള്‍ പരിച്ഛേദനംചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ പരിച്‌ഛേദനംചെയ്യേണ്ടതില്ല.
    19: പരിച്ഛേദിതനോ അപരിച്ഛേദിതനോ എന്നു നോക്കേണ്ട; ദൈവകല്പനകള്‍പാലിക്കുകയെന്നതാണു സര്‍വ്വപ്രധാനം.
    20: വിളിക്കപ്പെട്ടപ്പോഴുള്ള അവസ്ഥയില്‍ത്തന്നെ ഓരോരുത്തരും തുടര്‍ന്നുകൊള്ളട്ടെ.
    21: ദൈവം നിന്നെ വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? സാരമില്ല. സ്വതന്ത്രനാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.
    22: എന്തെന്നാല്‍, അടിമയായിരിക്കുമ്പോള്‍ കര്‍ത്താവിന്റെ വിളിലഭിച്ചവന്‍ കര്‍ത്താവിനാല്‍ സ്വതന്ത്രനാക്കപ്പെട്ടവനാണ്. അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്തുവിന്റെ അടിമയുമാണ്.
    23: നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്.
    24: അതുകൊണ്ടു സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്തു നിലനില്ക്കുവിന്‍. 

    അവിവാഹിതരും വിധവകളും
    25: അവിവാഹിതരെപ്പറ്റി കര്‍ത്താവിന്റെ കല്പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണലഭിച്ചവന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു.
    26: ആസന്നമായ വിപത്‌സന്ധി കണക്കിലെടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു.
    27: നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ.
    28: നീ വിവാഹംകഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവളും പാപംചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകികക്ലേശങ്ങളുണ്ടാകും. അതില്‍നിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം.
    29: സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവര്‍
    30: വിലപിക്കാത്തവരെപ്പോലെയും ആഹ്ലാദിക്കുന്നവര്‍ ആഹ്ലാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവര്‍, ഒന്നും കൈവശമില്ലാത്തവരെപ്പോലെയും
    31: ലോകകാര്യങ്ങളിലിടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
    32: നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാകരുതെന്നു ഞാനാഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച്, കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരനാകുന്നു.
    33: വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്, ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു.
    34: അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധിപാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു.
    35: ഞാനിതു പറയുന്നതു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്കുചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവുമുണ്ടാകാന്‍വേണ്ടിയാണ്.
    36: ഒരുവനു തന്റെ കന്യകയോടു സംയമനത്തോടുകൂടെപ്പെരുമാറാന്‍ സാധിക്കുകയില്ലെന്നുതോന്നിയാല്‍, അവള്‍ യൗവ്വനത്തിന്റെ വസന്തംപിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹംകഴിക്കട്ടെ; അതു പാപമല്ല.
    37: എന്നാല്‍, ആത്മസംയമനംപാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയംചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്.
    38: തന്റെ കന്യകയെ വിവാഹംചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹംചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്‌ളാഘനീയനാണ്.
    39: ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭാര്യയുടെ വിവാഹബന്ധം നിലനില്ക്കുന്നു. ഭര്‍ത്താവു മരിച്ചുപോയാല്‍, ഭാര്യയ്ക്കിഷ്ടമുള്ളവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതു കര്‍ത്താവിനു യോജിച്ചവിധത്തിലായിരിക്കണമെന്നുമാത്രം.
    40: എന്റെ അഭിപ്രായത്തില്‍ വിധവയായിത്തന്നെ കഴിയുന്നതാണ് അവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. ദൈവാത്മാവ് എനിക്കുമുണ്ടെന്നു ഞാന്‍ കരുതുന്നു.

അദ്ധ്യായം 8

    
വിഗ്രഹാര്‍പ്പിത ഭക്ഷണം
1: ഇനി, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിപ്പറയാം. ഇക്കാര്യത്തില്‍ നമുക്കറിവുണ്ടെന്നാണല്ലോ സങ്കല്പം. അറിവ്, അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷംവരുത്തുന്നു.
2: അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടതറിയുന്നില്ല.
3: എന്നാല്‍ ദൈവം, തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.
4: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.
5: ദൈവങ്ങള്‍ എന്നുവിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലുമുണ്ടെന്നിരിക്കട്ടെ - അങ്ങനെ പലദേവന്മാരും നാഥന്മാരുമുണ്ടല്ലോ -
6: എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവുമുളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു. 
7: എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടുജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത്, വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.
8: ഭക്ഷണം നമ്മെ ദൈവത്തോടടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട്, നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ടു കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.
9: നിങ്ങളുടെ സ്വാതന്ത്ര്യം, ബലഹീനര്‍ക്ക് ഏതെങ്കിലുംവിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം.
10: എന്തെന്നാല്‍, അറിവുള്ളവനായ നീ, വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന്‍കണ്ടാല്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനംകഴിക്കാന്‍ അതവനു പ്രോത്സാഹനമാകയില്ലേ?
11: അങ്ങനെ നിന്റെ അറിവ്, ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു.
12 : ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപംചെയ്യുന്നു.
13 : അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാനൊരിക്കലും മാംസം ഭക്ഷിക്കുകയില്ല.

മുന്നൂറ്റിയിരുപത്തൊമ്പതാം ദിവസം: 1 കൊറിന്തോസ് 1 - 4


അദ്ധ്യായം 1


അഭിവാദനം, ഉപകാരസ്മരണ
1: യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെസ്സും
2: കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കെഴുതുന്നത്: യേശുക്രിസ്തുവില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും
3: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.
4: യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു.
5: എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി.
6: ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി,
7: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടുകാത്തിരിക്കുന്ന നിങ്ങള്‍ക്ക്‌, യാതൊരാത്മീയദാനത്തിന്റെയും കുറവില്ല.
8: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍, നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്, അവസാനംവരെ അവിടുന്നു നിങ്ങളെ പരിപാലിക്കും.
9: തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെവിളിച്ച ദൈവം വിശ്വസ്തനാണ്.

വിശ്വാസികള്‍ക്കിടയില്‍ ഭിന്നത
10: സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
11: എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങളുണ്ടെന്നു ക്ലോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു.
12: ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
13: ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനംസ്വീകരിച്ചത്?
14: ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു.
15: അതുകൊണ്ട്, എന്റെ നാമത്തില്‍ സ്‌നാനംസ്വീകരിച്ചു എന്നുപറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല.
16: സ്‌തേഫാനോസിന്റെ കുടുംബത്തെക്കൂടെ ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ.
17: എന്തെന്നാല്‍, ക്രിസ്തു എന്നെ അയച്ചത് സ്‌നാനംനല്കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ കുരിശു വ്യര്‍ത്ഥമാകുമായിരുന്നു. 

കുരിശിന്റെ ഭോഷത്തം
18: നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ.
19: വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്നെഴുതപ്പെട്ടിരിക്കുന്നുവല്ലോ.
20: വിജ്ഞാനിയെവിടെ? നിയമജ്ഞനെവിടെ? ഈ യുഗത്തിന്റെ താര്‍ക്കികനെവിടെ? ലൗകികവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ?
21: ദൈവത്തിന്റെ ജ്ഞാനത്തില്‍, ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെയറിഞ്ഞില്ല. തന്മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തംവഴി രക്ഷിക്കാന്‍ അവിടുന്നു തിരുമനസ്സായി.
22: യഹൂദര്‍ അടയാളങ്ങളാവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനമന്വേഷിക്കുന്നു.
23: ഞങ്ങളാകട്ടെ, യഹൂദര്‍ക്കിടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
24: വിളിക്കപ്പെട്ടവര്‍ക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ- ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്.
25: എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.
26: സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകികമാനദണ്ഡമനുസരിച്ച്, നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല.
27: എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍, ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും.
28: നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.
29: ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്നിങ്ങനെ ചെയ്തത്.
30: യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമാക്കിയിരിക്കുന്നു.
31: അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവിലഭിമാനിക്കട്ടെ.

അദ്ധ്യായം 2


ക്രൂശിതനെക്കുറിച്ചുള്ള സന്ദേശം
1: സഹോദരരേ, ഞാന്‍ നിങ്ങളുടെയടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത്, വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല.
2: നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.
3: നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബ്ബലനും ചകിതനുമായിരുന്നു.
4: എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു.
5: നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്. 

ദൈവത്തിന്റെ ജ്ഞാനം
6: എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനംപ്രസംഗിക്കുന്നു. പക്ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല.
7: രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി, യുഗങ്ങള്‍ക്കുമുമ്പുതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. 
8: ഈ ലോകത്തിന്റെ അധികാരികളിലാര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല.
9: എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം, തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
10: എന്നാല്‍, നമുക്കു ദൈവമതെല്ലാം ആത്മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.
11: മനുഷ്യന്റെ അന്തര്‍ഗ്ഗതങ്ങള്‍ അവന്റെ ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമല്ല.
12: നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായിവര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്.
13: തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച്, ആത്മാവിന്റെ ദാനങ്ങള്‍പ്രാപിച്ചവര്‍ക്കുവേണ്ടി, ആത്മീയസത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്.
14: ലൗകികമനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവനതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല.
15: ആത്മീയമനുഷ്യന്‍ എല്ലാക്കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
16: കര്‍ത്താവിനെ പഠിപ്പിക്കാന്‍തക്കവിധം അവിടുത്തെ മനസ്സറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സറിയുന്നു. 

അദ്ധ്യായം 3


പക്വത പ്രാപിക്കാത്തവര്‍
1: സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയമനുഷ്യരോടെന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോടെന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോടെന്നതുപോലെയുമാണ്, നിങ്ങളോടു ഞാന്‍ സംസാരിച്ചത്.
2: ഗുരുവായ ഭക്ഷണംകഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്.
3: എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?
4: ലൗകികരായതുകൊണ്ടല്ലേ, നിങ്ങളില്‍ച്ചിലര്‍, ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞുനടക്കുന്നത്? 

ശുശ്രൂഷകരുടെ സ്ഥാനം
5: അപ്പോളോസാരാണ്? പൗലോസാരാണ്? കര്‍ത്താവു നിശ്ചയിച്ചുതന്നതനുസരിച്ച്, നിങ്ങളെ വിശ്വാസത്തിലേക്കുനയിച്ച ശുശ്രൂഷകര്‍മാത്രം.
6: ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്.
7: അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല, വളര്‍ത്തുന്നവനായ ദൈവത്തിനാണു പ്രാധാന്യം.
8: നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്കകൂലി ഓരോരുത്തര്‍ക്കും ലഭിക്കും.
9: ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
10: എനിക്കു നല്കപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്ദ്ധശില്പിയെപ്പോലെ, ഞാനടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്മേല്‍ പണിയുകയുംചെയ്യുന്നു. എപ്രകാരമാണു താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വ്വം ചിന്തിക്കട്ടെ.
11: യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കുംസാധിക്കുകയില്ല.
12: ഈ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും സ്വർണ്ണമോ വെള്ളിയോ രത്നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും
13: ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരംചെയ്യും. അഗ്നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി, ഏതുതരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയുംചെയ്യും.
14: ആരുടെ പണി നിലനില്ക്കുന്നുവോ അവന്‍ സമ്മാനിതനാകും.
15: ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവന്‍ രക്ഷപ്രാപിക്കും.
16: നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങളറിയുന്നില്ലേ?
17: ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍തന്നെ. 

യഥാര്‍ത്ഥ ജ്ഞാനം
18: ആരും ആത്മവഞ്ചനചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാര്‍ത്ഥ ജ്ഞാനിയാകേണ്ടതിന്, തന്നെത്തന്നെ ഭോഷനാക്കട്ടെ.
19: എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്.
20: അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യർത്ഥങ്ങളാണെന്നു കര്‍ത്താവറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു.
21: അതിനാല്‍, മനുഷ്യരുടെപേരില്‍ നിങ്ങളഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്.
22: പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ.
23: നിങ്ങളാകട്ടെ ക്രിസ്തുവിന്റേതും, ക്രിസ്തു ദൈവത്തിന്റേതും.

അദ്ധ്യായം 4


ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാര്‍
1: ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ്, ഞങ്ങളെ പരിഗണിക്കേണ്ടത്.
2: കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തതകൂടിയേതീരൂ.
3: നിങ്ങളോ ഏതെങ്കിലുംന്യായാസനമോ എന്നെ വിചാരണചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.
4: ഞാന്‍ ഏതെങ്കിലുംതരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോദ്ധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്.
5: അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധിപ്രസ്താവിക്കരുത്. കര്‍ത്താവു വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്നു പ്രശംസ ലഭിക്കും.
6: സഹോദരരേ, ഇക്കാര്യങ്ങളില്‍ എന്നെയും അപ്പോളോസിനെയും ഞാന്‍ ഉദാഹരണമാക്കിയത് നിങ്ങളെപ്രതിയാണ്. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
7: നിനക്ക് എന്തു പ്രത്യേകമാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്നമട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? 
8: ഇപ്പോള്‍ നിങ്ങള്‍ എല്ലാംതികഞ്ഞവരായെന്നോ! നിങ്ങള്‍ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണംനടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍!
9: ദൈവം അപ്പസ്‌തോലന്മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നിരിക്കുന്നു.
10: ഞങ്ങള്‍ ക്രിസ്തുവിനെപ്രതി ഭോഷന്മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനന്മാര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവമാനിതര്‍.
11: ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു.
12: സ്വന്തം കൈകൊണ്ടു ഞങ്ങളദ്ധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങളനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്ക്കുന്നു.
13: ദൂഷണംപറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു.
14: നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്.
15: നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കളുണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗംവഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്മംനല്കിയതു ഞാനാണ്.
16: ആകയാല്‍, നിങ്ങള്‍ എന്നെ അനുകരിക്കണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു. 
17: കര്‍ത്താവില്‍ എന്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തേയോസിനെ നിങ്ങളുടെയടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാനവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എന്റെ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്.
18: ഞാന്‍ നിങ്ങളുടെയടുത്തേക്കു വരുകയില്ലെന്നുകരുതി, നിങ്ങളില്‍ച്ചിലര്‍ ഔദ്ധത്യം ഭാവിക്കുന്നുണ്ട്.
19: എന്നാല്‍, കര്‍ത്താവു തിരുമനസ്സായാല്‍ ഞാന്‍ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോള്‍ ആ ഉദ്ധതന്മാരുടെ വാക്കുകളല്ല ഞാന്‍ മനസ്സിലാക്കുക, അവരുടെ ശക്തിയാണ്.
20: ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്.
21: നിങ്ങള്‍ക്കേതാണിഷ്ടം - നിങ്ങളുടെയടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?

മുന്നൂറ്റിയിരുപത്തെട്ടാം ദിവസം: റോമ 14 - 16


അദ്ധ്യായം 14


സഹോദരനെ വിധിക്കരുത്
1: വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.
2: ഒരുവൻ, തനിക്കെന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബ്ബലനായ മറ്റൊരുവനാകട്ടെ, സസ്യംമാത്രം ഭക്ഷിക്കുന്നു.
3: ഭക്ഷിക്കുന്നവന്‍ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്; ഭക്ഷിക്കാത്തവന്‍ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവമവനെ സ്വീകരിച്ചിരിക്കുന്നു.
4: മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീയാരാണ്? സ്വന്തംയജമാനന്റെ സന്നിധിയിലാണ് അവന്‍ നില്ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിറുത്താന്‍ യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്ക്കുകതന്നെചെയ്യും.
5: ഒരുവന്‍ ഒരു ദിവസത്തെ, മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്സില്‍ ഉത്തമബോദ്ധ്യമുണ്ടായിരിക്കട്ടെ.
6: ഏതെങ്കിലും ദിവസമാചരിക്കുന്നവന്‍, കര്‍ത്താവിന്റെ സ്തുതിക്കായി അതാചരിക്കുന്നു. ഭക്ഷിക്കുന്നവന്‍ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുന്നതുകൊണ്ട് കര്‍ത്താവിന്റെ സ്തുതിക്കായി ഭക്ഷിക്കുന്നു. ഭക്ഷണമുപേക്ഷിക്കുന്നവന്‍ കര്‍ത്താവിന്റെ സ്തുതിക്കായി അതുപേക്ഷിക്കുകയും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നു.
7: നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല.
8: നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്.
9: എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനുവേണ്ടിയാണ്, ക്രിസ്തു മരിച്ചതും പുനര്‍ജ്ജീവിച്ചതും.
10: നീയെന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു? അഥവാ നീയെന്തിനു നിന്റെ സഹോദരനെ നിന്ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്‍മുമ്പാകെ നില്ക്കേണ്ടവരാണല്ലോ.
11: ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെമുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയുംചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വ്വം അരുളിച്ചെയ്യുന്നു.
12: ആകയാല്‍, നാമോരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.

ഇടര്‍ച്ചവരുത്തരുത്
13: തന്മൂലം, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗ്ഗതടസ്സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞചെയ്യുവിന്‍.
14: സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി, ഞാനറിയുകയും എനിക്കു ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും.
15: നിന്റെ ഭക്ഷണംനിമിത്തം നിന്റെ സഹോദരന്റെ മനസ്സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
16: അതിനാല്‍, നിങ്ങളുടെ നന്മ, തിന്മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ.
17: കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.
18: ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവന്‍ ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമാണ്.
19: ആകയാല്‍, സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനുമുതകുന്നവ നമുക്കനുവര്‍ത്തിക്കാം.
20: ഭക്ഷണത്തിന്റെപേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാവസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്മയായിത്തീരുന്നു.
21: മാംസം ഭക്ഷിക്കാതെയും വീഞ്ഞുകുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയുമിരിക്കുന്നതു നല്ലത്.
22: ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താനംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്.
23: സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്.

അദ്ധ്യായം 15 


സഹോദരരെ പ്രീതിപ്പെടുത്തുക
1: ബലമുള്ളവരായ നാം ദുര്‍ബ്ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.
2: നാമോരോരുത്തരും അയല്‍ക്കാരന്റെ നന്മയെ ഉദ്ദേശിച്ച്, അവന്റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.
3: എന്തെന്നാല്‍, ക്രിസ്തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല. ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: അങ്ങയെ അധിക്ഷേപിച്ചവരുടെ അധിക്ഷേപങ്ങള്‍ എന്റെമേല്‍പ്പതിച്ചു!
4: മുമ്പെഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണ് - സ്ഥൈര്യത്താലും വിശുദ്ധലിഖിതങ്ങളില്‍നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കുവാന്‍വേണ്ടി.
5: സ്ഥൈര്യവും സമാശ്വാസവുംനല്കുന്ന ദൈവം, പരസ്പരൈക്യത്തില്‍ യേശുക്രിസ്തുവിനോടുചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെയനുഗ്രഹിക്കട്ടെ!
6: അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.

ഐക്യത്തിന് ആഹ്വാനം
7: ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍.
8: ദൈവത്തിന്റെ സത്യനിഷ്ഠ വെളിപ്പെടുത്താന്‍വേണ്ടി, ക്രിസ്തു പരിച്ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്മാരോടുചെയ്ത വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു.
9: കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിനിടയാവുകയും ചെയ്തു. ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാനങ്ങയെ സ്തുതിക്കും. അങ്ങയുടെ നാമത്തിനു കീര്‍ത്തനംപാടും.
10: മാത്രമല്ല, വിജാതീയരേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്താനന്ദിക്കുവിന്‍ എന്നും പറയപ്പെട്ടിരിക്കുന്നു.
11: സമസ്തവിജാതീയരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; സമസ്തജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെയെന്നു മറ്റൊരിടത്തും പറഞ്ഞിരിക്കുന്നു.
12: ജസ്സെയില്‍നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും; വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയംചെയ്യും; വിജാതീയര്‍ അവനില്‍ പ്രത്യാശവയ്ക്കുമെന്ന് ഏശയ്യായും പറയുന്നു.
13: പ്രത്യാശയുടെ ദൈവം, നിങ്ങളുടെ വിശ്വാസത്താല്‍ സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിപ്രാപിക്കുകയുംചെയ്യട്ടെ!

പൗലോസിന്റെ ശുശ്രൂഷ
14: സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാഅറിവുംതികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.
15: ദൈവമെനിക്കുനല്കിയ കൃപയാല്‍, ധൈര്യത്തോടെ ചിലകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍വേണ്ടിയാണു നിങ്ങള്‍ക്കു ഞാനെഴുതിയത്.
16: ദൈവത്തിന്റെ കൃപ, എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാല്‍ പവിത്രീകൃതവുമാകാന്‍വേണ്ടി, ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിതശുശ്രൂഷചെയ്യുന്നു.
17: അതുകൊണ്ട്, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച്, എനിക്കു യേശുക്രിസ്തുവില്‍ അഭിമാനിക്കാന്‍കഴിയും.
18: വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാന്‍വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല.
19: തന്നിമിത്തം, ഞാന്‍ ജറുസലെംതുടങ്ങി ഇല്ലീറിക്കോണ്‍വരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി.
20: അങ്ങനെ, മറ്റൊരുവന്‍സ്ഥാപിച്ച അടിസ്ഥാനത്തിന്മേല്‍പ്പണിയാതെ ക്രിസ്തുവിനെ
റിയാത്ത സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത്സാഹംകാണിച്ചു.
21: ഒരിക്കലുമറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും. അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അവനെ മനസ്സിലാക്കുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.

റോമാസന്ദര്‍ശനപരിപാടി
22: മുന്‍പറഞ്ഞ കാരണത്താലാണ് നിങ്ങളുടെയടുക്കല്‍ വരുന്നതിന് എനിക്കു പലപ്പോഴും തടസ്സംനേരിട്ടത്.
23: ഇപ്പോഴാകട്ടെ, എനിക്ക് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനത്തിനുള്ള സാദ്ധ്യതയൊന്നുമില്ല. നിങ്ങളുടെയടുക്കല്‍വരാന്‍ പല വര്‍ഷങ്ങളായി ഞാനാഗ്രഹിക്കുകയും ചെയ്യുന്നു.
24: അതുകൊണ്ട്, സ്‌പെയിനിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണാമെന്നും നിങ്ങളുടെ സഹവാസം ഞാന്‍ കുറെക്കാലം ആസ്വദിച്ചതിനുശേഷം നിങ്ങള്‍ എന്നെ അങ്ങോട്ടു യാത്രയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
25: ഇപ്പോള്‍, ഞാന്‍ വിശുദ്ധരെ സഹായിക്കാന്‍, ജറുസലെമിലേക്കു പോവുകയാണ്.
26: എന്തെന്നാല്‍, ജറുസലെമിലെ വിശുദ്ധരില്‍ നിര്‍ദ്ധനരായവര്‍ക്കു കുറേ സംഭാവനകൊടുക്കാന്‍ മക്കെദോനിയായിലും അക്കായിയായിലുമുള്ളവര്‍ സന്മനസ്സു പ്രകടിപ്പിച്ചിരിക്കുന്നു.
27: അവരതു സന്തോഷത്തോടെയാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്. എന്തെന്നാല്‍, അവരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുകാരായ വിജാതീയര്‍ ഭൗതികകാര്യങ്ങളില്‍ അവരെ സഹായിക്കേണ്ടതാണ്.
28: അതുകൊണ്ട്, ഞാന്‍ ഈ ജോലി പൂര്‍ത്തിയാക്കുകയും ശേഖരിച്ചത് അവരെയേല്പിക്കുകയും ചെയ്തിട്ട് നിങ്ങളുടെയടുത്തു വന്ന്, ആ വഴി സ്പെയിനിലേക്കു പോകും.
29: ഞാന്‍ അവിടെ വരുന്നതു ക്രിസ്തുവിന്റെ സമ്പൂര്‍ണമായ അനുഗ്രഹത്തോടുകൂടെയായിരിക്കുമെന്ന് എനിക്കറിയാം.
30: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ആത്മാവിന്റെ സ്‌നേഹത്തിന്റെയുംപേരില്‍ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു: എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനകളില്‍ എന്നോടൊപ്പം നിങ്ങളും ഉത്സുകരായിരിക്കണം.
31: അതു യൂദയായിലുള്ള അവിശ്വാസികളില്‍നിന്നു ഞാന്‍ രക്ഷപ്പെടുന്നതിനും ജറുസലെമിലെ എന്റെ ശുശ്രൂഷ, വിശുദ്ധര്‍ക്കു സ്വീകാര്യമാകുന്നതിനുംവേണ്ടിയാണ്.
32: അങ്ങനെ ദൈവഹിതമനുസരിച്ച്, ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളുടെ അടുത്തെത്തുകയും നിങ്ങളുടെ സഹവാസത്തില്‍ ഉന്മേഷഭരിതനാവുകയും ചെയ്യും.
33: സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ! ആമേന്‍.

അദ്ധ്യായം 16 


വ്യക്തികള്‍ക്കഭിവാദനങ്ങള്‍
1: കെങ്ക്‌റെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്‌ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.
2: വിശുദ്ധര്‍ക്കുചിതമായവിധം കര്‍ത്താവില്‍ നിങ്ങളവളെ സ്വീകരിക്കണം; അവള്‍ക്കാവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള്‍ പലരെയുമെന്നപോലെ, എന്നെയും സഹായിച്ചിട്ടുണ്ട്.
3: യേശുക്രിസ്തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും വന്ദനംപറയുവിന്‍.
4: അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍മാത്രമല്ല, വിജാതീയരുടെ സകലസഭകളും അവര്‍ക്കു നന്ദിപറയുന്നു.
5: അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനംപറയുവിന്‍. ഏഷ്യയില്‍ ക്രിസ്തുവിനുള്ള ആദ്യഫലമായ എന്റെ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനംചെയ്യുവിന്‍.
6: നിങ്ങളുടെയിടയില്‍ കഠിനാദ്ധ്വാനംചെയ്ത മറിയത്തിനും വന്ദനംപറയുവിന്‍.
7: എന്റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസമനുഭവിച്ചവരുമായ അന്ത്രോണിക്കോസിനും യൂണിയസിനും അഭിവാദനംനല്കുവിന്‍. അവര്‍ അപ്പസ്‌തോലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ ക്രിസ്ത്യാനികളായവരുമാണ്.
8: കര്‍ത്താവില്‍ എന്റെ പ്രിയപ്പെട്ട ആംപ്ലിയാത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍.
9: ക്രിസ്തുവില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബാനോസിനും എന്റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍.
10: ക്രിസ്തുവില്‍ അംഗീകൃതനായ അപ്പെല്ലേസിന് അഭിവാദനം നല്‍കുവിന്‍. അരിസ്‌തോബുലോസിന്റെ ഭവനാംഗങ്ങളെയും അഭിവാദനംചെയ്യുവിന്‍.
11: എന്റെ ബന്ധുവായ ഹേറോദിയോനു വന്ദനംപറയുവിന്‍. നര്‍ക്കീസൂസിന്റെ ഭവനത്തില്‍ കര്‍ത്താവിന്റെ ഐക്യത്തില്‍ വസിക്കുന്നവര്‍ക്കു വന്ദനംപറയുവിന്‍.
12: കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രിഫേനായ്ക്കും ത്രിഫോസായ്ക്കും മംഗളമാശംസിക്കുവിന്‍. കര്‍ത്താവില്‍ കഠിനാദ്ധ്വാനംചെയ്ത എന്റെ പ്രിയപ്പെട്ട പേര്‍സിസിനു മംഗളംനല്കുവിന്‍.
13: കര്‍ത്താവില്‍ തിരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്റെ അമ്മയ്ക്കും വന്ദനംപറയുവിന്‍. അവള്‍ എന്റെയുമമ്മയാണ്.
14: അസിന്‍ക്രിത്തോസ്, ഫ്‌ലേഗോണ്‍, ഹെര്‍മെസ്, പത്രോബാസ്, ഹെര്‍മാസ് എന്നിവര്‍ക്കും അവരുടെകൂടെയുള്ള സഹോദരര്‍ക്കും അഭിവാദനമര്‍പ്പിക്കുവിന്‍.
15: ഫിലോലോഗോസിനും യൂലിയായ്ക്കും നെരേയൂസിനും അവന്റെ സഹോദരിക്കും ഒളിമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധര്‍ക്കും വന്ദനംപറയുവിന്‍.
16: വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനംപറയുവിന്‍. ക്രിസ്തുവിന്റെ സമസ്തസഭകളും നിങ്ങള്‍ക്ക് ആശംസകളയയ്ക്കുന്നു.

സമാപനാശംസകള്‍
17: സഹോദരരേ, നിങ്ങള്‍പഠിച്ച തത്വങ്ങള്‍ക്കുവിരുദ്ധമായി പിളര്‍പ്പുകളും ദുര്‍മ്മാതൃകകളുമുണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണമെന്ന്, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിന്‍.
18: അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണു ശുശ്രൂഷിക്കുന്നത്. ആകര്‍ഷകമായ മുഖസ്തുതിപറഞ്ഞ്, അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു.
19: നിങ്ങളുടെ അനുസരണം എല്ലാവര്‍ക്കുമറിവുള്ളതാണ്. അതുകൊണ്ട്, ഞാന്‍ നിങ്ങളെക്കുറിച്ചു സന്തോഷിക്കുന്നു. നിങ്ങള്‍ നല്ലകാര്യങ്ങളില്‍ അറിവുള്ളവരും തിന്മയുടെ മാലിന്യമേശാത്തവരുമായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
20: സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ, നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ!
21: എന്റെ സഹപ്രവര്‍ത്തകനായ തിമോത്തേയോസും എന്റെ ബന്ധുക്കളായ ലൂസിയൂസും യാസോനും സൊസിപാത്തറും നിങ്ങള്‍ക്കു വന്ദനംപറയുന്നു.
22: ഈ ലേഖനത്തിന്റെ എഴുത്തുകാരനായ ഞാന്‍ - തേര്‍ത്തിയോസ് - കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ അഭിവാദനംചെയ്യുന്നു.
23: എന്റെയും സഭമുഴുവന്റെയും ആതിഥേയനായ ഗായിയൂസ് നിങ്ങള്‍ക്കു വന്ദനംപറയുന്നു. 
24: 
നഗരത്തിലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനംപറയുന്നു.
25: എന്റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.
26: യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്റെ അനുസരണത്തിനായി സകലജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്.
27: സര്‍വ്വജ്ഞനായ ആ ഏകദൈവത്തിന്, യേശുക്രിസ്തുവഴി എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

മുന്നൂറ്റിയിരുപത്തേഴാം ദിവസം: റോമ 11 - 13


അദ്ധ്യായം 11


അവശിഷ്ടഭാഗം
1: അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍തന്നെയും അബ്രാഹമിന്റെ സന്തതിയും ബഞ്ചമിന്‍ഗോത്രജനുമായ ഒരിസ്രായേല്‍ക്കാരനാണല്ലോ.
2: ദൈവം മുന്‍കൂട്ടിയറിഞ്ഞ, സ്വന്തംജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:
3: കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍മാത്രമാണ്. അവര്‍ എന്റെ ജീവനെയുംതേടുന്നു.
4: എന്നാല്‍, ദൈവം അവനോടു മറുപടിപറഞ്ഞതെന്താണെന്നോ? ബാലിന്റെമുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിറുത്തിയിട്ടുണ്ട്.
5: അപ്രകാരംതന്നെ, കൃപയാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലുമുണ്ട്.
6: അതു കൃപയാലാണെങ്കില്‍ പ്രവൃത്തികളിലധിഷ്ഠിതമല്ല. കൃപയാലല്ലെങ്കില്‍ കൃപയൊരിക്കലും കൃപയായിരിക്കുകയില്ല.
7: അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
8: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: ദൈവമവര്‍ക്കു നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നല്കിയത്.
9: അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കു കെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ!
10: അവരുടെ കണ്ണുകള്‍ കാഴ്ചനശിച്ച്, ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ!

വിജാതീയര്‍പ്രാപിച്ച രക്ഷ
11: ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷലഭിച്ചു. തന്മൂലം, അവര്‍ക്കു വിജാതീയരോട് അസൂയയുളവായി.
12: അവരുടെ പാപം, ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവുമായിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണ്ണത എന്തൊരു നേട്ടമാകുമായിരുന്നു!
13: വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്നനിലയ്ക്ക്, എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.
14: അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്കിടയാകുമല്ലോ.
15: എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
16: ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.
17: ഒലിവുമരത്തിന്റെ ശാഖകളില്‍ച്ചിലതു മുറിച്ചുകളഞ്ഞിട്ട്, കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നുവരുന്ന ജീവരസം നീ പങ്കുപറ്റുകയുംചെയ്യുന്നെങ്കില്‍
18: നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്നഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെ താങ്ങുകയാണെന്ന് ഓര്‍ത്തുകൊള്ളുക.
19: എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടതെന്നു നീ പറഞ്ഞേക്കാം.
20: അതു ശരിതന്നെ, അവരുടെ അവിശ്വാസംനിമിത്തം അവര്‍ വിച്ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസംവഴി ഉറച്ചുനില്ക്കുന്നു. ആകയാല്‍, അഹങ്കാരംവെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക.
21: എന്തെന്നാല്‍, സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യംകാണിക്കാത്തനിലയ്ക്ക്, നിന്നോടും കാണിക്കുകയില്ല.
22: അതുകൊണ്ട്, ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.
23: തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചുചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും.
24: വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം.

ഇസ്രായേലിന്റെ പുനരുദ്ധാരണം
25: സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിന്, നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യമുണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെമാത്രം.
26: അതിനുശേഷം ഇസ്രായേല്‍മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മമകറ്റിക്കളയും.
27: ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുമ്പോള്‍, ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.
28: സുവിശേഷംസംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തിരഞ്ഞെടുപ്പുസംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വ്വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്.
29: എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
30: ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.
31: അതുപോലെതന്നെ, നിങ്ങള്‍ക്കുലഭിച്ച കൃപനിമിത്തം അവര്‍ക്കും കൃപലഭിക്കേണ്ടതിന്, ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.
32: എന്തെന്നാല്‍, എല്ലാവരോടും കൃപകാണിക്കാന്‍വേണ്ടി, ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
33: ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്രദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ എത്രദുര്‍ഗ്രഹം!
34: എന്തെന്നാല്‍, ദൈവത്തിന്റെ മനസ്സറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?
35: തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനംകൊടുത്തവനാര്?
36: എന്തെന്നാൽ എല്ലാം അവിടുന്നിൽനിന്ന്, അവിടുന്നു വഴി, അവിടുന്നിലേക്ക്. അവിടുത്തേക്ക് എന്നേയ്ക്കും മഹത്വമുണ്ടാകട്ടെ, ആമേൻ.

അദ്ധ്യായം 12 


ക്രിസ്തുവില്‍ നവജീവിതം
1: ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യമനുസ്മരിച്ചുകൊണ്ട്, ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന.
2: നിങ്ങള്‍ ഈലോകത്തിനനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി, രൂപാന്തരപ്പെടുവിന്‍. ദൈവഹിതമെന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായതെന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
3: എനിക്കുലഭിച്ചിരിക്കുന്ന കൃപയാല്‍പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്മ ആരുംഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കുംനല്കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച്, വിവേകപൂര്‍വ്വം ചിന്തിക്കുവിന്‍.
4: നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങളുണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മ്മമല്ല.
5: അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.
6: നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,
7: ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അദ്ധ്യാപനവരം അദ്ധ്യാപനത്തിലും,
8: ഉപദേശവരം ഉപദേശത്തിലും നമുക്കുപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഔദാര്യത്തോടെയും, നേതൃത്വംനല്കുന്നവന്‍ തീക്ഷ്ണതയോടെയും, കരുണകാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
9: നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍.
10: നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍.
11: തീക്ഷ്ണതയില്‍ മാന്ദ്യംകൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.
12: പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.
13: വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥിസത്കാരത്തില്‍ തത്പരരാകുവിന്‍.
14: നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.
15: സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.
16: നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യംവെടിഞ്ഞ്, എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്ധിമാന്മാരാണെന്നു നിങ്ങള്‍ നടിക്കരുത്.
17: തിന്മയ്ക്കുപകരം തിന്മചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍.
18: സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.
19: പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: പ്രതികാരമെന്റേതാണ്; ഞാന്‍ പകരംവീട്ടും എന്നു കര്‍ത്താവരുളിച്ചെയ്യുന്നു.
20: മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില്‍ തീക്കനലുകള്‍ കൂനകൂട്ടും.
21: തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍.

അദ്ധ്യായം 13  


അധികാരത്തോടു വിധേയത്വം
1: ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.
2: തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവികസംവിധാനത്തെയാണു ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധിവരുത്തിവയ്ക്കും.
3: സത്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും.
4: എന്തെന്നാല്‍, അവന്‍ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധംനടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.
5: ആകയാല്‍, ദൈവത്തിന്റെ ക്രോധമൊഴിവാക്കാന്‍വേണ്ടിമാത്രമല്ല, മനഃസാക്ഷിയെമാനിച്ചും നിങ്ങള്‍ വിധേയത്വംപാലിക്കുവിന്‍.
6: നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.
7: ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതിയവകാശപ്പെട്ടവനു നികുതി; ചുങ്കമവകാശപ്പെട്ടവനു ചുങ്കം; ആദരമര്‍ഹിക്കുന്നവന് ആദരം; ബഹുമാനംനല്കേണ്ടവനു ബഹുമാനം.

സഹോദരസ്‌നേഹം
8: പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍, നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
9: വ്യഭിചാരംചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതുകല്പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
10: സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവുംചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

പ്രകാശത്തിന്റെ ആയുധങ്ങള്‍
11: ഇതെല്ലാംചെയ്യുന്നത്, കാലത്തിന്റെ പ്രത്യേകതയറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ടുണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ, നമ്മളാരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതലടുത്തെത്തിയിരിക്കുന്നു.
12: രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്, അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്, പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
13: പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്.
14: പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മ്മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

മുന്നൂറ്റിയിരുപത്താറാം ദിവസം: റോമാ 8 - 10


അദ്ധ്യായം 8


ആത്മാവിലുള്ള ജീവിതം
1: ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.
2: എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം, നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.
3: ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിനസാദ്ധ്യമായത്, ദൈവംചെയ്തു. അവിടുന്നു തന്റെ പുത്രനെ, പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിലയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷവിധിച്ചു.
4: ഇതു ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചുജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചുജീവിക്കുന്ന നമ്മില്‍, നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്.
5: എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു.
6: ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.
7: ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ്, ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല.
8: ജഡികപ്രവണതകളനുസരിച്ചുജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല.
9: ദൈവത്തിന്റെയാത്മാവ്‌, യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.
10: എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെയാത്മാവു നീതിനിമിത്തം ജീവനുള്ളതായിരിക്കും.
11: യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെയാത്മാവ്, നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍വസിക്കുന്ന തന്റെയാത്മാവിനാല്‍ ജീവന്‍ പ്രദാനംചെയ്യും.
12: ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍, നാം ജഡത്തിനു കടപ്പെട്ടവരല്ല.
13: ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
14: ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്.
15: നിങ്ങളെ വീണ്ടും ഭയത്തിലേക്കുനയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ലാ, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണു നാം ആബാ - പിതാവേ - എന്നുവിളിക്കുന്നത്.
16: നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോടുചേര്‍ന്ന്, സാക്ഷ്യംനല്കുന്നു.
17: നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

വെളിപ്പെടാനിരിക്കുന്ന മഹത്വം
18: നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനംചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു.
19: സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
20: അതു വ്യര്‍ത്ഥതയ്ക്കടിമപ്പെട്ടിരിക്കുന്നു; സ്വന്തമിഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം,
21: സൃഷ്ടി, ജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യംപ്രാപിക്കുകയും ചെയ്യും.
22: സമസ്തസൃഷ്ടികളും ഒന്നുചേര്‍ന്ന്, ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയുംചെയ്യുന്നുവെന്നു നമുക്കറിയാം.
23: സൃഷ്ടിമാത്രമല്ല, ആത്മാവിന്റെ ആദ്യഫലംലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ദ്ധി പ്രതീക്ഷിച്ചുകൊണ്ട്, ആന്തരികമായി വിലപിക്കുന്നു.
24: ഈ പ്രത്യാശയിലാണ്, നാം രക്ഷപ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാല്‍പ്പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍, എന്തിനു പ്രത്യാശിക്കണം?
25: എന്നാല്‍, കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.
26: നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നു.
27: ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവു ദൈവഹിതമനുസരിച്ചാണ്, വിശുദ്ധര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നത്.
28: ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
29: അവിടുന്നു മുന്‍കൂട്ടിയറിഞ്ഞവരെ, തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത്, തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനുവേണ്ടിയാണ്.
30: താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

ദൈവസ്‌നേഹപാരമ്യം
31: ഇതിനെക്കുറിച്ചു നാമെന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കെതിരുനില്ക്കും?
32: സ്വപുത്രനെപ്പോലുമൊഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
33: ദൈവം തിരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണു ശിക്ഷാവിധിനടത്തുക?
34: മരിച്ചവനെങ്കിലും ഉത്ഥാനംചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിക്കുന്നവനുമായ യേശുക്രിസ്തുതന്നെ.
35: ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
36: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി, ഞങ്ങള്‍ ദിവസംമുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയുംചെയ്യുന്നു.
37: നമ്മെ സ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ്ണവിജയംവരിക്കുന്നു.
38: എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ
39: ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലുംസൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍കഴിയുകയില്ലെന്ന് എനിക്കുറപ്പുണ്ട്.

അദ്ധ്യായം 9


ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ്
1: ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സത്യംപറയുന്നു; വ്യാജംപറയുകയല്ല. എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യംനല്കുന്നു.
2: എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്തവേദനയുമുണ്ട്.
3: വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്കുപകരിക്കുമെങ്കില്‍, ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്ഛേദിക്കപ്പെട്ടവനുമാകാന്‍ ഞാനാഗ്രഹിക്കുന്നു.
4: അവര്‍ ഇസ്രായേല്‍മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.
5: പൂര്‍വ്വപിതാക്കന്മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വ്വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍.
6: ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ഇസ്രായേല്‍വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല.
7: അബ്രാഹമിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക.
8: അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ത്ഥമക്കളായി കണക്കാക്കപ്പെടുന്നത്.
9: വാഗ്ദാനമിതാണ്: ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.
10: മാത്രമല്ല, നമ്മുടെ പൂര്‍വ്വപിതാവായ ഇസഹാക്ക് എന്ന ഒരേ ആളില്‍നിന്നു റെബേക്കായും കുട്ടികളെ ഗര്‍ഭംധരിച്ചു.
11: എന്നാല്‍, അവര്‍ ജനിക്കുകയോ, നന്മയോ തിന്മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരമറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവകനായിരിക്കും.
12:
 ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ടതിനാണ് ഇതു സംഭവിച്ചത്.
13: യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
14: അപ്പോള്‍ നാമെന്തുപറയണം? ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലുമല്ല.
15: എനിക്കു ദയതോന്നുന്നവരോടു ഞാന്‍ ദയകാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോടരുളിച്ചെയ്യുന്നു.
16: അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.
17: വിശുദ്ധഗ്രന്ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്റെ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി, നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് നിന്നെ ഞാനുയര്‍ത്തിയത്.
18: താനിച്ഛിക്കുന്നവരോട് അവിടുന്നു കരുണകാണിക്കുന്നു; അതുപോലെ താനിച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.

കോപവും കാരുണ്യവും
19: അപ്പോള്‍ നിങ്ങളെന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്നെന്തിനു മനുഷ്യനെക്കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍കഴിയും?
20: ദൈവത്തോടു വാഗ്വാദംനടത്താന്‍ മനുഷ്യാ, നീയാരാണ്? നീയെന്തിനാണെന്നെ ഈ വിധത്തില്‍ നിര്‍മ്മിച്ചതെന്നു പാത്രം കുശവനോടു ചോദിക്കുമോ?
21: ഒരേ കളിമണ്‍പിണ്ഡത്തില്‍നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍നിര്‍മ്മിക്കാന്‍ കുശവനകാശമില്ലേ?
22: ദൈവം, തന്റെ ക്രോധം വെളിവാക്കാനും ശക്തിയറിയിക്കാനുമാഗ്രഹിച്ചുകൊണ്ട്, നശിപ്പിക്കപ്പെടാന്‍വേണ്ടി നിര്‍മ്മിച്ച ക്രോധപാത്രങ്ങളോടു വലിയക്ഷമകാണിച്ചെങ്കില്‍ അതിലെന്ത്?
23: അത്, താന്‍ മഹത്വത്തിനായി മുന്‍കൂട്ടിത്തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ മഹത്വത്തിന്റെ സമ്പത്തു വെളിപ്പെടുത്താന്‍വേണ്ടിയാണ്.
24: യഹൂദരില്‍നിന്നുമാത്രമല്ല, വിജാതീയരില്‍നിന്നുകൂടെയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു.
25: അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്റെ ജനമല്ലാത്തവരെ എന്റെ ജനം, എന്നു ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും.
26: നിങ്ങള്‍ എന്റെ ജനമല്ലെന്ന് അവരോടു പറയപ്പെട്ട അതേസ്ഥലത്തുവച്ച്, ജീവിക്കുന്ന ദൈവത്തിന്റെ മക്കളെന്ന് അവര്‍ വിളിക്കപ്പെടും.
27: ഇസ്രായേലിനെക്കുറിച്ച്, ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍മക്കളുടെ സംഖ്യ, കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരു ചെറിയഭാഗംമാത്രമേ രക്ഷിക്കപ്പെടുകയുള്ളു.
28: എന്തെന്നാല്‍, കര്‍ത്താവു ഭൂമിയുടെമേലുള്ള വിധി അന്തിമമായി ഉടന്‍തന്നെ നിര്‍വ്വഹിക്കും.
29: ഏശയ്യാ പ്രവചിച്ചിട്ടുള്ളതുപോലെ, സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു മക്കളെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, നമ്മള്‍ സോദോംപോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയുംചെയ്യുമായിരുന്നു.

വിജാതീയര്‍പ്രാപിച്ച നീതി
30: അപ്പോള്‍, നമ്മളെന്തു പറയണം? നീതിയന്വേഷിച്ചുപോകാതിരുന്ന വിജാതീയര്‍, നീതി, അതായത് വിശ്വാസത്തിലുള്ള നീതിപ്രാപിച്ചു എന്നുതന്നെ.
31: നിയമത്തിലധിഷ്ഠിതമായ നീതിയന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല.
32: എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു.
33: ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്ന് എഴുതപ്പെട്ടിരിക്കുന്നു.

അദ്ധ്യായം 10 


നിയമത്തിന്റെ പരിപൂര്‍ത്തി
1: സഹോദരരേ, എന്റെ ഹൃദയപൂര്‍വ്വകമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥനയും അവര്‍ രക്ഷിക്കപ്പെടണമെന്നതാണ്.
2: അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത, ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.
3: എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെതന്നെ നീതിസ്ഥാപിക്കാന്‍ വ്യഗ്രതകാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.
4: വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്, ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.

എല്ലാവര്‍ക്കും രക്ഷ
5: നിയമാധിഷ്ഠിതമായ നീതിപ്രവര്‍ത്തിക്കുന്നവര്‍ക്ക്, അതുമൂലം ജീവന്‍ ലഭിക്കുമെന്നു മോശയെഴുതുന്നു.
6: വിശ്വാസാധിഷ്ഠിതമായ നീതിയാകട്ടെ, ഇങ്ങനെ പറയുന്നു: ക്രിസ്തുവിനെ താഴേക്കുകൊണ്ടുവരാന്‍ സ്വര്‍ഗ്ഗത്തിലേക്ക് ആരുകയറുമെന്നു നീ ഹൃദയത്തില്‍പ്പറയരുത്.
7: അഥവാ ക്രിസ്തുവിനെ മരിച്ചവരില്‍നിന്നുയിര്‍ത്താന്‍, പാതാളത്തിലേക്ക് ആരിറങ്ങുമെന്നും പറയരുത്.
8: എന്നാല്‍പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെ.
9: ആകയാല്‍, യേശു കര്‍ത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവമവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചുവെന്നു ഹൃദയത്തില്‍ വിശ്വസിക്കുകയുംചെയ്താല്‍ നീ രക്ഷപ്രാപിക്കും.
10: എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയുംചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയുംചെയ്യുന്നു.
11: അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ലെന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
12: യഹൂദനും ഗ്രീക്കുകാരനുംതമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.
13: എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.

പ്രഘോഷണവും വിശ്വാസവും
14: എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവരെങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?
15: അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്രസുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
16: എന്നാല്‍, എല്ലാവരും സുവിശേഷമനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശംകേട്ടിട്ട്, വിശ്വസിച്ചവനാരാണ് എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ.
17: ആകയാല്‍, വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.
18: എന്നാല്‍, അവര്‍ കേട്ടിട്ടില്ലേയെന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായുമുണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം, ഭൂമിമുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും.
19: ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും.
20: ഏശയ്യായും ധൈര്യപൂര്‍വ്വം പറയുന്നു: എന്നെത്തേടാത്തവര്‍ എന്നെക്കണ്ടെത്തി; എന്നെപ്പറ്റിയന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നതിങ്ങനെയാണ്:
21: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി.

മുന്നൂറ്റിയിരുപത്തിയഞ്ചാം ദിവസം: റോമ 4 - 7


അദ്ധ്യായം 4


അബ്രാഹമിന്റെ മാതൃക
1: ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹമിനെക്കുറിച്ചെന്താണു പറയേണ്ടത്?
2: അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍, അവന് അഭിമാനത്തിനു വകയുണ്ട് - ദൈവസന്നിധിയിലല്ലെന്നുമാത്രം.
3: വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അതവനു നീതിയായി പരിഗണിക്കപ്പെട്ടു.
4: ജോലിചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്.
5: പ്രവൃത്തികള്‍കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം, നീതിയായി പരിഗണിക്കപ്പെടുന്നു.
6: പ്രവൃത്തികള്‍ നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്‍ണ്ണിക്കുന്നു:
7: അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവുംലഭിച്ചവന്‍ ഭാഗ്യവാന്‍.
8: കര്‍ത്താവു കുറ്റംചുമത്താത്തവന്‍ ഭാഗ്യവാന്‍.
9: പരിച്ഛേദിതര്‍ക്കുമാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹമിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്.
10: എങ്ങനെയാണതു പരിഗണിക്കപ്പെട്ടത്? അവന്‍ പരിച്ഛേദിതനായിരുന്നപ്പോഴോ? അപരിച്ഛേദിതനായിരുന്നപ്പോഴോ? പരിച്ഛേദിതനായിരുന്നപ്പോഴല്ല, അപരിച്ഛേദിതനായിരുന്നപ്പോള്‍.
11: അപരിച്ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി, പരിച്ഛേദനമെന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത്, പരിച്ഛേദനംകൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ, അതവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനുമായിരുന്നു.
12: മാത്രമല്ല, അതുവഴി അവന്‍ പരിച്ഛേദിതരുടെ, പരിച്ഛേദനമേല്ക്കുകമാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹമിനു പരിച്ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടെച്ചെയ്തവരുടെ പിതാവായി.

വാഗ്ദാനവും വിശ്വാസവും
13: ലോകത്തിന്റെ അവകാശിയാകുമെന്ന വാഗ്ദാനം, അബ്രാഹമിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്.
14: നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ത്ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും.
15: എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല.
16: അതിനാല്‍, വാഗ്ദാനംനല്കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതൊരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹമിന്റെ എല്ലാ സന്തതിക്കും - നിയമംലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹമിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും- ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനുംവേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.
17: ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്നെഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവുംനല്കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നൂ, ഈ വാഗ്ദാനം.
18: നിന്റെ സന്തതി ഇപ്രകാരമായിരിക്കുമെന്നു പറയപ്പെട്ടിരുന്നതനുസരിച്ച്, താന്‍ അനേകംജനതകളുടെ പിതാവാകുമെന്ന്, പ്രതീക്ഷയ്ക്കു സാദ്ധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.
19: നൂറുവയസ്സായ തന്റെ ശരീരം, മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നുമറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബ്ബലമായില്ല.
20: വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.
21: വാഗ്ദാനംനിറവേറ്റാന്‍ ദൈവത്തിനുകഴിയുമെന്ന് അവനു പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു.
22: അതുകൊണ്ടാണ്, അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.
23: അവനതു നീതിയായിപ്പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത്, അവനെ സംബന്ധിച്ചുമാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടെയാണ്.
24: നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിനേല്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയുംചെയ്ത
25: നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും, അതു നീതിയായി പരിഗണിക്കപ്പെടും.

അദ്ധ്യായം 5 


നീതീകരണത്തിന്റെ ഫലങ്ങള്‍
1: വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തിലായിരിക്കാം.
2: നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്, അവന്‍മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍, നമുക്കഭിമാനിക്കാം.
3: മാത്രമല്ലാ, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.
4: എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയുമുളവാക്കുന്നെന്നു നാമറിയുന്നു.
5: പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ, ദൈവത്തിന്റെ സ്‌നേഹം, നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
6: നാം ബലഹീനരായിരിക്കേ, നിര്‍ണ്ണയിക്കപ്പെട്ട സമയത്ത്, ക്രിസ്തു പാപികള്‍ക്കുവേണ്ടി മരിച്ചു.
7: നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
8: എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
9: ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.
10: നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
11: മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തിലഭിമാനിക്കുകയും ചെയ്യുന്നു. അവന്‍വഴിയാണല്ലോ നാമിപ്പോള്‍ അനുരഞ്ജനംസാധിച്ചിരിക്കുന്നത്.

ആദവും ക്രിസ്തുവും
12: ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപംചെയ്തതുകൊണ്ട്, മരണം എല്ലാവരിലും വ്യാപിച്ചു.
13: നിയമം നല്കപ്പെടുന്നതിനുമുമ്പുതന്നെ പാപം ലോകത്തിലുണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.
14: ആദത്തിന്റെ പാപത്തിനു സദൃശമായ പാപംചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യംപുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്.
15: എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!
16: ഒരുവന്റെ പാപത്തില്‍നിന്നുളവായ ഫലംപോലെയല്ലാ, ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി, ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
17: ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യംനടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധിസ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!
18: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി, എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.
19: ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും.
20: പാപം വര്‍ദ്ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു.
21: അങ്ങനെ പാപം, മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്കു നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.

അദ്ധ്യായം 6 


ക്രിസ്തുവില്‍ ജീവിക്കുന്നവര്‍
1: അപ്പോള്‍ നാമെന്താണു പറയേണ്ടത്? കൃപ സമൃദ്ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?
2: ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം, ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?
3: യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനംസ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
4: അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയജീവിതം നയിക്കേണ്ടതിനാണ്, അവനോടൊത്തു സംസ്കരിക്കപ്പെട്ടത്.
5: അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍, നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും.
6: നാമിനി, പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണ്ണമായ ശരീരത്തെ നശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയമനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
7: എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു.
8: നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു നാം വിശ്വസിക്കുന്നു.
9: മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്ത ക്രിസ്തു, ഇനിയൊരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെമേല്‍ ഇനിയധികാരമില്ല.
10: അവന്‍ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേയ്ക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.
11: അതുപോലെ, നിങ്ങളും പാപത്തെസംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
12: അതുകൊണ്ട്, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍തക്കവിധം, പാപം നിങ്ങളുടെ മര്‍ത്ത്യശരീരത്തില്‍ ഭരണംനടത്താതിരിക്കട്ടെ.
13: നിങ്ങളുടെ അവയവങ്ങളെ, അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.
14: പാപം നിങ്ങളുടെമേല്‍ ഭരണംനടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.

നീതിയുടെ അടിമകള്‍
15: അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്‌പ്പെട്ടവരാണെന്നതുകൊണ്ട്, നമുക്കു പാപംചെയ്യാമോ? ഒരിക്കലും പാടില്ല.
16: നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്റെ അടിമകളാണെന്നറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍.
17: ഒരിക്കല്‍ നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനം ഹൃദയപൂര്‍വ്വമനുസരിച്ച്,
18: പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ദൈവത്തിനു നന്ദി.
19: നിങ്ങളുടെ പരിമിതിനിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോളവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍.
20: നിങ്ങള്‍ പാപത്തിനടിമകളായിരുന്നപ്പോള്‍, നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.
21: ഇന്നു നിങ്ങള്‍ക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്, അന്നു നിങ്ങള്‍ക്കെന്തു ഫലംകിട്ടി? അവയുടെ അവസാനം മരണമാണ്.
22: എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി, ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്.
23: ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.

അദ്ധ്യായം 7  


നിയമത്തില്‍നിന്നു മോചനം
1: സഹോദരരേ, നിയമത്തിന് ഒരുവന്റെമേല്‍ അധികാരമുള്ളത് അവന്‍ ജീവിച്ചിരിക്കുന്നകാലത്തുമാത്രമാണെന്നറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്.
2: വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി, തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകുന്നു.
3: ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടുചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹംചെയ്താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.
4: അതുപോലെ എന്റെ സഹോദരരേ, ക്രിസ്തുവിന്റെ ശരീരംമുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി. ഇത് നിങ്ങള്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കപ്പെട്ടവന്റെ സ്വന്തമാകേണ്ടതിനും അങ്ങനെ, നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കേണ്ടതിനുമത്രേ.
5: നാം ശാരീരികാഭിലാഷങ്ങള്‍ക്കനുസരിച്ചു ജീവിച്ചിരുന്നപ്പോള്‍ മരണത്തിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നിയമംവഴി പാപകരമായ ദുരാശകള്‍ നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
6: ഇപ്പോളാകട്ടെ, നാം നമ്മെ അടിമപ്പെടുത്തിയിരുന്നതിനു മരിച്ച്, നിയമത്തില്‍നിന്നു മോചിതരായി. ഇത് ആത്മാവിന്റെ പുതുമയില്‍, നിയമത്തിന്റെ പഴമയിലല്ല, നാം ശുശ്രൂഷചെയ്യുന്നതിനുവേണ്ടിയാണ്.

നിയമത്തിന്റെ സ്വാധീനം
7: ആകയാല്‍ നാമെന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്നറിയുമായിരുന്നില്ല. മോഹിക്കരുതെന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹമെന്തെന്നു ഞാനറിയുമായിരുന്നില്ല.
8: എന്നാല്‍, പ്രമാണംവഴി അവസരംകണ്ടെത്തി, പാപം എല്ലാവിധമോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്റെ അഭാവത്തില്‍ പാപം നിര്‍ജ്ജീവമാണ്.
9: ഒരു കാലത്ത്, നിയമംകൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണംവന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു.
10: ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം, എനിക്കു മരണമായിത്തീര്‍ന്നു.
11: എന്തുകൊണ്ടെന്നാല്‍, പാപം, കല്പനവഴി അവസരംകണ്ടെത്തി എന്നെച്ചതിക്കുകയും അതുവഴി എന്നെക്കൊല്ലുകയുംചെയ്തു.
12: നിയമം വിശുദ്ധംതന്നെ; കല്പന വിശുദ്ധവും ന്യായവും നല്ലതുമാണ്.

പാപത്തിന്റെ സ്വാധീനം
13: അപ്പോള്‍, നന്മയായിട്ടുള്ളത് എനിക്കു മരണമായിത്തീര്‍ന്നെന്നോ? ഒരിക്കലുമില്ല, പാപമാണ്, നന്മയായിട്ടുള്ളതിലൂടെ എന്നില്‍ മരണമുളവാക്കിയത്. ഇത്, പാപം പാപമായിട്ടുതന്നെ കാണപ്പെടുന്നതിനും കല്പനവഴി പൂര്‍വ്വാധികം പാപകരമായിത്തീരുന്നതിനുംവേണ്ടിയാണ്.
14: നിയമം ആത്മീയമാണെന്നു നാമറിയുന്നു. ഞാന്‍ പാപത്തിനടിമയായിവില്ക്കപ്പെട്ട ജഡികനാണ്.
15: ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാനിച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
16: ഞാനിച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍, നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.
17: എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്.
18: എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്മയിച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
19: ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
20: ഞാനിച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്.
21: അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെ തിന്മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.
22: എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ലാദിക്കുന്നു. എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടുപോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത്, എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെയടിമപ്പെടുത്തുന്നു.
24: ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിനധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെയാരു മോചിപ്പിക്കും?
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.

മുന്നൂറ്റിയിരുപത്തിനാലാം ദിവസം: റോമാ 1 - 3


അദ്ധ്യായം 1


അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.
2: ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളില്‍ പ്രവാചകന്മാര്‍മുഖേന ദൈവം മുന്‍കൂട്ടി വാഗ്ദാനംചെയ്തിട്ടുള്ളതാണ്.
3: ഇത്, അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍, ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും
4: മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനുചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്.
5: അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലുമുളവാകേണ്ടതിന്, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു.
6: യേശുക്രിസ്തുവിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരിലുള്‍പ്പെടുന്നു.
7: ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.

റോമാ സന്ദര്‍ശിക്കാനാഗ്രഹം
8: നിങ്ങളുടെ വിശ്വാസം, ഭൂമിയിലെല്ലായിടത്തും പ്രകീര്‍ത്തിക്കപ്പെടുന്നതിനാല്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ആദ്യമേ ഞാന്‍ യേശുക്രിസ്തുവഴി എന്റെ ദൈവത്തിനു നന്ദിപറയുന്നു.
9: ഞാന്‍ നിങ്ങളെ ഇടവിടാതെ പ്രാര്‍ത്ഥനയില്‍ സ്മരിക്കുന്നുവെന്നതിന്, അവിടുത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷംവഴി ഞാന്‍ ആത്മനാശുശ്രൂഷിക്കുന്ന ദൈവമാണെനിക്കു സാക്ഷി.
10: ദൈവേഷ്ടത്താല്‍ എങ്ങനെയെങ്കിലും നിങ്ങളുയടുത്തു വന്നുചേരാന്‍ ഇപ്പോഴെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
11: നിങ്ങളെ സ്ഥൈര്യപ്പെടുത്താന്‍ എന്തെങ്കിലും ആത്മീയവരം നിങ്ങള്‍ക്കു നല്കേണ്ടതിന്, നിങ്ങളെക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
12: എന്റെയും നിങ്ങളുടെയും വിശ്വാസം, നമ്മെ പരസ്പരം പ്രോത്സാഹിപ്പിക്കുമല്ലോ.
13: സഹോദരരേ, ഇതു നിങ്ങള്‍ മനസ്സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്നപോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിന്, നിങ്ങളുടെയടുക്കല്‍ വരാന്‍ പലപ്പോഴും ഞാനൊരുങ്ങിയതാണ്; എന്നാല്‍, ഇതുവരെയും എനിക്കു തടസ്സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
14: ഗ്രീക്കുകാരോടും അപരിഷ്കൃതരോടും വിജ്ഞാനികളോടും അജ്ഞന്മാരോടും ഞാന്‍ കടപ്പെട്ടവനാണ്.
15: അതുകൊണ്ടാണ്, റോമായിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ തീവ്രമായാഗ്രഹിക്കുന്നത്.
16: സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കുനയിക്കുന്ന ദൈവശക്തിയാണ്.
17: അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.

മനുഷ്യന്റെ തിന്മ
18: മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
19: ദൈവത്തെക്കുറിച്ച്, അറിയാന്‍കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
20: ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത്, അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്കൊഴികഴിവില്ല.
21: അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം, അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.
22: ജ്ഞാനികളെന്നവകാശപ്പെട്ടുകൊണ്ട്, അവര്‍ ഭോഷന്മാരായിത്തീര്‍ന്നു.
23: അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം, നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
24: അതുകൊണ്ടു ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്കു വിട്ടുകൊടുത്തു.
25: എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യമുപേക്ഷിച്ച്, വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.
26: അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം, പ്രകൃതിവിരുദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടു.
27: അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധമുപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച്, അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന്, അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.
28: ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധമവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവമവരെ വിട്ടുകൊടുത്തു.
29: അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.
30: അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണംചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും
31: ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരുമായിത്തീര്‍ന്നു.
32: ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയുംചെയ്യുന്നു.

അദ്ധ്യായം 2


ദൈവത്തിൻെറ ന്യായവിധി

1: അല്ലയോ മനുഷ്യാ, നീ ആരുതന്നെയായാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്കു ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു.
2: അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിൻെറ വിധി, ന്യായയുക്തമാണെന്നു നമുക്കറിയാം.
3: ഇത്തരംപ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയുംചെയ്യുന്ന മനുഷ്യാ, ദൈവത്തിൻെറ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
4: അതോ, അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻെറ കരുണയുടെ ലക്ഷ്യമെന്നു നീയറിയുന്നില്ലേ?
5: എന്നാൽ, ദൈവത്തിൻെറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻെറ ദിനത്തിലേക്കു നീ നിൻെറ കഠിനവും അനുതാപരഹിതവുമായ ഹൃദയംനിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
6: എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച്, അവിടുന്നു പ്രതിഫലം നല്കും.
7: സത്കർമത്തിൽ സ്ഥിരതയോടെനിന്ന്, മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻ പ്രദാനംചെയ്യും.
8: സ്വാർത്ഥമതികളായി, സത്യത്തെയനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും.
9: തിന്മപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവുമുണ്ടാകും.
10: എന്നാൽ, നമപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവുമുണ്ടാകും.
11: എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല.
12: നിയമബദ്ധരല്ലാതിരിക്കേ പാപംചെയ്തവരെല്ലാം നിയമംകൂടാതെ നശിക്കും; നിയമബദ്ധരായിരിക്കേ പാപംചെയ്തവർ, നിയമാനുസൃതം വിധിക്കപ്പെടും.
13: കാരണം, നിയമം ശ്രവിക്കുന്നവരല്ല, ദൈവസമക്ഷം നീതിമാന്മാർ; നിയമമനുസരിക്കുന്നവരാണു നീതീകരിക്കപ്പെടുന്നത്.
14: നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ, നിയമമാവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.
15: നിയമത്തിൻെറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്കുന്നു. അവരുടെ വൈരുദ്ധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും.
16: ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.

യഹൂദരും നിയമവും
17: നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തിലാശ്രയിക്കുന്നു; ദൈവത്തിലഭിമാനംകൊള്ളുന്നു.
18: നീ, നിയമം പഠിച്ചിട്ടുള്ളതിനാൽ, ദൈവഹിതമറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
19: ജ്ഞാനത്തിൻെറയും സത്യത്തിൻെറയും മൂർത്തരൂപം നിയമത്തിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,
20: നീ അന്ധന്മാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്കുപദേഷ്ടാവും കുട്ടികൾക്ക് അദ്ധ്യാപകനുമാണെന്നു നിനക്കുറപ്പുണ്ടെങ്കിൽ,
21: മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ, നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുതെന്നു പ്രസംഗിക്കുന്ന നീ, മോഷ്ടിക്കുന്നുവോ?
22: വ്യഭിചാരംചെയ്യരുതെന്നു പറയുന്ന നീ, വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ, ദേവാലയം കവർച്ചചെയ്യുന്നുവോ?
23: നിയമത്തിലഭിമാനിക്കുന്ന നീ, നിയമംലംഘിച്ച്, ദൈവത്തെ അവമാനിക്കുന്നുവോ?
24: നിങ്ങൾനിമിത്തം, ദൈവത്തിൻെറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നെന്ന് എഴുതിയിരിക്കുന്നുവല്ലോ.
25: നീ നിയമമനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനം അർത്ഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിൻെറ പരിച്ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു.
26: അതുകൊണ്ട്, നിയമംപാലിക്കുന്ന അപരിച്ഛേദിതനെ പരിച്ഛേദിതനായി കണക്കാക്കിക്കൂടെ?
27: ശാരീരികമായി പരിച്ഛേദനം നടത്താതെതന്നെ നിയമം അനുസരിക്കുന്നവർ നിയമവും പരിച്ഛേദനവുമുണ്ടായിട്ടും നിയമംലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.
28: എന്തെന്നാൽ, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ല യഥാർത്ഥ യഹൂദൻ. യഥാർത്ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.
29 : ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌, യഥാർത്ഥ യഹൂദൻ; ഹൃദയത്തിൽ നടക്കുന്ന പരിച്ഛേദനമാണ്‌ യഥാർത്ഥ പരിച്‌ഛേദനം. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നാണ്.

അദ്ധ്യായം 3


ദൈവനീതിയും വിശ്വസ്തതയും
1: അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
2: പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചതു യഹൂദരെയാണ്.
3: അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയെ ഇല്ലാതാക്കുമോ?
4: ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവരായാലും ദൈവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങു നീതിമാനെന്നു തെളിയും. വിചാരണചെയ്യപ്പെടുമ്പോള്‍ അങ്ങു വിജയിക്കും.
5: എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായ രീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെനേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?
6: ഒരിക്കലുമല്ല. ആണെങ്കില്‍, ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
7: എന്റെ അസത്യംവഴി ദൈവത്തിന്റെ സത്യം അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്?
8: അപ്പോള്‍, നന്മയുണ്ടാകാന്‍വേണ്ടി തിന്മചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്. ഇവര്‍ക്കു നീതിയുക്തമായ ശിക്ഷ ലഭിക്കും.

എല്ലാവരും പാപികള്‍
9: അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിനധീനരാണെന്നു നമ്മള്‍ മുമ്പേ കുറ്റപ്പെടുത്തിയല്ലോ.
10: ഇങ്ങനെയെഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല;
11: കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെയന്വേഷിക്കുന്നവനുമില്ല.
12: എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മചെയ്യുന്നവനില്ല, ഒരുവനുമില്ല.
13: അവരുടെ തൊണ്ട, തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവു വഞ്ചനയ്ക്കുപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്.
14: അവരുടെ വായ്, ശാപവും കയ്പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
15: അവരുടെ പാദങ്ങള്‍ രക്തംചൊരിയാന്‍ വെമ്പുന്നു.
16: അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.
17: സമാധാനത്തിന്റെ മാര്‍ഗ്ഗം, അവര്‍ക്കറിഞ്ഞുകൂടാ.
18: അവര്‍ക്കു ദൈവഭയമില്ല.
19 : നിയമത്തിന്റെ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്ശബ്ദമാക്കുന്നതിനും ലോകം മുഴുവന്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കുന്നതിനുംവേണ്ടിയാണിത്.
20: നിയമമനുഷ്ഠിക്കുന്നതുകൊണ്ട്, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ചു ബോധമുണ്ടാകുന്നുവെന്നേയുള്ളു.

നീതീകരണം വിശ്വാസത്തിലൂടെ
21: നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി, നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
22: ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസംകൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്.
23: എല്ലാവരും പാപംചെയ്ത്, ദൈവമഹത്വത്തിനയോഗ്യരായി.
24: അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.
25 : വിശ്വാസംവഴി സംലബ്ദ്ധമാകുന്ന, രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം, അവനെ നിശ്ചയിച്ചുതന്നു.
26: അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്, ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.
27: അതുകൊണ്ട്, നമ്മുടെ വമ്പുപറച്ചിലെവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെയടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെയടിസ്ഥാനത്തില്‍.
28: എന്തെന്നാല്‍, നിയമാനുഷ്ഠാനംകൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
29: ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
30: എന്തെന്നാല്‍, ദൈവമേകനാണ്. അവിടുന്നു പരിച്ഛേദിതരെയും അപരിച്ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
31: ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അസാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.